Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
തെക്കേയമേരിക്കയിലെ ബ്രസീലിയൻ ചിത്രം ‘റ്റോൾ’, യൂറോപ്പിലെ പോളിഷ് ചിത്രം ‘വുമൺ ഓഫ്’, ഏഷ്യയിലെ മലയാള ചിത്രം ‘കാതൽ: ദി കോർ’ എന്നിവ ഗോവ ഐ.എഫ്.എഫ്.ഐയിൽ ഒരുമിച്ചുണ്ടായിരുന്നു. ക്വിയർ നിരാസത്തിന്റെ മൂന്ന് പൊതുബോധ വൻകരകൾ ജലഭിത്തികൊണ്ട് തള്ളിനിർത്തുന്ന മൂന്ന് ക്വിയർ ജൈവ തുരുത്തുകളായിരുന്നു മൂന്ന് ചിത്രങ്ങളിലെയും ജീവിതം. ജലഭിത്തികളൊഴുകിപ്പോയി വൻകരകളിൽ തുരുത്തുകൾ ചേരുന്ന കിനാവുകളാണ് മൂന്നു സിനിമകളും.
“നിങ്ങൾ ചെയ്യുന്നതെന്തും സ്നേഹത്തിലായിരിക്കട്ടെ” (1 കൊറിന്ത്യൻസ് 16:14) എന്ന യേശുവിടത്തിലാണ് മൂന്ന് ചിത്രദർശനങ്ങളും പാർക്കുന്നത്. മൂന്ന് പടങ്ങളിലും പള്ളി, പരിസരങ്ങളിലുണ്ട്. പക്ഷേ പള്ളിയ്ക്ക് പുറത്തുള്ള ഏതോ യേശുവാണ് കഥകളിൽ പ്രവർത്തിക്കുന്നത്. ടോൾ ബൂത്തിൽ ജോലി ചെയ്യുന്ന സ്യുല്ലെന്റെ (Maeve Jinkings) കയ്യിലും ചുണ്ടിലും എരിയുന്ന സിഗരറ്റുകൾ അവസാന രംഗത്താണ് അണയുന്നത്. സ്വലിംഗസ്നേഹത്തോട് വിദ്വേഷമുള്ള പൊതുബോധത്തിൽ വളർന്ന സ്യുല്ലെന്റെ മനസ്സിനെ മകൻ റ്റിക്വിഞ്ഞോ (Kauan Alvarenga) യുടെ സ്വവർഗ്ഗാനുരാഗം വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. അവൻ/ൾ പാട്ടുകാരിയും/രനും നർത്തകനു/കിയുമാണ്. ക്വിയർ സ്നേഹം പിശാചുബാധയാണെന്നും ബാധയൊഴിപ്പിക്കാൻ പാസ്റ്ററുടെ പുതിയ സങ്കേതമുണ്ടെന്നും സുല്ല്യനെ കൂട്ടുകാരി പ്രേരിപ്പിക്കുന്നു. അവൾ, റ്റിക്വിഞ്ഞോയെ അസ്വസ്ഥയാ/നാക്കി, ഭീഷണിപ്പെടുത്തി പാസ്റ്ററുടെ കോഴ്സിലെത്തിക്കുന്നു. സാധാരണക്കാർക്ക് പറ്റിയ നിരക്ക് പാസ്റ്ററുടെ ബിസിനസിലില്ല, പണം വേണം. മകനെ ക്വിയർ ‘ബാധ’യിൽ നിന്ന് മുക്തനാക്കാനായി അമ്മ വാച്ച് മോഷണ സംഘവുമായി ചേരുന്നു. വിലകൂടിയ വാച്ചുള്ളവർ റ്റോൾ കടന്നുപോകുമ്പോൾ മോഷണ സംഘത്തിന് സിഗ്നലും പോകുന്നു. ആളറിയാതെ പാസ്റ്റർ വാച്ച് മോഷണത്തിനിടെ കൊല ചെയ്യപ്പെടുമ്പോൾ റ്റിക്വിഞ്ഞോ കോഴ്സിന്റെ ബാധയിൽ നിന്നു രക്ഷപ്പെടുന്നു. പക്ഷേ സുല്ല്യന് അറസ്റ്റും ജയിലും കിട്ടുന്നു. ജയിലിലെ ഏകാന്തതയിൽ അവൾക്ക് വലിഞ്ഞു മുറുകാതെ, സിഗരറ്റ് പോലെ എരിയാതെ തന്നെത്തന്നെ കാണാൻ കഴിയുന്നു. മകന്റെ സന്ദർശനങ്ങളും കൂടെയിരിപ്പും മൗനവും ആശ്ലേഷവുമൊക്കെ അമ്മയുടെ അറിവുകൾ ആകുന്നുണ്ട്. തിരികെ റ്റിക്വിഞ്ഞോയുടെ കൈപിടിച്ച് പാവപ്പെട്ടവരുടെ ഇടവഴികളിലൂടെ വീട്ടിൽ വന്ന് കയറുമ്പോൾ അവന്റെ ആൺ പങ്കാളി പഴയ വീടിന് പുതിയ നിറങ്ങൾ പൂശുകയാണ്. മൂവരും ഊണുമേശ പങ്കുവയ്ക്കുന്നു.
