Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഒരുപോലെ ആഘോഷിച്ച ഒരു സംഭവമായിരുന്നു മാർച്ച് 8ന് ആസാമിലെ കാസിരംഗ നാഷണൽ പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനം. കൗ ബോയ് തൊപ്പിയും കാമോഫ്ലാഷ് ഡ്രസ്സും അണിഞ്ഞ് കൈയ്യിൽ ഒരു ബൈനോകുലറും പിടിച്ച് ആന സഫാരിയും ജീപ്പ് സഫാരിയും നടത്തിയ പ്രധാനമന്ത്രിയായിരുന്നു അന്ന് മലയാളം മാധ്യമങ്ങളിലടക്കം വാർത്താ വിഷയം. ആനയ്ക്ക് കരിമ്പ് കൊടുത്തും, കാസിരംഗ വനസംരക്ഷണ ചുമതലയുള്ള വനദുർഗാ വനിതാ ഫോറസ്റ്റ് ഗാർഡുമായി സംവദിച്ചും, എല്ലാ ജനങ്ങളോടും കാസിരംഗയുടെ പ്രകൃതിഭംഗിയും അവിടുത്തെ ജനങ്ങളുടെ സ്നേഹവും നേരിട്ടറിയാൻ അവിടം സന്ദർശിക്കണം എന്ന ടൂറിസം പ്രമോഷനും നടത്തി ആ സന്ദർശനം അവസാനിച്ചു.
എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വമ്പിച്ച സുരക്ഷാ സജ്ജീകരണങ്ങളാണ് അവിടെ ഒരുക്കിയിരുന്നത്. പല സ്ഥലങ്ങളിലും സുരക്ഷാ ബാരിക്കേടുകൾ സ്ഥാപിക്കുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു. നിരവധി ആളുകളാണ് സുരക്ഷാ ഓഫീസർമാരാൽ ദേഹപരിശോധനക്കിരയായത്. പ്രധാനമന്ത്രിയുടെ സന്ദർശനം അവിടുത്തെ ജനങ്ങളിൽ ഉണ്ടാക്കിയ യഥാർത്ഥ ആഘാതത്തെക്കുറിച്ച് ചുരുക്കം ചില മാധ്യമങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്തുള്ളൂ.
കാസിരംഗ നാഷണൽ പാർക്കിന്റെ വികസനത്തിന്റെ പേരിൽ വർഷങ്ങൾക്ക് മുമ്പേ അവിടെ നിന്നും പുറന്തള്ളപ്പെട്ട ആയിരക്കണക്കിന് മനുഷ്യരിൽ ഒരാളായ പ്രണബ് ദോലെ എന്ന ആക്ടിവിസ്റ്റ് മോദിയുടെ സന്ദർശനത്തിന് ഒരു ദിവസം മുന്നേ ഒരു തുറന്ന കത്ത് എഴുതിയിരുന്നു. കാസിരംഗയിൽ നടക്കുന്ന അനധികൃത കുടിയൊഴിപ്പിക്കലുകൾ, ഗോത്രവിഭാഗങ്ങൾക്കെതിരെ നടക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ഫോറസ്റ്റ് അധികൃതർക്ക് നൽകുന്ന അമിതാധികാരം, വികസനത്തിന്റെ മറവിൽ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് കോർപ്പറേറ്റുകളുടെ നേതൃത്വത്തിൽ അവിടെ നടക്കുന്ന അനധികൃത നിർമ്മാണങ്ങൾ, ബി.ജെ.പി സർക്കാരിന്റെ മുഖ്യമന്ത്രിയുൾപ്പടെയുള്ള ഉന്നത നേതാക്കൾ അവിടെ നടത്തുന്ന പകൽക്കൊള്ളകൾ എന്നിവയൊക്കെ അക്കമിട്ട് നിരത്തിയ ആ കത്ത് അവസാനിക്കുന്നത് കാസിരംഗയുടെ യാഥാർത്ഥ്യമറിയാൻ പ്രധാനമന്ത്രിയെ അവിടുത്തെ പുറമ്പോക്കുകളിൽ താമസിക്കുന്ന ഗോത്രവർഗ്ഗക്കാരുടെ വീടുകളിലേക്ക് ക്ഷണിച്ചുകൊണ്ടാണ്.
ശാന്തിനികേതനിൽ നിന്ന് ബിരുദവും മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്നും എം.എസ് ഡബ്ല്യുവും പാസായ പ്രണബ് ദോലെ 2015ലാണ് കാസിരംഗയുൾപ്പെടുന്ന തന്റെ നിയോജക മണ്ഡലമായ ബോകാഘട്ടിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് പ്രദേശവാസികളും ആക്ടിവിസ്റ്റുകളുമായി ചേർന്നുകൊണ്ട് അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾക്കെതിരെ സജീവമായി പ്രവർത്തിച്ചു. പ്രണബ് ദോലെ നേതൃത്വം നൽകുന്ന ‘യൂത്ത് ഫോർ ബോകാകാട്’ എന്ന കൂട്ടായ്മ അവിടെയുള്ള ജനങ്ങളുടെ നീതിയുടെ പോരാട്ടത്തിൽ സജീവസാന്നിധ്യമായിരുന്നു. 2021ലെ ആസാം നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പ്രണബ് ദോലെ രണ്ടാം സ്ഥാനത്തെത്തി. കാസിരംഗക്കടുത്തുള്ള ബോകാകാടിൽ നിന്നും പ്രണബ് ദോലെയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ വായിക്കാം:
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം കാസിരംഗ എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് കാണ്ടാമൃഗങ്ങളെക്കുറിച്ചാണ്. മുഖ്യധാരാ ആസാമികൾക്കും കാണ്ടാമൃഗങ്ങൾ ഒരു ദേശീയ വികാരമാണ്. രാജ്യത്തിൻ്റെ വിനോദസഞ്ചാര അഭിലാഷങ്ങൾക്കും കോർപ്പറേറ്റ് സൗഹൃദ വികസന സ്വപ്നങ്ങൾക്കും പൊതുസമ്മതം സൃഷ്ടിക്കുന്നതിനുള്ള ഒരു ഉപകരണമായി എങ്ങനെയാണ് ഇന്ത്യൻ കണ്ടാമൃഗത്തെ ഉപയോഗിക്കുന്നത്?
