കാലാവസ്ഥ മാറുന്നു, കൃഷി അസാധ്യമാകുന്നു

പ്രവചിക്കാനാവാത്ത വിധത്തിൽ കേരളത്തിന്റെ കാലാവസ്ഥ മാറുകയാണ്. 2018 ലെ മഹാപ്രളയത്തെ തുടർന്നാണ് കേരളം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചർച്ചകളെ കാര്യമായി പരിഗണിക്കാൻ തുടങ്ങിയത്. അതിതീവ്ര  മഴ, ഉരുൾപൊട്ടൽ, മിന്നൽ ചുഴലികൾ, വെള്ളപ്പൊക്കം, വരൾച്ച, ഉയർന്ന താപനില തുടങ്ങിയ നിരവധി പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളത്തിലെമ്പാടുമുള്ള ജനങ്ങൾ. കാലാവസ്ഥയിലുണ്ടായിരിക്കുന്ന ഈ മാറ്റം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് കർഷകരെയാണ്. കാലാവസ്ഥയിലെ അസ്ഥിരത വർഷങ്ങളായി നിലനിന്നിരുന്ന കാർഷിക കലണ്ടറിനെ തകിടം മറിച്ചിരിക്കുന്നു. 2018ന് ശേഷം കൃഷി സാധ്യമല്ലാത്ത നിലയിലേക്ക് സാഹചര്യങ്ങൾ എത്തിച്ചേർന്നിരിക്കുകയാണ്. പ്രളയവും, വെള്ളക്കെട്ടും, വരൾച്ചയും കർഷകരെ നിരന്തരം വലയ്ക്കുന്നു. അതോടൊപ്പം ആവർത്തിക്കുന്ന മിന്നൽ ചുഴലികളും അപ്രതീക്ഷിതമായ അതിതീവ്ര മഴകളും കർഷകരെ കൂടുതൽ ദുരിതത്തിലാഴ്ത്തുന്നു.

പ്രളയകാലത്തും അതിനെ തുടർന്നുള്ള വർഷങ്ങളിലും പലരീതിയിൽ ദുരന്തങ്ങൾ ആവർത്തിച്ച സ്ഥലമാണ് തൃശൂർ-എറണാകുളം ജില്ലയിലെ ചാലക്കുടിപ്പുഴയുടെ തീരപ്രദേശങ്ങൾ. 2019, 2022 തുടങ്ങിയ വർഷങ്ങളിലും ചാലക്കുടിപ്പുഴയുടെ തീരങ്ങളിൽ പ്രളയം ആവർത്തിച്ചു. ഈ സമയങ്ങളിലെല്ലാം കാർഷിവിളകൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. അ‍ഞ്ച് വർഷത്തിനിടയിൽ മിന്നൽചുഴലി രണ്ടുതവണ ചാലക്കുടിപ്പുഴയുടെ തീരങ്ങളിൽ ആഞ്ഞുവീശുകയും കൃഷിനാശം വിതയ്ക്കുകയും ചെയ്തു. പുഴയുടെ താഴ്ത്തടങ്ങളിലെ പഞ്ചായത്തുകളായ അന്നമനട, കുഴൂർ, പാറക്കടവ്, പുത്തൻവേലിക്കര എന്നിവിടങ്ങളിലെ കർഷകർ ഇപ്പോൾ കൃഷി ചെയ്യുന്നത് ഏറെ ഭയത്തോടെയാണ്. പുഴയിലെ ജലനിരപ്പിനും താഴെയാണ് ഈ പഞ്ചായത്തിലെ ഭൂരിഭാഗം കൃഷിയിടങ്ങളും എന്നതിനാൽ വെള്ളപ്പൊക്ക ഭീഷണി ഇവിടെ കൂടുതലാണ്. ചാലക്കുടിപ്പുഴ പെരിയാറുമായി ചേരുന്ന പ്രദേശത്തുള്ള പഞ്ചായത്താണ് പുത്തൻവേലിക്കര. കോട്ടപ്പുറം കായലിൽ നിന്നും ഉപ്പുവെള്ളം കയറുന്നത് നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ച കണക്കൻകടവ് റെഗുലേറ്റർ സ്ഥിതി ചെയ്യുന്നതും ഈ പഞ്ചായത്തിലാണ്. പെരിയാറും ചാലക്കുടിയാറും സംഗമിക്കുന്ന സ്ഥലമായതിനാൽ പെരിയാറിലെ ഒഴുക്കും ഈ മേഖലയിൽ വെള്ളക്കെട്ട് കൂടാൻ കാരണമാകുന്നു. പ്രതീക്ഷിക്കാത്ത അളവിലുള്ള മഴയും, വെള്ളക്കെട്ടും, മിന്നൽ ചുഴലിയും കാരണം വാഴ പോലുള്ള കൃഷികൾ കർഷകർ ഉപേക്ഷിച്ചുതുടങ്ങി. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾ കർഷകർക്ക് വേണ്ടത്ര പിന്തുണ നൽകാത്തതും പലരും കൃഷി ഉപേക്ഷിക്കുന്നതിന് കാരണമായി മാറുന്നു. 2018ലെ പ്രളയത്തിലുണ്ടായ നാശങ്ങൾക്ക് പോലും ഇപ്പോഴും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

