Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
മുത്തങ്ങ ഭൂസമരത്തിന്റെ ഇരുപതാം വാർഷികം
മുത്തങ്ങയിൽ ഭൂഅവകാശം നിഷേധിക്കപ്പെട്ട ആദിവാസി സമൂഹത്തിന് നേരെ നടന്ന അതിക്രൂരമായ അതിക്രമത്തിന്റെ ഓർമ്മകൾക്ക് ഇരുപത് വർഷമാവുകയാണ്. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും മുത്തങ്ങ സമരം ഉയർത്തിയ നിർണ്ണായക ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അനാഥമായി അലയുകയാണ്. നിറവും വസ്ത്രവും മുൻനിർത്തി ആൾക്കൂട്ടത്താൽ ആക്രമിക്കപ്പെട്ട വിശ്വനാഥന്റെ മരണം മുത്തങ്ങയിൽ നടന്ന നരനായാട്ടിന്റെ ഒരു തുടർച്ച തന്നെയാണ്. അഞ്ചുവർഷം മുമ്പ്, ഇതുപോലെ ഒരു ഫെബ്രുവരിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ മരണവും മുത്തങ്ങയുടെ തുടർച്ചയായിരുന്നു. വിഭവാധികാര രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് സമരഭൂമിയിലേക്ക് എത്തിയ ആദിവാസി സമൂഹത്തോട് 2003 ഫെബ്രുവരി 19 ന് കേരളം നടത്തിയ ആ ക്രൂരതയുടെ ശേഷിപ്പുകൾ ഇന്നും പലനിലയിൽ ദൃശ്യമാകാറുണ്ട്. ഇരുപതാണ്ട് പിന്നിടുന്ന സാഹചര്യത്തിൽ മുത്തങ്ങ സമരമുയർത്തിയ നീതിവിചാരങ്ങൾക്ക്, അതുയർത്തിയ മനുഷ്യർക്ക് എന്ത് സംഭിവിച്ചു എന്ന് അന്വേഷിക്കുകയാണ് ഇവിടെ.
സ്വപ്നം
“ഇനി തിരിച്ചുവരില്ല എന്ന് തീരുമാനിച്ചിട്ടാണ് ഇവിടെ നിന്നും പോന്നത്. എങ്ങനെയെങ്കിലും ജീവിക്കാം എന്ന് കരുതി ഞങ്ങളെല്ലാവരും ഊരിൽ നിന്നും ഇറങ്ങി. ഇവിടെ ഞങ്ങൾക്ക് ജീവിക്കാൻ ഒന്നുമില്ലായിരുന്നു. അതുകൊണ്ട് ഇവിടംവിട്ടാൽ എന്ത് സംഭവിക്കും എന്നൊന്നും ആലോചിച്ചില്ല.” മുരിക്കിലാടി കോളനിയിൽ ഇപ്പോഴും ഒരു സെന്റ് ഭൂമിപോലും ഇല്ലാതെ ജീവിതം തുടരുന്ന ബിന്ദു മുത്തങ്ങ സമരകാലത്തെ ഓർക്കുന്നു. 2003 ജനുവരി രണ്ടാം തീയതി വൈകുന്നേരത്തോടെ സുൽത്താൻ ബത്തേരി ഭാഗത്തുള്ള ഭൂരഹിതരായ ആദിവാസി കോളനികളിൽ നിന്നും അഞ്ഞൂറോളം കുടുംബങ്ങൾ നൂൽപ്പുഴ പഞ്ചായത്തിലെ തിരുവണ്ണൂർ എന്ന ഊരിൽ എത്തുന്നു. അവിടെ നിന്നും രാത്രിയോടെ മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് സമീപത്തുള്ള പുലിതൂക്കി എന്ന കോളനിയിലേക്ക് അവർ ജീവിക്കാൻ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന സാധനങ്ങൾ ഒക്കെ ചാക്കിൽക്കെട്ടി നടക്കാൻ ആരംഭിച്ചു. രാത്രി അവിടെ കഴിച്ചുകൂട്ടി. അവിടെ നിന്നും രാവിലെ നാല് മണിക്ക് കുറച്ചു ദൂരം ഒരു കാട്ടുപാത പിന്നിട്ടു മുത്തങ്ങയിലെ അമ്പുകുത്തിമലയിൽ എത്തിച്ചേർന്നു.
ജനുവരി മൂന്നാം തീയ്യതി ആയപ്പോഴേക്കും ആയിരത്തോളം ആളുകൾ മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്കെത്തി. ജനുവരി അഞ്ചോടെ കൂടുതൽ ഭൂരഹിതർ വയനാടിന്റെ പലഭാഗത്തുനിന്നും അമ്പുകുത്തിമല, തകരാപ്പാടി, പൊൻകുഴിമല എന്നീ സ്ഥലങ്ങളിലെ തരിശുഭൂമിയിൽ കുടിൽ കെട്ടി ജീവിതം ആരംഭിച്ചു. അവരിൽ പലരും സ്ഥിരമായി മുത്തങ്ങയിൽ താമസിക്കാൻ വേണ്ടി പഴയ കൂരകളൊക്കെ പൊളിച്ചുവന്നവരായിരുന്നു. ചിലർ വളർത്തുമൃഗങ്ങളെ അടക്കം കൊണ്ടുവന്നു. അവർ മുത്തങ്ങയിലേക്കു വന്നത് ഒരു പ്രതീകാത്മക സമരം ചെയ്യാനായിരുന്നില്ല, ആരോടും യുദ്ധം ചെയ്യാനുമായിരുന്നില്ല. മറിച്ച് നിരവധി സമരം നടത്തിയിട്ടും നീതി നിഷേധിക്കപ്പെട്ടും വഞ്ചിക്കപ്പെട്ടും കഴിയുന്ന ജീവിതത്തിന് ഒരവസാനമുണ്ടാക്കാനായിരുന്നു.
ജീവിതം
“ഇത്രയും സന്തോഷം ഞങ്ങൾ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല. ഞങ്ങൾ പല വിഭാഗക്കാർ ഒരുമയോടെ സന്തോഷത്തോടെയാണ് ഏതാണ് അമ്പത് ദിവസത്തോളം കഴിഞ്ഞത്. ഇടുങ്ങിയ കോളനിയിൽ നിന്നും വലിയ ഭൂമിയിലേക്ക് എത്തിയത് തന്നെ വലിയ സന്തോഷം ആയിരുന്നു. ഞങ്ങളുടെ ആണുങ്ങൾ കുടിനിർത്തി, ചിലർ ബീഡിവലി പോലും ഉപേക്ഷിച്ചു, കുട്ടികൾ സന്തോഷത്തോടെ കളിച്ചു, ഞങ്ങളുടെ ദുരിതങ്ങൾ തീർന്നെന്ന് എല്ലാവരും കരുതി. ഞങ്ങൾ എല്ലാവരും ചേർന്ന് ചീര, കപ്പ, വഴുതിന, പയർ ഒക്കെ കൃഷി ചെയ്യാൻ തുടങ്ങി. ഞങ്ങൾ പരസ്പ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. ഇത്രയും സന്തോഷം ആദ്യമായാണ് കിട്ടിയത്.”സുൽത്താൻ ബത്തേരി താലൂക്കിലെ ചീരാൽ മുരിക്കിലാടി ആദിവാസികോളനിയിലെ വീട്ടിലിരുന്ന് ബിന്ദു മുത്തങ്ങയിലെ ജീവിതകാലം ഓർത്തെടുത്തു. വെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ അവർ കിണർ കുത്തി, പകൽ കൃഷിപ്പണി ചെയ്തു, രാത്രി വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കാൻ കൂരയ്ക്ക് ആളുകൾ മാറിമാറി കാവലിരുന്നു. പണി കഴിഞ്ഞ് പാട്ടും നൃത്തവുമായി അവർ ജീവിതം ആഘോഷിച്ചു.
