പരി​ഗണനയില്ലാതെ പുറന്തള്ളപ്പെടുന്ന പ്രമോട്ടർമാർ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

”ഇരുപത് വർഷമായി കുന്നും മലയും കയറിയിറങ്ങിയാണ് ഞങ്ങൾ ഈ കോളനികളിൽ വികസനം എത്തിച്ചത്. രാത്രിയും പകലും എന്നില്ലാതെ പ്രവർത്തിച്ചു. എന്നിട്ട് അവസാനം കറിവേപ്പില പോലെ എടുത്തുകളയുമ്പോൾ എന്നെപ്പോലുള്ളവർ എങ്ങോട്ട് പോകും? ഈ പ്രായത്തിൽ ഇനി എന്ത് ജോലി കിട്ടും? പ്രായമായ അമ്മ, മക്കളുടെ പഠിപ്പ്, വയ്യാത്ത ഭർത്താവിന്റെ ചികിത്സ… എല്ലാം എങ്ങനെ കൈകാര്യം ചെയ്യും? ഇങ്ങനെയൊരു ചതി ഒരിക്കലും പ്രതീക്ഷിച്ചില്ല.” കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി പട്ടികവർഗ പ്രമോട്ടറായി ജോലി ചെയ്യുകയാണ് പത്തനംതിട്ട അടിച്ചിപ്പുഴ സ്വദേശിയായ രമ്മ. ഓരോ വർഷവും കരാർ നീട്ടി കിട്ടിയതിനാൽ മറ്റൊരു ജോലിക്കും രമ്മ ശ്രമിച്ചില്ല. എന്നാൽ നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 1182 പട്ടികവർഗ പ്രമോട്ടർമാരെയും പിരിച്ചുവിടാൻ 2021 ഡിസംബർ 29ന് സർക്കാർ ഉത്തരവിട്ടതോടെ എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകും എന്നറിയാതെ പകച്ച് നിൽക്കുകയാണ് രമ്മ. ഇത് രമ്മയുടെ മാത്രം അനുഭവമല്ല. നിലവിലുള്ള പട്ടികവർഗ പ്രമോട്ടർമാരുടെ കരാർ ഇനി പുതുക്കി കൊടുക്കേണ്ടതില്ല എന്ന് സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് ജോലി നഷ്ടപ്പെടാൻ പോകുന്നത് രമ്മയെപ്പോലെ ഈ മേഖലയിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നിരവധി പേർക്കാണ്. ആദിവാസി മേഖലകളുടെ സമ​ഗ്രമായ പുരോ​ഗതി ലക്ഷ്യമാക്കി ആത്മാർത്ഥതയോടെ പ്രവർത്തിച്ചിരുന്ന ഒട്ടേറെ പ്രമോട്ടർമാർക്ക് ഈ സർക്കാർ തീരുമാനം തിരിച്ചടിയായി മാറുന്നു. സർക്കാർ തീരുമാനത്തെ എതിർത്തുകൊണ്ട് തൊഴിൽ നഷ്ടത്തോടൊപ്പം അവർ ഉയർത്തിക്കാണിക്കുന്നത് ഈ മേഖലയിലെ പ്രവർത്തന പരിചയവും ചെയ്തുവന്ന നിരവധിയായ സാമൂഹ്യപ്രവർത്തനങ്ങളുമാണ്. “വേറെ ജോലി കിട്ടാത്തതുകൊണ്ടല്ല. പക്ഷെ ഞങ്ങൾ ആദിവാസികൾക്ക് തന്നെ ഞങ്ങളുടെ കോളനികളിൽ എന്തെങ്കിലും ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊരു ജോലിക്കും കിട്ടില്ല. നീയുള്ളതുകൊണ്ട് വീട് കിട്ടി, മെയിന്റനൻസിന് ഫണ്ട് കിട്ടി എന്നൊക്കെ ആളുകൾ പറഞ്ഞ് കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം മാത്രം മതി ഞങ്ങൾക്ക്. ഇരുപത് വർഷം മുമ്പ് ഞാൻ ജോലിക്ക് കയറുമ്പോൾ കണ്ട കോളനികളല്ല ഇന്നുള്ള കോളനികൾ. ഒരുപാട് മാറ്റം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഉദ്യോഗസ്ഥർ എത്തുമ്പോൾ കാണുന്ന കോളനികൾ ഞങ്ങളുടെ കൂടി രാപ്പകലില്ലാത്ത പരിശ്രമത്തിന്റെ ഫലമായി ഉണ്ടായതാണ് എന്ന കാര്യം മറക്കരുത്.” രമ്മ പറയുന്നു. പ്രായപരിധി പറഞ്ഞ് ജോലിയിൽ നിന്ന് കൂട്ടമായി പിരിച്ചുവിടുന്നതിനെതിരെ നിയമപരമായി മുന്നോട്ടുപോവാനാണ് ട്രൈബൽ പ്രമോട്ടർമാരുടെ തീരുമാനം. ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച ഹർജി സമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

