

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


2025 ഫെബ്രുവരി 23 മുതല് മാര്ച്ച് രണ്ട് വരെ തൃശൂരിൽ നടന്ന പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവത്തിലെ (itfok) പ്രധാന നാടകങ്ങളും ഫെസ്റ്റിവൽ സംഘാടനവും വിലയിരുത്തപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നു.
വെളിച്ചത്തിന്റെ ഒരു തുണ്ട്
Amal
സംവിധാനം: Jawad Al – Asadi, Iraq
വെള്ളം തളം കെട്ടിനിൽക്കുന്ന മുറിയിൽ നിറയെ പുസ്തകങ്ങൾ ചിതറിക്കിടക്കുന്നു. കുറേ പുസ്തകങ്ങൾ വെള്ളത്തിൽ അടുക്കി വെച്ചിരിക്കുന്നു. മേശപ്പുറത്തും കസേരയിലും നിറയെ പുസ്തകകൂമ്പാരം. പുസ്തക ഷെൽഫ് ഒഴിഞ്ഞു കിടക്കുന്നു.കഥാപാത്രങ്ങളുടെ കൈയും കാലും തട്ടി ഉടനീളം പുസ്തക അടരുകൾ വെള്ളത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു. കുറെ പുസ്തകങ്ങൾ വെള്ളത്തിൽ ഒഴുകി നടക്കുന്നു. ആയിരക്കണക്കിന് പുസ്തകങ്ങൾ! ഉപയോഗിക്കാനാകാത്ത വിധം അവ വെള്ളത്തിൽ കിടന്ന് കുതിരുകയാണ് . ഇത് നമ്മൾ കൺമുന്നിൽ കാണുകയാണ്. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. നിരന്തരമായ യുദ്ധങ്ങൾ മൂലം ജീവിതം തകർക്കപ്പെട്ട ഒരു ജനതയുടെ ദുരന്തപൂർണമായ ജീവിതം നമുക്കു മുന്നിൽ അനാവരണം ചെയ്യപ്പെടാൻ പോവുകയാണ്. ഭാര്യയും ഭർത്താവും. രണ്ടേ രണ്ടു കഥാപാത്രങ്ങൾ. അവരുടെ ജീവിതം, അവരുടെ നാടിന്റെ സ്ഥിതി,എല്ലാം പുസ്തകത്തിലേതു പോലെ നമ്മൾ വായിക്കാൻ പോവുകയാണ്. വെള്ളത്തിൽ കിടക്കുന്ന പുസ്തക കൂമ്പാരങ്ങളുടെ കാഴ്ച മാത്രം മതിയായിരുന്നു, നാടകത്തിന്റെ കേന്ദ്ര പ്രമേയത്തെ പ്രേക്ഷകരിലേക്ക് പകർന്നുകൊടുക്കാൻ. ഇറാഖി നാടകം ‘അമൽ’ തുടങ്ങുകയാണ്.
നാടിന്റെ അകമാണ് നാടകം എന്ന ചൊല്ലിനെ അന്വർത്ഥമാക്കുകയാണ് ‘അമൽ’. നമുക്ക് അധികം പരിചയമില്ലാത്ത, യുദ്ധം മൂലം പൊറുതിമുട്ടുന്ന മനുഷ്യ ജീവിതം! ഉന്മാദികളെപ്പോലെ രണ്ടുപേരും സംസാരിച്ചുകൊണ്ടേയിരിക്കുന്നു. അവർ പരസ്പരം പഴിക്കുകയും എതിർക്കുകയും ചെയ്യുന്നുണ്ട്. അയാൾ, ബാസിം, വായനയിലും മറ്റും തല്പരനാണെന്ന് മനസ്സിലാവും. വാൻഗോഗ്, റെബ്രെന്റ്, സാമുവൽ ബക്കറ്റ് എന്നൊക്കെ കേൾക്കുന്നുണ്ട്. അയാളുടെ പുസ്തകങ്ങൾ ആയിരിക്കണം വെള്ളത്തിൽ ചിതറി കിടക്കുന്നത്. അമൽ, ഭാര്യ, ഒരു ഡോക്ടറുടെ അപ്പോയിൻമെന്റിനു വേണ്ടി ഫോണിൽ വിളിച്ചു കൊണ്ടിരിക്കുകയാണ്. അവൾ ഗർഭിണിയാണ്. ഡോക്ടറെ കൊണ്ട് അബോർട്ട് ചെയ്യിക്കാൻ വേണ്ടിയാണ് വിളിക്കുന്നത്. പുറത്ത് വെടിയുണ്ടകൾ ചീറിപ്പായുകയാണെന്നും അപകടമാണെന്നും അയാൾ അവളോട് പറയുന്നു. എന്തുവന്നാലും തനിക്ക് പോയേ പറ്റൂ എന്ന് അവളും. അവർ രണ്ടുപേരും ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടവരാണ്. ചോരപ്പുഴ, പലായനം, തകർന്ന ഹൃദയം, അടിച്ചമർത്തൽ, തുറുങ്കിന്റെ വാതിലുകൾ, രഹസ്യ അറകൾ, ദുഃസ്വപ്നങ്ങൾ, അന്ധകാരം, തിന്മ, വേദന, കയ്പ്പ്, ഭയം, വ്യഭിചാരം, അഴിമതി, ക്രൂരത തുടങ്ങി ഒട്ടും ആശാവഹമല്ലാത്ത വാക്കുകളാണ് സബ്ടൈറ്റിൽ സ്ക്രീനിൽ വായിക്കാൻ പറ്റുന്നത്. ഏകദേശം മുഴുവൻ സമയവും വട്ടമിട്ടു പറക്കുന്ന ഹെലികോപ്റ്ററിന്റെ ഭീതിതമായ ശബ്ദമാണ് പശ്ചാത്തലത്തിൽ. ആ ഇരമ്പത്തിന്റെ കീഴിലാണ് തങ്ങളും എന്ന് കാണികൾക്കും ബോധ്യപ്പെടും.


