Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
മലേഷ്യയിലെ കബൂങ് ബാറു സുന്ഗയി നിപ എന്ന മേഖലയിലെ പന്നി കര്‍ഷകര്‍ക്കിടയില്‍ തീവ്രതയുള്ള രോഗവും വ്യാപകമരണവും വിതച്ച് പൊടുന്നനെ ഒരു അജ്ഞാതരോഗം പടർന്നുപിടിച്ചത് 1998 – 99 കാലഘട്ടത്തിലായിരുന്നു. മരണഭീതി വിതച്ച് വ്യാപിച്ച അജ്ഞാതരോഗാണുവിനെ തേടി മലേഷ്യയിലെ വൈദ്യശാസ്ത്ര ഗവേഷകനായിരുന്ന ലാം സായ് കിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രാന്വേഷണമായിരുന്നു നിപ വൈറസ് എന്ന പുതിയ രോഗകാരിയിലേക്ക് വെളിച്ചം വീശിയത്. കബൂങ് ബാറു സുന്ഗയി നിപ എന്ന സ്ഥലപ്പേരിൽ നിന്നാണ് പുതിയ വൈറസിന് നിപ എന്ന ആ പേര് കിട്ടുന്നത്.
രോഗാണുവിന്‍റെ പ്രകൃത്യാ ഉള്ള സംഭരണികളായ (റിസര്‍വോയര്‍) റ്റീറോപസ്
(Pteropus) എന്ന വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും, പന്നികളില്‍ നിന്ന് അവയുടെ പരിപാലകരായ കര്‍ഷകരിലേക്കുമായിരുന്നു മലേഷ്യയിൽ നിപ വൈറസ് പകർച്ച സംഭവിച്ചത്. കർഷകരിൽ മാത്രമല്ല, പന്നി കശാപ്പുശാലകളിൽ ജോലി ചെയ്യുന്നവരിലേക്കും വൈറസ് വ്യാപനമുണ്ടായി. മലേഷ്യയിൽ 1998 സെപ്‌റ്റംബർ മുതൽ 1999 മെയ് വരെ നീണ്ടുനിന്ന ശാസ്ത്രചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെതും ഏറ്റവും വലുതുമായ നിപ വ്യാപനത്തിൽ 250 ഓളം ആളുകൾക്ക് രോഗമുണ്ടാവുകയും 105 പേർ മരിക്കുകയും ചെയ്തു. അതെ വർഷം സിംഗപ്പൂരിലും നിപ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത രോഗബാധയേറ്റ പന്നികളുടെ കശാപ്പ് / മാംസ സംസ്കരണ ജോലികളിൽ ഏർപ്പെട്ട തൊഴിലാളികളിലായിരുന്നു സിംഗപ്പൂരിൽ നിപ കണ്ടെത്തിയത്.
മലേഷ്യയിൽ 1998-99 കാലഘട്ടത്തിൽ നിപ വൈറസ് ആദ്യമായി എങ്ങനെ മനുഷ്യരിലേക്കെത്തി എന്ന ചോദ്യത്തിന് ഉത്തരം തേടിയ ശാസ്ത്രപഠനങ്ങൾ വനനശീകരണം, കാലാവസ്ഥാവ്യതിയാനം എന്നീ രണ്ട് ഉത്തരങ്ങളിലാണ് ഒടുവിലെത്തിയത്. നിപ വൈറസ് രോഗം കണ്ടെത്തിയതിന് തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ കൃഷിക്കും പള്‍പ്പിനും വേണ്ടി വന്‍തോതിലായിരുന്നു മലേഷ്യയില്‍ വനനശീകരണം നടന്നത്. വനം കൈയ്യേറ്റവും നശീകരണവും വനങ്ങളിലെ മഹാമരങ്ങളിൽ ചേക്കേറി ജീവിച്ചിരുന്ന പഴംതീനി വവ്വാലുകളുടെ ആവാസവ്യവസ്ഥയെ ബാധിച്ചു എന്നാണ് മലേഷ്യയിലെ നിപ ബാധയെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ കണ്ടെത്തിയത്. വനനശീകരണത്തിന് പുറമെ ആ കാലയളവില്‍ എൽനിനോ എന്ന കാലാവസ്ഥാ പ്രതിഭാസം കാരണമായുണ്ടായ വരള്‍ച്ചയും പഴംതീനി വവ്വാലുകളുടെ ജീവിതം ദുസ്സഹമാക്കി.
