ജീവിതാനുഭവങ്ങളെ നിരാകരിക്കുന്ന ആധുനിക വിദ്യാഭ്യാസം

അഹമ്മദാബാദിലെ എൻ.ഐ.ഡി (National Institute of Design)യിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും സാധ്യമായ പ്രൊഫഷണൽ ജീവിതം തേടാതെ സ്വതന്ത്ര ഗവേഷകനായി താങ്കൾ മാറുന്നത് എങ്ങനെയായിരുന്നുവെന്ന് പറയാമോ?

ഞാൻ ഭോപ്പാലിലെ മൗലാന ആസാദ് കോളേജ് ഓഫ് ടെക്നോളജിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്താണ് കോളേജിൽ നിന്നും ഒരു വർഷത്തേക്ക് എന്നെ പുറത്താക്കിയത്. ഒറ്റയ്ക്ക് ജീവിച്ച ആ ഒരു വർഷം ഗാപ് ഇയർ പോലെ എനിക്ക് ഉപയോഗിക്കാൻ കഴിഞ്ഞു. ജീവിതത്തെക്കുറിച്ചുള്ള കുറെ ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടാവുന്നത് ആ സമയത്താണ്. കലാലയത്തിലെ വിദ്യാർത്ഥികൾക്ക് ആർക്കും തന്നെ എഞ്ചിനീയറിംഗ് പഠിക്കാൻ യഥാർത്ഥത്തിൽ താൽപ്പര്യം ഉണ്ടായിരുന്നില്ല എന്ന് എനിക്ക് തിരിച്ചറിയാനും കഴിഞ്ഞു. ഇത് എല്ലാ വിദ്യാർത്ഥികളുടെയും അവസ്ഥയാണെന്ന് എന്റെ പിന്നീടുള്ള അനുഭവത്തിൽ നിന്നും ബോധ്യമായി. അധ്യാപകർക്കും അവർ ഏർപ്പെട്ടിരിക്കുന്ന പ്രവൃത്തിയിൽ പൂർണ്ണമായും മുഴുകാൻ കഴിയുന്നില്ല. രണ്ടാമത്തെ ഒരു തിരിച്ചറിവ്, ഞാൻ ക്ലാസിൽ കേൾക്കുന്ന സിദ്ധാന്തങ്ങൾ ഒക്കെ പടിഞ്ഞാറൻ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ രൂപം നല്കിയതായിരുന്നു. എന്തുകൊണ്ടാണ് അറിവിന്റെ കുത്തക ഒരു വിഭാഗം ആളുകളിൽ മാത്രം പരിമിതപ്പെട്ടിരിക്കുന്നത് എന്ന് ഞാൻ ആലോചിക്കാൻ തുടങ്ങിയത് ആ കാലത്താണ്.

മൗലാന ആസാദ് കോളേജ് ഓഫ് ടെക്നോളജി ഭോപ്പാൽ

ആ സമയത്താണ് ഒരു സുഹൃത്ത് ഭോപ്പാലിൽ ഒരു സ്കൂളിൽ പഠിപ്പിക്കാൻ എനിക്ക് അവസരം തന്നത്. അത് കുട്ടികളുമായി ഇടപെടാനുള്ള ഒരു അവസരമൊരുക്കി. അങ്ങനെ തിരിച്ച് കോളജിലേക്ക് പോകുന്നതിന് മുൻപ് രണ്ട് തീരുമാനങ്ങൾ ഞാൻ എടുത്തിരുന്നു. ഒന്ന് ഒരു സ്ഥാപനത്തിലും വെറും വരുമാനത്തിനായി ഞാൻ ജോലി ചെയ്യില്ല, രണ്ടാമത്തേത് എനിക്ക് ഇഷ്ടമുള്ളത് മാത്രമേ ചെയ്യുകയുള്ളൂ എന്നും. അതുകൊണ്ട് കോളേജ് ജീവിതം കഴിഞ്ഞ് ഞാൻ ജോലി ഒന്നും അന്വേഷിച്ചില്ല. ഭോപ്പാൽ ജീവിതത്തിന് ശേഷം ഞാൻ അഹമ്മദ്‌ബാദിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിൽ ആണ് പഠിച്ചത്. അവിടെയാണ് ഞാൻ ആദ്യമായി വളരെ താൽപ്പര്യത്തോടെ പഠിക്കുന്ന വിദ്യാർത്ഥികളെയും പഠിപ്പിക്കുന്ന അധ്യാപകരെയും കണ്ടത്. അവിടെ അധ്യാപകർ സാധാരണപോലെ പഠിപ്പിക്കുകയായിരുന്നില്ല, കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു ചെയ്തിരുന്നത്. അപ്പോഴും അത് പടിഞ്ഞാറൻ മാതൃകകൾക്കകത്തായിരുന്നു നടന്നിരുന്നത്.

നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈൻ അഹമ്മദ്‌ബാദ്

അതിനെ മറികടക്കുന്ന രീതിയിൽ നിലനിൽക്കുന്ന ഒരു സംസ്ക്കാരത്തിന്റെ ആധാര ശിലകളായ അറിവ്, സൗന്ദര്യം, മൂല്യങ്ങൾ ഒക്കെ മനസിലാവുന്നത് ഞാൻ ഇന്ത്യൻ ഗ്രാമങ്ങളിൽ ജീവിക്കാൻ തുടങ്ങിയപ്പോഴാണ്. അവിടെവെച്ചാണ് എന്റെ അന്വേഷണങ്ങൾ കൂടുതൽ ആഴത്തിൽ പോകുന്നതും, വായന നിർത്തുന്നതും, എഴുത്തും വായനയും അറിയാത്ത മനുഷ്യരിൽ നിന്നും പലതും പഠിക്കുന്നതുമൊക്കെ. അതുകഴിഞ്ഞ് 1993 ലാണ് കേരളത്തിലേക്ക് വരുന്നതും നിലമ്പൂരിൽ കുംഭാരന്മാരുടെ ഇടയിൽ പ്രവർത്തിക്കുന്നതിനും അവരിൽ നിന്നും അറിവ് നേടുന്നതിനായി തീരുമാനിക്കുന്നതും. 2000 ആയപ്പോഴാണ് ഇന്ദ്രിയങ്ങളുടെ പ്രാധാന്യം എനിക്ക് മനസിലായത്. അങ്ങനെ ഞാൻ കുട്ടികൾക്കുവേണ്ടി നിരീക്ഷണവുമായി ബന്ധപ്പെട്ട ശില്പശാലകൾ നടത്താൻ തുടങ്ങി. എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന സംഭവം 2011മുതൽ 2014 വരെ പൂനയ്ക്കടുത്ത സ്ഥലത്ത് എനിക്ക് ഒരു സ്കൂൾ നടത്താൻ അവസരം ലഭിച്ചതാണ്. അതിനെ re-imagining school എന്നാണു വിളിച്ചിരുന്നത്. ആ കാലയളവിലാണ് കുട്ടികൾ എങ്ങനെയാണ് അറിവ് നേടുന്നത് എന്നൊക്കെ ആഴത്തിൽ കാണാൻ കഴിഞ്ഞത്.