ലോകം ദിനംതോറും വഷളാകുകയാണെന്നും ലോകത്തിൽ വായു തന്നെ കുറഞ്ഞുവരുകയാണെന്നും അയാൾ ആവലാതിപ്പെടുന്നു. ഹലാൽ എന്നും ഹറാം എന്നും പറഞ്ഞ് പരസ്പരം വെടിവെച്ചു കൊല്ലുകയാണ്. ഇത്തരം ഒരു ലോകത്തേക്ക് തന്റെ കുഞ്ഞിനെ പ്രസവിക്കില്ലെന്ന തീരുമാനത്തിലാണ് അമൽ. കുഞ്ഞിനെ ഉദരത്തിൽ വച്ചുതന്നെ നശിപ്പിക്കാനായി അവൾ പലതും ചെയ്തതായി അയാൾക്കറിയാം. അവൾ നിറവയർ ഭിത്തിയിൽ ഇടിക്കുന്നതും മറ്റും അയാൾ അറിഞ്ഞിട്ടുണ്ട്. കുട്ടിയെ വളർത്തണം എന്നാണ് അയാൾ ആക്രോശിച്ചുകൊണ്ടിരിക്കുന്നത്. അവൾ നശിപ്പിക്കണമെന്നും. “ഏതു വാൾമുനയിലേക്കാണ്, ഏതു കശാപ്പുശാലയിലേക്കാണ്, ഏത് ശ്മശാനത്തിലേക്കാണ് അവനെ അയക്കേണ്ടത് എന്നവൾ ആശങ്കപ്പെടുന്നു. അവനെ പ്രസവിച്ചു വളർത്തി കഴിഞ്ഞിട്ട്, ശ്മശാനത്തിലേക്ക് അയക്കേണ്ടത് കത്തികൊണ്ട് അറുക്കപ്പെട്ട ശിരസ്സുമായിട്ടോ, സൈലൻസർ വെച്ച വെടിയുണ്ടകൾ തുളച്ചു കയറിയ ശരീരമായിട്ടോ, നൂറു നൂറായി ചിതറിത്തെറിച്ച വെറും തുണ്ടുകളായിട്ടോ, അതോ തൂങ്ങിമരിച്ച ശരീരമായിട്ടോ? ഏതു ദുരന്തത്തിലേക്കാണ് ഏതു സർവ്വനാശത്തിലേക്കാണ് അവനു ജന്മം കൊടുക്കേണ്ടത്? ദൈവമേ….ദൈവമേ…എന്റെ കുഞ്ഞിനെ ഇത്തരത്തിൽ കാണാൻ ഞാൻ തയ്യാറല്ല. അവൻ, തീവ്രവാദികളും കൊലപാതികളും നിറഞ്ഞ ഈ ലോകത്തേക്ക് വരാതിരിക്കാൻ എന്റെ കുടൽമാല വെട്ടിക്കീറാൻ ഞാൻ തയ്യാറാണ്. സ്വന്തം മകൻ നഷ്ടപ്പെടുമ്പോൾ ഒരമ്മയുടെ ഹൃദയം കരിക്കട്ട പോലെ തകർന്നടിയും. അത് ഈ നഗരത്തിന്റെ ശിരസ്സിന് മുകളിൽ ഒരു ശാപമായി നിൽക്കും.” പ്രതീക്ഷയറ്റുകൊണ്ട് അമൽ ബാസിമിനോട് വാദിക്കുന്നു.
അയാൾ, പക്ഷേ അമലിനെ ഡോക്ടറെ കാണാൻ പുറത്തേക്ക് വിടാനോ, കുട്ടിയെ നശിപ്പിക്കാനോ ഒരിക്കലും സമ്മതിക്കുന്നില്ല. പകരം അവളെ പഴി പറയുന്നു. ഇത്തരം ഒരു ലോകത്തേക്ക് ഒരു കുട്ടിയെ ജനിപ്പിക്കാൻ അയാൾക്കും സമ്മതമല്ലായിരുന്നു. തുടക്കം മുതലേ അവൾ ഗർഭിണിയാകുന്നതിന് അയാൾ എതിരുമായിരുന്നു. തങ്ങൾ ഒരു കാട്ടിലാണ് ജീവിക്കുന്നതെന്നും ശക്തൻ ദുർബലനെ തിന്നുന്ന കാടാണ് അതെന്നും ലോകമെമ്പാടുമുള്ള സ്ത്രീകൾ പ്രസവിക്കുന്നത് തന്നെ നിർത്തണമെന്നുമാണ് അയാൾ പറഞ്ഞിരുന്നത്. കൃത്യസമയത്ത് മരുന്ന് കഴിച്ച് ഗർഭത്തിന് തടയിടാതിരുന്നതിൽ അവളാണ് കുറ്റക്കാരിയെന്ന് ബാസിം വാദിക്കുന്നു. രണ്ടുപേരും പരസ്പരം ഭ്രാന്തമായി തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുന്നു. ഇതിനിടയിൽ അയാൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് വരുമ്പോൾ അവളോടത് പറയുന്നതും, അവൾ ഇൻഹേലർ ഉപയോഗിച്ച് അതിനുള്ള പ്രതിവിധികൾ ചെയ്യുന്നതും ആവർത്തിച്ചുനടക്കന്നുണ്ട്. എല്ലാ പരുഷമായ ഭർസനങ്ങളുടെയും അവസാനം രണ്ടുപേരും ഉപയോഗിക്കുന്ന വാക്ക്, എന്റെ പ്രിയപ്പെട്ടവനേ, എന്റെ സ്നേഹമേ, എന്റെ പൊന്നേ എന്നൊക്കെയാണ്. അത് വളരെ വിചിത്രമായി തോന്നാം . അവർ പരസ്പരമല്ല വഴക്കടിക്കുന്നത്. ദുരന്തം മാത്രം വിളയുന്ന തങ്ങളുടെ നാടിനെ ചൊല്ലിയാണ് അവരുടെ വാഗ്വാദങ്ങൾ!
സർവ്വകലാശാലയുടെ ഇടനാഴികളിൽ പ്രണയിച്ചു നടന്ന കാലം അമൽ ഓർക്കുന്നു. കുടുംബത്തിൽ എല്ലാവരും കൊല്ലപ്പെട്ട് അനാഥയായി തീർന്ന ഒരുവൾ. നദീതീരത്ത് ഇരുത്തി, വെള്ളമെടുത്തു വരാമെന്നു പറഞ്ഞു പോയ അച്ഛനും അനുജനും ശിരസ്സിൽ വെടിയുണ്ടകളേറ്റ് അതേ നദിയിലൂടെ ഒഴുകിവരുന്നത് കാണേണ്ടി വന്നയാളാണ് ബാസിം. രണ്ടുപേർക്കും ഓർക്കാൻ ദുരന്തങ്ങൾ മാത്രം. പരസ്പരം കാമം നഷ്ടപ്പെട്ട, ചുംബനങ്ങൾ കൈമാറാത്ത, ഇണയുടെ ഗന്ധത്തെ വെറുക്കുന്ന, പരസ്പരം സാമീപ്യം തന്നെ ഇഷ്ടപ്പെടാത്ത വർത്തമാന ജീവിതം തള്ളിനീക്കുകയാണ് അവർ. ‘ജീർണ്ണിച്ച ജീവിതത്തിന്റെ മെത്തയിൽ കിടക്കുന്ന മൃതദേഹങ്ങൾ!


