

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്ന ചില സാമൂഹ്യ രാഷ്ട്രീയ സൂചകങ്ങളിലൊന്ന് അധികാര രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് കാര്യമായി ഇടമുണ്ട് എന്നതാണ്. സമാനമായൊരു ജനസംഖ്യാപരമായ സവിശേഷത കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭൂരിപക്ഷ സമൂഹത്തിന്റെയത്ര തന്നെ ജനസംഖ്യയുണ്ടെന്നതാണ്. ജനസംഖ്യാപരമായ ഈ സന്തുലിതാവസ്ഥ കൊണ്ട് കൂടിയാണ് കേരളത്തിൽ സംഘപരിവാർ രാഷ്ട്രീയത്തിന് വിജയസമവാക്യങ്ങളുണ്ടാക്കാൻ വളരെ അടുത്ത കാലം വരെ സാധിക്കാതിരുന്നത്. ജനസംഖ്യാപരവും സാമൂഹികവുമായ ഈ സവിശേഷതകളാണ് കേരളത്തിലെ മതനിരപേക്ഷ സാമൂഹികക്രമത്തെ നിലനിർത്തുന്നത്. പ്രധാനപ്പെട്ട ഇരുമുന്നണികൾക്കും ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് ന്യൂനപക്ഷ സമൂഹങ്ങളെ, വിശിഷ്യ മുസ്ലീങ്ങളെ കൂടി അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയാത്തത്. എന്നാൽ ഇന്ത്യയിൽ ഹിന്ദുത്വകക്ഷികൾ അധികാരം പിടിക്കുകയും ഫാസിസം ഭരണത്തിന്റെ സകല ഇടനാഴികളും കയറിയിറങ്ങുകയും ചെയ്തപ്പോൾ കേരള രാഷ്ട്രീയവും അതിൽ നിന്ന് രക്ഷപ്പെട്ടില്ല എന്നതാണ് വാസ്തവം. രാഷ്ട്രീയമായി വിജയിക്കാൻ സാധിച്ചില്ലെങ്കിലും സാംസ്കാരികവും സാമൂഹികവുമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിലും ഹിന്ദുത്വ പൊതുബോധം നിർമ്മിക്കുന്നതിലും സംഘപരിവാർ ഭീകരമാംവിധം വിജയിച്ച് മുന്നോട്ട് പോയിട്ടുള്ളതായി കാണാം. സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിലും പൊലീസിനുള്ളിലെ കാവിവത്കരണവും ജാതി സെൻസസിനോടുള്ള സമീപനവും സംഘപരിവാറിനെതിരെയുള്ള പൊലീസ് നിഷ്ക്രിയത്വമെല്ലാം ഇതിനുദാഹരങ്ങളാണ്. പൊലീസിനുള്ളിലെ കാവിവത്കരണവും മറ്റും എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ സമ്മതിച്ചിട്ടുള്ളതാണ്.


എന്നാൽ ഈ കുറ്റസമ്മതം കൊണ്ട് കഴുകി കളയാവുന്ന തെറ്റുകളല്ല ഇടതുപക്ഷം നിലവിൽ കേരളത്തിന്റെ സാമുദായിക ഇഴയടുപ്പങ്ങൾക്ക് മേൽ ചെയ്തുകൊണ്ടിരിക്കുന്നത്. ജനിതകമായി തന്നെ ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷത്ത് നിലനിൽക്കുന്ന ‘The Brahmin Boys’ പ്രതിഭാസത്തിന്റെ (ഡോ. അംബേദ്കർ ചൂണ്ടിക്കാണിച്ച) തുടർച്ച തന്നെയാണ് നിലവിൽ സി.പി.എം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ മൂലകാരണവും. ദലിത് പിന്നോക്ക രാഷ്ട്രീയത്തെയും അതിന്റെ സാമൂഹികവും ഭരണഘടനാപരമായ ആവശ്യങ്ങളെയും ഇന്ത്യയിൽ നിലനിൽക്കുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പരിഗണിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടക്കം മുതലേ പരാജിതരാണ്. സംവരണം, പേഴ്‌സണൽ ലോ എന്നീ വിഷയങ്ങൾ സവർണപക്ഷ നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ കൈകൊണ്ടത്. ഇതിന്റെ തുടർച്ചയെന്നോണമാണ് പല സമയങ്ങളിൽ ഇടതുപക്ഷ നേതാക്കൾ മുസ്ലീം വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ളത്. മലപ്പുറത്തെ പരീക്ഷ കോപ്പിയാഡിയുമായി ബന്ധപ്പെട്ട വി.എസ് അച്യുതാനന്ദന്റെ പരാമർശം, മലപ്പുറം ജില്ലയുടെ ഉള്ളടക്കം വർഗീയമാണെന്ന പ്രസ്താവന, കേരളം മുസ്ലീം ഭൂരിപക്ഷമാകുമെന്ന ‘മുന്നറിയിപ്പ്’ ഇവയെല്ലാം സിപിഎമ്മിൽ നിന്ന് മാത്രം ഉത്പാദിപ്പിക്കപ്പെട്ട ഇസ്ലാം വിരുദ്ധ പരാമർശങ്ങളാണ്. യഥാർത്ഥത്തിൽ സി.പി.എം അല്ലെങ്കിൽ ഇടതുപക്ഷം കൂട്ടുനിൽക്കുന്നത് ഇസ്ലാമോഫോബിയ വ്യവഹാരങ്ങളിലെ ഏറ്റവും സങ്കീർണമായ ഒന്നിനെ സ്ഥാപിച്ചെടുക്കാൻ കൂടിയാണ്.
