തീയുടെ ഓർമ്മകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2024 ഇറ്റ്ഫോക്കിലെ അവസാന നാടകമായിരുന്ന ഫ്യൂഗോ റോജോ ഒരു മണിക്കൂർ കൊണ്ട് അരങ്ങൊഴിഞ്ഞിട്ടും കണ്ടവരിൽ ഒഴിയാതെ നിൽക്കുന്നു. ചിലിയൻ സംവിധായകൻ മാർട്ടിൻ ഇരാസോയും കൂട്ടുകാരുമാണ് തന്റെ കഥാപാത്രങ്ങളെ അരങ്ങും സദസ്സും കഴിഞ്ഞ് നാട്ടിൽ വിട്ടുപോയത്. ഒരു ശവസംസ്കാരം. ചിലിയിൽ മുൻപ് സംസ്കാരശേഷം ഇടയ്ക്കിടെ അസ്ഥികൂടം പുറത്തെടുത്ത് അസ്ഥികൾ ഓരോന്നായി കഴുകി തിരികെ നിക്ഷേപിക്കുന്ന ചടങ്ങുകളുണ്ടായിരുന്നു. അതൊരാഘോഷമാണ്. ഫ്യൂഗോ റോജോ (Red fire) എന്ന ചിലിയൻ നാടകത്തിൽ അവർ മണ്ണിൽ കുഴിച്ചുമൂടിയ തങ്ങളുടെ സംസ്കാരത്തെ തന്നെയാണ് പുറത്തെടുത്ത് ‘വൃത്തിയാക്കി’യെടുക്കാൻ ഒരുമ്പെടുന്നത്. ഇവിടെയവർ അസ്ഥികൾ തിരിച്ച് നിക്ഷേപിക്കുന്നില്ല. ഘോഷമേളങ്ങൾ തുടരുകയാണ്, നൃത്തങ്ങളും പാട്ടുകളും അഭ്യാസങ്ങളും പറച്ചിലുകളുമായി. നാടകവേദിയുടെ അതിരുകൾക്ക് പുറത്ത് ലത്തീനമേരിക്കയാകെ മണ്ണിൽ നിന്ന് ഉയിർക്കാൻ വെമ്പുകയാണ്. ഓരോരുത്തർ ഓരോ എല്ലുകൾ പിടിച്ച് അരങ്ങ് നിറയെ ഒരസ്ഥികൂടമുണ്ടാക്കുന്നു. അതു നടക്കുന്നു, ഇരിക്കുന്നു, നൃത്തമാടുന്നു, സംസാരിക്കുന്നു.

നാടകത്തിൽ നിന്നുള്ള ദൃശ്യം

യൂറോപ്യൻ കോളനി ഭരണങ്ങൾ ഇല്ലാതിരുന്ന രാജ്യങ്ങൾ ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും തീരെ കുറവാണ്. ലത്തീനമേരിക്കയിൽ ഇല്ലതന്നെ. ഏഷ്യയിലെ ഭാഷകളെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. ആഫ്രിക്കയിലും അത്ര കഴിഞ്ഞില്ല. തെക്കും വടക്കുമുള്ള അമേരിക്കൻ വൻകരകളിലാവട്ടെ, അവരുടെ തനത് ഭാഷകളെയെല്ലാം പിഴുത് കുഴിച്ചിട്ടു. ലാറ്റിൻ അമേരിക്കയിൽ (തെക്ക്, മധ്യം) ബ്രസീൽ ഒഴികെ എല്ലാ രാജ്യങ്ങളിലും ഇന്ന് പറയാനും എഴുതാനുമായി സ്പാനിഷ് ഭാഷയേയുള്ളൂ. ബ്രസീലിൽ പോർച്ചുഗീസ് ഭാഷ. വടക്കേ അമേരിക്കയിൽ ഇംഗ്ലീഷും ഫ്രഞ്ചും. അഭാവം കൊണ്ടായാലും ഭാഷ ഒരു പ്രത്യക്ഷമാണ്. അവരുടെ ഗോത്ര സംസ്കൃതിയെയാണ് മണ്ണിലും കടലിലും മൂടിയത്. അധികാര ഭാഷകൾ മറ്റ് ഭാഷകളെ വിഴുങ്ങാനായുന്നത് ഇന്നുപോലും അവിടെയുമിവിടെയും നമ്മൾ കാണുന്നു. ഒരേ രാജ്യത്തു തന്നെ മനുഷ്യരെ ഒന്നാം തരക്കാരും രണ്ടാം തരക്കാരുമായി അനുഭവിപ്പിക്കാനും ഭാഷ മാധ്യമമാണ്. വേദി തുളുമ്പി പുറത്തു പകരുന്ന പ്രകമ്പനങ്ങളിലൂടെ അവരുടെ ഉയിർപ്പ് ഉത്സവമാക്കുകയാണ്. “ശരീരം ആഘോഷമാണ്” എന്ന തിരിച്ചറിവ് നാടകത്തിനിടയ്ക്ക് വിളിച്ച് പറയുന്നുണ്ട്. സർക്കസ് അറിയുന്ന ഫ്യൂഗോ റോജോയിലെ കലാകാരർ വലിയ വളയങ്ങളിലും ചെറിയ വളയങ്ങളിലും താളത്തിലാടുന്നു. അനവധി അസ്ഥികൾ കൊണ്ട് നാലഞ്ചുപേർ അന്യോന്യം അമ്മാനമാടുന്നു. പിന്നീട് തീയാളുന്ന അസ്ഥികളുമായവർ അമ്മാനം കളിക്കുന്നു. ആക്റ്റർ ഭരത് മുരളി തീയേറ്ററിന്റെ വലിപ്പവും ഉയരവും മുഴുവൻ നാടകക്കാർ ഉപയോഗിക്കുന്നു. വേദിയിൽ മുളച്ചു പൊങ്ങി പടർന്ന മരത്തിന് മുകളറ്റം വരെ പലരും ചരടിൽ തൂങ്ങി കയറിയിറങ്ങിയാടുന്നു. ഒന്നുമേ ആയാസ പ്രകടനങ്ങളല്ല. ഒരു വലിയ ചരിത്ര ജനതയുടെ അതിഗാഢമായ വേദനകളാണത്. കാണികളാണ് പുളയുന്നത്.