ആവാസകേന്ദ്രവും (റൂസ്റ്റിങ്) ആഹാരസ്രോതസ്സും നഷ്ടമായ റ്റീറോപസ് വലിയ പഴംതീനി വവ്വാലുകൾ തീരപ്രദേശങ്ങളിൽ നിന്നും വെട്ടിത്തെളിക്കപ്പെട്ട വനങ്ങളില്‍ നിന്നും പുതിയ വാസസ്ഥാനങ്ങൾ തേടി നാട്ടിന്‍പുറങ്ങളിലെ പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലേയ്ക്ക് കൂട്ടമായി പ്രാണരക്ഷാർത്ഥം പലായനം ചെയ്യുകയും അവിടെയുള്ള വലിയ ഫലവൃക്ഷങ്ങളിൽ അഭയം തേടുകയുമുണ്ടായി. അതുവരെ വവ്വാലുകളുടെ ശരീരത്തിൽ നേരിയ അളവിൽ ആർക്കും ഒരു ഉപദ്രവവും ഏൽപ്പിക്കാതെ സഹവർത്തിത്വത്തോടെ പാർത്തിരുന്ന അനേകം വൈറസുകളിൽ ഒന്നായ നിപ വൈറസുകൾ, ആഹാരവും ആവാസവും നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായി. പലായന ഭീതിയിൽ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞ വവ്വാലുകളിൽ വൈറസ് എളുപ്പം പെരുകി. വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ഉമിനീർ, ശുക്ലം എന്നീ സ്രവങ്ങളിലൂടെയെല്ലാം വിനാശകാരികളായ വൈറസുകൾ പുറത്തെത്തി. ഒരേ ചുറ്റുപാടിൽ നേരിട്ടും അല്ലാതെയും സമ്പർക്കമുണ്ടാവുകയും വവ്വാലുകൾ കടിച്ചുപേക്ഷിച്ച പഴങ്ങൾ പന്നികൾ ആഹാരമാക്കുകയും ചെയ്തതോടെ വവ്വാലുകളിൽ നിന്നും നിപ വൈറസുകൾ വളർത്തുപന്നികളിലേക്ക് എത്തുകയും പിന്നീട് മനുഷ്യരിലേക്ക് പകരുകയുമാണുണ്ടായതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശിലെ മെഹർപൂർ ജില്ലയിൽ നിപ വൈറസ് രോഗം കണ്ടെത്തിയത് 2001-ൽ ആയിരുന്നു. ഏറെ താമസിയാതെ ബംഗ്ലാദേശിലെ നിരവധി ജില്ലകളിലേക്ക് രോഗം പടർന്നു. തൊട്ടടുത്ത വർഷങ്ങളിലും ബംഗ്ലാദേശിൽ പലയിടങ്ങളിലായി നിപ പൊട്ടിപ്പുറപ്പെടുകയുണ്ടായി. 2012 മാർച്ച് വരെ ബംഗ്ലാദേശിൽ 263 പേരെയാണ് രോഗം ബാധിച്ചത്. വൈറസ് ബാധിച്ചവരിൽ 75 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങി. ഇന്ത്യയിൽ ആദ്യമായി നിപ പൊട്ടിപ്പുറപ്പെട്ടത് 2001-ൽ പശ്ചിമബംഗാളിലെ സിലിഗുരിയിൽ ആയിരുന്നു. 71 പേരെ വൈറസ് ബാധിക്കുകയും 50 പേർ മരണമടയുകയും ചെയ്തു. പശ്ചിമബംഗാളിലെ നാദിയയിൽ 2007-ൽ 30 പേർക്ക് നിപ രോഗബാധയുണ്ടാവുകയും വൈറസ് 5 പേരുടെ ജീവൻ കവരുകയുമുണ്ടായി. നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്ന ബംഗ്ലാദേശിലെയും പശ്ചിമ ബംഗാളിലെയും ഈ പ്രദേശങ്ങൾ ഇന്നറിയപ്പെടുന്നത് നിപ ബെൽറ്റ് എന്ന പേരിലാണ്.
വീണ്ടും രോഗഭീതി; കേരളത്തിൽ നിപയുടെ നാലാം വരവ്
കേരളത്തിൽ ഇത് നാലാം തവണയാണ് നിപ വൈറസ് പൊട്ടിപ്പുറപെടുന്നത്. ഇതിൽ മൂന്ന് രോഗബാധകളും കോഴിക്കോട് ജില്ലയിൽ തന്നെയായിരുന്നു. ജില്ലയിലെ മലയോര മേഖലയായ ആയഞ്ചേരി, മരുതോങ്കര എന്നിവിടങ്ങളിലാണ് ഇത്തവണ രോഗബാധ. രണ്ടുപേരുടെ ജീവൻ ഇതിനധികം നിപ കവർന്നു കഴിഞ്ഞു. നിലവിൽ മറ്റ് മൂന്ന് പേർ രോഗം സ്ഥിരീകരിച്ച് ത്രീവ ചികിത്സയിലാണ്. രോഗികളുമായി സമ്പർക്കം സംശയിക്കുന്ന നൂറുകണക്കിന് ആളുകൾ രോഗനിരീക്ഷണത്തിലാണ്. നിപ രോഗം കോവിഡ് 19 പോലെ വളരെ വേഗത്തിൽ ആളുകളിൽ നിന്ന് ആളുകളിലേക്ക് പടർന്ന് പിടിക്കുന്ന രോഗമല്ല എന്നത് ആശ്വാസകരമാണ്. രോഗിയുമായുള്ള വളരെ അടുത്ത ഇടപഴകൽ വഴി അവരുടെ ശരീര സ്രവങ്ങളുമായി സമ്പർക്കം ഉണ്ടാവുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ രോഗ സാധ്യതയുള്ളൂ. രോഗത്തിന്റെ പകർച്ച നിരക്ക് വളരെ കുറവാണെങ്കിലും രോഗബാധയേറ്റവരിൽ രോഗലക്ഷണങ്ങളുടെ തീവ്രതയും
മരണസാധ്യതയും കൂടുതലാണ് എന്നതാണ് നിപയുടെ അപകടം.
