

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


81 സീറ്റുകളുള്ള ത്സാർഖണ്ഡ് നിയമസഭാ തെരഞ്ഞടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിച്ച് ഭരണകക്ഷി സഖ്യമായ ഇന്ത്യ മുന്നണി വലിയ വിജയമാണ് നേടിയിരിക്കുന്നത്. 2019ൽ 25 സീറ്റുകൾ നേടിയ ബിജെപി 21 സീറ്റുകളിലേക്ക് ഒതുങ്ങി. ലീഡ് നില പ്രകാരം 58 സീറ്റുകളിൽ ഇന്ത്യ മുന്നണി മുന്നേറുകയാണ്. ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ജയിലിലായതും പിന്നീട് പുറത്തിറങ്ങി വീണ്ടും മുഖ്യമന്ത്രിയായതും ത്സാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് കനത്ത തിരിച്ചടി നൽകി മുൻ മുഖ്യമന്ത്രി ചംപെയ് സോറൻ ബി.ജെ.പിയിൽ ചേർന്നതും വലിയ ചർച്ചയായി മാറിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. പ്രതിസന്ധികൾ ഏറെയുണ്ടായിട്ടും ഹേമന്ത് സോറന്റെ നേതൃത്വത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യ മുന്നണി കാഴ്ചവച്ചിരിക്കുന്നത്.
അഴിമതിക്കാരനാക്കി ജയിലിലടച്ച കേന്ദ്ര അന്വേഷണ ഏജൻസികളോടും അവർക്ക് നേതൃത്വം നൽകുന്ന ബി.ജെ.പിയോടുമുള്ള വ്യക്തിപരമായ പോരാട്ടം കൂടിയാണ് ഇതെന്നായിരുന്നു ഹേമന്ത് സോറൻ പറഞ്ഞിരുന്നത്. രൂപീകരിക്കപ്പെട്ട അന്നുമുതൽ നിരവധി തവണ ഭരണ അസ്ഥിരത നേരിട്ട സംസ്ഥാനമാണ് ഝാർഖണ്ഡ്. മൂന്ന് തവണ രാഷ്ട്രപതി ഭരണത്തിനും സംസ്ഥാനം സാക്ഷിയായി. എന്നാൽ സ്ഥിരതയുള്ള ഒരു സർക്കാർ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരു മുന്നണി സംസ്ഥാനത്ത് തുടർ ഭരണത്തിലെത്തുന്നത്.