താങ്കൾ നിലമ്പൂരിലെ കുംഭാര സമുദായത്തിനിടയിൽ നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നല്ലോ. അതിനെ താങ്കൾ ഇപ്പോൾ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഞാൻ ഗ്രാമങ്ങളിൽ പോയത് അവരെ നന്നാക്കാനല്ല, മറിച്ച് അവരിൽ നിന്നും പഠിക്കാനാണ്. നിലമ്പൂരിൽ കൂടുതൽ കാലം ചെലവഴിച്ചതിനാൽ അവരിൽ നിന്നും കുട്ടികളിൽ നിന്നും ഏറെ കാര്യങ്ങൾ പഠിക്കാൻ പറ്റി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ഞാൻ നാഗാലാൻഡിൽ പോയപ്പോഴാണ് എൻ.ജി.ഒകൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ശരിയല്ല എന്ന് എനിക്ക് തോന്നിയത്. വിദ്യഭ്യാസം നേടിയ ആളുകൾ ഗ്രാമത്തിൽ പോയി അവിടെയുള്ള ആളുകളെ മാറ്റുക, അവിടെ വികസനം കൊണ്ടുവരിക തുടങ്ങിയവയായിരുന്നു മിക്ക സംഘടനകളും ചെയ്തുകൊണ്ടിരുന്നത്. നാഗാലാൻഡിലൊക്കെയുള്ള മനുഷ്യരുടെ ജീവിതം വളരെ ഉയർന്ന നിലവാരം ഉള്ളതായി എനിക്ക് തോന്നി. ഏറെ സ്വതന്ത്രരായും സമാധാനത്തോടെയും സ്വയംപര്യാപ്തമായും ജീവിക്കുന്ന സമൂഹങ്ങളിലേക്കാണ് ആധുനിക വിദ്യാഭ്യാസം നേടിയ ഒരുകൂട്ടം മനുഷ്യർ അവരെ തങ്ങളുടെ ആശയങ്ങളും ജീവിതരീതിയും പഠിപ്പിക്കാൻ പോകുന്നത്. പിന്നീട് ഒറീസ്സയിലെയും ബംഗാളിലെയും ഗ്രാമങ്ങളിൽ പോയപ്പോഴും എനിക്ക് ഈ അനുഭവമുണ്ടായി. ഇന്ന് ഐക്യരാഷ്ട്ര സഭയൊക്കെ പറയുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളൊക്കെ അവരവിടെ അന്നേ അവരുടേതായ രീതിയിൽ പാലിക്കുന്നുണ്ടായിരുന്നു. ഒരു സമൂഹത്തിന്റെ നിലനില്പിനാവശ്യമുള്ള പ്രവൃത്തികളെ പരസ്പരം പിന്തുണയ്ക്കുന്ന കാഴ്ച്ചയായാണ് ഞാനവിടെ കണ്ടത്. കൂടാതെ അവർ അറിവുണ്ടാക്കുന്ന ആളുകളായും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. കൂടാതെ അവർ തങ്ങളുടെ കുട്ടികളോട് ‘അരുത്’ എന്ന് പറയില്ല. കുട്ടികൾ ഒരു കാര്യം ചെയ്യാനായി അനുവാദം ചോദിക്കുന്ന പതിവുമില്ല. അതായത് കുട്ടി ഒരു പ്രത്യേകതരം sense of freedom അനുഭവിച്ചുകൊണ്ടാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും അവർ സന്തോഷത്തിലാണ് കഴിഞ്ഞിരുന്നത്. അതുപോലെ ‘ഇത് എന്റെയാണ് ‘എന്നും കുട്ടികൾ പൊതുവെ പറയാറില്ല. സ്വാർത്ഥതയും ഉടമസ്ഥാവകാശവും (possessiveness) പരിശീലിക്കാനുള്ള സാഹചര്യവും അവരുടെ ജീവിതത്തിൽ കുറവായിരുന്നു. വായന നിർത്തിയപ്പോഴാണ് എനിക്ക് എന്റെ കാഴ്ചയിലൂടെ പല കാര്യങ്ങളും മനസിലാക്കാൻ കഴിഞ്ഞത്. അങ്ങനെയാണ് literates learn the word and illiterates learn the world എന്ന് പറയാൻ തുടങ്ങിയതും ‘Do Nothing Parenting’ ശില്പശാലകൾ ചെയ്യാൻ തുടങ്ങിയതും. തൊണ്ണൂറുകളുടെ തുടക്കം മുതൽ ഞാൻ പുസ്തകങ്ങൾക്കപ്പുറമുള്ള കാര്യങ്ങൾ വളരെ ശ്രദ്ധയോടെ കണ്ടും കേട്ടുമറിയാൻ തുടങ്ങി. ഒറീസ്സയിലും ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുള്ള വിവിധ കൈത്തൊഴിൽ ചെയ്യുന്ന ആളുകളുടെ കൂടെയാണ് ഞാൻ അക്കാലത്ത് കൂടതൽ സമയവും ചെലവഴിച്ചത്.

കെ.ബി ജിനൻ

ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് 1993 മുതൽ ഏതാണ്ട് പതിനെട്ട് വർഷം ഞാൻ നിലമ്പൂരിലെ കുംഭാരന്മാരുടെ കൂടെ ജീവിച്ചതും പ്രവർത്തിച്ചതും. അത് എന്നെ സംബന്ധിച്ച് ഒരു വലിയ പഠനാനുഭവം ആയിരുന്നു. യഥാർത്ഥത്തിൽ അന്ന് മാധ്യമങ്ങളിലൊക്കെ വന്നതുപോലെ ഞാൻ അവരെ പുതിയ കാര്യങ്ങൾ പഠിപ്പിച്ച് ജീവിതം മാറ്റിമറിക്കുകയായിരുന്നില്ല. മറിച്ച് ഞാൻ അവരുടെ കഴിവുകളും സൗന്ദര്യബോധവും ജീവിത മൂല്യങ്ങളും മനസിലാക്കുകയും അവരുടെ ഉൽപ്പന്നങ്ങളെ വിപണിയിൽ എത്തിക്കാൻ സഹായിക്കുകയുമായിരുന്നു. ഒരു ജനവിഭാഗത്തിന്റെ കൂടെ പ്രവർത്തിക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് അവരെ ബഹുമാനിക്കുക എന്നതാണ്. പഠിപ്പിക്കുക എന്ന പ്രക്രിയ അധികാര വ്യവസ്ഥയുമായി ബന്ധപ്പെട്ട് വരുന്ന കാര്യമാണ്. അതിനു നമ്മൾ പഠിക്കുന്ന ആളുകളെ കഴിവില്ലാത്തവരാക്കി മാറ്റുകയോ തങ്ങൾ കഴിവില്ലാത്തവരാണെന്ന ബോധം അവരിൽ സൃഷ്ടിക്കുകയോ ചെയ്തുകൊണ്ട് മാത്രമേ അത് സാധ്യമാവുകയുള്ളൂ. നിർഭാഗ്യവശാൽ ഇതാണ് ഇപ്പോൾ എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നത്. മുൻപ് പടിഞ്ഞാറുനിന്നും വന്ന ആളുകൾ ചെയ്തകാര്യങ്ങൾ ആണ് ഇന്ന് എൻ.ജി.ഒകൾ ചെയ്തുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷുകാർ ആദ്യം ചെയ്തത് നമ്മളിൽ നിന്നും ആത്മാഭിമാനം എടുത്തുമാറ്റുകയാണ്. ഇന്ന് ഔപചാരിക വിദ്യഭ്യാസം നേടിയ ആളുകൾ മറ്റുള്ളവരിൽ അപകർഷതാബോധം സൃഷ്ടിക്കുന്നത് ഇതിന്റെ തുടർച്ചയായിട്ടാണ്. ഇതൊക്കെയായിരുന്നു കുട്ടികളും ഗ്രാമീണരും എങ്ങനെയാണ് അറിവുണ്ടാക്കുന്നത്‌ എന്നൊക്കെ അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്.

എന്തായിരുന്നു അന്ന് നിലമ്പൂരിലെ കുംഭാര സമൂഹം അഭിമുഖീകരിച്ചുകൊണ്ടിരുന്ന പ്രതിസന്ധി?

ഞാൻ അവരെ കാണുമ്പോൾ അവരുടെ നിർമ്മാണ പ്രവർത്തനങ്ങളൊക്കെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതായ സ്ഥിതിയായിരുന്നു. ഒരു ക്രാഫ്റ്റിന്റെ നിലനിൽപ്പ് അതിന്റെ വിപണിയുടെ സഹായത്തോടെ ആയിരിക്കണമെന്ന് ഞാൻ മനസിലാക്കിയിരുന്നു. അതേസമയം വെറും ലാഭം ഉണ്ടാക്കാൻ വേണ്ടിയുമല്ല. അവരുടെ ഉൽപ്പന്നങ്ങൾക്ക് വിപണിയില്ലാത്തത് തന്നെയായിരുന്നു പ്രധാന പ്രതിസന്ധി. വ്യവസായ വൽക്കരണത്തിന്റെ കടന്നുവരവോടെ കൈത്തൊഴിൽ രംഗം നശിച്ചുപോയതിന്റെ ഭാഗമായിട്ടായിരുന്നു അത്. വികസനത്തിന്റെ ഭാഗമായി പരമ്പരാഗത അറിവുകളും ഉൽപ്പന്നങ്ങളും വേണ്ടതില്ല എന്ന പൊതുബോധം കേരളത്തിൽ ഇപ്പോഴും ശക്തമാണല്ലോ. ക്രാഫ്റ്റിനെ ഒരു സാംസ്ക്കാരിക പ്രവൃത്തിയായി കേരളം കണ്ടിട്ടേയില്ല. ഇത് മനസിലാക്കി ഞാൻ അവരുടെ കൂടെനിന്നുകൊണ്ട് അവരുടെ കഴിവുകളും സൗന്ദര്യബോധവും അവരുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ കൊണ്ടുവരാൻ സഹായിക്കുകയും അങ്ങനെ അവർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയുമായിരുന്നു. അല്ലാതെ പലരും കരുതുന്നതുപോലെ ഞാൻ അവരെക്കൊണ്ട് ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യിക്കുകയായിരുന്നില്ല.

