Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കേവല ഭൂരിപക്ഷം കിട്ടാതെ അധികാരത്തിലേറിയ മൂന്നാം മോദി സർക്കാരിനെ വിലയിരുത്തുകയാണ് പ്രശസ്ത സാമ്പത്തിക വിദഗ്ധനും ധനമന്ത്രി നിർമ്മല സീതാരാമന്റെ പങ്കാളിയുമായ ഡോ. പരകാല പ്രഭാകർ. വിഭജന രാഷ്ട്രീയത്തിനെതിരെയും ഏകാധിപത്യത്തിനെതിരെയും ജനങ്ങൾ നൽകിയ മുന്നറിയിപ്പുകൾ മോദി ഭരണത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുമോ, കേരളത്തിൽ ആദ്യമായി ലോക്സഭയിലേക്ക് ബി.ജെ.പി വിജയിച്ചതിലൂടെ ഭാവിയിൽ നേരിടാൻ പോകുന്ന ഭീഷണികൾ, തൊഴിലില്ലായ്മയും വിലക്കയറ്റവും അസമത്വവും ഇന്ത്യയിൽ വർദ്ധിച്ചുവരുന്നതിന്റെ കാരണങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ സംസാരിക്കുന്ന അദ്ദേഹം, ഇന്ത്യൻ സിവിൽ സമൂഹം മോദിയുടെ ഏകാധിപത്യത്തിനെതിരെ പ്രതിരോധം തീർക്കുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നു.
കഴിഞ്ഞ പത്ത് വർഷം വിയോജിപ്പുകളെ, അഭിപ്രായ സ്വാതന്ത്ര്യത്തെ ഒക്കെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തിയ മോദി കാലത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. അതിനിടയിൽ നിർഭയം സ്വതന്ത്രന്റെ ശബ്ദം കേൾപ്പിച്ച ഒരുകൂട്ടം മനുഷ്യരിൽ ഒരാളായിരുന്നു താങ്കൾ. താങ്കൾ എഴുതിയ The Crooked Timber of New India Essays on a Republic in Crisis ഏറെ ചർച്ച ചെയ്യപ്പട്ടു. സ്വതന്ത്ര മാധ്യമങ്ങളിലും മറ്റ് പൊതു പരിപാടികളിലും താങ്കൾ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും മോദിയുടെ വിഭജന രാഷ്ട്രീയത്തിന്റെയും കടുത്ത വിമർശകനായി പ്രത്യക്ഷപ്പെടുന്നതും കാണാനിടയായി. ഇന്ത്യൻ ജനാധിപത്യം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലത്ത് ഇങ്ങനെ ഒരു പ്രതികരണം താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാകാനുള്ള പ്രചോദനം എന്തായിരുന്നു?
മോദി അധികാരത്തിൽ വരുന്നതിനു മുമ്പ് യു.പി.എ സർക്കാരിന്റെ പല നയങ്ങളുടെയും അഴിമതിയുടെയും മറ്റും കാരണത്താൽ ഏറെ കലുഷിതമായ കാലമായിരുന്നു ഇന്ത്യയിൽ. അപ്പോഴാണ് വികസനത്തിന്റെയും അഴിമതി രഹിത ഭരണത്തിന്റെയും വാഗ്ദാനങ്ങൾ നൽകി മോദി അധികാരത്തിലേറുന്നത്. അന്ന് ഗുജറാത്ത് മോഡൽ വികസനം എന്നതായിരുന്നു മോദി മാർക്കറ്റ് ചെയ്തത്. അതിൽ വിശ്വസിച്ച വലിയ ഒരു വിഭാഗം ജനങ്ങൾ ഇവിടെ ഉണ്ടായിരുന്നു. അതിന്റെ പൊള്ളത്തരങ്ങൾ, സാധാരണ മനുഷ്യരുടെ പാരിതാവസ്ഥ ഒക്കെ തിരിച്ചറിഞ്ഞ ഒരാളായിരുന്നു ഞാൻ. എങ്കിലും മോദി ചെയ്യുന്നത് എന്തായിരിക്കും എന്ന് കാത്തിരിക്കുകയും ഇന്നത്തെ രീതിയിൽ വിമർശനങ്ങൾ ഉന്നയിക്കാതിരിക്കുകയുമാണ് ഞാൻ ചെയ്‌തത്. എന്നാൽ നോട്ടുനിരോധനം വന്നതോടെ ഇനിയും നിശബ്ദത തുടരാൻ പാടില്ല എന്ന് തീരുമാനിക്കുകയായിരുന്നു. മോദി സർക്കാരിന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രാഥമിക ധാരണ പോലുമില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. കൂടാതെ മെയ്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്വച്ഛ് ഭാരത്, സ്കിൽ ഇന്ത്യ തുടങ്ങി മോദി പ്രഖ്യാപിച്ച പദ്ധതികളെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണെന്നും കാണാൻ കഴിഞ്ഞു. കൂടാതെ എല്ലാവരെയും ചേർത്തുപിടിച്ചു മുന്നോട്ടുപോകും എന്ന് പറഞ്ഞ എൻ.ഡി.എ സർക്കാർ പിന്നീട് ബി.ജെ.പി സർക്കാർ ആയും മോദി സർക്കാർ ആയും മാറുന്നത് കാണാൻ കഴിഞ്ഞു. അങ്ങനെ ഈ സർക്കാർ രാജ്യ താത്പര്യങ്ങൾക്ക് എതിരാണ് എന്ന് മനസിലാക്കിയാണ് ഞാൻ മോദി സർക്കാരിന്റെ വിമർശകനായി മാറുന്നത്.
