ടോക്കിയോവിലെ ടോയിലെറ്റുകളും ജാപ്പനീസ് ജീവിത രഹസ്യങ്ങളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പബ്ലിക്ക് ടോയിലെറ്റുകളിൽ നിന്നും ഒരു സിനിമ പിറക്കുമോ? ‘ദി പെർഫെക്ക്ട് ഡെയ്സ്’ പോലെ ഒരു സിനിമ? പബ്ലിക്ക് ടോയിലെറ്റുകളെ കലാസൃഷ്ടികളാക്കി മാറ്റുന്ന ഒരു ജാപ്പനീസ് പ്രൊജക്ടായിരുന്നു ദി ടോക്കിയോ ടോയിലെറ്റ്. ജപ്പാനിലെ പതിനേഴോളം കലാപ്രതിഭകൾ രൂപകൽപ്പന ചെയ്ത ഈ ടോയിലെറ്റുകൾ സവിശേഷമായ ശ്രദ്ധയാക‍ർഷിക്കുന്നു എന്ന് മാത്രമല്ല, പബ്ലിക്ക് ടോയിലെറ്റുകൾ അവഗണിക്കുന്നതിന് പകരം പബ്ലിക്ക് ടോയിലെറ്റുകളിലേക്ക് സന്ദ‍ർശനം നടത്താനും പ്രേരിപ്പിക്കുന്നു. ടോക്കിയോയുടെ മുഖമുദ്രയായി മാറിയ ഈ ടോക്കിയോ ടോയിലെറ്റുകൾ ലോകമെങ്ങും പ്രസിദ്ധമാണ്. അകത്തുകേറുമ്പോഴും പുറത്തിറങ്ങുമ്പോഴും നിറം മാറുന്ന, തെളിഞ്ഞ ചില്ലിലൂടെ അകം കാണാവുന്ന ടോക്കിയോ ടോയിലെറ്റുകളുടെ ഫോട്ടോകളും വീഡിയോകളും വളരേയേറെ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. ടോക്യോ ടോയിലെറ്റിന്റെ പരിചാരകരിൽ ഒരാളുടെ ജീവിതകഥയിലൂടെ ഈ ടോയിലെറ്റുകളിൽ നിന്നും ഒരു സിനിമ കണ്ടെത്തിയിരിക്കുന്നു പ്രമുഖ ജർമ്മൻ സംവിധായകനും തിരക്കഥാകൃത്തുമായ വിം വെൻഡേർസ്. ജർമ്മൻ നവ സിനിമ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ പ്രധാനിയും കാൻ, വെനീസ്, ബെർലിൻ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ശ്രദ്ധേയമായ സിനിമകളുടെ സംവിധായകനുമായ വിം വെൻഡേർസിന്റെ ആദ്യ ജാപ്പനീസ് സംരംഭമാണ് ഈ സിനിമ.

സിനിമയിൽ നിന്നുള്ള രം​ഗം

കോവിഡ് കാലം ലോകത്തെ അടച്ചിട്ടപ്പോൾ ടോക്കിയോ ടോയിലെറ്റുകൾ കാണാനായാണ് വിം വെൻഡേർസ് ആദ്യമായി ജപ്പാനിൽ എത്തുന്നത്. കലാത്മകമായ ടോയിലറ്റുകളിൽ പ്രചോദിതനായി ഫോട്ടോഗ്രാഫുകൾ എടുക്കുകയോ, ഷോർട്ട് ഫിലിമുകളോ ഷോർട്ട് ഫിലിമുകളുടെ ഒരു പരമ്പരയോ തന്നെ ചെയ്യാമെന്നൊക്കെയുള്ള ആലോചനകളോടെയായിരുന്നു വിൻഡേർസിന്റെ ജപ്പാനിലേക്കുള്ള വരവ്. കാൻസ് ഫെസ്റ്റിവലിൽ പ്രീമിയറായി പ്രദ‍ർശിപ്പിക്കുന്ന തന്റെ പതിമൂന്നാം സിനിമയും ആദ്യ ജാപ്പനീസ് സിനിമയുമായ ദി പെർഫക്ട് ഡെയ്സിന്റെ ആലോചനയെ കുറിച്ച് കാൻസ് ഫെസ്റ്റിവലിലെ പ്രസ് കോൺഫ്രൻസിൽ വെച്ച് വിം വെൻഡേർസ് പറഞ്ഞു, “ദി ബെസ്റ്റ് പ്ലെയ്സ് ടു കീപ്പ് എ പ്ലെയ്സ് ഈസ് എ ഫിക്ഷൻ.”

