Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കടമാൻതോട് അണക്കെട്ടും കബനീതീരത്തെ ആശങ്കകളും – 2
വയനാട് ജില്ലയിലെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കടമാൻതോട് എന്ന കബനി നദിയുടെ കൈവഴിയിൽ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. പുൽപ്പള്ളിയിലെയും മുള്ളൻകൊല്ലിയിലെയും ജലക്ഷാമത്തെ നേരിടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമായി സർക്കാർ പറയുന്നത്. എന്നാൽ കുടിയൊഴിപ്പിക്കപ്പെടാൻ പോകുന്നവർ പദ്ധതിക്കെതിരെ സമരത്തിലാണ്. ഒരു വിഭാഗം ജനങ്ങൾ പദ്ധതിയെ അനുകൂലിക്കുകയും ചെയ്യുന്നു. കേരളീയം ഗ്രൗണ്ട് റിപ്പോർട്ട്.
മുതലിമാരന്‍ മാസ്റ്ററുടെ പിന്‍മുറക്കാര്‍
പുല്‍പ്പള്ളിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒഴിവാക്കാനാകാത്ത പേരാണ് മുതലിമാരന്‍ മാസ്റ്റര്‍. വയനാട് ജില്ലയിലെ ഊരാളി ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ അധ്യാപകന്‍. പുല്‍പ്പള്ളി ടൗണ്‍ ഇന്ന് നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ പലതും മുതലിമാരന്‍ മാസ്റ്ററിന്റേതായിരുന്നു. നെയ്ത്തും കൃഷിയും ഉപജീവനമാര്‍ഗമായിരുന്ന അദ്ദേഹം പുല്‍പ്പള്ളി വിജയ ഹൈസ്‌കൂളില്‍ നെയ്ത്ത് അധ്യാപകന്റെ ഒഴിവുണ്ടായപ്പോള്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയിരുന്ന ദീര്‍ഘദര്‍ശിയായ അദ്ദേഹം 1981ല്‍ കാപ്പിസെറ്റ് ഗവര്‍ണ്‍മെന്റ് യു.പി സ്‌കൂള്‍ സ്ഥാപിച്ചു. നാല് ഏക്കര്‍ 60 സെന്റ് ഭൂമി ദാനം നല്‍കിക്കൊണ്ടാണ് അന്ന് അദ്ദേഹം സ്‌കൂള്‍ രൂപീകരിച്ചത്. ഇന്നത് മുതലിമാരന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളായി പരിണമിച്ചു. കടമാന്‍തോടിന് അരികത്തുള്ള മീനങ്കൊല്ലി കോളനിയുടെ സിംഹഭാഗവും മുതലിമാരന്‍ മാസ്റ്ററിന്റെയും സമുദായത്തിന്റെയും സ്വന്തമായിരുന്നു. പക്ഷേ കൂട്ടം കൂട്ടമായി കുടിയേറിയെത്തിയവര്‍ ഊരാളി സമുദായ ജനതയുടെ സ്ഥലങ്ങള്‍ സ്വന്തമാക്കി. ഇന്ന് കേവലം പത്തില്‍ താഴെ ഊരാളി കുടുംബങ്ങളും അവര്‍ നടത്തിപ്പോരുന്ന അമ്പലവും മാത്രമാണ് മീനങ്കൊല്ലി കോളനിയിലുള്ളത്.
ഊരാളി ഗോത്രവര്‍ഗ സമൂഹം നടത്തിപ്പോരുന്ന കാളിക്ഷേത്രത്തിന് തൊട്ടുതാഴെ വരെ കടമാന്‍തോട് പദ്ധതിക്കുള്ള ഭൂമി അളന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ചുവപ്പും വെള്ളയും കലര്‍ത്തി ചതുരാകൃതിയില്‍ ടാറിട്ട റോഡില്‍ വരച്ചിരിക്കുന്ന അടയാളപ്പെടുത്തലുകള്‍ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കല്‍ നേരിടേണ്ടിവരുമെന്നുള്ള ഭീതിയുടെ സൂചനയായാണ് അവർ കാണുന്നത്. മുതലിമാരന്‍ മാസ്റ്ററിന്റെ മൂന്നാം തലമുറയില്‍പ്പെട്ട വാസു ചേട്ടനാണ് രേഖകളിലെ ഊരുമൂപ്പന്‍. ഇവരുടെ ആരാധനാലയമായ കാളിക്ഷേത്രത്തിന്റെ നടത്തിപ്പുകാരനും വാസു ചേട്ടനാണ്. “ഈ പ്രദേശം മൊത്തം മുത്തച്ഛന്റെ (മുതലിമാരന്‍) സ്ഥലമായിരുന്നു. ഇനി കുറച്ച് സ്ഥലമേ ബാക്കിയുള്ളൂ. പുല്‍പ്പള്ളി ടൗണ്‍ ഉണ്ടായതും പഞ്ചായത്ത് ഉണ്ടായതുമൊക്കെ ഞങ്ങള്‍ കണ്ടുവളര്‍ന്നതാണ്. എത്ര കഷ്ടപ്പാട് പെട്ടിട്ടാണ് പുല്‍പ്പള്ളി ടൗണ്‍ ഉണ്ടായത്… ഉണ്ടായി വന്നത്… ഇല്ലാതാക്കാന്‍ പെട്ടെന്ന് പറ്റും. ഉണ്ടാക്കിയെടുക്കാന്‍ ഒത്തിരി കഷ്ടപ്പെടണം. പുല്‍പ്പള്ളി അങ്ങാടി ഇല്ലാണ്ടാക്കാന്‍ പോകുവാ…” വാസു ചേട്ടന്‍ നെടുവീര്‍പ്പിട്ടു.