അങ്ങനെയാണോ മോദി ഭരണകൂടം ഏറ്റവും കഴിവുകെട്ടവരുടെ ഒരു സംഘമാണെന്നുള്ള കടുത്ത വിമർശനം താങ്കൾ ഉന്നയിച്ചത്?
അതെ. ഭരണനിർവ്വഹണം, നയരൂപീകരണം, ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ചുള്ള സങ്കല്പം തുടങ്ങി എല്ലാ കാര്യങ്ങളിലും ഒരു തികഞ്ഞ പരാജയമായിരുന്നു മോദിയും സഹപ്രവർത്തകരും. അവർക്ക് നൈപുണ്യം ഉണ്ടായിരുന്ന കാര്യം ജനതയെ വിഭജിക്കുന്നതിലും സമൂഹത്തെ തമ്മിലടിപ്പിക്കുന്നതിലും മാത്രമായിരുന്നു. ഭാഷ, മതം, ആചാരങ്ങൾ, സംസ്കാരം തുടങ്ങി വിവിധ നിലകളിൽ വൈവിധ്യം പുലർത്തുന്ന ഒരു രാജ്യമായിരുന്നില്ല അവരുടെ സങ്കല്പം. എന്നാൽ ഇങ്ങനെ വൈവിധ്യം പുലർത്തുന്ന ജനതയെ ഒന്നിപ്പിച്ചു നിർത്തുകയാണ് ഒരു നല്ല ഭരണാധികാരിയുടെ പ്രാഥമിക ദൗത്യം.
തെരഞ്ഞെടുപ്പിന് മുമ്പ് താങ്കൾ കരൺ ഥാപ്പറിന് നൽകിയ ഒരു അഭിമുഖത്തിൽ മോദി ഒരു ഏകാധിപതിയാണെന്നും മോദി വീണ്ടും അധികാരത്തിൽ തിരിച്ചുവന്നാൽ അത് ഇന്ത്യയുടെ ദുരന്തമായിരിക്കും എന്ന് പറഞ്ഞിരുന്നു. കൂടാതെ മോദി ഇന്ത്യയെ ചരിത്രത്തിന്റെ ഇരുണ്ടനാളുകളിലേക്ക് നടത്തുകയാണെന്നും പറഞ്ഞു. ഇപ്പോൾ മോദി വീണ്ടും അധികാരത്തിൽ വന്നിരിക്കുന്നു. പുതിയ സാഹചര്യത്തിൽ ഈ പ്രസ്താവനയെ എങ്ങനെയാണ് താങ്കൾ വിലയിരുത്തുന്നത്?
മോദിക്ക് വളരെ വ്യക്തമായ ഏകാധിപത്യ പ്രവണതകൾ ഉണ്ട്. ഇതിൽ നിന്നും വ്യത്യസ്‍തനായി പ്രതിപക്ഷത്തെയും എൻ.ഡി.എയിലെ മറ്റു പാർട്ടികളെയും ഒക്കെ വിശ്വാസത്തിലെടുത്തുകൊണ്ടു ഒരു ജനായത്ത രീതിയിലേക്ക് മാറുക എന്നത് മോദിക്ക് സാധ്യമാവുമെന്നു തോന്നുന്നില്ല. അടൽ ബിഹാരി വാജ്പെയിയെ പോലുള്ള ഒരു ബി.ജെ.പി നേതാവാകാൻ പോലും മോദിക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.
സാങ്കേതികപരമായി വിജയിക്കുമ്പോഴും പരാജയം ഏറ്റുവാങ്ങിയ ഒരു രാഷ്ട്രീയക്കാരനാണ് മോദി. തനിക്കേറ്റ തിരിച്ചടിയിൽ നിന്നും ചെയ്തുകൂട്ടിയ തെറ്റുകളിൽ നിന്നും ഒരു പാഠവും മോദി ഉൾക്കൊള്ളില്ല എന്നാണോ?
പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവും സംഘടനയും ദൗർബല്യങ്ങളും പോരായ്മകളും പരിമിതികളും മറച്ചുവയ്ക്കാറില്ല. പകരം അതിനെ ഉൾക്കൊണ്ട് പ്രവർത്തിക്കുകയാണ് ചെയ്യുക. അങ്ങനെയല്ലാത്ത, അരക്ഷിതാവസ്ഥയെ ഉള്ളിൽ പേറുന്നവർ യാഥാർഥ്യങ്ങളെ മറച്ചു വയ്ക്കുകയാണ് ചെയ്യുക. അതാണ് മോദിയുടെ കാര്യത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അധികാരത്തിൽ തിരിച്ചെത്തിയ ഉടനെ അരുന്ധതി റോയിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് അവർ ചെയ്തത്. അത് തങ്ങൾ ശക്തരാണെന്ന് കാണിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ്. വിയോജിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്. ജനങ്ങൾ തന്നെ നിരസിച്ചിരിക്കുന്നു എന്ന് അംഗീകരിക്കുന്നതിന് പകരം, അതിന്റെ കാരണങ്ങളെ അന്വേഷിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിന് പകരം അധികാരം ഉപയോഗിച്ച് പൗരരെ നിയന്ത്രിക്കുകയാണ് മോദി ചെയ്യുന്നത്.
