ആശങ്ക​കൾ പരി​ഗണിക്കാതെ പറന്നുയർന്ന് സീപ്ലെയിൻ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സംസ്ഥാനത്തെ ആദ്യ സീപ്ലെയിൻ സർവീസ് ബോള്‍ഗാട്ടി പാലസിന് സമീപം കൊച്ചി കായലിൽ നിന്നും പറന്നുയർന്നതോടെ പദ്ധതിയെ സംബന്ധിച്ച ആശങ്കകൾ വീണ്ടും അലയടിക്കാൻ തുടങ്ങിയിരിക്കുന്നു. ഡിഹാവ് ലാൻഡ് എന്ന കനേഡിയൻ കമ്പനി നിർമിച്ച സീപ്ലെയിൻ കേരളത്തിലെ ജലാശയങ്ങളെയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് പറക്കാൻ ഉദ്ദേശിക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി കൊച്ചിയിൽ നിന്നും പറന്നുപൊങ്ങിയ ജലവിമാനം ഒരു മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനമായ ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിൽ ലാന്‍ഡ് ചെയ്തു. കരയിലും വെള്ളത്തിലും ഇറക്കാവുന്ന (ആംഫീബിയൻ) സീപ്ലെയിൻ കൂടുതൽ വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുമെന്നും ടൂറിസം മേഖലയിലെ വരുമാന വർദ്ധനവിന് കാരണമാകുമെന്നുമാണ് സർക്കാർ അവകാശപ്പെടുന്നത്. ആകാശ മാർഗവും ജലമാർഗവുമായുള്ള യാത്രയായതിനാൽ റോഡ് ഗതാഗതത്തിലെ സമയനഷ്ടം ഒഴിവാക്കാൻ കഴിയും എന്നതാണ് സീപ്ലെയിനിന്റെ വലിയ സൗകര്യമായി പറയുന്നത്. കൊച്ചി കായൽ, ഇടുക്കിയിലെ മാട്ടുപ്പെട്ടി, തിരുവനന്തപുരത്ത് കോവളം, കൊല്ലം അഷ്‌ടമുടിക്കായൽ, കുമരകം, പുന്നമട, പാലക്കാട് മലമ്പുഴ ഡാം, കാസർഗോഡ് ചന്ദ്രഗിരിപ്പുഴ എന്നിവിടങ്ങളിൽ സീപ്ലെയിനിന്റെ വാട്ടർ ഡ്രോമുകൾ നിർമ്മിക്കാനും എല്ലാ ജില്ലകളിലെയും ജലാശയങ്ങൾ കേന്ദ്രീകരിച്ച് വാട്ടർ ഡ്രോമുകൾ ഒരുക്കാനുമാണ് സർക്കാർ പദ്ധതിയിടുന്നത്. എന്നാൽ പദ്ധതി സജീവമായതോടെ സീപ്ലെയിൻ സൃഷ്ടിക്കാനിടയുള്ള സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ വീണ്ടും ചർച്ചകളിലേക്ക് വന്നിരിക്കുകയാണ്. 2013 ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊല്ലം അഷ്ടമുടിക്കായലിൽ ഉദ്ഘാടനം ചെയ്യപ്പെട്ട സീപ്ലെയിൻ പദ്ധതിക്കെതിരെ വ്യാപകമായ എതിർപ്പുണ്ടാകാനുള്ള കാരണവും ഇത്തരം ആശങ്കകളായിരുന്നു. ആലപ്പുഴ പുന്നമടക്കായലിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം കാരണം ആദ്യ സർവീസ് പൂർത്തിയാക്കാൻ പോലും അന്ന് കഴിഞ്ഞില്ല.

ബോൾ​ഗാട്ടിയിൽ നിന്നും പരീക്ഷണപ്പറക്കലിന് ഒരുങ്ങുന്ന സീപ്ലെയിൻ. കടപ്പാട്:kerala9.com

ആശങ്കകൾ തുടരുകയാണ്

പുതിയ രൂപത്തിലാണ് സീപ്ലെയിൻ പദ്ധതി ഇപ്പോൾ വീണ്ടുമെത്തിയതെങ്കിലും നിരവധി ആശങ്കകളാണ് മത്സ്യത്തൊഴിലാളി യൂണിയനുകളും പരിസ്ഥിതി പ്രവർത്തകരും വനം വകുപ്പും ഉന്നയിക്കുന്നത്. സീപ്ലെയിനിന്റെ വരവോടുകൂടി കേരളത്തിലെ ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ തൊഴിൽ രഹിതരാകും എന്നാണ് ട്രേഡ് യൂണിയനുകളുടെ വാദം. പദ്ധതി ഉൾനാടൻ മത്സ്യബന്ധനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ധീവരസഭയും എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. മറ്റൊന്ന്, പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശങ്കയാണ്. ഇടുക്കിയടക്കമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിലെ ജലാശയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമ്പോൾ അവിടെ നിലനിൽക്കുന്ന മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമാകാൻ ഇടയുണ്ടെന്ന് പരിസ്ഥിതി വിദഗ്ധരും വനം വകുപ്പും പറയുന്നു. സീപ്ലെയിനിന്റെ റൂട്ട് അന്തിമമായിട്ടില്ലെന്നും പരിസ്ഥിതിക്ക് പ്രശ്നം ഉണ്ടാകാത്ത രീതിയിൽ മാത്രമേ സർവ്വീസുകൾ നടത്തൂ എന്നും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിട്ടുണ്ട്. എന്നാൽ തൊഴിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളെ സർക്കാർ എങ്ങനെയാണ് പരിഗണിക്കാൻ പോകുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.

2013 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പദ്ധതി ആവിഷ്‌ക്കരിച്ചപ്പോൾ പ്രധാനമായും എതിർപ്പുന്നയിച്ചിരുന്നത് സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂണിയനുകളായിരുന്നു. ഇപ്പോൾ വീണ്ടും ആരംഭിക്കുന്ന പദ്ധതി മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാതെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ പദ്ധതി എതിർക്കപ്പെടും എന്നാണ് സംഘടനകൾ അറിയിച്ചിട്ടുള്ളത്. പദ്ധതിയോടുള്ള മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന പ്രസിഡന്റും സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ടി.ജെ ആഞ്ചലോസ് പറയുന്നു. വനാവകാശം പോലെ തന്നെ കടലാവകാശവും കായൽ അവകാശവും നേടിയെടുക്കാനുള്ള സംയുക്ത സമരത്തിലാണ് മത്സ്യത്തൊഴിലാളികൾ.

2013ൽ അഷ്ടമുടിക്കായലിൽ നടന്ന സമരം. കടപ്പാട്:manorama

ബ്ലൂ ഇക്കോണമിയും സീപ്ലെയിൻ പദ്ധതിയും

“കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ഉപജീവനം നടത്തുന്ന ബോൾഗാട്ടി, അഷ്ടമുടി, പുന്നമട, ചന്ദ്രഗിരി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സീ പ്ലെയിൻ പ്രവർത്തിക്കാൻ പോകുന്നത്. 2013 ൽ പരാജയപ്പെട്ട പദ്ധതി വീണ്ടും മത്സ്യത്തൊഴിലാളി സംഘടനയിലെ ഒരാളുമായും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി നടപ്പാക്കാൻ ഒരുങ്ങുകയാണ്. പ്രതിസന്ധിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവന അവകാശത്തെ കൂടുതൽ ഹനിക്കുന്ന ഒരു നടപടിയാണിത്.” കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പങ്കുവച്ചു.

“തലമുറകളായി കടലിന് മേലുള്ള തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി നിഷേധിക്കപ്പെടുകയാണ്. കേരളത്തിലെ മനോഹര തീരങ്ങളിൽ ടൂറിസ്റ്റ് ബോട്ടുകൾ നിരന്നിരിക്കുന്നു. അവിടെയാർക്കും ഇപ്പോൾ മീൻപിടിക്കാൻ കഴിയില്ല. ഇതിനു പുറമെയാണ് സീ പ്ലെയിനിന്റെ വാട്ടർഡ്രോമിന്റെ (ജലോപരിതലത്തിൽ നിർമിക്കുന്ന ലാൻഡിങ് സ്പേസ്) വരവും. സീപ്ലെയിനിന്റെ വിസ്തൃതമായ വാട്ടർ ഡ്രോമിനകത്ത് മത്സ്യത്തൊഴിലാളികൾക്ക് പ്രവേശനം നിഷേധിക്കപ്പെടും. എറണാകുളത്ത് ബോൾഗാട്ടിയിൽ 1500 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലുമാണ് സീപ്ലെയിന് വേണ്ടി വാട്ടർഡ്രോം നിർമിക്കുന്നത്. അതുകൊണ്ടുതന്നെ അത്രയും വിസ്തൃതമായ സ്ഥലത്ത് മത്സ്യബന്ധനം അനുവദിക്കപ്പെടില്ല. നിലവിൽ മുളവുകാട്, താന്തോന്നിത്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികൾ മീൻപിടിയ്ക്കുന്ന സ്ഥലമാണ്. കൊച്ചിൻ ഷിപ്‌യാർഡ്, നേവൽ ബേസ്, കൊച്ചിൻ പോർട്ട്, വല്ലാർപ്പാടം ദുബായ് പോർട്ട് വേൾഡ്, എൽ.എൻ.ജി ടെർമിനൽ, ഐ.ഒ.സി തുടങ്ങിയ പദ്ധതികൾ കാരണം സർക്കാർ ഉത്തരവിലൂടെ മത്സ്യബന്ധനം നിരോധിക്കപ്പെട്ട മേഖലയാണിത്. ഇതിനുപുറമെ വരുന്ന സീപ്ലെയിൻ കടലിന്റെ അവകാശം പൂർണമായും നഷ്ടപ്പെടുത്തുമെന്ന ആകുലതയാണ് തൊഴിലാളികൾക്കുള്ളത്.” നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചാൾസ് ജോർജ് വിശദമാക്കി.

