ഏകാധ്യാപകർ ചരിത്രാഖ്യാനത്തിന്റെ ചുമരെഴുതുകയായിരുന്നു

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഓഫ്റോഡ്-18

മെക്കാളെ സായവ് ‘ഖസാക്കിന്റെ ഇതിഹാസം എഴുതിയാൽ’ എന്ന എൻ.എസ് മാധവന്റെ അതിമൂർച്ചയുള്ള വിമർശന വാക്യം ആദ്യം വായിക്കുന്നത് 35 വർഷം മുമ്പാണ്. രവീന്ദ്രൻ എഡിറ്ററായ ‘കലാവിമർശം: മാർക്സിസ്റ്റ് മാനദണ്ഡം’ എന്ന പുസ്തകത്തിലെ ‘ഖസാക്കിലെ സമ്പദ് വ്യവസ്ഥ’ എന്ന അദ്ദേഹത്തിന്റെ ലേഖനത്തിൽ. ആ വാചകം, അല്ലെങ്കിൽ ആശയം മറവിയിൽ പെട്ടില്ല. ഖസാക്ക് അതിപ്രശസ്ത കൃതി. മെക്കാളെയാകട്ടെ ഇന്ത്യയിലെ വിദ്യാഭ്യാസത്തെ രക്ഷപ്പെടുത്താൻ പറ്റാത്ത വിധം ബ്രിട്ടീഷ് കൊളോണിയലിസത്തിന് അടിമപ്പെടുത്തിയ ബ്യൂറോക്രാറ്റ്. മാധവന്റെ മെക്കാളെ പ്രയോഗം ഖസാക്കിലെ കേന്ദ്ര പ്രമേയം വിദ്യാഭ്യാസമാണെന്ന് അന്നു മുതലേ തോന്നിപ്പിക്കാൻ ഏറെ സഹായിച്ചു. (മെക്കാളെ എന്ന പേരു മാത്രമാണ് ഇവിടെ സ്വീകരിക്കുന്നത്. തുടർന്ന് മാധവൻ നടത്തുന്ന വിശകലനത്തെയല്ല). രവിയും പാമ്പുമൊക്കെ ഉപകഥകൾ മാത്രം എന്നും. നോവലിലെ ഏറ്റവും പ്രധാന ഭാഗം ആറാം അധ്യായം ‘വിദ്യാലയങ്ങൾ’ ആണ്. കാരണം കേന്ദ്രപ്രമേയത്തിലേക്ക് വായനക്കാരെ എത്തിക്കുന്ന പാസ്വേഡുകളെല്ലാം ആ അധ്യായത്തിൽ വിജയൻ പാകിയിരിക്കുന്നു.

എൻ.എസ് മാധവൻ

പൊതുവിൽ മലയാളി കരുതുന്നത് ഏകാധ്യാപക വിദ്യാലയം എന്ന പ്രമേയം ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ മാത്രമുള്ളതാണെന്നാണ്. എന്നാൽ അത് അങ്ങനയേയല്ല. (മുൻകൂർ ജാമ്യം ഇവിടെ അനിവാര്യം; ഖസാക്ക്-ബങ്കർവാടി ചോരണ സിദ്ധാന്തത്തെയല്ല ഞാനിവിടെ പിന്തുടരുകയോ പൊലിപ്പിക്കുകയോ ചെയ്യുന്നത്. വിജയൻ ‘ഇതിഹാസത്തിന്റെ ഇതിഹാസ’ത്തിൽ എഴുതി: “ഖസാക്ക് ബങ്കർവാടിയെന്നും ഡോഗ്പാച്ചെന്നും വിശ്വസിക്കുന്ന സുഹൃത്തുക്കളുടെ ആത്മാർഥതയെ ചോദ്യം ചെയ്യാൻ എനിക്കാവില്ല. പാലക്കാട്ട് കിണാശ്ശേരിയിലുള്ള മൂലഗ്രാമത്തോളം ചെല്ലാനുള്ള സന്മനസ്സ് അവർക്കുണ്ടാകട്ടെ എന്ന് ആശിക്കാൻ മാത്രമേ എനിക്ക് കഴിയൂ”. രണ്ടാം ലോകയുദ്ധാനന്തരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മനുഷ്യ വിമോചനപ്പോരാട്ടങ്ങളാൽ കോളനി ഭരണങ്ങൾ ഇല്ലാതായ രാജ്യങ്ങളിലുമെല്ലാം 1950-70തുകളിൽ വിദ്യാഭ്യാസ പ്രവർത്തന പ്രതീക്ഷയായി മുന്നോട്ടുവെക്കപ്പെട്ട ഒന്നായിരുന്നു ഏകാധ്യാപക വിദ്യാലയങ്ങൾ. അതുകൊണ്ടുതന്നെ നിരവധി ഭാഷകളിൽ, സാഹിത്യത്തിൽ ഇതേ വിഷയത്തിലുള്ള ആഖ്യാനങ്ങളുണ്ടായിട്ടുണ്ട്. ഖസാക്കിലും ബങ്കർവാടിയിലും ഒരു ലോക പ്രമേയം അതിന്റെ സാന്നിധ്യം അറിയിക്കുകയാണുണ്ടായത്. അവക്ക് പ്രമേയത്തിലുള്ള ഏകാധ്യാപക വിദ്യാലയം എന്നതിൽ മാത്രമാണ് സാമ്യത. ഇതേ സാമ്യത പല ലോകഭാഷകളിലും സംഭവിച്ചിട്ടുണ്ട്. ഇതു മനസ്സിലാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമായി തോന്നുന്നു.

