Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കേരളത്തിലെ വനമേഖലയിലെ മനുഷ്യരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ തേടാൻ ഒരു തുറന്ന ചർച്ച. കർഷകർ നേരിടുന്ന ഏക പ്രശ്നം വന്യമൃഗങ്ങളാണോ ? യഥാർത്ഥത്തിൽ എത്രമാത്രം സങ്കീർണ്ണമാണ് മലയോര മേഖലയിലെ സാഹചര്യങ്ങൾ ? പ്രതിവിധികൾക്കായി നമുക്ക് യോജിപ്പിന്റേതായ ഇടമുണ്ടോ ? വിവേകത്തിന്റെതായ സ്വരമുണ്ടോ എന്ന് ഈ സംവാദം അന്വേഷിക്കുന്നു. വിവാദങ്ങൾക്കും ബഹളങ്ങൾക്കും അപ്പുറം പ്രകൃതിയെയും മനുഷ്യരെയും പരിഗണിക്കുന്നവർ കൂടിയിരിക്കുന്നു.
ഭാഗം- 2
മോഡറേറ്റർ:
കെ.എ ഷാജി
(മാധ്യമപ്രവർത്തകൻ)
പങ്കെടുക്കുന്നത്:
ബേബി കുര്യൻ
(കർഷകൻ)
പി.എൻ ഉണ്ണികൃഷ്ണൻ
(മുൻ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്)
പി.ടി ജോൺ
(കർഷക സമര നേതാവ്)
സുമ വിഷ്ണുദാസ്
(ഗവേഷക)
കെ.എ ഷാജി: നമ്മൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ ഒരുപാട് കുറ്റം പറയും. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ പോളിസി പരമായ പ്രശ്നങ്ങൾ കാരണം അധിനിവേശ സസ്യങ്ങൾ വന്നു. കാടിന്റെ ജൈവവൈവിധ്യവും ഭക്ഷ്യസുരക്ഷയും ഇല്ലാതെയാക്കി. അങ്ങനെ ഒരുപാട് പ്രശ്നങ്ങളുണ്ട്. നയപരമായ പാളിച്ചകളുണ്ട്. ശരിയെന്നു വിചാരിച്ച് ചെയ്തിട്ടു മോശമായ കാര്യങ്ങളുണ്ട്. പക്ഷെ ഇന്നത്തെ അവസ്ഥയിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ വളരെ കുറച്ച് ആളുകളെ വനത്തിൽ ജോലി ചെയ്യുന്നുള്ളൂ. താത്കാലികമായി നിയമിക്കപ്പെടുന്ന ആദിവാസി വാച്ചർമാർ മാത്രമാണ് ആനയുടെ പിറകെ പോകുന്നത്. ഞാൻ ഇപ്പോൾ അട്ടപ്പാടിയിലുള്ള സുഹൃത്തിനെ വിളിച്ചപ്പോൾ ആൾ എലിഫെന്റ് സ്ക്വാഡിലാണ്, മണ്ണാർക്കാട് ആനയെ ഓടിച്ചുകൊണ്ടിരിക്കയാണ്, നാളെ തിരിച്ചു വിളിക്കാം എന്നാണ് പറഞ്ഞത്. സർക്കാറിന്റെ ഭാഗത്തു നിന്നും നയപരമായ പാളിച്ചകളുണ്ട്. പക്ഷെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ സാധാരണ മനുഷ്യർ, നമ്മളെ പോലെ തന്നെ കർഷക കുടുംബങ്ങളിൽ നിന്നൊക്കെയുള്ള ഉദ്യോഗസ്ഥരെ, എന്തോ വില്ലന്മാരായി ചിത്രീകരിച്ചുകൊണ്ട് അവരെ തെറിയഭിഷേകം ചെയ്തുകൊണ്ട്, 2015 ന് ശേഷം കേരളം അഭിമുഖീകരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ചൊക്കെ പറയുന്ന കവികളെ, ചിന്തകരെ, സാമൂഹ്യ പ്രവർത്തകരെ ഒക്കെ അടച്ചാക്ഷേപിച്ചുകൊണ്ട് തെറിവിളിയുടേതായ ഒരുത്സവം ഇന്ന് സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. ആഗോളതാപനത്തിന് തെറിയല്ല പരിഹാരം എന്ന് പറയുന്ന പോലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് തെറിയാണോ പരിഹാരം? സുമ ഇവിടെ സൂചിപ്പിച്ചതു പോലെ ഒരുപാട് കാരണങ്ങളുണ്ട്. ടൂറിസം ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ട്, കാലാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ട്. കൂട്ടായി ചിന്തിച്ച് ഒരു ആക്ഷൻപ്ലാൻ തയ്യാറാക്കി നാം മുന്നോട്ട് പോകേണ്ടതില്ലെ?
ഉണ്ണികൃഷ്ണൻ സാറ് പറഞ്ഞതുപോലെ ഇതു കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പ്രശ്നമല്ല. സതേൺ സ്റ്റേറ്റുകൾ ചേർന്ന് ചിന്തിക്കേണ്ട കാര്യമാണ്. ബന്തിപ്പൂരും നാഗർകോവിലും മുതുമലയും സത്യമംഗലവും ഒക്കെ ചേർന്നതിന്റെ ഭാഗമായാണ് വയനാടും കണ്ണൂരും ഒക്കെ വരുന്നത്. അപ്പൊ ഈ ഒരു സാഹചര്യത്തിൽ വിവേകത്തിന്റേതായ ഒരു തീരുമാനം നമ്മൾ ഉണ്ടാക്കി എടുക്കേണ്ടതുണ്ട്.
ബേബി കുര്യൻ: അതു തീർച്ചയായും വേണം. ജോണേട്ടൻ പറഞ്ഞിടത്തു നിന്നും ഞാൻ തുടങ്ങാം. ഞങ്ങളുടെ പ്രദേശത്ത് 2800 ഏക്കർ സ്ഥലം, ആറളം ഫാമിൽ എന്റെ പറമ്പിന്റെ തൊട്ടപ്പുറം പുഴക്കക്കരെ കിടക്കുന്ന 2800 ഏക്കർ ആറളം ഫാമിൽ നൂറ്റിച്ചില്വാനം ആനകൾ ഉണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ പറഞ്ഞു. അതിന്റെ തൊട്ടപ്പുറത്ത് ഇരിക്കുന്നത് 3000 ആദിവാസി കുടുംബങ്ങളാണ്. മാവൂർ ഗ്വോളിയോർ റയോൺസിനെ രക്ഷപ്പെടുത്താൻ വേണ്ടിയിട്ട് വയനാട് മുടിച്ച് മുളംകൃഷി ചെയ്തു. വയനാട്ടിൽ നിന്നുള്ള ആന ഞങ്ങളുടെ സ്ഥലത്ത് എത്തിയത് എങ്ങനെ എന്ന് ഞങ്ങൾക്കറിയാം. തീറ്റയില്ലാഞ്ഞിട്ട്, ഇതിങ്ങള്, അവിടെയുള്ള ശീലം, മരത്തിന്റെ തൊലി കുത്തി തിന്നും. ഈ തൊലി കുത്തി തിന്നുമ്പോ ഞങ്ങൾക്കറിയാം ഇത് വയനാട്ട് ബാണാസുരസാഗറിൽ നിന്ന് വന്നിട്ടുള്ള ആനയാണ്, അവിടുന്ന് കുടിയിറക്കപ്പെട്ടതാണ് എന്ന്. കുടിയിറക്കപ്പെട്ടത് എന്ന് പറയണം. കാരണം നൂറ്റിച്ചില്ലാനം ആന വയനാട് ബാണാസുര സാഗർ പ്രദേശത്ത് ഉണ്ടായിരുന്നു. ബാണാസുര പ്രൊജക്ട് വന്നപ്പോ കുടിയിറക്കപ്പെട്ടതാണ്. ഉണ്ണികൃഷ്ണൻ സാറ് പറഞ്ഞു, ആന ആറു വർഷം കൂടുമ്പോഴാണ് പ്രസവിക്കാറ്. ആയിക്കോട്ടെ. കള്ളിംഗ് ഇല്ലാത്ത സ്ഥലത്ത് ഇത്തരത്തില് പെറ്റുപെരുകുന്നു. ഈ ഫാമിനകത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയില് 17 പ്രസവം നടന്നു എന്നത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവടത്തെ കുട്ടികൾ നടക്കാനാവുമ്പോൾ ഇവറ്റെയെയും തെളിച്ചുകൊണ്ട് വയനാട്ടിലേക്കു പോകും. ഇതിപ്പൊ ഒരു പ്രസവവാർഡ് ആയി മാറി ഞങ്ങളുടെ ഈ പ്രദേശം, ആനകളുടെ ഒരു പ്രസവവാർഡ്. ഇവിടെ 11 കൊല നടന്നു. 11 ജീവനാണ് ഈ ആറളം ഫാമിനകത്ത് മാത്രം ആനകൾ കൊന്നത്. ആനകളുടെ ഭക്ഷണക്രമത്തിന്റെ പ്രത്യേകതകളൊക്കെയുണ്ട്. നാനൂറ് കിലോ ഭക്ഷണം വേണം, നാനൂറ് കിലോ ഭക്ഷണം തേടന്ന സമയത്ത് നാനൂറ് കിലോ വെയിസ്റ്റായി പോവും. ഇരുനൂറ് ലിറ്റർ വെള്ളം മിനിമം വേണം. ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ അവിടെ നിൽപ്പുണ്ട്.
സുമാ മേഡം പറഞ്ഞതിനോട് കൂട്ടിയോജിപ്പിച്ച് ഞാൻ ഒരു കാര്യം പറയാം. പരിസ്ഥിതി വാദികൾ എന്തോ പറഞ്ഞോട്ടെ, ഇവിടുത്തെ വനം വകുപ്പ് ഉണ്ടാക്കിയതിൽ കൂടൂതൽ ഹരിതാഭമായ കൃഷി ചെയ്തത്, അത് ചേമ്പായാലും കാച്ചിലായാലും കശുമാവായാലും റബ്ബറായാലും കാപ്പിയായാലും ഏലമായാലും കൃഷി ചെയ്ത് ഈ ഭൂമിയിലെ പച്ചപ്പ് നിലനിർത്തുന്നത് കർഷകരാണ്, വനംവകുപ്പല്ല.