അവളുടെ ഉദരത്തിലുള്ള തന്റെ മകനെ അയാൾ തലേദിവസം സ്വപ്നം കണ്ടുവെന്ന് പറയുന്നിടത്തുനിന്ന് നാടകം വേറൊരു തലത്തിലേക്ക് മാറുന്നു. ‘ അവൻ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. അവൻ നഗ്നനായിരുന്നു. അവനു പിറകെ ആയിരക്കണക്കിന് ചെറുപ്പക്കാരും സുന്ദരിമാരായ പെൺകിടാങ്ങളും. എല്ലാവരുടെയും കൈകളിൽ സംഗീതോപകരണങ്ങൾ. അവർ ആ സംഗീതോപകരണങ്ങൾ വായിക്കാൻ തുടങ്ങി. നൃത്തം ചവിട്ടാനും… അവരുടെ സംഗീതോപകരണങ്ങൾക്ക് മുകളിൽ മഴ പെയ്തു കൊണ്ടിരുന്നു. തെരുവുകളിൽ സംഗീതശാലകളും നൃത്തശാലകളും ഓപ്പറ ഹൗസുകളും നിറഞ്ഞിരുന്നു. ഒരുപാട് വർഷമായി ഞാൻ അറിഞ്ഞിട്ടില്ലാത്ത ഒരാനന്ദം ഞാൻ അനുഭവിക്കുകയായിരുന്നു. എല്ലാവരുടെയും കൈകളിൽ പച്ച മൈലാഞ്ചിയിലകൾ ഉണ്ടായിരുന്നു. നഗരത്തിന് മീതെ പടർന്നിരുന്ന കറുത്ത മേഘത്തെ സംഗീതവും നൃത്തവും കൊണ്ട് മായ്ച്ചു കളയുകയായിരുന്നു അവർ. അമൽ… ഞാൻ എന്റെ മകനെ നൃത്തം പഠിപ്പിക്കും… സംഗീതമഭ്യസിപ്പിക്കും.. സംഗീതവും നൃത്തവും അല്ലേ ദൈവത്തിനോടുള്ള ഏറ്റവും മനോഹരമായ ആരാധനയുടെ വഴികൾ? ആത്മാവിനെ പരിശുദ്ധീകരിക്കാനുള്ള മാർഗം? അമൽ… ഈ സ്വപ്നം സാക്ഷാത്കരിക്കാൻ നീയെന്നെ സഹായിക്കുമോ..? ‘
അയാളുടെ വാക്കുകൾ കേട്ട് അമൽ അടുത്തേക്ക് നടന്നടുക്കുകയും അവർ പരസ്പരം ആലിംഗനത്തിൽ അമരുകയും ചെയ്യുന്നു. ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള ഒരു ആശ്ലേഷത്തിന്റെ കാഴ്ചയുടെ ധന്യതയിൽ കാണികൾ എഴുന്നേറ്റ് നിന്ന് അഭിവാദ്യമർപ്പിക്കുന്നു.
സഹനപർവ്വം , സ്നേഹപൂർവ്വം
Dear Children Sincerely- 7 Decades of Sri Lanka
സംവിധാനം: Ruwanthie De Chickera
എഴുപത് കൊല്ലത്തെ ശ്രീലങ്കയുടെ ചരിത്രം നാടക രൂപത്തിൽ ആവിഷ്കരിക്കുന്നത് കാണാൻ നിൽക്കുമ്പോൾ വിജയകരമാകുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. രാജ്യത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ മൂന്ന് പേജോളം ഉള്ള ഒരു ലീഫ് ലെറ്റ് ക്യൂവിൽ നിൽക്കുമ്പോൾ നാടക പ്രവർത്തകർ കൊണ്ടുതന്നപ്പോൾ അത് ഇരട്ടിച്ചു.ആശങ്ക തീർത്തും അസ്ഥാനത്താണെന്ന് തെളിയുന്നതിന് നാടകം തുടങ്ങി അല്പസമയം മാത്രമേ വേണ്ടി വന്നുള്ളൂ. ചരിത്രം നാടകരൂപത്തിലേക്ക് അത്ഭുതകരമായും അതീവ സുന്ദരമായും അലിഞ്ഞു ചേരുകയായിരുന്നു. അതിന് പ്രോപ്പർട്ടികളുടെയോ കൂറ്റൻസെറ്റുകളുടെയോ വെളിച്ച വിസ്മയങ്ങളുടെയോ പോലും സഹായം അവർക്ക് വേണ്ടി വന്നില്ല. മനുഷ്യശരീരങ്ങളെ കൊണ്ടുതന്നെ അവർ മനുഷ്യചരിതം അവതരിപ്പിച്ചു. ചരിത്രമെന്ന് പറഞ്ഞാൽ, പ്രധാനമായും കൊലപാതകങ്ങളുടെയും കൂട്ടക്കൊലകളുടെയും കണ്ണുപൊട്ടിക്കുന്ന ക്രൂരതയുടെയും ചരിതങ്ങൾ തന്നെ. സമാധാനത്തിന്റേത് വളരെ അപൂർവ്വം മാത്രം. അതിനിടയിൽ തൊണ്ണൂറുകളിൽ ഉണ്ടായ ക്രിക്കറ്റിലെ ലോകകപ്പ് വിജയം പോലും നാടകത്തിലേക്ക് സമർത്ഥമായി അവർ വിളക്കിച്ചേർത്തു. കൂട്ടക്കൊലകളിൽ നഷ്ടപ്പെട്ട മനുഷ്യരുടെ സംഖ്യകൾ ക്രിക്കറ്റിന്റെ സ്കോർബോർഡുമായി സമീകരിച്ചത് ക്രൂരമായി തോന്നാമെങ്കിലും നാടകം ഉടനീളം പുലർത്തിയ മനുഷ്യപക്ഷത്തോടുള്ള അതിരറ്റ അനുകമ്പ അതിനെയെല്ലാം സാധൂകരിക്കുന്നതായിരുന്നു. ചരിത്രനാടകം എന്നാൽ രാജാപാർട്ട് വേഷങ്ങളുടെ ഘോഷയാത്ര അല്ലെന്നും ഏതെങ്കിലും അധികാരികളുടെ മാഹാത്മ്യം പാടിപ്പുകഴ്ത്തലോ അല്ലെങ്കിൽ വ്യക്തിഹത്യയോ അല്ലെന്നും സംവിധായിക അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തെളിയിച്ചു തന്നു. കോറസിനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നുള്ളതിന് മാതൃക കൂടിയായി മാറി നാടകം.