ഖസാക്കിന്റെ ഇതിഹാസം കവർ

ഇന്ത്യയിൽ നിലവിൽ 1.1 ലക്ഷം സ്കൂളുകൾ ഏകാധ്യാപക വിദ്യാലയങ്ങളാണെന്ന് 2021ലെ ഇന്ത്യയിലെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള യുനിസെഫ് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ കേരളത്തിൽ നിന്നുള്ള 330 എണ്ണവും ഉൾപ്പെടും. വനത്തോടു ചേർന്നുള്ള കേരളത്തിലെ ആദിവാസി മേഖലകളിലാണ് ഏകാധ്യാപക വിദ്യാലയങ്ങൾ കൂടുതലും പ്രവർത്തിക്കുന്നത്. അതായത് കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിച്ച ഈ സംവിധാനം ഇന്നും പലയിടങ്ങളിലും തുടരുന്നു, അതിനാൽ തന്നെ ആ പ്രമേയത്തിനും തുടർച്ചയുണ്ട്.

ഏകാധ്യാപക വിദ്യാലയം പ്രമേയമായ മലയാളിക്ക് ഏറെക്കുറെ അപരിചിതമായിരിക്കാനിടയുള്ള ഒരു നോവലിനെക്കുറിച്ച് പറയാം. തുണീഷ്യൻ നോവലിസ്റ്റ് ഹബീബ് സൽമിയുടെ ‘ആടുമല’യാണ് ആ രചന. ജബൽ അൽ അൻസ് എന്ന അറബി ശീർഷകത്തിൽ 1988ലാണ് ഈ നോവൽ എഴുതപ്പെട്ടത്. 2018ൽ ഇംഗ്ലീഷ് പരിഭാഷ ‘ഗോട്ട് മൗണ്ട്യൻ’ (Charis Olszok ആണ് വിവർത്തക) പുറത്തിറങ്ങി. ഒരു തുണീഷ്യൻ നഗരത്തിൽ നിന്നും അതിവിദൂരസ്ഥമായ ആടുമലയിലെ താഴ്വാരത്തിലുള്ള അൽ-അല ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലേക്ക് ബസിലും കഴുതപ്പുറത്തും നടന്നും വരുന്ന അധ്യാപകനിലാണ് (അയാൾക്ക് പേരില്ല) നോവലിന്റെ തുടക്കം. ഗ്രാമത്തിലേക്ക് അധ്യാപകനെ കഴുതപ്പുറത്തേറ്റി കൊണ്ടുവരുന്നത് ഗ്രാമവാസിയായ ഇസ്മയിലാണ്. ആ യാത്രയിൽ ഒരിടത്തേക്ക് വിരൽചൂണ്ടി അയാൾ പറയുന്നുണ്ട്, പാഷ ഏഴുപേരെ തൂക്കിക്കൊന്നത് ഇവിടെയാണെന്ന്. (തുണീഷ്യയിൽ ഓട്ടോമൻ ഭരണം നിലനിന്നിരുന്ന 1820-90 കാലത്ത് പാഷമാരുടെ നിയന്ത്രണത്തിലായിരുന്നു രാജ്യം). മനുഷ്യ രക്തം മണക്കുന്ന ആ വഴിയിലൂടെയുള്ള യാത്രയുടെ ഒടുവിൽ അയാൾ ഗ്രാമത്തിലെത്തിച്ചേരുന്നു. സ്കൂൾ വേണ്ട വിധം പ്രവർത്തിപ്പിക്കാനൊന്നും അധ്യാപകന് കഴിയുന്നില്ല. ആ ഗ്രാമം ഉരുളക്കിഴങ്ങ് കൃഷി മാത്രം ചെയ്യുന്ന ഒരിടമായിരുന്നു. അക്ഷരാർത്ഥത്തിൽ ഒരു ഏകവിളത്തോട്ടം. ഇസ്മയിലിന്റെ പിതാമഹൻ ഒരിക്കൽ നഗരത്തിൽ പോയപ്പോൾ (അൽ അൻസിൽ നിന്നും ആദ്യമായി നഗരം സന്ദർശിച്ചത് അദ്ദേഹമായിരുന്നു) കൊണ്ടുവന്ന വിത്തുകളാണ് ആ ഗ്രാമത്തിലേക്ക് ഉരുളക്കിഴങ്ങ് കൃഷി കൊണ്ടുവന്നത്. അധ്യാപകൻ പിന്നീട് കാണുന്നത് മറ്റു കൃഷികൾക്കായുള്ള ഗ്രാമത്തിലെ ചിലരുടെ ശ്രമങ്ങൾ വെടിവെപ്പിലും കഴുമരങ്ങളിലും അവസാനിക്കുന്നതാണ്.

ഗോട്ട് മൗണ്ട്യൻ കവർ

ഏകാധ്യാപക വിദ്യാലയം കാര്യമായി പ്രവർത്തിക്കുന്നതിന്റെ ചിത്രീകരണം നോവലിൽ അധികമായൊന്നും കണ്ടെത്താൻ കഴിയില്ല. അധ്യാപകൻ ഒരു ഗ്രാമത്തിന്റെ മാറ്റത്തിനായുള്ള ദാഹത്തിന് സാക്ഷിയാവുകയാണ്. 2010ൽ മുല്ലപ്പൂ വിപ്ലവം ആദ്യം നടന്ന സ്ഥലം കൂടിയാണ് തുണീഷ്യ. (ഉന്തുവണ്ടിക്കച്ചവടക്കാരൻ ബൂ അസീസിയുടെ ആത്മാഹൂതിയായിരുന്നു അതിന്റെ തുടക്കം. തെരുവുകച്ചവടത്തിന് നികുതി നൽകാൻ വിസമ്മതിച്ച അദ്ദേഹത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം നിരന്തരമായി കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു). 2018ൽ ആടുമലയുടെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയപ്പോൾ അത് മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ചുള്ള നോവലാണെന്നു പോലും വായനക്കാർ തെറ്റിദ്ധരിച്ചതായി വിവർത്തക പറഞ്ഞിട്ടുണ്ട്.