കാണ്ടാമൃഗങ്ങൾ ഏതാണ്ട് എല്ലാ കാലത്തും ആസാമീസ് ദേശിയതയുടെ പ്രതീകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കാസിരംഗയോടും ഇവിടുത്തെ ജനങ്ങളോടും വംശീയവും ജാതിപരവുമായ ഒരു മുൻവിധി നിലനിൽക്കുന്നുണ്ട്. ഭരണകൂടങ്ങൾ ഇവിടെയുള്ള കാണ്ടാമൃഗങ്ങളെയും മറ്റു വന്യജീവികളെയും മാത്രമേ കാണുന്നുള്ളൂ. ഇതേ മൃഗങ്ങളോടൊപ്പം നൂറ്റാണ്ടുകളായി സഹവസിക്കുന്ന മനുഷ്യർ അവരുടെ കണ്ണുകളിൽ പെടാറില്ല.
ആസാമിസ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുണ്ടായ കുടിയൊഴിപ്പിക്കൽ നടന്നത് കാസിരംഗയിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളിലാണ്. 100 വർഷത്തിലേറെയായി അവിടെ താമസിക്കുന്ന മുസ്ലീങ്ങളെ ബലമായി അവിടെ നിന്ന് പുറത്താക്കി. ഹിന്ദുത്വ സർക്കാർ തങ്ങളുടെ മുസ്ലീം വിരുദ്ധ നയം നടപ്പിലാക്കാൻ വേണ്ടി കണ്ടാമൃഗത്തെ കരുവാക്കുകയായിരുന്നു. ഗുവാഹത്തി കോടതിയും 2016ലെ കുടിയൊഴിപ്പിക്കൽ ഉത്തരവിൽ വളരെ പക്ഷപാതപരമായി പെരുമാറിയതായിട്ടാണ് തോന്നിയിട്ടുള്ളത്. മുഖ്യധാരാ ആസാമികളുടെ പ്രകൃതി-ജന്തു സ്നേഹം അങ്ങേയറ്റം കാല്പനികവും മതപരവുമായിട്ടുള്ള ഒരു വികാരമാണ്. എന്നാൽ മൃഗങ്ങളോടും പ്രകൃതിയോടും ഇണങ്ങി ജീവിക്കുന്ന അടിസ്ഥാന വർഗ ജനതയുടെ പ്രകൃതിസ്നേഹം യാഥാർഥ്യ ബോധത്തോടുകൂടിയുള്ളതാണ്. കണ്ടാമൃഗം എന്ന് പറഞ്ഞാൽ അവർക്ക് കേവലം ഒരു വികാരമല്ല. മറിച്ച് തങ്ങൾ കൂടെ ഉൾപ്പെടുന്ന ആവാസവ്യവസ്ഥയിലെ ഒരു ജീവിയാണ്. നൂറ്റാണ്ടുകളായി തങ്ങളുടെ കൂടെ ജീവിച്ചുവരുന്ന ഒരു ജീവിയാണ് കാണ്ടാമൃഗം. കാണ്ടാമൃഗത്തിന്റെ മേൽ നിർമ്മിക്കപ്പെട്ട് വരുന്ന വികാരം രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി ഭരണകൂടങ്ങളും മറ്റ് തല്പര കക്ഷികളും ചേർന്ന് നിർമിച്ചെടുത്തിട്ടുള്ളതാണ്. ഇവിടെ കാസിരംഗയിൽ ക്രമേണ ജാതി, മത, വംശീയ വ്യത്യാസമില്ലാതെ എല്ലാവരും കുടിയൊഴിപ്പിക്കപ്പെടും. അങ്ങേയറ്റം സൂക്ഷമതയോടുകൂടിയാണ് ഭരണകൂടം ഈ നയം നടപ്പിലാക്കുന്നത്. മറ്റെല്ലായിടത്തേയും പോലെ സമൂഹത്തിലെ ഏറ്റവും ദുർബലമായ വിഭാഗത്തെയാണ് അവർ ആദ്യം ലക്ഷ്യമിടുന്നത്.
കാസിരംഗയുമായി ബന്ധപ്പെട്ട് എന്തൊക്കെ വിഷയങ്ങളിലാണ് താങ്കൾ പ്രധാനമായും പ്രവർത്തിക്കുന്നത്? ഏതൊക്കെ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നത്?