ചാലക്കുടിപ്പുഴ, 2018ലെ പ്രളയശേഷം. കടപ്പാട്: വിക്കിമീഡിയ കോമൺസ്

പ്രവചനം എങ്ങനെ നടത്തും?

അന്നമനടയിൽ നിന്നും കുമ്പിടി വഴി എരവത്തൂർ പോകുന്ന വഴിയിൽ പൂവത്തുശ്ശേരിയിലാണ് മാർട്ടിൻ എന്ന കർഷകന്റെ വീട്. ചുറ്റും പരന്നു കിടക്കുന്ന നെൽപ്പാടങ്ങളും, പച്ചക്കറിത്തോട്ടങ്ങളും ഉള്ള മേഖലയാണിത്. സമുദ്രനിരപ്പിനോട് ചേർന്നുകിടക്കുന്ന ഈ മേഖലയിൽ മുൻ കാലങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. എന്നാൽ അതിനനുയോജ്യമായ കൃഷി രീതികളിലൂടെ വർഷങ്ങളായി ഇവർ കൃഷി തുടരുകയായിരുന്നു. യുവാവായിരിക്കുമ്പോൾ തന്നെ കൃഷിയിലേക്കു ഇറങ്ങി തിരിച്ച മാർട്ടിൻ ഇപ്പോൾ നെല്ലൊഴിച്ചുള്ള കൃഷികളെല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. “2018  ലെ പ്രളയത്തിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം കോഴി, താറാവ് എന്നീ കൃഷിയിൽ നിന്നും വന്നു. രണ്ട് പ്ലോട്ട് വാഴ നശിച്ചു. മൃഗങ്ങളും, പക്ഷികളും നശിച്ചതിന് പൈസ കിട്ടി. എന്നാൽ കൃഷി നാശത്തിനു പൈസയൊന്നും കിട്ടിയിട്ടില്ല.  2019 ലും എന്റെ വാഴ തോട്ടം നശിച്ചു. കഴിഞ്ഞ വർഷത്തെ കാറ്റോടുകൂടി ഞാൻ വാഴ കൃഷി നിർത്തി. 2021-22 ൽ മൂന്ന് തവണയാണ് വാഴതോട്ടത്തിൽ വെള്ളം കയറിയത്. അങ്ങനെ അവിടെ വാഴ വയ്ക്കാൻ പറ്റാതായി. ഒരു സീസണിൽ  ഒരു സ്ഥലം തന്നെ മൂന്ന് തവണ മുങ്ങിയാൽ പിന്നെ നമ്മൾ അവിടെ വാഴ വയ്ക്കുന്നതിൽ കഥയില്ലല്ലോ.” മാർട്ടിൻ പറയുന്നു. സർക്കാരിന്റെ ഭാഗത്തെ സഹായങ്ങൾ പരിമിതമാണെന്നും, വളങ്ങളുടെ വിലവർദ്ധനവ് കൃഷിയുടെ നഷ്ടം കൂട്ടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നെല്ല് സർക്കാർ സംഭരിക്കുന്നതിനാൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി നെൽകൃഷിയിൽ ലാഭമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർട്ടിൻ മിന്നൽച്ചുഴലിയിൽ നശിച്ച വാഴത്തോട്ടത്തിൽ

