Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മത്സ്യബന്ധനഗ്രാമമാണ് പൊഴിയൂർ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രൂക്ഷമായ തീരശോഷണം നേരിടുന്ന പ്രദേശം കൂടിയാണിത്. ഈ വർഷത്തെ മൺസൂണിൽ ഇതുവരെ ഏഴു വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും ഇവിടെ തകർന്നു. തീരം കടലെടുത്ത് പോയതോടെ അപകടാവസ്ഥയിലായ നിരവധി കുടുംബങ്ങളെ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലിലൂടെ ഉപജീവനം കണ്ടെത്തുന്ന ഇവർ ചൂണ്ടപ്പണി, തട്ടമടി, കരമടി, ചെറിയ പ്ലൈവുഡ് വള്ളങ്ങളിലുള്ള മീൻപിടുത്തം എന്നീ ചെറുകിട രീതികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ തീരശോഷണം ഇവരുടെ ഉപജീവന മാർഗങ്ങളെത്തന്നെ തകർത്തെറിഞ്ഞിരിക്കുകയാണ്. തീരത്ത് നിന്ന് മാറിത്താമസിക്കേണ്ടി വന്നതോടെ ഇവർ ഇന്ന് നിരവധി പ്രയാസങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. വെല്ലുവിളികൾ നിറഞ്ഞ ഈ ജീവിതത്തിനിടയിലാണ് തീരദേശ ഹൈവേയ്ക്ക് വേണ്ടി കുടിയിറങ്ങേണ്ടിവരുമെന്ന ഭീഷണി കൂടി ഇവർക്ക് ഇപ്പോൾ നേരിടേണ്ടിവരുന്നത്. തീരദേശ ഹൈവേക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കലിന‌് മുന്നോടിയായി റവന്യൂ വകുപ്പ് പിങ്ക് നിറമുള്ള കല്ലുകൾ ഇവിടെ സ്ഥാപിച്ച് തുടങ്ങിയിരിക്കുന്നു. ഒരുവശത്ത് കടലെടുത്ത് പോകുന്ന തീരവും അതിന് നടുവിൽ തീരദേശ ഹൈവേയ്ക്ക് സ്ഥലമേറ്റെടുക്കാനുള്ള കല്ലുകളും.
തീരദേശ ഹൈവേ എന്ന പദ്ധതിയെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ വിവരങ്ങളൊന്നും എവിടെ നിന്നും ലഭിച്ചിട്ടില്ല. വികസന പദ്ധതികൾ രൂപീകരിക്കുമ്പോൾ തങ്ങളെ കേൾക്കണമെന്നും അവർ ഉന്നയിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമാണ് മത്സ്യത്തൊഴിലാളികളും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. വിശദമായ പദ്ധതി രേഖ പോലും പുറത്തുവിടാതെയുള്ള ഈ കല്ലിടലിനെതിരെ ജങ്ങളുടെ ഭാഗത്ത് നിന്നും മത്സ്യത്തൊഴിലാളി സംഘടനകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. തീരം സംരക്ഷിക്കാൻ കഴിയാത്ത സർക്കാരിന് എങ്ങനെയാണ് തീരദേശ ഹൈവേ സംരക്ഷിക്കാൻ കഴിയുക എന്നതാണ് ജനങ്ങൾ ഉയർത്തുന്ന ചോദ്യം.
പണ്ടൊരു തീരം ഉണ്ടായിരുന്നു
കേരളവും തമിഴ്‌നാടും അതിർത്തി പങ്കിടുന്ന ഗ്രാമമാണ് കൊല്ലങ്കോട്. കൊല്ലങ്കോട് കർമലമാതാ കുരിശടിയുടെ മുന്നിലുള്ള തീരത്തേക്ക് ചെന്നാൽ പുലിമുട്ടിന് മുകളിൽ നിന്നും കടൽ കാണാം. തമിഴ്‌നാടിന്റെ അതിർത്തിഗ്രാമത്തിൽ കടലിന് അഭിമുഖമായി പുലിമുട്ടുകൾ ഇട്ടിട്ടുണ്ട്. കൊല്ലങ്കോടും, പൊഴിയൂരും ഉൾപ്പെടുന്ന കേരളത്തിലെ അതിർത്തിയിലെ തീരങ്ങളിൽ പുലിമുട്ടുകളില്ല. വർഷങ്ങൾക്ക് മുമ്പേ പണിത തീരദേശ റോഡിന്റെ പകുതിയും കടൽക്ഷോഭത്തിൽ നഷ്ടപെട്ടിരിക്കുന്നു. അഞ്ച് വർഷം മുമ്പ് ഈ തീരത്തിനോട് ചേർന്ന് മൂന്ന് വരി വീടുകളുണ്ടായിരുന്നു. ഇന്ന് ഇരച്ചുകയറുന്ന തിരമാലകളെ മാത്രമാണ് അവിടെയെല്ലാം കാണാൻ കഴിയുന്നത്.