ഒരു സൈനികവൽകൃത വന സംരക്ഷണ രീതി നടപ്പാക്കുന്നതിലൂടെ കാസിരംഗയിലെ വനപാലകർക്ക് ഭരണകൂടം അമിതാധികാരം നൽകിയിട്ടുണ്ട്. അതിനാൽ ഇവിടെ അവർക്ക് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, കമാൻഡോകൾ, ഫോറസ്റ്റ് ഗാർഡുകൾ എന്നിങ്ങനെ വ്യത്യസ്തമായ തട്ടിലുള്ള ഓഫീസർമാറുണ്ട്. സി.ആർ.പി.സി ഭേദഗതി ചെയ്തുകൊണ്ട് സാധാരണ പൗരന്മാർക്ക് നേരെ ആയുധം ഉപയോഗിക്കാനുള്ള അധികാരം ഈ ഓഫീസർമാർക്കുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ വനത്തിനുള്ളിൽ കാണപ്പെടുന്ന ഏതൊരു വ്യക്തിയെയും വെടിവെച്ചിട്ടാണ് ഇവർ വന സംരക്ഷണം നടപ്പിലാക്കുന്നത്. കാസിരംഗ നാഷണൽ പാർക്കിന്റെ അതിർത്തിക്കടുത്ത് താമസിക്കുന്ന നിരവധി പ്രദേശവാസികൾ വേട്ടക്കാരായി മുദ്രകുത്തപ്പെടുകയും എൻകൗണ്ടർ ചെയ്യപ്പെടുകയും ചെയ്തു. ചില കേസുകളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ പല ഏറ്റുമുട്ടലുകളും വ്യാജമാണെന്ന് മനസ്സിലായി.
ഏതാണ്ട് 23 ആളുകളാണ് 2015ൽ കാണ്ടാമൃഗ വേട്ടക്കാർ എന്ന പേരിൽ കൊല്ലപ്പെട്ടത്, അതിൽ ഭൂരിഭാഗവും ഗോത്ര വർഗത്തിൽപ്പെട്ട ആളുകളാണ്. ഒട്ടുമിക്ക കേസുകളിലും ഫോറെൻസിക് റിപ്പോർട്ടിന്റെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിന്റെയും അഭാവമുണ്ടായിരുന്നു. കാസിരംഗയിൽ നിന്നും കാണ്ടമൃഗ വേട്ടക്കിടയിൽ ഫോറസ്റ്റ് റേഞ്ചർമാർ കസ്റ്റഡിയിൽ എടുത്തുവെന്ന് അവകാശപ്പെട്ട മിസിംഗ് ഗോത്രത്തിൽപ്പെട്ട രണ്ട് ചെറുപ്പക്കാർക്ക് വേണ്ടിയുള്ള കേസിൽ ഞങ്ങൾ ഇടപെട്ടിരുന്നു. ചോദ്യം ചെയ്യാൻ കൊണ്ട് വരുന്നതിനിടയിൽ അവർ ബോട്ടിൽ നിന്നും ചാടി രക്ഷപ്പെട്ടു എന്നതാണ് ഔദ്യോഗിക റിപ്പോർട്ട്. അവരുടെ കുടുംബക്കാർ ഒരുപാട് ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഇന്നേ വരെ അവരുടെ ബോഡി ലഭിച്ചിട്ടില്ല. ഇത്തരത്തിൽ ഒരുപാട് ചെറുപ്പക്കാരാണ് കാസിരംഗയിൽ നിന്നും കാണാതായത്.
ഇത് കൂടാതെ ഒരുപാട് പീഡനങ്ങളും അന്യായ തടങ്കലുകളും ലൈംഗികാതിക്രമങ്ങളും ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. പലരും കുടിയൊഴിപ്പിക്കപ്പെട്ടു, പലരും ഏതു നിമിഷവും കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭീഷണിയിലാണ് ജീവിക്കുന്നത്. സ്വന്തം വാസസ്ഥലങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള പൗരസ്വാതന്ത്ര്യത്തിനുമേൽ അനുദിനം കൂച്ചുവിലങ്ങിടുകയാണ് ഇവിടുത്തെ ഭരണസംവിധാനങ്ങളും വനം വകുപ്പും. വനമേഖലയിൽ നിന്ന് ആളുകളെ കുടിഴൊയിപ്പിക്കാനും ഭൂമികൾ കയ്യേറാനും വേണ്ടി യുവാക്കളെ ബലിയാടാക്കാനുള്ള പദ്ധതി ഇവിടെ സജീവമായിരുന്നു. 2015 മുതൽ ഞങ്ങൾ അതിനെതിരെ സജീവമായി പോരാടാൻ ആരംഭിച്ചു. തൽഫലമായി, ഞങ്ങൾക്ക് ധാരാളം തിരിച്ചടികൾ ഉണ്ടായി. ഭരണകൂടവും വനംവകുപ്പും ഞങ്ങളെ കുഴപ്പക്കാരായി കണ്ടുതുടങ്ങി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഞങ്ങൾക്കെതിരെ ആറ് കേസുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അടുത്തിടെ കേന്ദ്രസർക്കാർ വന സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. പുതുതായി ഭേദഗതി ചെയ്ത നിയമം വടക്കുകിഴക്കൻ മേഖലയെ എങ്ങനെ ബാധിക്കും?
