ജലസ്രോതസ്സുകളെ കവർന്നെടുക്കുന്ന ഇടുക്കിയിലെ ഏലക്കൃഷി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

(കാലാവസ്ഥ അടിയന്തരാവസ്ഥകൾക്കിടയിലും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ കണക്കിലെടുക്കാതെ സാമ്പത്തിക ലാഭം മാത്രം തേടിപ്പോകുന്ന കേരളത്തിന്റെ കാർഷിക മേഖലയുടെ നേർചിത്രമാണ് ഇടുക്കിയിൽ കുതിച്ചുയരുന്ന ഏലക്കൃഷി.)

2024ലെ വേനൽക്കാലത്ത് ഇടുക്കിയിലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ചില അപൂർവ സംഭവവികാസങ്ങൾ അരങ്ങേറുകയുണ്ടായി: കൃഷിക്കായി തോട്ടമുടമകൾ കരുതി വെച്ചിരുന്ന വെള്ളം മോഷ്ടിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഓരോ മാസവും ഒന്നോ രണ്ടോ കേസുകളാണ് അവിടെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരും വാർഡ് അംഗങ്ങളും ഇടപെട്ട് ഇത്തരം വഴക്കുകൾ ഒതുക്കി തീർത്തെങ്കിലും, ഇടുക്കിയെ സംബന്ധിച്ചിടത്തോളം അതൊരു കടുത്ത വിരോധാഭാസമായിരുന്നു-വർഷാവർഷം മഴക്കാലത്ത് ശരാശരി 3600 മില്ലിമീറ്റർ മഴ ലഭിക്കുന്ന, നനവും പച്ചപ്പും കൊണ്ട് മൂടപ്പെട്ട ഇടുക്കി മലനിരകളിൽ എങ്ങനെയാണ് ജലക്ഷാമം ഉണ്ടാകുക? 

ഈ ചോദ്യത്തിനുള്ള ഉത്തരം ഇടുക്കി ജില്ലയിലെ ഏലമലയുടെ ആഴമേറിയ താഴ്വാരങ്ങളിൽ ഒളിച്ചിരുപ്പുണ്ട്. 

സനോയ് ജോസഫ് കരുണാപുരത്തെ ഏലക്കൃഷി തോട്ടത്തിൽ. ഫോട്ടോ ആരതി എം.ആർ

കരുണാപുരത്തെ തോട്ടമുടമയായ സനോയ് ജോസഫ് തന്റെ കൃഷിയിടത്തിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. കുറച്ചുനാളുകളായി, വരാൻ പോകുന്ന വേനൽക്കാലത്തെ തടുക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് സനോയ് ജോസഫും തൊഴിലാളികളും. ഏകദേശം ഏഴ് പതിറ്റാണ്ടുകളായി ഇടുക്കിയിൽ ഇഞ്ചി, കുരുമുളക്, ഏലം എന്നിവ കൃഷി ചെയ്തുവരുന്നവരാണ് സനോയിയുടെ കുടുംബം. എന്നാൽ ഇന്നത്തെ തലമുറയിലെ സനോയിയെ പോലുള്ള കർഷകർ ഒരൊറ്റ ഇനം നാണ്യവിളയെ മാത്രം ആശ്രയിക്കുന്നു. ഇതുവഴി ഇവർക്ക് സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി സാമ്പത്തികവും പാരിസ്ഥിതികവുമായ ചില നഷ്ടങ്ങൾ  ഇവിടെ സംഭവിക്കുന്നുണ്ട്. ഏകവിള കൃഷി (mono-cropping) നൽകുന്ന വലിയ സാമ്പത്തിക ലാഭമാണ് മിക്ക കർഷകരെയും ഏറ്റവും ലാഭകരമായ വിളയിനം മാത്രം കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകം. സാമ്പത്തിക ലാഭം നിലനിർത്താനായി, വിളവ് വർദ്ധിപ്പിക്കാനും നിലനിർത്താനും കർഷകർ തെരഞ്ഞെടുക്കുന്ന കൃഷിരീതികൾ മിക്കപ്പോഴും പരിസ്ഥിതിക്ക് സംഭവിക്കുന്ന ശോഷണങ്ങൾക്ക് നേരെ കണ്ണടച്ചുകൊണ്ടുള്ളതാണ്. 

നൂറ്റാണ്ടുകളായി കേരളം സുഗന്ധവ്യജ്ഞനങ്ങളുടെ, പ്രത്യേകിച്ച് ഏലക്കൃഷിയുടെ കേന്ദ്രമാണ്. എന്നാൽ വളരെ വലിയ വിപണി മൂല്യമുള്ള ഏലത്തിൻ്റെ തീവ്രമായ കൃഷി വരൾച്ച പോലുള്ള സാഹചര്യങ്ങളാൽ വലയുന്ന ഇടുക്കിയിലെ ജലസ്രോതസ്സുകളെ വറ്റിക്കുന്നു. മലയോര ജില്ലയിലെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ ഏലക്കൃഷിക്ക് വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഏലക്കൃഷിക്ക് അനുയോജ്യമായ താപനില 15 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുവരുന്ന താപനില കാരണം ഏലക്കൃഷിക്ക് കൂടുതൽ വെള്ളം ആവശ്യമായി വരുന്നുണ്ട്. ഇത് ഏലക്കൃഷിയെ സുസ്ഥിരമല്ലാത്ത ഒന്നായി മാറ്റുന്നുണ്ടെന്നാണ് ഏലക്കൃഷിയെക്കുറിച്ചും ഭൂഗർഭജല ഉപയോഗത്തിന്റെ ഡാറ്റാസെറ്റുകളെക്കുറിച്ചുമുള്ള ആറ് മാസത്തെ അന്വേഷണം വെളിപ്പെടുത്തുന്നത്.

ഏലം വിപണിയുടെ ആധിപത്യം

ഇടുക്കിയിലെ മലനിരകളിലൂടെയുള്ള ഹെയർപിൻ വളവുകൾ ചെന്നെത്തുന്ന ഓരോ കവലകളിലെയും കാറ്റിന് ഏലത്തിന്റെ നറുമണമുണ്ട്. ഉപജീവനത്തിനായി ഈ സുഗന്ധവിളയെ ആശ്രയിച്ച എണ്ണമറ്റ കുടിയേറ്റ കർഷകരുടെ ജീവിതത്തെ മാറ്റിമറിച്ചതാണ് ഇവിടുത്തെ സമൃദ്ധമായ ഭൂപ്രകൃതി. തങ്ങളുടെ ഏലത്തോട്ടത്തിലെ ചെടികളെ പരിപാലിച്ചുകൊണ്ടാണ് ഇവിടുത്തെ ഓരോ ഏല കർഷകരുടെയും നാൾ തുടങ്ങുന്നത്. 

കേരളത്തിലെ ഭൂരിഭാഗം കർഷകർക്കും ഏലം ഒരു ലാഭകരമായ വിളയാണെന്നതിൽ തർക്കമൊന്നുമില്ല. സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയുടെ 2023-24 ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കേരളത്തിൽ ഏലക്കൃഷിയുടെ ആകെ വിസ്തീർണ്ണം 40,000 ഹെക്ടറിലധികമാണ്, ഇത് സംസ്ഥാനത്തുടനീളം നടുന്നതിന്റെ രണ്ട് ശതമാനത്തിൽ താഴെയാണ്.

