പരിസ്ഥിതി – വികസനം: ബജറ്റിലെ വൈരു​ധ്യങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സാമ്പത്തിക ഞെരുക്കം, വന്യജീവി സംഘർഷം, കാലാവസ്ഥാ പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ ദുരിതങ്ങളെ തുടർച്ചയായി നേരിടുകയാണ് കേരളം. അതുകൊണ്ടുതന്നെ, ജനങ്ങളെ സംബന്ധിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച 2025-26 വർഷത്തെ ബജറ്റ് വളരെ നിർണ്ണായകമായ ഒന്നായിരുന്നു. കേരളം കടന്നുപോകുന്ന ഈ പ്രതിസന്ധികളെ ബജറ്റ് എങ്ങനെയാണ് പരി​ഗണിച്ചതെന്നും ധനവിനിയോ​ഗവും പദ്ധതികളുടെ പ്രഖ്യാപനവും എത്തരത്തിലാണെന്നും സൂക്ഷമമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇത്തരം പ്രതിസന്ധികളെ പരി​ഗണിക്കുന്ന തരത്തിലുള്ള പദ്ധതികളുടെ അവതരണം ബജറ്റിലുണ്ടായെങ്കിലും മറ്റൊരുവശത്ത് കേരളത്തിന്റെ സാമ്പത്തികവും പാരിസ്ഥിതികവുമായ സുസ്ഥിരതയെ തകർക്കുന്ന വികസന പദ്ധതികളുടെ പ്രഖ്യാപനവും ബജറ്റിൽ ഉടനീളം കാണാം. ജനങ്ങൾ സമരത്തിലൂടെ പ്രതിരോധിക്കുന്ന പദ്ധതികളടക്കം ആ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

1,52,352 രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂ ചെലവും പ്രതീക്ഷിക്കുന്നതാണ് രണ്ടാം ടേം പൂർത്തിയാക്കാറായ എൽ.ഡി.എഫ് സർക്കാരിന്റെ അവസാന ബജറ്റ്. കഴിഞ്ഞ വർഷങ്ങളിൽ കേരളം നേരിട്ട രൂക്ഷമായ ധനഞെരുക്കത്തെ അതിജീവിച്ചു എന്ന ആമുഖത്തോടെയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിച്ചത്. എന്നാൽ എങ്ങനെയാണ് അത് പരിഹരിക്കപ്പെട്ടത് എന്നതിന്റെ സാമ്പത്തിക വിശദാംശങ്ങൾ മന്ത്രി ബജറ്റ് പ്രസം​ഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ആമുഖത്തിന് ശേഷം പരിസ്ഥിതിയും ദുരന്ത പരിഹാരവും എന്ന വിഷയത്തിലൂന്നി സംസാരിച്ച ധനമന്ത്രി 2024 ൽ കേരളം നേരിട്ട മുണ്ടക്കൈ-ചൂരൽമല ദുരന്തവും പുനരധിവാസവും സംബന്ധിച്ച വിശദീകരണങ്ങളിലേക്ക് കടന്നു. പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ‘കവചം’ (KaWaCHaM – Kerala Warnings Crisis and Hazards Management System) എന്ന മുന്നറിയിപ്പ് സംവിധാനത്തിന്റെ വരവോടെ കേരളം ദുരന്ത നിവാരണ മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിച്ചുവെന്നും ധനമന്ത്രി ചൂണ്ടികാട്ടുകയുണ്ടായി.

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ. കടപ്പാട്:business-standard

“കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാലവസ്ഥാ മാറ്റത്തിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. ഏത് സ്ഥലത്തും എന്തും ആവാം എന്ന അനാരോഗ്യകരമായ സമീപനമാണ് നിർഭാഗ്യവശാൽ നാം പൊതുവേ സ്വീകരിച്ചുപോന്നിട്ടുള്ളത്. എവിടെ എന്തൊക്കെ ആവാം, എവിടെ എന്തൊക്കെ പാടില്ല എന്നത് ശാസ്ത്രീയമായി നിശ്ചയിച്ചുകൊണ്ടുള്ള സ്ഥലമാന ആസൂത്രണത്തിന് (Spatial Planning) ഇനിമുതൽ കേരളം ഉയർന്ന പരിഗണന നൽകും” എന്നായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസം​ഗത്തിലെ കാലാവസ്ഥാ മാറ്റം സംബന്ധിച്ച് എടുത്ത് പറയുന്ന കാര്യം. ബജറ്റിലുടനീളം ഇത്തരത്തിൽ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പരാമർശങ്ങളും ബദൽ പദ്ധതികളും ആ​ഹ്വാനങ്ങളും കാണാൻ സാധിക്കും. എന്നാൽ ഇതേ ബജറ്റിൽ തന്നെ, ‘എവിടെ എന്തൊക്കെ പാടില്ല എന്നത് ശാസ്ത്രീയമായി നിശ്ചയിച്ചുകൊണ്ടുള്ള സ്ഥലമാന ആസൂത്രണം’ എന്ന് മന്ത്രി പറയുന്നതിന് വിരുദ്ധമായ വൻകിട വികസന പദ്ധതികൾക്കായും വൻ തുക മാറ്റിവെച്ചിട്ടുണ്ട്.