അമ്പത്തിയാറ് വയസുകാരനായ വാസു ചേട്ടന് പുല്‍പ്പള്ളി എങ്ങനെ ഇന്ന് കാണുന്ന പുല്‍പ്പള്ളിയായി എന്നുള്ളതിന്റെ തെളിഞ്ഞ ഓര്‍മ്മകളുണ്ട്. മണ്ണും, മഴയും, മഞ്ഞുമൊക്കെ എങ്ങനെ മാറിപ്പോയെന്ന് അദ്ദേഹം വ്യക്തമായി പറയുന്നുണ്ടായിരുന്നു. “കാര്‍ന്നോമ്മാരെ പറ്റിച്ച ആള്‍ക്കാരൊക്കെയുണ്ട് ഇവിടെ…” വാസു ചേട്ടന്റെ ഈ വാക്കുകള്‍ക്ക് വഞ്ചിക്കപ്പെട്ട ഒരു ജനതയുടെ മുഴുവന്‍ സ്വരങ്ങളും ചേര്‍ന്ന പ്രതീതി. “എന്റെ ചെറുപ്പകാലത്ത് നടക്കുന്ന വഴിയൊക്കെ ചെളിക്കുണ്ടം പോലെയായിരുന്നു.. ചെറിയ, ചെറിയ മണ്‍വഴികള്‍… ചെരുപ്പിട്ട് നടക്കാന്‍ കൊതിക്കുന്ന കാലമായിരുന്നു അതൊക്കെ. റോഡ് വരെ ചെരുപ്പ് ഊരിപ്പിടിച്ച് പോകണം. ഓല് (ചെറിയ കുഴികള്‍) കുത്തിയാല്‍ തന്നെ ആവശ്യത്തിന് വെള്ളം കിട്ടുമായിരുന്നു. ഉറവകളില്‍ നിന്ന് കണ്ണീര് പോലത്തെ വെള്ളം കിട്ടിയിരുന്നു. അലക്കും കുളിയുമൊക്കെ കടമാന്‍തോട്ടിലായിരുന്നു. ആറര മാസത്തോളം മഴ പെയ്തിരുന്ന കാലമുണ്ടായിരുന്നു ഇവിടെ. പിന്നീട് ആറ് മാസം മഞ്ഞ്. ടൗണ്‍ വരെ തീകൂട്ടി ആള്‍ക്കാരുണ്ടാകും. അവിടവിടെ നിന്ന് കാല് ചൂടാക്കി വേണം മുന്നോട്ട് നടക്കാന്‍… ഞങ്ങള്‍ക്ക് നെല്‍കൃഷിയുണ്ടായിരുന്നു. ഒക്ക്‌ലിയിടുമായിരുന്നു. കൊയ്ത്ത് കഴിഞ്ഞിട്ട് തുറു ഇടും. ഒക്ക്‌ലിട്ട് നെല്ലാക്കും. എച്ചിപോറ്, അയ്യാരെട്ട്… കുറെ നെല്ലിന്റെ പേരൊക്കെ മറന്നുപോയി. ഇപ്പോ ആ അഡ്രസേ ഇല്ലാതായി. പങ്കിട്ട് കൃഷി ചെയ്യാന്‍ ആളുകളെത്തുമായിരുന്നു. ചിലര്‍ അവരെ നാടന്‍ ചാരായം ഒക്കെ കുടിപ്പിച്ച് സ്ഥലങ്ങള്‍ വില്‍ക്കുക, കയ്ച്ചിലാക്കുക… അങ്ങനൊക്കെയാണ് നശിച്ചത്. കാര്‍ന്നോമ്മാര് പെട്ടുപോയി… വെള്ളം (മദ്യം) കുടിച്ച് തന്നെ കുറെ പേര് മരിച്ചിട്ടുണ്ട്. പിന്നെ പിന്നെ കൈത്തോടുകളിലൊക്കെ ആളുകള്‍ വീട് വെച്ചു. കൃഷി ചെയ്യാന്‍ പറ്റാതെയായി…” ഒരു ദേശം അമ്പത് വര്‍ഷങ്ങള്‍ കൊണ്ട് എങ്ങനെ മാറി എന്ന ചിത്രം വാസു ചേട്ടന്‍ വാക്കുകളിലൂടെ വരച്ചുതന്നു.
