Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ മുന്നേറ്റത്തെയും ബി.ജെ.പിയുടെ തകർച്ചയെയും എങ്ങനെയാണ് വിലയിരുത്തേണ്ടത്? വർഷങ്ങളായി നടത്തുന്ന വർഗീയ ധ്രുവീകരണത്തിലൂടെ ബി.ജെ.പി ഉണ്ടാക്കിയെടുത്ത വോട്ട് ബാങ്കുകൾ തകർക്കപ്പെട്ടോ? ഹിന്ദുത്വത്തെ നേരിടാനുള്ള രാഷ്ട്രീയശേഷി കോൺഗ്രസ് രൂപീകരിക്കാൻ പോകുന്ന സർക്കാരിനുണ്ടാകുമോ? കർണ്ണാടകയിലെ പ്രമുഖ മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ ശിവസുന്ദർ സംസാരിക്കുന്നു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തെല്ലാമാണെന്നാണ് താങ്കൾ വിലയിരുത്തുന്നത്?
കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും വോട്ട് ഷെയറുകളിലൂടെ ഈ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയാം. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് ഷെയർ 38 ശതമാനം ആയിരുന്നു. 78 സീറ്റുകളാണ് കിട്ടിയത്. 2013ലെ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്താൽ 1.3 ശതമാനം വ്യത്യാസമാണ് വോട്ട് ഷെയറിലുണ്ടായത്. ബി.ജെ.പിയുടെ വോട്ട്ഷെയർ 36 ശതമാനം ആയിരുന്നു. ഇത് 2013ലെ വോട്ട് ഷെയറിനേക്കാൾ മൂന്ന് ശതമാനം കൂടുതലായിരുന്നു. അവർക്ക് കിട്ടിയത് 104 സീറ്റുകളാണ്. അവർക്കാർക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. കോൺഗ്രസും ജെ.ഡി.എസും ഒന്നിച്ച് സർക്കാർ രൂപീകരിച്ചു, ഓപ്പറേഷൻ കമലയിലൂടെ. 17ൽ അധികം എം.എൽ.എമാർ പാർട്ടി മാറി ബി.ജെ.പിയിലേക്ക് പോയി. 2018ൽ ഭരണത്തിലേറിയ ബി.ജെ.പി സർക്കാരിന്റേത് പരിപൂർണമായ ആർ.എസ്.എസ് ഭരണമായിരുന്നു, അഡ്മിനിസ്ട്രേഷൻ തലത്തിൽ. യെദ്യൂരപ്പയ്ക്ക് ശേഷം അധികാരത്തിലേറിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെ ആർ.എസ്.എസിന്റെ കയ്യിലെ കളിപ്പാവയായിരുന്നു. അഴിമതികളുടെ ഒരു പരമ്പര തന്നെ ഈ ഭരണകാലത്തുണ്ടായി. ജനവിരുദ്ധ നയങ്ങൾ ഒന്നിനുപിറകേ ഒന്നായി വന്നു. കോവിഡ് കാലഘട്ടവും ജനങ്ങളുടെ ബുദ്ധിമുട്ടുകളുടെ ആഴം കൂട്ടി. തൊഴിലില്ലായ്മ വ്യാപകമായി, സർക്കാർ നിസ്സംഗത തുടർന്നു. സമ്മർദ്ദങ്ങളുണ്ടായപ്പോഴാണ് സർക്കാർ ഈ പ്രതിസന്ധിയോട് പ്രതികരിച്ചുതുടങ്ങിയത്. കോവിഡിന് ശേഷവും സർക്കാർ ജനങ്ങളനുഭവിച്ച ദുരിതങ്ങളോട് പ്രതികരിച്ചില്ല. പെട്രോൾ വില കുറയ്ക്കാനും അവർ തയ്യാറായില്ല. ഇതെല്ലാം ജനങ്ങളിൽ ഭരണസംവിധാനത്തിനെതിരായ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പിന്നാലെ വന്നത് ചില നയങ്ങളാണ്, മതപരിവർത്തന നിരോധന ബിൽ, ഗോഹത്യാ നിരോധന ബിൽ, ഹിജാബ് നിരോധനം, ഹലാൽ വിവാദം, മുസ്ലീം കച്ചവടക്കാരെ ബഹിഷ്കരിക്കൽ… അങ്ങനെ 2023 ആയപ്പോഴേക്കും ഇതിനെല്ലാം മുകളിലായി മുസ്ലീം സംവരണം ഇല്ലാതാക്കാനുള്ള നീക്കവുമുണ്ടായി. അവർക്കുപോലും സുപ്രീംകോടതിയിൽ ഉൾപ്പെടെ ന്യായീകരിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു അബദ്ധമായി അത് മാറുകയും ചെയ്തു. സംവരണവും അവർ വർഗീയവൽക്കരിക്കാൻ ശ്രമിച്ചു എന്നതാണ്. വൊക്കലിഗ, ലിംഗായത് വിഭാഗങ്ങൾക്ക് സംവരണം നടപ്പിലാക്കാനുള്ള നീക്കം കൂടിയാണത്. അവർ കോൺഗ്രസിനോട് ഉയർത്തിയ ചോദ്യം എങ്ങനെ നിങ്ങൾ വൊക്കലിഗ, ലിംഗായത് വിഭാഗങ്ങളെ പിണക്കിക്കൊണ്ട് മുസ്ലീം സംവരണത്തെ സംരക്ഷിക്കും എന്നതാണ്.
