പണത്തിനപ്പുറമുള്ള ലോകം കേരളത്തിലെ കുട്ടികള്‍ കാണുന്നുണ്ടോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

തമിഴ്നാട്ടിലെ മധുരൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Centre for Experiencing Socio Cultural Interaction (CESCI) അംഗവും അഹിംസാത്മക സമ്പദ്‌വ്യവസ്ഥ നെറ്റ് വർക്കിന്റെ (Nonviolent Economic Network ) പ്രവർത്തകയും പ്രമുഖ ഗാന്ധിയനും സാമൂഹ്യപ്രവർത്തകനുമായ പി വി രാജഗോപാലിന്റെ ജീവിതപങ്കാളിയുമായ ഡോ. ജിൽ കാർ ഹാരിസ് വളർച്ചയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയിൽ വരേണ്ട പരിവർത്തനത്തെക്കുറിച്ചും അഹിംസാത്മക സമ്പദ്‌വ്യവസ്ഥയുടെ തത്വങ്ങളെക്കുറിച്ചും സംസാരിക്കുന്നു. ഒരേ ഭൂമി ഒരേ ജീവൻ സംഘടിപ്പിച്ച കെ.വി ശിവപ്രസാദ് മാഷ് അനുസ്മരണത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഷൊർണ്ണൂരിൽ എത്തിയതായിരുന്നു അവർ.

കാനഡയിൽ നിന്നുമാണല്ലോ താങ്കൾ ഇന്ത്യയിലേക്ക് എത്തുന്നത്. ഇവിടേക്ക് എത്തിച്ചേരാനും സാമൂഹ്യപ്രവർത്തനം നടത്താനും ഇടയായ സാഹചര്യത്തെക്കുറിച്ച് പറയാമോ?

1985 ൽ ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യു.എൻ.ഡി.പിയുടെ ഒരു വനവൽക്കരണ പ്രോജക്ടിന്റെ ഭാഗമായാണ് ഞാൻ കാനഡയിൽ നിന്നും ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിൽ തരിശ്ശുഭൂമികൾ, ചതപ്പുനിലങ്ങൾ ഒക്കെ ഈ വനവൽക്കരണം പദ്ധതിയിൽ ഉൾപ്പെടുത്തിയ ഒരു കാലമായിരുന്നു അത്. അന്ന് ടി.എൻ ശേഷനായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്റെ വേസ്റ്റ് ലാൻഡ് ഡവലപ്മെന്റ് ബോർഡിന് കീഴിൽ ആ പ്രോജക്ട് നടപ്പാക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ. ഈ പ്രോജക്ടിൽ ജോലി ചെയ്യുമ്പോഴാണ് ഈ പദ്ധതി ആത്യന്തികമായി വലിയ ഭൂവുടമകളെയാണ് സഹായിക്കുന്നത് എന്നെനിക്ക് മനസിലായത്. ഞാൻ കരുതിയിരുന്നത് ഇത് പാവപ്പെട്ട കർഷകരെയും മറ്റ് വിഭാഗങ്ങളെയും സഹായിക്കാൻ വേണ്ടി രൂപംകൊടുത്ത ഒരു പദ്ധതിയായിരുന്നു എന്നാണ്. തുടർന്ന് ഞാൻ ആ ജോലി ഉപേക്ഷിക്കുകയും ഇന്ത്യയിൽ സ്വന്തമായി ഒരു സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകുകയും ആയിരുന്നു.

ഇന്ത്യയിൽ സ്ഥിരമായി താമസിക്കാനും പ്രവർത്തിക്കാനും തുടങ്ങിയപ്പോൾ ഉണ്ടായ പ്രധാന അനുഭവങ്ങൾ പങ്കുവയ്ക്കാമോ?

തൊണ്ണൂറുകളുടെ പകുതി ആവുമ്പോഴേക്കും ബാബരി മസ്‍ജിദ് തകർത്തതിന് ശേഷം ഉണ്ടായ സാമുദായിക ധ്രുവീകരണം ഇന്ത്യയിൽ ശക്തമാവുകയും അത് എന്നെ വല്ലാതെ ആശങ്കയിലാഴ്ത്തുകയും ചെയ്ത കാര്യമാണ്. ആദ്യകാലത്ത് എനിക്ക് ഇന്ത്യയെപ്പറ്റി ഉണ്ടായ ധാരണകൾ മെല്ലെ മെല്ലെ ഇല്ലാതാകാൻ തുടങ്ങി. അക്രമാസക്തമായ ദേശീയത ഇവിടെ ശക്തി പ്രാപിക്കുന്നതും സവർണ്ണ ആശയങ്ങൾ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതും ഞാൻ കണ്ടു. ആ സമയത്താണ് എനിക്ക് രണ്ടു വർഷത്തേക്ക് ഫിലിപ്പൈൻസിൽ പോകാൻ അവസരം ലഭിച്ചത്. അവിടെ ഭൂരിപക്ഷം ക്രിസ്ത്യാനികളും ന്യൂനപക്ഷം മുസ്ലിങ്ങളും ആയിരിന്നു. പിന്നീട് ഞാൻ ബം​ഗ്ലാദേശിൽ പോയപ്പോൾ ഭൂരിപക്ഷം മുസ്ലിങ്ങളും ന്യൂനപക്ഷം ഹിന്ദുക്കളും ആയ രാജ്യത്തെ കണ്ടു. ഭൂരിപക്ഷം സമുദായത്തിന്റെ അപ്രമാദിത്വം ഈ രാജ്യങ്ങളിലെല്ലാം നിലനിൽക്കുന്നതായി ഞാൻ മനസിലാക്കി. അതോടൊപ്പം ഇന്ത്യയ്ക്ക് ബഹുസ്വരതയിൽ ഊന്നിയ ദേശീയത നഷ്ടമാകുന്നതും ഞാൻ കണ്ടു. അതിന്റെ തുടർച്ചയായി ഹിംസാത്മകത ഇപ്പോൾ ഭരണകൂടത്തിന്റെ രൂപത്തിൽ ഇന്ത്യയിൽ നിലനിൽക്കുന്നത് ഏറെ വേദനയോടെയാണ് ഞാൻ കാണുന്നത്.

ജിൽ കാർ ഹാരിസ്

എങ്ങനെയാണ് ഗാന്ധിയൻ ആശയങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കി പ്രവർത്തിക്കാൻ തുടങ്ങിയത്?

