Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ക്രിസ്ത്യൻ വിഭാഗത്തിന് നേരെ ഹിന്ദുത്വ സംഘടനകൾ നടത്തുന്ന അക്രമങ്ങൾ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ തുടരുന്നതിനിടെയാണ് ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ദില്ലിയിലെ കത്തീഡ്രൽ സന്ദർശിക്കുന്നത്. ഇന്ത്യയിൽ ക്രിസ്ത്യാനികൾ സുരക്ഷിതരാണെന്ന് കേരളത്തിലെ ക്രെെസ്തവ പുരോഹിതർ അടുത്തിടെ ആവർത്തിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഒഡീഷയിലെ കന്ധമാൽ ജില്ലയിൽ, സംഘപരിവാർ സംഘടനകൾ ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടത്തിയ സംഘടിത ആക്രമണങ്ങളെ നേരിട്ട, ഇരകൾക്കൊപ്പം പ്രവർത്തിച്ച ഫാദർ അജയ് സിങ് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ഇന്ത്യൻ അവസ്ഥയെക്കുറിച്ച് മൃദുല ഭവാനിയുമായി സംസാരിക്കുന്നു.
കന്ധമാലിനെക്കുറിച്ച് തന്നെ സംസാരിച്ച് തുടങ്ങാം എന്ന് കരുതുന്നു. ഒഡീഷയിലെ കാന്ധമാലിൽ 2008ൽ ക്രിസ്ത്യൻ ജനവിഭാഗത്തിന് നേരെ ഹിന്ദുത്വ സംഘടനകൾ നടത്തിയ അക്രമത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പള്ളികളും വീടുകളും തകർക്കപ്പെടുകയും ചെയ്തിരുന്നല്ലോ. എന്താണ് ഇപ്പോൾ കന്ധമാലിലെ രാഷ്ട്രീയ അവസ്ഥ? പ്രത്യേകിച്ച് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയൊക്കെ ഇടപെടലുകൾ എങ്ങനെയാണ്?
കന്ധമാലിൽ സംഭവിച്ചത് ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരെ കഴിഞ്ഞ മുന്നൂറു വർഷങ്ങൾക്കിടയിൽ സംഭവിച്ച വലുതും നീണ്ടതുമായ ആക്രമണങ്ങളാണ്. 7,000ൽ അധികം വീടുകൾ നശിപ്പിക്കപ്പെട്ടു. 450 പള്ളികൾ ആക്രമിക്കപ്പെട്ടു. നൂറോളം പേർ കൊല്ലപ്പെട്ടു. നാൽപതിലധികം സ്ത്രീകൾ, ഒരു കന്യാസ്ത്രീ ഉൾപ്പെടെ ബലാത്സംഗം ചെയ്യപ്പെടുകയും ലൈംഗികമായി ആക്രമിക്കപ്പെടുകയും ചെയ്തു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായൊരു വിശ്വാസം ഉൾക്കൊള്ളുന്നതിന്റെ പേരിൽ മാത്രം അനുഭവിക്കേണ്ടി വന്നതാണിത്. ഒരു മനുഷ്യനിർമ്മിത ദുരന്തമാണ് കന്ധമാലിൽ ഉണ്ടായത്. കന്ധമാൽ വംശഹത്യയ്ക്ക് ശേഷം സുപ്രീംകോടതിയിലെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ നേതൃത്വത്തിൽ ഒരു അന്വേഷണം നടത്തിയിരുന്നു, എത്രത്തോളം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നറിയാൻ. ഒരു ശതമാനം പോലും ആളുകൾക്ക് നീതിലഭ്യമായില്ല എന്നാണ് ആ അന്വേഷണത്തിന്റെ കണ്ടെത്തൽ. അത് സൂചിപ്പിക്കുന്നത് കന്ധമാലിൽ ആക്രമിക്കപ്പെട്ട ജനതയ്ക്ക് നീതി ലഭ്യമായിട്ടില്ലെന്നും അനീതി ഇപ്പോഴും നിലനിൽക്കുന്നു എന്നുമാണ്. എനിക്ക് തോന്നുന്നത് കുറ്റവാളികൾക്ക് ആക്രമണങ്ങൾ തുടരാനുള്ള അനുകൂലസാഹചര്യമാണ് ഇത് സൃഷ്ടിച്ചതെന്നാണ്. തുടർന്നും എപ്പോൾ വേണമെങ്കിലും അവർക്ക് ആക്രമിക്കാം. കാരണം കന്ധമാലിൽ സംഭവിച്ചത് പെട്ടെന്നുണ്ടായ ഒരു ആക്രമണമല്ല. വളരെ ആസൂത്രിതമായ പദ്ധതികളോടുകൂടി നടപ്പിലാക്കിയതാണ് ആ വംശീയ ആക്രമണമായിരുന്നു അത്. പ്രാദേശികമായല്ല അവർ ആക്രമണപദ്ധതികൾ രൂപപ്പെടുത്തിയത്, ദേശീയ തലത്തിലാണ്. 1960കൾ മുതൽ കന്ധമാലിൽ അക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
1960കളിൽ എങ്ങനെയാണ് ഈ വിദ്വേഷം തുടങ്ങിയത്?
