

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


March 15, The International Day to Combat Islamophobia
വിദ്വേഷ പ്രസംഗങ്ങൾക്കും പ്രസ്താവനകൾക്കുമെതിരെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുള്ള നിയമസാധ്യതകൾ എന്തൊക്കെയാണ്? ഒരു വ്യക്തിയുടെ അന്തസ്സിനെ മുറിപ്പെടുത്തുന്ന അത്തരം വാക്കുകൾ പൊതുസമൂഹത്തിൽ ഉപയോഗിക്കുന്നവർക്കെതിരെ പരാതികളും കേസുകളും ചുമത്തുമ്പോഴും അവർ ചെയ്ത കുറ്റത്തിന് ശിക്ഷലഭിക്കാതെ പോകുന്നത് എന്തുകൊണ്ടാണ്? നമ്മുടെ നീതിന്യായ വ്യവസ്ഥയും ക്രമസമാധാന പാലകരും മാധ്യമങ്ങളും ഇതിനെ സാമൂഹ്യനീതിയുടെ പ്രശ്നമായി എത്രത്തോളം പരിഗണിക്കുന്നുണ്ട്? സംസ്ഥാന സർക്കാരുകൾക്ക് വിദ്വേഷ പ്രസ്താവനകൾക്കെതിരെ കേസെടുക്കാനുള്ള നിർദ്ദേശം ഷഹീൻ അബ്ദുള്ള കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ നിലനിൽക്കുമ്പോഴും വിദ്വേഷ പ്രസ്താവനകൾക്കെതിരെ കിട്ടുന്ന പരാതികളിൽ കേസെടുത്താൽ പോലും തുടർനടപടികൾ ഉണ്ടാകാതെ പോകുകയാണ് കേരളത്തിൽ. കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളുടെയും പരാമർശങ്ങളുടെയും തുടർച്ചയ്ക്ക് ഇത് കാരണമായി മാറുന്നു.
എന്താണ് ഇസ്ലാമോഫോബിയ?
മുസ്ലീംങ്ങൾക്കെതിരെയുള്ള വംശീയ വിദ്വേഷത്തിൽ നിന്നും രൂപം കൊള്ളുന്ന, ഭയവും മുൻവിധികളും ഉള്ളടങ്ങിയ ആക്രമണോത്സുകതയുടെ പലതരം പ്രകടനരൂപങ്ങളാണ് ഇസ്ലാമോഫോബിയ. ഇത് സാമൂഹ്യഘടനയിലും സംസ്കാരത്തിലും പ്രതിഫലിക്കുന്ന വംശീയതയായി ഇസ്ലാമിക ചിഹ്നങ്ങളോടും അടയാളങ്ങളോടുമുള്ള അസഹിഷ്ണുതയായും കാണപ്പെടുന്നു.
കേരളത്തിലെ ഇസ്ലാമോഫോബിയ
കേരളത്തിലെ 2024 വർഷത്തെ ഇസ്ലാമോഫോബിയയെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രം പ്രത്യേകം പഠിക്കുമ്പോൾ അതിന്റെ തോത് ശരാശരി 36 മണിക്കൂർ കൂടുമ്പോൾ ഒന്ന് എന്ന രീതിയിലാണെന്നാണ് മനസ്സിലാവുന്നത്. ഉത്തരേന്ത്യയിലേതുപോലെ നേരിട്ടുള്ള വിദ്വേഷ ആക്രമണമല്ല കേരളത്തിലുള്ളത്. സാങ്കേതിക സ്വഭാവമുള്ളതും പൊതുബോധത്തിനുള്ളിൽ നിൽക്കുന്നതും അതുകൊണ്ടുതന്നെ പൊതുസ്വീകാര്യതയുള്ളതുമായ രാഷ്ട്രീയ – മാധ്യമ പ്രചാരണമാണ് ഇവിടെ നടക്കുന്നത്.
കേരളത്തിൽ കഴിഞ്ഞ വർഷം 260 ഇസ്ലാമോഫോബിക് സംഭവങ്ങൾ നടന്നതായാണ് റിപ്പോർട്ട്. 2024ൽ കേരളത്തിൽ നടന്ന മുസ്ലീം വിരുദ്ധ സംഭവങ്ങളെക്കുറിച്ച് ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് നടത്തിയ പഠനത്തിലൂടെയാണ് ഈ കണക്ക് പുറത്തുവരുന്നത്. കേരളത്തിൽ ഒരാഴ്ചയിൽ ശരാശരി അഞ്ച് മുസ്ലീം വിരുദ്ധ സംഭവങ്ങൾ നടക്കുന്നതായാണ് ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ പഠനം കണ്ടെത്തുന്നത്. ഏറ്റവും കൂടുതൽ ഇസ്ലാമോഫോബിക് സംഭവങ്ങൾ നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നത് 2024 ആഗസ്റ്റ് മാസത്തിലാണ്, 39 സംഭവങ്ങൾ ആ മാസം കലക്റ്റീവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്വേഷ പ്രസ്താവനകൾ, വിവേചനം കാണിക്കൽ, മുൻവിധി എന്നിങ്ങനെയുള്ള സ്വഭാവങ്ങളാണ് ഈ സംഭവങ്ങൾക്കുള്ളത്.
കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നടക്കുന്ന തുടർച്ചയായ ഇസ്ലാമോഫോബിക് പ്രസ്താവനകളെയും പരാമർശങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് നടത്തിയ ഒരു വർഷത്തെ ഡോക്യുമെന്റേഷൻ.


ഓരോ മാസവും കേരളത്തിൽ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളെ രേഖപ്പെടുത്തിക്കൊണ്ട് ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് നടത്തിയ പഠനം മുതിർന്ന മാധ്യമപ്രവർത്തകൻ ബാബുരാജ് ഭഗവതി, ഗവേഷകനും അധ്യാപകനുമായ ഡോ. കെ അഷ്‌റഫ് എന്നിവർ ചേർന്ന് ‘ഇസ്ലാമോഫോബിയ ഡോക്യുമെന്റേഷൻ ഡയറി’ എന്ന പരമ്പരയായി മീഡിയ വൺ ഷെൽഫ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. സംഭവങ്ങളെക്കുറിച്ചുള്ള ‘കീവേഡ്‌സ്’ തലക്കെട്ടിൽത്തന്നെ നൽകിക്കൊണ്ട് ഓരോ സംഭവങ്ങളുടെയും പിന്നിലുള്ള രാഷ്ട്രീയ സാഹചര്യത്തെയും കാരണങ്ങളെയും സാമൂഹ്യമായി അന്വേഷിക്കുന്നതാണ് 63 ഭാഗങ്ങളുള്ള ഈ ലേഖന പരമ്പര. കെ.കെ നൗഫൽ, മൃദുല ഭവാനി, റെൻസൻ വി.എം, ആതിഖ് ഹനീഫ്, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് മുസ്തഫ കെ.പി, നിഹാൽ എ, റിദ ഫാത്തിമ, അസീം ഷാൻ, സഈദ് റഹ്‌മാൻ, ബാസിൽ ഇസ്ലാം, കമാൽ വേങ്ങര, അബ്ദുൽ ബാസിത്, മുഹമ്മദ് നിയാസ്, മുഹമ്മദ് അൻഷദ് വി.പി, നൂർ സബാഹ്, എ.എസ് അജിത് കുമാർ, ജിഷ എം, ആതിഫ് ഹനീഫ്, ദർവീഷ് നൂരി, റാമിസ് സലാം, അസ്ഹർ ഹാറൂൺ തുടങ്ങിയവർ റിസർച്ച് കലക്റ്റീവിന്റെ ഭാഗമായിരുന്നു.
സമകാലിക സംഭവങ്ങൾ രേഖപ്പെടുത്തലിലൂടെയും ഇസ്ലാമോഫോബിയയുടെ പുതിയ രൂപങ്ങൾ അടയാളപ്പെടുത്തുന്നതിലൂടെയും, സമൂഹമെന്ന നിലയിൽ നമ്മുടെ കാഴ്ചയിൽ പെടേണ്ടുന്ന ഒരു വംശീയ ഘടനയെ തുറന്നുകാണിക്കുകയാണ് ഈ ഡോക്യുമെന്റേഷൻ ചെയ്യുന്നത്. ഹിന്ദുത്വ വലതുപക്ഷത്തിന് മാത്രമല്ല, പുരോഗമന ഇടതുപക്ഷത്തിനും ഇസ്ലാമോഫോബിയയെ വ്യാപിപ്പിക്കുന്നതിൽ വലിയ പങ്കുണ്ട് എന്ന് കാണാം.


സോഴ്‌സുകൾ
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമ ചാനലുകൾ, അച്ചടിമാധ്യമങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവയാണ് പ്രാഥമിക സോഴ്സായി ഉപയോഗപ്പെടുത്തിയത്. ഇസ്ലാമോഫോബിക് ഉള്ളടക്കങ്ങൾ കൂടുതൽ ഉദ്പാദിപ്പിക്കുന്ന എബിസി മലയാളം, മറുനാടൻ മലയാളി, കർമന്യൂസ്, ന്യൂസ് കഫെ ലൈവ്, ഷെക്കീന ടിവി, ഗുഡ് ന്യൂസ്, തത്വമയി തുടങ്ങിയ നിരവധി യുട്യൂബ് ചനലുകൾ ഈ അന്വേഷണത്തിൻ്റെ പരിധിയിൽ വരുന്നു. വ്യക്തികൾ നടത്തുന്ന യുട്യൂബ് ചാനലുകളും ഇതിന്റെ ഭാഗമായി പരിശോധിച്ചിട്ടുണ്ട്
മാധ്യമങ്ങൾ മൊത്തത്തിൽ പരിശോധിച്ചാൽ ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് കൂടുതൽ പ്രചാരണം നടന്നത്. കഴിഞ്ഞ വർഷം ധാരാളം വ്യാജവാർത്തകളും പുറത്തുവരികയുണ്ടായി. സാമൂഹിക മാധ്യമങ്ങളും ഏതാനും ഓൺലൈൻ യുട്യൂബ് ചാനലുകളുമാണ് ഇതിൽ കൂടുതലും പുറത്തുവിട്ടിട്ടുള്ളത്. അതേസമയം യഥാർത്ഥ സംഭവങ്ങളെ വ്യാഖ്യാനിച്ചും വളച്ചൊടിച്ചുകൊണ്ടുമുള്ള ഇസ്ലാമോഫോബിക് പ്രചാരണങ്ങളും നടന്നു. മാധ്യമസ്ഥാപനമെന്ന നിലയിൽ എബിസി മലയാളമായിരുന്നു ഇസ്ലാമോഫോബിക് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. മറുനാടൻ മലയാളി, കർമാന്യൂസ് പോലുള്ളവർ ഇക്കാര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. മുഖ്യധാരാ മാധ്യമങ്ങൾ സാമൂഹ്യമാധ്യമങ്ങളെ പോലെയല്ലെങ്കിലും വിദ്വേഷപ്രചാരണരംഗത്ത് സജീവമായിരുന്നു. എന്നാൽ മുഖ്യധാര മാധ്യമങ്ങൾ തന്നെ പലപ്പോഴും ഇസ്ലാമോഫോബിക് പ്രചാരണത്തെ എതിർത്തിട്ടുള്ളതായും കാണാം.