ഒന്നുകിൽ പൂർണ്ണമായും കളവായതോ അതല്ലെങ്കിൽ ഏത് മത-ജാതി സമൂഹങ്ങളുടെയും ജീവിതത്തിൽ സ്വാഭാവികമായി നടക്കുന്ന സംഭവങ്ങളെയോ ആണ് സി.പി.എം ഭീകരവത്കരിക്കുന്നത്. മലപ്പുറം ജില്ലയിൽ കൂടുതൽ വിദ്യാർഥികൾ വിജയിക്കുന്നതിനെ എന്തോ അസ്വാഭാവികമായ ഒന്നായി ഉയർത്തിക്കാട്ടുകയാണ്. ചരിത്രപരമായി, മാനവവിഭവശേഷി സൂചികകളിൽ പിന്നാക്കം നിന്ന് പോയ മലബാറിലെയും പ്രത്യേകമായി മലപ്പുറത്തെയും വിദ്യാർഥികൾ ഗൾഫ് കുടിയേറ്റാനന്തരമുണ്ടായ സാമ്പത്തികാഭിവൃദ്ധി കൊണ്ടും മറ്റ് പ്രയത്നങ്ങളിലൂടെയും നേടിയെടുത്ത വിദ്യാഭ്യാസ മുന്നേറ്റത്തെയാണ് സി.പി.എം കോപ്പിയടി പരാമർശത്തിലൂടെ റദ്ദ് ചെയ്യുന്നത്. കേരളത്തിലെ ജനസംഖ്യാപരമായ പ്രാതിനിധ്യം കണക്കിലെടുത്താൽ നിലവിലെ സാഹചര്യത്തിൽ പോലും ഏഴോ എട്ടോ മന്ത്രിമാർ മുസ്ലീം സമുദായത്തിൽ നിന്നുമുണ്ടാകുന്നതിൽ പ്രശ്നങ്ങളൊന്നുമുണ്ടാകാൻ പാടില്ലാത്തതാണ്. എന്നാൽ തങ്ങളുടേതല്ലാത്ത മുന്നണിയിലെ മന്ത്രിസഭാ പുനഃസംഘാടനത്തിനെതിരെ കേരളത്തിൽ ഇസ്ലാമോഫോബിയ ചിലവാകുമെന്ന് കണ്ട് വിവാദം സൃഷ്ടിക്കുകയായിരുന്നു ഇടതുപക്ഷം. അഞ്ചാം മന്ത്രി കേരളത്തിന്റെ സാമുദായിക ഘടനയെ ബാധിക്കുമെന്നാണ് സി.പി.എം നേതാക്കൾ പ്രതികരിച്ചത്. ജനസംഖ്യയേക്കാൾ ഏകദേശം മൂന്നിരട്ടിയോളം നായർ മന്ത്രി പ്രാതിനിധ്യമുള്ള ഈ മന്ത്രിസഭയെ നയിക്കുന്നത് ഇതേ സിപിഎമാണ് എന്നറിയുമ്പോഴാണ് പ്രസ്തുത വിവാദം ഉണ്ടാക്കിയത് കേരളത്തിന്റെ സാമുദായിക ഘടനയെ ബാധിക്കുന്നത് കൊണ്ടല്ല മറിച്ച് കേരളത്തിലെ സവർണ അധികാരഘടനയെ ചെറിയ തോതിലെങ്കിലും ബാധിക്കുമെന്നതുകൊണ്ടാണെന്ന് വ്യക്തമാകുന്നത്.


