ഇനി വരുമ്പോ തുറപ്പ എടുത്ത് വെച്ചിട്ടുണ്ട് അമ്മമാര്…

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2022 ആ​ഗസ്റ്റ് 10ന് തിരുവനന്തപുരം ന​ഗരം കുറച്ചധികനേരം നിശ്ചലമായി. അന്നായിരുന്നു വലിയ മത്സ്യബന്ധന വള്ളങ്ങളുമായി തീരത്ത് നിന്നും എത്തി മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്. ചെറുതും വലുതുമായ മുപ്പതോളം ബോട്ടുകൾ വിവിധ വാഹനങ്ങളിലായി സെക്രട്ടേറിയറ്റ് പടിക്കലെത്തിച്ചായിരുന്നു പ്രതിഷേധം. തീരദേശ ജനതയുടെ മാത്രം പ്രശ്നമായി ചുരുങ്ങി നിന്ന വിഷയങ്ങൾ കേരളത്തിന്റെ പൊതുശ്രദ്ധയിലേക്ക് വരുന്നത് ആ സമരത്തോ‌ടെയാണ്. എന്നിട്ടും വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം കാരണം തീരദേശത്തെ അപ്പാടെ കടല്‍വിഴുങ്ങുകയാണെന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വാദം മാധ്യമങ്ങളും പൊതുസമൂവും വളരെ ലാഘവത്തോടെയാണ് കണ്ടത്. ഒക്ടോബർ 17ന് തിരുവനന്തപുരത്ത് നടന്ന റോഡ് ഉപരോധ സമരത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളി സ്ത്രീയോട്, എന്തിനാണ് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചുകൊണ്ട് സമരം ചെയ്യുന്നതെന്നായിരുന്നു മീഡിയ വണ്‍ എന്ന ചാനലിന്റെ റിപ്പോർട്ടർ ചോദിച്ചത്. മാധ്യമങ്ങളുടെ മാത്രം ചോദ്യമായിരുന്നില്ല അത്. തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും അന്ന് ആ ചോദ്യം ഉന്നയിക്കപ്പെട്ടു.

പക്ഷെ, സമരതീക്ഷണതയോടെ ആ സ്ത്രീ പറഞ്ഞ മറുപടി വളരെ വ്യക്തമായിരുന്നു: “അവര്‍ക്ക് ഒരു ദിവസം ബുദ്ധിമുട്ടായപ്പോള്‍ നിങ്ങള്‍ക്ക് വേദന. ഞങ്ങള്‍ ഗോഡൗണില് വര്‍ഷങ്ങളായി കിടന്നപ്പോ നിങ്ങള്‍ക്ക് ആര്‍ക്കും കണ്ണില്ലേ നോക്കാന്‍ വേണ്ടി. ഞങ്ങളുടെ സഹോദരങ്ങള്‍ കിടക്കുന്നത് സിമന്റ് ഗോഡൗണുകളിലാണ്. നിങ്ങള്‍ക്ക് കഴിയാന്‍ പറ്റോ? നിങ്ങടെ ഭാര്യയും പ്രായപൂര്‍ത്തിയായ മക്കളെയും വെച്ച് ഒരു റൂമില്‍ കഴിയാന്‍ നിങ്ങക്ക് സാധിക്കുമോ.. എങ്കില്‍ ഈ സമരം ഇപ്പോള്‍ പിന്‍വലിക്കാം.”