ആടുമലയിൽ ഖസാക്കിലെപ്പോലെ ഏകാധ്യാപക വിദ്യാലയം കഥ നടക്കുന്ന ഒരു സ്ഥലമല്ല. ഏറെക്കുറെ കഥയില്ലായ്മയുടെ ഒരു സ്ഥലമാണ്. കലാപത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നത് പുറത്താണ്. എല്ലാറ്റിനും മൂകസാക്ഷിയാവുകയാണ് അധ്യാപകനും ഒറ്റമുറി മാത്രമുള്ള സ്കൂളും. സാമ്പ്രദായിക വിദ്യാഭ്യാസത്തിനു പുറത്തുനടക്കുന്ന വിമോചന ആശയങ്ങളിലാണ് ഈ നോവൽ കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. അത് നിലനിന്ന സാമ്പ്രദായിക വിദ്യാഭ്യാസരീതികളെ വിമർശിക്കുന്ന രചനയായി മാറുന്നതും അതുകൊണ്ടാണ്. ഈ നോവലിന്റെ ആമുഖത്തിൽ ജയിംസ് കിർകുപ്പ് (ഇംഗ്ലീഷ് പരിഭാഷ വരുന്നതിന് വളരെ മുമ്പെ 1998ൽ അദ്ദേഹമെഴുതിയ ലേഖനമാണ് ആമുഖമായി ചേർത്തിരിക്കുന്നത്) ഇങ്ങിനെ അഭിപ്രായപ്പെടുന്നു: “വളരെ വിദൂരസ്ഥമായ ഗ്രാമങ്ങളിലേക്ക് ക്ലേശപാതകൾ താണ്ടിപ്പോകുന്ന അധ്യാപകർ ഒരു കാലത്ത് ഫ്രഞ്ചു നോവലുകളുടെ ഇഷ്ടപ്രമേയമായിരുന്നു”. ഈ പ്രമേയം യൂറോപ്പ്യൻ സാഹിത്യത്തിലും സംഭവിച്ചിട്ടുണ്ട് എന്നർത്ഥം. ഖസാക്കിൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഉത്കണ്ഠ വിജയൻ ഇങ്ങിനെ പങ്കുവെക്കുന്നു: “ഖസാക്കിൽ രണ്ടു വിദ്യാലയങ്ങളുണ്ട്, അള്ളാപിച്ച മൊല്ലാക്കയുടെ ഓത്തുപള്ളി, രാവുത്തന്മാർക്ക്. പിന്നെ ഹിന്ദുക്കൾക്കായുള്ള എഴുത്തുപള്ളി. മൂന്നു തലമുറകളായി പണിയ്ക്കന്മാരാണ് എഴുത്തുപള്ളി നടത്തിപ്പോന്നത്. ഇതിനും പുറമേ, ആറുനാഴികയകലെ കൂമൻകാവിലെ പ്രാഥമിക വിദ്യാലയത്തിൽ ചെന്നാൽ കോണെഴുത്തും കണക്കും പഠിക്കാം. ഖസാക്കിൽ നിന്ന് കുട്ടികൾ അങ്ങോട്ട് പോകാതെയല്ല. ആ വഴിയത്രയും ചെല്ലാൻ അധികം പേർ മുതിർന്നില്ലെന്നു മാത്രം.” കേരളത്തിൽ 1950തിനു ശേഷം പ്രാഥമിക വിദ്യാഭ്യാസം സാധ്യമാക്കാനുണ്ടായിരുന്ന മൂന്നു വഴികളെക്കുറിച്ചുള്ള പരാമർശമാണിത്. എന്നാൽ ആടുമലയിൽ ഇങ്ങിനെയുള്ള പരാമർശങ്ങളൊന്നുമില്ല.

ഹബീബ് സെൽമി

കാരണം അത് മുസ്ലിംകൾ മാത്രമുള്ള ഗ്രാമമായിരുന്നു. അതുമല്ല വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ചുള്ള ആശങ്കകൾ, ഭാവിതലമുറയെക്കുറിച്ചുള്ള ഉത്കണ്ഠകൾ എന്നിവയും അതിൽ കാണാനാകില്ല. ഏകവിളത്തോട്ടം, ഏകാധിപത്യം എന്നിവയിൽ നിന്നുള്ള മോചനത്തിനുള്ള രാഷ്ട്രീയ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സൂചനകളാലാണ് ആ ഏകാധ്യാപക നോവൽ പ്രവർത്തിച്ചുകൊണ്ടിരുന്നത്. 1950തുകളിലെ കഥയാണ് ആടുമല പറയുന്നത്. ഏറെക്കുറെ ഇതേ കാലത്തെ കഥയാണ് ഖസാക്കും പറയുന്നത്. (ഖസാക്ക് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ 1967ൽ ഖണ്ഡശ്ശയായി വന്നു, 1969ൽ പുസ്തകമായി). എന്നാൽ രവിയെ വലയം ചെയ്യുന്ന ഗ്രാമീണ ലോകവും പേരില്ലാത്ത ആടുമലയിലെ അധ്യാപകനെ വലയം ചെയ്യുന്ന ലോകവും തീർത്തും വിഭിന്നമാണ്. ആ വിഭിന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഓരോ സമൂഹങ്ങളുടേയും പൊതുസങ്കൽപ്പത്തിലുള്ള വിഭിന്നതകൾ കൂടിയാണ്. കേരള മോഡലിന്റെ സാധ്യതകളും പ്രതിസന്ധികളും ഖസാക്ക് ഒരുപോലെ ഉൾക്കൊള്ളുന്നു. ആടുമലയാകട്ടെ സാധ്യതകളെക്കുറിച്ചു മാത്രം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഖസാക്കിൽ എന്തൊക്കെ വിമർശനങ്ങളുന്നയിച്ചാലും ജനാധിപത്യം നൽകുന്ന തുറസ്സുണ്ട്. ബഹുലതയുള്ള സമൂഹമുണ്ട്. ആടുമലയിൽ ഏകാധിപത്യം നൽകുന്ന കുടുസ്സാണുള്ളത്. ഏകമുഖ സമൂഹമാണുള്ളത്. അതിനാൽ ആ സമൂഹം ആലോചിക്കുന്നത് ക്ലാസ്മുറികളിലെ പഠനം സാധ്യമാക്കാനാവശ്യമായ ജനാധിപത്യം എങ്ങിനെ സാക്ഷാത്ക്കരിക്കാമെന്നാണ് (ഇതേ വാചകം നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്). ഖസാക്കിലും ജനാധിപത്യം വാഗ്ദാനം ചെയ്തതും എന്നാൽ സാക്ഷാത്ക്കരിക്കപ്പെടാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. പലപ്പോഴും പൊതുയോഗങ്ങളിലൂടെയാണ് അത്തരം പ്രതിഷേധങ്ങൾ പുറത്തു വരുന്നത്. എന്നാൽ ആടുമലയിൽ വിമോചന സ്വപ്നങ്ങളും ചർച്ചകളും അണ്ടർഗ്രൗണ്ടിൽ മാത്രമാണ് നടക്കുന്നത്.

