പി.ആർ ഏജൻസികളും രാഷ്ട്രീയ-മാധ്യമ ധാർമ്മികതയും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തെക്കുറിച്ച് പൊതുവിലും മലപ്പുറത്തെക്കുറിച്ച് പ്രത്യേകിച്ചും സംഘപരിവാർ സൃഷ്ടിച്ചിരിക്കുന്ന ഒരു ആഖ്യാനമുണ്ട്. അത് ദേശവ്യാപകമായി അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പ്രചരിപ്പിക്കുന്ന ഒരു ചിത്രമാണ്. മലപ്പുറം അധോലോക- ഹവാല ഇടപാടുകളുടെ കേന്ദ്രമാക്കി, തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കേന്ദ്രമാക്കി വികൃതമായി ചിത്രീകരിക്കപ്പെടുന്നു. മലപ്പുറത്ത് മുസ്ലീങ്ങൾ ജനസംഖ്യയിൽ കൂടുതലാണ് എന്നതാണ് അതിന് ആധാരമായി അവർ പറയുന്നത്. മുമ്പ് മേനകാ ഗാന്ധി അടക്കം ഇത്തരത്തിൽ മലപ്പുറത്തെ വികൃതമാക്കി ചിത്രീകരിച്ചപ്പോൾ കേരളം ഒന്നടങ്കം അതിനെതിരെ പ്രതിഷേധിച്ചതാണ്. ‘കേരള സ്റ്റോറി’ പോലെയുള്ള സിനിമകളിലൂടെ കേരളത്തെ ഒന്നടങ്കം ഇത്തരത്തിൽ ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടല്ലോ. കേരളത്തിന്റെ മിശ്രമായ വിശ്വാസ വ്യവസ്ഥ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഈ വ്യവസ്ഥയെ വിഭജിക്കാനും ഇതിനകത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനും മുസ്ലീം സമൂഹത്തെ അപരവത്കരിച്ചും പലതരത്തിൽ വിദ്വേഷം പ്രചരിപ്പിച്ച് അകറ്റിനിർത്താനുമുള്ള ശ്രമങ്ങൾ വളരെ വ്യാപകമായി നടക്കുന്നുണ്ട്. കേരളം ഇതിനെ ഒരുമിച്ച് എതിർത്തിട്ടുള്ളതാണ്. അതിന്റെ മുൻനിരയിൽ ഇടതുപക്ഷ പ്രസ്ഥാനവും സി.പി.എമ്മും മുഖ്യമന്ത്രിയും ഒരുകാലത്ത് ഉണ്ടായിരുന്നു.

കേരളത്തെ വികൃതവത്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുഖ്യമന്ത്രി പലപ്പോഴും പ്രതികരിച്ചുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളും പ്രതിപക്ഷ പാർട്ടികളും സാമൂഹ്യ പ്രസ്ഥാനങ്ങളുമെല്ലാം ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുള്ളവരാണ്. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ അഭിമുഖം ‘ദി ഹിന്ദു’ പത്രം പ്രസിദ്ധീകരിക്കുന്നത്. അതിൽ മലപ്പുറത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വരുന്നു. അത് ഒരു വാചകത്തിലല്ല പറയുന്നത്. പലതരത്തിലുള്ള കണക്കുകൾ വച്ച് അവതരിപ്പിക്കുകയാണ്. കരിപ്പൂർ വിമാനത്താവളത്തെക്കുറിച്ച് പറയുന്നു, ആന്റി നാഷണൽ ആക്ടിവിറ്റി എന്ന ഒരു വാക്കും അതിൽ കൂട്ടിച്ചേർക്കപ്പെടുന്നു. ഈ വാചകങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രതീതി മലപ്പുറത്ത് വ്യാപകമായ രീതിയിൽ ഹവാല പണമിടപാട് നടക്കുന്നു