“തെളിവുകൾ ജീവനോടെയുണ്ട് സർ”

“നമ്മളെ തൊലി ബെൾത്തിറ്റായതോണ്ട് കർണാടത്ത്ന്ന് ബന്നവറ് എന്ന പോലെയാണ് വില്ലേജ് ഓപ്പീസില്ലപ്പ്യ ഞങ്ങളോട് പെര്മാറ്ന്നത്. കറ്ത്ത നെറല്ലാത്തത് കൊണ്ട് അവറ്ക്ക് നമ്മള ആദിവാസികളായിറ്റ് തോന്ന്ന്നില്ല.…” ചുട്ട ഉണക്കമീനും മുളക് ചമ്മന്തിയും കഞ്ഞിയും വിളമ്പിത്തരുമ്പോൾ സുന്ദരൻ കമ്മാടി പറഞ്ഞുകൊണ്ടിരുന്നത് താൻ ഉൾപ്പെടെയുള്ള മലക്കുടിയ ഗോത്ര ജനത ഇവിടെ ജീവിക്കുന്നുവെന്ന് തെളിയിക്കാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളെക്കുറിച്ചായിരുന്നു. “നമ്മള് പത്ത് നൂറ് കൊല്ലങ്ങളായിറ്റ് ഈടത്തന്നെ ജനിച്ച് വളർന്നവറെന്നെ.”

റബ്ബർക്കാടുകൾ കരിമ്പച്ച വിരിച്ച കുന്നുകളുടെ കോട്ടയാണ് മൂന്ന് ഭാഗത്തും. മരങ്ങൾ കർണ്ണാടകയിൽ നിന്നും ഇറങ്ങിവന്ന കോടമഞ്ഞിന്റെ കമ്പിളി പുതച്ചിരുന്നു. അട്ടകളും ചീവീടുകളും തേയിലക്കൊതുകുകളും നിറഞ്ഞ റബ്ബർ തോട്ടങ്ങളിലൂടെ, കരിങ്കല്ല് പാകിയ നടപ്പാതയിലെ കയറ്റിറക്കങ്ങൾ താണ്ടണം കമ്മാടി മലഞ്ചെരിവിലുള്ള മലക്കുടിയ കോളനിയിലെത്താൻ.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ​ഗോത്രവർ​ഗമാണ് കാസർഗോഡ് ജില്ലയിലെ മലക്കുടിയ സമുദായം. കാസർഗോട്ടെ ജില്ലാ ആസ്ഥാനത്ത് നിന്ന് നൂറ് കിലോമീറ്ററോളം അകലെയാണ് കമ്മാടി മലക്കുടിയ കോളനി സ്ഥിതി ചെയ്യുന്നത്. കേരള അതിർത്തിയിലെ പാണത്തൂരിൽ നിന്നും കർണ്ണാടകയിലെ സുള്ള്യയിലേക്കുള്ള ബസിൽ 12 കിലോമീറ്റർ കുത്തനെ മല കയറ്റം. കല്ലപ്പള്ളിയിലെ ബാലന്റെ പീടികയുടെ മുന്നിൽ ഇറങ്ങി ഇരുചക്ര വാഹനങ്ങൾ പോലും പോകാൻ മടിക്കുന്ന ചെമ്മൺ റോഡിലൂടെ ആറ് കിലോമീറ്റർ നടക്കണം കോളനിയിലെത്താൻ. പഞ്ചായത്ത്‌ ആസ്ഥാനത്തേക്ക് കോളനിയിൽ നിന്നും 22 കിലോമീറ്റർ ദൂരം. വില്ലേജ് ഓഫീസിലേക്ക് 18 കിലോമീറ്ററും. ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസ് 100 കിലോമീറ്ററോളം അകലെയാണ്. താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്ക് എത്താൻ നാല് ബസുകൾ കയറിയിറങ്ങി 60 കിലോമീറ്ററോളം സഞ്ചരിക്കണം. കേരളത്തിന്റെ ഭൂപടത്തിൽ ഇങ്ങനെയൊരു ദേശമുണ്ടെന്നു അറിയുന്നവർ വിരളം.