അസാധാരണ അഭിനയവൈദഗ്ദ്ധ്യമുള്ള രണ്ട് അഭിനേത്രികൾ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത് (Ranmali Mirchandani, Selvi Sachithanandam). കുപ്രസിദ്ധമായ മണിക് ഫാം ക്യാമ്പിലെ അനുഭവങ്ങൾ കുട്ടികളോട് വിവരിച്ച അവരിൽ ഒരാളുടെ പ്രകടനം എന്തുകൊണ്ടാണെന്നറിയില്ല, പ്രമുഖ ഹോളിവുഡ് നടനായ ആന്റണിക്വിന്നിനെ ഓർമിപ്പിച്ചു. ക്ലാസിക്കെന്ന് നിസ്സംശയം പറയാവുന്ന പെർഫോമൻസായിരുന്നു. ഒരേ ഇരുപ്പിൽ ഇരുന്നുകൊണ്ട്, ക്യാമ്പിൽ നടന്ന പീഡനങ്ങളെപ്പറ്റിയും പേരക്കുട്ടികൾ മാലിന്യക്കുഴിയിൽ വീണ് മരിച്ചുപോകുന്നത് നേരിട്ട് കാണേണ്ടി വന്നതിനെപ്പറ്റിയും അവിടെയിരുന്ന് സ്വപ്നം കണ്ടതിനെപ്പറ്റിയും ദൈവത്തോട് പ്രാർത്ഥിച്ചതിനെപ്പറ്റിയുമൊക്കെ സംസാരിക്കുക മാത്രമാണ് അവർ ചെയ്തത്. അവർ നിസ്സംഗതയോടെ സംസാരിക്കുമ്പോൾ ഉള്ളിൽ നിശബ്ദമായി കരയുന്നത് പ്രേക്ഷകർക്ക് കേൾക്കാമായിരുന്നു. ശബ്ദത്തിലെ നേരിയ ഇടർച്ചയും കൈവിരലുകളിലെ വിറയലും വിഷയത്തിന്റെ അഗാധതലങ്ങളെ കാണിച്ചു തന്നു. വീർപ്പടക്കി കാണികൾ നാടകത്തിൽ മുഴുകി എന്നൊക്കെ പറയുന്നത് ഇത്തരം സന്ദർഭങ്ങളെയാണ്. കൊടിയ ദുരിതം അനുഭവിച്ച കാലത്തെ ഓർത്തെടുക്കുമ്പോഴും നാടകത്തിന്റെ സൗന്ദര്യാംശം നിലനിർത്താൻ അവർ വളരെ ശ്രദ്ധിച്ചിരുന്നു. ‘സുഗന്ധപൂരിതങ്ങളായ വിരലുകളിൽ, മുല്ലപ്പൂക്കളുമായി, കൺമുന്നിൽ ഇല്ലാതിരുന്ന ദൈവത്തോട് എന്നും പ്രാർത്ഥിക്കുന്നവർ ആയിരുന്നു ഞങ്ങൾ….’ കവിത്വമുള്ള ഭാഷയിലെ ആത്മാലാപം പ്രേക്ഷകർക്ക് കിട്ടിയ അമൂല്യമായ നിധി തന്നെയായിരുന്നു.


പുറത്ത്, ഫുഡ് കോർട്ടിൽ വച്ച് അവരെ കണ്ടുമുട്ടിയപ്പോൾ, കൂടെയുണ്ടായിരുന്ന ഉമ ടീച്ചർ തൊഴുകൈകളോടെ ചോദിച്ചു: ” ദീർഘ നേരം ഒരിടത്തിരുന്ന് സംസാരിക്കുക മാത്രം ചെയ്തുകൊണ്ട് , ഒരു നിമിഷത്തെ വിരസതക്കു പോലും ഇടം കൊടുക്കാതെ, അത് ഉന്നതമായ പെർഫോമൻസ് ആക്കി മാറ്റുന്നതിന്റെ പിന്നിലെ കലാരഹസ്യം എന്താണ്?” അവർ ഒരു നിമിഷം ആലോചിച്ചിട്ടു പറഞ്ഞു. “അങ്ങിനെയൊന്നുമില്ല. ഒരു ജനതയെന്ന നിലയിൽ, അതെല്ലാം ഞങ്ങൾ ജീവിതത്തിൽ അനുഭവിച്ചതാണ്. പെർഫോം ചെയ്യുമ്പോൾ അത് നിങ്ങളിലേക്ക് വരുന്നതാണ്.” അത്രയും പറയുമ്പോഴേക്കും അവർ ഓർമ്മകളിൽ നഷ്ടപ്പെട്ടതായി തോന്നി!
The Nights
സംവിധാനം: അനുരൂപാ റോയ്
പാവനാടകം വളരെ നന്നായിരുന്നു. പാവകളെ മനുഷ്യൻ ഉപയോഗിക്കുന്നതുപോലെ പാവകൾ മനുഷ്യരെയും ഉപയോഗിക്കുന്ന തരത്തിലായിരുന്നു അവതരണം. കഴുത്തിലും ഇടുപ്പുകളിലും കൈകളിലും പിടിച്ച് പാവകളെ കളിപ്പിക്കുന്നതുപോലെ പാവകൾ തിരിച്ചും മനുഷ്യരെ അതുപോലെത്തന്നെ ചെയ്യുന്നു. ചലനത്തിന്റെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ട മനുഷ്യന് പാവയുടേതുപോലുള്ള യാന്ത്രിക ചലനങ്ങൾ! പാവകളാൽ നിയന്ത്രിക്കപ്പെടുന്ന മനുഷ്യൻ! കൃത്രിമ ബുദ്ധിയെ പറ്റിയുള്ള ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് ഇത്തരം ഒരു അവതരണത്തിന് വലിയ അർത്ഥതലങ്ങൾ ഉള്ളതായി തോന്നി.


