നികത്തപ്പെടുമോ നെടിയതുരുത്തിന്റെ നഷ്ടങ്ങൾ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പാണാവള്ളി പഞ്ചായത്തിലെ അരയൻകാവ് ബോട്ട് ജെട്ടിയിൽ നിൽക്കുമ്പോൾ കാപികോ റിസോർട്ടിലെ കെട്ടിട സമുച്ചയങ്ങൾ കാണുന്നുണ്ടായിരുന്നു. പായൽപ്പോളകൾ നിറഞ്ഞ കായലിലൂടെ വന്ന എഞ്ചിൻ ബോട്ട്, ജെട്ടിയിലേക്ക് അടുപ്പിച്ചു നിർത്തി. ആ ബോട്ടിൽ പതിനഞ്ച് മിനിട്ടോളം യാത്ര ചെയ്യണം ബാനിയൻ ട്രീ റിസോർട്ട് ശൃംഖല പണികഴിപ്പിച്ച കാപികോ എന്ന സപ്തനക്ഷത്ര റിസോർട്ടിലെത്താൻ. ബോട്ട് കുറച്ച് മുന്നോട്ടുപോയതോടെ അറ്റകുറ്റപ്പണികൾ നടത്താതെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങൾ കാഴ്ചയിലേക്ക് കടന്നുവരാൻ തുടങ്ങി. കായലിനോട് ചേർന്ന് കരിങ്കല്ലുകൊണ്ട് തിട്ടയുണ്ടാക്കിയാണ് ആ വില്ലകൾ പണിതിരിക്കുന്നത്. ഓരോ വില്ലകൾക്ക് മുന്നിലും കായലിനെ അഭിമുഖീകരിച്ച് സ്വിമ്മിങ് പൂളുകൾ. അവയെല്ലാം പായൽ നിറഞ്ഞ് കിടക്കുന്നു. കെട്ടിടങ്ങൾ മിക്കതും വള്ളിപ്പടർപ്പുകളാൽ മൂടപ്പെട്ടിരിക്കുന്നു. കോടതി വ്യവഹാരങ്ങളിൽ കുടുങ്ങി 13 വർഷം ആളനക്കമില്ലാതെ കിടന്നതോ‌ടെ നെടിയതുരുത്തെന്ന ദ്വീപ് ആകെ മാറിപ്പോയിരുന്നു. തീരപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കാപികോ റിസോർട്ടിന്റെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കി തുടങ്ങിയതോടെ തണ്ണീര്‍മുക്കം ബണ്ടിന് വടക്കുള്ള ഈ കായല്‍ത്തുരുത്ത് വീണ്ടും മാറുകയാണ്. ജൈവവൈവിധ്യത്താലും മത്സ്യസമ്പത്തിനാലും സമ്പന്നമായിരുന്ന ഈ പ്രദേശത്ത് സമൃദ്ധിയുടെ കാലം തിരി​കെയെത്തുമെന്ന പ്രതീക്ഷയിലാണ് കാപികോയ്ക്കെതിരെ നിയമപോരാട്ടം നയിച്ച തദ്ദേശീയർ.

ഫോട്ടോ: ആരതി എം.ആർ

“ഇപ്പോൾ കായലിൽ മറ്റ് മീനുകളൊന്നും കിട്ടാനില്ല. ചെമ്മീനൊക്കെ കിട്ടുന്നതിന്റെ അളവ് കുറഞ്ഞു. ഇവിടുത്തെ മത്സ്യബന്ധനത്തൊഴിലാളികൾ തെണ്ടാതെ നടക്കുന്നത് ഇപ്പോഴും കായലിൽ കക്ക ഉള്ളത് കൊണ്ടാണ്. കാപികോ റിസോർട്ട് തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നെങ്കിൽ കായലിൽ കക്കയുമുണ്ടാകുകേലായിരുന്നു.” ഉൾനാടൻ മത്സ്യബന്ധനത്തൊഴിലാളിയായ എ.കെ സൈലൻ പറഞ്ഞു തുടങ്ങി. ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്തിലെ മത്സ്യബന്ധനത്തൊഴിലാളികളുടെ പ്രതിനിധിയാണ് സൈലൻ. കായലിനെയും കായൽ മത്സ്യസമ്പത്തിനെയും ആശ്രയിച്ച് ജീവിക്കുന്ന അനേകം മനുഷ്യരിൽ ഒരാൾ. 2007ൽ കാപികോ റിസോർട്ട് എന്ന വമ്പൻ ​ഗ്രൂപ്പ് വേമ്പനാട്ട് കായലിലെ നെടിയതുരുത്ത് ദ്വീപിൽ നിർമ്മാണം ആരംഭിക്കുമ്പോൾ മറ്റ് പ്രദേശവാസികളെ പോലെ സൈലനും സന്തോഷിച്ചിരുന്നു. റിസോർട്ട് വരുന്നതോടെ ലഭിക്കാൻ പോകുന്ന തൊഴിലവസരങ്ങളും, സാമ്പത്തിക ലാഭവും ആ നാട്ടിലുള്ള എല്ലാവരെയും ആകർഷിച്ചിരുന്നു. എന്നാൽ ആ പ്രതീക്ഷകളെല്ലാം ഇല്ലാതാ‌യത് വളരെ പെട്ടെന്നായിരുന്നു.