‘വുമൺ ഓഫി’ലും ‘കാതൽ: The Core’ ലും ഏറെയും മൗനമാണ് പശ്ചാത്തലത്തിലെ ഉചിത സംഗീതമാകുന്നത്. മൂന്ന് സിനിമകളും സാന്ദ്രമാണെങ്കിലും ക്ലാസിക് സംവിധായകരുടെ നാടായ പോളണ്ടിൽ നിന്നു വരുന്ന ‘വുമൺ ഓഫി’ന്റെ ശില്പത്തിനൊരു ‘യൂറോപ്യൻ പരിചയ സമ്പന്നത’യുണ്ട്.
“ഞാൻ അധികം സംസാരിക്കാത്തയാളാണ്” എന്ന് മാത്യു (മമ്മൂട്ടി) പറയുന്നത് പലരും വെറുതെ പറയാറുള്ളതാണ്. എങ്കിലും ‘കാതലി’ൽ അടക്കിവച്ച ഒരു കാതലായ പറച്ചിലിനെ ഒഴിവാക്കേണ്ടി വരുന്ന മുഴക്കം അതിലുണ്ട്. മാത്യുവിനും റ്റിക്വിഞ്ഞോയ്ക്കും ആൻദ്രേ- ആനിയേലയ്ക്കുമൊപ്പമിരിക്കുമ്പോൾ നമ്മളിൽ തിങ്ങുന്ന വേദനയാണത്. “സാറിനെ ഞങ്ങൾക്ക് മനസ്സിലാകും, സർ പുറത്തുവരൂ” എന്ന് അനഘ് വേഷമിടുന്ന ഒരു ക്വിയർ ആക്റ്റിവിസ്റ്റ് കാതലിൽ മാത്യുവിനോട് പറയുന്നുണ്ട്. വുമൺ ഓഫിലും കാതലിലും കാണുന്ന ‘കമിങ് ഔട്ട്’ എന്നത് ഏത് വൻകരയിലും ഒരു ക്വിയറിന്റെ ജീവിതത്തിലെ പ്രധാന ചുവടാണ്.
