ഈസ് ഓഫ് ഡൂയിങ് ബിസിനസ്: നിക്ഷേപകർക്ക് വേണ്ടി നില മറക്കുന്ന കേരളം

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം. സര്‍ക്കാര്‍ എങ്ങനെ മുന്നോട്ടുപോകും എന്ന് ഏകദേശ ധാരണയിലെത്തി യോ​ഗം പിരിഞ്ഞു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിനായി പുറപ്പെട്ടു. മുന്‍ സര്‍ക്കാരിന്റെ നയങ്ങളും സര്‍ക്കാര്‍ പദ്ധതികളുമാണ് വിജയത്തുടര്‍ച്ചയുടെ കാരണമെന്ന് പറഞ്ഞാണ് പിണറായി വിജയൻ തുടങ്ങിയത്. തുടർന്ന് സര്‍ക്കാര്‍ ചെയ്യാനും തുടരാനും ഉദ്ദേശിക്കുന്ന പദ്ധതികളുടെ പ്രാഥമിക വിവരണം. അതില്‍ പ്രധാന്യത്തോടെ കടന്നുവന്ന ഒരു വാക്കാണ് ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’. ആദ്യ വാർത്താ സമ്മേളനത്തിൽ തന്നെ പരാമർശിക്കപ്പെട്ട ഈ നയത്തിന്റെ പ്രാധാന്യം എന്താണ്? സംരംഭകരെ ആരാണ് കൂടുതൽ ആകർഷിക്കുന്നത് എന്ന മത്സരത്തിൽ ലോകത്തുള്ള മിക്ക സർക്കാരുകളും പോരാടിക്കൊണ്ടിരിക്കുന്ന കാലമാണ്. ലോകബാങ്ക് നിശ്ചയിച്ച ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന സൂചികയാണ് ഈ മത്സരത്തിന്റെ കാര്യക്ഷമത നിശ്ചയിക്കുന്നത്. ഇന്ത്യയും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഈ സൂചികയിൽ മുന്നിലെത്താൻ നടത്തുന്ന ഓട്ടത്തിൽ കേരളവും ഒട്ടും പിന്നിലല്ല എന്ന് അഭിമാനത്തോടെ മുഖ്യമന്ത്രി അറിയിച്ചു. പരിസ്ഥിതി ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചും, തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ത്തും, കൃഷിഭൂമി അപഹരിച്ചും ബിസിനസ് ഈസിയാക്കുക എന്നതാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിലൂടെ ഉദ്ദേശിക്കപ്പെടുന്നതെന്ന് ഒന്നാം പിണറായി സർക്കാരിന്റെ നയങ്ങൾ വ്യക്തമാക്കിയതാണ്. ഈ മത്സരത്തില്‍ ആദ്യമെത്താനായി എന്ത് വിട്ടുവീഴ്ചകള്‍ക്കും തയ്യാറാണെന്ന് ഉറപ്പിക്കുന്നതായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കവും.

“വ്യവസായ മേഖലയില്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. വ്യവസായങ്ങളെ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അറിയിക്കാന്‍ വ്യത്യസ്തങ്ങളായ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം നിലവിലുണ്ട്. അത് ഒഴിവാക്കാന്‍ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രീവന്‍സ് റിഡ്രസ്സല്‍ കമ്മിറ്റി നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഈ കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തും. ഈ നിയമത്തില്‍ കരട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥതല സമിതിയെ ചുമതലപ്പെടുത്തി.” എന്നായിരുന്നു ആദ്യ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.

പ്രകടന പത്രികയിലെ വാ​ഗ്ദാനം

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്ന് ‘അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും’ എന്നായിരുന്നു. സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇന്‍ഡക്‌സില്‍ രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ ഒന്നാക്കി കേരളത്തെ ഉയർത്തുമെന്നും പ്രകടനപത്രികയിലുണ്ടായിരുന്നു. ഇത് ആവർത്തിക്കുക മാത്രമാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ചെയ്തത്. നിയമങ്ങള്‍ ഭേദഗതി ചെയ്തും നയങ്ങൾ പരിഷ്കരിച്ചും നിക്ഷേപക സൗഹൃദ പട്ടികയില്‍ ഒന്നാമതായി ഇടം പിടിക്കാമെന്ന ധാരണയില്‍ മുന്നോട്ടുപോയ കേരള സര്‍ക്കാരിന് കേന്ദ്രം പുറത്തുവിട്ട റാങ്ക് ലിസ്റ്റ് പക്ഷെ തിരിച്ചടിയായി. ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി) പട്ടികയില്‍ കേരളം 28-ാം സ്ഥാനത്തായിരുന്നു. ഡി.പി.ഐ.ഐ.ടി പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 187ല്‍ 157 പരിഷ്‌ക്കാരങ്ങളും നടപ്പാക്കിയ കേരളത്തിന് മെച്ചപ്പെട്ട റാങ്കിന് അര്‍ഹതയുണ്ടെന്ന് സംസ്ഥാനം വിയോജിച്ചു. എന്നാല്‍ പുറത്ത് നിന്നും കടമെടുക്കാനുള്ള പരിധി വര്‍ദ്ധിക്കണമെങ്കില്‍ കൂടുതല്‍ നിക്ഷേപക സൗഹൃദമാകണം എന്ന യാഥാര്‍ഥ്യം മുന്നില്‍ കണ്ട് വീണ്ടും നിയമങ്ങളിൽ ഇളവുകൾ വരുത്താൻ ഒരുങ്ങുകയാണ് കേരള സർക്കാർ.