2018- ലാണ് സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2018 മേയ് 2 മുതൽ 29 വരെ ഉണ്ടായ ആദ്യ നിപ തരംഗത്തിൽ 23 പേർക്ക് വൈറസ് ബാധിക്കുകയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി ഉൾപ്പെടെ 21 പേർക്ക് ജീവൻ നഷ്ടമാവുകയുമുണ്ടായി, തൊണ്ണൂറ്റിരണ്ട്‍ ശതമാനത്തോളമായിരുന്നു രോഗബാധയേറ്റവർക്കിടയിൽ അന്ന് മരണനിരക്ക്. ലബോറട്ടറി പരിശോധനകളിലൂടെ രോഗം സ്ഥിരീകരിച്ചത് 18 പേർക്കാണ്. അതുകൊണ്ട് ഔദ്യോഗിക കണക്കിൽ 18 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്.
തൊട്ടടുത്ത വർഷം വീണ്ടും കേരളത്തിൽ നിപ രോഗം കണ്ടെത്തി. എറണാകുളത്തെ 23 വയസുള്ള ഒരു യുവാവിനായിരുന്നു ഇത്തവണ രോഗബാധ. മുൻവർഷത്തോളം തീവ്രമായില്ലെന്ന് മാത്രമല്ല, രോഗം ഒരാളിൽ മാത്രം ഒതുക്കി നിർത്താനും രോഗബാധയേറ്റ യുവാവിന്റെ ജീവൻ രക്ഷിക്കാനും നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് സാധിച്ചു. കോവിഡ് മഹാമാരിക്കെതിരായ അതിജീവന പോരാട്ടം തുടരുന്ന ഘട്ടത്തിലാണ് ഇരട്ടപ്രഹരമായി 2021, സെപ്തംബറിൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിൽ നിപ വൈറസിന്റെ മൂന്നാം വരവുണ്ടായത്. കൂടുതൽ വ്യാപനം തടഞ്ഞുകൊണ്ട് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചെങ്കിലും പന്ത്രണ്ട് വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ ജീവൻ നിപ കവർന്നു. നിപയുടെ മൂന്നാം വരവ് പോലെ ഇപ്പോൾ കോഴിക്കോട് ജില്ലയിലുണ്ടായ നിപയുടെ നാലാം പൊട്ടിപ്പുറപ്പെടൽ സംഭവിച്ചതും സെപ്തംബർ മാസം തന്നെയാണ് എന്ന സാമ്യതയുണ്ട്.
രോഗവ്യാപനത്തിന്റെ വഴി
വൈറസ് വാഹകരായ വവ്വാലിൽ നിന്ന് നേരിട്ട് മനുഷ്യരിലേക്ക്, വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും അവയിൽ നിന്ന് മനുഷ്യരിലേക്ക്, രോഗബാധിതരായ മനുഷ്യരിൽ നിന്ന് അടുത്ത സമ്പർക്കം വഴി വിവിധ സ്രവങ്ങളിലൂടെ മനുഷ്യരിലേക്ക് എന്നിങ്ങനെ മൂന്ന് തരത്തിലാണ് നിപ വൈറസ് രോഗസംക്രമണ സാധ്യതയുള്ളത്.
വവ്വാലുകളിൽ നിന്നും നിപ വൈറസുകൾ ഇടനിലയായി നിന്ന പന്നികളിലൂടെ മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മലേഷ്യയിലും സിംഗപ്പൂരും മാത്രമാണ്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഇതുവരെ ഉണ്ടായ നിപ രോഗബാധകളിൽ ഒന്നും തന്നെ വവ്വാലിനും മനുഷ്യർക്കുമിടയിൽ വൈറസിനെ വ്യാപിക്കാൻ ഇടനിലയായി ഒരു ജീവിയുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ഇവിടങ്ങളിൽ ഉണ്ടായിട്ടുള്ള ഒന്നാമത്തെ (ഇൻഡക്സ്) നിപ രോഗബാധകൾ എല്ലാം തന്നെ വവ്വാലുകളിൽ നിന്നും മനുഷ്യരിലേയ്ക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ പകർന്നതാണെന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങൾ വിലയിരുത്തുന്നത്. കേരളത്തിൽ കോഴിക്കോടും എറണാകുളത്തും 2018, 2019, 2021 വർഷങ്ങളിൽ ഉണ്ടായ രോഗബാധകളിൽ ഒന്നും തന്നെ ആദ്യ രോഗിയ്ക്ക് (ഇൻഡക്സ് കേസ്) എവിടെ നിന്ന്, എങ്ങനെ വൈറസ് ബാധയുണ്ടായി എന്ന കാര്യം കൃത്യമായി സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
തുടർച്ചയായി നിപ പൊട്ടിപ്പുറപ്പെടാൻ കാരണം എന്ത് ? അറിയണം മുന്നറിയിപ്പ് നൽകിയ പഠനങ്ങൾ
