ആദിവാസികൾക്ക് വേണ്ടി കിർത്താഡ്സ് എന്തു ചെയ്യുന്നു?

കേരളത്തിലെ പട്ടിക ജാതി-പട്ടിക വർ​ഗ വിഭാ​ഗങ്ങളുടെ ജീവിതവും സംസ്കാരവും പഠിക്കുന്നതിന് വേണ്ടി സ്ഥാപിച്ച കിർത്താഡ്സ് എന്ന ​ഗവേഷണ സ്ഥാപനം നടത്തുന്ന വിവിധ തട്ടിപ്പുകൾ 2019 സെപ്തംബർ ഒന്നിന് സമർപ്പിച്ച എ.ജി റിപ്പോർട്ട് പുറത്തുകൊണ്ടുവന്നിരുന്നു. എന്നാൽ, സാമ്പത്തിക ക്രമക്കേടും അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിച്ച റിപ്പോർട്ടിന്മേൽ ഇത്രകാലമായിട്ടും ഒരു നടപടിയും സർക്കാർ കൈക്കൊണ്ടിട്ടില്ല. ഈ പശ്ചാത്തലത്തിൽ എ.ജി റിപ്പോർട്ട് അക്കമിട്ട് നിരത്തിയ കിർത്താഡ്സിന്റെ ആദിവാസി വിരുദ്ധ നടപടികൾ വിശദമാക്കുന്നു ആർ സുനിൽ. (ഭാ​ഗം 2).

ജീനിയോളജിക്കൽ സോഫ്റ്റ്‌വെയർ

കിർത്താഡ്സിലെ നരവംശശാസ്ത്ര വിഭാഗം ജാതി തർക്കത്തിന് പരിഹാരം കണ്ടെത്തുന്നതിനായുള്ള ജീനിയോളജിക്കൽ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുക്കുന്നതിന് സർക്കാരിന് മുന്നിൽ ഒരു പദ്ധതി മുന്നോട്ട് വെച്ചു. പട്ടികജാതി-വർ​ഗക്കാരുടെ ജാതി പരിശോധന നടത്തുന്നതിനായുള്ള ജീനിയോളജിക്കൽ സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിനായി 36 ലക്ഷത്തിന്റെ പദ്ധതിക്ക് 2018 ജനുവരി 29ന് സർക്കാർ ഉത്തരവിറക്കി. ആധുനീകരരണവും ഇ-ഗവേൺസുമായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമാക്കപ്പെട്ടിരുന്നത്. 28 ലക്ഷം സോഫ്റ്റ്‌വെയറിനും എട്ട് ലക്ഷം ഹാർഡ്‌വെയറിനുമായിരുന്നു നീക്കിവച്ചത്. 2018 സെപ്തംബറിൽ ഡയറക്ടർ നോട്ട് ഫയലിൽ ഒപ്പുവച്ചു. ഒടുവിൽ ആ 36 ലക്ഷത്തിൽ നിന്നും 55,631 രൂപക്ക് ഹാർഡ്‌വെയർ വാങ്ങി. അതോടെ പദ്ധതി നടത്തിപ്പിന് തിരശീലയും വീണു. ബാക്കി 35.44 ലക്ഷം രൂപ തിരിച്ച് അടച്ചിട്ടില്ല. കിർത്താഡ്സ് അത് കൈവശം വച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. 2011 ജനുവരി നാലിലെ സർക്കാർ ഉത്തരവ് അനുസരിച്ച് ഇത് ചട്ടലംഘനമാണ് (Holding of government money without any requirement is violation).