ക്രൂരത
“പോലീസ് വന്ന ഉടനെ ബോംബ് പോലുള്ള സാധനം കടിച്ചതിന് ശേഷം എറിയുകയായിരുന്നു. ഞാൻ അപ്പോൾ കഞ്ഞിക്ക് ചമ്മന്തി അരച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നെയൊക്കെ രാവിലെ അപ്പോൾ ആണ് പിടിച്ചത്, ഞാൻ ആറു മാസം ഗർഭിണി ആയിരുന്നു. പിടിക്കുമ്പോൾ എന്റെ ചുമലിൽ ചെറിയ കുട്ടി ഉണ്ടായിരുന്നു, എന്റെ ഭർത്താവിന്റെ (ബാബു) കയ്യിൽ ഉള്ള രണ്ടാമത്തെ കുട്ടിയെ വാങ്ങി തീയിൽ എറിയാൻ നോക്കി അവർ. ഞാൻ ആ പോലീസുകാരന്റെ കാലു പിടിച്ചു കരഞ്ഞു. അടികൊണ്ടു എന്റെ ഭർത്താവിന്റെ തല പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. എങ്ങനെയോ രണ്ടു കുട്ടികളെയും എന്റെ ചുമലിലേറ്റി ഞാൻ നടന്നു. അപ്പൊ ഒരു പെൺ പോലീസുകാരി എന്റെ വയറ്റിയിൽ ചവിട്ടുകയും ആൺ പോലീസ് ഒരു കമ്പുകൊണ്ട് വയറ്റിൽ കുത്തുകയും ചെയ്തു. അതിനുശേഷം ഞാൻ ഏഴാം മാസത്തിൽ പ്രസവിച്ച എന്റെ മോൾക്ക് മൂത്രം ഒഴിക്കുമ്പോ ഇപ്പോഴും ബുദ്ധിമുട്ടാണ്. എനിക്ക് ഉറക്ക ഗുളിക കഴിക്കാതെ ഉറങ്ങാൻ പറ്റാറില്ല.” ബിന്ദു 2003 ഫെബ്രുവരി നടന്ന പോലീസ് അതിക്രമത്തെ വിവരിക്കുന്നു.
“അന്നൊക്കെ എനിക്ക് നല്ല ആരോഗ്യം ഉണ്ടായിരുന്നു. ഇന്നാണ് ആ അടി കിട്ടുന്നതെങ്കിൽ മരിച്ചു പോകും. ചെവിയൊക്കെ ചേർത്തായിരുന്നു അടിയും ചവിട്ടും. ഏഴു ദിവസം ബത്തേരി ആശുപത്രിയിൽ ആയിരുന്നു. പിന്നെ ബത്തേരി കോടതിയിൽ ഹാജരാക്കി, അവിടെ നിന്നും അർധരാത്രി ബസിൽ കോഴിക്കോട് ജയിലിലേക്ക് കൊണ്ട് പോയി. പോകുന്നതിനു മുൻപ് രണ്ടു പൊറോട്ട തന്നു. ബസിൽ നിന്നും ജയിലിൽ എത്തുന്നത് വരെ അടിച്ചു, ചാടാൻ പറയുമ്പോ ചാടണം, ഓടാൻ പറയുമ്പോ ഓടണം, ചിലരെ തോക്കിന്റെ അറ്റം കൊണ്ട് കുത്തി. ചവിട്ടു കിട്ടാത്ത ഭാഗം ബാക്കി ഇല്ല. ഇപ്പൊ ചുമട് എടുക്കാൻ പറ്റില്ല. കൈക്കോട്ട് പണി എടുക്കാനും പറ്റില്ല. അറസ്റ്റു ചെയ്യാനല്ലാതെ ഇങ്ങനെ ഒക്കെ അടിക്കാനും ചവിട്ടാനും പാടുണ്ടോ?” ബിന്ദുവിന്റെ ഭർത്താവ് ബാബു ചോദിക്കുന്നു.
സമരം
“ഈ ഭൂമി സുപ്രീം കോടതി ആദിവാസികൾക്ക് പതിച്ചു നൽകിയിട്ട് ഇരുപതു വർഷത്തോളം ആയി. ഇതുവരെ അത് ഞങ്ങൾക്കു കിട്ടിയിട്ടില്ല. ഒരു തുണ്ടു ഭൂമിയില്ലാതെ എത്രനാൾ ഞങ്ങൾ ജീവിക്കും? മരിക്കുന്നതിന് മുൻപ് അത് കിട്ടണ്ടേ? അതിനാണ് ഞങ്ങൾ ആയിരത്തോളം കുടിലുകൾ കെട്ടി ഇവിടെ സമരം ചെയ്യുന്നത്. മുത്തങ്ങയിലെപോലെ ഞങ്ങളെ ഇറക്കിവിടാൻ സർക്കാരിന് കഴിയില്ല. ഈ നാട്ടിൽ കോടതി വിധിക്കു വിലയില്ലേ?” പാമ്പ്ര മരിയനാട് എസ്റ്റേറ്റിൽ 2022 മെയ് മുതൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്ന നടവയലിലെ ബീന ചോദിക്കുന്നു.
2001ലെ കുടിൽ കെട്ടൽ സമരം അവസാനിപ്പിക്കാനുള്ള കരാർ അനുസരിച്ച് വയനാടിൽ വനഭൂമി ഏറ്റെടുത്തു നൽകും എന്നൊരു വാഗ്‌ദാനം ഉണ്ടായിരുന്നു. നിക്ഷിപ്ത വനഭൂമി നിയമത്തിന്റെ ഭാഗമായിട്ടാണ് അതുണ്ടായത്. അങ്ങനെ മുത്തങ്ങ സമരത്തിന്റെ മുൻപ് തന്നെ മുപ്പതിനായിരം ഏക്കർ വനം ഇങ്ങനെ നൽകാൻ വേണ്ടി സുപ്രീം കോടതിയുടെ പരിഗണനയ്ക്കു കേരള സർക്കാർ അയച്ചിരുന്നു. 2004 ൽ മുപ്പതിനായിരം ഏക്കറിന്റെ പകുതിയോളം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു നൽകുകയും ചെയ്തു. അതിൽ ഉൾപ്പെടുന്നത് ആണ് ഇപ്പോൾ കുടിൽകെട്ടി സമരം നടക്കുന്ന1200 ഏക്കറുള്ള വയനാട്ടിലെ പാമ്പ്ര മരിയനാട് എസ്റ്റേറ്റ്.
ആദിവാസി ജനതയുടെ പ്രശ്നങ്ങൾ മുത്തങ്ങയ്ക്കു ശേഷവും പരിഹാരം കാണാതെ കിടക്കുന്നു. അന്നത്തെ പോലീസ് പീഡനങ്ങളുടെ മുറിവുകൾ അവരുടെ ശരീരത്തിലും മനസിലും ഉണ്ടാക്കിയ വേദനയും താളപ്പിഴകളും തുടരുന്നു. ശാരീരികമായ പീഡനങ്ങളുടെ ഫലമായി ചിലർ അകാല മൃത്യുവടഞ്ഞു (മുപ്പതോളം പേർ കേസിന്റെ വിചാരണയ്ക്കിടെ മരണപ്പെട്ടു), ചിലർ രോഗികളായി, പഴയപോലെ ജോലി ചെയ്യാൻ വയ്യാതെയായി, ചിലർ മാനസിക രോഗത്തിനടിപ്പെട്ടു. ഭരണഘടന നൽകുന്ന അവകാശങ്ങളും ചൂഷണ മുക്തമായ ജീവിതവും അവർ ഇപ്പോഴും സ്വപ്നം കാണുന്നു. സമരങ്ങൾ മുത്തങ്ങയ്ക്കു ശേഷവും നിലച്ചിട്ടുമില്ല. എന്തുകൊണ്ടാണ് കേരളത്തിന്റെ ജനസംഖ്യയുടെ 1.24 ശതമാനം വരുന്ന ആദിവാസികളുടെ അവകാശങ്ങൾ അനുവദിച്ചു നൽകാൻ ഭരണകൂടവും പൊതുസമൂഹവും ഇപ്പോഴും വിസമ്മതിക്കുന്നത്?