സുന്ദരൻ

നൂറ്റാണ്ടുകളായി ഇവിടെ കഴിയുന്ന മലക്കുടിയ ഗോത്ര ജനത ജീവിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താൻ തെളിവുകൾ ഹാജരാക്കേണ്ട ഗതികേടിലാണ് ഇപ്പോൾ. “നിന്നെ കണ്ടാലാരും എസ്.ടിയാന്ന് പറയില്ലല്ലോ..?” പലതവണ ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട കമ്മാടി കോളനി നിവാസിയായ പുഷ്പയോട് ഏറ്റവും ഒടുവിൽ വില്ലേജ് ഓഫീസർ ചോദിച്ചത് ഇങ്ങനെയായിരുന്നു. ആദിവാസികളുടെ രൂപത്തെക്കുറിച്ച് മുൻധാരണകൾ വച്ചുപുലർത്തുന്ന ഉദ്യോഗസ്ഥർക്ക് തൊലി വെളുത്തതും വ്യത്യസ്തവുമായ മലക്കുടിയ സമൂഹത്തിന്റെ ശരീരഘടന ഉൾകൊള്ളാനാവുന്നില്ല എന്നതാണ് പ്രശ്നം. ഇക്കാരണത്താൽ ജാതി സർട്ടിഫിക്കറ്റ് കിട്ടാത്ത നിരവധിയാളുകളെ കാണേണ്ടി വന്നു ഈ യാത്രയിൽ. വംശവെറിയുടെ അവശിഷ്ടങ്ങൾ ഇന്നും ഉള്ളിൽ പേറി നടക്കുന്ന ഉദ്യോഗസ്ഥരും പട്ടികവർഗ്ഗ ക്ഷേമത്തിന്റെ പേരിൽ ശമ്പളം പറ്റി ജീവിക്കുന്നവരും ഗോത്ര ജനതയെന്ന നിലയിൽ മലക്കുടിയ സമുദായത്തിനു ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. മക്കളെ സ്കൂളിൽ ചേർക്കാനും ആദിവാസികൾ എന്ന നിലയിൽ കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭിക്കാനും പട്ടികവർഗ്ഗ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ അവർ തെളിവ് ചോദിക്കും, അതല്ലെങ്കിൽ അപേക്ഷയിൽ ഊരാക്കുടുക്കുകളുടെ ‘ക്വറി ‘ചാർത്തി മേലാപ്പീസിലേക്ക് അയക്കും.

“കൊറേ നടന്നിട്ടും സർട്ടിപ്പിക്കറ്റ് കിട്ടാത്തവറ്ണ്ട്. പിന്നബാ എന്ന് പറഞ്ഞ് പറഞ്ഞ് അപേക്ഷ വെച്ച് താമസിപ്പിക്ക്ന്ന്ണ്ട്… മതിയായ രേഖയില്ല എന്ന് പറഞ്ഞിട്ട് അപേക്ഷ വില്ലേജാപ്പീസ്ന്ന് താലൂക്കാപ്പീസിലേക്ക് അയക്ക്ന്ന്ണ്ട്… അവ്ടെ സംശയണ്ട്ന്ന് പറഞ്ഞ് അത് പെന്റിങ് ആക്കും, ലാസ്റ്റ്ല് നമ്മള് സർട്ടിഫിക്കറ്റ് വേണ്ടാന്ന് വെക്കും…” കമ്മാടി കോളനി നിവാസിയായ സുന്ദരൻ ജാതി തെളിയിക്കാനുള്ള പ്രയാസങ്ങൾ വിവരിച്ചു. “കോളനീലെ ഇസ്കൂളിലെ കുട്ടികൾക്ക് സർട്ടിഫിക്കേറ്റ് കിട്ടാൻ തന്നെ നല്ല പണിയെട്ത്തു. ഒന്നാം ക്ലാസ്ല് ചേർക്ക്മ്പ സ്റ്റയിപ്പന്റിന് സർട്ടിഫിക്കേറ്റ് വേണല്ലോ…” ട്രൈബൽ പ്രമോട്ടർ ആയിരുന്ന സുന്ദരൻ തുടർന്നു.

“ഇവരെ പട്ടികവർഗ്ഗമായി അംഗീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. നേരത്തെ ഇത്തരം സർട്ടിഫിക്കറ്റ് കിട്ടിയതായി തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്നാണ് ഉദ്യോഗസ്ഥർ ചോദിക്കാറുള്ളത്. പലപ്പോഴും അങ്ങനെയൊരു രേഖയുണ്ടാവില്ല. പഴയ രേഖയുടെ പകർപ്പ് ഉണ്ടായാലും അതിൽ പറയുന്നയാൾ അപേക്ഷകൻ തന്നെയാണെന്ന് തെളിയിക്കാനും രേഖ വേണ്ടിവരും…” കമ്മാടി ഏകാദ്ധ്യാപക വിദ്യാലയത്തിൽ അദ്ധ്യാപകനായ എം.കെ ഭാസ്കരൻ പറഞ്ഞു.