വനാവകാശ നിയമങ്ങളിൽ അടുത്തിടെ വരുത്തിയ ഭേദഗതികൾ തികച്ചും ഭരണഘടനാ വിരുദ്ധമാണ്, അത് നിലനിൽക്കുന്ന ജൈവവൈവിധ്യത്തിന് എതിരാണ്. വടക്ക് കിഴക്ക് മേഖലയെ അത് വലിയ തോതിൽ ബാധിക്കും. പുതുതായി വരുത്തിയ ഭേദഗതികൾ പ്രകാരം രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ 100 കിലോമീറ്റർ ചുറ്റളവിൽ ‘ദേശീയ സുരക്ഷ’, ‘പ്രതിരോധം’ എന്നിവയുമായി ബന്ധിപ്പിച്ചുള്ള പദ്ധതികൾക്കായി വനഭൂമി തരംമാറ്റൽ സാധ്യമാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിലെ, പ്രധാനമായും വടക്കു കിഴക്കൻ മേഖലയിലെ പരിസ്ഥിതി ലോലവും ജൈവവൈവിധ്യമുള്ളതുമായ പ്രദേശങ്ങളിലൂടെ പരിസ്ഥിതി ആഘാതം കണക്കിലെടുക്കാതെ ‘ദേശസുരക്ഷാ’ താല്പര്യം കണക്കിലെടുത്ത് ഹൈവേ നിർമ്മാണവും മറ്റ് വികസന പദ്ധതികളും നടത്താൻ സാധിക്കും. പുതുതായി വരുത്തിയ ഭേദഗതികൾ പ്രകാരം ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുമായി കൂടിയാലോചിക്കാതെയും അവരുടെ സമ്മതമില്ലാതെയും ദേശിയ താല്പര്യം മാത്രം കണക്കിലെടുത്തുകൊണ്ട് ഭരണകൂടത്തിന് ആർക്കുവേണമെങ്കിലും ഭൂമി പാട്ടത്തിന് നൽകാം. പരിസ്ഥിതി ലോലവും ജൈവവൈവിധ്യമുള്ളതുമായ ഈ അതിർത്തി പ്രദേശങ്ങൾ സംരക്ഷിക്കുക എന്നത് രാജ്യത്തിന്റെ കടമയാണ്. എന്നാൽ ഇതിന് വിപരീതമായി ഈ പ്രദേശങ്ങൾ എല്ലാം തന്നെ കോർപ്പറേറ്റുകൾക്ക് തീറെഴുതികൊടുക്കുകയാണ്. ഇത്തരത്തിലുള്ള പ്രവർത്തികൾ ആസാമിന്റെയും വടക്ക് കിഴക്കൻ മേഖലയുടെയും ഈ രാജ്യത്തിന്റെ തന്നെയും പൂർണ്ണ നാശത്തിന് കാരണമാകും.
വേദാന്ത, റിലയൻസ്, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾ ഈ മേഖലയിൽ വൻതോതിൽ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. ചില സവിശേഷതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 371a പ്രകാരം ഉറപ്പുതന്ന പ്രത്യേക പദവികളും മറ്റും വികസനത്തിന്റെയും ദേശീയ സുരക്ഷയുടെയും പേരിൽ ലംഘിക്കപ്പെടുകയാണ്. അതിനാൽ മൊത്തത്തിൽ, ഈ പ്രദേശത്ത് നിലവിൽ അവശേഷിക്കുന്ന പാരിസ്ഥിതിക ഇടങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്ന അപകടകരമായ ഒരു നിയമമാണിത്. ഇവിടെ ഭരണകൂടം തന്നെ ഇത്തരത്തിലുള്ള വിനാശകരമായ പ്രവർത്തികൾ ചെയ്യുമ്പോൾ നമുക്കെന്ത് ചെയ്യാൻ പറ്റും? ഇതിനെതിരെ ഒരുപാട് സമരങ്ങൾ ചെയ്യുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഒരു വിധത്തിലുള്ള മാറ്റവും ഉണ്ടായിട്ടില്ല.
കാസിരംഗയിലെ വന്യജീവി സംരക്ഷണ മാതൃകയെ അന്താരാഷ്ട്ര തലത്തിൽ തന്നെ സുസ്ഥിരമായ ഒരു സംരക്ഷണ മാതൃകയായിട്ടാണ് സർക്കാരും മാധ്യമങ്ങളും ഉയർത്തിക്കാട്ടുന്നത്. ഈ സംരക്ഷണ മാതൃകയെ കുറിച്ച് വിദേശത്ത് നിന്നുള്ള ഗവേഷകർ ഉൾപ്പെടെ ഗഹനമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. കാസിരംഗയിൽ ജനിച്ചു വളർന്ന ഒരു വ്യക്തി എന്ന നിലയിൽ എന്താണ് താങ്കൾക്ക് ഈ ഗവേഷകരെക്കുറിച്ച് എന്താണ് അഭിപ്രായം?
