

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


വർത്തമാന മലയാള സാഹിത്യത്തിന്റെ വരദാനമായ മഹാകവി കൈതയ്ക്കൽ ജാതവേദൻ നവംബർ 22ന് നമ്മെ വിട്ടുപിരിഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി വിവിധ ദേഹാസ്വാസ്ഥ്യങ്ങളാൽ മകന്റെ കൂടെ കോയമ്പത്തൂരിൽ താമസിക്കുകയായിരുന്ന ജാതവേദൻ ഒരാഴ്ച മുമ്പേയാണ് കോയമ്പത്തൂരിലെ കെ.എം.സി.എച്ചിൽ പ്രവേശിപ്പിക്കപ്പെട്ടത്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ തീരോധാനം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും മാത്രമല്ല, ഭാഷയെയും കവിതയെയും സ്നേഹിക്കുന്ന മലയാളികൾക്ക് മുഴുവൻ തീരാനഷ്ടമാണ്. മലയാളം മറന്നുപോയ മഹാകാവ്യപ്രസ്ഥാനത്തിന് നവചൈതന്യം നൽകിക്കൊണ്ട് 2012 ൽ പുറത്തിറങ്ങിയ ‘വീരകേരളം’ എന്ന വിഖ്യാതമായ കൃതിയിലൂടെയാണ് ജാതവേദൻ മഹാകവിപ്പട്ടത്തിന് അർഹനായത്. അക്ഷരാർത്ഥത്തിൽ മഹാകാവ്യരചനയിൽ പാലിക്കേണ്ട നിയമങ്ങളെല്ലാം കൃത്യവും സൂക്ഷ്മവും ആയി പാലിച്ച്, വ്യത്യസ്ത – വൃത്തങ്ങളിൽ കേരള ചരിത്രത്തിന്റെ ശ്രദ്ധേയമായ ഒരു അധ്യായമാണ് ‘വീരകേരളം’ എന്ന മഹാകാവ്യത്തിലൂടെ അദ്ദേഹം പുനരാവിഷ്കരിച്ചത്.
മലപ്പുറം ജില്ലയിൽ മഞ്ചേരിക്ക് അടുത്ത് അരുകിഴായ ക്ഷേത്രത്തിനടുത്ത് കൈതയ്ക്കൽ മനയിൽ, 1951 ആഗസ്റ്റ് 24 ന് ജനിച്ച ജാതവേദൻ നമ്പൂതിരിപ്പാട്, 1970ൽ ടി.ടി.സി പാസായശേഷം വിവിധ സ്കൂളുകളിലായി അധ്യാപകനായി സേവനമനുഷ്ഠിച്ചു. 2002 ൽ പ്രധാന അധ്യാപകനായി സ്ഥാനക്കയറ്റം ലഭിക്കുകയും 2007 മാർച്ച് മാസത്തിൽ സേവനത്തിൽനിന്ന് വിരമിക്കുകയും ചെയ്തു. ബാല്യകാലം മുതലേ ശ്ലോകപഠനത്തിൽ താല്പര്യം പുലർത്തിപ്പോന്ന ജാതവേദൻ എഴുപതുകളുടെ ആദ്യത്തിൽ അക്ഷരശ്ലോകരംഗത്തും ശ്ലോകരചനാരംഗത്തും പ്രവേശിച്ചു. തൃശൂരിലെ അഖിലകേരള അക്ഷരശ്ലോക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത് അവതരണത്തിനുള്ള സുവർണ്ണമുദ്രയും ഏകാക്ഷരത്തിനുള്ള ‘ഫാഷൻ ട്രോഫിയും’ നേടിയിട്ടുണ്ട്. പുഴ കണ്ട കുട്ടി, ദിവ്യഗായകൻ, അനർഘനിമിഷങ്ങൾ, തച്ചോളി ചന്തു എന്നീ കവിതകൾ തൃശ്ശൂരിൽ നിന്ന് ഇറങ്ങുന്ന ‘കവനകൗതുകം’ മാസികയിലൂടെ പ്രസിദ്ധീകൃതമായി. ശൈവാഷ്ടപ്രാസം, ഗുപ്തോപഗുപ്തി, ബരസോയ് എന്ന ഖണ്ഡകാവ്യങ്ങളും ഒട്ടേറെ മുക്തകങ്ങളും ജാതവേദൻ രചിച്ചിട്ടുണ്ട്. ഓൺലൈൻ ശ്ലോകവേദിയായ ‘ഓർക്കൂട്ടി’ലെ ‘സൗപർണിക’ എന്ന കമ്യൂണിറ്റിയിലും ‘സൗപർണ്ണിക’ എന്ന വാട്സപ്പ് ഗ്രൂപ്പുകളിലും മുക്തകങ്ങളും മറ്റുമായി ധാരാളം രചനകൾ ജാതവേദൻ നടത്തിക്കൊണ്ടിരുന്നു.


