പലസ്തീൻ ഐക്യദാർഢ്യത്തോട് കേരള സർക്കാരിന്റെ നിലപാടെന്ത്?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

നമ്മൾ കഴിഞ്ഞ വർഷം മുതൽ നടത്തിക്കൊണ്ടിരിക്കുന്ന പരിപാടികളുടെ പേരിൽ തുടരുന്ന ഹറാസ്‌മെന്റിന്റെ ഒരു സ്‌റ്റേജാണിത്.” കേരളത്തിൽ പലസ്തീൻ അനുകൂല, ഇസ്രായേൽ വിരുദ്ധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ പേരിൽ ആന്റി ടെററിസം സ്ക്വാഡ് വീട്ടിലെത്തി രക്ഷിതാക്കളെ ചോദ്യം ചെയ്ത സംഭവത്തെക്കുറിച്ച് സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് ഷീബ സിദ്ദീഖ് പറയുന്നത് ഇങ്ങനെയാണ്. നവംബർ ഏഴിന് എറണാകുളം കലൂർ ജെഎൻഎൽ സ്റ്റേഡിയത്തിൽ ഐഎസ്എൽ ഫുട്ബോൾ മത്സരം കാണാനെത്തിയ റിജാസ്, അബ്ദുള്ള, അമീൻ, മിദ്ലജ് എന്നിവരെ കഫിയ്യ ധരിച്ചതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് അഞ്ച് മണിക്കൂറുകളോളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തിരുന്നു. മതം ജീവിതചര്യയുടെ ഭാഗമാണോ, എന്തൊക്കെയാണ് വായിക്കുന്നത്, മദ്രസയിൽ എത്രവരെ പഠിച്ചിട്ടുണ്ട് എന്നതുൾപ്പെടെയുള്ള ചോദ്യങ്ങളാണ് പൊലീസ് അന്ന് അവരോട് ചോദിച്ചത്. ഇതുകൂടാതെ കുടുംബാംഗങ്ങളുടേത് ഉൾപ്പെടെയുള്ള വിവരങ്ങളും രേഖപ്പെടുത്തി. മാച്ചിൽ പ്രതിഷേധ പരിപാടികൾ നടത്താനുള്ള പദ്ധതികളൊമൊന്നുമായിട്ടല്ല വന്നതെന്ന് ബോധ്യപ്പെടുത്താൻ ഇവർ ശ്രമിച്ചിരുന്നുവെങ്കിലും പൊലീസ് നടപടിയുണ്ടായി.

പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ജനങ്ങൾക്കിടയിൽ തുടർച്ചയായ ആശയപ്രചാരണം നടത്തുന്നതുകാരണമാണ് തങ്ങളെ പൊലീസ് ലക്ഷ്യമിടുന്നത് എന്ന് റിജാസും അബ്ദുള്ളയും പറയുന്നു.

“എല്ലാവരും സ്വന്തം പാർട്ടിയുടെ കീഴിലാണ് പലസ്തീൻ അനുകൂല പരിപാടികൾ നടത്തുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന പരിപാടികളല്ല അവ. പലസ്തീനിലെ പ്രതിരോധം കാണുമ്പോൾ ഒരു പൊതു ആവശ്യത്തിന് വേണ്ടി എല്ലാവരും വ്യത്യാസങ്ങളും വിമർശനങ്ങളും ഉണ്ടാകുമ്പോഴും ഐക്യത്തോടെ നിൽക്കുകയാണ്. അതിൽനിന്നും ആവേശമുൾക്കൊണ്ട് പല രാഷ്ട്രീയമുള്ള ആളുകൾ, ജോലിയുള്ളവരും ഇല്ലാത്തവരും, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പാർട്ടികളിലുള്ളവർ, കമ്മ്യൂണിസ്റ്റുകൾ, ഒരു പാർട്ടിയിലും ഇല്ലാത്തവർ, ക്വിയർ ആയ വ്യക്തികൾ എന്നിവർ മുന്നോട്ടുവന്ന്, സൊസൈറ്റിയിലെ മിക്‌സ് ആയിട്ടുള്ള ആളുകൾ നിൽക്കുന്നൊരു കളക്ടീവ് ആണ് ‘ഫ്രന്റ്സ് ഓഫ് പലസ്തീൻ’. നവംബർ 12നാണ് ‘ഫ്രന്റ്സ് ഓഫ് പലസ്തീൻ’ രൂപീകരിച്ചത്. അന്ന് നമ്മൾ ലോങ് മാർച്ച് നടത്തി. മക്‌ഡൊണാൾഡ്‌സിലേക്ക് ആളുകൾ വരുമ്പോൾ മക്‌ഡൊണാൾഡ്‌സ് ഐഡിഎഫിനെ (ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്) സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന പാംഫ്‌ലെറ്റ് വിതരണം ചെയ്തു.” റിജാസ് ഫ്രന്റ്സ് ഓഫ് പലസ്തീനിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു.

റിജാസ് പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ. കടപ്പാട് : intagram, maktoob

“ഇസ്‌ലാമോഫോബിയയ്ക്കും ഹിന്ദുത്വ സംഭവങ്ങൾക്കുമെല്ലാം എതിരെ ബാനറുകൾ വെക്കാൻ തുടങ്ങി. മട്ടാഞ്ചേരിയിൽ ഒരു സയണിസ്റ്റ് സ്ത്രീ പലസ്തീൻ അനുകൂല ബാനർ കീറിയപ്പോൾ ബാനർ വെച്ചു. അത് പൊലീസ് നീക്കം ചെയ്തിരുന്നു. പിന്നെ ദൂരദർശനിൽ ‘കേരള സ്റ്റോറി’ സ്‌ക്രീൻ ചെയ്തപ്പോൾ നമ്മൾ ദൂരദർശൻ ഓഫീസിന് മുന്നിൽ ബാനർ കെട്ടിയിരുന്നു. ഇൻഡിപെൻഡന്റ് ആയി നടത്തുന്ന പരിപാടികളുമായി നമ്മൾ സഹകരിക്കാറുണ്ട്. അങ്ങനെയുള്ള ഓൺലൈൻ, ഓഫ്‌ലൈൻ പരിപാടികളിലേക്ക് ഫ്ലാഗ് സപ്ലൈ ചെയ്യാറുണ്ട്.” റിജാസ് പറ‍ഞ്ഞു.