2000 ൽ ആണ് ഞാൻ രാജഗോപാലിനെ (പി.വി രാജഗോപാൽ) വിവാഹം കഴിക്കുന്നത്. അതുവരെ പതിനഞ്ച് വർഷത്തോളം ഞാൻ നഗരത്തിൽ ജീവിക്കുന്ന ഒരു സന്നദ്ധ സേവന പ്രവർത്തകയായി ഗ്രാമങ്ങളെ അടുത്തറിയാൻ ശ്രമിക്കുകയായിരുന്നു. അതിനുശേഷം ഞാൻ ഗ്രാമീണ ജനതയുടെ വിദ്യാഭ്യാസം, ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗ്രാമങ്ങളിൽ പൂർണ്ണസമയം പ്രവർത്തിക്കാൻ തുടങ്ങി. അതിനിടയിൽ ഞാൻ ഗാന്ധിയെ മനസിലാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. സിവിൽ സൊസൈറ്റിയിൽ ഗാന്ധി ആഴത്തിൽ സ്വാധീനിച്ചിരുന്നു. ഗ്രാമങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ആണ് ആ സമൂഹത്തിൽ നിന്നും എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്ന് മനസിലായത്. ഞാൻ അതുവരെ പരിചയപ്പെട്ട സമൂഹത്തിൽ എല്ലാം സർക്കാരുമായി ഉണ്ടായിരുന്നത് ദാതാവും സ്വീകർത്താവും തമ്മിലുള്ള ബന്ധം ആയിരുന്നു. ഗ്രാമത്തിൽ എനിക്ക് സ്വയംപര്യാപ്ത സമൂഹത്തിന്റെ ചലനാത്മകത കാണാൻ സാധിച്ചു. എന്നാൽ ഒരു വിദേശ വനിത എന്ന നിലയിൽ ജനകീയ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ എനിക്ക് പരിമിതികൾ ഉണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു. അങ്ങനെ 4 -5 വർഷം ഭൂപരിഷ്‌ക്കരണം, ലിംഗനീതി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള നയങ്ങൾ കൊണ്ടുവരുന്നതിന് സർക്കാർ ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ചു. അതിനിടയിൽ ഗാന്ധിയൻ ആശയങ്ങൾ ഞാൻ ആഴത്തിൽ പഠിക്കുകയും അതിന്റെ സമകാലിക പ്രസക്തി തിരിച്ചറിയുകയും ചെയ്തു. അഹിംസാത്മക മാർഗങ്ങളിലൂടെ അധികാരത്തെയും അനീതിയെയും നേരിടാൻ കഴിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞു. 2007 ൽ ഡൽഹിയിലേക്ക് 25,000 ആളുകൾ നടത്തിയ മാർച്ചിൽ അതിന്റെ പ്രായോഗികരൂപം ഞാൻ കണ്ടു. അടിസ്ഥാനപരമായി ദാരിദ്ര്യത്തെ നേരിടാനുള്ള മാർ​ഗങ്ങൾ സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധി വികസിപ്പിച്ചിരുന്നു. അതിനെ കാലോചിതമായി ഉപയോഗിക്കുകയായിരുന്നു വേണ്ടിയിരുന്നത്. 50,000 ഭൂരഹിതരായ കർഷകർ 2012ൽ നടത്തിയ ഡൽഹി മാർച്ചിന്റെ ഫലമായി കേന്ദ്ര സർക്കാരുമായി ഭൂ അവകാശങ്ങളുമായി ബന്ധപ്പെട്ട ഒരു ധാരണ പത്രത്തിൽ ഒപ്പിടാൻ കഴിഞ്ഞിരുന്നു. അതിനിടയിൽ ഉദാരവൽക്കരണ നയങ്ങളുടെയും ആഗോളവൽക്കരണത്തിന്റെയും കാലത്ത് ലോക വ്യാപകമായി തന്നെ സമാധാനത്തിന്റെയും ഗാന്ധിയുടെ അക്രമ രഹിത സാമൂഹ്യ വ്യവസ്ഥയുടെയും പ്രാധാന്യം കൂടുതൽ വെളിപ്പെട്ടുവരികയായിരുന്നു. സ്വകാര്യവൽക്കരണവും സമ്പത്തിന്റെ കുന്നുകൂടലും ലോകത്ത് അത്രയ്ക്ക് ദാരിദ്ര്യവും അസമത്വവും സൃഷ്ടിച്ചിരുന്നു. അങ്ങനെയാണ് 2019 ൽ ജയ് ജഗത് 2020 എന്നറിയപ്പെടുന്ന ഒരു ആഗോള സമാധാന ക്യാമ്പയിൻ സംഘടിപ്പിക്കപ്പെട്ടത്. കോവിഡ് കാരണം ഈ യാത്ര നിർത്തിവയ്‌ക്കേണ്ടി വന്നു.

അഹിംസാത്മക സമ്പദ്‌വ്യവസ്ഥയ്ക്കുള്ള പ്രവർത്തനം (Non Violent Economic Network) എങ്ങനെയാണ് ആരംഭിക്കാൻ ഇടയായത്?

ഇതിനിടയിലാണ് നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ മാറ്റം വരുത്താതെ രാഷ്ട്രീയത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അഹിംസാത്മക സമ്പദ്‌വ്യവസ്ഥയ്ക്ക് ( Non Violent Economic Network) വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. എന്നാൽ മാത്രമേ ജനങ്ങൾക്ക്‌ ബദൽ ജീവിതരീതികൾ അന്വേഷിക്കാനും പ്രായോഗികമാക്കാനും കഴിയുകയുള്ളൂ. അനന്തമായ ഭൗതിക സുഖ സൗകര്യങ്ങൾക്കായുള്ള ശ്രമങ്ങൾക്കിടയിൽ ചെലവ് ചുരുക്കൽ, ലളിത ജീവിതം ഒക്കെ ആളുകൾ ഉപേക്ഷിച്ച കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നത് ഒരു യാഥാർഥ്യം ആണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പാരിസ്ഥിതിക ദുരന്തങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് ഇപ്പോഴത്തെ ജീവിതരീതി നമുക്ക് തുടരാൻ കഴിയില്ല. അങ്ങനെയാണ് ഞാൻ അഹിംസാത്മക സമ്പദ്‌വ്യവസ്ഥയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാമൂഹ്യനീതി കൈവരിക്കാൻ നിലവിലുള്ള സമ്പദ്‌വ്യവസ്ഥയിൽ കാതലായ മാറ്റങ്ങൾ വരുത്തിയേ മതിയാകുള്ളൂ. ഇപ്പോൾതന്നെ ഇന്ത്യയുടെ പലഭാഗത്തും അത്തരം ​ഗ്രൂപ്പുകൾ നിലവിലുണ്ട്. അവരെല്ലാം ഒരേ രീതിയിൽ പ്രവർത്തിക്കുന്നവരല്ല. നമുക്ക് വേണ്ടത് ഏകീകൃതമായ ഒരു വ്യവസ്ഥയല്ല. അക്രമരാഹിത്യത്തിന്റെ, വൈവിധ്യത്തിന്റെ, സുസ്ഥിരതയുടെ, നീതിയുടെ, സമത്വത്തിന്റെ ഒക്കെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന പല മേഖലയിൽ പ്രവർത്തിക്കുന്ന ചെറു സമൂഹങ്ങളാണ്. ബഹുസ്വരതയാണ് ഇതിന്റെ മുഖ്യ ഘടകം. അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം മധുരയിൽ Ahimsa Santhai എന്ന പ്രോഗ്രാം സംഘടിപ്പിച്ചത്. കേരളത്തിലെ പല കലാലയങ്ങയിൽ നിന്നുള്ള വിദ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരായി ആ പരിപാടിയിൽ പങ്കെടുത്തിരുന്നു. യുവ പങ്കാളിത്തം ഇത്തരം പ്രവർത്തനങ്ങൾക്ക് വളരെ അനിവാര്യമാണ്. എഞ്ചിനീയർ, ഡോക്ടർ, വിവര സാങ്കേതികവിദ്യ തുടങ്ങിയ വെള്ളക്കോളർ ജോലികൾ അല്ലാതെ തന്നെ വളരെ സുപ്രധാന മേഖലകളിൽ പ്രവർത്തിക്കാനും ജീവിതം കണ്ടെത്താനും ഉണ്ടെന്ന് അവർ തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ ലോകത്ത് നിലനിൽക്കുന്ന രാഷ്ട്രീയം, കുറഞ്ഞുവരുന്ന തൊഴിൽ സാധ്യതകൾ, പാരിസ്ഥിതിക ദുരന്തങ്ങൾ എന്നിവയൊക്കെ യുവാക്കളെ ഒരുപാട് നിരാശരാക്കുന്നു എന്നത് വാസ്തവമാണ്. അവർ ചെറുകിട ഉൽപ്പാദനത്തിന്റെ രാഷ്ട്രീയ സാമൂഹ്യ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞു അതിന്റെ ഭാഗമാവേണ്ടിയിരിക്കുന്നു. അത് കാലാവസ്ഥാ വ്യതിയാനം എന്ന ആഗോള പ്രതിസന്ധിയെ നേരിടാനുള്ള വഴി കൂടിയാണ്.