വുമൺ ഓഫിലെ ഇളനീർ തുളുമ്പുന്ന അനുരാഗം സ്കൂൾ കാലത്ത് തുടങ്ങിയതാണ്. ആൻദ്രേയും (Mateusz Wieclawek) ഇസയും (Joanna Kulig) കൺകോണുകളുടെ ഒരു കുസൃതി നിമിഷത്തിലാണ് പരസ്പര ജീവിതം ഉറപ്പിച്ചത്. രണ്ടു മനസ്സും രണ്ടു ശരീരവും ചേർന്ന് ഒരാളായ ഉത്സവമായിരുന്നു വിവാഹത്തിനപ്പുറവും ഇപ്പുറവുമുള്ള അവരുടെ അനുഭൂതികൾ. അവരൊരുമിച്ചുള്ള 45 വർഷ ജീവിതം സിനിമ കാണുന്നുണ്ട്. കുറെ പിന്നിട്ടപ്പോഴാണ് ആൻദ്രെ അവനിലെ പെണ്ണുണരുന്നതറിയുന്നത്. മൂത്ത മകൻ മുതിർന്നു കഴിഞ്ഞു. ആൻദ്രെ പറഞ്ഞും പറയാതെയും ഇസ മാറ്റമറിയുന്നു, അറിയാതെയുമിരിക്കുന്നു. ഇസയെ നിസ്സഹായനായി/യായി ആൻദ്രേയും അറിയുന്നു. ആ പ്രായത്തിലും ആനിയേലി (Małgorzata Hajewska) ആയിത്തീർന്നേ ആൻദ്രേയ്ക്ക് കഴിയൂ. ആൻദ്രെ ലിംഗമാറ്റ സർജറിക്കിറങ്ങുന്നു. “നിങ്ങൾ നമ്മുടെ കുട്ടികളെ പോലും മറന്നോ” എന്ന ഇന്ത്യൻ സിനിമയിലെ ചോദ്യം പോലും ഇസ അവനെ പിടിച്ചുനിർത്തി ചോദിക്കുന്നു.
ഇടയ്ക്ക് ഒരു കേസിലകപ്പെട്ട് ആനിയേലി (ആൻദ്രെ) ജയിലിലാകുന്നു. ആനിയേലിയെ പിരിഞ്ഞിരിക്കുമ്പോൾ തങ്ങളിലെ തീവ്രസ്നേഹിതരെ കണ്ടെടുക്കാതിരിക്കാൻ ഇസയ്ക്ക് കഴിയുന്നില്ല. അവളാണ് ആനിയേലിയെ ജയിലിൽ നിന്ന് വീണ്ടെടുക്കുന്നത്. ഇസയ്ക്ക് പുതിയ ആൺകൂട്ടുണ്ടാകുന്നതോ പ്രായത്തിനോ ലിംഗമാറ്റത്തിനോ ആനിയേലയ്ക്ക് ആൺകൂട്ടുകളുണ്ടാകുന്നതോ ഇസയുടെയും ആനിയേലയുടെയും സ്നേഹമാറ്റ് കുറയ്ക്കുന്നില്ല. ക്വിയർ വിദ്വേഷമില്ലാത്ത പുതിയ കുടുംബ വ്യാകരണമാണവരുണ്ടാക്കുന്നത്.
ഏഷ്യയിലും യൂറോപ്പിലും തെക്കേയമേരിക്കയിലും ക്വിയർ മനുഷ്യർക്ക് പെണ്ണിനെയും ആണിനെയും പോലെയുളള സാധാരണ ജീവിതം ആരംഭിക്കുന്നതിന്റെ ആരംഭമേ ആയി വരുന്നുള്ളു. പൊതുബോധത്തിന്റെ മൂന്ന് വൻകരകളും പലതിലും ഒറ്റക്കരയാണെങ്കിലും ചിലതിൽ മൂന്നായി നിൽക്കുന്നുണ്ട്. കാതലിൽ ഇന്റിമേറ്റ് രംഗങ്ങൾ അദൃശ്യമായിരിക്കുന്നതും വുമൺ ഓഫിലും റ്റോളിലും അവ ദൃശ്യമാവുന്നതും കരകളുടെ അന്തരങ്ങളെ ഉൾവഹിക്കുന്നുണ്ട്. ‘കാതൽ: The core’ ലെ കഥാപാത്രങ്ങൾ അകമെയും പുറമെയും രണ്ടായി ജീവിക്കേണ്ടി വരുന്ന കേരളത്തിലെ മധ്യവർഗ്ഗത്തിൽ പെട്ടുകിടക്കുന്നവരാണ്. സിനിമ ഇറങ്ങി വരുന്ന സമൂഹത്തിൽ ഇതുതന്നെ താങ്ങുമോ എന്നറിയാത്തടത്തോളം മുറിച്ചുനിർത്തിയ അകം ജീവിതവും പുറം ജീവിതവുമാണുള്ളത്. ആ സമൂഹം സ്വീകരിക്കുന്നതേ അവരോടാവൂ. കാണികളുടെ ഭാവനയ്ക്ക് പക്ഷേ എങ്ങനെയും സ്വാതന്ത്ര്യമാവാം. പോളിഷ് സിനിമയിലും ബ്രസീലിയൻ സിനിമയിലും അത്രത്തോളം തടസ്സമില്ല. ജീവിതത്തിലെ ഇന്റിമസി തിരശ്ശീലയിലും അവിടങ്ങളിൽ സഹജമാണ്.