രാമായണ മഹാകാവ്യവുമായി ബന്ധപ്പെട്ട ഒട്ടനവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് പുല്‍പ്പള്ളി. പുല്‍പ്പള്ളി ടൗണില്‍ തന്നെയുള്ള സീതാദേവി ലവ-കുശ ക്ഷേത്രവുമായും ആശ്രമക്കൊല്ലിയുമായും ഊരാളി ഗോത്രസമൂഹത്തിന് അഭേദ്യമായ ബന്ധങ്ങളുണ്ട്. “സീതാദേവിയമ്മ ഗര്‍ഭിണിയായി വന്ന സമയത്ത് നമ്മളാണ് ആശ്രയം കൊടുത്തതെന്നാണ് പറയുന്നത്. അങ്ങനെയാണ് ആശ്രമകൊല്ലിയിലുള്ള ചിറ്റാലില്‍ ലവനെയും കുശനെയും പ്രസവിച്ചതെന്നാണ് ഐതിഹ്യം. നമ്മുടെ കുടുംബങ്ങള്‍ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ ചിറ്റാലും (ദൈവപ്പുര) ഉണ്ടാകും.” അടുത്തുള്ള കാപ്പിത്തോട്ടത്തില്‍ പണിക്ക് പോയിരുന്ന വാസു ചേട്ടന്റെ ഭാര്യ പുഷ്പയാണ് സീതാദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകള്‍ പറഞ്ഞു തുടങ്ങിയത്. രണ്ട് കൈകളിലും കാപ്പി പറിച്ചുണ്ടായ കറകള്‍ അവരുടെ കൈയില്‍ ഒട്ടിപ്പിടിച്ചിരുപ്പുണ്ടായിരുന്നു. “നമ്മുടെ ഇവിടെ നിന്നാണ് വെള്ളാട്ട് നടത്തുക. വല്ല്യച്ഛനായിരുന്നു വെള്ളാട്ട് കെട്ടിക്കൊണ്ടിരുന്നത്. ഇപ്പോള്‍ ഇരുളത്ത് നിന്ന് കളനാടികളാണ് വരുന്നത്. നമുക്ക് ഇതൊക്കെ പോയിപ്പോകുമെന്നത് വിഷമമല്ലേ..?” വാസു ചേട്ടന്‍ ചോദിച്ചു. തലമുറകളായി അനുഷ്ഠാനിച്ച് വരുന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂടി ഉപേക്ഷിച്ച് വേണം ജീവിച്ചിരുന്ന മണ്ണ് വിട്ടിറങ്ങാനെന്ന് ഇവര്‍ മനസിലാക്കുന്നുണ്ട്. പക്ഷേ എല്ലായ്‌പ്പോഴുമെന്ന പോലെ ഇവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആരും ഇതുവരെ തയാറായിട്ടില്ല.
ആദിവാസികളായ ആളുകള്‍ എവിടെയെന്ന എന്റെ ചോദ്യത്തിന് അവരെയൊന്നും പോയി കാണേണ്ടതില്ല, അവര്‍ക്ക് ഒന്നിനെപ്പറ്റിയും വിവരമില്ല എന്ന് പറഞ്ഞ പ്രദേശവാസിയുടെ വാക്കുകള്‍ ആദിവാസി ജനതയുടെ ശബ്ദങ്ങളെ ദുര്‍ബലമാക്കപ്പെടുന്ന സാമൂഹ്യഘടനയെ വെളിവാക്കുന്നതായിരുന്നു. കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട് കളക്ടറിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ ബാധിക്കപ്പെടുന്ന ആദിവാസി ഊരിലെ ഊരുമൂപ്പന്‍ ഇല്ലായിരുന്നുവെന്നതും അതേ സാമൂഹ്യഘടനയുടെ തുടര്‍ച്ച മാത്രമാണ്. അവരെ കേള്‍ക്കാതിരിക്കുന്നതില്‍ ഊരിലെ ജനങ്ങള്‍ക്ക് പരാതികളുണ്ട്. “സര്‍വകക്ഷിയോഗം വിളിച്ചിട്ട് സാധാരണപ്പെട്ടവന്റെ വിഷമങ്ങള്‍ കളക്ടറടക്കം കേട്ടിട്ടില്ല. രാഷ്ട്രീയപ്രവര്‍ത്തകരുടെ വാക്കാണ് അവര്‍ കേട്ടത്. അല്ലാതെ സാധാരണപ്പെട്ടവന്റെയല്ല. ഇതു സംബന്ധിച്ച് ഞാന്‍ കളക്ടറിന് പരാതി കൊടുത്തിരുന്നു.” വാസു ചേട്ടന്‍ പറഞ്ഞു. സര്‍വേ പൂര്‍ത്തിയായാല്‍ മാത്രമേ ഏറ്റെടുക്കേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭ്യമാകുകയുള്ളൂ എന്ന സ്ഥിരം മറുപടിയാണ് വാസു ചേട്ടന്‍ പൊതുജന പരാതി-പരിഹാര സെല്ലില്‍ നല്‍കിയ പരാതിക്ക് മറുപടിയായി കിട്ടിയത്.