ആയിരത്തൊന്ന് രാവുകളിൽ നിന്നുള്ള ഏതാനും കഥാഭാഗങ്ങൾ ആയിരുന്നു അവതരണത്തിന് എടുത്തിരുന്നത്. കഥയും അവതരണവും കൂടുതലായി ശ്രദ്ധിക്കാൻ പറ്റുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. കാരണം ഉച്ചയ്ക്ക് മൂന്നുമണിക്ക് ബ്ലാക്ക് ബോക്സിനുള്ളിൽ ആയിരുന്നു പരിപാടി നടന്നത്. കായ പഴുപ്പിക്കാൻ വയ്ക്കുന്ന പോലെയായിരുന്നു മനുഷ്യരെ അതിനുള്ളിൽ കുത്തിനിറച്ചത്. സഹിക്കാൻ പറ്റാത്ത വിധത്തിലുള്ള ചൂട് ആയിരുന്നു. ആലിബാബയും 41 കള്ളന്മാരും എന്ന കഥയിലെ, കവാടം തുറക്കാനുള്ള, ആ പ്രസിദ്ധ വാചകം രഹസ്യ വാക്ക് അടക്കം ഇടയ്ക്ക് സ്ക്രീനിൽ വായിച്ചു: “ഓപ്പൺ ദി ഡോർ… സെസെ…”


അത് കണ്ടപ്പോൾ മിക്ക പ്രേക്ഷകരും ബ്ലാക്ക് ബോക്സിനുള്ളിൽ നിന്ന് പുറത്ത് കടക്കാനുള്ള രഹസ്യ വാക്ക് വല്ലതുമുണ്ടോ എന്നായിരിക്കണം ചിന്തിച്ചത്. “ഹുസൂർ…ഹുസൂർ…” എന്നൊക്കെ ഒരു അടിമ പെൺകുട്ടി നാടകത്തിൽ ആവർത്തിച്ച് ഉച്ചരിക്കുന്നുണ്ട്. നാടകം കഴിഞ്ഞ് വിയർത്തുകുളിച്ച് പുറത്ത് കടന്നപ്പോൾ അതാ നിൽക്കുന്നു സെക്രട്ടറിയും പ്രസിഡണ്ടും. ഒരു നിവേദനം എഴുതിക്കൊടുത്താലോ എന്നാലോചിച്ചു. അവരുടെ കോസ്റ്റ്യൂം കണ്ടപ്പോൾ നാടകത്തിലേത് പോലുള്ള സംബോധന തന്നെയാണ് ഉചിതം എന്നു തോന്നി.
“ഹുസൂർ….നമ്മളിത് പതിനഞ്ചാമത്തെ വർഷം ആണല്ലോ…. അന്താരാഷ്ട്ര പരിപാടിയാണ്. കായ പഴുപ്പിക്കാൻ പറ്റുന്ന ഈ പീഡന കേന്ദ്രത്തിൽ ജീവനുള്ള മനുഷ്യരെ പിടിച്ചിരുത്തി നാടകങ്ങൾ നടത്തുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളത്, ഹുസൂർ?
അടുത്തമാസം മുതൽ നമുക്ക് ജയ്ഹിന്ദ് മാർക്കറ്റിലെ പച്ചക്കറി വ്യാപാരികൾക്ക് ഈ ബോക്സ് കായക്കുലകൾ പഴുപ്പിക്കാനായി വാടകയ്ക്ക് കൊടുത്താലോ ഹുസൂർ… അക്കാദമിക്ക് നല്ല വരുമാനമായിരിക്കും. അകത്തെ ശബ്ദം പുറത്തേക്കും പുറത്തെ ശബ്ദം അകത്തേക്കും കടക്കരുതെന്നാണ് ബ്ലാക്ക് ബോക്സിനെ പറ്റിയുള്ള സങ്കല്പം. അകത്തെ ചൂട് പുറത്തേക്കും പുറത്തുനിന്ന് കാറ്റും തണുപ്പും അകത്തേക്കും കടക്കാൻ പാടില്ലാത്തത് കായ പഴുപ്പിക്കുന്ന അറകളിലാണ് ഹുസൂർ. ഹുസൂർ ആകെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എന്തൊക്കെയായാലും ഇന്റർനാഷണൽ ലെവലിൽ ആളുകൾ വരുന്ന സ്ഥലമല്ലേ, ഹുസൂർ. നാണക്കേടല്ലേ… പതിനാറാമത്തെ കൊല്ലം മുതലെങ്കിലും പുറത്തു കടക്കാൻ വെമ്പുന്നവർക്ക് ‘ഓപ്പൺദി ഡോർ….’ എന്നതിനൊപ്പം ഒരു രഹസ്യ കോഡ് കൂടി തരാൻ മനസ്സുണ്ടാവണം. അല്ലാത്തപക്ഷം, ഇപ്പോഴേ പഴമായി തീർന്ന ഞങ്ങൾ നാടക സ്നേഹികൾക്ക് നിങ്ങളെ നോക്കി ‘വാഴകൾ’ എന്ന് വിളിക്കേണ്ടിവരും ഹുസൂർ….അത്തരം അവസ്ഥ ഒഴിവാക്കണമെന്ന് അപേക്ഷ.
-നിങ്ങളുടെ അല്ല, നാടകത്തിന്റെ അടിമക്കൂട്ടങ്ങൾ. ഒപ്പ്….”