മാവടിയിലെ ഏലത്തോട്ടം. ഫോട്ടോ ആരതി. എം.ആർ

“ഇടുക്കിയിലെ പ്രധാന വരുമാന മാർഗ്ഗം ഏലമാണ്. വിപണിയിൽ ഇതിന് എപ്പോഴും ഉയർന്ന ഡിമാൻഡായതുകൊണ്ട് തന്നെ എന്ത് ത്യാഗങ്ങൾ സഹിക്കേണ്ടി വന്നാലും ആളുകൾ ഏലക്കൃഷി ചെയ്യുന്നത് തുടരും,” നെടുങ്കണ്ടം കൃഷി ഓഫീസിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ രശ്മി വിജയൻ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ കാലത്ത് ഇടുക്കിയിലെ ഭൂരിഭാഗം ഹൈറേഞ്ച് പ്രദേശവാസികളും ഒരു വരുമാന മാർഗമെന്ന നിലയിൽ ഏലം കൃഷിയിലേക്ക് തിരിയുകയായിരുന്നു. ഉയർന്ന പ്രതിരോധശേഷിയും ലാഭക്ഷമതയുമുള്ള ഏലം, ഉയർന്ന വിപണി ആവശ്യകതയും അനുകൂലമായ വളർച്ചാ സാഹചര്യങ്ങളും കാരണം ആകർഷകമായ ഒരു സാധ്യതയായി അവർക്ക് മുന്നിൽ വളർന്നു നിന്നു.

കേരളത്തിലെ ഏലം ഉത്പാദനത്തിൽ കാര്യമായ വർദ്ധനവ് കാലാനുസൃതമായി ഉണ്ടായിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് ഇത് ഇരട്ടിച്ചു. 2023 ൽ ഏലത്തിൻ്റെ ഉൽ‌പാദനം ക്രമാനുഗതമായി വർദ്ധിച്ച് 22,000 ടണ്ണിലധികം ആയി. അതേസമയം, കഴിഞ്ഞ ദശകത്തിൽ ഏലക്കൃഷി നടത്തുന്ന സ്ഥലത്തിന്റെ വിസ്തീർണത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല എന്നത് കഴിഞ്ഞ നാല് വർഷമായി തുടരുന്ന തീവ്രവിളവെടുപ്പിനെ സൂചിപ്പിക്കുന്നു.

അപ്രതീക്ഷിതമായിയുണ്ടായ കോവിഡ് 19 ലോക്ഡൗൺ, തമിഴ്നാട്ടിലെ തേനി ജില്ലയിൽ നിന്നുള്ള കെ പദ്മനാഭൻ എന്ന ചെറുപ്പക്കാരനെ മറ്റ് ഉപജീവനമാർഗങ്ങൾ തേടാൻ നിർബന്ധിതനാക്കി. “ചെന്നൈയിലെ ടിവിഎസ് ഷോറൂമിലെ സൂപ്പർവൈസറായിരുന്നു ഞാൻ. കോവിഡ് വന്നപ്പോൾ ജോലി നഷ്ടപ്പെട്ടു. കൂട്ടിവെച്ചിരുന്ന കുറച്ച് പൈസ കൊണ്ട് ഞാൻ മാവടിയിൽ അഞ്ച് ഏക്കർ ഏലത്തോട്ടം പാട്ടത്തിനെടുത്തു. കഴിഞ്ഞ വർഷം വലിയ നഷ്ടമുണ്ടായി. ഈ വർഷം അങ്ങനെയാകില്ലെന്ന് ഞാൻ വിചാരിക്കുന്നു. അത്രയും നഷ്ടം ഇനി താങ്ങാനാകില്ല.” മുപ്പത്തിനാലുകാരനായ കെ പദ്മനാഭൻ തമിഴ് ചുവയുള്ള മലയാളത്തിൽ പറഞ്ഞു. 

പാട്ടത്തിനെടുത്ത ഏലത്തോട്ടത്തിൽ കെ പദ്മനാഭൻ. ഫോട്ടോ ആരതി.എം.ആർ 

സുഗന്ധവ്യജ്ഞനങ്ങളിലെ റാണിയെന്നാണ് ഏലം അറിയപ്പെടുന്നത്. ഒരു കൃഷി വിളയായി മാറുന്നതിന് മുമ്പ്, പശ്ചിമഘട്ടത്തിലെ ഇടതൂർന്ന വനങ്ങളിലെ ഒരു വനവിഭവമായിരുന്നു ഏലം. കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കാർഡമം ഹിൽസ് എന്നറിയപ്പെടുന്ന ഏലമലക്കുന്നുകൾ ഏലത്തിൻ്റെ പ്രാഥമിക ആവാസ കേന്ദ്രമാണ്. എന്നാൽ 1990-കൾക്ക് ശേഷം, ഏലം ഗവേഷണത്തിലെ വ്യവസായ നിക്ഷേപം കാരണം മറ്റ് പല ഇനങ്ങളും പിന്തള്ളപ്പെടുകയും, ലാഭം കൂടുതൽ വർദ്ധിപ്പിക്കാനായി ഏലത്തിന്റെ ഒരു പ്രത്യേക ഇനം മാത്രം വിപണി പിടിച്ചെടുക്കുകയും ചെയ്തു.

ഞള്ളാണി ഏലം. ഫോട്ടോ ആരതി എം.ആർ

ഞള്ളാണി എന്ന ഏല ഇനത്തിന്റെ വരവോടെ ഏലമലക്കുന്നുകളിൽ നിലനിന്നിരുന്ന മറ്റ് ഏലം ഇനങ്ങൾ ഒഴിവാക്കപ്പെട്ടു. “മൈസൂർ വഴുക്ക, കണിപ്പറമ്പൻ, 9 ബോൾട്ട്, ഏലം റാണി, പാലക്കുടി, ഞള്ളാണി തുടങ്ങിയ ഏലത്തിന്റെ വിവിധ ഇനങ്ങൾ ഞങ്ങൾ കൃഷി ചെയ്തിരുന്നു. പക്ഷേ, കൂടുതൽ വിളവ് ലഭിക്കാൻ തുടങ്ങിയതോടെ ഞള്ളാണി ഇവിടെ താരമായി.” മുൻ കർഷകനായിരുന്ന സനോയിയുടെ അച്ഛൻ ജോസഫ് പറഞ്ഞു. വർഷം മുഴുവൻ വിളവെടുക്കാമെന്നതും, എല്ലാ കാലാവസ്ഥയുമായും പെട്ടെന്ന് പൊരുത്തപ്പെടുമെന്നുമുള്ള സവിശേഷതകൾ കാരണമാണ് ഞള്ളാണി കർഷകർക്ക് പ്രിയങ്കരമായി മാറിയത്.

ഏലത്തിൻ്റെ വിവിധ ഇനങ്ങൾ. പാലക്കുടി, ഞള്ളാണി, തദ്ദേശീയ ഇനം. ഫോട്ടോ ആരതി എം.ആർ

“ലോകത്തിലെ ഏതൊരു അടുക്കളയിലും ഒരിത്തിരി ഇടുക്കിയുണ്ടാകും” ഗ്രാമ്യ ഓർഗാനിക് സ്പൈസസിൻ്റെ കോഫൗണ്ടറായ ഭാവേഷ് സാവരിയ എഴുതിക്കൊണ്ടിരിക്കുന്ന ഇടുക്കിയിലെ ഭക്ഷണ സംസ്കാരത്തെ കുറിച്ചുള്ള ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്. ഏലത്തിന്റെ കാര്യത്തിൽ ഇത് ഏതാണ്ട് ശരിയുമാണ്. ചായയായാലും, മധുരപലഹാരമായാലും, ബിരിയാണിയായാലും ഏലം അതിന്റെ രുചിയും മണവും കൊണ്ട് ആ വിഭവത്തിനെ, അതിൻ്റെ അനുഭവത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തും. അതുകൊണ്ടാണ് ഈ ചെറിയ പച്ച വിത്തുറക്ക് ദേശീയ, അന്തർദേശീയ വിപണികളിൽ സ്ഥിരമായ ആവശ്യക്കാരുള്ളത്. കൂടാതെ, ഏലം തരുന്ന വലിയ ലാഭം കർഷകരെ ഈ വിളയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നതും.