കേരളത്തിൽ നിപ വൈറസ് മനുഷ്യനിലേക്ക് കടന്നുകയറിയ വഴി കൃത്യമായി ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം വലിയ തോതിലുണ്ടെന്നത് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒട്ടേറെ നമുക്ക് മുന്നിലുണ്ട്. ഇത് തന്നെയാവാം തുടർച്ചയായി നിപ പൊട്ടിപ്പുറപ്പെടാനുള്ള കാരണവും. 2018 -ല്‍ കോഴിക്കോട് നിപ പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട മേഖലയിൽ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) ഗവേഷണസംഘം പഠനം നടത്തിയിരുന്നു. ആദ്യം രോഗം കണ്ടെത്തിയ വ്യക്തിയുടെ വീടിന്‍റെ പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം. വൈറസ് സാന്നിധ്യ പരിശോധനയില്‍ പത്തൊന്‍പത് ശതമാനം വവ്വാലുകളിൽ നിന്നുള്ള സാംപിളുകളിൽ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഈ വവ്വാലുകളിൽ നിന്നുള്ള സാംപിളുകളിലെയും നിപ രോഗികളിൽ നിന്നും ശേഖരിച്ച സാംപിളുകളിലേയും വൈറസുകൾ തമ്മിലുള്ള സാമ്യം 99 –100 ശതമാനം ആയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം എന്ന നിഗമനത്തിലേയ്ക്ക് ഗവേഷകർ എത്തിയിരുന്നു. വൈറസിന്‍റെ റിസര്‍വോയറുകളായ റ്റീറോപസ് എന്ന വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും, പ്രത്യേകിച്ച് അവയുടെ പ്രജനനം കൂടുതൽ നടക്കുന്ന ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇനിയും രോഗപ്പകര്‍ച്ച ഉണ്ടാവാൻ ഇടയുണ്ടെന്ന മുന്നറിയിപ്പും ഗവേഷകർ അന്നേ നൽകിയിരുന്നു. റ്റീറോപസ് ജൈജാന്റിക്കസ് എന്ന ഏക പഴംതീനി വവ്വാൽ കൂട്ടമാണ് റ്റീറോപസ് വിഭാഗത്തിൽ നിന്നായി ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ളത് എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം.
എറണാകുളത്ത് 2019- ല്‍ രോഗം കണ്ടെത്തിയപ്പോഴും സമാനമായ പഠനം നാഷണല്‍ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകയായ പ്രാഖ്യ യാദവിന്‍റെ നേതൃത്വത്തിലുള്ള ഐ.സി.എം.ആർ സംഘം നടത്തിയിരുന്നു. രോഗബാധയേറ്റ യുവാവിന്റെ എറണാകുളത്തുള്ള വീടിനും, യുവാവ് പഠിച്ചിരുന്ന ഇടുക്കിയിലെ കോളേജിന്‍റെയും ചുറ്റുമുള്ള 5 കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ നിന്ന് വവ്വാലുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചായിരുന്നു ഗവേഷണം.
എറണാകുളത്തെ തുരുത്തിപുരം, ആലുവ, വാവക്കാട്, ഇടുക്കി ജില്ലയിലെ തൊടുപുഴ, മുട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് പഠനത്തിനായി പ്രധാനമായും സാംപിളുകള്‍ ശേഖരിച്ചത്. ഇതില്‍ തൊടുപുഴയില്‍ നിന്ന് ശേഖരിച്ച ഒരു പഴംതീനി വവ്വാലിന്‍റെ ശരീരസ്രവത്തില്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തൊടുപുഴയില്‍ നിന്ന് തന്നെ ശേഖരിച്ച രണ്ട് വവ്വാലുകളുടെയും ആലുവയില്‍ നിന്ന് ശേഖരിച്ച മറ്റൊരു വവ്വാലിന്‍റെയും ആന്തരിക അവയവങ്ങളിൽ വൈറസ് സാന്നിധ്യം ഉള്ളതായി കണ്ടെത്തിയിരുന്നു. തൊടുപുഴ, ആലുവ, തുരുത്തിപുരം, വാവക്കാട് തുടങ്ങിയ നാലിടങ്ങളില്‍ നിന്ന് ശേഖരിച്ച പഴംതീനി വവ്വാലുകളുടെ സിറം സാംപിളില്‍ നിപ വൈറസിനെതിരായ ഇമ്മ്യൂണോഗ്ലോബലിനുകളുടെ (Anti-NiV Ig G antibodies ) സാന്നിധ്യം 21 ശതമാനം വരെയായിരുന്നു. ഇത് അവയുടെ ശരീരത്തിൽ വൈറസ് ബാധയുണ്ടായിരുന്നു എന്നതിലേക്ക് വിരല്‍ചൂണ്ടുന്നു.