“എന്റെ അമ്മ കല്യാണത്തിന് എന്റെ പേർക്ക് തന്നതാണ് ഈ ഇരുപത് സെന്റ് സ്ഥലം. മക്കളെ കെട്ടിച്ചുകൊടുത്തപ്പോ ഈരണ്ട് സെന്റ് സ്ഥലം കൊടുത്തു. നാല് സെന്റ് പോയാൽ പതിനാറു സെന്റ് സ്ഥലം എനിക്കുണ്ട്. ഇതെനിക്ക് സ്വന്തമായിട്ടുള്ള ഭൂമിയാണ്. പട്ടയവും പ്രമാണവുമൊക്കെ എന്റെ കസ്റ്റഡിയിലുണ്ട്. ഞാൻ അതാർക്കും വിട്ടുകൊടുക്കില്ല.” പകുതി കടലെടുത്ത തന്റെ ഭൂമിയിൽ വച്ച് ബേബി സംസാരിച്ചു തുടങ്ങി. അറുപതു വയസ്സ് കഴിഞ്ഞ ബേബി ആർത്തലക്കുന്ന കടലിന് മുന്നിൽ തകര ഷീറ്റുകൊണ്ടു മേഞ്ഞ കുടിലിലാണ് താമസിക്കുന്നത്. ബേബിയുടെ കുടിലിന് മുന്നിൽ കടലിലേക്ക് വീണു കിടക്കുന്ന തീരദേശ ഹൈവേക്കുവേണ്ടി സ്ഥാപിച്ച കല്ല് കാണാം. “ഇന്ന് രാവിലത്തെ കടലിൽ പോയതാണ് മക്കളെ ഇത്.”കല്ല് ചൂണ്ടിക്കാട്ടിക്കൊണ്ടു ബേബി പറഞ്ഞു. ആ വീടിന് മുന്നിലായി മൂന്നു വരി വീടുകളുണ്ടായിരുന്ന കാലവും അവർ ഓർത്തെടുത്തു.
“തമിഴ്‌നാട്ടിൽ (നീരോടി) പുലിമുട്ട് ഇട്ടതിനുശേഷമാണ് ഇവിടെ തീരം നഷ്ടമായത്. മുൻപ് ആളുകൾക്ക് മത്സ്യബന്ധനത്തിന് പോകാനുള്ള തീരമുണ്ടായിരുന്നു. ആളുകൾക്ക് മൽസ്യബന്ധന ഉപകരണങ്ങൾ വയ്ക്കാൻ സൗകര്യമുള്ള തരത്തിൽ തീരം ഉണ്ടായിരുന്നു. ക്ലബുകൾ തമ്മിലുള്ള ഫുട്ബാൾ മത്സരങ്ങളും ഇവിടെ തീരത്തു സംഘടിപ്പിച്ചിരുന്നു. പണ്ടൊരു തീരം ഉണ്ടായിരുന്നു എന്ന് പറയാൻ മാത്രമേ ഇപ്പോൾ കഴിയുകയുള്ളു. തീരത്ത് മൂന്നു വരി വീടുകളാണുണ്ടായിരുന്നത്. അതിനുശേഷം കടൽഭിത്തി ഉണ്ടായിരുന്നു. പിന്നെ കടൽ… ഇപ്പോൾ അതെല്ലാം പോയ്. റോഡ് വരെ പകുതി കടലെടുത്തിരിക്കുന്നു. അത്തരത്തിൽ നമ്മുടെ ജനത ബുദ്ധിമുട്ടുകയാണ്.” കൊളത്തൂർ ഗ്രാമപഞ്ചായത് അംഗമായ ഗീത സുരേഷ് പറയുന്നു.