പരിസ്ഥിതിയെ പരി​ഗണിക്കുന്ന പരാമർശങ്ങൾ/പദ്ധതികൾ

ക്രമനമ്പർ 120 : ഐടി, സ്റ്റാർട്ടപ്പ്, ടൂറിസം, കായികം, ഇലക്ട്രിക് വാഹനങ്ങൾ എന്നീ മേഖലകളിൽ പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ സർക്കാർ സമീപനത്തിനായി ശ്രദ്ധ നൽകണം.

ക്രമനമ്പർ 164: ഫോസിൽ ഇന്ധനങ്ങൾക്ക് പകരം പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജൻ ഇന്ധനത്തിന്റെ ഉപയോ​ഗം പ്രോൽസാഹിപ്പിക്കും. ​ഹൈഡ്രജൻ വാലി എന്ന വിപുലമായ പദ്ധതി സംസ്ഥാനത്ത് ആരംഭിക്കും.

ക്രമനമ്പർ 165: ഹൈഡ്രജൻ വാലി പദ്ധതിക്കായി കമ്പനി രൂപീകരിക്കും. സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാൻ അഞ്ച് കോടി രൂപ.

ക്രമനമ്പർ 166: ബയോ എഥനോൾ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിനും ​ഗവേഷണ പിന്തുണക്കുമായി 10 കോടി രൂപ.

ക്രമനമ്പർ 307: വിവിധ വനസംരക്ഷണ പ്രവർത്തനങ്ങൾ ഉൾപ്പെട്ട വന സംരക്ഷണ പദ്ധതിക്കായി 25 കോടി രൂപ.

ക്രമനമ്പർ 331: വെള്ളപൊക്ക നിയന്ത്രണം, തീരദേശ സംരക്ഷണം എന്നിവയ്ക്കായി 609.85 കോടി

ക്രമനമ്പർ 365: പുനരുപയോ​ഗിക്കാവുന്ന ഊർജ പദ്ധതികൾക്കായി 31.50 കോടി രൂപ.

ക്രമനമ്പർ 367: ​ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ നടപ്പിലാക്കുന്നതിലേക്കായി 6.50 കോടി രൂപ.

ക്രമനമ്പർ 825: സുരക്ഷിതമാക്കാം പശ്ചിമഘട്ടം എന്ന പദ്ധതിക്ക് മൂന്ന് കോടി.

വിഴിഞ്ഞം തുറമുഖം. കടപ്പാട്:thehindu

പരിസ്ഥിതിയെ പരി​ഗണിക്കാത്ത പരാമർശങ്ങൾ/പദ്ധതികൾ

ക്രമനമ്പർ 45: കേരളത്തിന് അതിവേഗ റെയിൽപ്പാത വേണമെന്നുള്ള കാര്യത്തിൽ അഭിപ്രായ സമന്വയം.

ക്രമനമ്പർ 47: 2045 ൽ പൂർത്തിയാക്കാൻ കണക്കുകൂട്ടിയ വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ 2028 ൽ പൂർത്തിയാവും. ഇതിലേക്കായി 9500 കോടി നിക്ഷേപിക്കും. (വിഴിഞ്ഞം തുറമുഖം വികസനത്തിന്റെ ​ഗേറ്റ് വേ ആയിരിക്കുമെന്ന കഴിഞ്ഞ ബജറ്റിലെ സമീപനം തന്നെ ആവർത്തിക്കുകയാണ് ധനമന്ത്രി. വിഴിഞ്ഞം പദ്ധതിക്ക് അനുവദിച്ച വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശം എങ്ങനെയാണ് പരി​ഗണിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ വ്യക്തമായ മറുപടിയില്ല).