സമാന അനുഭവമാണ് വാഴ കർഷകനായ പൂവത്തുശേരി സ്വദേശി വിൽസൺ കളപ്പറമ്പത്തിന് പങ്കുവെക്കാനുള്ളത്. സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള കാലതാമസവും കർഷകരെ വലയ്ക്കുന്നുണ്ടെന്ന് അദ്ദേഹവും വ്യക്തമാക്കുന്നു. “കഴിഞ്ഞ (2022) തവണത്തെ ചുഴലിക്കാറ്റിൽ എന്റെ നാലായിരത്തോളം വാഴ ഒടിഞ്ഞുപോയി. എഴുതി പോയതല്ലാതെ അതിനൊന്നും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. അതെ വര്ഷം തന്നെ വെള്ളം കയറി ഒടിയാതെ  ബാക്കി നിന്നിരുന്ന വാഴകളും നഷ്ടപ്പെട്ടു . 2018 ന് മുൻപ് വെള്ളം വന്നാലും കൃഷിയെ ഇത്രത്തോളം ബാധിക്കാറില്ലായിരുന്നു. 2018, 2019, 2022 എന്നിങ്ങനെ തുടർച്ചയായി പ്രളയവും, ചുഴലിയും മൂലം എനിക്ക് കൃഷിയിൽ നാശനഷ്ടമുണ്ടായി.” വിൽ‌സൺ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചിരിക്കുന്ന വലിയ പ്രതിസന്ധി കർഷകരുടെ പരമ്പരാഗതമായ കണക്കുകൂട്ടലുകൾ തെറ്റുന്നു എന്നതാണ്. ഓണ വിപണിയെ ലക്ഷ്യമാക്കി നടന്നിരുന്ന ഏത്തവാഴ കൃഷി വലിയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. “2018 ന് ശേഷമാണു കാലാവസ്ഥ മാറിയത്. അതിന് മുൻപ് നമുക്ക് ഒരു കണക്കുകൂട്ടൽ ഉണ്ടായിരുന്നു. ആഗസ്റ്റിൽ വാഴ വച്ചാൽ അടുത്ത കാലാവർഷത്തിനുള്ളിൽ തോട്ടം കാലിയാകും. കഴിഞ്ഞ തവണ മെയ് മാസത്തിൽ ആദ്യമായിട്ട്  ഇവിടെ വെള്ളം കയറി. ഞാൻ ഈ 52 വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് മെയ് മാസത്തിൽ കൃഷിയിടത്തിൽ വെള്ളം കയറി കാണുന്നത്. ഏപ്രിൽ, മെയ് മാസത്തിലാണ് ഇവിടെ കൊയ്ത്ത് കഴിയുന്നത്. ആ സമയത്ത് വേനൽ മഴ ശക്തി പ്രാപിച്ച് വെള്ളം കയറുകയായിരുന്നു. അതിന് തൊട്ടു മുൻപ് ഏപ്രിലിലാണ് ഇവിടെ ചുഴലി വന്നു വാഴകൾ നശിച്ചത്.” മാർട്ടിൻ അഭിപ്രായപ്പെടുന്നു. വാഴ കൃഷിയിൽ നിന്നും ഈ മേഖലയിലെ കർഷകർ ഇപ്പോൾ പിന്തിരിയുകയാണ്. വെള്ളക്കെട്ടും, കാറ്റും വാഴക്കൃഷിയെ ഒരുപോലെ ബാധിക്കുന്നു.