ഉദാഹരണത്തിന് ഖസാക്കിലെ ഈ ഭാഗം നോക്കുക: “വണ്ടികൾ പതുക്കെ മുന്നോട്ടു നീങ്ങി. പാലക്കാട്ടെത്തുമ്പോഴേക്ക് അന്തിമയങ്ങിയിരുന്നു. നരി റാവുത്തരോട് യാത്ര പറഞ്ഞു പിരിഞ്ഞു. കോട്ടമൈതാനം വഴി അയാൾ നഗരത്തിലേക്ക് കടന്നു. മൈതാനത്ത് കിസാൻ സംഘക്കാരുടെ യോഗം നടക്കുകയാണ്. നിരുന്മേഷവാനായി കുറേനേരം നരി പ്രസംഗം കേട്ടു നിന്നു. കൂലിയുടേയും പതമ്പിന്റേയും കാര്യമാണ് പറയുന്നത്. തന്നെ സ്പർശിക്കുന്ന കാര്യം തന്നെ. പക്ഷെ കേട്ടുനിൽക്കാൻ ക്ഷമയില്ല”. ഇത്തരത്തിൽ അക്ഷമരായവരെ ക്ഷമയുള്ളവരാക്കി മാറ്റുന്നതായിരുന്നു അക്കാലത്തെ കേരള രാഷ്ട്രീയം എന്ന് ഈ പരാമർശത്തിൽ നിന്നും മനസ്സിലാക്കാം. അക്ഷരം പഠിക്കുന്നവരും ഒരർത്ഥത്തിൽ ക്ഷമ, അച്ചടക്കം പരിശീലിക്കുകയായിരുന്നു. ഖസാക്കിലെ ഏകാധ്യാപക വിദ്യാലയം അങ്ങിനയല്ലെന്ന് വാദിക്കുന്നവർ ഇപ്പോഴുമുണ്ടാകാം. എന്നാൽ മലയാളിയുടെ വിദ്യാഭ്യാസത്തിലെ അച്ചടക്കം എന്ന ഉള്ളടക്കത്തെ ആ നോവൽ അഭിസംബോധന ചെയ്യുകയായിരുന്നുവെന്ന് ഇപ്പോൾ വായിക്കുമ്പോൾ തീർച്ചയായും അനുഭവപ്പെടുന്നു. ആടുമല ആ അനുഭവം ഒരിക്കലും തരുന്നില്ല. രണ്ട് സമൂഹങ്ങളിൽ ഏറെക്കുറെ ഒരേ കാലത്ത് നടക്കുന്ന ആഖ്യാനത്തിൽ വലിയ മാറ്റങ്ങൾ തന്നെ കാണാൻ കഴിയും. സമൂഹങ്ങളിലെ ഉള്ളടക്കത്തിന്റെ മാറ്റം തന്നെയാണത്. അതുകൊണ്ടു കൂടിയാണ് ഖസാക്ക് അടിസ്ഥാനപരമായി വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഉത്കണ്ഠകൾ പ്രബലമായി അടയാളപ്പെടുത്തിയ നോവലാണെന്ന് പറയുന്നത്. ആ വിദ്യാഭ്യാസ ഉത്കണ്ഠകൾ സാമ്പ്രദായിക മലയാളി സമൂഹവുമായി മുഖാമുഖം നിൽക്കുകയും ചെയ്തിട്ടുണ്ട്.

ഡീസ്കൂളിംഗ് സൊസൈറ്റി കവർ

സാമ്പ്രദായികതയെ ചോദ്യം ചെയ്ത് ബദൽ ജീവിതം അന്വേഷിച്ച മലയാളികൾ 1980തുകളിൽ ഇവാൻ ഇല്ലിച്ചിന്റെ ‘ഡീ സ്കൂളിംഗ് സൊസൈറ്റി’ ചർച്ച ചെയ്തിരുന്ന സന്ദർഭങ്ങൾ ഓർക്കുക. ആ വായന, ചർച്ചകൾ, വിദ്യാഭ്യാസ സെമിനാറുകൾ, ബദൽ സ്കൂളുകൾ- ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നെടുത്ത് പരിശോധിക്കുമ്പോൾ അവയെല്ലാം ഖസാക്ക് വിമർശനാത്മകമായിക്കൂടി അവതരിപ്പിച്ച്, (സാമ്പ്രദായിക വിദ്യാലയങ്ങൾ എന്ന സങ്കൽപ്പത്തെ) ചോദ്യം ചെയ്യുകയായിരുന്നുവെന്ന് കൂടി കാണാം. മനസ്സിലാക്കാം. സ്വാതന്ത്ര്യാനന്തര വിദ്യാഭ്യാസത്തിലെ മെക്കാളെമാരുണ്ടാക്കിയ ചെടിപ്പ് മലയാളികൾക്കിടയിൽ പലർക്കും സ്വീകരിക്കാൻ കഴിയാത്തതായിരുന്നു. അതിനാലാണ് ഇന്ത്യയിൽ ഒരുപക്ഷെ മറ്റെവിടെയും ഉണ്ടാകാത്ത വിധം ‘ഡീ സ്കൂളിംഗ് സൊസൈറ്റി’ ചർച്ച കേരളത്തിലുണ്ടായതും.

