Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന മോക് പോളിൽ കാസർഗോഡും പത്തനംതിട്ടയിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ വിവിപാറ്റ് പ്രിന്റ് ഔട്ടുകളിൽ ബിജെപിക്ക് അധിക വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടു എന്ന പരാതികൾ രേഖപ്പെടുത്തിയതോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ആധികാരികതയും വിശ്വാസ്യതയും വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.
ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചുള്ള വോട്ടിങ്ങിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനു വോട്ടിങ് പ്രക്രിയയിൽ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ്. വാദത്തിനിടെ കാസർഗോട്ടെ സംഭവം അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അത് വ്യാജവിവരമാണ് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. എന്തുകൊണ്ടാണ് ഇവിഎം ഉപയോഗവുമായി ബന്ധപ്പെട്ട് ഇത്രയധികം സംശയങ്ങളും അന്വേഷണങ്ങളും ആവശ്യങ്ങളും വരുന്നത് എന്നായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന മാർച്ച് 2023ലാണ് ഇവിഎം പ്രവർത്തനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വിവിപാറ്റ് സ്ലിപ്പുകളിൽ ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നം പ്രിന്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് ഏജന്റ് നാസർ ചെർക്കളം കേരളീയത്തോട് ഇങ്ങനെ പ്രതികരിച്ചു,
“കാസർഗോഡ് ലോക്സഭാ മണ്ഡലമടക്കം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഇവിഎം പരിശോധിക്കുക എന്ന പ്രോസസുണ്ട്, അതിന്റെ ഭാഗമായി സ്ഥാനാർത്ഥിയുടെ പേരുകളും ചിഹ്നങ്ങളും അടങ്ങുന്ന ബാലറ്റ് ശരിയാക്കലും വിവിപാറ്റിൽ മോക് പോൾ നടത്തി ബാലറ്റ് യൂണിറ്റിൽ വന്ന വോട്ട് തന്നെയാണോ വിവിപാറ്റിൽ വരുന്നത് എന്ന് ഉറപ്പുവരുത്തലുമാണ് ആ പ്രോസസ്. ഈ പ്രോസസിൽ, കാസർഗോഡ് മണ്ഡലത്തിൽ ഏഴ് നിയമസഭാ മണ്ഡലമാണ് ഉള്ളത്, ഈ ഏഴ് മണ്ഡലങ്ങളിലും ഒരേ സമയം ഏഴ് സ്ഥലങ്ങളിലായി ക്യാംപ് നടന്നു, ഞാൻ ഉണ്ടായത് കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ കാസർഗോഡ് ഗവണ്മെന്റ് കോളേജിലാണ്. 17ാം തീയ്യതി രാവിലെ പത്തുമണിക്ക് ശേഷം ആരംഭിച്ച പ്രോസസിൽ നമ്മുടെ 228മെഷീനുകൾ- റിസർവ് മെഷീൻ അടക്കം 190 ബൂത്തുകളിലേക്ക്- 228 മെഷീനുകൾ ചെക്ക് ചെയ്യാനുള്ള പ്രോസസ് ആരംഭിച്ചതിന് ശേഷം ആദ്യ റൗണ്ടിൽ- 20 ടേബിളുകളിലാണ് മെഷീൻ വരുന്നത്, കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നിങ്ങനെ. ഓരോ സ്ഥാനാർത്ഥിക്കും ഓരോ വോട്ട് വീതം ചെയ്ത് വിവിപാറ്റിൽ പ്രിന്റുകളുടെ എണ്ണം എണ്ണി തിട്ടപ്പെടുത്തി സീൽ ചെയ്ത് തിരിച്ച് സ്ട്രോങ് റൂമിൽ കൊണ്ടുപോകുന്നു. നമ്മൾ വിവിപാറ്റിൽ ഓരോ സ്ഥാനാർത്ഥിക്കും ഓരോ വോട്ട് പ്രസ് ചെയ്ത് അത് ക്ലോസ് ചെയ്ത് വിവിപാറ്റിൽ നോക്കിയപ്പോൾ, ഓരോ സ്ഥാനാർത്ഥിക്ക് ഓരോ വോട്ട് എന്ന രീതിയിൽ നോക്കുമ്പോൾ പത്ത് സ്ഥാനാർത്ഥികളാണ് കാസർഗോഡ് ഉള്ളത്. നോട്ട ഉൾപ്പെടെ, നോക്കിയപ്പോൾ അതിൽ പതിനൊന്ന് സ്ലിപ് കണ്ടു, ആദ്യ റൗണ്ടിൽ പരിശോധിച്ച ഇരുപത് മെഷീനുകളിൽ മൂന്ന് മെഷീനുകളിൽ- ബൂത്ത് നമ്പർ ഒന്ന്, ബൂത്ത് നമ്പർ 8, ബൂത്ത് നമ്പർ 139 എന്നിങ്ങനെ മൂന്ന് മെഷീനുകളിൽ വിവിപാറ്റിൽ ഇത്തരം തെറ്റുകൾ കണ്ടപ്പോൾ ഞങ്ങൾ റീ മോക് പോൾ ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു. രണ്ടാമത് ചെയ്തപ്പോൾ ഇതേ തെറ്റ് തന്നെ ആവർത്തിച്ചു. കാസർഗോഡ് ALPHABETICALLY ആദ്യത്തെ സ്ഥാനാർത്ഥി ബിജെപിയുടേതാണ് (എംഎൽ അശ്വിനി). ബിജെപിയുടെ താമര ചിഹ്നത്തിൽ മാത്രം രണ്ട് സ്ലിപ്പും ബാക്കിയുള്ളതിനൊക്കെ ഓരോന്നുമാണ് വന്നത്.