‘തീവ്രവാദം’ ആയ സ്വയംഭരണാവകാശം
മുത്തങ്ങയിൽ നടന്നത് വെറും ഭൂ അവകാശ സമരം മാത്രമായിരുന്നില്ല. ഗോത്ര ജനതയുടെ പരാമ്പരാഗത ജീവിതത്തിന്റെ ഭാഗമായ സ്വയം പര്യാപ്തതയ്ക്കും സ്വയംഭരണത്തിനും ചൂഷണ മുക്തമായ ഒരു ജീവിതത്തിനും കൂടിയായിരുന്നു അവരൊത്തുചേർന്നത്. ഒരു സമൂഹം തങ്ങളുടെ വേറിട്ട സംസ്ക്കാരവും സാമൂഹിക ജീവിതവും രാഷ്ട്രീയവും വീണ്ടെടുക്കാൻ വേണ്ടി നടത്തുന്ന സമരം പൊതുസമൂഹത്തിന് അത്ര പെട്ടെന്ന് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ ആദിവാസികളുടെ സ്വയംഭരണം, സ്വയംപര്യാപ്തത തുടങ്ങിയ ആവശ്യങ്ങൾ തീവ്രവാദമോ ദേശവിരുദ്ധമോ ആയി തോന്നിയതിൽ അത്ഭുതപ്പെടാനുമില്ല. “കേരളത്തിലെ ഒരു വലിയ വിഭാഗം പരിസ്ഥിതി പ്രവർത്തകരും ആദിവാസികളുടെ സ്വയംഭരണം, വനാവകാശം എന്നിവ അംഗീകരിക്കുന്നില്ല. അവർ മനുഷ്യർ ഇല്ലാത്ത കൺസർവേഷന് വേണ്ടി വാദിക്കുന്നവരാണ്. അന്ന് മനോരമയുടെ എഡിറ്റോറിയൽ പേജിൽ കൃഷ്ണകുമാർ എഴുതിയ ഒരു ലേഖനം ഉണ്ടായിരുന്നു. അതിൽ ആദിവാസികൾ ഒരു പ്രത്യേക മേഖല സൃഷിടിക്കുകയാണെന്നും തീവ്ര സ്വഭാവം ഉള്ളതാണ് ആദിവാസി മൂവ്മെന്റ് എന്നും പറയുന്നുണ്ട്. ഈ വാദം സർക്കാരിന്റെ പോലീസ് നടപടിയെ പിന്നീട് ന്യായീകരിക്കാൻ ഉപയോഗിച്ചതായി കാണാം. പ്രാദേശിക രാഷ്ട്രീയക്കാരെ സംബന്ധിച്ച് മുത്തങ്ങ പോലുള്ള ഒരു സ്ഥലത്ത് സ്വയംഭരണം വരുന്നത് അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായാണ്. മുത്തങ്ങയിലെ വാറ്റു കേന്ദ്രം, ചെക് പോസ്റ്റിലൂടെയുള്ള നികുതി വെട്ടിപ്പ്, മാൻവേട്ട, ചന്ദനക്കടത്ത് ഒക്കെ ആദിവാസികൾ വന്നപ്പോൾ തടസ്സപ്പെട്ടതും എതിർപ്പിന് കാരണമായി. വയനാട്ടിലെ ചില പരിസ്ഥിതിപ്രവർത്തകരുടെ ബന്ധുക്കൾക്ക് മുത്തങ്ങയിൽ പോത്ത് ഫാം ഒക്കെ ഉണ്ടായിരുന്നു.” മുത്തങ്ങ സമരനേതാവും ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ-ഓർഡിനേറ്ററുമായ എം ഗീതാനന്ദൻ പറയുന്നു.
ഭരണഘടനയിലെ അഞ്ച്-ആറ് ഷെഡ്യൂളുകൾ
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടികൾ 244(1) ൽ പറയുന്ന അഞ്ചാമത്തെയും ആറാമത്തെയും ഷെഡ്യൂളുകൾ ഇന്ത്യയുടെ അതിർത്തിക്കുള്ളിലെ ചില ഗോത്ര ഭൂരിപക്ഷ പ്രദേശങ്ങൾക്ക് നിയമപരവും ഭരണപരവുമായ പ്രത്യേക പരിരക്ഷ നൽകുന്നതാണ്. അതിന്റെ ഭാഗമായി ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങൾ ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളെ അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ആറാമത്തെ ഷെഡ്യൂൾ നിലവിലുള്ളത്. കേരളത്തിലെ ആദിവാസി ഭൂരിപക്ഷ മേഖലയായ വയനാട് പോലും ഇപ്പോഴും പട്ടിക മേഖലകളായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വകുപ്പ് അത്തരം മേഖലകൾക്ക് ബാധകമാണെന്നതാണ് വാസ്തവം. കൂടാതെ പട്ടികവര്‍ഗ പ്രദേശങ്ങളില്ലാത്ത സംസ്ഥാനങ്ങൾക്ക് ഭൂമിക്കുമേലുള്ള ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിയമനിർമ്മാണം നടത്താനും ഭരണഘടനാപരമായ ബാധ്യതയുണ്ട്. ഷെഡ്യൂൾഡ് ഏരിയകളുണ്ടാകുന്നത് ആദിവാസികളുടെ സ്വയംഭരണവും അവരുടെ സംസ്കാരവും സാമ്പത്തിക ശാക്തീകരണവും സംരക്ഷിക്കാനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കാനും സമാധാനം സംരക്ഷിക്കാനും വേണ്ടിയാണ്. അതുൾക്കൊണ്ടാണ് അന്തരിച്ച മുൻ പട്ടികജാതി പട്ടികവർഗ കമ്മീഷണർ ഡോ.ബി.ഡി ശർമ്മ ‘ഭരണഘടനയ്ക്കുള്ളിലെ ഒരു ഭരണഘടന’ എന്ന് അതിനെ വിശേഷിപ്പിച്ചത്. ഈ അന്തസത്തയാണ് കേരളത്തിലെ ഭരണകൂടത്തിനും പൊതു സമൂഹത്തിനും മനസിലാകാത്തതും ഉൾക്കൊള്ളാൻ കഴിയാത്തതും. ഭരണഘടന അവർക്കു നൽകിയ സ്വയംഭരണാവകാശത്തെ, ആദിവാസി ഭൂ പ്രശ്‌നത്തെ പിന്തുണയ്ക്കുകയും അവരെ ചൂഷണം ചെയ്യുന്നതിനെ എതിർക്കുകയും ചെയ്യുന്ന പുരോഗമന ചിന്താഗതിക്കാരായ ഉദ്യോഗസ്ഥർക്കും പൊതുപ്രവർത്തകർക്കും ബുദ്ധിജീവികൾക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ആദിവാസികൾ ‘സമാന്തര സർക്കാർ’ ഉണ്ടാക്കിക്കൂടാ എന്ന പൊതുബോധവും ആദിവാസി ഭൂമി വ്യക്തികൾക്ക് നൽകിയാൽ ‘ദുരുപയോഗം ചെയ്യപ്പെടും’ എന്ന രക്ഷാകർതൃ മനോഭാവവുമാണ് അവരും പങ്കുവയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഭരണകൂടത്തിന് പ്രഹേളികയായ ആദിവാസി ജീവിതം
കൊളോണിയൽ ഭരണം നിലനിൽക്കുന്ന സമയത്ത് ഗവൺമെന്റ് ഓഫ് ഇന്ത്യ (ഒഴിവാക്കപ്പെട്ടതും ഭാഗികമായി ഒഴിവാക്കപ്പെട്ടതുമായ പ്രദേശങ്ങൾ) ഓർഡർ1936 പ്രകാരം നിർണ്ണയിക്കപ്പെട്ട പ്രദേശങ്ങളുടെ സാംസ്‌കാരികവും ഭൂമി ശാസ്ത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ വ്യത്യാസങ്ങൾ പരിഗണിച്ചുകൊണ്ടായിരുന്നു അഞ്ചാം ഷെഡ്യൂളിന് ഭരണഘടനയിൽ പ്രത്യേക സ്ഥാനം നൽകിയത്. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരേ ഭരണ സംവിധാനത്തിന് കീഴിൽ കൊണ്ട് വരാൻ കഴിയില്ലെന്നും ചില ഗോത്രവിഭാഗങ്ങളുടെ ജീവിതവും സംസ്ക്കാരവും നിയന്ത്രിക്കാൻ എളുപ്പമല്ലെന്നും കണ്ടെത്തിയാണ് ചില ഭാഗങ്ങളെ പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കിയ (Excluded And Partially Excluded Areas) എന്ന് ബ്രിട്ടീഷ് സർക്കാർ വിഭജിച്ചത്. അന്ന് ബ്രിട്ടീഷ് സർക്കാരിന് ഇങ്ങനെ വ്യതിരക്തമായ സ്വത്വവും ജീവിതരീതിയുമുള്ള വിഭാഗങ്ങളുടെമേൽ എങ്ങനെ അധികാരം ഉപയോഗിച്ച് നിയന്ത്രിക്കണമെന്ന് അറിയില്ലായിരുന്നു. മാത്രവുമല്ല ഇത്തരം ഗോത്രവർഗ്ഗങ്ങൾ അധിവസിക്കുന്ന കാടുകളിലും മലകളിലും എത്തിച്ചേരുന്നത് ഏറെ ദുഷ്ക്കരവുമായിരുന്നു. സ്വാതത്ര്യലബ്ധിക്കു ശേഷവും ഭരണകൂടത്തിന് ഏകതാനമായ രീതിയിൽ നിയമ സംവിധാനങ്ങളും ഭരണവും നടപ്പാക്കാൻ കഴിയാതിരിക്കുക മാത്രമല്ല, ഗോത്രജനതയുടെ ജീവിതത്തിന്റെ പ്രാധാന്യത്തെ ആധുനിക ജനാധിപത്യ മാനദണ്ഡങ്ങൾ ഉപയോഗിച്ച് മനസിലാക്കാനും സാധിക്കാതെ പോകുന്നുണ്ട്. അങ്ങനെ ഭരണകൂടങ്ങളുടെ മറവിയും അവഗണനയും ആദിവാസി വിഭാഗങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടു. അതിന്റെ ഒരു ഉദാഹരണമാണ് ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതിയിലൂടെ പഞ്ചായത്തീരാജ് നിയമം നടപ്പിലാക്കിയപ്പോൾ ഷെഡ്യൂൾ ചെയ്ത പ്രദേശങ്ങൾ ഉൾപ്പെടാതെ പോയത്. തുടർന്നാണ് 1994 ൽ ദിലീപ്സിങ് ഭൂരിയ അധ്യക്ഷനായ കമ്മറ്റിയുടെ ശുപാർശയെ തുടർന്ന് പരമ്പരാഗത ഗ്രാമസഭകളിലൂടെ സ്വയം ഭരണം ഉറപ്പാക്കുന്നതിനായി The Provisions of the Panchayats (Extension to Scheduled Areas) Act, 1996, PESA നിയമം ആർട്ടികൾ 244(1) പ്രകാരം അഞ്ചാമത്തെയും ആറാമത്തെയും ഷെഡ്യൂളുകളിൽപ്പെട്ട പ്രദേശങ്ങളെ ഉൾപ്പെടുത്തുന്നത്.
അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കലിനപ്പുറം
മുത്തങ്ങയിൽ 2003 ഫെബ്രുവരിയിൽ നടന്ന സമരത്തിന് ശേഷം വന്നതാണ് തലമുറകളായി വനങ്ങളിൽ താമസിക്കുന്ന പട്ടികവർഗക്കാർക്കും മറ്റ് പരമ്പരാഗത വനവാസികൾക്കും വനഭൂമി സുസ്ഥിരമായ രീതിയിൽ ജീവനോപാധിക്കായി ഉപയോഗിക്കാനും സംരക്ഷിക്കാനും അവകാശം നൽകുന്ന കേന്ദ്ര വനാവകാശ നിയമം, 2006. ഇതുകൂടാതെ കേരള പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഭൂമി കൈമാറ്റ നിയന്ത്രണത്തിലും അന്യാധീനപ്പെട്ട ഭൂമി പുനഃസ്ഥാപിക്കാനും വേണ്ടിയുള്ള 1975 ൽ കേരളം നിയമസഭ പാസാക്കിയ നിയമവും അത് ഭേദഗതി ചെയ്ത 1999 ലെ നിയമവും വേറെയും നിലനിൽക്കുന്നുണ്ട്. ഈ നിയമങ്ങളും ഭരണഘടന ആദിവാസികൾക്ക് അംഗീകരിച്ച് കൊടുത്തിട്ടുള്ള അവകാശങ്ങളും ശരിയായ രീതിയിൽ നടപ്പാക്കാത്ത ഒരു സംസ്ഥാനമാണ് കേരളം. കൂടാതെ1950-കളിൽ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്‌കരണവും 1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ്) നിയമവും സംസ്ഥാനത്തെ ഭൂരഹിതരായ ആദിവാസികൾക്ക് പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. കൂടാതെ 1996 ലെ പെസ (PESA) നിയമവും കേരളസർക്കാർ നടപ്പാക്കിയിട്ടില്ല. ആദിവാസികളുടെ സ്വയംഭരണം എന്ന അവകാശത്തെ കാലാകാലങ്ങളായി നിഷേധിച്ച ചരിത്ര പശ്ചാത്തലത്തിൽ വേണം ഇന്ന് മുത്തങ്ങ സമരം വെറും അന്യാധീനപ്പെട്ട ഭൂ അവകാശത്തിന് വേണ്ടി ആദിവാസികൾ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ അതിക്രമിച്ചു കടക്കുകയായിരുന്നില്ല എന്ന് വിലയിരുത്താൻ.
കൂടാതെ ആദിവാസി ഭൂമി പ്രശനം ഒരു ക്ഷേമ പരിപാടിയായിട്ടാണ് മാറിമാറി വന്ന സർക്കാരുകൾ കാണുകയും ബഹുജന സമക്ഷം പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. 1970 കളുടെ ഭൂപരിഷ്ക്കരണത്തിനു മുൻപും അതിനു ശേഷവും സ്വാതന്ത്യാനന്തര കേരളത്തിലെ ആദിവാസി വിഭാഗത്തിന്റെ ഭൂമിയുടെ പ്രശ്‌നത്തെ ഭരണഘടനാപരമായ അവകാശമായി പരിഗണിക്കാത്ത സംസ്ഥാനമാണ് കേരളം. കുടിയാന്മാരുടെയും ഇതര വിഭാഗങ്ങളുടെയും ഒക്കെ ഭൂമി പ്രശ്നം പരിഹരിക്കാൻ ഇടപെട്ട സർക്കാരുകൾ ജന്മിത്തത്തിനു അറുതി വരുത്തി കേരള വികസന മാതൃകയായി അതിനെ വിശദീകരിച്ചപ്പോൾ, ആദിവാസി ഭൂമി പ്രശ്‌നത്തെ കേവലം മിച്ചഭൂമി വിതരണ പ്രശ്നത്തിലേക്ക് ഒതുക്കുകയാണ് ഉണ്ടായത്. “ആദിവാസി ഗോത്രമഹാസഭയെ തകർക്കുക എന്നത് കോൺഗ്രസിലെ ഒരു വിഭാഗത്തിലെയും ഇടതുപക്ഷത്തിന്റെ ഒരു ഗൂഢപദ്ധതിയും ആയിരുന്നു. ഉമ്മൻചാണ്ടി , മുരളീധരൻ, സുധാകരൻ എല്ലാം ഒറ്റക്കെട്ടായിരുന്നു. പുനരധിവാസ മിഷൻ അനാവശ്യമാണെന്ന് അന്നത്തെ പട്ടികജാതി-പട്ടിക വകുപ്പ് മന്ത്രി എം.എ കുട്ടപ്പനെക്കൊണ്ട് അവർ നോട്ട് എഴുതിച്ചു. ഇത്തരത്തിൽ വനംവകുപ്പും റവന്യൂ വകുപ്പും ചേർന്ന് ട്രൈബൽ മിഷൻ അട്ടിമറിക്കപ്പെടുന്നു എന്ന് വന്നപ്പോൾ ആണ് മുത്തങ്ങ സമരം ഉണ്ടാവുന്നത്.” ഗീതാനന്ദൻ പറയുന്നു.