ചൂടേറുന്ന ഭൂമിയിൽ ഏലം വളർത്തുന്നതിൻ്റെ അപകടങ്ങൾ

2024ലെ വേനലിൻ്റെ തുടക്കം തന്നെ എല്ലാവരെയും നടുക്കത്തിലാക്കുന്നതായിരുന്നു. അത്ര കടുത്ത വേനലിനെ നേരിടാൻ ഇടുക്കിയിലെ ഏല കർഷകർ തയാറായിരുന്നില്ല. ഏലക്കൃഷിക്കായി വൃക്ഷാവരണങ്ങൾ വെട്ടിമാറ്റിയതിൻ്റെ എല്ലാ ദോഷവശങ്ങളും അതോടെ വെളിവായി വന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഫെബ്രുവരിയോടെ തന്നെ താപനില 36 ഡിഗ്രി സെൽഷ്യസ് കടന്നു. ഇത് ഇടുക്കിയിൽ സാധാരണ അനുഭവപ്പെടുന്ന അന്തരീക്ഷ താപനിലയിൽ നിന്നും വളരെ കൂടുതലായിരുന്നു. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ആഞ്ഞടിച്ച ഉഷ്ണതരംഗത്തെ നേരിടാൻ കർഷകർ ഒട്ടും തയ്യാറായിരുന്നില്ല. ഇടുക്കിയിൽ താപനില 33 ഡിഗ്രി സെൽഷ്യസ് കടന്നതോട് കൂടി തണുത്ത കാലാവസ്ഥയിൽ തഴച്ചുവളർന്ന് നിന്ന ഭൂപ്രകൃതി ഒട്ടാകെ വരാനിരിക്കുന്ന അപകടത്തിൻ്റെ ലക്ഷണങ്ങള് കാണിച്ച് തുടങ്ങി. പ്രാദേശിക കർഷകർ, പ്രത്യേകിച്ചും ഏലക്കർഷകർ- മിതമായ കാലാവസ്ഥയിൽ വളരുന്ന ഏലച്ചെടികൾ ചുട്ടുപൊള്ളുന്ന ചൂടിൽ കരിഞ്ഞുണങ്ങുന്നത് നിസഹായരായി നോക്കിനിന്നു.

കരിഞ്ഞുണങ്ങിയ ഏലത്തോട്ടം. ഫോട്ടോ കെ പദ്മനാഭൻ

“മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ഞള്ളാണിക്ക് 40 ശതമാനം കുറവ് തണൽ മതി. അതുകൊണ്ട് കൂടുതൽ ഉൽപാദനത്തിനായി കർഷകർ മരങ്ങൾ വെട്ടിമുറിച്ച് ഏലം നട്ടു. ഈ വനനശീകരണം മണ്ണിൻ്റെയും കാറ്റിൻ്റെയും ചൂട് വർദ്ധിക്കാൻ കാരണമായി.” രശ്മി വിജയൻ അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ വർഷം ഏലം കർഷകർ നേരിട്ട സാമ്പത്തിക നഷ്ടം അതിഭീകരമായിരുന്നു. ഇടുക്കിയിലെ പത്തിൽ ഒമ്പത് ഹെക്ടർ ഏലവും ഭാഗികമായോ പൂർണമായോ നശിച്ചുപോയി. “ഞങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്തു. ഒരു സമയമായപ്പോൾ ഞാൻ ചെടി നനയ്ക്കുന്നത് തന്നെ നിർത്തി. ബാക്കിയുള്ള വെള്ളം വീട്ടാവശ്യത്തിനായി ഉപയോഗിക്കാൻ കരുതി. ഞങ്ങൾ ശരിക്കും പേടിച്ചു,” സനോയ് ജോസഫ് ഓർത്തെടുത്തു. “ഞങ്ങൾ വൈകുന്നേരം ആറ് മണി മുതൽ വെളുപ്പിനെ ആറ് മണി വരെ വെള്ളം പമ്പ് ചെയ്യുമായിരുന്നു; ഏകദേശം 12 മണിക്കൂർ കൊണ്ട് ഞങ്ങടെ ഒരു ലക്ഷം ലിറ്റർ ടാങ്ക് നിറയും.”

ചൂടേറുന്ന ഭൂമിയും വറ്റുന്ന വെള്ളവും

വീട്ടാവശ്യങ്ങൾക്കും കാർഷികവൃത്തിക്കുമായി കേരളം ഗണ്യമായ അളവിൽ ഭൂഗർഭജലം ഉപയോഗിക്കുന്നുണ്ട്. വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂഗർഭജലത്തിന്റെ അളവ് ജലസേചനത്തിന് ഉപയോഗിക്കുന്നതിനേക്കാൾ അൽപ്പം കൂടുതലാണെന്നതും ശ്രദ്ധേയമാണ്. ഏറ്റവുമധികം ഭൂഗർഭജലം ഉപയോഗിക്കുന്ന ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിൽ, പമ്പ് ചെയ്യുന്നതിൽ ഓരോ പത്ത് ലിറ്ററിൽ ഒരു ലിറ്റർ  ഭൂഗർഭജലമേ വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ. ബാക്കി കൃഷിക്കായാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ കേരളത്തിൽ പമ്പ് ചെയ്തെടുക്കുന്ന ഭൂഗർഭജലത്തിൽ ഓരോ പത്ത് ലിറ്ററിൽ ആറ് ലിറ്റർ വെള്ളവും വീട്ടാവശ്യങ്ങൾക്കായാണ് ഉപയോഗപ്പെടുത്തുന്നത്. 2023ൽ, 1.12 ബില്യണ് ക്യൂബിക് മീറ്റർസ് (ബിസിഎം) ഭൂഗർഭജലമാണ് കൃഷിയാവശ്യങ്ങൾക്കായി കേരളം പമ്പ് ചെയ്തെടുത്തിട്ടുള്ളത്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ വെച്ച് താരതമ്യപ്പെടുത്തുമ്പോൾ ഇത് ഏറ്റവും കുറഞ്ഞ അളവാണ്. 

കേരളത്തിൽ, ഓരോ പത്തിൽ ആറ് ഹെക്ടർ കൃഷിഭൂമിയും തെങ്ങ്, റബ്ബർ, നെല്ല്, ഏലം, മറ്റ് നാണ്യവിളകൾ എന്നിവ കൃഷി ചെയ്യാനാണ് ഉപയോഗിക്കുന്നത്. ഇത് സംസ്ഥാനത്തിന് സാമ്പത്തിക അഭിവൃദ്ധി നൽകുന്നുണ്ടെങ്കിലും, ജലസ്രോതസ്സുകളെ ശോഷിപ്പിക്കുക, മണ്ണിലെ പോഷകങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ പാരിസ്ഥിതിക നഷ്ടങ്ങളും വരുത്തിവയ്ക്കുന്നുണ്ട്. 

കേരളത്തിൻ്റെ സുഗന്ധവ്യഞ്ജന തോട്ടമെന്ന് അറിയപ്പെടുന്ന ഇടുക്കിയിൽ, സുഗന്ധവ്യഞ്ജനങ്ങളുടെ, പ്രത്യേകിച്ച് ഏലത്തിൻ്റെ കൃഷി വ്യാപകമായി നടക്കുന്നത് ഭൂഗർഭജലത്തെ മോശമായാണ് ബാധിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഇടുക്കിയിലെ കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകളിലെ ഭൂഗർഭജലത്തിന്റെ അവസ്ഥ ‘സെമി-ക്രിട്ടിക്കൽ’ ആണ്. 2017 ൽ ഇളംദേശം ബ്ലോക്കും സെമി-ക്രിട്ടിക്കൽ എന്ന് അടയാളപ്പെടുത്തിയെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഇളംദേശത്തെ ഭൂഗർഭജലത്തിന്റെ അളവ് മെച്ചപ്പെട്ടുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

ഒരു വർഷത്തിൽ ശേഖരിക്കപ്പെടുന്ന ഭൂഗർഭജലത്തിൻ്റെ 70 മുതൽ 90 ശതമാനം വരെ വിനിയോഗിക്കുന്ന പ്രദേശങ്ങളെയാണ് കേന്ദ്ര ഭൂഗർഭജല ബോർഡ് സെമി-ക്രിട്ടിക്കൽ വിഭാഗത്തിൽപ്പെടുത്തുന്നത്. ഭൂഗർഭജലം വിനിയോഗിക്കുന്നതിൻ്റെ അളവ് ഗുരുതരമോ, അമിത ചൂഷണമോ അല്ലെങ്കിൽ പോലും സെമി-ക്രിട്ടിക്കൽ വിഭാഗത്തിൽ പെടുന്ന പ്രദേശത്തെ, ജലവിഭവങ്ങളുടെ മേലുള്ള സമ്മർദം ഒഴിവാക്കാൻ വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.  

ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ ഏലം ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളാണ് നെടുങ്കണ്ടം, കട്ടപ്പന എന്നിവ. നെടുങ്കണ്ടം, കട്ടപ്പന, ഇളംദേശം എന്നിവിടങ്ങളിലെ ഭൂഗർഭജലം ഭൂരിഭാഗവും ഏലം തോട്ടങ്ങളിലെ ജലസേചനത്തിനായാണ് ഉപയോഗിക്കുന്നതും. ചൂട് കൂടുന്ന കാലാവസ്ഥയിൽ ഏലം ചെടികൾക്ക് അനുയോജ്യമായ താപനില നിലനിർത്താനായി കൂടുതൽ വെള്ളം ഉപയോഗിക്കേണ്ടി വരുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. 

വരുന്ന വേനലിനെ തടുക്കാൻ നടത്തുന്ന മുന്നൊരുക്കങ്ങളിലൊന്ന്. മണ്ണ് കിളച്ചിട്ടാൽ കൂടുതൽ നേരം മണ്ണിൽ ഈർപ്പം നിലനിൽക്കുമെന്ന് കർഷകർ അഭിപ്രായപ്പെടുന്നു. ഫോട്ടോ ആരതി എം.ആർ

2009 മുതൽ 2023 വരെ ഇടുക്കി ജില്ലയിലെ ഭൂഗർഭജല വിനിയോഗ നിരക്ക് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. 2023 ൽ ലഭ്യമായ ഭൂഗർഭജലത്തിന്റെ പകുതിയിലധികവും ഇടുക്കി വിനിയോഗിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 14 വർഷം മുമ്പ് 42 ശതമാനമായിരുന്നു ഇത്. ഹൈറേഞ്ചുകളിലെ നെടുങ്കണ്ടം, കട്ടപ്പന ബ്ലോക്കുകളിലെ പല പ്രദേശങ്ങളും വലിയ തോതിൽ കുഴൽക്കിണറുകൾ കുഴിക്കുന്നത് കാരണം, ജലസേചനത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ജലക്ഷാമം നേരിടുന്നുണ്ട്. പ്രത്യേകിച്ച് വേനൽക്കാലത്ത് ജലക്ഷാമം വലിയ പ്രതിസന്ധികളാണ് ഹൈറേഞ്ചിൽ സൃഷ്ടിക്കുന്നത്. 

“ഒരുകാലത്ത് മഴയെ ആശ്രയിച്ചാണ് ഇടുക്കിയിലെ കൃഷി നടന്നിരുന്നത്. മഴക്കാലത്ത് ലഭ്യമാകുന്ന മഴയും പിന്നീടുള്ള മഞ്ഞും വിളകൾക്ക് മതിയായിരുന്നു. ഇപ്പോള് നല്ല വിളവ് കിട്ടണമെങ്കിൽ ചെടികള് നനച്ചുകൊടുക്കേണ്ട അവസ്ഥയാണ്.” മാവടിയിലെ കർഷകനായ വിനയൻ പറഞ്ഞു.

ദേശീയ തലത്തിൽ കേരളത്തിന്റെ ഭൂഗർഭജല ഉപഭോഗം

കുറയുന്ന ഉപഭോഗവും, വളരുന്ന വെല്ലുവിളികളും

2023-ൽ ഇന്ത്യയിലെ മൊത്തം ഭൂഗർഭജല ഉപഭോഗം ഏകദേശം 241 ബിസിഎം (Billion Cubic Meters) ആയിരുന്നു. ഇത് രാജ്യത്തിലെ തന്നെ ഏറ്റവും വലിയ തടാകമായ വേമ്പനാട് കായലിലേക്കുള്ള മൊത്തം വാർഷിക ഉപരിതല ഒഴുക്കിനേക്കാൾ 11 മടങ്ങ് കൂടുതലാണ്. ഇന്ത്യയിൽ പമ്പ് ചെയ്യപ്പെടുന്ന പത്ത് ലിറ്റർ വെള്ളത്തിൽ ഒമ്പത് ലിറ്റർ വെള്ളവും കൃഷിക്കാണ് ഉപയോഗിക്കുന്നത്.

എന്നാൽ ദക്ഷിണേന്ത്യയിലെ ഭൂഗർഭജല ഉപയോഗ രീതികൾ വ്യത്യസ്തമാണ്. 2023-ൽ, ഇന്ത്യയിൽ ആകെ ഊറ്റിയെടുക്കുന്ന ഭൂഗർഭജലത്തിൽ അഞ്ച് ലിറ്ററിൽ ഒരു ലിറ്റർ ഭൂഗർഭജലം മാത്രമാണ് അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ചേർന്ന്  ഉപയോഗിച്ചിട്ടുള്ളത്. അപ്പോഴും ഭൂഗർഭജലം ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് ഉപയോഗിക്കുന്ന ഭൂഗർഭജലത്തിൻ്റെ തോതിനൊപ്പം ഈ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും ഉപഭോഗം എത്തുന്നില്ല. 

അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഭൂഗർഭജല ഉപഭോഗം വളരെ കുറവാണ്. 2023ലെ ഡാറ്റാ വിശകലന പ്രകാരം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് ഭൂഗർഭജലം ഉപഭോഗമുള്ളത് കേരളത്തിനാണ്. രാജ്യത്തുടനീളം പമ്പ് ചെയ്യുന്ന ഓരോ 100 ലിറ്റർ ഭൂഗർഭജലത്തിൽ ഏകദേശം ഒരു ലിറ്റർ വെള്ളം മാത്രമേ കേരളം ഉപയോഗിക്കുന്നുള്ളൂ. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിലെ ശരാശരി ഭൂഗർഭജലം ഉപഭോഗം ഏകദേശം 2.68 ബിസിഎം ആയാണ് തുടരുന്നത്.

“ജലസേചനത്തിനായി ഭൂഗർഭജലത്തെ അമിതമായി ആശ്രയിക്കാത്തതിനാലാണ് ദക്ഷിണേന്ത്യയിൽ തന്നെ കേരളത്തിൻ്റെ ഭൂഗർഭജലം ഉപയോഗം കുറഞ്ഞിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തൊട്ടാകെ ഉപരിതല ജലസ്രോതസുകള് നമുക്കുണ്ട്. പക്ഷേ, ഉപരിതല ജലസ്രോതസുകളുടെ ഗുണനിലവാരം കുറഞ്ഞുവരികയാണ്. ഇത് ഭൂഗർഭജല ഉപഭോഗ നിരക്കിൽ പ്രതിഫലിക്കുന്നുമുണ്ട്.” ഹരിത കേരളം മിഷന്റെ ജലസംരക്ഷണ പദ്ധതി ഓഫീസർ ആർ.വി സതീഷ് വിശദീകരിച്ചു.