“എൻഐടി കാലിക്കറ്റിലെ ഒരു പ്രോഗ്രാമിൽ ഞാൻ സ്പീക്കറായിരുന്നു. ആ പരിപാടിക്ക് ശേഷം അതിന്റെ സംഘാടകരെ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) വിളിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ് ഓഫ് പലസ്തീൻ പലസ്തീൻ വിഷയം മാത്രമല്ല സംസാരിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന സൈലന്റ് ആയതും ലൗഡ് ആയതുമായ വംശഹത്യകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കശ്മീരിന്റെ വിഷയമായാലും ബസ്തറിൽ ആദിവാസികളെ കൊല്ലുന്ന ഏരിയൽ ബോംബിങ്ങിലുള്ള ഇസ്രായേലിന്റെ കോംപ്ലിസിറ്റി – ഇസ്രായേലി ഡ്രോണുകൾ ഉപയോഗിക്കുന്ന വിഷയമായാലും. അവിടെയും ഇവിടെയും കോർപ്പറേറ്റുകളെ സഹായിക്കുന്നു. രണ്ടിടത്തും ഇൻഡിജീനസ് റസിസ്റ്റൻസിനെ ഉയർത്തിക്കാണിക്കുന്ന രീതിയിലാണ് നമ്മൾ രാഷ്ട്രീയം സംസാരിക്കുന്നത്. ഇത് സ്വാഭാവികമായും സ്‌റേറ്റിന് പ്രശ്‌നമാകുന്നുണ്ട് എന്ന് ‌‍‍‍ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. പിന്നീട് കോഴിക്കോട്, കണ്ണൂർ, മലപ്പുറത്തൊക്കെ നമ്മളും വേറെ ഗ്രൂപ്പുകളുമായി കൊളാബൊറേറ്റ് ചെയ്ത് പരിപാടികൾ നടത്തുമ്പോൾ എല്ലാത്തിലും ഞാൻ സ്പീക്കറായിട്ടുണ്ട്. അപ്പോഴെല്ലാം പരിപാടി കഴിയുമ്പോൾ ഇതുപോലെ ഓർഗനൈസർമാരെയും വന്ന ആളുകളെയുമെല്ലാം സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പേടിപ്പിക്കാറുണ്ട്. ഞാനുമായിട്ടുള്ള ബന്ധം കട്ട് ചെയ്യണം എന്ന് പറയാറുണ്ട്. നിരന്തരം പരിപാടികൾ നടത്തുന്നവരുടെ ബാക്ക്ഗ്രൗണ്ട് പരിശോധിക്കാറുണ്ട്. അതിൽ ഒരാളാണ് അബ്ദുള്ള. അബ്ദുള്ള പള്ളിയിലെ കത്തീബ് ആണ്. പയ്യന്നൂരിലായിരുന്നു ജോലി, പൊലീസിന്റെ ഹറാസ്‌മെന്റ് കാരണം ആ ജോലി നഷ്ടപ്പെട്ടു. ഞങ്ങളെ നിരന്തരം പരിപാടികളിൽ ഒരുമിച്ച് കാണുന്നതുകൊണ്ട് നമ്മൾ രണ്ടുപേരും വേറെന്തോ സംഘടനയുടെ പ്രവർത്തകരാണ് എന്ന രീതിയിലുള്ള നറേറ്റീവ് ഇവർ കൊണ്ടുവരുന്നുണ്ട്.” ഒരു വർഷമായി തുടരുന്ന പൊലീസിങ്ങിന്റെ അനുഭവങ്ങൾ റിജാസ് വിശദീകരിച്ചു.

“കോഴിക്കോട് സ്റ്റാർബക്‌സിന് അടുത്തായി നടന്ന പ്രോഗ്രാമിൽ ഞങ്ങൾ ഇസ്രായേലിന്റെ കൊടി കത്തിച്ച ദിവസമാണ് പൊലീസിന്റെ ഹറാസ്‌മെന്റ് കൂടിയത്. അന്നാണ് ഇവർ എല്ലാവരെയും വിളിച്ച് വിഷയമാക്കിയത്. പിന്നീട് ഫ്രണ്ട്‌സ് ഓഫ് പലസ്തീൻ ഒരു പരിപാടി നടത്തുന്നത് മനോരമ ഹോർത്തൂസിന്റെ അന്നാണ്. അന്ന് അവിടെ കൊക്കക്കോള ഫ്രീയായി കൊടുക്കുന്നുണ്ടായിരുന്നു. സെഷനിൽ ഗാസയുടെ ചരിത്രം എന്നൊക്കെ വിഷയമുണ്ട്. മറുസൈഡിൽ കൊക്കക്കോള ഫ്രീയായി കൊടുക്കുകയാണ്. ഈ ഹിപ്പോക്രസിക്കെതിരെ, കൊക്കകോളയ്‌ക്കെതിരെ, മനോരമയ്‌ക്കെതിരെ ബീച്ചിൽ പാട്ടൊക്കെ പാടി, ആയുധ കയറ്റുമതിക്കെതിരെ പാംഫ്‌ലെറ്റ് വിതരണം ചെയ്തു. ഞാൻ മാത്രമേ ആ പരിപാടിയിൽ സംസാരിച്ചുള്ളൂ. സംസാരിക്കുമ്പോഴെല്ലാം ഞങ്ങളുടെ ഫോട്ടോയും വീഡിയോയുമെല്ലാം എടുത്തു. ആ പരിപാടിയിൽ കയ്യടിച്ച ആളുകളുടെ ഫോട്ടോകൾ വരെ അവർ എടുത്തു. നല്ല പ്രതികരണമുണ്ടായിരുന്നു. എട്ടോളംപേരാണ് അന്ന് ഉണ്ടായിരുന്നത്. ‘Unoccupy’ എന്നാണ് വിതരണം ചെയ്ത പാംഫ്ലെറ്റിന്റെ തലക്കെട്ട്.

മലയാള മനോരമയുടെ ഹോർത്തൂസ് പരിപാടിക്കിടെ വിതരണം ചെയ്ത പാംഫ്‌ലെറ്റ്

ഇസ്രയേലിന്റെ സെറ്റ്‌ലർ കൊളോണിയലിസം, വംശഹത്യയിലെ ഇന്ത്യയുടെ കുറ്റകരമായ പങ്കാളിത്തം, പിന്നെ അക്കാദമിക, സാംസ്കാരിക ബഹിഷ്‌കരണ ക്യാംപെയ്ൻ, ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് തൊഴിലാളികളെ അയക്കുന്നതിനെതിരെയും അതിൽ പറയുന്നുണ്ട്. എല്ലാത്തരത്തിലും ഇസ്രായേലുമായിട്ടുള്ള ഇടപാടുകളിൽ നിന്ന് പിന്മാറണം എന്ന് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നുമുണ്ട്. പൊലീസിനെയും സുരക്ഷാ സൈന്യത്തെയും പരിശീലിപ്പിക്കുന്നതിൽ നിന്നും ഇസ്രായേൽ പിന്മാറണം, ആയുധ സാങ്കേതികവിദ്യയിലും സർവൈലൻസ് ടെക്‌നോളജിയിലും ഇന്ത്യയ്ക്ക് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളിൽനിന്നും പിന്മാറണം. പരിപാടികളിൽ പങ്കെടുക്കാനുള്ള ആഹ്വാനം നൽകിക്കൊണ്ടാണിത് അവസാനിക്കുന്നത്.” റിജാസ് പറഞ്ഞു.