സ്കൂളിൽ സംസ്കൃതം പഠിച്ചിട്ടില്ലെങ്കിലും വ്യാഖ്യാനങ്ങളുടെ സഹായത്തോടെ ഭർതൃഹരിയുടെ ‘ശതകത്രയ’വും മേൽപ്പത്തൂരിന്റെ ‘ശ്രീപാദസപ്തതി’യും വൃത്താനുവൃത്തമായി അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കേരളചരിത്രത്തിലെ വീരപുരുഷനായ പഴശ്ശിരാജയുടെ ജീവിതകഥയാണ് കൈതയ്ക്കൽ ജാതവേദൻ്റെ മഹാകാവ്യത്തിന് പശ്ചാത്തലമായിട്ടുള്ളത്. പുസ്തകത്തിന് 40 പേജിലേറെ ദൈർഘ്യമുള്ള സാരസമ്പുഷ്ടമായ പഠനസമാനമായ അവതാരിക എഴുതിയ പണ്ഡിതശ്രേഷ്ഠനും കവിയും മുൻ ചീഫ് സെക്രട്ടറിയും ആയിരുന്ന ആർ രാമചന്ദ്രൻ നായരുടെ നിരീക്ഷണത്തിൽ ജാതവേദനൻ്റെ ‘വീരകേരളം’ വലിയ കോയിത്തമ്പുരാന്റെ സംസ്കൃതകാവ്യമായ ‘വിശാഖവിജയ’ത്തിന്റെയും ഉള്ളൂരിൻ്റെ മലയാളമഹാകാവ്യമായ ‘ഉമാകേരള’ത്തിന്റെയും ശ്രേണിയിൽപ്പെടുത്താൻ യോഗ്യമായ ഒരു വിലപ്പെട്ട കാവ്യരത്നമാണ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
പുസ്തകം പ്രസാധനം ചെയ്ത കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ നിലപാട് പഴശ്ശിരാജയുടെ ജീവചരിത്രത്തെ ആസ്പദമാക്കി രചിക്കപ്പെട്ട ‘വീരകേരളം’ എന്ന മഹാകാവ്യം പൂർവ്വസൂരികളുടെ പാരമ്പര്യത്തെയും സാഹിത്യപാഠത്തിലെയും ഉദ്ഘോഷിക്കുന്നതാണ് എന്ന അവതാരികകാരൻ്റെ അഭിപ്രായത്തോട് യോജിക്കുന്നതാണ്. മഹാകവി കൈതയ്ക്കൽ ജാതവേദൻ്റെ കവിതകളുടെ ശേഖരമായ ‘തപസ്യ’ എന്ന ബൃഹത്സമാഹാരത്തിൽ, ‘മഹാപാർവതത്തിനു മുന്നിൽ’ എന്ന അവതാരിക എഴുതിയ കെ.ബി രാജനന്ദ് പറയുന്നത്, “താൻ നിൽക്കുന്നത് മനുഷ്യനിർമ്മിതമായ ഒരു മഹാത്ഭുതത്തിന്റെ മുന്നിൽ വിസ്മയാധീനനായി പകച്ചുപോയ പരാധീനതകൊണ്ട് ഗ്രന്ഥത്തെ യഥാർത്ഥമായി പരിചയപ്പെടുത്താൻ പുസ്തകത്തിന്റെ പ്രകാശനവേളയിൽ സാധിച്ചില്ല എന്ന സങ്കടത്തോടെയാണ്” എന്ന കുമ്പസാരത്തോടെയാണ്.


