താഴ്വരയിൽ തിരിച്ചെത്തുന്ന ഒമർ അബ്ദുള്ള 

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണല്‍ കോൺഫറൻസ് – കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്. പത്ത് വർഷത്തിന് ശേഷം ജമ്മു കശ്മീർ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാഷണല്‍ കോണ്‍ഫ്രൻസ് വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മത്സരിച്ച രണ്ട് സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് ജമ്മു കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നാഷണൽ കോൺഫറൻസ് നേതാവ് ഒമര്‍ അബ്ദുള്ള. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം തന്നെ പരിഗണിക്കപ്പെടുമെന്നും ഉറപ്പായിരിക്കുന്നു.

2019 ആഗസ്റ്റ് 5ന് അനുച്ഛേദം 370 പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയോടുള്ള കശ്മീരി ജനതയുടെ പ്രതികരണമായി തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താം. അനുച്ഛേദം പിൻവലിച്ച ശേഷമാണ് ജമ്മു കശ്മീരിൽ സമാധാനമുണ്ടായതെന്നും വികസനം വന്നതെന്നുമുള്ള ബി.ജെ.പിയുടെ പ്രചാരണം ജനങ്ങൾ വിലയ്ക്കെടുത്തില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35(എ) എന്നിവ പുനഃസ്ഥാപിക്കുകയും സംസ്ഥാന പദവി തിരികെ നല്‍കുകയും ചെയ്യും എന്നതായിരുന്നു നാഷണല്‍ കോൺഫറൻസിന്റെ വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കശ്മീരിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് സെപ്റ്റംബർ 18 മുതൽ ഒക്ടോബർ ഒന്ന് വരെ മൂന്ന് ഘട്ടങ്ങളിലായി നടന്നത്. 90 മണ്ഡലങ്ങളിലായി 87.09 ലക്ഷം കശ്മീരി ജനത ഇത്തവണ വിധിയെഴുതുമ്പോൾ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന കാശ്മീരി ജനതയുടെ നീണ്ടകാലത്തെ ആവശ്യം തന്നെയായിരുന്നു മുഖ്യ പരിഗണന.

ആഹ്ലാദം പങ്കുവെക്കുന്ന നാഷണൽ കോൺഫറൻസ് പ്രവർത്തകർ, കടപ്പാട്: HT

നാഷണൽ കോൺഫറൻസ് പാർട്ടിയുടെ വമ്പിച്ച വിജയമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകത. പത്ത് വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ അധികാരം തിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ കോൺഫറൻസ് പാർട്ടി ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായത്. 2008 ലെ തെരഞ്ഞെടുപ്പിൽ നിന്നും 2024 ലേക്ക് എത്തുമ്പോൾ നാഷണൽ കോൺഫറൻസിന് സീറ്റ് നില വലിയ തോതിൽ വർദ്ധിപ്പിക്കാനായിട്ടുണ്ട്. 2008 ലെ തെരഞ്ഞെടുപ്പിൽ 28 സീറ്റുകളിലായിരുന്നു നാഷണൽ കോൺഫറൻസ് പാർട്ടി വിജയിച്ചത്. എന്നാൽ 2014 ൽ 15 സീറ്റുകൾ മാത്രമാണ് അന്ന് നേടാൻ കഴിഞ്ഞത്. ഇത്തവണ കോൺഗ്രസ് സഖ്യത്തിൽ 41 സീറ്റുകളിലാണ് സഖ്യം മുന്നിട്ട് നിൽക്കുന്നത്. ‘എന്റെ അഭിമാനം നിങ്ങളുടെ കൈകളിലാണ്’ എന്ന വൈകാരിക പ്രചാരണ കാർഡുകളായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഗന്ദർബാലിലും തൊട്ടടുത്തുള്ള ബദ്ഗാമിലും ഒമർ അബ്ദുള്ള പ്രയോഗിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാരാമുള്ള മണ്ഡലത്തില്‍ ജയിലില്‍ കിടന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എഞ്ചിനീയര്‍ റാഷിദിനോട് നാലര ലക്ഷം വോട്ടുകള്‍ക്കാണ് ഒമർ പരാജയപ്പെട്ടത്. ആ തോൽവിക്ക് പിന്നാലെ ജമ്മു-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഒമര്‍ ശപഥമെടുത്തിരുന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. ഇക്കുറി ഒമർ അബ്ദുള്ളയുടെ പ്രചാരണ പരിപാടികളിൽ ഒമറിന്റെ പിതാവ് ഫറൂഖ് അബ്ദുള്ളയും രംഗത്തുണ്ടായിരുന്നു. ഒമർ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പി.ഡി.പി സ്ഥാനാർത്ഥികൾക്ക് പുറമെ പ്രാദേശിക സ്വാധീനമുള്ള നിരവധി സ്വതന്ത്ര സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി തിരിച്ചെത്തുന്നത് ബി.ജെ.പിക്ക് ദേശീയതലത്തിൽ വലിയ തിരിച്ചടിയാണ്.