ആറാമത്തെ വിരൽ
സംവിധാനം: ഡോ. അജു കെ നാരായണൻ
ശിശുക്കൾ ചൂണ്ടുവിരൽ വായിലിടുന്നത് കാണുമ്പോൾ ഉണ്ടാകുന്ന നിഷ്കളങ്ക സൗന്ദര്യം അതേ കാര്യം മുതിർന്നവർ ചെയ്താൽ ഉണ്ടാവില്ല. ഇന്റർനാഷണൽ നാടകവേദിയിൽ വന്ന്, മലയാള നാടകത്തിന്റെ മുഖത്തുനോക്കി, യൂണിവേഴ്സിറ്റി ഓഫ് ലെറ്റേഴ്സ് രണ്ടാമത്തെ വിരലുകൊണ്ട് കാട്ടിയ ഗോഷ്ടിയാണ് ‘ആറാമത്തെ വിരൽ’. തീർച്ചയായും കോട്ടയത്ത് ഉള്ള ആ സ്ഥാപനം school of illiterate ആണ്. അവർക്ക് ഇന്റർനാഷണൽ എന്ന് പറഞ്ഞാലോ നാഷണൽ എന്ന് പറഞ്ഞാലോ സ്റ്റേറ്റ് എന്ന് പറഞ്ഞാലോ അത് അങ്ങാടിമരുന്നാണോ പച്ചമരുന്നാണോ എന്നറിയില്ല. കോട്ടയത്തെ ഈ സ്ഥാപനം ഒരു കുടിപ്പള്ളിക്കൂടം പോലും അല്ലെന്ന് തോന്നുന്നു. ഒരു പഞ്ചായത്തിന്റെ വാർഡിൽ പോലും അടുപ്പിക്കാൻ കൊള്ളാത്ത ചീഞ്ഞളിഞ്ഞ ഒരു സാധനവും കൊണ്ട് ഇന്റർനാഷണൽ ലെവലിലുള്ള ഒരു വേദിയിൽ വന്ന് സ്വന്തം സ്ഥാപനത്തിനും നാടിനും അവഹേളനവും അവമതിപ്പും ഉണ്ടാക്കുന്ന അവതരണം നടത്താൻ ‘അക്ഷരാഭ്യാസമുള്ള’ ഒരാളെങ്കിലും അക്കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ സമ്മതിക്കില്ലായിരുന്നു. നാടകത്തിന് മുന്നേ നടത്തിയ അവതരണ വാക്യങ്ങൾ കേട്ടാൽ സോഫോക്ലിസും ഷേക്സ്പിയറും ഇബ്സനും ഭാസനും ബ്രെഹ്ത്തുമൊക്കെ ഈ അവതരണം കഴിയുന്നതോടെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുമെന്ന് തോന്നും. തള്ളിന്റെ കാര്യത്തിൽ ഇന്റർനാഷണൽ നിലവാരം ഉണ്ടെന്നതിൽ തർക്കമില്ല.


//” ഒരു സവിശേഷ ചിഹ്‌നവ്യവസ്ഥയിലുള്ള പാഠത്തിന്റെ പരാവർത്തനവും പുനരെഴുത്തുമാണ് അനുകല്പന. ചെറുകഥ നാടകമായി മാറുന്നതും നോവൽ സിനിമയാകുന്നതും കവിത ശിൽപ്പമാകുന്നതുമെല്ലാം അനുകൽപ്പനം തന്നെ. സമകാലിക കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ശ്രീ പ്രിൻസ് അയ്മനം രചിച്ച ചാരുമാനം എന്ന ചെറുകഥയുടെ സ്വതന്ത്രമായ അനുവർത്തനമാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ലെറ്റേഴ്സ് അവതരിപ്പിക്കുന്ന ഈ നാടകം. മൂലകൃതിയോടുള്ള ആദരം നിലനിർത്തിക്കൊണ്ടുതന്നെ കഥയിൽനിന്ന് നാടകത്തിലേക്ക് ചില തുഴകൾ എറിയുവാൻ ശ്രമിക്കുന്നു. അതാകുന്നു ‘ആറാമത്തെ വിരൽ’! “//
മുതലാളി ആരും അറിയാതെ കൊന്നുകളഞ്ഞ തൊഴിലാളിയുടെ മകനെയാണ് തന്റെ ഭാര്യ കുറച്ചു മുൻപ് പ്രസവിച്ചത് എന്നറിഞ്ഞ മുതലാളിയുടെ, അമ്പട തൊഴിലാളീ എന്ന മനോഗതം. അയ്നാണ് ‘ചില തുഴകൾ എറിയാൻ ശ്രമിക്കുന്നു’ എന്നൊക്കെ വെച്ചു കീച്ചുന്നത്. സ്റ്റേജിൽ നെടുനീളത്തിൽ കിടക്കുന്ന കൂറ്റൻ വഞ്ചിയിലാണ് ഈ സവിശേഷ ചിഹ്‌നവ്യവസ്ഥയിലുള്ള പുനരെഴുത്ത് നടക്കുന്നത്. നാടകം അവസാനിക്കുമ്പോൾ വഞ്ചി ഒരു ചത്ത ചേരയുടെ രൂപത്തിലേക്ക് അനുകല്പനം ചെയ്യപ്പെടുന്ന അത്ഭുത കാഴ്ചയും പ്രേക്ഷകനെ കാത്തിരിപ്പുണ്ട്.
നാടകത്തിന് ചാരുമാനം എന്നൊരു പേര് പോരായിരുന്നില്ലേ? ആനന്ദ് എഴുതിയ, നമ്മുടെ ഭാഷയിലെ അതിഗംഭീരമായ ഒരു ചെറുകഥയുടെ പേരല്ലേ ‘ആറാമത്തെ വിരൽ’? അതൊന്നും യൂണിവേഴ്സിറ്റി ഓഫ് ലെറ്റേഴ്സിന് അറിയാൻ പാടില്ലെന്നുണ്ടോ ? വടക്കൻ വീരഗാഥയിൽ, ആങ്ങളക്ക് അങ്കത്തുണ പോയി അരിങ്ങോടരെ ജയിച്ചുവന്നാൽ ചന്തു ആങ്ങളയുടെ പെണ്ണായിരിക്കും താനെന്ന് ഉറപ്പു കൊടുത്ത ഉണ്ണിയാർച്ച, അങ്ങിനെയല്ല നടന്നത് എന്നറിഞ്ഞപ്പോൾ പറഞ്ഞ സംഭാഷണം ഇതാണ്: “നൂലാചാരം മടക്കിക്കൊടുക്കാനിരുന്ന എന്നെക്കൂടി നീ ചതിച്ചു കളഞ്ഞല്ലോ, ദുഷ്ടാ…”
“മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ചെറുകഥയുടെ പേരിനെ മുളയാണി വെച്ച ചുരിക കൊണ്ടു വെട്ടിയും കോൽവിളക്ക് വയറ്റിൽ കയറ്റിയും ചതിച്ചു കൊന്നല്ലോടാ മഹാപാപികളേ…”
ഭൂതങ്ങൾ
സംവിധാനം: ഷാജഹാൻ ഒറ്റതൈയ്യിൽ
ഭൂതങ്ങൾ എന്ന നാടകത്തെപ്പറ്റി ഒന്നും പറയാനില്ല. ലോക നാടകവേദിക്ക് മുന്നിൽ മലയാളത്തെ നാണം കെടുത്തുക എന്ന ദൗത്യം സംഘാടകരായ സംഗീത നാടക അക്കാദമി ഏറ്റെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. ദുബായിലുള്ള ഭരണകക്ഷി അനുകൂല സംഘം പടച്ചുവിട്ടതാണ് ഇതെന്ന് കേൾക്കുന്നു. അങ്ങിനെയെങ്കിൽ, വ്യാപകമായി നടക്കുന്ന പിൻവാതിൽ നിയമനം നാടകരംഗത്തേക്കും എത്തിയിരിക്കുന്നുവെന്ന് വേണം കരുതാൻ. ഇതൊക്കെ സെലക്ട് ചെയ്യുന്ന അക്കാദമിഭൂതങ്ങൾ ഏതു ധന്തഗോപുരത്തിൽ കയറിയാണാവോ പാർക്കുന്നത്! മലയാള നാടകങ്ങളായ ആറാമത്തെ വിരലും ഭൂതങ്ങളും കണ്ട പ്രേക്ഷകർക്ക് ഇത് സെലക്ട് ചെയ്തവനെയൊക്കെ വലിച്ചു താഴത്തിടേണ്ട ബാധ്യതയുണ്ട്. ഒരുപക്ഷേ അത് പേടിച്ചിട്ട് ആയിരിക്കുമോ അക്കാദമി വളപ്പിൽ നിറയെ പോലീസുകാരെ വിന്യസിച്ചിരിക്കുന്നത് ?


