Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) പ്രസിദ്ധീകരിച്ച 2022 ലെ വാർഷിക റിപ്പോർട്ട് പ്രകാരം ലോകമെമ്പാടും മാധ്യമപ്രവർത്തകർക്കെതിരായ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും അളവ് ആശങ്കാപരമായി ഉയർന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ വർദ്ധിച്ചു എന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട കണക്കുപ്രകാരം 533 മാധ്യമപ്രവർത്തകരാണ് കഴിഞ്ഞവർഷം അറസ്റ്റ് ചെയ്യപ്പെട്ടത്. 65 മാധ്യമപ്രവർത്തകരെ ബന്ദികളാക്കുകയും 49 പേരെ കാണാതാവുകയും ചെയ്തു. “സ്വേച്ഛാധിപത്യ ഭരണകൂടമുള്ള നാടുകളിലെ ജയിലുകളിൽ കർമ്മനിരതരായ മാധ്യമപ്രവർത്തകർ നിറഞ്ഞുകൊണ്ടിരിക്കയാണ്. തടങ്കലിലാക്കപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണത്തിലെ വർദ്ധനവ് അഭിപ്രായ സ്വാതന്ത്ര്യം, ബഹുസ്വരത എന്നീ ആശയങ്ങൾക്ക് സജീവ പിന്തുണ നൽകേണ്ടതിന്റെ അടിയന്തിര ആവശ്യകതയെ ഓർമിപ്പിക്കുന്നു” എന്ന ആർ.എസ്.എഫ് ജനറൽ സെക്രട്ടറി ക്രിസ്റ്റോഫ് ഡെലോയറിന്റെ വാക്കുകൾ മാധ്യമപ്രവർത്തകർ നേരിടുന്ന ഭീഷണിയുടെ ആഴം വ്യക്തമാക്കുന്നു.
മാധ്യമസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന റിപ്പോർട്ടേഴ്‌സ് വിത്ത് ഔട്ട് ബോർഡേഴ്സ് എന്ന പാരീസ് ആസ്ഥനമായ സംഘടനയുടെ 2003 മുതൽ 2022 വരെയുള്ള കണക്കുകൾ വിശകലനം ചെയ്യുമ്പോൾ ഏകദേശം 1,700 ഓളം മാധ്യമപ്രവർത്തകരാണ് ലോകത്തെമ്പാടും കൊല്ലപ്പെട്ടത്. സംഘടിത കുറ്റകൃത്യങ്ങളും അഴിമതിയും അന്വേഷിക്കുന്ന മാധ്യമപ്രവർത്തകരാണ് ഇവരിൽ ഭൂരിപക്ഷവും. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇടങ്ങളിലും മറ്റിടങ്ങളിലും മാധ്യമ പ്രവർത്തനം ചോദ്യംചെയ്യപ്പെടുന്നു. രണ്ട് ദശാബ്ദമായി ശരാശരി എൺപതിലധികം മാധ്യമപ്രവർത്തകരാണ് ഓരോ വർഷവും ലോകത്ത് കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഓരോ രാജ്യത്തും ജയിലിൽ അടക്കപ്പെടുന്നവരുടെ കണക്കുകൾ ഇതിലും രണ്ടിരട്ടിയാണ്.
ഇറാഖ്, സിറിയ തുടങ്ങി ആഭ്യന്തര കലാപങ്ങളും, യുദ്ധങ്ങളും നിലനിൽക്കുന്ന രാജ്യങ്ങൾ മാധ്യമ പ്രവർത്തകരെ സംബന്ധിച്ച് അപകട സാധ്യത കൂടിയ സ്ഥലങ്ങളാണ്. 578 ജേർണലിസ്റ്റുകളാണ് രണ്ട് ദശകങ്ങളിലായി ഈ രാജ്യങ്ങളിൽ മാത്രമായി കൊല്ലപ്പെട്ടത്. ഗ്ലോബൽ പീസ് ഇൻഡക്സ് പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് ഇറാഖും സിറിയയും. സമാധനപരമായ ജനജീവിതം അവകാശപ്പെടാനില്ലാത്ത ഇവിടങ്ങളിൽ മാധ്യമ പ്രവർത്തനവും ദുഷ്കരമാണ്. ആഭ്യന്തര യുദ്ധകാലം മുതൽ സിറിയയിൽ ജേണലിസ്റ്റുകൾ വേട്ടയാടപ്പെട്ടിട്ടുണ്ട്. ഇരുണ്ട വർഷമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 2012, 2013 ലെ സിറിയൻ യുദ്ധകാലത്ത് 144 പേരാണ് മരണപ്പെട്ടത്. സിറിയ പോലെ ഇറാഖിലും മാധ്യമപ്രവർത്തനം ദുസ്സഹമാണ്.