ബങ്കർവാടിയിലെ ഏകാധ്യാപക വിദ്യാലയത്തെക്കുറിച്ച് നോവലിൽ ഇങ്ങിനെ പറയുന്നു: “ബങ്കർവാടി പള്ളിക്കൂടം ഒരു നിശ്ചിത സമയത്ത് അടക്കാനോ തുറക്കാനോ ആകുമായിരുന്നില്ല. നാടൊട്ടുക്ക്, വേനൽക്കാണ് സ്കൂളടപ്പ്. ബങ്കർവാടിയിൽ കൊയ്ത്തുകാലത്തും. കുട്ടികൾക്ക് തോന്നുമ്പോഴാണ് വരിക. ആളു നിറഞ്ഞാൽ പുറപ്പെടുന്ന നാടൻ ബസ്സുപോലെ കുട്ടികൾ വന്നു നിറഞ്ഞാൽ ക്ലാസ് തുടങ്ങും. അധ്യാപകന് ബങ്കർവാടിയിൽ സ്കൂളിൽ ഒതുങ്ങി ജീവിക്കാൻ പറ്റുമായിരുന്നില്ല. ചിലർക്ക് കത്തെഴുതണം. ചിലർക്ക് ഹർജി എഴുതണം. ഞായറാഴ്ച്ച വീട്ടിലേക്കു തിരിക്കുമ്പോൾ പോസ്റ്റ് ചെയ്യാൻ തന്നയക്കുന്ന കത്തുകൾ കൊണ്ട് കീശ വീർത്തിരിക്കും. ഇതിനൊക്കെ ഞാൻ മടി കാണിക്കാതിരുന്നതിനാൽ, ആവശ്യക്കാരും ആവശ്യങ്ങളും പെരുകി. കുടുംബ കലഹമായാലും ആടു മോഷണമായാലും പരാതി മാസ്റ്ററുടെ അടുത്തെത്തും. മാഷ്ക്ക് വിദ്യാഭ്യാസമുണ്ട്, വിവരമുണ്ട്. നന്മ-തിന്മ തിരിച്ചറിയാനും കാര്യങ്ങൾ ഗ്രഹിക്കാനും അയാൾക്ക് ബുദ്ധിയുണ്ടല്ലോ.” (വിവർത്തനം: ബാബു)

ബങ്കർവാടി കവർ

1954ൽ മറാഠിയിൽ വെങ്കടേശ് മാട്ഗുഴ്ക്കർ എഴുതിയ ബങ്കർവാടി രണ്ടാം ലോകയുദ്ധത്തിനു ശേഷം ദാരിദ്ര്യം പിടിമുറുക്കിയ ആട്ടിടയന്മാരുടെ മറാഠി ഗ്രാമത്തിന്റേയും അവിടുത്തെ ഏകാധ്യാപക വിദ്യാലയത്തിന്റേയും കഥയാണ് പറയുന്നത്. ബങ്കർവാടിയിലെ അധ്യാപകൻ ഇടക്കിടെ സ്വന്തം വീട്ടിൽ പോകുന്നു. ആ പോക്കിൽ പുറംലോകത്തെ വിവരങ്ങൾ ശേഖരിക്കുന്നു. ഖസാക്കിലെ രവിക്ക് ഖസാക്കിന് പുറത്തേക്ക് വളരെക്കൂടുതൽ സഞ്ചാരങ്ങളില്ല. അക്കാലത്തിനിടയിലുള്ള അനുഭവങ്ങൾ പഠിച്ചും അറിഞ്ഞും മനസ്സിലാക്കിയുമുള്ള ജ്ഞാനവുമാണ് ഉള്ളത്. അത് പുതുക്കുവാൻ പുറംലോകത്തെ വിവരങ്ങൾ അയാൾ ഉപയോഗിക്കുന്നത് തുലോം കുറവാണ്. ആ കുറവ് അവതരിപ്പിക്കുക വഴി ഒ.വി വിജയൻ മലയാളിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തെ ചോദ്യം ചെയ്യാനാണ് വാസ്തവത്തിൽ ശ്രമിക്കുന്നത്. തന്റെ കഥാപാത്രം എന്തുകൊണ്ട് ഖസാക്കിന്റെ തടവുകാരനായി? കുടുംബ കാരണങ്ങൾ മുതൽ ആത്മീയവും സാമൂഹികവുമായ കാരണങ്ങൾ അതിനുണ്ട്. ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികളെ ഈ അധ്യാപകന്റെ കെട്ടിക്കിടക്കുന്ന അറിവിൽ നിന്നുള്ള മോചനത്തിന്റെ റൂട്ട്മാപ്പ് നോവലിന്റെ അബോധത്തിൽ വിജയൻ ഒളിപ്പിച്ചു വെക്കുകയായിരുന്നില്ലേ എന്നൊരു തോന്നൽ ഇന്ന് ഒരു വായനക്കാരനുണ്ടായാൽ അതിൽ കുറ്റം പറയാനാവില്ല.