ഞങ്ങൾ നടത്തിയ ഡാറ്റ വിശകലനം ആർ.വി സതീഷിന്റെ നിരീക്ഷണം തെളിയിക്കുന്നുണ്ട്. ഡാറ്റ വിശകലനം അനുസരിച്ച്, കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കേരളത്തിലെ മൊത്തം ഭൂഗർഭജല ഉപഭോഗ നിരക്ക് അൽപ്പം വർദ്ധിച്ചിട്ടുണ്ട്, എന്നാൽ ജലസേചനത്തിനായുള്ള ഭൂഗർഭജല ഉപഭോഗം 7.96 ശതമാനം കുറയുകയാണുണ്ടായിട്ടുള്ളത്.

ഉപരിതല ജലസ്രോതസ്സുകൾ കൂടുതൽ മലിനമാകുന്തോറും, ആളുകൾ വെള്ളത്തിനായി കിണറുകളും കുഴൽക്കിണറുകളും കുഴിക്കാൻ തുടങ്ങുന്നു. കൂടാതെ, കേരളത്തിൽ കൃഷി ഉപേക്ഷിക്കുന്ന പ്രവണതയുണ്ടെങ്കിലും, ദ്രുതഗതിയിലുള്ള നഗരവൽക്കരണവും ജനസംഖ്യാ വളർച്ചയും ജലത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നുണ്ട്. 

ഡാറ്റ വിശകലനം അനുസരിച്ച്, 2023-ൽ കേരളത്തിൽ മൂന്ന് ക്രിട്ടിക്കൽ മേഖലകളും മുപ്പത് സെമി-ക്രിട്ടിക്കൽ മേഖലകളുമാണ് ഉണ്ടായിരുന്നത്. ജലസേചനത്തിനായി ഭൂഗർഭജലത്തെ വളരെയധികം ആശ്രയിക്കുന്ന രണ്ട് ജില്ലകളായ പാലക്കാട്, കാസർഗോഡ് എന്നിവിടങ്ങളിൽ ഭൂഗർഭജല സ്രോതസ്സുകൾ നിലവിൽ ക്രിട്ടിക്കൽ മേഖലകളാണ്.

മൊത്തം കൃഷിഭൂമിയുടെ 20 ശതമാനത്തിലധികം ജലസേചനത്തിനായി നീക്കിവച്ചിരിക്കുന്ന ഇടുക്കിയിലും സമാനമായ അപകടസാധ്യത നേരിടേണ്ടി വന്നേക്കാമെന്നാണ് കേരളത്തിലെ ആറാമത്തെ മൈനർ ഇറിഗേഷൻ സർവേ റിപ്പോർട്ട് വിശകലനം ചെയ്യുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്. ഇടുക്കി പ്രധാനമായും ഉപരിതല ജലസ്രോതസുകളെയാണ് ജലസേചനത്തിനായി ആശ്രയിക്കുന്നതെങ്കിലും, ജലസേചനത്തിനായി ആഴമേറിയതും ഇടത്തരവുമായ കുഴൽക്കിണറുകളെ ആശ്രയിക്കുന്ന പട്ടികയിൽ, കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂഗർഭജലം ഉപഭോഗമുള്ള ജില്ലകൾക്കൊപ്പം ഇടുക്കിയും ഉൾപ്പെടുന്നുണ്ട്.

അതിവേഗം മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടുമ്പോൾ

“കഴിഞ്ഞ വർഷത്തെ അനുഭവത്തിൻ്റെ പുറത്ത് ഏലം കൂടുതൽ നനയ്ക്കാൻ പറ്റില്ല. ഇത്തവണ നല്ല മഴ കിട്ടിയാൽ ഏലം മൊത്തം അഴുകിപ്പോകും. ഒരു കർഷകനെന്ന നിലയ്ക്ക് കാലാവസ്ഥ ഞങ്ങൾക്ക് പ്രവചിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ എപ്പോള് നനയ്ക്കണം, എത്ര നനയ്ക്കണമെന്നൊന്നും അറിയില്ല. ഇത് ആരും പറഞ്ഞു തരുന്നുമില്ല. കൃഷിരീതികളിലും വിളയിലും കാലാവസ്ഥയ്ക്കനുസരിച്ച് മാറ്റം വരുത്തണമെന്ന് ഞങ്ങള്ക്ക് മനസിലാകുന്നുണ്ട്.” ഏലം കർഷകനായ വിനായകൻ പറഞ്ഞു.

വിനായകൻ. ഫോട്ടോ ആരതി എം.ആർ

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ സാഹചര്യത്തിൽ പരമ്പരാഗത കൃഷിരീതികൾ സുസ്ഥിരമോ പര്യാപ്തമോ അല്ലാതായി വരികയാണ്. അതുകൊണ്ട് തന്നെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കേരളത്തിലുടനീളമുള്ള കർഷകർ പരിശ്രമത്തിലാണ്. ഏകവിള കൃഷിരീതിയുടെ ആധിപത്യം തുടരുകയും ഡ്രിപ്, സ്പ്രിങ്ക്ളർ പോലുള്ള സൂക്ഷ്മ ജലസേചന രീതികൾ (micro-irrigation adoption) ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിലായിരിക്കുകയും ചെയ്യുന്നതിനാൽ, കേരളത്തിന്റെ കാർഷിക ഭാവി അസന്തുലിതാവസ്ഥയിലാണ്. ഈ പശ്ചാത്തലത്തിൽ, ബന്ധപ്പെട്ട വകുപ്പുകളെ ഒരു ഏകീകൃത ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

കേരളത്തിലെ കാർഷിക മേഖല, വിള അനുയോജ്യതയ്ക്ക് (crop suitability) മുൻഗണന നൽകണമെന്നാണ് വിരമിച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടർ രുക്മണി ആർ അഭിപ്രായപ്പെടുന്നത്. ഭൂമിയുടെ ചരിവ്, മണ്ണിന്റെ ഘടന, ജലലഭ്യത, കാലാവസ്ഥാ വ്യതിയാനം എന്നിവ പരിഗണിക്കാതെ നടത്തുന്ന തോട്ടവിളകളുടെ ഏകവിള കൃഷിരീതി കേരളത്തിന്റെ കാർഷിക ഭൂപ്രകൃതിക്ക് കാര്യമായ വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്.

“കർഷകരെ അവരുടെ നിലവിലെ വിളകളിൽ നിന്നും ജലസേചന രീതികളിൽ നിന്നും മാറാൻ പ്രേരിപ്പിക്കുന്നത് അത്ര എളുപ്പമല്ല, പ്രത്യേകിച്ച് അവർ ലാഭകരമായ വിപണിമൂല്യമുള്ള വിളകൾ കൃഷി ചെയ്യുമ്പോൾ,” കാഞ്ഞിരപ്പള്ളി കൃഷി ഓഫീസിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ നിഷ പറഞ്ഞു.

മാവടിയിലെ ഏലത്തോട്ടത്തിലെ പണിക്കിടയിൽ വിശ്രമിക്കുന്ന സ്ത്രീ തൊഴിലാളികൾ. ഫോട്ടോ ആരതി എം.ആർ

സുസ്ഥിരമായ കൃഷിരീതികൾക്കുള്ള സാങ്കേതികവിദ്യകൾ ലഭ്യമാണെങ്കിലും കർഷകർ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യം വ്യത്യസ്തമാണ്. സുസ്ഥിരമായ കൃഷിരീതിയെന്ന് പ്രോത്സാഹിപ്പിക്കപ്പെടുന്ന ജൈവകൃഷി രീതി പലപ്പോഴും ചെറുകിട കർഷകർക്ക് പ്രായോഗികമല്ല. ജൈവകൃഷി വിജയകരമായി മാറുന്നതിനെടുക്കുന്ന വർഷങ്ങളുടെ ദൈർഘ്യം ചെറുകിട കർഷകരെ സംബന്ധിച്ച് പ്രയാസമേറിയതാണ്.

