Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ശബരിമല യുവതിപ്രവേശനവും വഴിയിലുപേക്ഷിച്ച ‘നവോത്ഥാന’വും
കേരളീയം അന്വേഷണ പരമ്പര -2
“ആചാരങ്ങളില്‍ ചിലത് ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് നവോത്ഥാന നായകര്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്.” 2018 ഒക്ടോബര്‍ 16ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തോട് വിളിച്ചു പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച വിശദീകരണ യോഗത്തിലെ 72 മിനിറ്റ് നീണ്ട മുഖ്യമന്ത്രിയുടെ പ്രസംഗം ചരിത്ര ഏടുകളില്‍ കുറിക്കേണ്ടതാണെന്ന് പലരും വാഴ്ത്തി, വിലയിരുത്തി. നവോത്ഥാന നായകരായ അയ്യങ്കാളിയേയും ശ്രീനാരായണഗുരുവിനെയും പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം പുരുഷാധിപത്യ-ജാതിമേധാവിത്ത കേരളത്തെ പൊളിച്ചെഴുതാനുള്ള ഒരു മാറ്റത്തിന്റെ ആഹ്വാനമായി ചിലരെങ്കിലും കണക്കാക്കി. “ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും.” എന്ന അയ്യങ്കാളിയുടെ വാക്കുകള്‍ക്കും “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന് 1888 ഫെബ്രുവരി 20ന് ശിവരാത്രി നാളില്‍ അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് നാരായണഗുരു നടത്തിയ ചരിത്രപരമായ പ്രസംഗത്തിനുമൊപ്പം പിണറായി വിജയന്റെ നവോത്ഥാന പ്രസംഗം പലരും ചേര്‍ത്തുവച്ചു. രണ്ടാം നവോത്ഥാനത്തിലേക്ക് കേരളം കടക്കുകയാണെന്ന പ്രതീതി മൊത്തത്തില്‍ സൃഷ്ടിക്കപ്പെട്ടു. ശബരിമല യുവതീപ്രവേശന വിധി സാമൂഹിക മാറ്റത്തിനായി, രണ്ടാം നവോത്ഥാനത്തിനായുള്ള തുടക്കമാണെന്ന് അഭിപ്രായങ്ങളുയര്‍ന്നു. ആചാരസംരക്ഷകര്‍ക്കുള്ള കണിശമായ മറുപടിയെന്ന നിലയിലുള്ള പിണറായി വിജയന്റെ വാക്കുകള്‍ മഴയത്ത് നിന്ന് നേരിൽ കേട്ടവരും ദൂരെ നിന്നറിഞ്ഞവരും നവോത്ഥാനത്തിന് തുടർച്ചയുണ്ടാകും എന്നുതന്നെ വിശ്വസിച്ചു.
എന്നാല്‍ പ്രസംഗത്തിലെ ആക്രോശത്തിന്റെ ശക്തി പ്രസംഗത്തില്‍ തന്നെ അവസാനിക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. രണ്ടാം നവോത്ഥാനം എന്ന വിശാല ലക്ഷ്യത്തിൽ നിന്നുമാത്രമല്ല ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതില്‍ നിന്നു പോലും മുഖ്യമന്ത്രിയും സർക്കാരും പതിയെ പിൻവാങ്ങി. വിധി നടപ്പാക്കുന്നതിനെ ചൊല്ലി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും കലാപങ്ങളും വരെ ഉണ്ടായിട്ടും പ്രസംഗങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും അപ്പുറം ഒന്നും ചെയ്യാതെ സര്‍ക്കാര്‍ നിഷ്ക്രിയമായി മാറി. 2018ല്‍ കോളേജ് വിദ്യാര്‍ഥിനിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ ഗായത്രി (ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനമോ ജോലിയോ ഭയത്താല്‍ വെളിപ്പെടുത്താന്‍ ഗായത്രി ഒരുക്കമല്ല.) പറയുന്നത് ഇതാണ്, “സര്‍ക്കാര്‍ വിധി നടപ്പാക്കും എന്ന് ഉറപ്പ് പറയുന്നു. ഞങ്ങളെപ്പോലുള്ളവര്‍ അത് വിശ്വസിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ സത്യത്തില്‍ രോമം എഴുന്നുനിന്നു. പോവുന്നവരെയൊക്കെ തടയുന്നു, തിരിച്ചയക്കുന്നു, ആക്രമിക്കുന്നു എന്ന് കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ചിലര്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്‍പ്പെടെ ശബരിമലയില്‍ പോവാന്‍ തീരുമാനിച്ചു. വിര്‍ച്വല്‍ ക്യൂ ഏര്‍പ്പാടാക്കിയതിന് ശേഷമാണ്. ഐഡന്റിറ്റിയും പേരും വയസ്സും എല്ലാം കൊടുത്ത് ബുക്ക് ചെയ്തതിന് ശേഷം ഞങ്ങളുടെ ഫോണിലേക്ക് പോലീസ് നിരന്തരം വിളിയായി. ഓരോരുത്തരേയും