ദേശീയമായി വളരെയധികം പ്ലാനിങ്ങോടുകൂടി, മതതീവ്രവാദികൾ നടത്തിയ ആക്രമണമാണിത്. ഞാൻ മനസ്സിലാക്കുന്നത് അവർ മൂന്ന് സ്ഥലങ്ങൾ തിരഞ്ഞെടുത്തു എന്നാണ്. ഗുജറാത്തിലെ ദങ്ഗ്, ജാർഖണ്ഡിലെ ജസ്പൂർ, മൂന്നാമത്തേത് കന്ധമാൽ. അടിസ്ഥാനപരമായി അവർ തിരഞ്ഞെടുത്തത് ദുർബലരായ ക്രിസ്ത്യൻ വിഭാഗങ്ങളെയാണ്, ആദിവാസി, ദലിത് ക്രിസ്ത്യാനികളെ. ക്രിസ്ത്യാനികൾ എന്നത് മാത്രമായിരുന്നില്ല ലക്ഷ്യം, ക്രിസ്ത്യാനികളും – ദളിത്, ആദിവാസി ക്രിസ്റ്റ്യാനികളും. വിദ്വേഷ പ്രചാരണങ്ങളിലൂടെയാണ് ഇത് ആരംഭിച്ചത്. വിദ്വേഷ പ്രസംഗങ്ങൾ, അപവാദ പ്രചരണങ്ങൾ വ്യാപകമായി നടന്നു. അവർ സമുദായങ്ങൾക്കിടയിൽ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ് എന്നു പറഞ്ഞാണ് തുടങ്ങിയത്. അവർക്ക് സമുദായങ്ങളോട് വിധേയത്വമുണ്ടാകില്ല, സമൂഹത്തോട് വിധേയത്വമുണ്ടാകുകയില്ല, ഒടുവിൽ അവർ പറഞ്ഞുതുടങ്ങി, അവർക്ക് രാജ്യത്തോടു തന്നെ വിധേയത്വമുണ്ടാകുകയില്ല എന്ന്. ഏതു മതപരിവർത്തനവും സമൂഹത്തിന് ഭീഷണിയാണെന്ന് അവർ പ്രചരിപ്പിച്ചു. അങ്ങനെ അവർ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നു. ഒഡീഷയാണ് ആദ്യമായി മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവന്ന ഇന്ത്യൻ സംസ്ഥാനം. 1967ലാണ് ആ നിയമം നിലവിൽ വന്നത്. ബലപ്രയോഗത്തിലൂടെയും പ്രലോഭനങ്ങളിലൂടെയും ക്രിസ്ത്യൻ മിഷണറിമാർ ആളുകളെ മതപരിവർത്തനം ചെയ്യുന്നു എന്ന പ്രചരണത്തെ തുടർന്നായിരുന്നു അത്. അൻപതും അറുപതും വർഷങ്ങൾ കഴിഞ്ഞിട്ടും അന്ന് ചുമത്തപ്പെട്ട കേസുകളിൽ ഒരാളെപ്പോലും ശിക്ഷിക്കാൻ നിയമത്തിന് കഴിഞ്ഞിട്ടില്ല. ഈ നിയമം വ്യാജമാണ് എന്നതിന്റെ വലിയൊരു തെളിവാണത്. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധനനിയമം കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയിലാകെയും മതപരിവർത്തന നിരോധനനിയമം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. രാജ്യത്തുടനീളം കൂട്ട മതപരിവർത്തനം നടക്കുന്നുണ്ട് എന്നാരോപിക്കുന്ന പൊതുതാൽപര്യ ഹർജിയുമായി ഈയടുത്ത് ബി.ജെ.പി നേതാവായ അഡ്വ. അശ്വിനി ഉപാധ്യായ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ദേശീയതലത്തിൽ മതപരിവർത്തന വിരുദ്ധ സമീപനമാണ് അവർ പിന്തുടരുന്നത്. മാത്രവുമല്ല, ഈ മതപരിവർത്തന വിരുദ്ധ നിയമം എന്നതുതന്നെ വിദ്വേഷ പ്രചരണങ്ങളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്നതുമാണ്. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ് എന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്.