‘ദ മിറക്കിൾ’ പോസ്റ്റർ

മറ്റൊരു ഏകാധ്യാപക വിദ്യാലയ കഥ സിനിമാരൂപത്തിൽ വന്നത് തുർക്കിയിൽ നിന്നാണ്. (ഈ സിനിമയെക്കുറിച്ച് 2020 മെയ് ലക്കം ഭാഷാപോഷിണിയിൽ കരോൾ ത്ര്യേസാമ്മ ഏബ്രഹാം ‘സിനിമയിലൊരു ടർക്കിഷ് ഖസാക്ക്’ എന്ന ശീർഷകത്തിൽ ഒരു ലേഖനമെഴുതിയിരുന്നു. ആ ലേഖനം വായിച്ചു കഴിഞ്ഞ് സിനിമ കാണുകയും ചെയ്തു). 2015ൽ തുർക്കി സംവിധായകൻ മഹ്സുൻ കിർമിസുഗിൽ സാക്ഷാത്ക്കരിച്ച ‘ദ മിറക്കിൾ’ ആണ് ഈ സിനിമ. അതിലെ കഥ നടക്കുന്നത് 1960കളിലാണ്.  

അധ്യാപകനായ മാഹിറാണ് തുർക്കിയിലെ ഒരുൾനാടൻ ഗ്രാമത്തിൽ ഏകാധ്യാപക വിദ്യാലയം ആരംഭിക്കാനായി എത്തുന്നത്. അവിടെ അയാൾ അപ്പുക്കിളിയെപ്പോലുള്ള അസീസ് എന്ന യുവാവുമായി ഇടപെടുന്നു. തീർച്ചയായും അസീസിനെ ഗ്രാമവും സ്വന്തം കുടുംബവും ശല്യമായിക്കാണുന്നു. അയാൾ ഇടക്കിടെ മാഹിർ ക്ലാസെടുക്കുന്ന മുറിയിൽ ഓടിക്കയറുന്നു. ഒരാളുടെ ജീവൻ അസീസിന്റെ പിതാവ് ഒരിക്കൽ രക്ഷിച്ചതിനു ബദലായി അയാൾ തന്റെ മകളെ അസീസിന് വിവാഹം ചെയ്തു കൊടുക്കുന്നു. പക്ഷെ അസീസ് അതിന്റെ പേരിലും അവഹേളിക്കപ്പെടുന്നു. ഇവിടെയാണ് മാഹിറിന്റെ ഇടപെടൽ.

ദ മിറക്കിളിൽ മാഹിറും അസീസും

ഗ്രാമം വിട്ട് ഭാര്യയുമായി ഓടിപ്പോകാൻ അസീസിനെ നിർബന്ധിക്കുന്നത് മാഹിറാണ്. മാസങ്ങൾക്കുശേഷം അയാൾ തിരിച്ചെത്തുന്നത് അച്ഛനായാണ്. അയാളിലെ എല്ലാ കുറവുകളും പരിഹരിക്കപ്പെട്ടിരുന്നു. എങ്ങിനെയാണ് മാഹിർ അസീസിനെ ഇവ്വിധം മാറ്റിയെടുത്തത്? അതിന്റെ പ്രത്യക്ഷ തെളിവുകളൊന്നും സിനിമയിലില്ല. എന്നാൽ മാഹിറിന്റെ യഥാർത്ഥ വിദ്യാഭ്യാസ പരീക്ഷണം നടന്നത് അസീസിന്റെ ജീവിതത്തിലാണ്. ഉപേക്ഷിക്കപ്പെടുന്നവരെ ബലപ്പെടുത്തുന്നതാണ് വാസ്തവ വിദ്യാഭ്യാസ പ്രവർത്തനമെന്നാണ് ഈ സിനിമ പറയുന്നത്. 1960ൽ തുർക്കിയിൽ പട്ടാള അട്ടിമറി നടക്കുകയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ ഫണ്ടുകൾ സ്തംഭിക്കുകയും ചെയ്ത കാലത്തിന്റെ കഥ കൂടിയാണ് ‘ദ മിറക്കിൾ’ അക്കാലത്ത് തുർക്കിയിൽ സന്നദ്ധ-രാഷ്ട്രീയ പ്രവർത്തകരുടെ മുൻകൈയിൽ പലവിധ വിദ്യാഭ്യാസ പ്രവർത്തന ശ്രമങ്ങളും നടന്നിരുന്നു. ഭരണകൂടം വിദ്യാഭ്യാസം നൽകാതെ മാറ്റി നിർത്തുന്ന പാർശ്വവത്കൃതരെ എങ്ങിനെ വിദ്യ അഭ്യസിപ്പിക്കാം എന്ന 1960തുകളിൽ തുർക്കിയിൽ ഉയർന്ന ചോദ്യത്തെ അങ്ങേയറ്റം കാൽപ്പനികമായ ഒരു കഥയിലൂടെ അവതരിപ്പിക്കുകയാണ് മഹ്സുൻ കിർമിസുഗിൽ. പക്ഷെ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ദൗത്യത്തിലേക്ക് സിനിമ എത്തിച്ചേരുകയും ചെയ്യുന്നു. ഇവിടെ അസീസ് അത്ഭുതകരമായി മാറുന്നത് ക്ലാസ്മുറിയിലല്ല, പുറത്താണ്. അത് മെക്കാളെയുടെ രീതിയെ ചോദ്യം ചെയ്യുന്നതാണ്. അതിന്റെ സാമൂഹികോത്ക്കർഷം വളരെ വലുതുമാണ്.

