തൊഴിലില്ലാത്തവർ കൂടുന്ന കേരളം ഈ കണക്കുകൾ ചർച്ച ചെയ്യുമോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്ന് പറയുന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പി.എൽ.എഫ്.എസ്) റിപ്പോർട്ട് സംസ്ഥാനത്തെ യുവജനങ്ങളെ ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. 2023 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിലെ കണക്കാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട പി.എൽ.എഫ്.എസ് റിപ്പോർട്ടിലുള്ളത്. എല്ലാ വർഷവും രാജ്യത്തെ തൊഴിലിനെ സംബന്ധിച്ച കണക്കുകൾ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് പുറത്തുവിടുന്നുണ്ട്. 2017മുതൽ 2022 വരെയുള്ള കേരളത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ, 2022-2023 കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് കുറവാണെന്ന് കാണാൻ കഴിയും. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി അത് മാറ്റമില്ലാതെ തുടരുകയാണ്. അതുപോലെ, ഈ വർഷങ്ങളിലെല്ലാം കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് എന്നതും ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.

ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലുള്ള 55,796 വീടുകളിലെയും നഗരപ്രദേശങ്ങളിലെ 46,124 വീടുകളിലെയും 4,18,159 വ്യക്തികളെ അധികരിച്ചാണ് പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വെ നടത്തിയിരിക്കുന്നത്. തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗോവയാണ് (8.5) മുന്നിലുള്ളത്. 7.2 ശതമാനം നിരക്കുമായി കേരളം രണ്ടാം സ്ഥാനത്ത്. പുരുഷന്മാരിൽ 4.4 ശതമാനവും സ്ത്രീകളിൽ 11.6 ശതമാനവുമാണ് സംസ്ഥാനത്തെ ആകെ തൊഴിലില്ലായ്മ നിരക്ക്. ഇത് ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിരക്കാണെന്നാണ് സർവ്വെ റിപ്പോർട്ട് പറയുന്നു. ആകെ 3.2 ശതമാനമാണ് ദേശീയ തൊഴിലില്ലായ്മ നിരക്ക്.

representational image | thehindu

15 വയസ്സ് മുതൽ 29 വയസ്സ് വരയുള്ളവരിലെ തൊഴിലില്ലായ്മ നിരക്കിലും കേരളം (29.9) തന്നെയാണ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ കാണപ്പെടുന്നത്. പി.എൽ.എഫ്.എസ് സർവ്വെ പ്രകാരം പുരുഷന്മാരിൽ 19.3 ശതമാനം പേരും സ്ത്രീകളിൽ 47.1 ശതമാനം പേരും തൊഴിലില്ലാത്തവരാണ്. അതേസമയം 15-29 വയസ്സിനിടയിൽ 10.2 ശതമാനം പേരാണ് ഇന്ത്യയിൽ ഒട്ടാകെ തൊഴിലില്ലാത്തവരായി പി.എൽ.എഫ്.എസ് സർവ്വെ റിപ്പോർട്ടിൽ പറയുന്നത്. അതിൽ തന്നെ 11.0 ശതമാനമാണ് സ്ത്രീകളായുള്ളത്. 15 മുതൽ 29 വയസ്സുവരെ ഉള്ളവരിൽ 9.8 ശതമാനം പുരുഷന്മാരാണ് തൊഴിൽരഹിതരായി ഉള്ളതെന്നും കാണാൻ കഴിയും.