എന്നാണ്. കരിപ്പൂർ എയർപ്പോർട്ട് വഴി ആരാണ് സ്വർണ്ണം കടത്തുന്നത്? എവിടേക്കാണ് അത് പോകുന്നത്? എന്നീ കാര്യങ്ങളെല്ലാം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ഈ സ്വർണ്ണം മലപ്പുറം ജില്ലയിലേക്ക് ആകണമെന്നില്ല വരുന്നത്. കുറഞ്ഞ ചിലവിൽ ടിക്കറ്റ് എടുത്ത് വരാനുള്ള സൗകര്യം കൊണ്ടാണ് കരിപ്പൂരിലേക്ക് ഇത്രയധികം സ്വർണ്ണത്തിന്റെ ക്യാരിയേഴ്സ് വരുന്നത്. വിമാനചാർജ്ജ് പോലും കൊടുക്കാൻ സാഹചര്യമില്ലാത്ത ആളുകളായിരിക്കും പലപ്പോഴും നിർബന്ധിത സാഹചര്യത്തിൽ സ്വർണ്ണം കൊണ്ടുവരുന്നത്. എന്തുകൊണ്ട് ക്യാരിയർ ആകാൻ മനുഷ്യർ നിർബന്ധിതരാകുന്നു എന്നതിൽ വേറെ പ്രശ്നങ്ങൾ അന്തർഭവിച്ചിട്ടുണ്ട്. പ്രവാസ ജീവിതവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും അതിനുള്ളിൽ കാണാ‍വുന്നതാണ്. കേരളത്തിലെ മറ്റ് എയർപോർട്ടുകൾ വഴിയും ഇത്തരം ഇടപാടുകൾ നടക്കുന്നുണ്ട്. മുമ്പ് ഗ്രീൻ ചാനൽ വഴി സ്വർണ്ണം വന്നത് കരിപ്പൂരിൽ ആയിരുന്നില്ലല്ലോ.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം. കടപ്പാട്:fb

ദി ഹിന്ദു എന്ന പത്രത്തിന് ജനങ്ങൾക്കിടയിൽ ഇപ്പോഴും സ്വാധീനിമുള്ളത് അതിന്റെ വിശ്വാസ്യത കാരണമാണ്. പല മാധ്യമങ്ങളും വലതുപക്ഷവത്കരിക്കപ്പെടുകയും കോർപ്പറേറ്റ് നിയന്ത്രണത്തിൽ ആക്കപ്പെടുകയും ചെയ്ത ഒരു സാഹചര്യമാണ് ഇന്നുള്ളത്. ഇതിനെയെല്ലാം ചെറുത്ത് നിൽക്കുന്ന സെക്കുലർ ആയ അപൂർവ്വം ചില പത്രങ്ങളിലൊന്നാണ് ദി ഹിന്ദു. ഹിന്ദുവിന് വലിയ സ്വീകാര്യത വായനക്കാരുടെ ഇടയിലുണ്ട്, കേരളത്തിൽ പ്രത്യേകിച്ച്. മലപ്പുറം ജില്ലയിൽ തന്നെ വളരെയധികം വായിക്കപ്പെടുന്ന പത്രമാണ് ഹിന്ദു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത്തരത്തിൽ വിശ്വാസ്യതയുള്ള ഹിന്ദു പത്രത്തിൽ ഇങ്ങനെയൊരു പ്രസ്താവന വരുമ്പോൾ അത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മലപ്പുറം എന്ന പരാമർശവും ദേശവിരുദ്ധത എന്ന വാക്കും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ തന്നെ പറഞ്ഞതാണ്. അത് ഹിന്ദുവിലെ അഭിമുഖത്തിലും ആവർത്തിക്കുന്നതോടെ കേരള സ്റ്റോറി പോലെയുള്ള ഒരു നിർമ്മിതിയായി അത് മാറുന്നു. വിമർശനം അപ്പോൾ തന്നെ ഉയർന്നുവന്നു. പി.വി അൻവർ മാത്രമല്ല, സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നു. ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുന്ന സൈബർ ഹാൻഡിലുകളിൽ നിന്നുവരെ വിമർശനം ഉയർന്നു. ഈ വിമർശനങ്ങൾ തീർച്ചയായും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും ശ്രദ്ധയിൽ വന്ന് കാണും.