നാല് പതിറ്റാണ്ടുകളായി തിരികെടാതെ സൂക്ഷിച്ച സൗഹൃദത്തിൻ്റെ ഊഷ്മളതയിൽ ജാതവേദൻ്റെ കാവ്യലോകത്തെ നെഞ്ചിലേറ്റുന്ന രാജനന്ദ് കവിയുടെ കാവ്യങ്ങളെയും മുക്തകങ്ങളെയും അവയുടെ രചനാസൗന്ദര്യത്തെയും പദവിന്യാസവൈഭവത്തെയും ശ്ലാഖിക്കുന്നതോടൊപ്പം ‘ദ്രുതവിളമ്പിത’ത്തിലെ അദ്ദേഹത്തിൻ്റെ അചുംബിതങ്ങളായ യമകകൽപ്പനകളെ വാനോളം പുകഴ്ത്തുന്നുണ്ട്. ‘തപസ്യ’ എന്ന സമാഹാരം പ്രസിദ്ധീകരിക്കാൻ ‘സൗപർണിക’യ്ക്ക് വേണ്ടി മുൻകൈയെടുത്ത കാവനാട് രവി രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: “ശ്ലോകകൈരളിക്ക് നഷ്ടമായിക്കൊണ്ടിരുന്ന സമസ്യാപൂരണം, ദ്രുതകവനം, കൂട്ടുകവിത മുതലായവയെ വീണ്ടെടുത്ത് ക്രിയാത്മകമായ രചനാപ്രവർത്തനങ്ങളിലൂടെ സംരക്ഷിച്ചുവരുന്ന സൗപർണികയുടെ ഏറ്റവും വലിയ ഭാഗ്യമാണ് ജാതവേദൻ്റെ ‘ത്രിസന്ധ്യ’ എന്ന കൂട്ടുകവിതയും തുടർന്ന് ‘തപസ്യ’ എന്ന ബൃഹത്സമാഹാരവും പ്രസാധനം ചെയ്യാനുള്ള ദൗത്യം ഏറ്റെടുക്കാൻ സാധിച്ചത്.”
മലയാള കവിതയുടെ വിവിധ ഘട്ടങ്ങളെ ശ്രദ്ധാപൂർവ്വം പിന്തുടരുന്ന ജാതവേദൻ, ചെറുശ്ശേരി മുതലുള്ള പൂർവ്വസൂരികളെയും ആദ്യകാല ശ്ലോകകർത്താക്കളെയും പിറകെവന്ന സാഹിത്യത്തിലെ ത്രിമൂർത്തികളെയും തുടർന്ന് വൈലോപ്പിള്ളി മുതൽ പാലൂർ വരെയുള്ള കവികളെയും പ്രത്യേകം താൽപര്യത്തോടെ വായിക്കുകയും പഠിക്കുകയും ചെയ്ത ആളാണ്. ശ്ലോകസദസ്സുകളിലും ശ്ലോകചർച്ചകളിലും അദ്ദേഹത്തിൻറെ സാന്നിധ്യം വലിയൊരു പ്രചോദനമായിരുന്നു.