വിൽസൺ കളപ്പറമ്പത്ത്

വിളകൾക്കുണ്ടാകുന്ന നാശം മാത്രമല്ല പ്രളയത്തിന് ശേഷം കീടബാധയും കൂടിയതായി കർഷകർ പരാതിപ്പെടുന്നു. “കൃഷിയുടെ വിളവ് വ്യാപകമായി കുറഞ്ഞിട്ടുണ്ട്. 2018, 2019, 2022 തുടങ്ങിയ വർഷങ്ങളിൽ തുടർച്ചയായി ഉണ്ടായ പ്രളയം കാരണം മണ്ണിന്റെ ഘടനയിലും വ്യത്യാസം ഉണ്ടായിട്ടുണ്ട്. മണ്ണിൽ അമ്ലത്വം കൂടിയിട്ടുണ്ട്. പ്രളയത്തിന് ശേഷം കേടുകളും, കീടങ്ങളും കൂടുകയും ചെയ്തിട്ടുണ്ട്. സർക്കാരിന്റെ കൂടെ സഹായത്തോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ കേടുകളും, കട ചീയലും, ഫംഗസൈഡ് പോലുള്ള രോഗങ്ങളും കുറയ്ക്കാൻ സാധിച്ചിട്ടില്ല. മുൻപ് വിപണി, വില എന്നീ കാര്യങ്ങളാണ് കർഷകന്റെ ലാഭത്തെ നിർണയിച്ചിരുന്നത്. അന്ന് വിളവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് വിളവും ഇല്ലാതായിരിക്കുന്ന അവസ്ഥയാണ്.” കുഴൂർ പഞ്ചായത്തിലെ എരവത്തൂർ പാടശേഖര സമിതി പ്രസിഡന്റ് ആയ കെ.സി വിജയൻ പറയുന്നു. കാലാവസ്ഥയിൽ വന്ന മാറ്റം ആളുകളെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കുന്നതായും വിജയകുമാർ പറയുന്നു. “2022 -2023 ൽ നെൽകൃഷി കുറച്ചെങ്കിലും ലാഭകരമായിട്ടുണ്ട്. വാഴക്കൃഷി പാടെ നശിച്ചു പോയി. വാഴ കൃഷി ചെയ്യാൻ ആളുകൾക്ക് ഇപ്പോൾ ഭയമാണ്. സാധാരണ മുൻ കാലങ്ങളിൽ ഓണ വിപണിയെ ലക്ഷ്യം വച്ചാണ് വാഴ വച്ചിരുന്നത്. എന്നാൽ ഇപ്പോൾ ജൂൺ, ജൂലൈ മാസങ്ങളിലെ പ്രളയം പേടിച്ച് ജൂണിന് മുൻപ് വാഴ വിളവ് എടുക്കേണ്ടി വരികയാണ്. അങ്ങനെ വക്കണമെങ്കിൽ വാഴ വയ്ക്കുന്ന ആഗസ്റ്റ് സമയത്ത് വെള്ളക്കെട്ട് ഉണ്ടാകാനും പാടില്ലാ. എന്നാൽ ആഗസ്റ്റിൽ ഇപ്പോൾ വെള്ളക്കെട്ട് പതിവാണ്.” കെ.സി വിജയൻ കൂട്ടിച്ചേർക്കുന്നു. കർഷകർ പങ്കുവെക്കുന്ന ഈ ആശങ്ക ശരിയാണെന്ന് കാർഷിക വിദഗ്ധരും സൂചിപ്പിക്കുന്നു. “2018 ന് ശേഷം മഴയുടെ പാറ്റേണിൽ വ്യത്യാസം വന്നു. അന്തരീക്ഷത്തിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് ഫംഗൽ ബാധ കൂടാൻ കാരണമായിട്ടുണ്ട്. അതുപോലെ ജാതിയുടെ കാര്യത്തിൽ ഇലപൊഴിച്ചിൽ വ്യാപകമായി കാണുന്നുണ്ട്. ഫൈറ്റോതോറ എന്ന ഫംഗസ് ആണ് ഇതിന് പ്രധാന കാരണം. ഇതെല്ലം കാലാവസ്ഥയുമായും, മഴപെയ്ത്തിന്റെ പാറ്റേണുമായും ബന്ധപ്പെട്ടു ഉണ്ടാകുന്നവയാണ്. ചാലക്കുടി അഗ്രോണമിക് റിസർച് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അജിത് സി.ബി ചൂണ്ടിക്കാണിക്കുന്നു.