ആദിവാസികളുടെ മുത്തങ്ങ
മുത്തങ്ങ പ്രദേശം 1914 ലെ ബ്രിട്ടീഷ് സർക്കാരിന്റെ ഒരു ഉത്തരവിൽ കാട്ടുനായ്ക്കർക്കും പണിയ സമുദായക്കാർക്കും പാരമ്പര്യ അവകാശം ഉണ്ടെന്നു പറയുന്നു. കൂടാതെ 1974 ലെ Vesting and Assignment Act പ്രകാരം നിക്ഷിപ്ത വനഭൂമിയായ 12000 ഏക്കർ ഭൂമി മുത്തങ്ങയിൽ ഉണ്ട്. മാധവ മേനോൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരം അതിന്റെ 50 ശതമാനം ഭൂമി ആദിവാസികൾക്ക് അവകാശപ്പെട്ടതാണ്. ആദിവാസികൾ കയ്യേറുമ്പോൾ 14 വർഷമായി ആ ഭൂമിയിൽ ബിർളയ്‌ക്ക് യൂക്കാലി നടാൻ കൊടുത്ത പാട്ടക്കരാർ പുതുക്കാതെ കിടക്കുകയായിരുന്നു. നീലഗിരി ബിയോസ്ഫിയർ, വന്യജീവി സംരക്ഷണ നിയമം, റിസേർവ് ഫോറെസ്റ് നിയമങ്ങൾ പ്രകാരം ആയിരുന്നു അന്ന് അതിക്രമിച്ചു കടന്നതിന്റെ പേരിൽ കേസ് എടുത്തത്. എന്നാൽ കേന്ദ്ര സർക്കാരിലേക്ക് ഈ ഭൂമി റിസേർവ് വനമായി പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള കത്ത് മാത്രമാണ് വനം വകുപ്പിന് കോടതിയിൽ തെളിവായി ഹാജരാക്കാൻ കഴിഞ്ഞുള്ളു. ഇതുകൊണ്ടാണ് കേസ് തള്ളി പോയതെന്നും അല്ലാതെ സർക്കാർ ഔദാര്യം കാട്ടി കേസുകൾ പിൻവലിക്കുകയായിരുന്നില്ല എന്നും മുത്തങ്ങ സമരനായിക സി.കെ ജാനു വിശദീകരിക്കുന്നു. കൂടാതെ വനം വകുപ്പിന്റെ എല്ലാ റെക്കോർഡിലും ‘പ്ലാന്റേഷൻ’ എന്നാണ് ഉണ്ടായിരുന്നത് എന്നും അതിൽ ഏതൊക്കെ റിസേർവ് ഫോറസ്റ്റ് ആണെന്ന് വനം വകുപ്പിന് അപ്പോഴും അറിയുമായിരുന്നില്ല എന്നുമാണ് കേസിന്റെ വിചാരണ വേളയിൽ മനസിലായത് എന്നും എം ഗീതാനന്ദൻ പറയുന്നു. സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യം ഇങ്ങനെ ഒരു ഭൂമിയിൽ നിന്നും ആദിവാസികളെ ഒഴിപ്പിക്കാൻ ഒരു ചർച്ച പോലും നടത്താതെ എന്തിനു പോലീസ് അവിടെ എത്തി എന്നുള്ളതാണ്. ആർക്കൊക്കെയായിരുന്നു അതിനുള്ള തിടുക്കം?
‘ജിമ്മി’ൽ മുങ്ങിയ സർക്കാരും പുഴ സംരക്ഷിച്ച ആദിവാസികളും
ആദിവാസികൾ മുത്തങ്ങയിൽ കുടിൽ കെട്ടിയ നാളുകളിൽ സർക്കാർ ഒരു വൻ ധന സമാഹരണത്തിന്റെ തിരക്കിലായിരുന്നു. 2003 ജനുവരിയിലാണ് ആഗോള നിക്ഷേപ സമാഹരണം (GIM) കൊച്ചിയിൽ നടന്നത്. അതുകഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴാണ് ഒരു ഒത്തുതീർപ്പു ചർച്ചയ്ക്കുപോലും മുൻകൈ എടുക്കാതെ പോലീസ് നടപടിയിലേക്ക് മുത്തങ്ങ എത്തുന്നത്. “2003 ൽ കൊച്ചിയിൽ നടന്ന GIM ൽ മുത്തങ്ങ ഭൂമി ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ബഹുരാഷ്ട്ര കമ്പനിക്ക് വിൽക്കാൻ വെച്ചതായിരുന്നു. ഞങ്ങൾ അവിടെ സമരം നടത്തിയതുകൊണ്ടാണ് അത് നടക്കാതെ പോയത്. അല്ലെങ്കിൽ ഇന്ന് ആ ഭൂമി അവിടെ ഇങ്ങനെ ഉണ്ടാവില്ലായിരുന്നു. മുത്തങ്ങ വനത്തിനുള്ളിൽ നിങ്ങൾ പോയിട്ടുണ്ടോ? അവിടെ കാക്കയ്ക്ക് ഇരിക്കാൻ ഒരു മരംപോലും ഇല്ല. തരിശു ഭൂമിയാണ്. പുറത്തുമാത്രമാണ് കുറെ ഇല്ലിക്കൂട്ടങ്ങൾ ഉള്ളത്. യൂക്കാലി വച്ച് തന്നെ കാട് നശിച്ചു പോയിരുന്നു. അവിടെ മാമനാഹല്ല എന്ന ഒരു നദി ഉണ്ടായിരുന്നു. അതെല്ലാം വറ്റി വരണ്ടിരിക്കുകയായിരുന്നു. ആന വെള്ളം കിട്ടാതെ കൊമ്പുകൊണ്ടു കുത്തി കുഴിയാക്കി വച്ചിരിക്കുകയായിരുന്നു. ഞങ്ങൾ ആദ്യം ചെയ്ത് നീരുറവയെ പിടിച്ചുനിർത്തുന്ന കൈത ആ തോടിന്റെ അരികിൽ വച്ച് പിടിപ്പിക്കുന്ന പണി ആണ്. അവിടുത്തെ സ്വാഭാവിക വനത്തെ തിരിച്ചുകൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിച്ചത്. വനം വകുപ്പ് യൂക്കാലി വച്ച് പിടിപ്പിച്ച് നശിപ്പിച്ച സ്ഥലമാണത്. സോഷ്യൽ ഫോറെസ്ട്രിയുടെ പേരിൽ കോടിക്കണക്കിനു രൂപ യു.എൻ വഴിയൊക്കെ ഇപ്പോഴും ലഭിക്കുന്നുണ്ട്. വനം മാഫിയയ്ക്ക് ഞങ്ങൾ വന്നത് വലിയ തടസമായി. ഞങ്ങളെ കുടിയിറക്കിയില്ലായിരുന്നു എങ്കിൽ മുത്തങ്ങ വനമായി തിരിച്ചു വന്നേനെ.” സി.കെ ജാനു പറയുന്നു.
പിൻവലിക്കപ്പെട്ട വനം കേസുകൾ
മുത്തങ്ങയിൽ നടന്ന പോലീസ് വെടിവെപ്പിനെ തുടർന്ന് പന്ത്രണ്ട് കേസുകളാണ് ആദിവാസികൾക്കെതിരെയും മറ്റുള്ളവർക്കെതിരെയും ഉണ്ടായിരുന്നത്. അതിൽ ആറ് ഫോറസ്റ്റ് ഒഫൻസ് കേസുകൾ (ഒഫൻസ് റിപ്പോർട്ട്) അറുന്നൂറോളം ആളുകളുടെ പേരിൽ ഉണ്ടായിരുന്നു. വന്യജീവി സംരക്ഷണനിയമം അനുസരിച്ചുള്ള മാൻവേട്ട നടത്തിയെന്ന കേസ് ഉൾപ്പെടെ ആദ്യം രണ്ടു ഫോറസ്റ്റ് കേസുകൾ തള്ളിപ്പോയിരുന്നു. പിന്നീട് വന്യജീവി സങ്കേതത്തിൽ കൈയേറി മരങ്ങൾ നശിപ്പിച്ചു എന്ന കേസും നിലനിന്നില്ല. അനധികൃതമായി അതിക്രമിച്ചു കടന്നു എന്നുള്ളതും തെളിയിക്കാൻ പറ്റിയില്ല. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ ബാക്കി ഫോറസ്റ്റ് കേസുകളും പിൻവലിക്കുകയും ഫലത്തിൽ 2006 ആകുമ്പോഴേക്കും ആറ് വനം കേസുകളും ഇല്ലാതാവുകയും ആയിരുന്നു. സർക്കാരും പൊതുസമൂഹവും ആദിവാസികൾക്കെതിരെ ഉയർത്തിയ ഏറ്റവും ഗൗരവമുള്ള കുറ്റം അവർ ഒരു സംരക്ഷിത വനപ്രദേശത്ത് അതിക്രമിച്ചു കടന്നു എന്നുള്ളതാണ്. അതാണല്ലോ പ്രാഥമികമായും അവർ ചെയ്ത കുറ്റം. അവർ അന്ന് നടത്തിയത് നിയമലംഘനം ആയിരുന്നെങ്കിൽ ന്യായമായും ആ കുറ്റത്തിന് അവർ ശിക്ഷിക്കപ്പെടേണ്ടതല്ലേ? അപ്പോൾ മാത്രമല്ലേ കുടിയിറക്കാനുള്ള പൊലീസ് നടപടിയെ സാധൂകരിക്കാൻ കഴിയൂ?