15 മുതൽ 59 വയസ്സുവരെയുള്ള വിഭാഗങ്ങളെ പരിശോധിച്ചാലും കേരളത്തിന്റെ സ്ഥിതി വ്യത്യസ്തമല്ല. 8.8 ശതമാനവുമായി ഇന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്തുള്ള ഗോവയിൽ 8.9 ശതമാനം തൊഴിലില്ലായ്മ നിരക്കാണ് പി.എൽ.എഫ്.എസ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ 15 മുതൽ 59 വയസ്സുവരെയുള്ള തൊഴിൽ രഹിതരിൽ 17.3 ശതമാനം പേരും സ്ത്രീകളാണെന്ന് കാണാൻ കഴിയും. 5.5 ശതമാനം പുരുഷന്മാരാണ് ഈ വിഭാഗത്തിൽ തൊഴിൽ രഹിതരായി കാണപ്പെടുന്നത്. ദേശീയ ശരാശരി 3.5 ശതമാനം ആണെന്നിരിക്കെ കേരളത്തിലെ തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിക്കുന്നത് യുവാക്കളുടെ അന്താരാഷ്ട്ര/ആഭ്യന്തര കുടിയേറ്റം ത്വരിതപ്പെടുത്തുന്നതായും കാണാൻ സാധിക്കും.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.എസ്.ഡി.എസ്-ലോക്നീതി നടത്തിയ സർവ്വെ പ്രകാരം ആർക്ക് വോട്ട് ചെയ്യണമെന്ന തീരുമാനത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഘടകം തൊഴിലില്ലായ്മ ആയിരുന്നു. കൂടാതെ നരേന്ദ്ര മോദി സർക്കാരിനെ ഇഷ്ടപ്പെടാതിരിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയാണെന്നും സർവ്വെ പറയുന്നു. തെരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ എൻ.‍ഡി.എയ്ക്ക് എതിരെയുണ്ടായ ജനവികാരത്തിന് ഒരു മുഖ്യകാരണം തൊഴിലില്ലായ്മയാണ് എന്ന് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നു. യോഗ്യതയ്ക്കനുസരിച്ച് തൊഴിൽ ലഭ്യമല്ലാത്തതും കുറഞ്ഞ നിരക്കിലുള്ള ശമ്പള വ്യവസ്ഥയും തൊഴിലില്ലായ്മ രൂക്ഷമാക്കാൻ കാരണമായിട്ടുണ്ട്. പി.എൽ.എഫ്.എസ് സർവ്വെ ആ നി​ഗമനങ്ങൾക്ക് അടിവരയിടുന്നു.

ഉന്നത വിദ്യാഭ്യാസവും തൊഴിലില്ലായ്മയും

പി.എൽ.എഫ്.എസ് സർവ്വെ റിപ്പോർട്ട് പ്രകാരം ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരിലാണ് കേരളത്തിൽ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായി നിലനിൽക്കുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും 7.2 ശതമാനം വ്യക്തികൾ കേരളത്തിൽ തൊഴിൽ രഹിതരാണ്. എന്തുകൊണ്ടാണ് വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിന് ഇത്തരമൊരു അവസ്ഥയെന്നത് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. അരദിവസത്തിൽ ഒരു മണിക്കൂർ പോലും തൊഴിൽ ലഭിക്കാത്ത വ്യക്തികളെയാണ് സാമ്പത്തിക വിദഗ്ധർ തൊഴിൽരഹിതരായി കണക്കാക്കുന്നത്.

ബിരുദം പൂർത്തിയാക്കിയ 21.3 ശതമാനം ആളുകളാണ് കേരളത്തിൽ തൊഴിൽ രഹിതരായി കണക്കാക്കപ്പെടുന്നത്. ബിരുദാനന്തര ബിരുദവും അതിന് മുകളിലുള്ള യോഗ്യതയുമുള്ള 18.2 ശതമാനം ആളുകളും കേരളത്തിൽ തൊഴിൽ രഹിതരാണ്. ഡിപ്ലോമയും മറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളും പൂർത്തിയാക്കിയ 10.2 ശതമാനം ആളുകൾ കേരളത്തിൽ തൊഴിലില്ല. പ്ലസ്ടു വിജയിച്ചിട്ടും തൊഴിൽ രഹിതരയായി തുടരുന്നത് 10.9 ശതമാനം ആളുകളാണെന്നും സർവ്വെ റിപ്പോർട്ട് പറയുന്നു.