ടക്കുമാ ടക്കാസാക്കിയും വിം വെൻഡേ‍ർസും ചേ‍ർന്ന് തിരക്കഥ എഴുതിയ സിനിമ, ടോക്യോവിലെ ടോയിലെറ്റുകൾ വ‍ൃത്തിയോടെ പരിപാലിക്കുന്ന ടോയിലെറ്റ് ക്ലീന‍ർ ഹിരായമയുടെ ഏകാന്ത ജീവിതത്തിന്റെ നേ‍ർമയേറിയ നിമിഷങ്ങളെ ഒപ്പിയെടുക്കുന്നു ദി പെർഫക്ട് ഡെയ്സ്. ടോക്യോവിലെ ടോയിലെറ്റുകൾ പോലെ തന്നെ സുന്ദരമായ ഒരു സിനിമ ! മലയാളത്തിൽ ഇങ്ങനെ ഒരു പടം പിടിക്കുകയാണെങ്കിൽ അതൊരു വൃത്തിഹീനമായ സിനിമയായിരിക്കും എന്നത് തീർച്ചയാണ്. കേരളത്തിലെ പബ്ലിക്ക് ടോയിലെറ്റുകളുടെ സ്മരണയിൽ ആശ്ചര്യത്തോടെ മാത്രമെ ഒരു മലയാളിക്ക് ഈ സിനിമ കാണാനാവുകയുള്ളു. ലെൻസുവെച്ച് നോക്കിക്കൊണ്ട് ഹിരായമ ക്ലോസറ്റിലെ കാണാമറയത്തെ പൊടി തുടച്ചെടുക്കുന്നു. പ്രായത്തിൽ ഹിരായമയുടെ പാതിയോളമില്ലാത്ത സഹപ്രവ‍ർത്തകൻ ടക്കാഷി ചോദിക്കുന്നുണ്ട്, നിങ്ങൾ എന്തിനാണ് ഈ ഒരു പണിയിൽ ഇത്രയേറെ മുഴുകുന്നത്? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഹിരായമയുടെ ജീവിതവും, ടോക്ക്യോവിലെ വെൺമയാർന്ന ടോയിലെറ്റുകളും പെ‌‍ർഫെക്ട് ഡെയ്സ് എന്ന ഈ സിനിമയും സാക്ഷാത്കരിക്കുന്നത്.