സംശയാസ്പദമായ ‘കാട്ടുതീ’
ഫെബ്രുവരി 17 ന് രാവിലെ മുത്തങ്ങയിൽ തീപടർന്നു. അത് ശ്രദ്ധയിൽപെട്ട ആദിവാസികൾ തെരച്ചിൽ നടത്തുകയും വനം വകുപ്പിന്റെ വാച്ചർമാർ ഉൾപ്പടെയുള്ള 22 പേരടങ്ങുന്ന സംഘത്തെ പലയിടങ്ങളിൽ നിന്നായി പിടിക്കുകയും ചെയ്തു. അവരുടെ ജീപ്പിൽ പെട്രോളും ഉണങ്ങിയ ആന പിണ്ഡവുമുണ്ടായിരുന്നു. അവരെ ആദിവാസികൾ തടഞ്ഞുവച്ചു, തീ വച്ചതു തങ്ങളാണെന്ന് സമരക്കാരോട് ചിലർ സമ്മതിക്കുകയും ചെയ്തു. ജില്ലാകളക്ടർ വന്നു കുറ്റവാളികളുടെ പേരിൽ കേസെടുക്കാമെന്നുള്ള ഉറപ്പിലാണ് അവരെ ആദിവാസികൾ വിട്ടയച്ചത്. എന്നാൽ പിറ്റേ ദിവസം അവർ ആദിവാസികൾ തീയിട്ടത് തടയാൻ ‘കൗണ്ടർ ഫയർ’ എന്ന രീതി ഉപയോഗിക്കുകയായിരുന്നു എന്നും അവരെ ആദിവാസികൾ അന്യായമായി ബന്ദി ആക്കി എന്നും പരാതി നൽകി ആദിവാസികൾക്കെതിരെ കേസെടുക്കുകയുമായിരുന്നു. ആ കേസ് ഇപ്പോഴും തുടരുന്നു. മുത്തങ്ങയിലേക്കു പോലീസ് നടപടി ഉണ്ടാകുന്നതിനു മുൻപ് നടന്ന ഈ സംഭവത്തിന് ഏറെ ഗൗരവമുണ്ട്. ആരാണ് കാട്ടിൽ തീയിട്ടത് എന്ന് സി.ബി.ഐ പോലും അന്വേഷിച്ചില്ല.
‘കുടിയൊഴിപ്പിക്കൽ നാട്ടുകാർക്ക് വേണ്ടി’
കാട്ടിൽ തീയിട്ടത്തിന്റെ പേരിൽ തടഞ്ഞുവച്ച ആളുകളെ മോചിപ്പിക്കാൻ എത്തിയ വയനാട് ജില്ലാ കളക്റ്റർ കെ ഗോപാലൻ അടുത്ത ദിവസം നടക്കുന്ന കുടിയൊഴിപ്പിക്കലിനെക്കുറിച്ച് ഒരു മുന്നറിയിപ്പ് പോലും അവർക്കു നൽകിയിരുന്നില്ല. എന്തിനായിരുന്നു ഈ കാര്യം രഹസ്യമായി വച്ചത്? ഫെബ്രുവരി 17 ന് നടന്ന തീവെപ്പും, ആദിവാസി ഗോത്ര മഹാസഭ അത് ചെയ്തു എന്ന് ആരോപിച്ച് പ്രദേശവാസികളെയും ഫോറസ്റ്റ് വാച്ചർമാരും അടക്കമുള്ള ആളുകളെ തടഞ്ഞുവച്ച സംഭവവും സമരത്തെ എതിർത്ത പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ പാർട്ടികളും സർക്കാരും ആദിവാസികളെ ഏതുവിധേനയും കുടിയൊഴിപ്പിക്കാനുള്ള അവസരമായി കരുതി എന്നുവേണം കരുതാൻ. അതിനെ സാധൂകരിക്കുന്നതാണ് അന്നത്തെ ജില്ലാ കലക്ടര്‍ കെ ഗോപാലന്റെ വാക്കുകൾ. തലേദിവസം യാതൊരു ബലപ്രയോഗവുമില്ലാതെ സമാധാനപൂർവ്വം ആദിവാസികൾ തടഞ്ഞുവച്ച ആളുകളെ മോചിപ്പിക്കാൻ കഴിഞ്ഞ പശ്ചാത്തലത്തിൽ എന്തിനാണ് പോലീസ് അടുത്ത ദിവസം അവിടെ സായുധരായി പോയി നടപടിയിലേക്കു നീങ്ങിയതെന്ന ചോദ്യത്തിന് കലക്ടര്‍ നൽകിയ മറുപടി ഇതായിരുന്നു. “അയൽക്കാരെ ബന്ദികളാക്കിയതിനാൽ പ്രദേശവാസികൾ രോഷാകുലരായി. അവർ എന്റെ കാർ തടഞ്ഞുനിർത്തി ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ആ സമയത്ത് സർക്കാർ ഒഴിപ്പിക്കലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.” എത്ര ലളിതം! നാട്ടുകാരുടെ ഇച്ഛയ്ക്കനുസരിച്ചു പ്രവർത്തിച്ച ഒരു സർക്കാർ ! (https://frontline.thehindu.com/other/article30216156.ece)
ബന്ദിയാക്കലും പോലീസ് വെടിവയ്പ്പും
ഫെബ്രുവരി 19 ന് നടന്ന പോലീസ് നടപടിയിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. കെ.എ.പി കണ്ണൂർ ബറ്റാലിയനിലെ വിനോദ് എന്ന പോലീസുകാരനും ജോഗി എന്ന ആദിവാസിയും. ജോഗിയുടെ മരണം ഇപ്പോഴും അസ്വാഭാവിക മരണം എന്ന് രേഖപ്പെടുത്തി യാതൊരു അന്വേഷണവും നടത്താതെ സർക്കാർ ഫയലിൽ അനാഥമായി കിടക്കുന്നു. രാവിലെ നടന്ന പോലീസ് വെടിവെപ്പിന് ശേഷം വിനോദ് അടങ്ങുന്ന പോലീസുകാരേയും ഒരു ഡി.എഫ്.ഒയെയും ആദിവാസികൾ ഉൾക്കാട്ടിൽ ബന്ദിയാക്കി എന്നതാണ് പോലീസ് കേസ്. അവരെ മോചിപ്പിക്കാനാണ് വൈകുന്നേരം കൂടുതൽ പോലീസ് എത്തി രണ്ടാമത്തെ വെടിവെപ്പ് നടത്തേണ്ടി വന്നതെന്ന് പോലീസ് പറയുന്നു. വൈകുന്നേരത്തെ വെടിവെപ്പ് സമയത്താണ് ജോഗിയും വിനോദും കൊല്ലപ്പെടുന്നത്. വിനോദിനെ കുത്തിക്കൊന്നു എന്ന കേസിൽ ഒന്നാം പ്രതിയാണ് എം ഗീതാനന്ദൻ. ആദിവാസി ഗോത്ര മഹാസഭ പറയുന്നത് ഒരു സംഘം പോലീസുകാർ റെയിഡ് നടത്തുന്നതിനിടയിൽ കാട്ടിൽ ഒറ്റപ്പെട്ടുപോയി എന്നും അവിടെ ഉണ്ടായിരുന്ന, മുദ്രാവാക്യം വിളിക്കുന്ന ആദിവാസികൾക്ക് നേരെ വെടി വയ്ക്കുകയും ആയിരുന്നു എന്നാണ്. തുടന്ന് നടന്ന സംഘർഷത്തിൽ വിനോദ് അടങ്ങുന്ന സംഘത്തിനും ആദിവാസികൾക്കും പരുക്കേറ്റു. അപ്പോൾ നിസ്സാരമായി പരുക്കേറ്റ വിനോദിനെയും മറ്റുള്ളവരെയും ആശുപത്രിയിൽ കൊണ്ടുപോകാൻ തായാറാകാതെ വൈകുന്നേരം വരെ പോലീസുകാർ കൂടുതൽ സേന എത്താൻ കാത്തിരുന്നു എന്നും അവർ പറയുന്നു. ഇനി പൊലീസ് പറയുന്നത് പോലെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കലാണ് നടന്നിട്ടുള്ളതെങ്കിൽ അവരെ മോചിപ്പിക്കാൻ എന്ത് മാർഗമാണ് പൊലീസ് ഉപയോഗിച്ചത്? വെടിവെപ്പ് അല്ലാതെ അവരെ മോചിപ്പിക്കാൻ പറ്റാത്ത അത്ര സായുധരായിരുന്നോ ആദിവാസികൾ?