ഈ പഠനം അടയാളപ്പെടുത്തുന്നത് ഇസ്ലാമോഫോബിയയുടെ വ്യാപനത്തെയാണ്. വ്യത്യസ്ത സാമൂഹ്യ സാഹചര്യങ്ങളിൽ, മുസ്ലീം മതവിഭാഗത്തിലുള്ള വ്യക്തികളുമായി ഒട്ടും ബന്ധമില്ലാത്ത സാഹചര്യങ്ങളിൽ പോലും ഇസ്ലാമോഫോബിയ ആരോപിക്കപ്പെടാം. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ അതേക്കുറിച്ച് സംസാരിക്കുന്നത് പോലും കേരളത്തിൽ മുസ്ലീം വിരുദ്ധമായ രാഷ്ട്രീയ ആക്രമണങ്ങൾ നേരിടാനുള്ള കാരണങ്ങളാകുന്നു. ആ നിലയിലുള്ള വിദ്വേഷ പ്രചാരണത്തിന്റെ വഴികൾ എങ്ങനെയാണ് കഴിഞ്ഞ വർഷം പ്രവർത്തിച്ചതെന്ന് പരിശോധിക്കുകയാണ് ഈ റിപ്പോർട്ടിൽ.
കേരളത്തിൽ ഏറ്റവും കൂടുതൽ ഇസ്ലാമോഫോബിക് സംഭവങ്ങൾ രേഖപ്പെടുത്തിയത് ഏപ്രിൽ, ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ്. കൂടുതൽ വിദ്വേഷ സംഭവങ്ങളും ഉണ്ടായിട്ടുള്ളത് രാഷ്ട്രീയ പാർട്ടികളിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമാണ്. തെരഞ്ഞെടുപ്പ് കാലത്തുള്ള രാഷ്ട്രീയ ചർച്ചകളും വിവാദങ്ങളുമെല്ലാം ‘മുസ്ലീം പ്രീണനം’ എന്ന ആരോപണമുന്നയിക്കുന്നതാണ്. ബിജെപി, സിപിഐഎം എന്നീ രാഷ്ട്രീയ പാർട്ടികൾ, മുസ്ലീം സംഘടനകളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിൽ ഉൾപ്പെട്ട കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്കെതിരെ അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതായി കാണാം.
എല്ലാ സമയത്തും ഇസ്ലാമോഫോബിയയുടെ തോത് ഒരുപോലെയല്ലെന്നും, ഇസ്ലാമോഫോബിയയുടെ ഒരു കൂടിയ സമയം ഉണ്ടാകുന്നുണ്ട് എന്നുമാണ് പഠനത്തിൽ നിന്നും വ്യക്തമാകുന്നത്. ഏറ്റവും കൂടുതലാളുകൾ ഒരു വിഷയത്തെപ്പറ്റി സംസാരിക്കുമ്പോഴോ എന്തെങ്കിലും ഇടപെടൽ നടത്തുമ്പോഴോ ആണ് അത് ശക്തമാകുന്നത്. അതുവരെ താഴ്ന്ന നിലയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ മുസ്ലീങ്ങൾ ഒന്നിച്ച് ഒരു പോയിന്റിലേക്ക് വരേണ്ട സന്ദർഭമുണ്ടാകുമ്പോൾ ശക്തമാകുന്നതായി കാണാം. തെരഞ്ഞെടുപ്പ് വന്നപ്പോൾ, ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ, ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ, വയനാട് ഉരുൾപൊട്ടലിന്റെ സമയത്ത് എല്ലാം അത് കണ്ടു. സാധാരണ ഇസ്ലാമോഫോബിയയുടെ പ്രവർത്തനമല്ല അവിടെ നടക്കുന്നത്. മുസ്ലീങ്ങൾ ശക്തമായി പ്രതികരിക്കുകയോ ഇടപെടുകയോ ചെയ്യേണ്ട ആവശ്യം വരുമ്പോഴാണ് ഇസ്ലാമോഫോബിയ അതിശക്തമായി ആക്രമിക്കുക. മുസ്ലീങ്ങളുടെ കൂട്ടമായുള്ള രാഷ്ട്രീയ, സാമൂഹ്യ കർതൃത്വത്തിന്റെ ആവിഷ്‌കാരത്തിന് എതിരെയുള്ള പ്രതികരണം കൂടിയാണ് ഇസ്ലാമോഫോബിയ. ഇസ്ലാമോഫോബിയയുടെ ഒരു അർത്ഥം മുസ്ലീങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തിന്‌റെ നിഷേധം എന്നതാണ്.
മുസ്ലിംങ്ങൾക്കെതിരെ നടക്കുന്ന വിവേചനത്തെയും ബഹിഷ്കരണത്തെയും മുൻവിധികളെയും വിദ്വേഷ ആക്രമണങ്ങളെയും മുസ്ലിംങ്ങളുടെ സ്വയം സംഘാടന നിഷേധത്തിന്റെ പ്രശ്നമായികൂടി കാണുമ്പോൾ മാത്രമാണ് ഇന്ത്യൻ ദേശീയതയുടെ സാഹചര്യത്തിൽ ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള വിശകലനങ്ങൾ പൂർത്തിയാകുകയുള്ളൂ. കേരളത്തിലെ മുസ്ലീങ്ങളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ മുസ്ലീങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അവരുടെ സംഘടനാ ശേഷിയാണ്. അതുകൊണ്ട്, മുസ്ലീം സംഘടനകളെ ലക്ഷ്യമിട്ടുള്ള ഇസ്ലാമോഫോബിയ പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു. അവ തമ്മിലുള്ള വ്യത്യാസം പകുതിക്ക് തൊട്ടുതാഴെയാണ്. അതിൽതന്നെ സമുദായമാണ് ആക്രമണത്തിന് കൂടുതൽ വിധേയമായത്. ആക്രമണം നേരിട്ട വ്യക്തികൾ തൊട്ടുതാഴെയുണ്ട്. സംഘടനയെന്ന നിലയിൽ ഇസ്ലാമോഫോബിക് പ്രചാരണത്തിന് ഏറ്റവും കൂടുതൽ ഇരയാക്കപ്പെട്ടത് ജമാഅത്തെ ഇസ്ലാമിയാണ്. തൊട്ടുപിന്നിൽ എസ്ഡിപിഐയും മുജാഹിദ് സംഘടനകളും സുന്നി സംഘടനകളും മുസ്ലിം ലീഗുമുണ്ട്. നിരോധനം നേരിടുന്നതുകൊണ്ടാവാം പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള പരാമർശം കുറവായിരുന്നു
ദേശീയ – അന്തർദേശീയ പ്രശ്നങ്ങൾ
ദേശീയവും അന്തർദേശീയവുമായ രാഷ്ട്രീയ പ്രശ്‌നങ്ങളിൽ അഭിപ്രായം പറയുന്ന സമയങ്ങളിലും മുസ്ലീം സമുദായത്തിനെതിരായ പ്രതികരണങ്ങൾ ഉണ്ടാകാറുണ്ട്. രാം മന്ദിർ പ്രാണപ്രതിഷ്ഠ, പലസ്തീന് നേരെയുള്ള ഇസ്രയേൽ ആക്രമണത്തിനെതിരായ പ്രതിഷേധ പ്രകടനങ്ങൾ എന്നിവ അതിൽ ചിലതാണ്. കേരള സർവ്വകലാശാല യുവജനോത്സവത്തിന്റെ ‘ഇൻതിഫാദ’ (Arabic word for uprising) എന്ന പേര് മാറ്റണം, പോസ്റ്റർ, സോഷ്യൽ മീഡിയ, നോട്ടീസ് എന്നിവയിലൊന്നും അതുപയോഗിക്കരുത് എന്ന കേരള സർവ്വകലാശാല വിസിയുടെ നിർദ്ദേശവും, കേരളത്തിൽ നടന്ന അനേകം പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾക്കെതിരെ കേസെടുത്ത സംഭവങ്ങളും അത്തരത്തിലുള്ളതാണ്. രാം മന്ദിർ പ്രാണപ്രതിഷ്ഠാ ദിവസത്തിൽ എല്ലാവരും വീടുകളിൽ ദീപം തെളിയിക്കണമെന്ന ഗായിക കെ.എസ് ചിത്രയുടെ പ്രസ്താവനയോട് പ്രതികരിച്ച ഗായകൻ സൂരജ് സന്തോഷിനെ ‘പോപ്പുലർ ഫ്രണ്ട് ചാരൻ’ എന്ന ആരോപണമുന്നയിച്ച് നടത്തിയ സെെബർ ആക്രമണവും കേരളത്തിൽ ഹിന്ദുത്വത്തെ പ്രതിരോധിക്കുന്ന വിമത ശബ്ദങ്ങളെ ഇസ്ലാമിക പിന്തുണയോടുകൂടി നടക്കുന്നതായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതെങ്ങനെയെന്ന് കാണിക്കുന്നു.
കേരളത്തിലെ വിവിധ ജില്ലകൾ ഇസ്ലാമോഫോബിക് പ്രസ്താവനകളിൽ എങ്ങനെ ടാർഗറ്റ് ചെയ്യപ്പെട്ടു എന്ന് നോക്കാം.


മുസ്ലീം രാഷ്ട്രീയം നേരിടുന്ന ഇസ്ലാമോഫോബിയ
ഇസ്ലാമോഫോബിയ മുസ്ലീം വ്യക്തികളെയും സമുദായത്തെയും മാത്രമല്ല മുസ്ലിം സംഘടനകളെയും ലക്ഷ്യം വെക്കുന്നു. മുസ്ലീം വ്യക്തികൾക്കെതിരെ നടക്കുന്ന ഇസ്‌ലാമോഫോബിയ റിപ്പോർട്ട് ചെയ്താൽ വലിയ പ്രതികരണങ്ങൾ ഉണ്ടാകാറുണ്ട്. മുസ്ലീം സമുദായത്തെ മൊത്തത്തിൽ അധിക്ഷേപിച്ചാലും പ്രതികരണങ്ങൾ രൂപപ്പെടുന്നു. മതേതരത്വത്തിനെതിരാണ് എന്ന രീതിയിലാണ് പ്രതികരണങ്ങൾ രൂപപ്പെടുന്നത്. എന്നാൽ മുസ്ലീങ്ങൾ വിവിധ സാമൂഹിക-രാഷ്ട്രീയ-പ്രാദേശിക സംഘാടനങ്ങൾ നടത്തുന്നു. ഇത്തരത്തിലുള്ള മുസ്ലീം ആവിഷ്കാരങ്ങൾ മതേതരമല്ല എന്ന രീതിയിൽ ദീർഘകാലമായി മനസ്സിലാക്കപ്പെട്ടതിനാൽ ഈ മേഖലയിലെ ഇസ്ലാമോഫോബിയ തിരിച്ചറിയാൻ വളരെ പ്രയാസമാണ്. അഥവാ തിരിച്ചറിഞ്ഞാൽ തന്നെ രാഷ്ട്രീയ വിമർശനം എന്ന പൊതുമാതൃകയിലേക്ക് പ്രതിഷ്ഠിച്ച് ലഘൂകരിക്കുന്നു.
പൊതുതെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനം എന്നത് ദേശീയ രാഷ്ട്രീയത്തിൽ തന്നെ ബിജെപി നേതാക്കളും വലതുപക്ഷ രാഷ്ട്രീയത്തിന്റെ മറ്റു വക്താക്കളും വ്യാപകമായി ഉപയോഗിച്ച ഒരു ടൂൾ ആയിരുന്നു. കേരളത്തിലും സമാന പ്രചാരണങ്ങൾ ഉണ്ടായി. ബിജെപിയുടെ കേന്ദ്ര നേതൃത്വം കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തിയ പ്രസംഗങ്ങളിൽ മത സ്വത്വം, സംവരണം, ലൗ ജിഹാദ്, ദ കേരള സ്റ്റോറി, തൃശൂർ പൂരം, ശ്രീരാമൻ, മതപ്രീണനം എന്നീ വിഷയങ്ങളായിരുന്നു മുന്നിട്ടുനിന്നത്. ദേശീയ തലത്തിൽ, മത സ്വത്വം, സംവരണം, ലൗ ജിഹാദ്, ആർട്ടിക്കിൾ 370, മതപ്രീണനം, വോട്ട് ബാങ്ക്, പോപ്പുലേഷൻ ജിഹാദ്, വോട്ട് ജിഹാദ് എന്നിവയായിരുന്നു പ്രചാരണത്തിൽ ഉപയോഗിച്ച വിഷയങ്ങൾ.
ദ കേരള സ്‌റ്റോറി, ആർട്ടിക്കിൾ 370, മത പ്രീണനം, വോട്ട് ബാങ്ക്, പോപ്പുലേഷൻ ജിഹാദ്, വോട്ട് ജിഹാദ് എന്നീ പ്രചാരണങ്ങൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും ഹിന്ദുത്വർ ഉപയോഗിച്ചതായി കാണാം. ദേശീയമായി നിലനിൽക്കുന്ന, ദേശീയതയുമായി ബന്ധപ്പെട്ടുനിൽക്കുന്ന സംഭവങ്ങളിൽ പ്രാദേശിക പ്രതികരണങ്ങളും കേരളത്തിൽ ഇസ്ലാമോഫോബിയ വ്യാപിപ്പിക്കുന്നതിനുളള അവസരമായി ഉപയോഗപ്പെടുത്താറുണ്ട്. ഹിന്ദുത്വവാദികളുടെ വാദങ്ങൾ പരിശോധിച്ചാൽ, മുസ്ലീം ജനത ഭൂരിപക്ഷമായ രാജ്യങ്ങളിൽ അസ്ഥിരതയുണ്ടായാൽ (ബംഗ്ലാദേശ് ഉദാഹരണം) ഇതര രാജ്യങ്ങളിലെ മുസ്ലീം ജനതയ്ക്ക് നേരെയും സമാന സ്വഭാവത്തിലുള്ള വിദ്വേഷ ആക്രമണങ്ങൾ ഉണ്ടാകുന്നതായി കാണാം. പ്രാദേശിക രാഷ്ട്രീയ വിരോധം തീർക്കാൻ ഇടതുപക്ഷ കക്ഷികൾ വിശിഷ്യാ സിപിഎം ഇത്തരം വിഷയങ്ങളിലൂടെ ശ്രമിക്കുന്നതായി കാണാം.
മുസ്ലീം സത്രീകൾ നേരിട്ട വംശീയത
2024 ഫെബ്രുവരി 8ന് ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി ഖത്തറില്‍ ഒരു വനിതാസമ്മേളനം സംഘടിപ്പിച്ചിരുന്നു. ‘എംബ്രയിസ് 2024’ എന്ന ഈ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത് മുസ്ലിംലീഗ് നേതാവ് അഡ്വ. ഫാത്തിമ തെഹലിയയാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ പറഞ്ഞത് പ്രകാരം അവര്‍ ഖത്തറിലെത്തി. ആറ് മണിക്കാണ് പരിപാടി. അഞ്ച് മണിയായതോടെ അവരെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയതായി സംഘാടകര്‍ അറിയിച്ചു. ഇന്ത്യൻ എംബസിയില്‍നിന്ന് ലഭിച്ച നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നുവത്രെ അത്. പരിപാടിയുടെ ഭാഗമായി നിർമ്മിച്ച ഒരു പ്രചാരണ വീഡിയോയില്‍ അവര്‍ ഏകീകൃത വ്യക്തിനിയമത്തിനെതിരേ സംസാരിച്ചതായിരുന്നു എംബസിയെ പ്രകോപിപ്പിച്ചത്. എംബസിയുടെ നിർദ്ദേശം അവഗണിച്ചാല്‍ കെഎംസിസിയുടെ അഫിലിയേഷന്‍ റദ്ദാക്കുമെന്നും ഭീഷണിയുയർത്തി. തുടര്‍ന്നാണ് തെഹലിയയെ മാറ്റിനിര്‍ത്താന്‍ സംഘടന നിര്‍ബന്ധിതരായത് (15, 18 ഫെബ്രുവരി, ഫാത്തിമ തെഹലിയയുടെ പ്രസംഗം മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച വിദ്യാര്‍ത്ഥി സെമിനാര്‍, കരിപ്പൂര്‍). തെഹലിയക്കെതിരേ നടന്ന കേന്ദ്ര ഇടപെടലും അവകാശലംഘനവും മുഖ്യധാരാമാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ല. ന്യൂസ് ടാഗ് ലൈവ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് വാര്‍ത്ത പുറത്തെത്തിച്ചത്. (10 ഫെബ്രുവരി).
തെഹ്ലിയക്കുണ്ടായ ഈ വിലക്ക് ഒരു ആവിഷ്‌കാര സ്വാതന്ത്ര്യ പ്രശ്നമായി ഉയര്‍ന്നില്ല. വ്യക്തിയെന്ന നിലയില്‍ ഒരു മുസ്ലിം സ്ത്രീയെ വിലക്കാന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിക്കു അധികാരമുണ്ടോ എന്ന പ്രശ്നവും ഉന്നയിക്കപ്പെട്ടില്ല.
മുസ്ലിം വ്യക്തികള്‍ക്ക് രാഷ്ട്രീയ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അത് ഒരു രാഷ്ട്രീയ അവകാശ നിഷേധമായി ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്നുവെന്നതു ഇസ്ലാമോഫോബിയയുടെ പ്രധാനപ്പെട്ട ഒരു മാതൃകയാണ്. മറ്റൊന്ന്, ഇസ്ലാമോഫോബിയയുടെ സാര്‍വദേശീയ അനുഭവമാണ്. ഒരു രാജ്യത്തെ ഇസ്ലാമോഫോബിയ അനുഭവങ്ങള്‍ അവിടെ മാത്രം തങ്ങിനില്‍ക്കില്ലെന്നും ദേശീയതകളെപ്പോലും മുറിച്ചുകടക്കുമെന്നുമാണ് അഡ്വ. ഫാത്തിമ തഹലിയയുടെ അനുഭവം തെളിയിക്കുന്നത്.
ശ്രീനാരായണ മാനവധര്‍മ്മം ട്രസ്റ്റ് ആലുവ സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് 2024 മാര്‍ച്ച് 4ന് തിരുവനന്തപുരത്ത് ഒരു സമ്മേളനം ചേര്‍ന്നിരുന്നു. സമ്മേളനത്തില്‍ മതമൈത്രിയെ സംബന്ധിച്ച ഇസ്ലാമിക വീക്ഷണത്തെ കുറിച്ച് സംസാരിച്ചവരിലൊരാള്‍ മുസ്ലീം സ്ത്രീ ഗവേഷകയും ആക്റ്റിവിസ്റ്റുമായ ഡോ. വര്‍ഷ ബഷീറാണ്. പരിപാടിക്കിടയില്‍ സദസ്സിൽ നിന്ന് മതമൗലികവാദത്തെക്കുറിച്ച് ചില ചോദ്യങ്ങളുയര്‍ന്നു. ഒരു മുസ്ലീമിന് താന്‍ ഒരു മതമൗലികവാദിയല്ലെന്ന് നിരന്തരം പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തേണ്ടിവരുന്നതിനെക്കുറിച്ച് സ്വന്തം അനുഭവത്തിവന്റെ വെളിച്ചത്തിലാണ് അവര്‍ സംസാരിച്ചത്. ഇസ്ലാമോഫോബിയയെക്കുറിച്ച് അവര്‍ നടത്തിയ മറുപടി പ്രസംഗം വ്യാപകമായി പ്രചരിക്കപ്പെട്ടു. ഈ സാഹചര്യത്തിലായിരിക്കണം എക്‌സ് മുസ്ലിമായ ആരിഫ് ഹുസൈന്‍ തെരുവത്ത് എന്ന യൂറ്റ്യൂബർ വര്‍ഷാ ബഷീറിനെ ജിഹാദി എന്നാക്ഷേപിച്ച് ഒരു വീഡിയോ ചെയ്തത്. (ജിഹാദികള്‍ സാംസ്‌കാരിക കേരളത്തെയും റാഞ്ചികഴിഞ്ഞു…, ആരിഫ് ഹുസൈന്‍ തെരുവത്ത്, മാര്‍ച്ച് 11, 2024). എന്നാൽ ഇത്തരമൊരു വംശീയ ആക്രമണം ഒരു ലിംഗപരമായ ഇസ്ലാമോഫോബിയയായി വലിയ ചർച്ചയായില്ല.
ഗവേഷകയും (യൂനിവേഴ്സിറ്റി ഓഫ് വാർവിക്, ഇംഗ്ലണ്ട്) എഴുത്തുകാരിയുമായ ഉമ്മുൽ ഫായിസയുടെ ‘ഇസ്‌ലാമിക ഫെമിനിസം വൈവിധ്യം, സങ്കീര്‍ണത, ഭാവി’ എന്ന പുസ്തകത്തിനാണ് 2024 വർഷത്തെ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എൻ പിള്ള എൻഡോവ്മെൻ്റ് അവാർഡ് ലഭിച്ചത്. പുസ്തകത്തെക്കുറിച്ചും അവാർഡിനെക്കുറിച്ചും രചയിതാവിനെക്കുറിച്ചും സംഘപരിവാരവും ചില സെക്കുലർ ലിബറൽ വിഭാഗങ്ങളും കനത്ത ആക്രമമാണ് അഴിച്ചുവിട്ടത്.
ഇത് “ഖേരളം“ ആണ്, ഇവിടെ വിജ്ഞാനം ഇതാണ് എന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല പ്രതികരിച്ചത്. ഖേരളം എന്നത് കേരളത്തിൻ്റെ അറബി ഉച്ചാരണമാണ് എന്നു സൂചിപ്പിക്കുന്ന വംശീയമായ കോഡാണ്. ശശികലയുടെ പോസ്റ്റ് നൂറു കണക്കിന് ഹിന്ദുത്വ സൈബർ ഗ്രൂപ്പുകൾ പ്രചരിപ്പിച്ചു. നിരവധി ട്രോളുകളും പുറത്തിറക്കി. ‘ചാക്കിൽ കയറിയ ഫെമിനിസം’,’ കേരള സാഹിത്യ അക്കാദമിയുടെ ജോക്കുകൾ’, ‘പാണക്കാട്ട് എത്ര ഫെമിനിസ്റ്റുകൾ’ തുടങ്ങി നിരവധി ആക്ഷേപങ്ങൾ അഴിച്ചുവിട്ടു. പർദ്ദയിടുന്ന സ്ത്രീക്ക് അവാർഡ് കൊടുത്തതിൽ അസ്വസ്ഥപ്പെട്ടാണ് പി.ടി മുഹമ്മദ് സാദിഖ് എന്ന എഴുത്തുകാരൻ പ്രതികരിച്ചത്. കുറച്ച് കഴിഞ്ഞപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
പ്രദേശങ്ങളും ഇസ്ലാമോഫോബിയയും
കേരളത്തിലെ എല്ലാ പ്രദേശങ്ങളും ഇസ്ലാമോഫോബിക് പ്രചാരണത്തിന് ഇരയാക്കപ്പെടാറുണ്ടെങ്കിലും ചില പ്രദേശങ്ങൾ പല കാരണങ്ങളാലും അത്തരം ആക്രമണങ്ങൾക്ക് കൂടുതൽ വിധേയരാവുന്നു. അവയിൽ പലതും പൊതുവെ മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളാണ്. ആക്രമണം നേരിടുന്ന പ്രദേശങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായതായി കണക്കുകൾ പറയുന്നു.