ബി.ജെ.പിയുടെ ഓൾ ഇന്ത്യ സെക്രട്ടറി ബി.എൽ സന്തോഷ് കർണാടകയിൽ നിന്നാണ്. നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ശേഷം അധികാരശ്രേണിയിൽ മൂന്നാമത് വരുന്നത് ബി.എൽ സന്തോഷ് ആണ്. ബ്രാഹ്മണനാണ് ബി.എൽ സന്തോഷ്. യെദ്യൂരപ്പയുമായി വളരെ കടുത്ത വിരോധം സന്തോഷിനുണ്ടായിരുന്നു. സ്വന്തമായി ഒരു സംഘത്തെയുണ്ടാക്കാനാണ് ബി.എൽ സന്തോഷ് ശ്രമിച്ചത്. ആർ.എസ്.എസ് അംഗങ്ങളല്ലാത്ത ബി.ജെ.പി നേതാക്കളെ നീക്കം ചെയ്ത് പുതിയ യുവ ആർ.എസ്.എസ് കേഡർമാരെ കൊണ്ടുവന്നു. തേജസ്വി സൂര്യ, പ്രതാപ് സിൻഹ എന്നിങ്ങനെ ആർ.എസ്.എസിനോട് വളരെ വിധേയത്വമുള്ള കുറഞ്ഞത് അമ്പതോളം മത്സരാർത്ഥികളെ സന്തോഷ് തെരഞ്ഞെടുത്തു. വളരെ ആക്രമണോത്സുകരായ ആളുകളെയാണ് തെരഞ്ഞെടുത്തത്. ഉഡുപ്പിയിൽ നിന്നും ജയിച്ച യഷ്പാൽ സുവർണയെ മത്സരിപ്പിച്ചത് അങ്ങനെയാണ്. ഹിജാബ് വിവാദത്തിന് പ്രധാന കാരണമായത് യഷ്പാൽ സുവർണയാണ്. രഘുപതി ഭട്ട് എന്ന എം.എൽ.എ മാറ്റി യഷ്പാൽ സുവർണയ്ക്ക് ടിക്കറ്റ് നൽകി. അത്തരം മാറ്റങ്ങളുണ്ടാക്കിയത് ലിംഗായത് നേതാക്കൾ ഉൾപ്പെടെ പല നേതാക്കളെയും നീക്കം ചെയ്തിട്ടാണ്. ഇത് അവരിൽ വലിയ അസംതൃപ്തിയുണ്ടാക്കി.
