Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
രോഗാതുരമായ മനസ്സിന്റെ മരുന്നാണ് ചരിത്രം. പിന്നോട്ടെത്ര ദൂരം നോക്കാൻ കഴിയുന്നുവോ അത്രത്തോളം മുന്നോട്ടുള്ള ചലനത്തിന് അത് ഇന്ധനമാകുന്നു. മനുഷ്യന്റെ സാമൂഹ്യജീവിതത്തെ നിർണയിക്കുന്നത് ബന്ധങ്ങളെ മനുഷ്യർ ഉൾക്കൊള്ളുന്ന വിധമാണ്. മനുഷ്യരെ തമ്മിൽ ചേർത്തു നിർത്തുന്ന സ്നേഹം, ഊഷ്മളത എന്നിവ വളർന്നു അനുകമ്പയിലേക്കും ധാർമ്മികതയിലേക്കും എത്തുന്നു. പലകാലങ്ങളിൽ തത്വജ്ഞാനികൾ പലരീതിയിൽ സാമൂഹ്യജീവിതത്തെ നിലനിർത്തുന്ന ഈ ആശയങ്ങളെ വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. സമൂഹമായി ജീവിക്കുമ്പോൾ നമ്മളെല്ലാവരും പ്രപഞ്ചമെന്ന് വിളിക്കപ്പെടുന്ന ശരീരത്തിന്റെ പല അവയവങ്ങളാണെന്ന് ഐൻസ്റ്റീൻ നിരീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഏതെങ്കിലും ശരീരഭാഗം വേദനിക്കുമ്പോൾ ശരീരം മുഴുവൻ ആ വേദനയിൽ പങ്കുചേരുന്നത് പോലെ, സമൂഹത്തിലൊരാൾ രോഗബാധിതനാവുമ്പോൾ നമുക്കും വേദന അനുഭവപ്പെടണം. പല കാലങ്ങളിൽ ആ അനുഭവത്തെ സിമ്പതി, എമ്പതി എന്നൊക്കെ നിർവചിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. തൊഴിൽ സാങ്കേതിക വൈദഗ്ധ്യത്തിലൂന്നി നിൽക്കുന്ന ശാസ്ത്രപഠനശാഖകൾ ഇതിൽ വേണ്ടവിധം ശ്രദ്ധ ചെലുത്തുന്നില്ല എന്നത് മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഗൗരവമായി നോക്കിക്കാക്കാണേണ്ട വിഷയമാണ്.
അനുകമ്പയില്ലാത്ത രോഗീപരിചരണം പൂർണതയിലെത്തുകയില്ല. ലോകാരോഗ്യ സംഘടന ആരോഗ്യത്തെ നിർവചിക്കുന്നത് ശാരീരിരികവും മാനസികവും ആത്മീയവുമായ ക്ഷേമം എന്നാണ്. ഒരാൾ രോഗാവസ്ഥയിലിരിക്കുമ്പോഴും ഈ മൂന്നു ഘടകങ്ങളെയും ഉൾപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോൾ സഹതാപം, സഹാനുഭൂതി, അനുകമ്പ എന്നിവ രോഗശുശ്രൂഷണത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രേറ്റ്‌സ് ആണ് ഫിലാന്ത്രോപിയ (Love of humanity), ഫിലോടെക്‌നിയ (love of technical skill or art) എന്നീ ആശയങ്ങളെ രോഗശുശ്രൂഷയിലേക്ക് കോർത്തിണക്കിയത്. സഹതാപം എന്ന ആശയത്തെ അരിസ്റ്റോട്ടിൽ നിർവചിക്കുന്നത്, അർഹതയില്ലാത്ത ഒരാൾക്ക് വന്നുചേരുന്ന നാശത്തിലോ തിന്മയിലോ അത് തനിക്കോ വേണ്ടപ്പെട്ടവർക്കോ വന്നു ചേർന്നേക്കും എന്ന ഭയവും വേദനയുമാണ് എന്നാണ്. Compassion (അനുകമ്പ) എന്ന വാക്ക് ഒട്ടും പുതിയതല്ല. പക്ഷെ ആരോഗ്യമേഖലയിൽ അതിന്റെ പ്രായോഗികത ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ അധികരിച്ചിരിക്കുന്നു എന്ന് മാത്രമേയുള്ളൂ. Compassion എന്ന വാക്കിന്റെ പദപരിണാമം പരിശോധിച്ചാൽ സിമ്പതി (സഹതാപം), എമ്പതി (താദാത്മ്യം) എന്നീ ആശയങ്ങളിൽ നിന്നാണെന്ന് compassion ഉണ്ടായതെന്ന് മനസിലാക്കാം. അർത്ഥതലത്തിൽ വളരെ സൂക്ഷ്മമായ വ്യത്യാസം മാത്രമാണെങ്കിലും ആശയതലത്തിൽ മാനവികശാസ്ത്രവിപ്ലവങ്ങൾ ഈ മൂന്നു വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്.