പ്രദേശമെന്ന നിലയിൽ മലപ്പുറത്തിനെതിരേയാണ് കൂടുതൽ വിദ്വേഷപ്രചാരണം നടന്നത്. മലപ്പുറത്തുതന്നെ കരിപ്പൂർ എയർപോർട്ടിനെയും വിദ്വേഷപ്രചാരകർ ലക്ഷ്യമിട്ടു. വർഷങ്ങളായി ഇസ്ലാമോഫോബിക് വിവേചനം നേരിടുന്ന ഈരാറ്റുപേട്ട (കോട്ടയം), പാനായിക്കുളം (എറണാകുളം) തുടങ്ങിയവയുടെ പട്ടികയിലേക്ക് പുതിയ പ്രദേശങ്ങളും കടന്നു വരുന്നുണ്ട്. ആലപ്പുഴ ടൗൺ (ആലപ്പുഴ), മുനമ്പം (എറണാകളും), മട്ടാഞ്ചേരി (എറണാകുളം), അരീക്കോട് (മലപ്പുറം), പൂവച്ചൽ (തിരുവനന്തപുരം), തളങ്കര (കാസർകോഡ്) തുടങ്ങിയവയാണ് പുതിയ പട്ടികയിലുള്ളത്. വയനാട് ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലായിരിക്കണം 2024-ൽ മലപ്പുറത്തിന് തൊട്ടുതാഴെ വിദ്വേഷ ആക്രമണത്തിന് ഇരയായത് വയനാട് ആണ്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും തെരഞ്ഞെടുപ്പും വയനാടിനെതിരേ ദേശീയതലത്തിലുള്ള വിദ്വേഷ പ്രചാരണത്തിന് കാരണമായി.


ഭരണകൂട ഏജൻസികൾ
ഭരണകൂട ഏജൻസിയെന്ന നിലയിൽ പൊലീസാണ് വിദ്വേഷപ്രചാരണത്തിലും ഇസ്ലാമോഫോബിക് സംഭവങ്ങളിലും മുന്നി ൽനിൽക്കുന്നത്. ഇതര ഏജൻസികളും തൊട്ടടുത്തുണ്ട്. കേരള പി.എസ്.സി, ദോഹയിലെ ഇന്ത്യൻ എംബസി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇസ്ലാമോഫോബിക് പ്രചാരണങ്ങളും കഴിഞ്ഞ വർഷം കേരളത്തിൽ അരങ്ങേറി. ഇസ്ലാമോഫോബിയയുടെ പ്രധാന ഉറവിടങ്ങളിലൊന്ന് ഭരണകൂടം തന്നെയാണ്. കേരളത്തിൽ ഭരണകൂട ഇസ്ലാമോഫോബിയയുടെ പ്രശ്‌നങ്ങൾ ഏറ്റവും കൂടുതൽ പുറത്തുവന്നിരുന്ന വർഷമായിരുന്നു കഴിഞ്ഞുപോയത്. പൊലീസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.വി അൻവർ നടത്തിയ വെളിപ്പെടുത്തലുകൾ ഭരണകൂട ഇസ്ലാമോഫോബിയയുടെ നിരവധി ഘടകങ്ങളെ പുറത്തുകൊണ്ടുവന്നു. മുൻ കേരള ഡിജിപി എൻ.സി അസ്താന, വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണൻ ഐ.എ.എഎസ്, പത്തനംതിട്ട എസ്.പി സുജിത്ദാസ്, എ.ഡി.ജി.പി. എം.ആർ അജിത് കുമാർ, മലപ്പുറം എസ്പി എസ് ശശിധരൻ ഒക്കെ ഉൾപ്പെട്ട നിരവധി സംഭവങ്ങൾ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിങിൽ കാണാം. അൻവർ ആരോപണമുന്നയിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പിന്നീട് നടപടികൾ ഒന്നും ഉണ്ടാകാതിരുന്നതും ഭരണകൂട ഇസ്ലാമോഫോബിയയുടെ ഫലം തന്നെയാണ്. ഭരണകൂട ഏജൻസികളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഒരു മുൻ പ്രോസിക്യൂട്ടർ അഡ്വ. അബ്ദുൽ ഖാദറിന്റേയും മുൻ മജിസ്ട്രേറ്റ് എം. താഹയുടെയും വെളിപ്പെടുത്തലുകളും കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. മലപ്പുറം എസ്.പി എസ് ശശിധരൻ ഡിവൈഎസ്പി ആയിരിക്കേ സിമി ബന്ധം ആരോപിച്ച് തന്നെ പുറത്താക്കാൻ ശ്രമിച്ചതായാണ് മുൻ മജിസ്ട്രേറ്റ് എം താഹ മാധ്യമങ്ങളോട് വെളിപ്പെടുത്തിത്. പാനായിക്കുളം കേസിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം നൽകിയതിന്റെ പകവീട്ടലാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമോഫോബിയയുടെ വിവിധ രൂപങ്ങൾ
ഏത് സംഭവത്തിലും, ഏത് ദുരന്തത്തിലും, ഏത് അപകടത്തിലും ഇസ്ലാമോഫോബിക് ആയ ചിന്തയുടെ സാധ്യതകൾ തിരയുന്ന രീതിയിലാണ് ഇസ്ലാമോഫോബുകളുടെ മനഃശാസ്ത്രം പ്രവർത്തിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുസ്ലീം ചാരിറ്റബിൾ സംഘടനകളുടെ പ്രവർത്തനത്തെ കുറ്റവൽക്കരിക്കുന്ന പ്രചാരണങ്ങൾ ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് കേരളത്തിലുണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളുടെ ഭക്ഷണശാലകൾ പോലും സർക്കാർ ഇടപെടലിലൂടെ അടച്ചുപൂട്ടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി.
2018ലെ പ്രളയകാലത്ത് കേരളം ഹിന്ദുത്വവാദികളിൽ നിന്നും നേരിട്ട സൈബർ ആക്രമണം ‘പശുക്കശാപ്പ് ചെയ്യുന്നതിന്റെ ശാപമാണ് കേരളീയർ അനുഭവിക്കുന്നത്’ എന്നാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ യാഥാർത്ഥ്യങ്ങളെയും പ്രളയത്തിന് ശേഷം സംസ്ഥാനത്തെ ജനങ്ങൾ അനുഭവിച്ച പ്രശ്‌നങ്ങളെയും കേന്ദ്ര സർക്കാരിൽനിന്നും ദുരിതാശ്വാസ സഹായം വെട്ടിക്കുറച്ചതിലെ രാഷ്ട്രീയ പ്രശ്‌നങ്ങളെയും അദൃശ്യവൽക്കരിക്കുന്ന പ്രചാരണമായിരുന്നു ഇത്. 2024ൽ വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് രാജസ്ഥാനിലെ ബിജെപി നേതാവും മുൻ എംഎൽഎയുമായ ഗ്യാൻദേവ് അഹുജ സമാനമായ പ്രസ്താവന ആവർത്തിച്ചു, വയനാട് ദുരന്തത്തിന് കാരണം പശുക്കശാപ്പ് ആണെന്നാണ് ഗ്യാൻദേവ് അഹുജ പറഞ്ഞത്.
പൂക്കോട് വെറ്ററിനറി കൊളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ റാഗിങ്ങിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തിലും കുറ്റാരോപിതരായ വിദ്യാർത്ഥികളെച്ചൊല്ലി ഇസ്ലാമോഫോബിക് പ്രചാരണങ്ങളുണ്ടായി. യുക്തിവാദി നേതാവ് ജാമിതയ്‌ക്കെതിരെ അവരുടെ യുട്യൂബ് ചാനലിലൂടെ നടത്തിയ വിദ്വേഷ ഉള്ളടക്കത്തിനെതിരെ വൈത്തിരി എസ്.ഐ പ്രശോഭ് പിവി കേസെടുത്തിരുന്നു. വിദ്വേഷ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ കേരളത്തിൽ നിരവധി പരാതികൾ സ്വീകരിക്കുകയും സ്വമേധയാ കേസെടുക്കുകയും ചെയ്ത വർഷമാണ് 2024. കളമശ്ശേരിയിൽ 2023 ഒക്ടോബറിൽ നടന്ന ബോംബ് സ്‌ഫോടനത്തെ തുടർന്ന് മാധ്യമപ്രവർത്തകർക്കെതിരെ വിവിധ ജില്ലകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എറണാകുളം, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ ഈ കേസുകളുടെ സ്ഥിതിയെന്താണ് എന്ന് അന്വേഷിച്ചപ്പോൾ ഇവയിൽ നടപടികൾ ഉണ്ടായിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
അഭിഭാഷകനും രാഷ്ട്രീയ പ്രവർത്തകനുമായ അനൂപ് വി.ആർ ചില വിദ്വേഷ പ്രസ്താവനകൾക്കെതിരെ പരാതി നൽകിയിരുന്നു. “മലപ്പുറത്ത് സ്ത്രീകൾ പ്രസവിച്ചുകൂട്ടുകയാണ്” എന്ന അഡ്വ. കൃഷ്ണരാജിന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് അതിലൊന്ന്. കൃഷ്ണരാജിനെതിരെ കൊടുത്ത കേസിൽ അയാൾക്ക് ജാമ്യമെടുക്കേണ്ടിവന്നു. അതിൽ അവസാനം പൊലീസ് കേസെടുത്തു. ‘ദ കേരള സ്റ്റോറി’ എന്ന സിനിമ കേരളത്തിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അനൂപ് വി.ആർ ഹർജി നൽകി. സർക്കാർ അക്കാര്യത്തിൽ നടപടിയെടുത്തില്ല. സുരേഷ് ഗോപിയുടെയും അഡ്വ. ബി ഗോപാലകൃഷ്ണന്റെയും വിദ്വേഷ പരാമർശങ്ങളിലും സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. കോടതിയിൽ കേസുമായി മുന്നോട്ടുപോകുകയാണ് അഡ്വ അനൂപ് വി.ആർ. വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന നേതാവ് വിജി തമ്പി, “വാവര് നട വഖഫ് ഭൂമിയാകും അതുകൊണ്ട് അത് പൊളിച്ചുകളയണം” എന്ന് പറഞ്ഞതിനെതിരെയും അഡ്വ. അനൂപ് പരാതി നൽകിയിട്ടുണ്ട്.


പൊലീസ് റിപ്പോർട്ടുകളിലെ മുൻവിധികൾ
ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് 2022 ഡിസംബറിൽ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാന പ്രശ്‌നം എന്നിവ ഈരാറ്റുപേട്ട സ്റ്റേഷനിൽ കൂടുതലാണെന്ന് കാണിച്ച് കോട്ടയം ജില്ലാ പൊലീസ് നൽകിയ റിപ്പോർട്ട് പ്രാദേശികമായി നിലനിൽക്കുന്ന ഇസ്ലാമോഫോബിക് മുൻവിധിയുടെ ഉദാഹരണമാണ്. 2017 മുതൽ ഈരാറ്റുപേട്ട സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാനം എന്നീ കേസുകളുടെ എണ്ണവും കേസ് നമ്പറും തീയതിയും വിശദാംശങ്ങളും ആവശ്യപ്പെട്ട് ജനകീയ വികസന ഫോറം പ്രസിഡന്റ് പി.എ മുഹമ്മദ് ഷരീഫ് നൽകിയ വിവരാവകാശ അപേക്ഷയിൽ ലഭിച്ച വിവരങ്ങൾ ഇതിന് എതിരായിരുന്നു. മറുപടിയിൽ മതസ്പർധ, തീവ്രവാദ പ്രവർത്തനം എന്നീ കേസുകളിൽ 2017 മുതൽ 2023 ആഗസ്റ്റ് വരെ ഈരാറ്റുപേട്ട സ്റ്റേഷനിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നായിരുന്നു വിവരം.