2021 സെപ്തംബറിൽ കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഐ.സി.എം.ആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍.ഐ.വി. (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി) സംഘം വവ്വാലുകളെ ശേഖരിച്ച് വൈറസ് പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ആദ്യഘട്ട ഫലം പുറത്തുവന്നപ്പോൾ സമീപ മേഖലയായ താമരശ്ശേരിയില്‍ നിന്നും ശേഖരിച്ച പഴംതീനി വവ്വാൽ ഇനങ്ങളായ ടീറോപസ് വിഭാഗത്തില്‍പ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐ. ജി. ജി. (Ig. G.) ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
കേരളത്തിൽ റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ശ്വാനമുഖന്മാരായ പഴംതീനി വവ്വാലുകളിൽ ആദ്യമായിട്ടാണ് നിപ സാന്നിധ്യത്തിന്റെ സൂചന ലഭിച്ചത്. വവ്വാലുകളിൽ വൈറസിന് എതിരായ ആന്റിബോഡികൾ കണ്ടെത്തിയത് അവയിൽ വൈറസ് സാന്നിധ്യമുള്ളതിന്റെ കൃത്യമായ തെളിവാണ്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിൽ ഉണ്ടായ നിപ രോഗബാധയിൽ വൈറസിന്റെ പ്രഭവ കേന്ദ്രം വവ്വാലുകൾ തന്നെയാണന്ന നിഗമനത്തിലേക്കാണ് ഗവേഷകർ എത്തിയത്.
കേരളത്തില്‍ പല ജില്ലകളിലും പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നും വവ്വാലുകൾക്കിടയിൽ നിശബ്ദമായ വ്യാപനം നടക്കുന്നുണ്ടാവാമെന്നുമുള്ള നിഗമനത്തിലാണ് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ സംഘം ഒടുവിലെത്തിയത്. മാത്രമല്ല, കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസുകള്‍ ബംഗ്ലാദേശിലും, ബംഗാളിലും കണ്ടെത്തിയ വൈറസുകളില്‍ നിന്ന് വകഭേദമുള്ളതാണെന്ന നിരീക്ഷണവും വൈറസിന്റെ ജനിതക ശ്രേണികരണ പഠനത്തിലൂടെ ഗവേഷകര്‍ നടത്തിയിട്ടുണ്ട്.
നിലവിൽ നിപയുമായി ബന്ധപ്പെട്ട് ബംഗ്ലദേശ്, മലേഷ്യ വകഭേദങ്ങൾ മാത്രമാണുള്ളത്. കേരളത്തിൽ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടനയും ബംഗ്ലദേശ് വകഭേദത്തിന്റെ ജനിതകഘടനയും തമ്മിൽ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യൻ വകഭേദവുമായി 8.24 ശതമാനം വ്യത്യാസമുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ വവ്വാലുകളില്‍ നിശബ്ദമായി സംക്രമണം ചെയ്യുന്ന നിപ വൈറസ് വകഭേദം നിപ വൈറസ് ഇന്ത്യ സ്ട്രയിൻ (I) (NiV strain -India (I) ) ആണെന്ന അനുമാനവും ഗവേഷകർ പങ്കുവെച്ചിട്ടുണ്ട്.
വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പഠനം നടത്തേണ്ടതും നിരീക്ഷണ, ജാഗ്രത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതാണെന്നുമുള്ള മുന്നറിയിപ്പും രണ്ടുവര്‍ഷം മുന്നെ തന്നെ ഗവേഷകര്‍ നല്‍കിയിട്ടുള്ളതാണ്. കേരളത്തിൽ കാണപ്പെടുന്ന 33 ഇനം വവ്വാലുകളിൽ ഏഴിനം വവ്വാലുകൾ വൈറസ് വാഹകരാമെന്ന ഈയിടെ പുറത്തുവന്ന മറ്റൊരു പഠനറിപ്പോർട്ടും ഈ അവസരത്തിൽ പ്രസക്തമാണ്. മലേഷ്യയിലും ബംഗ്ലാദേശിലും നടത്തിയ പഠനത്തിലാണ് ഈയിനം വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ പഴംതീനി വവ്വാലുകളിൽ മാത്രമാണ് കേരളത്തിൽ ഇതുവരെ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റ് ഇനത്തിൽ പെട്ട വവ്വാലുകളെ പിടികൂടി പഠനം നടത്തിയാൽ മാത്രമേ കേരളത്തിൽ കൂടുതൽ ഇനം വവ്വാലുകളിൽ വൈറസ് സാന്നിധ്യം ഉണ്ടോ എന്നതിൽ സ്ഥിരീകരണം സാധ്യമാവൂ.
ഐ.സി.എം.ആറിൻറ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയതായി ഈയിടെ പുറത്തുവന്ന റിപ്പോർട്ടും അനുബന്ധമായി അറിയേണ്ടതുണ്ട്. വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യത്തെ പറ്റിയുള്ള ശാസ്ത്രീയ കണ്ടെത്തലുകൾ വവ്വാലുകളുടെ സാന്നിധ്യമുള്ള പരിസ്ഥിതിയിൽ ഇടപെടുമ്പോൾ കൂടുതൽ കരുതൽ വേണമെന്നും നമ്മെ ഓർമിപ്പിക്കുന്നു.