പരമ്പരാ​ഗത നൂൽനൂൽക്കൽ.

Celebrating Life, Celebrating Childhood എന്ന പേരിൽ താങ്കൾ ഈ അടുത്തകാലത്ത് ആരംഭിച്ച പ്രോഗ്രാം എന്താണെന്ന് പറയാമോ?

അത് ഒരു പ്രോഗ്രാം എന്നതിനപ്പുറം ഒരു ക്യാംപെയിൻ ആണ്. കൂടാതെ പ്രക്രിയയിൽ ഊന്നിയുള്ള കൂടിച്ചേരൽ (process oriented conference) ആയാണ് അത് വിഭാവനം ചെയ്തിരിക്കുന്നത്. ഞാൻ ചില ആശയങ്ങൾ കുറച്ചുപേരുമായി പങ്കുവയ്ക്കുന്നു, അവരത് കൂടുതൽ ആളുകളുമായി പങ്കുവയ്ക്കുന്നു, അവർ മറ്റു പലരിലേക്കും. അതിന്റെ അടിസ്ഥാന കാര്യം ആധുനികത ഉണ്ടാക്കിയ പ്രതിസന്ധിയുടെ ഭാഗമായിട്ടാണ് മനുഷ്യൻ ഭൂമിക്കെതിരായി മാറുന്നത് എന്നതാണ്. (ആധുനികത എന്ന് പറയുമ്പോൾ പ്രത്യേകിച്ച് അച്ചടിയന്ത്രം വന്നതിനു ശേഷമുള്ള പടിഞ്ഞാറൻ ചിന്തകളുടെ സ്വാധീനത്തെയാണ് ഉദ്ദേശിക്കുന്നത്.) കാരണം ഭൂമിക്ക് നാശം വരുത്തുന്ന മനുഷ്യരൊക്കെയും ആധുനിക വിദ്യാഭ്യാസം നേടിയവരാണ്. അറിവും വിദ്യാഭ്യാസവും തമ്മിൽ വ്യത്യാസം ഉണ്ടെന്നു കൂടി ഓർക്കേണ്ടതുണ്ട്. ആധുനിക വിദ്യാഭ്യാസം എന്നത് ജീവിതത്തെ നാശത്തിലേക്കു നയിക്കുന്ന പ്രക്രിയയാണ്. അത് അറിയുക എന്ന പ്രക്രിയയെ എഴുത്തും വരയും വഴി പ്രതീകാത്മകമാക്കി മാറ്റുകയും ഒരു ഉല്പന്നമാക്കി വിപണിയിലെത്തിക്കുകയും ചെയ്തു.

celebrating childhood celebrating life ലോഗോ

അറിവ് എന്നത് ചലനാത്മകം (live) ആണ്. കൂടാതെ അറിയുക (knowing) എന്നത് ജൈവിക പ്രക്രിയയുമാണ് (Organic Process). അറിയുക എന്നത് ജീവിതത്തിന്റെ ഒഴുക്ക് നടക്കുന്ന ഒരു പ്രക്രിയയാണ് എന്നർത്ഥം. രണ്ടാമത്തെ കാര്യം പഠിപ്പിക്കൽ (teaching) എന്ന പദ്ധതി ആധുനികതയുടെ ഭാഗമായിയാണ് കൊണ്ടുവരുന്നത് എന്നതാണ്. അക്ഷരാഭ്യാസം നേടാത്ത സമൂഹങ്ങളിൽ പഠിപ്പിക്കൽ എന്ന ഒരു വാക്ക് തന്നെയില്ല. ഇതൊക്കെയാണ് അടിസ്ഥാന പ്രശ്നങ്ങളായി ഞാൻ ഉയർത്തിക്കൊണ്ടുവരുന്നത്. ഇന്നത്തെ രീതിയിൽ മുന്നോട്ടുപോകുന്ന ആധുനികത സാമൂഹികവും പാരിസ്ഥിതികവുമായ നാശം മാത്രമേ വരുത്തുകയുള്ളൂ എന്നതാണ് അടിസ്ഥാന കാര്യം.

ബോംബെ ഐ.ഐ.ടിയിൽ Adjunct professor ആയ താങ്കൾ അക്കാദമിക സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളോടും ഇത്തരം കാര്യങ്ങളാണോ പങ്കുവെക്കുന്നത്?

എന്റെ ആദ്യകാല പ്രവർത്തനങ്ങൾ ക്രാഫ്റ്റ് ഇൻ ആർക്കിടെക്ചർ എന്ന നിലയിലുള്ള ഒരു ക്രാഫ്റ്റ് ആക്ടിവിസം ആയിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു പല ആർക്കിടെക്ചർ കോളേജുകളിലും വിസിറ്റിംഗ് പ്രൊഫസർ ആയി ക്ലാസ്സ് എടുത്തുകൊണ്ടിരുന്നത്. അന്നൊക്കെ വിദ്യാർത്ഥികളെ ക്രാഫ്റ്റ് സംബന്ധമായ കാര്യങ്ങൾ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. കൂടാതെ ദക്ഷിണേന്ത്യയിലെ ഒരുപാട് വാസ്തുശില്പികളുമായിട്ടും ഞാൻ ആ കാലത്തു ബന്ധപ്പെടുകയും അവരുടെ കെട്ടിട നിർമ്മാണത്തിൽ ക്രാഫ്റ്റിനെ ഉൾപ്പെടുത്താൻ പ്രേരിപ്പിക്കുകയൊക്കെ ചെയ്യുമായിരുന്നു. പിന്നീടാണ് ഞാൻ പടിഞ്ഞാറുനിന്ന് രൂപകൽപ്പന ചെയ്ത ആർക്കിടെക്ചർ കോഴ്‌സുകളുടെ ഉള്ളടക്കത്തിൽ ഇടപെട്ടുകൊണ്ട് പ്രവർത്തിക്കാൻ തുടങ്ങിയത്. നമ്മുടേതായ സൗന്ദര്യാത്മക സംവേദനക്ഷമത (Aesthetic sensibility) യുടെ പ്രാധാന്യമാണ് കുട്ടികളുമായി ഞാൻ പ്രധാനമായും പങ്കുവയ്ക്കുന്നത്.അവിടെയൊക്കെ പഠിപ്പിക്കുന്നതിന് പകരം അറിവ് നേടുന്ന പ്രക്രിയയിൽ ഞാൻ പങ്കാളിയാവുകയാണ് ചെയ്യുന്നത്. ഡിസൈൻ പഠന സ്ഥാപനങ്ങളിലും ഞാൻ ഇത്തരം ഇടപെടൽ നടത്താനാണ് ശ്രമിക്കുന്നത്. നമ്മുടെ സ്വാഭാവിക cognitive system എങ്ങനെയാണ് പ്രവൃത്തിക്കുന്നത് എന്നൊക്കെ ഈ പ്രക്രിയയിലൂടെ വിദ്യാർത്ഥികൾ തിരിച്ചറിയുന്നു.

കളിവണ്ടിയുണ്ടാക്കുന്ന കുട്ടികൾ

മനുഷ്യ സമൂഹത്തിന് നിലനിൽപ്പ് സാധ്യമാക്കണമെങ്കിൽ മനുഷ്യന് ജന്മസിദ്ധമായി ലഭിച്ച അറിവ് നേടാനുള്ള കഴിവിനെ തിരിച്ചെടുക്കുക തന്നെ വേണം. എന്നാൽ മാത്രമേ ഭൂമിയുടെ ഭാഗമായി മനുഷ്യന് ജീവിക്കാൻ കഴിയുകയുള്ളു. അല്ലാതെ വെറും സാങ്കേതികവിദ്യ കൊണ്ട് മാത്രം മുന്നോട്ടുപോകാൻ കഴിയില്ലെന്നൊക്കെ യുവതലമുറയോട് പങ്കുവയ്ക്കാനുള്ള അവസരമായിട്ടാണ് ഞാൻ ബോംബെ ഐ.ഐ.ടി, വിവിധ എൻ.ഐ.ടി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി) തുടങ്ങിയ സ്ഥാപനങ്ങളിൽ എനിക്ക് ലഭിക്കുന്ന അവസരങ്ങളെ കാണുന്നത്. കൂടുതലും ഞാൻ സ്വയം വികസിപ്പിച്ചെടുത്ത ഫൗണ്ടേഷൻ കോഴ്‌സുകളാണ് അവരെ പരിചയപ്പെടുത്തുന്നത്. അതെ സമയം ഒരു അധ്യാപകൻ എന്ന ഔപചാരിക റോളല്ല ഞാൻ നിർവ്വഹിക്കുന്നത്.