ഇതിൽ തന്നെ ഏറ്റവും പ്രധാനമായി കാണേണ്ട ഒന്നാണ് ഉന്നതവിദ്യാഭ്യാസം ലഭിച്ച സ്ത്രീകളുടെ അവസ്ഥ. മതിയായ വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരുന്നിട്ടും 11.6 ശതമാനം സ്ത്രീകൾ കേരളത്തിൽ തൊഴിൽരഹിതരാണ്. അതിൽത്തന്നെ ബിരുദം പൂർത്തിയാക്കിയ 26.6 ശതമാനം സ്ത്രീകൾ തൊഴിൽരഹിതരായുണ്ട്. ബിരുദാനന്തര ബിരുദമുള്ള 23.7 ശതമാനം സ്ത്രീകളും, വിവിധ കോഴ്സുകളിൽ ഡിപ്ലോമയുള്ള 18.3 ശതമാനം സ്ത്രീകളും, പ്ലസ്ടു യോഗ്യതയുള്ള 20.7 ശതമാനം സ്ത്രീകളും കേരളത്തിൽ തൊഴിലില്ലായ്മ നേരിടുന്നതായി പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പറയുന്നു.

representational image | thenewindianexpress

മതിയായ വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് 11.6 ശതമാനം സ്ത്രീകൾ കേരളത്തിൽ തൊഴിൽ രഹിതരായി തുടരുന്നത് എന്നത് കേരളം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട കാര്യമാണ്. വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളെ സ്വയംപര്യാപ്തരാകുന്നതിൽ നിന്നും വിവാഹവും കുടുംബവ്യവസ്ഥയും തടയുന്നുണ്ട് എന്ന് കൂടിയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വിവാഹശേഷം ജോലിയുണ്ടായിട്ടും അത് ഉപേക്ഷിക്കേണ്ടി വന്ന, മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളാണ് കേരളത്തിലുള്ളതെന്ന് കാണാൻ കഴിയും. 2023 സെപ്റ്റംബർ 29ന് കേരളീയം പ്രസിദ്ധീകരിച്ച ‘കുടുംബഭാരം; ജോലി ഉപേക്ഷിക്കുന്ന കേരളത്തിലെ സ്ത്രീകൾ’ എന്ന റിപ്പോർട്ട് സ്ത്രീകൾക്ക് തൊഴിൽ ചെയ്യാനുള്ള സാഹ​ചര്യം നഷ്ടമാകുന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. എങ്ങനെയാണ് കുടുംബത്തിന്റെയും കുട്ടികളുടെയും ഉത്തരവാദിത്വമെന്നത് സ്ത്രീകളുടെ മാത്രം കടമയായി ചുരുങ്ങുന്നതെന്നും പുരുഷനെ എപ്പോഴും ‘അദ്ധ്വാനിക്കുന്നവൻ’ ആയി സമൂഹം നിലനിർത്തി പോരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പി.എൽ.എഫ്.എസ് സർവ്വെയും വിരൽചൂണ്ടുന്നതും വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും തൊഴിൽ രഹിതരായി തുടരേണ്ടിവരുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ് എന്ന യാഥാർത്ഥ്യമാണ്.

‌‌മാന്യമായ തൊഴിലും സർക്കാർ ഇടപെടലുകളും

1980കളുടെ തുടക്കം മുതൽ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും, തൊഴിലിനെക്കുറിച്ചും തൊഴിലിന്റെ മാന്യതയെക്കുറിച്ചുമെല്ലാം സമൂഹം ഉണ്ടാക്കിവെച്ച തെറ്റായ മൂല്യങ്ങളുടെ ഒരു പ്രതിഫലനമാണിതെന്നും എൺപതുകൾ മുതൽ തുടങ്ങിയതാണ് ഈ ‘എജ്യൂക്കേറ്റഡ് അൺഎംപ്ലോയ്മെന്റ്’ എന്നും സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസ് സെബാസ്റ്റ്യൻ പറയുന്നു.