മലയാള മനോരമയുടെ ഹോർത്തൂസ് പരിപാടിക്കിടെ വിതരണം ചെയ്ത പാംഫ്‌ലെറ്റ്

2016ൽ ആംനസ്റ്റി ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം യുനെെറ്റഡ് സ്റ്റേറ്റ്സിലെ നിരവധി പൊലീസ് വകുപ്പുകളിൽനിന്നും ഉദ്യോഗസ്ഥർ ഇസ്രയേലിലേക്ക് പരിശീലനം നേടുന്നതിനായി പോയതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2018ൽ ഇന്ത്യയിൽ നിന്നും 75 ഐപിഎസ് ഉദ്യോഗസ്ഥർ ഇസ്രയേലിൽ പരിശീലനത്തിനായി പോയി. 2020ൽ ജമ്മു കശ്മീരിലെ സെെനിക നടപടികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇസ്രായേലി പൗരാവകാശ പ്രവർത്തകർ ഇസ്രായേലി സുപ്രീംകോടതിയിൽ, ഇന്ത്യൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇസ്രയേലിൽ പരിശീലനം നൽകുന്നതിനെതിരെ ഹർജി സമർപ്പിച്ചിരുന്നു. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിന് തുല്യമാണ് എന്നായിരുന്നു കോടതിയുടെ പ്രതികരണം. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ പ്രവർത്തനങ്ങളിൽ സാമൂഹ്യമാധ്യമ സർവൈലൻസ് സംവിധാനങ്ങൾക്കായി ഇന്ത്യ ഇസ്രായേൽ നിർമ്മിത സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ന്യൂനപക്ഷ അവകാശ പ്രശ്നങ്ങളും അതിലെ സർക്കാരിന്റെ നയപരമായ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഇരുപത്തിയാറുകാരനായ മാധ്യമപ്രവർത്തകനാണ് എറണാകുളം സ്വദേശിയായ റിജാസ്. ഒക്ടോബർ 28ന് കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ പ്രാർത്ഥനായോഗത്തിൽ നടന്ന ബോംബ് സ്ഫോടനത്തെ തുടർന്ന് അഞ്ചോളം മുസ്ലീം പുരുഷന്മാരെ കേരള പൊലീസ് കരുതൽ തടങ്കലിലാക്കാനുള്ള നീക്കം നടത്തിയിരുന്നു. അതിലൊരാളെ കുറിച്ച് റിപ്പോർട്ട് ചെയ്തതിന് വടകര പൊലീസ് റിജാസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. റിജാസിന്റെ മാധ്യമപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും തുടർച്ചയായ പൊലീസ് നടപടികൾ നേരിടുകയും ചെയ്തിട്ടുണ്ട്. ഹോർത്തൂസിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ഒരാളോട്, ഇത്തരത്തിലുള്ള പരിപാടിക്ക് പോയാൽ യുഎപിഎ എടുക്കുമെന്ന് കുന്ദമംഗലം പൊലീസ് ഭീഷണിപ്പെടുത്തിയതായും റിജാസ് പറഞ്ഞു.

അഞ്ചുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനെ കുറിച്ച് റിജാസ് പറയുന്നത് ഇങ്ങനെ,

“അബ്ദുള്ളയോട് പള്ളിയിൽ പൊലീസ് പോയ ശേഷം പള്ളിക്കാർ വിശദീകരണം ചോദിച്ചു. മുസ്ലീംലീഗ് ഭരണത്തിലുള്ള പള്ളിയാണ്. അവിടെനിന്ന് തിരിച്ച് തിരുവനന്തപുരം പോകുന്ന വഴിയിൽ എറണാകുളത്ത് ഇറങ്ങി എന്റെ വീട്ടിലേക്ക് വന്നു. അപ്പോളാണ് ഐഎസ്എലിന്റെ കളി കാണാൻ പോകുന്നത്, അന്ന് കോഴിക്കോട് പരിപാടിയിൽ ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകനും ഉണ്ടായിരുന്നു. ഞങ്ങളോട് പൊലീസ് ചോദിച്ചത്, നിങ്ങൾ മദ്രസയിൽ എത്രവരെ പോയിട്ടുണ്ട്, എന്തൊക്കെ പഠിച്ചിട്ടുണ്ട് എന്നെല്ലാമാണ്. ഞാൻ മാസ്റ്റർമൈൻഡ് ചെയ്ത പരിപാടിയാണെന്ന രീതിയിലാണ് സംസാരിച്ചത്. പക്ഷേ, എന്നെ ഇവരാണ് പരിപാടിക്ക് വിളിച്ചത്. നമ്മൾ കഫിയ്യ ധരിച്ച് കളികാണാൻ പോകുക മാത്രമേ ചെയ്തിട്ടുള്ളൂ. 24 ന്യൂസിലും ന്യൂസ് 18ലും വ്യാജവാർത്ത വന്നത് പലസ്തീൻ പതാകയുമായി പിടിച്ചു എന്നാണ്. ടിക്കറ്റ് നമ്മുടെ കയ്യിലുള്ളത് കാണിച്ചുകൊടുത്തിട്ടും നല്ല ഹറാസ്‌മെന്റ് ആയിരുന്നു.

2023 നവംബർ ‌12ന് ഫ്രണ്ടസ് ഓഫ് പലസ്തീൻ കൊച്ചിയിൽ സംഘടിപ്പിച്ച ലോം​ഗ് മാർച്ച്. കടപ്പാട്:intagram

ഉപദേശം എന്ന നിലയ്ക്ക് ഇവർ പറയുന്നത്, “ഒരു ഗുണ്ടയുണ്ടായിരുന്നു, ആ ഗുണ്ട ചോര തുപ്പി മരിച്ചു” എന്നാണ്. ഞങ്ങളിൽ മൂന്ന് പേർ റിലീജ്യസ് ആണ്, ഞാൻ റിലീജ്യസ് ബാക്ക്ഗ്രൗണ്ട് ഉള്ളയാളും. നമ്മളോട് പറയുന്നത് ഇങ്ങനെയാണ്, “സ്വർഗം എവിടെയാണ്? ഉമ്മാന്റെ കാൽച്ചുവട്ടിൽ. ഉമ്മാനെ നിങ്ങൾ സന്തോഷിപ്പിക്കാണ്ട് ഇമ്മാതിരി പരിപാടികളിൽ നടന്നാൽ എന്താ ഗുണം? സ്വന്തം കാര്യം നോക്കി ജീവിക്കെടാ…” സ്വന്തം കാര്യം നോക്കി ജീവിക്കുക എന്ന ഐഡിയയാണ് ഇവർ പ്രചരിപ്പിക്കുന്നത്. അഞ്ച് മണിക്കൂർ കഴിഞ്ഞ് രണ്ട് സുഹൃത്തുക്കൾ വന്നപ്പോൾ നമ്മളെ വിട്ടയച്ചു, ആധാർ കാർഡ് എടുത്ത് ഫോട്ടോയെടുത്തു, എല്ലാവരുടെയും മഗ്‌ഷോട്ട് എടുത്തു. നേരെ നിന്നും സൈഡ് നിന്നും ഉള്ള ഫോട്ടോയെല്ലാം എടുത്തു. ഈ ഫോട്ടോ ആണ് ഇവർ നമ്മളെ സസ്‌പെക്റ്റ് ആയി വിടുമ്പോൾ തിരിച്ചറിയുന്നതിനായി ഗ്രൂപ്പുകളിലേക്ക് അയക്കുക. എന്നെ അവിടെ കൊണ്ടുവന്നപ്പോൾ എറണാകുളത്തെ സ്‌പെഷ്യൽ ബ്രാഞ്ചുകാർ അവിടെ വന്നു. അപ്പോൾ വേറൊരു പ്ലാനുമായി വന്നതാണ് എന്നുള്ള നറേറ്റീവ് ആയി മാറി. ബാക്കിയുള്ളവരോട്, റിജാസ് നിങ്ങളെ വിളിച്ചുവരുത്തിയതാണോ എന്ന് പൊലീസ് ചോദിക്കുന്നുണ്ട്. ഞങ്ങളാണ് റിജാസിനെ വിളിച്ചത് എന്ന് അവരും പറയുന്നുണ്ട്. അബ്ദുള്ള എന്റെ വീട്ടിൽ താമസിച്ചതുകൊണ്ട് അബ്ദുള്ളയോട് ചോദിച്ചത്, റിജാസ് നിങ്ങളോട് ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് എന്താണ് സംസാരിച്ചത്? രാവിലെ എഴുന്നേറ്റതിന് ശേഷം എന്ത് സംസാരിച്ചു എന്നൊക്കെയാണ്. എല്ലാവരുടെയും കാര്യത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ബന്ധുക്കളെ വിളിച്ച് അന്വേഷിക്കാനൊക്കെ തുടങ്ങിയിട്ടുണ്ട്. അപ്പോഴും എന്റെ വീട്ടിൽ വന്നിട്ടുണ്ടായിരുന്നില്ല. ഞാൻ ഹോസ്പിറ്റലിലേക്ക് പോകാനിറങ്ങിയ സമയത്ത് മറ്റൊരു ആവശ്യത്തിന് രവിപുരത്തേക്ക് പോകുന്ന വഴിയിലാണ് എനിക്ക് അൺനോൺ നമ്പറിൽനിന്ന് കോൾ വന്നത്. ആരാണെന്ന് ചോദിച്ചപ്പോൾ പൊലീസ് ആണെന്ന് പറഞ്ഞു, പൊലീസിൽ ആരാണ് എന്ന് ചോദിച്ചപ്പോൾ പൊലീസ് തന്നെയാണ് എന്ന് ആവർത്തിച്ചു. റാങ്ക് എന്താണെന്ന് ചോദിച്ചപ്പോൾ എടിഎസ് ആണെന്ന് പറഞ്ഞു. എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ കാണണം എന്ന് പറഞ്ഞു. ഞാനിപ്പോൾ ഒരു സ്ഥലത്തേക്ക് പോകുകയാണ്, വൈകീട്ട് സംസാരിക്കാമെന്ന് പറഞ്ഞപ്പോൾ അയാൾ ഓക്കെ പറഞ്ഞു. പക്ഷേ ഞാൻ പോയി തിരിച്ച് വന്നുകൊണ്ടിരിക്കുമ്പോൾ 12.33ന് ഉമ്മച്ചി വിളിച്ചു. രണ്ട് എടിസ്‌ വീട്ടിൽ വന്നിട്ടുണ്ട്, ടെൻഷനടിച്ചിട്ടാണ് സംസാരിക്കുന്നത്, ഞാൻ വന്നാലേ അവർ പോവുകയുള്ളൂ എന്ന് പറയുന്നതായി പറഞ്ഞു. ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കി ഞാൻ വീട്ടിൽ വന്നു. വന്നപ്പോൾ അവർ അവിടെയില്ല. ഉമ്മച്ചിയോട് ചോദിച്ച ചോദ്യങ്ങൾ ഞാൻ റിലീജ്യസ് ആണോ, ഞാൻ വായിക്കുന്ന ബുക്ക് എന്താണ്, എന്തൊക്കെയാണ് സംസാരിക്കുന്നത്, വീട്ടിൽ രാഷ്ട്രീയം ചർച്ച ചെയ്യാറുണ്ടോ, ആരെങ്കിലും വരാറുണ്ടോ, എവിടെയാണ് പോകുന്നത്, പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ് ഇത്രയും നാൾ ആയില്ലേ, വേറെ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്നെല്ലാമാണ്”.