വിഴിഞ്ഞം തുറമുഖ നിർമ്മാണം നടക്കുന്ന സ്ഥലത്തെ സമരപന്തൽ. ഫോട്ടോ: നിഖിൽ വർ​ഗീസ്

സമരവഴിയിലേക്ക് വന്നെത്തിയവർ

വിഴിഞ്ഞത്ത് സമരം ശക്തമായതോടെ സമരത്തിന് പിന്നിൽ മതതീവ്രവാദികളാണെന്നും, മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് സമരത്തിലേര്‍പ്പെടുന്നതെന്നും, നിഷ്‌കളങ്കരായ മത്സ്യത്തൊഴിലാളികളെ ആരോ പറഞ്ഞ് പറ്റിക്കുകയുമാണെന്നുമുള്ള ആരോപണങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുകയുണ്ടായി. സമരത്തെ പ്രത്യക്ഷമായി എതിർക്കുന്ന സി.പി.എം-ബി.ജെ.പി കക്ഷികളും അത്തരം ആരോപണങ്ങൾ പലവഴിക്കും പടർത്തുന്നുണ്ട്. എന്നാൽ മുല്ലൂരിലെ തുറമുഖകവാടത്തിന് മുന്നിലെ സമരപ്പന്തലിൽ ഇരിക്കുന്ന ആർക്കും അങ്ങനെയൊരു സ്വാധീനത്തിന്റെ കഥ പറയാനില്ലായിരുന്നു. ഒരുകാലത്ത് അദാനി പോര്‍ട്ട് വരുന്നതിനെ തുറന്ന് സ്വീകരിക്കുകയും വളരെ പ്രതീക്ഷയോടെ തുറമുഖ വികസനത്തെ നോക്കിക്കാണുകയും ചെയ്തിരുന്ന ഒരു കൂട്ടം മനുഷ്യരായിരുന്നു അവരിലേറെപ്പേരും. എന്നാൽ കാലക്രമേണ അദാനി പോര്‍ട്ടിനെതിരായ സമരത്തിലേക്ക് അവർ എത്തിച്ചേരുകയായിരുന്നു.

“കോവളം മുതല്‍ അങ്ങോട്ടുള്ള ഞങ്ങളുടെ സഹോദരങ്ങളുടെ വീടുകള്‍ പോയി. തീരമില്ല, വാസസ്ഥലമില്ല, തൊഴിലിന് പോകാന്‍ പറ്റുന്നില്ല. അടിമലത്തുറ മുതല്‍ പൂവാര്‍ വരെയുള്ള തീരം അവര്‍ മതില്‍ വെച്ച് അടക്കുമെന്നൊക്കെ കേള്‍ക്കുന്നു. ഞങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യം വീടും തൊഴിലുമാണ്. ഇതൊക്കെ ഉപേക്ഷിക്കേണ്ടി വരുന്ന ഘട്ടം വന്നുവെന്ന് ഇപ്പോള്‍ ബോധ്യമായി. വരുംതലമുറയ്ക്ക് നമ്മള്‍ എന്തുകൊടുക്കും എന്നോർത്തുള്ള പശ്ചാത്താപമാണ് ഞാനിപ്പോള്‍ എല്ലാ ദിവസവും സമരത്തില്‍ വരാന്‍ കാരണം.” പുല്ലുവിള സ്വദേശി സില്‍വര്‍സ്റ്റാര്‍ മൈക്കിള്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണം. ഫോട്ടോ: നിഖിൽ വർ​ഗീസ്

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ വയസ് 72 വയസ് കഴിഞ്ഞു. നാല് മാസം മുമ്പ് രക്തസമ്മര്‍ദം കാരണം രോഗിയായിട്ടും ഒരു ദിവസം പോലും വിടാതെ മൈക്കിൾ സമരപ്പന്തലിലെത്തി. ആദ്യഘട്ടങ്ങളില്‍ തുറമുഖ പദ്ധതിയെ അന്ധമായി സ്വീകരിച്ചിരുന്ന ആളാണ് അദ്ദേഹം. “55,000 മത്സ്യത്തൊഴിലാളികള്‍ തീരദേശത്തുണ്ട്. അവര്‍ എന്തു ചെയ്യും? അവരുടെ സന്തതികളോ? അവരെ കൂടാതെ അനുബന്ധ മത്സ്യത്തൊഴിലാളികളുമുണ്ട്. അവര്‍ എന്തുചെയ്യും? അപ്പോള്‍ ഒരു സമൂഹത്തെ തുടച്ചു മാറ്റാനുള്ള ശ്രമങ്ങളാണ് ഇതെന്ന് മനസിലാക്കിയിട്ടാണ് സ്വന്തം മനസോടെ ഞാൻ ഇറങ്ങിത്തിരിച്ചത്. അവസാനം വരെ ഈ സമരത്തിലുണ്ടാകും.” സില്‍വര്‍സ്റ്റാര്‍ മൈക്കിള്‍ പറയുമ്പോൾ ആ തീരുമാനത്തിന്റെ കരുത്ത് വാക്കുകളിൽ പ്രകടമായിരുന്നു.