പ്രാദേശിക മാധ്യമങ്ങൾ ഈ പ്രചരണങ്ങളെ ഏറ്റുപിടിച്ചിട്ടുണ്ടോ?
ഒഡീഷയിലെ മുതിർന്ന മാധ്യമപ്രവർത്തകരിലൊരാളായ കേദാർ മിശ്ര രണ്ട് പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്, The role of media in Kandhamal Violence. അതിൽ കേദാർ മിശ്ര വിശകലനം ചെയ്യുന്നത് മാധ്യമങ്ങൾ വലിയ അളവിൽ കന്ധമാൽ വംശഹത്യയ്ക്ക് വേണ്ടി സംസാരിച്ചു എന്നാണ്. ആക്രമണങ്ങളിലേക്ക് നയിക്കുന്നതിൽ തന്നെ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടായിരുന്നു എന്ന് കേദാർ മിശ്ര പറയുന്നുണ്ട്. തീർച്ചയായും ക്രിസ്ത്യാനികൾക്കെതിരെ ആക്രമണങ്ങൾക്ക് തുടക്കമിടുന്നതിൽ മാധ്യമങ്ങൾക്ക് സംശയാസ്പദമായ പങ്കുണ്ട്.
സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസിന് നൽകിയ അഭിമുഖത്തിൽ താങ്കൾ പറയുന്നുണ്ട്, കന്ധമാൽ ക്രിസ്ത്യൻ ആക്രമണ കേസുകളിൽ ഒരു ശതമാനം പോലും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന്. ഇന്നത്തെ ഇന്ത്യൻ അവസ്ഥ കൂടിയാണ് ഈ വസ്തുതയിലൂടെ വെളിപ്പെടുന്നത്. ഈ അടുത്തു വന്ന, ബിൽക്കീസ് ബാനു കേസിലെ വിധിയും സമാനമാണ്. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
കന്ധമാലിൽ വംശീയ ആക്രമണങ്ങൾ നേരിട്ട ഒരാൾക്ക് പോലും നീതികിട്ടിയിട്ടില്ല. 315 കേസുകളിലെ വിചാരണ പുനരാരംഭിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടായെങ്കിലും അതിൽ ഒന്നും സംഭവിച്ചില്ല. അഡ്വക്കേറ്റ് വൃന്ദ ഗ്രോവറിന്റെ പഠനത്തിൽ അവർ പറയുന്നുണ്ട്, “the law must change its course”. നമ്മൾ പൊതുവെ പറയുക, the law must take its own course എന്നാണ്. പക്ഷെ കന്ധമാലിൽ പറയേണ്ടിവരുന്നത് നിയമം അതിന്റെ ഗതി മാറ്റണം എന്നാണ്. കാരണം നിലവിലെ നീതിന്യായവ്യവസ്ഥയിൽ നിന്നും നീതി ലഭിക്കുന്നില്ല. നീതി ലഭ്യമാക്കാത്ത നിയമം എന്നാൽ ജീവനില്ലാത്ത നിയമമാണ്. നീതിന്യായവ്യവസ്ഥയുടെ വിധിന്യായങ്ങളിൽനിന്നും ശിക്ഷകളിൽ നിന്നും പ്രതികൾ സംരക്ഷിക്കപ്പെടുന്ന സാഹചര്യം (impunity) ഉണ്ടെങ്കിൽ, കന്ധമാലിൽ മാത്രമല്ല ഇന്ത്യയിൽ ആകെത്തന്നെയും, തുടർച്ചയായി വംശഹത്യകൾ നടപ്പിലാക്കാൻ കഴിയുന്നുണ്ടെങ്കിൽ, അവർ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യും. അതിലൂടെ അവർ ശക്തരാകുകയും ചെയ്യും. ആക്രമണങ്ങൾ കൂടുതൽ ശക്തമായ രീതിയിലേക്ക് മാറും. നിയമവാഴ്ച അട്ടിമറിക്കപ്പെടും. ജനങ്ങൾ ജുഡീഷ്യറിയെ വിശ്വസിക്കുകയില്ല, ഇന്ന് നമ്മൾ കാണുന്നത് ജുഡീഷ്യറിയിൽ വിശ്വാസം നഷ്ടപ്പെടുന്ന ജനങ്ങളെയാണ്. എക്‌സിക്യൂട്ടീവ് അതിന്റെ ജോലി ചെയ്യുന്നില്ല. നീതിക്കുവേണ്ടി സുപ്രീംകോടതിയെ സമീപിച്ചാൽ തന്നെ നിരവധി ഘടകങ്ങളുണ്ട്, ചിലപ്പോൾ പ്രോസിക്യൂട്ടർ രാഷ്ട്രീയ പ്രേരിത ലക്ഷ്യങ്ങളുള്ളയാൾ ആകാം, അന്വേഷണ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയപ്രേരിത ലക്ഷ്യങ്ങളുണ്ടാകാം, സാക്ഷികൾ സംരക്ഷിക്കപ്പെടുകയില്ല, പരാതി നൽകുന്നയാൾക്കും സുരക്ഷിതത്വം ഉറപ്പാക്കപ്പെടുകയില്ല, നീതിവ്യവഹാരത്തിൽ ഏർപ്പെടുന്ന ഇവർക്കെല്ലാം അപകടങ്ങൾ സംഭവിച്ചേക്കാം. നീതിന്യായവ്യവസ്ഥയുടെ ഗതിയിൽ വേണ്ടവിധത്തിലുള്ള മാറ്റങ്ങളുണ്ടാക്കിയിട്ടില്ലെങ്കിൽ മതത്തിന്റെ പേരിൽ വലിയ പ്രശ്‌നങ്ങൾ തുടർന്നേക്കാം. ജെനോസൈഡ് വാച്ചിന്റെ മുന്നറിയിപ്പ് നമ്മൾ കണ്ടതാണ്. വംശഹത്യയുടെ പത്ത് ഘട്ടങ്ങളിൽ ഏഴാമത്തെയോ എട്ടാമത്തെയോ ഘട്ടത്തിലാണ് ഇന്ത്യ. നമ്മൾ എത്ര അവഗണിക്കാൻ ശ്രമിച്ചാലും ഇത് വളരെ അപകടകരമാണ്.
ഇന്ത്യയിലെ ന്യൂനപക്ഷ കമ്മീഷൻ കന്ധമാൽ കേസിൽ എത്രത്തോളം ഇടപെടലുകൾ നടത്തിയിട്ടുണ്ട്?
ഇത്തരത്തിലുള്ള കമ്മീഷനുകൾ ഇന്ന് അവരുടെ മാൻഡേറ്റ് പിന്തുടർന്നുകൊണ്ടല്ല പ്രവർത്തിക്കുന്നത്. നിർഭാഗ്യവശാൽ സർക്കാരിന്റെ പരാജയങ്ങളെ മറച്ചുപിടിക്കാനാണ് അവർ പലപ്പോഴും ശ്രമിക്കുന്നത്. ഈ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് ഇതുപോലുള്ള കമ്മീഷനുകൾ വഴി കഴിയും എന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. ന്യൂനപക്ഷ കമ്മീഷന്റെ പ്രതിനിധി കന്ധമാൽ സന്ദർശിച്ചിട്ടുണ്ട്. കേരളത്തിൽനിന്നുള്ള ഒരു ക്രിസ്റ്റ്യൻ പ്രതിനിധിയാണ്. ആദ്യ സന്ദർശനത്തെ തുടർന്ന് അദ്ദേഹം എന്തെങ്കിലും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ വലിയ വ്യത്യാസങ്ങളൊന്നും ഉണ്ടായില്ല. നിലവിലെ കമ്മീഷൻ പ്രതിനിധികളെ കണ്ടിട്ടില്ല. അവരിൽ പ്രതീക്ഷ വെക്കുക എന്നത് അനാവശ്യമായ കാര്യമാണ്. ലോകം മുഴുവൻ ഇരുട്ടാണെന്ന് തോന്നിപ്പിക്കുന്ന കാലത്തും കമ്മ്യൂണിറ്റിയുടെ പ്രശ്‌നങ്ങളും ആശങ്കകളും പലരും രേഖപ്പെടുത്തപ്പെടുന്നുണ്ട്. ഈ രേഖകളെങ്കിലും ഭാവിയുടെ ഗതിനിർണയിക്കും. കന്ധമാലിനെക്കുറിച്ച് കെ.പി ശശി ചെയ്ത ഡോക്യുമെന്ററി അതിനൊരു ഉദാഹരണമാണ്. ശശി മരിച്ചുപോയി, പക്ഷെ ആ ഡോക്യുമെന്ററി ജീവനോടെയുണ്ട്, കന്ധമാൽ ഇങ്ങനെയാണ് എന്ന് ലോകത്തോട് പറയാൻ. മാധ്യമപ്രവർത്തകരും ഡോക്യുമെന്ററി സംവിധായകരും രേഖപ്പെടുത്തുന്ന വസ്തുതകൾ കാലത്തെ അതിജീവിക്കും. ലോകത്തിലെ തിന്മകൾക്കെതിരെ പോരാടുന്നുവെന്ന് വിശ്വസിക്കുന്ന നമ്മളെപ്പോലുള്ളവരുടെ പ്രതീക്ഷ ഇന്നല്ലെങ്കിൽ നാളെ നമ്മുടെ രേഖപ്പെടുത്തലുകൾക്ക് ലോകത്തോട് സംവദിക്കാൻ കഴിയുമെന്ന് തന്നെയാണ്. ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിട്ടില്ലെങ്കിൽ കന്ധമാൽ ഇനിയും ആവർത്തിക്കും. എല്ലായിടത്തും കന്ധമാൽ സൃഷ്ടിക്കപ്പെടും.