“കഴിഞ്ഞ വർഷമാണ് ശരിക്കും ഞങ്ങൾക്ക് ലാഭമുണ്ടായത്. ജൈവകൃഷി രീതി പിന്തുടരുന്നത് കൊണ്ടും ഞങ്ങളുടെ കൃഷിഭൂമിയിൽ ആവശ്യത്തിന് വെള്ളമുള്ളത് കൊണ്ടും ഞങ്ങൾക്ക് കഴിഞ്ഞ വേനലിൽ വിള നാശമുണ്ടായില്ല.” ഗ്രാമ്യ ഓർഗാനിക് സ്പൈസസിൻ്റെ സഹസ്ഥാപകയായ അന്നു സണ്ണി പറഞ്ഞു.

ഗ്രാമ്യ ഓർഗാനിക് സ്പൈസസിൻറെ സ്ഥാപകരായ അന്നു സണ്ണിയും ഭാവേഷ് സാവരിയയും. ഫോട്ടോ ആരതി എം.ആർ

ചുറ്റുമുള്ള കർഷകർ കീടനാശിനികൾ ഉപയോഗിക്കുന്നത് ജൈവകൃഷി പിന്തുടരുന്നവർക്ക് കൂടുതൽ കീടശല്യങ്ങൾ നേരിടേണ്ടി വരാറുണ്ട്. അമിതമായ കീടശല്യം ചെറുക്കാൻ കൂടുതൽ തൊഴിലാളികളോ അല്ലെങ്കിൽ കൂടുതൽ അധ്വാനമോ വേണ്ടി വരും. കൂടാതെ, കേരളത്തിൽ സൂക്ഷ്മ ജലസേചനം പോലുള്ള സാങ്കേതികവിദ്യകൾക്കായുള്ള മുതൽമുടക്ക് ഒരു ദരിദ്ര കർഷകനെ സംബന്ധിച്ചിടത്തോളം താങ്ങാൻ കഴിയണമെന്നില്ല. ഉദാഹരണത്തിന്, കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ തമിഴ്‌നാട്ടിൽ സൂക്ഷ്മ ജലസേചന വസ്തുക്കളുടെ വില വളരെ കുറവാണ്, അതുകൊണ്ട് ചില കർഷക കൂട്ടായ്മകൾ മൊത്തമായി സാമഗ്രികൾ വാങ്ങാൻ തമിഴ്നാട്ടിലേക്ക് പോകുകയാണ് ചെയ്യുന്നത്. ഒരു ഹെക്ടർ കൃഷിഭൂമിയിൽ താഴെയുള്ള വ്യക്തിഗത കർഷകനെ സംബന്ധിച്ചിടത്തോളം തമിഴ്‌നാട്ടിലേക്ക് പോകുന്നതിനുള്ള ഗതാഗത ചെലവ് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ്. 

 2014-15 ൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഒരു സംരംഭമാണ് കാർഷിക യന്ത്രവൽക്കരണ ഉപദൗത്യം (SMAM). കൃഷിയിൽ ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് കാർഷിക യന്ത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കാർഷിക മേഖലയിലെ ജല ഉപഭോഗ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് മൈക്രോ ഇറിഗേഷൻ പദ്ധതി. സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുക, കർഷകർക്കിടയിൽ, പ്രത്യേകിച്ച് ചെറുകിട, നാമമാത്ര കർഷകർക്കിടയിൽ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുക എന്നീ വിശാലമായ ലക്ഷ്യങ്ങളാണ് ഈ സംരംഭത്തിനുള്ളത്. 

എന്നാൽ, കേരളത്തിലെ കർഷകർ സൂക്ഷ്മ ജലസേചന ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായി ദേശീയ സംരംഭങ്ങളിൽ പങ്കെടുക്കുന്നത് വളരെ അപൂർവമാണ്. കേരളത്തിലെ ഓരോ 200 ഹെക്ടർ ജലസേചന മേഖലയിലും ഏകദേശം മൂന്ന് പേർ മാത്രമാണ് സൂക്ഷ്മ ജലസേചനം രീതി അവലംബിക്കുന്നത്. ഏറ്റവും കൂടുതൽ ഭൂഗർഭജല ഉപഭോഗ നിരക്കുള്ള ജില്ലകളിൽ സൂക്ഷ്മ ജലസേചന രീതിയിലൂടെയുള്ള ഉപഭോഗ നിരക്ക് വളരെ കുറവാണ്.

മഴവെള്ളസംഭരണത്തിനായി തയാറാക്കിയിട്ടുള്ള പടുതാക്കുളം. ഫോട്ടോ ആരതി എം.ആർ

കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ 1,200 അടി താഴ്ചയിൽ പോലും വെള്ളം കണ്ടെത്താൻ ആളുകൾക്ക് കഴിയുന്നില്ല. “ഞങ്ങളുടെ കൃഷിയിടത്തിൽ ഞങ്ങൾ സ്പ്രിംഗ്ലറുകൾ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, അതിന് പോലുമുള്ള വെള്ളം ഇവിടില്ല. പിന്നെ ഇതൊക്കെ വെച്ചിട്ട് എന്ത് ചെയ്യാനാണ്?” ഇടുക്കിയിലെ മാവടിയിൽ നിന്നുള്ള യുവ കർഷകനായ നിർമ്മൽ ചോദിക്കുന്നു.

സൂക്ഷ്മ ജലസേചന സാങ്കേതികവിദ്യകൾ ആളുകൾ തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും മന്ദഗതിയിലാണ് സംഭവിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളിയിലെ കൃഷി ഓഫീസർ നിഷ പറയുന്നു. “മൂന്ന് വർഷം മുമ്പ് സൂക്ഷ്മ ജലസേചന രീതികൾ സ്വീകരിച്ച കർഷകർക്ക് ഇപ്പോൾ നല്ല വിളവ് ലഭിക്കുന്നുണ്ട്. ഇത് മറ്റുള്ള കർഷകരെയും സൂക്ഷ്മ ജലസേചനത്തിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നു.” സൂക്ഷ്മ ജലസേചന സാങ്കേതികവിദ്യകൾ സ്ഥാപിച്ച കർഷകർക്ക് കൂലി കൊടുക്കുന്നത് ഒഴിവാക്കുന്നതിനൊപ്പം ഉയർന്ന വിളവ് ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഡ്രിപ് ജലസേചനത്തിന് മുടക്കേണ്ടി വരുന്ന ചെലവുകൾ പല കർഷകരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.

കേരളത്തിൽ സൂക്ഷ്മ ജലസേചന രീതികൾ ഏറ്റവും കൂടുതൽ സ്വീകരിച്ച ജില്ലകളുടെ ശരാശരി സൂക്ഷ്മ ജലസേചന അവലംബ നിരക്ക് 1.56 ശതമാനം മാത്രമാണ്. സൂക്ഷ്മ ജലസേചനത്തിൽ ഏറ്റവും ഉയർന്ന അവലംബ നിരക്കുള്ള വിളകളായ ജാതിക്ക, തെങ്ങ്, വാഴ എന്നിവ ഓരോന്നിനും ഒരു ശതമാനത്തിൽ താഴെ മാത്രമേ സൂക്ഷമജലസേചന രീതി ഉപയോഗിക്കുന്നുള്ളൂ. അതേസമയം കേരളത്തിൽ വളരെ കുറവ് കൃഷിഭൂമികളിൽ കൃഷി ചെയ്യുന്ന വിളകൾക്ക് മൂന്ന് ശതമാനത്തിൽ കൂടുതൽ ഉപഭോഗ നിരക്കുണ്ട്.

കീടനാശിനി പ്രയോഗം നശിപ്പിക്കുന്ന മണ്ണ്

ഏലക്കൃഷിയുടെ വർദ്ധനവും വ്യാപനവും ഇടുക്കിയിലെ ആവാസവ്യവസ്ഥയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. മൂന്ന് ദശകങ്ങളായി തുടരുന്ന ഒരേയൊരു ഇനം ഏലത്തിൻ്റെ ഏകവിള കൃഷിരീതി, മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ചും കീടങ്ങളെ ചെറുക്കുന്നതിനും പുനരുജ്ജീവനം നടത്താൻ പറ്റാത്ത ഒന്നായി ഇവിടുത്തെ മണ്ണിനെ മാറ്റിയെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. 