കെ.എ ഷാജി: ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ഈ ആറളം ഫാം ഒരു ഫാമായി നിലനിർത്തിയിരുന്നു എങ്കിൽ, സുമ പറഞ്ഞതുപോലെ ആ അടിക്കാട് ഒക്കെ ഒന്ന് വെട്ടിയിരുന്നെങ്കിൽ മാറ്റങ്ങളുണ്ടാകുമായിരുന്നോ?
ബേബി കുര്യൻ: ഞാൻ അതിലേക്ക് വരികയാണ്. ഫാം ഉപേക്ഷിക്കപ്പെട്ട ഒരു പ്രസ്ഥാനമായി കിടക്കുകയാണ് എട്ട് വർഷം മുമ്പ് വി.ആർ.എസ് കൊടുത്തു എല്ലാവർക്കും. ഫാമിൽ നിന്നും ആനയെ ഓടിക്കാൻ എക്സ്പെർട്ട് ആയിട്ടുള്ള എല്ലാവരും വി. ആർ.എസ് എടുത്തു പോയി. അവരെ തിരിച്ച് നാനൂറ് രൂപ കൂലിക്ക് വിളിച്ചപ്പൊ അവരാരും വരില്ല, സ്വാഭാവികമായും. അടിക്കാടുകൾ വെട്ടുന്ന പരിപാടി അവിടെയില്ല. കശുവണ്ടി പെറുക്കി തിന്നാണ് ഞങ്ങളുടെ ഭാഗത്ത് ആനകൾ ഇനി ജീവിക്കാൻ പോകുന്നത്. മാഡം പറഞ്ഞ പോലെ ഈ ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങളൊക്കെ വലിയ പ്രശ്നങ്ങളാണ്. ആനയൊഴികെ മറ്റെല്ലാ ജീവികൾക്കും വന്ന് തമ്പടിക്കാവുന്നതാണ്. നമ്മൾ ഈ കമ്പം കൃഷി ചെയ്യുമ്പോ പന്നി വരാതിരിക്കാനായിട്ട് സാരി വലിച്ചുകെട്ടുന്ന ഒരു ഏർപ്പാടുണ്ട്. ഇതിനൊരു കാരണമുണ്ട്, മൃഗങ്ങള് പണ്ടും വരുന്നുണ്ട്, പക്ഷെ ഈ മനുഷ്യഗന്ധം അടിച്ചുകഴിഞ്ഞാൽ മൃഗങ്ങള് തിരിച്ചു പോകും. അതാണ് അതിന്റെ സ്വാഭാവികമായിട്ടുള്ള രീതി. മാത്രമല്ല നമ്മള് വെടിവെക്കുകയും ചെയ്യും. തോക്കുകളൊക്കെ വനം വകുപ്പ് പിടിച്ചുകൊണ്ട് പോയതുകൊണ്ട് വെടിയും പടയും ഇല്ല.
അതേസമയത്ത് എന്താണ് ഇവിടെ നടക്കുന്നത് എന്നു നോക്കണം. ഈ വനം വകുപ്പ് റവന്യൂ മാത്രം മുന്നിൽ കണ്ടുകൊണ്ട് നടത്തുന്ന ജംഗിൾ സഫാരികൾ, ട്രക്കിംഗുകൾ ഇത് മൃഗങ്ങളുമായുള്ള ഇന്ററാക്ഷൻ കൂട്ടുകയും മൃഗങ്ങൾക്ക് മനുഷ്യരോട് യാതൊരു ഭയവും ഇല്ലാതെ വരികയും ചെയ്യുന്നുണ്ട്. മനുഷ്യന്റെ ഗന്ധമടിക്കുമ്പോ സ്ഥലം വിട്ടിരുന്ന സാധനങ്ങൾ നമുക്കറിയാം. നാഗർഹോളയിൽ പോയാലും വയനാട്ടിൽ പോയാലും നമ്മൾ ജീപ്പുകൊണ്ടുപോയി നിർത്തിയാ കടുവ അവിടെ കിടക്കും, ആന വന്ന് പോസ് ചെയ്ത് തരും. കർഷകരല്ല, ഇവിടുത്തെ ടൂറിസം പ്രൊമോഷന്റെ ഭാഗമായി സർക്കാർ സ്പോൺസർ ചെയ്തവരാണത്. ഈ ട്രക്കിങ് നടന്നു കഴിഞ്ഞാ രാത്രി അവര് ക്യാമ്പ് ചെയ്യും, തീകത്തിക്കും.
ഇനി, ഇവിടെ ചർച്ച ചെയ്യാതെ പോയ ഒരു വിഷയമുണ്ട്. അപക്വമായ വനവത്കരണം അവിടെ നിൽക്കട്ടെ, ഈ കാസർഗോഡ് മുതൽ പാലക്കാട് വരെ നമ്മൾ എണ്ണം എടുത്തു കഴിഞ്ഞാൽ അനധികൃതമായി ഇവിടെ നടത്തുന്ന ക്വാറികൾ നൂറിലധികമാണ്.
കെ.എ ഷാജി: പക്ഷെ പല കർഷക സംഘങ്ങളും പറയുന്നത് ക്വാറികൾ നല്ലതാണ്. കർഷകരുടെ ജീവിതത്തിന്റെ ഭാഗമാണ്. ക്വാറികൾ ഇനിയും പ്രൊമോട്ട് ചെയ്യണം, ക്വാറികളെ എതിർക്കുന്നവരെല്ലാം മനുഷ്യവിരുദ്ധരാണ് എന്നാണ്.
ബേബി കുര്യൻ: ക്വാറികൾ പ്രൊമോട്ട് ചെയ്യണം എന്ന് പറയുന്നതിന് ഒരു കാരണമുണ്ട്. കൃഷി ഉപേക്ഷിച്ചവർക്ക് ആ പറമ്പിൽ നിന്ന് പാറ പൊട്ടിച്ചുകഴിഞ്ഞാ അതിൽ കൂടുതൽ കാശ് കിട്ടും. അതൊരു സാമ്പത്തിക ലാഭത്തിന്റെ മാത്രം പ്രശ്നമാണ്. അങ്ങനെ ഉള്ളവർ അത്തരം വാദവും വികസനത്തിന് പാറ വേണ്ടേ എന്നും ചോദിക്കും, അതൊക്കെ ഒരു വഴിക്ക് അവിടെ നിന്നോട്ടെ. പക്ഷെ ഈ ക്വാറികൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നം, മിക്കവാറും പശ്ചിമഘട്ടത്തോട് ചേർന്ന് കിടക്കുന്ന മലനിരകളിലാണ് ഈ ക്വാറികൾ മൊത്തം പ്രവർത്തിക്കുന്നത്. ആന എന്ന് പറയുന്ന ജീവിയുടെ ഒരു കാലിന് മൂന്നടി വിസ്താരമുണ്ട്. വൈബ്രേഷൻ ഒരിക്കലും സഹിക്കാൻ പറ്റാത്ത ഒരു ജീവിയാണ് ആന. ആന മണ്ണിൽ കാലൂന്നി നിൽക്കുമ്പോൾ ആയിരിക്കും പാറമടിയിൽ നിന്ന് വെടിപൊട്ടുന്നത്, ട്രക്കുകൾ ഓടുന്നത്. ഇപ്പോൾ പലരീതിയിലാണ് സ്ഫോടനം നടത്തുന്നത്, തെറിക്കുന്നതും അല്ലാത്തതുമായിട്ട് ഒരുപാട് സ്ഫോടന രീതികളുണ്ട്. ഇതിങ്ങൾക്ക് അവിടെ നിൽക്കക്കള്ളി ഇല്ലാതാവുകയാണ്. ഉള്ള ഭക്ഷണവും കഴിച്ച് അവിടെ നിൽക്കേണ്ട ജീവികള് അവിടെ നിൽക്കാതാക്കിയത് സർക്കാറിന്റെ വികലമായ നയങ്ങളാണ്. പതിനഞ്ച് വർഷത്തിൽ താഴെയായിട്ടേയുള്ളൂ രാജവെമ്പാലയെ നാട്ടിൻപുറങ്ങളിൽ കണ്ടു തുടങ്ങിയിട്ട്. ഉൾവനങ്ങളിൽ മാത്രം ജീവിച്ചരുന്ന രാജവെമ്പാല നാട്ടിൽ ഇറങ്ങുന്നതിന്റെ കാരണം ഈ ക്വാറികളാണ് പ്രധാനമായിട്ടും. ക്വാറിയെ കുറിച്ച് ഒരു നിയമമുണ്ട്, ഒരു ക്വാറി മുപ്പത് മീറ്ററിൽ താഴാൻ പറ്റില്ലെന്ന്. അതെന്താണ് അതിന്റെ അർത്ഥം? എനിക്കത് മനസ്സിലാവുന്നില്ല. മുപ്പത് മീറ്ററിൽ താഴ്ന്ന് കഴിഞ്ഞ എന്താ സംഭവിക്കുക, ഒന്നും സംഭവിക്കില്ല. ഞാൻ ഒരു ഉദാഹരണം പറയാം. ഞാൻ റാസൽഖൈമയിലെ സ്റ്റീഫൻ റോക്ക് എന്ന് പറയുന്ന ഒരു പാറമടയിൽ പോയിട്ടുണ്ട്. വർഷങ്ങളായി അവിടെ മൈനിങ്ങ് നടക്കുകയാണ്. നാനൂറ് മീറ്റർ അടിയിൽ നിന്ന് കൺവയർ ബെൽറ്റിലാണ് അവിടെ പാറ വരുന്നത്. നമ്മുടെ ഇവിടെ ഇത് അനുവദിച്ചു കൊടുക്കാത്തതിന്റെ കാരണം എന്താണ് എന്ന് അറിയോ, ടിപ്പറ് കൊണ്ട് പോയി ചാരിവെക്കാം, ഒരു പടക്കം പൊട്ടിച്ചുകഴിഞ്ഞാൽ ലേബർ കോസ്റ്റ് കുറവാണ്. അപ്പോൾ ഈ പാറമടകളും, ജംഗിൾ സഫാരികളും, ട്രക്കിങ്ങുകളും ഒക്കെ തന്നെയാണ് ഇവിടെ പ്രശ്നം ഉണ്ടാക്കുന്നത്. മൃഗങ്ങളെ പറഞ്ഞിട്ട് കാര്യമില്ല.