2021 ഡിസംബർ 29ന് ഇറങ്ങിയ ഉത്തരവ്

പട്ടികവർഗ പ്രമോട്ടർമാരെ നിയമിക്കുന്നതിനായി 2022 ഫെബ്രുവരി 7ന് സർക്കാർ ക്ഷണിച്ചിരിക്കുന്ന അപേക്ഷ നിരവധി വർഷമായി ഈ ജോലിയിൽ തുടരുന്നവരെ അരക്ഷിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നിലവിലുള്ള പ്രമോട്ടർമാരെ പിരിച്ചുവിടുന്നതിനും പുതിയ പ്രമോട്ടർമാരെ നിയമിക്കുന്നതിനും പട്ടികവർ​ഗ വിക​സന വകുപ്പ് ഡയറക്ടർക്ക് 2021 ഡിസംബറിൽ സർക്കാർ അനുമതി നൽകിയതോടെയാണ് പ്രതിസന്ധികൾ ആരംഭിക്കുന്നത്. 2021 ഡിസംബർ 29ന് ഇറങ്ങിയ ഉത്തരവിലെ പരാമർശം ഇങ്ങനെയാണ്: ‘2017ൽ നിയമനം ലഭിച്ച പ്രമോട്ടർമാരിൽ പലരും ഉയർന്ന പ്രായം ഉള്ളവരാണെന്നും പുതിയ കാലഘട്ടം ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള പദ്ധതികൾ ആണ് വകുപ്പ് ഇപ്പോൾ നടപ്പിലാക്കി വരുന്നതെന്നും കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതുണ്ടെന്നും എന്നാൽ നിലവിൽ ജോലി ചെയ്തു വരുന്ന പ്രമോട്ടർമാരിൽ പലർക്കും ഈ പ്രവർത്തനങ്ങൾ വേണ്ട വിധം കൈകാര്യം ചെയ്യുന്നതിന് കഴിയാതെ വരുന്നുണ്ടെന്നും മേൽ സാഹചര്യത്തിൽ കഴിഞ്ഞ നാല് വർഷമായി പട്ടികവർഗ വികസന വകുപ്പിന് കീഴിൽ സേവനമനുഷ്ഠിച്ചു വരുന്ന 1182 എസ് ടി പ്രമോട്ടർമാർ/ ഹെൽത്ത് പ്രമോട്ടർമാരെ പിരിച്ചുവിടുന്നതിനും പുതുതായി എസ് ടി ഹെൽത്ത് പ്രമോട്ടർമാരെ നിയമിക്കുന്നതിനും അനുമതി നൽകണമെന്ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ അഭ്യർഥിക്കുകയുണ്ടായി.’ ഇതിന് അനുമതി നൽകിക്കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവിൽ പറഞ്ഞിരിക്കുന്ന ആറ് നിബന്ധനകൾക്ക് വിധേയമായി വേണം നിയമനം എന്നും നിർദ്ദേശമുണ്ട്.