ഇങ്ങനെയുള്ള ചോദ്യം ചെയ്യലുകൾ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് നേരിടുന്നതാണെന്നും ഇത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആയതുകൊണ്ടാണ് ഇതിന്റെ സ്വഭാവം മാറുന്നത് എന്നും റിജാസ് ആശങ്ക പ്രകടിപ്പിച്ചു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഈ വിഷയത്തിൽ ഇടപെടുന്നുണ്ടെങ്കിൽ പലസ്തീൻ അനുകൂല സമരങ്ങളെല്ലാം ടെററിസ്റ്റ് പരിപാടികൾ ആണ് എന്നുള്ളതാണോ നിലപാട് എന്ന് സർക്കാർ വ്യക്തമാക്കണമെന്നും റിജാസ് പറഞ്ഞു. സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാട് പലസ്തീന് അനുകൂലമായതാണെങ്കിലും പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പൊലീസ് സമീപനം ഇതിന് വിരുദ്ധമായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.

“ഉമ്മച്ചിയുടെയും വാപ്പച്ചിയുടെയും ഇക്കാക്കയുടെയും വയസ്സ് ഉൾപ്പെടെയുള്ള വിവരങ്ങൾ അവർ എടുത്തു. ഉമ്മച്ചിക്ക് പേടിയായി. സത്യം പറഞ്ഞാൽ ഈ വിവരങ്ങളെല്ലാം പാലാരിവട്ടം സ്റ്റേഷനിൽനിന്നും എടുത്തിട്ടുണ്ട്. അവിടെ ചോദിച്ചാൽ കിട്ടും. പക്ഷേ ഇതൊരു തരം ഇമോഷണൽ, സൈക്കോളജിക്കൽ ടോർച്ചറാണ്. ഞങ്ങൾ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഞങ്ങൾ താമസിക്കുന്നിടത്ത് എട്ട് ഫ്ലാറ്റുകളേ ഉള്ളൂ. അപ്പോൾ ആര് വന്നാലും അപ്പുറത്തെ വീട്ടുകാർ അറിയും. ഇവർ ഇവിടെ വന്നപ്പോൾ പൊലീസ് ആണെന്നറിഞ്ഞ് അപ്പുറത്തെ വീട്ടുകാർ വന്നു. റിലീജിയസ് ആണോ എന്നൊക്കെ ചോദിച്ചപ്പോൾ ഉമ്മച്ചിക്ക് കാര്യം മനസ്സിലായില്ല. പിന്നെ പലസ്തീന്റെ കാര്യം പറഞ്ഞപ്പോഴാണ് മനസ്സിലായത്. പലസ്തീന് വേണ്ടി ഫണ്ട് കളക്റ്റ് ചെയ്തിട്ടൊന്നും അവിടെ എത്തുന്നില്ല എന്ന് ഇൻഡയറക്ടായി പറഞ്ഞു. എന്റെ മറ്റ് പരിപാടികൾ എന്തൊക്കെയാണ് എന്ന് ചോദിച്ചപ്പോൾ ഫ്ലഡിന്റെ സമയത്തും കോവിഡിന്റെ സമയത്തും ഫണ്ട് കളക്ട് ചെയ്തു കൊടുത്തിരുന്നു കാര്യം ഉമ്മച്ചി പറഞ്ഞു. അതിനെ ഇതുമായി കണക്റ്റ് ചെയ്തു. പൊളിറ്റിക്കലി അവേയർ അല്ലാത്ത ആൾക്കാർ അതിനെ എങ്ങനെ വായിക്കും? ഉമ്മച്ചിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അവർ വീണ്ടും എന്നെ വിളിച്ചു, കാണണം എന്ന് പറഞ്ഞു. എന്തിനാണ് വരുന്നത്. ഓൾറെഡി വീട്ടിൽവന്ന് പ്രശ്‌നമുണ്ടാക്കി പോയതല്ലേ, എല്ലാ ഡീറ്റെയ്ൽസും കിട്ടിയതല്ലേ എന്ന് ഞാൻ ചോദിച്ചു. കാണേണ്ട ആവശ്യമുണ്ട് ഇന്ന സ്ഥലത്തേക്ക് വരാമോ എന്ന്. കുറച്ചുകഴിഞ്ഞ് വരാം എന്ന് ഞാൻ പറഞ്ഞു. എന്നാൽപ്പിന്നെ വീട്ടിലേക്ക് വരാം എന്ന് ഭീഷണി സ്വരത്തിൽ സംസാരിച്ചു. മൂന്ന് മണിക്ക് ഇവർ പറഞ്ഞ സ്ഥലത്തുവെച്ച് കാണാം എന്ന് പറഞ്ഞു. എന്നാൽ വീണ്ടും എന്നെ വിളിച്ച് പിന്നെ കാണാം എന്ന് പറഞ്ഞു.

