

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


2025 ഫെബ്രുവരി 7, ഇസ്രായേൽ പട്ടാളം തുൽക്കരെം ഗ്രാമത്തിലേക്ക് അധിനിവേശം നടത്തുകയും വെടിയുതിർക്കുകയും ചെയ്യുമ്പോൾ പത്ത് വയസ്സ് മാത്രം പ്രായമുള്ള സദ്ദാം റജബ് എന്ന ആൺകുട്ടി തന്റെ വീടിന് മുന്നിലെ തെരുവിൽ നിൽക്കുകയായിരുന്നു. ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളിലൊന്ന് കുഞ്ഞ് റജബിന്റെ ശരീരം തുളച്ചു. വെടിയേറ്റ ഉടനെ നിലത്തുവീഴുകയും വയറിൽ അമർത്തി ചുരുണ്ടുകിടക്കുകയും ചെയ്യുന്ന സദ്ദാമിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ കാണാം. രക്ഷപ്പെടുത്തുന്നതിനായി അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെ ചികിത്സിക്കാൻ കഴിയില്ലെന്നറിയുകയും നബ്‌ലാസിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും ഫലം നാസ്തി തന്നെ. ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ഇസ്രായേലി സൈന്യം വാഹനം തടയുകയും ഒരു സൈനികൻ സദ്ദാം റജബിന്റെ പിതാവിനോട് ഇങ്ങനെ പറയുകയും ചെയ്തു: “ഞാനാണ് നിങ്ങളുടെ മകനെ വെടിവെച്ചത്, ദൈവഹിതം അനുസരിച്ച് അവൻ മരണപ്പെടും.”
പുതു വർഷത്തിന്റെ പ്രാരംഭം മുതൽ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അധിനിവേശത്തിനിരയായി കൊല്ലപ്പെട്ട പതിമൂന്ന് കുട്ടികളിൽ ഒരാളായി സദ്ദാമും അവശേഷിക്കുന്നു. 2023 ജനുവരി മുതൽ ഇസ്രായേൽ അധീന വെസ്റ്റ് ബാങ്കിൽ സൈനികരാലും കുടിയേറ്റക്കാരാലും കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 220 കടന്നിരിക്കുന്നു. സദ്ദാമിന്റെയും കൊല ചെയ്യപ്പെട്ട മറ്റ് കുട്ടികളുടെയും കഥകൾ പക്ഷേ മുഖ്യധാരാ പാശ്ചാത്യ മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ കാണാനില്ല. അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ഈ മനുഷ്യത്വ രഹിത പ്രവർത്തനങ്ങൾക്കെതിരെ ആക്ഷേപമുയരുന്നില്ല. അതുകൊണ്ടുതന്നെ പലസ്തീനിൽ ശിശുഹത്യകളും അതിക്രമങ്ങളും അംഗവിച്ഛേദങ്ങളും അനുസ്യൂതം തുടരുകയും ചെയ്യുന്നു.


പ്രശസ്ത ഫെമിനിസ്റ്റും, പലസ്തീൻ അക്കാദമിക വിദഗ്ധയുമായ പ്രൊഫ. നാദേര ഷാൽഹൂബ് കെവോർക്കിയൻ തന്റെ ‘Unchilding and the Killing Boxes, Incarcerated Childhood and the Politics of Unchilding’ എന്നീ പ്രസിദ്ധീകരണങ്ങളിൽ ‘അൺചൈൽഡിങ്’ എന്ന പദം ഉപയോഗിക്കുന്നതായി കാണാം. കൊളോണിയലിസത്തിന് കീഴിൽ കുട്ടികൾക്ക് നേരിടേണ്ടി വരുന്ന ക്രൂരതകളെ വിശദീകരിക്കാനാണ് അവർ ഈ പദപ്രയോഗം നടത്തുന്നത്. ഇസ്രായേൽ അധിനിവേശം നടത്തി കോളനിവൽക്കരിച്ച പലസ്തീനിലെ അതിക്രമങ്ങളെ ന്യായീകരിക്കുന്നതിനായി കൊല്ലപ്പെടുന്ന കുട്ടികളുടെ ‘കുട്ടി’ എന്ന സ്വത്വത്തെ മറച്ചുവെക്കുന്ന പ്രവണതയാണ് ആധുനിക പാശ്ചാത്യ മാധ്യമങ്ങൾ സ്വീകരിക്കുന്നത്. 2023 ൽ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ച ശേഷം ഓരോ 15 മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ഡി.സി.ഐ പറയുന്നു (Defence for Children International). സംഘർഷത്തിൽ ഏറ്റവുമധികം നഷ്ടം സംഭവിക്കുന്നത് കുട്ടികൾക്കാണെന്ന് ഒക്ടോബർ 13ന് യുനിസെഫ് പുറത്തുവിട്ട പ്രസ്താവനയിലും ചൂണ്ടിക്കാട്ടിയിരുന്നു. ദശാബ്ദങ്ങളായി ഇസ്രായേൽ ഭരണകൂടവും പാശ്ചാത്യ മാധ്യമങ്ങളും പലസ്തീനിലെ കുഞ്ഞുങ്ങളെ മറ്റ് കുട്ടികളേക്കാൾ താഴ്ന്നവരായോ, കുട്ടികളല്ലാത്തവരായോ, തീവ്രനിലപാടുകളുള്ള മുതിർന്ന പൗരന്മാരായോ ചിത്രീകരിക്കുകയാണ്. ജന്മനാ ഭീകരരായി വിവരിക്കപ്പെടുകയും, കുട്ടികൾ എന്ന പരിഗണനയും അതിനെ സംബന്ധിക്കുന്ന നിഷ്കളങ്കത എന്ന വിശേഷണവും നിഷേധിക്കപ്പെട്ട അവസ്ഥയാണ് ഇന്ന് പലസ്തീനിലെ കുഞ്ഞുങ്ങളുടേത്.