‘വുമൺ ഓഫ്’, ‘കാതൽ’ പോലെ പതിഞ്ഞ നടപ്പാണ്. ഇതളുകൾ വിടരുന്ന താളത്തിലാണ് ദൃശ്യങ്ങൾ വന്നുപോവുക. രൂക്ഷതകളൊക്കെ അന്തർഗതങ്ങൾ മാത്രം. പുറമെ ശാന്തഛായയ്ക്ക് ശ്രമിക്കുന്ന കഥാപാത്രങ്ങൾ, ചിലപ്പോൾ മാത്രം അത് കൈവിടുന്നവർ! ക്വിയറിന്റെ അടക്കിയ നോവിന്റെ ഭാഷയുമത്രേ അത്. ‘റ്റോളി’ന് വേഗം കൂടും. സുല്ല്യന്റെ ഹൃദയമിടിക്കുന്നത് നമ്മൾ കേൾക്കെയാണ്. അപ്പുറവും ഇപ്പുറവുമുള്ള വേഗങ്ങൾക്കിടയിലെ അക്ഷമമായ അല്പനില്പാണ് റ്റോൾ ബൂത്ത്. സുല്ല്യൻ ചിത്രമുടനീളം അങ്ങനെ തന്നെ. പടത്തിന് ‘റ്റോൾ’ എന്ന് പേരിടാൻ നിമിത്തവും മറ്റൊന്നാവില്ല. അവളുടെ അക്ഷമയും അശാന്തമായ ആകാംക്ഷകളും സത്യത്തിൽ ഒരു കാര്യവുമില്ലാത്ത കാര്യത്തിനു വേണ്ടിയായിരുന്നുവെന്ന് മകനായ റ്റിക്വിഞ്ഞോ അവന്റെ വേദനകളിലൂടെ, പഠിപ്പിച്ചെടുക്കുന്നു.
വേദനയുടെ ഈ മൂന്ന് സിനിമകളും പോരാട്ടത്തിന് പകരം സഹനവും സ്നേഹവും തിരഞ്ഞെടുത്തു. ഏത് ബിന്ദുവിൽ നിന്നും ജീവിതം വീണ്ടും തുടങ്ങാം എന്ന് മൂന്നു സിനിമയും അതിനുള്ളിലും പുറത്തുമുള്ള മനുഷ്യരോട് പറയുന്നുണ്ട്. ആരും ഒന്നിനും വൈകിയിട്ടില്ല. ‘വുമൺ ഓഫി’ലും ‘റ്റോളി’ലും ട്രാൻസ് കഥാപാത്രങ്ങൾ തന്നെയാണ് ഏറ്റവുമടുത്തയാളുകളെ അങ്ങനെ തിരുത്തിയത്. പൊതുബോധത്തെ വിഴുങ്ങിപ്പോയ അമ്മയോടോ ആത്മഭാഗമായ പങ്കാളിയോടോ ആണ് ആ സംവേദനം വേണ്ടിവരുന്നത്. പോളണ്ടിലും ബ്രസീലിലും സദാചാര ശരങ്ങളെയ്ത് രസിക്കാൻ പൊതുജനം വരുന്നില്ല. കേരളത്തിൽ അങ്ങനെയല്ല.