നിർമ്മാണങ്ങൾ തിരിച്ചടിയാകുന്നു

“റിസോർട്ട് പണി ആരംഭിച്ച് കുറച്ച് കാലം കൊണ്ടുതന്നെ ഞങ്ങളുടെ ഊന്നുവലകൾക്കും കുറ്റികൾക്കും നാശനഷ്ടം സംഭവിക്കാൻ തുടങ്ങി. ഞങ്ങൾ പത്ത് മുപ്പത് കുടുംബങ്ങൾ ഉപജീവനമാർഗം നടത്തിയിരുന്നത് മത്സ്യബന്ധനത്തിലൂടെയാണ്. അവയ്ക്കുണ്ടായ നാശനഷ്ടങ്ങളോട് നീതി പുലർത്തണമെന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഈശ്വരപിള്ള സാറിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഞങ്ങളോട് സഹകരിച്ചില്ല.” എ.കെ സൈലൻ വിവരിച്ചു.

ജീവനോപാധികൾക്ക് ഉണ്ടായ നഷ്ടം പരിഹരിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തെ ഭൂവുടമയായ ഈശ്വരൻപിള്ള അന്ന് വളരെ നിസാരമായി തള്ളിക്കള‍‍ഞ്ഞു. നഷ്ടപരിഹാരത്തുക നൽകാൻ കഴിയില്ലെന്നും അതിന് പകരമായി വള്ളമോ വലയോ പങ്കായമോ വാങ്ങി നൽകാമെന്നുമാണ് ഈശ്വരൻപിള്ള പറഞ്ഞത്. അന്ന് നിയമപരമായി നീങ്ങാനൊന്നും സജ്ജരല്ലായിരുന്നെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് ഈശ്വരൻപിള്ളയുടെ സമീപനത്തോട് അതൃപ്തി തോന്നുകയായിരുന്നു. നീതിക്ക് വേണ്ടി മത്സ്യത്തൊഴിലാളികൾ നടത്തിയ 13 വർഷം നീണ്ട നിയമപോരാട്ടം ആ അതൃപ്തിയിൽ നിന്നാണ് തുടങ്ങുന്നത്.

ഫോട്ടോ: ആരതി എം.ആർ

“തീരപരിപാലന നിയമത്തെക്കുറിച്ചോ പരിസ്ഥിതിയെ കുറിച്ചോ ഒന്നുമറിയാത്തവരായിരുന്നു ഞങ്ങൾ. പക്ഷെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നതിനൊപ്പം നീരൊഴുക്കിനുണ്ടായ വ്യത്യാസം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഏറ്റയിറക്കമെന്ന് പറയുന്ന വെള്ളം വലിവിന് വ്യത്യാസം വന്നു. ശക്തമായ നീരൊഴുക്ക് ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾക്ക് മീൻ കിട്ടുകയുള്ളൂ. അതൊക്കെ തടസപ്പെടാൻ തുടങ്ങി. അന്നന്നുള്ള ചിലവിനായി കായലിൽ പോയി മീൻ പിടിച്ച് ജീവിച്ചിരുന്ന ഞങ്ങൾക്ക് ഇത് പല തരത്തിൽ നഷ്ടങ്ങളുണ്ടാക്കി. അങ്ങനെയാണ് ഞങ്ങൾ കേസുമായി മുന്നോട്ട് നീങ്ങുന്നത്.” എ.കെ സൈലൻ ഓർമ്മിച്ചു.