‘ഒപ്പം വേദനിക്കുക’ എന്നർത്ഥം വരുന്ന sympatheia എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് Sympathy എന്ന വാക്കുണ്ടാകുന്നത്. AD 160 കളിൽ പ്രസിദ്ധനായ റോമൻ തത്വജ്ഞാനിയും ഭിഷഗ്വരനുമായ ഗാലൻ ആയിരിക്കണം ആദ്യമായി വൈദ്യശാസ്ത്രത്തിൽ sympathy എന്ന വാക്കുപയോഗിച്ചത്. ശരീരത്തിന്റെ എതെങ്കിലും ഒരു ഭാഗത്തെ അസുഖം ബാധിച്ചാൽ മറ്റിടങ്ങളിൽ അതിന്റെ affections (pathe’) ഉണ്ടാകുന്നതു പോലെ എന്നാണ് സഹതാപത്തെ ഗാലൻ വിവരിച്ചത്. പതിനാറാം നൂറ്റാണ്ട് വരെ സഹതാപം ശാരീരികമായ വേദനകളെ സംബന്ധിച്ച ഒരു വാക്കായിരുന്നു, പിന്നീട് പതിനെട്ടാം നൂറ്റാണ്ടിലേക്കെത്തുമ്പോൾ മറ്റൊരാളുടെ വികാരങ്ങളെ പ്രതി ഉപയോഗിക്കുന്ന വാക്കായി മാറി. സിമ്പതി എന്ന വാക്ക് പാശ്ചാത്യ ലോകത്ത് അതിവ്യാപകമായി ഉപയോഗിക്കപ്പെട്ട പതിനെട്ടാം നൂറ്റാണ്ടിനെ “age of sympathy” എന്ന് വിളിക്കുന്നു. അപരന്റെ വേദനയിൽ പ്രതിധ്വനിക്കാനുള്ള ഈ കഴിവാണ് മനുഷ്യനെ സാമൂഹ്യജീവിയാക്കുന്നത്. അത് തന്നെയാണ് മനുഷ്യബന്ധങ്ങളിലും ധാർമ്മികചിന്തകളിലും പ്രവർത്തിക്കുന്നത്. സമകാലിക വിവർത്തന കൃതികളിൽ ഗ്രീക്ക് പദമായ sympatheia ഇറ്റാലിയൻ ഫ്രഞ്ച് ലാറ്റിൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത് compassio എന്നാണ്.
ഇരുപതാം നൂറ്റാണ്ടോടുകൂടി സിമ്പതിയുടെ ഉപയോഗം കുറഞ്ഞു. സഹതാപപൂർവമായ (pity-based) പെരുമാറ്റത്തിനു സ്വീകാര്യത കുറയുകയും അത് പതുക്കെ താദാത്മ്യത്തിലേക്ക് (empathy) വഴിമാറുകയും ചെയ്തു. 1873ൽ ജർമൻ മനഃശാസ്ത്രജ്ഞൻ റോബർട്ട് വിഷർ ആണ് എമ്പതി എന്ന വാക്ക് ആദ്യമുപയോഗിക്കുന്നത്. Objectified self enjoyment എന്നാണ് തിയോഡോർ ലിപ്പ്സ് അതിനെ വിവരിച്ചത്. അപരന്റെ പാദുകങ്ങളിൽ നടക്കുക എന്നതാണ് എമ്പതി ആയി കണക്കാക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എംപതിയെക്കുറിച്ചുള്ള വിശകലനങ്ങൾ മാറിവരികയും സിമ്പതി-എമ്പതി ഘടകങ്ങൾ ഒരുമിച്ച് affective empathy എന്ന ആശയം ഉടലെടുക്കുകയും ചെയ്തു. ശാസ്ത്രസാങ്കേതിക പുരോഗതി ഉപയോഗപ്പെടുത്തി ശാസ്ത്രജ്ഞർ തലച്ചോറിലെ കോർട്ടെക്സിലും ലിംബിക് സിസ്റ്റത്തിലുമായി വ്യാപിച്ചു കിടക്കുന്ന ’empathy circuit’ കണ്ടെത്തുകയും ചെയ്തു. മാത്രമല്ല, അത്തരം ചിന്തകളിൽ മിറർ ന്യൂറോണുകൾ പ്രവർത്തനക്ഷമമാകുന്നതായും കണ്ടെത്തി. Cognitive empathy യെക്കുറിച്ചുള്ള വിപുലമായ പഠനങ്ങൾ പിന്നീടുണ്ടായി. പക്ഷെ ചില പഠനങ്ങൾ എമ്പതിയുടെ മറുവശം കാണിച്ചു തന്നു. വേറൊരാളുടെ വൈകാരിക ബലഹീനതയെ സ്വാധീനിക്കാനും മുതലെടുക്കാനും എമ്പതി കാരണമാകുമെന്ന് നിരീക്ഷിക്കപ്പെട്ടു.
