അതല്ല, ഇതാണ് മനുഷ്യൻ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

തീവ്ര വേദനയോടെയും സങ്കടത്തോടെയും ആണ് ഈ വരികൾ കുറിക്കുന്നത്. മൂന്ന് നാല് ദിവസങ്ങളായി പുറത്തും ഉള്ളിലും നടക്കുന്ന സംഭവങ്ങളിൽ വെറും ഒരു സാക്ഷിയായിരിക്കാൻ  സാധിക്കാത്തതിന്റെ അസ്വസ്ഥതകൾ. വ്യക്തിയും സമൂഹവുമായി അത് കെട്ടുപിണഞ്ഞ് കിടക്കുകയാണ്, ഇഴ പിരിച്ചെടുക്കാൻ കഴിയാത്ത വണ്ണം.

കഴിഞ്ഞ ദിവസം കാൽ നൂറ്റാണ്ടിലധികമായി അടുത്ത ബന്ധമുള്ള സുഹൃത്തുമായുണ്ടായ സംഭാഷണം വേദനിപ്പിക്കുന്നതായിരുന്നു. ‘എമ്പുരാൻ’ സിനിമയാണ് വിഷയം. ഗോധ്ര സ്റ്റേഷനിലെ ‘സബർമതി’ എക്‌സ്പ്രസിലുണ്ടായ സംഭവത്തിന്റെ പത്രവാർത്തകളിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. 2022 ഫെബ്രുവരി 27 ന്, തീവണ്ടിയിൽ അയോധ്യയിൽ നിന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ആഹ്വാനം അനുസരിച്ച് പൂർണഹുതി മഹായജ്ഞത്തിൽ പങ്കെടുത്ത്‌ മടങ്ങിയിരുന്ന 27 സ്ത്രീകളും പത്ത് കുട്ടികളും  കർസേവകരുമടക്കം 59 മനുഷ്യർ കമ്പാർട്ടുമെന്റിനുള്ളിലെ തീപിടുത്തത്തിന്റെ ഫലമായി കൊല്ലപ്പെട്ടു. 2014 ൽ  മനോജ് മിട്ട എഴുതിയ ‘Modi and Godhra : The Fiction of Fact Finding’ എന്ന പുസ്തകത്തിന്റെ ആദ്യ അധ്യായത്തിൽ ‘The Enormity of Godhra’ വിശദമായി ചർച്ചചെയ്യുന്നുണ്ട്. 2014 ൽ  തന്നെ ആ പുസ്തകം വാങ്ങി വായിച്ച് പ്രധാന വരികളെല്ലാം അടയാളപ്പെടുത്തിയിരുന്നു. എമ്പുരാൻ വിവാദമായതോടെ ഞാൻ അതെടുത്ത് വീണ്ടും വായിച്ചു.

‘Modi and Godhra : The Fiction of Fact Finding’ പുസ്തകത്തിന്റെ കവർ

സുഹൃത്തിന്റെ വാദം (ഉറച്ച വിശ്വാസം): മുസ്ലീങ്ങളാണ് തീവണ്ടി ബോഗികൾ കത്തിച്ച് 59  മനുഷ്യജീവൻ അപഹരിച്ചത്. തീവണ്ടികത്തിച്ചത് ആരായാലും 59 മനുഷ്യജീവൻ ഇല്ലാതാക്കിയത് (മുസ്ലീമായാലും ഹിന്ദുവായാലും) എത്രയും ഹീനവും അപലപനീയവുമാണ്. വിചാരണ കോടതി, കുറ്റവാളികളായി ആരോപിതരായവരിൽ 29 മുസ്ലീങ്ങളെ ശിക്ഷിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ വിധിയിൽ പറയുന്നത്, ഗോധ്രയിലെ ആക്രമണം മുൻകൂട്ടി മുസ്ലീങ്ങൾ ആസൂത്രണം ചെയ്തെന്നാണ്. ആ വിധിയുടെ പഴുതുകൾ വ്യക്തമാക്കുന്നതാണ് മനോജ് മിട്ടയുടെ പുസ്തകം. എല്ലാ വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ്, വെറും നിഗമനങ്ങളല്ല. ഗോധ്രയ്ക്ക് പിന്നിൽ ചില മുസ്ലീങ്ങളാണെങ്കിൽ അവർ തീർച്ചയായും ശിക്ഷിക്കപ്പെടണം. സുഹൃത്തിന്റെ അടുത്ത വാദമാണ് എന്നെ ഭയപ്പെടുത്തുന്നത്. ഗോധ്രയാണ് തുടർന്നുള്ള ഗുജറാത്തിലെ (2002) മുസ്ലീം വംശഹത്യയ്ക്ക് കാരണമായതെന്ന വാദം. ഈ വാദം അംഗീകരിക്കാനാവില്ല. ഹമാസിന്റെ ഇസ്രായേലിന് നേരെയുള്ള റോക്കറ്റ് ആക്രമണമാണ് തുടർന്ന് ഇസ്രായേൽ നടത്തിയ പലസ്തീനികളുടെ കൂട്ടക്കൊലയ്ക്കും പലസ്തീനെ അക്ഷരാർത്ഥത്തിൽ തകർക്കുന്നതിനും കാരണമെന്ന അദ്ദേഹത്തിന്റെ വാദത്തോടും യോജിക്കുന്നില്ല. ആ മനസ്സ് ഇസ്ലാമോഫോബിക് ആണെന്ന് പറയാതെ തരമില്ല.