വിം വെൻഡേഴ്സ്

ഹിരായമയുടെ ദൈനംദിന ജീവിതത്തിന്റെ ആവർത്തനചക്രങ്ങളിലൂടെയാണ് സിനിമ തുടങ്ങുന്നതും മുന്നോട്ടു പോകുന്നതും ഒടുങ്ങുന്നതും. തനിച്ചു പാർക്കുന്ന ഹിരായമയെ രണ്ടാം നിലയിലെ കിടപ്പിടത്തിലെ വിരിപ്പിൽ നിന്നും നിത്യവും പുലരിയിൽ താഴെ റോഡരികിൽ മുറ്റമടിക്കുന്ന ശബ്ദം വിളിച്ചുണർത്തുന്നു. തലേന്നു വായിച്ചു മയങ്ങിയ പുസ്തകം മാറ്റിവെച്ച്, സ്വപ്നങ്ങളുടെ നിഴലുകൾ വകഞ്ഞ് ഹിരായമ എഴുന്നേൽക്കുന്നു. ഹിരായമയുടെ നിത്യവൃത്തികളെ പിന്തുടരുമ്പോഴും ടോയിലറ്റുകളിൽ ഹിരായമ കണ്ടുമുട്ടുന്നവരിലേക്കും സിനിമ വളരുന്നു. ടോയിലറ്റുകൾ വൃത്തിയാക്കുന്നതിലെ സൂക്ഷ്മതയും സമർപ്പണവും ഹിരായമയുടെ ഓരോ പ്രവർത്തികളിലും കാണാം. ടോയിലെറ്റ് ക്ലീനിങ്ങിൽ മുഴുകുന്നതുപോലെ തന്നെ ഹിരായമ നിത്യവും പുസ്തകങ്ങൾ വായിക്കുന്നു. കിടപ്പിടത്തിൽ നിന്നും ടോയിലറ്റുകളിലേക്ക് പോകുമ്പോൾ വണ്ടിയിൽ പഴയ കാസ്റ്റുകളിലെ പാട്ടുകൾ കേൾക്കുന്നു. ആകാശത്തോളം വളർന്ന മരങ്ങളുടെ ചില്ലകൾ വെളിച്ചത്തിൽ അലിഞ്ഞാടുന്നതു കാണുമ്പോൾ അവിടെ വീശുന്ന കാറ്റിന്റെ നിർവൃതിയോടെ ടോയിലറ്റിനു പുറത്തിറങ്ങി നിൽക്കെ ഹിരായമ പുഞ്ചിരിക്കുന്നു. തൈകൾ മുളപ്പിക്കാനും അവയ്ക്കു നിത്യം വെള്ളം പകരാനും മരങ്ങൾക്കിടയിൽ ഇരുന്ന് വെളിച്ചത്തിൽ ഉലയുന്ന മരത്തലപ്പുകൾ തന്റെ പഴയ ക്യാമറയിൽ പക‍ർത്താനും, നല്ല ഫോട്ടോഗ്രാഫുകൾ തിയതികൾ എഴുതിയ പെട്ടികളിൽ സൂക്ഷിച്ചു വെക്കുവാനും വേണ്ടാത്തവ കീറി കളയാനും ഹിരായമ സമയം കണ്ടെത്തുന്നു, കുളിക്കാനും ഭക്ഷണം കഴിക്കാനും എന്നതു പോലെ തന്നെ! ഇയാളുടെ ശബ്ദം എങ്ങനെയാണെന്ന് പോലും തനിക്ക് അറിയില്ലെന്ന് ടക്കാഷി തന്റെ കാമുകിയോട് ഹിരായമയെ പരിചയപ്പെടുത്തുന്നു. ഹിരായമയെ പോലെ തന്നെ സൗമ്യവും ദീപ്തവുമാണ് കൊജി യാക്കൂഷോവിനെ മികച്ച അഭിനേതാവിനുള്ള കാൻസ് പുരസ്ക്കാരത്തിന് അർഹനാക്കിയ പെർഫക്ട് ഡെയ്സ് എന്ന സിനിമയും.