കട്ടപ്പന ബസ് സ്റ്റാൻ്റിൽ നിന്നും നെടുങ്കണ്ടത്തേക്കുള്ള യാത്രയിലുടനീളം കീടനാശിനികളുടെ വലിയ പരസ്യങ്ങൾ റോഡിന് ഇരുവശത്തും കാണാം. അതിൽ ചിലത് കീടങ്ങളിൽ നിന്ന് മാത്രമല്ല, ഫംഗൽ ബാധ, ബാക്ടീരിയ, തുടങ്ങി വരൾച്ചയിൽ നിന്ന് വരെ ഏലത്തിനെ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്നവയാണ്. മറ്റേതൊരു വ്യാപാരസ്ഥാപനങ്ങളേക്കാളും നെടുങ്കണ്ടത്ത് കൂടുതലുള്ളത് കീടനാശിനി വിൽക്കുന്ന കടകമ്പോളങ്ങളാണെന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാകില്ല. 

നെടുങ്കണ്ടത്തെ എണ്ണമറ്റ കീടനാശിനി കടകളിലൊന്ന്. ഫോട്ടോ: ആരതി എം.ആർ

“ഏലത്തിൻ്റെ മോണോക്രോപ്പിങ് മണ്ണിനെ എല്ലാ തരത്തിലും ശോഷിപ്പിച്ചുവെന്ന് വേണം പറയാൻ. ഇവിടുത്തെ മിക്ക കുഴൽക്കിണറുകളും 400 മുതൽ 1000 അടി വരെ താഴ്ചയുള്ളതാണ്. ഭൂഗർഭജലത്തിൻ്റെ ഉപഭോഗം വർഷാവർഷം കൂടി വരികയാണ്. മഴ പെയ്യാത്ത വേനൽക്കാലങ്ങളിൽ പ്രയോഗിക്കുന്ന രാസകീടനാശിനികളുടെ മിശ്രിതങ്ങൾ ഏലം ചെടികളുടെ വളർച്ചയെയും പൂവിടലിനെയും കൂടുതൽ മന്ദഗതിയിലാക്കുന്നു,” പാമ്പാടുംപാറയിലെ ഏലം ഗവേഷണ കേന്ദ്രത്തിലെ കാർഷിക പരിസ്ഥിതി ശാസ്ത്രജ്ഞനായ മുത്തുസ്വാമി മുരുകൻ വിശദീകരിച്ചു.

കേരളത്തിലെ പാമ്പാടുംപാറയിലുള്ള ഏലം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും ഇന്ത്യയിലുടനീളമുള്ള മറ്റ് സ്ഥാപനങ്ങളിലെ ഗവേഷകരും ചേർന്ന് 2022-ൽ നടത്തിയ ഒരു പഠനമനുസരിച്ച്, സിഎച്ച്ആറിലെ ഏലക്കൃഷി കീട രോഗ ആശങ്കകൾ വർദ്ധിച്ചത്  ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതാണ്. കീട-രോഗ നിയന്ത്രണത്തിന് ഏലം തോട്ടങ്ങൾ രാസകീടനാശിനികൾ പ്രയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് തോട്ടം ഉടമകൾ വിശ്വസിക്കുന്നു. ഇങ്ങനെയാണെങ്കിൽ, സംശയലേശമന്യേ സുഗന്ധദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലം കീടനാശിനി ഉപയോഗത്തിലെ രാജാവ് എന്ന ബഹുമതി നേടുകയും സുഗന്ധദ്രവ്യങ്ങളുടെ നാടിനെ വിഷലിപ്തമാക്കി മാറ്റുകയും ചെയ്യും.

“കൃഷി വകുപ്പ് കീടനാശിനി പ്രയോഗത്തിനായി എന്തെങ്കിലും പ്രത്യേക രീതികളൊന്നും കർഷകർക്ക് നിർദ്ദേശിക്കുകയോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. പക്ഷേ, കർഷകർ പലപ്പോഴും വിളവ് വർദ്ധിപ്പിക്കുന്നതിന് കീടനാശിനികളും രാസവളങ്ങളും വലിയ അളവിൽ ഉപയോഗിക്കുന്നുണ്ട്. കർഷകർക്ക് അവരുടേതായ കൂട്ടുകളുമുണ്ട്”, ഇടുക്കി കൃഷി ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ രശ്മി വിജയൻ പറഞ്ഞു.

കീടനാശിനി മിശ്രിതമുണ്ടാക്കുന്ന വലിയ ടാങ്കുകൾ. ഫോട്ടോ ആരതി എം.ആർ

കഴിഞ്ഞ വേനൽക്കാലത്ത് ഇടുക്കിയിൽ കുടിവെള്ളക്ഷാമം വളരെ രൂക്ഷമായിരുന്നു. എന്നാൽ സ്വകാര്യ വിതരണക്കാരിൽ നിന്ന് വെള്ളം വാങ്ങാൻ കഴിയുന്ന ചുരുക്കം ചില ഏലം കർഷകർ വെള്ളം വാങ്ങി ഏലം നനച്ചിരുന്നു. വ്യാപകമായ വിളനാശം കാരണം ഏലത്തിന് ഉയർന്ന വിപണി വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ചിലർ ഇങ്ങനെ ചെയ്തത്. അവർ കണക്ക് കൂട്ടിയത് പോലെ തന്നെ ഏലത്തിന്റെ വില കിലോഗ്രാമിന് 4,000 രൂപ വരെ കഴിഞ്ഞ വർഷം ഉയർന്നിരുന്നു.

“ഞാൻ ഇവിടുത്തെ നാട്ടുകാരനാണ്. ഇവിടുത്തെ ഏലക്കൃഷിയിലുണ്ടായ മാറ്റങ്ങൾ നേരിട്ട് കണ്ടിട്ടുള്ള ആളാണ് ഞാൻ. ഇത്ര വലിയ തോതിൽ ഏലം കൃഷി ചെയ്യാൻ തുടങ്ങിയിട്ട് പത്തിരുപത് വർഷമായിട്ടേ ഉള്ളൂ. എല്ലായിടത്തേക്കും റോഡ് എത്തിയതോടെ കുഴൽക്കിണർ കുഴിക്കാനുള്ള വണ്ടികളും കുഴൽക്കിണർ കമ്പനികളും ഇവിടെ എത്താൻ തുടങ്ങി. 1200 അടി താഴ്ചയിൽ കുഴൽക്കിണർ കുഴിച്ച കർഷകരുണ്ട് ഇവിടെ,” കരുണാപുരം കൃഷി ഓഫീസിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ രാജേഷ് കുമാർ പറഞ്ഞു.

 പ്രതിസന്ധികൾ നേരിടുന്ന ഏലം കർഷകർ

കരുണാപുരത്ത് നിന്നുള്ള ഏലം തോട്ടയുടമകൾ നിലവിൽ ഉപയോഗിക്കുന്ന ഞള്ളാണി ഇനം പ്രദേശത്തെ കാലാവസ്ഥമാറ്റത്തിനും ഭൂഗർഭജല ലഭ്യതയ്ക്കും അനുയോജ്യമല്ലെന്ന് തിരിച്ചറിയുന്നുണ്ട്. പക്ഷേ, വരൾച്ചയെ പ്രതിരോധിക്കുന്നതും കുറഞ്ഞ വിളവ് നൽകുന്നതുമായ തദ്ദേശീയ ഏലം ഇനങ്ങളിലേക്ക് മാറാൻ ഇവർ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ വർഷത്തെ പോലെ വരൾച്ചയുണ്ടായാൽ, തദ്ദേശീയ ഏലം ഇനത്തിന് പകരം കാപ്പിയോ കുരുമുളകോ നടുന്നത് പരിഗണിക്കുമെന്നാണ് ഒരു ഏലം കർഷകൻ പറഞ്ഞത്.