വിൽസൺ മിന്നൽച്ചുഴലിയിൽ നശിച്ച വാഴത്തോട്ടത്തിൽ

പ്രശ്നങ്ങളെ രൂക്ഷമാക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ്

എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജ് കോട്ടപ്പുറം കായലിൽ നിന്നും ഓരുവെള്ളം കയറുന്നതിനെ നിയന്ത്രിക്കുന്നതിനായി 2000ൽ കമ്മീഷൻ ചെയ്തതാണ്. എന്നാൽ  ഉപ്പുവെള്ളം കയറുന്നതിനെ പൂർണ്ണമായും നിയന്ത്രിക്കാൻ ഈ നിർമ്മിതി കൊണ്ട് കഴിഞ്ഞിട്ടില്ല. അശാസ്ത്രീയമായ നിർമ്മാണവും, വേണ്ട പരിപാലനം ഇല്ലാത്തതും ആണ് ഇതിന് കാരണം. ഇപ്പോൾ റെഗുലേറ്ററിനും താഴെ താത്കാലികമായി മറ്റൊരു മണൽ ബണ്ട് കെട്ടിയാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടിട്ടുള്ളത്. ചാലക്കുടിപ്പുഴയിലെ ഒഴുക്കിനെ കണക്കൻകടവ് റെഗുലേറ്റർ തടയുന്നതിനാൽ റെഗുലേറ്ററിനു മുകൾ ഭാഗത്തുള്ള പ്രദേശങ്ങളിലെ കർഷകർ വളരെ വർഷങ്ങളായി വെള്ളക്കെട്ട് അനുഭവിക്കുന്നുണ്ട്. അതോടൊപ്പം റെഗുലേറ്റർ ഉണ്ടായിട്ടും ഓരുവെള്ളം കയറുന്ന സാഹചര്യവും ഇവിടെയുണ്ട്. 2018  മുതൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങളും രൂക്ഷമായതിനാൽ വലിയ പ്രതിസന്ധികളെയാണ് കർഷകർ നേരിടുന്നത്.

കണക്കൻ കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്. കടപ്പാട്: വിക്കിമീഡിയ കോമൺസ്

പുഴയുടെ ജലനിരപ്പിനേക്കാൾ താഴ്ന്നു കിടക്കുന്നവയാണ് ഈ പ്രദേശങ്ങളിലെ പാടശേഖരങ്ങൾ. ഉപ്പുവെള്ളം കയറാതിരിക്കാൻ ബണ്ടുകളും, റെഗുലേറ്റർ കം ബ്രിഡ്ജും മിക്ക സമയങ്ങളിലും അടച്ചിടുന്നതിനാൽ കൃഷി സ്ഥലങ്ങളിൽ എപ്പോഴും വെള്ളക്കെട്ട് ഉണ്ടാവുകയാണ്. കണക്കൻകടവ്, കുത്തിയതോട്, ചാലാക്ക എന്നീ പ്രദേശങ്ങളിലും പാറക്കടവ്, പൊയ്യ, കുഴൂർ, അന്നമനട പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകാൻ ഇത് കാരണമാകുന്നു. “വെള്ളത്തിന്റെ അളവ് അനുസരിച്ച് ഷട്ടർ ഇവിടെ ഉയർത്തുകയോ, താഴ്ത്തുകയോ ചെയ്യുന്നില്ല. ഇതിന്റെ കൂടെ മഴ ശക്തിയായി പെയ്താൽ വിളവെല്ലാം നശിച്ചുപോകും. മഴ പെയ്ത് വെള്ളം കൂടുന്നതിനനുസരിച്ച് വെള്ളം കൃത്യമായി താഴേക്ക് ഒഴുക്കിവിടേണ്ടതുണ്ട്. വേലിയിറക്ക സമയം നോക്കി ഷട്ടർ ഉയർത്തി വെള്ളം ഒഴുക്കി കളയാൻ ജലസേചന വകുപ്പോ, കൃഷി വകുപ്പോ ശ്രദ്ധ കാണിക്കുന്നില്ല. അതിനാലാണ് ഈ കൃഷിനാശം കൂടുതലുണ്ടാകുന്നത്.” കമ്മ്യൂണിറ്റി റിസോഴ്സ്‌ സെന്റർ കോർഡിനേറ്ററും, കർഷകനുമായ ഷാജൻ എം.പി  പറയുന്നു.