ജിൽ കാർ ഹാരിസ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം

കേരളിത്തിലടക്കം വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികളുമായി നിരന്തരം സംവാദങ്ങളിൽ ഏർപ്പെടുന്ന ഒരാളാണല്ലോ താങ്കൾ. കേരളത്തിൽ എന്തായിരുന്നു അനുഭവം?

കേരളത്തിലെ കുട്ടികളോട് പണത്തിനപ്പുറം വേറെ ഒരു വലിയ ലോകമുണ്ടെന്നും ലാഭം മാത്രമാകരുത് നമ്മുടെ ലക്ഷ്യം എന്നൊക്കെയുള്ള കാര്യങ്ങൾ പങ്കുവയ്ക്കുക വലിയ ബുദ്ധിമുട്ടാണ്. അത്രയ്ക്ക് അവർ ഇപ്പോൾ നിലനിൽക്കുന്ന വ്യവസ്ഥയുടെ ആത്മാവ് ഉള്ളിൽപ്പേറുന്നവരാണ്. സ്വകാര്യസ്വത്തിന്റെ ഉയർച്ചയാണ് അവരുടെ മുഖ്യ ലക്ഷ്യം. അതിനെ ചോദ്യം ചെയ്യുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ അവർക്ക് ബുദ്ധിമുട്ടെന്നാണ് ഞാൻ കുട്ടികളോട് സംസാരിക്കുമ്പോൾ തോന്നിയിട്ടുള്ളത്. ഭൗതിക ലോകത്തിൽ മത്സരിച്ചു മുന്നേറുക എന്നത് അവരെ സംബന്ധിച്ച് അഭിമാനത്തിന്റെ പ്രശ്നം കൂടിയാണ്. സഹജീവികളെ പരമാവധി ചൂഷണം ചെയ്യാതെ, പരസ്പര സഹകരണത്തോടെ എങ്ങനെ ജീവിക്കാം എന്നതിനെക്കുറിച്ചും യാതൊരു സങ്കൽപ്പവും അവർക്കില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബദൽ സാമ്പത്തിക ചിന്തകൾ അവർക്ക് മനസിലാക്കാൻ കുറച്ച് സമയം എടുത്തേക്കാം. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന ഒരു സ്ഥലത്ത് നിന്നും തങ്ങൾക്ക് എന്തുകൊണ്ട് മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറേണ്ടിവരുന്നു എന്നതിനെക്കുറിച്ചും അവർ ആലോചിക്കുന്നില്ല. കേരളത്തിൽ വളരെ ഹിംസാത്മകമായ ഒരു സമ്പദ്‌വ്യവസ്ഥയാണ് നിലനിൽക്കുന്നത് എന്നത് ഒരു യാഥാർത്ഥ്യമാണ്. വികസനത്തിന്റെ പേരിൽ ഒരു വിഭാഗം അതിനെ നെഞ്ചിലേറ്റി ലാളിക്കുമ്പോൾ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എല്ലാ വിഭാഗം മനുഷ്യരെയും ബാധിക്കുന്നതാണ്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഒരുപാട് അനുകൂല ഘടകങ്ങൾ കേരളത്തിനുണ്ട്. അതിനെ ഉൾക്കൊള്ളാൻ ഇപ്പോഴത്തെ വികസന സങ്കൽപ്പങ്ങൾക്ക് കഴിയാതെ പോയത് കേരളത്തിന്റെ വലിയ ദുരന്തമാണ്. മധ്യവർഗ ഉപഭോഗ സംസ്കാരമാണ് കേരളത്തിന്റെ ചാലക ശക്തി. എന്നാൽ അഹിംസാത്മകമായ ഒരു സമ്പദ്‌വ്യവസ്ഥയും ജീവിതവും സാധ്യമാണെന്ന് കുട്ടികളോട് നമ്മൾ പറഞ്ഞുകൊണ്ടേയിരിക്കണം, അവർക്ക് കാണാനും മനസിലാക്കാനുമുതകുന്ന മാതൃകകൾ ഉണ്ടാക്കുകയും വേണം. അതോടൊപ്പം ശാരീരിക അധ്വാനം ചെയ്യുന്നവർ രണ്ടാംതരം പൗരന്മാരാണെന്ന പൊതുബോധം തിരുത്തേണ്ടിയുമിരിക്കുന്നു.

അഹിംസാത്മക സമ്പദ്‌വ്യവസ്ഥയുടെ ലക്ഷ്യത്തെക്കുറിച്ച് പറയാമോ?

ചെറുകിട ഉത്പാദക സംഘങ്ങൾക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകുക എന്നത് Non Violent Economic Network (NVEN) വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി തിരിച്ചറിയുന്നു. അതുപോലെ പ്രധാനപ്പെട്ടതാണ് ഉത്തരവാദിത്തപ്പെട്ട ഉപഭോക്താക്കൾ ആവുക എന്നതും. നമ്മൾ ബോധപൂർവ്വം പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയാൽ ഒരുപാട് മാറ്റങ്ങൾ സാധ്യമാക്കാം. അത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുപോകാൻ സഹായിക്കും. കൊക്കോകോള കുടിക്കുന്നത് പല സ്ഥാപനങ്ങളും നിരുത്സാഹപ്പെടുത്തിയപ്പോൾ ഉണ്ടായ മാറ്റം നമ്മൾ കണ്ടതാണ്. ചെറുകിട ഉൽപ്പന്നങ്ങളെ നാം ബോധപൂർവ്വം ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ വിഭവങ്ങളെ ഊറ്റിയെടുക്കുകയും നാളെക്കുവേണ്ടി യാതൊരു കരുതലും ഇല്ലാതെ പ്രവർത്തിക്കുന്നതുമാണ്. ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്ക് അങ്ങനെ ലാഭം നോക്കി മാത്രമേ നിലനിൽക്കാൻ കഴിയുകയുള്ളൂ. അതിനെ നമ്മുടെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തുക എന്നത് അഹിംസാത്മക സമ്പദ്‌വ്യവസ്ഥയുടെ വലിയ ലക്ഷ്യമാണ്. നമ്മുടെ ജീവിതം ഏതാനും കോർപ്പറേറ്റ് സ്ഥാപനങ്ങൾ നിയന്ത്രിക്കേണ്ടതല്ലെന്ന് നമ്മൾ തീരുമാനിക്കണം. അതിനുശേഷം നമ്മൾ കൈക്കൊള്ളേണ്ട പ്രായോഗിക രാഷ്ട്രീയമാണ് NVEN മുന്നോട്ടുവയ്ക്കുന്നത്. അവിടെയാണ് കൈ ഉപയോഗിച്ച് ഉണ്ടാക്കുന്നതിനും പരിസ്ഥിതിക്ക് വലിയ ക്ഷതം ഏൽപ്പിക്കാതെ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും വിപണനം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും വലിയ പ്രാധാന്യം കൈവരുന്നത്. അത്തരം സംഘങ്ങളുടെ കൂട്ടായ്‍മകൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഒരു പത്ത് വർഷത്തിനുള്ളിൽ ദക്ഷിണ ഇന്ത്യയിൽ അത്തരം ശക്തമായ ഒരു സാന്നിധ്യം ആവാനാണ് NVEN ലക്ഷ്യമിടുന്നത്.

അഹിംസാത്മക സമ്പദ്‌വ്യവസ്ഥയുടെ പ്രധാന തത്വങ്ങൾ എന്തൊക്കെയാണ്?