ആധുനിക ലോകത്തിന്റെ പ്രതിസന്ധി ഒരു അവബോധത്തിന്റെ പ്രതിസന്ധി (cognitive crisis) ആണെന്ന് താങ്കൾ പറയുന്നത് എന്തുകൊണ്ടാണ്?

എഴുത്തും വായനയും അറിയാത്ത ആളുകളുടെ കൂടെ കുറേകാലം ജീവിച്ചപ്പോഴാണ് സാക്ഷരരായവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം എനിക്ക് മനസിലായത്. Literates learn the word, illiterates learn the world എന്നതാണ് ആ വ്യത്യാസം. എഴുത്തും വായനയും അറിയുന്നവർ വാക്ക് പഠിക്കുന്നു, അതറിയാത്തവർ ലോകത്തിനെ പഠിക്കുന്നു എന്നതാണ് എനിക്കുണ്ടായ തിരിച്ചറിവ്. മാത്രവുമല്ല അറിവുനേടലിനെ നമ്മൾ ഏതോ ഒരു ദിശയിൽ മാത്രം നടക്കുന്ന പ്രക്രിയ (one way process) ആയിട്ടാണ് കാണുന്നത്. ഞാൻ സാധാരണ ആളുകളോട് ചോദിക്കാറുണ്ട്, നിങ്ങളെ ആരാണ് സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചത് എന്ന്. മിക്കവാറും ആളുകൾ മറുപടി പറയുക ഏതെങ്കിലും ഒരു വ്യക്തി പഠിപ്പിച്ചു എന്നതാണ്. സൂക്ഷമമായി നോക്കിയാൽ സൈക്കിളിന് മാത്രമേ നമ്മളെ അത് ഓടിക്കുന്നത് പഠിപ്പിക്കാൻ പറ്റുകയുള്ളൂവെന്ന് നമുക്ക് മനസിലാകും. അറിവ് നേടൽ എന്നത് ഒരു സ്വതന്ത്ര പ്രക്രിയയാണ്. സൈക്കിൾ ചവിട്ടാൻ പഠിക്കുമ്പോൾ അത് ചെയ്യാനുള്ള ഗുണങ്ങൾ നമുക്ക് സൈക്കിൾ നൽകുകയാണ് ചെയ്യുന്നത്.

Being Academy

ഇതേ പ്രശ്നം നമ്മൾ എഴുത്തുമായി ബന്ധപ്പെടുമ്പോഴുമുണ്ട്. എഴുത്തും വായനയുമാണ് ആധുനിക മനുഷ്യന്റെ മാനസികാവസ്ഥ രൂപീകരിച്ചിട്ടുള്ളത്. രേഖീയമായി നിരത്തി വച്ച അക്ഷരങ്ങൾ കൂട്ടിവായിക്കുമ്പോൾ കാഴ്ച എന്ന ഇന്ദ്രിയാനുഭവത്തെ മാറ്റി വായന എന്ന അനുഭവത്തിലേക്ക് ചുരുക്കുകയാണ് ചെയ്യുന്നത്. ചെറുപ്പം മുതൽ വായിക്കുന്ന ആളുകൾക്ക് കാഴ്ച എന്ന ഇന്ദ്രിയാനുഭവം മനസിന്റെ ടൂൾ ആയി മാറുകയാണ്. ഒരിക്കൽ ഗ്രാമത്തിലേക്ക് യാത്ര പോയി നഗരത്തിൽ തിരിച്ചെത്തിയ ശേഷം ഒരു അച്ഛൻ മകനോട് ‘നീ ദാരിദ്ര്യം കണ്ടോ’ എന്ന് ചോദിച്ചു. മകൻ പറഞ്ഞത് താൻ വൃക്ഷങ്ങളും, പുഴയും, മൃഗങ്ങളും, കൃഷിയിടങ്ങളും, ലോഹപ്പണിക്കാരനെയും ഒക്കെ കണ്ടുവെന്നായിരുന്നു. അച്ഛനെ നയിച്ചത് കാഴ്ചയല്ല, മറിച്ച് പഠിച്ചുവച്ച ആശയങ്ങൾ (concepts) ആയിരുന്നു, എന്നാൽ കുട്ടിക്കുണ്ടായത് മുൻകൂട്ടി നിശ്ചയിച്ചുറപ്പിക്കാത്ത തന്റെ ഇന്ദ്രിയാനുഭവങ്ങളും. താൻ പഠിച്ചുവച്ച കാര്യങ്ങൾ, മനസ്സിൽ ഉറപ്പിച്ചുവച്ച കാര്യങ്ങൾ കൊണ്ട് ലോകത്തെ നോക്കിക്കാണുന്ന ഈ അച്ഛൻ ആധുനിക മനുഷ്യന്റെ പ്രതിനിധിയാണ്. ആധുനിക മനുഷ്യന് പ്രകൃതി പുറത്തുള്ള ഒരു സംഗതി ആണ്. പരമ്പരാഗത മനുഷ്യന് പ്രകൃതി താൻ കൂടി ചേർന്നതാണ്. ആധുനിക ലോകത്തിന്റെ പ്രതിസന്ധി ഈ അവബോധത്തിന്റെ പ്രതിസന്ധി ആണ്.

ഈ പ്രതിസന്ധിക്ക് കാരണം ആധുനിക സ്കൂൾ സംവിധാനങ്ങളാണോ?

സ്കൂളിൽ നിന്നല്ല തുടങ്ങേണ്ടത്. വ്യവസായവൽക്കരണത്തിൽ നിന്നുപോലുമല്ല. അച്ചടി യന്ത്രത്തിൽ നിന്നുമാണ് പ്രതിസന്ധി ആരംഭിക്കുന്നത്. അതുവരെ എഴുത്തും വായനയും മൊത്തം സമൂഹത്തെയും സ്വാധീനിക്കുന്ന ഒരു പ്രവൃത്തിയായി മാറിയിട്ടില്ലായിരുന്നു. പാത്രം ഉണ്ടാക്കുന്ന കുംഭാരന്മാരുടെ ജീവിതരീതി കുറച്ചുപേരിൽ ഒതുങ്ങി നിന്നതുപോലെ എഴുത്തും വായനയും അറിയുന്നവരുടെ ജീവിതരീതി ആദ്യകാലത്തു കുറച്ചുപേരിൽ ഒതുങ്ങി നിൽക്കുകയായിരിന്നു. എന്നാൽ അച്ചടിയന്ത്രം വന്നതോടെ എല്ലാ മനുഷ്യസമൂഹത്തെയും സ്വാധീനിക്കുന്ന ഒന്നായി എഴുത്തും വായനയും മാറി. പതിനാലാം നൂറ്റാണ്ടിലാണ് ജർമ്മനിയിൽ അച്ചടിയന്ത്രം ഗുട്ടൻബെർഗ് കണ്ടുപിടിക്കുന്നത്. 300-400 വർഷമെടുത്താണ് അത് യൂറോപ്പിലെ മുഖ്യഭാഗങ്ങളിൽ പ്രചാരം നേടുന്നത്. അങ്ങനെ വായന തുടങ്ങുന്ന ഈ കാലത്തെ അവർ വിശേഷിപ്പിച്ചത് യുക്തിയുടെ യുഗം (age of reason) എന്നാണ്. യുക്തിസഹമായി ചിന്തിക്കുക എന്ന പ്രക്രിയ എന്തുകൊണ്ടാണ് ആ കാലത്ത് ഉണ്ടായത് എന്നത് നമ്മൾ ശ്രദ്ധിക്കാതെ പോയി. നമ്മൾ ധരിച്ചുവച്ചിരിക്കുന്നത് യുക്തിസഹമായി ചിന്തിക്കൽ (reasoning) ആണ് ഏറ്റവും മഹത്തായ ശേഷി (faculty) എന്നാണ്. ഒരു വ്യക്തിക്ക് യുക്തിസഹമായി ചിന്തിക്കുക എന്ന കാര്യം ചെയ്യണമെങ്കിൽ അതിനാവശ്യമുള്ള അറിവ് മറ്റാരെങ്കിലും ആ വ്യക്തിക്ക് നൽകണം എന്നതാണ് യാഥാർഥ്യം. അതായത് നമുക്ക് ലഭിച്ച വിവരങ്ങൾ വച്ചുകൊണ്ട് മാത്രമേ യുക്തിസഹമായി ചിന്തിക്കാൻ കഴിയുകയുള്ളൂ. അതിന്റെ ഫലമായി നമ്മളിൽ നശിച്ചുപോയത് സർഗാത്മകത (creativity) എന്ന ശേഷിയാണ്.