ചാൾസ് ജോർജ്

“മൂന്ന് വർഷം മുമ്പ് വല്ലാർപ്പാടത്തിന്റെ കിഴക്ക് രാമൻതുരുത്തിൽ മീൻ പിടിച്ചപ്പോൾ ഫോഴ്സ് വന്ന് മത്സ്യത്തൊഴിലാളികളെ ആക്രമിക്കുകയുണ്ടായി. പിറ്റേന്ന് നൂറോളം മത്സ്യത്തൊഴിലാളികളെ ചേർത്ത് കൊച്ചിൻ പോർട്ട് ഉപരോധിച്ചിരുന്നു. അന്ന് അവിടെ നിന്ന് ഒറ്റ മണിക്കൂറിൽ ഞങ്ങൾക്ക് 25000 രൂപയുടെ മീനാണ് കിട്ടിയത്. പക്ഷേ ഇപ്പോൾ അവിടെ ഞങ്ങൾക്ക് മീൻപിടിക്കാൻ പറ്റില്ല. മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണ നിയമം പറയുന്നത് കായലിന്റെയും കടലിന്റെയും പൊതു ഉടമസ്ഥത ഞങ്ങൾക്കാണ് എന്നാണ്. ഇതിന് വിപരീതമാണ് നടപ്പിലാവുന്ന കാര്യങ്ങൾ.”ചാൾസ് കൂട്ടിച്ചേർത്തു.

സീപ്ലെയിൻ പദ്ധതിക്കെതിരായ സമരം

പൈലറ്റ് ഉൾപ്പെടെ ആറുപേർക്ക് യാത്ര ചെയ്യാവുന്ന സെസ്ന 206 ആംഫീബിയസ് എന്ന ചെറുവിമാനമാണ് 2013 ജൂൺ രണ്ടിന് കൊല്ലം അഷ്ടമുടി കായലിൽ എത്തിച്ചത്. അന്ന് അഷ്ടമുടി, പുന്നമട, ബോൾഗാട്ടി, കുമരകം, ബേക്കൽ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. പുന്നമട കായലിലേക്ക് അന്ന് സീപ്ലെയിനിന്റെ പറക്കൽ നിശ്ചയിച്ചിരുന്നുവെങ്കിലും വിമാനമിറങ്ങാൻ നിശ്ചയിച്ച സ്ഥലത്ത് ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ വള്ളങ്ങൾ നിരത്തി വല വിരിച്ചും കക്ക വാരിയും പ്രതിഷേധിച്ചു. വേമ്പനാടും അഷ്ടമുടിയും അടക്കമുള്ള കേരളത്തിലെ പ്രധാന കായലുകൾ പൂർണമായും വിനോദ സഞ്ചാരത്തിനായി മാറ്റാനുള്ള പദ്ധതിയാണ് ഇതെന്നും തങ്ങളുടെ ജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ആശങ്കയായിരുന്നു മത്സ്യത്തൊഴിലാളികൾക്കുണ്ടായിരുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വേമ്പനാട്, അഷ്ടമുടി കായലുകളിലായി ആയിരക്കണക്കിന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും കക്ക വാരൽ തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെടും എന്നും സമരക്കാർ പറഞ്ഞു.

2013ൽ പദ്ധതി ഉദ്ഘാടനം ചെയ്യുന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കടപ്പാട്:manorama

പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് പദ്ധതി ആരംഭിച്ചത് എന്നതും അന്നത്തെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഏവിയേഷൻ സ്ഥാപനമായ പവൻഹൻസിന്റെ സാധ്യതാ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് കൈരളി ഏവിയേഷൻ എന്ന സ്വകാര്യ സ്ഥാപനത്തെ സർക്കാർ പദ്ധതി ഏൽപ്പിച്ചത് എന്നതും വിമർശിക്കപ്പെട്ടു. പരിസ്ഥിതി നേരിടാൻ പോകുന്ന ഭീഷണിയെ അവഗണിച്ചുകൊണ്ട് തണ്ണീർത്തടങ്ങളും ഉൾനാടൻ ജലാശയങ്ങളും ഡാമുകളും സ്വകാര്യ കമ്പനികൾക്ക് തീറെഴുതുകയാണെന്നും സമരക്കാർ അന്ന് ആരോപിച്ചിരുന്നു. അതേസമയം, ഒരു വിഭാഗം ആളുകൾ സമരം ചെയ്തുവെങ്കിലും വിനോദ സഞ്ചാര, പുരവഞ്ചി തൊഴിൽ മേഖയിലുള്ളവർ പദ്ധതിയെ സ്വീകരിച്ചിരുന്നു.