“പോര്‍ട്ട് വന്നാല്‍ ഇവിടെ സിംഗപ്പൂരാകും, കുവൈറ്റാകും തുടങ്ങിയ അതിമോഹന വാഗ്ദാനങ്ങളില്‍ പെട്ടുപോയതാണ്. അബദ്ധം പറ്റാത്ത മനുഷ്യര്‍ ഈ ലോകത്തില്ലല്ലോ.” അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പോര്‍ട്ട് നിര്‍മ്മാണത്തിനായി ഒപ്പിട്ട് നല്‍കിയ ഉമ്മന്‍ചാണ്ടിയും, പിന്തുണച്ച ശശി തരൂരും ഇപ്പോള്‍ എല്ലാ പിന്തുണയും നല്‍കുന്ന പിണറായി സര്‍ക്കാരും മത്സ്യബന്ധന സമൂഹം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളില്‍ പൂര്‍ണ്ണ ഉത്തരവാദികളാണ്. പോര്‍ട്ട് നിർമ്മാണം നിര്‍ത്തിവെച്ച്, മത്സ്യത്തൊഴിലാളി സമൂഹത്തില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി പഠനം നടത്താൻ ഉമ്മൻ ചാണ്ടിയും ശശി തരൂരും ആവശ്യപ്പെടണമെന്നും ജനങ്ങളോട് ക്ഷമ പറഞ്ഞ് തെറ്റ് തിരുത്തണമെന്നുമാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.

മുമ്പ് അദാനി പോര്‍ട്ടിനെ അനുകൂലിക്കുകയും പിന്നീട് പോര്‍ട്ടിനെതിരായ സമരത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഏക വ്യക്തിയല്ല സില്‍വര്‍സ്റ്റാര്‍ മൈക്കിള്‍ എന്ന മത്സ്യത്തൊഴിലാളി. മത്സ്യത്തൊഴിലാളികളെ പറഞ്ഞ് കബളിപ്പിച്ച് സമരത്തിനിറക്കിയിരിക്കുകയാണെന്ന ഭാഷ്യത്തെ റദ്ദ് ചെയ്യുന്ന ഒട്ടനേകം മനുഷ്യരെ ആ പന്തലിൽ കാണാം. ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്നറിയാതെ സമരവഴിയിലേക്ക് വന്നെത്തിയവർ.

“കൊച്ചുതോപ്പിലായിരുന്നു ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ കുടുംബവീട്. എന്റെ ആ മൂന്ന് സെന്റ് വീട് നഷ്ടമായി. വീടിന് സമീപമുള്ള കുറെ വീടുകളും വര്‍ഷങ്ങളായി നശിച്ചുകൊണ്ടിരിക്കുകയാണ്.” കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ അതിരൂപത പ്രസിഡന്റും മത്സ്യത്തൊഴിലാളി സമൂഹാംഗവുമായ പാട്രിക് മൈക്കിള്‍ പറഞ്ഞു തുടങ്ങി. മാറിത്താമസിക്കാന്‍ മറ്റൊരു വീടുള്ളതുകൊണ്ട് മാത്രം സിമന്റ് ഗോഡൗണിലെ ക്യാമ്പിൽ അഭയം പ്രാപിക്കേണ്ട ഗതികേടുണ്ടാകാത്ത വ്യക്തിയാണ് പാട്രിക് മൈക്കിള്‍. “പണ്ട് ഞാനടക്കമുള്ള പലരുടെയും നിലപാട് അദാനി പോര്‍ട്ടിന് അനുകൂലമായിരുന്നു. ഞങ്ങള് വികസനത്തിന് എതിരൊന്നുമല്ല. എന്നാൽ, വികസനം വരുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ എന്നന്നേക്കുമായി തീരത്ത് നിന്നും തുടച്ചുമാറ്റപ്പെടുന്ന പ്രക്രിയയിലോട്ട് പോകുന്നത് കണ്ടുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. നാളെയും ഒരുപാട് വീടുകള്‍ നഷ്ടപ്പെടും. ഞങ്ങളുടെ കുടുംബങ്ങള്‍ അനാഥരാകും. ഭിക്ഷക്കാരെ പോലെ ഗോഡൗണുകളില്‍ കഴിയേണ്ടി വരും. അദാനി പോര്‍ട്ട് വന്നാല്‍ ദുബായ് പോര്‍ട്ട് പോലെ ഒരുപാട് തൊഴില്‍ സാധ്യത വരുമെന്നൊക്കെ വാദിച്ചിരുന്നവരുണ്ട്. അവരൊക്കെയാണ് ഞങ്ങളുടെ വൈദികര്‍ക്ക് ക്ലാസ് എടുക്കുകയും അവരെ പോര്‍ട്ടിന് അനുകൂലമായി നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നത്. പക്ഷെ പണിയെല്ലാം തു‌ടങ്ങിക്കഴിഞ്ഞപ്പോള്‍ കാലിത്തൊഴുത്തിന്റെ വില പോലും ഞങ്ങള്‍ക്ക് തരുന്നില്ല.” പാട്രിക് കണ്ണീര്‍ തുടച്ചുകൊണ്ട് പറഞ്ഞു.