തമിഴ്നാടും കർണ്ണാടകയും ഏറെക്കുറെ അരക്കിലോമീറ്റർ – ഒരു കിലോമീറ്റർ ജനവാസമേഖലയിൽ നിന്നും കാട് മുഴുവൻ അടിക്കാട് വെട്ടി, ക്ലിയർ ചെയ്ത് തീയിട്ട്, ഫെൻസിങ്ങും കൊടുത്തിട്ടുണ്ട് മൃഗങ്ങള് വന്ന് നിൽക്കാതിരിക്കാൻ വേണ്ടിയിട്ട്. തീയിട്ട് കഴിഞ്ഞാൽ ഒരു പ്രതേകതയുണ്ട്. ചാരമുള്ള സ്ഥലത്ത് ഒരിക്കലും ആന നിൽക്കില്ല. മൂക്കിലേക്ക് ചാരം കേറിക്കഴിഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാണ്. അതിന്റെ കൂടെ ഇവർ വന്നു കഴിഞ്ഞാ വെടിയും വെക്കും. അങ്ങനെ ഈ രണ്ട് സ്റ്റേറ്റിൽ നിന്നും വെടിവെച്ച് ഓടിക്കുന്ന ആനകൾക്ക് സുസ്വാഗതമാണ് നമ്മുടെ കാടുകളിലേക്ക്. നിർഭാഗ്യവശാൽ കാടിന് അതിരുകളില്ല. അതൊക്കെ ശരി തന്നെയാണ്. ഇതേ രീതി ഈ അതിർത്തി പ്രദേശത്ത് നമുക്ക് എന്തുകൊണ്ട് ചെയ്തുകൂടാ.
വനം വകുപ്പിന് അധികാരം കുറഞ്ഞു. വന്യജീവി വകുപ്പിനാണ് കൂടുതൽ അധികാരം. ഏറ്റവും കൂടുതൽ ഫണ്ട് കിട്ടുന്നത് വന്യജീവി വകുപ്പിനാണ്. കേരള സർക്കാർ കൊടുക്കുന്ന നക്കാപിച്ച ഫണ്ടുകൾ മാത്രമാണ് വനം വകുപ്പിന് കിട്ടുന്നത്. ഈ പൊട്ടാത്ത തോക്കുകളും, വടിയും, കല്ലും, പടക്കവും കൊണ്ടാണ് ഇവർ നടക്കുന്നത്. വന്യജീവി വകുപ്പിനാണ് ഇത് സംരക്ഷിക്കേണ്ടത്. എന്നാൽ അവരുടെ ഫണ്ട് കൃത്യമായി വിനയോഗിക്കപ്പെടുന്നില്ല.
കെ.എ ഷാജി: സാറ് പറഞ്ഞത് വളരെ പ്രധാനമായ കാര്യങ്ങളാണ്. ഒന്ന് ഇക്കോ ടൂറിസത്തിന്റെ പേരിൽ നടക്കുന്ന കാട്ടിനുള്ളിലേക്കുള്ള ഇടപെടലുകൾ, അതുപോലെ കാടിനോട് ചേർന്ന് നിൽക്കുന്ന പാറമടകൾ, അവ മൃഗങ്ങൾക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ. ഉണ്ണികൃഷ്ണൻ സാറിനോട് ചോദിക്കാനുള്ളത്, ഒരുപാട് ഡിസ്റ്റബൻസ് നമ്മുടെ കാടുകൾക്കുണ്ടാവുന്നുണ്ട്. എന്തുകൊണ്ടാണ് ഇതിനകത്ത് നയപരമായി സർക്കാർ ഇടപെടാത്തത്?
പി.എൻ ഉണ്ണികൃഷ്ണൻ: ഒന്ന് രണ്ട് കാര്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് ഞാൻ ഇതിലേക്കു വരാം. ജോൺ പറഞ്ഞു, വനത്തിന് ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയിട്ടുള്ളത് വനം വകുപ്പ് തന്നെയാണെന്ന്. വനം വകുപ്പിനെ നമ്മൾ നോക്കി കഴിഞ്ഞാൽ ഓരോ കാലത്തും ഓരോ വനം വകുപ്പുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് ഒരു വനംവകുപ്പുണ്ടായിരുന്നു. അതിനുശേഷം വന്നിട്ടുള്ള വനം വകുപ്പ. ഇങ്ങനെ ഓരോ കാലത്തെയും ആവശ്യങ്ങൾ, പൊളിറ്റിക്കൽ ഡിമാന്റ് വെച്ചിട്ടാണ് വനം വകുപ്പ് പ്രവർത്തിക്കുന്നത്. വനം വകുപ്പല്ല അത് തീരുമാനിക്കുന്നത്. സ്റ്റേറ്റിന്റെ തീരുമാനങ്ങളാണതെല്ലാം. ഇപ്പോൾ ഇൻഡസ്ട്രിയൽ റോമെറ്റീരിയൽസ് വേണം, അത് വനം വകുപ്പല്ലല്ലോ തീരുമാനിച്ചത്. അത് സ്റ്റേറ്റിന്റെ തീരുമാനമാണ്. അതിനുവേണ്ടി ഒരുപാട് സ്ഥലങ്ങളിൽ മരം വെട്ടി ഇൻഡസ്ട്രിയൽ റോമെറ്റീരിയൽസായ യൂക്കാലിയും മറ്റും വെച്ചു. വനം വകുപ്പ് ഇത് ചെയ്യും, പക്ഷെ അതിന്റെ ഉത്തരവാദിത്തം അവരുടെ തലയിൽ കെട്ടിവെക്കാൻ പറ്റില്ല.
ടൂറിസത്തിനായി വനം വകുപ്പിന്റെ സ്ഥലങ്ങളോട് ചേർന്ന് ഹോട്ടലുകളും റിസോർട്ടുകളും ഉയന്നുവന്നുകൊണ്ടിരിക്കും. വനം വകുപ്പിന് ഇത് നോക്കി നിൽക്കാനെ പറ്റുകയുള്ളൂ. വനം വകുപ്പ് ഏറ്റവും ലോവസ്റ്റ് റാങ്ക് വകുപ്പാണ് സ്റ്റേറ്റിന്റെ കാഴ്ച്ചപ്പാടിൽ. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റേറ്റ് എടുക്കുന്ന തീരുമാനങ്ങൾ നല്ലതായാലും മോശമായാലും നടപ്പിലാക്കുക മാത്രമാണ്. നല്ല തീരുമാനങ്ങൾ എടുക്കാൻ സാധ്യത കുറവാണ്. ആ നിലയ്ക്ക് വനം വകുപ്പ് പലകാര്യങ്ങളിലും നിസ്സഹായരാണ്. ഉദ്യോഗസ്ഥരെ കുറിച്ചല്ല വകുപ്പിനെ കുറിച്ചാണ് ഞാൻ പറയുന്നത്.
എന്ത് മാനേജ്മെന്റ് ഡിസിഷൻ കാടിനെക്കുറിച്ച് ഉണ്ടാക്കണമെങ്കിലും അതിന് മുമ്പ് സെൻട്രൽ ഗവൺമെന്റിനുള്ള മാനേജ്മെന്റ് പ്ലാൻ വേണമെന്നുണ്ട്. കഴിഞ്ഞ പത്തിരുപത് കൊല്ലത്തിനുള്ളിലാണ് ഇത്തരം മാറ്റങ്ങൾ വന്നിട്ടുള്ളത്. നൂറോ, നൂറ്റമ്പതോ കൊല്ലമായി തുടർന്നു വന്നത് പതുക്കെ, പതുക്കെ റിവേർസ് ചെയ്ത് ഇതിനെ പൂർവ്വസ്ഥിതിയിൽ എത്തിക്കാനായി പല നിയമങ്ങളും ഉണ്ടയിട്ടുണ്ട്. ഇതൊക്കെവെച്ചിട്ട് വനംവകുപ്പ് ഇപ്പോൾ പതുക്കെ, പതുക്കെ ഓരോ സ്റ്റെപ്പ് എടുക്കുന്നുമുണ്ട്. ഞാൻ അറിഞ്ഞിടത്തോളം വനങ്ങളെ ഇനി തോട്ടങ്ങളാക്കി മാറ്റരുത്, തോട്ടങ്ങൾ ഉണ്ടെങ്കിൽ അത് നാച്ചുറൽ ഫോറസ്റ്റ് ആയി കൺവെർട്ട് ചെയ്യണം എന്നൊരു തീരുമാനം ഗവൺമെന്റ് എടുത്തിട്ടുണ്ട്. അതൊന്നും പെട്ടെന്ന് നടക്കുന്ന കാര്യങ്ങളല്ല. ഒരു വനം തോട്ടമാക്കണമെങ്കിൽ ചിലപ്പോൾ ഒരു വർഷം മതിയാവും, തിരിച്ച് ഒരു കാടാക്കണമെങ്കിൽ നാലോ അഞ്ചോ വർഷം പരിപാലിക്കേണ്ടി വരും.
ബിർളയ്ക്ക് വേണ്ടി അങ്ങനെ ചെയ്തു. പക്ഷെ അത് വനം വകുപ്പിന് വേണ്ടിയല്ല, ഇതൊക്കെ നേഷൻ ബിൽഡിംഗ് എന്ന് പറയുന്ന പ്രസ്ഥാനത്തിന് വേണ്ടി അതിന്റെ ഭാഗമായാണ്. ഇതിനൊക്കെ പഴികേൾക്കേണ്ടത് അവസാനം വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. സ്റ്റേറ്റും ഈ വനംവകുപ്പ് ഉദ്യോഗസ്ഥരെ കുറ്റം പറയും. ഞാൻ പത്ത് മുപ്പത്തഞ്ചു കൊല്ലം വനം വകുപ്പിൽ വർക്ക് ചെയ്ത ഒരാൾ എന്ന നിലയ്ക്ക് പറയട്ടെ, പല പോളിസി ഡിസിഷനും എടുക്കുന്നത് വനം വകുപ്പല്ല. വനം വകുപ്പിന് ആകെ കിട്ടിയിട്ടുള്ള ശക്തി 1980 കൾക്ക് ശേഷം വനസംരക്ഷണത്തിന് സെൻട്രൽ ഗവൺമെന്റ് നൽകിയിട്ടുള്ള ചെറുതായിട്ട് ഇടപെടാനുള്ള അധികാരം മാത്രമാണ്. പോളിസികളൊക്കെ സ്റ്റേറ്റ് ലെവലിലും, നാഷണൽ ലെവലിലും ഒക്കെ മറ്റെല്ലാവരും കൂടി തീരുമാനിക്കുന്നതാണ്. ഇതിന്റെ കറക്ഷനും എല്ലാവരും കൂടി വേണം എന്നാണ് ഞാൻ പറഞ്ഞു വരുന്നത്.