ഈ തെരഞ്ഞെടുപ്പ് നൽകുന്ന മുഖ്യ സന്ദേശം കേന്ദ്ര സർക്കാരിന്റെ ഹിന്ദു മുസ്ലീം വിഭജന രാഷ്ട്രീയത്തെ ജനങ്ങൾ അംഗീകരിക്കുന്നില്ല എന്നതാണ്. പകരം തൊഴിലില്ലായ്മ, വിലക്കയറ്റം, ഗ്രാമീണ മേഖലയിലെ ദുരിതങ്ങൾ, കർഷകരുടെ പ്രശനങ്ങൾ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ ഭരണകൂടം ശ്രദ്ധചെലുത്തൂ എന്നാണ് ജനങ്ങൾ പറയുന്നത്.
അതിന്റെ നല്ല ഉദാഹരണമല്ലേ അയോദ്ധ്യ ഉൾപ്പെട്ട ഫൈസാബാദിലെ സമാജ് വാദി പാർട്ടി നേതാവ് അവധേഷ് പ്രസാദിന്റെ ചരിത്ര വിജയം ?
തീർച്ചയായും. രാമക്ഷേത്രം, പ്രാണ പ്രതിഷ്ഠ തുടങ്ങിയവയിലൂടെ ബിജെപി പ്രതീക്ഷിച്ച ജനപിന്തുണ അവർക്കു ലഭിച്ചില്ല എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. രാമഭക്തകർ എല്ലാം ബിജെപി ഭക്തരല്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ബിജെപി തെറ്റുകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാത്തത് ഏറെ അപകടകരമാണ്. അതുകൊണ്ടാണ് ബിജെപി അധികാരത്തിൽ വന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും മണിപ്പൂരിന്റെ അവസ്ഥ ഉണ്ടാകും എന്ന് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. അതുകൊണ്ടാണ് അധികാരത്തിലേറിയ ശേഷം മണിപ്പൂരിൽ പോകുന്നതിന് പകരം ഒരു വെറും നിരീക്ഷകന്റെ റോളിൽ മോദി ഇറ്റലിയിലേക്ക് പോയത്. ഇത് ഒരു സർക്കാരിന്റെ നല്ല തുടക്കമല്ല എന്ന് കാണാം.
മോദി ഭരണകൂടം അധികാരത്തിൽ നിന്ന് പോയാലും പത്ത് വർഷക്കാലം മോദി സർക്കാർ വരുത്തിവെച്ച വിനാശത്തെ നേരെയാക്കി എടുക്കാൻ ഏറെ വർഷങ്ങളെടുക്കുമെന്ന് താങ്കൾ പറഞ്ഞിരുന്നു. വീണ്ടും മോദി അധികാരത്തിലെത്തിയ സാഹചര്യത്തിൽ എന്ത് തോന്നുന്നു? ഇന്ത്യയ്ക്ക് ഏറ്റ പരിക്കുകൾ മാറ്റാൻ നമ്മുടെ മുന്നിൽ വഴികളില്ലാതാവുകയാണോ?
സിവിൽ സൊസൈറ്റിയിലാണ് എനിക്കുള്ള പ്രതീക്ഷ. രാഷ്ട്രീയ പാർട്ടികളേക്കാൾ ഫലപ്രദമായി ഈ സർക്കാരിനെ പ്രതിരോധിക്കാൻ അവർക്ക് കഴിയും. ഈ തെരഞ്ഞെടുപ്പിൽ മോദി സർക്കാരും ജനങ്ങളുമാണ് ഏറ്റുമുട്ടിയത്. അതിന്റെ നേട്ടമാണ് ഇന്ത്യ സഖ്യത്തിന് ലഭിച്ചത്. സർക്കാർ അതിന്റെ പതിവ് രീതിയിൽ വിദ്വേഷവും വിഭജനവും തുടരാൻ തന്നെയാണ് സാധ്യത. തെരഞ്ഞെടുപ്പ് സമയത്ത് വിദ്വേഷം പ്രചരിപ്പിച്ച മോദിക്കെതിരെ ഒരു നടപടിയുമെടുക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് നമ്മൾ കണ്ടത്. രണ്ട് മുഖ്യമന്ത്രിമാരെ മോദി സർക്കാർ തടവിലിട്ടു. എന്നിട്ടും ജനങ്ങൾ പൊരുതി ജയിച്ചു എന്ന് കാണാം. സ്വയം ബാഹുബലിയെ പോലെ നടിച്ച മോദിയെ ആത്മരതിയിൽ മുഴുകിയ വെറും ലില്ലിപ്പുട്ട് ആയിട്ടാണ് ജനങ്ങൾ തിരിച്ചറിഞ്ഞത്. പണവും അധികാരവും മറ്റ് വിഭവങ്ങളും നിറഞ്ഞു തുളുമ്പിയ ബിജെപിയെ ജനങ്ങൾ കണ്ടത് ഒരു കളിപ്പാട്ടമായാണ്.
എന്നാൽ കേരളത്തിലെ സ്ഥിതി ഇതിൽ നിന്നും വ്യത്യസ്തമാണ്. ബി.ജെ.പിക്ക് ചരിത്രത്തിൽ ആദ്യമായി ഒരു ലോക്സഭ മണ്ഡലത്തിൽ വിജയിക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, പല നിയമസഭാ മണ്ഡലങ്ങളിലും ഒന്നും രണ്ടും സ്ഥാനത്തേക്ക് അവരുടെ വോട്ട് വർധിപ്പിക്കാനും കഴിഞ്ഞു. കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?