വിമാനമിറങ്ങുന്നതിനായി പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ നിർമ്മിക്കുന്നതിന് അന്ന് സർക്കാർ ചെലവിട്ടത് 12 കോടി രൂപയാണ്. വിമാനമിറക്കാൻ പുന്നമടയിൽ പ്രത്യേക ജെട്ടിയും നിർമ്മിച്ചിരുന്നു. ഒരു കിലോമീറ്റർ നീളത്തിലും 250 മീറ്റർ വീതിയിലുമുള്ള പ്രദേശമാണ് പദ്ധതിക്കായി വിനിയോഗിക്കുക എന്നായിരുന്നു പ്രഖ്യാപനമെങ്കിലും പദ്ധതിയുടെ തുടക്കത്തിൽ തന്നെ രണ്ട് കായലിൽ നിന്നും രണ്ടു കിലോമീറ്റർ പ്രദേശം കെട്ടിയടക്കുകയും ഇതുവഴി 500 ഏക്കറിലേറെ വിസ്തൃതിയുള്ള പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ തടയുകയുമാണ് ചെയ്തത്.  

തൊഴിലാളി സംഘടനകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി അന്നത്തെ ടൂറിസം സെക്രട്ടറി സുമൻ ബില്ല ഐ.എ.എസ്സിന്റെ നേതൃത്വത്തിൽ ഒരു പഠനസമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. കുഫോസ് മുൻ വൈസ് ചാൻസലർ ഡോ. മധുസൂദനക്കുറുപ്പ്, സെൻട്രൽ മറൈൻ ഫിഷറീസിലെ മധു കെ, അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ‍ഡോ. കെ.ജി പത്മകുമാർ എന്നിവരുൾപ്പടെയുള്ള പഠന സമിതി 2014 ൽ സുമൻ ബില്ല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

തൊഴിലിൽ നഷ്ടമാകുമോ?

“വാട്ടർ ഡ്രോം നിർമ്മിക്കാനുപയോഗിക്കുന്ന സ്പെയ്സിൽ ഫിഷിങ് നിരോധിക്കപ്പെടുമ്പോൾ തൊഴിൽ നഷ്ടമാകും എന്നായിരുന്നു തൊഴിലാളികളുടെ പ്രധാന ആശങ്ക. പക്ഷേ ഹൈഡ്രോ ഡ്രോം നിർമ്മിക്കാൻ വലിയ ഏരിയ ഒന്നും ആവശ്യമില്ല എന്നതാണ് സത്യം. ഒന്നേകാൽ കിലോമീറ്റർ നീളം, 250 മീറ്റർ വീതി, ഒന്ന് മുതൽ ഒന്നേകാൽ മീറ്റർ വരെ ആഴം മാത്രം മതിയാകും. ഇതിൽ കൂടുതൽ സ്ഥലം അത് വിനിയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ കൂടുതൽ സ്ഥലത്തേക്ക് ഫിഷിങ് നിയന്ത്രണമുണ്ടാകുമെന്നതിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ല.” കെ.ജി പത്മകുമാർ പറഞ്ഞു.

കെ.ജി പത്മകുമാർ

“അതുപോലെ പ്ലെയിനിന്റെ ടർബുലൻസ് ജലാശയത്തിലെ അടിത്തട്ട് ഇളക്കുമോ, ലാൻഡിങ് സമയത്തും ടേക്ക് ഓഫ് സമയത്തും പ്ലെയിൻ ജലാശയത്തിൽ സൃഷ്ടിക്കുന്ന വേവ്‌സ് ഫിഷിങിനെയും മത്സ്യങ്ങളുടെ ജീവനയും ബാധിക്കുമോ എന്നും ആശങ്കയുണ്ടായിരുന്നു. പക്ഷേ ഒരു സ്പീഡ് ബോട്ട് ഉണ്ടാക്കുന്ന ടർബുലെൻസ് സീപ്ലെയിൻ ഉണ്ടാക്കുന്നില്ല എന്ന് തന്നെയാണ് പഠനത്തിൽ നിന്നും മനസിലാക്കുന്നത്. സാധാരണ ഒരു ബോട്ട് പോകുമ്പോൾ ഉണ്ടാകുന്ന ചലനം മാത്രമേ ഇതും ഉണ്ടാക്കുന്നുള്ളൂ. വെള്ളത്തിലെ പി.എച്ച്, ബി.ഒ.ഡി എന്നിവയെല്ലാം പരിശോധിച്ചപ്പോൾ ടർബുലൻസ് കൊണ്ട് മത്സ്യങ്ങൾക്ക് ജീവിക്കാൻ കൂടുതൽ യോഗ്യമാകുന്നു എന്നാണ് കണ്ടെത്തിയത്. ടർബുലൻസ് കാരണം വെള്ളത്തിൽ ഓക്സിജൻ വർധിക്കും, ഇത് മീനുകൾക്ക് നല്ലതാണ്‌. പ്ലെയിനിന് വേണ്ടി കുറച്ച് ഏരിയ സംരക്ഷിക്കപ്പെടുകയാണെങ്കിൽ അത് നല്ലതുതന്നെയാണ്. കാരണം ഇങ്ങനെ പ്രൊട്ടക്റ്റ‍‍ഡ് ആയി മാറുന്ന ഏരിയകൾ ഒരു നാച്ചുറൽ സങ്കേതമായി തന്നെ മാറും. അവിടെ കൂടുതൽ മത്സ്യങ്ങൾ മുട്ടയിട്ട് വളരും.” അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ പഠനത്തിനോട് മത്സ്യത്തൊഴിലാളികൾ പൂർണ്ണമായും യോജിക്കുന്നില്ല. തൊഴിലാളികളുടെ പ്രശ്നങ്ങൾ പൂർണ്ണമായും പഠിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയത് എന്നാണ് അവരുടെ പക്ഷം. “ലോകത്തിലേറ്റവും കൂടുതൽ മത്സ്യബന്ധന യാനങ്ങൾ ഉള്ളത് കേരളത്തിലാണ്. ഇത് പടിപടിയായി മൂന്നെണ്ണമായി കുറച്ചുകൊണ്ടുവരാനുള്ള നിലപാടാണ് ഗവേഷകർക്കിടയിലുള്ളത്.” ചാൾസ് ജോർജ് പ്രതികരിച്ചു. “വിവിധ വകുപ്പുകൾ മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. രണ്ടാഴ്ച മുൻപ് ഫിഷറീസ് വകുപ്പിന്റെ യോഗം വിളിച്ചു, പക്ഷേ അവർ വന്നില്ല. കടൽ അവകാശവും കായൽ അവകാശവും ആദിവാസി അവകാശവും ഞങ്ങൾക്ക് വേണ്ട. പക്ഷേ ഞങ്ങളുടെ ഉപജീവനം തടയരുത്. ടൂറിസമാണ് പുതിയ വരുമാന മാർഗമെന്നാണ് പദ്ധതി അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര മന്ത്രി പറഞ്ഞത്. ഇന്ത്യ മുഴുവൻ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ബ്ലൂ എക്കോണമിയുടെ ഭാഗമാണ് ഇപ്പോൾ നടപ്പിലാക്കുന്ന സീപ്ലെയിൻ പദ്ധതി.” ചാൾസ് ജോർജ് പറഞ്ഞു.