മനോജ് മിട്ട

ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ച് ഗോധ്രയിലെ സംഭവവികാസങ്ങളെ തുടർന്നുണ്ടാകുന്ന അക്രമ പരമ്പരകളെ നിയന്ത്രിക്കേണ്ടത് ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഹമാസിന്റെ മനുഷ്യക്കുരുതി അപലനീയമാണ്. എന്നാൽ ഇസ്രായേലിന്റെ അത്യന്തം ഹീനമായ, മാസങ്ങളോളം തുടരുന്ന അക്രമപരമ്പരകൾക്ക് ഒരു ന്യായീകരണവുമില്ല. ഇന്ദിരാഗാന്ധിയെ വെടിവെച്ച്‌ കൊന്നതുകൊണ്ടാണ് കോൺഗ്രസ്സുകാർ 1984 ൽ രണ്ടായിരത്തോളം സിഖ് സഹോദരന്മാരെ കൊലപ്പെടുത്തിയതെന്ന വാദം പോലെയാണിതും. ഇക്കാര്യത്തിൽ എന്റെ നിലപാട് ഇത്രയേയുള്ളൂ: എവിടെ മനുഷ്യൻ കൊല്ലപ്പെട്ടാലും അതിനുനേരെ ചൂണ്ടുവിരൽ ഉയർത്തണം. ഏത് അധികാര കേന്ദ്രമായാലും മതസ്ഥരായാലും. ഹിംസ ഹിംസയ്ക്ക് മാർഗ്ഗമാവരുത്.