യു.പിയിലും മറ്റിടങ്ങളിലും മോദി ഭരണത്തിന്റെ ദുരിതങ്ങൾ നേരിട്ട് ജനങ്ങൾ അനുഭവിച്ചു കഴിഞ്ഞു. കേരള സമൂഹത്തിന് ആ അനുഭവം ഇല്ല. കേരളത്തിലെ ജനായത്തിലും മതസാഹോദര്യത്തിലും വിശ്വസിക്കുന്ന ഓരോ പൗരനും ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന മുന്നറിയിപ്പ് ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. കേരളസമൂഹം അതിവേഗം വർഗീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 1930 കൾ മുതൽ ആർഎസ്സ്എസ്സ് കേരളത്തിൽ അതിന് വേണ്ടി പ്രയത്നിക്കുന്നുണ്ട്. അതിനുവേണ്ടി ദീർഘകാലത്തേക്ക് പെട്ടെന്നുള്ള ഫലം പ്രതീക്ഷിക്കാതെ നിശബ്ദമായി അഹോരാത്രം പണിയെടുക്കാനുള്ള ഒരു സംഘം മനുഷ്യരെ അവർ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവർക്ക് പെട്ടെന്ന് അധികാരം വേണം എന്ന ആഗ്രഹം ഒന്നുമില്ല. അതേസമയം അതിനെ പ്രതിരോധിക്കാനുള്ള മനുഷ്യ കൂട്ടായ്‌മ മറുവശത്ത് ഉണ്ടോ എന്ന് കേരളത്തിലെ സിവിൽ സമൂഹം അന്വേഷിക്കണം. അല്ലെങ്കിൽ ഒരു വൈറസിനെ പോലെ സംഘ്പരിവാർ വളരുകയും കേരളം വിഭജന രാഷ്ട്രീയത്തിന്റെ ഇരയായി മാറുകയും ചെയ്യാൻ അധികകാലം വേണ്ടി വരില്ല, മതസൗഹാർദ്ദത്തിന്റെ ദീർഘകാല ചരിത്രം കേരളത്തിന് ഉണ്ടെങ്കിലും.
രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യന്ത്രങ്ങളായി ഇന്ത്യയിൽ ഉടനീളം മാറിയ സാഹചര്യം ഉണ്ട്. രണ്ട് തെരഞ്ഞെടുപ്പുകൾക്കിടയിൽ ഉള്ള കാലം അവർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നില്ല. എന്നാൽ വർഗീയ ശക്തികൾ തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചു വേണം കേരള പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടത്. അങ്ങനെ ചെയ്താൽ തൃശ്ശൂരിൽ സംഭവിച്ചത് മറ്റു സ്ഥലങ്ങളിൽ സംഭവിക്കാതെ നോക്കാൻ കഴിയും.
ഇന്ത്യൻ ജനാധിപത്യത്തിന്റെ നേടുംതൂണായ ഫെഡറൽ സംവിധാനത്തെ ബഹുമാനിക്കാതെ ഭരണം നടത്തിയ മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ ഏറെ ചർച്ചയായിരുന്നല്ലോ. ഇപ്പോൾ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതെ ഭരിക്കുന്ന ബിജെപി അതേനയം തുടരാൻ സാധ്യതയുണ്ടോ?
അത് അവരുടെ ഡിഎൻഎയിൽ ഉള്ള കാര്യമായതിനാൽ അത് തുടരാൻ തന്നെയായിരിക്കും അവരുടെ ആഗ്രഹം. അവർ ഫെഡറൽ സംവിധാനത്തിൽ വിശ്വസിക്കുന്നില്ല. ഒരു രാജ്യം, ഒരു പാർട്ടി, ഒരു നേതാവ്, ഒരു ഭാഷ തുടങ്ങിയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് അവർ. എന്നാൽ രണ്ടു പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ കാരുണ്യത്തിൽ ഭരിക്കുന്ന നരേന്ദ്രമോദിക്ക് തോന്നിയ പോലെ ഭരിക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം.
ജനകീയ പ്രതിരോധങ്ങൾ, വിയോജിപ്പുകൾ ഒക്കെ അടിച്ചമർത്തുന്നതിൽ കഴിഞ്ഞ പത്ത് വർഷം മോദി ഏതാണ്ട് വിജയം കണ്ടു എന്ന് പറയാം. മനുഷ്യ മനസുകളിൽ ഭയം സൃഷ്ടിക്കുന്നതിലും. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സിവിൽ സൊസൈറ്റിയും സമാന്തര മാധ്യമങ്ങളും വളരെ ശക്തമായി രംഗത്ത് വരികയുണ്ടായി. മോദി ഇനിയും ജനവിരുദ്ധ നയങ്ങൾ തുടരുകയാണെങ്കിൽ ഇന്ത്യയിൽ ശക്തമായ ജനകീയ പ്രതിരോധം ഉണ്ടാവും എന്ന് കരുതുന്നുണ്ടോ?