അടുത്ത കാലത്തായി ജിഹാദി സംഘടനകളും, സൈന്യവും, സായുധ സംഘങ്ങളും നിരവധി പത്രപ്രവർത്തകരെ കൊലപ്പെടുത്തി. എന്നാൽ ഇത്തരം കൊലപാതകങ്ങൾ അപൂർവ്വമായി മാത്രമേ അന്വേഷണത്തിലേക്ക് നയിക്കുന്നുള്ളൂ. ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടാതെ പോകുന്നു. പലപ്പോഴും മാധ്യമപ്രവർത്തകരെ ഭയപ്പെടുത്താനും നിശബ്ദരാക്കാനും വധഭീഷണി, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ മാർഗങ്ങളാണ് ഇവർ സ്വീകരിക്കുന്നത്. പ്രമുഖരായ മാധ്യമപ്രവർത്തകർ പോലും ഈ തരത്തിലുള്ള ഭീഷണികൾക്ക് വിധേയരാവേണ്ടി വരുന്നവെന്ന് ആർ.എസ്.എഫ് പറയുന്നു.
ഈ രാജ്യങ്ങൾക്ക് പുറമെ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ കണക്കുകളും ഞെട്ടിക്കുന്നതാണ്. മെക്സിക്കോ-125, ഫിലിപ്പൈൻസ്-107, അഫ്ഘാനിസ്ഥാൻ-81, പാകിസ്ഥാൻ-93, സൊമാലിയ-78 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകൾ. ലോകത്തിലെ വൻ സാമ്പത്തിക ശക്തികളായ അമേരിക്കയും റഷ്യയും ഈ കണക്കുകളിൽ നിന്ന് ഒറ്റപെട്ടു നിൽക്കുന്നില്ല. മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന ഭൂഖണ്ഡമാണ് അമേരിക്കയെന്ന് ആർ.എസ്.എഫ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. മെക്സിക്കോയിൽ മാത്രമായി 125 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ബ്രസീൽ-42, കൊളംബിയ-31, ഹോണ്ടുറാസ്-26 എന്നിങ്ങനെ അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മാധ്യമ പ്രവർത്തകരുടെ കൊലപാതകങ്ങളിൽ അമേരിക്കൻ ഭൂഖണ്ഡം മുൻപന്തിയിലാണ്.
“ഔദ്യോഗികമായി ഒരു യുദ്ധവും നടക്കാത്ത ഇത്തരം രാജ്യങ്ങളിൽ പോലും റിപ്പോർട്ടർമാർ സുരക്ഷിതമല്ലെന്ന വസ്തുത ആശങ്കയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അമേരിക്കയുടെ അസഹിഷ്‌ണതകളുടെയും പ്രതികാര മനോഭാവത്തിന്റെയും ഇരയായിരുന്നു ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻഞ്ചെ. 2010 ൽ അമേരിക്കയുടെ ആയിരക്കണക്കിന് യുദ്ധരേഖകളും അഫ്ഗാൻ യുദ്ധവുമായി ബന്ധപ്പെട്ട സൈനിക രഹസ്യങ്ങളും പുറത്തുവിട്ടതിനെ തുടർന്ന് വിക്കിലീക്‌സും അസാൻഞ്ചെയും അമേരിക്കയ്ക്ക് തലവേദനയായി മാറിയിരുന്നു.
യുദ്ധരഹസ്യങ്ങളെക്കുറിച്ചുളള കൂടുതൽ വെളിപ്പെടുത്തലുകൾക്ക് വിക്കിലീക്സ് തയ്യാറെടുക്കവെയാണ് അസാഞ്ചെക്കെതിരെ കേസ് വരുന്നത്. 2019 മുതൽ ലണ്ടൻ ജയിലിൽ കഴിയുന്ന ആസ്ട്രലിയൻ വംശജനായ അസാഞ്ചെയെ വിട്ടുകിട്ടുന്നതിനായി അമേരിക്ക ഇപ്പോഴും നീക്കം നടത്തുകയാണ്.
യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികകൾ പരിശോധിക്കുമ്പോൾ റഷ്യയാണ് മുൻപന്തിയിൽ ഉള്ളത്. ഉക്രൈനിലെ യുദ്ധം 2022 ൽ മരണങ്ങളും കൊലപാതകങ്ങളും വീണ്ടും വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. 58 മാധ്യമ പ്രവർത്തകരാണ് യുദ്ധം മൂലം മരണമടഞ്ഞതെന്ന് ആർ.എസ്.എഫ് പറയുന്നു. വ്ലാഡിമിർ പുട്ടിൻ അധികാരത്തിൽ എത്തിയതോടെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ വ്യവസ്ഥാപിതവും ആസൂത്രിതവുമായ ആക്രമണങ്ങളാണ് നടന്നുവരുന്നത്. രണ്ടാം ചെച്നിയൻ യുദ്ധകാലത്ത് സ്വതന്ത്രമായ റിപ്പോർട്ടിങ് നടത്തിയ പ്രസിഡന്റിന്റെ കടുത്ത വിമർശകയായിരുന്ന മാധ്യമപ്രവർത്തകയും എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന അന്ന പോളിറ്റ്ക്കൊവ്സ്ക്കയയുടെ മരണം തനിക്കെതിരെ വിമർശനം നടത്തുന്നവർക്കെതിരെയുള്ള പുട്ടിന്റെ താക്കീത് കൂടിയായിരുന്നു.
‘പുട്ടിൻസ് റഷ്യ’ ( Puttins Russia), ‘ഈസ് ജേർണലിസം വോർത് ഡൈയിങ് ഫോർ’ (Is Journalism Worth Dying For?) തുടങ്ങിയ അന്നയുടെ പുസ്തകങ്ങൾ പുട്ടിന്റെ കീർത്തിക്ക് മങ്ങലേൽപ്പിക്കാൻ പാകത്തിലുള്ളതായിരുന്നു. ഇത് പിന്നീട് അന്നയുടെ കൊലപാതകത്തിലേക്ക് നയിച്ചു. പ്രാഥമിക അന്വേഷണം പോലും ഈ മരണത്തിൽ നടന്നില്ല. അന്നക്ക് ശേഷവും റഷ്യയിൽ മാധ്യമ പ്രവർത്തകർ മരണപ്പെടുന്നത് തുടർക്കഥയാണ്. 2022 ഒക്ടോബർ 28ന് കൊല്ലപ്പെട്ട റഷ്യൻ ജേർണലിസ്റ്റ് സ്വെറ്റ്ലാന ബാബയേവയുടെ മരണം വരെ പുട്ടിന്റെ അസഹിഷ്ണുത എത്തിനിൽകുന്നു.
കമ്മിറ്റീ ഓഫ് പ്രൊജക്റ്റ് ജേർണലിസ്റ്റ് (സി.പി.ജെ) എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം 19 ജേർണലിസ്റ്റുകളാണ് റഷ്യൻ ജയിലിലടക്കപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയം, മനുഷ്യാവകാശം, സംസ്കാരം, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിക്കുന്ന മാധ്യമപ്രവർത്തകരെയാണ് പ്രധാനമായും രാജ്യവിരുദ്ധം, ഫേക്ക് ന്യൂസ്, വെളിപ്പെടുത്താത്ത ചാർജുകൾ എന്നിവ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. ഈ കണക്കുകളിൽ മുന്നിലുള്ളത് ഇറാനാണ്. കഴിഞ്ഞ സെപ്‌തംബർ 16 ന് മതകാര്യപൊലീസിന്റെ മർദ്ദനം മൂലം കുർദിഷ് യുവതി മഹ്‌സ അമീനി മരണപ്പെട്ടതിനെ തുടർന്ന് നടന്ന ജനകീയ പ്രക്ഷോഭത്തിൽ 62 മാധ്യമപ്രവർത്തകരാണ് തുറുങ്കിലടക്കപ്പട്ടത്. ചൈനയിൽ 43 ഉം മ്യാന്മറിൽ 42 ഉം മാധ്യമപ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു .
കമ്മറ്റി ഓഫ് പ്രൊട്ടക്ഷൻ ഓഫ് ജേർണലിസ്റ്റ് (സി.പി.ജെ) എന്ന സംഘടനയുടെ 2022ലെ റിപ്പോർട്ട് പ്രകരം ഇന്ത്യയിൽ ഏഴു മാധ്യമ പ്രവർത്തകരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ആസിഫ് സുൽത്താൻ, സിദ്ദിഖ് കാപ്പൻ, ഗൗതം നവലാഖ, മനം ദാർ, സജാദ് ഗുൽ, ഫഹദ് ഷാ, രൂപേഷ് കുമാർ സിംഗ് എന്നിവരാണ് ഇന്ത്യയിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. കോടതി ഉത്തരവ് പ്രകാരം ജാമ്യം നേടിയ കശ്മീരി മാധ്യമപ്രവർത്തകരായ ആസിഫ് സുൽത്താൻ, ഫഹദ് ഷാ, സജാദ് ഗുൽ എന്നിവരെ ജമ്മു കശ്മീർ പൊതുസുരക്ഷാ നിയമം, കരുതൽ തടങ്കൽ നിയമം തുടങ്ങിയവയിലൂടെ ഇപ്പോഴും ജയിലടച്ചിരിക്കുകയാണ്. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനും ജാമ്യം ലഭിച്ചിട്ടും ജയിലിൽ തുടരുകയാണ്. ആർ.എസ്.എഫിന്റെ പ്രസ് ഫ്രീഡം ഇൻഡെക്സിൽ 150-ാം സ്ഥാനത്താണ് ഇന്ത്യ. റിപ്പോർട്ടുകൾ പുറത്തുവന്ന ഏതാനും ദിവസനങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാർ ഇത് തള്ളിക്കളയുകയും ഇന്ത്യയിൽ സുതാര്യ മാധ്യമ പ്രവർത്തനമാണ് നടക്കുന്നതെന്ന് പ്രസ്തവാന നടത്തുകയും ചെയ്തിരുന്നു.
സർക്കാരിനെക്കുറിച്ചുള്ള വിമർശനാത്മക റിപ്പോർട്ടിംഗ് പതിവായി നടത്തുന്ന 29 മാധ്യമ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിന്റെ എതിർപ്പിനെ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് എൻ.ഡി.ടി.വി നടത്തിയ (അദാനി ഏറ്റെടുക്കുന്നതിന് മുമ്പ്) അന്വേഷണാത്മക റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശ് ആസ്ഥാനമായ മാധ്യമ സ്ഥാപനമായ ദൈനിക് ഭാസ്കർ, ലഖ്നൗ ആസ്ഥാനമായ ടി.വി ചാനലായ ഭാരത് സമാചാർ എന്നിവർക്കെതിരെ നടത്തിയ റെയ്ഡുകൾ യു.പിയിലെ രണ്ടാം കോവിഡ് തരംഗത്തെ നേരിട്ടതിലുള്ള സർക്കാരിന്റെ പരാജയത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന്റെ അനന്തരഫലമാണ്. വികാരങ്ങൾക്കും വ്യക്തിപരമായ അഭിപ്രായങ്ങൾക്കും വസ്തുതകളെക്കാൾ പ്രാധാന്യം നൽകി അതിൽ നിന്ന് ഒരു പൊതു അഭിപ്രായം നിർമ്മിച്ചെടുക്കുന്ന പോസ്റ്റ് ട്രൂത്ത് കാലത്ത് അധികാരത്തിന്റെയും കോർപ്പറേറ്റ് വത്കരണത്തിന്റെയും ഇടയിൽ മാധ്യമസ്വാതന്ത്രം ഞെരിഞ്ഞമരുകയാണ് എന്ന് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫീച്ചർ ഫോട്ടോ : ബുള്ളറ്റ് പ്രൂഫ് വെസ്റ്റും ഹെൽമറ്റുമായി മാധ്യമപ്രവർത്തക യൂലിയ അബിബോക്ക്. ഫോട്ടോ: സോഫിയ സോലിയാർ.