അപരന്റെ വേദനയിൽ സഹതപിക്കുകയും പ്രതിധ്വനിക്കുകയും മാത്രമല്ല, അത് പരിഹരിക്കാനോ ന്യൂനീകരിക്കാനോ ഉതകുന്ന പ്രവർത്തനങ്ങൾ കൂടി ആകുമ്പോഴാണ് അതിനു പൂർണത കൈവരിക എന്ന നിരീക്ഷണത്തിൽ നിന്നാണ് compassion എന്ന ആശയം ഉടലെടുക്കുന്നത്. 19-20 നൂറ്റാണ്ടുകളിൽ തന്നെ compassion നഴ്‌സിംഗിന്റെ ഭാഗമായതായാണ് പഠനങ്ങൾ പറയുന്നത്. നൈറ്റിംഗേൽ, ഡോക്ക്, ഗുഡ്റിച്, വാൾഡ് എന്നിവർ compassion എന്ന ആശയം ഉൾക്കൊണ്ടവരായിരുന്നു. എന്നാൽ അത് ദൈവവിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് നഴ്സിംഗ് പുസ്തകങ്ങൾ വിവരിച്ചത്. Compassionate care എന്ന എന്ന പദസമുച്ചയം തന്നെ ആദ്യമായി ഉപയോഗിച്ചത് 1970 കളിൽ നഴ്സിംഗുമായി ബന്ധപ്പെടുത്തിയാണ്. നഴ്സിംഗ് ചരിത്രത്തിൽ രോഗശുശ്രൂഷ ദൈവഭക്തിയും ധാർമ്മികതയും വൈകാരികതയും ആയി കുഴഞ്ഞു കിടക്കുന്ന ആശയമാണ്. സർവ്വസ്വീകാര്യമായ ഒരു നിർവചനം ഇതുവരെ സാധ്യമായിട്ടില്ല എന്നതാണ് വസ്തുത. വിഖ്യാതമായ ചാൾസ് ഡിക്കൻസിന്റെ നോവലിലെ ദുർനടത്തക്കാരിയായ നേഴ്സ് സാറ ഗ്യാമ്പ്‍ ആണ് അന്നത്തെ പൊതുസമൂഹത്തിലെ നഴ്സിന്റെ പ്രതിച്ഛായ. അതിനെ പൊളിച്ചെഴുതാനെന്ന വണ്ണം ആവണം, ഫ്ലോറൻസ് നൈറ്റിംഗേൽ നഴ്‌സിംഗിനെ ചിത്രീകരിക്കുന്നത് സൽസ്വഭാവവുമായി ബന്ധപ്പെടുത്തിയാണ്. ദൈവവിശ്വാസികളും സൽസ്വഭാവികളും നിസ്വാർത്ഥമതികളും അനുകമ്പയുള്ളവരുമായ ആളുകൾക്ക് വന്നുചേരുന്ന ദൈവവിളിയായാണ് നഴ്‌സിംഗിനെ നൈറ്റിംഗേൽ കാണുന്നത്.