പൊതുസമൂഹത്തിനും, മനുഷ്യാവകാശ പ്രവർത്തകർക്കും സംഘടനകൾക്കും തുടർച്ചയായി അതിനുവേണ്ടി പ്രവർത്തിക്കേണ്ടി വരും. അതിന്റെ ലക്ഷ്യം ഏതാനും പ്രതിപക്ഷ എം.പിമാരെ പാർലമെന്റിൽ എത്തിക്കുക മാത്രം ആയിരിക്കരുത്. ഇത്രയും കാലം ജനമനസ്സുകളിൽ സംഘപരിവാർ കുത്തിവെച്ച വർഗീയ വിഷം ഇല്ലാതാക്കാൻ കൂടി ആവണം. ആ വിഷമാണ് അവരുടെ രക്ഷകനാവുന്നത്. ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും സ്വന്തമായി രാഷ്ട്രം ഉള്ളപ്പോൾ എന്തുകൊണ്ട് ഹിന്ദുക്കൾക്ക് ആയിക്കൂടാ എന്നുള്ള സന്ദേശം അവർ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. ഇന്ത്യ എല്ലാവരുടെയും ആണെന്നുള്ള അടിസ്ഥാന ആശയത്തിൽ കെട്ടിപ്പടുത്ത ഒരു രാഷ്ട്രമാണെന്നുള്ള യാഥാർഥ്യം മറച്ചുവയ്ക്കുകയാണ് അവർ. മറ്റു മതക്കാർ ഇവിടെ ജീവിക്കുകയാണെകിൽ രണ്ടാംതരം പൗരന്മാരായിരിക്കണം എന്നാണ് അവർ പറയുന്നത്. അത് ജന മനസുകളിൽ നിന്നും നീക്കം ചെയ്യേണ്ടിയിരിക്കുന്നു.
മോദി സർക്കാർ ആദ്യം 2022 ലേക്ക് സെൻസസ് നടത്തുന്നത് മാറ്റിവെച്ചു. പിന്നീട് കോവിഡിന്റെ പശ്ചാത്തലത്തിൽ വീണ്ടും 2023 ലേക്ക് നീട്ടിവെച്ചു. ഇപ്പോൾ സെൻസസ് എപ്പോൾ നടക്കുമെന്ന് നമുക്കറിയില്ല. ഇന്ത്യയിൽ ഭരണനിർവ്വഹണത്തിനും സാമൂഹിക സാമ്പത്തിക നീതി നടപ്പാക്കാനും ഏറെ പ്രധാനപ്പെട്ട സെൻസസ് നടത്താൻ മോദി സർക്കാർ മടിച്ചുനിൽക്കുന്നത് എന്തുകൊണ്ടായിരിക്കാം?
ഈ സർക്കാർ ഡാറ്റ ശേഖരിക്കാനോ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനോ തയ്യാറല്ല. കുടിയേറ്റം, കർഷക ആത്മഹത്യ, തൊഴിലില്ലായ്മ, ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത, കോവിഡ് മരണങ്ങൾ തുടങ്ങി ഒരു കാര്യത്തിനും വിവരങ്ങൾ നൽകാൻ സർക്കാരിന് താൽപ്പര്യം ഇല്ല. അതേസമയം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യും. ലോക പട്ടിണി സൂചിക വന്നപ്പോൾ അത് തെറ്റാണെന്ന് പറഞ്ഞ സർക്കാർ 81 കോടി ജനങ്ങൾക്ക് എന്തിനാണ് അഞ്ച് കിലോ ധാന്യം എല്ലാ മാസവും സൗജന്യമായി നൽകുന്നത്? അതിനർത്ഥം ഇന്ത്യയിൽ പട്ടിണിയുണ്ട് എന്നല്ലേ? ഇപ്പോൾ ജാതി സെൻസസ് നടത്താനും വലിയ ആവശ്യം ഉയർന്നുവന്നിരിക്കുകയാണ്. ബിജെപി അതിനെ എതിർക്കുമ്പോഴും ജെഡിയു അതിനെ പിന്തുണയ്ക്കുന്നു. ഇനി മോദി എങ്ങനെ അതിനെ നേരിടും എന്നത് കാത്തിരുന്നു കാണാം.
ശരിയായ വിവരങ്ങൾ ലഭ്യമാവാതിരിക്കുമ്പോൾ എങ്ങനെ മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഗവേഷണ സ്ഥാപനങ്ങൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയും?
അവർ അത് ആഗ്രഹിക്കുന്നില്ലല്ലോ. പി.എം കെയർ ഒരു നല്ല ഉദാഹരണമാണ്. അതൊരു സർക്കാർ പദ്ധതി ആയിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിന്റെ ഇ-മെയിൽ, വെബ്സൈറ്റ് ഒക്കെ നോക്കിയാൽ അത് മനസിലാകും. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും അതിലേക്ക് പണം സമാഹരിച്ചിട്ടുണ്ട്. എന്നാൽ വിവരാവകാശ നിയമ പ്രകാരം അത് സംബന്ധിച്ച വിവരങ്ങൾ നൽകാൻ ബാധ്യത ഇല്ല എന്നാണ് സർക്കാർ പറയുന്നത്. അത് കാണിക്കുന്നത് അതിനകത്ത് നടക്കുന്ന ക്രമക്കേടുകളാണ്. പെഗാസസ് സർക്കാർ വാങ്ങിയോ എന്നുള്ള സുപ്രീം കോടതി നിയമിച്ച കമ്മറ്റിയുടെ ചോദ്യത്തിന് പോലും സർക്കാർ മറുപടി നൽകിയില്ല.