ജൈവ പ്രാധാന്യമുള്ള മേഖലകളിലെ പൊളിറ്റിക്കൽ ഇക്കോളജിയെയും അതുമായി ബന്ധപ്പെട്ട ആശങ്കകളെയും കുറിച്ച് പഠനം നടത്തുന്നു എന്ന് അവകാശപ്പെടുന്ന ഗവേഷകർ സർക്കാരിന്റെയും വനം വകുപ്പിന്റെയും ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം പ്രദേശവാസികളുടെ കാഴ്ചപ്പാടുകൾക്കും പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഈ സ്ഥലത്തിന് ചുറ്റും നടക്കുന്ന യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ധൈര്യവും, അങ്ങേയറ്റം സമർപ്പണ ബോധവും, സമയവും നൽകേണ്ടതുണ്ട്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ഇവിടെ വന്ന് താമസിച്ച് ഈ സ്ഥലത്തെക്കുറിച്ച് എല്ലാം മനസ്സിലാക്കി എന്ന തരത്തിൽ പഠന റിപ്പോർട്ടുകൾ സമർപ്പിക്കുന്ന രീതി വിരോധാഭാസമാണ്. ഈ സ്ഥലത്തെ കുറിച്ച് പുസ്തകത്തിൽ വായിച്ച അറിവിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്ക് ലഭിച്ച ചില ആശയങ്ങളുമായാണ് പലരും ഇവിടെ വരുന്നത്. എന്നിട്ട് അതേ ആശയം ഊട്ടിയുറപ്പിക്കാൻ സഹായകരമായ ചില വിവരങ്ങൾ മാത്രം ചേർത്തുകൊണ്ട് അവർ ഗവേഷണ പഠനങ്ങൾ സമർപ്പിക്കും. ഗവേഷണത്തിന് വേണ്ടി അവർ ആശ്രയിക്കുന്ന പല സ്രോതസ്സുകളും ഭരണകൂട താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി നിലകൊള്ളുന്ന ഇടങ്ങളാണ്. ഇത് അക്കാദമിക്കുകളുടെയും ഇവിടുത്തെ പല ഗവേഷണ സ്ഥാപനങ്ങളുടെയും ഒരു പരിമിതിയാണ്.
എന്നാൽ സത്യസന്ധമായി പഠിച്ച് വസ്തുതാപരമായി കാര്യങ്ങൾ അവതരിപ്പിക്കുകയും അതിൻ്റെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കുകയും ചെയ്ത സത്യസന്ധരായ ഗവേഷകരുമുണ്ട്. മറ്റെല്ലായിടങ്ങളിലും എന്ന പോലെ ഗവേഷകരിലും നല്ലതും ചീത്തയുമുണ്ട്. ഒരു നല്ല ഗവേഷകനുള്ള ഗുണമായി ഞാൻ കാണുന്നത് കാര്യങ്ങളെ കേവലം നിഷ്പക്ഷമായി അവതരിപ്പിക്കാതെ അല്പം പക്ഷപരമായി കൂടെ അവതരിപ്പിക്കുക എന്നതാണ്. ഗവേഷകർ വരികയും പോവുകയും ചെയ്യും. അതേപോലെ തന്നെ ഒരുപാട് പുസ്തകങ്ങളും ലേഖനങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. ഇനിയും എഴുതപ്പെടുകയും ചെയ്യും. നിരന്തരം പഠിക്കപ്പെടുന്ന വിഭാഗം എന്ന നിലയിൽ ഞങ്ങളാണ് ജാഗ്രത പുലർത്തേണ്ടത്. ചുരുക്കം ചില വ്യക്തികളുമായോ രാഷ്ട്രീയ താല്പര്യങ്ങളോ നിക്ഷിപ്ത താല്പര്യങ്ങളോ പുലർത്തുന്ന വിഭാഗങ്ങളോട് മാത്രം ബന്ധപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ അഭിപ്രായം രൂപീകരിക്കാതെ അത്യാവശ്യം സമയമെടുത്തുകൊണ്ട് എല്ലാ വിധത്തിലുള്ള വിഭാഗങ്ങളുമായും ബന്ധപ്പെട്ട് അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ട് സൂക്ഷ്മമായ തലത്തിലുള്ള ഒരു പഠനം നടത്തുക എന്നതാണ് ഒരു ഗവേഷകന്റെ കടമ.
കാലങ്ങളായി കാസിരംഗയിൽ നടന്നുകൊണ്ടിരിക്കുന്ന കുടിയൊഴിപ്പിക്കലുകളെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?
കാസിരംഗയിലെ കുടിയൊഴിപ്പിക്കൽ കൊളോണിയൽ കാലം മുതൽ തുടങ്ങി ഇനിയും തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. ആ സ്ഥലത്തെ യഥാർത്ഥ താമസക്കാരായ ആദിവാസികൾ, അഹോമുകൾ, ആസാമികൾ, കർബികൾ, മുസ്ലീങ്ങൾ തുടങ്ങിയ തദ്ദേശവാസികളാണ് അതിന്റെ ഇരകൾ. 200 ചതുരശ്ര കിലോമീറ്ററായി തുടങ്ങിയ ഈ നാഷണൽ പാർക്ക് ഇന്ന് ഏതാണ്ട് 1100 ചതുരശ്ര കിലോമീറ്ററായി വികസിച്ചിട്ടുണ്ട്. ഈ വികസനത്തിന്റെ ഓരോ ഘട്ടത്തിലും ബലപ്രയോഗങ്ങളിലൂടെയാണ് തദ്ദേശീയർ കുടിയൊഴിപ്പിക്കപ്പെട്ടത്. റൗമാരി, കരൈമാരി, ബലരിമോറ, അരിമോറ എന്നിങ്ങനെ അവിടെ സ്ഥിതി ചെയ്യുന്ന പല തടാകങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകൾ തുടച്ചുമാറ്റപ്പെട്ട ഈ ജനതയുടെ അസ്തിത്വത്തെയും അവിടെ നിലനിന്നിരുന്ന മീൻപിടിത്തം പോലെയുള്ള അടിസ്ഥാന ജീവിതോപാധികളെയും അടയാളപ്പെടുത്തുന്നതാണ്.
