Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഖനന ഭീതിയിൽ കേരളം – ഭാഗം 1
കാലംതെറ്റി പെയ്ത മഴ കേരളത്തെ വീണ്ടും ദുരിതക്കയത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. കോട്ടയം ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിന്റെ നടുക്കത്തിൽ പ്ലാപ്പള്ളി എന്ന ഗ്രാമം ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുകയാണ്. ഒരു ഡസനോളം പാറമടകൾ പ്രവർത്തിക്കുന്ന പ്രദേശത്തിനടുത്താണ് ഉരുൾപൊട്ടലുണ്ടായത് എന്ന വസ്തുത ദുരന്തത്തിന് ശേഷം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, വല്യേന്ത ഉൾപ്പെടെയുള്ള പരിസ്ഥിതി ലോലപ്രദേശ പ്രദേശങ്ങളിൽ നിരവധി പാറമടകളാണ് പ്രവർത്തിക്കുന്നത്. പാറമടകൾക്കെതിരെ പ്രദേശവാസികളുടെ സമരം നടന്നിരുന്ന സ്ഥലം കൂടിയായിരുന്നു കൊടുങ്ങ. പരിസ്ഥിതിലോലവും സംരക്ഷിക്കപ്പെടേണ്ടതുമായ പ്രദേശമാണ് ഇതെന്ന് ജൈവ വൈവിധ്യബോർഡ് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുമുണ്ടായിരുന്നു. പക്ഷെ അതുകൊണ്ടൊന്നും പാറമകളുടെ പ്രവർത്തനം നിലച്ചില്ല. കൂട്ടിക്കലിലേത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തുടനീളം സമാനമായ രീതിയിൽ എത്രയോ പാറമടകൾ. തുടർച്ചയായ ദുരന്തങ്ങൾ നൽകിയ പാഠങ്ങൾ സർക്കാരിനെ മാറ്റി ചിന്തിപ്പിച്ചു എന്ന് കരുതിയാൽ തെറ്റി. കേരളത്തിലെമ്പാടും റവന്യൂ പുറമ്പോക്ക് ഭൂമിയിൽ വലിയ തോതിൽ പാറമടകൾ തുടങ്ങാനുള്ള തീരുമാനം സർക്കാർ പിന്നോട്ടില്ല എന്നാണ് വ്യക്തമാക്കുന്നത്.
2021 ജൂലായ് 2ന് ഇറങ്ങിയ സർക്കുലർ പ്രകാരം പാറമടകൾക്ക് അനുയോജ്യമായ റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്തി ഖനനത്തിന് അതിവേഗ അനുമതി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സ്ഥലങ്ങൾ കണ്ടെത്തുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. നിലവിൽ സംസ്ഥാനത്തൊട്ടാകെ കണ്ടെത്തിയത് 2500 ഹെക്ടർ റവന്യൂ ഭൂമിയെന്നാണ് പ്രാഥമിക വിവരം. പാറഖനനത്തിന് ഭൂമി നിശ്ചയിച്ചാൽ ഉടൻ ഇ-ലേലം നടപടികൾ തുടങ്ങാനും സർക്കുലറിൽ പറയുന്നുണ്ട്. ലേലത്തിൽ ഏറ്റവും അധികം തുക കാണിക്കുന്നവർക്ക് എത്രയും വേഗം പാറഖനനം അനുവദിക്കാനാണ് തീരുമാനം. ഖനന മേഖലകളിൽ ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ക്വാറികളുടെ പ്രവർത്തനം തന്നെ പുനഃപരിശോധിക്കണമെന്ന ആവശ്യം നിലനിൽക്കുന്നതിനിടയിലാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെ ഓഫീസിൽ നിന്നും ഇത്തരത്തിൽ ഒരു സർക്കുലർ എല്ലാ ജില്ലാ കളക്ടർമാർക്കും പോകുന്നത്.
