പ്രളയദുരിതം രൂക്ഷമാക്കുന്ന ചില ‘ദുരന്ത നിര്‍മ്മിതികള്‍’

കർണാടകത്തിലെ കബനി റിസർവോയറിലെ വെള്ളം തുറന്നു വിടാത്തതിനാലാണ് വയനാട്ടിൽ പ്രളയം രൂക്ഷമാകുന്നത്; എല്ലാ പ്രളയ കാലത്തും വയനാട്ടിൽ ഉയർന്നു കേൾക്കാറുള്ള ഒരു ആരോപണമാണിത്. എന്നാൽ അതിൻറെ യാഥാർത്ഥ്യം എത്രത്തോളമുണ്ട് എന്നത് അല്പം വിശദമായി പരിശോധിക്കുമ്പോള്‍,നമ്മള്‍ ചെയ്ത ചില തെറ്റുകള്‍ മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണോ അയൽ സംസ്ഥാനത്തെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്നു സംശയിച്ചു പോവും. കാരണം, കബനി റിസർവോയറിന്റെ പരമാവധി ജലനിരപ്പ് സമുദ്രനിരപ്പിൽ നിന്നും 696 മീറ്റർ ആണ്. അതായത്, കബനി റിസർവോയറിൽ, ആ ഉയരം വരെ മാത്രമേ പരമാവധി വെള്ളം സംഭരിക്കാനാവൂ. അതുവരെ വെള്ളം നിറഞ്ഞു കഴിഞ്ഞാൽ 696 മീറ്ററിന് മുകളിലേക്ക് ജലനിരപ്പ്‌ ഉയരുകയില്ല. ആ സാഹചര്യത്തിൽ, അതിനേക്കാൾ ഉയരത്തിലുള്ള വയനാട്ടിലെ വയലുകളിലും തണ്ണീർത്തടങ്ങളിലും ജലനിരപ്പ് ഉയരുന്നതിന് കബനി റിസർവോയറിന് ഒരു പങ്കുമില്ല. ഉദാഹരണത്തിന്, വയനാട്ടിലെ വള്ളിയൂർക്കാവിനു സമീപത്തുള്ള ഗ്രൗണ്ടിലെ ഉയരം സമുദ്രനിരപ്പിൽ നിന്നും 735 മീറ്ററിന് മുകളിലാണ്. പനമരം പ്രദേശത്തെ വയലുകളുടെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം ഏതാണ്ട് 745 മീറ്റര്‍ ആണ്. കബനി നദി വയനാട്ടിൽ നിന്നും പൂർണമായും കർണാടകത്തിലേക്ക് കടക്കുന്ന സ്ഥലമായ കൊളവള്ളിയിലെ വയലുകളുടെ ഉയരം 729 മീറ്ററാണ്. അതുകൊണ്ടുതന്നെ, കബനി അണക്കെട്ടിലെ വെള്ളത്തിൻറെ പരമാവധി ഉയരത്തിനെക്കാൾ 30 മീറ്ററിൽ അധികം ഉയരത്തിലുള്ള വയനാട്ടിലെ പല സ്ഥലങ്ങളിലും വെള്ളം കെട്ടി നിന്ന് പ്രളയ രൂക്ഷത വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം കബനി അണക്കെട്ടാണ് എന്നുപറയുന്നത് ശരിയല്ല എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. പക്ഷേ ആ അണക്കെട്ട് പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും മന്ദഗതിയിലാക്കുകയും ചെയ്യുന്നുണ്ട് എന്നതിൽ സംശയിക്കേണ്ടതില്ല.

എന്തുകൊണ്ട് വയനാട്ടില്‍ പ്രളയത്തിന്റെ തീവ്രത വർദ്ധിക്കുന്നു?