ഒരു നിലപാടുണ്ടായിരിക്കുമ്പോൾ അതിന് എന്തു വില കൊടുക്കേണ്ടിവരുമെന്ന് നമുക്കറിയാം. ഇന്ന് പല മാധ്യമപ്രവർത്തകരും അവരുടെ ജോലിയിൽനിന്ന് പുറത്താക്കപ്പെടുകയാണ്. സ്വയം സത്യസന്ധരായി തുടരണം എന്ന് അവർ ആഗ്രഹിക്കുന്നതുകൊണ്ടാണത്. ഏത് മേഖലയിൽ ആണെങ്കിലും അധികാരത്തോട് സത്യം തുറന്നുപറയണമെങ്കിൽ അതിനു വിലകൊടുക്കേണ്ടിവരും. സത്യത്തിൽ വിശ്വസിക്കുന്നവർ, ഉറച്ച ബോധ്യങ്ങളുള്ളവർ, പൊതു നന്മയിൽ വിശ്വസിക്കുന്നവർ ഇവർക്കൊന്നും സത്യം തുറന്നുപറയുകയല്ലാതെ മറ്റുവഴികളില്ല. സത്യത്തിൽ വിശ്വസിക്കുന്നവർ അത് തുറന്നുപറയുകതന്നെ ചെയ്യും. അതിനൊപ്പം വരുന്ന വെല്ലുവിളികൾ നമ്മൾ ആഗ്രഹിക്കുന്നതൊന്നുമല്ല, പക്ഷേ അതില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ സാധ്യമല്ല. നമ്മൾക്ക് ജീവിക്കേണ്ടിവരുന്ന സാഹചര്യങ്ങളെന്താണ് എന്ന് പറയുകല്ലാതെ മറ്റുവഴികൾ ഇല്ല. അതാണ് നമ്മളെ ജീവിപ്പിക്കുന്നതും.
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ സേക്രഡ് ഹാർട്സ് കത്തീഡ്രൽ സന്ദർശിക്കുകയുണ്ടായല്ലോ. ഈ സന്ദർശനത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?
പ്രധാനമന്ത്രി നരേന്ദ്രമോദി കത്തീഡ്രൽ സന്ദർശിച്ചത് ഒരു വെൽകമിങ് സൈൻ ആണ്. പക്ഷെ ഹരിയാനയിലോ ഉത്തർപ്രദേശിലോ മധ്യപ്രദേശിലോ ക്രിസ്ത്യാനികൾക്ക് നേരെ വർധിച്ചു വരുന്ന ആക്രമങ്ങൾക്കെതിരെ ഒരു പ്രസ്താവന പോലും അദ്ദേഹം പുറത്തിറക്കിയിട്ടില്ല. ഇതൊരു ഫോട്ടോ പ്രകടനമാണ്. കേരളത്തിൽ കൂടുതൽ വോട്ടുകൾ നേടാനുള്ള ശ്രമമാണ് ഇതുവഴി നടക്കുന്നത്.
കേരളത്തിലെ ചില പുരോഹിതരും രാജ്യത്ത് ക്രൈസ്തവർ അരക്ഷിതാവസ്ഥയിൽ അല്ലെന്നു പറയുന്നു. ബി.ജെ.പി ക്രിസ്ത്യൻ ന്യൂനപക്ഷത്തെ സംരക്ഷിക്കുമെന്ന് പറയുന്നു. ആ പ്രസ്താവനകളെ താങ്കൾ എങ്ങനെയാണ് കാണുന്നത്?