വാർത്ത പുറത്തുവന്ന് 22 മണിക്കൂറുകൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി, മുഖ്യമന്ത്രി അഭിമുഖത്തിൽ ഇങ്ങനെയൊരു പരാമർശമേ നടത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ഹിന്ദുവിനോട് വിശദീകരണം തേടി കത്തയച്ച വിവരം പുറത്തുവരുന്നത്. ഈ 22 മണിക്കൂറിനിടയിൽ, വാർത്ത വന്നതിന് പിന്നാലെ ഇടതുപക്ഷത്തിന്റെ നേതാക്കന്മാരും എം.എൽ.എമാരും ഇത് ഡിഫന്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശം തെറ്റായി വായിക്കപ്പെട്ടതാണും അദ്ദേഹം മതനിരപേക്ഷതയുടെ പ്രതീകമാണെന്നുമെല്ലാം അവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മതനിരപേക്ഷതയെക്കുറിച്ച് സംശയം ഉന്നയിക്കുന്നില്ല. പക്ഷേ, എന്തുകൊണ്ട് ഇത്തരത്തിലുള്ള ഒരു സംഭവമുണ്ടായി. ഇന്ത്യയിലെ തന്നെ ഏക ഇടതുപക്ഷ മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വലതുപക്ഷ ആശയം എന്തുകൊണ്ട് കടന്നുവന്നു എന്നുള്ളത് വലിയ പ്രശ്നം തന്നെയാണ്. മാധ്യമ സ്ഥാപനത്തിന്റെ വിശ്വാസ്യത അതോടെ സംശയത്തിന്റെ നിഴലിലായി. ഹിന്ദുവിന് ആ പ്രശ്നം പരിഗണിക്കാതിരിക്കാൻ കഴിയില്ല. കാരണം കേരളത്തിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം ഹിന്ദുവാണ്. അതുകൊണ്ടുതന്നെ അവരുടെ വിശദീകരണവും വൈകിട്ടോടെ പുറത്തുവന്നു. ആ വാർത്താ കുറിപ്പിൽ അവർ പറയുന്നത് കെയ്സൻ എന്ന് പറയുന്ന പി.ആർ ഏജൻസി മുഖ്യമന്ത്രിയുടെ അഭിമുഖം നടത്താമോ എന്ന ആവശ്യമായി ഹിന്ദുവിനെ സമീപിക്കുകയായിരുന്നു എന്നാണ്. ഹിന്ദുവിന്റെ ഡെപ്യൂട്ടി എഡിറ്റർ ആയ ശോഭന കെ നായർ ആണ് ആഭിമുഖം തയ്യാറാക്കിയിരിക്കുന്നത്. ഹിന്ദുവിന്റെ വിശദീകരണ കുറിപ്പ് പറയുന്നത്, അഭിമുഖം നടത്തിയതിന് ശേഷം ഇതുകൂടി അതിൽ ചേർക്കണം എന്ന് പറഞ്ഞ് പി.ആർ ഏജൻസി മലപ്പുറത്തെക്കുറിച്ചുള്ള ഭാഗം തിരുകികയറ്റുകയായിരുന്നു എന്നാണ്. വളരെ സെൻസിറ്റീവായ, ക്രിട്ടിക്കലായ ഫാക്ട് അടക്കമാണ് ഉൾപ്പെടുത്തിയത്. ഇതൊക്കെ രണ്ട് തവണ ചെക്ക് ചെയ്യുക എന്നുള്ളത് മാധ്യമ ധാർമ്മികതയുടെ മാത്രം പ്രശ്നമല്ല, ജേണലിസത്തിലെ വളരെ അടിസ്ഥാനപരമായ കാര്യമാണ്. ഹിന്ദുവിന്റെ വിശ്വാസ്യതയെ സംബന്ധിച്ച് വളരെ ഗൗരവമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്. വെറും മാപ്പിരക്കൽ കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല അത്. പി.ആർ ഏജൻസി കൊണ്ടുവന്ന കുറിപ്പ് അനുസരിച്ചാണോ മറ്റ് വാർത്തകളും കൊടുത്തിരുന്നത് എന്ന സംശയം സ്വാഭാവികമായും ഉയരും.