പ്രതീക്ഷയുടെ ഫ്‌ളാറ്റുകള്‍

2018 ഒക്ടോബര്‍ 31ാം തീയതിയാണ് മുട്ടത്തറയിൽ ‘പ്രതീക്ഷ’ എന്ന പേരില്‍ നിര്‍മ്മിച്ച ഭവനസമുച്ചയത്തിന്റെ താക്കോല്‍ദാന ചടങ്ങുകള്‍ നടന്നത്. 2016ല്‍ വലിയതുറയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കിയിരുന്നത്. രണ്ട് ബെഡ്‌റൂം, ശുചിമുറി, സ്വീകരണമുറി, അടുക്കള അടങ്ങിയതാണ് 540 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്. വലിയതുറ സ്‌കൂളില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ പ​ദ്ധതി ഏറെ പ്രത്യാശ നല്‍കിയിരുന്നെങ്കിലും പിന്നീട് ‘പ്രതീക്ഷ’യിലെ ജീവിതം ദുഷ്‌കരമാകുകയായിരുന്നു. വിശാലമായ തീരത്ത് താമസിച്ചിരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ ഇടുങ്ങിയ ഫ്‌ളാറ്റുകളിലേക്ക് മാറ്റിയത് വലിയ മാനസിക ക്ലേശങ്ങളാണ് അവർക്കുണ്ടാക്കിയത്. കൂട്ടുകുടുംബ വ്യവസ്ഥ പിന്തുടര്‍ന്നിരുന്ന ഈ സമൂഹത്തിന് അസൗകര്യങ്ങളുടെ നീണ്ട ലിസ്റ്റുകളാണ് ‘പ്രതീക്ഷ’യിലുണ്ടായിരുന്നത്.

മുട്ടത്തറയിലെ ഫ്ലാറ്റുകൾ. ഫോട്ടോ കടപ്പാട്: thenewsminute.com

“ക്യാംപുകളില്‍ പുഴുക്കളെ പോലെ കഴിഞ്ഞിരുന്നവര്‍ക്ക് ഫ്‌ളാറ്റ് കൊടുത്തപ്പോള്‍ അതിനും കുറ്റം പറയുന്നുവെന്ന് ആളുകള്‍ പറയുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള് കാരണമല്ലല്ലോ ഞങ്ങളുടെ വീട് നഷ്ടപ്പെട്ടത്?” പാട്രിക് അമര്‍ഷത്തോടെ ചോദിച്ചു.” 192 കുടുംബങ്ങള്‍ക്കാണ് ഫ്‌ളാറ്റ് നല്‍കിയത്. തീരത്ത് താമസിച്ചുകൊണ്ട് കടലില്‍ പോയിരുന്ന ജനത അവിടെ നിന്ന് മാറിത്താമസിക്കുമ്പോള്‍ പണിക്ക് പോകാനുള്ള ബുദ്ധിമുട്ടാണ് പ്രധാനമായും ഉണ്ടായിരുന്നത്. മീന്‍ കച്ചവടം ചെയ്യുന്ന അമ്മമാര്‍ക്കും സഹോദരന്മാര്‍ക്കും കൃത്യം സമയത്ത് മീന്‍ എടുക്കാന്‍ വരാന്‍ പറ്റാതെ അസൗകര്യമുണ്ടായി. കടല്‍ത്തീരത്ത് താമസിക്കുമ്പോള്‍ കരമടി കഴിഞ്ഞ് മീന്‍ വരുമ്പോള്‍ ഒന്നു വിളിച്ചു പറഞ്ഞാല്‍ തന്നെ അവര്‍ക്ക് മീന്‍ എടുക്കാന്‍ വരാന്‍ പറ്റും. തീരദേശത്തെ ജനതയ്ക്ക് ഫ്‌ളാറ്റില്‍ ജീവിക്കുന്ന ജീവിതം പരിചിതമല്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് പല മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. തുറന്ന് കിടന്ന തീരത്ത് നിന്ന് ചെറിയ ഫ്‌ളാറ്റിലേക്ക് മാറേണ്ടി വരിക എന്നത് അവര്‍ക്ക് ചിന്തിക്കാവുന്നതിലുമപ്പുറമാണ്.”