സീപ്ലെയിൻ കൊച്ചി കായലിൽ. കടപ്പാട്:economictimes

മനുഷ്യ-വന്യജീവി സംഘർഷം കൂടുമോ?

സീപ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മറ്റൊരു ആശങ്ക വനം വകുപ്പിന്റേതാണ്. മൂന്നാറിലെ ആനകളുടെ പ്രധാന സഞ്ചാരപാതയായ മാട്ടുപ്പെട്ടി ഡാമിലൂടെയുള്ള സീപ്ലെയിൻ സർവീസ് ആനകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ സ്വൈര്യവിഹാരത്തിന് ഭീഷണിയാകുമെന്നും അത് ആ പ്രദേശങ്ങളിൽ മനുഷ്യ വന്യജീവി സംഘർഷം കൂടുന്നതിന് കാരണമാകുമെന്നും വനം വകുപ്പ് മൂന്നാർ ഡിവിഷനിലെ ഉദ്യോഗസ്ഥർ പറയുന്നു. സംഘർഷം ലഘൂകരിക്കാൻ ദേശീയ വന്യജീവി ബോർഡിന്റെ അംഗീകാരത്തോടെ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നതാണ് വനവകുപ്പിന്റെ ആവശ്യം.

മാട്ടുപ്പെട്ടി ഡാമിലെത്തിയ സീപ്ലെയിൻ. കടപ്പാട്:mathrubhumi

“മാട്ടുപ്പെട്ടി ഡാമും പരിസരവും കാട്ടാനകളുടെയും മറ്റ് വന്യജീവികളുടെയും വിഹാര കേന്ദ്രമാണ്. ഡാമിലേക്ക് വെള്ളം കുടിക്കാനും പരിസരത്ത് വിശ്രമിക്കാനും ആനകളും മറ്റ് വന്യജീവികളും എല്ലാ ദിവസവും എത്താറുമുണ്ട്. ദിനംപ്രതി ആനകൂട്ടം തൊട്ടടുത്ത പുൽമേട്ടിലും അടുത്തുള്ള എസ്റ്റേറ്റിലും ഒക്കെ വിഹരിക്കുന്നത് കാണാറുണ്ട്. ഡാമിലെ വെള്ളം കുടിച്ച് അത് നീന്തി കടന്ന് എസ്റ്റേറ്റിലേക്ക് പോകുന്ന കാഴ്ച പതിവാണ്. മൂന്നാറിലെ ടീ പ്ലാന്റേഷനും മറ്റ് വികസന പ്രവർത്തനങ്ങളും കാരണം ഈ സ്ഥലത്ത് മനുഷ്യ വന്യജീവി സംഘർഷം മുന്നേതന്നെ നിലനിൽക്കുന്നുണ്ട്. സീ പ്ലെയിൻ പോലുള്ള വലിയ പദ്ധതികൾ കൂടിയാകുമ്പോൾ അത് കൂടുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ആനകൾക്ക് ബുദ്ധിമുട്ടാകുമ്പോൾ അവയെന്തായാലും അടുത്തുള്ള ഗ്രാമങ്ങളിലേക്ക് തന്നെയാവും പോവുക. ആനകൾ നീന്തുന്ന സമയത്ത് പ്ലെയിൻ ലാൻഡിങ് നടന്നാൽ ഉണ്ടാകാൻ പോകുന്ന വലിയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാൻ പറയേണ്ടതില്ലല്ലോ. പ്ലെയിൻ സൃഷ്ടിക്കാൻ പോകുന്ന വായു മലിനീകരണവും ശബ്ദമലിനീകരണവും മറ്റൊരു വശത്ത്. ആനകളെ പോലെ ധാരാളം പക്ഷികൾ ഉള്ള സ്ഥലമാണത്. കാട്ടുപോത്ത്, നീലഗിരി മാർട്ടിൻ, നീലഗിരി ലങ്കുർ എന്നീ കുരങ്ങുകൾ, മുഞ്ചാക് മാനുകൾ എന്നിവയും പ്രദേശത്ത് കാണാറുണ്ട്.” നാച്ചുറലിസ്റ്റും ടൂർ ഗൈഡുമായ ഹാഡ്ലി രഞ്ജിത്ത് കേരളീയത്തോട് പറഞ്ഞു.