സദ്ദാം റജബ് കൊല്ലപ്പെടുന്നതിന് ഏകദേശം ഒരു വർഷം മുമ്പ്, 2024 ജനുവരി 29ന് ഗാസയിൽ തന്റെ വീട്ടുകാർക്കൊപ്പം കൊല്ലപ്പെട്ട ഹിന്ദ് റജബ് എന്ന ആറു വയസുകാരിയെക്കുറിച്ചുള്ള വാർത്ത പത്ര മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു, ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് പലായനം ചെയ്യാനൊരുങ്ങി കാറിൽ കയറിയ ഹിന്ദിനും കുടുംബത്തിനുമെതിരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തു. ആദ്യ ഘട്ടത്തിൽ കൂടെയുണ്ടായിരുന്നവർ മരണപ്പെട്ടുവെങ്കിലും ഹിന്ദ് അതിജീവിച്ചു. സഹായത്തിനായി പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ടു, ആ കോൾ റെക്കോർഡ് ലോകം മുഴുവൻ അന്ന് വിങ്ങലോടെ ചർച്ച ചെയ്തിരുന്നു. സഹായത്തിനായി ആംബുലൻസ് എത്തിയെങ്കിലും ഫലമുണ്ടായില്ല, ഹിന്ദ് റജബും കുടുംബവും ആംബുലൻസിൽ ഉണ്ടായിരുന്ന യൂസഫ് സെയ്‌നോയും അഹമ്മദ് അൽ-മദ്‌ഹൂനും ഉൾപ്പടെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ മരണം വരിച്ച വാർത്തയാണ് പിന്നീട് രണ്ടാഴ്ചയ്ക്കകം പുറത്തുവന്നത്.
ഹിന്ദിന്റെ മരണം ഗാസയിൽ കൊല്ലപ്പെട്ട മറ്റ് പതിനേഴായിരത്തിലധികം കുട്ടികളിൽ നിന്നും വിഭിന്നമായി ലോകം ചർച്ച ചെയ്തുവെങ്കിലും, ഇസ്രായേൽ കാടത്തത്തെ ന്യായീകരിക്കുന്ന രീതിയിൽ ഈ സംഭവത്തെ വ്യാഖ്യാനിക്കാനും ഇരകളുടെ ‘കുട്ടികൾ’ എന്ന വിശേഷണം എടുത്തുകളഞ്ഞ് അക്രമത്തിന്റെ തീവ്രതയെ ചുരുക്കി കാണിക്കാനും പാശ്ചാത്യ മാധ്യമങ്ങൾ ശ്രമിക്കുന്നതായി കാണാം. ഉദാഹരണത്തിന്, പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിനെതിരെയും, അവരുടെ ക്രൂരതകൾക്കെതിരെയും കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും അതിന്റെ ഭാഗമായി ‘ഹാമിൽട്ടൺ ഹാൾ’ എന്ന അക്കാദമിക കെട്ടിടത്തെ Hind’s Hall എന്ന് വിദ്യാർഥികൾ പുനർനാമകരണം ചെയുകയും ചെയ്തു. ഇതിനെ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന CNN റിപ്പോർട്ട് ചെയ്തത് ‘Hind’s Hall was a reference to a woman who was killed in Gaza.’ എന്നായിരുന്നു, ആറ് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ മുതിർന്ന ഒരു സ്ത്രീയായി ചിത്രീകരിച്ച് അധിനിവേശത്തിന്റെ തീവ്രതകളെ ലഘൂകരിക്കാനുള്ള ശ്രമമാണിതെന്ന് വ്യക്തം.