ഇല്‍തിജ മുഫ്തി,കടപ്പാട്: livemint

2014 ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ച, മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പീപ്പിൾസ് ഡെമോക്രറ്റിക് പാർട്ടിക്ക് ഇത്തവണ നേരിടേണ്ടി വന്നത് വലിയ തിരിച്ചടിയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി നിന്ന പി.ഡി.പി നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് മത്സരിച്ചത്. കന്നിയങ്കത്തില്‍ മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി തോൽക്കുകയും ചെയ്തു. ബിജ്‌ബെഹറ മണ്ഡലത്തിലാണ് ഇന്‍തിജ വന്‍ തോല്‍വി ഏറ്റുവാങ്ങിയത്‌. നാഷണല്‍ കോണ്‍ഫറന്‍സിന്റെ എന്‍സി ബഷീര്‍ അഹമ്മദ് ഷാ വീരിയാണ് ഇവിടെ വിജയിച്ചത്. ആർട്ടിക്കിൾ 370 പിൻവലിച്ചതിനെതിരെ ആദ്യം ശബ്ദമുയർത്തിയത് ഇല്തിജ മുഫ്തി ആണെന്നും പ്രതിഷേധ വോട്ട് നേടി പി.ഡി.പി ഈ തെരഞ്ഞെടുപ്പിൽ ജയിക്കും എന്നുമുള്ള വാദങ്ങൾക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്. 2014 ൽ 28 സീറ്റിലായിരുന്നു പി.ഡി.പി വിജയിച്ചത്. 2008 ൽ 25 സീറ്റുകളിലും വിജയിച്ചിരുന്നു. പക്ഷേ, ബി.ജെ.പിയുമായി ചേർന്ന സർക്കാർ രൂപീകരിച്ച ശേഷം നടന്ന ഈ ജനവിധിയിൽ വെറും നാല് സീറ്റുകൾ മാത്രമാണ് പി.ഡി.പി ക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായാണ് പി.ഡി.പിയും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതെങ്കിലും കശ്മീരി ജനത നാഷണൽ കോൺഫറൻസിലാണ് ഇത്തവണ കൂടുതൽ വിശ്വാസമർപ്പിച്ചത്.

‘ബി.ജെ.പി സർക്കാർ കശ്മീർ ഭരിക്കും’ എന്ന ഉറപ്പോടുകൂടെയാണ് ബി.ജെ.പി കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിച്ചത്. അനുച്ഛേദം 370 തിരിച്ചുവരില്ല എന്ന് തന്നെയാണ് പ്രചാരണ വേളയിലും ബി.ജെ.പി പറഞ്ഞത്. സ്ത്രീകൾക്കും വയോജനങ്ങൾക്കും പ്രത്യേക ക്ഷേമ പദ്ധതികൾ, 24 മണിക്കൂറും കശ്മീരിൽ സൗജന്യ വൈദ്യുതി എന്നീ വാഗ്ദാനങ്ങൾ നൽകിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീർ ജനതയ്ക്ക് മുന്നിലെത്തിയത്. അപ്പോഴും 370 പുനഃസ്ഥാപിക്കണം എന്ന ആവശ്യത്തെക്കുറിച്ച് അദ്ദേഹം ഒന്നും സംസാരിച്ചിരുന്നില്ല. ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി 2008 ലെ തെരഞ്ഞെടുപ്പിൽ 11 സീറ്റുകൾ നേടിയാണ് ജമ്മു കശ്മീരിൽ ആധിപത്യം ഉറപ്പിക്കുന്നത്. അമർനാഥ് ഭൂമി കൈമാറ്റ വിവാദത്തിൽ നിന്ന് ഉടലെടുത്ത ധ്രുവീകരണമാണ് ബി.ജെ.പിയുടെ പിന്തുണ വർദ്ധിക്കുന്നതിന് കാരണമെന്ന് പറയപ്പെടുന്നു. 2014 ൽ ബി.ജെ.പി ആ നില മെച്ചപ്പെടുത്തി 25 സീറ്റ് നേടി. 25 സീറ്റുകളും ജമ്മുവിലെ ഹിന്ദുഭൂരിപക്ഷ മേഖലയില്‍ നിന്നായിരുന്നു. കശ്മീരിൽ ഒരു സീറ്റ് പോലും നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. സംസ്ഥാന വിഭജനത്തിന് പിന്നാലെ ജമ്മു ഡിവിഷനിലും കശ്മീര്‍ ഡിവിഷനിലും പത്ത് വീതം ജില്ലകളാണുള്ളത്. ഇതില്‍ ജമ്മു ഡിവിഷനിലെ 10 ജില്ലകളിലും ഹിന്ദു ജനസംഖ്യയാണ് ഭൂരിപക്ഷം. ഇവിടെ മാത്രമാണ് ബി.ജെ.പിക്ക് ഇത്തവണ വിജയിക്കാൻ കഴി‍ഞ്ഞത്. കശ്മീർ ഡിവിഷനിലെ ഒരു മണ്ഡലത്തിലും ബി.ജെ.പി മത്സരിച്ചിരുന്നില്ല. ഇവിടെ പ്രാദേശിക പാർട്ടികളെയും സ്വതന്ത്രരെയും ബി.ജെ.പി പിന്തുണയ്ക്കുകയായിരുന്നു. ജമ്മുവിൽ നിന്നും പരമാവധി സീറ്റുകൾ നേടി അവരുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി മെനഞ്ഞത്. 2020 മാർച്ചിൽ അൽത്താഫ് ബുഖാരി സ്ഥാപിച്ച ജമ്മു ആന്റ് കശ്മീർ അപ്നി പാർട്ടി ബി.ജെ.പിയുടെ മറയായി പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്. അവസാന സൂചനകൾ പ്രകാരം ഇത്തവണ ജമ്മുവിൽ ബി.ജെ.പിക്ക് ലഭിച്ചത് 29 സീറ്റുകളാണ്.