“ഊരുകൂട്ടം കൂടുമ്പോള്‍ ട്രൈബലില്‍ നിന്ന് പ്രൊമോട്ടര്‍ വരും, വാര്‍ഡ് മെമ്പര്‍ തീരെ വരില്ല. മെമ്പര്‍ക്ക് മെമ്പറുടേതായ കാര്യങ്ങളാണ്. റിപ്പോര്‍ട്ട് എഴുതി തന്നാല്‍ മതിയെന്ന് പറയും. നമ്മള്‍ കൊണ്ടുകൊടുക്കുന്ന റിപ്പോര്‍ട്ട് പകുതി അവര്‍ വെട്ടിക്കളയും. അത്രയൊക്കെയുള്ളൂ. രണ്ടര വര്‍ഷത്തില്‍ ഒരു പ്രാവശ്യമേ വാര്‍ഡ് മെമ്പര്‍ ഊരുകൂട്ടത്തില്‍ പങ്കെടുത്തിട്ടുള്ളൂ. അങ്ങോട്ട് പോരെ അവിടെ കൂടാമെന്നൊക്കെ പറയും, ഞങ്ങളുടെ കാര്യങ്ങള്‍ പറയേണ്ടത് ഞങ്ങളുടെ സ്ഥലത്ത് വെച്ചല്ലേ?” പുഷ്പ രോഷത്തോടെ ചോദിച്ചു. “ഞങ്ങള്‍ കാര്യം പറയുന്നത് അവര്‍ക്ക് ഇഷ്ടമല്ല. ഡാം വന്നാല്‍ ആദ്യം ഇവിടെ നിന്ന് പോകാമെന്ന് പറയുന്ന ആളാണ് ഞങ്ങളുടെ വാര്‍ഡ് മെമ്പര്‍ ഉഷ ടീച്ചര്‍. ടീച്ചര്‍ക്കൊക്കെ ഡാം വരുന്നത് കൊണ്ട് പോകാം. പക്ഷേ നമുക്ക് പോകാന്‍ വേറെ ഇടമില്ലല്ലോ… ഇങ്ങനെയാകുമെന്ന് അന്ന് അറിഞ്ഞിരുന്നെങ്കില്‍ മെമ്പറെ ജയിപ്പിക്കില്ലായിരുന്നു.”
“ചെറിയൊരു അണക്കെട്ടും, ചെക്ക്ഡാമുമൊക്കെയാണെങ്കില്‍ നമുക്ക് അംഗീകരിക്കാം. ഇതുപക്ഷേ അങ്ങനെയല്ലല്ലോ. മണ്ണുമായിട്ടുള്ള ബന്ധം വേറെയാണ്. അച്ഛനമ്മമാരേ ഇവിടെയാണ് അടക്കിയിരിക്കുന്നത്. ഞങ്ങളുടെ മേല്‍വിലാസം കുറഞ്ഞ് കുറഞ്ഞ് വരികയാണ്. ഇതും കൂടി പോയ്കഴിഞ്ഞാല്‍ സീതാദേവി അമ്പലവുമായിട്ടുള്ള ബന്ധങ്ങളൊക്കെ ഇവിടുന്ന് പോകും. പിന്നെ ഇവിടെ നില്‍ക്കാന്‍ പറ്റില്ല. അതിലും നല്ലത് മരിക്കുന്നതാണ്.” വീടിന്റെ ഇടിഞ്ഞു പൊളിഞ്ഞ ഇറയത്തിരുന്ന് വാസു ചേട്ടന്‍ പറഞ്ഞുനിര്‍ത്തി.