വിളിച്ച് അവിടുത്തെ കാര്യങ്ങളെല്ലാം പറഞ്ഞ് പോവാതിരിക്കുന്നതാണ് നല്ലത്, റിസ്‌ക്ക് ആണ്, സ്വന്തം റിസ്‌ക്കില്‍ പോണം എന്നെല്ലാം പറഞ്ഞ് പരമാവധി പിന്തിരിപ്പിക്കാൻ ശ്രമിച്ചു. വീട്ടില്‍ നേരിട്ട് വന്ന് വീട്ടുകാരോട് പോലീസുകാര്‍ സംസാരിച്ചു. ശബരിമലയില്‍ പോവുന്നത് റിസ്‌ക്കാണ്, മോളെ വിടരുത്, എന്നൊക്കെ പറഞ്ഞ് പോലീസുകാര്‍ ഞങ്ങളെ പിന്‍മാറ്റാന്‍ നോക്കിയപ്പോള്‍ വീട്ടുകാര്‍ക്കെല്ലാം പേടിയായി. ആകെ പ്രശ്‌നം. പോവും എന്ന് ഉറപ്പിച്ച് പറഞ്ഞിട്ട് പോലും പോവാന്‍ വനുവദിക്കില്ല എന്ന് പോലീസുകാര്‍ വാശിപിടിച്ചു. അറസ്റ്റ് ചെയ്യും എന്നുവരെ പറഞ്ഞു. പോവാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ പോവണമെന്ന ആഗ്രഹവുമില്ല. പോയവരുടെയൊക്കെ ലൈഫ് കാണുമ്പോള്‍ പേടിയാണ്.”
ചുരുക്കത്തില്‍ വിധി നടപ്പാക്കും എന്ന് പറഞ്ഞതല്ലാതെ ഏത് വിധേനയും സ്ത്രീകള്‍ ശബരിമലയിലേക്കെത്തുന്നത് തടയാനായിരുന്നു പോലീസ് ഉള്‍പ്പെടെ അധികാരികളെല്ലാം ശ്രമിച്ചത്. ആചാര സംരക്ഷണത്തിനായി ഒരു കൂട്ടര്‍, ആചാരങ്ങള്‍ ലംഘിക്കാനുള്ളത് കൂടിയാണെന്ന് പറയുന്ന ഭരണാധികാരികള്‍. എന്നിട്ടും ‘ആചാരങ്ങള്‍’ ലംഘിക്കപ്പെട്ടതുമില്ല, സമൂഹത്തെ ഇളക്കി മറിക്കുന്ന തരത്തില്‍ കലാപങ്ങളും സംഘര്‍ഷങ്ങള്‍ക്കും കേരളത്തെ കലുഷിതമാക്കുകയും ചെയ്തു. ലംഘിക്കപ്പെടാനല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനായിരുന്നു ആഹ്വാനങ്ങളും കോലാഹലങ്ങളും?
“രാഷ്ട്രീയ ആയുധം മാത്രമായിരുന്നു ശബരിമല എന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ രാഷ്ട്രീയകക്ഷികളും അതിനെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു. പുതിയ കാലത്തിന് അനുയോജ്യമായ ഒരു വിധിയായിരുന്നു വന്നത്. സ്ത്രീപുരഷ സമത്വത്തെക്കുറിച്ച് പറയുന്ന, പൊതു ഇടത്തെ വ്യാഖ്യാനിക്കുന്ന, തുല്യത എന്ന ആശയത്തെ ശക്തിപ്പെടുത്തുന്ന ഒന്നായി അത് മാറുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ പ്രായോഗിക തലത്തിലേക്ക് വന്നപ്പോള്‍ അതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. സാമൂഹ്യപരിഷ്‌കരണം എന്നതിനപ്പുറത്തേക്ക് എല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയ താത്പര്യം ഉണ്ടായിരുന്നു എന്നതാണ് പിന്നീട് തെളിഞ്ഞത്.” കെ.പി.എം.എസ് ജനറല്‍ സെക്രട്ടറിയും സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം ശക്തമായി നിലകൊള്ളുകയും യുവതീപ്രവേശനത്തിനായി വാദിക്കുകയും ചെയ്ത പുന്നല ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒലിച്ചുപോയ നവോത്ഥാനം
2019 തെരഞ്ഞെടുപ്പിന് മുമ്പും പിമ്പും എന്ന തരത്തില്‍ സർക്കാരിനുണ്ടായ നിലപാടു മാറ്റത്തെ രണ്ടായി തിരിക്കാവുന്നതാണ്. യുവതീപ്രവേശന വിധി വന്നത് മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണം വരെയുള്ള നാളുകളില്‍ ശബരിമല എന്ന വാക്കായിരിക്കും കേരളം ഏറ്റവും അധികം കേട്ടിട്ടുണ്ടാവുക. പ്രതിഷേധങ്ങളെ എതിര്‍ത്ത് തോല്‍പ്പിച്ച് ചരിത്രപ്രധാനമായ വിധി നടപ്പാക്കി തുല്യതയും സമത്വവും ഉറപ്പാക്കും എന്ന വാദമായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽ.എഡി.എഫ് മുന്നോട്ടുവച്ചത്. വിശ്വാസികളേയും പരിഗണിക്കേണ്ടതുണ്ട് എന്ന് കോണ്‍ഗ്രസും ആചാരലംഘനത്തിന് ആഹ്വാനം ചെയ്യുന്നവരേയും വിശ്വാസങ്ങള്‍ക്ക് വിലനല്‍കാത്തവരേയും ശക്തമായി നേരിടണമെന്ന് ബി.ജെ.പിയും ആര്‍.എസ്.എസും തുറന്ന് പ്രഖ്യാപിച്ചു. അതേസമയം, രാഷ്ട്രീയ പാർട്ടികൾക്കപ്പുറം മറ്റ് ചില കൂട്ടായ്മകളും ഈ വിഷയത്തിൽ രൂപപ്പെട്ട് വന്നു.