കിറ്റെക്സിന്റെ ഭീഷണി

നിയമലഘൂകരണത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതിനിടയിലാണ് കിറ്റെക്‌സ് വിവാദം. സര്‍ക്കാര്‍ സമീപനങ്ങളെ വിമര്‍ശിച്ച്, 3500 കോടിയുടെ ബിസിനസ് ഉപേക്ഷിക്കുകയാണെന്ന് വെല്ലുവിളിച്ച് കിറ്റക്‌സ് ഉടമ സാബു.എം.ജേക്കബ് രംഗത്തെത്തി. കിറ്റെക്‌സില്‍ അടുത്തകാലത്തായി നടന്ന പരിശോധനകളുടെ അസ്വസ്ഥതയിലായിരുന്നു സാബു ജേക്കബിന്റെ ആ പ്രതികരണം. എന്നാല്‍ ദേശീയതലത്തില്‍ തന്നെ ഏറ്റവും മികച്ച നിക്ഷേപസൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളം എന്ന് ആവര്‍ത്തിച്ച സര്‍ക്കാര്‍, നീതി ആയോഗ് 2021 ജൂലായില്‍ പ്രസിദ്ധീകരിച്ച പുതിയ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണെന്ന് വാദിച്ചു. നീതി ആയോഗിന്റെ ‘ഇന്ത്യ ഇന്നവേഷന്‍’ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യമുള്ള സംസ്ഥാനമെന്ന വിഭാഗത്തില്‍ കേരളം രണ്ടാം സ്ഥാനത്തെത്തിയ കാര്യവും വ്യവസായമന്ത്രിയുള്‍പ്പെടെ ചൂണ്ടിക്കാട്ടി. കിറ്റെക്സിനോട് കടുത്തഭാഷയില്‍ പ്രതികരിച്ച സര്‍ക്കാര്‍ പിന്നീട് സമീപനം മയപ്പെടുത്തി.

വ്യവസായസ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് കേന്ദ്രീകൃത പരിശോധനാ സംവിധാനം നിലവില്‍ വരുത്തി. സംരംഭകര്‍ക്ക് ആത്മവിശ്വാസം പകരുന്നതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതുമാണ് കെ-സിസ് എന്നാണ് മന്ത്രി പി. രാജീവ് പ്രതികരിച്ചത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, തൊഴിൽ, ലീഗല്‍ മെട്രോളജി, തദ്ദേശ സ്വയംഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരുടെ പരിശോധനകള്‍ കേന്ദ്രീകൃതമായി നടപ്പാക്കുന്നതാണ് ഈ സംവിധാനം. സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പുള്ളതും പരാതിയുടെ അടിസ്ഥാനത്തിലുള്ളതുമായ പരിശോധനകളെല്ലാം കെ-സിസ് വഴിയായിരിക്കും. പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകള്‍ വകുപ്പ് തലവന്റെ അവനുവാദത്തോടെ മാത്രമായിരിക്കും. പരിശോധനകള്‍ സുതാര്യമാക്കുകയാണ് ഉദ്ദേശമെങ്കിലും സ്ഥാപനത്തിന് മുന്‍കൂട്ടി പരിശോധനാ അറിയിപ്പ് നല്‍കാനുള്ള തീരുമാനത്തെ സംശയത്തോടെയാണ് വിമർശകർ നോക്കിക്കാണുന്നത്. എസ്.എം.എസ്, ഇ-മെയില്‍ മുഖേനയാണ് മുന്‍കൂട്ടിയുള്ള അറിയിപ്പുകള്‍ നല്‍കുന്നത്. തൊഴിലാളി ചൂഷണം, മലിനീകരണം, തുടങ്ങി പല കാര്യങ്ങളിലും ഉദ്യോഗസ്ഥരുടെ കണ്ണില്‍പൊടിയിടാനുള്ള സമയം ഇതുവഴി സ്ഥാപന ഉടമകള്‍ക്ക് ലഭിക്കുമെന്നതാണ് പ്രധാനമായി ഉയരുന്ന വിമര്‍ശനം. മുമ്പും കിറ്റക്‌സ് ഉള്‍പ്പെടെ പല സ്ഥാപനങ്ങളിലും പരിശോധനയുടെ ഭാഗമായി ക്രമക്കേടുകള്‍ നടത്തുന്ന കാര്യം സ്ഥാപനങ്ങളിലെ തൊഴിലാളികൾ വെളിപ്പെടുത്തിയിരുന്നു.