ബി.ജെ.പി ക്രൈസ്തവരെ സംരക്ഷിക്കുമെന്ന് പറയുന്ന കേരളത്തിലെ ബിഷപ്പുമാരെക്കുറിച്ച് എനിക്കൊന്നും പറയാൻ കഴിയില്ല. പക്ഷെ അവർക്ക് വംശീയ ആക്രമണം നേരിടേണ്ടി വന്ന, അതിന്റെ ദുരിതം ഇന്നും അനുഭവിക്കുന്ന ക്രിസ്ത്യാനികളെ പ്രതിനിധീകരിക്കാൻ കഴിയില്ല. അവർക്ക് അവരുടേതായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കാം, അത് കേരളത്തിൽ പരിമിതമായതും ആകാം. പക്ഷെ എല്ലാ ഇന്ത്യൻ പൗരരെയും പ്രതിനിധീകരിച്ച് അവർക്ക് സംസാരിക്കാൻ കഴിയില്ല.
ഒഡീഷയിലെ മാധ്യമപ്രവർത്തനത്തിന്റെ നിലവിലെ സ്ഥിതി എന്താണ്? സംസ്ഥാനത്തും രാജ്യത്തും നടക്കുന്ന സംഭവങ്ങൾ ഈ മാധ്യമങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നുണ്ടോ?
മാധ്യമങ്ങൾ മിക്കതും ചില ആധിപത്യ പ്രത്യയശാസ്ത്രങ്ങളോട് ചേർന്നുനിൽക്കുന്നവയാണ്. അച്ചടി, സ്വതന്ത്ര മാധ്യമങ്ങളുടെ ഉടമകൾ ബിസിനസ് ഹൗസുകളാണ് അല്ലെങ്കിൽ ഏതെങ്കിലും ബിസിനസുകാരാണ്. അതുകൊണ്ട് അവരുടെ പ്രത്യയശാസ്ത്രങ്ങൾക്കും ചിന്താരീതികൾക്കും ആയിരിക്കും അതിൽ ഇടം നൽകുന്നത്. സമുദായത്തിന്റെയോ രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ശ്രദ്ധയാവശ്യമുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിടുന്നത് ബുദ്ധിമുട്ടാകുന്നത് അങ്ങനെയാണ്. പാരിസ്ഥിതിക നീതിയെക്കുറിച്ച്, സാമൂഹ്യ നീതിയെക്കുറിച്ച് മാധ്യമങ്ങൾ ശ്രദ്ധ ചെലുത്താറില്ല. പലപ്പോഴും ഇത്തരം കാര്യങ്ങളോട് ഇവിടെയുള്ള മാധ്യമങ്ങൾ നിസംഗത കാണിക്കാറാണുള്ളത്.
വിവിധ സമുദായങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ പ്രാതിനിധ്യമില്ലാത്തതാണ് ഇതിന് കാരണമെന്ന് താങ്കൾ കരുതുന്നുണ്ടോ?
സ്വാഭാവികമായും. ഇത് റിപ്പോർട്ടർമാരുടെ മാത്രം പ്രശ്‌നമല്ല. മീഡിയ ഒരു വ്യാവസായമായത് മുതൽ, അതിന്റെ നടത്തിപ്പുകാർ വ്യവസായികൾ ആയി മാറിയത് മുതൽ മാധ്യമപ്രവർത്തകർക്ക് സമൂഹത്തോടല്ല ഉത്തരവാദിത്തം, ആ മാധ്യമസ്ഥാപനത്തിന്റെ നടത്തിപ്പുകാരോടാണ്. ഒരു ജേണലിസ്റ്റ് ആകുക എന്നതിൽ ഇന്ന് നിരവധി വെല്ലുവിളികളുണ്ട്. ഒരു പ്രശ്‌നത്തെ അതേപടി റിപോർട്ട് ചെയ്യുന്നതിന് പകരം ഒരുപാട് ഫിൽറ്ററിങ് നടത്തുകയാണ്. ഇന്ത്യയിലെങ്ങും ഇതാണ് അവസ്ഥ. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഖനനം സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ, സാമൂഹികമായി ദുർബലപ്പെടുത്തപ്പെട്ട സമൂഹങ്ങളുടെ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പ്രാഥമിക ശ്രദ്ധ നൽകാത്തത് അതുകൊണ്ടാണ്. എല്ലാം ആധിപത്യ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടിലാണ് അവതരിപ്പിക്കപ്പെടുക. ഇന്ന് ഒഡീഷ ഭരിക്കുന്നത് ബിജു ജനതാദൾ ആണ്, ഒരു പ്രാദേശിക പാർട്ടിയാണ്. കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും തുല്യ അകലം പാലിക്കുന്നു എന്നാണ് അവർ അവകാശപ്പെടുന്നത്. ചിലപ്പോഴെല്ലാം അവർ ബി.ജെ.പിക്കൊപ്പം നിൽക്കുന്നു. തുടക്കത്തിൽ അവർ ബി.ജെ.പിക്കൊപ്പമായിരുന്നു, അവരുടെ രാഷ്ട്രീയം മനസ്സിലാക്കുക ബുദ്ധിമുട്ടാണ്.