ഗാന്ധിയിൽ നിന്നും ജെ.സി കുമരപ്പയിൽ നിന്നും രൂപംകൊണ്ട ആശയങ്ങളാണ് അതിന് അടിസ്ഥാനം. ഭൂരഹിതരായ ആളുകളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോയത് വിനോബാ ബാവ ആയിരുന്നല്ലോ. അതുപോലെ സമ്പദ്‌വ്യവസ്ഥ എന്നത് പണത്തിന്റെ കൈമാറ്റവും അതിന്റെ തത്വങ്ങളിൽ അടിസ്ഥാനമാക്കിയതുമല്ലെന്ന് പ്രഖ്യാപിച്ച് വളരെ ആഴത്തിലുള്ള ഇടപെടൽ നടത്തിയ ഗാന്ധിയനായിരുന്നു ജെ.സി കുമരപ്പ. അതിൽ നമ്മുടെ ബോധപൂർവ്വമായ തെരെഞ്ഞെടുപ്പിന് പ്രാധാന്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിൽ ധാർമികതയുടെ പ്രാധാന്യം ഗാന്ധിയും കുമരപ്പയും നന്നായി മനസിലാക്കിയിരുന്നു. നമ്മുടെ ഭൗതിക ആവശ്യങ്ങളുടെ പൂർത്തീകരണം മാത്രമായിരുന്നില്ല സമ്പദ്‌വ്യവസ്ഥ എന്ന് അവർ തിരിച്ചറിഞ്ഞു. ലോകപ്രശസ്ത മനഃശാസ്ത്രജ്ഞനായിരുന്ന എബ്രഹാം മാസ്ലോവ് മുന്നോട്ടുവെച്ച ഒരു സിദ്ധാന്തമാണ് മാസ്ലോവിന്റെ ആവശ്യകതകളുടെ ശ്രേണി (Maslow’s hierarchy of needs) എന്ന് അറിയപ്പെടുന്നത്. 1943-ൽ അദ്ദേഹം അവതരിപ്പിച്ച മനുഷ്യ പ്രചോദനത്തിന്റെ സിദ്ധാന്തം (A Theory of Human Motivation) എന്ന പ്രബന്ധത്തിലാണ് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങളെ അദ്ദേഹം അഞ്ച് വിഭാഗങ്ങളിലായി വർഗ്ഗീകരിച്ചിരുന്നു. ഈ അഞ്ച് വിഭാഗങ്ങളേയും അവയുടെ അനിവാര്യതയുടേയും പ്രാധാന്യത്തിന്റെയും ക്രമമനുസരിച്ച് ശ്രേണിയാക്കി ക്രമീകരിക്കുകയായിരുന്നു. ശാരീരികമായ ആവശ്യങ്ങൾ (Physiological), സുരക്ഷിതത്വ ആവശ്യങ്ങൾ (Safety), സ്നേഹ സംബന്ധമായ ആവശ്യങ്ങൾ (Belongingness and Love), ആത്മാഭിമാനം സംബന്ധമായ ആവശ്യങ്ങൾ (Esteem), ആത്മാവിഷ്ക്കാര ആവശ്യങ്ങൾ (Self-Actualization) എന്നിവയാണ് ആ അഞ്ച് വിഭാഗങ്ങൾ. വേണമെങ്കിൽ ഗാന്ധിയും കുമരപ്പയും ചേർന്ന് ഈ വ്യക്തിതല ആവശ്യങ്ങളെ സാമൂഹ്യതല ആവശ്യങ്ങളുമായി വിളക്കിച്ചേർക്കുകയാണെന്നു പറയാം. ഇതുമായി താരമ്യം ചെയ്യുമ്പോൾ ആധുനിക സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക മനുഷ്യൻ (Economic Man) എന്ന ആശയം എന്തുമാത്രം ഹിംസാത്മകവും ലാഭ കേന്ദ്രീകൃതവുമാണെന്ന് മനസിലാവും. അത് വ്യക്തിയുടെയോ സമൂഹത്തിന്റെയോ ആവശ്യങ്ങളെ സമഗ്രമായി പരിഗണിക്കുന്നില്ല എന്ന് മനസ്സിലാവും. അത് പ്രകൃതിനിയമങ്ങളെ പാടെ അവഗണിക്കുന്നു എന്നും. ഇന്ന് കാലാവസ്ഥാ പ്രതിസന്ധി ലോകത്ത് നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ പരിവർത്തനം ആവശ്യപ്പെടുന്നുണ്ട് എന്നും നമ്മൾ ഓർക്കണം.

ജിൽ കാർ ഹാരിസ് പദയാത്രയിൽ

അഹിംസാത്മക സമ്പദ്‌വ്യവസ്ഥ മനുഷ്യന്റെ ഭൗതിക ആവശ്യങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ലല്ലോ. ഇതിൽ ഒരുതരത്തിൽ ആത്മീയമായ ഒരു ഘടകം ഉണ്ടെന്ന് പറയാൻ കഴിയും, അല്ലെ ?

തീർച്ചയായും. അത് മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയവയെ പരിഗണിക്കുമ്പോൾ തന്നെ ഭൗതികേതരമായ ആവശ്യങ്ങളെ, ആത്മീയ തലങ്ങളെ കൂടി തൃപ്തിപ്പെടുത്തുന്നതാണ് എന്ന് പറയാം. നിങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണത്തിനും മറ്റു ആവശ്യങ്ങൾക്കും ഒരു പരിധിയുണ്ട്. അത് കുമിഞ്ഞു കൂടിയതുകൊണ്ടു കാര്യമൊന്നുമില്ല. അത്തരം ആവശ്യങ്ങളുടെ നീതിപൂർവ്വമായ വിതരണമാണ് നടക്കേണ്ടത്. അത് അപരനെ കൂടി പരിഗണിക്കുന്ന ഉയർന്ന ചിന്തയിൽ നിന്നും ഉണ്ടാവുന്നതാണ്. നിങ്ങളുടെ മനസ് ആഗ്രഹിക്കുന്ന സമാധാനം, സന്തോഷം, സ്നേഹം, സംതൃപ്തി തുടങ്ങിയവ അതിലൂടെ മാത്രമേ പൂർത്തീകരിക്കാൻ കഴിയുള്ളൂ. അതുകൊണ്ടാണ് അത് വ്യക്തിതല ആവശ്യങ്ങൾക്കപ്പുറം സാമൂഹ്യ ആവശ്യങ്ങളിൽ കൂടി ഊന്നൽ നൽകിയിരിക്കുന്നത്. മുതലാളിത്തം മനുഷ്യനെ പരമാവധി വ്യക്തിതലത്തിൽ (individualise) പ്രതിഷ്ഠിക്കാൻ നോക്കുമ്പോൾ അതിനെ ഭേദിക്കാൻ ആണ് അഹിംസാത്മക സമ്പദ്‌വ്യവസ്ഥ ശ്രമിക്കുന്നത്. മറ്റൊന്ന് അധ്വാനവുമായി ബന്ധപ്പെട്ടതാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥയിലെ ശാരീരിക അധ്വാനം മടുപ്പുളവാക്കുന്നതും ശരീരത്തിന്റെ ജീവശാസ്ത്രപരമായ ആവശ്യങ്ങളെ പരിഗണിക്കാത്തതും ആണ്. അഹിംസാത്മക സമ്പദ്‌വ്യവസ്ഥ അതിനെ മാറ്റിത്തീർക്കുവാൻ ഉള്ളതാണ്. അധ്വാനം ഒരാൾക്ക് ആസ്വദിച്ചു ചെയ്യാൻ കഴിയുന്നതായിരിക്കണം. ഇന്ന് ഫാക്ടറികളിൽ നിലനിൽക്കുന്ന തൊഴിൽ വിഭജനം ഇല്ലാതാവേണ്ടത് അതിന് അനിവാര്യമാണ്.

ഇത് പല തരത്തിൽ നമ്മുടെ സംസ്ക്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായിരുന്ന ഒന്നല്ലേ? വ്യാവസായിക യുഗം അതിനെ ക്രമാനുഗതമായി കുഴിച്ചുമൂടി എന്നതല്ലേ വാസ്തവം?