നിയമങ്ങളിലും നയങ്ങളിലും പൊളിച്ചെഴുത്ത് തുടരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് ഉത്തരവായി. വ്യവസായസംഘടനകള്‍, ചേംബറുകള്‍ എന്നിവയുമായി ചര്‍ച്ച ചെയ്ത് വരുത്തേണ്ട മാറ്റങ്ങളുടെ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം കൈമാറി. വ്യവസായ നടത്തിപ്പ് ദുഷ്‌ക്കരമാക്കുന്ന ചട്ടങ്ങളും ശിക്ഷാവ്യവസ്ഥകളും പരിഷ്‌കരിച്ച് കാലാനുസൃതമാക്കുക എന്നതാണ് സമിതിയുടെ ചുമതല. സംരംഭകര്‍ നടപ്പിലാക്കേണ്ടതും പാലിക്കേണ്ടതുമായ വ്യവസ്ഥകളും അവ ലംഘിച്ചാലുള്ള ശിക്ഷാവിധികളും ലഘൂകരിക്കുകയാണ് ലക്ഷ്യം. ഇതിനുപുറമെ വ്യവസായസംരംഭങ്ങള്‍ക്കുള്ള എല്ലാ ലൈസന്‍സും ഒരു കേന്ദ്രത്തില്‍ നിന്ന് നല്‍കുന്നതിന് സോഫ്റ്റ്വെയര്‍ അധിഷ്ഠിത സംവിധാനം നടപ്പിലാക്കാൻ നിയമ നിർമ്മാണവും നടത്തി.

നിലവില്‍ തന്നെ ചട്ടങ്ങള്‍ ലംഘിച്ചാണ് പല വ്യവസായങ്ങളും ലൈസന്‍സ് നേടിക്കൊണ്ടിരിക്കുന്നതെന്ന് പരാതികളും തെളിവുകളും നിലനില്‍ക്കുന്നുണ്ട്. ഈസ് ഓഫ് ഡൂയിങ്ങില്‍ ഉയര്‍ന്ന റാങ്കില്‍ വരാനുള്ള മാനദണ്ഡം വ്യവസായങ്ങള്‍ക്ക് ലളിതമായ നിയന്ത്രണങ്ങളും അവയുടെ ആസ്തി സംരക്ഷിക്കുന്നതിന് ശക്തമായ അവകാശങ്ങളും ഉറപ്പു നൽകുന്നു. നവ ഉദാരവല്‍ക്കരണ നയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകബാങ്ക് ഈ മാനദണ്ഡങ്ങൾ മുന്നോട്ടുവയ്ക്കുന്നത് എന്ന നിരീക്ഷണം ശരിവയ്ക്കുന്നതരത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സ്വകാര്യവല്‍ക്കരണം, തൊഴില്‍ ചൂഷണം, തൊഴിലാളികളുടെ അവകാശങ്ങള്‍ വെട്ടിക്കുറക്കല്‍, കുറഞ്ഞകൂലി, കരാര്‍ തൊഴിലുകള്‍ വ്യാപിപ്പിക്കല്‍, തൊഴിലവസരങ്ങള്‍ ഇല്ലാതാക്കല്‍, പ്രകൃതിവിഭവ ചൂഷണം എന്നിവയിലേക്കാണ് ലോകബാങ്ക് മാനദണ്ഡങ്ങള്‍ വഴിവയ്ക്കുന്നത്. റാങ്കിങ്ങിന് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും, അതുപോലെതന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേപോലെ ആവുന്നതിലുള്ള അശാസ്ത്രീയതയും സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച് 301 പരിഷ്‌ക്കാരങ്ങളില്‍ 238 ഉും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളതില്‍ 47 മാനദണ്ഡങ്ങള്‍ കേരളത്തിന് ബാധകമായവയല്ല. വ്യവസ്ഥകള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ ആദ്യ എട്ട് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇതിന്റെ ഫലമായി 2,261 കോടി രൂപ അധികമായി കടമെടുക്കാനുള്ള യോഗ്യതയും കേരളം നേടി. ആദ്യ പത്തില്‍ ഇടം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ലോകബാങ്ക് നിശ്ചിയിച്ചിരിക്കുന്ന മാനണ്ഡങ്ങള്‍ക്കനുസരിച്ച് നിയമങ്ങള്‍ പുനഃനിര്‍മ്മിക്കാനും പരിഷ്‌ക്കരിക്കാനും കേരളമുള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ താത്പര്യം കാണിക്കുന്നുണ്ടെങ്കിലും ഇത് എത്രത്തോളം നിക്ഷേപകരെ ആകർഷിച്ചിട്ടുണ്ട് എന്നത് ചോദ്യമായി നില്‍ക്കുന്നു. നിക്ഷേപസൗഹൃദ അന്തരീക്ഷം ഉണ്ടാക്കുന്നതും നിക്ഷേപവും ഇപ്പോഴും രണ്ട് തട്ടുകളിലായാണ് നില്‍ക്കുന്നത്. വളരെ എളുപ്പത്തില്‍ വരുത്താവുന്ന മാറ്റങ്ങളിലൂടെ ‘ഗെയിം വിന്നിങ്ങി’നുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമ്പോഴും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും ബിസിനസ് അന്തരീക്ഷത്തിനും അത് എത്രത്തോളം പ്രയോജനകരമായി എന്നതും ചോദ്യമായി തുടരുന്നു. മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചാല്‍ റാങ്കിങ്ങില്‍ മുന്നോട്ട് പോവുകയും കളിയില്‍ മുന്നോട്ടുപോകാനുള്ള് ‘ഇന്‍സെന്റീവ്’ ലഭിക്കുകയും ചെയ്യും. എന്നാല്‍ കിറ്റെക്‌സ് വിവാദത്തിന് ശേഷം ഉരുത്തിരിഞ്ഞുവന്ന ചര്‍ച്ചകളില്‍ സംരംഭകരില്‍ പലരും കേരളം നിക്ഷേപസൗഹൃദമല്ല എന്ന് പരാമര്‍ശിച്ച് രംഗത്തെത്തിയിത് സർക്കാരിന് തിരിച്ചടിയായി മാറി.