ദി ഹിന്ദു ദിനപത്രത്തിന്റെ ആസ്ഥാനം, ചെന്നൈ. കടപ്പാട്:thehindu

ബിസിനസ് സ്ഥാപനങ്ങൾക്കും കോർപ്പറേറ്റ് മുതലാളിമാർക്കും പി.ആർ ഏജൻസികളുണ്ട്. അവർക്ക് രാഷ്ട്രീയ നേതാക്കളെ പോലെ മാധ്യമങ്ങളെ സമീപിക്കാൻ കഴിയാത്തതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പുതിയ കാർ പുറത്തിറങ്ങിയാൽ, പുതിയ സിനിമ വന്നാൽ പി.ആർ ഏജൻസിയാണ് വാർത്ത കൊടുക്കാറുള്ളത്. അത് പൊതുവിൽ അംഗീകരിക്കപ്പെട്ടതും മാധ്യമരംഗത്ത് കാലങ്ങളായി നിലനിൽക്കുന്നതുമായ കാര്യമാണ്. എന്നാൽ, പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷനിൽ പി.ആർ ഏജൻസി ഉണ്ട് എന്നത് പുതിയ കാര്യമല്ല. പക്ഷേ, വലതുപക്ഷ രാഷ്ട്രീയകക്ഷികളാണ് അത് കൂടുതലായി ഉപയോഗിക്കുന്നത്. നരേന്ദ്രമോദി അടക്കം അത് സ്ഥിരമായി ഉപയോഗിക്കുന്നതാണ്. പ്രധാനമന്ത്രിയുടെ ഇമേജ് എങ്ങനെയാകണം എന്ന് നിശ്ചയിക്കുന്നത് പി.ആർ ഏജൻസികളാണെന്ന വിമർശനം കാലങ്ങളായി നിലനിൽക്കുന്നുണ്ട്. അതേസമയം, ഒരു ഇടതുപക്ഷ മുഖ്യമന്ത്രി പി.ആർ ഏജൻസിയെ ആശ്രയിക്കുന്നത് നവലിബറൽവത്കരണത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. വലതുപക്ഷവത്കരിക്കപ്പെട്ട മാധ്യമപ്രവർത്തനത്തിലേക്ക് ദി ഹിന്ദുവും വഴുതിപ്പോയിരിക്കുന്നു എന്നതിന് തെളിവാണിത്. ഒരു പി.ആർ ഏജൻസി മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ ഇത്തരമൊരു ഇടപെടൽ നടത്തുന്നതിൽ ഹിന്ദു പത്രത്തിന് എന്തുകൊണ്ട് സംശയം തോന്നിയില്ല എന്നതും പ്രശ്നമാണ്. ഒരുപക്ഷേ, മുമ്പും ഇത്തരത്തിൽ കാര്യങ്ങൾ നടന്നിട്ടുണ്ടാകണം എന്നതുകൊണ്ടാണ് അവർക്ക് സംശയം തോന്നാത്തത്.

കേരളത്തിലെ മുഖ്യമന്ത്രിക്ക് പി.ആർ ഏജൻസി ഉണ്ട് എന്നൊരു ബ്രേക്കിംഗ് ന്യൂസ് കൂടിയാണ് ദി ഹിന്ദു ഇന്നലെ പുറത്തുവിട്ടത്. മുഖ്യമന്ത്രി തന്നെ മുമ്പ് നിഷേധിച്ച കാര്യമാണ് ഹിന്ദു വെളിപ്പെടുത്തിയത്. ഇന്ന് അവരുടെ മുൻ പേജിൽ വരേണ്ട വാർത്തയായിരുന്നു അത്. സർക്കാർ പരസ്യങ്ങളെയൊക്കെ പേടിച്ചിട്ടാകാം അവർ അത് ഉൾപ്പേജിലേക്ക് മാറ്റിയത്. മുഖ്യമന്ത്രിക്ക് പി.