കുസാറ്റ് യൂണിവേഴ്‌സിറ്റിക്ക് ടെൽ അവീവ് യൂണിവേഴ്‌സിറ്റിയുമായി കൊളാബൊറേഷൻ ഉണ്ടായിരുന്നു. കേരള ഗവണ്മെന്റും ഇസ്രായേൽ ഗവണ്മെന്റും തമ്മിൽ ഒരു അഗ്രികൾച്ചറൽ ഡീൽ ഉണ്ടായിരുന്നു. ഇതെല്ലാം നമ്മൾ പുറത്തേക്കുകൊണ്ടുവന്നു. നമ്മളിതെല്ലാം ചർച്ച ചെയ്യുന്നുണ്ട്. അത് കൂടാതെ ബംഗാളിലെ സിപിഐഎം ഗവണ്മെന്റ് ഇസ്രായേൽ ഗവണ്മെന്റിനെ ഭയങ്കരമായി പുകഴ്ത്തിയിട്ടുണ്ട്. ബുദ്ധദേവ് ഭട്ടാചാര്യയും ജ്യോതി ബസുവുമൊക്കെ, ഇസ്രായേൽ ലിവിങ് ഫോം ഓഫ് കമ്മ്യൂണിസം ആണെന്ന് പറഞ്ഞിട്ടുണ്ട്. പലസ്തീനെ പിന്തുണയ്ക്കുന്നുണ്ട്, ഇസ്രായേൽ വഴിയുള്ള സാമ്പത്തിക നേട്ടങ്ങൾ തള്ളിക്കളയാൻ വയ്യ എന്ന നിലപാടാണ്. ഇസ്രായേൽ പലസ്തീൻ ഒരു വിഷയമാണെങ്കിലും, വലിയൊരു സാമ്രാജ്യത്വം, അവരുടെ താൽപര്യങ്ങൾ ഒക്കെ പറഞ്ഞുവരുമ്പോൾ തനിയെ ഇന്ത്യയുടെ പ്രശ്‌നങ്ങൾ പറയേണ്ടിവരും. അങ്ങനെ സംസാരിക്കുമ്പോൾ ഈ പറയുന്ന പാർട്ടികളെല്ലാം അതിൽ complicit ആണ്. രത്തൻ ടാറ്റയെക്കുറിച്ച് പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയിൽ സഹായിച്ച ആൾ എന്നാണ്. രത്തൻ ടാറ്റയുടെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് എന്ന ഡിഫൻസ് കമ്പനിയാണ് ഇസ്രായേലിന് ആയുധങ്ങൾ വിതരണം ചെയ്യുന്നത്. അതുകൂടാതെ ഇന്ത്യയിൽ വംശഹത്യയ്ക്കും രത്തൻ ടാറ്റയ്ക്ക് പങ്കുണ്ട്. ഒഡീഷയിലെ കലിംഗ നഗറിൽ പതിനാറ് ആദിവാസികളെ കൊന്നിട്ടുണ്ട്.

പൊലീസ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്ന ഫ്രണ്ട്സ് ഓഫ് പലസ്തീന്റെ പോസ്റ്റർ.

ഇത് ഒരു രാജ്യത്തിന്റെ പ്രശ്‌നം മാത്രമല്ല മൂന്നാംലോക രാജ്യങ്ങൾക്ക്, അടിച്ചമർത്തപ്പെട്ട രാജ്യങ്ങൾക്കെല്ലാം പ്രശ്‌നമാണ്. വളരെ വൈകാരികമായിട്ടല്ല ഇതിനെ സമീപിക്കുന്നത്, സ്റ്റാറ്റിസ്റ്റിക്‌സ് വെച്ചാണ് സംസാരിക്കുന്നത്. ഇത്ര കുട്ടികൾ മരിച്ചു, കുട്ടികൾ മാത്രം മരിക്കുമ്പോൾ പ്രശ്‌നമുണ്ടാകുന്നു, അതുമാത്രമല്ല നമ്മൾ സംസാരിക്കുന്നത്. അതാണ് ഇവർക്ക് പ്രശ്‌നം. ട്രോമ മാത്രം ബിൽഡ് ചെയ്തിട്ട് പോകാം എന്നുള്ള ലൈൻ. ഡൊണേഷൻസ് നടത്താൻ പറയും, അതിലൂടെ ചാരിറ്റിയാണ് എൻകറേജ് ചെയ്യുന്നത്. ഇന്ത്യ ആയുധങ്ങളും മരുന്നുകളും കൊടുക്കുന്നുണ്ട്, ആയുധങ്ങൾ കൊടുക്കുന്നത് നിർത്തിക്കഴിഞ്ഞാൽ മരുന്ന് കൊടുക്കേണ്ട ആവശ്യമില്ലല്ലോ. മരുന്നുകൾ കൊടുക്കേണ്ടിവരുന്നത് ആയുധങ്ങൾ കൊടുക്കുന്നതുകൊണ്ടാണ്. അബ്ദുള്ള കേരള വോയ്‌സ് ഫോർ പലസ്തീന്റെ പ്രസിഡന്റ് ആണ്. അവരുമായി സഹകരിച്ചും നമ്മൾ പരിപാടികൾ നടത്തുന്നുണ്ട്. അവരിലേക്കും ഫോൺ കോളുകൾ പോകുന്നുണ്ട്. ഇതുപോലുള്ള സ്വതന്ത്രമായ കൂട്ടായ്മകളിൽ പ്രത്യേകിച്ച് ഒരു മുസ്ലീം പശ്ചാത്തലമുള്ള ആളുകൾ അംഗങ്ങളാകുമ്പോൾ അവരിലേക്കാണ് കൂടുതൽ കോളുകൾ പോകുന്നത്.

കുറച്ചു ദിവസങ്ങളായി ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. അതിൽ അവർ ചോദിക്കുന്നതും വീട്ടിൽ വരുന്ന പൊലീസ് ചോദിക്കുന്നതും റിലീജിയസ് ആണോ എന്നാണ്. രണ്ടുമൂന്ന് മലയാളി പ്രൊഫൈലുകളും കമന്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ജിഹാദിയാണ് എന്ന് ആക്‌സെപ്റ്റ് ചെയ്യില്ല. Why are you ashamed to accept yourself as a muslim? എന്നെല്ലാമാണ് കമന്റുകൾ.” റിജാസ് പറഞ്ഞു.

1.20 കോടി രൂപയാണ് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരള സര്‍ക്കാരിന് മാത്രം ആഭ്യന്തര വകുപ്പ് നല്‍കുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനാണ്.

കേരള സർക്കാർ എ.ടി.എസ്സിന് അനുവദിച്ച ഫണ്ട്. 2024 ജനുവരിയിലെ ഉത്തരവ്.

കേരളത്തിൽ വർഷങ്ങളോളം കഫിയ്യ ധരിച്ച് നടന്ന വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ അബ്ദുള്ള. അത് അസാധാരണമായ അനുഭവങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നും അബ്ദുള്ള പറയുന്നു.