പ്രതിഷേധിക്കാന്‍ ഭയപ്പെടുന്നവര്‍
“നാല്പത്തഞ്ച് വര്‍ഷം മുന്നെ വീട്ടിമൂല വി.എന്‍ ലക്ഷ്മണന്റെ വീട്ടില്‍ ഇതേ പദ്ധതിക്കായി ഉദ്യോഗസ്ഥര്‍ വേഷം മാറി വന്നു. അന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ തടഞ്ഞുവെച്ചതിന്റെ പേരില്‍ പള്ളിയിലുള്ള ബേബി അച്ചനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. അവര്‍ക്ക് ജാമ്യം ഒന്നും കിട്ടിയില്ല. അതിന് ശേഷം എല്ലാവര്‍ക്കും പേടിയാണ്. അറസ്റ്റ് ചെയ്യും, ജാമ്യം കിട്ടില്ല എന്നൊക്കെയാണ് പറയുന്നത്.” പദ്ധതി പ്രദേശത്ത് താമസിക്കുന്ന ഗിരിജ മോഹനനന്‍ പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം കിട്ടാതെ പോകുമെന്നും ജനങ്ങളെ ബലം പ്രയോഗത്തിലൂടെയാണെങ്കിലും ഒഴിപ്പിക്കപ്പെടുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങള്‍ പുല്‍പ്പള്ളിയില്‍ പരക്കുന്നുണ്ട്. കര്‍ണാടകയ്ക്ക് ലഭ്യമാകേണ്ട വെള്ളം ഇവിടെ അണകെട്ടി നിര്‍ത്തുന്ന, കടമാന്‍തോട് പദ്ധതി വരുന്നതില്‍ കര്‍ണാടകത്തിന് എതിര്‍പ്പുണ്ടെന്നും കര്‍ണാടക ഡാം വിരുദ്ധ നിലപാടുള്ളവര്‍ക്ക് കാശ് നല്‍കുന്നുണ്ടെന്നതുമാണ് മറ്റൊരു പ്രധാന ആരോപണം. പരിസരപ്രദേശങ്ങളിലെ ക്വാറി മുതലാളികളും ഡാം വിരുദ്ധതയ്ക്ക് പണമൊഴുക്കുന്നുണ്ടെന്നും കിംവദന്തികള്‍ പരക്കുന്നുണ്ട്.
കടമാന്‍തോട് പദ്ധതിക്ക് വേണ്ട സര്‍വെ നടപടികള്‍ പുരോഗമിക്കുമ്പോഴും പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ പദ്ധതി പ്രദേശങ്ങളില്‍ വീടുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തുകള്‍ യഥേഷ്ടം അനുമതി നല്‍കി വരുന്നുണ്ട്. ബാങ്കുകളില്‍ നിന്ന് ഭവനവായ്പ എടുത്ത് വീടെന്ന സ്വപ്നത്തെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നവരും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുമെല്ലാം ഇതില്‍പ്പെടുന്നുണ്ട്. ഡാം നിര്‍മ്മിക്കുമെന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ എന്തുചെയ്യുമെന്ന അനിശ്ചിതാവസ്ഥ ഇവരുടെ മുന്നിലുണ്ട്.
ഉത്തരം കിട്ടാത്ത ആശങ്കകൾ
വന്യജീവി സംഘര്‍ഷം പെരുകിക്കൊണ്ടിരിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. എന്നാല്‍ പുല്‍പ്പള്ളി താരതമ്യേന വന്യജീവി സംഘര്‍ഷങ്ങള്‍ കുറവുള്ള മേഖലയാണ്. ഇവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടാല്‍ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുക എന്നതും ജനങ്ങളുടെ ഉത്കണഠകളിലൊന്നാണ്. മൂന്ന് നിലയില്‍ കൂടുതല്‍ ഉയരത്തില്‍ കെട്ടിടനിര്‍മ്മാണ അനുമതിയില്ലാത്ത വയനാട്ടില്‍ 28 മീറ്റര്‍ ഉയരമുള്ള ഡാം കെട്ടിപ്പൊക്കുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നും നാട്ടുകാര്‍ ചോദിക്കുന്നു. പദ്ധതി പ്രദേശത്ത് വരുന്ന കൃഷി സ്ഥലങ്ങള്‍, മറ്റ് ആവാസവ്യവസ്ഥകള്‍ എന്നിവക്ക് വരുന്ന കോട്ടത്തെക്കുറിച്ചും പരിസ്ഥിതി സ്‌നേഹികള്‍ ആകുലരാണ്. കാരാപ്പുഴ, ബാണാസുര അണക്കെട്ടുകൾ നിര്‍മ്മിക്കുമ്പോള്‍ നഷ്ടപരിഹാരമൊന്നും ലഭ്യമാക്കാതെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ പുല്‍പ്പള്ളിക്കാര്‍ക്കിടയിലുണ്ട്. നാല്പത് വര്‍ഷത്തോളമായി നഷ്ടപരിഹാരത്തുക ലഭ്യമാക്കാന്‍ ബത്തേരി കോടതിയില്‍ ഇറങ്ങിക്കയറുന്നവരുടെ കൂട്ടത്തില്‍ തങ്ങളുടെ പേരും ചേര്‍ക്കേണ്ടി വരുമോ എന്ന സംശയവും ആശങ്കയും ഭൂരിഭാഗം ആളുകളും പങ്കുവെച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഞങ്ങളെ ഒന്നും അറിയിക്കുന്നില്ല എന്ന് അവര്‍ക്ക് പരാതിയുമുണ്ട്.
“സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നു എന്നുള്ള രീതിയിലാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വകക്ഷിയോഗം നടത്തിയത്. വലിയ ഡാം വേണ്ട എന്നതായിരുന്നു സര്‍വ്വകക്ഷിയോഗത്തിലെ ഭൂരിപക്ഷ അഭിപ്രായം. ജനങ്ങള്‍ക്ക് അവരുടെ ഭൂമി വിട്ട് പോകുന്നതില്‍ ആശങ്കയുണ്ടാകുമെന്നും അവരുടെ ആശങ്കകളെ കൂടി പരിഗണിച്ച് വേണം ഇത് മുന്നോട്ട് കൊണ്ട് പോകേണ്ടതെന്നും, സുതാര്യമായി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ജനങ്ങളെ ബോധ്യപ്പെടുത്താതെ വികസനം നടത്താന്‍ പറ്റില്ല. ഡി.പി.ആര്‍ തയാറായതിന് ശേഷമാണ് ആകെ തുക എത്രയാണെന്നും ഫണ്ടിങ് ഏജന്‍സി ഏതാണെന്നും പറയൂവെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ഭൂവകാശരേഖയില്ലാത്തവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രമായ പാക്കേജാണ് വേണ്ടത്. സര്‍വെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാമെന്നാണ് പഞ്ചായത്തിന്റെ ആദ്യം മുതലുള്ള തീരുമാനം.” പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍ വ്യക്തമാക്കി.
വരള്‍ച്ചയെ രേഖപ്പെടുത്തുമ്പോള്‍
“പത്ത് വര്‍ഷം കഴിയുമ്പോള്‍ കുടിവെള്ളം നമ്മള്‍ ടാങ്കറില്‍ എത്തിക്കേണ്ടി വരുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. അപ്പോഴൊക്കെ ഈ സ്ഥലം ആര് വാങ്ങും? നമ്മള്‍ എങ്ങോട്ട് പോകും? അതൊരു വലിയ ചോദ്യചിഹ്നമാണ്. അന്നേരം ഡാം വന്നിരുന്നെങ്കില്‍ പൈസ കിട്ടി എവിടേലും പോയി ജീവിക്കാമായിരുന്നു എന്ന് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ?” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രദേശവാസി ചോദിക്കുന്നു. കാലാവസ്ഥാ വ്യതിയാനമെന്ന യാഥാര്‍ത്ഥ്യത്തെ നേരിടുന്ന കാലഘട്ടത്തിലെ പ്രതിസന്ധിയാണ് അദ്ദേഹം ചോദ്യത്തിന്റെ നിഴലില്‍ കൂട്ടിച്ചേര്‍ത്തത്. രണ്ട് അഭിപ്രായങ്ങളുണ്ടാക്കാനും അതുവഴി രണ്ട് ചേരികളായി ജനത്തെ ഭിന്നിക്കാനും ഇതൊരു കാരണമാകാം. അതുകൊണ്ടുതന്നെ പലപ്പോഴും കുടിയൊഴിപ്പിക്കല്‍ പോലുള്ള നടപടികള്‍ സര്‍ക്കാരുകള്‍ക്ക് വളരെ വേഗം നടപ്പിലാക്കുകയും ചെയ്യാം. കാലവസ്ഥാ മാറ്റം പ്രവചനാതീതമാകുന്നതോടെ പലപ്പോഴും സാധ്യതയെ (probability) കണക്കിലെടുത്ത് പ്രവര്‍ത്തിക്കേണ്ടിയും വന്നേക്കാം.