അങ്ങനെ കണ്ടപ്പോൾ വീണ്ടും ചെയ്യാൻ പറഞ്ഞു, രണ്ടാമത്തെ റൗണ്ടിലും ഇതേ പ്രശ്നം ഈ മൂന്ന് മെഷീനിലും ആവർത്തിച്ചു. വീണ്ടും ചെയ്യാൻ പറഞ്ഞു, ഉദ്യോഗസ്ഥർ അത് സാങ്കേതിക പിഴവാണ് എന്ന് പറഞ്ഞു സീൽ ചെയ്യാൻ വേണ്ടി ഞങ്ങൾ ഒപ്പുവെക്കണമെങ്കിൽ വീണ്ടും ചെക്ക് ചെയ്യണമെന്ന് പറഞ്ഞു, അങ്ങനെ വീണ്ടും ചെക്ക് ചെയ്തപ്പോൾ അത് കറക്റ്റായി. ആ മെഷീൻ സീൽ ചെയ്ത് കൊണ്ടുപോയി, അടുത്ത റൗണ്ടിൽ വന്ന മെഷീൻ ബൂത്ത് നമ്പർ 18നും ഇതേ കംപ്ലെയ്ന്റ് ഉണ്ടായിരുന്നു. അവിടെയും മോക് പോളിൽ 11 റെസീറ്റുകൾ വന്നു. ബിജെപി സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും അടങ്ങിയ ഒരു സ്ലിപ് കൂടി വന്നു. രണ്ടാമത്തെ പരിശോധനയിൽ അതും ശരിയായി. അങ്ങനെ മെഷീനുകളിൽ നാലോ ആറോ മെഷീനുകളാണ് ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നത്. ബാക്കിയെല്ലാം ഇതേപോലെ വെരിഫെെ ചെയ്ത് സ്ട്രോങ് റൂമിലേക്ക് കൊണ്ടുപോയി. ഇപ്പോൾ സ്ട്രോങ് റൂമിൽ എല്ലാം ക്ലിയർ ചെയ്ത് കൊണ്ടുവെച്ചിട്ടുണ്ട്. 26ാം തീയ്യതി ഈ മെഷീനുകൾ പോളിങ് ബൂത്തിലേക്ക് വരും. അവിടെയും രാവിലെ ഓരോ ബൂത്തിലെയും വോട്ടർമാരുടെ അഞ്ചു ശതമാനം മോക് പോൾ ഉണ്ട്. ആയിരം വോട്ടർമാരുണ്ടെങ്കിൽ 50 പേർ വോട്ട് ചെയ്ത് അത് കൃത്യമാണോ എന്നുള്ള പരിശോധന അവിടെയും ഉണ്ട് രാവിലെ. അതിലും ഇത്തരം തെറ്റുകൾ വന്നുകഴിഞ്ഞാൽ ഈ മെഷീൻ മാറ്റേണ്ടിവരും. പിന്നെയും മോക് പോൾ ചെയ്യാൻ നിന്നാൽ പോളിങ് താമസം വരും. മെഷീൻ മാറ്റേണ്ടിവരും. മെഷീൻ മാറ്റാതിരുന്നാൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് കൂടുതൽ വരുന്ന അവസ്ഥ വരും. സാധാരണ രീതിയിൽ വിവിപാറ്റ് എണ്ണാറില്ല, കൺട്രോളിങ് യൂണിറ്റ് മാത്രമേ പരിശോധിക്കാറുള്ളൂ. അതുനോക്കിയാണ് കൗണ്ടിങ് ചെയ്യുന്നത്, എന്നാൽ ഏതെങ്കിലും കാരണവശാൽ കൺട്രോൾ യൂണിറ്റ് കേടാകുകയോ ഡെഡ് ആകുകയോ ചെയ്താൽ വിവിപാറ്റ് എണ്ണുക എന്നതാണ് അടുത്ത ഓപ്ഷൻ. അങ്ങനെയുള്ള സാഹചര്യത്തിൽ ഒരു വിവിപാറ്റിൽ ഒരെണ്ണം വെച്ച് അധികമായി കഴിഞ്ഞാൽ, 190 ബൂത്ത് ഉണ്ട്, 190 ബൂത്തിൽ 190 വോട്ട് ബിജെപിക്ക് കൂടുമല്ലോ, അത് തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുമല്ലോ. അതാണ് വിഷയം, പക്ഷേ ഇതിൽ നോട്ട് റ്റു ബി കൗണ്ടഡ് എന്ന് എഴുതിയിട്ടുണ്ട്. ബിജെപിക്ക് അനുകൂലമായി വന്ന സ്ലിപ്പിൽ നോട്ട് റ്റു ബി കൗണ്ടഡ് എന്ന് എഴുതിയിട്ടുണ്ട്. ഇപ്പോൾ അങ്ങനെ കാണുമ്പോൾ ഉദ്യോഗസ്ഥർ അത് സാങ്കേതിക പിഴവാണ് സിസ്റ്റം എറർ ആണ് എന്ന് പറയുകയാണെങ്കിലും ബിജെപിയുടെ കൗണ്ടിങ് ഏജന്റ്മാർ ഇത് ഞങ്ങളുടെ ഒറിജിനൽ വോട്ട് എന്നവിടെ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ ക്ലെയ്ം ചെയ്തുകഴിഞ്ഞാൽ ഇത് മൊത്തത്തിൽ തെരഞ്ഞെടുപ്പിനെ ബാധിക്കും, കോൺഗ്രസും ബിജെപിയും നേരിട്ട് ഫെെറ്റ് ചെയ്യുന്ന ചെറിയ മാർജിനിൽ ആണ് റിസൽറ്റ് എങ്കിൽ ഇത് വലിയ വിഷയമാകും. ഒരു കാരണവശാലും മെഷീനിൽ നോട്ട് റ്റു ബി കൗണ്ടഡ് എന്ന് എഴുതിയതാണെങ്കിലും ഒരു എക്സ്ട്രാ പ്രിന്റ് വരാൻ സാധ്യതയില്ല. അത് ഇല്ല എന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഇലക്ഷൻ കമ്മീഷനും മെഷീൻ ഉണ്ടാക്കിയവർക്കും ടെക്നിക്കൽ സെെഡിൽ ഉള്ളവർക്കും മാത്രമാണ്, അത് ക്ലിയർ ആക്കിയ ശേഷം മാത്രമേ മെഷീൻ സീൽ ചെയ്യാൻ പാടുള്ളൂ. ബഹുമാനപ്പെട്ട സുപ്രീം കോടതി ചെയ്യേണ്ടത് കാസർഗോഡ് ഇവിഎം ചെക്കിങ് ക്യാംപിന്റെ വീഡിയോ റെക്കോർഡിങ് പരിശോധിക്കണം, ഇവിടെ ഇങ്ങനെയൊരു പ്രശ്നം ഉണ്ടായിരുന്നോ എന്ന് നേരിട്ട് വിലയിരുത്തണം. പത്രവാർത്തയിലൂടെ മനസ്സിലാകുന്നത് ഇവിടെ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന് അവർ റിപോർട്ട് കൊടുത്തു എന്നാണ് അങ്ങനെ കൊടുത്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. സുപ്രീം കോടതിയിൽ കേസ് വാദിക്കുന്നവർ എന്നെ നേരിട്ട് ബന്ധപ്പെട്ടിരുന്നു. യുഡിഎഫ് ഏജന്റ് മാത്രമല്ല, എൽഡിഎഫ് ഏജന്റും പരാതി കൊടുത്തിട്ടുണ്ട്, വെറുതെ വ്യാജ പരാതി കൊടുക്കുകയില്ലല്ലോ.”യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഏജന്റായ നാസർ ചെർക്കളം കേരളീയത്തോട് പ്രതികരിച്ചു.