ബലപ്രയോഗത്തിലൂടെയുള്ള കുടിയൊഴിപ്പിക്കലുകൾ ബി.ജെ.പി സർക്കാരിന്റെ കീഴിൽ ഗണ്യമായി വർധിച്ചിട്ടുണ്ട്. തങ്ങൾ ജനിച്ച് വളർന്ന ഭൂമി നഷ്ടപ്പെടുന്നതിലൂടെ പലരുടെയും സംസ്കാരവും ജീവിതരീതികളുമാണ് ഇല്ലാതാകുന്നത്. കന്നുകാലി വളർത്തൽ, മത്സ്യബന്ധനം തുടങ്ങിയ പരമ്പരാഗത ജീവിത രീതികളെ തകർത്തും, തദ്ദേശവാസികളെ കുടിയൊഴിപ്പിച്ചും നടപ്പിലാക്കുന്ന സംരക്ഷണ പ്രവർത്തികൾ വന സംരക്ഷണ മോഡലിന്റെ ആഗോള പ്രശ്‌നത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
കാണ്ടാമൃഗങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും അവർക്ക് കാസിരംഗ വിട്ടുപോകാൻ സാധിക്കുകയില്ല. എന്നാൽ ജനങ്ങൾക്ക് വേണമെങ്കിൽ അടുത്തുള്ള ഗ്രാമങ്ങളിലേക്കോ ടൗണിലേക്കോ പോകാം എന്ന് scroll. in ലെ ഒരു മാധ്യമപ്രവർത്തകനോട് സംസാരിക്കവേ കാസിരംഗയിലെ ഒരു റിസേർച്ച് ഓഫീസർ പറഞ്ഞിരുന്നതായി കണ്ടു. ഇതേ കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?
തികച്ചും തെറ്റായ ഒരു സമീപനമാണത്. കാണ്ടാമൃഗമോ കടുവയോ ആനയോ ആകട്ടെ, അവയെല്ലാം ചുറ്റുമുള്ള കാർഷിക സമൂഹങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് യഥാർത്ഥ വസ്തുത. വൻകിട ഹോട്ടൽ വ്യവസായം, സ്വകാര്യ തേയിലത്തോട്ടങ്ങൾ, റിഫൈനറികൾ എന്നിവയുൾപ്പെടെയുള്ള വിവിധ വികസന പദ്ധതികൾ ഈ മൃഗങ്ങളുടെയെല്ലാം സ്വാഭാവിക ആവാസവ്യവസ്ഥയെ തകർത്തു. പ്രാദേശിക സമൂഹത്തിൻ്റെ പിന്തുണയില്ലാതെ കാസിരംഗയിലെ മൃഗങ്ങൾക്ക് അതിജീവിക്കാൻ കഴിയില്ല. ഭൂമി പ്രാദേശിക സമൂഹത്തിനൊപ്പമാണെങ്കിൽ, അവർ അവിടെ കുറച്ച് വിളകൾ കൃഷി ചെയ്യുകയും വിളകളുടെ ഒരു ഭാഗം മൃഗങ്ങൾക്ക് സ്വമേധയാ ബലിയർപ്പിക്കുകയും ചെയ്യും. മൃഗങ്ങളും മനുഷ്യരും ഒരുമിച്ചു ജീവിക്കണം എന്നത് ഒരു ചരിത്രസത്യമാണ്.
ഏകദേശം നൂറിലധികം ഗോത്ര വർഗ്ഗങ്ങൾ ഇവിടെ ആസാമിലുണ്ട്. അവരെയെല്ലാം ഒരു വിശാല ഹിന്ദു ബാനറിന് കീഴിൽ ഏകീകരിക്കുക എന്നത് സംഘപരിവാറിന്റെ ഒരു പ്രധാന അജണ്ടയാണ്. തദ്ദേശീയ സമുദായങ്ങളുടെ ഈ ഹിന്ദുവത്കരണം ആർ.എസ്.എസ് എങ്ങനെയാണ് ഇവിടെ നടപ്പാക്കുന്നത്?