അതുപോലെ, മലപ്പുറം ജില്ലയുടെ ഉള്ളടക്കം ഇവർക്കെന്നും പ്രശ്നകരമാണ്. കേരളത്തിലെ മറ്റേത് ഭൂപ്രദേശങ്ങൾ പോലെ മലപ്പുറത്തും തെരഞ്ഞെടുപ്പുകളിൽ മതവും ജാതിയുമെല്ലാം ഘടകമാകും, അതോടൊപ്പം മറ്റു വിഷയങ്ങളും ചർച്ച ചെയ്യപ്പെടും. മതം ഒരു ഘടകമല്ലാതെ തന്നെ ജയിച്ചവരുണ്ട്. ഇതൊക്കെ മറ്റെവിടത്തെയും പോലെ സ്വാഭാവികമാണ്. എന്നാൽ ഇടതുപക്ഷത്തിന് കനത്ത തോൽവി ഉണ്ടാകുമ്പോൾ തോൽവിയുടെ ഉത്തരവാദിത്തം മുസ്ലീം സമുദായത്തിൽ ചാരി രക്ഷപ്പെടാമെന്നാണ് ഇടതുപക്ഷം കരുതുന്നത്. അതുപോലെ, യാതൊരു ആധികാരിക ഡാറ്റയുമില്ലാതെ മുസ്ലീം ഭൂരിപക്ഷമാകുമെന്ന ഒരു ഭൂതത്തെ തുറന്ന് വിടുകയാണ് സി.പി.എം ചെയ്തത്.
മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസവും സാംസ്കാരിക മുന്നേറ്റങ്ങളും രാഷ്ട്രീയാവശ്യങ്ങളും മാത്രമല്ല, ഇസ്ലാമിക സമൂഹത്തിന്റെ കർതൃത്വത്തിലോ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലോ നടക്കുന്ന സാമൂഹിക ആരോഗ്യസംരംഭങ്ങളിലും ഇവർ ഭീകരതയും നിഗൂഢതയും ആരോപിക്കുകയാണ്. മലബാർ മേഖലയിലെ ചില പ്രദേശങ്ങളിൽ ജനകീയത ലഭിച്ച MEC 7 ന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും നിരോധിത സംഘടനയായ പോപ്പുലർ ഫ്രന്റുമാണെന്നായിരുന്നു സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്റെ ആരോപണം. എന്നാൽ ഈ ആരോപണത്തിനെതിരെ മുൻ മന്ത്രി അഹ്മദ് ദേവർകോവിൽ ഉൾപ്പെടെയുള്ളവർ രംഗത്തുവരികയും ചെയ്ത സാഹചര്യത്തിൽ പറഞ്ഞത് തിരുത്തുകയാണ് സി.പി.എം ചെയ്തത്. യഥാർത്ഥത്തിൽ പി മോഹനൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ ജമാഅത്തെ ഇസ്ലാമിയെ മുന്നിൽ നിർത്തി ‘good-muslim, bad muslim’ ദ്വന്ദം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഭീകരവിരുദ്ധയുദ്ധമുൾപ്പെടെ ലോകത്തിലെ മിക്കവാറും പടിഞ്ഞാറൻ മുസ്ലീം വിരുദ്ധ ആഖ്യാനങ്ങൾക്ക് അടിത്തറ പാകിയ അതേ തന്ത്രം തന്നെയാണ് സംഘപരിവാർ കാലത്തെ നനവുള്ള മണ്ണിൽ സി.പി.എം തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി പയറ്റുന്നത്. സമാനമായി പാലക്കാട് തോൽവിക്ക് കാരണവും ജമാഅത്തെ ഇസ്‌ലാമി അതുവഴി മുസ്‌ലിം സമുദായവുമാണെന്നാണ് സി.പി.എം പറയുന്നത്. ഏറ്റവും ഒടുവിൽ ഭഗത് സിങ്ങിനെതിരെ ജമാഅത്തെ ഇസ്‌ലാമി എന്ന തലക്കെട്ടിൽ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികൾ പോലും ഏറെ തെറ്റിദ്ധാരണാജനകമാണ്. പൊതുവിൽ സി.പി.എം പറയുന്ന വർത്തമാനങ്ങളുടെ ആകെത്തുക എന്തെന്നാൽ നിരന്തരം റാഡിക്കലൈസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന/ചെയ്യപ്പെട്ട ഒരു സമുദായമാണ് മുസ്ലീങ്ങളെന്നാണ്.