തെളിയാത്ത വീഡിയോ ചിത്രങ്ങൾ

ആദിവാസി ഉത്സവങ്ങൾ വീഡിയോ ഡോക്യുമെന്റ് ചെയ്യുന്നതിന് 2018-19 കാലത്ത് 36.90 ലക്ഷം അനുവദിച്ചു. 2018 ആ​ഗസ്റ്റ് ഒന്നിന് ഗ്രാന്റ്-ഇൻ-എയ്ഡായിട്ടാണ് തുക അനുവദിച്ചത്. ആദിവാസി ഊരുകളിൽ പാരമ്പര്യമായി നടത്തുന്ന ഉത്സവങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യ അനുഷ്ഠാനങ്ങളുടെ തനിമ ചോർന്നുപോകാതെ ഡോക്യുമെന്റ് ചെയ്യുകയായിരുന്നു പദ്ധതി. ഗവേഷകർക്കും സന്ദർശകർക്കും എല്ലാം ഹെറിറ്റേജ് മ്യൂസിയത്തിൽ ഇത് കാണുന്നതിന് അവസരം ഒരുക്കാമെന്നും ചൂണ്ടിക്കാണിച്ചു. ഇതിനായി 10 പ്രധാന ഉത്സവങ്ങൾ തെരഞ്ഞെടുത്തു. 2019 മാർച്ച് 31ന് റിപ്പോർട്ട് സമർപ്പിച്ചതനുസരിച്ച് ഒമ്പത് ഗോത്രവിഭാഗങ്ങളുടെ കലകൾ വിഡിയോ ഡോക്യുമെന്റ് ചെയ്തു. ആകെ 21.19 ലക്ഷം ചെലവഴിച്ചു. എന്നാൽ കണക്കുകളിൽ പൊരുത്തക്കേടുണ്ട്. അനുവദിച്ച തുക ചെലവഴിക്കാതെ പേരിന് മാത്രം ചില കലകൾ ഡോക്യുമെന്റ് ചെയ്യുകയായിരുന്നു. അടിസ്ഥാന പഠനം നടത്താതെയാണ് ഡോക്യുമെന്റ് ചെയ്തത്. അത് റിക്കോർഡ് ചെയ്ത വിഡിയോ ചിത്രങ്ങൾ വ്യക്തമല്ല. പദ്ധതി സമയബന്ധിതമായി പേരിന് പൂർത്തിയാക്കി. ഡയറക്ടർ അപ്രൂവലും നൽകി.

പ്രമോട്ടർമാരുടെ പരിശീലനം

ആദിവാസി പ്രമോട്ടർമാർക്ക് പരിശീലനം നൽകിയതായിരുന്നു കിർത്താഡ്സിൻെറ മറ്റൊരു തട്ടിപ്പ് പരിപാടി. ആദിവാസി പ്രമോട്ടർമാർക്ക് പരിശീലനം നൽകാനുള്ള ഉത്തരവാദിത്വം സർക്കാർ ഏൽപ്പിച്ചത് കാർത്താഡ്സിനെയാണ്. പരിശീലന പരിപാടിക്കായി സർക്കാർ കണക്കാക്കിയത് 64.78 ലക്ഷം. കിർത്താഡ്സ് ഡയറക്ടർ അതിനായി പ്രൊപ്പോസലും സമർപ്പിച്ചു. 2018 ഏപ്രിൽ 30ന് 50 ലക്ഷം ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി. വയനാട് – 305, തിരുവനന്തപുരം-133, എറണാകുളം- 203, കോഴിക്കോട് – 236, പാലക്കാട് -185 എന്നിങ്ങനെ 1,062 പ്രമോട്ടർമാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചു.

തിരുവനന്തപുരത്ത് മൺവിളയിലുള്ള അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയ്നിം​ഗ് ഇൻസ്റ്റിറ്റ്യൂട്ടി (എ.സി.എസ്.ടി.ഐ) ലാണ് പരിശീലന പരിപാടി നടത്തിയത്. ഇവിടെ 133 എസ്.ടി പ്രമോട്ടർമാർക്ക് (ആദ്യബാച്ച് -66, രണ്ടാം ബാച്ച് -67) രണ്ട് ബാച്ചായി പരിശീലനം നൽകാൻ 3.85 ലക്ഷം അനുവദിച്ചു. എന്നാൽ, സ്ഥാപനം ബില്ല് സമർപ്പിച്ചപ്പോൾ പരിശീലനം മൂന്ന് ബാച്ചായി. ഡയറക്ടറുടെ അനുമതിയില്ലാതെ പരിപാടിയിൽ മാറ്റം വരുത്തുകയായിരുന്നു. എന്നാൽ, എസ്.ടി ഡയറക്ടറുടെ അനുമതി ഇല്ലാതെ 10 ദിവസം പരിശീലനം നടത്തിയിട്ടും 3.76 ലക്ഷം മാത്രമേ ചെലവായുള്ളൂ. കണക്കിലെ പൊരുത്തക്കേട് വളരെ ആശങ്കാജനകമാണെന്ന് എ.ജി ചൂണ്ടിക്കാട്ടുന്നു. ഈ 3.76 ലക്ഷം തുകക്ക് ജി.എസ്.ടി ഇനത്തിൽ 27,900 രൂപ കൊടുത്തു. ഈ തുക ജി.എസ്.ടി അടച്ചതായി കാണുന്നില്ല. ജി.എസ്.ടി പണമടയ്ക്കുന്നയാളുടെ വിശദാംശങ്ങളും യോഗ്യതാപത്രങ്ങളും ജി.എസ്.ടി സൈറ്റിൽ എവിടെയും ഇല്ല. ജി.എസ്.ടി പെയ്‌മെന്റിനും ബില്ലിനും വ്യക്തത ആവശ്യമാണെന്ന് എ.ജി കുറിച്ചിട്ടു. ഡയറക്ടറേറ്റ് നൽകിയ മാർഗ നിർദേശങ്ങൾ പാലിച്ചല്ല പരിപാടി നടപ്പാക്കിയത് എന്ന് വ്യക്തം. പരാപാടി നടത്തിയതിന്റെ യൂറ്റിലൈസേഷൻ സർട്ടിഫിക്കറ്റ് പട്ടികവർഗ വകുപ്പിന് കിർത്താഡ്സ് ഹാജരാക്കിയിട്ടുമില്ല.

