![Support Keraleeya](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/support-left.png)
![Support Keraleeya](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/support-left.png)
Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
![right-bg](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/right-bg.png)
![right-bg](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/right-bg.png)
ജമ്മു കശ്മീരിൽ സൈനിക നടപടിക്കിടെ കസ്റ്റഡിയിലെടുത്ത യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നതില്‍ രാഷ്ട്രീയ റൈഫിള്‍സ് സായുധ സേനയിലെ സൈനിക ഉദ്യോഗസ്ഥര്‍ നേരിട്ട് ഉള്‍പ്പെട്ടതായി ദ കാരവന്റെ അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു (From Where the Orders Came, Army officers testify that two generals oversaw the torture and murder of civilians in Poonch – 01 February, 2025). ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയായ പൂഞ്ചിൽ 2023 ഡിസംബറില്‍ ആര്‍മി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു, പീഡനത്തിന്റെ വീഡിയോയും അന്ന് പ്രചരിക്കപ്പെട്ടിരുന്നു. ഈ സംഭവത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ജതീന്ദര്‍ കൗര്‍ തുര്‍ നടത്തിയ അന്വേഷണമാണ് ഉന്നത റാങ്കുകളിലുള്ള സൈനിക ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഈ കൊലപാതകങ്ങളിലുണ്ടെന്ന് കണ്ടെത്തുന്നത്. ഈ സംഭവത്തെ കുറിച്ചുള്ള ജതീന്ദര്‍ കൗറിന്റെ ‘സ്ക്രീംസ് ഫ്രം ദ ആര്‍മി പോസ്റ്റ്’ എന്ന പ്രാഥമിക റിപ്പോര്‍ട്ട് 2024 ഫെബ്രുവരിയിലാണ് കാരവൻ പ്രസിദ്ധീകരിച്ചത്. ഇതേത്തുടർന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഈ ലേഖനം പിന്‍വലിക്കാനുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നു. ലേഖനം പിൻവലിച്ച്, ഈ സർക്കാർ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ‘ദ കാരവന്‍’.
രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ മിലിറ്റന്റുകള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഗ്രാമങ്ങളില്‍ നിന്നും ചോദ്യം ചെയ്യലിനായി യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഇതിനായി പേരുകള്‍ ലിസ്റ്റ് ചെയ്യുന്നത് മുതല്‍ പീഡനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ വരെ ലെഫ്റ്റനന്റ് ജനറല്‍, മേജര്‍ ജനറല്‍, ബ്രിഗേഡിയര്‍, കേണല്‍, മേജര്‍ എന്നീ പദവികളിലുള്ള ഓഫീസര്‍മാര്‍ക്കിടയില്‍ നടന്ന ആശയവിനിമയങ്ങളുടെ വാട്‌സാപ്പ് ചാറ്റുകളിലെ വിവരങ്ങളും ആർമിയിലെ അന്വേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ജതീന്ദര്‍ കൗര്‍ തുറിന്റെ പുതിയ റിപ്പോർട്ട് പുറത്തുവിടുന്നു.