ഇനിയുള്ള തീരമെങ്കിലും സംരക്ഷിക്കപ്പെടണം
കൊല്ലങ്കോട് നിന്നും പൊഴിയൂരിലേക്കുള്ള തീരദേശ റോഡിൽ മണലും, മണൽ ചാക്കുകളും കയറ്റിയ ട്രാക്ടറുകൾ പോകുന്നുണ്ട്. പൂവാർ മുതൽ കൊല്ലങ്കോട് വരെയുള്ള തീരത്ത് ഏറിയും, കുറഞ്ഞും തീരം നഷ്ടപെട്ടിട്ടുണ്ട്. തീരം സംരക്ഷിക്കുന്നതിനായി പൊഴിയൂരിൽ നിന്ന് മണൽ വാരി ചാക്കുകളിലാക്കി തീരശോഷണം കൂടിയ കൊല്ലങ്കോട് പോലുള്ള സ്ഥലങ്ങളിൽ നിക്ഷേപിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. എന്നാൽ തീരസംരക്ഷണത്തിന് വേണ്ടി ചെയ്യുന്ന ഈ താൽക്കാലിക പദ്ധതികളെല്ലാം പാഴ്ചിലവാണെന്നാണ് ജനങ്ങളുടെ പക്ഷം. “പരുത്തിയൂരും, പൊഴിയൂരും ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലുള്ള നീരോടി പ്രദേശത്ത് തമിഴ്നാട് ഗവണ്മെന്റ് കല്ലടുക്കിയിട്ടുണ്ട്. അതുകൊണ്ടു പൊഴിയൂർ മുതൽ അടിമലത്തുറ വരെ കല്ലടുക്കി ഞങ്ങളുടെ തീരവും സംരക്ഷിക്കണം.” മത്സ്യത്തൊഴിലാളി കോൺഗ്രസ് തിരുവനന്തപുരം ജനറൽ സെക്രട്ടറിയായ ആന്റോ ഫിലിപ് പറഞ്ഞു. “മെയ്, ജൂൺ, ജൂലൈ മാസങ്ങളിലൊഴികെ തമിഴ്നാട് നീരോടി പ്രദേശത്ത് കമ്പവല വലിക്കാനുള്ള തീരം ലഭിക്കുന്നുണ്ട്. അവിടെ പുലിമുട്ട് ഇട്ട് സംരക്ഷിച്ചതിനാലാണ് അവർക്ക് തീരം ലഭിക്കുന്നത്. ഇവിടെയും അതുപോലെ തീരം സംരക്ഷിക്കണം.” തീരഭൂസംരക്ഷണ വേദിയുടെ പ്രതിനിധിയായ ജെയിംസ് നെറ്റോ പ്രതികരിച്ചു.
കാലവർഷത്തിൽ തീരശോഷണം രൂക്ഷമാകാൻ സാധ്യതതയുള്ളതിനാൽ താത്കാലിക തീരസംരക്ഷണ പ്രവർത്തങ്ങൾ നടത്തുന്നുണ്ടെന്നാണ് കൊളത്തൂർ ഗ്രാമപഞ്ചായത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായ അജിത് പൊഴിയൂർ അറിയിച്ചത്. “ഞങ്ങളുടെ വീടുകളും, ഫിഷ് ലാൻഡിംഗ് സെന്ററുകളും ഏതു നിമിഷവും തകരുന്ന അവസ്ഥയിലാണ്. ആ സാഹചര്യത്തിലാണ് ഞങ്ങൾ ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നത്. വകുപ്പ് ഒരു പദ്ധതി തയ്യാറാക്കി കെ. ആൻസലൻ എം.എൽ.എയ്ക്ക് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം 25 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചിരുന്നു. അതുപ്രകാരമാണ് ഇപ്പോൾ തീരസംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. കിഫ്‌ബി വഴി കടൽഭിത്തി നിർമ്മിക്കാനുള്ള പദ്ധതിയും ലഭിക്കുമെന്നാണ് എനിക്ക് ലഭിച്ച വിവരം. എന്നാൽ ശാശ്വത പരിഹാരാമായി ഞങ്ങൾക്ക് വേണ്ടത് പൊഴിയൂർ ഹാർബറാണ്. കടൽഭിത്തി വന്നാലും വള്ളവും, വലയും വയ്ക്കാനുള്ള സൗകര്യമുണ്ടാകില്ല. അതിനാൽ ഒരു ഹാർബർ ഇവിടെ അത്യാവശ്യമാണ്. ഹാർബറിനായി വിശദമായ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്. 354 കോടി രൂപയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.”അജിത് പൊഴിയൂർ അഭിപ്രായപ്പെട്ടു.