തദ്ദേശീയ സമൂഹങ്ങൾ ഭൂമിയുമായി വളരെ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ ജീവിതവും ആചാരങ്ങളും പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. എന്നാൽ മുഖ്യധാരാ ഹിന്ദുത്വ ആശയത്തിൽ അണിചേരുന്നതിലൂടെ അവരുടെ സ്വത്വം തന്നെ നഷ്ടപ്പെടുകയാണ്. അതീവ തന്ത്രപരമായും സൂക്ഷമതയോടും കൂടിയാണ് ഹിന്ദുത്വ എന്ന ആധിപത്യ ശക്തി ഇവിടെയുള്ള പ്രാകൃത മതങ്ങളെയും വിശ്വാസങ്ങളെയും സ്വാംശീകരിക്കുന്നത്. ഇത്തരം ഹിന്ദുവത്കരണങ്ങളെ ചെറുക്കാൻ ഇവിടെയുള്ള ചെറിയ സമൂഹങ്ങൾക്ക് പരിമിതികളുണ്ട്. ഒരുപാട് ഗോത്ര സമൂഹങ്ങളെ സനാതന ധർമ്മത്തിലേക്ക് കൊണ്ടുവരുന്നതിൽ ഒരു പരിധിവരെയെങ്കിലും അവർ വിജയിച്ചിട്ടുണ്ട്. എന്നാൽ ഹിന്ദുത്വത്തിനെതിരെ ഇപ്പോഴും സജീവമായ ചെറുത്തുനിൽപ്പുകൾ ഉണ്ട്. പല സമുദായങ്ങളും സ്വന്തം സ്വത്വം സംരക്ഷിക്കുകയും തനതായ ആചാരങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നുണ്ട്. പ്രധാനമായും ആശുപത്രികൾ, സ്‌കൂളുകൾ, മറ്റു സേവനമേഖലകൾ എന്നിവയിലൂടെയാണ് ഹിന്ദുത്വ രാഷ്ട്രീയം തദ്ദേശീയരിലേക്ക് നുഴഞ്ഞു കയറുന്നത്. വൈഷ്ണവ വിഭാഗത്തിന്റെ ആരാധന കേന്ദ്രങ്ങളായ നാംഘറിന് ഭക്തിപ്രസ്ഥാനത്തിന്റെയും സഹിഷ്ണുതയുടെയും ചരിത്രമാണുള്ളത്. ജാതി – മത-വർഗ ഭേദമന്യേ അവർ എല്ലാ ആളുകളെയും ഉൾക്കൊണ്ടു. എന്നാൽ ഇന്ന് അങ്ങേയറ്റം സങ്കുചിതമായ ഒരു മതബോധമാണ് അവർ പുലർത്തുന്നത്. അധികാരവും പണവുമുപയോഗിച്ച് ഇവിടുത്തെ വൈഷ്ണവ സമ്പ്രദായത്തെ തങ്ങളുടെ വരിധിയിലാക്കുന്നതിൽ സംഘപരിവാർ വിജയിച്ചിട്ടുണ്ട്. താഴേക്കിടയിലുള്ള ആളുകളുമായി ഹിന്ദുത്വ രാഷ്ട്രീയക്കാർക്ക് സജീവയമായ ബന്ധം പുലർത്താൻ സാധിച്ചിട്ടുണ്ട്. മറുവശത്ത്, തങ്ങളുടെ കംഫർട്ട് സോണുകൾ വിട്ട് ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നതിൽ ഇവിടുത്തെ പുരോഗമന രാഷ്ട്രീയക്കാർ പരാജയപ്പെട്ടതിനാൽ അവരുടെ വിപ്ലവം കടലാസുകളിൽ മാത്രമായിട്ട് ഒതുങ്ങുകയാണ്.
Na khaunga na khane dunga (തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല) എന്നതാണ് അഴിമതിയെ കുറിച്ച് തങ്ങളുടെ നിലപാട് എന്ന് ബി.ജെ.പി പറയുന്നത്. കാസിരംഗയെ സംബന്ധിച്ച് എന്താണ് ഇതിന്റെ സത്യാവസ്ഥ?
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും അസമിലെ ആരോഗ്യമന്ത്രി കേശവ് മഹന്തയും ചേർന്ന് കാസിരംഗയിലെ ഒരു വലിയ ഭൂപ്രദേശമാണ് കൈയടക്കിയത്. വന്യജീവി ഇടനാഴികൾ തടസ്സപ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ കുടുംബം കാഞ്ചഞ്ചൂരി ടീ എസ്റ്റേറ്റിൽ വാണി ഗ്രീൻസ് എന്ന ആഡംബര റിസോർട്ട് നിർമ്മിച്ചത്. സമ്പന്നരും പ്രബലരുമായ ഓരോ രാഷ്ട്രീയക്കാർക്കും കാസിരംഗയിലെ കൊള്ളയിൽ അവരുടേതായ പങ്കുണ്ട്. ഏകദേശം 30 ശതമാനം മന്ത്രിമാരെങ്കിലും കാസിരംഗയിൽ ഭൂമി കൈയേറിയിട്ടുണ്ട്. ഗ്രാൻഡ് ഹയാത്ത്, താജ് ഹോട്ടൽസ്, വാണി ഗ്രീൻസ്, ഐഒആർഎ, ബോർഗോസ്, മണ്ടു, റോയൽ ഡി കാസ തുടങ്ങിയ വൻകിട ഹോട്ടൽ ശൃംഖലകളാൽ കസിരംഗയുടെ ഓരോ ഇഞ്ച് ഭൂമിയും കയ്യേറപ്പെടുകയാണ്. ഒറ്റ രാത്രി കൊണ്ടാണ് കൃഷിഭൂമികൾ വാണിജ്യ പ്ലോട്ടുകളായി മാറപ്പെടുന്നത്. വർഷങ്ങളായി ഇവിടുത്തെ ആദിവാസി/തേയില ഗോത്ര വിഭാഗങ്ങൾ താമസിക്കുന്ന ആനത്താരയുൾപ്പെടുന്ന ഭൂമിയിൽ ഗ്രാൻഡ് ഹയാത്ത് ഗ്രൂപ്പിന് 120 മുറികളുള്ള സ്റ്റാർ ഹോട്ടൽ പണിയാൻ എങ്ങനെ അനുവാദം ലഭിച്ചു? ഇവിടെ എല്ലാ നിയന്ത്രണവും ഈ പറയുന്ന അഴിമതി രഹിത ബി.ജെ.പിക്കാണ്. ഇവിടെയുള്ളതെല്ലാം അവരുടേതാക്കി മാറ്റി അവർ പങ്കിട്ടെടുക്കുകയാണ്. തിന്നുന്നത്തെല്ലാം അവർ തന്നെയാണ്. ഇവന്മാർ തീറ്റ നിർത്തിയാൽ അല്ലേ മറ്റാർക്കെങ്കിലും തിന്നാൻ പറ്റൂ. ഇവിടെ തിന്നുന്നതും തീറ്റിക്കുന്നതും ഇവർ തന്നെയാണ്.