പാറമടകൾക്ക് അനുയോജ്യമായ റവന്യൂ പുറമ്പോക്ക് കണ്ടെത്താൻ തുടങ്ങിയാൽ കേരളം ഒട്ടാകെ പാറമടകൾ വ്യാപിക്കും. വേണ്ടത്ര പഠനങ്ങളോ ചർച്ചകളോ ഇല്ലാതെ 2021 ഡിസംബറിൽ തന്നെ പാറമടകൾക്ക് അനുമതി നൽകണം എന്നാണ് സർക്കാർ നിർദ്ദേശിക്കുന്നത്. സർക്കുലറിനെ തുടർന്ന് ഇടുക്കി, ആലപ്പുഴ ജില്ലകളൊഴികെ എല്ലാ ജില്ലകളിലും വലിയ മലകൾ പാറഖനനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ടെൻഡർ നടപടികളിലൂടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുകയാണ് ലക്ഷ്യമെന്ന് റവന്യൂ അധികൃതർ പറയുന്നു. എന്നാൽ മലകൾ തുരന്നെടുക്കാൻ വൻകിടക്കാർക്കുള്ള ബൈപ്പാസ് മാത്രമാണ് ടെൻഡർ നടപടി എന്ന വിമർശനം പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്നു. ഒരു ഹെക്ടറിലധികം വരുന്ന ഭൂമിയാണ് ഒരു പാറമടയ്ക്കായി കണ്ടെത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. ഒരു ഹെക്ടറിന് ഒരു വർഷത്തേക്ക് 10 ലക്ഷം രൂപയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്. 12 വർഷത്തെ പാറഖനനത്തിനാണ് ഭൂമി പാട്ടത്തിന് നൽകുക. ഒരു ഹെക്ടറിന് താഴെയാണ് ഭൂമിയെങ്കിൽ ഫീസ് നിശ്ചയിച്ച് ക്വാറി പെർമിറ്റ് നൽകും. മാനദണ്ഡങ്ങൾക്ക് വിധേയമായി സർക്കാരിലേക്ക് വരുമാനമെത്തുന്ന തരത്തിലാവും ക്വാറികളുടെ പ്രവർത്തനം ക്രമീകരിക്കുക എന്നും പറയുന്നു. ഖനനം ചെയ്‌തെടുക്കുന്ന ഓരോ ടൺ കരിങ്കല്ലിനും സർക്കാർ നിശ്ചയിച്ചിരിക്കുന്ന സീനിയറേജ് അടക്കണമെന്നും വ്യവസ്ഥയുണ്ട്. 12 വർഷത്തേക്കുള്ള പാട്ടത്തുക ഓരോ വർഷവും നിശ്ചിത തുകയായി ക്വാറി ഉടമകൾ അടക്കണം.
ഓരോ വില്ലേജിന് കീഴിലും ക്വാറികൾക്ക് അനുയോജ്യമായ സർക്കാർ ഭൂമി കണ്ടെത്തി അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർമാർക്ക് റവന്യൂ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. സെപ്തംബർ ആദ്യ ആഴ്ചയിൽ ഈ നിർദ്ദേശം എല്ലാ ജില്ലാ കളക്ടർമാർക്കും കൈമാറി. ഒരാഴ്ചയ്ക്കുള്ളിൽ ഭൂമി കണ്ടെത്തി റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. ഇതിനായി ജില്ലാ കളക്ടർമാരുടെ പ്രത്യേക സമിതിയും രൂപീകരിച്ചിരുന്നു. റവന്യൂ പുറമ്പോക്ക് ഭൂമിയിൽ എവിടെയെല്ലാം ഖനനം നടത്താമെന്ന് നിശ്ചയിക്കാൻ ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള സമിതിയേയും ചുമതലപ്പെടുത്തി. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ജില്ലാ ജിയോളജിസ്റ്റ്, തഹസിൽദാർ, താലൂക്ക് സർവേയർ, വില്ലേജ് ഓഫീസർ എന്നിവരടങ്ങുന്ന സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനനുസരിച്ച് ക്വാറി തുടങ്ങാനുള്ള നടപടികളുമായി മുന്നോട്ട് പോകാം. സ്വകാര്യ വ്യക്തികൾക്കോ കമ്പനികൾക്കോ ആറ് മാസത്തിനകം എതിർപ്പില്ലാ രേഖ (എൻ.ഒ.സി.) ലഭ്യമാക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ട് പോവണമെന്നാണ് ജില്ലാ റവന്യൂ അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കൃഷിയോഗ്യമല്ലാത്ത ഭൂമി ഇതിനായി കണ്ടെത്തണം. ഒരു ഹെക്ടറിൽ ഒന്നിച്ചുള്ള ഭൂമി ഖനനത്തിനായി പാട്ടത്തിന് നൽകുകയും ഒരു ഹെക്ടറിൽ താഴെയുള്ള ഭൂമിയിൽ ക്വാറികൾ നടത്താൻ പെർമിറ്റ് നൽകുകയും ചെയ്യാം.
മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളെ അഥവാ റെഡ് സോണുകളെ ഖനനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. 2016ലെ സ്‌റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ, 2014ൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയിരിക്കുന്ന മാപ്പിലെ ദുരന്ത സാധ്യതാ പ്രദേശങ്ങൾ എന്നിവ പരിശോധിച്ച് ഇത്തരം മേഖലകൾ തിരിച്ചറിയണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ, വനം, ഖനനം നിരോധിച്ചിരിക്കുന്ന സി.ആർ.ഇസെഡ് മേഖലകൾ എന്നിവയെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ 2016ന് ശേഷം ദുരന്തസാധ്യതാ മേഖലകളുടെ മാപ്പിങ്ങോ, ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാനോ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. 2016ന് ശേഷമാണ് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരന്തങ്ങൾക്ക് സാക്ഷിയായത്. കാലാവസ്ഥ പ്രവചനാതീതമായിത്തീരുകയും മഴയുടെ സ്വഭാവം മാറുകയും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും പതിവായിത്തീരുകയും ചെയ്തു. ‘ലാൻഡ് സ്ലൈഡ് പ്രോൺ സോൺ’ ആയി കേരളം മാറിയെന്ന് വിദഗ്ദ്ധർ തന്നെ തുടർച്ചയായി പറയുന്നു. എന്നിട്ടും 2014 ൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയിരിക്കുന്ന മാപ്പ് പരിശോധിച്ച് ദുരന്ത സാധ്യത മേഖലകൾ കണ്ടെത്താനും ആ മേഖലകളെ പാറമടകളിൽ നിന്നും ഒഴിവാക്കാനുമാണ് സർക്കാർ ഇപ്പോഴും നിർദ്ദേശിക്കുന്നത്.
ഉരുൾപൊട്ടലുകൾ പതിവായിത്തീരുന്ന കാഴ്ചയാണ് 2018 മുതൽ മൂന്ന് വർഷം തുടർച്ചയായി ഉണ്ടായത്. 2018ലെ പ്രളയത്തോടനുബന്ധിച്ച് മലപ്പുറം, കണ്ണൂർ, തൃശൂർ, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ വലിയ തോതിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളുമുണ്ടായി. ഇടുക്കി ജില്ലയിൽ പലയിടത്തായുണ്ടായ ഉരുൾപൊട്ടലുകളിൽ അന്ന് 60 പേരാണ് മരണമടഞ്ഞത്. കോഴിക്കോട് താമരശേരിയിൽ മല പൊട്ടിയൊലിച്ച് 14 പേരും മരിച്ചു. തൃശൂർ ജില്ലയിലെ കുറാഞ്ചേരിയിൽ 11 പേരുടെ മരണത്തിനും മലയിടിച്ചിൽ കാരണമായി. ജീവനെടുത്ത ഉരുൾപൊട്ടലുകളെ മാറ്റി നിർത്തിയാൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ തീവ്രമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളും ഉണ്ടായതായാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്ക്. ചെറുതും വലുതുമായ അയ്യായിരം ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും കുഴലീകൃത മണ്ണൊലിപ്പ് അഥവാ സോയിൽ പൈപ്പിങ്ങും 2018ലെ പ്രളയ കാലത്ത് മാത്രം ഉണ്ടായതായാണ് കണക്ക്. അന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ 1943 സ്ഥലങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ വർധിക്കുന്നതായി ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ 2010ലെ പഠന പ്രകാരം തന്നെ സംസ്ഥാനത്ത് 14.4 ശതമാനം മേഖലകൾ ഉരുൾപൊട്ടൽ ഭീഷണിയിലായിരുന്നു.