ലോകബാങ്ക് റാങ്കിങ്ങും മാനദണ്ഡങ്ങളും

സ്റ്റാര്‍ട്ടിങ് എ ബിസിനസ്, കണ്‍സ്ട്രക്ഷന്‍ പെര്‍മിറ്റ്, ഇലക്ട്രിസിറ്റി അവയ്‌ലബിലിറ്റി, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍, ക്രെഡിറ്റ് അവയ്‌ലബിലിറ്റി, പ്രൊട്ടക്ടിങ് മൈനോരിറ്റി ഇന്‍വെസ്‌റ്റേഴ്‌സ്, പേയിങ് ടാക്‌സസ്, ട്രേഡിങ് അക്രോസ് ബോര്‍ഡേഴ്‌സ്, കോണ്‍ട്രാക്ട് എന്‍ഫോഴ്‌സ്‌മെന്റ്, റിസോള്‍വിങ് ഇന്‍സോള്‍വന്‍സി എന്നിങ്ങനെയാണ് ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് മാനദണ്ഡങ്ങള്‍. ബിസിനസ് നടത്താന്‍ തടസ്സങ്ങളുണ്ടാവരുത്, തടസ്സങ്ങള്‍ എത്ര കുറയ്ക്കുന്നോ അതിനനുസരിച്ച് ‘ഗെയിം വിന്നിങ്’ സാധ്യതയുമേറും. 190 രാജ്യങ്ങളില്‍ 140-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2018ല്‍ 100-ാം സ്ഥാനം തൊട്ടു. പിന്നീട് 77, അവസാനം 2020ല്‍ പ്രസിദ്ധീകരിച്ച റാങ്കിങ്ങില്‍ 63-ാം സ്ഥാനം. എന്നാല്‍ ചില ‘ഡാറ്റ ഇര്‍റെഗുലാരിറ്റി’ യുള്ളതിനാല്‍ 2018ലേയും 2020ലേയും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റിപ്പോര്‍ട്ടുകള്‍ സസ്പന്‍ഡ് ചെയ്യുന്നതായി കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ലോകബാങ്ക് പ്രസ്താവിച്ചു. ‘മെത്തഡോളജി’യില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ റാങ്കിങ്ങിനെ ബാധിച്ചിട്ടുണ്ടെന്നും ഡാറ്റ വിശദമായി പരിശോധിച്ചതിന് ശേഷമേ റിപ്പോർട്ടുകള്‍ ഇനി പ്രസിദ്ധീകരിക്കൂ എന്നും ലോകബാങ്ക് അറിയിച്ചു. എന്നാല്‍ ബിസിനസിന്റെ പേരില്‍ ലോകരാജ്യങ്ങളെ മത്സരിപ്പിക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് എന്നെന്നേക്കുമായി നിര്‍ത്തലാക്കണമെന്ന അഭിപ്രായങ്ങളും സാമ്പത്തിക-സാമൂഹിക വിദഗ്ദ്ധര്‍ ഉന്നയിക്കുന്നു. ലോകബാങ്ക് ചീഫ് എകണോമിസ്റ്റ് ആയിരുന്ന പോള്‍ റോമര്‍ മുമ്പ് 2018ലെ റിപ്പോര്‍ട്ടിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയിരുന്നു. റാങ്കിങ്ങില്‍ മുന്നില്‍ നിന്നിരുന്ന ചിലിയുടെ അധികാരം മിഷേല്‍ ബാഷേല്‍ ഏറ്റെടുത്തതിന് ശേഷം റാങ്കില്‍ പിന്നോട്ട് പോയിരുന്നു. ചിലിയുടെ ബിസിനസ് ഈസിനസ് കുറച്ചുകാണിച്ചത് തെറ്റായിപ്പോയി എന്നായിരുന്നു പോള്‍ റോമറിന്റെ പരാമര്‍ശം. ലോകബാങ്കിലുള്ളവരുടെ രാഷ്ട്രീയ താല്‍പര്യങ്ങളും അദ്ദേഹം തുറന്നുകാണിച്ചു. അതേസമയം ഇന്ത്യ 2018ലും 2020ലും അത്ഭുതാവഹമായ തരത്തില്‍ മുന്നേറിയതിന് പിന്നിലും ഇത്തരം രാഷ്ട്രീയതാത്പര്യങ്ങളുണ്ടാവാമെന്ന് അന്താരാഷ്ട്ര, ദേശീയ മാധ്യമങ്ങളടക്കം സംശയം പ്രകടിപ്പിച്ചിരുന്നു. ചെന്നൈ ഐ.ഐ.ടി. പ്രൊഫസറും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.എം. സുരേഷ്ബാബു പറയുന്നു “റിപ്പോര്‍ട്ട് സസ്പന്‍ഡ് ചെയ്തിരിക്കുന്നു എന്ന് പറഞ്ഞാല്‍ ലോകബാങ്ക് അവരുടെ മെത്തഡോളജിയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അത് സസ്പന്‍ഡ് ചെയ്തതാണ്. എന്നാല്‍ അപ്പോഴും ഇന്ത്യയും കേരളവും അതേ മെത്തഡോളജി തന്നെ പിന്തുടരുകയാണ് എന്നതാണ് വൈരുദ്ധ്യം. റാങ്കിങ്ങില്‍ ഇന്ത്യ കുതിച്ചുചാടി. എന്നാല്‍ ഇന്‍വെസ്റ്റ്‌മെന്റ് അത്രയും വന്നില്ല. പ്രത്യക്ഷബോധത്തിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും റാങ്കിങ് വരുന്നത്.”

