370 റദ്ദാക്കിയതിനെതിരെ കശ്മീരിൽ ജനവിധി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ജമ്മു കശ്മീർ ബാരാമുള്ള മണ്ഡലത്തിലെ ജനവിധി ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ കശ്മീരിന്റെ ശബ്ദമായി മാറി. മുൻ തെരഞ്ഞെടുപ്പുകളിൽ നാഷണൽ കോൺഫറൻസും പി.ഡി.പിയും മാറി മാറി ഭരിച്ചിരുന്ന സീറ്റിൽ ആദ്യമായി സ്വതന്ത്ര സ്ഥാനാ‌‍ർത്ഥിയായ അബ്ദുൾ റാഷിദ് ഷേഖ് അട്ടിമറി വിജയം നേടി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ അറസ്റ്റിലായ റാഷിദ് ജയിലിൽ നിന്നാണ് പത്രിക സമർപ്പിച്ചതും മത്സരിച്ചതും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് സുരക്ഷയുടെ പേരിൽ 2019ൽ അറസ്റ്റ് ചെയ്ത നേതാക്കളിൽ അബ്ദുൾ റാഷിദും ഉൾപ്പെട്ടിരുന്നു. നിരവധി നേതാക്കളെ പിന്നീട് സുരക്ഷാ ഏജൻസികൾ വിട്ടയച്ചെങ്കിലും യു.എ.പി.എ ആക്ട് ചുമത്തപ്പെട്ട റാഷിദ് ഇപ്പോഴും തിഹാർ ജയിലിൽ കഴിയുകയാണ്. കശ്മീരിനെ അസ്ഥിരപ്പെടുത്താനും അശാന്തിയുണ്ടാക്കാനും ശ്രമിച്ചു എന്നതാണ് കുറ്റപത്രത്തിലെ ആരോപണം. വടക്കൻ കശ്മീരിലെ ലം​ഗേറ്റ് സീറ്റിൽ നിന്നും ജയിച്ച് രണ്ട് തവണ എം.എൽ.എ ആയിരുന്നു അദ്ദേഹം. 2015 ഒക്ടോബർ 8 ന്, ബീഫ് നിരോധിച്ചുകൊണ്ടുള്ള വിവാദ കേന്ദ്രസർക്കാർ ഉത്തരവിനെ എതിർക്കുന്നതിനായി ബീഫ് പാർട്ടിക്ക് ആതിഥേയത്വം വഹിച്ചതിന് റാഷിദിനെ ജമ്മു കശ്മീർ നിയമസഭയ്ക്കുള്ളിൽ ബി.ജെ.പി എം.എൽ.എ ആക്രമിച്ചതും ദേശീയ വാർത്തയായിരുന്നു. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ലയാണ് ഇവിടെ പരാജയപ്പെട്ടത്. ഒമ‌ർ അബ്ദുള്ള തോൽവി സമ്മതിച്ചുകൊണ്ടും അബ്ദുൾ റാഷിദ് ഷേഖിനെ അഭിനന്ദിച്ചുകൊണ്ടും എക്സ് പോസ്റ്റിൽ ഇങ്ങനെ കുറിച്ചു, “റാഷിദിന്റെ വിജയം അയാളെ ജയിൽ മോചിതനാക്കുമെന്നോ കാശ്മീരിലെ ജനങ്ങൾക്ക് അവർക്കവകാശമുള്ള പ്രാതിനിധ്യം കിട്ടുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല എന്നാൽ കാശ്മീരിലെ ജനങ്ങൾ രാഷ്ട്രീയം സംസാരിച്ചു തുടങ്ങി. ജനാധിപത്യത്തിൽ അതാണല്ലോ പ്രധാനം.” ബാരാമുള്ളയിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. എക്സിറ്റ് പോൾ ഒമ‌ർ അബ്​ദുള്ളയുടെ ജയം പ്രവചിച്ചിരുന്നെങ്കിലും വോട്ടെണ്ണലിന്റെ തുടക്കം മുതൽക്കെ തന്നെ റാഷിദ് ലീഡ് നിലനിർത്തിയിരുന്നു. പ്രത്യേക പദവിയില്‍ നിന്നും ഒഴിവാക്കിയതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ 370 റദ്ദാക്കിയതിനെ തുടർന്ന് ജയിലിൽ കഴിയുന്ന സ്ഥാനാർത്ഥി വിജയിക്കുന്നത് വലിയ രാഷ്ട്രീയ സംവാദങ്ങൾക്ക് തുടക്കം കുറിക്കും എന്നുറപ്പ്.

പ്രതിഷേധ പരിപാടിക്കിടെ അറസ്റ്റിലാകുന്ന അബ്ദുൾ റാഷിദ് ഷേഖ്. കടപ്പാട്:kashmirnewsobserver

ലഡാക്കിലും സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ മുഹമ്മദ് ഹനീഫ 27,862 വോട്ടുകൾക്കാണ് ജയം ഉറപ്പിച്ചത്. 2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച ഈ സീറ്റ് 2019ലും അവർ നിലനിർത്തിയിരുന്നു. നാഷണൽ കോൺഫറൻസിന്റെ മുൻ പ്രസിഡന്റ് ആയിരുന്ന മുഹമ്മദ് ഹനീഫ ഇവിടെ വിജയിക്കുന്ന നാലാമത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്.

ലഡാക്കിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ മുഹമ്മദ് ഹനീഫ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ.

ജമ്മു കശ്മീരിലെ ആറ് മണ്ഡലങ്ങളായ ബാരാമുള്ള, ശ്രീന​ഗർ, അനന്തനാ​ഗ് -രാജൗരി, ഉധംപൂർ, ജമ്മു, ലഡാക്ക് എന്നിവടങ്ങളിൽ കശ്മീർ മേഖലയിലുള്ള ബാരാമുള്ള, ശ്രീന​ഗർ, ആനന്ദ്നാ​ഗ്-രാജൗരി മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. ഇവിടെ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യും തമ്മിലായിരുന്നു പ്രധാന മത്സരം. ജമ്മുവിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ ജു​ഗൽ കിഷോർ ആണ് വിജയിച്ചത്. ഉധംപൂരിലും ബി.ജെ.പി സ്ഥാനാർത്ഥി ഡോ. ജിതേന്ദ്ര സിം​ഗ് വിജയിച്ചു. ജമ്മു മേഖലയിലെ രണ്ട് സീറ്റുകളും ബി.ജെ.പി നിലനിർത്തി. അനന്തനാ​ഗ് രാജൗരിയിൽ നാഷണൽ കോൺഫറൻസിന്റെ മിയാൻ അൽത്താഫ് അഹമ്മദ് വിജയിച്ചു. പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയാണ് ഇവിടെ പരാജയപ്പെട്ടത്. ശ്രീന​ഗറിലും നാഷണൽ കോൺഫറൻസിന്റെ അ​ഗ സൈദ്റുഹുള്ള മെഹ്ദിയാണ് വിജയിച്ചത്. ബി.ജെ.പിയ്ക്ക് രണ്ട്, നാഷണൽ കോൺഫറൻസിന് രണ്ട്, സ്വതന്ത്രൻ ഒന്ന് എന്നതാണ് ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഫലം. കോൺ​ഗ്രസിന് ഈ വർഷം സീറ്റുകളൊന്നും ലഭ്യമായില്ല.

Also Read

2 minutes read June 4, 2024 1:23 pm