വയനാട്ടിലെ മൊത്തം മഴലഭ്യത കണക്കാക്കിയാല്‍ പോലും കാലാവസ്ഥയില്‍ വന്ന വ്യതിയാനങ്ങളും മഴയുടെ പാറ്റേണ്‍ മാറിയതുമൊക്കെ ജില്ലയെ മോശമായി ബാധിച്ചിട്ടുണ്ട്. ഈ വര്‍ഷം മാത്രം 95.4 എംഎം മഴ ലഭ്യതയുടെ കുറവ് ജില്ല നേരിടുന്നുണ്ട്. പുല്‍പ്പള്ളിയിലെ മാത്രം മഴലഭ്യതയുടെ അളവ് പരിശോധിച്ചാലും മൂന്ന് വര്‍ഷത്തിനിടയില്‍ വലിയ തോതില്‍ മഴലഭ്യത കുറഞ്ഞിട്ടുണ്ടെന്ന് കാണാം. വയനാട്ടിലെ ഹ്യൂംസ് റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനപ്രകാരം 2021ല്‍ 151.66 എം.എം മഴ ലഭിച്ചിരുന്ന പുല്‍പ്പള്ളിയില്‍ 2022ല്‍ 84.92 എംഎമ്മായും 2023ല്‍ 56.11666667 എം.എം ആയും മഴ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഭൂഗര്‍ഭജലനിരപ്പും ഇതിനൊപ്പം താഴുന്നുണ്ടെന്നാണ് അനുമാനിക്കുന്നത്. എന്നാല്‍ മഴയുടെ ലഭ്യതയില്‍ ഉണ്ടായ കുറവിനെ മാത്രം ഇവിടെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ശരിയായ പ്രവണതയല്ല. ചരിത്രപരമായി തന്നെ വളരെ കുറവ് മഴ ലഭിക്കുന്ന പ്രദേശമാണ് പുല്‍പ്പള്ളി. ഡക്കാന്‍ പീഠഭൂമിയുടെ തുടർച്ച ആയതുകൊണ്ട് തന്നെ മരുവല്‍ക്കരണവും നടക്കുന്നുണ്ട്. ഭൂഗര്‍ഭജലത്തിന് അനുകൂലമായ ഭൂഘടനയല്ല പുല്‍പ്പള്ളിയുടേത്. താരതമ്യേന വലിയ കുന്നുകളും ഇവിടെ കുറവാണ്. “93 വരെയൊക്കെ ഇവിടെ നന്നായിട്ട് നെല്‍കൃഷി നടന്നിരുന്നു. പിന്നീട് നാണ്യവിള സാമ്പത്തിക സ്ഥിതിഗതികളെ മാറ്റിയപ്പോഴാണ് വെറ്റ്‌ലാന്‍ഡ് കൃഷി ഉപേക്ഷിച്ച് ആളുകള്‍ മറ്റ് വിളകളിലേക്ക് തിരിഞ്ഞത്. പെരിനിയൽ ക്രോപ്പുകളായ കവുങ്ങ്, തെങ്ങ് കൃഷികളിലോട്ടും മാറിയിട്ടുണ്ട്.” ഹ്യൂംസ് റിസര്‍ച്ച് സെന്ററിന്റെ ട്രസ്റ്റ് മെമ്പറായ ഡോ. സുമ ടി.ആര്‍ വിവരിച്ചു.
“ഹ്യൂംസ് റിസര്‍ച്ച് സെന്റര്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ നീര്‍ച്ചാലുകളെ മാപ്പ് ചെയ്തിരുന്നു. ഭൂഗര്‍ഭ ജലനിരപ്പ് നിലനില്‍ക്കണമെങ്കില്‍ സര്‍ഫസ് വാട്ടര്‍ നിലനില്‍ക്കണം. സര്‍ഫസ് വാട്ടര്‍ എത്രത്തോളമാണ്, അതിന്റെ ഉറവിടങ്ങള്‍ക്ക് എങ്ങനെയാണ് പരിപാലിക്കപ്പെട്ടിട്ടും മാറ്റങ്ങള്‍ വന്നിട്ടുള്ളത്, അവ എന്തൊക്കെയാണെന്നൊക്കെ അറിയാനാണ് അത് ചെയ്ത് നോക്കിയത്. വളരെ കുറച്ച് നീര്‍ച്ചാലുകള്‍ മാത്രമേ ഉത്ഭവസ്ഥാനം മുതല്‍ കടമാന്‍തോട് വരെ ഒഴുകി എത്തുന്നുള്ളൂ… ബാക്കിയെല്ലാം തടസ്സപ്പെട്ടിട്ടുണ്ട്. സര്‍ഫസ് വാട്ടര്‍ സിസ്റ്റം മുഴുവനായി പോയ്ക്കഴിഞ്ഞു. ഈ പ്രശ്‌നങ്ങളെ എല്ലാത്തിനെയും ഒരു ഡാമുകൊണ്ട് പരിഹരിക്കാമെന്ന് കരുതുന്നത് മണ്ടത്തരമാണ്. വെള്ളം കെട്ടിനില്‍ക്കുമായിരിക്കും. പക്ഷേ ഡാം വരുമ്പോള്‍ താഴോട്ടുള്ള വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് നിലയ്ക്കുകയാണ് ചെയ്യുക. ഇതുവഴി ഇറിഗേഷന്‍ നടക്കുന്ന സ്ഥലത്ത് കൃഷി പുനരുജ്ജീവിച്ചേക്കാം. പക്ഷേ അതല്ലാത്ത സ്ഥലത്തൊക്കെ സ്വാഭാവിക നീരൊഴുക്ക് കുറയും.” ഡോ. സുമ ടി.ആര്‍ കൂട്ടിച്ചേർത്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് പുല്‍പ്പള്ളി യൂണിറ്റ് നടത്തിയ പഠനത്തില്‍ നിര്‍ദ്ദേശിക്കുന്നത് കൂടുതല്‍ മിനി ഡാമുകള്‍ ഉണ്ടാക്കുകയും ഭൂപ്രദേശത്ത് പല സ്ഥലത്തായിട്ട് കുറച്ച് കുറച്ച് വെള്ളം സംഭരിക്കുകയുമാണ് ചെയ്യേണ്ടതെന്നാണ്. ഇതിലൂടെ താഴോട്ടുള്ള നീരൊഴുക്ക് നിലനിര്‍ത്താന്‍ കഴിയും. ഡാം കൊണ്ടുള്ള നഷ്ടങ്ങള്‍ കുറക്കുന്നതിനൊപ്പം കുറച്ചു കൂടി വെള്ളം സംഭരിക്കാനുമാകും.