കേരളത്തിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഏറെ വായിക്കപ്പെട്ട കൃതിയാണ് തെത്സുകോ കുറോയാനഗിയുടെ ‘ടോട്ടാ-ചാൻ’. അതിലെ റ്റോമോ സ്കൂൾ ഏകാധ്യാപക വിദ്യാലയമല്ല. അവിടെ പ്രധാനാധ്യാപകൻ കൊബയാഷി മാസ്റ്ററാണ്. മറ്റു അധ്യാപകരും പഠിപ്പിക്കാനുണ്ട്. പക്ഷെ ആ അധ്യാപകരെ ആരും ഓർക്കുന്നില്ല. പുസ്തകമെഴുതിയ ആളും വായനക്കാരും ആരും. എല്ലാവരുടേയും മനസ്സിലും ഓർമ്മയിലും നിറഞ്ഞു നിൽക്കുന്നത് കൊബയാഷി മാസ്റ്റർ മാത്രമാണ്. ചരിത്രം രേഖപ്പെടുത്തിയ വിദ്യാലയങ്ങളിൽ പലതും ഒരാളുടെ പേരിൽ മാത്രം എന്തുകൊണ്ട് പിൽക്കാലത്ത് അറിയപ്പെട്ടു? ഏകാധ്യാപക വിദ്യാലയമല്ലാതിരുന്നിട്ടും. അങ്ങിനെയൊരു പ്രതിഭാസം കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാണാം. നിരവധിപേർ പഠിപ്പിക്കുന്നുണ്ടെങ്കിലും ഒരു സ്ഥാപനം ഒരാളുടെ പേരിൽ മാത്രം അറിയപ്പെടുക എന്ന പ്രതിഭാസമാണത്. ഏറ്റവും വലിയ ഉദാഹരണം ടോമോയും കൊബയാഷി മാസ്റ്ററും തന്നെ. (ലോകം കണ്ട മികച്ച അധ്യാപകരിൽ ഒരാളാണ് കൊബയാഷി മാസ്റ്റർ എന്നതിൽ ഒരു സംശയവുമില്ല) നിരവധി പേർ പഠിപ്പിച്ച ഒരിടം ഏകാധ്യാപക വിദ്യാലയമായി പരിവർത്തിക്കപ്പെടുന്നതിന്റെ കഥ കൂടിയാണത്. കേരളത്തിലും ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ടായിട്ടുണ്ട്. ഇന്നും ഈ പ്രവണത തുടരുന്നുമുണ്ടാകാം. ‘ഏകാധ്യാപകത’ എന്ന സങ്കൽപ്പം ഖസാക്കിനു ശേഷമാണോ മലയാളികൾക്കിടയിൽ വേരുപിടിച്ചത്? അതോ അതിനു മുമ്പേ ഉണ്ടോ? ഏകാധ്യാപക വിദ്യാലയം അതിന്റെ ബഹുസ്വരത നിലനിർത്തിയത് വിദ്യാർഥികളുടെ ബഹുലത കൊണ്ടായിരുന്നു. എന്നാൽ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒരധ്യാപകൻ മാത്രം അതിജീവിക്കുകയും അയാൾ/അവൾ മാത്രം ചരിത്രത്തിൽ അവശേഷിക്കുകയുമാണെങ്കിൽ അതിന് ഒരിക്കലും ബഹുത്വം അവകാശപ്പെടാനാവില്ല. സമൂഹത്തിന്റെ ചേരുവകൾ കൂടിയാണ് ആ അധ്യാപകനെ നിർമ്മിച്ചെടുക്കുന്നത്. ഇവിടെ സൂചിപ്പിച്ച എല്ലാ കൃതികളിലും സിനിമയിലും സമൂഹത്തിന്റെ ചേരുവ പ്രധാനമായി പ്രവർത്തിക്കുന്നതായി കാണാം. അത് ലേണിംഗ് ആണെങ്കിലും അൺലേണിംഗ് ആണെങ്കിലും.

ടോട്ടോ-ചാൻ കവർ

അതു കൊണ്ടായിരിക്കണം പൗലോഫ്രെയർ ഇങ്ങിനെ പറഞ്ഞത്: “Leaders who do not act dialogically, but insist on imposing their decisions, do not organize the people-they manipulate them. They do not liberate, nor are they liberated; they oppress”: കോവിഡ് തുറന്നുകാണിച്ച ഡിജിറ്റൽ ഡിവൈഡിന്റേയും ഇന്നും തുടരുന്ന വിദ്യാഭ്യാസ വിലക്കനുഭവിക്കുന്ന പാർശ്വവത്കൃതരുടേയും ചരിത്രസന്ദർഭത്തിൽ നിന്നുകൊണ്ട് ആലോചിക്കുമ്പോൾ ‘ഡിവൈഡിനെ’ക്കുറിച്ച് പരോക്ഷമായ പ്രതികരണം മലയാളത്തിൽ ആദ്യം നടത്തിയ കൃതികളിലൊന്ന് ഖസാക്ക് തന്നെയാണെന്ന് മനസ്സിലാക്കാം. അതിനാൽ ഇന്ന് നടക്കുന്ന വിദ്യാഭ്യാസ ചർച്ചകളിലേക്കാണ് ഖസാക്കിന്റെ പുതിയ വായനകൾ അവതരിപ്പിക്കപ്പെടേണ്ടത്. പ്രത്യേകിച്ചും വിദ്യാലയങ്ങൾ എന്ന നോവലിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായം.