2019ൽ മലപ്പുറം കവളപ്പാറയും വയനാട് പുത്തുമലയിലും ഉണ്ടായ പ്രഹര ശേഷിയേറിയ ഉരുൾപൊട്ടലുകളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഔദ്യോഗിക കണക്ക് പ്രകാരം കവളപ്പാറയിൽ 59 പേരും പുത്തുമലയിൽ 17 പേരും മരണപ്പെട്ടു. 2018ലെ പ്രളയത്തിനും ഉരുൾപൊട്ടലുകൾക്കും ശേഷം ജി.എസ്.ഐ നടത്തിയ സർവേയിൽ അപകട സാധ്യതാ മേഖലകളിൽ പുത്തുമല ഉൾപ്പെടുന്ന വയനാട്ടിലെ മേപ്പാടിയും ഉണ്ടായിരുന്നു. 2019 ഓഗസ്റ്റിലെ പ്രളയ ദിവസങ്ങളിൽ കാസർകോഡ്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ചെറുതും വലുതുമായ ഉരുൾപൊട്ടലുകളുണ്ടായതായാണ് റവന്യൂ വകുപ്പിന്റെ തന്നെ കണക്ക്. അതിതീവ്രതയാർന്നതോ, തീവ്രതയാർന്നതോ ആയ ഏഴ് ഉരുൾപൊട്ടലുകളും നൂറ്റമ്പതിലധികം ചെറിയ ഉരുൾപൊട്ടലുകളും അതിതീവ്ര മഴ ലഭിച്ച ദിവസങ്ങളിൽ സംഭവിച്ചു. 2020ൽ രാജമല പെട്ടിമുടിയിൽ സംഭവിച്ച ഉരുൾപൊട്ടൽ കേരളത്തിന്റെ പരിസ്ഥിതി ദുർബലതയെക്കുറിച്ച് ഏറെ ആശങ്കയുയർത്തുന്ന ഒന്നായാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്. കൂട്ടിക്കലിലെയും കൊക്കയാറിലെയും ദുരന്തങ്ങൾക്ക് മുമ്പ് മനുഷ്യജീവനുകൾ നഷ്ടപ്പെടാത്ത വലുതും ചെറുതുമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും 2021 ലും ആവർത്തിച്ചിരുന്നു. ഇതിന്റെ കണക്കെടുത്തുവരികയാണ് റവന്യൂ ഉദ്യോഗസ്ഥർ. അതിനിടയിലാണ് പാറമടകൾ തുടങ്ങാൻ ആവശ്യമായ റവന്യൂ പുറമ്പോക്ക് കണ്ടെത്താനുള്ള ചുമതലയും അവർക്ക് കിട്ടിയിരിക്കുന്നത്. കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ സംഭവിച്ച ഉരുൾപൊട്ടലുകളേക്കാൾ കൂടുതലാണ് 2018 മുതൽ കേരളത്തിൽ ഉണ്ടായതെന്ന് ഉരുൾപൊട്ടലുകളെക്കുറിച്ച് ഗവേഷണം നടത്തിയ ഭൗമ ശാസ്ത്രജ്ഞനായ ഡോ. എസ് ശ്രീകുമാർ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഈ പഠനങ്ങളൊന്നും പരിഗണിക്കാതെയും ഒരു തുടർ പഠനവും നടത്താതെയുമാണ് സർക്കാർ ഇപ്പോൾ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ കൂടുതൽ പാറമടകൾ തുടങ്ങാൻ ഒരുങ്ങുന്നത്.