കെ.ബി വെള്ളിയപ്പ

ആദിവാസികൾക്കായി സർക്കാർ പ്രഖ്യാപിക്കുന്ന വികസനപദ്ധതികളുടെ ആനുകൂല്യങ്ങളൊന്നും കമ്മാടിയിലെ മലക്കുടിയർക്ക് ലഭിക്കാറില്ല. “വില്ലേജാപ്പീസറ്മാര് ഏതോ നാട്ട്ന്ന് മാറി മാറി വെര്ന്നവരെല്ലേ? അത് മാത്തറല്ല, അവര്ങ്ങനെ ഓപ്പീസില് ഇരിക്ക്ന്നതല്ലാതെ ജെനങ്ങള കാൺന്നില്ലല്ലോ? പിന്ന അവര്ടെ അസിസ്റ്റണ്ട്മാര്ണ്ട് അവര്ക്ക് എന്തങ്കിലും ചില്ലറ കൊട്ക്ക്ന്ന പ്യക്ക് സർട്ടിഫിക്കേറ്റ് ശെരിയാക്കി കൊട്ക്കും…” സുന്ദരൻ ജാതി സർട്ടിഫിക്കറ്റ് നിഷേധത്തിന്റെ ഉള്ളുകള്ളികൾ വെളിപ്പെടുത്തി. കോളനിയിലെ കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന മൾട്ടിഗ്രേഡ് ലേണിംഗ് സെന്റർ എന്ന് ഔദ്യോഗിക ഭാഷയിൽ വിളിക്കുന്ന ഏകാദ്ധ്യാപകവിദ്യാലയവും അംഗണവാടിയുമാണ് കമ്മാടിയിൽ ആകെയുള്ള സർക്കാർ സ്ഥാപനങ്ങൾ. നാലാം ക്ലാസ്സ്‌ വരെയുള്ള ഏകാദ്ധ്യാപകവിദ്യാലയത്തിൽ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഉപരിപഠനത്തിന് 20 കിലോമീറ്റർ പിന്നിട്ട് പാണത്തൂർ ചിറങ്കടവിലെ ഹൈസ്കൂളിൽ എത്തണം.

“കല്ലപ്പള്ളി വെരെ ആറ് കിലോമീറ്ററ് രാവിലെയും വൈയിട്ടും കുട്ട്യള് നടക്കും. ആട്ന്ന് പാൺത്തൂർക്ക് ബസ്ണ്ട്. അത് ഇസ്കൂള് ടൈമിന് ബെരൂല. നടക്കാൻ പറ്റാണ്ട് കൊറേ കുട്ട്യള് പടിപ്പ് നിറ്ത്തി.” കോളനി മൂപ്പൻ കെ.ബി വെള്ളിയപ്പ പറഞ്ഞു. നേരത്തെ, സ്വകാര്യവ്യക്തിയുടെ പന്നി ഫാമിൽ പ്രവർത്തിച്ചിരുന്ന ഏകാദ്ധ്യാപകവിദ്യാലയത്തിന് കെട്ടിടം നിർമ്മിക്കാൻ 2010ൽ ഫണ്ട്‌ അനുവദിച്ചിരുന്നു. ആ പ്രഖ്യാപനം ഇപ്പോഴും കടലാസിലാണ്.