ചിത്ര നിലമ്പൂർ

നിബന്ധനകളിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രായപരിധി സംബന്ധിച്ച നിർദ്ദേശമാണ്. നിയമനത്തിനുള്ള പ്രായപരിധി 20 വയസ്സിനും 35 വയസ്സിനും ഉള്ളിലായിരിക്കണമെന്നാണ് നിർദ്ദേശം. നിലവിൽ 25 മുതൽ 55 വരെ പ്രായവും എട്ടാം ക്ലാസ് വിദ്യാഭ്യാസവുമായിരുന്നു പ്രമോട്ടർമാരെ നിയമിക്കുന്നതിനുള്ള മാനദണ്ഡം. പുതിയ മാനദണ്ഡമനുസരിച്ച് പ്രായപരിധി 20 വയസ്സുമുതൽ 35 വയസ്സുവരെയും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുമാക്കി മാറ്റി. ഇതുപ്രകാരം ജില്ലയിലും സംസ്ഥാനത്തും പ്രവർത്തിക്കുന്ന പ്രമോട്ടർമാർ പകുതിയിലധികവും പുറത്താകും. “35 വയസ്സ് വരെ എന്ന നിർദ്ദേശം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇക്കാലമത്രയും പ്രമോട്ടർമാരായി ജോലി ചെയ്തവർക്ക് ഇന്റർവ്യൂവിന് പോലും പോവാൻ കഴിയില്ല. എസ് സി വിഭാഗത്തിന് പ്രായപരിധി 30 വയസ്സാണ്. ഫോറസ്റ്റ് ഗാർഡുമാരുടെ നിയമനത്തിന് പോലും പ്രായപരിധി 42 വയസ്സാണ്. എന്നാൽ അതിനേക്കാളേറെ പ്രധാനപ്പെട്ടതാണ് പ്രമോട്ടർമാരുടെ ജോലി. അവിടെ അനുഭവത്തിനും പ്രവർത്തിപരിചയത്തിനുമാണ് വില. നിയമനം ലഭിച്ച് ഒരു വർഷം എങ്കിലും കഴിഞ്ഞാൽ മാത്രമേ സർവേ പൂർത്തിയാക്കി എല്ലാവരെയും പരിചയപ്പെടാൻ തന്നെ കഴിയൂ. അങ്ങനെയുള്ളപ്പോൾ ഇത്രയും കാലം ജോലി ചെയ്തിരുന്നവരുടെ അനുഭവത്തെ തള്ളിക്കളഞ്ഞ് 35 വയസ്സിൽ താഴെയുള്ളവരെ മാത്രം നിയമിക്കും എന്ന് പറയുന്നത് ന്യായമല്ല. അഞ്ച് ലക്ഷത്തിലധികമുണ്ട് ആദിവാസി ജനസംഖ്യ. യഥാർത്ഥത്തിൽ 1182 പ്രമോട്ടർമാരുടെ സേവനം മതിയാവില്ല. ഒരു പഞ്ചായത്തിൽ രണ്ട് പ്രമോട്ടർമാർ പോരാ. പ്രായക്കുറവുള്ളവരെ നിയമിക്കണമെങ്കിൽ ഇപ്പോൾ ജോലി ചെയ്യുന്നവരെ നിലനിർത്തിക്കൊണ്ടും അത് ചെയ്യാം. വളരെ ചെറുപ്പത്തിലേ പണിയെടുത്ത് കഷ്ടപ്പെട്ടവരെല്ലാം ഇപ്പോൾ പുറത്ത് പോവുന്ന അവസ്ഥയാണ്.” ആദിവാസി സമൂഹത്തിന്റെ ഇടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തക ചിത്ര നിലമ്പൂർ ചൂണ്ടിക്കാട്ടി.