ആർ.ഡി.ഒ മാർ നൽകിയ ജില്ലാ കളക്ടർമാർക്ക് കൈമാറിയ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനമൊട്ടാകെ 2500ഓളം ഏക്കർ ഭൂമിയാണ് ഖനനത്തിന് അനുയോജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. അന്തിമലിസ്റ്റ് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നാണ് റവന്യൂ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം. ഈ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം അതത് ജില്ലാ കളക്ടർമാർ എൻ.ഒ.സി നൽകാനുള്ള ഇ-ടെൻഡർ നടപടികൾ തുടങ്ങും. പാരിസ്ഥിതിക പ്രശ്‌നങ്ങളുൾപ്പെടെ പഠിച്ചതിന് ശേഷം സുതാര്യമായാണ് എൻ.ഒ.സി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുപോവുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇത് കേരളത്തോട് തന്നെ ചെയ്യുന്ന വഞ്ചനയാണെന്ന് പരിസ്ഥിതി പ്രവർത്തകരും കാലാവസ്ഥാ വിദഗ്ദ്ധരും ശാസ്ത്രജ്ഞരും ഒരുപോലെ പറയുന്നു.
“റവന്യൂ പുറമ്പോക്ക് എന്ന് പറഞ്ഞാൽ കേരളത്തിലെ എല്ലാ മലകളും അതിൽ പെടും. അതിൽ ആദ്യം ഏത് ഉൾപ്പെടും എന്നത് മാത്രമേ ആലോചിക്കേണ്ടതുള്ളൂ. റവന്യൂ പുറമ്പോക്കുകൾ മുമ്പും ക്വാറികൾ നടത്താനായി അനുവദിച്ചിട്ടുണ്ട്. എന്നാൽ 12 വർഷം കൂടുതൽ വില നൽകുന്ന ഒരു മാഫിയയ്ക്ക് മല പാട്ടത്തിന് നൽകുമ്പോൾ ഒരു മല തീരാനുള്ള കാലയളവാണോ നിശ്ചയിച്ചിരിക്കുന്നത്? കേരളത്തിലെ മലകളിലേക്ക് പല വൻകിടക്കാരും കണ്ണുവച്ചിട്ട് നാളുകളായി. ടെൻഡർ വിളിച്ചാൽ എത്ര വിലകൊടുത്തും മലകൾ പാട്ടത്തിനെടുക്കാൻ അവർ വരും. എത്ര പണം ചെലവഴിച്ചാലും പതിന്മടങ്ങ് ലാഭം ഉണ്ടാക്കാവുന്ന സമ്പത്ത് ഉള്ളപ്പോൾ വൻകിടക്കാർ പറന്നെത്തും. ഒരു പാറ, താഴെ പൊട്ടിക്കുമ്പോൾ ഒരു എക്‌സ്‌പ്ലോഷനിൽ ഒരു ലോഡ് ആണ് കിട്ടുന്നതെങ്കിൽ മലകൾക്ക് മുകളിൽ അത് അമ്പത് ലോഡ് വരെ കിട്ടും. ചെറുപ്പുളശ്ശേരിയ്ക്കടുത്തുള്ള അനങ്ങൻ മല, അവിടെ മണ്ണില്ല. പാറക്കെട്ടുകൾ മാത്രമാണ്. സ്വകാര്യ ഭൂമിയിൽ വിലയ്ക്ക് വാങ്ങിയോ പാട്ടത്തിനെടുത്തോ പൊട്ടിച്ചിരുന്ന ക്വാറി ഉടമകൾക്ക് അനങ്ങൻമല പോലൊരു മല കിട്ടിയാൽ ചാകര കിട്ടിയത് പോലെയാണ്.” പരിസ്ഥിതി പ്രവർത്തകനായ ധർമ്മരാജ് പ്രതികരിക്കുന്നു.