കോളനിയിലേക്കുള്ള റോഡ്

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽപ്പെട്ട പനത്തടി പഞ്ചായത്തിൽ, ആറാം വാർഡിലാണ് കേരളത്തിലെ ഏക മലക്കുടിയ കോളനി. കർണാടകയിലെ കുടക് ജില്ലയിലും ദക്ഷിണ കന്നട ജില്ലയിലെ മംഗലാപുരം, സുള്ള്യ ഭാഗങ്ങളിലും മാത്രമാണ് മലക്കുടിയ ഗോത്രം ജീവിക്കുന്നത്. “ഗോത്ര ജനവിഭാഗത്തിൽപ്പെട്ട, കേരളത്തിലെ മറാത്തികളുടെ കൂട്ടത്തിൽപ്പെടുത്തിയാണ് മറ്റുള്ളവർ ഇവരെയും പരിഗണിക്കുന്നത്. അതുകൊണ്ട് ഇവർക്ക് ജാതീയമായ വിവേചനം കൂടുതലായി അനുഭവിക്കേണ്ടി വരുന്നില്ല. പുനം കൃഷിയായിരുന്നു ഇവരുടെ പ്രധാന ജീവിതമാർഗ്ഗം. കാട്ടുതേൻ ഉൾപ്പെടെയുള്ള വനവിഭവങ്ങൾ ശേഖരിച്ചു വിറ്റും ഇവർ ജീവിതമാർഗ്ഗം കണ്ടെത്തിയിരുന്നു.” നരവംശശാസ്ത്ര ഗവേഷകനായിരുന്ന സുരേഷ് പാണത്തൂർ പറഞ്ഞു. മലക്കുടിയരിൽ ഭൂരിഭാഗവും കർഷകരും സമീപപ്രദേശങ്ങളിലെ തോട്ടങ്ങളിൽ കർഷകത്തൊഴിലാളികളുമാണ്. കമ്മാടിയിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ കുറവായതിനാൽ സർക്കാർ ജോലി നേടിയവർ അധികമില്ല. എൽ.എൽ.ബി. ബിരുദം നേടിയ സുന്ദരൻ കമ്മാടിയാണ് കോളനിയിൽ ഉയർന്ന വിദ്യാഭ്യാസ യോ​ഗ്യത നേടിയ ഒരാൾ. ഇപ്പോൾ കോളനിയിലെ മൂന്ന് പെൺകുട്ടികൾ ബി.കോം പഠനം നടത്തുന്നുണ്ടെന്ന് സുന്ദരൻ പറഞ്ഞു. സുന്ദരന്റെ മകൾ അനുശ്രീ കാസർഗോഡ് മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്. “കർണാടകയുടെ അതിർത്തി പങ്കിടുന്ന മേഖലയിൽ താമസിക്കുന്നവരായതുക്കൊണ്ടാണ് കമ്മാടിയിലെ മലക്കുടിയ സമുദായത്തിന് പട്ടികവർഗ്ഗ സർട്ടിഫിക്കറ്റ് ലഭിക്കാൻ പ്രയാസമുണ്ടായതെന്നും സുരേഷ് പാണത്തൂർ പറയുന്നു. മലകുടിയർ സംസാരിക്കുന്നത് കൊടവ ഭാഷയിലാണ്. അത് ലിപിയില്ലാത്ത ഭാഷയായത് കൊണ്ട് എഴുത്തും വായനയും കന്നട ലിപിയിലാണ്.

കമ്മാടി മലക്കുടിയ കോളനിയിലെ ദൃശ്യം

“കമ്മാടിയിൽ നിന്ന് ഒരു കിലോമീറ്ററോളം നടന്നാൽ കർണാടകയിൽ എത്താം. കമ്മാടി മലക്കുടിയ കോളനി നിവാസികളിൽ പലരുടെയും ബന്ധുക്കൾ അവിടെയുണ്ട്. കർണാടകയിലുള്ളവരുമായി ഇവർക്ക് വൈവാഹിക ബന്ധങ്ങളുമുണ്ട്. ആദ്യ കാലങ്ങളിൽ ഇവർക്ക് ജാതി സർട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. സ്കൂളിൽ പോകാൻ തുടങ്ങിയതോടെയാണ് സർട്ടിഫിക്കറ്റിന്റെ പ്രശ്നം തുടങ്ങിയത്.” കിർതാഡ്സ് റിസർച്ച് അസിസ്റ്റന്റ് കൂടിയായ സുരേഷ് വ്യക്തമാക്കി. മലക്കുടിയർ ദ്രാവിഡ ഗോത്രമല്ല, ആര്യ സംസ്കാരമുള്ള ആദിവാസികളാണെന്നും സുരേഷ് പറഞ്ഞു. ‘ഗുരി കാര’എന്നു വിളിക്കുന്ന കോളനി മൂപ്പനാണ് സമുദായചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നതും കോളനിയിലെ മറ്റ് അംഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതും. കെ.ബി വെള്ളിയപ്പയാണ് ഇപ്പോൾ കമ്മാടി മലക്കുടിയ കോളനി മൂപ്പൻ.