തെരഞ്ഞെടുപ്പിന് മുൻപ് സി.എസ്.ഡി.എസ് – ലോക്‌നീതി നടത്തിയ സർവ്വേയിൽ ജനങ്ങളുടെ പ്രധാന പ്രശ്നങ്ങൾ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതും നമ്മൾ കണ്ടു. ഈ രണ്ടു സുപ്രധാന പ്രശ്നങ്ങളെ ഒരു സർക്കാർ എങ്ങനെ നേരിടണം എന്നാണ് താങ്കൾ കരുതുന്നത്?
തീർച്ചയായും ഈ രണ്ട് വിഷയങ്ങളിലും ഇടപെടേണ്ടത് ഒരു സർക്കാരിന്റെ സുപ്രധാന കടമയാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ തൊഴിലാളികൾ ധാരാളം ഉൾപ്പെട്ട മേഖലയാണെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് ജനസംഖ്യ കുറഞ്ഞ യൂറോപ്പിൽ നിന്നും വ്യത്യസ്തമായി സാങ്കേതിക വിദ്യയെ ഔചിത്യപൂർവ്വം ഉപയോഗിക്കേണ്ട ബാധ്യത ഇന്ത്യൻ സർക്കാരിനുണ്ട്. അതിന്റെ ഭാഗമായി സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നതിന് പകരം തൊഴിലാളികൾക്ക് മറ്റു മേഖലകളിലേക്ക് മാറാനും അവരെ അതിന് പ്രാപ്തരാക്കാനുമുള്ള നയം കൊണ്ടുവരേണ്ടത് സർക്കാരാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് തൊഴിലാളികളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയാണ് വേണ്ടത്, അവർക്കു തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുകയല്ല.
റോബോട്ടിക്, നിർമ്മിത ബുദ്ധിയെല്ലാം വ്യാപിക്കുമ്പോൾ അതിനുള്ള സാഹചര്യങ്ങൾ കുറയുകയല്ലേ ചെയ്യുക?
സാങ്കേതികവിദ്യ നമ്മുടെ ലോകത്ത് ഇപ്പോൾ ഉണ്ടായി വന്ന ഒന്നല്ല. സാങ്കേതിക വിദ്യയെ ഉപേക്ഷിക്കുകയല്ല വേണ്ടത്. പകരം അത് ഔചിത്യപൂർവ്വം ഉപയോഗിക്കുകയാണ് വേണ്ടത്. ഇന്ത്യ തൊഴിൽ വൈദഗ്ധ്യം നൽകുന്നതിൽ വളരെ പിന്നോക്കവുമാണ്. സ്കിൽ ഇന്ത്യ എന്ന് പറഞ്ഞു പ്രചാരണം മാത്രം നടത്തിയിട്ടു കാര്യമില്ല. സാങ്കേതികവിദ്യ കടന്നുവരുമ്പോൾ, തൊഴിൽ നഷ്ടമാകുമ്പോൾ പുതിയ തൊഴിൽ മേഖലകളിലേക്ക് ആളുകൾക്ക് മാറാൻ അവരെ പ്രാപ്തരാക്കേണ്ടത് അനിവാര്യമാണ്.
അതുപോലെ പ്രധാനമാണ് വികേന്ദ്രീകൃത ഉൽപ്പാദന വിതരണ രീതിയും. വലിയ യന്ത്രങ്ങൾ ചേർന്ന് ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളുകൾക്ക് ശേഷി ഇല്ലെങ്കിൽ വൻതോതിലുള്ള ഉൽപ്പാദനം കൊണ്ട് എന്താണ് മെച്ചം? വാങ്ങൽ ശേഷി ഉണ്ടാവണമെങ്കിൽ ആളുകൾക്ക് തൊഴിലും വരുമാനവും വേണം.
അങ്ങനെയെങ്കിൽ നവ ലിബറൽ സാമ്പത്തിക നയങ്ങൾ അന്ധമായി പിന്തുടരുന്നതിനു പകരം നമ്മുടെ രാജ്യത്തെ സാമൂഹിക സാമ്പത്തിക സ്ഥിതി മനസിലാക്കി സാമ്പത്തിക നയങ്ങൾ നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത് എന്നാണോ താങ്കൾ പറയുന്നത്?
തീർച്ചയായും അത് തന്നെയാണ്. സാങ്കേതിക വിദ്യ ഒരു സാമ്പത്തിക വിദഗ്ധന്റെ യുക്തിപൂർവ്വമായ തെരഞ്ഞെടുപ്പ് മാത്രമാണ്. ഒരു സാങ്കേതിക വിദ്യ എപ്പോൾ, എങ്ങനെ, എവിടെ എന്ന് അയാൾ യാഥാർഥ്യബോധത്തോടെ തീരുമാനിക്കേണ്ടിയിരിക്കുന്നു.
തൊഴിലില്ലായ്മയും വിലക്കയറ്റവും പോലെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇന്ത്യയിലെ വർധിച്ചു വരുന്ന സാമ്പത്തിക അസമത്വം. അതിന്റെ പ്രതിഫലനം കോൺഗ്രസിന്റെ പ്രകടനപത്രികയിൽ കാണാനും കഴിഞ്ഞു. ഇന്ത്യയിൽ വളരെ കാലമായി നിലനിൽക്കുന്ന ഈ പ്രശ്നം കൂടുതൽ ഗുരുതരമായത് മോദി ഭരണ കാലത്താണ്. ഇന്ത്യക്ക് ഈ പ്രതിസന്ധി മറികടക്കാൻ എങ്ങനെ കഴിയും?