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി, കൊല്ലം ജില്ലകളിലെ പുനരധിവാസ മേഖലയിലെ ഏഴായിരത്തോളം വരുന്ന ആദിവാസികൾ എങ്ങനെ ജീവിക്കുന്നുവെന്ന് അറിയാൻ കിർത്താഡ്സിന് അതിയായ മോഹമുണ്ടായി. ഇതേക്കുറിച്ച് പഠിക്കുവാൻ 2017-18 ൽ 12.35 ലക്ഷം ചെലവഴിച്ചു. വിവരാകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും കിർത്താഡ്സ് അധികൃതർ മറുപടി നൽകിയത് റിപ്പോർട്ട് പൂർത്തിയാക്കിയിട്ടില്ലെന്നാണ്. മാനന്തവാടി എടത്തനയിൽ ഗോത്രവർഗ ചികിത്സാഗവേഷണ കേന്ദ്രവും ചികിത്സാ കേന്ദ്രവും സ്ഥാപിക്കുന്നതിന് 20 ലക്ഷം അനുവദിച്ചിരുന്നു. വയനട്ടിലെ പി.ഡബ്ല്യു.ഡി ബിൽഡിങ് വിഭാഗത്തിന് 2016 ൽ തുക കൈമാറി. 2016 ജനുവരി 13ന് വയനാട് സബ്കലക്ടർ ഗവേഷണ കേന്ദ്രം നിർമിക്കുന്നതിന് അനുമതിയും നൽകി. നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടങ്ങിയിട്ടില്ല. എ.ജി പരിശോധന നടത്തുമ്പോഴും പണം ബാങ്കിലുണ്ട്. കിർത്താഡ്‌സ് അധികൃതർ പദ്ധതി പൂർത്തീകരിക്കുന്നതിൽ ഒട്ടും താല്പര്യമെടുത്തിട്ടില്ല.

വകമാറ്റിയ മ്യൂസിയം ഫണ്ട്

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആദിവാസികളുടെ സ്മരണാർത്ഥം, അവരുടെ ത്യാഗം വരും തലമുറ അറിയുന്നതിനും മനസിലാക്കുന്നതിനും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഗോത്രവർഗ സ്വാതന്ത്ര്യസമര സേനാനീ മ്യൂസിയം ആരംഭിക്കുമെന്ന് 2016 ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മുന്നിൽ മുട്ടുമടക്കാൻ വിസമ്മതിച്ച ഗോത്രവർഗക്കാരുടെ ചെറുത്തുനിൽപ്പിൻെറ ചരിത്രം അടയാളപ്പെടുത്താൻ കഴിയുന്ന മ്യൂസിയം ഓരോ സംസ്ഥാനത്തും സ്ഥാപിക്കുന്നതിനാണ് കേന്ദ്ര ഗോത്രവർഗ മന്ത്രാലയം തീരുമാനിച്ചത്. വിവിധ സ്ഥലങ്ങളിൽ നടന്ന സ്വാതന്ത്ര്യസമരത്തിൽ ഗോത്ര വർഗം നടത്തിയ പോരാട്ടങ്ങളുടെ വിവരങ്ങൾ സമാഹരിച്ച് സർക്കാരിലേക്ക് നൽകണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വയനാട്ടിലെ ആദിവാസികൾ നടത്തിയ പോരാട്ടത്തെ മുൻനിർത്തി മ്യൂസിയം സ്ഥാപിക്കുന്നതിന് ധനസഹായം നൽകാനും തീരുമാനിച്ചു. കേരളത്തിൽ ഇത് സംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറി പ്രാരംഭ ചർച്ച നടത്തിയത് കിർത്താഡ്സുമായിട്ടാണ്. അതോടെയാണ് കേരളത്തിലെ ആദിവാസി സ്വാതന്ത്ര്യ സമരപോരാളികൾ കിർത്താഡ്സിന് വിലപ്പെട്ട ചരിത്രവസ്തുവായി മാറിയത്. 2017ന് ഏപ്രിൽ 18ന് ദേശീയ തലത്തിൽ നടന്ന യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച നടത്തി. ഗോത്രവർഗ മന്ത്രാലയം സെക്രട്ടറി ഒരു മാസത്തിനുള്ളിൽ ഇത് സംബന്ധ്ച്ച് റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശിച്ചു.