കെ.ബി ജിനൻ

അതേസമയം സർഗാത്മകതയെയും നമ്മൾ തെറ്റിദ്ധരിച്ചതിന്റെ ഫലമായി ശരിയായ രീതിയിൽ അല്ല മനസിലാക്കുന്നതും പ്രയോഗിക്കുന്നതും. അതുകൊണ്ടാണ് ചില ആളുകളെ മാത്രം നമ്മൾ creative എന്നും ചില ജോലികളെ creative profession എന്നും തരംതിരിച്ചിരിക്കുന്നത്. എന്നാൽ സർഗാത്മകത എന്ന പ്രക്രിയ എല്ലാ ജീവജാലങ്ങളും ഏർപ്പെട്ടിട്ടിരിക്കുന്ന ഒന്നാണ്. അറിയാത്തതിനെ അറിയാനായി ഉപയോഗിക്കപ്പെടുന്ന ഒരു കഴിവാണ് സർഗാത്മകത. അജ്ഞാതമായ (unknown) ഒരു സാഹചര്യത്തോടുള്ള നമ്മുടെ പ്രതികരണം (response) ആണ് സർഗാത്മകത. ഒരു ചെറിയ കുട്ടി കസേരയിൽ പിടിച്ചു കയറാൻ ശ്രമിക്കുന്നത് ഒരു സർഗാത്മക പ്രവൃത്തി ആണ്. സാക്ഷരതയും ആധുനിക വിദ്യാഭ്യാസവും ചെയ്യുന്നത് അറിഞ്ഞുകഴിഞ്ഞ (known) ഒരു സാഹചര്യം ഉണ്ടാക്കിയിട്ട് അതുമായി കുട്ടികൾക്ക് ഇടപെടാൻ സാഹചര്യം ഒരുക്കുകയാണ്. ഇങ്ങനെ വായനയിലൂടെ യുക്തി വളർത്തുന്ന ആളുകൾ കൂടുതൽ അഹംഭാവം ഉള്ളവരായി മാറുകയും അവരിൽ വിനയം കുറഞ്ഞു വരികയും ചെയ്യുന്നു. അവരിൽ ‘എല്ലാം അറിയുന്നവർ’ എന്ന ബോധം സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസം ചെയ്യുന്നത്. കൂടാതെ വിദ്യാഭ്യാസ യോഗ്യത നേടിയവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും നമ്മൾ ആഘോഷിക്കുകയും ചെയ്യുന്നു. ആധുനികതയുടെ വക്താക്കളാണ് അധികാരം കയ്യാളുന്നത് എന്നതാണ് ഒരു കാരണം. അതുകൊണ്ട് നമ്മൾ അവരെ അന്ധമായി പിന്തുടരുകയാണ് ചെയ്യുന്നത്. ആധുനികതയിൽ ഊറ്റംകൊള്ളുക എന്നത് ഒരു കൂട്ട ആത്മഹത്യ (collective suicide) ആണെന്നതാണ് എന്റെ അഭിപ്രായം.

ജീവിത മൂല്യങ്ങൾക്കും വീക്ഷണത്തിനും അടിത്തറയിടുന്ന ജീവിത കാലയളവിൽ വിദ്യാലയങ്ങളും അവിടെ നടക്കുന്ന ബോധനരീതികളും താങ്കൾ പറയുന്ന അവബോധത്തിന്റെ പ്രതിസന്ധിയുടെ ആഴം കൂട്ടാൻ കാരണമാകുന്നുണ്ടോ?

കുട്ടിക്കാലം ശരിയായി ജീവിക്കാൻ കഴിയാത്തതുകൊണ്ട് വഴിതെറ്റിപ്പോയ ഒരു സമൂഹമാണ് ആധുനിക സമൂഹം. അത് മനസിലാക്കാൻ ആദ്യം അനുഭവം (experience) എന്താണ് എന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്. വാക്കും ലോകവും തമ്മിലുള്ള പരസ്പ്പരബന്ധം എങ്ങനെയാണെന്നും ആദ്യം തിരിച്ചറിയണം. ഒരു കുട്ടിയിൽ സ്വാഭാവികമായി നടക്കുന്ന അവബോധ വികാസവും (Cognitive Development) അധ്യാപകർ പഠിപ്പിക്കുന്നത് വഴി നടക്കുന്ന വികാസവും തമ്മിൽ അന്തരം ഉണ്ട്. ആധുനിക വിദ്യാലയങ്ങളേക്കാൾ ഭീകരം ആധുനികകാലത്തെ രക്ഷിതാക്കളാണ് എന്നതാണ് മറ്റൊരു കാര്യം. വിദ്യാഭ്യാസം നേടിയ രക്ഷിതാക്കളുടെ വേവലാതി വളരെ കൂടുതലാണിപ്പോൾ. എല്ലാവരും കുട്ടികളുടെ കാര്യമോർത്ത് തീ പിടിച്ച പോലെയാണ് ഇപ്പോൾ നടക്കുന്നത്. ആധുനികത ചെയ്തത് അറിവ് നേടലിനെ (learning) പഠിപ്പിക്കൽ (teaching) എന്നതിനകത്ത് ഒതുക്കിയിരിക്കുകയാണ്.

Unparenting ideas

അധ്യാപകൻ ഒരു വിഷയം പഠിപ്പിക്കുമ്പോൾ കുട്ടിയുടെ മനസുമായാണ് സംവദിക്കുന്നത്. കുട്ടിയുടെ ശരീരം ഇന്ദ്രിയങ്ങളിലൂടെ അധ്യാപകൻ പഠിപ്പിക്കുന്ന കാര്യം അനുഭവിക്കുന്നില്ല. കുട്ടിയുടെ ശരീരത്തിന്റെ അനുഭവം വേറെയായിരിക്കും. അതുകൊണ്ടാണ് ശരീരവും മനസും രണ്ടാക്കി നിർത്തിയാണ് ആധുനികത പ്രവർത്തിക്കുന്നത് എന്ന് ഞാൻ പറയുന്നത്. ഈ പ്രശ്നത്തിന് നമ്മൾ അധ്യാപകരെയോ, രക്ഷിതാക്കളെയോ, പാശ്ച്യാത്യ നാടുകളിലെ മനുഷ്യരെയോ കുറ്റം പറയുകയല്ല വേണ്ടത്. കാരണം ഈ പ്രതിസന്ധി കൊണ്ടുവന്നിരിക്കുന്നത് ആധുനികത (modernity) ആണ്. അതിന്റെ ഇരകളാണ് എല്ലാവരും. നമ്മൾ സ്വയം വന്നുപെട്ട കെണിയെ മനസിലാക്കി സത്യം കാണാൻ തുടങ്ങിയാലേ നമ്മളുടെ പ്രതിസന്ധി തിരിച്ചറിയാൻ കഴിയൂ.

ആധുനികത എങ്ങനെയാണ് അറിവ് നേടുന്ന പ്രക്രിയയ്ക്ക് ഒരു തടസ്സം ആകുന്നതെന്ന് വിശദീകരിക്കാമോ?

എന്താണ് അറിവ് എന്ന് ആദ്യം വിശദീകരിക്കേണ്ടി വരും. അറിവ് ഒരു പ്രക്രിയ (process) ആണ്, അത് ഒരു ഉൽപ്പന്നം (product) അല്ല. ആധുനികതയുടെ കടന്നുവരവോടെ അറിവ് ഒരു ഉൽപ്പന്നമായി മാറുകയാണ്. അങ്ങനെ നമ്മൾ ഇന്ന് കാണുന്ന അറിവിന്റെ യാന്ത്രികത ഉടലെടുത്തു. യഥാർത്ഥത്തിൽ ‘അറിവ്’ (Knowledge) എന്ന നാമത്തെക്കാൾ ‘അറിയുക’ (knowing) എന്ന ക്രിയയാണ് ആ പ്രക്രിയയെ മനസിലാക്കാൻ സഹായിക്കുക. അറിയുക എന്ന പ്രക്രിയയെ അറിവ് (knowledge) എന്ന ഉൽപ്പന്നമാക്കുകയാണ് ആധുനികത ചെയ്തത്.