ബേബി കുര്യൻ: ഉണ്ണികൃഷ്ണൻ സാറ് പറയുന്ന പോലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിസ്സഹായാവസ്ഥ എനിക്കറിയാം. പക്ഷെ എന്റെ അടുത്തുള്ള കിഫയുടെ ഒരു പ്രസിഡന്റിനെ ചീങ്കണ്ണിപ്പുഴയിൽ ചൂണ്ടയിട്ടതിന് മാരകായുധംകൊണ്ട് പുഴയിൽ പ്രവേശിച്ചു എന്നു പറഞ്ഞ് വനംവകുപ്പ് കേസെടുത്തതാ. യഥാർത്ഥത്തിൽ ഈ വിഷയം കർഷകരും വനംവകുപ്പും ചേർന്ന് പരിഹരിക്കേണ്ടതാണ്. ഞങ്ങളുടെ ഇവിടെ ഒരു മൂന്ന് കൊല്ലം മുമ്പ് ആനകേറിയ സമയത്ത് രണ്ടു വർഷം പ്രായമായ പത്തുനാൽപ്പതു റബ്ബർ തൈ ചവിട്ടിയൊടിച്ചു, ആകെ പ്രശ്നമായി. വിളിച്ചു പറഞ്ഞപ്പോൾ റെയ്ഞ്ച് ഓഫീസർ വന്നു. എന്നിട്ട് എന്താ ചെയ്തത് എന്നറിയോ, അവിടെ ക്ഷുഭിതരായി നിൽക്കുന്ന ആളുകളോട് പറഞ്ഞു, ആന വരുന്ന വഴിയിൽ വീടുവെക്കാൻ നിങ്ങളോട് ആരാ പറഞ്ഞത് എന്ന്. ജനം വിടുമോ. നൂറ്റിരുപത് വർഷമായിട്ട് ഇവിടെ ആൾക്കാര് താമസിക്കുകയാണ്. പിടിച്ചിറക്കി അവിടെ അങ്ങ് ഇരുത്തി, ജീപ്പിന്റെ ബമ്പറിന്റെ മേലെ. നീ ഇന്ന് പോണ്ടാ എന്നു പറഞ്ഞു. പിന്നെ അവസാനം സണ്ണി ജോസഫ് എം.എൽ.എ വന്നിട്ടാണ് അവസാനം രക്ഷപ്പെടുത്തികൊണ്ടുപോയത്.
കേരളത്തെ പറ്റിയും ഇവിടുത്തെ സാമൂഹ്യഘടനയെക്കുറിച്ചും വനത്തെ പറ്റിയും ഒന്നും അറിയാത്ത ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരാണ് മിക്കവാറും വനംവകുപ്പിന്റെയും പൊലീസിന്റെയും എല്ലാം തലപ്പത്തിരിക്കുന്നത്. ഇവിടെ പോളിസി മേക്കിങ് നടത്തുന്നത് ആരാണ്? കേരള, കർണ്ണാടക, തമിഴ്നാട് കഴിഞ്ഞാൽ ഉത്തരേന്ത്യയിലുള്ള കാട് എന്നു പറഞ്ഞ മുൾച്ചെടികളും, ഗുജറാത്തിൽ ഗീർ വനത്തിൽ കുറച്ച് സിംഹവും, ആസാമിൽ കുറച്ച് കണ്ടമൃഗവും ഉണ്ടെന്നല്ലാതെ വേറെ ഒരു വനവുമില്ല. ഇവരാണീ പോളിസികൾ ഉണ്ടാക്കുന്നത്.
നോക്കൂ കേരളത്തിലെ എല്ലാ വികസനപദ്ധതികളെയും തുരങ്കംവെക്കാൻ നിൽക്കുന്നത് വനം വകുപ്പാണ്. മാനന്തവാടി തൊട്ട് കണ്ണൂർ വരെയുള്ള നാലുവരിപ്പാത, അത് കൊട്ടിയൂര് കഴിയുമ്പോ രണ്ട് വഴിയാണ്. മാനന്തവാടി കേറിക്കഴിയുമ്പോ പിന്നെയും നാലുവരി. ഈ നാലുവരി ആക്കാനുള്ള സ്ഥലം വരെ അവര് വിട്ടുകൊടുക്കുന്നില്ല. എന്നാൽ ചുരം രഹിത പാതയുണ്ട്. അതിനുള്ള സ്ഥലവും അവ വിട്ടുകൊടുക്കുന്നില്ല. കണ്ണവം ഫോറസ്റ്റിനകത്തൂടെ വളയത്തേക്ക് പോകാൻ വേണ്ടിയിട്ട് പത്ത് കിലോമീറ്റ റോഡുണ്ട്, രണ്ടു കിലോമീറ്ററിൽ ജീപ്പു പോകുന്ന വഴിയാണ്. അതൊന്ന് ടാറ് ചെയ്യാൻ പറഞ്ഞാ ഇവർ സമ്മതിക്കൂല. വിട്ടുകൊടുക്കൂല. ഇപ്പോൾ ഞങ്ങള് പോകുന്നത് അറുപതു കിലോമീറ്റർ ചുറ്റിയിട്ടാണ് എന്ന് ആലോചിക്കണം. ഇരുപത്തിരണ്ടു കിലോമീറ്റർ എത്തേണ്ട സ്ഥലത്ത് അറുപത് കിലോമീറ്റ ചുറ്റിയിട്ട്. വനം വകുപ്പിന്റെ സംവിധനങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടുന്നത് അക്ഷരാർത്ഥത്തിൽ ഫെഡറൽ സംവിധാനത്തിലുള്ള കടന്നുകയറ്റമായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ ഉദ്യോഗസ്ഥക്ക് മുഴുവൻ ശമ്പളം കൊടുക്കുന്നത് കേരള സർക്കാർ. അവർ അനുസരിക്കേണ്ടത് ഈ വിവരമില്ലാത്ത വനം വന്യജീവി, പരിസ്ഥിതി വകുപ്പുകളെയും. നമ്മുടെ നികുതിപ്പണം മേടിച്ച്, നമ്മള് ചൂണ്ട കൊണ്ടുപോയി പുഴയിലിട്ടു എന്നും പറഞ്ഞ് നമുക്കെതിരെ കേസെടുക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥർ പെരുമാറുന്നത്. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഈ ഉദ്യോഗസ്ഥരുമായിട്ട് എന്ത് ഒത്തുതീർപ്പ് നടത്തും ഈ നാട്ടുകാര്? ഒരു ഒത്തുതീർപ്പും നടത്താൻ പറ്റില്ല.
പൊലീസുകാരെക്കാൾ ബ്രൂട്ടലായി അധികാരം പ്രയോഗിക്കുന്നതിനാലാണ് വനം വകുപ്പിനെ ജനങ്ങൾ വിശ്വാസത്തിലെടുക്കാത്തത്. അതേസമയം ഞങ്ങൾ ഇവിടെ ഈ ഫെൻസിങ് ഉണ്ടാക്കിയ സമയത്ത് ഇവിടെ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനുണ്ട്, മഹേഷ്, വയനാട്ടുകാരനാ. ഈ പണം പിരിച്ചതും, പണി മുഴുവൻ ചെയ്തതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഞങ്ങളോട് ആ രീതിയിൽ ഇടപഴകുന്നതുകൊണ്ട് ഞങ്ങൾക്ക് ആർക്കും ഫോറസ്ററുകാരോട് ഒരു വിരോധവുമില്ല. ഒരു ഗ്രൂപ്പ് തന്നെയുണ്ട്, എന്തെങ്കിലും വിഷയം ഉണ്ടായാൽ അന്നേരം അറിയിക്കാനും ആക്ഷൻ എടുക്കാനും വേണ്ടിയിട്ട്.
ഈ സംവാദം കാണാം
കെ.എ ഷാജി: ഇതൊരു സാധ്യതയല്ലെ, നിങ്ങൾ ഫോറസ്റ്റ് ഡിപ്പാട്മെന്റിന്റെ സഹായത്തോടെ വളരെ വിജയകരമായി ഒരു പദ്ധതി നടപ്പിലാക്കി. ഇങ്ങനെ ഓരോ പ്രശ്നങ്ങളുെയും പ്രാദേശികമായി കണ്ട് പരിഹരിച്ചുകൂടെ? ഫോറസ്റ്റിൽ വർക്ക് ചെയ്യുന്ന ആളുകൾ കർഷകർ സുമയെ പോലെയുള്ള ആളുകൾ. ഇങ്ങനെ എല്ലാവരും ചേർന്ന് ചില സ്ട്രാറ്റജികൾ ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് ഈ പ്രശ്നങ്ങളെ പരിഹരിച്ചുകൂടെ?