തീരമില്ലാത്തിടത്തെ തീരദേശ ഹൈവേ
റോഡ് വികസനത്തിന്റെ ഭാഗമായി കേരള സർക്കാർ മുന്നോട്ടുവയ്ക്കുന്ന പുതിയ പദ്ധതിയാണ് തീരദേശ ഹൈവേ. ഒൻപത് തീരദേശ ജില്ലകളിലൂടെ 623 കിലോമീറ്റർ ദൂരത്തിലായി കടന്നുപോകുന്ന ഹൈവെയ്ക്ക് 52 സ്ട്രെച്ചുകളാണുള്ളത്. 44 സ്ട്രെച്ചുകളിലായി 537 കിലോമീറ്റർ റോഡ്, കേരള റോഡ് ഫണ്ട് ബോർഡ് ആണ് നിർമ്മിക്കുന്നത്. മറ്റ് ജോലികൾ കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരത് മാല പരിയോജന സ്കീമിന് കീഴിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പൂർത്തിയാക്കുന്നത്. 6,500 കോടി ചെലവ് വരുന്ന പദ്ധതി സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയുടെ മുഖഛായ മാറ്റുമെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. 14 മീറ്റർ വീതിയിലുള്ള പാതയിൽ സൈക്കിൾ ട്രാക്ക്, വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ചാർജിങ് സ്റ്റേഷനുകൾ, റസ്റ്ററന്റുകൾ അടക്കമുള്ള സൗകര്യങ്ങളും ഉണ്ടാകും. തീരദേശ ഹൈവേ വരുന്നതോടെ ബീച്ച് ടൂറിസത്തിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നു സർക്കാർ കരുതുന്നു.
പൊഴിയൂരിലാണ് തീരദേശ ഹൈവേയ്ക്കായുള്ള സാമൂഹികാഘാത പഠനം നടത്തുന്നതിന്റെ ഭാഗമായി പിങ്ക് കല്ലുകൾ ആദ്യം സ്ഥാപിക്കുന്നത്. “ഇന്ന് ഇവിടെയുള്ള റോഡുകൾ പോലും നിലനിൽക്കുന്നില്ല. പിന്നെ എങ്ങനെയാണ് തീരദേശ ഹൈവേ നിലനിൽക്കുക. ഓരോ തവണയും തീരം നഷ്ടപ്പെടുമ്പോൾ രണ്ടും മൂന്നും കിലോമീറ്റർ ദൂരേക്ക് ആളുകളെ ഫ്ലാറ്റുകൾ നൽകിയോ, കോളനിയിലോ പുനരധിവസിപ്പിക്കും. അവിടെനിന്നും അതിരാവിലെ സഞ്ചരിച്ചാണ് അവർ മത്സ്യബന്ധനത്തിന് വരുന്നത്. തീരദേശ ഹൈവേ വരുമ്പോൾ സർക്കാർ അതിനെ സംരക്ഷിക്കുമല്ലോ. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഈ ജനങ്ങളെ അതുപോലെ സംരക്ഷിച്ചു കൂടാ?” തീരഭൂസംരക്ഷണ വേദിയുടെ ഭാരവാഹിയായ ജെയിംസ് നെറ്റോ ചോദിക്കുന്നു.
തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട ഒരു സെമിനാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി സർക്കാർ ഇവിടെ നടത്തിയിരുന്നു. എന്നാൽ രേഖാമൂലം പദ്ധതിയെക്കുറിച്ച് തങ്ങൾക്ക് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ജനപ്രതിനിധികൾ പറയുന്നു. “തീരദേശ ഹൈവെ ഇവിടെ നടപ്പിലാക്കുമെന്ന് തോന്നുന്നില്ല. ഈ വർഷം മൺസൂണിൽ തീരദേശ റോഡ് വീണ്ടും നഷ്ടപ്പെട്ടിരിക്കുകയാണ്. പിന്നെ എവിടെയാണ് ഹൈവേ സ്ഥാപിക്കുക. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു രേഖകളും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. കൊല്ലങ്കോട്, പൊഴിയൂർ ഭാഗത്ത് 23 വീടുകളെ പൂർണമായും, 33 വീടുകളെ ഭാഗികമായും പദ്ധതി ബാധിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സെമിനാറിൽ പറഞ്ഞത്. 28 കല്ലുകളാണ് ഇവിടെ സ്ഥാപിച്ചത്. എന്നാൽ അതിൽ രണ്ടോ മൂന്നോ കല്ലുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ബാക്കിയെല്ലാം കടലെടുത്തു പോയിരിക്കുകയാണ്. തീരദേശ റോഡിലും ഇതിനോട് ചേർന്ന ആറേഴ് വീടിന്റെ ഭൂമിയിലും തീരദേശ ഹൈവേയുടെ കല്ലടിച്ചിരുന്നു. ഞങ്ങൾ ജനപ്രതിനിധികളെയോ, ജനങ്ങളെയോ അറിയിക്കാതെയാണ് ഈ കല്ലുകൾ സ്ഥാപിച്ചത്. ഞങ്ങളുടെ നാടിന്റെ വാട്സപ്പ് ഗ്രൂപ്പിൽ ഇതിനെതിരെ പ്രതിഷേധമുണ്ടായി. ഗ്രാമ പഞ്ചായത്ത് അംഗമായ ഞാൻ അറിയാതെയാണ് കല്ല് സ്ഥാപിച്ചതെന്നും, നാട്ടുകാരുടെ തീരുമാനത്തിനൊപ്പം ഞാൻ ഉണ്ടാകുമെന്നും വാട്സപ്പ് ഗ്രൂപ്പിൽ അറിയിച്ചു. കല്ല് മാറ്റണമെങ്കിൽ മാറ്റാമെന്നും ജങ്ങളോടൊപ്പമാണെന്നും ഞാൻ വ്യക്തമാക്കി. അതിന് പിറ്റേന്ന് നാട്ടുകാർ ഈ കല്ല് അടിച്ചുപൊട്ടിച്ചിരുന്നു. ഈ കാര്യത്തിൽ റവന്യു വകുപ്പിന്റെ പരാതിയിൽ സി.ഐ എന്നെ വിളിച്ചു വരുത്തി. എന്റെ നാട്ടുകാരാണ് എന്നെ ജനപ്രതിനിധിയാക്കിയതെന്നും, അവർക്കു ദോഷം വരുന്ന ഒരു കാര്യത്തിനും ഞാൻ കൂട്ടുനിൽക്കില്ല എന്നും പോലീസിനോട് ഞാൻ പറഞ്ഞു. എന്റെ വിശദീകരണത്തിന് ശേഷം കേസ് എടുക്കാതെ പോലീസ് വിട്ടിരുന്നു.” തീരം നഷ്ടപ്പെടുകയും ഉപജീവന മാർഗങ്ങളിലേക്കുള്ള പ്രവേശനവും നിഷേധിക്കപ്പെടുകയും ചെയ്ത ഒരു ജനതയ്ക്ക് ഈ പദ്ധതി കൊണ്ട് ഒരു നേട്ടമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കടൽക്ഷോഭം കാരണം വീട് നഷ്ടപ്പെട്ടവരും, തീരത്ത് നിന്ന് 50 മീറ്ററിനുള്ളിൽ ആയതിനാൽ അവിടെ നിന്ന് മാറിത്താമസിച്ചവരും ഏറെയുള്ള സ്ഥലമാണ് പൊഴിയൂർ. ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച ഉച്ചക്കട ‘നിറവ്’ ഫ്‌ളാറ്റിൽ 75 കുടുംബങ്ങളാണ് ഇപ്പോൾ താമസിക്കുന്നത്. ഇത് കൂടാതെ പുനർഗേഹം പദ്ധതി വഴിയും ആളുകൾ തീരത്ത് നിന്ന് മാറി താമസിച്ചിട്ടുണ്ട്. ഇവരെ മാറ്റിപ്പാർപ്പിച്ച സർക്കാർ തന്നെ തീരദേശ ഹൈവേ സംരക്ഷിക്കുമെന്ന വാദത്തിനെ ജനങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്. “തീരദേശ ഹൈവേക്കുവേണ്ടി സ്ഥാപിച്ച കല്ലുകൾ ഭൂരിഭാഗവും കടലെടുത്തിട്ടുണ്ട്. കല്ല് വെക്കുമ്പോൾ തന്നെ അവർക്കറിയാം ഇവിടെ സ്ഥലമില്ലെന്നും, മൺസൂൺ സമയത്തു കടലാക്രമണത്തിൽ ഇതെല്ലം എടുത്തുപോകുമെന്നും. സർക്കാർ തന്നെയാണ് തീരത്തു നിന്നും അമ്പതു മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളോട് ഒഴിഞ്ഞുപോകാൻ പറയുന്നത്. സർക്കാരാണ് ഈ ജനങ്ങളെയെല്ലാം മാറ്റി പാർപ്പിച്ചതും. അതേ സർക്കാർ ഇവിടെ വന്ന് ഇപ്പോൾ ഹൈവേക്കുവേണ്ടി കല്ലിടുന്നു. ഇത് സാമാന്യയുക്തിക്ക് നിരക്കാത്തതാണ്. റോഡ് പണിയാനും അതിനെ സംരക്ഷിക്കാനും സർക്കാരിന് കഴിയുമെങ്കിൽ എന്തുകൊണ്ട് മത്സ്യത്തൊഴിലാളികളെയും, അവരുടെ തൊഴിലിടങ്ങളെയും, തീരത്തെയും സംരക്ഷിച്ചു കൂടാ? അതിന് തീരദേശ ഹൈവേയുടെ അത്രയും ചെലവ് വരില്ലല്ലോ? ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥിയായ ജ്യോതി ബസു ചോദിക്കുന്നു. 2021 ൽ ജ്യോതി ബസുവിന്റെ വീടും കടൽക്ഷോഭത്തിൽ നഷ്ടപ്പെട്ടിരുന്നു.
തീരദേശ ഹൈവേയും തീരാത്ത ആശങ്കകളും
തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് മത്സ്യത്തൊഴിലാളി സമൂഹത്തെ ആശങ്കയിലാക്കുന്നുണ്ട്. വിശദമായ പദ്ധതി രേഖ പോലും പുറത്തുവിടാതെ സർക്കാർ കല്ലിടലും, പൊതുതെളിവെടുപ്പുമൊക്കെ നടത്തുന്നുണ്ട്. അതിതീവ്ര തീരശോഷണം നടക്കുന്ന നിരവധി ‘ഇറോഷൻ സ്പോട്ടു’കളുള്ള ഒരു സ്ഥലം കൂടിയാണ് കേരളം. നിലവിൽ നിരവധി മത്സ്യത്തൊഴിലാളികൾ തീരദേശത്ത് നിന്നും മാറിത്താമസിക്കാൻ നിർബന്ധിക്കപ്പെട്ടിട്ടുമുണ്ട്. വേലിയേറ്റ രേഖയിൽ നിന്നും അമ്പതു മീറ്ററിലുള്ളവരെ പുനർഗേഹം പദ്ധതി വഴിയും സർക്കാർ പുനരധിവസിപ്പിക്കുന്നു. ഇത്തരത്തിൽ ഭൂരാഹിത്യം നിലനിൽക്കുന്ന ഒരു സമൂഹത്തെ വീണ്ടും കുടിയൊഴിപ്പിക്കുന്ന പദ്ധതിയെപ്പറ്റി നിരവധി ആശങ്കകൾ ഉയരുന്നുണ്ട്. “നിലവിലുള്ള ബീച്ച് റോഡിനും (സംസ്ഥാന പാത), ദേശീയപാത 66 -നും ഇടയിൽ വലിയ ദൂരമില്ല. പലയിടങ്ങളിലും ഇത് 500 മീറ്റർ മാത്രമാണ്. ഞങ്ങളുടെ ഗതാഗത സൗകര്യത്തിനാണെങ്കിൽ ഈ പാത നവീകരിക്കുകയാണ് വേണ്ടത്. പിന്നെ എന്തിനാണ് തീരദേശത്തുകൂടെ ഒരു പുതിയ പാത നിർമിക്കുന്നത്? ഈ പദ്ധതികൊണ്ട് ഇവിടുത്തെ ജനങ്ങൾക്ക് എന്ത് നേട്ടമാണുള്ളതെന്നാണ് ഞങ്ങൾ ചിന്തിക്കുന്നത്. ടൂറിസം പ്രൊമോട്ട് ചെയ്യുകയാണ് സർക്കാരിന് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നാണ് മാധ്യമ വർത്തകളിൽനിന്നും മനസിലാകുന്നത്.” സാമൂഹ്യപ്രവർത്തകയും പൂവാർ സ്വദേശിയുമായ എൽസി ഗോമസ് പറയുന്നു.