NOTA വോട്ട് ബട്ടൺ പ്രസ് ചെയ്യുമ്പോൾ അതിലും ബിജെപി സ്ഥാനാർത്ഥിയുടെ പേരിലാണ് വിവിപാറ്റ് സ്ലിപ് വന്നത് എന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഇലക്റ്ററൽ ഏജന്റായ എ രവീന്ദ്രൻ പറയുന്നു. അധിക വോട്ട് ബിജെപി സ്ഥാനാർത്ഥിക്ക് കാസ്റ്റ് ചെയ്യപ്പെട്ടത് വ്യാജമായ വിവരമാണെന്നും അങ്ങനെ സംഭവിച്ചിട്ടില്ല എന്നുമുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രതികരണത്തോട് എ രവീന്ദ്രൻ ഇങ്ങനെ പ്രതികരിക്കുന്നു, “വ്യാജവാർത്തയാണെങ്കിൽ പരാതി കൊടുക്കുമോ? എംഎൽഎയും സ്ഥാനാർത്ഥിയും എല്ലാം വന്ന് ഇതിൽ ഇടപെട്ടിട്ടുണ്ടല്ലോ?”
പത്തനംതിട്ടയിലും മോക് പോളിൽ സമാനമായ പരാതി ഉന്നയിക്കപ്പെട്ടു.
“പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തിടനാട് എന്ന പഞ്ചായത്തുണ്ട്, അവിടത്തെ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റും യുഡിഎഫിന്റെ ചെയർമാനുമാണ്, ആന്റോ ആന്റണിയെ പ്രതിനിധീകരിച്ച് വോട്ടിങ് മെഷീൻ ക്ലിയറിങ്ങിന് വേണ്ടി പോയത് ഞാനാണ്. ബാലറ്റ് ബോക്സിൽ നോട്ടയും ചേർത്ത് ഒമ്പത് വോട്ട് ആയിരുന്നു, ഒമ്പത് പേർക്ക് ഓരോ വോട്ട് ചെയ്തപ്പോൾ പത്ത് ബാലറ്റ് വന്നു. പത്തിൽ രണ്ട് വോട്ട് വന്നത് അനിൽ കെ ആന്റണി, താമര ചിഹ്നത്തിലാണ്. അതുവെച്ചാണ് പരാതി കൊടുത്തത്. രേഖാമൂലം തന്നെ പത്തനംതിട്ട കലക്ടർക്ക് പരാതികൊടുക്കുകയും മറുപടി വരികയും ചെയ്തിട്ടുണ്ട്. രാവിലെ 10.30ഓടുകൂടിയാണ് സംഭവം. കലക്ടർ വന്നപ്പോൾ കലക്ടറോട് വാക്കാൽ പരാതി പറഞ്ഞു, അതിന് ശേഷം പതിനൊന്നരയോടെ വോട്ട് ചെയ്തപ്പോൾ ഒമ്പത് വോട്ട് ചെയ്തപ്പോൾ പതിനൊന്ന് വോട്ട് വന്നു. രണ്ടെണ്ണം കെെപ്പത്തിക്കും രണ്ടെണ്ണം താമരയ്ക്കും. നമ്മൾ പാർട്ടി അടിസ്ഥാനത്തിലൊരു ആരോപണം ഉന്നയിക്കുകയല്ല, വോട്ടിങ് മെഷീനകത്തുള്ള അപാകതയാണ് നമ്മൾ ചൂണ്ടിക്കാണിച്ചത്. ഇങ്ങനെ നടന്നിട്ടില്ല എന്ന് അവർക്ക് പറയാൻ കഴിയില്ല, കാരണം നമ്മൾ സാക്ഷികളാണല്ലോ.തൊട്ടടുത്ത ദിവസം തന്നെയാണ് കലക്ടർക്ക് മെയിൽ അയച്ചത്. ഇത് ആരോപണം അല്ല. എൻഡിഎഫ് സ്ഥാനാർത്ഥി പ്രതിനിധിയും ഉണ്ടായിരുന്നു. ബിജെപിയുടെ പ്രതിനിധി ഉണ്ടായിരുന്നില്ല,” പൂഞ്ഞാർ യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റ് രമേഷ് കേരളീയത്തോട് പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം
ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കാസര്‍ഗോഡ് ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍ ഏപ്രില്‍ 18ന് അയച്ച കത്തില്‍ സംഭവിച്ച കാര്യങ്ങളെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
കമ്മീഷനിങ് ടേബിളിലെ സെന്‍ട്രല്‍ യൂണിറ്റ് സ്വിച്ച് ഓണ്‍ ചെയ്ത ശേഷം വിവിപാറ്റ് മെഷീനുകളില്‍ (സീരിയൽ നമ്പർ) സെല്‍ഫ് ചെക്കിങ്ങിന്റെ സമയത്ത് സാധാരണ ഗതിയില്‍ പ്രിന്റ് ചെയ്യപ്പെടേണ്ടുന്ന സ്ലിപ്പുകള്‍ക്കൊപ്പം മറ്റൊരു സ്‌ലിപ് കൂടി താഴെ പറയുന്ന വിവരങ്ങളോടുകൂടി പ്രിന്റ് ചെയ്യപ്പെട്ടു,
‘നോട്ട് റ്റു ബി കൗണ്ടഡ്
സ്റ്റാന്‍ഡേഡൈസേഷന്‍ ഡണ്‍, വിവിപാറ്റ് സീരിയല്‍ നമ്പര്‍’
ഇതോടൊപ്പം ആദ്യ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നവും പ്രിന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി വരുന്ന മോക് പോള്‍ സ്ലിപിനേക്കാള്‍ കുറച്ചധികം നീളത്തിലാണ് ഈ സ്ലിപ് പ്രിന്റ് ചെയ്യപ്പെട്ടത്.