2022 ഫെബ്രുവരി 7ന് സർക്കാർ ക്ഷണിച്ച അപേക്ഷ

പട്ടികവർഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും ഏജൻസികളും നടപ്പിലാക്കുന്ന പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും പട്ടികവർഗ വിഭാഗങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതിനും ചികിത്സ ഉറപ്പുവരുത്തുന്നതിനുമായാണ് പട്ടികവർഗ പ്രമോട്ടർമാരെ സംസ്ഥാനത്ത് നിയമിക്കുന്നത്. ഓരോ വർഷത്തേക്ക് കരാർ നീട്ടിനൽകിയാണ് നിയമനം ഇത്രകാലവും നടന്നിരുന്നത്. “2014ൽ ആണ് ഞാൻ ജോലിക്ക് കയറുന്നത്. ഓരോ വർഷത്തേക്കാണ് കരാർ നീട്ടി നൽകുക. ആദ്യം 1000 രൂപയായിരുന്നു ഓണറേറിയമായി കിട്ടിയിരുന്നത്. പിന്നീട് അത് 4000 രൂപയായി. മന്ത്രി പി.കെ ജയലക്ഷ്മി വന്നതിന് ശേഷമാണ് അത് 9625 രൂപയാക്കി വർദ്ധിപ്പിച്ചത്. അക്കാലയളവിൽ കരാർ മൂന്ന് വർഷത്തേക്ക് നീട്ടി നൽകാനും തീരുമാനമായി. എന്നാൽ പിന്നീട് എൽ.ഡി.എഫ് സർക്കാർ വന്നപ്പോൾ ആ ഉത്തരവ് മരവിപ്പിച്ചു. വീണ്ടും ഓരോ വർഷത്തെ കരാർ എന്നാക്കി തീരുമാനം‌. 2017ലും ഇന്റർവ്യൂവിന് ശേഷം കുറേ പേരെ തള്ളിക്കളഞ്ഞിരുന്നു. പിന്നീട് കുറച്ച് പേരെ തിരിച്ചെടുത്തു. എന്റെ പേര് തന്നെ നാല് ലിസ്റ്റിൽ നിന്ന് തള്ളിക്കളഞ്ഞ ശേഷമാണ് അവസാനം ജോലി കിട്ടിയത്. അന്നും രാഷ്ട്രീയ സ്വാധീനം ലിസ്റ്റിൽ ഉണ്ടായിരുന്നു. ഇപ്പോഴത്തെ ഈ തീരുമാനവും രാഷ്ട്രീയ കളിയായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. പഴയ പ്രമോട്ടർമാരെ പിരിച്ചുവിട്ട് പാർട്ടിയുടെ ആളുകളെ ജോലിയിൽ കയറ്റാനുള്ള തന്ത്രമാണ് ഈ ഉത്തരവ്.” പ്രമോട്ടറായി ജോലി ചെയ്യുന്ന റാന്നി അറിയാഞ്ഞിലിമണ്ണ സ്വദേശി ലയ പറയുന്നു

ലയ

ഉത്തരവിറക്കിയതിന് പിന്നാലെ 2022 ജനുവരി 7ന് പട്ടികവർഗ പ്രമോട്ടർ/ ഹെൽത്ത് പ്രമോട്ടർമാരുടെ നിയമത്തിനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള വിജ്ഞാപനം സർക്കാർ ഇറക്കി. പുതിയ നിയമനം നടക്കുന്നതിനനുസരിച്ച് നിലവിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടാനാണ് തീരുമാനം.