സാനുകമ്പ ശുശ്രൂഷ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിന്റെ മകുടോദാഹരണമാണ് ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ Notes on Nursing (1860). ആധുനിക നഴ്‌സിംഗിനു തന്നെ വഴിവെട്ടിയ ഈ പുസ്തകത്തിൽ പക്ഷെ സഹാനുഭൂതി (empathy), അനുകമ്പ (compassion) എന്നീ പ്രയോഗങ്ങളൊന്നും കാണാൻ കഴിയില്ല. എന്നാൽ നഴ്സുമാർ എത്രത്തോളം നിരീക്ഷണപാടവമുള്ളവരാവണമെന്നു നൈറ്റിംഗേൽ ഊന്നിപ്പറയുന്നുണ്ട്. എങ്ങനെയൊക്കെയാണ് രോഗിയെ പരിചരിക്കേണ്ടത് എന്നത് സൂക്ഷ്മമായ പല ടാസ്കുകളുടെ രീതിയിലാണ് വിവരിച്ചിട്ടുള്ളത്. അവയാകട്ടെ compassion ഇല്ലാതെ സാധ്യമാവാത്ത കാര്യങ്ങളാണ് താനും. ഉദാഹരണത്തിന്, രോഗിയുടെ മുറിയിലേക്കുള്ള പ്രകാശവും വായുസഞ്ചാരവും രോഗിയെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ എങ്ങനെ ക്രമീകരിക്കണം എന്നുവരെ അതിൽ വിവരിക്കുന്നുണ്ട്. രോഗിയുടെ ഭക്ഷണരീതി ബോധപൂർവം നിരീക്ഷിക്കണമെന്നും അതിനനുസരിച്ചുള്ള രീതിയിൽ വേണം ഭക്ഷണം കൊടുക്കേണ്ടതെന്നും വിവരിക്കുന്നുണ്ട്. ഏതു രീതിയിൽ രോഗിയോട് സംവദിക്കണമെന്നതു വരെ അതിലുണ്ട്. ഉദാഹരണത്തിന്, രാവിലെ രോഗിക്കടുത്തെത്തുമ്പോൾ രോഗിയുടെ ഉറക്കത്തെക്കുറിച്ചു ചോദിക്കുക, “രാത്രി എങ്ങനെയുണ്ടായിരുന്നു?”, എന്നതു പോലത്തെ അവ്യക്ത ചോദ്യമാവരുത്, പകരം “എത്രമണിക്കൂർ നിങ്ങൾ ഉറങ്ങി?” എന്ന മട്ടിൽ വ്യക്തമായ ഉത്തരം കിട്ടുന്ന ചോദ്യങ്ങളാവണം ചോദിക്കേണ്ടത്.
മറ്റൊരു വസ്തുത, നൈറ്റിംഗേൽ അനുകമ്പയെ സവിശേഷഗുണമായി കാണുന്നില്ല എന്നതാണ്. സാനുകമ്പ ശുശ്രൂഷകരാകാൻ നഴ്സുമാരെ പരിശീലിപ്പിക്കേണ്ടതെങ്ങനെ എന്നതിന്റെ പ്രാഥമിക പ്രായോഗിക ഉപാധികൾക്കാണ് അവർ ഊന്നൽ കൊടുത്തത്. മാത്രമല്ല, അനുകമ്പ മാതൃശിശു ബന്ധത്തിലെന്ന പോലെ സ്ത്രീത്വവുമായി യാതൊരു തരത്തിലും നൈറ്റിംഗേൽ ബന്ധിപ്പിക്കുന്നില്ല. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് കാതോർക്കുകയോ, അവരുടെ സാമൂഹികോന്നമനത്തിനായി പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. ലിംഗനീതിയിലൊന്നും വലിയ സംഭാവനകൾ നൈറ്റിംഗേലിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നാണ് മനസ്സിലാവുന്നത്. എന്നാൽ അവർ മുന്നോട്ട് വച്ച നഴ്സിംഗ് കാഴ്ചപ്പാടിൽ സ്ത്രീകളുടെ വേതനവും സാമൂഹിക അന്തസ്സും സ്ത്രീകൾക്ക് അനുകൂലമാകും വിധം ഉപകരിച്ചു എന്ന് നിരീക്ഷിക്കാം. പറഞ്ഞു വന്നത്, പല പ്രബന്ധങ്ങളിലും മുന്നോട്ട് വെക്കുന്നതു പോലെ compassion സ്ത്രീത്വവുമായോ മാനവികതയുമായോ ഒരാളുടെ സവിശേഷ സ്വഭാവമായോ കാണേണ്ടതില്ല; പകരം ആരോഗ്യപ്രവർത്തകരെ ആ രീതിയിൽ പരിശീലിപ്പിക്കുകയാണ് വേണ്ടത് എന്നാണ് നൈറ്റിംഗേൽ മുന്നോട്ട് വെക്കുന്ന വാദം. അതിനു nursing leadership സന്നദ്ധമാവണമെന്നാണ് അവരുടെ അഭിപ്രായം. രോഗികൾ ഏതെങ്കിലും തരത്തിൽ അവഗണന നേരിടുന്നുണ്ടോ എന്നുറപ്പിക്കാനാണ് രാത്രികളിൽ ‘വിളക്കേന്തിയ വനിത’ നടത്തിയ rounds (രോഗീസന്ദർശനങ്ങൾ). അത്തരത്തിൽ നൈറ്റിംഗേൽ മുന്നോട്ട് വെച്ച പ്രായോഗികമായ നിർദ്ദേശങ്ങളൊക്കെ compassionate care ലേക്ക് വഴിവെട്ടുന്നവയായിരുന്നു എന്നാണ് മനസ്സിലാവുന്നത്. Compassion എന്നാൽ തന്നെ empathy with an action to relieve എന്നല്ലേ നമ്മൾ ഇക്കാലത്തു മനസ്സിലാക്കുന്നത്.