നരേന്ദ്ര മോദിയുടെ കാസിരംഗ സന്ദർശനം സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും ഒരു ആഘോഷമായിരുന്നു. യഥാർത്ഥത്തിൽ കാസിരംഗയിലെ ജനങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ആകാംക്ഷാഭരിതർ ആയിരുന്നോ? മോഡിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള കർശന സുരക്ഷാ പരിശോധനകളോടും ശാരീരിക പരിശോധനകളോടും ജനങ്ങൾ ഏതുവിധത്തിൽ ആണ് പ്രതികരിച്ചത്?
ഇവിടെ ജനങ്ങൾക്കിടയിൽ ഒരു വിധത്തിലുള്ള ആവേശവും കാണാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. ബി.ജെ.പിക്കാർ പൈസ കൊടുത്ത് കൂലിക്കെടുത്ത അപൂർവം ചിലരൊഴികെ പ്രധാനമന്ത്രിക്കായി റോഡിന്റെ ഇരുവശത്തും ആരും കാത്തിരുന്നിട്ടില്ല. അത്തരം ഫോട്ടോ-ഓപ്പുകളിൽ (ഫോട്ടോ ഓപ്പൺ എന്നതിന്റെ ചുരുക്കം, ഒരു രാഷ്ട്രീയ നേതാവിന്റെയോ സെലിബ്രിറ്റിയുടെയോ ഒപ്പം ഫോട്ടോ എടുക്കുന്നതിനുള്ള അവസരം). ആളുകൾക്ക് താൽപ്പര്യം നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്റർനെറ്റ് മുഴുവൻ മോഡി തന്റെ വാഹനത്തിനുള്ളിൽ നിന്ന് റോഡിന് ഇരു വശത്തേക്കും കൈവീശുന്ന ഫോട്ടോകളാണ്. പക്ഷേ, ആരുടെ നേരെയാണ് അദ്ദേഹം കൈകാണിച്ചതെന്ന് ഞങ്ങൾക്ക് ഒരു ഐഡിയയുമില്ല. ഞാൻ അന്ന് ആ റോഡിലൂടെ സഞ്ചരിച്ചിരിച്ചിരുന്നു. അന്ന് റോഡിൻ്റെ ഭൂരിഭാഗവും ഏകദേശം കാലിയായിയിരുന്നു. ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിന്റെയും അതിജീവനത്തിന്റെയും തിരക്കിലാണ്. മണിക്കൂറുകളോളം റോഡിൽ കാത്തിരുന്ന് പ്രധാനമന്ത്രിക്ക് കൈവീശിക്കളിക്കാൻ അവർക്ക് നേരവുമില്ല, താല്പര്യവുമില്ല.
നോർത്ത് ഈസ്റ്റിനെ സംബന്ധിച്ച് സുരക്ഷാ പരിശോധനകളും ഫ്ലാഗ് മാർച്ചുകളും ഒരു സാധാരണ സംഭവമാണ്. കേന്ദ്ര-സംസ്ഥാനങ്ങളിലെ ഏതു മുതിർന്ന നേതാക്കളുടെ സന്ദർശന വേളയിലും തെരഞ്ഞെടുപ്പ് വേളകളിലും ജനങ്ങൾക്ക് ഇത്തരം പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടി വരും. അത്തരം അവസരങ്ങളിലെല്ലാം, ഇന്ത്യൻ ഭരണകൂടം എത്ര വലുതും ശക്തവുമാണെന്ന് അവർക്ക് കാണിക്കേണ്ടതുണ്ട്. ചെറുപ്പം മുതലേ നമ്മൾ കാണുന്ന പതിവ് കാഴ്ചകളാണിത്. ഇന്ത്യൻ സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രകടനമാണ്. എന്നാൽ ആളുകൾ അതിനെ എല്ലാ കാലത്തും വ്യത്യസ്തമായ രീതികളിലൂടെ ചെറുത്തുനിന്നിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ പരിപാടിക്ക് പോകേണ്ടതില്ലെന്ന തീരുമാനവും പ്രതിരോധത്തിൻ്റെ മറ്റൊരു രൂപമായിരുന്നു. മോദിക്ക് പകരം വെക്കാൻ ആളില്ലാത്ത അവസ്ഥയൊന്നുമില്ല. ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല എന്നതാണ് സത്യം.