ആർ ഏജൻസിയില്ല എന്ന് ഇന്ന് രാവിലെ മന്ത്രി മുഹമ്മദ് റിയാസ് പറയുകയുണ്ടായി. അങ്ങനെയെങ്കിൽ വ്യാജ വാർത്ത ഹിന്ദു മുഖ്യമന്ത്രിക്കെതിരെ കെട്ടിച്ചമച്ചു എന്നല്ലേ അതിനർത്ഥം? മാപ്പപേക്ഷ തന്നെ വ്യാജമാണ് എന്നല്ലേ അർത്ഥം? മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് എന്ത് ചുമതലയാണുള്ളത് എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. മുഖ്യമന്ത്രിക്ക് ഒരു മാധ്യമ ഉദേഷ്ടാവുമുണ്ട് പ്രസ് സെക്രട്ടറിയുമുണ്ട്. എന്താണ് ഇവരുടെ റോൾ? നമ്മൾ മനസ്സിലാക്കുന്നത് മാധ്യമങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വാർത്തകൾ കൊടുക്കുക, മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളെ പ്രതിരോധിക്കുക, സർക്കാരിനെ സംബന്ധിച്ച പോസിറ്റീവായ വാർത്തകൾ മാധ്യമങ്ങൾ നൽകുക എന്നതാണ് അവരുടെ ചുമതല എന്നാണ്. സി.പി.എമ്മിന്റെ മുഖപത്രത്തിൽ ഒരു പ്രധാന തസ്തികയിൽ ഇരുന്നയാളാണ് പ്രസ് സെക്രട്ടറി. പ്രസ് സെക്രട്ടറി അറിയാതെയാണോ ഹിന്ദുവിന്റെ അഭിമുഖം പ്രസിദ്ധീകരിക്കപ്പെട്ടത് എന്നത് പ്രധാന ചോദ്യമാണ്. ഇന്നലെ വൈകുന്നേരം പുറത്തുവന്ന പ്രസ് സെക്രട്ടറിയുടെ കുറിപ്പ് ഹിന്ദുവിലെ അഭിമുഖത്തിൽ വന്ന കാര്യങ്ങൾ വികൃതമാണ് എന്ന സമ്മതം കൂടിയായി മനസ്സിലാക്കാം. മലപ്പുറത്തെക്കുറിച്ചുള്ള പരാമർശവും അതുവഴി ഒരു സമൂഹത്തെ വികൃതവത്കരിക്കാനുള്ള ശ്രമവും നടന്നതായി പ്രസ് സെക്രട്ടറി തന്നെ സമ്മതിക്കുന്നു. ഇനി അവശേഷിക്കുന്ന ചോദ്യം, അദ്ദേഹം പറയാത്ത കാര്യം വാർത്തയിൽ വന്നിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി ഹിന്ദുവിനെതിരെ കേസ് കൊടുക്കുമോ എന്നുള്ളതാണ്. ഹിന്ദുവിന്റെ ഉത്തരവാദിത്വവും ഈ മാപ്പിരക്കലിൽ തീരുന്നില്ല. അഭിമുഖം നടത്തിയ റിപ്പോർട്ടർ തന്നെ അതിനെക്കുറിച്ച് കൂടുതൽ വിശദീകരണം നൽകാൻ ബാധ്യസ്ഥയാണ്. വിശ്വാസ്യതാ നഷ്ടത്തിന്റെ പലതലങ്ങൾ ഇതിൽ നിലനിൽക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. കടപ്പാട്:outlook

മാധ്യമവിമർശനത്തിന്റെ ഭാഗമായി നമ്മൾ മനസ്സിലാക്കേണ്ട കാര്യം, ഇത്തരത്തിലുള്ള വാർത്തകൾ സൃഷ്ടിക്കപ്പെടുന്നത് തന്നെ വലതുപക്ഷവത്കരണത്തിന്റെ ഭാഗമായാണ് എന്നാണ്. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പി.