Hayavadana
Dir: Neelam Mansingh Chowdhury
നീലം മാൻസിംഗിന് സംഗീതം നാടകത്തിന്റെ പിന്നണിയല്ല, മുന്നണി ആണെന്ന് വർഷങ്ങൾക്കു മുൻപ് തൃശ്ശൂരിൽ നടന്ന സ്ത്രീ നാടക പണിപ്പുരയിൽ അവതരിപ്പിച്ച നാടകത്തിലൂടെ അവർ പ്രഖ്യാപനം ചെയ്തിട്ടുള്ളതാണ്. റീജിയണൽ തീയേറ്ററിലെ സ്റ്റേജിന്റെ മുൻഭാഗം കുറച്ചുകൂടി മുന്നിലേക്ക് നീട്ടിയെടുത്തിട്ടാണ് അന്ന് അവർ അവരുടെ സംഗീത സംഘത്തിന് ഇടമുണ്ടാക്കിയത്. അന്ന് നടന്ന അവതരണത്തിന്റെ സൗന്ദര്യം കൊണ്ട് അത് ഒരു നാടകമായിരുന്നോ അതോ സ്വപ്നമായിരുന്നോ എന്ന സംശയം അന്നത്തെപ്പോലെ തന്നെ ഇന്നും ശക്തമായി മനസ്സിൽ കിടക്കുന്നു. അതുപോലെ അവരുടെ അന്നത്തെ നാടകത്തിലെ നായിക ഇവിടത്തെ പത്രക്കാരുടെ ചോദ്യത്തിനു കൊടുത്ത മറുപടിയും ഒരിക്കലും മറക്കില്ല. “നീലം മാൻസിംഗിന്റെ കൂടെ കൂടിയതോടുകൂടി എന്റെ ജീവിതം സ്വപ്നസന്നിഭമായി മാറി… “


ഇന്ന്, സാക്സഫോണിലൂടെ കാഹളം മുഴക്കിക്കൊണ്ട് ഗിരീഷ് കർണാടിന്റെ ഹയവദനയുമായി അവർ വീണ്ടും തൃശ്ശൂരിൽ എത്തിയിരിക്കുന്നു. സംഗീതത്തെ മുന്നണിയിൽ അല്ല, മുകൾത്തട്ടിലേക്ക് അവർ ഇത്തവണ ഉയർത്തി സ്ഥാപിച്ചിരിക്കുന്നു. അഭിനേതാക്കളും അവർക്ക് സംഗീതോപകരണം തന്നെ ആണെന്നു തോന്നുന്നു. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങൾ ആണ് ഓരോരുത്തരും നടത്തുന്നത്. പത്മിനിയെ സ്പ്ലിറ്റ് ആക്കി അവതരിപ്പിച്ചത് നാടകത്തെ ഒന്നുകൂടി ചടുലമാക്കാൻ സഹായിച്ചു. പരിപൂർണ്ണതയ്ക്കു വേണ്ടി ചിരകാലമായുള്ള മനുഷ്യന്റെ ചോദനയെ പറ്റിയാണ് നാടകം സംസാരിക്കുന്നത്. ‘ഉത്തരമുണ്ടോ’ എന്ന് ചോദിച്ചുകൊണ്ട് പ്രേക്ഷകരുമായി നാടകം നേരിട്ട് തന്നെ സംവദിക്കുന്നുമുണ്ട്. നാടകവും അതിനു മറുപടിയൊന്നും വിധിക്കുന്നില്ല.
പ്രോപ്പർട്ടിയുടെ ഉപയോഗമാണ്, കഴിഞ്ഞ ദിവസങ്ങളിൽ അമേച്വർ നാടകവുമായി വന്ന നമ്മുടെ ആൾക്കാർ കണ്ടുപഠിക്കേണ്ടത്. സ്ത്രീകളുടെ അടിവസ്ത്രത്തിനിടയിലൂടെ തലയിട്ട് നോക്കലും പന്നിയുടെ വയറ്റിൽ കത്തിതാഴ്ത്തി വേദിയിൽ ചോരയിറ്റിക്കലും പോലുള്ള വൃത്തികേടുകൾ എങ്കിലും അവർക്ക് ഒഴിവാക്കാൻ പറ്റിയേക്കും. ഹയവദനയിലും കൊലപാതകവും പ്രസവവും എല്ലാം കാണിക്കുന്നുണ്ട്. അവിടെയൊന്നും അലർച്ചകളോ അട്ടഹാസങ്ങളോ പൊട്ടിച്ചിരികളോ മുഴങ്ങിയില്ല. അതെല്ലാം അരങ്ങിന്റെതായ ഭാഷയിൽ, സംഗീതത്തിന്റെ അകമ്പടിയിലാണ് സംഭവിക്കുന്നത്. ഒരു കഷണം തുണി മാത്രമാണ് അവർക്ക് അതിനു വേണ്ടി വന്നത്. വിസ്മയകരമാണ് നീലം മാൻസിംഗിന്റെ പ്രതിഭയും കൈയ്യടക്കവും !