നവമാധ്യമങ്ങളിലെ വിദ്വേഷ ചാനലുകൾ
യുട്യൂബിൽ പ്രവർത്തിക്കുന്ന പേഴ്‌സണൽ വ്ലോഗുകളും വാർത്താ ചാനലുകളും തീവ്രമായ ഇസ്ലാമോഫോബിക് പ്രചാരണങ്ങളുടെ വേദികളാകുകയാണ്. എക്‌സ് മുസ്‌ലീം, യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്ത്, മുൻ മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ, മറുനാടൻ മലയാളി സ്ഥാപകൻ ഷാജൻ സ്‌കറിയ, അഡ്വ. ജയശങ്കർ എന്നിവർ അത്തരം ചാനലുകൾക്ക് നേതൃത്വം നൽകുന്നുണ്ട്. ആരിഫ് ഹുസൈൻ തെരുവത്തിനെതിരെയും ഷാജൻ സ്‌കറിയയ്‌ക്കെതിരെയും വിദ്വേഷ പ്രസ്താവനകൾ നടത്തിയതിന് പരാതികളും കേസും നിലവിലുണ്ട്.
കഫ്ഫിയയും കേരള പൊലീസും
കേരള സർക്കാർ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കാളികളാകുകയും ഇസ്രായേൽ വിരുദ്ധ നിലപാടറിയിക്കുകയും ചെയ്തിരുന്നെങ്കിലും പലസ്തീൻ ഐക്യദാർഢ്യമായി കഫ്ഫിയ ധരിച്ച മുസ്ലീം യുവാക്കളെ കലൂർ സ്റ്റേഡിയത്തിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത സംഭവം സർക്കാരിന്റെ ആന്തരികമായ ഇസ്ലാമോഫോബിയയുടെ പ്രത്യക്ഷമായ പ്രതികരണമാണ്. പൊലീസ് ചോദ്യം ചെയ്യൽ മതവിശ്വാസത്തെക്കുറിച്ചും വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും ആയിരുന്നു. ഈ യുവാക്കളിൽ ഒരാളായ റിജാസ് എം സിദ്ദീഖിന്റെ വീട്ടിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പോയി രക്ഷിതാവിനെ ചോദ്യം ചെയ്തതും തുടർനടപടികളായിരുന്നു. ചില നിലപാട് പ്രഖ്യാപനങ്ങൾ ഇടതുപക്ഷ സർക്കാരിന് പുരോഗമന പ്രതിച്ഛായ കാണിക്കാനുള്ള ഉപകരണങ്ങൾ മാത്രമാണോ എന്ന ചോദ്യം ഇതോടൊപ്പം ഉയർന്നു.
പാർലമെന്റ് അംഗത്തിന്റെ ആവശ്യത്തിന്റെ ഇസ്ലാമോഫോബിക് വ്യാഖ്യാനം
രാജ്യസഭാംഗം അഡ്വക്കേറ്റ് ഹാരിസ് ബീരാൻ, ദീർഘകാലമായി ജയിലിൽ കഴിയുന്നവർക്ക് അവരുടെ ജീവിതപങ്കാളികളെ സന്ദർശിക്കുന്നതിനായി അവകാശം കൊടുക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിചാരണകാത്ത് കഴിയുന്നവരുൾപ്പെടെ 5,73,220 തടവുകാർ രാജ്യത്തുള്ള സാഹചര്യത്തിൽ, ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ പരിധിയിൽ, തടവുകാരുടെ ഇത്തരത്തിലുള്ള സന്ദർശനം വരുമോ എന്നാണ് പരിശോധിക്കേണ്ടത് എന്നായിരുന്നു ഹാരിസ് ബീരാൻ പറഞ്ഞത്. ഇതിനെ പ്രതികളുടെ ലൈംഗിക സംതൃപ്തിക്കുവേണ്ടിയുള്ള ആവശ്യമായാണ് സംഘപരിവാർ അനുകൂല മാധ്യമങ്ങൾ അവതരിപ്പിച്ചത്. സംഘടനയുടെ നിരോധനത്തിന് ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയരക്റ്ററേറ്റ് അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് വേണ്ടിയാണ് ഹാരിസ് ബീരാൻ ഈ ആവശ്യമുന്നയിച്ചത് എന്ന പ്രചാരണം ഒരു ജനപ്രതിനിധിയുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതും വംശീയവുമാണ്. വസ്തുതാവിരുദ്ധമായ പല കാര്യങ്ങളും ഈ വ്യാജ പ്രചാരണത്തിൽ വിദ്വേഷ പ്രചാരകർ ഉപയോഗിച്ചു. ഹാരിസ് ബീരാൻ ഹാജരായ കേസുകളെ വിവരിച്ച് അതെല്ലാം പോപ്പുലർ ഫ്രണ്ട് അനുകൂലികളുടെ കേസുകളായിരുന്നു എന്ന തെറ്റായ പ്രചാരണം അവർ നടത്തി.
‘രാമായണ സ്വരങ്ങളും’ മാധ്യമം പത്രത്തിനെതിരായ ഇസ്ലാമോഫോബിയയും
ബ്രാഹ്‌മണ്യ വിമർശനത്തോട് ലിബറൽ സമൂഹത്തിന്റെ സമീപനം തുറന്നുകാണിക്കുന്നതായിരുന്നു ദലിത് ബഹുജൻ ചിന്തകനും എഴുത്തുകാരനുമായ ഡോ. ടി.എസ് ശ്യാംകുമാറിന്റെ രാമായണ വിമർശനത്തിനെതിരെ ഉയർന്നുവന്ന വിമർശനങ്ങൾ. ‘രാമായണ സ്വരങ്ങൾ’ എന്ന ലേഖനം പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നത് മാധ്യമം ദിനപത്രത്തിലായിരുന്നു എന്നതായിരുന്നു വിമർശകരുടെ പ്രശ്‌നം. മാധ്യമം പത്രത്തിലല്ലാതെ മറ്റേതെങ്കിലും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു ഈ ലേഖനമെന്ന് ചിലർ വാദിച്ചപ്പോൾ അത്തരത്തിൽ രാമായണ വിമർശനം പ്രസിദ്ധീകരിക്കാൻ തയ്യാറാകുന്ന മറ്റേത് മാധ്യമം ഉണ്ട് എന്ന മറുചോദ്യം ഉയർന്നുവന്നു. രാമായണ മാസം രാമായണ വ്യാഖ്യാനങ്ങൾ പ്രസിദ്ധീകരിക്കുന്ന മാതൃഭൂമിയോ രാമായണ മാസത്തിൽ രാമായണ പുസ്തകം വിൽക്കുന്ന മലയാള മനോരമയോ അത് പ്രസിദ്ധീകരിക്കുമോ? എന്ന ചോദ്യമുണ്ടായി.
ഇത്തരം ആക്രമണങ്ങളെ ശ്യാംകുമാർ നേരിട്ടത്, എഴുതിയ കാര്യങ്ങളൊന്നും തെറ്റാണെന്ന് പറയാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല എന്ന പ്രതികരണത്തോടെയാണ്. ഹിന്ദു ഐക്യവേദി നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ഈ വിദ്വേഷ പ്രചാരണത്തിലൂടെ ഡോ. ടി.എസ് ശ്യാംകുമാറിനോടുണ്ടായ നിബന്ധനകളോടുകൂടിയ ഐക്യദാർഢ്യങ്ങളും ഉപദേശ സ്വഭാവമുള്ള നിരീക്ഷണങ്ങളും കേരള സമൂഹത്തിലെ മതേതര ഇടതുപക്ഷങ്ങളിലുള്ളവരിലുമുള്ള ഇസ്ലാമോഫോബിക് ചിന്തകളെ തുറന്നുകാണിക്കുന്നതായിരുന്നു. ഈ ചർച്ചകളിലൊന്നും രാമായണം വിമർശിക്കപ്പെടേണ്ടത് എന്തുകൊണ്ടാണ് എന്നൊരു ആശയം മുന്നിട്ടുനിർത്താൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധമുഴുവൻ മാധ്യമം പത്ര മാനേജ്‌മെന്റിന്റെ മതത്തിലേക്ക് പോയതും കേരളത്തിലെ ഇസ്ലാമോഫോബിയയുടെ ആഴം വ്യക്തമാക്കുന്നതാണ്. എൻ.ഇ സുധീർ, കെ.ജെ ജേക്കബ് എന്നീ മാധ്യമപ്രവർത്തകരുടെ പ്രതികരണങ്ങൾ അത്തരത്തിലുള്ളതായിരുന്നു. ഈ ലേഖനത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ശ്രീനാരായണ മാനവധർമം ട്രസ്റ്റും ദലിത് സമുദായ മുന്നണിയും ടി.എസ് ശ്യാംകുമാർ ഉന്നയിച്ച ജാതിവിരുദ്ധ ആശയങ്ങളെ ഉയർത്തിപ്പിടിച്ചു. ശ്യാംകുമാറിനെതിരെ വാളോങ്ങുന്നവർ ഇന്ത്യ ഒരു കാലത്തും ജനാധിപത്യത്തിലേക്ക് സഞ്ചരിക്കരുതെന്നും എല്ലാ കാലത്തും വർണാശ്രമ ധർമത്തിൽ അധിഷ്ഠിതമായിരിക്കണമെന്നും മനുസ്മൃതിയിൽ അധിഷ്ഠിതമായിരിക്കണമെന്നും വാശിപിടിക്കുന്നവരാണ്. ഇരട്ടമുഖവുമായാണ് സംഘ്പരിവാർ ശക്തികൾ ശ്യാമിനെതിരെ ആക്രമണത്തിന് എത്തുന്നത്. ഒന്ന്, ഹിന്ദുത്വവിരുദ്ധ ശക്തിക്കെതിരെയുള്ള യുക്തിഭദ്രമായ വിമർശനങ്ങളെ പ്രതിരോധിക്കുക, രണ്ട്, മുസ്ലിംകൾക്കെതിരെ ഒരു ആക്രമണം അഴിച്ചുവിടുക. സംഘപരിവാർ പണ്ഡിതന്മാർ പരാജയപ്പെട്ടിടത്ത് ആൾക്കൂട്ട ആക്രമണത്തിലൂടെ കാര്യം സാധിക്കാവുന്ന സംഘപരിവാർ ശക്തികളുടെ മനസ്സിലിരിപ്പാണ് പുറത്തുവന്നിരിക്കുന്നത്- ദലിത് സമുദായ മുന്നണി പ്രസ്താവനയിൽ പറഞ്ഞു.