കഴിഞ്ഞ വർഷം ക്വാറികൾക്ക് എൻ.ഒ.സി നൽകുന്നത് റവന്യൂ വകുപ്പ് നിർത്തിവച്ചിരുന്നു. സർക്കാർ ഭൂമിയിൽ ഖനനത്തിന് വ്യക്തമായ മാനദണ്ഡങ്ങളോ വ്യവസ്ഥകളോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു തീരുമാനം. നിബന്ധനയില്ലാതെ ആദ്യം അപേക്ഷ നൽകുന്നവർക്ക് ആദ്യം എന്ന രീതിയിൽ ഖനനാനുമതി നൽകുന്ന രീതിയായിരുന്നു തുടർന്നിരുന്നത്. ഇതിൽ മാറ്റം വരുത്തണമെന്നതായിരുന്നു റവന്യൂ വകുപ്പിന്റെ നിലപാട്. ഒരു സ്ഥലത്ത് ഖനനം സാധ്യമാണോ എന്ന് പരിശോധന വേണം, ഖനനം ആരംഭിച്ചാൽ അത് സമീപപ്രദേശങ്ങളേയും താമസക്കാരേയും ഏത് തരത്തിൽ ബാധിക്കുമെന്ന് വിലയിരുത്തണം, ഖനനം ആരംഭിച്ചാൽ കൃത്യമായ നിയന്ത്രണങ്ങൾ വേണം എന്നും വകുപ്പ് നിർദ്ദേശിച്ചു. ഇതെല്ലാം ഉൾപ്പെടുത്തി നിബന്ധനകൾ കൊണ്ടുവരുന്നത് വരെ അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിനായി അനുവദിച്ച ക്വാറികൾക്ക് മാത്രം ഖനനാനുമതി നൽകാനും തീരുമാനിച്ചിരുന്നു. പിന്നീട് സർക്കാർ ഭൂമിയിൽ ക്വാറികൾ അനുവദിക്കാനായി ടെൻഡർ വിളിക്കാനും മറ്റ് മാനദണ്ഡങ്ങൾ നിശ്ചയിക്കാനും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തീരുമാനിച്ചിരുന്നു. ഖനനം സാധ്യമായ റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്താൻ ഇതിന്റെ തുടർച്ചയായിട്ടാണ് വരുന്നത്.
പശ്ചിമഘട്ട മേഖലകളിലെ മഴയുടെ ഘടനയിൽ മാറ്റം വന്നത് സംബന്ധിച്ച് പല റിസർച്ച് ഏജൻസികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമഘട്ട മേഖലകളിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ദ ഇന്ത്യൻ നെറ്റ് വർക്ക് ഫോർ ക്ലൈമറ്റ് ചേഞ്ച് അസസ്മെന്റ് 2010 ൽ തന്നെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഊഷ്മാവിലും മഴയുടെ വിതാനത്തിലും ഘടനയിലും ഉണ്ടാവുന്ന മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു റിപ്പോർട്ട്. മഴയുടെ ഘടനയിൽ വന്ന മാറ്റം പലപ്പോഴും കാലാവസ്ഥാ നിരീക്ഷണ, ഗവേഷണ ഏജൻസികളടക്കം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ, റവന്യൂ പുറമ്പോക്ക് ഭൂമിയിൽ കൂടുതൽ പാറമടകൾ തുടങ്ങാനുള്ള തീരുമാനം തികച്ചും അശാസ്ത്രീയമാണ് എന്ന് കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ടി.വി സജീവ് പറയുന്നു. “ഭൂമിയുടെ ഉടമസ്ഥാവകാശം മുൻനിർത്തി ക്വാറികൾ അനുവദിക്കുന്നത് തെറ്റാണ്. ഉടമസ്ഥാവകാശം മാത്രം മാനദണ്ഡമാക്കി വച്ചുകൊണ്ടാണ് സർക്കാർ ഇപ്പോൾ ഈ തീരുമാനമെടുത്തിരിക്കുന്നത്. കേരളം പോലെ ജനസാന്ദ്രതയേറിയ, പാരിസ്ഥിതിക പ്രത്യേകതകളും പ്രശ്‌നങ്ങളും നേരിടുന്ന സ്ഥലത്ത് ഇത്തരത്തിൽ റാൻഡം സെലക്ഷൻ നടത്തി ക്വാറികൾ അനുവദിക്കുന്നത് അപകടമാണ്. സ്ഥലം ആരുടെ എന്നതല്ല പ്രധാനം അത് പാരിസ്ഥിതികമായി എത്രത്തോളം പ്രശ്‌നങ്ങൾ ഉണ്ടാക്കും എന്നതാണ് പ്രധാനം.”