ഏത് ഹിംസയെയും ചോദ്യം ചെയ്യേണ്ടത് ന്യൂട്ടോണിയൻ സിദ്ധാന്തം അനുസരിച്ച് -for every action there is an equal and opposite reaction എന്ന സിദ്ധാന്തത്തിലല്ല. ഗോധ്രയെയും ഗുജറാത്ത് വംശഹത്യയെയും രണ്ടായിക്കണ്ട് രണ്ടിനെയും നിശിതമായി വിമർശിക്കണം. നിർഭാഗ്യവശാൽ നമ്മുടെ സവർണ്ണ ഹിന്ദു മധ്യവർഗികളിലും സവർണ്ണ ക്രിസ്ത്യാനികളിലും കാണുന്നത് ന്യൂട്ടോണിയൻ സിദ്ധാന്തമാണ്. ഈ മധ്യവർഗികളിൽ ബഹുഭൂരിഭാഗവും എഴുപതുകളിലെ തീക്ഷ്ണ യൗവന യുവാക്കളാണ്. എന്തുകൊണ്ടവർ തങ്ങളുടെ എഴുപതുകളിൽ (വയസ്) ഇത്തരം നിലപാടെടുക്കുന്നു? തങ്ങളുടെ ദരിദ്രമായ ലോവർ മിഡിൽ ക്ലാസ് പശ്ചാത്തലത്തിൽ നിന്ന് തൊണ്ണൂറുകളിലെയും രണ്ടായിരത്തിലെയും ആഗോളവത്കരണ – ഉദാരവൽക്കരണത്തിന്റെ ഫലമായുണ്ടായ മൂലധനത്തിന്റെ കുത്തൊഴുക്കിൽ തൊഴിലുകളിലൂടെയും മറ്റും നല്ല വരുമാനമുണ്ടാക്കിയവരാണ് ഇവർ. നല്ല തുക പെൻഷനുമുള്ളവരാണ്. മക്കൾ വളരെ ഭേദപ്പെട്ട നിലകളിലാണ്. നല്ല വീടും വാഹനവും ഒക്കെയായി സുഖജീവിതം നയിക്കുന്നവരാണ്. പഴയ മൂല്യങ്ങളെ കയ്യൊഴിച്ച് സുഖാല്യസ്യത്തിന്റെ    ഇക്കോവ്യവസ്ഥയിൽ ജീവിക്കുന്നവരാണ്. ഇവരിൽ എഴുത്തുകാരുണ്ട്, സാംസ്കാരിക പ്രവർത്തകരുണ്ട്, ബുദ്ധിജീവികളുണ്ട്. അവരിൽ ബഹുഭൂരിഭാഗവും ഇടതുപക്ഷത്തിന്റെ കൂടെ നിൽക്കുന്നവരാണ്. സ്വകാര്യ സംഭാഷണങ്ങളിൽ ഇവരിൽ ചിലർ ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ ജീർണ്ണതയെയും അഴിമതിയെയും മാഫിയാ സംസ്കാരത്തെയും വിമർശിക്കുമെങ്കിലും (കവിതകളും കഥകളും ലേഖനങ്ങളുമെഴുതും – ട്രംപിസത്തെയും മോദിയിസത്തെയും അതിനിശിതമായി വിമർശിക്കും) തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുക പിണറായിസ്റ്റ് സംഘത്തിന് തന്നെയാണ്. ഹിന്ദുത്വത്തെ ആശ്ലേഷിക്കുകയും മുസ്ലീമിനെ ലോകത്തിലെ സകല തിന്മകളുടെയും പ്രതീകമായി കാണുകയും ചെയ്യുന്നവർ തീർച്ചയായും മോദിയിസത്തിന് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി കൊച്ചിൻ ദേവസ്വം ബോർഡിന്റെ എഴുത്ത് – അഭിമുഖ പരീക്ഷകളിലൂടെ ജയിച്ച് നിയമിതനായ ബി.എ ബാലു എന്ന യുവാവ് ക്ഷേത്രത്തിലെ കഴക ജോലിയിൽ നിന്ന്  രാജിവെച്ചതിന്റെ കാരണം ഹിന്ദു പത്രത്തിൽ  (03/04/2025) ഉണ്ട്. “എന്നെ കഴക ജോലിയിൽ നിന്ന് (ഫെബ്രുവരി 27 മുതൽ മാർച്ച് 7 വരെ) മാറ്റുന്നതുവരെയും ഞാനറിഞ്ഞിരുന്നില്ല (ക്ഷേത്ര) പുരോഹിതൻ എന്നെ വർജിക്കുകയായിരുന്നുവെന്ന്. രാജി തീരുമാനം താൻ എടുത്തത് കുടുംബക്കാരുമായി ആലോചിച്ചിട്ടാണ്. ഉത്സവകാലം വരുന്നതോടെ (നമ്പൂതിരിമാരായ) പുരോഹിതർക്ക് തുടർച്ചയായി ആചാരഘോഷങ്ങളിൽ ഇടപെടേണ്ടി വരും. ഇപ്പോഴത്തെ സമീപനം അവർ നിലനിർത്തുകയാണെങ്കിൽ തനിക്കത് ബുദ്ധിമുട്ടുണ്ടാക്കും.” ബാലു പറയുന്നു. പുറമേയ്ക്ക് ഇതൊരു നിസാര സംഭവമായി നമുക്ക് തോന്നും, അപ്രധാനമായ ഒരു വാർത്ത. പക്ഷേ, ഇത് കേരളീയ സമൂഹം ഇന്നെവിടെ എത്തിനിൽക്കുന്നു എന്നതിന്റെ കൃത്യമായ സൂചന നൽകുന്നുണ്ട്. ഈഴവ സമുദായത്തിൽ നിന്നുള്ള ബാലുവും കുടുംബാംഗങ്ങളും ധർമ ജ്ഞാനിയായ ഗുരുവിന്റെ ‘ദൈവദശകം’ എന്നും സന്ധ്യക്ക് ചൊല്ലുന്നവരാകും. ഏത് കുട്ടിക്ക് പോലും അതിന്റെ അർത്ഥമറിയാം. അത് കാണാപാഠം അറിയാത്ത ആരെങ്കിലും ഈഴവ സമുദായത്തിലുണ്ടാകില്ല, ഇക്കാലത്തും. മറ്റു സമുദായങ്ങൾ, ദലിതരടക്കം ഇത് ചൊല്ലാറുണ്ടോ? അറിയില്ല.