ഈ പ്രശ്‌നത്തിന് കാരണമായി ബിഇഎല്‍ എഞ്ചിനിയര്‍ പവന്‍ കുമാര്‍ മിശ്ര പറഞ്ഞത് ഇങ്ങനെയാണ്,
സ്റ്റാന്‍ഡേഡൈസേഷന്‍ സ്ലിപ്പുകള്‍ പ്രിന്റ് ചെയ്യുന്ന സമയത്ത് ചില മെഷീനുകള്‍ സ്റ്റാന്‍ഡേഡൈസേഷന്‍ സ്ലിപ്പുകളുടെ മുഴുവന്‍ പ്രിന്റുകളും എടുക്കുന്നതിന് മുമ്പ് കമ്മീഷണിങ് ടേബിളിലേക്ക് കൊണ്ടുവന്നു. അങ്ങനെയാണ് കമ്മീഷനിങ് ടേബിളില്‍ ഈ പ്രശ്‌നം റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
പ്രശ്നം എങ്ങനെയാണ് പരിഹരിച്ചത്?
1000 വോട്ടുകള്‍ കാസ്റ്റ് ചെയ്യുന്നതിനായി (സീരിയല്‍ നമ്പര്‍) വിവിപാറ്റ് മോക് പോളിനായി എടുത്തു. മോക് പോള്‍ സ്ലിപ്പുകള്‍ മെഷീനിലെ വോട്ടെണ്ണവുമായി ടാലി ചെയ്തു. കാന്‍ഡിഡേറ്റ് ഏജന്റുമാര്‍ക്ക് ബോധ്യപ്പെടുകയും അവര്‍ ഒപ്പുവെക്കുകയും ചെയ്തു, സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവെച്ചു. സാങ്കേതിക തകരാറുകള്‍ കാരണം സീരിയല്‍ നമ്പര്‍ VVTED 41294, സീരിയല്‍ നമ്പര്‍ VVTEJ 14797 എന്നിവ മാറ്റിവെച്ചു. പ്രശ്‌നം രാഷ്ട്രീയ പാര്‍ട്ടികളോട് വിശദീകരിക്കുകയും അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ മെഷീനുകളുടെ കമ്മീഷനിങ് മറ്റു പ്രശ്‌നങ്ങളില്ലാതെ പൂര്‍ത്തിയാക്കി. ഈ സംഭവങ്ങളുടെയെല്ലാം മുഴുവന്‍ സിസിടിവി ക്യാമറ റെക്കോഡിങ്ങും നമ്മുടെ കയ്യിലുണ്ട്, കെ ഇമ്പശേഖര്‍ ഐഎഎസ്, ആര്‍ഓ, കാസര്‍ഗോഡ്.
റിട്ടേണിങ് ഓഫീസറുടെ അന്വേഷണ റിപോര്‍ട്ട്.
ഏപ്രില്‍ 18ന് തന്നെ റിട്ടേണിങ് ഓഫീസര്‍ പുറത്തിറക്കിയ അന്വേഷണ റിപോര്‍ട്ട് സാങ്കേതികമായ വിവരങ്ങള്‍ വിശദീകരിക്കുന്നതാണ്. അത് ഇങ്ങനെയാണ്,
‘കമ്മീഷനിങ് ഹാളിനെ സിംബല്‍ ലോഡിങ് ഏരിയ എന്നും കമ്മീഷനിങ് ടേബിള്‍ ഏരിയ എന്നും രണ്ടായി തരംതിരിച്ചിരുന്നു. ബിഇഎല്‍ എഞ്ചിനിയര്‍മാരാണ് സിംബല്‍ ലോഡിങ് ചെയ്യുന്നത്. സിംബല്‍ ലോഡിങ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വിവിപാറ്റ് കമ്മീഷണിങ് ടേബിളിലേക്ക് കൊണ്ടുവരികയും കമ്മീണനിങ് നടത്തി മോക് പോള്‍ ചെയ്യുകയും ചെയ്യും. സിംബല്‍ ലോഡിങ് പ്രക്രിയയ്ക്ക് താഴെ പറയുന്ന സ്റ്റെപ്പുകളാണ് ഉള്ളത്. സിംബല്‍ ലോഡിങ് യൂനിറ്റ് വിവിപാറ്റുമായി ബന്ധിപ്പിക്കും. വൈദ്യുതി കണക്ഷന്‍ പെട്ടെന്ന് കിട്ടുമ്പോള്‍ വിവിപാറ്റ് ഏഴ് സ്ലിപ്പുകള്‍ പ്രിന്റ് ചെയ്യും. ഈ ഏഴ് സ്ലിപുകളും കൃത്യമാണെങ്കില്‍ സിംബൽ ലോഡിങ് യൂണിറ്റിലെ ഏറ്റവും മുകളിലുള്ള ചിഹ്നം എഞ്ചിനിയര്‍ അമര്‍ത്തും. സിംബല്‍ ലോഡിങ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ലോഡ് ചെയ്യപ്പെട്ട സിംബലുകളുടെ പ്രിന്റ് എടുക്കാന്‍ ഇതേ ബട്ടണ്‍ തന്നെയാണ് വീണ്ടും പ്രസ് ചെയ്യുന്നത്. ബട്ടണ്‍ പ്രസ് ചെയ്തു കഴിഞ്ഞാല്‍ പ്രിന്റ് വരുന്നതുവരെ കുറച്ചു സമയമെടുക്കും. പ്രിന്റിങ്ങിനിടെ പവര്‍ കട്ട് ഉണ്ടായാല്‍ അതുവരെ പ്രിന്റ് ചെയ്യപ്പെട്ട സ്ലിപ് വിവിപാറ്റില്‍ തൂങ്ങിനില്‍ക്കും. ഇങ്ങനെ തൂങ്ങിക്കിടക്കുന്ന സ്ലിപ്പുകള്‍ സ്ലിപ് കംപാര്‍ട്ട്‌മെന്റില്‍ കാണാന്‍ കഴിയുകയില്ല.