ബേബി കുര്യൻ: കഴിഞ്ഞ വർഷം ആറളം ഫാമിൽ നബാഡിന്റെ ഒരു ഫണ്ട് വന്നു, ഫെൻസിങ് ചെയ്യാൻ വേണ്ടിയിട്ട്. ഇത് ചെയ്യാനായിട്ട് ഞങ്ങളെ വിളിച്ചു. ഞങ്ങൾ ആ മലമുഴുവൻ കേറിയിട്ട് സ്കെച്ച് ചെയ്തുകൊടുത്തു. പക്ഷെ ആ വർക്ക് അവര് വേറെ കൊടുത്തു. അതിൽ നമുക്ക് വിരോധമില്ല, പക്ഷെ ഫാമിനകത്ത് ചെല്ലുമ്പോ കാണുന്നത് ചെറിയ ചെറിയ സെക്ടറുകളിലായിട്ട് പത്തും ഇരുപതും ഏക്കറിലായിട്ട്, ഒരുപാട് ഫെൻസിങ്ങുകളാണ് കിടക്കുന്നത്. ഇതെല്ലാം കൂടി വലിച്ചുകൊണ്ടുപോയിട്ട് ഈ മതിൽ ഇല്ലാത്ത സ്ഥലത്ത് സ്ഥാപിച്ചു കഴിഞ്ഞാൽ ഒന്നും ഇങ്ങോട്ട് കടക്കുകയില്ല. ഞങ്ങളുടെ ഫെൻസിങ്ങിന്റെ അവസാന ഘട്ടം ചെയ്തുകൊണ്ടിരിക്കുമ്പോ, ഇരുട്ടുള്ള ഒരിടത്താണ്, അപ്പോൾ വനം വകുപ്പിന്റെ അഞ്ചു വണ്ടി വന്നു. നമുക്ക് ഇത് ഇന്ന് തന്നെ ചെയ്തു തീർക്കണം എന്ന് പറഞ്ഞ് ഹെഡ്ലൈറ്റ് ഇട്ടു. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിലാണ് ബാക്കിയുള്ള വർക്കുകൾ നടക്കുന്നത്. അപ്പോൾ റെയിഞ്ച് ഓഫീസറും ഞാനും ആയിട്ട് സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ പുള്ളി പറഞ്ഞു, ബേബിച്ചേട്ടാ, സത്യസന്ധമായി പറയുകയാണെങ്കിൽ ഒന്നരക്കോടി ഉണ്ടെങ്കിൽ ആനവേലി ഇല്ലാത്ത സ്ഥലത്ത് അൾട്രാമോഡേണായിട്ട് രണ്ട് ലെയർ ഹാങിങ് ഫെൻസിങ് സിസ്റ്റമാറ്റിക്കലി ഉണ്ടാക്കാൻ കഴിയും. നൂറുമീറ്റർ ഇടവേളവച്ചിട്ട്, ക്യാമറവെച്ചിട്ട് സെൻസറും വെച്ച് നാലോ അഞ്ചോ ചെക്ക്പോസ്റ്റ് ഉണ്ടാക്കി അവിടെ സ്ഥിരമായി വാച്ചർമാരെ വെച്ച് മെയിന്റെയിൻ ചെയ്യുകയാണെങ്കിൽ തീരുന്ന പ്രശ്നമേ ഉള്ളൂ. കൂടിപ്പോയാൽ ഒന്നരക്കോടി രൂപ വേണം, പക്ഷെ ഒന്നരക്കോടിയുടെ 30 ശതമാനം എന്നു പറഞ്ഞാല് നാല്പതു ലക്ഷമെ അവർക്ക് വെട്ടിക്കാൻ പറ്റുകയുള്ളു. 30 കോടിയുടെ ആനമതിൽ വരുമ്പോ വെട്ടിച്ച് കഴിഞ്ഞാൽ എത്ര കാശുകിട്ടും? ഫണ്ട് ഇരട്ടിപ്പിക്കണം, ഫണ്ട് ഇരട്ടിപ്പിച്ചാൽ കമ്മീഷൻ കൂടുതൽ കിട്ടും.
കെ.എ ഷാജി: അഴിമതിയുടെ ഒരു പ്രശ്നമുണ്ട്, കമ്മീഷന്റെ പ്രശ്നമുണ്ട്, ഇന്ത്യ എന്നു പറയുന്ന ജനാധിപത്യത്തിന്റെ എല്ലാ മേഖലകളിലും അതുണ്ട്. പക്ഷെ ആറളത്തെ ഈ മോഡൽ പോലെ എല്ലാവരും ചേർന്ന് ചർച്ച ചെയ്ത് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹരിക്കാനാവില്ലെ?
പി.ടി ജോൺ: ഇതുപോലൊരു മോഡൽ വയനാട്ടിൽ ഉണ്ടായിട്ടുണ്ടായിരുന്നു. സുഗന്ധ ഗിരിയിൽ ഖാദി ബോർഡിന്റെ സഹായത്തോടെ ശങ്കരൻകുട്ടി എന്ന് പറയുന്ന ഒരു ചങ്ങാതി അവിടുത്തെ ആദിവാസികളെകൊണ്ട് രണ്ടരക്കിലോമീറ്റർ തേനീച്ച ഫെൻസിങ്ങ് നടത്തി. തേനീച്ചക്കൂടുകൾ ആനയുടെ ചെവിയുടെ ഹൈറ്റിന് കണക്കാക്കിയിട്ട് വരിവരിയായി കെട്ടിത്തൂക്കിയിട്ടിട്ട് ഒരു പരീക്ഷണം. ആ പരീക്ഷണം വിജയിച്ചു. പക്ഷെ അതിന് വനംവകുപ്പ് അനുവദിച്ചില്ല. കാരണം ഒന്നേ ഉള്ളു, അതിൽ തട്ടിപ്പിനും അഴിമതിക്കും ഇടമില്ല. വയനാട് കലക്ടറുടെ അപ്രൂവലോടെയായിരുന്നു ഖാദി ബോർഡിലെ ശങ്കരൻകുട്ടി ആദിവാസികളുടെ സഹായത്തോടെ അതു ചെയ്തത്. അത് അവർ അംഗീകരിച്ചില്ല.
പിന്നെ ഷാജി പറഞ്ഞ ഒരു സംഗതിയോട് എനിക്ക് വലിയ തർക്കമുണ്ട്. സ്റ്റാഫ് സ്ട്രെങ്ത്ത് വളരെ കുറവാണ് വനം വകുപ്പിൽ, അതുകൊണ്ടുള്ള പ്രതിസന്ധികളാണെന്ന്. എന്നാൽ ഒരു പ്രിൻസിപ്പൾ കൺസർവേറ്റർ ഉണ്ടായിരുന്ന സ്ഥാനത്ത്, ഇന്ന് എത്ര പ്രിൻസിപ്പൾ കൺസർനവേറ്റർ ഉണ്ട് എന്ന് അവർ പറയട്ടെ. ആരോട് ചോദിച്ചിട്ടാണ് 22 വൈൽഡ് ലൈഫ് സാങ്ച്വറീസ് ഇവിടെ പ്രഖ്യാപിച്ചിട്ടുള്ളത്? എന്തിനാണത്? ഈ ഐ.എഫ്,എസ് ഉദ്യോഗസ്ഥർക്ക് ഇരിക്കാനുള്ള കസേരവേണം, അവർക്ക് അധികാരം വേണം, അവർക്ക് സ്ഥാനമാനങ്ങൾ വേണം, അതിന് വേണ്ടി ഒരു മരത്തിന്റെ, മൃഗത്തിന്റെ പേരു പറഞ്ഞ് ഓരോ സ്ഥലത്തും, മലബാർ വന്യജീവി സങ്കേതം ഉൾപ്പടെ ഇവർ ഉണ്ടാക്കിയിട്ടുള്ളത് അവരുടെ അധികാരത്തിനും, അവരുടെ സ്ഥാനത്തിനും അവർക്ക് ഇരിക്കാനുള്ള കസേരയ്ക്കും വേണ്ടി മാത്രമാണ്.
സുമ വിഷ്ണുദാസ്: നയങ്ങൾ എന്നു പറയുന്നത് രാഷ്ട്രീയമായി ഉണ്ടായിവരുന്ന കാര്യമാണ്. ഇത്തരം നയങ്ങളെ സ്വാധീനിക്കാൻ ജനങ്ങൾക്ക് തീരെ കഴിവില്ല എന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാവില്ല. കാരണം നമുക്ക് ചുറ്റുമുള്ള പൊളിറ്റിക്കൽ ഡിസ്ക്കോഴ്സാണ് നയങ്ങളെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്രവും അല്ലാതെയുമുള്ള താത്പര്യങ്ങളൊക്കെ അതിൽ പ്രവർത്തിക്കെ തന്നെ ജനങ്ങളുടെ ഒരു ആസ്പിരേഷൻ കൂടിയാണ് നയങ്ങൾ തീരുമാനിക്കുന്നത്.
ബഫർ സോണുമായി ബന്ധപ്പെട്ട ചർച്ചകൾ തന്നെ നോക്കൂ. അതിനെ ഒന്ന് ഇഴപിരിച്ച് നോക്കിയാൽ മനസ്സിലാവും എല്ലാ കർഷക സംഘടനകളും അതിനെതിരാണ്, എല്ലാ രാഷ്ട്രീയസംഘടനകളും അതിനെതിരാണ്. നിലവിലുള്ള പരിസ്ഥിതി നിയമങ്ങളെ ഡയല്യൂട്ട് ചെയ്യനുള്ള ബില്ലുകൾ ഓൾറെഡി കേന്ദ്രഗവർൺമെന്റ് ഒന്നൊന്നായി പരിഗണിച്ച് പൊതുജനാഭിപ്രായത്തിനായി വെബ്സൈറ്റിൽ ഇട്ടിട്ടുണ്ട്. വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റിലുമുള്ള ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ ഒരു വലിയ പ്രശ്നമാണ്. ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന പാർട്ടി പറയുന്നത് ഇതിനു മുമ്പ് ഭരിച്ചുകൊണ്ടിരുന്ന പാർട്ടിയാണ് ഈ നയങ്ങൾ രൂപീകരിച്ചതെന്നാണ്. സംസ്ഥാന ഗവൺമെന്റ് പറയും സെൻട്രൽ ഗവൺമെന്റ് ആണ് പ്രശ്നം എന്ന്. സെൻട്രൽ ഗവൺമെന്റ് പറയും കോടതിയാണ് പ്രശ്നമെന്ന്. യഥാർത്ഥത്തിൽ എവിടെയാണ് പ്രശ്നം എന്ന് ഇതിൽ ഇടപെട്ടവർ സ്വയം ഉള്ളിലേക്ക് നോക്കിയാൽ മനസ്സിലാവും. ഈ പ്രശ്നത്തെ നിലനിർത്തി അതിനെ രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണ് എന്നാണ് പുറത്തുനിന്ന് നോക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്കു തോന്നുന്ന കാര്യം. പരിഹരിക്കാൻ ആർക്കാണ് താത്പര്യം ഉള്ളത്, എന്താണ് ഒരു ഇക്കോളജിക്കൽ സെൻസിറ്റീവ് ഏരിയ വന്നാൽ നടക്കാൻ പോകുന്ന കാര്യം? അതിനകത്ത് പറഞ്ഞിട്ടുള്ളത് ആകെ ഏഴ് റസ്ട്രിക്ഷൻസാണ്. അതു വന്നാൽ നമ്മുടെ ജീവിതത്തെ അത് എങ്ങനെയാണ് ബാധിക്കുക, ഇപ്പൊൾ നമ്മൾ അഭിമുഖീകരിക്കുന്ന ഹ്യൂമൻ വൈൽഡ് ലൈഫ് കോൺഫ്ലിക്ട് നോക്കിയാൽ പൂണ്ണമായ ഒരു പരിഹാരം അതിനില്ല. കാരണം കൃഷി തുടങ്ങിയതു മുതൽ മനുഷ്യർ പ്രകൃതിയോട് മല്ലടിച്ചിട്ടാണ് മുന്നോട്ട് പോവുന്നത്. തുടക്കത്തിലുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും അതിന്റെ മൂദ്ധന്യാവസ്ഥയിൽ ഇപ്പോൾ നമുക്ക് മുന്നിൽ നിൽക്കുകയാണ്. നേരത്തെ സൂചിപ്പിച്ച ആനകൾ, കടുവകൾ, മനുഷ്യനെ പേടിച്ചിരുന്ന മൃഗങ്ങൾക്കൊക്കെ മാറ്റമുണ്ടായി. ജീവിതത്തിന് അനുസരിച്ച് അവരും മാറുന്നുണ്ട്. ഈ മാറുന്ന സാഹചര്യത്തിൽ മനുഷ്യന്റെ മനോഭാവവും മാറേണ്ടതല്ലേ? ഈ കാണുന്ന പരിസ്ഥിതിയെ പൂർണ്ണമായും മാറ്റിമറിച്ചിട്ട് എത്രകാലം നമുക്ക് ഇവിടെ നിൽക്കാൻ പറ്റും.