എറണാകുളം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന സ്ത്രീ ആത്മാഭിമാന കണ്‍വന്‍ഷനും തുടർന്ന് നവംബർ മാസത്തില്‍ രൂപീകരിച്ച ‘ആര്‍പ്പോ ആര്‍ത്തവം’ കൂട്ടായ്മയും ആര്‍ത്തവ അനാചാരം നിലനില്‍ക്കുന്ന സമൂഹത്തോട് സംവദിക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടായിവന്നതാണ്. ആര്‍ത്തവത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടും ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാവാത്ത സാഹചര്യത്തിലായിരുന്നു ആദ്യ ‘ആര്‍പ്പോ ആര്‍ത്തവം’ പ്രതിഷേധ കൂട്ടായ്മ. പിന്നീട് ജനുവരി മാസത്തില്‍ വിപുലമായ ദ്വിദിന പരിപാടികള്‍. മുഖ്യമന്ത്രിയും മന്ത്രിമാരുമുള്‍പ്പെടെ പരിപാടിയെ പിന്തുണച്ചെത്തി. ആര്‍ത്തവം തൊട്ടുകൂടായ്മയായി നിലനില്‍ക്കുമ്പോള്‍, ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ ‘വരൂ തെട്ടുകൂടാം’ എന്ന് സമൂഹത്തോട് പറഞ്ഞുകൊണ്ട് നടന്ന ‘ആര്‍പ്പോ ആര്‍ത്തവം’ ശബരിമല യുവതീപ്രവേശന വിധിയെ തുടർന്നുണ്ടായ സംവാദങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയർത്തി.
“ആര്‍ത്തവം അശുദ്ധമാണ് എന്ന് പറയുന്ന സമൂഹത്തില്‍, അയിത്തം എന്നത് ഭരണഘടനാപരമായി കുറ്റമാണ് എന്നതായിരുന്നു വീണ്ടും നമ്മള്‍ പറഞ്ഞത്. അയിത്തത്തെ നിയമപരമായി തടയുമ്പോള്‍ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീയായതുകൊണ്ട് അയിത്തം അനുഭവിക്കേണ്ടി വരുന്നതിനെയാണ് ചോദ്യം ചെയ്തത്. ശാസ്ത്രം, നിയമം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഈ ആര്‍ത്തവ അനാചാരത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള വേദിയായിരുന്നു അത്. വലിയ ഒരു മൂവ്‌മെന്റ് ആയി തന്നെയാണ് അതിനെ ഇന്നും കാണുന്നത്. അതിന്റെ പേര് തന്നെ ‘ആര്‍പ്പോ ആര്‍ത്തവം’ എന്നായിരുന്നു. ആര്‍ത്തവം എന്ന് വളരെ രഹസ്യമായി മാത്രം പറഞ്ഞിരുന്ന സമൂഹം ആര്‍പ്പോ ആര്‍ത്തവം എന്ന പേര് പലവുരു പറയാനിടവന്നു. കാലങ്ങളായി സ്ത്രീകള്‍ അനുഭവിക്കുന്ന അനീതി അവസാനിപ്പിക്കാനാണ് ‘ആര്‍പ്പോ ആര്‍ത്തവ’ത്തിലൂടെ സ്ത്രീകള്‍ ഒത്തുകൂടിയത്.” ആര്‍പ്പോ ആര്‍ത്തവത്തിന്റെ കണ്‍വീനറായിരുന്ന അഡ്വ. മായാ കൃഷ്ണന്‍ പറയുന്നു.