കർണാടകത്തിലെ ഒരു ആധിപത്യ സമുദായമാണ് ലിംഗായത്. ജനസംഖ്യയുടെ 17 ശതമാനം വരും ലിംഗായത് സമുദായം. ബി.ജെ.പിക്ക് അവരുടെ പിന്തുണയുണ്ടായിരുന്നു. ലിംഗായത്തുകൾക്ക് ഇത് അപഹാസ്യമായി തോന്നി. വോട്ടിങ്ങിന് കുറച്ചു ദിവസങ്ങൾ മുമ്പ് ഒരു വാർത്താ റിപ്പോർട്ട് വെെറലായിരുന്നു. ബി.എൽ സന്തോഷ് ലിംഗായത്തുകളെക്കുറിച്ച് നടത്തിയതായി പുറത്തുവന്ന ഒരു പ്രസ്താവനയാണത്. ലിംഗായത്തുകളെ സംഘപരിവാറിനും ബി.ജെ.പിക്കും ആവശ്യമില്ല എന്നാണത്. ലിംഗായത്തുകളെ ഇനിയും പ്രീണിപ്പിക്കില്ല എന്നാണ് അവർ ഉദ്ദേശിച്ചത്. ലിംഗായത്തുകളുടെ 100 വോട്ടുകൾ ബി.ജെ.പിക്ക് കിട്ടിയിരുന്നു എങ്കിൽ, ഇത്തവണ ലിംഗായത്തുകളുടെ 30 വോട്ടുകൾ കോൺഗ്രസിന് പോയി എന്നാണ് കണക്കാക്കപ്പെടുന്നത്. ദലിതരുടെ സംവരണത്തെ കുറിച്ചും പ്രശ്നമുണ്ടായി. എസ്.സി സംവരണത്തിന്റെ ഇന്റേണൽ റീക്ലാസിഫിക്കേഷൻ സംബന്ധിച്ച്. ഈ കാര്യത്തിലും അവർ ഇടപെടാൻ ശ്രമം നടത്തിയിരുന്നു. അതേപ്പറ്റി എത്രത്തോളം വിവരങ്ങൾ പുറത്തുവന്നു എന്നതിൽ ഉറപ്പില്ല. കൂടുതൽ വിശദമായ വിശകലനം ഇതിൽ ഉണ്ടാകാൻ പോകുന്നതേയുള്ളൂ.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന അഞ്ച് വാഗ്ദാനങ്ങളുണ്ടായിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ കുടുംബനാഥയ്ക്ക് 2000 രൂപ സ്റ്റെപെന്റ് നൽകുമെന്ന് കോൺഗ്രസ് പറഞ്ഞു, അതോടൊപ്പം 10 കിലോ അരിയും. ഇതും സ്ത്രീ വോട്ടർമാരെ കോൺഗ്രസിലേക്ക് ആകർഷിച്ചിട്ടുണ്ടാകാം. ഒരു സർവ്വേ പറയുന്നത് 11 ശതമാനത്തിൽ കൂടുതൽ സ്ത്രീകൾ കോൺഗ്രസിന് വോട്ടുചെയ്തു എന്നാണ്. ജെ.ഡി.എസിന് 13 ശതമാനം വോട്ട് ഷെയറാണ് കിട്ടിയത്. 1999ൽ പാർട്ടി രൂപീകരിച്ചതിന് ശേഷം ലഭിച്ച ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണിത്. പാർട്ടി രൂപീകരിച്ച സമയത്ത് 10 ശതമാനം ആയിരുന്നു വോട്ട് ഷെയർ. 18 ശതമാനം മുതൽ 20 ശതമാനം വരെ വോട്ട് ഷെയർ അവർക്ക് ലഭിച്ചിരുന്നു. മുസ്ലീം വോട്ടർമാർ ജെ.ഡി.എസിനെ പൂർണമായും ഉപേക്ഷിച്ചു എന്നു വേണം കരുതാൻ.
ബി.ജെ.പിയുടെ വർഗീയതയോടും നയനിർമാണങ്ങളോടും ജെ.ഡി.എസിന്റെ സമീപനം എങ്ങനെയുള്ളതായിരുന്നു?