തീരദേശ ഹൈവേ വരുന്നതോടെ ബീച്ച് ടൂറിസത്തിൽ വലിയമാറ്റങ്ങളുണ്ടാകുമെന്നും, നാടിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതി 2026ന് മുൻപ് പൂർത്തിയാക്കാനുള്ള എല്ലാ ശ്രമവും സർക്കാർ നടത്തുന്നുണ്ടെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചിരുന്നു. പദ്ധതിക്കുവേണ്ടി പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിച്ചിട്ടുണ്ടെന്നും നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിൽ തന്നെ തീരശോഷണം കാരണം ഭൂമി നഷ്ടപ്പെടുന്ന ഒരു സമൂഹത്തിന്റെ പ്രശ്നങ്ങൾ പുനരധിവാസം കൊണ്ട് പരിഹരിക്കാനാകുമോ എന്ന ചോദ്യമാണ് മത്സ്യത്തൊഴിലാളി അവകാശ പ്രവർത്തകർ ചോദിക്കുന്നത്. “ഇത് വലിയൊരു ടൂറിസം പദ്ധതിയാണ്. 12 ടൂറിസം ഹബ്ബുകൾ ഈ പദ്ധതിയുടെ ഭാഗമായി വരുന്നുണ്ട്. ഈ ഇടങ്ങളെല്ലാം ഒന്നുകിൽ ഈയടുത്തായി കടൽ കര വച്ചതോ, അല്ലെങ്കിൽ വലിയ രീതിയിൽ തീരശോഷണം ഇല്ലാത്തതോ ആയ പ്രദേശങ്ങളാണ്. ഈ സ്ഥലങ്ങളാണ് ടൂറിസം ഹബ്ബുകളായി വരിക. കേരളത്തിൽ തീരെ ഭൂമി കൈവശമില്ലാത്ത സമൂഹമാണ് മത്സ്യത്തൊഴിലാളി സമൂഹം. അതിന്റെ കൂടെ കടലെടുത്തു വീടുകൾ നഷ്ടപെട്ട പതിനായരാക്കണക്കിന് ആളുകൾ ഇന്ന് കേരള തീരത്തുണ്ട്. അവരെ സർക്കാർ തീരത്തുതന്നെ പുനരധിവസിപ്പിക്കാത്തതിന്റെ കാരണമായി പറയുന്നത് ഭൂമിയില്ല എന്നുള്ളതാണ്. അപ്പോൾ എവിടെ നിന്നാണ് ഇവർക്ക് ടൂറിസം ഹബ്ബിനായുള്ള ഭൂമി കണ്ടെത്താനാകുന്നത്? അപ്പോൾ തീരം നഷ്ടപ്പെട്ടവരെ ഫ്‌ളാറ്റുകളിൽ ആക്കി തീരത്ത് നിന്നും അകലേക്ക് മാറ്റിയിട്ടു, ഈ വികസനം (ഹൈവേ) ആർക്കു വേണ്ടിയാണ്?” തീരഭൂസംരക്ഷണ വേദിയുടെ അധ്യക്ഷയായ മാഗ്ലിൻ ഫിലോമിന ചോദിക്കുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ഇന്നും പൊതുമധ്യത്തിൽ ലഭ്യമല്ല. ഈ രേഖകൾ ലഭിക്കുന്നതിന് വേണ്ടി മാഗ്ലിൻ ഫിലോമിനക്ക് നിരവധി ഓഫീസുകൾ കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. കിഫ്‌ബി, കേരള റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ നിരന്തര സന്ദർശനങ്ങൾക്ക് ശേഷം വിചിത്രമായ മറുപടിയാണ് മാഗ്ലിൻ ഫിലോമിനക്കു ലഭിച്ചത്. രേഖകൾക്കു വേണ്ടി 13,412 രൂപ അടക്കുവാനാണ് കേരള റോഡ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ നിർദേശിച്ചത്. പല വലുപ്പത്തിലുള്ള 1013 കടലാസുകൾക്കു വേണ്ടിയാണ് കോർപ്പറേഷൻ ഇത്രയും തുക ആവശ്യപ്പെട്ടത്. “പദ്ധതിരേഖ ലഭ്യമാണെങ്കിൽ അത് പൊതുജനങ്ങൾക്ക് നൽകാൻ സർക്കാർ തയ്യാറാകേണ്ടേ? നിയമസഭയിലെങ്കിലും സർക്കാർ ഈ രേഖ പ്രസിദ്ധീകരിക്കണ്ടേ? എന്ന് മാഗ്ലിൻ ഫിലോമിന ചോദിക്കുന്നു. സർക്കാർ ഇക്കാര്യത്തിൽ പുലർത്തുന്ന രഹസ്യ സ്വഭാവും ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്.