വയനാട്ടിലെ പുഴകളുടെ അരികുകളിൽ ഇന്നു കാണുന്ന വയലുകളില്‍ ഏറിയ പങ്കും യഥാർത്ഥത്തിൽ പുഴകളുടെ പ്രളയ തടങ്ങളാണ് (flood plains). കനത്ത മഴയിൽ വർഷകാലത്ത് പുഴയ്ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അധികം വെള്ളം ഒഴുകിയെത്തുമ്പോൾ ആ വെള്ളം പുഴയില്‍ നിന്നും കയറി പരന്ന് ഇരുകരകളിലൂടെയും ഒഴുകി രൂപപ്പെട്ടിട്ടുള്ള സമതല പ്രദേശങ്ങളെയാണ് പുഴകളുടെ പ്രളയ തടങ്ങൾ എന്ന് വിളിക്കുന്നത്. പുഴയിലൂടെ ഒഴുകാവുന്നതിനേക്കാൾ കൂടുതൽ വെള്ളം വർധിക്കുമ്പോൾ, അത് കരകയറി പുഴയുടെ പ്രളയ തടങ്ങളിലൂടെ പരന്ന് സാവധാനം താഴേക്കൊഴുകി പോവുകയാണ് ചെയ്യുക. പുഴകൾക്ക് കുത്തൊഴുക്കില്ലാതെ കൂടുതൽ സുഗമമായി ഒഴുകിപ്പോവാനുള്ള സൗകര്യമൊരുക്കുകയാണ് പ്രളയതടങ്ങൾ ചെയ്യുന്നത്. ഇന്ന് ആഗോള കാലാവസ്ഥ മാറ്റത്തിന്റെ കൂടി ഭാഗമായി പ്രളയ സാധ്യതകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം വയലുകളിലും തണ്ണീർത്തടങ്ങളിലും താമസിക്കുന്ന ആളുകളെല്ലാം മഴക്കാലമാകുന്നതോടെ ഭീതിയിലാവുകയാണ്. ദുരന്തങ്ങൾ പലരീതിയിൽ ഇത്തരം സ്ഥലങ്ങളിൽ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അശാസ്ത്രീയ നിർമ്മിതികളും പ്രകൃതിയെ പരിഗണിക്കാത്ത വികസന നയങ്ങളും ചേർന്ന് തണ്ണീർത്തടങ്ങളിൽ താമസിക്കുന്ന ആളുകളുടെ ജീവിതം കൂടുതൽ ദുരിതത്തിലാഴ്ത്തുകയാണ്.
ഉദാഹരണത്തിന് വയനാട്ടിലെ (പനമരം, മാനന്തവാടി പുഴകളുടെ തീരങ്ങളിലെ) പ്രളയത്തെ അതിരൂക്ഷമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഒരു വികസനമായിരുന്നു മാനന്തവാടി പുൽപ്പള്ളി റോഡിലെ കൂടൽ കടവ് എന്ന പ്രദേശത്ത് രണ്ടുപുഴകളിലായി നിർമ്മിച്ച രണ്ടു പാലങ്ങൾ.

കൂടൽക്കടവ് പാലം

കബനി നദിയുടെ പ്രധാന കൈവഴികളായ മാനന്തവാടി പുഴയും പനമരം പുഴയും ഒന്നുചേരുന്ന കൂടൽ കടവ് ഭാഗത്ത് രണ്ടു കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന രണ്ടു പുഴകളുടെയും പ്രളയ തടങ്ങള്‍ ചേര്‍ന്നുള്ള വീതി ഏതാണ്ട് ഒരു കിലോമീറ്ററിൽ അധികം (1200 മീറ്റർ) ഉണ്ട്. അവിടെ പുഴയ്ക്ക് കടന്നു പോവേണ്ട ആ ഒരു കിലോമീറ്ററിലധികം വരുന്ന വയലിന് (പ്രളയ തടത്തിന്) കുറുകെ മണ്ണിട്ട് ഉയർത്തി അപ്പ്രോച്ച് റോഡ് നിർമ്മിച്ച് പുഴയ്ക്ക് കുറുകേ രണ്ട് പാലങ്ങൾ നിർമ്മിക്കപ്പെട്ടതോടെ പുഴയ്ക്ക് കരകയറി പരന്ന് സുഗമമായി ഒഴുകാൻ കഴിയാതെയായി. ഒരു കിലോമീറ്ററിൽ ഏറെ വീതിയിൽ പരന്നൊഴുകേണ്ട പുഴയുടെ കുറുകേ കെട്ടിയ ഒരു അണക്കെട്ടുപോലെയാണ് ആ റോഡ്‌ പ്രളയകാലത്ത് പ്രവർത്തിക്കുന്നത്. പാലങ്ങൾക്കു ചുവട്ടിലെ പുഴ അതിൻ്റെ സ്പിൽവേ പോലെയും. ഓർക്കണം വയനാടിന്റെ വടക്കേ അറ്റത്ത് തലപ്പുഴ മുതൽ തെക്ക് മേപ്പാടി വരെയുള്ള മലകളിൽ പെയ്യുന്ന മഴ ഉൾപ്പെടെ വയനാടിന്റെ മുക്കാൽ ഭാഗം പ്രദേശങ്ങളിലും പെയ്യുന്ന മഴവെള്ളം ഇന്ന് ഒഴുകി പോകേണ്ടത് ഏതാണ്ട് 60 മീറ്ററും 80 മീറ്റർ വീതം നീളമുള്ള പാലങ്ങൾ എന്ന ആ രണ്ടു സ്പിൽവേയിലൂടെ മാത്രമാണ്. അത് പുഴയുടെ മുകളിലേക്കുള്ള ഭാഗങ്ങളിലെ നീരൊഴുക്കിനെ വളരെ സാവധാനത്തിലാക്കും.