ആർ ഏജൻസിയെ ഈ ചുമതല ഏൽപ്പിക്കുന്നത് തന്നെ തെറ്റാണ്. ഇടതുപക്ഷ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ വിശ്വാസ്യതയും മതനിരപേക്ഷ നിലപാടുള്ള ഹിന്ദുവിന്റെ വിശ്വാസ്യതയുമാണ് തകർന്നിരിക്കുന്നത്. ടൈംസ് നൗവോ, റിപ്പബ്ലിക് ചാനലോ ഇത്തരത്തിൽ ഒരു വാർത്ത കൊടുത്താൽ സ്വാഭാവികമായും കാലങ്ങളായി അവർ നടത്തുന്ന ഹിന്ദുത്വ പ്രോജക്ടിന്റെ ഭാഗമായി ജനങ്ങൾ അത് മനസ്സിലാക്കും. അതുകൊണ്ട് തന്നെ അതിന് വലിയ സ്വീകാര്യതയോ വിശ്വാസ്യതയോ ഉണ്ടാകില്ല. എന്നാൽ ഇത്തരം ആഖ്യാനങ്ങളെ പ്രതിരോധിക്കുന്നതായി പറയുന്ന ഹിന്ദു എന്ന പത്രത്തിൽ ഇത്തരത്തിൽ ഒരു വാർത്ത വരുമ്പോൾ നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത്? പി.ആർ ഏജൻസി എന്ന വലതുപക്ഷ സംവിധാനം ഹിന്ദു എന്ന പത്രത്തിലൂടെയും ഇടതുപക്ഷ മുഖ്യമന്ത്രിയിലൂടെയും ഇത്തരത്തിലുള്ള ഒരു സന്ദേശം എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ പിഴവാണ്. വലതുപക്ഷം വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിലേക്ക് കടന്നുകൂടുന്നത് ഇങ്ങനെയാണ്.

ദേശീയതലത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വാർത്തയാണിത്. കേരളത്തിൽ മാത്രമല്ല എല്ലാ സ്ഥലത്തും അതിന്റെ പ്രതിഫലനം എത്തിയിട്ടുണ്ടാകും. അത് നാളെ പലരും ഉപയോഗിക്കാൻ ഇടയുണ്ട്. തിരുത്ത് നടത്തി എന്നത് ഒരു കാര്യമല്ല. അത്ര വലിയ പ്രതിച്ഛായ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഇത് എങ്ങനെയാണ് തിരുത്താൻ കഴിയുന്നതെന്ന് ഹിന്ദു ഗൗരവമായി ആലോചിക്കണം. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ബാധ്യതയുണ്ട്. സി.പി.എമ്മിന്റെ പതിവ് മാധ്യമവിമർശനം കൊണ്ട് കാര്യമില്ല. ആരാണ് പി.ആർ ഏജൻസിയെ അവിടെ കൊണ്ടുവന്നത് എന്ന് അന്വേഷിക്കണം? ഒരു റിമോർട്ട് കൺട്രോൾ എവിടെ നിന്നോ ആരോ പ്രവർത്തിപ്പിക്കുന്നുണ്ട് എന്നത് വളരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഇംഗ്ലീഷ് പത്രം ഹിന്ദുവാണ് എന്നത് കേരളത്തിന്റെ സവിശേഷതാണ്. അത്തരത്തിൽ ഒരു സാമൂഹിക ജീവിതമുള്ള കേരളത്തിന് മേൽ വന്നിരിക്കുന്ന കനത്ത ആഘാതമാണ് ഈ സംഭവം. അതുകൊണ്ടുതന്നെയാണ് ഈ വാർത്തയുടെ ഉള്ളടക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായത്.

വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ, തിരൂർ, മലപ്പുറം ജില്ല. കടപ്പാട്:news18

മുമ്പ് വലതുപക്ഷ ശക്തികൾ മലപ്പുറത്തെക്കുറിച്ചുള്ള വികൃതവത്കൃതമായ ഇസ്ലാമോഫോബിക് പ്രചാരണങ്ങൾ നടത്തിയിരുന്നത് മറ്റ് സംസ്ഥാനങ്ങളെ ഉദ്ദേശിച്ചായിരുന്നു. കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ അത് വലിയ സ്വാധീനം ചെലുത്തിയിരുന്നില്ല. പക്ഷേ, ഇന്ന് ആ സാഹചര്യം മാറുകയാണ്. മലപ്പുറത്തെക്കുറിച്ചുള്ള വാർത്തകൾ ഇന്ന് വികൃതമായ രീതിയിലാണ് കേരളത്തിലെ മാധ്യമങ്ങൾ തന്നെ കൊടുക്കുന്നത്. തൃശൂരിലോ കൊച്ചിയിലോ വച്ച് ഏതെങ്കിലും വ്യക്തി മയക്കുമരുന്നുമായി അറസ്റ്റ് ചെയ്യപ്പെട്ടാൽ തൃശൂർക്കാരൻ അറസ്റ്റിൽ, കൊച്ചിക്കാരൻ അറസ്റ്റിൽ എന്നോ വാർത്തകൊടുക്കാറില്ല. പക്ഷേ, മലപ്പുറത്തുകാരൻ അറസ്റ്റിലായാൽ മലപ്പുറം എന്ന് പ്രത്യേകം പറയും. കേരളത്തിൽ പ്രവർത്തിക്കുന്ന നമ്മുടെ മാധ്യമങ്ങളിലും അബോധത്തിൽ മലപ്പുറം വിരോധം കടന്നുവരുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇത്തരം വ്യാജ ആഖ്യാനങ്ങൾ നമ്മുടെ അബോധത്തിൽ സൃഷ്ടിക്കുന്ന ഇമേജുകളെക്കൂടി പ്രതിരോധിക്കാൻ കഴിയണം. സത്യാനന്തരം എന്ന് പറയുന്നത് ഇതാണ്. എവിഡൻസ് ബെയ്സ് ആണെന്ന് പറയുന്ന ഒരു സ്വതന്ത്ര ചിന്തകൻ ഹിംസയിൽ മുന്നിൽ നിൽക്കുന്ന സമുദായം ഏതാണെന്ന് അക്കമിട്ട് പറയുന്ന കാഴ്ച അടുത്തിടെ കണ്ടു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്? പോസ്റ്റ് ട്രൂത്ത് അയാളിലൂടെയും പ്രവർത്തിക്കുന്നുണ്ട്. അതിന് വ്യാപിക്കാൻ കഴിയുന്ന വാട്സ്അപ്പ് പോലെയുള്ള പേഴ്സണൽ കമ്മ്യൂണിക്കേഷൻ സോഴ്സുകൾ നമുക്ക് മുന്നിലുണ്ട്. അത്തരമൊരു അപകടകരമായ സന്ധിയിലാണ് നമ്മൾ ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ, കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും അത്തരമൊരു പരാമർശമുള്ള വാർത്ത വരുകയും അതിനെ പ്രതിരോധിക്കാൻ 22 മണിക്കൂർ സമയമെടുക്കുകയും ചെയ്തു എന്ന് പറയുന്നത് ഗൗരവമുള്ള വിഷയമാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് പരിശോധിക്കാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് ബാധ്യതയുണ്ട്. വലതുപക്ഷ രാഷ്ട്രീയത്തിന് ദീർഘകാല പദ്ധതികളാണുള്ളത്. പക്ഷേ, ഇവിടെ ഹ്രസ്വദൃഷ്ടിയാലാണ് ഇടതുപക്ഷ പാർട്ടികൾ പ്രവർത്തിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിനെ മാത്രം നോക്കി പ്രവർത്തിക്കുന്ന രീതി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിവേരിളക്കും എന്നതിൽ സംശയമില്ല. കോൺഗ്രസിനും അത്തരത്തിലുള്ള ഹ്രസ്വകാല പദ്ധതികൾ മാത്രമാണുള്ളത്. എല്ലാ വിമർശനങ്ങളെയും നിഷേധിക്കുന്നതും ചീത്ത പറഞ്ഞ് അടിച്ചൊതുക്കുന്നതുമായ സി.പി.എമ്മിന്റെ ഇപ്പോഴത്തെ രീതി പരിഹാസ്യമായി അവസാനിക്കും. പൊലീസിലെ സംഘപരിവാർ ബന്ധം ആരാണ് ഉന്നയിച്ചത് എന്നല്ല നോക്കേണ്ടത്. അൻവർ പാർട്ടി ശത്രുവാണ് എന്ന് പറയുകല്ല വേണ്ടത്. കേരളീയ സാമൂഹിക ജീവിതത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കുന്ന എല്ലാവരും അത് ഗൗരവത്തോടെ കാണേണ്ടതാണ്.

Also Read

7 minutes read October 2, 2024 2:30 pm