ഫ്‌ളാറ്റില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങി പല വാഗ്ദാനങ്ങളും സര്‍ക്കാര്‍ നല്‍കിയിരുന്നു. പക്ഷേ ഇന്നും മാലിന്യ നിര്‍മ്മാര്‍ജനത്തിനുള്ള ഒരു സൗകര്യവും ‘പ്രതീക്ഷ’ ഫ്‌ളാറ്റിലില്ല. “സ്വന്തമായി വീടുണ്ടായിരുന്നപ്പോള്‍ സ്ഥലം നമ്മുടെ പേരിലായിരുന്നു. അവിടെ എന്തും പണിയാമായിരുന്നു. എന്നാ ഇവിടെ നമ്മുടെ മക്കള്‍ക്ക് വേണ്ടി ഒരു റൂം ഇറക്കി കെട്ടാനോ, ടെറസിനു മുകളില്‍ ഒരു റൂം പണിയാനോ കഴിയില്ല. ഇനി ജീവിതാവസാനം വരെ ഫ്ലാറ്റിൽ കഴിയേണ്ടി വരും.” നഷ്ടങ്ങൾ പാട്രിക് ഓർത്തെടുത്തു.

പുതിയ ആരോപണങ്ങള്‍

മത്സ്യത്തൊഴിലാളികൾ തെറ്റിദ്ധരിപ്പിക്കപ്പെട്ട് വന്നതാണ് എന്ന് ആരോപണം ദുർബലമായതോടെ തുറമുഖാനുകൂലികൾ പുതിയ നീക്കങ്ങൾ ആരംഭിച്ചു. അത്തരത്തിൽ ഉയർന്നുവന്ന പുതിയ ആരോപണമാണ് വിഴിഞ്ഞം സമരത്തിന് വിദേശ ഫണ്ട് കിട്ടുന്നുണ്ടെന്നും സമരത്തിന്റെ അണിയറയില്‍ കലാപശ്രമങ്ങള്‍ ഒരുങ്ങുന്നുണ്ടെന്നുമുള്ളത്. വിഴിഞ്ഞം സമരം നൂറ് ദിവസം പിന്നിട്ട അന്ന് മുല്ലൂരിലെ തുറമുഖകവാടത്തിന് മുന്നിലുണ്ടായ സംഘര്‍ഷം ഈ വാദങ്ങള്‍ക്ക് ആക്കം കൂട്ടാനായി ഉപയോ​​ഗിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് അദാനി തുറമുഖത്തെ തുടക്കം മുതല്‍ എതിര്‍ക്കുന്ന കോസ്റ്റൽ വാച്ച് പ്രതിനിധിയും ഓഷ്യൻ ​ഗവേണൻസ് വിദ​ഗ്ധനുമായ എ.ജെ വിജയന് നേരെ ആരോപണങ്ങളുണ്ടാകുന്നത്. എ.ജെ വിജയന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 11 കോടി രൂപയോളം വിദേശ ഫണ്ട് പത്ത് വര്‍ഷത്തിനിടയിൽ വന്നു എന്നായിരുന്നു ചില മാധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്തത്.