“ആളുകള്‍ കൈയേറിയിട്ട് തോടുകള്‍ ചെറുതായിപ്പോയി. പഞ്ചായത്ത് കൈയേറിയ സ്ഥലങ്ങള്‍ തിരിച്ചുപിടിച്ച് കഴിഞ്ഞാല്‍ ഡാമിന്റെ യാതൊരു ആവശ്യവും ഇവിടില്ല. കടമാന്‍തോടിന്റെ ഉദ്ഭവം മുതല്‍ കബനിയില്‍ ചേരുന്നത് വരെ 23 ചെക്ക്ഡാമുകളുണ്ട്. 23 ചെക്ക്ഡാമുകളെയും സംരക്ഷിച്ചാല്‍ പുല്‍പ്പള്ളിയിലും മുള്ളന്‍കൊല്ലിയിലും ജലത്തിന് ക്ഷാമം വരില്ല. പഞ്ചായത്തിന് പരിഹരിക്കാവുന്നതേ ഉള്ളൂ. പക്ഷേ അവരത് ചെയ്യില്ല. രാഷ്ട്രീയക്കാര് അവര്‍ക്ക് വോട്ട് കിട്ടാന്‍ വേണ്ടി കൈയേറ്റക്കാരെ ഒഴിപ്പിക്കാതെ വോട്ട് ബാങ്കായി നിലനിര്‍ത്തുകയാണ്.” ഗിരിജ മോഹനന്‍ അഭിപ്രായപ്പെട്ടു. “നീരൊഴുക്ക് ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള സമ്പുഷ്ടതയുടെ സൂചനയാണ്. കെട്ടിനില്‍ക്കുന്ന മനുഷ്യനിര്‍മിതമായ ജലാശയങ്ങളേക്കാള്‍ സ്വാഭാവിക നീരൊഴുക്കുള്ള ജലസ്രോതസുകളാണ് പരിസ്ഥിതിക്ക് അഭികാമ്യം. അതുകൊണ്ട് തന്നെ സ്വാഭാവികമായ ജലചംക്രമണത്തെ തിരിച്ച് പിടിക്കാനുള്ള പണികളാണ് നമ്മള്‍ ചെയ്യേണ്ടത്.” ഡോ. സുമ അഭിപ്രായപ്പെട്ടു.
തലമുറകളായി ഈ മണ്ണിൽ ജീവിച്ചുവരുന്ന മനുഷ്യരെയും പലകാലങ്ങളിൽ പുൽപ്പള്ളിയിലേക്ക് കുടിയേറിയെത്തിയ കാർഷിക കുടുംബങ്ങളെയും കടമാൻതോട് പദ്ധതി ആശങ്കയിൽ നിർത്തിയിരിക്കുകയാണ്. പദ്ധതി യാഥാർത്ഥ്യമായാൽ ആരെല്ലാം കുടിയിറങ്ങേണ്ടിവരും എന്നതിലെ അവ്യക്തതയും പുൽപ്പള്ളിയെ ആകുലതകളിലേക്ക് തള്ളിവിടുന്നു. ജനുവരി ആദ്യ വാരം സർവേ റിപ്പോർട്ടുകൾ പൊതുജനസമക്ഷം വെക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് അതിൽ കൂടുതൽ വിവരങ്ങളൊന്നും പങ്കുവയ്ക്കാൻ അവർ സന്നദ്ധമായില്ല. സർവ്വെയുടെ ഭാഗമായി പൊതു ഇടങ്ങളിൽ വരച്ച ചുവപ്പും വെളുപ്പും നിറത്തിലുള്ള കള്ളികൾക്കപ്പുറം ഒരു വ്യക്തതയും നൽകാതെ കടമാൻതോട് പദ്ധതി നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചിരിക്കുകയാണ്.
(അവസാനിച്ചു)
കുടിയിറക്കപ്പെടുമോ കുടിയേറിവന്നവർ ? – പരമ്പര 01, വായിക്കാം