രാഷ്ട്രീയ പ്രവർത്തകനും സാമ്പത്തിക വിദ​ഗ്ധനുമായ പി.ജെ. ജയിംസ് പറയുന്നു “ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നവലിബറലിസം ശക്തപ്പെടുത്തുന്നതിനായി മൂലധന കേന്ദ്രങ്ങള്‍ രൂപീകരിച്ച പദ്ധതിയാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ്. മൂലധന ശക്തികള്‍ക്ക് സുഗമമായി കടന്നുവരാം, ലാഭം ഉറപ്പാക്കാം, കടത്തിക്കൊണ്ടുപോവാം. ഇതിനെല്ലാം നിയമപരിരക്ഷ ഉറപ്പുവരുത്തിക്കൊണ്ടാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാവുന്നതും. നവലിബറല്‍ ആശയങ്ങളുടെ ഭാഗമായി കോര്‍പ്പറേറ്റ് മൂലധനത്തിന് സ്റ്റേറ്റ് സഹായിയായി മാറുക എന്ന സ്ഥിതി. മാനിഫെസ്റ്റേഷന്‍ എന്നു പറയുന്നത് പോളിസികളെ ലിബറലാക്കിയാണ്. പരിസ്ഥിതി, നികുതി, തൊഴില്‍ നിയമങ്ങള്‍ ലഘൂകരിച്ച് മൂലധനത്തിന്റെ സര്‍വ്വതന്ത്രസ്വതന്ത്ര പ്രവര്‍ത്തനത്തിനായുള്ള വഴിയൊരുക്കുന്നു. 2016ല്‍ പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ കെ.പി.എം.ജി.യെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് കണ്‍സള്‍ട്ടന്റ് ആയി നിയമിച്ചു. വേള്‍ബാങ്കിന്റെ തന്നെ കണ്‍സള്‍ട്ടന്റും ഓഡിറ്റേഴ്‌സുമാണ് കെ.പി.എം.ജി. അവരെ തന്നെ ഇംപ്ലിമെന്റേഷന് വേണ്ടിയുള്ള കണ്‍സള്‍ട്ടന്റ് ആക്കിയാണ് കേരളം ഈസ്ഓഫ് ഡൂയിങ് ബിസിനസില്‍ മുന്നോട്ട് പോയത്. അന്ന് സാമ്പത്തിക ഉപദേഷ്ടാവായി നിയോഗിച്ച ഗീതഗോപിനാഥ്, പിന്നീട് ഐ.എം.എഫ് ചീഫ് എക്കണോമിസ്റ്റ് ആയി. ഇതെല്ലാം ഇന്റര്‍ ലിങ്ക്ഡ് ആണ്.’

മുന്നിലെത്താനുള്ള കേരളത്തിന്റെ ഓട്ടം

വ്യവസായ നിക്ഷേപത്തിനുള്ള നടപടികള്‍ ലളിതമാക്കാന്‍ ഏഴു നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്തുകൊണ്ടാണ് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ റാങ്കിൽ മുന്നിലെത്താനുള്ള ഓട്ടം തുടങ്ങുന്നത്. കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫസിലിറ്റേഷന്‍ ആക്ട്, 2018 നടപ്പാക്കി. പഞ്ചായത്ത് രാജ് ആക്ട്, ചുമട്ടുതൊഴിലാളി നിയമം, നഗരപാലിക നിയമം, ഭൂജല നിയമം, സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ആക്ട് എന്നു തുടങ്ങി എല്ലാം ഒറ്റ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്യുകയായിരുന്നു. ഇതില്‍ നാല് നിയമങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലയെ ഗുരുതരമായി ബാധിക്കുന്നതുമാണ്. അധികാരഘടനയേയും അടിസ്ഥാന ജനവിഭാ​ഗങ്ങൾക്കായി നിര്‍മ്മിച്ച നിയമങ്ങളേയും ഭരണഘടനയെ തന്നെയും അട്ടിമറിക്കുന്ന ഭേദഗതികളായിരുന്നു അവ. നിയമസഭ ചേരുന്ന സമയമായിരുന്നിട്ടും വിവാദമായേക്കാവുന്ന നിയമഭേദഗതികള്‍ ഓര്‍ഡിനന്‍സിലൂടെ നിയമമാക്കുക എന്ന കുറുക്കുവഴിയാണ് പ്രയോഗിച്ചത്.