“അവര്‍ക്ക് ആശയപരമായി നേരിടാന്‍ കഴിയാത്തതുകൊണ്ട് ഇപ്പോള്‍ വ്യക്തിഹത്യയിലേക്ക് തിരിഞ്ഞിരിക്കുന്നുവെന്നേ ഉള്ളൂ. വിഴിഞ്ഞം പദ്ധതിയുടെ പ്രശ്‌നങ്ങളെക്കുറിച്ച് ആദ്യകാലം മുതല്‍ തന്നെ പഠനങ്ങള്‍ നടത്തി പ്രചരിപ്പിക്കുന്ന ആളാണ് ഞാന്‍. ഞാന്‍ സമരസമിതിയിലെ കണ്‍വീനറോ നേതാവോ ഒന്നുമല്ല. എന്റെ വാദങ്ങളെ പ്രതിരോധിക്കാൻ കഴിയാത്തതുകൊണ്ട് വിഷയത്തെ വേറെതരത്തില്‍ തിരിച്ചു വിടുകയാണ്. ഞാനൊറ്റക്ക് അല്ലല്ലോ സമരം നടത്തുന്നത്. ജനങ്ങള്‍ വിഡ്ഢികളാണോ.. അവരുടെ അനുഭവത്തില്‍ നിന്നാണ് അവര്‍ സമരം നടത്തുന്നത്. അദാനി മീഡിയയെ വിലക്കെടുക്കുന്നതിന്റെ വലിയ തെളിവ് കൂടിയാണ് ഈ വാർത്തകൾ. ദേശാഭിമാനി എഴുതിയതോടെയാണ് ബാക്കിയുള്ളവരും കൂടി സമരത്തിനെതിരെ തിരിയുന്നത്.” എ.ജെ വിജയന്‍ അഭിപ്രായപ്പെട്ടു.

എ.ജെ വിജയന്‍

“കഴിഞ്ഞ 12 വര്‍ഷമായിട്ട് ഒരു വിദേശ സഹായവും ലഭ്യമാകുന്ന സ്ഥാപനത്തില്‍ അല്ല ഞാൻ പ്രവര്‍ത്തിക്കുന്നത്. സ്വന്തം നിലയില്‍ തൊഴില്‍ ചെയ്താണ് വരുമാനം ഉണ്ടാക്കുന്നത്. അക്കാരണത്താൽ എന്നെ പറ്റി അവര്‍ക്ക് പറയാന്‍ പറ്റില്ല. അതുകൊണ്ടാണ് എന്റെ ഭാര്യയുടെ പേരില്‍ ഫണ്ട് വന്നു എന്ന് പറയുന്നത്. എന്റെ പേരില്‍ പണം വന്നെങ്കില്‍ ഗവര്‍ണ്‍മെന്റിന് എന്നെ പിടികൂടാന്‍ എന്ത് എളുപ്പമാണ്. നമ്മുടെ രാജ്യത്ത് തന്നെ എത്രയോ ആളുകളെ, വ്യക്തിഗതമായി പോരാടുന്ന ആളുകളെയൊക്കെ തിരഞ്ഞുപിടിച്ച് മാവോയിസ്റ്റ് ആക്കുന്നുണ്ടല്ലോ. എന്റെ പേരില്‍ തെളിവുണ്ടെങ്കില്‍ അവര്‍ എന്നെ പിടികൂടട്ടെ, ശിക്ഷിക്കട്ടെ.” എല്ലാ ആരോപണങ്ങളെയും എ.ജെ വിജയൻ ആത്മവിശ്വാസത്തോടെ തള്ളിക്കളഞ്ഞു.

എ.ജെ വിജയന്റെ ഭാര്യ ഏലിയാമ്മ വിജയൻ, 2018 ലെ പ്രളയത്തിന് ശേഷം സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് വേണ്ടി പഞ്ചായത്തുകളുടെ സഹായത്തോടെ പ്രവർത്തിച്ചിരുന്നുവെന്നും അതിനുവേണ്ടിയാണ് അവർക്ക് ഫണ്ട് കിട്ടിയതെന്നും അല്ലാതെ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തനത്തിന്റെ സാമാന്യ മര്യാദ പോലും ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശ ഫണ്ട് വാർത്ത റിപ്പോർട്ട് ചെയ്ത ന്യൂസ് 18 എന്ന ചാനലിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ‘സഖി’ എന്ന സംഘടന വക്കീൽ നോട്ടിസ് അയയ്ക്കുകയും ചെയ്തു.