“കഫിയ്യ എന്നത് പ്രതിരോധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ചിഹ്നമാണ്. പക്ഷേ ഇവിടെ ഇവർ അതിനെ കാണുന്നത് ഭീകരവാദത്തിന്റെ ചിഹ്നമായിട്ടാണ്. കഫിയ്യ ഭീകരവൽക്കരിക്കപ്പെടുന്നു എന്നുള്ളതാണ്, അത് ധരിച്ചുവരുന്നവരെല്ലാം ഭീകരർ ആയിരിക്കും എന്നൊരു ധാരണയാണ്. പലസ്തീൻ പ്രശ്‌നം തുടങ്ങിയതിനു ശേഷമാണ് ഇങ്ങോട്ടൊക്കെ ആളുകൾ കഫിയ്യ ധരിച്ചുതുടങ്ങിയത്. ഞാൻ അതിനുമുമ്പേ കഫിയ്യ ധരിക്കുന്ന ആളാണ്. അറിവുവെച്ച കാലം തൊട്ടേ പലസ്തീൻ വിഷയവും ഇസ്രായേൽ വിഷയവുമൊക്കെ വായിക്കുന്നൊരു വ്യക്തിയാണ്. വർഷങ്ങളായി കഫിയ്യ ഉപയോഗിക്കുന്നയാളാണ്. താടിയും തൊപ്പിയും വെച്ചവരെല്ലാം ഭീകരവാദികളാണ് എന്നാണല്ലോ പൊതുസമൂഹത്തിന്റെ മുമ്പിൽ ചിത്രീകരിക്കപ്പെടുന്നത്. കഫിയ്യ ധരിച്ച് ബസ്സിലൊക്കെ യാത്ര ചെയ്യുമ്പോൾ ഒരുപാട് ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. അതനുസരിച്ച് തിരിച്ച് പ്രതികരിക്കാതെ ചിരിച്ചുകൊണ്ട് പോയിട്ടേ ഉള്ളൂ. ഞാൻ വന്ന് ഇരുന്നപ്പോൾ ആഹാരം കഴിക്കുന്ന ബെഞ്ചിൽനിന്ന് എഴുന്നേറ്റ് പോയ ആളുകളുണ്ട്. ആളുകൾ അത്രമാത്രം ഇതിനോട് ശത്രുത കാണിക്കുന്നുണ്ട്, സ്‌റ്റേറ്റും മീഡിയയും. സോഷ്യൽ മീഡിയയിൽ ഇത് നല്ലവണ്ണം പ്രചരിക്കുന്നുണ്ട്. ഞാനൊരു മുസ്ലീമും കൂടെ ആയതുകൊണ്ട് അവർക്ക് എളുപ്പമാണല്ലോ. ഇന്ത്യ എന്ന് പറയുന്നത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണല്ലോ. കൺമുന്നിൽ നടക്കുന്നൊരു വംശഹത്യയാണ്. അതിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്നത് കുട്ടികളാണ്. ഇന്ത്യയിലെ രാഷ്ട്രീയം ആ കൊല്ലപ്പെടുന്നവരുടെ മതം വെച്ചാണ് നോക്കുന്നത്. കൊല്ലപ്പെടുന്നത് മുസ്ലീം ആണല്ലോ എന്ന്. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നതും ന്യൂനപക്ഷത്തെ അടിച്ചമർത്തുക എന്നതാണ്. അങ്ങനെയൊരു പൊതുബോധം ജനങ്ങൾക്കിടയിൽ എത്തിക്കാൻ കഴിയുന്നില്ല. എത്തിക്കാൻ ഇറങ്ങിക്കഴിഞ്ഞാൽ ഇതാണ് അവസ്ഥ.”

പ്രത്യക്ഷത്തിൽ പലസ്തീൻ അനുകൂലമാണെന്ന് പറയുന്നുണ്ടെങ്കിലും സർക്കാരിന്റെ പ്രവർത്തനവും നേരെ വിപരീതമാണ് എന്നാണ് മനസ്സിലാക്കുന്നത് എന്നും അബ്ദുള്ള പറയുന്നു. “നമ്മൾ ഓഫ്‌ലൈനിൽ പരിപാടികൾ നടത്തുന്നുണ്ടല്ലോ. അതുതന്നെയാണ് ടാർഗറ്റ് ചെയ്യപ്പെടാൻ കാരണം. ഞങ്ങളുടെ പേരും ഒരു വിഷയമാണെന്ന് തോന്നുന്നു. പിന്നെ ഞാൻ ചെയ്യുന്ന ജോലി, ഞാൻ ഒരു മത അധ്യാപകനാണ്, അതും ഒരു കാരണമാണ്. അവരുടെ ഇടപെടലിൽ നിന്നും എനിക്ക് അങ്ങനെയാണ് മനസ്സിലായിട്ടുള്ളത്. ഞങ്ങൾ കേരള പൊലീസിന്റെ പെർമിഷൻ എടുത്തിട്ടാണ് പരിപാടികൾ സംഘടിപ്പിച്ച് ഐക്യദാർഢ്യ റാലികൾ നടത്തിയിട്ടുള്ളത്. അതിന് ശേഷവും, നമ്മളെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾ എവിടെയൊക്കെ പോകുന്നു, എന്തൊക്കെ ചെയ്യുന്നു എന്നെല്ലാം അവർക്കറിയാം. ഒരു പ്ലാനുമില്ലാതെ കോഴിക്കോട് ബീച്ചിൽ പോയിരുന്നു, പോസ്റ്ററും കാര്യങ്ങളും കൊണ്ടുപോയിട്ടില്ല. ഞങ്ങൾ മൂന്നുനാലുപേർ ചേർന്ന് ​ഗാസയിൽ മരിച്ച കുട്ടികളുടെ ചിത്ര പ്രദർശനം ചെയ്യാനായിരുന്നു പോയത്. ട്രെയിനിൽ കോഴിക്കോട് ഇറങ്ങാൻ പോകുന്നതിന് മുമ്പ്, കൂടെയുള്ള ആൾക്ക് ആദ്യം കോൾ വന്നു, അതിന് ശേഷം എനിക്കും കോൾ വന്നു. കോഴിക്കോട് പോകുകയാണോ എന്ന് ചോദിച്ചു. പള്ളി കമ്മിറ്റിക്കാരുമായി സംസാരിക്കുന്നതിനിടെ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും കോൾ വന്നു. അതുകൂടെ കേട്ടതോടെയാണ് കമ്മിറ്റി എന്നെ പിരിച്ചുവിടാൻ തന്നെ തീരുമാനിച്ചത്. അദ്ദേഹം എന്നെ വന്ന് നേരിട്ട് കാണുകയും ചെയ്തു. ഞങ്ങളോട് മദ്രസയിൽ എത്രവരെ പഠിച്ചിട്ടുണ്ട് എന്നൊക്കെയാണ് ചോദിച്ചത്. എന്തൊക്കെ പുസ്തകങ്ങൾ വായിക്കുന്നു, ഇതെല്ലാം. കുടുംബത്തിലെ വിശദാംശങ്ങൾ എല്ലാം എഴുതിയെടുത്തിട്ടുണ്ട്. സഹോദരിയുടെ ഭർത്താവിനെ കുറിച്ച് വരെ ചോദിച്ചു. പതിനാലോളം പേർ എന്നെ കോണ്ടാക്ട് ചെയ്തിട്ടുണ്ട്. പരിപാടിയൊക്കെ ഉണ്ടെങ്കിൽ ഞങ്ങൾ അവരെ അറിയിക്കും. അതിനു ശേഷം എവിടെയെങ്കിലും പരിപാടി നടത്തുന്നുണ്ടോ എന്നറിയാൻ അവർ ഇടക്കിടക്ക് വിളിക്കും.” അബ്ദുള്ള പറഞ്ഞു.

2023 നവംബർ ‌12ന് കൊച്ചിയിൽ സംഘടിപ്പിച്ച ലോം​ഗ് മാർച്ചിൽ നിന്നും. കടപ്പാട്:intagram,maktoob

കേരള സര്‍ക്കാരിന്റെ നിലപാടെന്താണ്?