സിനിമയിൽ നിന്നുള്ള രം​ഗം

രണ്ട് രൂപാ തുട്ടുകളും, അഞ്ചു രൂപാ തുട്ടുകളും വാങ്ങിവെക്കാനായി മൂത്രം മണക്കുന്ന ഒരു പബ്ലിക്ക് ടോയിലറ്റിന് മുന്നിലിരിക്കുന്ന മലയാളിയായി ഹിരായമയെ ഞാൻ സങ്കൽപ്പിച്ചു നോക്കി. പരിചിതമായ മൂത്ര ഗന്ധത്തിൽ പാതിമയങ്ങിയിരിക്കുന്ന ആ മനുഷ്യന്റെ മൗനത്തിന് ഹിരായമയുടെ സൗമ്യതയും ദീപ്തിയുമുണ്ടായിരുന്നില്ല. അയാൾക്ക് പുസ്തങ്ങൾ വായിക്കാനും, ആസ്വദിച്ച് ഭക്ഷണം കഴിക്കാനുമുള്ള മനസുണ്ടാകുമോ? ഇരുണ്ടഴുകിയ പബ്ലിക്ക് ടോയിലറ്റുകളെ പോലെ അവഗണനയുടെ ഇരുട്ടിൽ ഇരുത്തിയിരിക്കുകയല്ലേ നാം നമ്മുടെ പൊതുവിടങ്ങൾ വൃത്തിയാക്കുന്ന തൊഴിലാളികളെയും? സിനിമയുടെ ആരംഭ രംഗങ്ങളിൽ ഒന്നിൽ ടോയിലെറ്റിൽ ഇരുന്ന് അമ്മയെ വിളിച്ചു കരയുന്ന ഒരു കുട്ടിയെ ഹിരായമ കണ്ടെത്തുന്നു. അവനെ സമാശ്വസിപ്പിച്ച് പുറത്തേക്ക് കൊണ്ടുവന്ന് അമ്മയെ കുറിച്ച് അന്വേഷിക്കുമ്പോഴേക്കും തന്റെ ഇളയകുഞ്ഞുമായി കുട്ടിയെ തേടി അമ്മയെത്തുന്നു. ഹിരായമയിൽ നിന്നും അമ്മ കുട്ടിയെ തിരിച്ചെടുക്കുമ്പോൾ കുട്ടിയുടെ കൈകൾ സാനിറ്റൈസ് ചെയ്ത ശേഷം തിടുക്കപ്പെട്ട് പിടിച്ചുവലിച്ച് കൊണ്ടുപോകുന്നു. പിന്നിലേക്ക് തിരിഞ്ഞുനോക്കുന്ന കുട്ടി ഹിരായമയുടെ നേരെ കൈവീശുമ്പോൾ അഴുക്കിൽ വിരിഞ്ഞുണരുന്ന വെള്ളാമ്പൽ പോലെ ഹിരായമയുടെ മുഖത്ത് ഒരു പുഞ്ചിരി വഴിയുന്നു. ടോയിലെറ്റുകൾ കലാത്മകമായി മാറിയിട്ടും വൃത്തിയോടെ പരിപാലിക്കപ്പെടുമ്പോഴും വൃത്തിയാക്കുന്നവരെ അഴുക്കായി കാണുന്ന വിവേചന ബോധം തുടരുന്നു. നന്ദിയോടെയുള്ള ഒരു കൈവീശലിലൂടെ, പുഞ്ചിരിയിലൂടെ മറികടക്കാനാവുമോ ഈ തൊട്ടുകൂടായ്മയെ?

നീ ശരിക്കും ടോയിലെറ്റുകൾ വ‍ൃത്തിയാക്കുകയാണോ? എന്ന് അവിശ്വസനീയതയോടെ ചോദിക്കുന്നു ഹിരായമയുടെ താമസസ്ഥലത്തെത്തിയ സഹോദരി. വീട്ടിൽ നിന്നും ഒളിച്ചോടി അമ്മാവനായ ഹിരായമയുടെ കൂടെ താമസിക്കാനെത്തിയ തന്റെ മകളെ തിരികെ കൊണ്ടുപോകാൻ വന്നെത്തിയതാണവൾ. വർഷങ്ങൾക്ക് ശേഷമായിരിക്കണം അവർ തമ്മിൽ കാണുന്നത്. അയാൾക്ക് പ്രിയപ്പെട്ട ചോക്ലേറ്റ് വാങ്ങിച്ചാണ് അവൾ വന്നത്. അച്ചനെ കാണാൻ പൊയ്ക്കൂടെയെന്നും, അദ്ദേഹത്തിന് ഇപ്പോൾ ഒന്നും ഓർമ്മയില്ലെന്നും അവൾ തന്റെ സഹോദരനോട് ചോദിക്കുന്നു. വാക്കുകളില്ലാതെ മറുപടി പറയാനാകാത്ത വൈകാരിക മുഹൂർത്തത്തിൽ ഹിരായമ തന്റെ സഹോദരിയെ ഇറുകെ പുണരുന്നു. വർഷങ്ങൾ കഴിഞ്ഞ് കാണുമ്പോൾ ടോയിലെറ്റ് ക്ലീനറായി തൊഴിലെടുക്കുന്ന സഹോദരന്റെ കെട്ടിപ്പിടുത്തം അവൾക്ക് ഉൾക്കൊള്ളാനായോ എന്ന വിഭ്രമം ആ നിമിഷം കാണികളിലും പ്രതിഫലിച്ചതായി തോന്നി.