‘ദൈവദശകം’, കവർ

           ‘ദൈവമേ കാത്തുകൊൾകങ്ങു
            കൈവിടാതിങ്ങു ഞങ്ങളെ;
            നാവികൻ നീ ഭവാബ്ധിക്കൊ-
            രാവിവൻതോണി നിൻ പദം”…

എന്ന് തുടങ്ങി

            “ആഴമേറും നിന്‍മഹസ്സാ-
             മാഴിയില്‍ ഞങ്ങളാകവേ
             ആഴണം വാഴണം നിത്യം
             വാഴണം വാഴണം സുഖം. “

എന്നവസാനിക്കുന്ന നാലുവരി മാത്രമുള്ള പത്ത് അമൂല്യരത്നങ്ങൾ. സത്യത്തിൽ നമ്മുടെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾ പ്രഭാത പ്രാർത്ഥനയായി ആലപിക്കേണ്ടത്. നിർഭാഗ്യവശാൽ അത് ഒരു സമുദായത്തിന്റെ മാത്രമായി ചുരുങ്ങി. നവോത്ഥാനത്തിന്റെ വയലിൽ ഗുരു എറിഞ്ഞ വിത്തുകൾ വളർന്ന് അത് കൊയ്തെടുത്ത് അധികാരത്തിലെത്തിയ ഇടതുപക്ഷം എപ്പോഴേ ഗുരുവിനെ ഒരു ബിംബം ആക്കി മാറ്റി. മൂലധന ശക്തിയിലും ഏതു സമുദായവുമായി കിടപിടിക്കാവുന്ന ഈഴവ സമുദായത്തിൽ നിന്നുള്ള ഒരു അംഗമായ ബാലുവിന്റെ രാജിയെ തുടർന്നുള്ള വാക്കുകൾ നാം ഏറെ കാലമായി കൊട്ടിഘോഷിക്കുന്ന വിദ്യാഭ്യാസ സംസ്കാരത്തിനും പുരോഗമന ചിന്തയ്ക്കും നവോത്ഥാന മൂല്യങ്ങൾക്കും ഏറ്റ കനത്ത പ്രഹരമാണ്. അധികാരവും മൂലധനവും രാഷ്ട്രീയ ശക്തിയും ഉണ്ടായിട്ടുപോലും ഒരു ഈഴവ യുവാവിന് സെക്കുലറിസ്റ്റുകൾ എന്ന് മേനി നടിക്കുന്ന മാർക്സിസ്റ്റുകളുടെ ഭരണകാലത്ത്, ഈഴവ ജാതിയിൽ ജനിച്ചതിന്റെ പേരിൽ നേരിടേണ്ടി വന്ന ബഹിഷ്കരണം, വർജ്ജനം നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള ബ്രാഹ്മണ്യത്തെ തന്നെയാണ് നഗ്നമാക്കുന്നത്. ഇത് സവർണ്ണരിലും ഈഴവരിലും ഉണ്ട്. മധ്യവർഗ ജീവിതത്തിൽ എത്തിയ ദലിതരലും ഉണ്ട്. ഇതിനെ സമൂലം പിഴുതെടുത്ത് പുറത്തെറിയാതെ, പുതിയകാല ശങ്കരനായ ഇ.എം.എസിന്റെ വിദണ്ഡ വാദങ്ങളിൽ, നമ്മുടെ നഗ്നതയെ ഒളിപ്പിക്കുകയാണ് ഭരണവർഗത്തോടൊപ്പം നാമും ചെയ്യുന്നത്. ഈഴവൻ കോർക്കുന്ന പൂമാല ഹിന്ദു ദൈവങ്ങൾക്ക് ഇഷ്ടമാകില്ല എന്ന് പറയാതെ പറഞ്ഞ്, നമ്മിലെ ബ്രാഹ്മണ്യം മാറാതെ നിൽക്കുകയാണ്. ഈ മനസാണ് ഗോധ്രയെയും വംശീയഹത്യയെയും ന്യൂട്ടോണിയൻ സിദ്ധാന്തമായി കാണുന്ന മനസ്സിൻ്റെ പിന്നിലുള്ളതെന്നും ആശങ്കപ്പെടണം.