ഖസാക്കിനു ശേഷമുള്ള വിജയന്റെ നോവലുകളെ ഏറെക്കുറെ നിയന്ത്രിക്കുന്നത് ‘അറിഞ്ഞതിൽ നിന്നുള്ള മോചനം’, അല്ലെങ്കിൽ അതിനു സമാനമായ ആശയ ലോകമാണ്. ധർമ്മപുരാണത്തിൽ അതാരംഭിക്കുന്നു. അതുവരെ അറിഞ്ഞ ഇന്ത്യയിൽ നിന്നും വിജയൻ ആ രചനയിലൂടെ മോചനം നേടി. ഭാഷ പരുഷമായി, ചിലപ്പോൾ ‘സ്മശ്രുക്കൾ’ പോലുള്ള സംസ്കൃതീകരിച്ച മലയാളത്തെറി (ഇന്ന് തെറിയെക്കുറിച്ച് ചർച്ച ചെയ്യുന്നവർ വിജയനുപയോഗിച്ച സ്മശ്രുക്കൾ കണ്ടിട്ടില്ല എന്നു തോന്നുന്നു) ഉപയോഗിച്ച് താൻ പഠിച്ചു മനസ്സിലാക്കിയതിനെ മുഴുവനായും വിജയൻ കുടഞ്ഞെറിയുന്നു. പിന്നീടുള്ള നോവലുകളിലെല്ലാം ജ്ഞാനം, ചരിത്രം എന്നിവയെക്കുറിച്ചുള്ള ബൃഹദാഖ്യാനങ്ങളെ അംഗീകരിക്കാത്ത ഒരു വിജയനെയാണ് വായനക്കാർ അഭിമുഖീകരിക്കുന്നത്. (പഴയ കൊഴണശ്ശേരിക്കാരെ ഓർക്കുമ്പോൾ എന്ന വിജയന്റെ ലേഖനം ഇപ്പറഞ്ഞ ആശയത്തിന്റെ മാനിഫെസ്റ്റോ കൂടിയാണ്). തലമുറകളിലും മധുരം ഗായതിയിലും പ്രവാചകന്റെ വഴിയിലും എല്ലാം നാം കാണുന്നത് ഖസാക്ക് എഴുതിയ വിജയനെയല്ല, അൺലേൺ ചെയ്യാൻ ശ്രമിക്കുന്ന ഒരു മലയാളിയെയാണ്. അറിവിന്റെ ജനായത്തവത്കരണമാണ് അധ്യാപകവത്കരണമല്ല പ്രധാനം എന്ന് വിജയൻ പിൽക്കാല കൃതികളിലൂടെ പറയുകയായിരുന്നു.

ഒ.വി വിജയൻ

ഖസാക്ക് പഠനങ്ങളിലും ചർച്ചകളിലും വിദ്യാഭ്യാസം എന്ന സങ്കൽപ്പം എങ്ങിനെ പ്രവർത്തിച്ചുവെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അധികമായിക്കണ്ടിട്ടില്ല. അതൊരു അസ്തിത്വവാദ കൃതിയായി കാണാനായിരുന്നു മിക്കപ്പോഴും ഏവർക്കും താൽപ്പര്യം. ‘സത്തിയം പലത്’ എന്ന നോവലിലെ ജ്ഞാനത്തെക്കുറിച്ചുള്ള പ്രസ്താവനപോലും ഒരു അസ്തിത്വ മുദ്രാവാക്യമായി പരിവർത്തിപ്പിച്ചവതരിപ്പിക്കപ്പെടുക പോലുമുണ്ടായി.  ഖസാക്ക് കൈകാര്യം ചെയ്തത് ഏകാധ്യാപക വിദ്യാലയം എന്ന അന്താരാഷ്ട്ര പ്രമേയമായിരുന്നു. ഖസാക്കിനു മുമ്പും ശേഷവും ഈ പ്രമേയത്തിൽ ലോകത്തിലെ വിവിധ ഭാഷകളിൽ സാഹിത്യ കൃതികൾ, പ്രത്യേകിച്ചും നോവലുകൾ പിറന്നു. ഖസാക്ക് പോലെ അവയും വിദ്യാഭ്യാസം എന്ന ആശയത്തിന്റെ സാധ്യതകളും പരിമിതികളും ബദൽ വഴികളും തന്നെയാണ് ചർച്ച ചെയ്തത്. ഏകാധ്യാപക വിദ്യാലയം, ഏകാധ്യാപകത എന്നീ രണ്ടു പ്രമേയങ്ങളും വിദ്യാഭ്യാസ ചർച്ചകളിൽ വളരെ പ്രധാനമാണെന്ന് ഖസാക്കും ഇവിടെ പരാമർശിച്ച മറ്റു കൃതികളും യഥാർത്ഥത്തിൽ ഓർമ്മിപ്പിക്കുന്നു. അത്തരമൊരു ചർച്ചയുടെ ഘട്ടത്തിലാണ് (പിന്നീട് അതേ വേഗത്തിൽ പിൻവാങ്ങിയെങ്കിലും) സ്കൂളിംഗ്-ഡീ സ്കൂളിംഗ് എന്ന ചർച്ചപോലും കേരളത്തിലുണ്ടായതെന്ന് ഖസാക്ക് ആരാധകർ ഓർക്കേണ്ടതുണ്ട്. വിജയന്റെ ‘ഇതിഹാസത്തിന്റെ ഇതിഹാസത്തിന്റെ’ അന്തർധാര ഇതേ സ്കൂളിംഗ്-ഡീ സ്കൂളിംഗ് ആശയ ലോകത്തിൽക്കൂടി നേരിട്ടല്ലാതെ കടന്നുപോകുന്നതും കാണാൻ സാധിക്കും. ഏകാധ്യാപക വിദ്യാലയങ്ങളും അതിലെ അധ്യാപകരും (അതിന്നും തുടരുന്നു) ചരിത്രത്തിന്റെ ചുമരെഴുത്താണ് നിർവ്വഹിച്ചതെന്ന് മനസ്സിലാക്കുമ്പോൾ ഇത്തരം കൃതികളിലെ വിദ്യാഭ്യാസ മൂല്യവും തിരിച്ചറിയപ്പെടും, അങ്ങിനെയെങ്കിൽ മാത്രം.

Also Read

10 minutes read February 6, 2022 4:37 am