നോക്കുകൂലി ഇല്ലായ്മ ചെയ്യുക എന്നതിന്റെ മറവില്‍ ചുമട്ടുതൊഴിലാളി നിയമവും മാറ്റി. ഇതനുസരിച്ച് വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ ചുമടിറക്കുന്നത് എങ്ങനെയാവണമെന്നത് തൊഴിലുടമയുടെ അവകാശമാണ്. സ്വയം ചുമടിറക്കുകയോ കയറ്റുകയോ യന്ത്രങ്ങളുപയോഗിക്കുകയോ ചുമടിറക്കുന്നതിന് ഇഷ്ടമുള്ളവരെ ചുമതലപ്പെടുത്തുകയോ ചെയ്യാം. അതത് പ്രദേശത്തെ തൊഴിലാളി പൂളുകളില്‍ നിന്ന് ഇതിനായി തൊഴിലാളികളെ നിയോഗിക്കേണ്ടതില്ല. സംരംഭങ്ങളുടെ ഉടമയ്ക്കനുകൂലമായ സാഹചര്യമുണ്ടാക്കണമെന്നുള്ള ലോകബാങ്കിന്റെ നിര്‍ദ്ദേശങ്ങളെയാണ് ഈ നിയമഭേദഗതിക്ക് സര്‍ക്കാര്‍ മറയാക്കിയത്.

അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നു

അതുവരെ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന അധികാരത്തെ കവര്‍ന്നെടുത്തുകൊണ്ടാണ് പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ നിന്ന് എടുത്തുമാറ്റി അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് നല്‍കി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനുള്ള അവകാശമോ അധികാരമോ ഇല്ലാതായി. അനുമതി ലഭിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ക്രമക്കേടുകളുണ്ടെങ്കില്‍ സെക്രട്ടറിക്ക് അത് പഞ്ചായത്ത് ഭരണസമിതിയേയോ നഗരസഭ കൗണ്‍സിലിനെയോ അറിയിക്കാം. അങ്ങനെ സംഭവിച്ചാല്‍ സ്ഥാപനം പ്രവര്‍ത്തിക്കണോ എന്ന കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിക്ക് കാലതാമസം നേരിടുന്നതൊഴിവാക്കാനായിരുന്നു നടപടി. ജനങ്ങളുടെ എതിർപ്പിനെ മാനിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പല നടപടികളും സ്വീകരിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരിലേക്ക് അധികാരം കേന്ദ്രീകരിച്ചതുവഴി പൂര്‍ണമായും ‘ബിസിനസി’ന് തുറന്നുകൊടുക്കാനായി. അധികാര വികേന്ദ്രീകരണത്തിന്റെ വക്താക്കൾ എന്ന് പറയുന്നവർ തന്നെ അതിന് ശവക്കുഴി തോണ്ടുന്ന നിയമഭേദഗതിയായി ഇത് മാറി. തൊണ്ണൂറുകളുടെ പകുതിയോടെ അധികാര വികേന്ദ്രീകരണം എന്ന ആശയം കൊണ്ടുവരികയും, അതിനെ ഇ.എം.എസിന്റെ സ്വപ്‌നമായി പോലും വാഴ്ത്തുകയും ചെയ്തവരാണ് ഇടതുപക്ഷം. ജനകീയാസൂത്രണം എന്ന ബൃഹത്പദ്ധതിയിലൂടെ 1996ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഈ ആശയം നടപ്പാക്കി. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരുകളാക്കി. വ്യവസായം പ്രോത്സാഹിപ്പിക്കുക എന്ന പേരിൽ അതേ ഇടതുപക്ഷം തന്നെ തദ്ദേശസ്ഥാപനങ്ങളുടെ അധികാരത്തിൽ കൈകടത്തുകയാണ് ഇപ്പോൾ.