അത്തരം പ്രവൃത്തികളെ അവർ അപലപിച്ചിട്ടുണ്ടെങ്കിലും ജെ.ഡി.എസിന്റെ ചരിത്രത്തിൽ ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്. 2006ൽ എച്ച്.ഡി കുമാരസ്വാമി കോൺഗ്രസും ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചിരുന്നു. 2018നും 2019നും ഇടയിൽ രണ്ടോ മൂന്നോ ജെ.ഡി.എസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നിരുന്നു. മതേതരത്വത്തിന്റെ കാര്യത്തിൽ ജെ.ഡി.എസിനെ വിശ്വസിക്കാൻ കഴിയാത്തതാകണം, മുസ്ലീം വോട്ടർമാർ ജെ.ഡി.എസിനെ തള്ളിക്കളയാൻ കാരണം. മുസ്ലീംങ്ങളുടെ നയപരമായ വോട്ടിങ് നടന്നിട്ടുണ്ട് എന്നതാണ് മറ്റൊരു ഘടകം. തീരദേശ കർണാടകത്തിൽ ഒഴികെ മറ്റ് അഞ്ച് മേഖലകളിലും- ഹെെദരാബാദ് കർണാടക, ബോംബെ കർണാടക, ബംഗളൂരു ബി.ജെ.പിക്ക് 15 സീറ്റും കോൺഗ്രസിന് 13 സീറ്റും കിട്ടി. ഓൾഡ് മെെസൂർ ഏരിയയിൽ കൂടുതൽ സീറ്റുകൾ കിട്ടാറുള്ള ബി.ജെ.പിക്ക് സീറ്റുകൾ കുറഞ്ഞിട്ടുണ്ട്. ജെ.ഡി.എസും വൊക്കലിഗരും ശക്തസാന്നിധ്യമായ ഓൾഡ് മെെസൂരിൽ കോൺഗ്രസ് സ്വാധീനം നേടി. ബി.ജെ.പിക്ക് 36 ശതമാനം വോട്ട് ഷെയർ ഇപ്പോഴും ദൃഢമാണ് എന്നത് ഒരു മുന്നറിയിപ്പാണ്. ജനങ്ങളുടെ വികാരം എതിരായിട്ടും അവരുടെ വോട്ട് ഷെയറിൽ കുറവുണ്ടായിട്ടില്ല. അത് അർത്ഥമാക്കുന്നത് അവർക്ക് ഉറച്ചൊരു വോട്ട് ബേസ് ഉണ്ടെന്നാണ്. അത് മാറുന്നില്ല. 1999നും 2023നും ഇടയിൽ കോൺഗ്രസിന്റെ വോട്ട് ഷെയറിൽ വലിയ വ്യതിയാനമുണ്ടായിട്ടുണ്ട്. 35 ശതമാനത്തിൽ നിന്നും 43 ശതമാനത്തിലേക്ക്. കോൺഗ്രസിന്റെ ഈ വോട്ട് ഷെയർ ഉറച്ചുനിൽക്കണമെന്നില്ല. ഉത്തർപ്രദേശിലും ഗുജറാത്തിലും സമാനമായ പ്രവണതയാണ് കാണുക. അതിവിടെയും തുടരുന്നു. കോൺഗ്രസിന്റെ വിജയത്തിൽ കൂടുതൽ വിശ്വാസമുറപ്പിക്കാൻ കഴിയില്ല. മറ്റ് രണ്ട് കാര്യങ്ങൾ കൂടെയുണ്ട്. ബി.ജെ.പി എപ്പോഴെല്ലാം പരാജയം നേരിട്ടിട്ടുണ്ടോ അതിനെത്തുടർന്നെല്ലാം വർഗീയധ്രുവീകരണത്തിൽ തീവ്രതയുണ്ടായിട്ടുണ്ട്. കോൺഗ്രസിന്റെ നിയോലിബറൽ നയങ്ങൾ അടുത്ത ഒരു വർഷത്തിനുള്ളിൽ ജനങ്ങളിൽ വിരുദ്ധ വികാരമുണ്ടാക്കാൻ സാധ്യതയുണ്ട്. ഈ വിജയത്തിന്മേൽ നടക്കുന്ന ലിബറൽ ആഘോഷങ്ങൾക്കിടയിൽ ഇത്തരം അപകടങ്ങളെ ആളുകൾ ശ്രദ്ധിക്കാതെ പോയേക്കാം. അതിനാൽ ഞാനത് ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു.
2018ൽ ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ കർണാടകത്തിലെ രാഷ്ട്രീയാന്തരീക്ഷം എങ്ങനെയായിരുന്നു? പ്രത്യേകിച്ച് വർഗീയ ആൾക്കൂട്ട ആക്രമണങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും കാര്യത്തിൽ?