സിപിഐഎം ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ച നാല് പ്രസ്താവനകള്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഇസ്‌ലാമോഫോബിക് സമീപനം പ്രകടമാക്കിയ ഈ സാഹചര്യത്തില്‍ വളരെ പ്രധാനമാകുന്നു. 2023 ഒക്ടോബര്‍ 13ന് സിപിഐഎം പ്രസിദ്ധീകരിച്ച ‘ഇസ്രായേല്‍- ഗാസ വാര്‍, എന്‍ഡ് ദ ഒക്ക്യുപേഷന്‍’ എന്ന പ്രസ്താവനയില്‍ ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെയും ഇസ്രായേലിന്റെ ‘പ്രത്യാക്രമണ’ത്തെയും ഒരുപോലെ അപലപിക്കുന്നുണ്ട്. അതേസമയം, ആഗോള കുത്തക മാധ്യമങ്ങളും പാശ്ചാത്യ ഭരണവര്‍ഗവും മുന്നോട്ടുവെക്കുന്ന, ഇസ്രായേലി അധിനിവേശ ചരിത്രം മറച്ചുപിടിക്കുന്ന നറേറ്റീവിനെ തള്ളിക്കളയണമെന്നും ഓര്‍മ്മിപ്പിക്കുന്നു. ദശാബ്ദങ്ങളായുള്ള പലസ്തീനിയന്‍ ജനതയുടെ അടിച്ചമര്‍ത്തലിന്റെ ചരിത്രത്തില്‍ വെച്ച് വേണം ഹമാസ് ആക്രമണത്തെ മനസ്സിലാക്കാന്‍ എന്നും പറയുന്നു.1967 മുതല്‍ വെസ്റ്റ് ബാങ്കും ഗാസയും ഇസ്രായേല്‍ സായുധ സൈന്യത്തിന്റെ അധിനിവേശത്തില്‍ തുടരുകയാണ്. ഈ പ്രസ്താവനയില്‍ ഗാസയെ ഒരു തുറന്ന ജയില്‍ എന്നും വിശേഷിപ്പിക്കുന്നുണ്ട്. ‘ഇസ്രയേലിന്റെ പ്രധാന പിന്തുണയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് മാരക ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഈ വര്‍ഷങ്ങളിലെല്ലാം യുഎസ്സും അതിന്റെ സഖ്യകക്ഷികളും പലസ്തീന്‍ ജനതയുടെ അടിച്ചമര്‍ത്തല്‍ ഇല്ലാതാക്കുന്നതിനായി ഒന്നും ചെയ്തിട്ടില്ല, അവര്‍ ദ്വിരാഷ്ട്ര വാദത്തിന് വേണ്ടി സംസാരിക്കുന്നുണ്ടെങ്കിലും. ഇപ്പോഴത്തെ സാഹചര്യത്തില്‍, നരേന്ദ്രമോദി യുഎസിന്റെ നിലപാട് തന്നെ പറയുന്നു, തീവ്രവാദ ആക്രമണത്തെ അപലപിക്കുകയും ഇസ്രായേലുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പലസ്തീന്‍ ജനതയുടെ സമരത്തെ കുറിച്ചോ അതിനുള്ള പരിഹാരത്തെ കുറിച്ചോ ഒന്നും പറയുന്നില്ല. പലസ്തീന്‍ ഭൂമിയില്‍ അധിനിവേശം തുടരുവോളം, പലസ്തീനി ജനത അടിച്ചമര്‍ത്തപ്പെടുവോളം ഇസ്രയേലിനോ പശ്ചിമേഷ്യയിലോ സമാധാനമുണ്ടാകുകയില്ല. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ തന്നെ ഇന്ത്യ എപ്പോഴും പലസ്തീന്‍ ജനതയ്‌ക്കൊപ്പം നിന്നു. ഈ തീരുമാനം തുടരേണ്ട സമയാണിത്.’

‘ഇസ്രായേൽ- ഗാസ വാർ എൻഡ് ദി ഒക്ക്യുപേഷൻ’ സിപിഐഎം പ്രസ്താവന

മറ്റൊരു പ്രസ്താവന സിപിഐയുമായി ചേര്‍ന്ന് 2023 ഒക്ടോബര്‍ 28ന് പുറത്തിറക്കിയതാണ്. ‘Stop this genocidal aggression in Gaza- CPIM- CPI joint statement’. യുഎന്‍ അസംബ്ലിയുടെ പ്രമേയത്തില്‍ നിന്നും ഇന്ത്യ വിട്ടുനിന്നതില്‍ ഞെട്ടല്‍ അറിയിക്കുന്ന പ്രസ്താവനയാണ് ഇത്. Protection of civilians and upholding legal and humanitarian obligations എന്നതാണ് പ്രമേയം.

ഇന്ത്യന്‍ വിദേശനയം യുഎസ് സാമ്രാജ്യത്വത്തിന് കീഴ്‌പ്പെട്ട ഒരു സഖ്യകക്ഷിയുടേതിന് സമാനമാണെന്നും മോദി സര്‍ക്കാരിന്റെ, യു.എസ്-ഇസ്രായേല്‍-ഇന്ത്യ ബന്ധം ദൃഢപ്പെടുത്തുന്നതിനുള്ളതാണ് ഈ നിലപാട് എന്നും പ്രസ്താവനയില്‍ വിമര്‍ശിക്കുന്നു. പലസ്തീനിയന്‍ പോരാട്ടത്തോടുള്ള ഇന്ത്യയുടെ ദീര്‍ഘകാല പിന്തുണയെ ഇത് തള്ളിക്കളയുന്നു എന്നും പറയുന്നു. യു.എന്‍ പ്രമേയത്തിന് പിന്നാലെ ഇസ്രായേല്‍ ഗാസ സ്ട്രിപ്പില്‍ ആക്രമണം കടുപ്പിച്ചുവെന്നും പ്രസ്താവന നിരീക്ഷിക്കുന്നുണ്ട്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ പ്രമേയത്തെ മാനിച്ചുകൊണ്ട് അടിയന്തരമായ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നുണ്ട്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

2024 ജൂലൈ 31ന് പുറത്തുവിട്ട ‘Protest against Israeli genocide of Palestinians’ എന്നത് സിപിഐഎം, സിപിഐ, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്, സിപിഐ (എംഎല്‍)- ലിബറേഷന്‍ എന്നീ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവനയാണ്. യുഎന്‍ പ്രമേയം, ഇസ്രയേലും യുനൈറ്റഡ് സ്‌റ്റേറ്റ്‌സും ചേര്‍ന്ന് നടത്തുന്ന വംശഹത്യയ്‌ക്കെതിരെയുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ എന്നിവ ലംഘിച്ചുകൊണ്ട് തുടരുന്ന വംശഹത്യയ്‌ക്കെതിരായി ഇന്ത്യയിലെ ജനങ്ങള്‍ ഐക്യദാര്‍ഢ്യം അറിയിക്കണമെന്നാണ് ഈ പ്രസ്താവന ആവശ്യപ്പെടുന്നത്. ഇസ്രായേലിന് മേല്‍ സൈനിക ഉപരോധം ഏര്‍പ്പെടുത്തുക (impose military embargo), സൈനിക ആയുധങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും തടയുക, സൈനിക സഹകരണം അവസാനിപ്പിക്കുക എന്നും ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു. ഇസ്രയേലിനുമേല്‍ നിയമപരവും നയതന്ത്ര, സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തുക, വംശീയ വിവേചനത്തിന് എതിരായ യുഎന്‍ പ്രത്യേക കമ്മിറ്റിയുടെ പ്രവര്‍ത്തനം സാധ്യമാക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ഇസ്രായേലിലേക്ക് സൈനിക ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് വിവിധ ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള ലൈസന്‍സുകള്‍ റദ്ദാക്കുക, ഇസ്രായേലില്‍നിന്നുമുള്ള ആയുധ ഇറക്കുമതി നിര്‍ത്തിവെക്കുക, കൊളോണിയല്‍ വംശീയ വിവേചനത്തിനെതിരായ നയങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്രയേലിന്റെ നിയമവിരുദ്ദമായ സൈനിക അധിനിവേശത്തിലുള്ള പങ്കാളിത്തം അവസാനിപ്പിക്കുക എന്നിവയാണ് ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള ആവശ്യങ്ങള്‍.