എന്നാൽ സംഘപരിവാർ കാലത്ത് മുസ്ലീം വിരുദ്ധതക്കും വെറുപ്പുൽപാദനത്തിനുമെതിരെ സത്യം പറയേണ്ട ഉത്തരവാദിത്തം സർക്കാരിനെ നയിക്കുന്ന കക്ഷിയെന്ന നിലയിൽ ഇടതുപക്ഷത്തിനും സിപിഎമ്മിനുമുണ്ട്. എന്നാൽ വഖ്ഫ് വിഷയത്തിലും, മലപ്പുറത്തിനെതിരെയുള്ള അഭിമുഖ പരാമർശത്തിലുമെല്ലാം ഏറെ വൈകി മാത്രമാണ് സർക്കാർ ഇടപെടുന്നത്. മുനമ്പം വഖ്ഫ് വിഷയം സർക്കാർ ഇടപെട്ട് രമ്യമായി പരിഹരിക്കണമെന്നാണ് മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരം ഇടപെടലുകളെ കുറിച്ചൊന്നും പറയാതെ സമരത്തിൽ പരമാവധി ലാഭം കൊയ്യാൻ സംഘ്പരിവാറിനും കാസ പോലുള്ള ക്രിസ്ത്യൻ വംശീയ സംഘടനകൾക്കും സമയം കൊടുത്ത ശേഷം മാത്രമാണ് സർക്കാർ ഇടപെട്ടത്. അതുപോലെ MEC 7 നെതിരെ സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉയർത്തിവിട്ട ആരോപണത്തിൽ എൻ.ഐ.എ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. യഥാർത്ഥത്തിൽ സി.പി.എം സംഘ്പരിവാർ രാഷ്ട്രീയത്തിന് മറ്റൊരു ആയുധം കൂടി നല്കുകയാണിവിടെ സംഭവിച്ചത്. ഇന്നിപ്പോൾ MEC7 എന്തോ ഭീകരസ്വത്വമായി സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇടംപിടിച്ചു കഴിഞ്ഞു.
നിരന്തരമായി ജമാഅത്തെ ഇസ്ലാമിയെ മുന്നിൽ നിർത്തി കേരളത്തിലെ മുസ്ലീം സമുദായത്തിനെതിരെ വിമർശനങ്ങളായും ഉപദേശങ്ങളായും തൊടുത്തുവിടുന്ന വ്യവഹാരങ്ങൾ യഥാർത്ഥത്തിൽ ഇസ്ലാമോഫോബിയ മാത്രമാണ്. മുസ്ലീം സമുദായത്തിനെതിരെ നാർകോ ജിഹാദ് ആരോപിക്കുന്ന വൈദികനെ ചെന്നുകണ്ട് പണ്ഡിത ശ്രേഷ്ഠനായി വാഴ്ത്തുന്ന രാഷ്ട്രീയത്തെ എങ്ങനെയാണ് മുസ്ലീകൾ മനസ്സിലാക്കേണ്ടത്? കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ യു.എ.പി.എ വിരുദ്ധ നിലപാട് കൈക്കൊള്ളുന്ന സർക്കാരിനെ യു.എ.പി.എയുടെ നിരന്തര ഇരകളാകുന്ന ഒരു സമൂഹം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? തങ്ങളുടെ രാഷ്ട്രീയത്തിന് പിന്തുണ നൽകാത്തതിന്റെ പേരിൽ പൈശാചികവത്കരിച്ചും ഭീകരവത്കരിച്ചും ഇടതുപക്ഷം പയറ്റുന്ന രാഷ്ട്രീയ തന്ത്രം നിലവിൽ സംഘ്പരിവാർ സ്വപ്നം കാണുന്ന സോഷ്യൽ എഞ്ചിനീറിങ്ങിന് വേഗത നൽകുന്നതും സവർണ ഹിന്ദു അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതും ഒപ്പം മുസ്ലീം അപരവത്കരണത്തിന് ആക്കം കൂട്ടുന്നതുമാണ്.