1812 ലെ കുറിച്യലഹളയും 1819 ലെ പനമരം കോട്ട ആക്രമണവും നടത്തി ബ്രിട്ടീഷ് വിരുദ്ധ സമരത്തിൻറെ ചരിത്രത്തിൽ ഇടം നേടിയവരാണ് വയനാട്ടിലെ ആദിവാസികൾ. എന്നാൽ ആ സമരത്തിന്റെ ചരിത്ര രേഖകൾ പരിമിതമാണ്. കണ്ടെത്തിയ ചരിത്രരേഖകളിൽ ആകട്ടെ ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുമില്ല. വയനാട്ടിലെ കുറിച്യ പോരാളികൾ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയവരെക്കുറിച്ച് ഒരു സംക്ഷിപ്ത സംഗ്രഹം തയ്യാറാക്കി സംസ്ഥാന സർക്കാർ മന്ത്രാലയത്തിന് സമർപ്പിച്ചു. അത് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ പരിശോധനയ്ക്കും സ്വീകാര്യതയ്ക്കുമായി അയച്ചു. വിദഗ്ധ പരിശോധനയിൽ കേരളത്തിലെ ഗോത്ര വർഗക്കാരുടെ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ കരുത്തുറ്റ അധ്യായമായി അടയാളപ്പെടുത്തമെന്ന് അവർ കുറിച്ചു.

2018 ഫെബ്രുവരി രണ്ടിന് നടന്ന സംസ്ഥാനതല യോഗത്തിൽ ഭോപ്പാൽ മ്യൂസിയം മാതൃകയാലായിരിക്കണം ഇവിടെ മ്യൂസിയം സ്ഥാപിക്കേണ്ടതെന്നും തീരുമാനിച്ചു. മൂന്ന് മാസത്തിനകം ക്യൂറേറ്റോറിയൽ നറേറ്റീവ് ചെയ്തു നൽകാൻ കിർത്താഡ്സിലെ ഇന്ദുമേനോനെ ചുമതലപ്പെടുത്തി. ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുവാൻ ആർക്കിടെക്ട് ടി.വി മധുകുമാറിന് അഞ്ച് ലക്ഷം നൽകി. എന്നാൽ, ഗോത്രവർഗ മന്ത്രാലയം കിർത്താഡ്സ് തയാറാക്കിയ ഡി.പി.ആർ നിരസിച്ചു. 2018 മെയ് 16ന് ചേർന്ന ദേശീയതല കമ്മിറ്റിയിൽ 16 കോടി രൂപയുടെ പദ്ധതി കിർത്താഡ്സ് അവതരിപ്പിച്ചു. ഗോത്രവർഗ മന്ത്രാലയം പദ്ധതി നടപ്പാക്കുന്നതിന് 15 കോടിക്ക് അനുമതി നൽകി. 7.19 കോടതി അനുവദിക്കുകയും ചെയ്തു. എന്നാൽ, കിർത്താഡ്സ് നടത്തിയ തുടർ പ്രവർത്തനങ്ങളിൽ ഗോത്രവർഗ മന്ത്രാലയത്തിന് അതൃപ്തിയുണ്ടായി. ഭൂതകാല ചരിത്രം കണ്ടത്തുന്നതിലും വിലയിരുത്തുന്നതിലും കിർത്താഡ്സ് കാര്യമായ പ്രവർത്തനമൊന്നും നടത്തിയിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഒന്നാംഘട്ടം നടത്തേണ്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻപോലും കിർത്താഡ്സിന് കഴിഞ്ഞില്ല. ( ബിൽഡിങ് പ്ലാൻ വിഷ്വലൈസ് ചെയ്തില്ല. ക്യുറേറ്ററിയൽ നറേറ്റീവ് പ്രിപ്പറേഷൻ പോലും പൂർത്തീകരിച്ചില്ല). 2018 സെപ്റ്റംബർ വരെയാണ് സമയം അനുവദിച്ചത്. എന്നാൽ, നവംമ്പർ വരെ അത് വീണ്ടും നീട്ടി നൽകി. 2018-19ൽ 13.91 ലക്ഷം ഇതിനായി ചെലവഴിച്ചു. 2019 ഫെബ്രുവരി 11 മുതൽ 13 വരെ ദേശീയതല കമ്മിറ്റിയോഗത്തിൽ കിർത്താഡ്സിനെതിരെ ഗുരുതര വിമർശമമാണ് ഉയർന്നത്.