“സർക്കാർ ജോലി എന്ന് പറയുന്നതിന് മാത്രമേ മാന്യതയുളളൂ. സർക്കാർ ജോലിയാണ് ഏറ്റവും എളുപ്പമുള്ളത് എന്ന ധാരണയുണ്ട്. കായികാധ്വാനം ആവശ്യമില്ലാത്ത തൊഴിലുകൾ ആണ് ‘ജോലി’ എന്ന തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥന് ഒരു വർഷം ശരാശരി 220 ദിവസമേ ജോലിയുളളൂ. ഗുജറാത്തിൽ ഓൺട്രപ്രണഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന ഒരു സ്ഥാപനത്തിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഗുജറാത്തിലൊക്കെ സർക്കാർ ജോലിക്ക് പോകുന്നത് രണ്ടാംകിട സംഗതിയായാണ് കാണുന്നത്. സംരംഭകർ ആവാൻ കഴിവില്ലാത്തവർ ആണ് സർക്കാർ ജോലിക്ക് പോകുന്നത്. വിവാഹ മാർക്കറ്റിൽ എല്ലാം സർക്കാർ ജോലിക്കാർ പിന്തള്ളപ്പെട്ടുപോകുന്നുണ്ട്. നേരെ തിരിച്ചാണ് നമ്മുടെ കേരളത്തിൽ. ഇവിടുത്തെ സർക്കാർ ഓഫീസിലെ പ്യൂണിന്, തൊഴിലില്ലാതെ നടക്കുന്ന ഒരു പി.എച്ച്.ഡിക്കാരനെക്കാൾ വിവാഹമാർക്കറ്റിൽ സ്ഥാനമുണ്ട്. ഇതിന്റെ വേരുകൾ തേടേണ്ടത് ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടാണ്.” ജോസ് സെബാസ്റ്റ്യൻ കേരളീയത്തോട് പറഞ്ഞു.

representational image | mathrubhumi

“പണ്ടുമുതലേ സവർണ്ണർ എന്ന് പറയുന്നവർ കായികാധ്വാനമൊന്നും ചെയ്യാത്ത സുഖമായി ജീവിക്കുന്ന, കഥകളി കണ്ടും വെണ്മണി കവിതകളെഴുതിയും ഭൂമി പാട്ടം കൊടുത്തും മറ്റുള്ളവരെ അധ്വാനിക്കാൻ വിട്ട് അതുകൊണ്ട് സുഖമായി ജീവിച്ചിരുന്ന കാലമുണ്ടായിരുന്നു. അതാണ് ഇന്നും തൊഴിലിനെ കുറിച്ചുള്ള നമ്മുടെ സമൂഹത്തിലെ സങ്കല്പം. ഇടതുപക്ഷം പലപ്രാവശ്യം അധികാരത്തിൽ വന്നെങ്കിലും അവർക്ക് ഇത് മാറ്റാൻ കഴിഞ്ഞില്ല.” ജോസ് സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.

സാധാരണക്കാരായ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷിതത്വം നൽകുന്ന സംവിധാനം നമ്മുടെ നാട്ടിലില്ലെന്നതും, മറിച്ച് സർക്കാർ ഉദ്യോഗസ്ഥർക്ക് പെൻഷൻ മുതൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും ജോസ് സെബാസ്റ്റ്യൻ ചൂണ്ടിക്കാണിക്കുന്നു. “തൊഴിലില്ലായ്മ എന്നത് കൂടുതൽ ഡിഗ്രികൾക്ക് പുറകെ പോവാൻ പ്രേരിപ്പിക്കുന്നുണ്ട്. എസ്.എസ്.എൽ.സി തോറ്റിരുന്നെങ്കിൽ കായിക പ്രാധാന്യമുള ഒരു തൊഴിലിലേക്ക് ഒരുപക്ഷേ പോയേനെ. എന്നാൽ ഇപ്പോൾ എല്ലാവരും എസ്.എസ്.എൽ.സി ജയിക്കുകയാണ്. അത് കഴിഞ്ഞ് പ്ലസ്ടു, അവിടെയും എല്ലാവരും ജയിക്കുന്നു. ഉടനെ തന്നെ ഡിഗ്രിക്ക് ചേരുന്നു, അത് കഴിഞ്ഞും ജോലി കിട്ടുന്നില്ല. സർക്കാർ ജോലിക്ക് വേണ്ടിയാണ് പൊതുവേ ഡിഗ്രി എടുക്കുന്നത്. അതുമൂലം കായികാധ്വാനമുള്ള തൊഴിലുകളിൽ ഞാനിനി ഏർപ്പെടില്ല എന്ന മാനസികനിലയിലേക്ക് യുവാക്കൾ എത്തുന്നു. കായികാധ്വാനമുള്ള തൊഴിൽ ചെയ്യാനാവശ്യമായ കഴിവുകൾ ഒന്നും തന്നെ ഡിഗ്രിയും, പിജിയും കഴിഞ്ഞ് വരുന്ന കുട്ടികൾക്കില്ല എന്നതാണ് യാഥാർത്ഥ്യം.” ജോസ് സെബാസ്റ്റ്യൻ പറയുന്നു.