ഇപ്പോൾ വൺ വേൾഡ് വൺ ഹെൽത്ത് എന്നത് സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് തന്നെ ഏറ്റെടുത്തു നടത്തുന്നുണ്ട്. അത് നടത്തുമ്പോഴും ഡിഡക്ഷനിസം എന്ന് പറയില്ലെ, അതിനകത്ത് ആകെ സൂക്ഷമജീവികളെ കുറിച്ച് മാത്രമാണ് പറയുന്നത്.
കുറച്ചു മാസങ്ങൾക്ക് മുമ്പ് വയനാട് വൈൽഡ് ലൈഫ് സാങ്ച്വറിക്കകത്ത് പരുന്തിന്റെ കൂട് നിരീക്ഷിച്ച ഒരു ഗവേഷകൻ കൊണ്ടുവന്ന ഡാറ്റ എന്താണ് എന്ന് വെച്ചാൽ ഈ പരുന്ത് കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ കൊണ്ടുവന്ന മലയണ്ണാനുകളുടെ എണ്ണം, പത്തോ പന്ത്രണ്ടോ ആണ്. ഇപ്പോൾ നമുക്ക് മലയണ്ണാൻ ഒരു പെസ്റ്റ് ആയിമാറിക്കൊണ്ടിരിക്കയാണ്. പരുന്താണ് അത് കണ്ട്രോൾ ചെയ്യുന്നത്. വയനാട്ടിൽ ഒരു കുടിയേറ്റ പ്രദേശമായ പുൽപ്പള്ളിയിൽ ജനിച്ചു വളർന്ന ഒരാളാണ് ഞാൻ. ചെറുപ്പത്തിൽ ഞങ്ങൾ പരുന്തിനെ ഒക്കെ കണ്ടിട്ടുണ്ട്, ഇപ്പൊ ഫോറസ്റ്റിന് പുറത്ത് കാണാനേയില്ല. പോളിസികൾ ഉണ്ടായത് രാഷ്ട്രീയ ബോധ്യത്തിൽ നിന്നാണ്. ആ രാഷ്ട്രീയ ബോധ്യങ്ങൾ ഉണ്ടാവുന്നത് പൊതുജനങ്ങളുടെ ധാരണയിൽ നിന്നാണ്. കർഷകരെയോ കാടിനെയൊ ഒന്നും റൊമാന്റിസൈസ് ചെയ്യാൻ പറ്റില്ല. കർഷകരാണ് കാട് സംരക്ഷിച്ചത് എന്ന് പറയുന്ന ആ ഒറ്റ വാക്ക്യം അങ്ങനെ എടുക്കാൻ എനിക്കു തോന്നുന്നില്ല.
പി.ടി ജോൺ: മാഡം നേരത്തെ പറഞ്ഞ കാര്യങ്ങളെ കുറിച്ച് എന്റെ ഒന്നുരണ്ട് കൺസേൺസ് പറഞ്ഞോട്ടെ. വയനാട് വൈൽഡ് ലൈഫ് സാങ്ച്വറിയിലെ 108 ആദിവാസി കുടുംബങ്ങളെ റീ ലൊക്കേറ്റ് ചെയ്യിക്കാനാണ് നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞല്ലോ. അതിനിടയിൽ അവിടെ എല്ലാം ടൂറിസം വലിയ രീതിയിൽ കടന്നുവരുന്നതായി പറയുന്നു. ഈ ആദിവാസി കുടുംബങ്ങളെ അവിടെ നിന്നും റീ-ലൊക്കേറ്റ് ചെയ്യിക്കാൻ വേണ്ടിയല്ലല്ലോ വനാവകാശ നിയമം ഇന്ത്യാ ഗവൺമെന്റ് പാസാക്കിയിട്ടുള്ളത്. വനാവകാശ നിയമങ്ങൾ, വനത്തിൽ ജീവിക്കുന്ന, വനം ഉപജീവനമാക്കി എടുത്തിട്ടുള്ള ആദിവാസികൾക്ക് വനത്തിന്റെ അവകാശം കൊടുത്ത് അവരെ അവരുടെ ഐഡന്റിറ്റിയോടെ നിലനിർത്താൻ വേണ്ടിയാണല്ലോ. എന്തുകൊണ്ടാണ് വനം വകുപ്പ് കേരളത്തിലെ ഒരു കമ്മ്യൂണിറ്റിക്ക് പോലും കമ്മ്യൂണിറ്റി റൈറ്റ് കൊടുക്കാത്തത്? അഞ്ചു സെന്റും പത്തു സെന്റും ഇൻഡിവിജ്യുവൽ റൈറ്റ് കൊടുത്തിട്ട്, വനത്തിന്റെ സർവ്വാധികാരികളാവുന്നു. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു, വനാവകാശം വനത്തിൽ ജീവിക്കുന്ന ആദിവാസിക്ക് കൊടുത്തിട്ടുണ്ടെങ്കിൽ വനം സംരക്ഷിക്കപ്പെടും. ആ എക്കോസിസ്റ്റം മനസ്സിലാക്കുന്നൊരാൾക്ക് അത് വർക്കൗട്ട് ചെയ്ത് കൊണ്ടുപോകാൻ സാധിക്കും. അവർക്ക് അധികാരം കൊടുക്കാതെ ഈ വരുന്ന ടൂറിസ്റ്റ് റിസോർട്ടുകൾക്ക് എല്ലാം ആരാണ് എൻ.ഒ.സി കൊടുക്കുന്നത്. കേരളം മുഴുവൻ ഇക്കോ ടൂറിസം നടത്തുന്നുണ്ടല്ലോ. ടൂറിസം ഉണ്ടാക്കുന്ന ആഘാതം എത്ര വലുതാണെന്നും, ക്വാറികൾ ഉണ്ടാക്കുന്ന ആപത്ത് എത്ര വലുതാണെന്നും ടൂറിസം വകുപ്പിനോടും വനംവകുപ്പിനോടും പറയേണ്ടവർ നിങ്ങളല്ലേ.
ഛത്തീസ്ഗഡിൽ നിങ്ങൾ വാ, ത്സാർഖണ്ഡിൽ വാ എങ്ങനെയാണ് കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ്സ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് നിങ്ങൾക്ക് കാണിച്ചു തരാം. എങ്ങനെയാണ് വനം വകുപ്പും ആദിവാസികളും കൃഷിക്കാരും തമ്മിൽ ലിങ്ക് ചെയ്തിട്ടുള്ളത് എന്ന് ഞാൻ കാണിച്ചു തരാം. ഇവിടെ നിങ്ങൾ ആദിവാസികളോടും കൃഷിക്കാരോടും എന്തുകൊണ്ടാണ് ഒരു ബ്യൂറോക്രാറ്റിക്ക് അപ്രോച്ചിൽ മുന്നോട്ട് പോകുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അതുകൊണ്ടാണ് നിങ്ങൾക്ക് ഒപ്പം നിന്ന് മുന്നോട്ടുപോവാൻ കർഷകന് പറ്റാത്തത്.
സുമ വിഷ്ണുദാസ്: കേരളത്തിലെ വനാവകാശ നിയമത്തെ സംബന്ധിച്ച് അതിന്റെ ഇൻഡിവിജ്യുവൽ റൈറ്റ്സ് മാത്രമെ കൊടുത്തിട്ടുള്ളൂ. കമ്മ്യൂണിറ്റി റൈറ്റ്സ് ഇതുവരെ കൊടുത്തിട്ടില്ല എന്നത് സത്യമാണ്. പക്ഷെ അതുമായി ബന്ധപ്പെട്ട് എനിക്ക് ഒരു ചോദ്യം ചോദിക്കാൻ ഉള്ളത് വയനാട്ടിലെ ആദിവാസികളുടെ ഭൂമിപ്രശ്നം നോക്കിയാൽ ആദ്യം പൊളിറ്റിക്കൽ കൺസിഡറേഷന് വന്നിട്ടുള്ള പ്രശ്നം അന്യാധീനപ്പെട്ട ഭൂമിയുടെ പ്രശ്നമാണ്. അത് എങ്ങനെയാണ് പരിഹരിക്കപ്പട്ടത് എന്ന് നമുക്കറിയാം. അന്ന് സർക്കാറിന്റെ മേലെ കർഷകർക്കുണ്ടായിരുന്ന പ്രഷറിനാണ് കൂടുതൽ പ്രാമുഖ്യം കിട്ടിയത്. അതുകൊണ്ടാണ് ഇന്നും വയനാട്ടിലെ ആദിവാസികളുടെ ഭൂമിയുടെ പ്രശ്നം പരിഹരിക്കപ്പെടാതിരിക്കുന്നത്. ആദിവാസിയുടെയും കർഷകന്റെയും പ്രശ്നമാണ് ഒരു സ്റ്റേറ്റ് ഒരുമിച്ച് പരിഗണിക്കുന്നത് എങ്കിൽ അവിടെ കർഷകന്റെ പ്രശ്നമാണ് പരിഗണിക്കുന്നത്. അതേസമയം കോർപ്പറേറ്റിന്റെയും കർഷകന്റെയും പ്രശ്നങ്ങൾ പരിഗണിക്കുമ്പോൾ സ്റ്റേറ്റ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് കോർപ്പറേറ്റിന്റെ തീരുമാനത്തിനാണ്.