നാടകത്തിൽ നിന്നുള്ള ദൃശ്യം.

ഇ. ഗലീനോയുടെ ‘തീയുടെ ഓർമ്മകൾ – Memories of fire’ എന്ന നോവൽ നാടക ദൃശ്യങ്ങൾക്ക് പിറകിലുണ്ട്. പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻകാർ പിടിച്ചു വധിച്ച ഇൻകൻ ചക്രവർത്തിയായ ‘അതാവൽപ്പ’യെ അവർ ഓർക്കുന്നു. ജമന്യ, യെമോയ എന്നൊക്കെ വിളിക്കപ്പെടുന്ന കടൽ, പുഴ ദേവിയെ മാർട്ടിൻ ഇരാസോയുടെ കഥാപാത്രങ്ങൾ സ്റ്റേജിലേയ്ക്കാനയിക്കുന്നു. കുഴിച്ചുമൂടിയ രാജാക്കന്മാർക്കും പാഗൻ ദേവീ ദേവന്മാർക്കുമുണ്ടായിരുന്ന ഊർജ്ജം ജനങ്ങളിൽ നിന്ന് ആവാഹിച്ചതാണ്. അവരെ കുഴിച്ചെടുക്കുമ്പോൾ ജനോർജ്ജം തന്നെയാണ് മാമരവും മാരുതനുമായി വേദിയിലും സദസ്സിലും ദേശാന്തരങ്ങളിലും പകരുന്നത്. ചിലിയിലെ അറ്റക്കാമ മരുഭൂമി ലോകത്തിലേക്കും വരണ്ട പ്രദേശമാണ്. അവിടെ ജീവന്റെയും മരണത്തിന്റെയും ആലയങ്ങളായ ‘അനമിത’കൾ കാണാം. ലത്തീനമേരിക്കയുടെ യാവർ പ്രസ്ഥാനവും അനമിതകളും ഫ്യൂഗോ റോജോയിലുണ്ട്.

Memories of fire കവർ

നഷ്ട ഗോത്രങ്ങളുടെ പേരെടുത്തവർ പറയുന്നു. നഷ്ടമായിട്ടില്ല, ഞങ്ങൾക്ക് പൊട്ടിമുളയ്ക്കാനുള്ള വിത്തുകളാണവ. വിത്തുകൾ മണ്ണിലുണ്ടെന്ന് മലയാള മഹാകവിയുടെ നാട്ടിൽ നിന്നെത്തിയവർ തുള്ളിപ്പറയുന്നു. 2024 ഇറ്റ്ഫോക്കിലെ നീറുന്ന പ്രഹർഷമായിരുന്നു ഫ്യൂഗോ റോജോ. പൂക്കളും ബലൂണുകളുമാണ് പണ്ടുമുതലേ ചിലിയിൽ സ്നേഹത്തിന്റെ ചിഹ്നങ്ങൾ. വേദനയും സഹനവും സ്നേഹവും ചരിത്രവും ഫ്യൂഗോ റോജോയിൽ കൂടിയാടുന്നു. സംഗീതകാരി ഉപകരണങ്ങളുമായി വേദിയുടെ ഉൾവലത് ഭാഗത്ത് ഉടനീളമുണ്ട്. കോളനിക്കാലത്തെ പോരാട്ടങ്ങളെ ഓർത്ത് കാളയും കഴുകനും ഫ്യൂഗോ റോജോയിലേറ്റുമുട്ടുന്നു. അവർ പാവനൃത്തമാടുന്നു. ഈ ചിലിയൻ സംഘം ഒന്നിനെയും തീയേറ്റർ ആക്കുകയല്ല. എല്ലാറ്റിലുമുള്ള തീയേറ്ററിനെ കണ്ടെത്തി പങ്കുവയ്ക്കുകയാണ്. കുർബാനയും ദീപാരാധനയും നിസ്കാരവും യുദ്ധവും അനുഷ്ഠാനവും യോഗവും നടക്കുമ്പോൾ തന്നെ അവയിൽ തീയേറ്ററുണ്ട്. ഒരുപക്ഷേ നമ്മളെല്ലാം എപ്പോഴും തീയേറ്ററിലാവാം.

Also Read

3 minutes read February 24, 2024 7:34 am