2013-2018 കാലയളവിൽ അവർ അധികാരത്തിലുണ്ടായിരുന്നില്ല. ഈ കാലയളവിലാണ് ഏറ്റവും കൂടുതൽ വർഗീയ ആക്രമണങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും സംസ്ഥാനത്ത് ഉണ്ടായത്. തുടർച്ചയായ ആക്രമണങ്ങളാണ് അരങ്ങേറിയത്. അധികാരത്തിലെത്തിയപ്പോൾ അവർ ആൾക്കൂട്ട കൊലപാതകങ്ങളെ നിയമപരമാക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. ഉദാഹരണത്തിന് ഗോഹത്യാ നിരോധന ബിൽ. ഈ ബിൽ സ്വകാര്യവ്യക്തികൾക്ക് പശുക്കളെ ട്രാൻസ്പോർട്ട് ചെയ്യുന്നവരെ പൊലീസിലേൽപ്പിക്കാനുള്ള അധികാരമാണ് നൽകുന്നത്. മുമ്പ് ഹിജാബ് ധാരികളായ സ്ത്രീകളെ തെരുവിൽ ആക്രമിച്ചിരുന്നുവെങ്കിൽ അധികാരത്തിലെത്തുമ്പോൾ അവർ ചെയ്തത് ഹിജാബ് നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവരികയാണ്. ബജറംഗദളിന്റെ ആളുകൾക്കുമേലുള്ള എഫ്ഐആറുകളുടെ എണ്ണം 2,500ന് അടുത്തായിരുന്നു. ഈ കേസുകളെല്ലാം ബി.ജെ.പി ഗവണ്മെന്റ് റദ്ദാക്കി.
യുവാക്കളുടെ വോട്ട് എത്രത്തോളം കോൺഗ്രസിന്റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത് ?
ബി.ജെ.പിക്ക് ഇത്തവണ കുറേയധികം യുവാക്കളെ ആകർഷിക്കാൻ കഴിഞ്ഞുകാണണമെന്നില്ല. മോദിയും അമിത്ഷായും കർണാടകത്തിൽ ക്യാമ്പ് ചെയ്തിരുന്നു. ചിലപ്പോൾ അവർ വന്നില്ലായിരുന്നെങ്കിൽ വോട്ട് ഷെയർ കുറയാനും സാധ്യതയുണ്ട്. അവരുടെ ക്യാമ്പിങ് എത്രത്തോളും യുവാക്കളെ സ്വാധീനിച്ചു എന്നുള്ളത് വിശദമായ പരിശോധന ആവശ്യമുള്ള കാര്യമാണ്. വരും ദിവസങ്ങളിൽ അത്തരം വിശദാംശങ്ങൾ നമുക്ക് അറിയാൻ കഴിയും.
ബജറംഗദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്നുവെന്ന പ്രചരണത്തിലെ വസ്തുതയെന്താണ്?
സംസ്ഥാന സർക്കാരിന് ഒരു സംഘടനയെ നിരോധിക്കാൻ കഴിയില്ല. കേന്ദ്രസർക്കാരിനോട് നിരോധിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കാനേ സംസ്ഥാന സർക്കാരിന് കഴിയൂ. കേന്ദ്രസർക്കാർ അതൊരിക്കലും ചെയ്യില്ല. മാനിഫെസ്റ്റോയിൽ അവർ പറഞ്ഞത് പി.എഫ്.ഐ, ബജറംഗദൾ പോലുള്ള സംഘടനകൾ ഭരണഘടനയ്ക്കെതിരെ പ്രവർത്തിച്ചാൽ കടുത്ത നടപടിയെടുക്കുമെന്നാണ്. അല്ലാതെ ബജറംഗദളിനെതിരെ പ്രത്യേകിച്ച് നടപടിയെടുക്കുമെന്നല്ല.
കോൺഗ്രസിന്റെ വിജയത്തിൽ ഭാരത് ജോഡോ യാത്രയ്ക്ക് എത്രത്തോളം സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്?