“പ്രളയം വന്നപ്പോഴും, കോവിഡ് വന്നപ്പോഴും എല്ലാം വിശ്രമമില്ലാതെ ജോലി ചെയ്തവരാണ് ഞങ്ങൾ. കോളനികളിൽ താമസിക്കുന്നവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി എല്ലാം ചെയ്യുന്നത് മുതൽ ആശുപത്രിയിലേക്കെത്തിക്കുന്നത് വരെ ഒരു തടസ്സവുമില്ലാതെ നടത്തി. എന്നാൽ സാങ്കേതിക പരിജ്ഞാനം പോരാ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ മതിയാവില്ല എന്നെല്ലാം തീരുമാനിച്ചാണ് പിരിച്ചുവിടൽ എന്നാണ് സർക്കാർ പറയുന്നതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. ഇവർ എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്ന് അറിയില്ല. പുതിയ വ്യവസ്ഥകൾ അനുസരിച്ച് മുമ്പുണ്ടായിരുന്ന 1182 പ്രമോട്ടർമാരിൽ നിന്ന് 100 പേർ പോലും ഇനിയുള്ള ലിസ്റ്റിൽ കയറിപ്പറ്റില്ല. നടപ്പാക്കുന്ന എല്ലാ സാങ്കേതിക വികസനത്തിനും ഒപ്പം നിന്നാണ് ട്രൈബൽ പ്രമോട്ടർമാർ ജോലി ചെയ്തിട്ടുള്ളത്. ഇപ്പോൾ ഉന്നയിക്കുന്നത് പൊള്ളയായ ആരോപണങ്ങളാണ്. പി.എസ്.സി എഴുതാൻ 42 വയസ്സുവരെ പ്രായപരിധിയുണ്ട്, എംപ്ലോയ്‌മെന്‌റ് എക്‌സ്‌ചേഞ്ച് വഴിയുള്ള ജോലികൾക്ക് 50 വയസ്സാണ് പ്രായപരിധി. പ്രമോട്ടർമാർക്ക് മാത്രം 35 വയസ്സ് തീരുമാനിച്ചത് എന്ത് അടിസ്ഥാനത്തിലാണ്? പ്രമോട്ടർമാരായി ജോലി ചെയ്യുന്നവരിൽ എണ്ണൂറിലധികം പേരും സ്ത്രീകളും വിധവകളുമാണ്. ഈ വരുമാനം മാത്രമാണ് അവരുടെ പട്ടിണി മാറ്റുന്നത്. അവരെ പെരുവഴിയിൽ ഇറക്കി വിടാനുള്ള തീരുമാനം മനുഷ്യത്വമില്ലായ്മയാണ്.” ലയ തുടർന്നു.

രമ്മ

വർഷങ്ങളായി ജോലി ചെയ്തിട്ടും ട്രൈബൽ പ്രമോട്ടർമാർ എന്ന തസ്തികയിലേക്ക് മാത്രം സ്ഥിരനിയമനം നടപ്പാക്കാത്തത് ആദിവാസി ജനതയോടുള്ള വിവേചനമാണെന്നും പ്രമോട്ടർമാർ പറയുന്നു. “ആയിരം രൂപയ്ക്ക് ജോലി തുടങ്ങിയതാണ് ഞാൻ. അന്ന് ഇന്നത്തെപ്പോലെ സാങ്കേതിക സംവിധാനം ഒന്നുമില്ല. വെള്ളപ്പേപ്പറുമായാണ് ഇറങ്ങുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം ജോലി. ഇപ്പോൾ 48 വയസ്സാവുന്നു. ഈയിടയ്ക്കും രണ്ട് സർവേകൾ പൂർത്തിയാക്കി കൊടുത്തു. എന്റെ പ്രായക്കൂടുതൽ കൊണ്ട് ജോലിയിൽ എന്തെങ്കിലും തടസ്സമുണ്ടായോ? മറ്റ് പല ജോലികളിലുള്ളവരെ 10 വർഷം കഴിയുമ്പോൾ സ്ഥിരപ്പെടുത്തും. ട്രൈബൽ പ്രമോട്ടർമാരെ സ്ഥിരപ്പടുത്തില്ല. ജനറൽ കാറ്റഗറി ഇല്ലാത്തത് കൊണ്ടാണ് സ്ഥിരനിയമനം നടപ്പാക്കാത്തത്. ആദിവാസികൾക്ക് വേണ്ടി ആരും ചോദിക്കാനും പറയാനുമില്ലല്ലോ? നല്ല പ്രായമെല്ലാം ഈ ജോലി ചെയ്ത് തീർന്നു. ഒരു പിടി ചോറിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ആ ചോറും ഇല്ലാതാക്കി.”

രമ്മയുടെ ഈ വാക്കുകൾ സർക്കാർ തീരുമാനത്തോടും ആദിവാസി വിഭാ​ഗത്തോട് കാണിക്കുന്ന തുടർച്ചയായ അവ​ഗണനകളോടുമുള്ള ശക്തമായ വിമർശനമായി മാറുന്നു.

Also Read

5 minutes read March 17, 2022 3:29 pm