ചംപെയ് സോറൻ ഉൾപ്പെടെയുള്ള നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും അതൊന്നും വോട്ടായി മാറിയില്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. പ്രധാനമന്ത്രി വരെ പങ്കുചേർന്ന പ്രചാരണങ്ങൾ നടന്നിട്ടും അതും ഫലം ചെയ്തില്ല. ഹേമന്ത് സോറൻ ജയിലിലായപ്പോൾ സർക്കാരിനെ ബി.ജെ.പി അട്ടിമറിക്കാതെ നോക്കിയത് ഭാര്യ കൽപന സോറനായിരുന്നു. കൽപന സോറന്റെ ജനപ്രീതി ജെ.എം.എമ്മിന് ഈ തെരഞ്ഞെടുപ്പിൽ വലിയ രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്. ഹേമന്ത് സർക്കാരിന്റെ ജനപ്രിയത ഉയർത്തിയതിൽ പ്രധാന ഘടകം കൽപ്പനയായിരുന്നു. സോറൻ ജയിലിൽ അടയ്ക്കപ്പെട്ടതിന്റെ വൈകാരിക പിന്തുണയും കൽപ്പനയ്ക്ക് നേടിയെടുക്കാനായി. ജയിലിൽ നിന്നിറങ്ങി വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഹേമന്ത് സോറന്റെ പുതിയ സർക്കാർ വനിതകൾക്ക് പ്രതിമാസം 1000 രൂപ വീതം സൗജന്യമായി നൽകുന്ന ‘മയ്യാ സമ്മാൻ യോജന’ പദ്ധതി നടപ്പിൽ വരുത്തിയത് ജെ.എം.എമ്മിന് വലിയ രാഷ്ട്രീയ നേട്ടമായി മാറി. ഈ ഡിസംബർ മുതൽ അത് 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. കാർഷിക വായ്പ എഴുതിത്തള്ളൽ, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി എന്നിവ ഉൾപ്പെടെയുള്ള ജെ.എം.എമ്മിൻ്റെ പദ്ധതികളും അവർക്ക് ജനകീയ അംഗീകാരം നേടിക്കൊടുത്തു.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ നേടിയ 30 സീറ്റുകൾ എന്നത് ജെ.എം.എമ്മിന് ഇത്തവണ വർധിപ്പിക്കാനായിട്ടുണ്ട്. അവസാന ലീഡ് നില പ്രകാരം 34 സീറ്റുകളിലാണ് ജെ.എം.എം മുന്നിലുള്ളത്. ജഗനാഥ്പൂർ, ഖിജ്റി, സിംഡെഗ, കോലേബിറ, ലോഹർഡാഗ, മാണിക എന്നീ ഗോത്ര മണ്ഡലങ്ങൾ ഉൾപ്പെടെ അന്ന് കോൺഗ്രസ് നേടിയത് 16 സീറ്റുകളാണ്. ഇത്തവണയും കോൺഗ്രസ് 16 സീറ്റുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം നേടിയ ആർ.ജെ.ഡിക്കും ഇത്തവണ സീറ്റ് വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. നാല് മണ്ഡലങ്ങളിലാണ് ആർ.ജെ.ഡി ഇത്തവണ വിജയിച്ചത്. സി.പി.ഐ (എം.എൽ) ലിബറേഷനും രണ്ട് സീറ്റ് നേടി.


സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ആണ് ഝാർഖണ്ഡിൽ ഇത്തവണ രേഖപ്പെടുത്തിയത്. 67.55 ശതമാനം പോളിംഗ് ശതമാനത്തിൽ രണ്ട് മുന്നണികൾക്കും തുല്യ പ്രതീക്ഷ ആണ് ഉണ്ടായിരുന്നത്. ഇന്ത്യ സഖ്യത്തിൽ ജെ.എം.എം (ഝാർഖണ്ഡ് മുക്തി മോർച്ച) 41 സീറ്റുകളിലും കോൺഗ്രസ് 30 സീറ്റുകളിലും ആർ.ജെ.ഡി (രാഷ്ട്രീയ ജനതാദൾ) ആറ് സീറ്റുകളിലും ആണ് മത്സരിച്ചത്. എൻ.ഡി.എ സഖ്യത്തിൽ ബിജെപി 68 സീറ്റിലും എ.ജെ.എസ്.യു (ഓൾ ഝാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ) 10 സീറ്റിലും ജെ.ഡി.യു (ജനതാദൾ യുണൈറ്റഡ്) 2 സീറ്റിലും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ഒരു സീറ്റിലുമാണ് മത്സരിച്ചത്.
ഗോത്ര വർഗവോട്ടുകൾ കൂടുതൽ എങ്ങോട്ട് ചായുന്നു എന്നതിനെ ആശ്രയിച്ചാണ് സംസ്ഥാനത്തെ ഭരണം ആർക്ക് ലഭിക്കുമെന്ന് തീരുമാനിക്കപ്പെടുന്നത്. 81 നിയമസഭാ മണ്ഡലങ്ങളിൽ 28-ഉം പട്ടികവർഗ സംവരണ മണ്ഡലങ്ങളാണ്. മറ്റ് മണ്ഡലങ്ങളിലും ആദിവാസിവോട്ടുകൾ നിർണ്ണായകമാണ്. ആദിവാസി വിഭാഗത്തിൽ നല്ല സ്വാധീനമുള്ള സോറന്റെ അറസ്റ്റും സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ ശ്രമവും ബി.ജെ.പിക്ക് തിരിച്ചടിയായി എന്നതുകൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.