ഏത് സന്ദർഭത്തിലും ആർക്കും എപ്പോഴും സമീപിക്കാവുന്ന കൈതയ്ക്കൽ ജാതവേദൻ എത്രയോപേരുടെ സാഹിത്യപരമായ സംശയങ്ങൾക്കും വ്യാകരണപരമായ പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിച്ചിട്ടുണ്ട്. ഒരിക്കൽ കെ.ബി രാജാനന്ദ്, കലാമണ്ഡലത്തിൽ ഒരു പദത്തിന്റെ പ്രയോഗം ചർച്ചാവിഷയമായി വന്നപ്പോൾ ‘ശബ്ദതാരാവലി’ അന്വേഷിച്ചുപോയ ഒരു ചെറുപ്പക്കാരനോട് “അതിന്റെ ഒന്നും ആവശ്യമില്ല ജാതവേദന് ഒന്ന് ഫോൺ ചെയ്താൽ മതി” എന്ന് നിർദ്ദേശിച്ചു. അതനുസരിച്ച് വിളിച്ചപ്പോൾ ഒരു താമസവും കൂടാതെ അവരുടെ സംശയത്തിന് അദ്ദേഹം തൃപ്തികരമായ മറുപടി കൊടുത്തു. അതും ഒരു കഥകളി ശ്ലോകത്തിൽ പ്രയോഗിക്കപ്പെട്ട ഒരു വാക്കിന്റെ നാനാർത്ഥത്തെക്കുറിച്ചായിരുന്നു. അതിന്റെ ആശയം സമർത്ഥിക്കാൻ മറ്റൊരു പ്രസിദ്ധമായ ശ്ലോകം കൂടി ചൊല്ലി ജാതവേദൻ ആ സംശയത്തെ മാറ്റി കൊടുത്തത് അത്ഭുതകരമായ ഒരു അനുഭവമായിരുന്നു എന്ന് രാജാനന്ദ് നന്ദിപൂർവ്വം ഓർക്കുന്നുണ്ട്. (ഇരയിമ്മൻ തമ്പിയുടെ പ്രസിദ്ധമായ ശ്ലോകം – ഉന്മീലൽപത്രവല്ലീം പൃഥുലകുചഭരാം രാജമാനദ്വിജാളിം (ഉത്തരാസ്വയംവരം). ഉദ്യാനപക്ഷത്തും നായികാപക്ഷത്തും എങ്ങനെയാണ് ദ്വിജാളി – എന്ന പദം അന്വയിക്കേണ്ടത് എന്ന് അദ്ദേഹം ശ്ലോകം കേട്ട നിമിഷത്തിൽത്തന്നെ വ്യക്തമാക്കിക്കൊടുത്തു).
അക്ഷരശ്ലോകരംഗത്ത് കേരളത്തിൽ കിട്ടാവുന്ന മിക്ക പുരസ്കാരങ്ങൾക്കും കൈതയ്ക്കൽ ജാതവേദൻ പാത്രമായിട്ടുണ്ട്. മാത്രമല്ല ‘വീരകേരളം’ എന്ന മഹാകാവ്യത്തിന് കേരളത്തിൽ അങ്ങോളമിങ്ങോളം സ്വീകരണയോഗങ്ങളും ചർച്ചകളും ഉണ്ടായിട്ടുണ്ട്. ഈ മഹാകാവ്യം ‘വെൺമണി പുരസ്കാര’ മടക്കം പല അംഗീകാരങ്ങളും നേടിയിട്ടുമുണ്ട്. കവിത എഴുതുക സഹയാത്രികളുടെ നല്ല വാക്കുകൾ കേൾക്കുക എന്നല്ലാതെ ഒരു ആനുകാലിക പ്രസിദ്ധീകരണത്തിനും അദ്ദേഹം കവിതകൾ അയച്ചുകൊടുത്തിരുന്നില്ല. മാത്രമല്ല സേവനത്തിൽ ഇരിക്കുമ്പോൾ മികച്ച അധ്യാപകന്നുള്ള സർക്കാർ പുരസ്കാരം ലഭിക്കാൻ എല്ലാ അർഹതയും ഉണ്ടായിട്ടും അതിനുള്ള ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ “എനിക്ക് ഞാൻ ആവശ്യപ്പെട്ട് ഒരു പുരസ്കാരവും വേണ്ട, എന്നെ അതിൽനിന്ന് ദയവുചെയ്ത് ഒഴിവാക്കണം” എന്നാണ് അദ്ദേഹം വിനയപൂർവ്വം മറുപടി കൊടുത്തത്.
കവിതയിൽ താല്പര്യമുള്ള ആർക്കും, കവിതയുടെ രചനയുമായി ബന്ധപ്പെട്ട ഏത് സംശയവും ചോദിക്കാവുന്ന ഒരു സുമനസ്സിനെയാണ് ജാതവേദന്റെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കവിതയുടെ വഴികൾ പലതായി തിരിയുമ്പോഴും പലപുതുമകളുടെയും ആക്രമണങ്ങൾ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുമ്പോഴും പരിശുദ്ധമായ പാരമ്പര്യത്തിന്റെ തുടർച്ചയായി നിൽക്കുന്ന കാവ്യസങ്കല്പങ്ങളെ മുറുകെപ്പിടിച്ച് ഋഷിമനസ്സുകളുടെ പിറകെ നന്മയുടെ വിശാലതകളിലേക്ക് തീർത്ഥയാത്രകൾ നടത്തിയ ഒരു മഹാകവിയെക്കൂടിയാണ് മലയാളഭാഷയ്ക്ക് നഷ്ടമായിരിക്കുന്നത്.