പരസ്പ്പര സഹകരണം, പങ്കുവയ്ക്കൽ, പ്രകൃതിനിയമങ്ങളെ മനസിലാക്കി ജീവിക്കൽ തുടങ്ങിയവ മനുഷ്യജീവിതത്തിന്റെ ഭാഗമായി ഉണ്ടായിരുന്നതാണ്. ആദിമകാലത്ത് മനുഷ്യന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും ഇതൊക്കെ അനിവാര്യമാണെന്ന് മനുഷ്യർ തിരിച്ചറിഞ്ഞിരുന്നു. അതിനർത്ഥം പണ്ടുകാലത്ത് അനീതിയും അക്രമവും ചൂഷണവും ഒന്നും നിലനിന്നിരുന്നില്ല എന്നല്ല. പക്ഷെ വ്യക്തിയായി നിലനിൽക്കുമ്പോൾ തന്നെ സാമൂഹ്യ ജീവിയായി നിലനിൽക്കാനും സാമൂഹിക പാരിസ്ഥിതിക നീതിയെകൂടി ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാനുള്ള സാധ്യതകളെ ആധുനിക സമ്പദ്‌വ്യവസ്ഥയും മുതലാളിത്ത പ്രത്യയശാസ്ത്രവും ചേർന്ന് തമസ്ക്കരിച്ചു എന്നതാണ് നമ്മുടെ ദുരന്തങ്ങൾക്ക് ആക്കം കൂട്ടിയത്. മറ്റു ജീവജാലങ്ങളെക്കാൾ മനുഷ്യനെ അത് കേന്ദ്രസ്ഥാനം നൽകി പ്രതിഷ്ഠിച്ചു. കുമരപ്പ ഇക്കോളജിയെ അവഗണിച്ചില്ല എന്നതാണ് പ്രധാനമായി ചെയ്ത കാര്യം. അത് സാമ്പത്തിക വിദഗ്ധരുടെയും ശാസ്ത്രജ്ഞന്മാരുടെയും ഒരു വിഷയമേ ആയിരുന്നില്ല. മാത്രവുമല്ല സാങ്കേതിക വിദ്യയുടെ അമിതമായ പ്രയോഗം അപമാനവീകരണത്തിലേക്കു നയിക്കും എന്ന കാര്യം അദ്ദേഹം ദീർഘ ദർശനം ചെയ്തു. അതെ സമയം അദ്ദേഹം ആവശ്യമായ തോതിലുള്ള യന്ത്രവൽക്കരണത്തിനോ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനോ എതിരായിരുന്നില്ല എന്നും ഓർക്കണം.

ഇവിടെ മൂല്യത്തെയും വിലയേയും വേർതിരിച്ചു കാണേണ്ടത് പ്രധാനമല്ലേ?

അതാണ് കുമരപ്പ പറയുന്ന പ്രധാനപ്പെട്ട ഒരുകാര്യം. ഒരു കാടിന്റെ മൂല്യം എന്ന് പറയുന്നത് അതിനകത്തുള്ള മരങ്ങൾ മുറിച്ചു വിറ്റാൽ കിട്ടുന്ന പണവുമായി യാതൊരു ബന്ധവുമില്ല. മാത്രവുമല്ല കാടിന്റെ ഇക്കോസിസ്റ്റം നൽകുന്ന സേവനങ്ങളെ നമുക്ക് പണത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് വിലയിടാവുന്നതുമല്ല. അതുതന്നെയാണ് നിങ്ങൾ പരസ്പ്പരം ആശ്രയിച്ചും പങ്കുവച്ചും ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കാര്യവും. ജീവിതത്തിൽ പണത്തിന്റെ ആധാരത്തിൽ വിലയിടാൻ കഴിയാത്ത ഒട്ടനവധി കാര്യങ്ങൾ ഉണ്ടെന്നും അത് ജീവിതത്തിൽ വളരെ പ്രധാനമാണെന്നും ഗാന്ധിയും കുമരപ്പയും നമ്മളെ ഓർമ്മിപ്പിക്കുന്നു.

മനുഷ്യർക്ക് അങ്ങനെയൊക്കെ ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്ത തരം സംവിധാനങ്ങളും പ്രേരണകളുമല്ലേ സ്റ്റേറ്റിന്റെ വളർച്ചയിൽ അധിഷ്ഠിതമായ നയങ്ങൾ അടിച്ചേൽപ്പിക്കുന്നത് ? മൊത്തം ആഭ്യന്തര ഉൽപ്പാദനം (Gross Domesitc Product) എന്ന മാനദണ്ഡം നിർണ്ണയിക്കുന്ന നമ്മുടെ ജീവിതത്തെ അഹിംസാത്മക സമ്പദ്‌വ്യവസ്ഥയുടെ മൂല്യങ്ങൾ പരിഗണിച്ചുകൊണ്ട് പുനർനിർണ്ണയിക്കുക അത്ര എളുപ്പമാണോ?

ജി.ഡി.പി എന്ന മാനദണ്ഡത്തിന്റെ പല രൂപങ്ങളാണ് നമ്മുടെ ജീവിതത്തിൽ നമ്മൾ അറിഞ്ഞും അറിയാതെയും പിന്തുടരുന്നത്. ജി.ഡി.പി ഒരു സ്റ്റാറ്റിസ്റ്റിക്സ് മാത്രമാണ്. അത് ജീവിത യാഥാർഥ്യമല്ല. നമ്മുടെ മത്സര ബുദ്ധിയുടെ അടിസ്ഥാന കാരണങ്ങളിൽ ഒന്ന് അതുകൂടിയാണ്. അതുകൊണ്ടാണ് മണ്ണിലും വനത്തിലും മരത്തിലും ഒക്കെ ഒട്ടനവധി ജീവജാലങ്ങൾ അധിവസിക്കുന്നുണ്ട് എന്നതിനെ നമ്മൾ പാടേ മറന്നുപോകുന്നത്. നമ്മുടെ ചിന്തയുടെയും പ്രവൃത്തിയുടെയും ഒക്കെ ആധാരം സാമ്പത്തിക വളർച്ച, നേട്ടം ഒക്കെ ആയിരിക്കുന്നു. ഇത് മനുഷ്യനിൽ സ്വാഭാവികമായി വന്നുചേർന്ന ഒരു മാറ്റം എന്ന് പറയാൻ കഴിയില്ല. അത് ഞാൻ നേരത്തെ പറഞ്ഞ സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പിനായി മനുഷ്യനിൽ അടിച്ചേൽപ്പിച്ചതാണ്. അതിനെ നിർധാരണം ചെയ്തെടുക്കൽ നമ്മുടെ ദൗത്യമാണ്.

ജെ.സി കുമരപ്പ

ഒരുപക്ഷേ സ്വാതന്ത്ര്യാനന്തരം ഗാന്ധിയൻ ആശയങ്ങൾ പരിഗണിച്ചിരുന്നു എങ്കിൽ ഇന്ത്യയ്ക്ക് സ്വയംപര്യാപ്തതയുടെ ഒരു മാതൃക ലോകത്തിന് കാണിച്ചുകൊടുക്കാൻ പറ്റില്ലായിരുന്നോ?