ഇതിനെ രണ്ടു രീതിയിൽ നോക്കിക്കാണാം. ഇന്ത്യയുടെ 16ാം ധനകാര്യ കമ്മീഷൻ ചെയർമാനായ അരവിന്ദ് പനഗരിയ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ചെയർമാനായ ബിബേക് ദെബ്രോയ് തുടങ്ങിയ ചില സാമ്പത്തിക വിദഗ്ധർ കരുതുന്നത് സാമ്പത്തിക അസമത്വം നല്ലതാണ് എന്നാണ്. അവർ ട്രിക്കിൾ ഡൗൺ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരാണ്. അവർ പറയുന്നത് ധനികർ പണം ചെലവഴിക്കുമ്പോൾ അതിന്റെ ഒരു ഭാഗം സാധാരണ മനുഷ്യരിലേക്ക് കിനിഞ്ഞിറങ്ങുമെന്നാണ്. എന്നാൽ കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടയിൽ അത് സംഭവിച്ചതായി കാണുന്നില്ല. പകരം സാമ്പത്തിക അസമത്വം, ദാരിദ്ര്യം ഒക്കെ വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ 81 കോടി ജനങ്ങൾക്ക് 5 കിലോ ധാന്യം മാസംതോറും സൗജന്യമായി നൽകുകയാണ് സർക്കാർ ചെയ്യുന്നത്.
ഞാൻ പിന്തുണയ്ക്കുന്നത് സാമ്പത്തിക അസമത്വം നിലനിൽക്കാൻ പാടില്ല എന്ന് വിശ്വസിക്കുന്ന ഒരു ഭരണകൂടത്തെയാണ്. ഒരുപക്ഷേ അവർക്ക് അസമത്വം പൂർണ്ണമായും ഇല്ലാതാക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും അസമത്വം നിലനിൽക്കുന്നതാണ് ശരി എന്ന് കരുതുന്നവരേക്കാൾ അവരാണ് നല്ലത്. 1000 കോടി രൂപ ചെലവഴിച്ച് നടത്തുന്ന വിവാഹ ചടങ്ങിനെ പ്രകീർത്തിക്കുന്നവർക്ക് ഇന്ത്യയിൽ പട്ടിണി കിടക്കുകയും തൊഴിലില്ലാതെ യാതന അനുഭവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ വേദന കാണാൻ കഴിയില്ല.
സാമൂഹിക സുരക്ഷാ പദ്ധതികൾ കൊണ്ട് മാത്രം ഈ അടിസ്ഥാന പ്രശ്‌നം പരിഹരിക്കാൻ കഴിയില്ല എന്നല്ലേ?
സാമൂഹിക സുരക്ഷ പദ്ധതികൾ ഒരു അടിസ്ഥാന പ്രശ്‌നം പരിഹരിക്കുന്നത് വരെയുള്ള ഒരു സഹായം മാത്രമാണ്. അത് നൽകി ജനങ്ങളെ സ്വയം പര്യാപതമാക്കുകയാണ് ചെയ്യേണ്ടത്.
എന്തുകൊണ്ടാണ് മോദി അദാനിക്ക് ഇത്രയും സഹായങ്ങൾ ചെയ്തുകൊടുക്കുന്നത്. എന്താണു താങ്കൾക്കു തോന്നിയിട്ടുള്ളത്?
ഈ സർക്കാരിന്റെ സാമ്പത്തിക നയത്തെ ചുരുക്കി ഇങ്ങനെ പറയാം. അഞ്ച് കിലോ ധാന്യം പാവപ്പെട്ടവർക്ക് നൽകി അവരെ നിശബ്ദരാക്കുക, എന്നിട്ട് അഞ്ച് വിമാനത്താവളങ്ങൾ അദാനിക്ക് നൽകുക. ഇതിന്റെ ആവർത്തനമാണ് പല രംഗങ്ങളിലും കാണാൻ കഴിയുക. അങ്ങനെ പാർട്ടിക്ക് ഫണ്ട് കണ്ടെത്തുക, തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ വീഴ്ത്തി അധികാരം പിടിച്ചെടുക്കുക തുടങ്ങിയ കാര്യങ്ങൾ നടത്തുകയാണ് അവർ ചെയ്യുന്നത്. അഴിമതി മുക്തമായ ഒരു സർക്കാർ എല്ലാ വ്യവസായികൾക്കും തുല്യ അവസരങ്ങൾ നൽകുകയാണ് മത്സരാധിഷിതമായ മുതലാളിത്ത സംവിധാനത്തിൽ ചെയ്യുക.
ഭരണഘടന ഓരോ ഇന്ത്യൻ പൗരനും നൽകുന്ന അവകാശങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട കാലം കൂടിയായിരുന്നല്ലോ കടന്നുപോയത്. എന്നാൽ തുല്യത, നീതി, ജനായത്തം, വൈവിധ്യം, പൗരാവകാശങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളിലേക്ക് കൂട്ടിച്ചേർക്കാൻ ദീർഘകാല പ്രയത്നം ഇനിയും ആവശ്യമില്ലേ? പ്രജയിൽ നിന്നും പൗരനിലേക്കുള്ള സംക്രമണം ഒരു ജനത ഉൾക്കൊള്ളേണ്ടത് പ്രധാനമല്ലേ?