2002ലെ കേരള ഭൂഗര്‍ഭ ജല നിയമം കൂടി സര്‍ക്കാര്‍ ഇക്കൂട്ടത്തില്‍ ഭേദഗതി ചെയ്തിരുന്നു. ഭൂഗര്‍ഭജലം എടുക്കുന്നതിന് അനുമതി തന്നെ വേണ്ടതില്ല എന്നായി. ആവശ്യമുള്ളവര്‍ക്ക് വേണ്ടിടത്തോളം ഭൂജലം ഊറ്റാം. ഭൂജലവകുപ്പ് നിര്‍ദ്ദേശിക്കുന്ന അളവില്‍ കൂടരുതെന്ന് മാത്രം. അളവില്‍ കൂടുതല്‍ ജലമെടുക്കുന്നത് കണ്ടെത്തിയാല്‍ അഞ്ച് ലക്ഷം രൂപ പിഴയടച്ചാല്‍ മതി. എത്ര ജലം എടുക്കുന്നു എന്നത് ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. വെള്ളമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചാല്‍ തോന്നുംപോലെ പരമാവധി വെള്ളം ഊറ്റാന്‍ നോക്കുന്ന കമ്പനികളുടെ ചരിത്രമാണ് സംസ്ഥാനത്തിന് മുന്നിലുള്ളത്. പ്ലാച്ചിമടയുടെ അനുഭവങ്ങളും കേരളം മറന്നിട്ടില്ല. ആ മുന്നറിവുകള്‍ ഉള്ളപ്പോഴും റാങ്കിൽ മുന്നിലെത്താൻ സര്‍ക്കാര്‍ ഉദാരസമീപനം കാട്ടി.

നിക്ഷേപ സൗഹൃദമാക്കാനുള്ള മാറ്റങ്ങള്‍ പലവിധത്തില്‍ വരുത്തുകയാണ് സര്‍ക്കാര്‍. നിക്ഷേപത്തിനുള്ള ലൈസന്‍സും അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് (കെ സ്വിഫ്റ്റ്) എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ആവിഷ്‌കരിച്ചു. മുപ്പതോളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത അപേക്ഷാഫോറം ഇതിന്റെ ഭാഗമായി തയ്യാറാക്കി. 30 ദിവസത്തിനകം അപേക്ഷകളില്‍ തീരുമാനം ഇല്ലെങ്കില്‍ കല്പിത അനുമതി ലഭിച്ചതായി കണക്കാക്കും എന്ന് വ്യവസ്ഥ ചെയ്തു. മുന്‍കൂര്‍ അനുമതിയില്ലാതെ എം.എസ്.എം.ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമം പാസാക്കി. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം. മൂന്നുവര്‍ഷം കഴിഞ്ഞ് ആറു മാസത്തിനകം ലൈസന്‍സും അനുമതികളും നേടിയാല്‍ മതി. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 70,946 എം.എസ്.എം. ഇ യൂണിറ്റുകള്‍ പുതുതായി ആരംഭിച്ചു എന്നാണ് കണക്ക്. 6213.16 കോടി രൂപയുടെ നിക്ഷേപം ഇതുവഴി സംസ്ഥാനത്തുണ്ടായി എന്നും കണക്കുകള്‍ പറയുന്നു. നൂറുകോടി രൂപ വരെ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവന്നു. നിക്ഷേപകര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്ചക്കകം ആവശ്യമായ അംഗീകാരം നല്‍കും. അങ്ങനെപോവുന്നു ഈസ് ഓഫ് ഡൂയിങ് ബിസിനസിനായുള്ള നടപടികള്‍.