സ്ത്രീ അഭിമാന കണ്‍വന്‍ഷനും ആര്‍പ്പോ ആര്‍ത്തവവും ഇത്തരത്തില്‍ രഹസ്യമായി പറഞ്ഞിരുന്ന, രഹസ്യമായി നടപ്പാക്കിയിരുന്ന അനീതികളെ ഉച്ചത്തില്‍ പറയുന്നതിനും അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനും ഉള്ള സമരങ്ങളോ കൂട്ടായ്മകളോ ആയി മാറി. അന്നേവരെ സമൂഹത്തില്‍ നടന്നിട്ടില്ലാത്ത തരത്തില്‍ കൂട്ടമായി ആര്‍ത്തവം എന്ന വാക്കും, അത് സംബന്ധിച്ചുള്ള സംവാദങ്ങളും ഉയര്‍ന്നുവന്നു. എന്നാല്‍ അത്തരം ശ്രമങ്ങള്‍ക്ക് തുടര്‍ച്ചയില്ലാതെ പോയി എന്നതാണ് പ്രധാന വിമര്‍ശനം. ഒറ്റയ്ക്കും തറ്റയ്ക്കുമുള്ള ചില ശബ്ദങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ആര്‍ത്തവ അനാചാരത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്കോ, അതിനുള്ള തുടക്കം പോലുമോ ആവാതെ ഈ പ്രതിഷേധങ്ങളെല്ലാം ഒരു ഘട്ടത്തില്‍ അവസാനിച്ചു. “അങ്ങനെ തുടര്‍ച്ചയില്ലാതെ പോയതല്ല. പിന്നീട് കോവിഡ് വന്നു. അതിന്റേതായ നിയന്ത്രണങ്ങള്‍ വന്നു. അതായിരിക്കാം ഒരുപക്ഷെ പിന്നീട് അത്തരം ശ്രമങ്ങള്‍ ഇല്ലാതെപോയത്. വ്യക്തിപരമായി പലർക്കും സംഘപരിവാറുകാര്‍ നല്‍കിയ കേസുകളുടെ പുറകേ ഓടേണ്ടി വരുന്നു. അതും ഒരു കാരണമാവാം.” മായാകൃഷ്ണന്‍ പറഞ്ഞു.
മലയരയരുടെ അവകാശം
ശബരിമലയുടെ അവകാശം തങ്ങളെ തിരിച്ചേല്‍പ്പിക്കണമെന്ന മലയരയരുടെ വാദവും ഈ കാലത്ത് ശക്തിപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സമരങ്ങളും ജാഥകളും നടന്നു. “സ്ത്രീകള്‍ ശബരിമലയില്‍ പോവണമോ വേണ്ടയോ എന്ന് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സ്ത്രീകളുള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ താമസിച്ചതായിരുന്നു ശബരിമലയും ചുറ്റുമുള്ള മലകളും എന്നതായിരുന്നു ഞങ്ങളുന്നയിച്ച വാദം.” ഐക്യ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ സജീവ് പറഞ്ഞു. സര്‍ക്കാരും തന്ത്രി കുടുംബവും ചേര്‍ന്ന് ശബരിമലയില്‍ പരമ്പരാഗതമായി മലയരയര്‍ക്കുണ്ടായിരുന്ന അവകാശത്തെ കൈവശപ്പെടുത്തുകയായിരുന്നു എന്നും ശബരിമല തങ്ങള്‍ക്ക് തിരികെ നല്‍കണമെന്നുമായിരുന്നു പ്രധാന ആവശ്യം. ശബരിമലയുടെ അവകാശത്തെയും, ബ്രാഹ്മണിക്കല്‍ അധിനിവേശത്തെയും ചോദ്യം ചെയ്ത് മലയരയരും ദളിത് സംഘടനകളും രംഗത്തെത്തി. “ആചാരപരമായ ഡിസ്പ്യൂട്ടില്‍ ഞങ്ങള്‍ ഇടപെട്ടതേയില്ല. അവിടെ നടക്കുന്ന വിഷയങ്ങളില്‍ ഒരു പക്ഷവും പിടിച്ചില്ല. ബി.ജെ.പിയേയോ സര്‍ക്കാരിനേയോ പിന്തുണച്ചോ എതിര്‍ത്തോ ഇല്ല. ചരിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാടായിരുന്നു ഞങ്ങളുടേത്. പതിറ്റാണ്ടുകളായി ഈ വിഷയം ഞങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ശബരിമലയില്‍ ഞങ്ങള്‍ക്കുള്ള അവകാശം എങ്ങനെ കവര്‍ന്നെടുത്തോ അതേപോലെ മകരവിളക്ക് തെളിയിക്കാനുള്ള അവകാശവും ഞങ്ങള്‍ക്ക് ഇല്ലാതായി.” എന്നാല്‍ പിന്നീട് ഈ ശബ്ദവും ദുര്‍ബലപ്പെട്ട് വന്ന് ഇല്ലാതായി. എന്നാല്‍ പോരാട്ടം ഇപ്പോഴും തുടരുകയാണെന്നും പി.കെ സജീവ് വ്യക്തമാക്കുന്നു. “സമരമാര്‍ഗം ഞങ്ങള്‍ മുമ്പും സ്വീകരിച്ചിട്ടില്ല. പൊതുസമൂഹത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ച് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ട് വരികയാണ് ലക്ഷ്യം. മുമ്പ് പരമ്പരാഗത കാനനപാതയായിരുന്നു ശബരിമലയിലേക്കുള്ള ഏക വഴി. കോവിഡിന്റെ പേരു പറഞ്ഞ് കഴിഞ്ഞ വര്‍ഷം ആ പാത അടച്ചു. കാനനപാത അടച്ചുവച്ചത് ചരിത്രത്തെ മൂടിവക്കാനുള്ള ശ്രമമാണ്. വിലക്ക് ലംഘിച്ച് കാനനപാത വഴി ശബരിമലയില്‍ കയറാൻ ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു. 