വനാവകാശ നിയമത്തിനകത്ത് ഒരു പ്രശ്നമുണ്ട് എന്നാണ് എന്റെ നിരീക്ഷണം. കാരണം വനാവകാശ നിയമം പറയുന്നത്, ആദിവാസികളുടെ പരമ്പരാഗതമായിട്ടുളള വനവും വനവിഭവങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങളും റിലേഷൻഷിപ്പും നിലനിർത്തുന്നു എന്നുള്ളതാണ്. അവർ ചുറ്റുമുള്ള റിലേഷൻഷിപ്പ് സ്റ്റാറ്റിക്കായി നിലനിർത്തിയിട്ടില്ല.
വയനാട്ടിലേക്ക് കുടിയേറിവന്ന ആദ്യകർഷകർ നടത്തിയത് ഭക്ഷണത്തിനായുള്ള കൃഷിയായിരുന്നു. പിന്നീടത് ഇൻഡസ്ട്രിയൽ ഫാമിങ്ങിലേക്ക് പോയി. മെഷർ ഓഫ് കൾട്ടിവിറ്റി കൂടി. അതിനുശേഷം അവരുടെ ഭൂമി വിഭവങ്ങൾ അവർ ഉപയോഗിക്കുകയാണ്. ആദിവാസികൾ രാഷ്ട്രീയപരവും, ചരിത്രപരവുമായ കാരണങ്ങളാൽ സ്വന്തം ഭൂമി വിനയോഗിക്കാനാവാതെ കുടുങ്ങിപ്പോയവരാണ്. അവരെ പൂർണ്ണ അർത്ഥത്തിൽ ഭൂമി ഉപയോഗിക്കാൻ വിടുന്ന അന്ന് വയനാടിനെ സംബന്ധിച്ച് എല്ലാ ഭൂമിയും നഷ്ടമാകും.
യഥാർത്ഥത്തിൽ ആദിവാസികളോട് ചെയ്തിട്ടുള്ള ചരിത്രപരമായ അനീതി പരിഹരിക്കപ്പെടണം എന്നുണ്ടെങ്കിൽ നമ്മളെല്ലാം കാടുവെട്ടിത്തെളിച്ച്, പുൽത്തൈലം ഉണ്ടാക്കുകയും, കപ്പയുണ്ടാക്കുകയും, കുരുമുളകുണ്ടാക്കുകയും ഒക്കെ ചെയ്ത് ഇന്നത്തെ അവസ്ഥയിലേക്കുവന്നതുപോലെ അവക്കും അവരുടെ ഭൂമി സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കാനുള്ള അനുവാദം കൊടുക്കണം. അവർക്ക് ഭൂമി കൊടുത്താലും അവർ എല്ലാക്കാലവും ഹണ്ടേഴ്സ് ആന്റ് ഗാതറേർസ് ആയി തുടരും എന്നത് റൊമാന്റിസൈസ്ഡായ ഒരു ചിന്തയാണ്. ആ ചിന്ത തെറ്റാണ്. ഇന്നത്തെ അവസ്ഥയിൽ അവർക്കാകെയുള്ളത് ബാക്കി നിൽക്കുന്ന കാടും, അവിടുന്നു കിട്ടുന്ന വിഭവങ്ങളും മാത്രമാണ്. അതെങ്കിലും സംരക്ഷിക്കപ്പെട്ടാൽ അവരുടെ ലൈവ്ലിഹുഡ് എങ്കിലും സംരക്ഷിക്കപ്പെടും. വനത്തിന്റെ മാനേജ്മെന്റിനെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് എനിക്കുള്ളത്. കാരണം ഭൂമിയുടെമേലുള്ള സമ്പൂർണ്ണ അവകാശം കൊടുത്തു കഴിഞ്ഞാലും വനം എങ്ങനെ മാനേജ് ചെയ്യപ്പെടണം എന്നുള്ളത് എഫ്.ആർ.സികൾ, ഫോറസ്റ്റ് റൈറ്റ് കമ്മിറ്റികൾ തീരുമാനിക്കുന്ന ഒരു സാഹചര്യം ഉണ്ടാവണം. പക്ഷെ അത് നമ്മുടെ നാട്ടിൽ നടപ്പാക്കിയാൽ ഇന്ന് നമ്മൾ കർഷകരാണ് സംരക്ഷിച്ചത്, സ്റ്റേറ്റ് ആണ് സംരക്ഷിച്ചത്, വനം വകുപ്പാണ് സംരക്ഷിച്ചത് എന്നൊക്കെ നമ്മൾ അവകാശപ്പെടുന്ന വനം ഒരു തുണ്ടു പോലും അവിടെ ബാക്കിയുണ്ടാവില്ല. കൂടുതൽ ഇക്കോളജിക്കൽ ഡിസാസ്റ്ററിലേക്കും പ്രശ്നങ്ങളിലേക്കുമാണ് അത് പോവുക.
അവർക്ക് പുറത്തുവരാൻ താത്പര്യമുണ്ടെങ്കിൽ അവരുടെ പൂർണ്ണമായ അനുവാദത്തോടെ കൊണ്ടുവരികയും, നമ്മൾ കൊടുക്കുന്ന പത്തു ലക്ഷം എന്ന് പറയുന്ന ഒരു ദാനത്തിന്റെ അപ്പുറത്തേക്ക് പൂർണ്ണമായ അർത്ഥത്തിലുള്ള കോമ്പൻസേഷൻ സ്റ്റേറ്റ് കൊടുത്തുകൊണ്ട് അവർക്ക് പുതിയ ജീവിത സാഹചര്യം ഉണ്ടാക്കിക്കൊടുക്കുക എന്നുള്ളതാണ്.
കെ.എ ഷാജി: ഈ പറയുന്ന പത്ത് ലക്ഷം കൊടുത്തുകൊണ്ട്, എന്തോ വലിയ ഔദാര്യം കൊടുത്തതു പോലെ നമ്മൾ പറയുന്നു. ഈ പത്തുലക്ഷവുമായി ഒരു കാട്ടുനായ്ക്കൻ പുറത്തേക്ക് പോയി, പത്തോ നാൽപ്പതോ കിലോമീറ്റർ അപ്പുറത്ത് ഒരു സെന്റോ, രണ്ടു സെന്റോ പാറപ്പുറത്ത് കിട്ടിയാൽ വീട് വെക്കുന്നു. അവിടുന്ന് ആ കാട്ടിലേക്ക് തേൻ ശേഖരിക്കാൻ വരണമെങ്കിൽ എത്ര ദൂരമുണ്ട്? ഈ മനുഷ്യരെ കാട്ടിൽ നിന്നും സ്വാഭാവികമായ പരിസ്ഥിതിയിൽ നിന്നും മാറ്റിക്കളയുന്ന ഒരു അജണ്ട ഇതിനകത്തില്ലെ?
സുമ വിഷ്ണുദാസ്: ഞാൻ ഈ കമ്യൂണിറ്റിയുമായി തുടർച്ചയായി ഇടപെടുന്ന ഒരാൾ കൂടിയാണ്. അപ്പോൾ പുതിയ ജനറേഷൻ സ്കൂളിൽ പോയി പഠിച്ച് ഗവൺമെന്റ് ജോലി കിട്ടാനോ ഫോറസ്റ്റിൽ തന്നെയൊരു സ്ഥിരവരുമാനമുള്ള ജോലി കിട്ടാനോ താത്പര്യമുള്ള മനുഷ്യരെ സംബന്ധിച്ച് അവർക്ക് ഈ തേനെടുത്ത് തന്നെ ജീവിക്കണം എന്ന് നിർബന്ധം ഒന്നും ഇല്ല. ആ ഒരു ട്രാൻസ്ഫോർമേഷനെ സംബന്ധിച്ച്, മാറ്റത്തിനുള്ള സാഹചര്യങ്ങളും വിഭവങ്ങളും നമ്മൾ കൊടുക്കുന്നുണ്ടോ എന്നുള്ളതാണ്.
കെ.എ ഷാജി: നമ്മൾ കൊടുക്കേണ്ടത് അവർക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്രമല്ലേ, തേനെടുത്ത് തന്നെ ജീവിക്കണമോ എന്ന് അവരോട് ചോദിക്കാൻ പാടുണ്ടോ.
സുമ വിഷ്ണുദാസ്: നമ്മളല്ല ആദിവാസിയുടെ കാര്യം തീരുമാനിക്കേണ്ടത്. പക്ഷെ എത്രയോ വർഷങ്ങൾക്ക് മുമ്പ് ആദിവാസിയുടെ ഭൂമിയും വിഭവങ്ങളും ഉപയോഗിക്കുന്നതിൽ റെസ്ട്രിക്ഷൻ ഏർപ്പെടുത്തിയ ഒരു സ്റ്റേറ്റാണ്. അതിന്റെ ഭാഗമായിട്ടാണ് ഞാൻ പറയുന്നത്, നമുക്ക് നമ്മുടെ വിഭവങ്ങൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് കിട്ടിയിട്ടില്ല എന്നൊരു യാഥാർത്ഥ്യം അവിടെയുണ്ട്.
ബേബി കുര്യൻ: പറഞ്ഞു വന്ന ഒരു വിഷയം ഞാൻ ഒന്നുകൂടി പറയാം, ഈ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടിട്ട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് പിടിക്കുന്ന മൃഗങ്ങളെ വേണമെങ്കിൽ ഇവർക്ക് റേഡിയോ കോളറിങ് ചെയ്യാം. ആ മൃഗങ്ങൾ നമ്മുടെ പരിധികളിൽ എത്തുമ്പോൾ ഇലക്ട്രോണിക് ഡിവൈസുകൾ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കും. ആന സാധാരണ രാത്രിയിൽ ഇരതേടുന്ന ഒരു ജീവിയല്ല. ഞങ്ങളുടെ ഫാമിലെത്തുന്ന ആനകൾ പകലു മുഴുവൻ നീർച്ചാലിൽ ഒളിച്ചിരിക്കും. രാത്രി ഇക്കരെ കടക്കും. കാരണം പെട്ടെന്ന് തീറ്റകിട്ടും. ഇങ്ങനെ ജനവാസ മേഖലയിൽ ഇറങ്ങുന്ന മൃഗങ്ങളെ പിടിച്ചു കഴിഞ്ഞാൽ പന്നിയൊഴികെ മൃഗശാലയ്ക്ക് വിട്ടുകൊടുക്കണം. എന്റെ വീടിന് തൊട്ടപ്പുറത്ത് ആറളം ഫാമിൽ രണ്ടാഴ്ച്ചയായിട്ട് കടുവയുണ്ട്. വൈന്നേരമായിക്കഴിഞ്ഞാ ഞാൻ എന്റെ നായയെ കൂട്ടിലിടുകയാ. രാജവെമ്പാലയായിക്കോട്ടെ, പുലിയായിക്കൊട്ടെ, കടുവയായിക്കോട്ടെ ഇത്തരം ആക്രമകാരികളായ ജീവികളെ പിടിച്ചു കഴിഞ്ഞാൽ ഞങ്ങൾ വനത്തില് അഴിച്ചുവിട്ടു എന്നു പറയുന്നതിനു പകരം മൃഗശാലക്ക് കൈമാറണം.