“വേറെ നിവ‍ൃത്തിയില്ലാത്തുകൊണ്ട് മാത്രമാണ് ഞങ്ങൾ ഈ പണിക്ക് വരുന്നത്.” റെയിൽവേയിലെ ക്ലീനിങ്ങ് തൊഴിലാളികളായ സ്ത്രീകളിലൊരാൾ അകാരണമായി തങ്ങളെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തെ മുൻനിർത്തി റെയിൽവേ ക്ലീനിങ്ങ് തൊഴിലാളികളുമായി ചിത്രീകരിച്ച ഒരു വീഡിയോ അഭിമുഖത്തിൽ അവരിൽ ഒരാൾ എന്നോട് പറഞ്ഞത് ഞാൻ ഓർത്തു. വിധവകളും നിർധനരുമായിരുന്നവർ, പെൻഷൻ പ്രായം കഴിയാൻ ഒന്നോ രണ്ടോ വർഷങ്ങൾ മാത്രമുള്ളവർ. മറ്റൊരു നിവ‍ൃത്തിയും ഇല്ലാതെ വാർദ്ധക്യത്തിലും തൊഴിലെടുക്കാനുള്ള അവകാശത്തിനായി പോരാടുന്നവർ… മാനുഷിക പരിഗണനകളൊ, തൊഴിൽ അവകാശങ്ങളൊ, സുരക്ഷയോ ലഭിക്കാതെ പണിയെടുക്കുമ്പോഴും മറ്റൊരു തൊഴിൽ കണ്ടെത്താൻ കഴിയാത്തവർ. അവരുടെ സഹപ്രവർത്തകനായിരുന്ന ഒരാളുടെ കാലുകൾ മുറിച്ചു മാറ്റേണ്ടി വന്നതും അവർ പറഞ്ഞു. വന്നു പോകുന്ന ആളുകളും തീവണ്ടികളും വലിച്ചെറിയുന്ന വെയിസ്റ്റികൾ തിന്നു തീർക്കുകയായിരുന്നു അയാളുടെ കാലുകളെ.

കൊജി യാക്കൂഷോവ് മികച്ച അഭിനേതാവിനുള്ള കാൻസ് പുരസ്കാരവുമായി

ഹിരായമയുടെ സഹപ്രവർത്തകനും ചെറുപ്പക്കാരനുമായ ടക്കാഷി, ഒരുനാൾ പൊടുന്നനെ ഞാൻ ഇനിമുതൽ വരുന്നില്ലെന്ന് ഹിരായമയെ അറിയിക്കുന്നു. അവന്റെ കാമുകിയുമായി കറങ്ങാൻ പോലും അവന് പണമില്ല. പണം കണ്ടെത്താനായി ഹിരായമയുടെ പഴയ കാസ്റ്റുകൾ വിൽക്കാൻ പോലും അവൻ അപേക്ഷിച്ചിരുന്നു. കാസറ്റുകൾക്ക് പകരം ഹിരായമ അവന് പണം കൊടുത്തു. നിങ്ങളുടെ പണം ഞാൻ തിരികെ തരും എന്ന് പിരിയുമ്പോൾ പറഞ്ഞു. കലാത്മകമായ ടോയിലെറ്റുകൾ വ‍ൃത്തിയാക്കുന്നവരുടെ അസുന്ദരമായ ജീവിതത്തിന്റെ മറ്റൊരു യാഥാർത്ഥ്യം കൂടെ സിനിമ അവതരിപ്പിക്കുന്നു. അതേസമയം, ഹിരായമ എന്തുകൊണ്ട് ഈ തൊഴിലിൽ ഏർപ്പെടുന്നു എന്ന സംശയവും ഉണർത്തുന്നു. നിവർത്തിയില്ലാതെ ടോയിലെറ്റുകൾ വൃത്തിയാക്കുന്ന ഒരു തൊഴിലാളി മാത്രമാണോ ഹിരായമ?

Also Read

5 minutes read December 11, 2023 3:37 pm