യുഎപിഎയുടെ മതം
2023 ഒക്ടോബർ 28ന് എറണാകുളത്തെ കളമശ്ശേരിയിൽ ഒരു കൺവെൻഷൻ സെന്ററിൽവെച്ച് നടന്ന യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനകത്ത് ബോംബ് സ്‌ഫോടനം നടന്നു. സ്‌ഫോടനം ‘നടത്തിയതാരാണെന്ന് വ്യക്തമാകുന്നതുവരെ മുസ്ലീം സമൂഹത്തെ മുൾമുനയിൽ നിർത്തി’ എന്നൊരു പ്രയോഗവും ആ സമയത്ത് രൂപപ്പെട്ടു. പാനായിക്കുളം എൻ.ഐ.എ കേസിൽ കുറ്റവിമുക്തരാക്കിയ യുവാക്കളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു, കേരളത്തിൽ അങ്ങോളമിങ്ങോളം തിരച്ചിലുകൾ തുടങ്ങി. ഈ ഭീതി, അങ്ങനെയൊരു സാഹചര്യത്തിൽ ഒരു മുസ്ലീം വ്യക്തിക്ക് തോന്നുന്നതിനെ സാധൂകരിക്കുന്ന റിപ്പോർട്ടിങ്ങാണ് മലയാളത്തിലെ ടെലിവിഷൻ ചാനലുകൾ നടത്തിയത്. സ്‌ഫോടനം നടത്തിയത് മുസ്ലീങ്ങളാണ് എന്ന് പ്രസ്താവിക്കുന്ന തരത്തിൽ, കൂടുതൽ അന്വേഷണങ്ങൾ നടത്തുകയോ കൃത്യമായ വിവരങ്ങൾക്കായി കാത്തിരിക്കുകയോ ചെയ്യാതെ ചാനലുകൾ മുൻവിധികളിലൂന്നിയ റിപ്പോർട്ടിങ്ങും ചർച്ചകളും നടത്തി. ഇത്തരം തെറ്റായ റിപ്പോർട്ടിങ്ങിൽ തിരുത്തലുകൾ നടത്താനൊന്നും ഈ ചാനലുകൾ തയ്യാറായിരുന്നില്ല. സ്‌ഫോടനത്തിന്റെ ഒന്നാം വാർഷികത്തോടടുത്ത്, ഈ കേസിൽ യുഎപിഎ വകുപ്പ് ഒഴിവാക്കിയേക്കും എന്ന റിപ്പോർട്ടിങ്ങുകളുണ്ടായി. അഞ്ചുപേരാണ് സ്‌ഫോടനത്തിൽ പരിക്കേറ്റ് കൊല്ലപ്പെട്ടത്.
ഭീകരവാദ പ്രവർത്തനങ്ങളോട് കേരളീയ പൊതുസമൂഹം സൂക്ഷിക്കുന്ന മുൻവിധി പ്രകടമാക്കപ്പെട്ട അവസരം കൂടിയായി ഈ സംഭവം. സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമുണ്ടായ പരിക്കേറ്റവരുടെ മരണങ്ങൾ അതീവപ്രാധാന്യമുള്ള വാർത്തകളാകാതെയും കൂടുതൽ റിപ്പോർട്ടിങ് നടക്കാതെയും കടന്നുപോയി. ഒരു വർഷത്തിനിപ്പുറം ഇതൊരു നിയമവിരുദ്ധ പ്രവൃത്തിയായി സർക്കാർ മനസ്സിലാക്കുന്നില്ല എന്നാണ്, ഒക്ടോബർ 28ന് പ്രതിക്കെതിരെയുള്ള എഫ്.ഐ.ആറിൽ നിന്നും യുഎപിഎ പിൻവലിച്ച നടപടിയിലൂടെ വ്യക്തമാകുന്നത്. സ്‌ഫോടനം നടത്തിയയാൾ യഹോവാ സാക്ഷികളുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന മാർട്ടിൻ ഡൊമിനിക് ആണ്. മാർട്ടിനെതിരായ എഫ്‌ഐആറിൽനിന്നും യുഎപിഎ ഒഴിവാക്കണമെന്ന തീരുമാനമുണ്ടായത് യുഎപിഎയുടെ ഉപയോഗത്തിൽ സർക്കാർ സ്വീകരിക്കുന്ന വിവേചന നിലപാടിനെയാണ് സൂചിപ്പിക്കുന്നത്. അഞ്ചുപേരുടെ മരണത്തിന് കാരണമായൊരു സ്‌ഫോടനം എങ്ങനെ നിയമവിരുദ്ധ പ്രവർത്തനമല്ലാതാകുന്നു എന്നും യുഎപിഎയുടെ ഉപയോഗം ചില പ്രത്യേക സാമൂഹ്യവിഭാഗങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായി മാറ്റിവെക്കുകയാണോ എന്നും ചോദ്യങ്ങളുയർന്നു.
‘കേരള സ്‌റ്റോറി’യുടെ വർത്തമാനം
മുഖ്യമന്ത്രി പിണറായി വിജയൻ മതഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ബിജെപി നേതാവ് കെ സുരേന്ദ്രൻ നടത്തിയത് ലൗ ജിഹാദ് പ്രചാരണം കേരളത്തിൽ തീവ്രമായ പശ്ചാത്തലത്തിലാണ്. ഭീകരസംഘടനകളോടുള്ള താൽപര്യം പോലും ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളോട് മുഖ്യമന്ത്രി കാണിക്കുന്നില്ല എന്നാണ് സുരേന്ദ്രൻ പറഞ്ഞത്. കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാകുകയായിരുന്നു സുരേന്ദ്രൻ. സുഹൃത്തുക്കളുടെ മതേതര പ്രണയ ബന്ധങ്ങളെ മാറിനിന്ന് നിരീക്ഷിക്കുന്ന ഒരു കൃസ്ത്യൻ പെൺകുട്ടിയാണ് ‘ദ കേരള സ്റ്റോറി’ എന്ന പ്രൊപ്പഗാണ്ട സിനിമയിലെ നായികാ കഥാപാത്രം. സിനിമയിൽ മുസ്ലീം യുവാക്കളെ ചിത്രീകരിച്ചിരിക്കുന്നത് ഹിന്ദു പെൺകുട്ടികളെ മതംമാറ്റി വിവാഹം ചെയ്യുന്നവരായിട്ടാണ്. ലൗ ജിഹാദ് എന്ന പ്രചാരണത്തിന് വലിയ സാധുതയും ദൃശ്യതയും കൊടുക്കുന്ന സിനിമയാണിത്. കഥ നടക്കുന്നത് ബുർഹാൻ വാനി ഉൾപ്പെടെയുള്ള കശ്മീരി മിലിറ്റന്റുകളുടെ ഗ്രാഫിറ്റി പതിച്ച, കാസർഗോട്ടെ ഒരു കോളേജിലും. കേരളത്തിൽ ഇക്കഴിഞ്ഞ വർഷം പുതിയ ഇസ്ലാമോഫോബിക് പ്രവണതകൾ രൂപീകരിക്കപ്പെടുന്നതായി കാണാം. ആഗോള ഭീകരവാദത്തിന്റെ പ്രതിഫലനങ്ങളായിട്ടാണ് മുസ്ലീം തീവ്രവാദം എന്ന ആരോപണത്തെ എപ്പോഴും ഉന്നയിക്കുന്നത്. യൂറോപ്പ് കേന്ദ്രിതമായ ഇസ്ലാമോഫോബിക് വാദങ്ങളെ ഇന്ത്യയിലേക്കും കേരളത്തിലേക്കും കൊണ്ടുവരുമ്പോളുള്ള ന്യൂനപക്ഷ വർഗീകരണത്തിന്റെ പ്രശ്നങ്ങളും തീവ്രമാകുകയാണ്. ക്രിസ്ത്യൻ അസോസിയേഷൻ ഫോർ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ന്റെ ഇസ്ലാമോഫോബിക് പ്രചാരണങ്ങൾ ഇതിനുദാഹരണമാണ്. കേരള സ്‌റ്റോറിയെയും ലൗ ജിഹാദിനെയും ബന്ധിപ്പിച്ച് അവർ നടത്തിയ പ്രചാരണങ്ങൾ അത്തരത്തിലുള്ളതാണ്.
ക്രിസ്ത്യൻ, ഹിന്ദു സ്ത്രീകളെ എളുപ്പം ചതിക്കപ്പെടാവുന്നവരായും സ്വന്തമായി അഭിപ്രായമില്ലാത്തവരായും ചിത്രീകരിക്കുന്ന മനുവാദ രാഷ്ട്രീയത്തിനും ലൗ ജിഹാദ് ഉപയോഗിച്ചുള്ള വിദ്വേഷ പ്രചാരണത്തിൽ പങ്കുണ്ട്. കേരളത്തിലുള്ള എല്ലാവരും കാണേണ്ട സിനിമയാണ് കേരള സ്റ്റോറി എന്നും പള്ളികളിൽ അത് പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്നുമായിരുന്നു ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. ലൗ ജിഹാദ് ഇപ്പോഴുമുണ്ട് എന്നും തുഷാർ പറഞ്ഞു (08 ഏപ്രിൽ 2024, ഇടിവി ഭാരത്). ലൗ ജിഹാദ് ദേശീയതലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഉപയോഗിച്ച വിദ്വേഷ ആയുധമാണ്. കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്ന് 2009ലും 2017ലും പൊലീസ് റിപ്പോർട്ടുകൾ നൽകിയിട്ടുണ്ടെങ്കിലും ക്രിസ്ത്യൻ സഭ വഴിയുള്ള സിനിമയുടെ പ്രദർശനം നടന്നു. സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടന്ന സിനിമ സ്‌ക്രീനിങ്ങിനെതിരെ ലത്തീൻ കാത്തലിക് സഭയുടെ പ്രതിരോധമുയർന്നു. വിശ്വഹിന്ദു പരിഷത്ത് അതിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ലൗ ജിഹാദിനെതിരെ ഒരു ലക്ഷം കേന്ദ്രങ്ങളിൽ പ്രചാരണം നടത്താൻ തീരുമാനിച്ചത് 2024 ഓഗസ്റ്റിലാണ്. ക്ഷേത്രങ്ങളെയും മഠങ്ങളെയും ഈ പ്രചാരണത്തിന്റെ ഭാഗമാക്കാനും പ്രചാരണത്തിനായി വിഎച്ചപിയുടെ വനിതാവിഭാഗമായ ദുർഗാവാഹിനിയെ ഉപയോഗപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ലൗ ജിഹാദ് ഇല്ല എന്ന പൊലീസ് റിപ്പോർട്ടുകൾ പാർലമെന്റിൽ ഉൾപ്പെടെ രേഖപ്പെടുത്തപ്പെട്ട വിവരമാണ്. ലൗ ജിഹാദ് പ്രചാരണം ഉയരുന്ന സാഹചര്യങ്ങളിലെല്ലാം ഈ റിപ്പോർട്ടുകൾ അതിനെ പ്രതിരോധിക്കാൻ സഹായകമാകാറുണ്ട്. എന്നാൽ വിദ്വേഷ പ്രചാരണത്തിന് സഹായകമാകുന്ന ഒരു ലേഖനം സമകാലിക മലയാളം പ്രസിദ്ധീകരിച്ചിരുന്നു. അത് ലൗ ജിഹാദല്ല, ലൗ പൊളിറ്റിക്‌സാണ് എന്ന തലക്കെട്ടിൽ ഹമീദ് ചേന്നമംഗലൂർ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചതും ഏപ്രിൽ മാസത്തിൽ തന്നെയാണ്. മിശ്രപ്രണയ വിവാഹം സംബന്ധിച്ച മുസ്ലീം സംഘടനകളുടെ നിലപാട് മാറ്റത്തിന്റെ കാരണം മതസൗഹാർദ്ദമെന്ന ആശയമല്ല മറിച്ച് ജനസംഖ്യയുടെ രാഷ്ട്രീയമാണ് എന്നാണ് ഹമീദ് ചേന്നമംഗലൂർ എഴുതിയത്. മുസ്ലീം പുരുഷന്മാർ അപരമതത്തിൽപ്പെട്ട സ്ത്രീകളെ വിവാഹം കഴിച്ച് മതംമാറ്റുക മാത്രമല്ല ആ ദാമ്പത്യത്തിൽ പിറന്ന കുട്ടികളെ മുസ്ലീംകളായി വളർത്തുകയും ചെയ്യുന്നു എന്നും ഹമീദ് എഴുതുന്നു. രാജ്യത്ത് നിലനിൽക്കുന്ന മുസ്ലീം വിരുദ്ധമായ ജനസംഖ്യാ മിത്തുകൾക്ക് സഹായകമാകുന്ന രീതിയിലുള്ളതാണ് ഹമീദ് ചേന്ദമംഗലൂരിന്റെ ലേഖനം.