പല കോടതികളിൽ 13 വർഷം

തീരദേശ പരിപാലന നിയമം അനുശാസിക്കുന്ന പല മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് നെടിയതുരുത്തിൽ ബാനിയൻ ട്രീ എന്ന ഹോട്ടൽ ശൃംഖല സപ്ത നക്ഷത്ര റിസോർട്ട് നിർമ്മിച്ചത്. ഭൂമിയുടെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗുരുതര നിയമലംഘനങ്ങൾ ആദ്യം മുതൽ നടന്നിരുന്നു. “നെടിയതുരുത്ത് ദ്വീപിന് ചുറ്റും വാറ്റ് ചാലായിരുന്നു. ആറ് മാസം നെൽകൃഷിയും ആറ് മാസം ചെമ്മീൻ കൃഷിയും ചെയ്ത് കൊണ്ടിരുന്ന തൊഴിലിടമാണ് ഡ്രെഡ്ജിങ് ചെയ്ത് നികത്തി പറമ്പാക്കി മാറ്റിയത്. അന്ന് 3 ഏക്കർ 65 സെന്റ് മാത്രം ഉണ്ടായിരുന്ന ഭൂമി ഇവരുടെ ആവശ്യത്തിന് വേണ്ടി 11 ഏക്കർ 23 സെന്റ് വസ്തുവായി കാണിച്ചാണ് പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങിയത്. ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നു. 54 വില്ലകളാണ് അങ്ങനെയുണ്ടാക്കിയ സ്ഥലത്ത് പണിതിട്ടിരിക്കുന്നത്. ഭൂമി നികത്തിയെടുത്തതോടെ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഞങ്ങളുടെ തൊഴിലിടമാണ്.” എ.കെ സൈലൻ പറഞ്ഞു.

ഉപജീവനം വഴിമുട്ടിയതോടെ തിരുവനന്തപുരം ഓംബുഡ്‌സ്മാനിൽ മത്സ്യബന്ധനത്തൊഴിലാളികൾ ആദ്യം പരാതി നൽകി. അന്ന് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ഹരിഹരൻ നായരായിരുന്നു ഈ കേസ് പാതിവഴിക്ക് ഉപേക്ഷിക്കരുതെന്ന് മത്സ്യത്തൊഴിലാളികളോട് ഉറപ്പിച്ച് പറഞ്ഞത്. ചേർത്തല മുൻസിപ്പൽ കോടതി, സബ് കോടതി, ഹൈക്കോടതി എന്നീ കോടതികളിലായി കേസ് വർഷങ്ങളോളം നീണ്ടുപോയി. പരിസ്ഥിതി പ്രവർത്തകരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും പങ്ക് ചേർന്നതോടെ കാപികോ റിസോർട്ടിനെതിരെയുള്ള നിയമപോരാട്ടങ്ങൾക്ക് ശക്തിയേറി. 2013 ജൂലൈ 25ന് നെടിയതുരുത്തിലെ കാപികോ റിസോർട്ടും വാമിക തുരുത്തിലെ കെട്ടിടങ്ങളും മൂന്ന് മാസത്തിനുള്ളിൽ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കാപികോ കമ്പനി ഇടക്കാല സ്റ്റേ വാങ്ങി. സുപ്രീം കോടതിയിലേക്ക് കേസ് നീളുകയും 2020 ജനുവരി 10ന് ഹൈക്കോടതി വിധി ശരിവെക്കുകയുമായിരുന്നു.

സുപ്രീം കോടതി വിധി വന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും പൊളിച്ചു നീക്കലിന്റെ നിലവിലെ സ്ഥിതിവിവരങ്ങൾ കോടതി ചോദിക്കുമ്പോഴാണ് കാപികോ റിസോർട്ട് പൊളിച്ചുനീക്കൽ പരിപാടി ആരംഭിക്കുന്നത്. ഈശ്വരൻപിള്ളയുടെ ഭാര്യ രത്നമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭൂമിയിൽ 2.9397 ഹെക്ടർ പുറമ്പോക്ക് ഭൂമിയായി സർക്കാർ കണ്ടുകെട്ടിയിട്ടുണ്ട്. റിസോർട്ട് പൊളിച്ചുനീക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ആറ് മാസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നും പൊളിച്ച് മാറ്റൽ നടപടികൾക്ക് വേണ്ടി താത്കാലികമോ സ്ഥിരമോ ആയ മറ്റൊരു നിർമാണ പ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ആശങ്കകൾ തുടരുന്നു