മധുരയിലെ സി.പി.എം പാർട്ടി കോൺഗ്രസ് വേദിയിൽ സ്ഥാപിച്ചി മാർക്സ് പ്രതിമ. കടപ്പാട്: എക്സ്

ഇതേ ദിവസം തന്നെയാണ് തമിഴകത്തെ മധുരയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ 24 ആം കോൺഗ്രസ് നടന്നത്. സെക്രട്ടറിയേറ്റിന് മുൻപിൽ പട്ടിണി കിടന്ന് സമരം ചെയ്യുന്ന ദരിദ്രരും നിർധനരുമായ കേരളത്തിലെ 26,500 ഓളം ‘ആശ’മാരുടെ പ്രതിനിധികളെന്ന് മേനി പറയുന്നവർ. അടിസ്ഥാന വർഗ്ഗത്തിന്റെ പാർട്ടി എന്ന് വമ്പ് പറയുന്ന മാർക്സിസ്റ്റ് പാർട്ടിയും സി.പി.ഐയും ഭരിക്കുന്ന രണ്ടാമൂഴത്തിന്റെ അന്ത്യത്തിലാണ് ഒരു ദിവസം 232 രൂപ കൊണ്ട് എങ്ങനെ ഒരു കുടുംബം പുലരുമെന്ന് ചോദിക്കുന്ന ഈ പട്ടിണി സമരം. വാസ്തവത്തിൽ, മധുര തമുക്കം മൈതാനത്തിൽ അല്ല പാവപ്പെട്ട ഈ സ്ത്രീകളുടെ ശരീരങ്ങളിൽ ചവിട്ടി അതിനുമേൽ മാർക്സിന്റെ പ്രതിമ ഉണ്ടാക്കി കസേരയിൽ ഇരുന്ന് സെൽഫി എടുക്കുന്നവരും, മൈതാനത്ത് പല വേദികളിൽ മാർക്സിസ്റ്റ് സിദ്ധാന്തം ചർച്ച ചെയ്യുന്നവരും ഇത് അറിയണം. ഈ അമ്മമാരുടെ നെഞ്ചിൽ നിന്നുള്ള ശ്വാസത്തിന്റെ ചൂട് നിങ്ങൾ അറിയാൻ ഇടയില്ല. കേരളത്തിലെ ബുദ്ധിജീവികളും എഴുത്തുകാരും സുഖാല്യസ്യത്തിൽ മയങ്ങുന്ന മധ്യവർഗികളും ഇത് അറിയുന്നതേയില്ല. പൊലീസിനെ കൊണ്ടും പാർട്ടി ഗുണ്ടകളെ കൊണ്ടും ഭീഷണിപ്പെടുത്തിയും സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിച്ചും പരിഹസിച്ചും ഇവരെ നിശബ്ദരാക്കാമെന്നാണ് പാർട്ടി നേതൃത്വം ആഗ്രഹിക്കുന്നത്. പഴിചാരി രക്ഷപെടാൻ മന്ത്രിമാരും. കേരളം കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ കണ്ടിട്ടുള്ള ഏറ്റവും നീണ്ടതും ഉജ്ജ്വലവുമായ സമരമാണിത്. സ്ത്രീശക്തിയെ സമ്മർദ്ദപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമം അപകടകരമാണ്. ഒരു കടുകുമണിയോളം നന്മ അവശേഷിക്കുന്ന ഒരു മനുഷ്യനും ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കാൻ പാടില്ലാത്തതാണ്. ഇവരെ തെരുവിലിട്ട് രാവും പകലും അപമാനിക്കുന്ന കേരളീയ സമൂഹത്തെ ചരിത്രം രേഖപ്പെടുത്തുക വളരെ പരുഷമായിട്ടായിരിക്കും.