‘പുഴു’വിനെക്കുറിച്ച് ഹർഷദിനും മമ്മൂട്ടിക്കുമെതിരെ
ഹർഷദ് സംവിധാനം ചെയ്ത, മമ്മൂട്ടിയും പാർവ്വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഴു എന്ന സിനിമ ഹിന്ദു മതത്തിലെ ഒരു സമുദായത്തെ മോശമായി കാണിക്കുന്നു എന്ന് ബ്രേവ് ഇന്ത്യ ന്യൂസ് ആരോപിച്ചു. ബ്രാഹ്‌മണനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടിയുടേത്. സവർണരെ അധിക്ഷേപിക്കുന്ന സിനിമ വേണമെന്നത് മമ്മൂട്ടിയുടെ ആവശ്യവും നിർദ്ദേശവും ആണെന്നും മമ്മൂട്ടി മട്ടാഞ്ചേരി മാഫിയയുടെ ആളാണ് എന്നും കർമ്മ ന്യൂസ് റിപ്പോർട്ട് ചെയ്തു. മലയാള സിനിമയെ ജിഹാദികൾ വിഴുങ്ങിക്കഴിഞ്ഞു എന്ന് യുക്തിവാദിയായ ജാമിത ടീച്ചർ പറഞ്ഞു. മലയാളത്തിൽ രാഷ്ട്രീയ സിനിമയുടെ പുതിയ ലോകം തുറന്നവയാണ് ഹർഷദിന്റെ സിനിമകൾ. ജാതിവ്യവസ്ഥ സമൂഹത്തിന്റെ വിവിധ അടരുകളിൽ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നു എന്ന് തുറന്നുകാണിച്ചതിനാണ് ഈ സിനിമയ്‌ക്കെതിരെ വിദ്വേഷ പ്രചാരണമുണ്ടായത്. പലസ്തീനിൽ നടക്കുന്ന ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ നടന്ന സോഷ്യൽ മീഡിയ ക്യാംപെയ്‌നിൽ പങ്കെടുത്ത ഷെയ്ൻ നിഗം കഫിയ ധരിച്ച ചിത്രത്തിന് സുഡാപ്പി ഫ്രം ഇന്ത്യ എന്ന അടിക്കുറിപ്പ് നൽകിയിരുന്നു. ഓൾ ഐയ്‌സ് റ്റു റഫാ എന്ന ക്യാംപെയ്‌നിന്‌റെ ഭാഗമായ ദുൽഖർ സൽമാനെതിരെ സൈബർ ആക്രമണം നടന്ന സാഹചര്യത്തിലായിരുന്നു ഷെയ്‌നിന്റെ പ്രതികരണം. ഇതിനെതിരെ കവി ശൈലൻ ഫെയ്‌സ്ബുക്കിൽ, ‘സംഘിയെന്ന പദത്തിന്റെ വിപരീതപദമല്ല സുഡാപ്പി, അതിന്റെ പര്യായമാണ്’ എന്ന് എഴുതി. ഒരു നാണയത്തിന്റെ ഇരുവശം എന്ന് സംഘി/സുഡാപ്പി എന്ന ബൈനറി സൃഷ്ടിച്ച ഇസ്ലാമോഫോബിക് ലിബറൽ പക്ഷത്തെ ഒരു പടി മുന്നോട്ടുകൊണ്ടുപോകുന്നതാണ് ശൈലന്റെ പ്രസ്താവന.
മുഖ്യമന്ത്രിയുടെ അഭിമുഖം
മലബാറിനെ കേന്ദ്രീകരിച്ചുള്ള വിദ്വേഷ പ്രചാരണങ്ങളിൽ സ്വർണ്ണക്കടത്ത് എന്ന ആരോപണം ശക്തമാണ്. കേരള മുഖ്യമന്ത്രിയുടെ തന്നെ മലപ്പുറത്തെക്കുറിച്ചുള്ള പ്രസ്താവന നോക്കുക, ‘മുസ്ലീം തീവ്രവാദ ശക്തികൾക്കെതിരേ സർക്കാർ നീങ്ങുമ്പോൾ ഞങ്ങൾ മുസ്ലീങ്ങൾക്കെതിരാണ് എന്ന് വരുത്താൻ അവർ ശ്രമിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മലപ്പുറം ജില്ലയിൽനിന്ന് കേരള പൊലീസ് 150 കിലോ സ്വർണവും 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ട്. ഈ പണമത്രയും കേരളത്തിലേക്ക് വരുന്നത് സംസ്ഥാനവിരുദ്ധ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ്.’ (സിപിഎം ഹാസ് ഓൾവേയ്‌സ് സ്ട്രിഡെന്റ്‌ലി ഒപോസ്ഡ് ആർഎസ്എസ്, അദർ ഹിന്ദുത്വ ഫോഴ്‌സസ് ഇൻ കേരള: പിണറായി വിജയൻ, ശോഭന നായർ, 30 സെപ്തംബർ 2024, ദി ഹിന്ദു).
അഭിമുഖത്തിനെതിരെ വിമർശനങ്ങളുണ്ടായതോടെ മുഖ്യമന്ത്രിയുടെ പ്രതികരണം ‘കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണണം’ എന്നായിരുന്നു. “മലപ്പുറം ജില്ലയിൽ വെച്ച് ഇത്രയും സ്വർണം പിടികൂടിയെന്ന് പറയുമ്പോൾ കാണേണ്ട വസ്തുത മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത്. അത് കുറേ ജില്ലകളിൽ നിന്നുള്ള ആളുകൾ ആശ്രയിക്കുന്ന വിമാനത്താവളമാണ്. ആ കണക്ക് സ്വാഭാവികമായിട്ട് ആ ജില്ലയിൽ നിന്ന് പിടികൂടിയാൽ ആ ജില്ലയിൽ നിന്ന് പിടികൂടി എന്നാണ് വരുക. അതിന് എന്തിനാണ് വല്ലാതെ പൊള്ളുന്നത?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. അഭിമുഖം പ്രസിദ്ധീകരിച്ച ശേഷം മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മുഖ്യമന്ത്രി അത്തരത്തിൽ പരാമർശം നടത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ദ ഹിന്ദുവിന് വിശദീകരണം തേടി കത്തയച്ച സംഭവത്തിന് ശേഷമാണ് കെയ്‌സൻ എന്ന പിആർ ഏജൻസിക്ക് അഭിമുഖത്തിലുള്ള ഇടപെടലിനെക്കുറിച്ച് വിവരം പുറത്തുവരുന്നത്. ഇതേക്കുറിച്ച് ദ ഹിന്ദു പത്രം നൽകിയ വിശദീകരണം ഇങ്ങനെയാണ്,
“തിരുത്ത്: പിആർ ഏജൻസി കെയ്‌സൻ മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യാനുള്ള ഒരു ഓഫറുമായി ദ ഹിന്ദുവിനെ സമീപിച്ചു. നമ്മുടെ ജേണലിസ്റ്റ് മുഖ്യമന്ത്രിയെ സെപ്തംബർ 29ന് രാവിലെ 9 മണിക്ക് കേരള ഹൗസിൽവെച്ച് അഭിമുഖം ചെയ്തു. മുഖ്യമന്ത്രിക്കൊപ്പം പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. അഭിമുഖം മുപ്പത് മിനിറ്റുകളോളം നീണ്ടു. അതോടൊപ്പം പിആർ പ്രതിനിധികളിലൊരാൾ സ്വർണക്കടത്തിനെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾപ്പെടുത്താൻ അഭ്യർത്ഥിച്ചു, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണിവ എന്നും അവർ പറഞ്ഞു. പ്രതിനിധികൾ ഈ അഭ്യർത്ഥന എഴുതി നൽകി, ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തള്ളിക്കളഞ്ഞ അതേ വരികൾ. ആ വരികൾ മുഖ്യമന്ത്രിയുടെ പ്രസ്താവനകളായി ഉൾപ്പെടുത്തിയത് മാധ്യമപ്രവർത്തന ജാഗ്രതയിൽ വന്ന പാളിച്ചയാണ്, അത് സംഭവിക്കാൻ പാടില്ലായിരുന്നു. ഈ തെറ്റിന് ഞങ്ങൾ മാപ്പുചോദിക്കുന്നു.”
ആർഎസ്എസിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും സിപിഎം ശക്തമായി എന്നും എതിർത്തിരുന്നു എന്ന് അവകാശപ്പെടുന്ന അഭിമുഖത്തിൽ, സ്വർണ്ണക്കടത്തിലൂടെ എത്തുന്ന പണം സംസ്ഥാനവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും അതിനെ മുസ്ലീം സമുദായവുമായി ബന്ധപ്പെടുത്തി നൽകുന്ന ഒരു ഉദാഹരണമായും അവതരിപ്പിച്ചത് ഭരണകൂട ഇസ്ലാമോഫോബിയയുടെ ഉദാഹരണമാണ്.
മന്ത്രിമാരുടെ ഇസ്ലാമോഫോബിക് പ്രസ്താവനകൾ
കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ഡ്രൈവിംഗ് സ്‌കൂൾ മാഫിയ സംഘങ്ങളാണെന്നും ഇത്തരം സംഘങ്ങൾ മലപ്പുറത്തുണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. സിഐടിയു, ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്, ഓൾ കേരള ഡ്രൈവിങ് സ്‌കൂൾ ഓണേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെയാണ് ഈ രീതിയിൽ മന്ത്രി അവതരിപ്പിച്ചത്. സമരം ചെയ്യുന്നത് സിഐടിയു ആണ്, മാഫിയ അല്ലെന്നും സംസ്ഥാനത്ത് മറ്റെല്ലായിടത്തും പ്രതിഷേധം നടക്കുമ്പോൾ മലപ്പുറത്തെ മാത്രം ലക്ഷ്യമിടുന്ന മന്ത്രിക്ക് മറ്റു ഉദ്ദേശ്യങ്ങളുണ്ടാകാമെന്നും ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി അബ്ദുൾ ഗഫൂർ പ്രതികരിച്ചു. (മെയ് 02, 2024, ഏഷ്യാനെറ്റ് ന്യൂസ്).
പ്ലസ് വൺ സീറ്റ് കുറവിന്റെ പേരിൽ മലപ്പുറം ജില്ല പറഞ്ഞ് വികാരമുണ്ടാക്കുന്നത് ഗുണമല്ല എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞത് കാലങ്ങളായി നിലനിൽക്കുന്ന മലബാറിലെ ഹയർസെക്കൻഡറി സീറ്റ് പ്രശ്‌നത്തെ തള്ളിക്കളയുന്നതും വംശീയ സ്വഭാവമുള്ളതുമാണ്.