നഴ്സിംഗ് പ്രൊഫെഷന്റെ ചരിത്രത്തിൽ നഴ്സിംഗ് പൂർണമായും ശാസ്ത്രാവബോധത്തെയോ സ്വയം ഭരണത്തെയോ (autonomy) അതിന്റെ നിർവചനമാക്കിയില്ല, പകരം അനുസരണവും സത്സ്വഭാവവും പ്രായോഗികതയും മറ്റെന്തിനാക്കളും ഊന്നൽ നൽകപ്പെട്ടു. കെയർ, കെയറിങ് എന്നീ ആശയങ്ങളെ നഴ്സിംഗ് നിയമാവലിക്കുള്ളിൽ എങ്ങനെ അവതരിപ്പിക്കും എന്നതും അവ്യക്തമായിത്തന്നെ തുടർന്നു. 1960 കളിൽ നഴ്സിംഗ് വിദ്യാഭാസ മേഖലയിൽ വിപ്ലവപരമായ മാറ്റങ്ങൾ നടന്നു. കൂടുതൽ സാധ്യതകളുള്ള പ്രൊഫഷനായി അത് വളർന്നു. തന്മൂലം രോഗികളെ നേരിട്ട് പരിചരിക്കുന്നതിൽ നിന്ന് നഴ്സുമാർ ഉന്നതവിദ്യാഭാസം കൈവരിക്കാനും വൈദഗ്ധ്യം വേണ്ടുന്ന നഴ്സിതര ജോലികളിൽ കയറാനും ആഭിമുഖ്യം കാണിച്ചു. അത് നഴ്സിംഗ് ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറാനും കൂടുതൽ ആളുകൾ നഴ്സിംഗ് പ്രൊഫഷനായി തെരഞ്ഞെടുക്കാനും കാരണമായി. രോഗ-ശരീരപരിചരണത്തെ ചുറ്റിപറ്റി നിന്ന നഴ്സിംഗ് മേഖലയിൽ കൂടുതൽ വേതനവും സാമൂഹികാംഗീകാരവും ലഭ്യമാകുന്ന മാനേജറിയൽ-സ്പെഷ്യലിസ്റ്റ് ശാഖകളിലേക്കുള്ള കൊഴിഞ്ഞു പോക്ക് അധികരിച്ചു. രോഗീപരിചരണത്തിൽ തുടർന്നവരെ വേണ്ടവിധം പരിഗണിക്കാതിരുന്നത് compassionate care നു തിരിച്ചടിയാവുകയും ചെയ്തു എന്ന് വേണം കരുതാൻ. രോഗിക്കുള്ള വ്യക്തി പ്രാധാന്യത്തേക്കാൾ രോഗത്തിനും ചികിത്സാവൈദഗ്ധ്യത്തിനും പ്രാധാന്യം വന്നു ചേർന്നു. രോഗത്തിലേക്ക് ഫോക്കസ് ചെയ്തപ്പോൾ രോഗികൾ ‘കേസു’കളായി. മാതൃ-ശിശു ബന്ധം പോലെ വാഴ്ത്തപ്പെട്ട നേഴ്സ്-രോഗി ബന്ധം കാലഹരണപ്പെട്ടു. സ്വാഭാവികമായും ‘tender loving care’ ആശയങ്ങൾ പരസ്യബോർഡുകളിൽ മാത്രമായി ചുരുങ്ങി.1983 ൽ രൂപീകരിച്ച ഗ്രിഫിത് റിപ്പോർട്ട് ക്ലിനിക്കൽ നഴ്സിംഗിനെ പുനഃപരിശോധിക്കാനും റീ-പ്രൊഫെഷണലൈസ് ചെയ്യാനുമുള്ള ആഹ്വാനങ്ങളാണ് മുന്നോട്ടു വെച്ചത്. നേരിട്ട് രോഗികളെ പരിചരിച്ചിരുന്നവർ ഉയർന്ന ഉദ്യോഗങ്ങളിലേക്ക് പറിച്ചു മാറ്റപ്പെടുന്നു എന്നും യൂണിവേഴ്സിറ്റി ഡിഗ്രിയുള്ള ഉയർന്ന വിദ്യാഭാസമുള്ളവർ രോഗികളെ പരിചരിക്കാൻ മടിക്കുന്നുവെന്നുമുള്ള വാദങ്ങൾ ഉയർന്നുവന്നു.