മുഹമ്മദ് യുസഫ് തരിഗാമി, കടപ്പാട്:FB

സി.പി.എമ്മിന്റെ കശ്മീരിലെ ഏക സ്ഥാനാർഥിയായ മുഹമ്മദ് യുസഫ് തരിഗാമി മൂന്നാം തവണയും വിജയിച്ചു എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. കുൽഗാം മണ്ഡലത്തിൽ നിന്നും 7838 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് തരിഗാമി വിജയിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുൾപ്പെടെ ബി.ജെ.പി സർക്കാർ കശ്മീർ ജനതയോട് ചെയ്ത അനീതികളെ തുറന്നുകാട്ടിക്കൊണ്ടായിരുന്നു തരിഗാമിയുടെയും പ്രചാരണം. മതമൗലികവാദത്തിനെതിരെയുള്ള ശബ്ദമുയർത്തുന്ന തരിഗാമി 1996 മുതൽ കശ്‍മീരിലെ തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. 2002 ലും 2008 ലും 2014 ലും കുൽഗാമിൽ നിന്നും അദ്ദേഹം വിജയം നേടി.

സജാദ് ഗനി ലോൺ, കടപ്പാട്:thehindu

നോർത്ത് കശ്മീരിലെ ഹന്ദ്വാരയിൽ നാഷണൽ കോൺഫറൻസിൻ്റെ ചൗദ്രി മുഹമ്മദ് റംസാനെതിരെ പീപ്പിൾസ് കോൺഫറൻസ് തലവനും മുൻ മന്ത്രിയും സജാദ് ഗനി ലോണിന്റെ വിജയവും പ്രധാനമാണ്. കൊല്ലപ്പെട്ട കാശ്മീരി വിഘടനവാദ നേതാവ് അബ്ദുൾ ഗനി ലോണിന്റെ മകനാണ് സജാദ് ലോൺ. വിഘടനവാദ രാഷ്ട്രീയത്തിൽ നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തിയ സജാദ് ലോൺ 662 വോട്ടുകൾക്കാണ് റംസാനെ പരാജയപ്പെടുത്തിയത്. മത്സരിച്ച മറ്റൊരു മണ്ഡലമായ കുപ്വാരയിൽ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹന്ദ്വാരയിൽ നിന്നും അമ്പതിനായിരത്തിലധികം വോട്ടുകൾക്ക് റംസാനെ പരാജയപ്പെടുത്തിയ ലോൺ പിന്നീട് മുഫ്തി മുഹമ്മദ് സയീദിൻ്റെ പി.ഡി.പി-ബി.ജെ.പി സഖ്യ സർക്കാരിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.

ദോഡ മണ്ഡലത്തിലെ വിജയത്തിലൂടെ ആം ആദ്മി പാർട്ടി ജമ്മു കശ്മീരിൽ ആദ്യമായി അക്കൗണ്ട് തുറന്നതും ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകതയായി. മെഹ്‌രാജ് മാലിക് ആണ് ബി.ജെ.പിയുടെ ഗജയ് സിംഗ് റാണയെ 4538 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാത്. കശ്‍മീരിലെ  മലയോര മണ്ഡലമായ ദോഡയിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്ത മെഹ്‌രാജ്, താഴ്വരയിലെ ഗവർണർ ഭരണത്തെ ശക്തമായി വിമർശിച്ചുകൊണ്ടായിരുന്നു പ്രചാരണം നടത്തിയത്.

അനുച്ഛേദം 370 പിൻവലിച്ചതിന് ശേഷം കശ്മീരിൽ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം നേടിയ വമ്പിച്ച വിജയം ഒരേസമയം ബി.ജെ.പിക്കുള്ള തിരിച്ചടിയും ജനാധിപത്യത്തെക്കുറിച്ചുള്ള പ്രതീക്ഷയായും വിലയിരുത്താം.

Also Read

5 minutes read October 8, 2024 12:56 pm