“ഇനി ആദിവാസികൾ ഇങ്ങനെ ഒരു സമരം ചെയ്യരുത് എന്ന ലക്ഷ്യം സർക്കാരിനുണ്ടായിരുന്നു. ജാനുവിന്റെയും ഗീതാന്ദന്റെയും നേതൃത്വത്തിൽ ആർക്കും ഭൂമി കിട്ടരുത് എന്ന് എല്ലാ രാഷ്ട്രീയക്കാരും തീരുമാനിച്ചിരുന്നു. ആദിവാസികൾ ആവശ്യപ്പെട്ടപ്രകാരം രാവിലെ പരിക്കേറ്റ പൊലീസുകാരന് ചികിത്സ കൊടുത്തിരുന്നെങ്കിൽ അയാൾ മരിക്കുമായിരുന്നില്ല. ആംബുലൻസ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും അവിടെ ഉണ്ടായിരുന്നു. അയാൾക്ക് എന്തിനാണ് സഹപ്രവർത്തകർ ചികിത്സ നിഷേധിച്ചത്? ഞങ്ങൾ പൊലീസുകാരെ ബന്ദിയാക്കി വച്ചിരിക്കുന്നു എന്ന പ്രചരണം നടത്തിയത് എന്തിനായിരുന്നു? ചികിത്സ നൽകാൻ വനത്തിലെത്തിയാൽ ഡോക്ടർമാരും ബന്ദികളാക്കപ്പെടും എന്നുള്ള കള്ളപ്രചാരണം നടത്തിയത് എന്തിനായിരുന്നു? അത് വീണ്ടും വെടിവെപ്പിനുള്ള സാഹചര്യം ഉണ്ടാക്കാൻ വേണ്ടിയായിരുന്നില്ലേ?” നൂൽപുഴ പഞ്ചായത്തിലെ തിരുവണ്ണൂർ കോളനിയിലെ വി ബാലൻ ചോദിക്കുന്നു.
ഏകപക്ഷീയമായ അന്വേഷണങ്ങൾ
ഫെബ്രുവരി 19 ന് അവിടെ ആദിവാസികൾ നടത്തി എന്ന് പറയപ്പെടുന്ന അക്രമങ്ങളെപ്പറ്റി അന്വേഷിക്കുന്നതോടൊപ്പം പൊലീസ് അവിടെ എത്താനിടയായ സാഹചര്യം അന്വേഷിക്കപ്പെടേണ്ടതല്ലേ? അതുപോലെ തന്നെ അന്വേഷണ വിധേയമാക്കേണ്ടതാണ് ഫെബ്രുവരി 19 ന് ശേഷം കേരളത്തിലെ ആദിവാസി കോളനികളിൽ പൊലീസ് നടത്തിയ അതിക്രമങ്ങളും നിരപരാധികളുടെ അറസ്റ്റും തുടർന്നുള്ള പീഡനങ്ങളും. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ, 2003 ഫെബ്രുവരി 24-ന് കേരള സർക്കാർ ചീഫ് സെക്രട്ടറിയിൽ നിന്നും കേരള പോലീസ് ഡയറക്ടർ ജനറലിൽ നിന്നും റിപ്പോർട്ട് തേടി. പ്രതിഷേധക്കാർ ആണ് നിയമം ലംഘിച്ചുവെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിന് അവർ ഉത്തരവാദികളാണെന്നും ആരോപിച്ചു കേരളം നൽകിയ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ സ്വീകരിച്ചില്ല. ഡൽഹിയിലെ മനുഷ്യാവകാശ പ്രവർത്തക നിർമ്മല ദേശ്പാണ്ഡെയുടെ പരാതിയെ തുടർന്ന് ജസ്റ്റിസ് എ.എസ് ആനന്ദ് മുത്തങ്ങ സംഭവത്തിലേക്ക് എത്തിച്ച സംഭവങ്ങളും പൊലീസ് വെടിവെപ്പും മറ്റ് കാര്യങ്ങളും സി.ബി.ഐ പോലുള്ള ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷണ വിധേയമാക്കണം എന്ന് ഉത്തരവിറക്കി. എന്നാൽ ആന്റണി സർക്കാർ കൗശലപൂർവ്വം അതുവരെ ആദിവാസികൾക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്ന കേസുകൾ പ്രത്യേകിച്ച് കാരണംകൂടാതെ പെട്ടെന്ന് സി.ബി.ഐക്ക് വിടുകയും മനുഷ്യാവകാശ ലംഘനങ്ങൾ സി.ബി.ഐ അന്വേഷിക്കാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്തു. ദേശീയ വനിതാ കമ്മീഷൻ അന്വേഷണത്തിന്റെ ഭാഗമായി പൂർണ്ണിമ അദ്വാനി നൽകിയ ശക്തമായ റിപ്പോർട്ടും പട്ടികജാതി-പട്ടികവർഗ വകുപ്പ് കമ്മീഷൻ നൽകിയ മയപ്പെടുത്തിയ റിപ്പോർട്ടും, പീപ്പിൾസ് ജുഡീഷ്യൽ ഇൻക്വയറി കമ്മീഷൻ നൽകിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടും പാടെ അവഗണിക്കപ്പെട്ടു.
സി.ബി.ഐ കേസ് ഏറ്റെടുത്തതുകൊണ്ടു വയനാട് ഡയറ്റിൽ നിന്നും വിരമിച്ച അദ്ധ്യാപകൻ കെ.കെ സുരേന്ദ്രനും എം.കെ രാംദാസ് എന്ന മാധ്യമ പ്രവർത്തകനും കേസിൽ നിന്നും ഒഴിവാക്കപ്പെട്ടു. തുടർന്ന് അനധികൃത തടങ്കലിനും കസ്റ്റഡി പീഡനത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.കെ സുരേന്ദ്രൻ നടത്തിയ 17 വർഷം നീണ്ട പോരാട്ടത്തിന് ശേഷം അഞ്ച് ലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാരിനോട് 2021 ജനുവരിയിൽ കോടതി ഉത്തരവിട്ടു. സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിലെ അന്നത്തെ സബ് ഇൻസ്‌പെക്ടർ പി വിശ്വംബരനും സർക്കിൾ ഇൻസ്‌പെക്ടർ വി ദേവരാജും കസ്റ്റഡിയിൽ അദ്ദേഹത്തെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി. അതിനെതിരെ അപ്പീൽ നൽകിയിരിക്കുകയാണ് സർക്കാർ. “അന്ന് സി.പി.എം അടക്കം മുത്തങ്ങ സമരത്തിന് എതിരായിരുന്നു. പിന്നീട് വി.എസ് ഒക്കെ ഇടപെട്ടപ്പോഴാണ് ചെറിയ രീതിയിൽ അതിനു മാറ്റമുണ്ടാകുന്നത്. വയനാട് പ്രകൃതി സംരക്ഷണ സമിതിയൊക്കെ സമരത്തിനെതിരെ വൻ പ്രചാരണങ്ങളാണ് നടത്തിയത്. ഒരു സമരത്തിനെതിരെ രാഷ്ട്രീയപാർട്ടികളും പൊതുസമൂഹവും ഒറ്റക്കെട്ടായി നിൽക്കുന്നത് ഇതിന് മുൻപും പിൻപും ഉണ്ടായിട്ടുണ്ടാവില്ല. ആ സമയത്ത് ആദിവാസി സമരത്തെ അനുകൂലിച്ച ചുരുക്കം ചിലരിൽ ഒരാള് ആയിരുന്നു ഞാൻ. അതുകൊണ്ടാകാം മുത്തങ്ങ വെടിവെപ്പ് നടക്കുമ്പോൾ തിരുവനന്തപുരത്ത് ആയിരുന്ന എന്റെ പേരിൽ ക്രിമിനൽ കുറ്റം ചാർത്തി പോലീസ് കേസ് എടുത്തത്.” കെ.കെ സുരേന്ദ്രൻ പറയുന്നു. സർക്കാരിന് തിരിച്ചടിയായി എന്ന് പറയാവുന്ന മറ്റൊരു കാര്യം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കുട്ടികളെ ജയിലിലടച്ചതിനെതിരെ നൽകിയ റിപ്പോർട്ട് ആണ്. ഈ കേസിൽ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതിയിൽ നിന്നാണ് പിന്നീട് ഉത്തരവ് ഉണ്ടാവുന്നത്.