ഷാജൻ എം.പി

ഇത്തരത്തിലുള്ള വെല്ലുവിളികളെ അവഗണിച്ച് പുത്തൻവേലിക്കരയിലെ കർഷക കൂട്ടായ്‍മകളും കർഷകരും കൃഷിയിറക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുതിയ പ്രശ്നങ്ങളെ കൂടി അഭിമുഖീകരിക്കേണ്ടി വരുന്നതോടെ ഈ ശ്രമങ്ങൾ പാഴാവുകയാണ്. പുത്തൻവേലിക്കരയിലുള്ള മൈത്രി കർഷക സംഘത്തിന്റെ ശ്രമം ഇതിനൊരുദാഹരണമാണ്. “കണക്കൻകടവ്  റെഗുലേറ്റർ കം ബ്രിഡ്ജ് വന്നതിന് ശേഷം പുത്തൻവേലിക്കര പുതുക്കാട്ടിൽ പാടശേഖരത്തിൽ നെൽകൃഷി അസാധ്യമായി മാറി. എന്നാൽ 2018-ൽ  സ്വാമിനാഥൻ ഫൗണ്ടേഷന്റെ  സഹായത്തോടെ മൈത്രി സ്വാശ്രയ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഇവിടെ ഞങ്ങൾ കൃഷിയിറക്കി. അന്ന് ജൂൺ മാസത്തിൽ പെയ്യേണ്ട മഴ ഏപ്രിൽ മാസത്തിൽ പെയ്തു. കൊയ്തെടുക്കേണ്ട നെല്ല് മുഴുവൻ വെള്ളത്തിലായി. ഏഴ് ഏക്കറോളം സ്ഥലത്തെ നെല്ല്  അന്ന് നശിച്ചു. 2021 ലും ഞങ്ങൾ കൃഷി ഇറക്കിയിരുന്നു. അന്നും കൃഷി ലാഭകരമായിരുന്നില്ല. പിന്നീട് ആരും ഇവിടെ കൃഷി ഇറക്കിയിട്ടില്ല.” മൈത്രി സ്വാശ്രയ സംഘത്തിലെ അംഗമായ ജോർജ് പഞ്ഞിക്കാരൻ പറയുന്നു. കണക്കൻകടവ് റെഗുലേറ്ററിന്റെ അപര്യാപ്തതകൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ കൃഷി ചെയ്യുന്നവരുടെ എണ്ണം ഇനിയും കുറയുമെന്നാണ് ഈ പ്രദേശങ്ങളിലുള്ളവരുടെ അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാകുന്നത്. 2018ലെ പ്രളയത്തെ തുടർന്ന് പതിവായിരിക്കുന്ന രോഗബാധകളും കർഷകരെ സംബന്ധിച്ച് സങ്കീർണ്ണമായ പ്രശ്നമാണ്. “അറുപത് വർഷം പഴക്കമുള്ള ജാതിക്കൊക്കെ പ്രളയത്തിന് ശേഷം കേടുവന്നു. ബഡ് ചെയ്ത ജാതികൾക്കാണ് കൂടുതലും അങ്ങനെ സംഭവിച്ചത്. കുറെ ജാതികൾ ഉണങ്ങിപോയിരുന്നു. പ്രളയം കഴിഞ്ഞ് അഞ്ചു വർഷം വരെ ജാതിക്ക് തീരെ വിളവ് കുറവായിരുന്നു.” കർഷകനായ സജി തറമ്മൽ പറയുന്നു.