ന്യൂസ് 18 ചാനലിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസ്

ഒന്നാകുന്ന മുന്നണികള്‍

കേരള രാഷ്ട്രീയത്തിലെ മുന്നണികളെല്ലാം ഒരു സമരത്തിനെതിരെ ഒറ്റക്കെട്ടായി രം​ഗത്തുവരുന്ന കാഴ്ചയ്ക്കും തിരുവനന്തപുരം സാക്ഷിയാവുകയുണ്ടായി. നവംബർ 2ന് വിഴിഞ്ഞത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്ക് നടന്ന അദാനി പോര്‍ട്ടിന് അനുകൂലമായ മാര്‍ച്ചില്‍ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ​ഗപ്പനും, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷും ഒന്നിച്ച് പങ്കെടുക്കുയുണ്ടായി. ഇതേദിവസം തന്നെ വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് അഭിപ്രായപ്പെടുകയുമുണ്ടായി.

മത്സ്യത്തൊഴിലാളി സമൂഹത്തിനെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ആശങ്കപ്പെടുത്തുന്നുണ്ട്. ഒരു സമവായത്തിലെത്താന്‍ സര്‍ക്കാര്‍ താത്പര്യപ്പെടുന്നില്ലെന്ന് അവർ കരുതുന്നു. “ഇത്തരത്തില്‍ പോയാല്‍ പരസ്പരം വാശി പിടിച്ചിരിക്കുകയേ ഉള്ളൂ. ഇപ്പോള്‍ തീര്‍പ്പാക്കാന്‍ പറ്റുന്ന പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കി വിപുലമായ ചര്‍ച്ചകള്‍ പിന്നീട് വെക്കാമെന്നെങ്കിലും സര്‍ക്കാരിന് പറയാവുന്നതാണ്. പദ്ധതി നിര്‍ത്തി പഠനം എന്നത് സർക്കാര്‍ അംഗീകരിക്കുന്നേയില്ല. പഠനം നടക്കുന്നതിനൊപ്പം നിര്‍മ്മാണവും പുരോഗമിക്കട്ടെ എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഞങ്ങള്‍ മനസിലാക്കുന്നത് അദാനിക്ക് വേണ്ടിയുള്ള ഇടനിലക്കാരന്റെ റോളാണ് സര്‍ക്കാര്‍ ഇപ്പോൾ എടുക്കുന്നത് എന്നാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ ആ നിലപാടല്ല എടുക്കേണ്ടത്.” പാട്രിക് അഭിപ്രായപ്പെട്ടു.