ന്യായീകരണത്തിന്റെ മറ്റൊരു അതിഗംഭീരമായ ഉദാഹരണം 2024 ജനുവരിയിൽ സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്ത ഒരു വാർത്തയാണ്, “Accidentally, a stray bullet found its way into the van ahead, and that killed a three or four year old young lady.” ഇതിൽ young lady എന്ന് വിശേഷിപ്പിക്കുന്നത് വെസ്റ്റ് ബാങ്കിൽ തന്റെ രക്ഷിതാക്കളോടൊപ്പം ടാക്സിയിൽ ഇരിക്കുമ്പോൾ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ നാല് വയസ്സ് മാത്രം പ്രായമുള്ള റുകായ അഹമ്മദ് ഒദെഹ് ജഹാലിൻ എന്ന കുട്ടിയാണ്. കുട്ടികളുടെ ‘കുട്ടിത്തം’ എന്ന വിശേഷണത്തെ എടുത്തുകളഞ്ഞ് അധിനിവേശ ശക്തിയുടെ അതിക്രമങ്ങളെ വെള്ളപൂശാനുള്ള ശ്രമങ്ങൾ തകൃതിയായി പാശ്ചാത്യ മാധ്യമങ്ങൾ നടത്തുന്നുണ്ട്.


അംഗ വിച്‌ഛേദവും കൊലപാതകവും മാത്രമല്ല പലസ്തീനിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ. തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വയ്ക്കൽ, ഇസ്രായേലി ജയിലുകളിൽ ദുരുപയോഗം ചെയ്യൽ എന്നിങ്ങനെ മറ്റനേകം ദുരിതങ്ങൾ നിറഞ്ഞതാണ് അവരുടെ ജീവിതം. കഴിഞ്ഞ വർഷം, സിൽവാനിലെ അയ്ഹാം അൽ സലൈമെ എന്ന പതിനാലുകാരൻ അനധികൃത ഇസ്രായേലി സെറ്റിൽമെന്റുകൾക്ക് മുകളിൽ കല്ലെറിഞ്ഞു എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും, പുതിയ ഇസ്രായേലി നിയമവ്യവസ്ഥക്ക് കീഴിൽ കുറ്റം തെളിയിക്കപ്പെടുന്നതിനു മുമ്പ് തന്നെ രണ്ട് വർഷത്തോളം തടങ്കൽ അനുഭവിക്കേണ്ടി വരികയും ചെയ്തു. ഇസ്രായേൽ ജയിൽവാസം അനുഭവിക്കേണ്ടി വന്ന ഏറ്റവും ചെറിയ വ്യക്തിയായി ആ പതിനാലുകാരൻ മാറി. കുട്ടികളെ വ്യവസ്ഥാപിതമായി വിചാരണ ചെയ്ത് ജയിലിലടയ്ക്കുന്ന ലോകത്തിലെ ഏക രാജ്യം ഇസ്രായേൽ മാത്രമാണ്. ഇസ്രായേലി മാധ്യമങ്ങളാകട്ടെ അവരുടെ ആക്രമണങ്ങളെയും അകാരണമായ തടങ്കൽ വിധികളെയും ന്യായീകരിക്കുന്നതിനായി, പലസ്തീനിലെ അയ്‌ഹാമിനെ പോലുള്ള കുട്ടികളെ രാജ്യസുരക്ഷാ ഭീഷണിയായും തീവ്രവാദികളായും മുദ്രകുത്താനുള്ള നിരന്തര ശ്രമങ്ങൾ നടത്തുന്നുമുണ്ട്.
പലസ്തീനിലെ വംശഹത്യ വ്യാപിക്കുമ്പോൾ, ഇനിയുമൊരുപാട് കുട്ടികളും മുതിർന്നവരും നമ്മുടെ കണ്മുന്നിൽ കൊല്ലപ്പെടും, ലോക മാധ്യമങ്ങളുടെ തലക്കെട്ടുകൾ അവരെ മറന്നുപോകും, അല്ലെങ്കിൽ അവഗണിക്കും. കൊല്ലപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുമായി ചാനൽ അഭിമുഖങ്ങളുണ്ടാവില്ല, അവരുടെ കഷ്ടതകൾ വരച്ചുകാട്ടുന്ന കൊളാഷുകൾ പൊതുവേദികളിൽ പ്രദർശനം ചെയ്യപ്പെടുകയില്ല. ലോക നേതാക്കൾ അവർക്കായി അനുശോചന വചനങ്ങൾ ഉരുവിടുകയില്ല, പലസ്തീൻ കുട്ടികളുടെ ബാല്യകാലം വിജയകരമായി എടുത്തുകളയപ്പെട്ടിരിക്കുന്നു. അവർ മുതിർന്നവരായി ജനിക്കുന്നവരത്രെ.