ഭാരത് ജോഡോ യാത്ര കോൺഗ്രസ് പാർട്ടിയെ ഊർജിതമാക്കുകയാണ് ചെയ്തത്. ഇരുപത്തിമൂന്ന് ദിവസം നീണ്ടുനിന്ന ഇത്തരമൊരു വലിയ റാലി കുറേ കാലങ്ങൾക്ക് ശേഷം നടക്കുകയാണല്ലോ. ഭാരത് ജോഡോ യാത്ര കോൺഗ്രസ് പാർട്ടിയെയും കോൺഗ്രസ് നേതാക്കളെയും ഊർജിതരാക്കി എന്ന് കാണാം. പക്ഷേ കർണാടകത്തിലെ ജനങ്ങളിൽ അതിന് വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ അഭിപ്രായത്തിൽ ഭാരത് ജോഡോ യാത്ര രാഷ്ട്രീയ പ്രതിരോധ ശബ്ദങ്ങളെ കോൺഗ്രസെെസ് ചെയ്യുകയാണ് ചെയ്തത്. മതേതര, രാഷ്ട്രീയ വിമതത്വം കോൺഗ്രസെെസ് ചെയ്യപ്പെട്ടു. കർണാടകയുടെ രാഷ്ട്രീയത്തിൽ ദീർഘകാലത്തേക്ക് അതിന്റെ പ്രതിഫലനങ്ങളുണ്ടാകും. ഭാരത് ജോഡോ യാത്ര കോൺഗ്രസ് പാർട്ടിയുടെ പരിപാടി മാത്രമായി ആയിരുന്നില്ല നടക്കേണ്ടിയിരുന്നത്. കോൺഗ്രസിന് പൗരസമൂഹത്തെ കൂട്ടിച്ചേർത്തുകൊണ്ട് നടത്താമായിരുന്നു അത്. ഈ യാത്രയിലുടനീളം കർണാടകയിൽ സംഭവിച്ചത് സ്വതന്ത്ര കാഴ്ചപ്പാടുള്ള, ഇടതു ചിന്തകരായ, നിയോലിബറൽ-ഫാസിസ്റ്റ് നയങ്ങളെ എതിർത്തിരുന്ന ജനങ്ങൾ, കോൺഗ്രസിനെയും വിമർശിച്ചിരുന്ന ജനങ്ങൾ കോൺഗ്രസിനോടൊപ്പം ചേർന്നു. തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിച്ചു. സി.പി.ഐ കോൺഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് ഹെഡ് ക്വാട്ടേഴ്സിൽ അവർ ഒരു പ്രസ് കോൺഫറൻസ് നടത്തി. കോൺഗ്രസിൽനിന്നും പിന്തുണ പ്രതീക്ഷിക്കാത്ത ഏഴ് മണ്ഡലങ്ങളിൽ അവർ മത്സരിക്കുന്നുണ്ടെന്ന് അറിയിച്ചു. മറ്റ് മണ്ഡലങ്ങളിൽ അവർ നിരുപാധിക പിന്തുണ അറിയിച്ചു. സി.പി.ഐഎം കോൺഗ്രസിനും ജെ.ഡി.എസിനും പിന്തുണ പ്രഖ്യാപിച്ചു. സി.പി.ഐയോടും സി.പി.എമ്മിനോടും ചേരാത്ത ഇടതു പുരോഗമന വ്യക്തികൾ ‘എദ്ദേളു കർണാടക’ (ഉണരൂ കർണാടക) എന്ന സഖ്യം രൂപീകരിച്ച് കോൺഗ്രസിന് പിന്തുണ നൽകി. ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കണം എന്ന നിലപാടിലായിരുന്നു അവർ. സ്വതന്ത്രമായി ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തുന്നതിന് പകരം അവർ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണ് ചെയ്തത്. കോ-ഓപ്ഷനാണ് ഇവിടെ സംഭവിച്ചത്.
ബി.ജെ.പി നടത്തിയ നിയമ നിർമ്മാണങ്ങളിലും ബില്ലുകളിലും വിദ്വേഷ പ്രചരണങ്ങളിലും ഇനി കോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനങ്ങൾ എങ്ങനെയെല്ലാം നിർണ്ണായകമാകും ?