ആധുനികത എന്ന വാക്ക് പടിഞ്ഞാറിന്റെ സൃഷ്ടിയാണ്. ആ വാക്കിൽ തന്നെ അധികാരശ്രേണി (hierarchy) ഉൾച്ചേർന്നിട്ടുണ്ട്. അതുകൊണ്ടാണ് കുട്ടികൾക്ക്, ഗ്രാമീണർക്ക്, ആദിവാസികൾക്ക്, ആഫ്രിക്കക്കാർക്ക് ഒക്കെ ചില കുറവുകളും പ്രശ്നങ്ങളുമുണ്ടെന്നും അവർ ശരിയല്ല എന്നും പിന്നോക്കം ആണെന്നൊക്കെയുള്ള പൊതുബോധം ഉണ്ടാവുന്നത്. അപരനെ ശരിയാക്കുക എന്നതാണ് ആധുനികതയുടെ ഒരു പദ്ധതി. അതിന്റെ ഭാഗമായി പരമ്പരാഗതം എന്ന് പറയുന്നത് നിശ്ചലമായതും ആധുനികം എന്നത് മാറിക്കൊണ്ടിരിക്കുന്നതും ആണെന്ന ഒരു പൊതുബോധം ഇതിന്റെ സൃഷ്ടാക്കൾ പ്രചരിപ്പിച്ചു. അതിന്റെ ഫലമായി പരമ്പരാഗത(traditional)മായതു തെറ്റും ആധുനികമായത് ശരിയും എന്ന് മനുഷ്യർ വിശ്വസിക്കാൻ തുടങ്ങി. പാരമ്പരാഗതമായത് എന്നാൽ അടിസ്ഥാനപരമായ ചില കാര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നതും മറ്റുകാര്യങ്ങൾ നിരന്തരം മാറിക്കൊണ്ടിക്കുന്നതുമാണെന്ന യാഥാർഥ്യം മറച്ചുവയ്ക്കപ്പെട്ടു. മാറ്റത്തിന്റെയും മാറ്റമില്ലായ്മയുടെയും സന്തുലിതാവസ്ഥയാണ് ജീവിതത്തിനടിസ്ഥാനം. ആധുനികത പറയുന്നത് എല്ലാം നിരന്തരം മാറിക്കൊണ്ടിരിക്കുന്നുവെന്നും ആ മാറ്റം മനുഷ്യരാണ് സൃഷ്ടിക്കുന്നത് എന്നുമാണ്. കൂടാതെ ആധുനികത പാരമ്പരാഗതമായതിനേക്കാൾ മികച്ചതാണെന്നും അവർ പ്രചരിപ്പിച്ചു. അങ്ങനെ മനുഷ്യർ മോഡേൺ ആകാൻ മത്സരിച്ചു തുടങ്ങി. ഈ കെണിയിൽ കോളനിവൽക്കരിക്കപ്പെട്ട രാജ്യങ്ങളൊക്കെ വന്നുപെടുകയായിരുന്നു.

The paradox of Modernity

അതുപോലെ ആധുനികത മനസ്സിന്റെ ആവശ്യങ്ങൾ മാത്രമേ അപരിഗണിക്കുന്നുള്ളൂ. അവിടെ അനുഭവത്തിന് പ്രാധാന്യമില്ല. കാര്യ കാരണങ്ങൾ നിരത്തി യുക്തിഭദ്രമായ ചിന്തയ്ക്കുള്ള സാധ്യതകൾ ആണത് സൃഷ്ടിക്കുന്നത്. അളന്നു തിട്ടപ്പെടുത്തൽ, നിയന്ത്രണം, പ്ലാനിങ് തുടങ്ങിയവയാണ് അവിടെ നടക്കുന്നത്. സ്ത്രൈണ ഗുണങ്ങളെയും (feminine qualities) ഇന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളെയും ഇല്ലായ്‌മ ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്. അതുപോലെ ഗുണത (quality)യ്ക്ക് പകരം അളവ് (quantity) ആണ് അവിടെ പ്രധാനം. മറ്റൊരു കാര്യം ആധുനികത സമഗ്രതയ്ക്കു പകരം വിഭജിച്ചു (fragmentize) വേർതിരിക്കാനാണ് ശ്രമിക്കുന്നത് എന്നും കാണാം. ഉദാഹരണത്തിന്, നമുക്കിടയിൽ ഒരുപാട് സെൻസിറ്റീവ് ആയ പരിസ്ഥിതി പ്രവർത്തകർ ഉണ്ട്. അവരിൽ ഭൂരിഭാഗം പേരും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നവരാണ്. അവർ മരം നടുന്നവർ ആയിരിക്കില്ല, മരം നടുക എന്ന പ്രവൃത്തി വേറൊരു മനുഷ്യന്റെ ഉത്തരവാദിത്തമായി മാറ്റി നിർത്തപ്പെടുന്നു. അങ്ങനെ ഓരോരുത്തരും അവരവരുടെ മേഖലകളിൽ നിന്നുകൊണ്ട് പ്രതികരിച്ചുകൊണ്ടിരിക്കും. ഒരു കലാകാരൻ ചിത്രം വരക്കും. ഗായകൻ പാട്ടു പാടും. ഒരു മരത്തിനോട് കലാകാരനെ വേണോ, പരമ്പരാഗത മരം വെട്ടുകാരനെ വേണോ എന്ന് ചോദിച്ചാൽ മരം മുറിക്കാരനെ മതി എന്ന് പറയും. കാരണം കലാകാരനെക്കാൾ മരത്തിനു ജൈവബന്ധം ഉള്ളത് മരംവെട്ടുകാരനോടായിരുക്കും.

The three sins of modern education

നമ്മുടെ ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നില്ല എങ്കിൽ നമ്മൾ ചലനാത്മകമല്ല എന്നുപറയാം. കാരണം അറിവ് നേടൽ എന്നത് ഇന്ദ്രിയങ്ങളുടെ പ്രവർത്തനത്തിലൂടെ നടക്കേണ്ട ഒരു ബയോളോജിക്കൽ പ്രോസസ്സ് ആണ്. അത് എഴുത്തും വായനയും വഴി വരേണ്ടതല്ല. എഴുത്തിന്റെ പ്രസക്തി അറിവ് ഉണ്ടാക്കുന്നതിലല്ല. സ്വാഭാവികമായി അറിവ് നേടുന്ന പ്രക്രിയ നമുക്ക് അതിനെപ്പറ്റി അജ്ഞാതമായ ഒരു സാഹചര്യത്തിൽ (unknown context) നടക്കുന്ന ഒന്നാണ്. മറ്റൊരാൾ നൽകുന്ന വിവരങ്ങൾ അടങ്ങിയ ഒരു പുസ്തകം വായിക്കുമ്പോൾ ഈ ‘അജ്ഞാതമായ സഹാചര്യം’ ആണ് ഇല്ലാതാവുന്നത്. അപ്പോൾ ‘അറിഞ്ഞു കഴിഞ്ഞ’ ഒരു സാഹചര്യത്തിൽ ആണ് ഒരു വായനക്കാരൻ ഉണ്ടാവുക. അങ്ങനെ അറിയൽ എന്ന അനുഭവവും പ്രക്രിയയും ഇല്ലാതെ പോകുന്നു. ഒരു പുസ്തകത്തിൽ അറിവ് വായിച്ച് മനസിലാക്കാൻ തയ്യാറാക്കി വച്ചിരിക്കുകയാണ്. അറിവ് നേടുന്ന പ്രക്രിയയിലൂടെ കടന്നുപോകേണ്ടതില്ല. യുക്തിയും വിശകലനവും ഉപയോഗിച്ച് അറിവ് സ്വാംശീകരിക്കുന്ന ഒരു പ്രക്രിയയാണ് അത്. വായനയ്ക്കകത്ത് ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നില്ല എന്നതാണ് വലിയ ന്യൂനത. യഥാർത്ഥ ജീവിത അനുഭവങ്ങൾ മനുഷ്യർക്ക്‌ നിരാകരിച്ചുകൊണ്ടാണ് ആധുനിക വിദ്യാഭ്യാസം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ചുരുക്കം.

താങ്കൾ പറയുന്നതുപോലെ ഇന്ദ്രിയാനുഭവങ്ങളിലൂടെ നേടാവുന്ന ഒരുപാട് അനുഭവങ്ങൾ വ്യക്തികൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ അതിന് പരിമിതികളില്ലേ?