ഹാഡ്ലി രഞ്ജിത്ത്

മറ്റൊരു പ്രശ്നം ജലാശയങ്ങളിലെ ആൽഗെകൾ കൈമാറ്റം ചെയ്യപ്പെടും എന്നുള്ളതാണ്. സീപ്ലെയിൻ ഒരു ജലാശയത്തിൽ നിന്ന് മറ്റൊന്നിലേക്ക് ലാൻഡ് ചെയ്യുമ്പോൾ അതുവഴി ജലാശയത്തിലെ ആൽഗെകളും മറ്റ് പ്ലാന്റുകളും ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന് പ്ലെയിൻ കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് വരുമ്പോൾ കൊച്ചിയിലുള്ള പ്ലാന്റും ആൽഗെകളും മൂന്നാറിലെ വാട്ടർബോഡിയിലേക്ക് കലരാം. ഇത് ആളുകൾ ചിന്തിക്കാത്ത തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നും ഹാഡ്ലി രഞ്ജിത്ത് പറഞ്ഞു.

പരിസ്ഥിതി ആഘാത പഠനം നടത്താതെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഇതുപോലുള്ള വികസന പ്രവർത്തനങ്ങൾ നടത്തരുത് എന്ന് മൂന്നാർ എൻവയോൺമെന്റൽ വൈൽഡ് ലൈഫ് സൊസൈറ്റി (MEWS) പ്രസിഡന്റ് മോഹൻ കുമാർ പറയുന്നു.

“ഇടുക്കിയെ സംബന്ധിച്ച് ഇവിടെ ഒരുപാട് ഡാമുകളുണ്ട്, നാഷണൽ പാർക്കുകളും വന്യജീവി സങ്കേതങ്ങളുമുണ്ട്. അവിടെ വികസനം വരുമ്പോൾ വളരെ അടിസ്ഥാനപരമായി ചെയ്യേണ്ട ഒന്നാണ് പരിസ്ഥിതി ആഘാത പഠനം. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും അനുവാദം വാങ്ങി മാത്രമേ അവിടെ ഏതൊരു വികസന പ്രവർത്തനവും അനുവദിക്കാവൂ. ബോൾഗാട്ടി മുതൽ മൂന്നാർ വരെയുള്ള പാത അതീവ ശ്രദ്ധ വേണ്ടതാണ്. പ്ലെയിനിൻ്റെ സഞ്ചാരം മൂലമുണ്ടാകുന്ന കടുത്ത ശബ്ദമലിനീകരണം വന്യജീവികളെ മാത്രമല്ല, പ്രകൃതിയിലെ വളരെ ചെറിയ ജീവികളെയും അക്വാ ബയോഡൈവേഴ്സിറ്റിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുപോലെ പ്ലെയിൻ ഉണ്ടാക്കുന്ന കമ്പനം വലിയതോതിൽ ചെറിയ ജീവികളെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.”

മോഹൻ കുമാർ

സീപ്ലെയിൻ പദ്ധതിയുടെ പെട്ടെന്നുള്ള കടന്നുവരവ് പ്രാദേശികമായ ടൂറിസം പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു. സീപ്ലെയിൻ ടൂറിസത്തിന്റെ സാധ്യത വർധിപ്പിക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകുമ്പോൾ മറുവശത്ത് സീപ്ലെയിൻ കാരണം ലോക്കൽ ടൂറിസം പ്രതിസന്ധി നേരിടുമെന്നും മോഹൻ കുമാർ പറയുന്നു. പ്ലെയിനിന്റെ ഇടവിട്ടുള്ള സഞ്ചാരത്തിൻ്റെ സമയങ്ങളിൽ ജലാശയത്തിലെ മറ്റ് ബോട്ടിങ് നിർത്തി വയ്ക്കേണ്ടതായി വരും. ഇതിനെതിരെ ഇടുക്കിയിലുള്ള പൊതുപ്രവർത്തകർ പരാതി കൊടുത്തിട്ടുണ്ട്.