പരിസ്ഥിതി, പരിമിതികള്‍, പ്രശ്‌നങ്ങള്‍

പരമാവധി നിയന്ത്രണങ്ങളും തടസ്സങ്ങളും ഒഴിവാക്കിയിട്ടും റാങ്കിം​ഗിൽ മുന്നേറാൻ കേരളത്തിന് ചില പരിമിതികളുണ്ട്. 38,863 ച.കീ. സ്ഥലത്ത് 3.5 കോടി ജനങ്ങള്‍ താമസിക്കുന്നു എന്നാണ് കേരളത്തിലെ അവസാന സെന്‍സസ് കണക്ക്. നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്നു എന്ന പറയുന്ന തെലങ്കാനയുടെ വിസ്തൃതി 112,077ചി.കീ. ആണ്. ഏറെക്കുറെ കേരളത്തിലുള്ളത്രയും ജനസംഖ്യയുണ്ടെങ്കിലും ജനസാന്ദ്രത കുറവ്. ഇന്ത്യയുടെ ശരാശരി ജനസാന്ദ്രതയെടുത്താല്‍ ഓരോ ചതുരശ്ര കിലോമീറ്ററിലും 382 പേരാണുള്ളതെങ്കില്‍ കേരളത്തില്‍ ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 859 പേരാണുള്ളത്. ജനസാന്ദ്രതയേറിയ കേരളത്തില്‍ വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള ആദ്യത്തെ പരിമിതി ഇതാവും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലിയിലും കേരളം മുന്നിലാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഏറെയുള്ള ഒരപൂർവ്വ ഭൂപ്രദേശം കൂടിയാണ് കേരളം. അതിനാല്‍ സര്‍ക്കാര്‍ എത്രതന്നെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്താലും വന്‍കിട വ്യവസായങ്ങള്‍ തുടങ്ങുക പ്രയാസകരമാണ്. നിയമങ്ങളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ബോധ്യമുള്ള ജനങ്ങളാണ് സര്‍ക്കാരിനും സംരംഭകര്‍ക്കും മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ​ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ സുനില്‍ മാണിയുടെ അഭിപ്രായത്തില്‍, “കേരളം നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് പറ്റിയയിടമല്ല. മറിച്ച് സര്‍വീസ്, ഹൈടെക് ബിസിനസുകള്‍ സാധ്യമായയിടമാണ്. വലിയ നിര്‍മ്മാണ വ്യവസായശാലകള്‍ വന്നാല്‍ ജനസാന്ദ്രത ഒരു പ്രശ്‌നമായിവരും, മലിനീകരണം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരും. അതിനുപകരം ഐ.ടി.സെക്ടറിലും മറ്റും നിക്ഷേപകരെ ആകര്‍ഷിച്ച് വിജയമാക്കാന്‍ കഴിയും. ചെറുകിട ബിസിനസുകള്‍ തുടങ്ങിയാലും അത് എക്കാലവും ചെറുകിടമായി തന്നെ നില്‍ക്കണമെന്നില്ലല്ലോ. സംരംഭങ്ങള്‍ വളരും. കിറ്റെക്‌സ് പോലുള്ള കമ്പനികളുടെ കാര്യമെടുത്താല്‍ അവര്‍ക്ക് സംരംഭം വികസിപ്പിക്കണമെന്നുണ്ടാവും. അപ്പോള്‍ മോശം അനുഭവങ്ങള്‍ ഉണ്ടായി എന്നുവരാം. കാരണം വളരെ ജാഗ്രതയുള്ള പൗരസമൂഹം മലിനീകരണം ഒരുതരത്തിലും അനുവദിക്കില്ല. തൊഴിലാളികള്‍ ചൂഷണത്തെയും അംഗീകരിച്ചെന്നു വരില്ല. അതേസമയം നാസയ്ക്കുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ച് നല്‍കുന്ന, വിജയകരമായി പ്രവര്‍ത്തിക്കുന്ന സംരംഭം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി പേര്‍ക്ക് തൊഴിലും നല്‍കുന്നു, മലിനീകരണവും ഇല്ല.”

അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലുള്ള ചെറിയ കേരളത്തിന്, കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷതകൾ പലരൂപത്തിൽ നേരിടേണ്ടി വരുന്ന ഒരു സംസ്ഥാനത്തിന് എത്രത്തോളം ബിസിനസ് സംരംഭങ്ങള്‍ താങ്ങാനാവും എന്നതാണ് നിർണ്ണായക ചോദ്യം. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് സൂചികയിൽ കേരളം മുന്നേറി എന്ന് പറയുമ്പോള്‍ അതുകൊണ്ട് ആര്‍ക്കാണ് നേട്ടം? ലോകത്തെ മുഴുവന്‍ ഒരു വലിയ ‘ഗെയിമി’ന്റെ ഭാഗമാക്കുന്ന നവലിബറല്‍ പോളിസികള്‍ക്ക് പിന്നാലെ ഓടുമ്പോള്‍ സർക്കാരുകൾ മറന്നുപോകുന്ന ചില വലിയ കാര്യങ്ങളുണ്ട്. പരിസ്ഥിതി സംരക്ഷണവും വിഭവങ്ങൾക്ക് മേലുള്ള ജനങ്ങളുടെ അവകാശവുമാണ് അതിൽ പ്രധാനം. “ഈസ് ഓഫ് ഡൂയിങ്ങിനായി പരിസ്ഥിതി നിയമങ്ങളെ അടക്കം മാറ്റിമറിക്കുകയാണ്. പടിഞ്ഞാറൻ രാജ്യങ്ങള്‍ പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ സമ്മതിക്കില്ല. പക്ഷെ ഇതെല്ലാം നിയന്ത്രിക്കുന്ന അവര്‍ക്ക് നിക്ഷേപം വേണം, ബിസിനസ് വളര്‍ത്തണം. അതിനായി നമ്മെ സമ്മര്‍ദ്ദപ്പെടുത്തും. അങ്ങനെ നമ്മള്‍ ‘ഹെവന്‍ ഓഫ് പൊല്യൂഷന്‍’ ആയിത്തീരും. അവരുടെ പോളിസികള്‍ നടപ്പാക്കുന്നതിലേക്ക് നമ്മളെ എത്തിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.” ഡോ. സുരേഷ്ബാബു പറയുന്നു.

തൊഴിലാളികള്‍ പോരാടി നേടിയെടുത്ത അവകാശങ്ങൾ, നാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന പരിസ്ഥിതി, ഉപജീവനത്തിനും അതിജീവനത്തിനുള്ള ജനങ്ങളുടെ അവകാശം. ലോകബാങ്കും അവരെ നിയന്ത്രിക്കുന്നവരും നടത്തുന്ന മത്സരത്തിടയില്‍ മറന്നുകളയാനാവാത്ത നിരവധി കാര്യങ്ങളുണ്ടെന്ന് തിരിച്ചറിയുന്ന ഒരു സർക്കാർ നമുക്കില്ല എന്നതിന് തെളിവായിരുന്നു അധികാരത്തിലെത്തിയ ആദ്യ ദിവസത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 17, 2021 4:18 pm