കേരളത്തിലെ ‘എജ്യൂക്കേറ്റഡ് അൺഎംപ്ലോയ്മെന്റ്’ എന്നത് സമൂഹത്തിലെ മൂല്യങ്ങളുടെ പ്രശ്നമാണെന്നും യുവാക്കളെ സ്വയംപര്യാപ്തതയുള്ളവരാക്കി മാറ്റുകയല്ല, മറിച്ച് ഡിഗ്രികൾ ജയിപ്പിക്കുകയും ജീവിതത്തിലവരെ പരാജയപ്പെടുത്തുകയുമാണ് സമൂഹം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇതൊരു മൂല്യവ്യവസ്ഥയുടെ പ്രശ്നമായാണ് താൻ കണക്കാക്കുന്നതെന്ന് ജോസ് സെബാസ്റ്റ്യൻ ചൂണ്ടിക്കാണിക്കുന്നു.

ജോസ് സെബാസ്റ്റ്യൻ

“ആവശ്യാധിഷ്ടിതമായ സാർവത്രിക പെൻഷൻ കേരളത്തിൽ ഏർപ്പെടുത്തണം. ചെറുകിട സംരംഭങ്ങൾ നടത്തി പരാജയപ്പെടുന്നവർക്ക് സർക്കാർ ജോലികളിൽ ആനുകൂല്യം നൽകേണ്ടതുണ്ട്. പത്ത് വർഷമെങ്കിലും അഞ്ച് പേർക്ക് തൊഴിൽ കൊടുത്തിട്ടുള്ള സംരംഭകർക്ക് സർക്കാർ ജോലികളിൽ ആനുകൂല്യം എന്ന ആശയം ഞാൻ മുമ്പും അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സാമൂഹിക സുരക്ഷിതത്വം നൽകിയാൽ കൂടുതൽ ചെറുകിട സംരംഭകർ ഉണ്ടാവുകയും വിദ്യാഭ്യാസത്തിന് പുറകെ മാത്രം പോകുന്നത് കുറയ്ക്കാൻ സാധിക്കുകയും ചെയ്യും. കുടിയേറ്റം ഒരു പരിധി കഴിഞ്ഞാൽ പരിഹാരമല്ല. കാരണം അവർ കുടിയേറ്റത്തെ നിയന്ത്രിക്കും. മാത്രമല്ല ഇത്തരം രാജ്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോടിക്സ് എന്നീ സാങ്കേതികവിദ്യകൾ വരുമ്പോൾ മാനുവൽ ആയി ചെയ്യുന്ന പല ജോലികളുടെയും സാധ്യതകളെ ഇല്ലാതെയാകും. തൊഴിലിന് മാന്യതയുണ്ടാവുക, ചെറുകിയ സംരംഭങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഏർപ്പെടുത്തുക എന്നീ ആശയങ്ങളാണ് ഇനി വേണ്ടത്.” തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി ജോസ് സെബാസ്റ്റ്യൻ പറഞ്ഞു.

2017-18 വർഷത്തിൽ 11.4 ശതമാനമായിരുന്ന നിരക്ക് ഇപ്പോൾ 7.2 ൽ എത്തി എന്നത് കേരളത്തിന് ആശ്വാസകരമാണെങ്കിലും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതാണെന്ന കണക്ക് സംസ്ഥാന സർക്കാർ ഗൗരവത്തോടെ തന്നെ പരിഗണിക്കേണ്ടതുണ്ട്. തെഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ടെന്ന കേന്ദ്ര സർക്കാർ വാദങ്ങളും ഈ റിപ്പോർട്ട് പുറത്ത് വന്നതോടെ പൊളിയുകയാണ്. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ നിന്നും തൊഴിൽമേഖല ഇപ്പോഴും കരകയറിയിട്ടില്ല എന്ന് കൂടിയാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.

Also Read

6 minutes read September 30, 2024 10:04 am