ചുരുക്കത്തിൽ ലോകത്തും നഴ്സിംഗ് മേഖലയിലും മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങൾ (professionlization, medicalization, consumerization, secularization എന്നിവ) compassionate care ന്റെ പ്രാധാന്യത്തെ വേണ്ടവിധം പരിഗണിച്ചില്ല എന്നാണ് ചരിത്രം നോക്കുമ്പോൾ മനസ്സിലാവുന്നത്. സമീപകാല ഗവേഷണങ്ങളിൽ അനുകമ്പയില്ലാത്ത പരിചരണം രോഗികളുടെ അസംതൃപ്തിക്കു പ്രധാന കാരണങ്ങളിലൊന്നായി വിവരിക്കപ്പെടുകയും അടിയന്തിരമായ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തതിന്മേലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. Compassionate care പ്രാവർത്തികമാക്കാനുള്ള പ്രധാന വെല്ലുവിളി അത് നഴ്സിംഗ് തൊഴിൽവൈദഗ്ദ്യ പരിശീലനത്തിന് പുറമെ വ്യക്തി-സ്വഭാവ-പെരുമാറ്റങ്ങളെക്കൂടി സ്വാധീനിക്കേണ്ടതുണ്ട് എന്നതിലാണ്. Tania singer എന്ന ന്യൂറോസയന്റിസ്റ്റ് തന്റെ പഠനത്തിലൂടെ സമർത്ഥിച്ചത് എമ്പതി മനുഷ്യമസ്തിഷ്കത്തിലെ വേദനയുടെ റിസപ്റ്ററുകളെ പ്രവർത്തിപ്പിക്കുമ്പോൾ compassion മിററിങ് സ്റ്റേജ് കടന്നു സ്നേഹം, പാരിതോഷികം, സംതൃപ്തി എന്നിവ അനുഭവിക്കുന്ന മസ്തിഷ്കഭാഗങ്ങളെക്കൂടി ഉത്തേജിപ്പിക്കുന്നു എന്നാണ്. ക്ഷീണവും (fatigue), മടുപ്പും (burnout) അതിന്റെ പാർശ്വഫലങ്ങളാണെങ്കിൽക്കൂടി അന്യോന്യമായ ഗുണം രോഗിക്കും ശുശ്രൂഷകർക്കും ഉണ്ടാകുന്നു എന്നതാണ് സാനുകമ്പ ശുശ്രൂഷണത്തിന്റ കാതലായ ഭാഗം. നഴ്സുമാരുടെ വ്യക്തിപരമായ മാറ്റത്തേക്കാളുപരി അത് ശ്രദ്ധചെലുത്തേണ്ടത് തൊഴിലിട സംസ്കാരം മാറ്റം വരുത്തുക എന്നതിലാവണം. അത് അതിപുരാതന ആശയങ്ങളിലേക്കുള്ള തിരിച്ചുപോക്കാകരുത്, മറിച്ചു പുതിയ കാലത്തിന് ചേരുന്ന വിധത്തിൽ വേണം അതുൾച്ചേർക്കേണ്ടത്.
(കേരള നഴ്സസ് സ്റ്റഡി സർക്കിൾ പ്രിസിദ്ധീകരിച്ച ‘സാനുകമ്പ ശുശ്രൂഷ’ എന്ന പുസ്തകത്തിൽ നിന്നും)