എന്നാൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മറ്റ് ജനപ്രതിനിധികൾക്കൊന്നും ലഭ്യമായിട്ടില്ല. “തീരദേശ ഹൈവേയുടെ വിശദ പദ്ധതിരേഖ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. സാമൂഹ്യ ആഘാത പഠനമോ, പൊതു തെളിവെടുപ്പോ നടത്തിയിട്ടില്ല. നിലവിൽ തീരദേശത്തുള്ള എല്ലാ പാരിസ്ഥിതിക സന്തുലനാവസ്ഥകളെയും ഈ പദ്ധതി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. എന്താണ് പദ്ധതിയുടെ വിശദാംശങ്ങൾ എന്ന് ജനങ്ങളോട് സംസാരിക്കാൻ അധികാരികൾ തയ്യാറാകുന്നുമില്ല. സാംസ്ഥാന സർക്കാർ ഇപ്പോൾ പിങ്ക് കല്ലുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. കെ-റെയിലിന്റെ കാര്യത്തിലും സർക്കാർ ഇത് തന്നെയാണ് ചെയ്തത്. കല്ല് സ്ഥാപിക്കുന്നത് സർവ്വേ നടത്താൻ വേണ്ടിയാണെന്നായിരുന്നു അന്ന് സർക്കാർ വാദം. പദ്ധതിക്ക് അനുവാദം കിട്ടാതെയാണ് അന്നും കല്ല് സ്ഥാപിച്ചത്. കല്ലിടുക എന്നുള്ളത് ഈ സർക്കാറിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. നഷ്ടപരിഹാര പാക്കേജ്, ദേശീയപാത 66 -ലെ പോലെ വലിയ മതിലുകൾ വന്നാൽ മൽസ്യബന്ധത്തിനുള്ള അവസരം നഷ്ടപ്പെടുമോ, ഇതിനെക്കുറിച്ചൊന്നും പദ്ധതിയുമായി ബന്ധപ്പെട്ട് പഠനം നടത്തിയിട്ടില്ല. അതിനാൽ പാരിസ്ഥിതിക-സാമൂഹ്യ ആഘാത പഠനം നടത്തിയതിന് ശേഷം മാത്രമേ സർക്കാർ ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുവാൻ പാടുള്ളൂ. ഇതൊന്നും ചെയ്യാതെ കല്ല് സ്ഥാപിക്കുന്നത് ശരിയായ നടപടിയല്ല.” കോവളം എം.എൽ.എ ആയ എം. വിൻസെന്റ് പറഞ്ഞു.
പൊഴിയൂർ ഗ്രാമം പോലെ അതി തീവ്രമായ തീരശോഷണം നേരിടുന്ന നിരവധി മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ കേരളത്തിലുണ്ട്. തീരം നഷ്ടമായി ഫ്ലാറ്റുകളിൽ താമസിക്കേണ്ടി വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ കേരളത്തിലെമ്പാടും കാണാം. തീരം പോലെ ജനസാന്ദ്രത കൂടിയതും, പാരിസ്ഥിതികമായി ദുർബലവുമായ ഒരു ഭൂപ്രദേശത്ത് തീരദേശ ഹൈവേ എന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ മൽസ്യത്തൊഴിലാളികൾ ഉയർത്തുന്ന ആശങ്കകൾ തീർച്ചയായും പരിഹരിക്കപ്പെടേണ്ടതാണ്.