32 പേര്‍ പാതയില്‍ പ്രവേശിക്കാനായി എത്തി. ആദ്യം പോലീസിനെ നിരത്തിയിരുന്നെങ്കിലും പിന്നീട് അവരെ പിന്‍വലിച്ച് വഴി തുറന്നുതന്നു. എന്നാല്‍ ഈ വര്‍ഷവും വഴി അടച്ചു. മുഖ്യമന്ത്രിയെ കണ്ട് പാത തുറന്നുതരാന്‍ ആവശ്യപ്പെട്ടു. പാത തുറന്നു. കാനനപാതയ്ക്ക് മുകളില്‍ അവകാശം സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതുപോലെ ശബരിമലയുടെ അവകാശവും പൊതുസമൂഹത്തിന് ബോധ്യപ്പെട്ട്, തിരികെ ലഭിക്കും എന്നു തന്നെയാണ് പ്രതീക്ഷ.”
നവോത്ഥാന മൂല്യ സംരക്ഷണ സമിതിയും വനിതാ മതിലും ആയിരുന്നു മറ്റൊരു സംവാദവേദി. നവോത്ഥാനത്തെക്കുറിച്ചും നവോത്ഥാന നേതാക്കളെക്കുറിച്ചും പ്രസംഗിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനും നവോത്ഥാനത്തിന്റെ പുതിയ അധ്യായങ്ങള്‍ തുറക്കുന്നതിനുമായി വിവിധ സംഘടനകളുടെ യോഗം വിളിച്ചു. സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ കല്ലുകടികളും ആശയക്കുഴപ്പങ്ങളും ആയിരുന്നു. ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നവരെ ക്ഷണിച്ച് വനിതാ മതില്‍ സംഘാടക സമിതി യോഗമാണ് 2018 ഡിസംബറില്‍ ചേര്‍ന്നത്. ഹിന്ദു സമുദായ സംഘടനകളും പ്രസ്ഥാനങ്ങളുമെല്ലാം ക്ഷണിക്കപ്പെട്ട നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപീകരണ യോഗത്തില്‍ ക്രസ്ത്യന്‍, മുസ്ലീം സമുദായ പ്രതിനിധികളെ ക്ഷണിക്കാതിരുന്നത് ഒരു വിമര്‍ശനമായിരുന്നു. അത് പിന്നീട് പരിഹരിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നവോത്ഥാന സംരക്ഷണത്തിന് വനിതാ മതില്‍ പ്രതിരോധം തീര്‍ക്കാന്‍ നിശ്ചയിച്ച യോഗത്തിലേക്ക് 190 സമുദായ സംഘടനകളെയാണ് സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചത്. അതില്‍ 174 സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. എസ്.എന്‍.ഡി.പിയും കെ.പി.എം.എസും ഉള്‍പ്പെടെയുള്ള സംഘടനകള്‍ മതില്‍ നിര്‍മ്മാണത്തെ അനുകൂലിച്ചപ്പോള്‍ അഖില കേരള ധീവര സഭ, കേരള ബ്രാഹ്മണ സഭ, വി.എസ്.ഡി.പി തുടങ്ങിയ സംഘടനകള്‍ വനിതാ മതിലില്‍ സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
വിവിധ സാമുദായിക സംഘടനകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിച്ചത്. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായ സമിതിയുടെ ജോയിന്റ് കണ്‍വീനറായി ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതനെ തിരഞ്ഞെടുത്തതോടെ സമിതിയുടെ രൂപീകരണവും വനിതാ മതിലിന്റെ നടത്തിപ്പും വിവാദമായി. ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറിയായിരുന്ന സി.പി സുഗതന്‍ പമ്പയില്‍ യുവതികളെ തടയുന്നതിന് മുന്‍പന്തിയിലുണ്ടായിരുന്നയാളായിരുന്നു. അതോടെ ‘കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്’ എന്ന മുദ്രാവാക്യമുയര്‍ത്തി 2019 ജനുവരി ഒന്നിന് നടത്തിയ വനിതാ മതില്‍ രാഷ്ട്രീയ നാടകമാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. “സമുദായ സംഘടനകളുടെ നേതൃയോഗത്തിന് ക്ഷണിക്കപ്പെട്ടവരുടെ ലിസ്റ്റ് പരിശോധിച്ചാല്‍ ഒരു കാര്യ മനസ്സിലാവും. ഇരുന്നൂറോളം സംഘടനകളുടെ ലിസ്റ്റില്‍ യോഗക്ഷേമ സഭ, എന്‍.എസ്.എസ് എന്നിങ്ങനെയാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതായത് സോഷ്യല്‍ ഹൈറാര്‍ക്കിയെ വെല്ലുവിളിക്കാന്‍ ആദ്യം തയ്യാറാക്കിയ ആ ലിസ്റ്റില്‍ പോലും കഴിഞ്ഞിട്ടില്ല. സോഷ്യല്‍ ഹൈറാര്‍ക്കി സംബന്ധിച്ച ബോധം അവരുടെയെല്ലാം ഉള്ളില്‍ തന്നെ കിടക്കുകയായിരുന്നു. ആ പ്രാപ്തിക്കുറവ് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും കണ്ടു.” എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സണ്ണി എം. കപിക്കാട് അഭിപ്രായപ്പെടുന്നു.