സെക്രട്ടറിയേറ്റിനു മുൻപിലായി ആശാ വർക്കേഴ്സ് നടത്തുന്ന സമരം. കടപ്പാട്:mathrubhumi

ഹിംസയാണ് മനുഷ്യൻ്റെ സഹജ സ്വഭാവം, കരുണയും സ്നേഹവും മൈത്രിയും ചില ഭ്രംശങ്ങൾ മാത്രമാണെന്ന് വിചാരിക്കാൻ വയ്യ. പുറമേ കാണുന്ന പത്ര – ദൃശ്യ – സോഷ്യൽ മീഡിയകളിൽ തിളയ്ക്കുന്ന ഹിംസയുടെ വൈകൃത മുഖങ്ങൾ കാണുന്നില്ല എന്നല്ല, ഹിംസയിലൂടെ എന്തും നിലനിർത്താം എന്നാണ് അധികാരികൾ കരുതുന്നത്. മതം, ജാതി, വർഗ്ഗം, ഭാഷ എന്നിവയെ മുൻനിർത്തി മനുഷ്യനെ വേർതിരിച്ച് തമ്മിലടിപ്പിച്ച് കൊന്നും കൊലവിളിച്ചും അധികാരത്തിൽ എത്തുക എളുപ്പവഴിയാണ്. ആയുധക്കൂമ്പാരങ്ങൾ, പട്ടാളം, പൊലീസ്, എറാന്മൂളികളായ നീതിന്യായ സമൂഹം, ഉദ്യോഗസ്ഥർ, എഴുത്തുകാർ ഇതിനോടുകൂടി നിന്ന് വിധേയരാകുന്നു. ഇത് താൽക്കാലികമാണ്. ഗാന്ധി വ്യക്തമാക്കിയതുപോലെ ഒരു 10 days wonder (western industrial civilization എന്നത് ten days wonder ആണെന്നാണ് ഗാന്ധി വിശേഷിപ്പിച്ചത്). ഇത്രയും വിശ്വാസം ഉണ്ടാകുന്നത് നേരനുഭവങ്ങളിൽ നിന്നാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഏകദേശം 400 ഓളം വിദ്യാർത്ഥികളും യുവാക്കളുമായി ഓരോ വർഷവും അടുത്തിടപഴകാൻ കഴിയാറുണ്ട്. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ വിദ്യാർഥികൾ എന്നിവർ ഇതിൽ ഉൾപ്പെടും. ഞങ്ങൾ ഇടപ്പെടുന്ന രോഗബാധിതരോടും വൃദ്ധജനങ്ങളോടും ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്ന സഹോദരങ്ങളോടും ഇവർ എത്രമാത്രം സ്നേഹത്തോടെയും വിനയത്തോടെയും ആണ് പെരുമാറുന്നത്! ഇവിടെ അറപ്പോ വെറുപ്പോ ജാതി – മത – വർഗ്ഗ – ലിംഗ ഭേദങ്ങളോ അവരെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഏറെക്കുറെ, അവരെല്ലാം ലോവർ മിഡിൽ ക്ലാസിൽ നിന്നുള്ളവരാണ്. മുതിർന്നവരേക്കാൾ അനുകമ്പ അവരിൽ പ്രകാശിക്കുന്നത് കാണുമ്പോൾ സംശയം തോന്നാം, ഇവ പച്ചത്തുരുത്തുകൾ മാത്രമാണോ? അല്ല. സമൂഹത്തിൽ ബഹുഭൂരിപക്ഷവും സൗഹൃദത്തോടും ശാന്തിയോടും ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. മൂല്യരഹിതരായ രാഷ്ട്രീയക്കാരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഉദ്യോഗസ്ഥരും ആണ് സമൂഹത്തിൽ ഹിംസയെ പ്രോത്സാഹിപ്പിക്കുന്നത്. അധികാരം നിലനിർത്താൻ ഹിംസയാണ് കുറുക്കുവഴിയെന്ന് അത് പ്രയോഗിക്കുന്നവർക്കും അതിന് പങ്കുപറ്റുന്നവർക്കും അറിയാം.