”ഞാൻ ഒരു ടൂർ ഗൈഡാണ്. എന്റെ പ്രധാന വരുമാന മാർഗം ടൂറിസമാണ്. പുതിയ പദ്ധതികൾ ഉണ്ടാകുമ്പോൾ അത് ടൂറിസ്റ്റ് മേഖലയിൽ വരുമാനം വർദ്ധിപ്പിക്കുമെങ്കിലും വൈൽഡ് ലൈഫിനെ അസ്വസ്ഥമാക്കിയുള്ള ഒരു ടൂറിസം ഒരിക്കലും അനുവദിക്കരുത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം, മൂന്നാറിലേക്ക് ഇതിനകം തന്നെ ഒരുപാടധികം ടൂറിസ്റ്റുകൾ വരുന്നുണ്ട്. മേഖലയുടെ കാരിയിങ് കപ്പാസിറ്റിയേക്കാൾ കൂടുതൽ ആളുകളാണ് സീസണിലും അല്ലാതെയും മൂന്നാറിലേക്ക് എത്തുന്നത്. ടൂറിസ്റ്റുകളെ ‘ആകർഷിക്കാനായി’ പുതിയൊരു പദ്ധതി മൂന്നാറിൽ ഇനി വേണമോ വേണ്ടയോ എന്നതാണ് സർക്കാർ ചിന്തിക്കേണ്ടത്.” ഹാഡ്ലി കൂട്ടിച്ചേർത്തു.

മാട്ടുപ്പെട്ടിയിലെ ആനകൾ. ഫോട്ടോ:ഹാഡ്ലി രഞ്ജിത്ത്

എന്നാൽ 2014 ലെ പഠനം വനം വകുപ്പിന്റെ ആശങ്കകൾ പരിഹരിക്കുമെന്നാണ് കെ.ജി പത്മകുമാർ പറയുന്നത്. “പ്രീ ഫ്ലൈറ്റിലും പോസ്റ്റ് ഫ്ലൈറ്റിലും ഉണ്ടാകുന്ന പ്രകമ്പനത്തിലുള്ള മാറ്റങ്ങളെ കുറിച്ച് പഠനം നടത്തിയപ്പോൾ അതിൽ കാര്യമായ വ്യത്യാസമില്ല എന്നാണ് വിലയിരുത്തിയത്. വന്യജീവികൾക്ക് ഒരു ദോഷവും വരുത്താത്ത രീതിയിലാണ് പ്ലെയിനിന്റെ പറക്കൽ പ്ലാൻ ചെയ്തിട്ടുള്ളത്. പക്ഷികളും മറ്റു ദേശാടനക്കിളികളും വന്നിറങ്ങുന്ന പ്രദേശങ്ങൾ ഉപയോഗിക്കരുത് എന്നും പക്ഷിസങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളെ പ്ലെയിൻ സർവീസിൽ നിന്ന് ഒഴിവാക്കണം എന്നും നിർദേശിച്ചിരുന്നു. അടുത്തുള്ള എയർപോർട്ടുകളിൽ ആണ് പ്ലെയിനിന്റെ മെയിന്റെയിനൻസ്, റീഫില്ലിങ് എന്നിവ നടക്കുന്നത് എന്നുള്ളത് കൊണ്ട് തന്നെ ജലത്തിലേക്ക് പ്ലെയിനിലെ ഇന്ധനമോ മറ്റോ ലീക്ക് ചെയ്ത് മലിനീകരണം ഉണ്ടാകുമോ എന്ന ആശങ്കയും ആവശ്യമില്ല. ടേക് ഓഫിനും ലാന്റിങ്ങിനും വളരെ കുറഞ്ഞ സമയം മാത്രം മതി എന്നതുകൊണ്ട് ശബ്ദമലിനീകരണമുണ്ടാകും എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല.”

മാട്ടുപ്പെട്ടി ഡാം ഉൾപ്പെടുന്ന കണ്ണൻദേവൻ ഹിൽസ് വില്ലേജിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ മാപ്പ്.

എന്നാൽ, പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മൈക്രോ ലെവൽ പഠനം നടത്തേണ്ടതിന്റെ അത്യാവശ്യകതയെക്കുറിച്ചാണ് മോഹൻ കുമാർ പറയുന്നത്. പത്തുവർഷം മുന്നേ നടന്ന പഠനങ്ങളുടെ പിൻബലത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകാം എന്ന ധാരണയെ അദ്ദേഹം വിമർശിക്കുന്നു. ഇക്കാലയളവിൽ ഈ പ്രദേശം ഒരുപാട് മാറിയിട്ടുണ്ട് എന്നതുതന്നെയാണ് പുതിയ പഠനം അനിവാര്യമാക്കുന്നത്.

തൊഴിൽ സൃഷ്ടിക്കപ്പെടുമോ?