നിലവിൽ എന്തൊക്കെയാണ് ഒരു ആക്റ്റിവിസ്റ്റ് എന്ന നിലയിൽ ഫാദറിന്റെ പ്രവർത്തനങ്ങൾ?
ഇപ്പോൾ ചില മത്സരപരീക്ഷകൾക്കായി യുവാക്കൾക്ക് പരിശീലനം നൽകുകയാണ് ഞാൻ ചെയ്യുന്നത്. ആദിവാസികളുടെയും ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കാനാണ് എനിക്ക് താൽപര്യം. ഞാനൊരു മതന്യൂനപക്ഷ വിഭാഗത്തിലെ അംഗമാണ്, കാത്തോലിക് ക്രിസ്ത്യൻ.
ഇന്ത്യയിൽ ക്രിസ്ത്യാനിറ്റിയെ പൊതുവിൽ മനസ്സിലാക്കുന്നത് ആന്തരികമായി വ്യത്യാസങ്ങളില്ലാത്ത/ ഹോമോജിനസ് മതവിഭാഗമായാണ്. കേരളത്തെക്കുറിച്ച് പറയുകയാണെങ്കിൽ വിദ്യാഭ്യാസം, വികസനം തുടങ്ങിയ കാര്യങ്ങളിൽ വളരെ വ്യക്തമായി കാണപ്പെടുന്ന വിവേചനം വിവിധ ക്രൈസ്തവ വിഭാഗങ്ങൾ അനുഭവിക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ കാത്തോലിക് സഭയുടെ നേതൃത്വത്തിൽ നടന്ന സമരം അതിന്റെ ഒരു ഉദാഹരണമാണ്. നായർ ഉൾപ്പെടെയുള്ള ആധിപത്യ ജാതിവിഭാഗങ്ങളിൽനിന്നും അവർക്ക് ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അതേസമയം കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ വിഭാഗം സുരക്ഷിതമാണ്, വലതുപക്ഷത്തോട് അനുഭാവം തുറന്നു പ്രഖ്യാപിച്ച സന്ദർഭങ്ങൾ നിരവധിയാണ്. എന്തുകൊണ്ടാണ് ഭിന്നമായ ക്രിസ്തീയ വിഭാഗങ്ങൾ വ്യത്യസ്ത രീതിയിലുള്ള സമീപനങ്ങൾ സ്വീകരിക്കുന്നത്?
ഒരു സമുദായമെന്ന നിലയിൽ ക്രിസ്റ്റ്യാനിറ്റി ഏകശിലാത്മകമല്ല. മതപരമായി പിന്തുടരുന്ന തത്വശാസ്ത്രവും പ്രത്യയശാസ്ത്രവും മൂല്യവ്യവസ്ഥയും ഒന്നാണെങ്കിലും, വളരെ വ്യത്യസ്തതകളുള്ള രാജ്യമായ ഇന്ത്യയിലാണ് നമ്മൾ ജീവിക്കുന്നത്. സാംസ്‌കാരികതയും പാരമ്പര്യങ്ങളും വ്യത്യസ്തമാണ്. കേരളത്തെക്കുറിച്ചുള്ള എന്റെ പരിമിതമായ അറിവിൽ ഇവിടെ രണ്ട് ഭൂരിപക്ഷ വിഭാഗങ്ങളാണ് ക്രിസ്ത്യാനിറ്റിയിലുള്ളത്. സിറിയൻ ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത് അവർക്ക് സിറിയയിൽ വേരുകളുണ്ടെന്നാണ്. അങ്ങനെയാണ് അവർ സ്വയം വ്യത്യസ്തരായി വിശ്വസിക്കുന്നത്. ലത്തീൻ ക്രിസ്ത്യാനികൾ ലോകമെമ്പാടുമുള്ള കത്തോലിക് ക്രിസ്ത്യാനികളെ ഉൾക്കൊള്ളുന്ന വിഭാഗമാണ്. സിറിയൻ ക്രിസ്ത്യാനികളാണ് ആധിപത്യ വിഭാഗമെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. സാമ്പത്തികമായും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മെച്ചപ്പെട്ട സാമൂഹിക അവസ്ഥയിലാണ് അവരുള്ളത്. ലത്തീൻ വിഭാഗക്കാർ കൂടുതലായും പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗമാണ്, മത്സ്യബന്ധന തൊഴിൽ ചെയ്യുന്നവരാണ്. അവർ ജീവിക്കുന്നത് കടൽത്തീരങ്ങളിലും അരികുകളിലുമാണ്. അതിനാൽത്തന്നെ അവരുടെ സാമ്പത്തിക സാമൂഹിക സ്ഥിതിയും ആരാധനാരീതികളും ചെറിയ രീതിയിൽ വ്യത്യസ്തമാണ്.