ഇന്ദ്രിയങ്ങളെ പരിമിതപ്പെടുത്തുകയല്ല, ഉപയോഗിക്കാതിരിക്കുകയാണ് ആധുനിക വിദ്യാഭ്യാസം ചെയ്യുന്നത്. ഇന്ദ്രിയാനുഭവം ഇല്ലാതെ അറിയുക എന്ന പ്രക്രിയ നടക്കില്ല. ഇന്ദ്രിയങ്ങൾ വഴി മാത്രമേ നമുക്ക് അറിവ് നേടാൻ പറ്റുകയുള്ളൂ. അങ്ങനെ നേടിയ അറിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ അടുത്തഘട്ടത്തിൽ നേരിട്ട് അനുഭവങ്ങൾ ഇല്ലാതെയുള്ള നിഗമനങ്ങളിൽ (inferences) എത്താൻ കഴിയുകയുള്ളൂ. ഭാവന, അമൂർത്തവൽക്കരണം തുടങ്ങിയവ ഈ രണ്ടാംഘട്ടത്തിൽ സാധ്യമാകുന്ന കാര്യങ്ങളാണ്. ഇതൊക്കെ നടക്കണമെങ്കിൽ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം സാധ്യമാവേണ്ടതുണ്ട്. ഇപ്പോൾ ’21-ാം നൂറ്റാണ്ടിലെ അറിവ്’ എന്ന് പറഞ്ഞ് നമ്മൾ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കാനാണ് നോക്കുന്നത്. ഇന്ദ്രിയങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്താതെ ചെയ്യുന്ന ഈ പ്രവർത്തനം വലിയ അപകടമാണ്.

മറ്റൊന്ന് ഞാൻ ജീവിതകാലം മുഴുവൻ പിന്തുടരേണ്ട കാര്യങ്ങളല്ല പറയുന്നത്. നമ്മൾ ഏതു തരം മനുഷ്യരാകണമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ പന്ത്രണ്ടുവർഷത്തെ കാര്യമാണ് ഞാൻ പറയുന്നത്. ഗ്രാമങ്ങളിൽ പോയി നിങ്ങൾ ഒരു സിദ്ധാന്തം അവതരിപ്പിച്ചാൽ അവിടുത്തെ ജനങ്ങൾ അത് വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യില്ല. അവർ അനുഭവങ്ങളിലൂടെ കടന്നുപോയി മാത്രമേ ഒരു നിഗമനത്തിലെത്തുകയുള്ളൂ. ഇതാണ് നിരക്ഷരരും സാക്ഷരരും തമ്മിലുള്ള വ്യത്യാസം. സാക്ഷരർ ഉണ്ട്, ഇല്ല എന്ന രണ്ട് ഉത്തരങ്ങളിൽ ഒതുങ്ങി ജീവിക്കുന്നവരാണ്. കാരണം മനസ് പ്രവർത്തിക്കുന്നത് ഉറപ്പുള്ള (certain) കാര്യങ്ങളുടെ കൂടെ ചേർന്നാണ്. അതാണ് വിദ്യാഭ്യാസം നേടിയവരുടെ ആത്മവിശ്വാസത്തിനാധാരം. കറുപ്പും വെളുപ്പുമായാണ് അവർ അറിവിനെ സ്വാംശീകരിച്ചിരിക്കുന്നത്. ഗ്രാമങ്ങളിൽ പോയി ഒരു പ്രത്യേകരീതിയിലുള്ള ഒരു ഉൽപ്പന്നം ഉണ്ടാക്കാൻ പറ്റുമോ എന്ന് ഒരാൾ ചോദിച്ചാൽ അവർ ‘ശ്രമിക്കാം’ എന്ന് മാത്രം പറയുന്നത് നേരത്തേകൂട്ടി നിശ്ചയിച്ചുറപ്പിച്ചതല്ല (uncertain) അവരുടെ ലോകം എന്നുള്ളതുകൊണ്ടാണ്. അവർ ഈഗോയുടെ ലോകത്തു ജീവിക്കുന്നവർ അല്ലയെന്നും പറയാം.

Sensing Feeling Being

ഈഗോ വികസിക്കുന്നത് ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായാണോ?

യുക്തി ഉപയോഗിച്ച് അറിവ് നേടുന്നതിന്റെ ഫലമായാണ് അതുണ്ടാകുന്നത്. നമ്മൾ മാതൃഭാഷാപരിജ്ഞാനം നേടുന്ന സ്വാഭാവികരീതിതന്നെയാണ് എല്ലാ അറിവിന്റെയും അടിസ്ഥാനം. എത്ര ശ്രദ്ധ കൊടുക്കാൻ കഴിയുന്നുവെന്നോ അത്രയ്ക്ക് അത് സ്വായത്തമാക്കാൻ കഴിയും. നല്ലൊരു സിദ്ധവൈദ്യൻ ഉണ്ടാകുന്നത് ഒരാൾ അതിനുവേണ്ടി തപസ്സിരിക്കുമ്പോഴാണ്. നമുക്ക് ഒരു കാര്യത്തിൽ എത്രമാത്രം മുഴുകാൻ പറ്റുമോ അത്രയും അറിവുണ്ടാകും. തപസ്സിരിക്കുക എന്ന് പറഞ്ഞാൽ മുഴുവൻ ഇന്ദ്രിയങ്ങളും പ്രവർത്തനക്ഷമമാവുക എന്നതാണ്. അത് വായനയിലൂടെ ഉണ്ടാവുന്ന കാര്യമല്ല. അതുകൊണ്ടാണ് പണ്ടുകാലത്തെ വൈദ്യന്മാർ ഓരോ രോഗിയെയും പുതിയ ഒരു അനുഭവമായിട്ടാണ് കണ്ടിരുന്നത്. നേരത്തെ തീരുമാനിച്ചുറപ്പിച്ച അറിവിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല രോഗ ചികിത്സ നടത്തിയിരുന്നത്. ആധുനിക പ്രതിസന്ധിയെ ഒരു അവബോധത്തിന്റെ പ്രതിസന്ധിയായി (cognitive crisis) കാണണം എന്ന് ഞാൻ നേരത്തെ പറഞ്ഞത് ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ്. നമ്മൾ എന്ത് തരത്തിലുള്ള മനുഷ്യനായിട്ടാണോ വളർന്നു വരുന്നത്, അതിന്റെ പ്രശനമായിട്ട് ആധുനിക മനുഷ്യന്റെ പ്രതിസന്ധികളെ സമീപിക്കേണ്ടതുണ്ട്. അല്ലെങ്കിൽ നമ്മൾ കൂടുതൽ കൂടുതൽ നാശത്തിലേക്ക് പോകും.

യുക്തിയെ (Reasoning) ഒരു പ്രശ്നമായിട്ടാണ് താങ്കൾ കാണുന്നത്. എന്നാൽ അതിനെ മനുഷ്യന് ലഭിച്ച ഒരു കഴിവായി കണ്ടുകൂടെ?

യുക്തി ഉപയോഗിക്കണമെങ്കിൽ അതിനു അടിസ്ഥാനമായ അറിവ് ഉണ്ടായിരിക്കണം. അതുകൊണ്ട് യുക്തി ഒരു രണ്ടാംതരം (secondary) കഴിവാണ്. അറിവിനെ ഒരു ഉൽപ്പന്നം ആയി കണ്ടതുകൊണ്ടാണ് ആധുനികത യുക്തിക്ക് അമിത പ്രാധാന്യം നൽകുന്നത്. സാക്ഷരത നേടി മുന്നൂറു വർഷത്തിന് ശേഷമാണ് പടിഞ്ഞാറൻ രാജ്യങ്ങളിൽ യുക്തി പ്രബലമാവുന്നത്. പുസ്തകങ്ങൾ വായിക്കുക വഴി ലഭിച്ച വിവരങ്ങൾ വച്ചാണത് വളർന്നത്.

യുക്തി പുരോഗതിയെക്കുറിച്ചുള്ള യൂറോപ്യൻ ആശയങ്ങളുടെ ഭാഗമാണ്. ആധുനിക മനുഷ്യന്റെ അസ്തിത്വം (beingness) രേഖീയമാണ് (linear) ചിതറിക്കിടക്കുന്നതാണ് (fragmented), കൂടാതെ വേർതിരിച്ചു നിർത്താൻ (compartmentalize) താല്പര്യപ്പെടുന്നതുമാണ്. അങ്ങനെ ആധുനിക മനുഷ്യൻ ദ്വന്ദ്വത്തിൽ (duality) ജീവിക്കുന്നവനാണ്. എഴുത്തും വായനയും അറിയാത്ത മനുഷ്യർ (indigenous people) അങ്ങനെ വിഭജനം അനുഭവിക്കുന്നവരായിരുന്നില്ല. അവർ നേരിട്ട് ലോകത്തെ മനസിലാക്കുന്നു. ഞാൻ ചൂണ്ടിക്കാട്ടുന്ന ഈ പ്രശ്ങ്ങളെയൊക്കെ പൊതുവെ ആളുകൾ ഒരു രാഷ്ട്രീയ പ്രശ്നമായിട്ടാണ് കാണുന്നത്. ഞാൻ അതിനെ കാണുന്നത് ബയോളജിക്കൽ സത്തയുടെ പ്രശ്നമായിട്ടാണ്. മനുഷ്യജീവിതത്തിലെ വൈവിധ്യത്തെ ഇല്ലാതാക്കി ഏകീകരണം (homogenization) ഒക്കെ കൊണ്ടുവന്നത് ആധുനികതയുടെ ഭാഗമായാണ്. അതോടെ കലാകാരൻ കൃഷി ചെയ്യാതെയും, പാട്ടുകാരൻ ചിത്രം വരക്കാതെയും, അദ്ധ്യാപകൻ മരം കയറ്റമറിയാതെയുമായി മാറി.