മത്സ്യബന്ധന മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി സമാന്തര വഴികൾ സ്വീകരിക്കണമെന്നാണ് കെ.ജി പത്മകുമാറിന്റെ പക്ഷം. മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിക്കായും അവരുടെ ജീവിത നിലവാരം വർധിപ്പിക്കുന്നതിനായും ‘റെസ്പോൺസിബിൾ ടൂറിസം’ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിലവിലുള്ള ആശങ്ക പരിഹരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. “പ്രാദേശിക മത്സ്യബന്ധനത്തൊഴിലാളികളുടെ കണക്കെടുത്ത് അവരെ സംരക്ഷിക്കുന്നതിനുള്ള സി.എസ്‌.ആർ ഫണ്ട് പ്ലെയിൻ കമ്പനി വഹിക്കണമെന്ന് അന്ന് തന്നെ നിർദേശമുണ്ടായിരുന്നു. ഫിഷിങിനെ തടസപ്പെടുത്തുന്ന രീതിയിൽ വാട്ടർഡ്രോമുകളുടെ നിർമ്മാണം നടത്തരുതെന്നും അന്നുതന്നെ പറഞ്ഞിരുന്നു. അന്ന് വേമ്പനാട് കായലിനടത്തുള്ള പുന്നമടയ്ക്ക് അടുത്താണ് വാട്ടർ ഡ്രോം ഉണ്ടാക്കാൻ തീരുമാനിച്ചിരുന്നത്. പക്ഷേ അത് നല്ലൊരു ഫിഷിങ് സോൺ ആയിരുന്നതിനാൽ അതിന് പകരം ഫിഷിങ് അധികമില്ലാത്ത വട്ടക്കായലിന് അടുത്ത് അത് നടത്തണമെന്ന് ശുപാർശ ചെയ്തിരുന്നു.”

വേമ്പനാട് കായലിലെ മത്സ്യബന്ധനം. കടപ്പാട്:thehindu

റെസ്പോൺസിബിൾ ടൂറിസത്തിന്റെ ഭാഗമായി തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾക്ക് പ്ലെയിൻ കമ്പനിയുടെ ആഭിമുഖ്യത്തിൽ ഒരു ഫിഷറീസ് എക്സ്പെർട്ടിന്റെ കൂടെ സഹായത്തോടെ പരിശീലന പ്രവർത്തനങ്ങൾ നൽകണമെന്നും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് അവരുടെ ഉത്പന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്തണമെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ സീ പ്ലെയിൻ പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് പുതിയൊരു അവസരമായി മാറുമെന്നാണ് കെ.ജി പത്മകുമാറിന്റെ പക്ഷം. മെഡിക്കൽ ആവശ്യങ്ങൾക്ക് എയർ ആംബുലൻസായി സീപ്ലെയിൻ ഉപയോഗിക്കുന്നതിനെ കുറിച്ച് അന്ന് കമ്മിറ്റി വിലയിരുത്തിയിരുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

വികസന പദ്ധതിക്ക് എതിരായ ഏകപക്ഷീയ സമരം മാത്രമായി സീപ്ലെയിനുമായി ബന്ധപ്പെട്ട് ഉയരുന്ന എതിർപ്പുകളെ കാണാൻ കഴിയില്ല. പ്രത്യേകിച്ചും കേരളം ഇപ്പോൾ നേരിടുന്ന വലിയ സാമൂഹിക പ്രശ്നമായി തൊഴിലില്ലായ്മ മാറിയ സാഹചര്യത്തിൽ. തൊഴിൽ നഷ്ടമാകുമോ എന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്ക അതുകൊണ്ടുതന്നെ ഏറെ പ്രധാനമാണ്. പ്രത്യേകിച്ച് പരമ്പരാഗത തൊഴിലുകൾ നഷ്ടമാകുന്നത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഉയർന്ന ക്ലാസ് വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി‌ രൂപകല്പന ചെയ്തിട്ടുള്ളത് എന്ന ആരോപണങ്ങളെ പൊതുജനങ്ങൾക്കും ഭാവിയിൽ പദ്ധതി ഉപയോഗിക്കാൻ കഴിയുമെന്ന് പറഞ്ഞാണ് മന്ത്രി മുഹമ്മദ് റിയാസ് ന്യായീകരിക്കുന്നത്. എന്നാൽ സീപ്ലെയിൻ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഭാവികാലത്തെക്കുറിച്ച് പറയുന്ന മന്ത്രി മത്സ്യത്തൊഴിലാളികളുടെ ഭാവിയെക്കുറിച്ച് മൗനം പാലിക്കുകയാണ്.  പ്രകൃതിക്ഷോഭങ്ങളും മനുഷ്യ വന്യജീവി സംഘർഷങ്ങളും കേരളത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ അപകടങ്ങൾ പതിവായിരിക്കുന്നു. അതുകൊണ്ടുതന്നെ ഏത് പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായും സാമൂഹിക – പാരിസ്ഥിതിക ആഘാത പഠനം നടത്തുക എന്നത് മുൻകാലങ്ങളേക്കാൾ അനിവാര്യമായിരിക്കുന്നു. ജലവിമാനം ഇക്കാര്യങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിഷേധക്കാർ.

Also Read

10 minutes read November 17, 2024 2:13 pm