വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരത്തെക്കുറിച്ച്

ബി രാജീവൻ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ്

നിലനിൽപ്പിനു വേണ്ടി പൊരുതുന്ന നിരാലംബരായ വിഴിഞ്ഞത്തെ തീരദേശവാസികളോടുള്ള ശത്രുതാപരമായ നിലപാട് കേരളാ ഗവണ്മെൻറ് ഉപേക്ഷിക്കണം. തുടക്കം മുതൽ തന്നെ വിഴിഞ്ഞം തുറമുഖ നിർമ്മാണം കാരണം കടുത്ത ദുരിതത്തിലായിരിക്കുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ തികഞ്ഞ അവഗണനയോടെയാണ് സർക്കാർ സമീപിക്കുന്നത്. അവർ നേരിടുന്ന കടുത്ത ജീവിത പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെയും സഹതാപത്തോടേയും പരിഹരിക്കാൻ ഒരു ശ്രമവും ഗവണ്മെൻറ് ഇതുവരെ നടത്തിയിട്ടില്ല.

സമരം തുടങ്ങിയതിനു ശേഷം മന്ത്രിമാരും ഭരണകക്ഷിയിലെ രാഷ്ട്രീയ നേതാക്കളും ഇടപെട്ട് പലതവണ നടത്തിയ ചർച്ചകളിൽ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ഏഴാവശ്യങ്ങളിൽ  ആറും  അംഗീകരിച്ചു കഴിഞ്ഞു എന്നു പറയുന്ന ഗവണ്മെൻറ് അവരുടെ ആവശ്യങ്ങൾ നടപ്പാക്കി അവരെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ എന്ത് നടപടി കൈക്കൊണ്ടു എന്നന്വേഷിക്കുമ്പോഴാണ് നാം അത്ഭുതപ്പെട്ടു പോകുന്നത്.മന്ത്രിമാർ മാധ്യമങ്ങൾക്കുമുന്നിൽ, വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യമൊഴികെ മറ്റെല്ലാം അംഗീകരിച്ചു എന്ന് വാക്കാൽ ആവർത്തിക്കുന്നതല്ലാതെ ഇക്കാര്യത്തിൽ ഗവണ്മെൻറ് ഒന്നും ചെയ്തിട്ടില്ല. വീടു നഷ്ടപ്പെട്ട വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ ഇപ്പോഴും കാറ്റു കടക്കാത്ത സിമൻറ് ഗോഡൗണുകളിലും മറ്റും കുടുംബ സഹിതം നരകജീവിതം നയിക്കുകയാണ്. പരമദരിദ്രരായ ഇവർക്ക് താങ്ങാനാവാത്ത വിധം തീവിലയായിക്കഴിഞ്ഞ മണ്ണെണ്ണക്ക് ഗവണ്മെൻറ് സബ്‌സിഡി നൽകണമെന്ന ആവശ്യവും വാക്കിൽ മാത്രം അവശേഷിക്കുന്നതുകൊണ്ട് അവരുടെ ജീവിതമാർഗ്ഗവും ഗതിമുട്ടിയിരിക്കുന്നു.

പൊലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി

ഇങ്ങനെ ദൈനംദിന ജീവിതം തന്നെ അക്ഷരാർത്ഥത്തിൽ വഴിമുട്ടിയ ഈ മനുഷ്യ ജീവികളോട് ഗവണ്മെന്റും രാഷ്ട്രീയക്കാരും എന്താണ് ചെയ്യുന്നത്?

പുനരധിവാസത്തിന് ഗവണ്മെൻറ് വാഗ്‌ദാനം ചെയ്ത തുച്ഛമായ പണവും വാങ്ങി മീൻപിടിത്തം അസാദ്ധ്യമായി കൊണ്ടിരിക്കുന്ന കടൽത്തീരം വികസനത്തിനു വേണ്ടി വിട്ടൊഴിഞ്ഞ് മറ്റു ജീവിതമാർഗ്ഗങ്ങൾ തേടി പോകണമെന്ന് പാവപ്പെട്ട മത്സ്യത്തൊഴിലാളികളോട് ആജ്ഞാപിക്കുക മാത്രമാണ് ഫലത്തിൽ അവർ ചെയ്യുന്നത്. എന്നാൽ ഇതനുസരിക്കാൻ കൂട്ടാക്കാത്ത മത്സ്യത്തൊഴിലാളികൾക്കെതിരെ കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റും അദാനിയും മോദിയുടെ അനുയായികളും ഒത്തുചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന അതിക്രൂരമായ ഒരു ഗൂഢ പദ്ധതി ഫലപ്രാപ്തിയിലേക്ക് അടുക്കുന്നതാണ് കഴിഞ്ഞ ചില ദിവസങ്ങളായി നാം വിഴിഞ്ഞം കടൽപ്പുറത്തു കണ്ടുകൊണ്ടിരിക്കുന്നത്.