പശ്ചിമഘട്ടമേഖലകളിൽ ഇടപെടുമ്പോൾ ജാഗ്രത വേണം
ഇതുവരെ നടന്ന ഗവേഷണപഠനങ്ങളെല്ലാം തന്നെ നിപ വൈറസും വവ്വാലുകളുമായുള്ള സഹവർത്തിത്വത്തിന്റെയും നമ്മുടെ പരിസ്ഥിതിയില്‍ കാണപ്പെടുന്ന പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്‍റെ ഉയർന്ന സാന്നിധ്യമുള്ളതിന്റെയും തെളിവുകളും, നിപ പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പും നമുക്ക് നൽകുന്നുണ്ട്. നിപ വൈറസ് മാത്രമല്ല പരിണാമപരമായി തന്നെ മറ്റനേകം വൈറസുകളുടെ പ്രകൃത്യായുള്ള സംഭരണികളാണ് വവ്വാലുകൾ. എബോള അടക്കം മഹാമാരിയായി പടർന്ന പല പകർച്ച വ്യാധികളുടെയും വരവ് വവ്വാലുകളിൽ നിന്നായിരുന്നു. വവ്വാലുകളെ കൂട്ടമായി ഉന്മൂലനം ചെയ്ത് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ല എന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്. വവ്വാലുകളെ അവയുടെ ആവാസ കേന്ദങ്ങളിൽ നിന്ന് ഭയപ്പെടുത്തി അകറ്റുന്നതും വലിയ മരങ്ങൾ ഉൾപ്പെടെയുള്ള അവയുടെ വാസസ്ഥലങ്ങൾ നശിപ്പിക്കുന്നതും രോഗസാധ്യത കൂട്ടാൻ മാത്രമേ ഉപകരിക്കൂ. വവ്വാലുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ശ്രമിക്കുന്നതും കൂടുതൽ അപകടം ചെയ്യും. ഭയപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും വാസസ്ഥാനങ്ങൾ നശിപ്പിക്കുന്നതുമടക്കമുള്ള ഏതൊരു സമ്മർദ്ദവും വവ്വാലുകളിൽ വൈറസുകൾ പെരുകാനും അവയുടെ ശരീരസ്രവങ്ങളിലൂടെ പുറത്തുവരാനുമുള്ള സാധ്യതയും സാഹചര്യവും കൂട്ടും. ഇത് രോഗവ്യാപന സാധ്യത കൂട്ടും.
വവ്വാലുകളെ കൂട്ടമായി ഉന്മൂലനം ചെയ്യുന്ന നടപടി പ്രശ്നം കൂടുതൽ രൂക്ഷമാക്കുമെന്ന
വസ്തുതയെ ബലപ്പെടുത്തുന്ന ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. 2013 – ൽ ഗിനിയയിൽ എബോള പൊട്ടിപുറപ്പെട്ടപ്പോൾ വൈറസിന്റെ ഉൽഭവത്തെ കുറിച്ച് പഠിക്കാൻ എത്തിയ ഗവേഷകസംഘത്തോട് പ്രദേശത്തെ കുട്ടികൾ തങ്ങളുടെ ഗ്രാമത്തിൽ ഉണ്ടായിരുന്നതും അടുത്തിടെ തീയിട്ട് നശിപ്പിച്ചതുമായ ഒരു വലിയ മരത്തെ കുറിച്ചായിരുന്നു സംസാരിച്ചത്. വലുതും ചെറുതുമായ വവ്വാലുകൾ ധാരാളമായി ചേക്കേറി പാർത്തിരുന്ന ആവാസവ്യവസ്ഥകളിൽ ഒന്നായിരുന്നു ആ മഹാമരം. ആ മരം തീയിട്ട് നശിപ്പിച്ചതോടെ അതിൽ പാർത്തിരുന്ന വവ്വാലുകൾ വാസസ്ഥാനം നഷ്ടപെട്ട് പലവഴിക്കും പറന്നു. കുറെയെണ്ണം ചത്തുവീണു . ആഹാരവും അഭയസ്ഥാനവും നഷ്ടപ്പെട്ട് ശരീരസമ്മർദ്ദത്തിലായതും ചത്തുവീണതുമായ വവ്വാലുകളിൽ നിന്നും പുറത്തെത്തിയ എബോള വൈറസുകൾ മനുഷ്യരിലേക്ക് പകർന്നതും മനുഷൃരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന അതിതീവ്രരോഗമായി മാറി വൻകരയിലാകെ പടർന്നതും മഹാമാരിയായി രൂപം പൂണ്ടതും വളരെ വേഗത്തിലായിരുന്നു. അതുകൊണ്ടുതന്നെ വവ്വാലുകളെ ഉന്മൂലനം ചെയ്യുക എന്ന അപക്വ മാർഗങ്ങളല്ല നിപ പ്രതിരോധത്തില്‍ നമുക്ക് വേണ്ടത്. പരിസ്ഥിതിയുമായുള്ള ഇടപെടലുകളില്‍ ജാഗ്രതയും കരുതലുമാണ് വേണ്ടത്. വവ്വാലുകളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വവ്വാലുകളുടെ വലിയ ആവാസവ്യവസ്ഥകൾ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടമേഖലകളിൽ ഇടപെടുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നതും ഈ അവസരത്തിൽ ഓർക്കണം.