ഈ സന്ദർഭത്തിൽ ഒരു കാര്യം കൂടി ഓർക്കാതിരിക്കാൻ കഴിയുന്നില്ല. മഹാകവി ജാതവേദൻ്റെ സപ്തതിയുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ പ്രശസ്ത കവിയും നിരൂപകനുമായ ആത്മാരാമൻ പറഞ്ഞ ഒരു കാര്യം: “ഇത്രയും വിനയാന്വിതനായ ഒരു കവിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. എന്തുപറഞ്ഞാലും യാതൊരുതരത്തിലുള്ള ഇഷ്ടക്കേടും ഇല്ലാതെ ചിരിച്ചുകൊണ്ട് പ്രതികരിക്കുന്ന ആളാണ് കൈതയ്ക്കൽ ജാതവേദൻ. അതു മാത്രമല്ല, ഞാൻ എന്റെ ജീവിതത്തിൽ ധാരാളം ഷഷ്ടിപൂർത്തികളും സപ്തതികളും കണ്ടിട്ടുണ്ട്. പ്രധാനപ്പെട്ട ഒരുപാട് പേരുടെ – എൻവി യുടെ, ഒളപ്പമണ്ണയുടെ, അക്കിത്തത്തിന്റെ, വിഷ്ണുനാരായണൻ നമ്പൂതിരിയുടെ, സുഗതകുമാരിയുടെ… ശങ്കരക്കുറുപ്പും വൈലോപ്പിള്ളിയും ഉൾപ്പെടെ പലരുടെയും. എന്നാൽ ഇതുവരെ ഒരു സപ്തതി ആഘോഷവും മഹാകവി ജാതവേദനൻ്റെ ആഘോഷപരിപാടിയുടെ അടുത്തെത്തുന്നില്ല. അതിലെ പ്രവർത്തകരുടെ സംഘടനാ മികവും സമർപ്പണബുദ്ധിയും അതിലെ സ്നേഹാദരങ്ങളുടെ പ്രവാഹവും അത്രയധികം ആയിരുന്നു. താൻ എഴുതിയ ഒരു കൃതിയും അദ്ദേഹം ഒരു വാരികയ്ക്കും അയച്ചിട്ടില്ല. ശ്ലോകങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്ന ‘കവനകൗതുക’ ത്തിന് അയച്ചിരുന്നു എന്നും അറിയുന്നു. ഒരു പുരസ്കാരത്തിനും അദ്ദേഹം ശ്രമിച്ചിട്ടില്ല. അല്ലെങ്കിൽ ഒരു അവാർഡും പ്രതീക്ഷിച്ചിട്ടില്ല. എഴുതുക, എന്നുള്ള കർമ്മത്തിലെ സംതൃപ്തി മാത്രമായിരുന്നു അദ്ദേഹത്തെ മുന്നോട്ടുനയിച്ചത്. അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും പ്രകാശനവും ചർച്ചകളും നടത്താനും ഇത്രയും വലിയ ഒരു ആരാധകവൃന്ദം ഉണ്ട് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.”
പറയുമ്പോൾ മനസ്സിലെ അത്ഭുതവും സന്തോഷവും സങ്കടവും കൊണ്ട് അദ്ദേഹത്തിൻ്റെ തൊണ്ട ഇടറുന്നതുപോലെ എനിക്ക് തോന്നി. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മഹാകവി ജാതവേദന് നിത്യശാന്തി നേർന്നുകൊണ്ട് അദ്ദേഹത്തിൻ്റെ കാവ്യസപര്യയ്ക്കു മുമ്പിൽ നമസ്കരിക്കുന്നു. അദ്ദേഹത്തിൻ്റെ പത്നി, വി.എം. പത്മജ. മക്കൾ, അരുൺ കെ.ജെ (കോയമ്പത്തൂർ), കിരൺ കെ.ജെ (ജർമ്മനി) എന്നിവരുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.