അതേസമയം ഇതേ ഇടതുപക്ഷ സർക്കാരിന്റെ തന്നെ ഭാഗമായ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെതിരെയും നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനുമെതിരെയുണ്ടായ ഇസ്ലാമോഫോബിക് പ്രസ്താവനകൾ ഇത്തരം ആക്രമണങ്ങളുടെ വംശീയ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ ടൂറിസം മന്ത്രി ടൂറിസത്തിന്റെ മറവിൽ ഇസ്ലാം മതം പ്രചരിപ്പിക്കുന്നുവെന്നാണ് മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ ആരോപിക്കുന്നത്. സിപിഎം ശ്രദ്ധിക്കണമെന്നും മാത്യു സാമുവൽ ഓർമ്മിപ്പിക്കുന്നുണ്ട്. മറ്റൊരു മാധ്യമപ്രവർത്തകനായ വടയാർ സുനിലിന്റെ ആരോപണം നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനെതിരെയാണ്. ഷംസീറിന്റെ താൽപര്യ പ്രകാരം വെള്ളിയാഴ്ചകളിൽ ചോദ്യോത്തര സമയം എടുത്തുകളഞ്ഞു എന്നതാണ് വടയാർ സുനിലിന്റെ ആരോപണം. (നിസ്‌കാരമുറി വേണം നിർമ്മലാ കോളജിലെന്ന് സമരം, 27 ജൂലൈ 2024, എബിസി മലയാളം).
യൂണിയൻ സർക്കാർ വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനോട് അടുത്ത സമയത്തായാണ് എറണാകുളം മുനമ്പത്ത് വഖഫ് ഭൂമിയെ ചൊല്ലിയുള്ള ആശങ്കകൾ വീണ്ടും ചർച്ചയാകുന്നത്. ഇതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകൾ വഖഫ് ബോർഡിനെ അധിക്ഷേപിച്ചുകൊണ്ടുള്ളതായിരുന്നു.
ദേശീയതലത്തിൽ ഇസ്ലാമോഫോമിയ
2023-ൽ ഒരു ദിവസം രണ്ടെന്ന തോതിൽ ഇന്ത്യയിൽ മുസ്ലീംവിരുദ്ധ വിദ്വേഷ പ്രസ്താവനകൾ നടന്നുവെന്ന് വാഷിംഗ്ടണ് ഡിസി കേന്ദ്രമായ ‘ഇന്ത്യ ഹെയ്റ്റ് ലാബ്’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ വിദ്വേഷ പ്രസ്താവനകളുടെ 48 ശതമാനവും നടക്കുന്നത്. 75 ശതമാനം വിദ്വേഷ പ്രസ്താവനകളുടെയും കേന്ദ്രം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.
2024 ൽ ഇൻഡ്യ ഹേറ്റ് ലാബ് റിപ്പോർട്ട് പ്രകാരം 1,165 വിദ്വേഷ പ്രസംഗങ്ങളാണ് 2024 ൽ രാജ്യത്ത് നടന്നത്. ഇതിൽ 98.5 ശതമാനം വിദ്വേഷ പ്രസംഗങ്ങളും മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും അതിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികവും ബിജെപിയുടെയോ സഖ്യകക്ഷികളുടെയോ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലാണ് നടന്നതെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ വെറുപ്പ് പ്രചരിപ്പിക്കുന്നതിൽ ബിജെപിയും അവരുടെ ഘടകകക്ഷികളുമാണ് മുന്നിലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പഠനത്തിന്റെ ആവശ്യകത
തിരുവനന്തപുരത്ത് ബാബരി മസ്ജിദ് അനുസ്മരിച്ച് പ്രതിഷേധിച്ച ‘ഒറ്റയാൾ സലീം’ എന്ന സലീം മുഹമ്മദിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തതും ‘ബാബരി മണ്ണിൽ നീതി മസ്ജിദ് മാത്രം’ എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചതിനുൾപ്പെടെ വിദ്യാർത്ഥിനി ഷർമിനയ്‌ക്കെതിരെ കേസെടുത്തതും ഭരണകൂട ഇസ്ലാമോഫോബിയയെ തുറന്നുകാണിക്കുന്ന സംഭവങ്ങളാണ്. ബാബരി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറിന് മുസ്ലീങ്ങളുടെ സാമൂഹ്യ പ്രതികരണങ്ങൾക്ക് പൊലീസ് വിലക്കേർപ്പെടുത്തിയത് ഏറെക്കാലം മുമ്പായിരുന്നില്ല. മതസ്വാതന്ത്ര്യം, ആരാധനാലയ നിയമം എന്നിവയെല്ലാം അട്ടിമറിക്കപ്പെടുന്ന കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്.
ഹിന്ദുത്വ ആക്രമണങ്ങളെ താലിബാൻ മോഡൽ എന്നു വിളിക്കുക, ഹിന്ദുക്കൾ വയലൻസ് പഠിച്ചത് മുസ്ലീംങ്ങളിൽനിന്നാണ് എന്ന് പറയുക (ടി.ജി മോഹൻദാസ്), മദ്രസ അധ്യാപകർ അങ്കണവാടി അധ്യാപകരേക്കാൾ വലിയ തുക പെൻഷൻ വാങ്ങിക്കുന്നു എന്ന വാട്സ്അപ് പ്രചാരണം, മാധവിക്കുട്ടിയുടെ മതംമാറ്റത്തെ കേരളത്തിലെ ആദ്യം റിപോർട്ട് ചെയ്ത ലൗ ജിഹാദ് കേസ് ആണെന്ന് പറയുക (എബിസി മലയാളം), അബ്ദുൽ നാസർ മഅദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു എന്ന് പറയുക (സിപിഎം നേതാവ് പി ജയരാജൻ), മെക് സെവൻ എന്ന വ്യായാമ കൂട്ടായ്മയ്ക്ക് പിന്നിൽ മുസ്ലീം സംഘടനകളുടെ പങ്ക് ആരോപിക്കുക (സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ), തനിക്കെതിരെ ലൈംഗികപീഡന ആരോപണമുന്നയിച്ച സ്ത്രീക്കെതിരെ, അവർ സാമ്പത്തിക സഹായം ആവശ്യപ്പെട്ടത് നൽകാത്തതിനാൽ ഒരു ‘പ്രത്യേക സമുദായത്തിലെ’ ആളുകളോട് ഇക്കാര്യത്തിലിടപെടാൻ ആവശ്യപ്പെട്ടതായി ഈ സ്ത്രീ അറിയിച്ചുവെന്ന നടനും എംഎൽഎയുമായ മുകേഷിന്റെ ഫേസ്ബുക് പോസ്റ്റ് (ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ആരോപണം), ഷിരൂർ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ അർജുനെ കാണാതായ സംഭവത്തിൽ ലോറി ഡ്രൈവർ മനാഫ് നേരിട്ട ആൾക്കൂട്ട വിചാരണയും വിദ്വേഷ ആരോപണങ്ങളും, നിള നമ്പ്യാർ എന്ന പേര് സ്വീകരിച്ച മുസ്ലീം സ്ത്രീ മോഡൽ നിള നമ്പ്യാർക്കെതിരെ ജനം ടിവി കോഓഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ നടത്തിയ ഭീഷണികൾ (“ഹിന്ദു എല്ലാവർക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല, കയ്യും കാലും വെട്ടുന്നവരല്ലെന്നു കരുതി എന്ത് തോന്ന്യാസവുമാവാമെന്ന് ധരിക്കേണ്ട”), ക്ഷേത്രങ്ങളില്‍ അരളി നിരോധിക്കാന്‍ ഒരുമ്പെടുന്നവര്‍ നിരവധി പേരുടെ മരണത്തിന് കാരണമായ കുഴിമന്തി എന്തുകൊണ്ട് നിരോധിക്കുന്നില്ല എന്ന മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്റെ പ്രസ്താവന, മാധ്യമം ഐഎസ്സിന്റെയും താലിബാന്റെയും ആശയം പ്രചരിപ്പിക്കുന്ന സംഘടനയുടെ പത്രം എന്ന് യുക്തിവാദി പ്രഭാഷകൻ ഇ.എ ജബ്ബാറിന്റെ പ്രസ്താവന ഇതെല്ലാം, കേരള സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വളരെ ആഴത്തിൽ വേരിറങ്ങിയ മുൻവിധികളുടെയും വംശീയ വിദ്വേഷത്തിന്റെയും പ്രതിഫലനങ്ങളാണെന്ന് കാണാം. സാമൂഹ്യഘടനയിലും സാംസ്‌കാരിക സംവാദങ്ങളിലുമുള്ള മുസ്ലീം വിദ്വേഷത്തിനും അന്യവൽക്കരിക്കലിനും ജാതീയമായ മേധാവിത്വ സ്വഭാവമാണ് വലിയൊരു കാരണമെന്ന് അനിൽ നമ്പ്യാരുടെ ഭീഷണി പോലുള്ള സംഭവങ്ങളിലൂടെ വ്യക്തമാകുന്നു.


ഈ പഠനത്തിൽ, കേരളത്തിൽ നടന്ന എല്ലാ ഇസ്ലാമോഫോബിക് സംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. വിവിധ തരത്തിലുള്ള ഇസ്ലാമോഫോബിക് സംഭവങ്ങളുടെ സാംപിളുകളാണ് പഠനത്തിന്റെ അടിസ്ഥാനം. ഒരു സാമൂഹ്യ പെരുമാറ്റ രീതിയായും മാനസികനിലയായും നിലപാടായും മുസ്ലീം സ്വത്വത്തോടും അതിന്റെ നിലനിൽപ്പിനോടുള്ള അസഹിഷ്ണുതയും വിദ്വേഷവും എങ്ങനെയെല്ലാം പ്രവർത്തിക്കുന്നു എന്നാണ് ഈ പഠനം അന്വേഷിക്കുന്നത്. റിസർച്ച് കലക്റ്റീവിന്റെ ഭാഗമായി പ്രവർത്തിച്ചവർ ദിവസേനയുള്ള വാർത്താവായനകളിലൂടെ രേഖപ്പെടുത്തിയതാണ് പഠനത്തിന് അടിസ്ഥാനമായ സംഭവങ്ങൾ. സമൂഹത്തിൽ നിലനിൽക്കുന്ന വംശീയവിദ്വേഷം ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുമ്പോൾ അതിന്റെ സമകാലികമായ രേഖപ്പെടുത്തലും വ്യാജവാർത്തകൾക്കെതിരായ പ്രവർത്തനങ്ങളും വാർത്താ റിപ്പോർട്ടിങ് പോലെ തന്നെ അനിവാര്യമാണ്. തീവ്രമായ വലതുചിന്തകൾ പ്രചരിപ്പിക്കുന്ന ടെലിവിഷൻ പ്രൈംടൈം ചർച്ചകൾ, യൂട്യൂബ് ചാനലുകൾ എന്നിവയുടെ ഉള്ളടക്കങ്ങൾ മോണിറ്റർ ചെയ്യപ്പെടേണ്ടത് ഇതിനോടുള്ള പ്രതിരോധത്തിന്റെ ആവശ്യമാണ്. മതം, ലിംഗം, വർണം എന്നിങ്ങനെയുള്ള വ്യത്യസ്തതകൾ, ജാതീയമായ വേർതിരിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ ഇതിനെല്ലാം എതിരെയുള്ള മുന്നേറ്റങ്ങൾക്ക് സാധ്യത തുറന്നിടുന്നുണ്ട് ഇങ്ങനെയുള്ള പഠനങ്ങൾ.
(ഫീച്ചേർഡ് ഇമേജ്, വര: മൃദുല ഭവാനി)