![](https://www.keraleeyammasika.com/wp-content/uploads/2025/02/Screenshot-2025-02-04-at-18-51-54-TC_Feb2024_Well-02-1-1.pdf.png)
![](https://www.keraleeyammasika.com/wp-content/uploads/2025/02/Screenshot-2025-02-04-at-18-51-54-TC_Feb2024_Well-02-1-1.pdf.png)
സഫീര്‍ ഹുസൈന്‍ (43), മുഹമ്മദ് ഷൗക്കത് (27), ഷബീര്‍ അഹമ്മദ് (32) എന്നീ മൂന്ന് യുവാക്കളാണ് ആര്‍മി പോസ്റ്റുകളിലെ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. മരം, ലാത്തി, ലോഹ പൈപ്പുകള്‍ കൊണ്ടുള്ള മര്‍ദ്ദനം, ഇലക്ട്രിക് ഷോക്കുകള്‍ ഏൽപ്പിക്കല്‍, വെള്ളത്തില്‍ തല താഴ്ത്തി ശ്വാസം മുട്ടിക്കല്‍, ചവിട്ടല്‍ എന്നിങ്ങനെയുള്ള പീഡനമുറകള്‍ നടന്നതായി സാക്ഷിമൊഴികളുണ്ട്. ഓപ്പറേഷന്‍ പങ്കായ് എന്ന് പേരിട്ട ഈ ഓപ്പറേഷനില്‍ രാഷ്ട്രീയ റൈഫിള്‍സിന്റെ ആറ് യൂണിറ്റുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുതിയ വെളിപ്പെടുത്തല്‍. രജൗറി, പൂഞ്ച് ജില്ലകളിൽ നിന്നും ആര്‍മി കസ്റ്റഡിയിലെടുത്ത 26 യുവാക്കളില്‍ നാടോടികളായ ഗുജ്ജര്‍ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരും കൂടുതലാണ്. ഇവരെ മൂന്ന് ആര്‍മി ക്യാംപുകളിലേക്ക് മാറ്റിയ ശേഷമാണ് പീഡനം നടത്തിയത്. പീഡനത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ട വിവരവും സെെനിക ഉദ്യോഗസ്ഥർ തമ്മില്‍ അറിയിച്ചു. കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവര്‍ കൈമാറിയില്ല എന്നത് ഇതൊരു സംഘടിതമായ കുറ്റകൃത്യമാണെന്ന് വാദിക്കാനുള്ള കാരണമാകുന്നുണ്ടെന്ന് ജതീന്ദര്‍ കൗര്‍ എഴുതുന്നു. ദ കാരവന്‍ ശേഖരിച്ച രേഖകളില്‍ നിന്നും വ്യക്തമാകുന്നത് ഈ ഓപ്പറേഷന് നേതൃത്വം നല്‍കിയത് ലെഫ്റ്റനന്റ് ജനറല്‍ സന്ദീപ് ജെയ്ന്‍, മേജര്‍ ജനറല്‍ മനീഷ് ഗുപ്ത എന്നിവരാണ് എന്നാണ്. ആര്‍മിക്ക് അകത്ത് തന്നെയുള്ള കുറ്റാന്വേഷണ സംവിധാനമായ ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണലിലും ഈ കേസിനെക്കുറിച്ച് അന്വേഷണം നടന്നു. (ഇന്ത്യയിൽ ആംഡ് ഫോഴ്സസ് ട്രിബ്യൂണൽ നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന പരാതി പരിഹാര സംവിധാനമാണ് ആംഡ് ഫോഴ്സസ് ട്രിബ്യൂണൽ. ഇന്ത്യൻ ആർമി, നേവി, എയർ ഫോഴ്സ് എന്നീ സർവീസുകൾ ആംഡ് ഫോഴ് സസ് ട്രിബ്യൂണലിന്റെ പരിധിയിൽ വരും). എന്നാല്‍ സന്ദീപ് ജെയ്‌നിനും മനീഷ് ഗുപ്തയ്ക്കുമെതിരെ ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണല്‍ നടപടിയെടുത്തിട്ടില്ല എന്നതും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണല്‍ അന്വേഷണം തുടരുമ്പോഴും ആര്‍ക്കുമെതിരെ നടപടിയെടുത്തിട്ടില്ല. ആര്‍മി കസ്റ്റഡിയിലെടുത്തതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എഫ്‌ഐആറില്‍ വിവരിച്ചിരിക്കുന്നത് അഞ്ജാതരാല്‍ കൊല്ലപ്പെട്ടു എന്നാണെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആര്‍മി തന്നെ നഷ്ടപരിഹാരം നല്‍കിയതും നീതിന്യായ പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമമായി റിപ്പോര്‍ട്ടര്‍ വിലയിരുത്തുന്നു.