കേരളത്തിലെ വൻകിട വികസന പദ്ധതികളായ വിഴിഞ്ഞം തുറമുഖം, കെ-റെയിൽ പദ്ധതികൾക്കായി ക്വാറി സോൺ ഉണ്ടാക്കാനാണ് സർക്കാർ നീക്കമെന്ന് പരിസ്ഥിതി പ്രവർത്തകനായ ജോൺ പെരുവന്താനം പറയുന്നു. “പുതുതായി കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങളിൽ ക്വാറികൾ തുടങ്ങുന്നതോടെ പശ്ചിമഘട്ടവും അതിനോട് ചേർന്നുള്ള പ്രദേശങ്ങളും തകർന്ന് തരിപ്പണമാവും. വടക്കൻ ജില്ലകൾ, പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, മലപ്പുറം ജില്ലകൾക്കാവും ഇതുവഴി കൂടുതൽ പ്രത്യാഘാതമുണ്ടാവുക. ടെൻഡർ വിളിക്കുന്നത് നടപടികൾ സുതാര്യമാക്കാനല്ല, മറിച്ച് അദാനിക്ക് വേണ്ടിയാണ്. വിഴിഞ്ഞത്ത് ലോഡ് ചെയ്ത കല്ലിൽ മുക്കാലും കടലിലേക്ക് പോയി. ഇപ്പോൾ ഇട്ടതിലും എത്രയോ ഇരട്ടി കല്ലുകൾ ഉണ്ടെങ്കിലേ വിഴിഞ്ഞം പൂർത്തിയാവൂ.”
നിലവിൽ സംസ്ഥാനത്ത് അയ്യായിരത്തിലധികം ക്വാറികളുള്ളതായാണ് കണക്ക്. ചെറുതും വലുതുമായ 5924 ക്വാറികളാണ് പലയിടങ്ങളിലായി പ്രവർത്തിക്കുന്നത്. ഇതിന് പുറമെയാവും റവന്യൂ പുറമ്പോക്കിൽ പാട്ടത്തിന് നൽകുന്ന ക്വാറികൾ. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി റിപ്പോർട്ട് പ്രകാരം ഒന്ന്, രണ്ട് പാരിസ്ഥിതിക ദുർബല മേഖലകളിൽ ഒരുകാരണവശാലും ക്വാറി പ്രവർത്തിക്കാൻ അനുവദിക്കരുതെന്നാണ് പറഞ്ഞിരുന്നത്. മൂന്നാമത്തെ പാരിസ്ഥിതിക ദുർബല മേഖലയിൽ കൃത്യമായ നിയന്ത്രണങ്ങളോടെ മാത്രം ക്വാറികൾ അനുവദിക്കാമെന്നും പറയുന്നു. ആ റിപ്പോർട്ട് പ്രകാരം പാരിസ്ഥിതിക ദുർബല മേഖലകളിലെ ക്വാറികളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ഇ എസ് സെഡ് ഒന്നിൽ 1486 ക്വാറികളും, ഇ എസ് സെഡ് രണ്ടിൽ 169-ഉും, ഇ എസ് സെഡ് മൂന്നിൽ 1667 ക്വാറികളും. അതീവ പാരിസ്ഥിതിക ദുർബല മേഖലകളിൽ പോലും 665 ക്വാറികൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട് പറയുന്നു.
“പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിന് നിങ്ങൾ കരുതും പോലെ യുഗങ്ങൾ ഒന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി.” മാധവ് ഗാഡ്ഗിൽ 2013ൽ പങ്കുവച്ച ആശങ്ക 2018ന് ശേഷം നിരന്തരം ആവർത്തിക്കേണ്ടി വരുകയാണ്. പക്ഷെ, ഭരിക്കുന്നവർ മാത്രം തുടർച്ചയായി അത് കേൾക്കാതെ പോവുകയാണ്.
(തുടരും)