വായനയെ നമ്മൾ നിഷേധിക്കേണ്ടതുണ്ടോ? അതും മനുഷ്യൻ വികസിപ്പിച്ചെടുത്ത ഒരു കഴിവ് തന്നെയല്ലേ?

ഞാൻ വായന ആവശ്യമില്ല എന്നല്ല പറയുന്നത്. അറിവ് നേടുന്നതിൽ കുട്ടിക്കാലത്ത് വായനയ്ക്കപ്പുറമുള്ള ലോകം വലിയ പങ്കുവഹിക്കുന്നുവെന്നാണ്. നമുക്കുള്ളിലെ സാധ്യതകൾ വായനയുടെ ലോകത്ത് പരിമിതപ്പെടുത്താനുള്ളതല്ല എന്നാണ്. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ വാക്കിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യരായി മാറും. അതുകൊണ്ടാണ് ആധുനിക മനുഷ്യരുടെ ഇന്ദ്രിയങ്ങൾ പൂർണ്ണമായും പ്രവർത്തിക്കാത്തത്. വായനയെ ഒരു ടൂൾ ആക്കുന്നതിന് പകരം വായന നമ്മളെ ഒരു ടൂൾ ആക്കിമാറ്റിയിരിക്കുകയാണ് ഇന്ന്. രണ്ടാമത്തെ കാര്യം ഒരു കാര്യം വായിച്ച ഉടനെ അതിനെ മനസിലാക്കാൻ നോക്കരുത്. മനസിലാക്കുന്ന പ്രക്രിയ ബയോളജിക്കൽ ആണ്. അറിവിനെ ‘വായിച്ചു മനസ്സിലാക്കി’ എന്ന് തെറ്റിദ്ധരിക്കരുത്. വായനയിൽ അറിവിനെ ഒതുക്കുമ്പോഴുള്ള പരിമിതികൾ ചൂണ്ടിക്കാട്ടാൻ ആണ് നിരക്ഷരരായ ആളുകളുടെ ജീവിതത്തിലെ ഗുണങ്ങളെ ഞാൻ താരതമ്യം ചെയ്യുന്നത്. അല്ലാതെ എഴുത്തിനെയും വായനയേയും നിഷേധിക്കാനല്ല.

കെ.ബി ജിനൻ

വായനയെക്കുറിച്ച് ഇവാൻ ഇല്ലിച് പറയുന്ന ഒരു പ്രധാന കാര്യമുണ്ട്. ആദ്യകാലത്ത് വായന എന്നാൽ ഉറക്കെ വായിക്കൽ ആയിരുന്നു. അത് ഒരു കൂട്ടം ആളുകൾ കൂടിച്ചേർന്നു നിർവ്വഹിക്കുന്ന പ്രക്രിയയായിരുന്നു. വായിക്കാനും കേൾക്കാനും ആളുകൾ ഉണ്ടായിരുന്നു. മാത്രവുമല്ല വായന കണ്ണിന്റെയും കാതിന്റെയും പങ്കാളിത്തത്തോടെയാണ് നടന്നിരുന്നത്. ഇന്നത് നിശബ്ദ വായനയിലേക്ക് മാറിയിരിക്കുന്നു എന്നതും പ്രധാന മാറ്റമാണ്. സോക്രട്ടീസിന്റെ കാലത്തിന് മുൻപുള്ള എഴുത്തുകളിൽ വിരാമചിഹ്നങ്ങൾ (punctuation marks) ഉണ്ടായിരുന്നില്ല. വായിക്കുന്ന ആൾ സാഹചര്യമനുസരിച്ച് അതൊക്കെ ഉപയോഗിക്കുകയായിരുന്നു. അതിനു മാറ്റം വന്നത് അച്ചടിയന്ത്രം വന്നതിനു ശേഷമാണ്.

അച്ചടിയന്ത്രം വന്നതിന് ശേഷമാണ് അറിവിന്റെ ജനാധിപത്യവൽക്കരണം നടന്നതെന്ന കാര്യത്തെ താങ്കൾ അംഗീകരിക്കുന്നില്ലേ?

യഥാർത്ഥത്തിൽ കാഴ്ചയിലൂടെ അറിവിന്റെ പ്രക്രിയ നടക്കുമ്പോഴാണ് അറിവിന്റെ ജനാധിപത്യവൽക്കരണം നടക്കുന്നത്. വായിക്കാൻ പഠിച്ച ആളുകളെ അറിവ് നേടി എന്ന് നമ്മൾ തെറ്റിദ്ധരിക്കുകയാണ്. To Read എന്ന വാക്കിന്റെ ഉത്ഭവം to guess എന്നാണ്. വായിക്കുമ്പോൾ നമ്മൾ ഊഹിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് ‘കഴിവില്ല’ എന്നുള്ള സ്ഥിതിവിശേഷം ഉണ്ടാക്കിയത് അച്ചടിയന്ത്രത്തിന്റെ വ്യാപനത്തോടെ ആദ്യം വായിക്കാൻ പഠിക്കണം എന്നുള്ള നിർബന്ധം വന്നപ്പോഴാണ്. ലോകത്തെ അറിയാൻ വായന നിർബന്ധമാക്കിയതോടെ മനുഷ്യജീവിതത്തിൽ പുതിയൊരു കുട്ടിക്കാലം ആരംഭിക്കുകയായിരുന്നു.

ഭാഷയ്ക്കു തന്നെ വന്ന അടിസ്ഥാനപരമായ മാറ്റം ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. ആധുനിക ഭാഷ വ്യക്തിയുടെ ഈഗോയെ കേന്ദ്രീകരിച്ചിരിക്കുന്നതും ഒരു ഉൽപ്പന്നത്തിന്റെ ഗുണങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതുമാണ്. വാമൊഴി ഭാഷകൾ അങ്ങനെയല്ല എന്നും കാണാം. അത്തരം ഭാഷകൾ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതാണ്. അതുകൊണ്ടാണ് നാമങ്ങളെക്കാൾ കൂടുതൽ ക്രിയകൾ അവയിലുള്ളത്. എന്റെ കൈ പൊള്ളി എന്നത് I burnt my hand എന്നും, എന്റെ കല്ല്യാണം കഴിഞ്ഞു എന്നതിന് I got married എന്നും വരുന്നത് ഞാൻ എന്ന വ്യക്തിയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്‌ഠിക്കുന്നതുകൊണ്ടാണ്.

പാശ്ചാത്യ സംസ്ക്കാരത്തിൽ ഇന്ന് കാണുന്ന ആധുനികതയുടെ കടന്നുവരവിന്‌ പ്രധാന പങ്കുവഹിച്ച രണ്ടു ഘടകങ്ങളാണ് ക്രിസ്തുമതവും അച്ചടിയന്ത്രവും. അതോടെ പാശ്ചാത്യ ജീവിതത്തിൽ നിന്നും പ്രകൃതി ഇല്ലാതാവുകയും അങ്ങനെ അവരുടെ സംസ്ക്കാരം തന്നെ ഇല്ലാതായി എന്നും പറയേണ്ടിവരും. പ്രകൃതിയുമായുള്ള ഇടപെടലിൽ നിന്നുടലെടുക്കുന്ന അറിവ്, സൗന്ദര്യം, മൂല്യങ്ങൾ എന്നിവ ചേർന്നാണ് സംസ്ക്കാരം ഉടലെടുക്കുന്നത്. വിശ്വാസത്തെ കൃത്യമായ ചട്ടക്കൂട്ടിൽ ഉറപ്പിക്കുകയാണ് ക്രിസ്തുമതം ചെയ്തത്. ആധുനികത മാത്രമാണ് ശരിയെന്ന വാദം പോലെ ക്രിസ്തുമതം മാത്രമാണ് ശരിയെന്നും അതിന്റെ വക്താക്കൾ പ്രചരിപ്പിച്ചു. (തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 12, 2023 6:40 am