കേരളത്തിലെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുകയാണ് വനിതാ മതിലിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് തുടക്കം മുതൽ സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ഈ ആശയം മുന്നോട്ടുവച്ചത് കേരള പുലയ മഹാസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പുന്നല ശ്രീകുമാറാണ്. “കേരളത്തിലെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, സ്ത്രീകള്‍ തോളോട് തോള്‍ ചേര്‍ന്ന് അണിനിരക്കുന്നതാണ് വനിതാ മതില്‍. സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ നീളുന്നതാണ് ഈ മതില്‍. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നതാണ് വനിതാ മതിലിന്റെ ഒരു നിലപാട്. ഇതിന് പുറമെ ഉത്തരേന്ത്യക്ക് സമാനമായി വര്‍ദ്ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതകം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുളള വെല്ലുവിളികള്‍, സദാചാര പൊലീസിംഗ്, ദുരഭിമാന കൊല തുടങ്ങി ലിംഗസമത്വത്തിന് എതിരായ, പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത എല്ലാ മാറ്റങ്ങള്‍ക്കും എതിരായാണ് ഈ മതില്‍ നിര്‍മ്മിക്കുന്നത്.” എന്നാണ് അന്ന് പുന്നല ശ്രീകുമാര്‍ വനിതാ മതിലിനെക്കുറിച്ച് പറഞ്ഞത്.
സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ സംയോജിച്ച് പല സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെ വനിതാ മതില്‍ നടന്നു. ഒരു രൂപ പോലും വനിതാ മതിൽ നടത്തിപ്പിനായി സര്‍ക്കാര്‍ ചെലവാക്കിയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും സര്‍ക്കാര്‍ ഫണ്ട് ചെയ്തതാണ് വനിതാ മതില്‍ നടത്തിയത് എന്നതായിരുന്നു മറ്റൊരു പ്രധാന ആരോപണം. വനിതാ മതില്‍ നടന്നതിന് പിറ്റേ ദിവസം ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും പ്രതിബന്ധങ്ങളെ നേരിട്ട് ശബരിമലയില്‍ പ്രവേശിച്ചു. അതോടെ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ ഇരട്ടമുഖം വീണ്ടും വെളിച്ചത്തായി. നവോത്ഥാന സമിതിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശനുള്‍പ്പെടെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് സ്വീകരിക്കാനാവില്ല എന്ന നിലപാടെടുത്തു. വനിതാ മതില്‍ നവോത്ഥാന സംരക്ഷണത്തിനായി നിര്‍മ്മിച്ചതാണെന്നും അതും ശബരിമല യുവതീപ്രവേശനവുമായി ബന്ധമില്ല എന്നും യുവതീ പ്രവേശനത്തെ അംഗീകരിക്കുന്നില്ലെന്നും വെള്ളാപ്പള്ളിയുള്‍പ്പെടെയുള്ളവര്‍ നിലപാട് വ്യക്തമാക്കി. എന്നാല്‍ പുന്നല ശ്രീകുമാര്‍ യുവതീപ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചു. പിന്നീട് കൊഴിഞ്ഞുപോക്കുകളുടെ കാലമായിരുന്നു. സമിതിക്കുള്ളിലെ ആശയപ്പോരാട്ടങ്ങളും നേതാക്കളുടെ വിട്ടുപോകലുകളും ചേര്‍ന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി നവജാത ശിശു ആയിരിക്കെ മരണപ്പെട്ടു.