ഇന്ന് നമുക്ക് അങ്ങനെ ആഗ്രഹിക്കാൻ മാത്രമേ കഴിയൂ. അതിനുള്ള ഒരു സാധ്യത തുടക്കത്തിലേ ഇല്ലാതായി എന്നാണ് ഞാൻ മനസിലാക്കുന്നത്. സോവിയറ്റ് യൂണിയന്റെ മാതൃകയിൽ ആകൃഷ്ടനായ ജവഹർലാൽ നെഹ്‌റു കൂറ്റൻ പദ്ധതികൾക്കും വ്യവസായവൽക്കരണത്തിനുമാണ് പ്രാമുഖ്യം നൽകിയത്. ഗാന്ധിജി മുന്നോട്ടു വച്ച ഗ്രാമ സ്വരാജ് എന്ന ആശയത്തെ അദ്ദേഹം പിന്താങ്ങിയിരുന്നില്ല. നഗരവൽക്കരണത്തിന്റെയും വ്യവസായവൽക്കരണത്തിന്റെയും യൂറോപ്പ്യൻ മാതൃകയ്ക്ക് നേരെ ഗാന്ധിയും കുമരപ്പയും ഉന്നയിച്ച വിമർശനങ്ങൾ അവഗണിക്കപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ വികേന്ദ്രീകരണം എന്ന സുപ്രധാന ആശയത്തിന് ഉൽപ്പാദന-വിതരണ സംവിധാനങ്ങൾക്കകത്ത് പ്രാമുഖ്യം കിട്ടാതെ പോയി. എന്നാൽ ഗാന്ധി പ്രാധാന്യം നൽകിയ സാമ്പത്തികനയങ്ങളുടെ പ്രാധാന്യം കാലാന്തരേണ വർധിച്ചു വരുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. അതാണ് എന്നെ ഇന്ത്യയിൽ തുടരാനും പ്രവർത്തിക്കാനും മുഖ്യമായും പ്രേരിപ്പിച്ച ഘടകം.

യു.എൻ പ്രോജക്ടിൽ നിന്നും ജോലി രാജിവച്ച് സർക്കാതിര സംഘടന രൂപീകരിച്ചുകൊണ്ടാണല്ലോ താങ്കൾ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നത്. സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തെ എങ്ങനെയാണ് നോക്കികാണുന്നത്? അവർക്ക് നോൺ വയലന്റ് ഇക്കോണമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ശക്തമായ സാന്നിധ്യമായി ഉണ്ടായിരുന്നത് സ്വയം സന്നദ്ധ പ്രസ്ഥാനങ്ങൾ (Voluntary Movement) ആയിരുന്നു. പിന്നീടാണ് അത് സർക്കാരിതര സന്നദ്ധ സംഘടനകൾ (NGOs) ആയി മാറുന്നത്. സന്നദ്ധ പ്രസ്ഥാനങ്ങൾ കൂടുതലും പ്രവർത്തിച്ചിരുന്നത് ഗാന്ധിയൻ മൂല്യങ്ങളിലും രാഷ്ട്ര നിർമ്മാണം എന്ന ലക്ഷ്യത്തിലും ഒക്കെ ആയിരുന്നു. എൻ.ജി.ഒകളുടെ കാര്യത്തിൽ കാര്യമായ വ്യതിയാനം കാലാന്തരത്തിൽ വന്നതായാണ് ഞാൻ മനസിലാക്കുന്നത്. പലതും ഒരു ബിസിനസ്സ് മോഡലുകൾ വികസിപ്പിക്കുകയാണുണ്ടായത്. സർക്കാർ പദ്ധതികളുടെ തുടർച്ച, അതിലെ കുറവുകൾ പരിഹരിക്കൽ തുടങ്ങിയവ അവർ ഏറ്റെടുക്കാൻ തുടങ്ങിയതോടെ നിലനിൽക്കുന്ന വ്യവസ്ഥയുടെ ഭാഗമാവാൻ തുടങ്ങി. ഇന്ത്യയുടെ ജി.ഡി.പി യുടെ രണ്ട് ശതമാനം സംഭാവന ചെയ്യുന്നത് സർക്കാരിതര സംഘടനകൾ ആണെന്ന് ഒരു സുഹൃത്ത് ഈയ്യിടെ പറയുകയുണ്ടായി. എനിക്കതിൽ അത്ഭുതം ഒന്നും തോന്നിയില്ല. വ്യവസ്ഥയുടെ വക്താക്കളായി അത്തരം സ്ഥാപനങ്ങൾ മാറി എന്ന് കാണാം. ഇപ്പോൾ അത് കോർപ്പറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്തം (Corporate Social Responsibility) എന്നായിട്ടും മാറിയിട്ടുണ്ട്. അതോടുകൂടി സ്വയം സന്നദ്ധ പ്രസ്ഥാനങ്ങൾ തുടങ്ങിവച്ച മൂല്യങ്ങളിൽ നിന്നും പ്രവർത്തന രീതികളിൽ നിന്നും ഒരുപാട് അകന്നുപോയിട്ടുണ്ട് ഇപ്പോഴത്തെ സ്ഥാപനങ്ങൾ. അതുകൊണ്ട് അത്തരം പ്രസ്ഥാനങ്ങളിൽ നിന്നും ഗാന്ധിയുടെയും കുമരപ്പയുടെയും ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നതിൽ സാംഗത്യമില്ല. നമുക്ക് വേണ്ടത് പ്രാദേശിക സ്വയംപര്യാപ്തതയ്ക്ക് വേണ്ടിയുള്ള ജനകീയ പ്രസ്ഥാനങ്ങളാണ്.

ഇന്ന് നിലനിൽക്കുന്ന വികസന മാതൃകകൾക്കെതിരെ, നിലനിൽക്കുന്ന സാമ്പത്തിക വ്യവസ്ഥയ്‌ക്കെതിരെ അങ്ങനെയൊരു ജനകീയ പ്രസ്ഥാനം ഉയർന്നുവരിക എന്നത് എളുപ്പമാണോ?

എളുപ്പമല്ല, എന്നാൽ കാലത്തിന്റെ അനിവാര്യതയാണത്. ഇന്ന് വികസനം എന്ന് വച്ചാൽ വലിയ ഇൻഫ്രാസ്ട്രക്ചർ ആണെന്നാണ് ധാരണ. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാകട്ടെ അദാനിയെപ്പോലുള്ള ധനികരും. സാധാരണ ജനജീവിതത്തിന്റെ ഗുണപരതയെ സ്വാധീനിക്കാൻ അതിന് കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. ഗ്രാമങ്ങളുടെ ജീവിത നിലവാരം അല്ല അതൊന്നും ലക്ഷ്യമിടുന്നത് എന്ന് എല്ലാവർക്കുമറിയാം. ഗ്രാമങ്ങളിലെ ജാതി വ്യവസ്ഥയെയൊക്കെ അഡ്രസ് ചെയ്യാൻ കഴിയുന്ന നിലയിലുള്ള വികേന്ദ്രീകൃത പ്രവർത്തനങ്ങൾ ആണ് നമുക്കു വേണ്ടത്. എന്നാൽ മാറ്റത്തിനായുള്ള ജനകീയ പ്രസ്ഥാനങ്ങൾ ഇപ്പോഴും പലയിടങ്ങളിലായി നിലനിൽക്കുന്നുണ്ട്, മാത്രവുമല്ല ഇനിയും അവ ഉണ്ടായി വരികയും ചെയ്യും. എന്നാൽ അത് ഇപ്പോൾ നിലനിൽക്കുന്ന സ്വയം സഹായ സംഘടനകളുടെ (Self Help Groups) രൂപത്തിൽ അല്ല. അവ ഗ്രാമങ്ങളിൽ വൻകിട കോർപ്പറേറ്റുകളുടെ ചെറുരൂപങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മൈക്രോ ഫിനാൻസ് ഒക്കെ അതിന്റെ ഭാഗമായി വരുന്നതാണ്. അത് ചില വ്യക്തികൾക്ക് സാമ്പത്തിക സഹായം ഒക്കെ നല്കുന്നുണ്ടാവും എന്നാൽ അത് അടിസ്ഥാനപരമായി നിലനിൽക്കുന്ന സാമ്പത്തിക മാതൃകയെ ആണ് അനുകരിക്കുന്നത്. എല്ലാറ്റിനെയും ധനസമ്പാദന (Monitisation) മാർഗ്ഗങ്ങളായി ഒതുക്കിയത് ആണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയൊക്കെ ഒരു കാരണം. പണം എന്ന മാധ്യമം, ലാഭം, പലിശ ഇതൊന്നും ഇല്ലാതെയും ഒരുപാട് കാര്യങ്ങൾ മനുഷ്യസമൂഹത്തിൽ പരസ്പ്പര ആശ്രിതത്വത്തിലൂടെ നടന്നിരുന്നു. അതാണ് ബാങ്ക് വായ്‌പകൾ തകർത്തു കളഞ്ഞത്. അതിന്റെ ഭാഗമായാണ് കാലാവസ്ഥാ ദുരന്തത്തെ നേരിടാൻ കാർബൺ ക്രെഡിറ്റ് ഒക്കെ കൊണ്ടുവരുന്നത്. എല്ലാത്തിനെയും പണവുമായി കൂട്ടിക്കെട്ടി ലാഭമുള്ളതാക്കി മാറ്റുക എന്നതാണ് ആഗോളതലത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ജനകീയ പ്രസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഈ സാഹചര്യത്തിൽ നിന്നും ഉണ്ടാവുന്നതാണ്.

മധുരൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Centre for Experiencing Socio Cultural Interaction (CESCI) അംഗവും അഹിംസാത്മക സമ്പദ്‌വ്യവസ്ഥ നെറ്റ് വർക്കിന്റെ  (Nonviolent Economic Network ) പ്രവർത്തകയുമായ ഡോ. ജിൽ കാർ ഹാരിസ് വളർച്ചയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയിൽ വരേണ്ട പരിവർത്തനത്തെക്കുറിച്ചും അഹിംസാത്മക സമ്പദ്‌വ്യവസ്ഥയുടെ തത്വങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
എബ്രഹാം മാസ്ലോവ്

ആത്യന്തികമായി അധികാരത്തിന്റെ വികേന്ദ്രീകരണം നടക്കാതെ സാമ്പത്തിക രംഗത്ത് മാത്രം മാറ്റങ്ങൾ സാധ്യമാണോ?

ലാഭത്തെ, വികസനത്തെ, ധന സമ്പാദനത്തെ, മിച്ച മൂല്യത്തെ (Surplus value) ഒക്കെ പുനർനിവ്വചിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്. എന്താണ് നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ എന്ന് നാം വീണ്ടുവിചാരം ചെയ്യേണ്ടിയിരിക്കുന്നു. അത് പല തലങ്ങളിൽ നടക്കേണ്ടിയിരിക്കുന്നു, അത് ശ്രമകരമായ ദൗത്യം ആണുതാനും. അപ്പോൾ മാത്രമേ നമുക്ക് പൈതൃകമായി ലഭിച്ച പരിസ്ഥിതി ബോധത്തെ ആനുകാലിക പ്രതിസന്ധികളുടെ വെളിച്ചത്തിൽ പ്രയോജനപ്പെടുത്താൻ കഴിയൂ. അതിന് ആധുനികതയുടെ മാനദണ്ഡങ്ങൾ മാത്രം മതിയാവില്ല. വിഭവങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതും ചംക്രമണ സമ്പദ്‌വ്യവസ്ഥയും (Circular Economy) ഒക്കെ നടക്കേണ്ടത് ഈ കാര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരിക്കണം. ഇപ്പോൾ കേരളത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തെയും ഈ സാഹചര്യത്തിൽ വേണം വിലയിരുത്താനും അതിജീവിക്കുവാനും. ഈ സമ്പദ് വ്യവസ്ഥ മാറുകയാണെങ്കിൽ മാത്രമേ നമുക്ക് യഥാർത്ഥ പഞ്ചായത്ത് രാജിലേക്ക് എത്താൻ കഴിയുകയുള്ളു. അതുകൊണ്ടാണ് ഒരുപാട് പണം മാറ്റിവച്ചിട്ടും കേരളത്തിൽ പഞ്ചായത്ത് രാജ് സംവിധാനങ്ങൾ നിലനിൽക്കുമ്പോഴും അധികാരത്തിന്റെ കേന്ദ്രീകരണം നിലനിൽക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ അത് ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അക്കാര്യത്തിൽ കേരളത്തിലെ ഇടതുപക്ഷവും കേന്ദ്ര സർക്കാരും തമ്മിൽ വലിയ വ്യത്യാസം ഇല്ല എന്ന് കാണാം. അതുകൊണ്ടാണ് രാഷ്ട്രീയ രംഗത്തെ മാറ്റത്തിന് സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ അനിവാര്യമാണെന്ന് കുമരപ്പ പറഞ്ഞത്. അഹിംസ മാർഗം എന്നത് നിഷ്ക്രിയമായ ഒരു പ്രവർത്തനരംഗം അല്ല. മറിച്ച് സർവ്വ മേഖലകളിലും അനിവാര്യമായ മാറ്റത്തിന്റെ ചാലക ശക്തിയാണ് അത്. അത് വളരെ സർഗാത്മകമായ ഒരു പ്രവർത്തനമാണ്.

അഹിംസാത്മക സമ്പദ്‌വ്യവസ്ഥ എന്നത് പൂർണ്ണമായും മനുഷ്യ ഇടപെടലുകളുടെ പരിമിതികളും പ്രശ്‍നങ്ങളും നിലനിൽക്കുന്ന ഒന്ന് തന്നെയായിരിക്കില്ലേ?

തീർച്ചയായും. പൂർണ്ണമായും ഹിംസാത്മകമല്ലാത്ത ഒരു സമ്പദ്‌വ്യവസ്ഥ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഒരു മനുഷ്യ ഇടപെടൽ എന്ന രീതിയിൽ അത് പൂർണ്ണമായും പ്രകൃതി സൗഹൃദം എന്നും കരുതാൻ കഴിയില്ല. എന്നാൽ പരമാവധി ഹിംസാത്മകത, അനീതി, അസമത്വം തുടങ്ങിയവയെ നേരിടാനുള്ള ഒരു മാർഗം ആയിട്ട് അതിനെ മനസിലാക്കേണ്ടിവരും. അല്ലെങ്കിൽ അഹിംസാത്മക മനുഷ്യജീവിതത്തിനുള്ള പ്രേരണയും പ്രോത്സാഹനവും നൽകാൻ കഴിയുന്ന ഒന്നായിട്ടും. അല്ലെങ്കിൽ ഇന്നും മനുഷ്യ സമൂഹം അഭിമുഖികരിക്കുന്ന വിവിധതരം സംഘർഷങ്ങളെ ലഘൂകരിക്കാനെങ്കിലും നമുക്ക് അങ്ങനെയൊരു മാറ്റം അനിവാര്യമായിരിക്കുകയാണ്. മാത്രവുമല്ല അത് പ്രയോഗത്തിലൂടെ കൂടുതൽ സാധ്യതകൾ ഉരുത്തിരിഞ്ഞ് വരുന്നതുമായ മേഖലയാണ്. പൂർണ്ണമായും നമുക്ക് അത് നിർവ്വചിക്കാനോ ചട്ടക്കൂടുകൾ നിർമ്മിക്കാനോ സാധ്യമല്ല. അതുകൊണ്ട് ഓരോ സാമൂഹ്യ, സാംസ്കാരിക, പാരിസ്ഥിതിക സാഹചര്യങ്ങൾക്കനുസൃതമായി ഹിംസാത്മകമല്ലാത്ത സമ്പദ് വ്യവസ്ഥയ്ക്ക് വളർന്നുവരാൻ കഴിയും. സംവാദത്തെ പരിപോഷിപ്പിക്കുന്ന ഒരു സംസ്ക്കാരം അതിനോടനുബന്ധിച്ച് വളർത്തിക്കൊണ്ടുവരേണ്ടിവരും.