വർദ്ധിച്ചു വരുന്ന വന്യമൃഗ സാന്നിധ്യം കാരണം പല പ്രാദേശിക ഏലം കർഷകരും ഭക്ഷ്യവിളകളിലേക്ക് മാറാൻ മടിക്കുന്നുണ്ട്. മുൻകാലങ്ങളിൽ കിഴങ്ങുവർഗങ്ങളും, പച്ചക്കറികളും നട്ടിരുന്നപ്പോൾ നിരന്തരമുണ്ടായ കാട്ടുപന്നി ആക്രമണങ്ങളും കാട്ടാന സാന്നിധ്യവും അവരെ അത്തരം കൃഷികളിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഈ പ്രശ്നങ്ങളൊന്നും ഏലത്തിന് ബാധകമല്ലാത്തതിനാൽ ഏലക്കൃഷി തന്നെയാണ് മിക്ക കർഷകരും തിരഞ്ഞെടുക്കുന്നത്. 

വിളവെടുത്ത ഏലം മാർക്കറ്റിലേക്ക് കൊണ്ടുപോകാൻ ശേഖരിക്കുന്നു. ഫോട്ടോ ആരതി എം. ആർ

ഈ വർഷവും കേരളത്തിൽ കടുത്ത വേനലാണ് അനുഭവപ്പെടുന്നത്. 2025 ഫെബ്രുവരിയിൽ തന്നെ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. വേനലിലും ഇതേ ചൂട് തുടർന്നാൽ, കഴിഞ്ഞ വർഷത്തെപ്പോലെ വ്യാപകമായ വിളനാശം ഉണ്ടാകുമെന്ന് ഏലം കർഷകർ ഭയപ്പെടുന്നുണ്ട്.

ഈ വർഷവും വേനലിൽ കൃഷി നശിച്ചാൽ എന്ത് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഏലം മാറ്റി കുരുമുളക് നടുമെന്നായിരുന്നു ഇടുക്കിയിലെ ഏലം കർഷകരുടെ പൊതുവിലുള്ള മറുപടി. കുരുമുളകിന് അധികം വെള്ളം ആവശ്യമില്ലെന്നതും വിപണി മൂല്യമുണ്ടെന്നുമുള്ളതാണ് കുരുമുളകിലേക്ക് തിരിയാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം. കൂടാതെ, മലയോര മേഖലയിലെയും ഇടനാട്ടിലെയും കർഷകർ പരമ്പരാഗത നാണ്യവിളകളിൽ നിന്ന് മാറി റംബുട്ടാൻ, ഡ്രാഗണ് ഫ്രൂട്ട്, മക്കോട്ടദേവാ തുടങ്ങിയ വിദേശ ഫലവൃക്ഷങ്ങളിലേക്ക് വിപണി മൂല്യം കണ്ട് തിരിയുന്നുണ്ട്. എന്നാൽ കേരളത്തിൻ്റെ സവിശേഷമായ ഭൂപ്രകൃതിക്കും മാറുന്ന കാലാവസ്ഥയ്ക്കും ജലലഭ്യതയ്ക്കും ഈ വിളകൾ അനുയോജ്യമാണോ എന്ന ചർച്ചകളോ വിലയിരുത്തലുകളോ ഉണ്ടാകുന്നില്ല എന്നത് ആശങ്കകൾ നിലനിർത്തുന്നു. 

രീതിശാസ്ത്രം

‘ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കേന്ദ്രം’ എന്നറിയപ്പെടുന്ന ഇടുക്കി ജില്ല നേരിടുന്ന ജലക്ഷാമ പ്രശ്നത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഈ ഡാറ്റാ സ്റ്റോറി. കൂടാതെ ജലസേചനത്തിനായി, പ്രത്യേകിച്ച് വേനൽക്കാലത്ത് ഭൂഗർഭജലത്തെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത്  ജലക്ഷാമപ്രശ്നം എങ്ങനെ വഷളാക്കുന്നുവെന്നും ഇതിലൂടെ പരിശോധിക്കപ്പെടുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങൾക്ക് അനുചിതമായി സുസ്ഥിരമായ കൃഷി, ജലസേചന രീതികളിലേക്കുള്ള മാറ്റം നല്ല ഭാവിക്കായി അനിവാര്യമാണെന്ന് ഇതിലൂടെ ചൂണ്ടിക്കാട്ടപ്പെടുന്നു. 

ഈ ലേഖനത്തിനായി ഞങ്ങൾ വിവിധ ആധികാരികമായ വെബ്സൈറ്റുകളിൽ നിന്നും വകുപ്പുകളിൽ നിന്നും ഡാറ്റ ശേഖരിക്കുകയും അവ വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്:

• 2013 മുതൽ 2023 വരെയുള്ള കാർഷിക, കർഷകക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള വിള ഉൽപാദന, ഭൂവിനിയോഗ ഡാറ്റ (link)

• 2013-2023 വർഷങ്ങളിലെ ഇന്ത്യയിലെ ഭൂഗർഭജല ചൂഷണത്തിന്റെയും ഉപയോഗ പ്രവണതകളുടെയും സമഗ്രമായ വിശദാംശങ്ങൾക്കായി കേന്ദ്ര ഭൂഗർഭജല ബോർഡിന്റെ ജലവിഭവ ഡാറ്റാബേസ് (link)

• കേരള സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിൽ നിന്നുള്ള 2019 മുതൽ 2023 വരെയുള്ള സംസ്ഥാനാടിസ്ഥാനത്തിലുള്ള ജലസേചന രീതികളും ഭൂവിനിയോഗ രീതികളും (link)

• 2015 മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സൂക്ഷ്മ ജലസേചന സാങ്കേതിക വിദ്യകളുടെ സ്വീകാര്യതയിലെ പ്രവണതകളും ജല ഉപയോഗ കാര്യക്ഷമതയിലുള്ള അവയുടെ സ്വാധീനവും പ്രദർശിപ്പിക്കുന്ന സൂക്ഷ്മ ജലസേചന പുരോഗതി നിരീക്ഷണ സംവിധാനം. (link)

ഡാറ്റാ വിശകലനത്തിലേക്കുള്ള ലിങ്കുകളുടെ സമാഹരണം (link)

2024-ലെ താപനില വർദ്ധനവ് ഗുരുതരമായി ബാധിച്ച ഏലം തോട്ട ഉടമകളുമായും കർഷകരുമായും എഴുത്താൾ അഭിമുഖങ്ങൾ നടത്തിയിരുന്നു. അവരുടെ അനുഭവങ്ങൾ ജലക്ഷാമത്തിന്റെയും കാലാവസ്ഥാ സമ്മർദ്ദത്തിന്റെയും യഥാർത്ഥ ജീവിത പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്നതായിരുന്നു. വിശദീകരണങ്ങൾക്കും നയതന്ത്രജ്ഞപരമായ വീക്ഷണങ്ങൾ മനസിലാക്കുന്നതിനും, സാധ്യമായ പരിഹാരങ്ങൾ അറിയുന്നതിനായും സർക്കാർ ഉദ്യോഗസ്ഥർ, വിഷയ വിദഗ്ധർ, സാമൂഹിക പാരിസ്ഥിതിക പ്രവർത്തകർ എന്നിവരെയും ഇതിനായി അഭിമുഖം ചെയ്തിട്ടുണ്ട്.

എഴുത്താൾ, തിബിയിൽ നിന്നുള്ള  മെൻ്റേഴ്സായ ഏവാ കോണ്സ്റ്റൻ്റരാസ്, ഐക റേ, ശ്വേത ദാഗാ എന്നിവരുടെ സഹകരണത്താലാണ് ഈ ലേഖനം പൂർത്തീകരിച്ചിട്ടുള്ളത്.

Also Read

15 minutes read March 23, 2025 12:09 pm