“വിഴിഞ്ഞത്തിന് വടക്കുള്ള തീരത്ത് 1970 മുതല്‍ തീരശോഷണമുണ്ടെന്ന് സമ്മതിക്കുന്ന ആളാണ് ഞാന്‍. ആ തീരശോഷണം ഉള്ളതുകൊണ്ട് തന്നെ, വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ഇ.ഐ.എ പഠനത്തിന് വേണ്ടി സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞത് തിരുവനന്തപുരം തീരം തീരശോഷണമുള്ള സ്ഥലമാണെന്നാണ്. തീരശോഷണമുള്ള സ്ഥലത്ത് പോര്‍ട്ട് പ്രൊഹിബിറ്റഡ് ആക്ടിവിറ്റിയാണ്. സി.ആര്‍.ഇസഡ് നിയമത്തില്‍ അവിടെ പോര്‍ട്ട് നിര്‍മിക്കാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. വിഴിഞ്ഞത്തിന് തെക്കും വടക്കും തീരശോഷണമില്ലാത്ത സ്ഥലമാണെന്ന് പറഞ്ഞ് അവർ കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കി. കോടതിയില്‍ വന്നപ്പോഴും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. ഞങ്ങള്‍ അപ്പോഴും തീരശോഷണം ഉണ്ടെന്ന് വാദിച്ചിരുന്നവരാണ്. പോര്‍ട്ട് നിര്‍മ്മാണം നടക്കുമ്പോള്‍ തീരശോഷണം സംഭവിക്കുന്നുണ്ടോയെന്ന് പഠിക്കാനായി ഇന്‍ഡിപെഡന്റായ കമ്മിറ്റി ഹരിത ട്രൈബ്യൂണല്‍ നിയമിച്ചു. അതുകൊണ്ടാണ് ഞങ്ങള്‍ പിന്നീട് അപ്പീല്‍ പോകാത്തത്. 2016ല്‍ പണി തുടങ്ങിയതിന് ശേഷം തീരശോഷണം വര്‍ദ്ധിച്ചു. അങ്ങനെയാണ് അഞ്ച് വര്‍ഷം കൊണ്ട് 400 വീടുകളോളം നഷ്ടമായത്. ഇത് ചൂണ്ടിക്കാട്ടുമ്പോള്‍ അവര്‍ പറയുന്നു പണ്ടും തീരശോഷണം ഉണ്ടായിരുന്നുവെന്ന്. പണ്ട് തീരശോഷണം ഇല്ലായിരുന്നുവെന്ന് പറഞ്ഞിരുന്നവരാണ്. അനുമതി കിട്ടാന്‍ വേണ്ടി തീരശോഷണം ഇല്ല എന്ന് പറഞ്ഞു. ഇപ്പോള്‍ തീരശോഷണമുണ്ടായ കാര്യം നമ്മൾ ചൂണ്ടിക്കാണിക്കുമ്പോൾ ഇത് പണ്ടേ ഉണ്ടായിരുന്നുവെന്ന് പറയുന്നു. സര്‍ക്കാരും അങ്ങനെ തന്നെയാണ് പറയുന്നത്.” എ.ജെ വിജയന്‍ സർക്കാർ വാദങ്ങളിലെ വൈരുദ്ധ്യങ്ങൾ വിവരിച്ചു.

ഫ്രാന്‍സിസ് ജെ. നെറ്റോയ്ക്ക് ലഭിച്ച വിവരാവകാശ മറുപടി

ജോഡോ യാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ല സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയോട് ശശി തരൂര്‍ എം.പി പറഞ്ഞത് തുറമുഖത്തിന്റെ എണ്‍പത് ശതമാനത്തോളം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി എന്നാണ്. എന്നാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പുരോഗതിയെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ച അഡ്വ. ഫ്രാന്‍സിസ് ജെ. നെറ്റോയ്ക്ക് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് ഒക്ടോബര്‍ 10ന് നല്‍കിയ മറുപടിയിൽ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണം എവിടെയും എത്തിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. (പുലിമുട്ട് നിര്‍മ്മാണം 33 ശതമാനവും, ഡ്രെഡ്ജിംഗ് 33 ശതമാനവും, പൈലിംഗ് 100 ശതമാനവും, പ്രീ കാസ്റ്റ് ഘടകങ്ങള്‍ സ്ഥാപിക്കല്‍ 34 ശതമാനവും, കണ്ടെയ്‌നര്‍ യാര്‍ഡ് നിര്‍മ്മാണം 18 ശതമാനവും പൂര്‍ത്തിയായി എന്നാണ് മറുപടിയിൽ പറയുന്നത്).

“രാഹുല്‍ ഗാന്ധി വന്നപ്പോള്‍ ശശി തരൂര്‍ പറഞ്ഞത് 80 ശതമാനത്തോളം പണി നടന്നുവെന്നാണ്. ശരിക്കും 30 ശതമാനം പോലും പണി നടന്നിട്ടില്ല. അപ്പോള്‍ അയാള്‍ കള്ളമല്ലേ പറയുന്നത്. മൂന്ന് പ്രാവശ്യം മത്സ്യത്തൊഴിലാളികളുടെ വോട്ട് പിടിച്ച് ജയിച്ചയാളാണ്. ഇനി വരുമ്പോ തുറപ്പ* എടുത്ത് വെച്ചിട്ടുണ്ട് അമ്മമാര്…” മത്സ്യത്തൊഴിലാളിയായ സില്‍വര്‍സ്റ്റാര്‍ ഇത്രയും പറഞ്ഞുകൊണ്ട് സമരപന്തലിലേക്ക് നടന്നകന്നു. (അവസാനിച്ചു)

*തുറപ്പ – ചൂൽ

Also Read

8 minutes read November 3, 2022 3:48 pm