“കാലത്തിന്റെ പ്രയാണം, വിശ്വാസത്തിന്റെ വളര്‍ച്ച, ആചാരങ്ങള്‍ക്ക് പരിണാമം ഉണ്ടാവുക എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു ഞങ്ങളുടെ നിലപാട്. പല തരം ആചാരങ്ങള്‍ പിന്നീട് അനാചാരങ്ങളായി കാണുകളും അവയ്ക്ക് മാറ്റമുണ്ടാവുകയും ചെയ്ത സ്ഥലമാണിത്. നവോത്ഥാനത്തിന്റെ പിതൃസ്ഥാനീയനായ ശ്രീനാരായണ ഗുരു ആത്മീയതയിലൂടെ ആശയസമരത്തിന് നേതൃത്വം നല്‍കി. വിഗ്രഹപ്രതിഷ്ഠയെല്ലാം അതിന്റെ ഭാഗമായാണ്. പിന്നീട് സമൂഹം വിദ്യ നേടുകയാണ് വേണ്ടതെന്ന് മനസ്സിലാക്കി വിദ്യാലയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. വിപ്ലവം പ്രവൃത്തിയിലൂടെ നടപ്പാക്കി മാറ്റമുണ്ടാക്കി. പുതിയ കാലത്ത് കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് ഏറ്റവും നല്ല അവസരമായിരുന്നു ശബരിമല യുവതീപ്രവേശന വിധിയിലൂടെ ഭരണകൂടത്തിനും മറ്റുള്ളവര്‍ക്കും മുന്നില്‍ തുറന്ന് കിട്ടിയത്. എന്നാല്‍ അതിന് നേതൃത്വം കൊടുത്തിരുന്ന ഏജന്‍സികള്‍ പോലും പിന്നോട്ട് പോയി.” പുന്നല ശ്രീകുമാർ പറഞ്ഞു.
പുകഞ്ഞുനിന്നിരുന്നതെല്ലാം ഒന്നിച്ച് കത്തി ചാമ്പലായത് പോലെയായിരുന്നു 2019 തിരഞ്ഞെടുപ്പിന് ശേഷമുള്ള ശബരിമല യുവതീപ്രവേശനവും നവോത്ഥാന ശ്രമങ്ങളും. തിരഞ്ഞെടുപ്പില്‍ ശബരിമല സീറ്റ് കൊണ്ടുവരും എന്ന പ്രതീക്ഷയായിരുന്നു ബി.ജെ.പിയുടേത്. വിശ്വാസ സമൂഹത്തെ പരമാവധി ഇളക്കിവിട്ട് അതിനുള്ള ശ്രമങ്ങള്‍ അവര്‍ തുടരുകയും ചെയ്തു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്നേവരെ നേരിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പരാജയം എല്‍.ഡി.എഫ് ഏറ്റുവാങ്ങി. വോട്ട് നില മെച്ചപ്പെടുത്താനായെങ്കിലും ഒരിടത്തും ശക്തി തെളിയിക്കാൻ കഴിയുന്നതരത്തിൽ ബി.ജെ.പി ഉയര്‍ന്നില്ല. 19-1 എന്ന ചരിത്ര സംഖ്യയില്‍ കോണ്‍ഗ്രസ് സീറ്റുകളെല്ലാം തൂത്തുവാരി. പിന്നീട് തിരുത്തല്‍ രേഖകളുടേയും നിലപാടുകളുടേയും കാലമായിരുന്നു.
തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാന്‍ വിശ്വാസകാര്യങ്ങളില്‍ സി.പി.എം നിലപാട് മാറ്റി. യുവതീപ്രവേശനത്തില്‍ നേരത്തെ ഉണ്ടായിരുന്ന കടുത്ത നിലപാട് വേണ്ടെന്ന ധാരണ സംസ്ഥാന സമിതിയില്‍ ഉണ്ടായി. വിശ്വാസികളുടെ വികാരത്തെ മാനിക്കണം. യുവതികളെ ശബരിമലയില്‍ കൊണ്ടുപോകാന്‍ മുന്‍കൈ എടുക്കില്ലെന്ന മുന്‍ നിലപാട് ജനങ്ങളോട് വീണ്ടും വിശദീകരിക്കാനും തീരുമാനിച്ചു. ഇതോടെ യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ, നവോത്ഥാന മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രിയും സര്‍ക്കാരും വെട്ടിലായി. ശബരിമല എന്ന വാക്ക് ഉച്ചരിക്കുന്നത് ബി.ജെ.പിയും ഏറെക്കുറെ അവസാനിപ്പിച്ചു. “എല്‍.ഡി.എഫ് തിരുത്തല്‍ രേഖയിലൂടെ എല്ലാം കൈയൊഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഐശ്വര്യ കേരളം യാത്ര നടത്തിയ കോണ്‍ഗ്രസ് ശബരമലയുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ കേസുകള്‍ റൈറ്റ് ഓഫ് ചെയ്തു. ബി.ജെ.പി ക്കും പിന്നീട് ശബരിമലയില്‍ പഴയപോലെ താത്പര്യമില്ലാതായി. ശബരിമല കൊണ്ട് എന്താണോ ലക്ഷ്യമിട്ടത് അതൊന്നും നടന്നില്ല എന്ന് കണ്ടപ്പോള്‍ എല്ലാവരും അതില്‍ നിന്ന് മാറി. കേരളത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീണു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്തോ ആര്‍ജ്ജിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്ന സമൂഹത്തിന്റെ ജീര്‍ണത പുറത്തുവന്നു. പുരോഗമനം എന്ന് മേനി നടിക്കുന്നതല്ലാതെ മനസ്സ് വികസിച്ചിട്ടില്ല.” പുന്നല ശ്രീകുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ചിലരുടെ ഉറപ്പും പ്രഖ്യാപനങ്ങളും വിശ്വസിച്ചാണ് ചില സ്ത്രീകളെങ്കിലും ശബരിമലയിലേക്ക് ഇറങ്ങിയത്. പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കാളികളായത്. അവര്‍ നിരന്തരം വേട്ടയാടപ്പെടുന്നതിന് ഒരു കാരണവും നിലപാടുകളില്‍ നിന്നും പ്രതിരോധങ്ങളില്‍ നിന്നുമുള്ള ഭരണകൂടത്തിന്റെ പിന്‍മാറ്റമാണ്. സണ്ണി എം. കപിക്കാടിന്റെ വാക്കുകളില്‍, “കേരളത്തിലെ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിയുടെ പ്രാപ്തിക്കുറവാണ് വീണ്ടും വെളിപ്പെട്ടത്. നവോത്ഥാന മുന്നേറ്റങ്ങള്‍ രാഷ്ട്രീയമായി അട്ടിമറിക്കപ്പെടുന്നതാണ് നവോത്ഥാനാനന്തര കാലത്തും കണ്ടത്. 1930കളുടെ അവസാനത്തോടെയാണ് കേരളത്തില്‍ രാഷ്ട്രീയ സമൂഹം, അഥവാ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റി രൂപം കൊള്ളുന്നത്. എന്നാല്‍ ഈ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിക്ക് നവോത്ഥാനം ഉയര്‍ത്തിയ സാഹോദര്യം ഉള്‍പ്പെടെയുള്ള മൂല്യങ്ങളെ ഏറ്റെടുക്കാനായില്ല. ശബരിമല വിധി വന്നപ്പോഴും, അതിനെ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റി സ്വാഗതം ചെയ്യുന്ന പൊതു അന്തരീക്ഷം ഉണ്ടാവുന്നു, സ്വീകാര്യത ഉണ്ടാവുന്നു, പിന്നീട് അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. മുഖ്യമന്ത്രി നടപ്പാക്കും എന്നുപറയുന്നു. മറ്റ് ഒരുപാട് മനുഷ്യര്‍ ഇടപെടുന്നു. നവോത്ഥാന മൂല്യ മണ്ഡലത്തിന്റെ വളര്‍ച്ചക്ക് അത് വേദിയാവും എന്ന് കരുതപ്പെട്ടു. സ്ത്രീവേദിയും സാമൂഹികവേദിയും വളരെ പ്രധാനമായും വേണ്ടതാണ്. ജാതി വിരുദ്ധത ഏറ്റെടുക്കേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും ഏറ്റെടുക്കാന്‍ കേരളത്തിലെ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിക്ക് പറ്റില്ലായിരുന്നു. ഇതേ സമ്മര്‍ദ്ദം മുഖ്യമന്ത്രിയുടെ മുകളിലും വന്ന് ചേര്‍ന്നിരുന്നിരിക്കണം. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി മുന്നോട്ടുപോയില്ല എന്ന് പറയാനാവില്ല. എന്നാല്‍ അതുകൊണ്ട് ഗുണമുണ്ടായില്ല. 2019 തെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ സവര്‍ണ സമുദായങ്ങളെ പ്രീണിപ്പിക്കുന്ന നയങ്ങളും നിലപാടുകളുമാണ് സംസ്ഥാന സര്‍ക്കാര്‍, പ്രത്യേകിച്ചും രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കിയെ ചോദ്യം ചെയ്യാനുള്ള കോൺഷ്യസ്നസ് ഇല്ല. അതാണ് പ്രധാന പ്രശ്‌നം.”
(തുടരും)