വിവാഹ വേളകളിലും മരണാനന്തര ചടങ്ങുകളുടെ ഭാഗമായും പെൺകുട്ടികൾ ഋതുമതികളാകുമ്പോഴുള്ള തിരണ്ട് കല്യാണത്തിനും ഇവർ തുടി കൊട്ടിപ്പാടി നൃത്തം ചവിട്ടും. മലക്കുടിയ സമുദായത്തിന്റെ പ്രധാന ആഘോഷങ്ങൾ ഇതാണ്. മുതിർന്ന പുരുഷന്മാർ തുടി കൊട്ടുമ്പോൾ സ്ത്രീകളും കുട്ടികളും അതിനൊപ്പം പാട്ടുപാടി ചുവടുവെക്കും. നൃത്തം തുടങ്ങുന്നതിനുമുമ്പ് പന്തലിന് നടുവിലായി ഒരു വാഴപ്പഴക്കുല കെട്ടിത്തൂക്കും നൃത്തത്തിനിടയിൽ ഓരോരുത്തരും ഉയരത്തിൽ ചാടി അതിൽ നിന്ന് പഴങ്ങൾ പറിച്ചു ശേഖരിച്ചു കൈയിൽ വെക്കും. ഒടുവിൽ അവരവർക്ക് ആവശ്യമുള്ളതെടുത്ത് ബാക്കി മറ്റുള്ളവർക്ക് വീതിച്ചു കൊടുക്കും. കുടിയ നൃത്തം എന്നാണ് ഇത് അറിയപ്പെടുന്നത്. കമ്മാടി കോളനിയിൽ ഇപ്പോൾ തുടി കൊട്ടിപാടാൻ അറിയുന്ന ഒന്നോ രണ്ടോ ആളുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന് കമ്മാടി ഏകാദ്ധ്യാപക വിദ്യാലയത്തിൽ അദ്ധ്യാപകനായ എം.കെ ഭാസ്കരൻ പറഞ്ഞു.

എം.കെ ഭാസ്കരൻ

കാസർഗോഡ് ജില്ലയിൽ പൈവളിഗെ, എൻമകജെ, വോർക്കാടി, പുത്തിഗെ, മീഞ്ച, പനത്തടി പഞ്ചായത്തിലെ കമ്മാടി, ബെള്ളൂർ എന്നിവിടങ്ങളിൽ മാത്രമാണ് ഈ ഗോത്രജനത ജീവിക്കുന്നത്. കേരള പട്ടികവർഗ്ഗ വികസനവകുപ്പിന്റെ കണക്ക് പ്രകാരം 2013ൽ ആകെ ജനസംഖ്യ ഏഴ് പഞ്ചായത്തുകളിലെ 195 കുടുംബങ്ങളിലായി 911മാത്രമാണ്. എൻമകജെ -89, വോർക്കാടി -64, മീഞ്ച -13, പനത്തടി -168, പുത്തിഗെ -198, പൈവളിഗെ -366, ബെള്ളൂർ -13 എന്നിങ്ങനെ. അംഗണവാടി അധ്യാപികയുടെ കണക്ക് പ്രകാരം കമ്മാടിയിലെ മലക്കുടിയരുടെ ആകെ ജനസംഖ്യ 219 ആണ്. 1971ൽ പട്ടികവർഗ്ഗ വികസനവകുപ്പ് നടത്തിയ കണക്കെടുപ്പ് പ്രകാരം കർണാടകയിലെ കുടക് ജില്ലയിൽ മലക്കുടിയ ജനസംഖ്യ 6,689 ആയിരുന്നുവെന്ന് മൈസൂർ വിഷ്വൽ ആന്ത്രോപോളജി ഫൌണ്ടേഷൻ ഡയറക്ടർ ഡോ.ഗൗതം ആവർത്തി പറഞ്ഞു. കുറഞ്ഞ ജനനനിരക്കാണ് ഇവരുടെ വംശനാശത്തിനു പ്രധാന കാരണമായി അധികൃതർ പറയുന്നത്.

കോളനിയിലെ ഏകാധ്യാപക വിദ്യാലയം

36 കുടുംബങ്ങളിലായി 103 പുരുഷന്മാരും 82 സ്ത്രീകളും 34 കുട്ടികളും. 1981ലെ സെൻസസ് പ്രകാരം കാസർഗോഡ് ജില്ലയിലെ മലക്കുടിയരുടെ ആകെ ജനസംഖ്യ 598 ആയിരുന്നുവെന്ന് മദ്രാസ് ഗവൺമെന്റ് മ്യൂസിയത്തിലെ സൂപ്രണ്ടായിരുന്ന, എഡ്ഗർ തർസ്റ്റൺ എഴുതിയ കാസ്റ്റസ് ആൻഡ് ട്രൈബ്സ് ഓഫ് സതേൺ ഇന്ത്യ (മകോസ്മോ പബ്ലിക്കേഷൻസ് ന്യൂഡൽഹി 1975) എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മലക്കുടിയർ വംശനാശത്തിന്റെ വക്കിലാണെന്നതിന് വേറെ തെളിവ് വേണ്ട.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 18, 2022 3:12 am