പുരോഹിതനും സാമൂഹ്യപ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം നടന്നത് ജനാധിപത്യ സംവിധാനമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലാണ്. ആക്റ്റിവിസത്തിന്റെ പേരിലാണ് സ്റ്റാൻ സ്വാമി അറസ്റ്റ് ചെയ്യപ്പെട്ടത്. ഒഡീഷയിൽ, അല്ലെങ്കിൽ ഇന്ത്യയിൽ ആകെയും ചർച്ചിന്റെ നേതൃത്വത്തിലുള്ള ആക്റ്റിവിസം എങ്ങനെയാണ്?
ഫാദർ സ്റ്റാൻ സ്വാമിക്ക് സംഭവിച്ചത് കോൾഡ് ബ്ലഡഡ് ആയ കസ്റ്റഡി മരണമാണ്. എൺപതു വയസ്സുള്ള, ഒന്നിലധികം രോഗാവസ്ഥകൾ അനുഭവിക്കുന്ന ഒരാൾ രാജ്യത്തിന് ഭീഷണിയാണ് എന്ന് പറയുകയും അയാളെ ജയിലിലടക്കുകയും ചെയ്യുന്നു എന്നത് മനസ്സിലാക്കാൻ എളുപ്പമല്ലാത്ത കാര്യമാണ്. ആക്റ്റിവിസം നമ്മുടെ ചർച്ചിന്റെ ഭാഗമാണ്. ക്രിസ്തീയ മതവിശ്വാസികൾ വിശ്വസിക്കുന്നത് യേശു ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് തുല്യതയും സാഹോദര്യവും നീതിയും സ്വാതന്ത്ര്യവും നിലനിൽക്കുന്ന ഒരു സമൂഹം സൃഷ്ടിക്കുവാനാണ് എന്നാണ്. പുരോഹിതർ മാത്രമല്ല ഈ പ്രക്രിയയുടെ ഭാഗമാകുക, എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഫാദർ സ്റ്റാൻ സ്വാമി ഇതിന്റെയെല്ലാം പ്രതീകമായിരുന്നു. ചർച്ചിന്റെ കാഴ്ചപ്പാടിൽ എല്ലാവരും ഫാദർ സ്റ്റാൻ സ്വാമിയെപ്പോലെയാകണം എന്നാണ്, എന്നാൽ നമ്മുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. സമയവും ഊർജ്ജവും സാമൂഹ്യപ്രവർത്തനം ഉണ്ടാക്കുന്ന വെല്ലുവിളികളും നേരിടാൻ തയ്യാറാകുന്നവർ അതു ചെയ്യുന്നു. എനിക്കും സ്റ്റാൻ സ്വാമിയെക്കുറിച്ച് കൂടുതലറിയില്ല. കഴിഞ്ഞ 10-12 വർഷങ്ങളായി ഉള്ള പരിചയമാണ്. അതിന് മുമ്പ് ഒഡീഷയിൽ നമ്മളും സമാനമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു. ഒഡീഷയുടെ ജനസംഖ്യയിൽ പകുതിയോളം വരുന്ന ആദിവാസികളും ദലിതരും ജനസംഖ്യാഭൂരിപക്ഷ വിഭാഗമായി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഞങ്ങൾ പ്രവർത്തിച്ചു. നമ്മുടെ ഉത്തരവാദിത്തം നീതിയും സമാധാനവും തുല്യതയുമുള്ള ഒരു സമൂഹം നിർമ്മിക്കുക എന്നതാണ്. വെല്ലുവിളികൾ പലതരത്തിലുള്ളതാണ്, കാരണം ശ്രേണീബന്ധിതമായ ഒരു സമൂഹമാണ് ഇന്ത്യൻ സമൂഹം, വർഗം, ജാതി, പുരുഷാധിപത്യം എന്നിവയാണ് ഈ സമൂഹത്തിന്റെ ക്രമങ്ങളെ തീരുമാനിക്കുന്നത്.