ആദ്യഘട്ടത്തില്‍ (ഒന്നാം റൗണ്ട്) ബിഇഎല്‍ എഞ്ചിനിയര്‍മാര്‍ പ്രിന്റ് ബട്ടണ്‍ ഞെക്കിയ ശേഷം പെട്ടെന്ന്, മുഴുവന്‍ പ്രിന്റ് ചെയ്യപ്പെടുന്നതിനുടമുന്‍പ് വിവിപാറ്റ് ഡിസ്‌കണക്റ്റ് ചെയ്തതാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണം. ഈ വിവിപാറ്റ് മെഷീന്‍ കമ്മീഷനിങ്ങിനായി ടേബിളിലേക്ക് കൊണ്ടുവരികയും ബിയു, സിയു എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യുമ്പോള്‍ തൂങ്ങിനില്‍ക്കുന്ന ഈ സ്ലിപ് മുറിയും. ഈ സമയത്ത് ബാലറ്റ് ബട്ടണില്‍ അമര്‍ത്താതെ തന്നെ ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിയുടെ പേര്, ചിഹ്നം എന്നിവ അടയാളപ്പെടുന്നു എന്ന തോന്നല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്കും ഉണ്ടാകും. ബാലറ്റ് പേപ്പറില്‍ ആദ്യം ഉണ്ടായിരുന്നത് താമര ചിഹ്നമായതിനാല്‍ പ്രിന്റ് ബട്ടണ്‍ അമര്‍ത്തി ഡിസ്‌കണക്റ്റ് ചെയ്യുന്നതിനിടയില്‍ അത് അടയാളപ്പെടുകയായിരുന്നു. രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം വന്നതായും നമ്മള്‍ ശ്രദ്ധിച്ചു. പക്ഷേ ഈ സ്ലിപുകളിലെല്ലാം നോട്ട് റ്റു ബി കൗണ്ടഡ് എന്നും എഴുതിയിട്ടുണ്ട്. കമ്മീഷണിങ് ടേബിളില്‍ ഇത് നടന്നയുടനെ കാര്യങ്ങള്‍ ഏജന്റുമാര്‍ക്ക് വിശദീകരിച്ചിട്ടുണ്ട്. അവരുടെ സംശയം ദൂരീകരിക്കാന്‍ വിവിപാറ്റില്‍ 1000 വോട്ടുകള്‍ ചെയ്ത മോക് പോള്‍ നടത്തി. മോക് പോളിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരും സംഭവിച്ചതെന്താണ് എന്നതിനെ കുറിച്ച് ബോധ്യം നേടുകയും മോക് പോള്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവെക്കുകയും ചെയ്തു. പ്രിന്റ് ബട്ടണ്‍ അമര്‍ത്തിയ ശേഷം സിംബലുകളുടെ പ്രിന്റ് എടുക്കുന്ന രീതിയില്‍ ബിഇഎല്‍ എഞ്ചിനിയര്‍ പ്രോട്ടോകോള്‍ പാലിച്ചിരുന്നെങ്കില്‍ ഈ മുഴുവന്‍ പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നു. വിവിപാറ്റ് ഡിസ്‌കണക്റ്റ് ചെയ്തത് ചില തൊഴിലാളികള്‍ ആണ് എന്ന അവരുടെ വിശദീകരണം സ്വീകാര്യമല്ല. ഒരു എഞ്ചിനിയറുടെ കയ്യില്‍നിന്നും ഒരു തൊഴിലാളി സിംബല്‍ ലോഡിങ് യൂണിറ്റ് പിടിച്ചുവാങ്ങും എന്നത് ഒരിക്കലും സാധ്യമല്ല. പ്രിന്റ് ബട്ടണ്‍ അമര്‍ത്തിയ ശേഷം ചെറിയൊരു ഇടവേളയില്‍ വിവിപാറ്റ് ഡിസ്‌കണക്റ്റ് ചെയ്യുക എന്നത് ഒട്ടും സാധ്യതയില്ല. എളുപ്പത്തില്‍ ഡിസ്‌കണക്റ്റ് ചെയ്യാന്‍ പറ്റുന്ന രീതിയിലല്ല സിംബല്‍ ലോഡിങ് യൂണിറ്റും വിവിപാറ്റും ബന്ധിപ്പിച്ചിരിക്കുന്നത്. സിംബല്‍ ലോഡിങ് യൂണിറ്റ് ബെല്‍ എഞ്ചിനിയര്‍മാരുടെ ഉത്തരവാദിത്തമായതിനാല്‍ ഈ നഷ്ടത്തിന് ഉത്തരവാദികളായി കണക്കാക്കേണ്ടത് അവരെയാണ്.’
ഇലക്ട്രോണിക് വോട്ടിങ് മെഷീനിലൂടെയുള്ള വിവിപാറ്റ് മുഴുവനായും എണ്ണണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തുന്ന ഹർജികൾ പരിഗണിക്കവേ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഈ പ്രശ്നം ഉന്നയിക്കുകയുണ്ടായി. മലയാള മനോരമയുടെ ഇംഗ്ലീഷ് വെബ്സെെറ്റായ ഓൺ മനോരമയുടെ കാസർഗോഡ് ലേഖകൻ ജോർജ് പൊയ്കയിലിന്റെ ഏപ്രിൽ 17ലെ റിപോർട്ടാണ് പ്രശാന്ത് ഭൂഷൺ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. റിപോർട്ടിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ പ്രതികരണവും ഉണ്ട്.
പവർ ഓൺ ചെയ്തപ്പോഴാണ് മെഷീനിൽ സാങ്കേതിക തകരാർ ഉണ്ടായത്, നോട്ട് റ്റു ബി കൗണ്ടഡ് എന്നാണ് സ്ലിപ്പിൽ എഴുതിയിരിക്കുന്നത് എങ്കിലും സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചിഹ്നവും പേരും ഉണ്ടായിരുന്നു എന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ ബിനുമോൻ പി പറഞ്ഞു.
ഇലക്ടറല്‍ വോട്ടിങ് മെഷീനുകള്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?
വോട്ടെടുപ്പ് സമയത്ത് രണ്ട് രീതിയില്‍ അടയാളപ്പെടുത്തപ്പെടുന്ന പൗരരുടെ വോട്ടില്‍ ഒരു രീതിയില്‍ അടയാളപ്പെടുത്തപ്പെടുന്നത് മാത്രം പൂര്‍ണമായും എണ്ണുകയും മറ്റൊന്ന് ഭാഗികമായി മാത്രം എണ്ണുകയും ചെയ്യുന്നു എന്നതും പൂര്‍ണമായും എണ്ണുന്നത് യന്ത്രത്തില്‍ അടയാളപ്പെടുത്തുന്ന വോട്ടാണ് എന്നതുമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ സുതാര്യതയില്ലാത്ത സംവിധാനമാണ് എന്ന അഭിപ്രായം ഉയരാന്‍ ഒരു പ്രധാന കാരണം. വോട്ട് ചെയ്യുന്ന പ്രക്രിയയില്‍ വോട്ടറുടെ സംതൃപ്തി ഉറപ്പാക്കാനുള്ള സാധ്യത ഇല്ല എന്നതും ഏഴ് സെക്കന്‍ഡ് മാത്രം ദൃശ്യമാകുന്ന വിവിപാറ്റ് സ്ലിപ് വോട്ടെണ്ണല്‍ പ്രക്രിയയിലേക്ക് പൂര്‍ണമായും പോകുന്നില്ല എന്നതും ഇതേക്കുറിച്ച് ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങളാണ്. വോട്ട് രേഖപ്പെടുത്തലിന്റെ യാന്ത്രികത അല്ലെങ്കില്‍ സാങ്കേതികത എത്രത്തോളം ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും എന്നതും സൗകര്യമുള്ള വോട്ടിങ് അനുഭവം നൽകും എന്നതും ഇതേക്കുറിച്ചുയരുന്ന പ്രധാന ചോദ്യമാണ്.
മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ജി ദേവസഹായം എഡിറ്റ് ചെയ്ത ‘തെരഞ്ഞെടുപ്പ് ജനാധിപത്യം?’ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിലെ നീതിയും അഖണ്ഡതയും അന്വേഷിക്കുന്നു (എലക്റ്ററല്‍ ഡെമോക്രസി ? എന്‍ ഇന്‍ക്വയറി ഇന്റു ദ ഫെയര്‍നെസ് ആന്‍ഡ് ഇന്റഗ്രിറ്റി ഓഫ് ഇലക്ഷന്‍സ് ഇന്‍ ഇന്ത്യ) എന്ന പുസ്തകം ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളുടെ സമകാലിക വെല്ലുവിളികള്‍ പരിശോധിക്കുന്നതാണ്. തെരഞ്ഞെടുപ്പ് സാഹചര്യത്തിന് മുന്നോടിയായി ജനുവരിയിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
‘ജനാധിപത്യ തത്വങ്ങളും ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയും’ എന്ന ലേഖനത്തില്‍ എംജി ദേവസഹായം എഴുതുന്നു, “തെരഞ്ഞെടുപ്പ് പ്രക്രിയ പൊതുജനങ്ങള്‍ക്ക് സ്വന്തം വോട്ട് ശരിയായി അടയാളപ്പെട്ടുവോ എണ്ണപ്പെട്ടുവോ എന്നതില്‍ സംശയത്തിന് ഇടവരാത്ത രീതിയില്‍ സംതൃപ്തി നല്‍കുന്നതാകണം. അത് പരിശോധിക്കാന്‍ കഴിയണം, സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാത്ത രീതിയില്‍ പൗരര്‍ക്ക് പ്രക്രിയ പരിശോധിക്കാന്‍ കഴിയണം, വോട്ടുകള്‍ എണ്ണുന്നതില്‍ സുതാര്യത വേണം, മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിൽ ആയിരിക്കണം എന്നിവയാണ് തെരഞ്ഞെടുപ്പ് തത്വങ്ങള്‍. ഇവിഎം സംവിധാനത്തില്‍ ഒരു വോട്ടര്‍ക്ക് ഒരു ബട്ടണ്‍ അമര്‍ത്തുകയും ലൈറ്റ് തെളിയുന്നത് കാണുകയും ശബ്ദം കേള്‍ക്കുകയും മാത്രമാണ് ചെയ്യുന്നത്. ഏഴ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിവിപാറ്റ് നോക്കാനുള്ള സാധ്യത മാത്രമാണ് വോട്ടര്‍ക്ക് ലഭിക്കുന്നത്. ഈ വോട്ട് ശരിയായി രേഖപ്പെടുത്തപ്പെട്ടു എന്നോ എണ്ണപ്പെട്ടു എന്നോ വോട്ടര്‍ക്ക് അറിയാന്‍ കഴിയുകയില്ല.
ബാലറ്റ് പേപ്പര്‍ സംവിധാനത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് തന്നെയാണ് തെരഞ്ഞെടുപ്പ് ചുമതലയും മേല്‍നോട്ടവും. എന്നാല്‍ ഇവിഎംന്റെ കാര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയ്ക്കാണ് ഇവിഎം നിര്‍മാണ ചുമതല. ഇവ രണ്ടും ഇലക്ഷന്‍ കമ്മീഷന്റെ നിയന്ത്രണത്തിലോ മേല്‍നോട്ടത്തിലോ ഉള്ളതല്ല. യൂണിയന്‍ ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഉള്ളവയാണ്. ഇവര്‍ കോണ്‍ഫിഡെന്‍ഷ്യല്‍ ആയ സോഫ്‌റ്‌റ്‌വെയര്‍ പ്രോഗ്രാമുകള്‍ വിദേശീയരായ ചിപ് ഉല്‍പാദകരുമായി ഷെയര്‍ ചെയ്യുന്നു, അത് ഇവിഎംകളില്‍ ഉപയോഗിക്കുന്ന മൈക്രോ കണ്‍ട്രോളറുമായി ഷെയര്‍ ചെയ്യുന്നു. ഈ വിദേശ കംപനികള്‍ സോഫ്‌റ്റ്വെയര്‍ കോഡഡ് ആയ മൈക്രോ കണ്‍ട്രോളറുകള്‍ ഇവിഎം ഉല്‍പാദകര്‍ക്ക് അയക്കുമ്പോള്‍ ഉത്പാദകര്‍ക്കോ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കോ സാങ്കേതിക ഉപദേശകര്‍ക്കോ അവയുടെ ഉള്ളടക്കം വായിക്കാന്‍ കഴിയുകയില്ല, കാരണം അതെല്ലാം ലോക്ക് ചെയ്യപ്പെട്ടവയായിരിക്കും. ഇലക്ഷന്‍ ഡ്യൂട്ടിയിലെ ഇവിഎമ്മുകളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം നഷ്ടപ്പെടുന്നു എന്നതാണ് ഏറ്റവും മോശം അവസ്ഥ. ആദ്യതല പരിശോധന മുതല്‍ കൗണ്ടിങ് വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് സ്വകാര്യ എഞ്ചിനിയര്‍മാരാണ്. അതിനാല്‍ പരമോന്നതമായ തെരഞ്ഞെടുപ്പ് തത്വങ്ങളൊന്നും ഇവിഎം വോട്ടിങ്ങില്‍ പാലിക്കപ്പെടുന്നില്ല.’
ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 324 (1)പ്രകാരമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളൊന്നും നിലവിലുള്ള ഇവിഎം സംവിധാനത്തില്‍ ഇല്ല എന്നും എംജി ദേവസഹായം നിരീക്ഷിക്കുന്നു. 2020 നവംബറില്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ ഇവിഎമ്മുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു, ഇവിഎം എന്നത് മാറ്റങ്ങള്‍ വരുത്താന്‍ കഴിയാത്തതും ശക്തമായതുമായ സംവിധാനമാണെന്ന് പല തവണ വിശദീകരിച്ചിട്ടുണ്ട്. ഒന്നിലധികം തവണ സുപ്രീം കോടതിയും അതിന്റെ ഇന്റഗ്രിറ്റി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. 2019ല്‍ എംജി ദേവസഹായം ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇവിഎം സംബന്ധിച്ചുള്ള പ്രശ്‌നങ്ങളിലേക്ക് ഇപ്പോള്‍ പോകാന്‍ കഴിയില്ല എന്ന് പ്രതികരിച്ചതായും ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മോക് പോളുകൾക്ക് കണ്ടെത്താൻ കഴിയാത്ത ഇവിഎം ദുര്‍ബലത
“തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്നതുപോലെ ഇവിഎം ഒറ്റപ്പെട്ട, പുറമെ നിന്നും മറ്റൊന്നിനും സ്വാധീനിക്കാന്‍ കഴിയാത്ത യന്ത്രമാണെങ്കില്‍ വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന വിവിപാറ്റ് സംവിധാനം എങ്ങനെയാണ് ഒരു സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും അതില്‍ പ്രിന്റ് ചെയ്യുന്നത്? എങ്ങനെയാണ് ഈ വിവരങ്ങള്‍ വിവിപാറ്റില്‍ അപ് ലോഡ് ചെയ്യുന്നത്, അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ഇലക്ട്രോണിക് വോട്ടിങ് സംവിധാനത്തിന്റെ സാങ്കേതികവും ഭൗതികവും പ്രക്രിയാപരവുമായ സുരക്ഷയെ ഇത് ബാധിക്കുകയില്ലേ?” ‘ഇവിഎം- വിവിപാറ്റ് പ്രക്രിയയുടെ ദുർബലതകൾ’ എന്ന ലേഖനത്തിൽ സർവ്വീസിൽ നിന്നും രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ എഴുതുന്നു.
ഇവിഎം സ്‌ട്രോങ്‌റൂമുകളില്‍ സൂക്ഷിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോഴും മുന്‍കൂട്ടി പ്രോഗ്രാം ചെയ്യാവുന്ന യന്ത്രങ്ങളാണ് ഇതെന്നിരിക്കെ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ വാദം ദുര്‍ബലമാകുകയാണ് എന്ന് കണ്ണന്‍ ഗോപിനാഥന്‍ നിരീക്ഷിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ അറിയാത്ത യന്ത്രങ്ങള്‍ ആണെന്നും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തുന്ന മോക് പോള്‍ ഇത്തരം സംശയങ്ങളെ ദൂരീകരിക്കുന്നതിന് സഹായിക്കുമെന്നും പറയുമ്പോഴും വോട്ടിങ്ങിനായി കൊണ്ടുവരുന്ന മെഷീനുകള്‍ എല്ലാം പരിശോധനാവിധേയമാക്കുന്നില്ല എന്ന വസ്തുതയും കണ്ണന്‍ ഗോപിനാഥന്‍ ഈ ലേഖനത്തില്‍ പരിശോധിക്കുന്നുണ്ട്, ഇത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെക്കുറിച്ച് കേരളത്തില്‍ ഉയര്‍ന്ന പരാതികളുടെ ഗൗരവം അടിവരയിടുന്നതാണ്.
“ഒരു മോക് ഇലക്ഷന്‍ നടക്കുന്നത് 1% വോട്ടിങ് മെഷീനുകളില്‍ 1200 വോട്ടുകള്‍ കാസ്റ്റ് ചെയ്തുകൊണ്ടാണ്, 2% മെഷീനുകളില്‍ 1000 വോട്ടുകള്‍ കാസ്റ്റ് ചെയ്യുന്നു, 2% മെഷീനുകളില്‍ 500 വോട്ടുകള്‍ കാസ്റ്റ് ചെയ്യുന്നു. ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നത് ഇത്രയും ചെറിയ ശതമാനം മെഷീനുകള്‍ പരിശോധിക്കുന്നതില്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ തൃപ്തിപ്പെടുത്തുമെന്നാണ്. രണ്ട് മോക് ഇലക്ഷനുകള്‍ക്ക് ശേഷം മൂന്നാമത്തേത് തെരഞ്ഞെടുപ്പ് ദിവസമാണ് നടക്കുന്നത്. പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മിനിമം അമ്പത് വോട്ടെങ്കിലും കാസ്റ്റ് ചെയ്ത് കഴിയുമ്പോള്‍. വളരെ വിശാലമായ മോക് ഇലക്ഷന്‍ ആയിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നതെങ്കിലും ഇത് ദുര്‍ബലവുമാണ്. ഒരു നിശ്ചിത എണ്ണം വോട്ടുകളാണ് ഈ മോക് ഇലക്ഷനില്‍ കാസ്റ്റ് ചെയ്യപ്പെടുന്നത് എന്ന് മുന്‍കൂട്ടിയറിയുന്ന വസ്തുതയായതിനാല്‍ ഈ ആദ്യഘട്ടത്തെ മറികടക്കാന്‍ സാങ്കേതികയ്ക്ക് കഴിയുകയും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് മുന്‍കൂട്ടി അറിയാതിരിക്കുകയും ചെയ്യും,”
ഇവിഎമ്മുമായി ബന്ധിപ്പിക്കുന്ന വിവിപാറ്റ് മെഷീനും വോട്ട് രേഖപ്പെടുത്തുന്ന കണ്‍ട്രോള്‍ യൂണിറ്റിനുമിടയില്‍ ബാലറ്റിങ് യൂണിറ്റ് ഉള്ളത് തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കാനിടയുണ്ട് എന്നും കണ്ണന്‍ ഗോപിനാഥന്‍ എഴുതുന്നു.
“തെരഞ്ഞെടുപ്പിന്റെ അടിസ്ഥാന നയം ഉദ്ദേശിച്ച വോട്ട് കാസ്റ്റ് ചെയ്യുക എന്നതും കാസ്റ്റ് ചെയ്ത വോട്ട് രേഖപ്പെടുത്തുക എന്നതും റെക്കോഡ് ചെയ്യപ്പെട്ടത് കൗണ്ട് ചെയ്യുക എന്നതുമാണ്. വിവിപാറ്റിലുള്ള ദുര്‍ബലത ഇലക്ട്രോണിക് വോട്ടിങ് പ്രക്രിയയിലെ തന്നെ ദുര്‍ബലത ആയി മാറുകയാണ്. എന്റെ അഭിപ്രായത്തില്‍ ഇത് ഡിസൈനില്‍ തന്നെയുള്ള പ്രശ്‌നമാണ്, ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ ഈ ഡിസൈന്‍ ഉപേക്ഷിക്കേണ്ടതുമാണ്.” ലേഖനത്തിൽ പറയുന്നു.