സ്വന്തം നാട്ടിൽ അഭയാർത്ഥികളാക്കപ്പെട്ടവർ
സ്വന്തം നാട്ടിൽ ആദിവാസി ജനത അഭയാർഥികളാവുകയും ഒരിക്കൽ അഭയാർഥികളായി വന്ന കുടിയേറ്റ ജനത ഏക്കർ കണക്കിന് ഭൂമി കൈവശപ്പെടുത്തി ഭൂവുടമസ്ഥരാവുകയും ആദിവാസികളെ കൂലിവേലക്കാരാക്കി മാറ്റുകയും കാഴ്ചയ്ക്ക് സാക്ഷിയായ സ്ഥലമാണ് വയനാട്. കുരുമുളക് പറിക്കാൻ 100 രൂപ കൂടുതൽ കൂലി ചോദിച്ച വയനാട് അമ്പലവയൽ നീർച്ചാൽ കോളനിയിലെ ആദിവാസി യുവാവ് ബാബുവിന്റെ മുഖത്ത് ചവിട്ടിയ വാർത്ത ഇക്കഴിഞ്ഞ ദിവസവും കേൾക്കേണ്ടി വന്നല്ലോ. സ്ഥിരമായി ജോലിക്ക് പോകുന്ന വീട്ടിൽനിന്ന് 600 രൂപയ്ക്ക് പകരം 700 രൂപ കൂലി ചോദിപ്പോൾ ഉടമയുടെ മകൻ മുഖത്ത് ചവിട്ടിയത്. ഇടക്കാലത്ത് നാണ്യവിളകൾക്ക് ലഭിച്ച ഉയർന്ന വിലയിലൂടെ ഭൂവുടമകൾ സമ്പന്നരായി മാറുകയും ഭൂരഹിതരായ ആദിവാസി ജനത പട്ടിണി ജീവിതം തുടരുകയും ചെയ്യുന്നു. ബാബുവിന്റേത് വയനാട്ടിൽ ഒരു ഒറ്റപ്പെട്ട സംഭവമല്ല.
നീതി തേടുന്ന ചില ചോദ്യങ്ങൾ
മുത്തങ്ങയിൽ നടന്ന മനുഷ്യകുരുതിയുടെ ഉത്തരവാദിത്വം അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിയിലും ആദിവാസികളെ പീഡിപ്പിച്ച പൊലീസുകാരിലും ഒതുക്കുന്നത് പ്രശ്നങ്ങളെ ലളിതവൽക്കരിക്കലാവും. മുത്തങ്ങയിൽ ആദിവാസികൾ കുടിൽ കെട്ടിയ സ്ഥലം തരിശായിരുന്നു എന്നറിയുന്ന, അവിടെ ബിർളയ്‌ക്കു വേണ്ടി നടത്തിയ യൂക്കാലി പ്ലാന്റഷൻ ജൈവവൈവിദ്ധ്യവും ജലശോഷണവും നടത്തിയെന്ന് അറിയുന്ന പരിസ്ഥിതി സ്നേഹികൾ എന്തിനായിരുന്നു ആദിവാസികൾക്കെതിരെ നിലകൊണ്ടത്? മുത്തങ്ങയിലെ ബിർള പ്ലാന്റഷൻ ഭൂമി തരിശായി കിടന്നപ്പോഴും അനാദിവാസി വിഭാഗങ്ങൾ ഫാം നടത്തിയപ്പോഴും വാറ്റു കേന്ദ്രങ്ങൾ തുടങ്ങിയപ്പോഴും എന്തുകൊണ്ട് വന സ്നേഹം ഉണർന്നില്ല? 2001 ലെ കുടിൽകെട്ടൽ സമരത്തിന്റെ ഭാഗമായി ഉണ്ടായ ട്രൈബൽ മിഷന്റെ പ്രവർത്തനങ്ങളെ അന്നത്തെ പട്ടികജാതി-പട്ടികവർഗ വകുപ്പ് അടക്കം എന്തിന് എതിർത്തു? അന്നത്തെ കരാർ പ്രകാരം ഇടുക്കിയിലെ മതികെട്ടാൻ മലയിൽ ആദിവാസികൾക്ക് ഭൂമി നൽകാനുള്ള ശ്രമങ്ങൾ അന്നത്തെ വനം വകുപ്പ് മന്ത്രി കെ സുധാകരനെ എന്തിന് അസ്വസ്ഥപ്പെടുത്തി? ആറളം ഫാമിൽ ആദിവാസികൾക്ക് ‘കണ്ണായ ഭൂമി’ അനുവദിച്ചു കൊടുക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ അന്നത്തെ എം.പി അബ്ദുള്ളക്കുട്ടിയെ പ്രേരിപ്പിച്ചതിന് പിന്നിലെ രാഷ്ട്രീയം എന്തായിരുന്നു? അടിയ സമുദായത്തിൽ നിന്നും സി.കെ ജാനു എന്ന സ്ത്രീ പ്രവർത്തക ഉയർന്നുവന്നതിനെയും മതേതരവും ജനാധിപത്യപരവുമായ ആദിവാസി ഗോത്രമഹാസഭ എന്ന പ്രസ്ഥാനം ഇടുക്കി അടക്കമുള്ള മലയോര മേഖലകളിൽ വലിയ സ്വാധീന ശക്തിയാകുന്നതിനെയും ഭയന്നത് ആരൊക്കെയായിരുന്നു? മുത്തങ്ങ വെടിവെപ്പിന് ശേഷം ഒറ്റക്കെട്ടായി കേരളത്തിലെ പത്രങ്ങൾ ആദിവാസി സമരത്തിനെതിരെ ഏകാഭിപ്രായത്തിൽ മുഖപ്രസംഗം എഴുതി ഐക്യപ്പെട്ടത് ഏതു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു? വന്യമൃഗ-വന സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ മുത്തങ്ങ സമരത്തിന് എതിരാകാൻ കാരണമെന്തായിരുന്നു? വെടിവെപ്പ് നടന്ന് നാല് ദിവസത്തോളം പണിയ, അടിയ, കാട്ടുനായക, ഊരാളി തുടങ്ങിയ ഏറ്റവും ദുർബല വിഭാഗങ്ങളിലുള്ളവരെ തിരഞ്ഞുപിടിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തത് ഏതു നിയമത്തിന്റെ പിൻബലത്തിലായിരുന്നു? എന്തുകൊണ്ട് ഭൂരിപക്ഷം സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും മുത്തങ്ങ സംഭവത്തിൽ കുറ്റകരമായ മൗനം അവലംബിച്ചു? (അന്ന് കേരളത്തിലെ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും ചേർന്ന് ആദിവാസി സമരത്തിനെതിരെ നൽകിയ സംയുക്ത പ്രസ്താവനയിൽ നിന്നും രണ്ടു ദിവസം കഴിഞ്ഞ് ഒ.വി വിജയൻ പിന്മാറുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു). സമരത്തിൽ പങ്കെടുത്ത ആദിവാസികൾ ഊരുകളിലേക്ക് പോകാൻ കഴിയാതെ അഭയാർഥികളായി അലഞ്ഞപ്പോൾ, അവരുടെ കൂരകളിൽ കഞ്ഞി വയ്ക്കാൻ പാത്രം പോലും ഇല്ലാതെ സാഹചര്യം വന്നപ്പോൾ കേരളത്തിന്റെ മനുഷ്യ കാരുണ്യം എന്തുകൊണ്ട് ആദിവാസി ഊരുകളിലേക്ക് ഒഴുകിയെത്തിയില്ല?
ഈ ചോദ്യങ്ങളിലൂടെയാണ് രണ്ട് പതിറ്റാണ്ട് പിന്നിട്ട മുത്തങ്ങ സമരത്തെക്കുറിച്ച് ഇന്ന് ഓർമ്മിക്കേണ്ടത്. എങ്കിൽ മാത്രമേ കുടിൽകെട്ടി സമരം ചെയ്ത ആദിവാസികളുമായി ആന്റണി സർക്കാർ ഉണ്ടാക്കിയ കരാർ എന്തുകൊണ്ട് നടപ്പിലാക്കിയില്ല എന്നും ആദിവാസികൾക്ക് എന്തുകൊണ്ട് മുത്തങ്ങയിൽ സമരം ചെയ്യേണ്ടി വന്നതെന്നും മനസ്സിലാക്കാൻ കഴിയൂ. എന്തുകൊണ്ടാണ് ആദിവാസികളുടെ നിൽപ്പ് സമരം പിന്നീട് ഉയർന്നുവന്നതെന്നും മരിയനാട് എസ്റ്റേറ്റ് പോലെയുള്ള നിരവധി ഭൂമികളിൽ ഇപ്പോഴും സമരം തുടരുന്നതെന്നും മനസ്സിലാക്കാൻ കഴിയൂ.