ഇന്ത്യയിൽ അങ്ങനെ ഒരു സംവാദത്തിനുള്ള സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടം അല്ല നിലനിൽക്കുന്നതെന്ന് നേരത്തെ സൂചിപ്പിച്ചു. അത് അഹിംസാത്മക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയല്ലേ?

നിർഭാഗ്യവശാൽ ഇന്ത്യയിൽ ജനാധിപത്യം വലിയ വെല്ലുവിളികളെ നേരിടുകയാണ്. സംവാദം, അനുരഞ്ജനം (Reconciliation) എന്നിവ നടക്കാത്ത ഒരു രാഷ്ട്രീയ അന്തരീക്ഷമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഹിംസാത്മകമായ പ്രവർത്തനങ്ങളിലൂടെ അധികാരത്തിൽ എത്തിയ ഒരു പ്രധാനമന്ത്രി രാജ്യം ഭരിക്കുന്നു എന്നത് ഏറെ ദൗർഭാഗ്യകരമായ കാര്യമാണ്. ഗുജറാത്തിൽ അദ്ദേഹം പ്രോത്സാഹിപ്പിച്ചതും തുടർന്ന് ഇന്ത്യയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും ഹിംസയാണ്. തെരഞ്ഞെടുപ്പ് പോലും ഹിംസാത്മകമായാണ് നടക്കുന്നത്. അദ്ദേഹം അടിസ്ഥാനപരമായി ഹിംസയിൽ ഊന്നിക്കൊണ്ട് പ്രവർത്തിക്കുന്ന ഒരാളാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പാർലമെൻറ് അംഗങ്ങളും ഹിംസയിൽ ഊന്നിയാണ് പ്രവർത്തിക്കുന്നത്. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ് ആർ.എസ്.എസ്സുകാർ. എന്നാൽ ഈ സാഹചര്യത്തിലും അക്രമരഹിത സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രസക്തിയുണ്ട്.

CESCI ക്യാമ്പസിൽ ക്ലാസെടുക്കുന്ന ജിൽ കാർ ഹാരിസ്.

പരാദവ്യവസ്ഥ, സ്വാർത്ഥ വ്യവസ്ഥ, ഉദ്യമ വ്യവസ്ഥ, സംഘ വ്യവസ്ഥ, സേവന വ്യവസ്ഥ എന്നിങ്ങനെ വ്യത്യസ്ത സമ്പദ്‍വ്യസ്ഥകളെക്കുറിച്ച് ജെ.സി കുമരപ്പ ‘നിലനിൽപ്പിന്റെ സമ്പദ്‌വ്യവസ്ഥ’ (Economy of Permanence) യിൽ പറയുന്നുണ്ടല്ലോ. അതിൽ സേവന സമ്പദ്‌വ്യവസ്ഥ (Economy of Service) ആണ് ഏറ്റവും ഉത്തമ മാതൃകയായായി അദ്ദേഹം പറയുന്നത്. ഇത് ഒരു ആദർശവാദിയുടെ കാൽപ്പനിക പരികല്പനയായി തോന്നിയിട്ടുണ്ടോ?

പ്രകൃതിയുടെ നിലനിൽപ്പിന്റെ രഹസ്യം അനന്തമായി തുടരുന്ന ജീവിതവും മരണവും പുതു ജീവനും ചേർന്ന ജീവിതചക്രത്തിലാണ് (cycle of life-death-fresh life). ഈ ജീവിതചക്രം ഏതെങ്കിലും ഘട്ടത്തിൽ തകർന്നാൽ അത് അക്രമത്തിൽ കലാശിക്കുന്നു, അത് വളർച്ചയിലും പുരോഗതിയിലും ഇടപെടുകയും നാശത്തിലും മാലിന്യത്തിലും അവസാനിക്കുകയും ചെയ്യുന്നു. അതിനാൽ, സ്വാർത്ഥ താത്പര്യവും സ്വയം സംരക്ഷണവും എന്ന ഇടുങ്ങിയ കാഴ്ചപ്പാട് വിട്ട് ജീവിതചക്രത്തിൽ സ്ഥിരത നിലനിർത്താൻ പ്രകൃതിയുടെ വഴികളോട് പൂർണ്ണമായി കീഴടങ്ങണമെന്ന് കുമരപ്പ വാദിക്കുന്നു. പ്രകൃതിയിൽ ഏതെങ്കിലും ഒന്നിന്റെ മാത്രം നിലനിൽപ്പിനായി ഒന്നും നിലവിലില്ല. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ആണ് ജീവജാലങ്ങൾക്ക് പരസ്പരം ഉള്ള ബന്ധങ്ങളുടെ വൈവിധ്യത്തെയും അക്രമത്തിന്റെയും നാശത്തിന്റെയും അളവിനെയും അടിസ്ഥാനമാക്കി വ്യത്യസ്തതരത്തിലുള്ള സമ്പദ്‌വ്യവസ്ഥകളെ അദ്ദേഹം തരംതിരിക്കുന്നത്. മുതലാളിത്തത്തിന്റെ മൂലധന-തീവ്രമായ സമ്പദ്‌വ്യവസ്ഥ പ്രകൃതിവിഭവങ്ങളെ വളരെയധികം പാഴാക്കിയ കൊളോണിയലിസത്തിന്റെ കാലഘട്ടത്തിൽ തദ്ദേശവാസികളെയും അവരുടെ ജീവിതരീതികളെയും അത് ഇല്ലാതാക്കുന്നത് അദ്ദേഹത്തിന് കാണാൻ കഴിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം താങ്കൾ പറഞ്ഞ നാലുതരം വ്യവസ്ഥകളെക്കുറിച്ച് പറയുന്നത്. ഞാൻ തുടക്കത്തിൽ പറഞ്ഞ മാസ്ലോവിന്റെ ആവശ്യകതകളുടെ ശ്രേണി (Maslow’s hierarchy of needs) അവതരിപ്പിച്ചതിന് സമാനമായി മനുഷ്യന്റെ സ്വഭാവ സവിശേഷതകളിൽ ഊന്നിക്കൊണ്ടാണ് അദ്ദേഹം ആ പുസ്തകം എഴുതിയതെന്നാണ് ഞാൻ കരുതുന്നത്. അതിൽ മനുഷ്യസ്വഭാവത്തിന്റെ പല സവിശേഷതകളും പ്രകൃതിയിലെ സങ്കീർണതകളും അതിൽ കടന്നുവരുന്നുണ്ട്. അങ്ങനെ പലതും സമ്മിശ്രമായി രൂപപ്പെടുത്തിയ ജീവിതത്തിൽ നിന്നും ഒരു ഉയർന്ന അവബോധം (Higher level of consciousness) എങ്ങനെ കൈവരിക്കാം എന്നാണു കുമരപ്പ അന്വേഷിക്കുന്നത് എന്ന് തോന്നുന്നു. അത് നമ്മുടെ ഓരോരുത്തരുടെയും അന്വേഷണം കൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. തന്ത്രശാലി, വഞ്ചന കാണിക്കാനുള്ള കഴിവ്, അധികാരം നേടുന്നതിന് ആവശ്യമായ ഏതു കുടില മാർഗങ്ങളും ഉപയോഗിക്കാനുള്ള പ്രേരണ എന്നിവയെ സൂചിപ്പിക്കുന്ന മാക്കിയവെലിയനിസതിന് (Machiavellianism) എതിർദിശയിലുള്ള മനുഷ്യനെ രൂപപ്പെടുത്താനാണ് കുമരപ്പ ശ്രമിച്ചത് എന്ന് പറയാം. പിന്നെ ഗാന്ധിയുടെ അനുയായി എന്ന നിലയിൽ അദ്ദേഹം സ്വാഭാവികമായും ആദർശവാദി ആകുന്നതിൽ അത്ഭുതപ്പെടാനുമില്ല.

Also Read

15 minutes read March 19, 2023 2:04 pm