വവ്വാലുകളുടെ ആവാസസ്ഥലങ്ങളില്‍ നിന്ന് അകലം പാലിക്കണം. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിലേയ്ക്കും അവ വിഹരിക്കുന്ന പ്രദേശങ്ങളിലേയ്ക്കുമുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഉപേക്ഷിക്കപ്പെട്ട കിണറുകൾ വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിൽ പ്രധാനമാണ്. ഇത്തരം കിണറുകളിൽ ഇറങ്ങുന്നത് ഒഴിവാക്കുക. വവ്വാലുകളുടെ ഉയര്‍ന്ന സാന്നിധ്യമുള്ള മേഖലകളില്‍ കന്നുകാലി, പന്നി ഫാമുകള്‍ നടത്തുന്നതും കന്നുകാലികളെ മേയാന്‍ വിടുന്നതും ഒഴിവാക്കുക. പരിക്കുപറ്റിയതോ ചത്തതോ ആയ വവ്വാലുകളെ ഒരു കാരണവശാലും കൈകൊണ്ട് തൊടരുത്. വവ്വാലുകളുമായും വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളുമായും ഇടപെടേണ്ടിവരുന്ന അടിയന്തിരസാഹചര്യങ്ങളിൽ കയ്യുറ, മാസ്ക് ഉൾപ്പെടെയുള്ള വ്യക്തി സുരക്ഷാമാര്‍ഗ്ഗങ്ങള്‍ മുഖ്യം. നിലത്തുനിന്ന് കിട്ടുന്ന പകുതി നശിച്ചതോ പോറലേറ്റതോ ആയ പഴങ്ങൾ ഉൾപ്പെടെ വവ്വാലുകളുമായി സമ്പർക്കത്തിൽ വന്നിരിക്കാൻ സാദ്ധ്യതയുള്ള പഴങ്ങൾ തീർച്ചയായും ഒഴിവാക്കുക. അത്തരം പഴങ്ങള്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കാതിരിക്കുക. വവ്വാൽ കടിച്ചുപേക്ഷിച്ചവയാവാൻ സാധ്യതയുള്ള പഴങ്ങൾ സ്പർശിക്കാതിരിക്കാനും ശ്രമിക്കേണ്ടതാണ്. അറിയാതെ സമ്പർക്കം ഉണ്ടായാൽ കൈ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക. സോപ്പിന്റെ രാസഗുണത്തിന് ഇരട്ട സ്തരമുള്ള ആർ.എൻ.എ വൈറസുകളിൽ ഉൾപ്പെട്ട നിപയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ചെടികളിൽ നിന്നും പറിച്ചെടുക്കുന്ന പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകി മാത്രം ഉപയോഗിക്കുക. ഈ ആരോഗ്യസുരക്ഷാ പാഠങ്ങൾ വീട്ടിലെ കുട്ടികളെ പ്രത്യേകം പറഞ്ഞ് മനസിലാക്കുക.
നിപ വരുമ്പോൾ മാത്രം ഉണരുന്ന പ്രതിരോധ സംവിധാനമല്ല വേണ്ടത്
ലോകപ്രശസ്ത സയൻസ് ജേണലായ നേച്ചറിൽ ഈയടുത്ത കാലത്ത് പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനം നിപ രോഗം ഉൾപ്പെടെ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യരോഗങ്ങൾ പൊട്ടിപുറപ്പെടാൻ സാധ്യത ഏറെയുള്ള ലോകത്തെ പ്രധാന ഹോട്ട്സ്പോട്ടുകളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ ഒരു പ്രദേശം കേരളമായിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളും ജന്തുജന്യ രോഗങ്ങളുടെ ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. കേരളത്തെ ജന്തുജന്യ രോഗങ്ങളുടെ ഹോട്ട്സ്പോട്ട് ആയി പരിഗണിക്കുന്ന പ്രസ്തുത ഗവേഷണ പഠനത്തിലെ നിരീക്ഷണങ്ങൾ എളുപ്പം തള്ളിക്കളയാവുന്ന സംഗതിയല്ല. മാത്രമല്ല, കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ പശ്ചിമഘട്ടമേഖലയിൽ ഒരു നിപ ബെൽറ്റ് നിലനിൽക്കുന്നെണ്ടെന്ന് ഇതുവരെ നടന്ന ഗവേഷണങ്ങൾ സൂചന നൽകുന്നു. ഈ വസ്തുതകളുടെ അടിസ്ഥാനത്തുള്ള നിപ പ്രതിരോധ മാതൃകയാണ് കേരളത്തിന് വേണ്ടത്.