“സിംബല്‍ ലോഡിങ് പ്രക്രിയ- മൂന്ന് ഘട്ടങ്ങളുണ്ട്. സിംബല്‍ ലോഡിങ് നടക്കുന്നു എന്നതിനര്‍ത്ഥം വിവിവിപാറ്റിന് പ്രോഗ്രാം ചെയ്യാന്‍ കഴിയുന്ന മെമ്മറി ഉണ്ട് എന്നാണ്. ബിഇഎല്‍, ഇസിഐഎല്‍ കംപനികളിലെ സാങ്കേതികവിദഗ്ധരാണ് സ്ഥാനാര്‍ത്ഥികളുടെ ക്രമവും പേരും ചിഹ്നങ്ങളും കമ്മീഷനിങ്ങിന്റെ ഭാഗമായി വിവിപാറ്റ് മെഷീനിലേക്ക് അപ് ലോഡ് ചെയ്യുന്നത്. ഈ അപ് ലോഡിങ് പ്രക്രിയയിലെ കമ്മ്യൂണിക്കേഷന്‍ പ്രോസസ് എന്താണ്? ആരാണ് ഇതിനുള്ള സോഫ്‌റ്റ്വെയര്‍ ഉണ്ടാക്കുന്നത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇതോടൊപ്പം ഉണ്ടാകുന്നു.” കണ്ണന്‍ ഗോപിനാഥന്‍ എഴുതുന്നു.
സുപ്രീം കോടതിയില്‍ ഇപ്പോള്‍ സംഭവിക്കുന്നത്
2023 മാര്‍ച്ചിലാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സുപ്രീം കോടതിയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വോട്ടിങ് അപര്യാപ്തമാണ് എന്ന് ചൂണ്ടിക്കാട്ടി പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കുന്നത്. ഓരോ വോട്ടര്‍ക്കും അവരുടെ വോട്ട് വെരിഫൈ ചെയ്യാനുള്ള അവകാശം ഉണ്ടെന്നും പ്രക്രിയയില്‍ അത് ഉറപ്പാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഡിവിഷന്‍ ബെഞ്ചിലാണ് ഈ കേസ് ആദ്യമായി എത്തിയത്. കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ ബെഞ്ച് തയ്യാറായില്ല. മാസങ്ങള്‍ക്ക് ശേഷം 2024 ഏപ്രില്‍ 16നാണ് ഈ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചില്‍ ഈ ഹര്‍ജിയില്‍ ഹിയറിങ് തുടങ്ങിയത്.
പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പേപ്പര്‍ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്ന് വാദിച്ചു, യൂറോപ്യന്‍ രാജ്യങ്ങളും ജര്‍മനിയും ഉപേക്ഷിച്ച സംവിധാനമാണ് ഇവിഎം എന്നും. എന്നാല്‍ മനുഷ്യ ഇടപെടലില്ലാത്ത യന്ത്രങ്ങള്‍ കൃത്യത ഉറപ്പാക്കും എന്നായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പ്രതികരണം. വോട്ടിങ്ങില്‍ സുതാര്യത ഉറപ്പാക്കാന്‍ വിവിപാറ്റ് പേപര്‍ സ്ലിപ് വോട്ടര്‍ക്ക് പരിശോധിക്കാന്‍ കഴിയണമെന്നും ഭൂഷണ്‍ വാദിച്ചു. 2017ന് മുന്‍പ് വിവിപാറ്റിന് സുതാര്യമായ ബോക്‌സ് ഉണ്ടായിരുന്നതും പ്രശാന്ത് ഭൂഷണ്‍ കോടതിയെ ഓര്‍മിപ്പിച്ചു.
കണ്ടക്റ്റ് ഓഫ് ഇലക്ഷന്‍സ് റൂള്‍സ് 1961ലെ റൂള്‍ 94 (b) പ്രകാരം ഉപയോഗിക്കപ്പെട്ടതോ പ്രിന്റ് ചെയ്തതോ ആയ വിവിപാറ്റ് സ്ലിപ്പുകള്‍ ഒരു വര്‍ഷത്തേക്ക് സൂക്ഷിക്കണമെന്നുണ്ട്. മെയ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിവിപാറ്റ് സ്ലിപ്പുകള്‍ റിസല്‍റ്റ് പ്രഖ്യാപിച്ച് നാല് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നശിപ്പിച്ചതായി ദ ക്വിന്റ് ലേഖിക പൂനം അഗര്‍വാള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്, ഈ റിപോര്‍ട്ടും അഭിഭാഷകനായ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഏപ്രില്‍ 18ന് കേസില്‍ വാദം തുടര്‍ന്നു.
അഭിഭാഷകന്‍ നിസാം പാഷയുടെ വാദം വോട്ടര്‍ക്ക് വിവിപാറ്റ് സീല്‍ഡ് ബോക്‌സില്‍ നിക്ഷേപിക്കാനുള്ള അവകാശം വേണമെന്നാണ്. ഇത് വോട്ടിങ്ങിന്റെ രഹസ്യാത്മകതയെ ബാധിക്കുമെന്ന് ബെഞ്ച് പ്രതികരിച്ചു. എന്നാല്‍ അറിയാനുള്ള അവകാശവും രഹസ്യാത്മകതയ്ക്കുള്ള അവകാശവും വിരുദ്ധമല്ല എന്നും രണ്ടും വോട്ടര്‍ക്ക് വേണ്ടതാണെന്നും നിസാം പാഷ വാദിച്ചു. സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ നിതേഷ് വ്യാസ് പ്രതികരിച്ചത് ബാലറ്റ് യൂണിറ്റ് പാര്‍ട്ടികളെയോ ചിഹ്നങ്ങളെയോ തിരിച്ചറിയുന്നില്ല എന്നാണ്. മോക് പോളില്‍ ഒന്നും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ല എന്നും നിതേഷ് വ്യാസ് കോടതിയില്‍ പറഞ്ഞു.
വോട്ടര്‍ വെരിഫിക്കേഷന്‍ സാധ്യമാകുമോ എന്ന് സുപ്രീം കോടതിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തീരുമാനമുണ്ടാകും.