അനുകൂല വിധി കോടതിയിൽ നിന്ന് നേടിയെങ്കിലും പാണാവള്ളി പഞ്ചായത്തിലെ ഉൾനാടൻ മത്സ്യബന്ധനത്തൊഴിലാളികളുടെ ആശങ്കകൾ മാറിയിട്ടില്ല. വിധി നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി റിസോർട്ടുകൾ പൊളിച്ചു തുടങ്ങിയെങ്കിലും കുറഞ്ഞത് ആറ് മാസം സമയമെടുക്കും എന്നാണ് കാപികോ റിസോർട്ടുകാർ പറയുന്നത്. എന്നാൽ അത് ഇനിയും നീണ്ടുപോകില്ലെന്നും കാലതാമസമില്ലാതെ എല്ലാം പൂർത്തിയാക്കുമെന്നും റിസോർട്ട് പൊളിച്ച് നീക്കുന്നത് മോണിറ്റർ ചെയ്യുന്നതിനായി പഞ്ചായത്ത്-റവന്യൂ ഉദ്യോഗസ്ഥർ ദിവസവും സ്ഥലം സന്ദർശിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് വ്യക്തമാക്കി. പക്ഷെ ജനപ്രതിനിധികളുടെ വാക്കുകൾ മത്സ്യബന്ധനത്തൊഴിലാളികളായ നാട്ടുകാർ വിശ്വസിച്ചിട്ടില്ല.

ഫോട്ടോ: ആരതി എം.ആർ

“പൊളിക്കുമ്പോൾ അവശിഷ്ടങ്ങൾ കായലിൽ വീഴില്ലെന്ന് വാക്കാൽ പറഞ്ഞാൽ പോലും അവശിഷ്ടങ്ങൾ കായലിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്. അവർ മനഃപൂർവ്വം മാലിന്യങ്ങൾ കായലിലേക്ക് നിക്ഷേപിച്ചാൽപോലും അറിയാനുള്ള ഒരു സംവിധാനവും ഇവിടെയില്ലല്ലോ.” മത്സ്യബന്ധനത്തൊഴിലാളിയായ കെ.എസ് രാജേന്ദ്രൻ ആശങ്ക പങ്കുവെച്ചു.

കാര്യങ്ങൾ കാപികോയിൽ തീരുന്നില്ല

കാപികോ റിസോർട്ട് എന്ന ഒരൊറ്റ നിർമ്മിതിയുടെ പ്രശ്‌നങ്ങൾ മാത്രമല്ല ഉൾനാടൻ ജലാശയങ്ങളെ ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളികൾ നേരിടുന്നതെന്നും രാജേന്ദ്രൻ പറയുന്നു. “കായൽ കരകളിൽ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള കയ്യേറ്റങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. വേമ്പനാട്ട് കായലിന്റെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് ഭാഗം കയ്യേറ്റത്തിന്റെ ഭാഗമായി നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റ് മേഖലകളിൽ നിന്ന് വരുന്ന മലിനജലം കായലിലേക്ക് ഒഴുക്കിവിടുന്നതും, ടൂറിസത്തിന്റെ ഭാഗമായിട്ട് ഹൗസ് ബോട്ടുകളിൽ നിന്ന് വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും വിസർജ്യങ്ങളും കായലിലേക്ക് പുറന്തള്ളുന്നതും മത്സ്യസമ്പത്തിനേയും മത്സ്യങ്ങളുടെ പ്രജനനത്തിനേയും ബാധിച്ചിട്ടുണ്ട്. 10 വർഷം മുമ്പ് ധാരാളം മത്സ്യങ്ങൾ കായലിൽ ലഭ്യമായിരുന്നു. ഫിഷറീസിന്റെ ഗവേഷണ വിദ്യാർത്ഥികൾ നടത്തിയ പഠനത്തിൽ ഏകദേശം 50 ഓളം മത്സ്യങ്ങൾ മാത്രമേ നിലവിൽ വേമ്പനാട്ട് കായലിലും പടിഞ്ഞാറ് വശത്തുള്ള കൈതപ്പുഴ കായലിലും ഉള്ളൂവെന്ന് പറയുന്നുണ്ട്.”