സഹവർത്തിത്വത്തിന്റെ അനശ്വരഗാഥ
(Neythe -The Art of Weaving. Rima Kallingal )
തുടക്കം: അടിഞ്ഞമർന്ന് കിടക്കുന്ന ഒരു കൂട്ടം മനുഷ്യർ. അവരിൽ നിന്ന് ഒരാൾ എഴുന്നേൽക്കുന്നു. എഴുന്നേറ്റയാൾ അടുത്തയാളെ ഒരു കെട്ട് നൂലിന്റെ ബലത്തിൽ ജീവിതത്തിലേക്ക് പിടിച്ചെഴുന്നേൽപ്പിക്കുന്നു. അയാൾ അതിനടുത്തയാളെ… വീണടിഞ്ഞവർ മുഴുവൻ ഒന്നിന് പിറകെ ഒന്നായി ഉണർന്നെണീറ്റ് വരികയായി. അങ്ങനെയാണ് അരങ്ങ് ഉണർന്നത്. അവതരണത്തിന്റെ കേന്ദ്രപ്രമേയത്തിലേക്ക് പ്രവേശിക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം മതിയായിരുന്നു! ഏതു ദുരന്തത്തിൽ നിന്നും ഊടും പാവും പോലെ മനുഷ്യർ പരസ്പരം സഹവർത്തിച്ചുകൊണ്ട് ഉയിർത്തെഴുന്നേൽക്കുമെന്നും അതിജീവിക്കുമെന്നും ഉച്ചൈസ്തരം പ്രഘോഷണം ചെയ്ത് അവർ അരങ്ങ് നിറഞ്ഞു.
പ്രളയത്തിൽ, നൂലും തറിയും ജീവിതവും അപ്പാടെ നശിച്ചുപോയ ചേന്നമംഗലത്തെ നെയ്ത്തുകാർ, ഒത്തൊരുമയോടെയും ഇച്ഛാശക്തിയോടെയും ജീവിതം തിരിച്ചുപിടിച്ച ചരിത്രത്തിന്റെ പിൻബലമാണ്, ‘ജീവന്റെയുന്മത്തനൃത്തത്തിന്’* പരഭാഗശോഭ ചാർത്തിയത് .


നന്ദി, റിമ കല്ലിങ്കൽ, പ്രകൃതി ദുരന്തത്തെ അതിജീവിച്ച ഒരു കൂട്ടം മനുഷ്യരിലേക്ക് നിങ്ങളുടെ ശ്രദ്ധ പതിഞ്ഞതിന്, നിങ്ങളുടെ കലയിലൂടെ അവരെ പുനരാവിഷ്കരിച്ചതിന്, യന്ത്രത്തിന്റെ വേഗങ്ങളെ നിങ്ങളുടെ മോഹനമായ ചലനങ്ങൾ കൊണ്ട് അരങ്ങിൽ കവിതയാക്കി പരാവർത്തനം ചെയ്തതിന്, മനുഷ്യന്റെ കൈകൾക്കും കാലുകൾക്കും ഉടലിനും പരസ്പരം ഊടും പാവും ആവാൻ കഴിയുമെന്ന് തെളിയിച്ചു തന്നതിന്, ഉടലിന്റെ അനന്തസാധ്യതകളെ ഉണർത്തി വിട്ടതിന്, മെയ് വഴക്കത്തിൽ ഊന്നി രംഗോപകരണങ്ങളുടെ ധാരാളിത്തം ഇല്ലാതെ അനാർഭാടസുന്ദരമാക്കിയതിന്, കലയുടെ ഔന്നത്യത്തിൽ എത്തിച്ച് ഉലച്ചു കളഞ്ഞതിന്, സ്മോക്ക് ഗൺ അടിച്ചു കയറ്റി അഭൗമ പ്രതീതി ഉണ്ടാക്കാതെ മണ്ണിൽ ഉറച്ചു നിന്നതിന്, മുദ്രാവാക്യത്തിൽ മുക്കിക്കൊല്ലാതിരുന്നതിന്, ചലനത്തിന്റെ സൗന്ദര്യം അധ്വാനിക്കുന്ന ശരീരത്തിലാണ് കുടികൊള്ളുന്നതെന്ന് ബോധ്യപ്പെടുത്തിയതിന്, ശബ്ദത്തെയും വെളിച്ചത്തെയും സമർത്ഥമായും സമൃദ്ധമായും കൂടെ കൂട്ടിയതിന്, സംഗീതത്തെ അമിതമാകാതെ സൂക്ഷിച്ചുവെച്ച് അന്ത്യത്തിൽ കെട്ടഴിച്ചു വിട്ടതിന്, നിങ്ങളുടെ കണ്ഠത്തിലൂടെ പുറത്തേക്ക് വന്ന ശബ്ദപ്രവാഹത്തിന്റെ ഊർജ്ജപ്രസരണത്തിന്, എല്ലാറ്റിനുമുപരി നിങ്ങളുടേയും സംഘത്തിന്റെയും തപസ്സിന്. ഈ ഒരൊറ്റ അവതരണത്തിലൂടെ നിങ്ങൾ ജീവിതം സാർത്ഥകമാക്കിയിരിക്കുന്നു.


നിങ്ങൾ അവരെ കണ്ടെത്തുക മാത്രമല്ല, നിങ്ങൾ നിങ്ങളേയും കണ്ടെത്തിയിരിക്കുന്നു.
വളരെ വർഷങ്ങൾക്കു മുൻപാണ്. ഭാഷയിൽ അപൂർവ്വമായി പുറത്തുവന്ന ഒരു കൃതിയെ, ഡോ. എം ലീലാവതി, അപൂർവ്വമായി മാത്രം പറയുന്ന പ്രശംസാവചനങ്ങളോടെയാണ് സ്വീകരിച്ചത്. സുകുമാർ അഴീക്കോടിന്റെ ‘തത്വമസി’ പുറത്തുവന്നപ്പോൾ, ലീലാവതി ടീച്ചർ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘ഇതിൻ നേർക്ക് നമസ്ക്കരിക്ക’ എന്നായിരുന്നു. ‘നെയ്ത്’ എന്ന അപൂർവ്വ അവതരണം കണ്ട് എഴുന്നേൽക്കുമ്പോൾ, ലീലാവതി ടീച്ചറെ കടംകൊള്ളാൻ നിർബന്ധിതനാകുന്നു. കൈകൾ വീശി തിരിഞ്ഞ് നടക്കാൻ പറ്റാതെയാകുന്നു. കൈകൾ അറിയാതെ കൂപ്പി പോകുന്നു.
‘ഇതിൻ നേർക്ക് നമസ്ക്കരിക്ക ‘
(*കടപ്പാട് : ഒഎൻവി യുടെ ‘സൂര്യഗീതം’)