കെ.എ ഷാജി: ഇങ്ങനെ ഒരുപാട് പരിഹാരങ്ങളുണ്ട്, അല്ലാതെ ഇത് ആളുകൾ മാറിനിന്ന് വഴക്കുകൂടേണ്ട കാര്യമല്ല. നമുക്ക് ഏതായാലും ഈ ചർച്ച അസാനിപ്പിക്കേണ്ടതുണ്ട്. ജോണേട്ടന് ഇനി എന്താണ് പറയാനുള്ളത്
പി.ടി ജോൺ: പ്ലാന്റേഷൻസ് ഉപേക്ഷിക്കപ്പെട്ടതിനെ കുറിച്ച് നേരത്തെ സംസാരിച്ചല്ലോ, കെ.എഫ്.ഡി.സി 18 വർഷമായി അബാന്റൻ ചെയ്ത പ്ലാന്റേഷൻസ് ഉണ്ട്. അവിടെ ട്രെയിഡ് യൂണിയൻ നേതാക്കൾ കൊള്ള നടത്തികൊണ്ടിരിക്കയാ. ടീ പ്ലാന്റേഷൻസ് അബാൻഡൻ ചെയ്താൽ അത് സർക്കാരിന് ടേക്ക് ഓവർ ചെയ്യാൻ ഉള്ള പ്രൊവിഷൻ ഉണ്ട്, ടീ ആക്ക്റ്റ് 51 എ അനുസരിച്ച്. എന്തുകൊണ്ടാ വനം വകുപ്പ് അത് റെക്കമെന്റ് ചെയ്യാത്തത്. നേരെ മറിച്ച് പത്തും ഇരുപതും സെന്റുകാരെ ഇ.എഫ്.എൽ വെച്ച് പിടിച്ചല്ലോ, നോട്ടീസ് പോലും കോടുക്കാതെ വിവരം അറിയിക്കാതെ. എന്റെ വസ്തു ഫോറസ്റ്റ് ആയി എന്ന് ഞാൻ അറിയുന്നത് വില്ലേജ് ഓഫീസിൽ കരമടക്കാൻ ചെല്ലുമ്പോഴാണ്. അങ്ങനെ അതിക്രൂരമായിട്ട് ആയിരക്കണക്കിനാളുകളെ ദുരിതത്തിലാക്കി. എങ്ങനെയാണ് ഒരു കൃഷിക്കാരൻ വനംവകുപ്പിനോട് സഹാനുഭൂതി കാണിക്കുക, ഞാൻ പണം കൊടുത്ത് വാങ്ങി, രേഖാമൂലം ആധാരവും പട്ടയവുമായി, ഞാൻ നികുതിയടച്ച് കൃഷിചെയ്തുകൊണ്ടിരിക്കുന്ന എന്റെ ഭൂമി നാളെ ഒരു സുപ്രഭാതത്തിൽ വനംവകുപ്പ് കസ്റ്റോഡിയൻ തീരുമാനിക്കും. ഇതിൽ എന്തെങ്കിലും ന്യായമുണ്ടോ?
കെ.എ ഷാജി: ഇതൊരു രാഷ്ട്രീയ ആവിശ്യമായി കർഷകർക്ക് ഉയർത്തിക്കൊണ്ട് വന്നുകൂടെ?
പി.ടി ജോൺ: മാനേജ്മെന്റുകൾ പ്ലാന്റേഷൻസ് റൺ ചെയ്യുന്നില്ല. അബാഡന്റ് ചെയ്തിട്ടുണ്ടെങ്കിൽ 1:4 ആണ് തൊഴിലാളിക്ക് കൊടുക്കേണ്ട റേഷ്യൂ. ഒരേക്കർ തേയിലത്തോട്ടമുള്ള കമ്പനി നാല് തൊഴിലാളികൾക്ക് സ്ഥിരം ജോലിയും, താമസിക്കാനുള്ള വീടും, മക്കൾക്കുള്ള വിദ്യഭ്യാസവും, മെഡിക്കൽ ഫെസിലിറ്റീസും, മുഴുവൻ സോഷ്യൽ സെക്യൂരിറ്റിയും അഷ്യൂർ ചെയ്തിരിക്കണം എന്ന് നിയമമാണ്. ഹാരിസൺസ് മലയാളം 76000 ഏക്കർ ഭൂമിയുണ്ട്, എത്ര സ്ഥിരം തൊഴിലാളികളുണ്ട്, പതിനായിരം തൊഴിലാളിയുണ്ടാവില്ല, മൂന്നു ലക്ഷം തൊഴിലാളിയുണ്ടാവേണ്ടതാ.
കെ.എ ഷാജി: കർഷകന്റെ താത്പര്യങ്ങളെ സംരക്ഷിക്കാനും വനങ്ങളെ സംരക്ഷിക്കാനും ഇതാണ് പരിഹാരം എന്ന് പറഞ്ഞ് ഇത് ഗവൺമെന്റിന്റെ മുന്നിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ വേണ്ടതില്ലേ?
പി.ടി ജോൺ: വേണ്ടതാണ്. പക്ഷെ ഗവൺമെന്റ് എന്താ ചെയ്തിട്ടുള്ളത്. അവർ ആകെ വാങ്ങിച്ചോണ്ടിരുന്നത് ലാന്റ് ടാക്സും, അഗ്രിക്കൾച്ചറൽ ടാക്സും ആണ്. ആ ലാന്റ് ടാക്സും അഗ്രിക്കൾച്ചറൽ ടാക്സും തോട്ടക്കാരൻ അടക്കണ്ട എന്ന് ഈ പിണറായി വിജയൻ സർക്കാർ ഇപ്പോൾ തീരുമാനം എടുത്ത് കൊടുത്തില്ലേ.
പി.എൻ ഉണ്ണികൃഷ്ണൻ: കർഷകരും ആദിവാസികളും വനം സംരക്ഷിച്ചു എന്നുള്ളത് മിഥ്യയുമുള്ള അവകാശവാദമായിരിക്കും. അവരുടെ ആവശ്യങ്ങൾക്കും കഴിവുകൾക്കും അനുസരിച്ച് പരിമിതമോ വിപുലമോ ആയ രീതിയിൽ അവർ വനം ഉപയോഗിച്ചു. സംസ്ഥാനത്തിന്റെ നിലപാടും വ്യത്യസ്തമല്ല. സംരക്ഷണം എന്നത് കൂട്ടായ പ്രവർത്തനത്തെ തുടർന്നുള്ള ബോധപൂർവ്വമായ തെരഞ്ഞെടുപ്പായിരിക്കണം. ചില ആദിവാസി സമൂഹങ്ങൾ ഒരു വനപ്രദേശത്തെ അയൽ സമുദായങ്ങളിൽ നിന്നും സംരക്ഷിച്ചു എന്നത് സംരക്ഷണമല്ല, ഉടമസ്ഥതയുടെ വിഷയമാണ്. കമ്മ്യൂണിറ്റി സംരക്ഷണത്തിന്റെ ഉത്തമ ഉദാഹരണമാണ് കാവുകളും വിശുദ്ധ വനങ്ങളും. ഇത് ആദിവാസികൾക്കോ കർഷകർക്കോ മാത്രമുള്ള ആശയമല്ല. ആഴത്തിലുള്ള വിശകലനത്തിൽ ഇവിടെയും സ്വാർത്ഥതയുടെ ചില ഘടകങ്ങൾ കാണാം. എന്നാൽ ഇത് പരിപൂർണ്ണമായ കൈവശാവകാശത്തേക്കാൾ തീർച്ചയായും മികച്ചതാണ്. വനങ്ങളിലെ ജൈവവൈവിധ്യം എല്ലാവരുടെയും നന്മയ്ക്കായി വിലമതിക്കാനും ഉയർത്തിപ്പിടിക്കാനും തുടങ്ങുന്നിടത്താണ് സംരക്ഷണത്തോടുള്ള അനുയോജ്യമായ മനോഭാവം രൂപപ്പെടുന്നത്. ഇതൊരു ധാർമ്മിക സമീപനമാണ്. പരസ്‌പര അവിശ്വാസത്തിന്റെ അന്തരീക്ഷത്താൽ ക്ഷയിച്ചിരിക്കുന്ന നമ്മുടെ വ്യവസ്ഥിതിയിൽ നിന്നും ഇത് പ്രതീക്ഷിക്കുക പ്രയാസമാണ്. എന്നിരുന്നാലും, പ്രതിസന്ധി പരിഹരിക്കാനുള്ള കൂട്ടായ ശ്രമത്തിൽ ഓരോരുത്തരും മറ്റുള്ളവരെ ശ്രദ്ധിക്കുകയും സമവായത്തിലെത്തുകയും ചെയ്യുന്നിടത്ത് ചില പുരോഗതി സാധ്യമാണ്. നിയമങ്ങൾ, നിയന്ത്രണങ്ങൾ, പൊതു സന്നദ്ധത എന്നിവയെക്കാളും ജൈവവൈവിധ്യത്തിന്റെ മൂല്യത്തെ വിലമതിക്കാനുള്ള ഒരു മനോഭാവം ഉണ്ടാവുകയാണ് പ്രധാനം. ഓരോ പക്ഷവും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് സുഖമായി ഇരിക്കുന്നിടത്ത് ഒരു പരിഹാരവും സാധ്യമല്ല. (സാങ്കേതിക പ്രശ്നങ്ങൾ കാരണം ഗൂഗിൾ മീറ്റിൽ നിന്നും പുറത്തായ ശേഷം എഴുതിയറിച്ച സന്ദേശം).
കെ.എ ഷാജി: ഇതൊന്നും നമ്മള് ചർച്ച ചെയ്യാതെയാണ് പരിസ്ഥിതിയെ കുറിച്ച് പറയുന്നവരും കവികളുമാണ് പ്രശ്നം എന്ന് പറയുന്നത്. എന്നാൽ കർഷകരുടെ താരത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സന്തുലിത വികസന കാഴ്ച്ചപ്പാട് നമ്മൾ ഉണ്ടാക്കേണ്ടതുണ്ട്.