വയനാട്ടിലെ കൂടല്‍ക്കടവ് പ്രദേശത്തിന്റെ മാപ്പ് (ഇളം പച്ച നിറത്തില്‍ കാണുന്നതാണ് പുഴയുടെ പ്രളയ തടം)

കൂടൽകടവിലെ പാലങ്ങൾ മാത്രമല്ല, അവിടെ നിന്നു മുകളിലേക്കുള്ള പുഴയിലെ ഏതൊരു പാലം എടുത്താലും അവിടെയെല്ലാം പുഴയുടെ പ്രളയ തടങ്ങൾക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അപ്പ്രോച്ച് റോഡുകളും ചേര്‍ന്ന് മേൽപ്പറഞ്ഞതിന് സമാനമായ ഫലം തന്നെയാണ് ഉണ്ടാക്കുന്നത്. കേരളത്തിലെ പുഴകൾക്ക് കുറുകെയുള്ള ഇത്തരം പാലങ്ങളെയും അവയുടെയെല്ലാം അപ്രോച്ച് റോഡുകളെയും കണക്കിലെടുക്കുമ്പോൾ പുഴയുടെ പ്രളയകാലത്തെ ഒഴുക്കിനെ അത് എത്രത്തോളം തടഞ്ഞുനിർത്തുന്നു എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇത് ഒഴുക്കിന്റെ വേഗം കുറയ്ക്കുന്നതിലൂടെ വെള്ളം ഒഴുകിപ്പോകാന്‍ വേണ്ട സമയം വര്‍ദ്ധിപ്പികുകയും, ജലനിരപ്പ് ഉയര്‍ത്തുകയും, പ്രളയം കൊണ്ടുണ്ടാകുന്ന ആഘാതങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമേ പുഴകൾക്ക് സമാന്തരമായി മണ്ണിട്ട് ഉയർത്തി പുഴയുടെ പ്രളയതടങ്ങളിലൂടെ നിർമ്മിച്ചിട്ടുള്ള റോഡുകളും പ്രളയകാലത്തെ പുഴകളുടെ ഒഴുക്കിനെ ചെറിയൊരു പ്രദേശത്തിലൂടെ മാത്രമായി ഒതുക്കുന്നതിന് കാരണമായിട്ടുണ്ട്. മാനന്തവാടിയിൽ നിന്നും വള്ളിയൂർക്കാവ് കൊയിലേരി വഴി ചെറുകാട്ടൂർ വരെയുള്ള റോഡ് ഇതിനൊരു ഉദാഹരണമാണ്. പാലങ്ങളുടെയും റോഡുകളുടെയും നിർമ്മാണത്തിന് മുൻപ് തന്നെ എൻജിനീയർമാർ പുഴകളെ കൂടി കണക്കിലെടുത്തിരുന്നുവെങ്കിൽ അപ്രോച്ച് റോഡുകളുടെ നീളം കുറച്ചു കൊണ്ട്, പാലങ്ങൾക്ക് പ്രളയ തടങ്ങളിൽ കൂടുതൽ കാലുകൾ നൽകിക്കൊണ്ട്, പുഴകൾക്ക് ഒഴുകി പോകാൻ കൂടുതൽ ഇടം നൽകാനാവുമായിരുന്നു. നമ്മുടെ സാങ്കേതിക വിദ്യാഭ്യാസത്തിൽ എവിടെയും പ്രകൃതിക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ല എന്നതിന്റെ ഒരു തെളിവുകൂടിയാണ് ഇത്തരം ‘ദുരന്ത നിര്‍മ്മിതികള്‍’.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

July 22, 2024 2:48 pm