![](https://www.keraleeyammasika.com/wp-content/uploads/2025/02/Screenshot-2025-02-04-at-18-54-46-TC_Feb2024_Well-02-1-1.pdf.png)
![](https://www.keraleeyammasika.com/wp-content/uploads/2025/02/Screenshot-2025-02-04-at-18-54-46-TC_Feb2024_Well-02-1-1.pdf.png)
മിലിറ്റന്‍സിയുമായി ബന്ധമില്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായിട്ടും, ‘സുരക്ഷാ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ സംഘടിത കുറ്റകൃത്യമെന്ന് ആരോപിക്കുന്നു’ എന്ന കുറ്റമാരോപിച്ചാണ് തന്റെ ലേഖനത്തിനെതിരെ കേന്ദ്ര മന്ത്രാലയം നടപടിയെടുത്തത് എന്ന കാര്യവും ജിതേന്ദര്‍ കൗര്‍ എഴുതുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇതേക്കുറിച്ച് ആര്‍മിയില്‍ അന്വേഷണം ആരംഭിച്ചു എന്ന വിവരവും ഇവിടെ പ്രധാനമാകുന്നു. “ആര്‍മിക്ക് ഈ പീഡനങ്ങളെക്കുറിച്ച് തുടക്കം മുതലേ വിവരം ലഭിച്ചു എന്നത് വ്യക്തമാണ് – ദ കാരവന്‍ അന്വേഷണ റിപോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ് തന്നെ. ദശാബ്ദങ്ങളായി ജമ്മു കശ്മീരില്‍ നടന്ന കസ്റ്റഡി കൊലപാതകങ്ങളെക്കുറിച്ച് അത്തരത്തിലുള്ള വിശദമായ അന്വേഷണങ്ങള്‍ നടത്താന്‍ ആര്‍മിക്ക് കഴിയുമെങ്കില്‍, അതിന് തയ്യാറാകുമെങ്കില്‍, ഈ കുറ്റകൃത്യങ്ങള്‍ നടത്തുന്ന യൂണിഫോമണിഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് ഗൗരവമുള്ള നടപടികള്‍ ഉണ്ടായിട്ടില്ല എന്ന ചോദ്യമാണ് ഉയരുന്നത്,” ജതീന്ദര്‍ എഴുതുന്നു.
2013ല്‍ രാഷ്ട്രീയ റൈഫിള്‍സിനെ നിയന്ത്രണ രേഖയ്ക്ക് പത്ത് കിലോമീറ്റര്‍ സമീപത്തുള്ള പൂഞ്ച്, രജൗറി ജില്ലകളില്‍ നിയമിച്ചതോടുകൂടി ഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങളിൽ നിന്നുള്ളവര്‍ പലപ്പോഴും ആര്‍മിക്കും മിലിറ്റന്‍സിക്കുമിടയില്‍ പെട്ടുപോകുന്നവര്‍ കൂടിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2023 ഏപ്രിലില്‍ ഒരു മിലിറ്റന്റ് ആക്ഷനെ തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സ് 60 പുരുഷന്മാരെ ചോദ്യം ചെയ്യലിനായി വിളിച്ചുചേര്‍ത്തെന്നും ആര്‍മിയില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് വീഡിയോ പുറത്തുവിട്ട മുഖ്താര്‍ ഹുസൈന്‍ ഷാ ആത്മഹത്യ ചെയ്ത സംഭവം പ്രതിഷേധങ്ങളിലേക്ക് നയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പൗരരുടെ ഫോണ്‍ ടാപ്പിങ് ഉള്‍പ്പെടെയുള്ള പൗരാവകാശ ലംഘനങ്ങളും പൂഞ്ചില്‍ നടന്നിട്ടുണ്ട്. ആദ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞ വിവരങ്ങളെ സമര്‍ത്ഥിക്കുന്നതാണ് പുതിയ തെളിവുകള്‍. പീഡനത്തെ അതിജീവിച്ചവരുടെ വാക്കുകളാണ് ഈ റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന ഭാഗം. “ചോദ്യങ്ങളൊന്നും ചോദിക്കാതെ തന്നെ അവര്‍ പെട്ടെന്ന് ഞങ്ങളെ ആക്രമിക്കാന്‍ തുടങ്ങി. എനിക്ക് പെട്ടെന്ന് ബോധം നഷ്ടപ്പെട്ടു. നമ്മളവിടെ എത്തിയപ്പോള്‍ ഷൗക്കത്തും സഫീറും ഷബീറും റിയാസും അവിടെയുണ്ടായിരുന്നു,” പീഡനങ്ങളെ അതിജീവിച്ച ഫറൂഖ് പറഞ്ഞു. പീഡനത്തെ തുടര്‍ന്ന് ചോര ഛര്‍ദ്ദിച്ച ഫറൂഖിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. “അവര്‍ ഷൗക്കത്തിനെ നിലത്തെറിഞ്ഞു, മൂന്ന് പട്ടാളക്കാര്‍ അവന്റെ നെഞ്ചത്ത് ചവിട്ടാന്‍ തുടങ്ങി, അവന് ജീവനുണ്ടോ എന്നറിയാന്‍,” ഷെഹ്നാസ് അഖ്തര്‍ പറഞ്ഞു.
![](https://www.keraleeyammasika.com/wp-content/uploads/2025/02/Screenshot-2025-02-04-at-18-55-16-TC_Feb2024_Well-02-1-1.pdf.png)
![](https://www.keraleeyammasika.com/wp-content/uploads/2025/02/Screenshot-2025-02-04-at-18-55-16-TC_Feb2024_Well-02-1-1.pdf.png)
“അവന്റെ ശരീരം മുഴുവന്‍ കരിവാളിച്ചിരുന്നു. കൈകളിലെയും കാലുകളിലെയും നഖങ്ങള്‍ പറിച്ചെടുത്തിരുന്നു” ഷൗക്കത്തിന്റെ പിതാവ് നാസിര്‍ ഹുസൈന്‍ പറഞ്ഞു. ആര്‍മി ക്യാംപുകളില്‍ വെച്ച് നടത്തിയ പോസ്റ്റ് മോര്‍ട്ടം, പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് മുമ്പ് കുടുംബാംഗത്തിന് ശരീരം തിരിച്ചറിയാനുള്ള അവസരം കൊടുക്കാതിരിക്കുക, പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് കുടുംബങ്ങള്‍ക്ക് നല്‍കാതിരിക്കുക ഇതെല്ലാം നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
ആര്‍മിക്കകത്തെ അന്വേഷണ സംവിധാനത്തിന് കീഴില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സന്ദീപ് ജെയ്ന്‍ തന്നെയായിരുന്നു ഓപ്പറേഷന്‍ പങ്കായ്ക്ക് നേതൃത്വം നല്‍കിയതും. അന്വേഷണങ്ങളിലെ പദപ്രയോഗങ്ങളില്‍, യഥാര്‍ത്ഥത്തില്‍ നടന്ന ‘torture’ നെ ‘methodology of questioning’ എന്നാണ് സൈന്യം വിശേഷിപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. അഞ്ചുപേര്‍ക്ക് മാത്രമാണ് പീഡനത്തിന് ശേഷം ചികിത്സ തേടേണ്ടിവന്നത് എന്ന് ആര്‍മി കോടതിയില്‍ വാദിച്ചപ്പോള്‍ 26 പേര്‍ക്കും ചികിത്സ തേടേണ്ടിവന്നതായി അഞ്ച് ഗ്രാമങ്ങളിലെയും ജനങ്ങള്‍ തന്നോട് പറഞ്ഞതായും ജതീന്ദര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.