ഒരുവശത്ത്, ഭരണകക്ഷിയും മത്സ്യത്തൊഴിലാളികളോട് മതവൈരം മൂത്ത ബി.ജെ.പിയും ഒത്തുചേർന്ന് തട്ടിക്കൂട്ടിയ മത്സ്യത്തൊഴിലാളി സമര വിരുദ്ധ കൂട്ടായ്മ സൃഷ്ടിക്കുന്ന സംഘർഷാന്തരീക്ഷം; മറുവശത്ത് മത്സ്യത്തൊഴിലാളികളെ അനിയന്ത്രിതമായ പ്രകോപനത്തിലേക്ക് തള്ളിവീഴ്ത്താൻ വേണ്ടി ആർച്ചു ബിഷപ്പടക്കമുള്ള പുരോഹിതന്മാരെ പ്രതികളാക്കി ക്രിമിനൽ കേസ് ചാർജ്ജ് ചെയ്യുകയും നിരപരാധികളെ അറസ്റ്റ് ചെയ്യുകയും അടക്കമുള്ള പോലീസ് നടപടികൾ- മത്സ്യത്തൊഴിലാളികളെ പ്രകോപിതരാക്കാനുള്ള ഈ തന്ത്രം ഫലിക്കുക തന്നെ ചെയ്തു. മുതലാളിത്ത പൗരസമൂഹത്തിലെ ഒറ്റപ്പെട്ട വ്യക്തികളെന്നതിനേക്കാൾ ഗോത്ര സമാനമായ സാമുദായിക ജീവിതത്തിൻെറ ശക്തികളെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ അല്പസമയത്തേക്കെങ്കിലും അനിയന്ത്രിതമായ ഒരു പൊട്ടിത്തെറിയിലേക്കെത്തിക്കാൻ അവരെ കടൽപ്പുറത്തുനിന്നു തുരത്താൻ തക്കം പാർത്തു നിൽക്കുന്നവർക്ക് കഴിഞ്ഞു.

പൊലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി

അങ്ങനെ തുടക്കത്തിൽ വികസന വിരുദ്ധരായ പ്രാകൃതർ എന്ന് മുദ്രകുത്തപ്പെട്ട മത്സ്യത്തൊഴിലാളികളെ , അവർ വിഴിഞ്ഞത്തെ പോലീസ് സ്റ്റേഷനെ തൊട്ടതോടെ കേരളീയ മാന്യ പൗരസമൂഹത്തിൻെറ ശാന്ത സുന്ദര ജീവിതത്തിനും അതിനെ താങ്ങി നിർത്തുന്ന പരിപാവനമായ നിയമവ്യവസ്ഥക്കും എതിരെ പ്രവർത്തിക്കുന്ന ഒരു മഹാ ഭീകര ശക്തിയായി ഉയർത്തിക്കാട്ടാമെന്നായി. ഒരു ദിവസം കൊണ്ട് കേരളീയ പൊതു പൗര സമൂഹവും ഭരണകൂട സ്ഥാപനങ്ങളും മാദ്ധ്യമങ്ങളുമെല്ലാം ഒറ്റക്കെട്ടായി അവർക്കെതിരെ തിരിഞ്ഞു. ഈ വിധം ഒരു ദുർബ്ബല കീഴാള ജനവിഭാഗത്തെ ഭീകര മുദ്രകുത്തി നാലുവശത്തുനിന്നും വളഞ്ഞ് ഒറ്റപ്പെടുത്തി വിപ്ലവത്തിൻെറയും വികസനത്തിൻേറയും പേരിൽ ആഘോഷപൂർവ്വം തല്ലിക്കൊല്ലുന്നതിനെ ശ്ലാഘിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് മലയാളിയുടെ പ്രബുദ്ധത ഒരു പടികൂടി ഉയർത്തപ്പെട്ടിരിക്കുന്നു. കോർപ്പറേറ്റ് വികസന ഭീകരതയുടെ ഇരകൾ ലോകമെമ്പാടും ഇല്ലാതാക്കപ്പെടുന്നതിൻറെ ഒരു കേരളീയ മാതൃകയാണിത്.

വിഴിഞ്ഞം സമരമുഖത്ത് നിലയുറപ്പിച്ച പൊലീസ്

ലോകമെങ്ങും പുതിയ ഇടതുപക്ഷ ശക്തികൾ കോർപ്പറേറ്റ് കൊള്ളകൾക്കെതിരായ കീഴാള സമരങ്ങളെ പിന്തുണക്കുമ്പോൾ കേരളത്തിൽ ഇടതുപക്ഷം കോർപ്പറേറ്റ് ദാസന്മാരായ ബി.ജെ.പി യോടൊപ്പം ചേർന്ന് നിലനിൽപ്പിനു വേണ്ടിയുള്ള കീഴാള സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് എന്തിൻ്റെ സൂചനയാണ് ?

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 29, 2022 7:18 am