ക്രമനമ്പർ 49: തെക്കൻ കേരളത്തിൽ പുതിയ കപ്പൽ നിർമ്മാണ ശാല തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തും.

ക്രമനമ്പർ 52: വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം പുരോഗമിക്കുകയും കണ്ടെയ്നർ നീക്കം വർദ്ധിക്കുകയും ചെയ്യുന്നതോടെ റോഡ് ട്രാഫിക് സമ്മർദ്ധം ഉയരുന്നതുകൊണ്ട്.

ക്രമനമ്പർ 135: തീരദേശ ഹൈവേയോട് ചേർന്നുള്ള സാമ്പത്തിക മേഖലകളുടെ വികസനം. തീരദേശ പാതയുടെ ഓരോ 25 കീലോ മീറ്റർ ദൂരത്തിലും ഭൂമി ഏറ്റെടുക്കും.

ക്രമനമ്പർ 128: വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണം.

ക്രമനമ്പർ 130: വിഴിഞ്ഞം തുറമുഖത്തെ നാവായിക്കുളവുമായി ബന്ധിപ്പിക്കുന്ന 63 കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർ റിംഗ് റോഡ്.

ക്രമനമ്പർ 131 : വിഴിഞ്ഞം, കോവളം, കാട്ടാക്കട, നെടുമങ്ങാട്, വെമ്പായം, കിളിമാനൂർ, കല്ലമ്പലം എന്നിവിടങ്ങളിൽ വരുന്ന ഇക്കണോമിക് നോഡുകൾ. ഇതിനാവശ്യമായ ഭൂമി ലാന്റ് പൂളിംഗിലൂടെ ലഭ്യമാക്കും.

ക്രമനമ്പർ 246: സീപ്ലെയിൻ ടൂറിസം ഹെലിപ്പോർട്ടുകൾ, ചെറിയ വിമാനത്താവളങ്ങൾ എന്നിവ വികസിപ്പിക്കാൻ 20 കോടി രൂപ വകയിരുത്തും.

ക്രമനമ്പർ 285: മുതലപ്പൊഴി ഹാർബർ 2026 ഡിസംബറിൽ പൂർത്തിയാവും. (മുതലപ്പൊഴി ഹാർബറിലെ അപകട മരണങ്ങളെക്കുറിച്ച് പരാമർശമില്ല).

ക്രമനമ്പർ 335: കാരാപ്പുഴ ജലസേചന പദ്ധതിക്കായി 27 കോടി രൂപ. (കാരാപ്പുഴ ജലസേചന പദ്ധതിക്കായി 27 കോടി വിലയിരുത്തും എന്ന് പറയുമ്പോഴും പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനൽകിയ ആദിവാസി കുടുംബങ്ങളുടെ പുനഃരധിവാസം ഇനിയും സാധ്യമായിട്ടില്ല.)

ക്രമനമ്പർ 480: സീപ്ലെയിൻ വാട്ടർ എയർഡ്രോം സൗകര്യങ്ങളും ചെറുവിമാനത്താവളങ്ങളും വികസിപ്പിക്കാൻ 50 കോടി രൂപ അധികമായി വകയിരുത്തും. (സീപ്ലെയിൻ പദ്ധതിക്കെതിരെ ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ അടക്കം സമരത്തിലാണ്).

പശ്ചിമഘട്ട മലനിരകൾക്കും അറബിക്കടലിനുമിടയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഭൂരിഭാ​ഗം പ്രദേശങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങളാണ്. എന്നാൽ ആ പരിസ്ഥിതി ലോലതയെ മാനിക്കാത്ത, മനുഷ്യരെ അവരുടെ പരമ്പരാ​ഗത ആവാസ വ്യവസ്ഥകളിൽ നിന്നും കുടിയിറക്കുന്ന, വന്യജീവികളുടെ ആവാസ വ്യവസ്ഥയെ ഇല്ലാതാക്കുന്ന വൻകിട വികസന പദ്ധതികളാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സർക്കാർ നടപ്പിലാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രതകൾ കേരളം തുടർച്ചയായി അനുഭവിക്കാൻ തുടങ്ങിയിട്ടും സർക്കാർ അതിനുവേണ്ട അനുരൂപീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ഇപ്പോഴും പിന്നിലാണ് എന്ന് വ്യക്തമാക്കുന്നതാണ് ബജറ്റിലെ ഈ വൈരുധ്യങ്ങൾ.

Also Read

4 minutes read February 7, 2025 4:02 pm