ഹിജാബ് നിരോധനത്തിനെതിരെയുള്ള കേസ് സുപ്രീംകോടതിയിലാണ്. മുസ്ലീം സംവരണ വിഷയവും സുപ്രീംകോടതിയിലാണ്. ഇവയിൽ പുതിയ സർക്കാരിന് നേരിട്ട് ഇടപെടാൻ കഴിയില്ല. ഹലാൽ, ആസാൻ എന്നിവയ്ക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങൾ ഇനിയും നിയമനിർമ്മാണത്തിന്റെ രൂപത്തിലേക്കെത്തിയിട്ടില്ല. മതപരിവർത്തന ബിൽ, ഗോഹത്യാ നിരോധന ബിൽ എന്നിവയിൽ അവർക്ക് എന്തുചെയ്യാൻ കഴിയുമെന്നാണ് അറിയേണ്ടത്. ബിൽ ഭേദഗതി ചെയ്യുമോ അഥവാ ചെയ്യുന്നുണ്ടെങ്കിൽ അത് 2024ന് മുമ്പ് ചെയ്യുമോ എന്നെല്ലാം. കോൺഗ്രസിനെതിരെ തിരിയാനും കൂടുതൽ ധ്രുവീകരണങ്ങളുണ്ടാക്കാനും സംഘപരിവാർ ശ്രമിക്കും എന്നതിനാൽ കോൺഗ്രസ് ചിലപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കാത്തുനിന്നേക്കാം.
മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രസിഡന്റ് സ്ഥാനം എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് ഈ തെരഞ്ഞെടുപ്പിൽ?
മല്ലികാർജ്ജുൻ ഖാർഗെ ഹെെദരാബാദ് കർണാടക പ്രദേശത്തുനിന്നുള്ള കോൺഗ്രസിന്റെ വലിയൊരു നേതാവാണ്. കോൺഗ്രസിന്റെ ദലിത് അനുകൂല ഇമേജ് മേക്കോവറിനെ ഇത് സഹായിച്ചിട്ടുണ്ടാകണം. കോൺഗ്രസ് പാർട്ടിയെ നിർമ്മിച്ചെടുത്തവരിൽ ഒരാളാണ്, ബഹുമാന്യനാണ്. ചില മണ്ഡലങ്ങളിൽ തീർച്ചയായും സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം. നാൽപതോളം മണ്ഡലങ്ങളാണ് ഹെെദരാബാദ് കർണാടകയിലുള്ളത്. ഇവിടെയുള്ള മുപ്പതോളം മണ്ഡലങ്ങളിലുള്ള ദലിതരെയും കന്നഡ സ്വത്വത്തിൽ അഭിമാനികളായവരെയും അത് സ്വാധീനിച്ചിട്ടുണ്ടാകണം. ഈ വിഷയത്തോട് പ്രതികരിക്കാൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണ്.
കർണാടകത്തിലെ അബ്രാഹ്മണ ജാതികൾക്കുമേൽ നടന്നുകൊണ്ടിരിക്കുന്ന ബ്രാഹ്മണ്യവൽക്കരണത്തെക്കുറിച്ച് നമ്മൾ മുമ്പ് സംസാരിച്ചിട്ടുണ്ടല്ലോ. കോൺഗ്രസിന്റെ ഭരണകാലത്ത് ഇതിൽ എത്രത്തോളം മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്?
ബ്രാഹ്മണ്യ സാമൂഹ്യക്രമത്തെ ചോദ്യം ചെയ്യുന്ന നടപടികൾ കോൺഗ്രസ് കെെക്കൊള്ളാറില്ല. വളരെ ചെറിയ ഉദാഹരണമാണ് അവർ സാമ്പത്തിക സംവരണ വിധിയെ സ്വാഗതം ചെയ്തത്. സുപ്രീംകോടതിയിൽ നിന്നുണ്ടായ തീരുമാനത്തെ ആദ്യം സ്വാഗതം ചെയ്തത് മല്ലികാർജുൻ ഖാർഗെയാണ്. കോൺഗ്രസ് പാർട്ടി 2013ൽ തയ്യാറാക്കിയ ബില്ലാണ് 2019ൽ മോദി പാസാക്കിയത്. അവർ തുറന്ന ആക്രമണങ്ങൾ നടത്തുന്നില്ല എന്നതൊരു യാഥാർത്ഥ്യമാണ്. അതിനാൽ ബി.ജെ.പി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ തുടരും, കോൺഗ്രസ് അതിനോട് എങ്ങനെ ഇനി പ്രതികരിക്കും എന്നതൊരു ചോദ്യമാണ്. ഹിന്ദുത്വത്തെ നേരിടേണ്ടത് ബ്രാഹ്മണ്യ വിരുദ്ധ ആശയങ്ങളിലൂടെയാണ്. കോൺഗ്രസിൽ നിന്നും അത് പ്രതീക്ഷിക്കാൻ കഴിയുമോ എന്നറിയില്ല.