സജി തറമ്മൽ ജാതിത്തോട്ടത്തിൽ

കേരളമാകെ പ്രതിസന്ധികൾ

ചാലക്കുടിപ്പുഴത്തടം മാത്രമല്ല കേരളമാകെ കാർഷിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്നാണ് പ്രളയത്തിന് ശേഷമുള്ള അഞ്ച് വർഷങ്ങൾ നൽകുന്ന സൂചന. പ്രവചിക്കാനാവാത്ത കാലാവസ്ഥാ പ്രതിഭാസങ്ങൾ കാർഷിക മേഖലയിൽ വ്യാപകമായ നഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.  “ഇപ്പോഴത്തെ പ്രശ്നങ്ങൾ ഏതെങ്കിലും പ്രത്യേക ഭൂപ്രദേശത്തിന്റെ മാത്രം പ്രശ്നമല്ല. ലോകത്തിൽ മൊത്തത്തിൽ ഉണ്ടാകുന്ന കാലാവസ്ഥാമാറ്റത്തിന്റെ പ്രശ്നങ്ങൾ അതിവേഗം വെളിവാക്കപ്പെടുന്നത് കാർഷിക മേഖലയിലാണ്. മഴയുടെ പെയ്ത്തിലും സ്വഭാവത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതിതീവ്ര മഴ പോലുള്ള പ്രതിഭാസങ്ങൾ ഇവിടെ വർദ്ധിച്ചു. അതിതീവ്ര മഴ വെള്ളക്കെട്ടിലേക്കും, വെള്ളപ്പൊക്കത്തിലേക്കുമൊക്കെ നയിക്കുന്നു. ഉയർന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും ഇത് കാരണമാകുന്നു. 2018, 2019 പ്രളയത്തിലും 2020 ലെ ഉരുൾപൊട്ടലിലും 2022 ലെ അതിതീവ്രമഴയിലും രൂക്ഷമായ നഷ്ടം കാർഷിക മേഖലയിൽ ഉണ്ടായിട്ടുണ്ട്.” അഗ്രോക്ലൈമറ്റോളജിസ്റ്റും, കാർഷിക സർവകലാശാലയുടെ കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസിലെ സീനിയർ സയന്റിഫിക് ഓഫീസറുമായ ഡോ. ഗോപകുമാർ ചോലയിൽ അഭിപ്രായപ്പെടുന്നു.