നാലുദിവസം മുമ്പ്, ഒരു സംഭവം ഉണ്ടായി. അർബുദ ബാധിതനായ ഒരു കുട്ടിയുടെ സ്ഥിര വരുമാനം ഇല്ലാത്ത പിതാവുമായി ഇടപെടേണ്ടിവന്നു. അർബുദത്തിന് സാന്ത്വന ചികിത്സ തേടിയാണ് അവർ പാലിയേറ്റീവ് ക്ലിനിക്കിൽ വന്നത്. ആ കുട്ടി രണ്ട് തവണ ക്ലിനിക്കിലെ കിടത്തി ചികിത്സാ വിഭാഗത്തിൽ ദിവസങ്ങളോളം ചികിത്സയിലുണ്ടായിരുന്നു. മൂന്ന് കുട്ടികളിൽ ഇളയവൻ ആണ് ഇവൻ. അച്ഛന്റെയും അമ്മയുടെയും അസംഘടിത മേഖലയിലെ പണിയിലെ വരുമാനം കൊണ്ടാണ് ആ കുടുംബം രണ്ടറ്റം മുട്ടിക്കുന്നത്. മകൻ രോഗബാധിതനായതോടെ സാമ്പത്തിക ഞെരുക്കം ഉണ്ടായി. അച്ഛനമ്മമാർക്ക് പണിക്ക് പോകാൻ സാധിക്കാതായി. അച്ഛൻ മകനുവേണ്ടി മരുന്നു വാങ്ങാൻ ക്ലിനിക്കിൽ എത്തിയപ്പോൾ അവനെ ചികിത്സിക്കുന്ന ഡോക്ടറുടെയും നഴ്സിംഗ് സ്റ്റാഫിന്റെയും സ്നേഹപൂർണ്ണമായ നിർദ്ദേശം അനുസരിച്ച് ഞാൻ അദ്ദേഹത്തിന് പലവ്യഞ്ജനം വാങ്ങുന്നതിനായി 2000 രൂപ നൽകാൻ ശ്രമിച്ചു. വളരെ സ്വകാര്യമായി, അദ്ദേഹത്തിന്റെ ആത്മാഭിമാനത്തിന് ചെറിയ ഒരു പോറൽ പോലും വീഴാതെ. പക്ഷേ, അദ്ദേഹം ഇത് അതേ സ്നേഹത്തോടെ നിരസിച്ചു. “നിങ്ങൾ ഞങ്ങൾക്ക് വേണ്ടത്ര പരിചരണവും സ്നേഹവും നൽകുന്നുണ്ട്. ഇത് ഞങ്ങളെക്കാൾ ദരിദ്രരായവരുടെ കാര്യത്തിനായി നൽകുക.”

ഈ സംഭവം എന്നിൽ ഉണർത്തിയ പുതിയ പാഠം അത്യപൂർവമാണ്. കൊടിയ ദാരിദ്ര്യത്തിലും അദൃശ്യനായ അപരനെ കാണുന്ന അപാരമായ മനുഷ്യത്വം. മൈത്രിയുടെ മൂർത്തഭാവം. വീണ്ടും നമുക്ക് വേണമെങ്കിൽ വാദിക്കാം, ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന്. അല്ല… കരുണയുടെ, മൈത്രിയുടെ നീരൊഴുക്കുകൾ മനുഷ്യഹൃദയങ്ങളിലൂടെ യാതൊരുവിധ ഭേദങ്ങളും ഇല്ലാതെ അദൃശ്യമായി ഒഴുകുന്നുണ്ട്. ട്രംപുമാർക്കോ മോദിമാർക്കോ പിണറായിമാർക്കോ അതുപോലുള്ളവർക്കോ നശിപ്പിക്കാൻ കഴിയില്ലാത്തത്. അതാണ് മനുഷ്യൻ.

Also Read

7 minutes read April 7, 2025 1:16 pm