ഓരോ പൗരരും ജാതി മത ഭാഷ വ്യത്യാസങ്ങൾക്കതീതമായി തുല്യ അവകാശങ്ങൾ ഇന്ത്യൻ ഭരണഘടന വാഗ്ദാനം നൽകുന്നു എന്ന് ഓരോ പൗരരും തിരിച്ചറിയണം. അത് ആരുടേയും ഔദാര്യമല്ല. അവകാശങ്ങൾ ഭരണകൂടത്തോട് ചോദിച്ചു വാങ്ങാൻ ജനങ്ങൾക്കു കഴിയണം. അപ്പോഴാണ് അവർക്കു പ്രജയിൽ നിന്നും പൗരരായി പരിണമിക്കാൻ കഴിയുക. എന്നാൽ ഈ സർക്കാരിന് താൽപ്പര്യം അവരെ ആശ്രിതരായി നിലനിർത്താനാണ്. അതിനെ പ്രതിരോധിക്കാൻ സിവിൽ സൊസൈറ്റിക്കു കഴിയണം.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ബിജെപിക്ക് ഉള്ളിൽ നിന്നും ആർഎസ്സ്എസ്സിൽ നിന്നും മോദി വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത് കാണാനാകും. ആർഎസ്സ്എസ്സ് എന്ന സംഘടന ഒരു തിരുത്തൽ ശക്തിയാവും എന്ന് കരുതാൻ കഴിയില്ലല്ലോ. എന്താണ് തോന്നുന്നത്?
ആർഎസ്സ്എസ്സ് എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് എന്ന് നമുക്ക് ഊഹിക്കാൻ മാത്രമേ കഴിയുകയുള്ളൂ. നേതാവ് ദുർബലനാണെന്നും ജനകീയ പിന്തുണയിൽ വിള്ളലുകൾ വീണു തുടങ്ങിയിരിക്കുന്നു എന്നും അറിയുമ്പോൾ സ്വാഭാവികമായും അതുവരെ അനുസരണയോടെ കേട്ടുകൊണ്ടിരുന്നവർ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങും. മോദിയും അമിത് ഷായും ആർഎസ്സ്എസ്സിനെ അവഗണിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി എന്ന് നമുക്കറിയാം. അവർക്കിടയിലെ അസംതൃപ്തി മോദി ദുർബലനാവുമ്പോൾ പുറത്തുവരും. കൂടാതെ അധികാരത്തിലെത്തിയശേഷം മോദി മൂലയ്ക്കിരുത്തിയത് പാർട്ടിയിൽ അനുഭവ സമ്പത്തും ജനപിന്തുണയുമുള്ള ഒട്ടനവധി നേതാക്കളെയാണ്. അവർ അപമാനിക്കപ്പെടുകപോലും ഉണ്ടായി. രാജ്നാഥ് സിങ് എന്ന മുതിർന്ന നേതാവിനെ പൊതു വേദിയിൽവെച്ച് പൂമാല അണിയിക്കുന്നതിൽ നിന്നും അകറ്റി നിർത്തി അപമാനിക്കുന്ന രംഗം പലരും കണ്ടതാണ്.
എന്നാൽ അത്തരം കാര്യങ്ങൾ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത ഈ മന്ത്രിസഭയിൽ ആവർത്തിക്കാൻ മോദിക്ക് കഴിയില്ല. അതേസമയം ഒരു കൂട്ടുകക്ഷി മന്ത്രിസഭയെ നയിക്കാനുള്ള കഴിവോ അനുഭവമോ മോദിക്കില്ല എന്നും നമ്മൾ ഓർക്കണം. അതുകൊണ്ട് ഈ സർക്കാരിന് കാലാവധി പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ലോക്സഭയിൽ ഭൂരിപക്ഷം തെളിയിക്കാനും ബിജെപിക്ക് ഏറെ വിയർക്കേണ്ടി വരും. ഒരു നിർണ്ണായക ഘട്ടം വരികയാണെങ്കിൽ ബിജെപിക്കുള്ളിൽ നിന്നോ, കൂട്ടുകക്ഷികളിൽ നിന്നോ ആർഎസ്സ്എസ്സിൽ നിന്നോ നേതൃമാറ്റം എന്ന ആവശ്യം ഉയരാം. മോദി ചെയ്യാൻ സാധ്യതയുള്ള മറ്റൊരു കാര്യം ഒരു കടുത്ത തീരുമാനം എടുക്കുകയും അത് നടപ്പാക്കാൻ സഖ്യകക്ഷികളിൽ നിന്നും പിന്തുണ ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുക, എന്നിട്ട് ലോക്സഭ പിരിച്ചുവിട്ട് തനിക്ക് കൂടുതൽ ഭൂരിപക്ഷം തന്നു വിജയിപ്പിക്കാനും കൂടുതൽ ശക്തമായ തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കാനും ജനങ്ങളോട് അഭ്യർത്ഥിക്കുക എന്നതാണ്. അങ്ങനെയെങ്കിൽ ഒരിടക്കാല തെരഞ്ഞെടുപ്പ് നമുക്ക് പ്രതീക്ഷിക്കാം.