2024 സെപ്റ്റംബര്‍ 26 ന് പുറത്തുവിട്ട End the war in Gaza, Solidarity with Palestine എന്ന പ്രസ്താവനയില്‍ 85,000 പേരുടെ മരണം ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ കണക്കാക്കിയതായി പറയുന്നു. ലെബനനിലേക്ക് ഇസ്രായേല്‍ ആക്രമണം വ്യാപിപ്പിച്ചതിനെ കുറിച്ചും പരാമര്‍ശിക്കുന്നു. ലോകത്തെല്ലായിടത്തും, ആളുകള്‍ ഇസ്രായേലിന്റെ വംശഹത്യാപരമായ യുദ്ധത്തോട് പ്രതിഷേധമറിയിക്കുകയും യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അപരിഷ്‌കൃതമായ ഈ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇന്ത്യയിലെ സമാധാനമാഗ്രഹിക്കുന്ന ജനങ്ങള്‍ യുദ്ധമവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. ഒരു സ്വതന്ത്ര പലസ്തീനിയന്‍ ദേശത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുന്ന യുദ്ധാവസാനം ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെടുകയാണ് 2024 ഒക്ടോബര്‍ 7ന്. ആയുധ കയറ്റുമതി അവസാനിപ്പിച്ച് ഇന്ത്യയും ഇതില്‍ പങ്കുചേരണമെന്നും ഈ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു.

ന്യൂഡൽഹിയിലെ സി.പി.എം പാർട്ടി ഓഫീസിന് മുന്നിൽ നടന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കടപ്പാട്:deccanherald

എന്നാൽ ഇടത് സർക്കാർ ഭരിക്കുന്ന കേരളത്തിൽ സംഭവിക്കുന്നത് എന്താണെന്ന് നോക്കാം.

കേരളത്തിൽ പലസ്തീൻ ഐക്യദാർഢ്യ പരിപാടികളിൽ പങ്കെടുക്കുന്നവർക്കെതിരെ കേസെടുക്കുകയോ പൊലീസ് മർദ്ദനം നടത്തുകയോ ചെയ്ത നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ടയിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ പള്ളി ഇമാം, നഗരസഭാ വെെസ് ചെയർമാൻ എന്നിവരുൾപ്പെടെ ഇരുപത് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

2024 ജനുവരി 4ന് കോഴിക്കോട് ഫറൂക്ക് കൊളേജിലെ വിദ്യാർത്ഥികൾ കോഴിക്കോട് സ്റ്റാർബക്സിന് മുന്നിൽ, ബോയ്കോട്ട്, ഡിവെസ്റ്റ്, സാങ്ഷൻ ക്യാംപെയ്നിന്റെ ഭാഗമായി നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. ആറ് വിദ്യാർത്ഥികളുടെ പേരിലാണ് ഐപിസിയിലെ 448, 153, 427, 34 എന്നീ വകുപ്പുകൾ ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടനയുടെ പ്രവർത്തകരാണ് ഇവർ.

2024 ഒക്ടോബർ എട്ടിന് കണ്ണൂർ പയ്യാമ്പലം ബീച്ചിൽ എസ്ഐഒ നടത്തിയ പ്രതിഷേധ കൂട്ടായ്മയ്ക്ക് നേരെ പൊലീസ് നടപടിയുണ്ടായി. ബീച്ചിൽ പാട്ടുപാടാൻ പറ്റില്ല എന്നു പറയുകയും പലസ്തീൻ പതാകയും എസ്ഐഒ പതാകയും മാറ്റിവെക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയും ചെയ്തു. വിദ്യാർത്ഥിനേതാക്കളെ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2023 ഒക്ടോബർ മുതൽ 2024 ഒക്ടോബർ വരെയും, ഇസ്രായേൽ അധിനിവേശത്തിനെതിരെ പ്രതിഷേധമുയർത്തിയ മുസ്ലീം വിദ്യാർത്ഥിസംഘടനകളെയും വ്യക്തികളെയും പൊലീസ് ലക്ഷ്യമിടുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ നയം ചോദ്യം ചെയ്യപ്പെടുന്നത്.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട്, ‘പലസ്തീൻ ഒരു മതവിഷയമല്ല, പലസ്തീനിൽ നടക്കുന്നത് ദേശീയ വിമോചന പോരാട്ടം’ എന്ന ലേഖനത്തിൽ ഇങ്ങനെ എഴുതുന്നു, “ഇന്ത്യയിൽ പലസ്തീനിയൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും യുദ്ധത്തിനെതിരെയും പ്രതിഷേധം സംഘടിപ്പിക്കുന്നത് പ്രധാനമായും ഇടതുപക്ഷമാണ്, അത് സ്വാഭാവികവുമാണ്. കാരണം കോളനി മേധാവിത്വത്തിനും സാമ്രാജ്യത്വത്തിനെതിരെയുമുള്ള ദേശീയ വിമോചന പ്രസ്ഥാനത്തിനാണ് പലസ്തീൻ ജനത നേതൃത്വം നൽകുന്നത്.” ഇതേ ഇടതുപക്ഷം ഭരിക്കുന്ന സർക്കാർ തന്നെയാണ് ഇസ്രായേലിന്റെ അധിനിവേശത്തെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി പ്രതിഷേധ പരിപാടികൾ നടത്തുന്ന യുവാക്കളെ ഭീകരവൽക്കരിക്കാൻ ശ്രമങ്ങൾ നടത്തുന്നത്.

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ എസ്ഐഒ നടത്തിയ പ്രതിഷേധ കൂട്ടായ്മയ്ക്ക് നേരെയുണ്ടായ പൊലീസ് നടപടി. കടപ്പാട്:instagram

കേരളത്തിൽ മാത്രമല്ല, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നടപടികളുണ്ടായി. ഏഴോളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുഗതാഗതം തടസ്സപ്പെടുത്തുക, പൊതു ശല്യം സൃഷ്ടിക്കുക, നിയമവിരുദ്ധമായ കൂട്ടംചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവയില്‍. 1977ല്‍ പലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ പലസ്തീന്‍ ജനതയുടെ പ്രാതിനിധ്യമായി പരിഗണിച്ച ആദ്യ അറബ് ഇതര രാജ്യം കൂടിയാണ് ഇന്ത്യ. ഇസ്രയേലുമായി ഇന്ത്യ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് 1990കളിലാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (a)- ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഉള്‍ച്ചേര്‍ന്നതാണ് വിസമ്മതങ്ങള്‍ പ്രകടിപ്പിക്കുവാനും പ്രതിഷേധിക്കുവാനുമുള്ള അവകാശം. ആവിഷ്‌കാരങ്ങളെ ഭീകരവല്‍ക്കരിക്കുന്ന സമീപനം അപകടകരമാണ്.

Also Read

15 minutes read November 14, 2024 3:03 pm