ഡോ. ഗോപകുമാർ ചോലയിൽ

കഴിഞ്ഞ അഞ്ച് വർഷത്തേതിൽ നിന്നും വ്യത്യസ്‍തമായ പ്രവണതയാണ് കാലാവസ്ഥയുടെ കാര്യത്തിൽ ഇക്കൊല്ലം ഉണ്ടായിട്ടുള്ളത് എന്നാണ് ശാസ്ത്ര സമൂഹം പറയുന്നത്. കാലാവസ്ഥയിൽ ഈ വർഷം വന്ന മാറ്റങ്ങൾ കൃഷിയെ സംബന്ധിച്ച് നിർണ്ണായകമാണ്. ഇപ്പോൾ മൺസൂൺ സീസണിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ചൂട് കാർഷികമേഖലയെ വലിയ തകർച്ചയിലേക്ക് നയിക്കുമെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. “മൺസൂൺ സീസണിൽ ആദ്യമായിട്ടാണ് ഇക്കൊല്ലം കേരളത്തിൽ ഉയർന്ന താപനിലയെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകേണ്ടി വന്നത്. ഇത് അത്യപൂർവമായ ഒരു സംഭവമായാണ് എനിക്ക് തോന്നുന്നത്. ഉയർന്ന മഴ ലഭിക്കേണ്ട ഈ സമയത്താണ് മഴ മാറി വെയിൽ കാണുന്നത്. ഇത് പല വിളകളെയും പല തരത്തിലാണ് ബാധിക്കുക. പെട്ടെന്ന് ഉണ്ടാകുന്ന ചൂട് നെല്ല് പോലുള്ള വിളകളിൽ പതിര് ഉണ്ടകാനുള്ള സാധ്യത കൂട്ടും.  താപനിലയിൽ ക്രമേണയുള്ള വർദ്ധനവ് കൃഷിയെ ഗൗരവമായി ബാധിക്കാറില്ല. എന്നാൽ ഒരു ദിവസത്തിന്റെ വ്യത്യാസത്തിലോ, ഒരാഴ്ചക്കുള്ളിലോ ഉണ്ടാകുന്ന, പെട്ടെന്നുള്ള താപനിലയിലെ വ്യതിയാനം കൃഷിയെ ബാധിക്കാൻ സാധ്യതയുണ്ട്. ധാന്യവിളകളെ ഇത് നേരിട്ട് ബാധിക്കും. ഇതുമൂലം 20 ശതമാനത്തിൽ കൂടുതൽ നെല്ല് പതിരായി പോകാനുള്ള സാധ്യത പഠനങ്ങൾ കാണിക്കുന്നുണ്ട്.” ഡോ. ഗോപകുമാർ ചൂണ്ടിക്കാണിക്കുന്നു. മൺസൂൺ മഴയിലുള്ള ലഭ്യതക്കുറവ് മൂലം ഈ വർഷം നമ്മൾ വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ മുൻകൂട്ടി പ്രവചിച്ചിട്ടുണ്ട്. കൃഷിയെ ഈ മാറ്റങ്ങൾ ബാധിച്ചു തുടങ്ങിയിട്ടുമുണ്ട്. “മൺസൂൺ ഇത്തവണ വളരെ മോശമായിരുന്നു. സാധാരണ ഗതിയിൽ ജൂൺ, ജൂലൈ മാസങ്ങളിൽ മഴ കുറഞ്ഞാലും ആഗസ്റ്റിൽ ആ കുറവ് പരിഹരിക്കപ്പെടാറുണ്ട്. എന്നാൽ  ഇത്തവണ ആഗസ്റ്റിൽ അത്തരത്തിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. മഴയെ ആശ്രയിച്ചുള്ള നമ്മുടെ ഒന്നാം വിള കൃഷിയായ (ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്തംബർ) വിരിപ്പ് കൃഷിയെ ഇപ്പോഴത്തെ മഴയില്ലായ്മ നന്നായി ബാധിച്ചിട്ടുണ്ട്. കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ കാര്യത്തിൽ ഇപ്പോഴും വെള്ളമില്ലാതെ ഞാറു മുരടിച്ചു നിൽക്കുന്ന കാഴ്ച കാണാൻ സാധിക്കും. മഴയുടെ താളം പിഴച്ചാൽ കൃഷിയുടെ താളം തെറ്റും. മൺസൂൺ മഴ കുറഞ്ഞതിനാൽ  കുരുമുളകിന്റെ വിളവ് ഇത്തവണ കുറയുമെന്ന് ഉറപ്പാണ്. മഴയുടെ പാറ്റേണിലുള്ള വ്യത്യാസം കൃമി-കീടങ്ങളുടെ അളവിലും വളർച്ചയുണ്ടാക്കുന്നുണ്ട്.” ഡോ. ഗോപകുമാർ പറയുന്നു.

പ്രവചിക്കാനാവാത്ത കാലാവസ്ഥ ദുരന്തങ്ങളെ എങ്ങനെ നേരിടണമെന്നതിന് പരിഹാരങ്ങൾ നിർദേശിക്കുവാനും കൃഷിയെ പിന്താങ്ങുവാനും കൂടുതൽ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട് എന്നാണ് ചാലക്കുടിപ്പുഴത്തടത്തിലെ കർഷകരുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. മാറുന്ന കാലാവസ്ഥ കർഷകരെ കൃഷിയിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കുന്നുണ്ട്. കൃഷിയല്ലാതെ മറ്റൊരു ജീവനോപധിയില്ലാത്തവരാണ് ഇപ്പോഴും സാഹസത്തിന് തയ്യാറായി ഈ രംഗത്ത് നിലയുറപ്പിക്കുന്നത്.  വിള ഇൻഷുറൻസ്, ദുരിതാശ്വാസം എന്നിവ കൃത്യമായി നൽകുന്നതിൽ സർക്കാരിന്റെ പൂർണ പിന്തുണ ഇവർക്ക് ലഭിക്കേണ്ടതുണ്ട്. അല്ലെങ്കിൽ കൃഷി തന്നെ ഇല്ലാതാകുന്ന കാലം അകലെയല്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read