ഫോട്ടോ: ആരതി എം.ആർ

കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്ന് വരുന്ന കീടനാശിനികളടങ്ങിയ വെള്ളവും മത്സ്യസമ്പത്തിനെ ബാധിക്കുന്നതായി കെ.എസ് രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. സർക്കാർ പലപ്പോഴും കർഷകർക്ക് അനുകൂലമായ നടപടികളാണ് കൈക്കൊള്ളുന്നതെന്നും മത്സ്യത്തൊഴിലാളികളെ വേണ്ടത്ര പരിഗണിക്കാറില്ലെന്നും കെ.എസ് രാജേന്ദ്രൻ പരാതിപ്പെട്ടു. “നമുക്കൊരു കലണ്ടർ ഇയർ ഉണ്ട്. ആ കലണ്ടർ ഇയർ അനുസരിച്ച് തണ്ണീർമുക്കം ബണ്ട് അടക്കുകയും തുറക്കുകയും ചെയ്യണം. കലണ്ടർ ഇയർ എന്ന് പറയുമ്പോൾ എല്ലാ വർഷവും ഡിസംബർ 15 ന് അടക്കുന്ന ബണ്ട് മാർച്ച് 15 ന് തുറക്കുന്നതാണ് രീതി. പക്ഷേ ഇപ്പോൾ അതെല്ലാം മാറി. രണ്ടാം പൂ കൃഷി ഏപ്രിൽ-മെയ് മാസത്തോടെ തുടങ്ങുന്നതിനാൽ ഈ സമയത്ത് തണ്ണീർമുക്കം ബണ്ട് തുറക്കും. അതോടെ മത്സ്യങ്ങൾ കടലിലേക്ക് പോകും. ഇതും ഞങ്ങളെ സാരമായി ബാധിക്കുന്ന പ്രശ്‌നമാണ്.” രാജേന്ദ്രൻ വിശദമാക്കി.

കെ.എസ് രാജേന്ദ്രൻ, ഫോട്ടോ: ആരതി എം.ആർ

മാലിന്യങ്ങൾ കായലിലേക്ക് പുറന്തള്ളുന്നത് കൂടാതെ, കായലിൽ അടിഞ്ഞുകൂടുന്ന പോളപ്പായലും മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുന്നതിനെ പറ്റിയും രാജേന്ദ്രൻ വിശദീകരിച്ചു. “കോട്ടയം ജില്ലയിലെ ഉല്ലല-തലയാഴം പ്രദേശത്ത് രണ്ട് മത്സ്യത്തൊഴിലാളികൾ 48 മണിക്കൂർ പോളപ്പായലിൽ കുടുങ്ങി കിടക്കേണ്ടി വന്നത് സമീപ ദിവസങ്ങളിലാണ്. മത്സ്യത്തൊഴിലാളി ഫെഡറേഷന്റേ നേതൃത്വത്തിൽ ഒരു ജലയാത്ര നടത്തിയിരുന്നു. എന്നാൽ വൈക്കം പ്രദേശത്ത് വെച്ച് ബോട്ട് ഉറച്ച് പോയി. അതിന് കാരണം ഏഴ് മീറ്ററോളം ആഴം ഉണ്ടായിരുന്ന പ്രദേശത്ത് മണൽത്തിട്ട പോലെ രൂപപ്പെട്ട് ചാനലുകൾ അടഞ്ഞു പോയതാണ്. ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്കടക്കം നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യാനോ പരിഹാരം കാണാനോ ആരും ഇതുവരെ തയാറായിട്ടില്ല. സി.ആർ.ഇസഡ് നിയമത്തിന്റെ പേരിൽ ലൈഫ് മിഷൻ ഭവന പദ്ധതിക്ക് പോലും പാവപ്പെട്ട മത്സ്യബന്ധനത്തൊഴിലാളികൾ അർഹരാകാറില്ല. അപ്പോഴാണ് രാഷ്ട്രീയ സാമ്പത്തിക സ്വാധീനങ്ങൾ കൊണ്ട് വൻകിട ആളുകൾ നിയമലംഘനം നടത്തുന്നതും പഞ്ചായത്തുകൾ അവ അനുവദിച്ച് കൊടുക്കുന്നതും. ആദിവാസികൾക്കായി വനാവകാശ നിയമം ഉള്ളത് പോലെ ഞങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രത്യേകം നിയമം കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ മാത്രമേ ഇപ്പോഴുള്ള സ്ഥിതിഗതികൾക്ക് മാറ്റം വരുകയുള്ളൂ.’ കാപികോ പൊളിച്ചു നീക്കിയാലും തീരാത്ത നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെ.എസ് രാജേന്ദ്രൻ പറഞ്ഞു നിർത്തി.

Also Read

6 minutes read October 18, 2022 3:23 pm