രോഗം വരുമ്പോൾ മാത്രം ഉണരുന്ന രോഗപ്രതിരോധ സംവിധാനങ്ങൾ കൊണ്ട് ഈ പകർച്ചവ്യാധിക്കെതിരെ പോരാടാൻ നമുക്കാവില്ല. വവ്വാലുകളിൽ വൈറസ് സാന്നിധ്യമുള്ള ഹോട്ട്സ്പോട്ടുകൾ കണ്ടെത്തുന്നതിനും ഓരോ സീസണുകൾക്ക് അനുസരിച്ച് വൈറസ് സാന്നിധ്യത്തെ നിർണയിക്കുന്നതിനായുള്ള എപ്പിഡെമിയോളജി പഠനങ്ങൾക്ക് വലിയ പ്രാധാന്യം വരും നാളുകളിൽ നൽകണം. ഒപ്പം നിപ മനുഷ്യരിലേക്ക് എത്തിയ വഴി കണ്ടെത്താനുള്ള ഗവേഷണം ഊർജിതമാകണം. ഇന്ത്യയിൽ ഏറ്റവും ആദ്യം എപ്പിഡെമിക് കൺട്രോൾ സെൽ പ്രവർത്തനം തുടങ്ങിയത് 1980- കളിൽ കേരളത്തിലെ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ചാണ്. അതു കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. നിപ സാന്നിധ്യം ഇവിടെത്തന്നെയുണ്ടെന്നും ഇനിയും എപ്പോൾ വേണമെങ്കിലും രോഗം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കികൊണ്ടുള്ള ഒരു സ്ഥിരം പ്രതിരോധ സംവിധാനത്തിന് സംസ്ഥാനത്ത് തുടക്കം കുറിക്കണം. പഠനങ്ങളുടെ അടിസ്ഥാനത്തിൽ മുന്നറിയിപ്പുകളും ജാഗ്രത നിർദേശങ്ങളും സമയാസമയങ്ങളിൽ പൊതുജനങ്ങൾക്ക് നൽകണം. പ്രതിരോധവും ജാഗ്രതയും പുലർത്താൻ പൊതുസമൂഹത്തെ പ്രാപ്തമാക്കണം. വൈറസ് സാന്നിധ്യം കണ്ടെത്തുന്ന മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതും ഗുണകരമാണ്.
ഏകാരോഗ്യം: കേരളത്തിന് മുന്നേറാൻ ഏറെയുണ്ട്
നിപ ഉൾപ്പെടെയുള്ള ജന്തുജന്യരോഗങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ ഫലപ്രദമായി പ്രതിരോധിക്കാനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനും നമ്മുടെ ആരോഗ്യ സമീപനങ്ങളില്‍ നയപരമായ ഒരു മാറ്റം അനിവാര്യമാണ്. മനുഷ്യരില്‍ മാത്രം ഒരുങ്ങി നില്‍ക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യരോഗനിയന്ത്രണം സാധ്യമല്ല. നമുക്ക് ചുറ്റും അധിവസിക്കുന്ന ജീവജാലങ്ങളുടെയും, അവയുടെ ആവാസവ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് ജന്തുജന്യ രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. മനുഷ്യരുടെ ആരോഗ്യസുരക്ഷിതത്വം എന്നത് പ്രകൃതിയുടെയും മറ്റു ജീവജാലകങ്ങളുടെയും ആരോഗ്യവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വണ്‍ ഹെല്‍ത്ത് അഥവാ ഏകാരോഗ്യം എന്ന ആശയത്തിന്‍റെ സത്ത. നിർഭാഗ്യവശാൽ ഏകാരോഗ്യം എന്ന ആശയത്തെ ഫലപ്രാപ്തിയിൽ എത്തിക്കുന്നതിൽ നമ്മൾ ഇപ്പോഴും ഇഴയുകയാണ്. ഏകാരോഗ്യം എന്ന നവീനകാഴ്ചപ്പാടിനെ ഫലപ്രാപ്തിയിൽ എത്തിക്കാൻ വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനങ്ങളാണ് വേണ്ടത്.
ഹെൽത്ത് ഡിപ്പാർട്ട്മെന്റും വെറ്ററിനറി ഡിപ്പാർട്ട്മെന്റും നടത്തുന്ന സംയോജിതമായ ഇടപെടലുകൾ പലപ്പോഴും രോഗം പൊട്ടിപ്പുറപ്പെടുമ്പോൾ മാത്രമായി പരിമിതപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജന്തുജന്യ രോഗങ്ങൾ പൊതുജനാരോഗ്യത്തിന് നിരന്തരം ഭീഷണിയുയർത്തുമ്പോഴും മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ആരോഗ്യവകുപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ വെറ്ററിനറി പബ്ലിക്ക് ഹെൽത്ത് എന്ന ഒരു സംവിധാനം കേരളത്തില്ല. ആരോഗ്യ വകുപ്പുമായി സഹകരിച്ചുള്ള ഇടപെടലുകൾക്ക് വേണ്ടി വെറ്ററിനറി ഡോക്ടർമാരുടെ പ്രഫഷണൽ സംഘടനായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഉൾപ്പെടെ സംഘടനകൾ നിരന്തരം ഉന്നയിക്കുന്ന ഒരാവശ്യമാണ് വെറ്ററിനറി പബ്ലിക്ക് ഹെൽത്ത് രൂപീകരിക്കുക എന്നത്. ജന്തുജന്യ രോഗങ്ങൾ പ്രതിരോധിക്കാൻ മൃഗസംരക്ഷണവകുപ്പിന്റെ രോഗനിരീക്ഷണസംവിധാനം ആരോഗ്യവകുപ്പുമായി കൂടുതൽ സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. കാരണം വിനാശകാരികളായ ആളെക്കൊല്ലി വൈറസുകളെ പ്രതിരോധിക്കാൻ മുൻകരുതലിനെക്കാൾ മികച്ച മറ്റൊരു വഴി നമുക്ക് മുന്നിലില്ല.