‘കാതൽ: The Core’ ൽ, പൊതുവിടങ്ങളിലെ വേട്ടയായാണ് പൊതുബോധത്തെ അനുഭവിക്കേണ്ടിവരുന്നത്. തങ്കന്റ അനന്തരവനായ കുട്ടായി എന്ന കുട്ടിയെ കരയിപ്പിച്ചു രസിക്കുന്ന നല്ല കുട്ടികളാണ് നാട്ടുകാർ. ഇവിടെ ആൺപ്രണയിയായ മാത്യുവിനും തനിയ്ക്കും വേണ്ടി നിർവികാരതയുടെ ഉടുപ്പിട്ട് ഓമന (ജ്യോതിക) യാണ് സഹനസമരത്തിനിറങ്ങുന്നത്. തന്നെ കൂടി വിമോചിപ്പിക്കാനായിരുന്നു ഉള്ളുപിടഞ്ഞുള്ള അവളുടെ സമരം എന്നറിയുമ്പോഴാണ് മലയാളം നടുങ്ങിയ “ദൈവമേ..” വിളിയായി മാത്യു മാറുന്നത്. ഓമന തങ്ങൾ ഇരുവരോടൊപ്പം നാടിനെ കൂടിയാണ് തിമിര ശസ്ത്രക്രിയ ചെയ്തു രക്ഷപെടുത്തുന്നത്.
ജിയോ ബേബിയ്ക്ക് ഇടതുപക്ഷത്തിലാണ് സ്വാഭാവിക പ്രതീക്ഷ. തീക്കോയ് പഞ്ചായത്തിലെയും ആ ജില്ലയിലെയും പാർട്ടിക്ക് ഇത്ര ലഘുവായി ക്വിയർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുവാൻ കഴിയുമോ എന്ന് ഒരുപക്ഷേ ശങ്കയാവാം. ബുദ്ധിജീവി അവസാനം വായിച്ച പുസ്തകത്തിനൊപ്പം നിലപാട് മാറ്റും പോലെ മുഖ്യധാര പാർട്ടിക്ക് കഴിയില്ല. ജനങ്ങൾ മനസ്സിലാക്കിയെടുക്കാൻ കുറച്ച് കാത്തുനിൽക്കേണ്ടി വരും. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ തീരുമാനിക്കുന്നുവെങ്കിൽ ജനങ്ങളുടെ കൂടെ പലപ്പോഴും നിൽക്കേണ്ടിയും വരും. ചിലപ്പോൾ ‘കാതൽ’ കല്പന ചെയ്യുന്നതു പോലെ, വിപ്ലവം പോലെ വേഗത്തിൽ ആ മാറ്റമുണ്ടാവാം. നമ്മൾ ചുമന്നു കുഴഞ്ഞ ഭാരങ്ങളഴിച്ചുവയ്ക്കാൻ സ്നേഹം ചിലപ്പോൾ തീരെ കുറഞ്ഞ സമയമേ എടുക്കൂ!
സംവിധായകനും തിരക്കഥാകാരരും കൗതുകത്തോടെ പാർട്ടിക്ക് ഒരു സജഷൻ നൽകുകയുമാവാം. പ്രധാന ധാരയിൽ പ്രവർത്തിക്കുന്ന ഏത് പാർട്ടിയോടും ആർക്കും ഇങ്ങനെ സജസ്റ്റ് ചെയ്യാം. ഓരോ ആൾക്കും ഓരോ പ്രസ്ഥാനത്തിനും ഓരോ നാടിനും ഓരോ ചരിത്രമുണ്ട്. അവൾ/ അവൻ/ ആ പ്രസ്ഥാനം/ ആ ദേശം അവരുടെ ചരിത്രം തന്നെയാണ്. ആ ചരിത്രത്തിനു മേൽ പ്രവർത്തിക്കാനേ അയാൾക്കോ അതിനോ കഴിയൂ. പക്ഷേ ഓരോ പുതിയ നിമിഷവും പുതിയ ഓപ്ഷനുകളുണ്ട്.
Woman of:
സംവിധാനം, തിരക്കഥ- Małgorzata Szumowska, Michał Englert.
Toll:
സംവിധാനം, തിരക്കഥ- Carolina Markowicz
കാതൽ: The Core:
സംവിധാനം- ജിയോ ബേബി
തിരക്കഥ- ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