ആദിവാസി സംസ്‌കാരവും ചരിത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന വയനാട്, അട്ടപ്പാടി, ഇടുക്കി പോലുള്ള സ്ഥലങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രമോ ഇതിനായി പരിഗണക്കാനാണ് ഗോത്രവർഗ മന്ത്രാലയം നൽകിയ നിർദ്ദേശം. ചീഫ് സെക്രട്ടറിയോട് 2017 ജനുവരി 15ന് മന്ത്രാലയം ആവശ്യപ്പെട്ടത് ആദിവാസി പോരാളികൾ ചെറുത്ത് നിൽപ്പ് നടത്തിയ സ്ഥലത്ത് മ്യൂസിയം നിർമ്മിക്കണമെന്നാണ്. എന്നാൽ, കിർത്താഡ്സ് അത് അട്ടിമറിച്ചു. വൈദേശികർക്കെതിരെ വലിയ പ്രക്ഷോഭങ്ങളുണ്ടായ വയനാടിനോട് അടുത്ത് നിൽക്കുന്ന സ്ഥലമാണ് കോഴിക്കോടെന്ന് കാണിച്ചായിരുന്നു കിത്താഡ്സിൽ മ്യൂസിയം സ്ഥാപിക്കാമെന്ന് ശുപാർശ ചെയ്തത്. തലക്കൽ ചന്തു ജീവിച്ചിരുന്നയിടത്ത് മ്യൂസിയം നിർമ്മിച്ച് ആദിവാസികൾക്ക് അഭിമാനമാവുന്ന നീക്കം നടത്താൻ കിർത്താഡ്സ് മടിച്ചു. മലയോര പ്രദേശങ്ങളിലോ വനപ്രദേശങ്ങളിലോ അതിനുതകുന്ന തരത്തിലുള്ള നിർമ്മാണ ശൈലിയാവും നല്ലതെന്നും അത്തരമൊരു സ്ട്രക്ചർ കിർത്താഡ്സിൽ ലഭ്യമായ സ്ഥലത്ത് നിർമ്മിക്കുക എളുപ്പമല്ലെന്നും തിരിച്ചറിഞ്ഞാണ് നിർദ്ദേശം മന്ത്രാലയം മുന്നോട്ടുവെച്ചത്. എന്നിട്ടും കാർത്താഡ്സ് അധികൃതർ ആദിവാസി കേന്ദ്രമായ വയനാട്ടിൽ നിന്ന് മാറ്റി കോഴിക്കോട് മ്യൂസിയം സ്ഥാപിക്കാൻ ഉറച്ചുനിന്നു. അതോടൊപ്പം മ്യൂസിയം നിർമ്മാണത്തിന് ദീർഘവീക്ഷണമില്ലാതെ ഡി.പി.ആർ തയാറാക്കി. അതാകട്ടെ കുപ്പത്തൊട്ടിയാലായി. മ്യൂസിയം നിർമ്മാണത്തിന് അനുവദിച്ച തുകയിൽനിന്ന് ഒരു വിഹിതം 2019 ൽ നടത്തിയ ലിറ്ററി ഫെസ്റ്റിവെലിൽ ഗോത്ര എഴുത്ത് സംഗമത്തിന് ചെലവഴിച്ചു. നിയമവിരുധമായിട്ടാണ് ഈ തുക ചെലവഴിച്ചത്. മ്യൂസിയം നിർമാണത്തിന് അനവദിച്ച 13.9 ലക്ഷം ചെലവഴിച്ചത് ഗവ. സെക്രട്ടറിയുടെ അമനുമതിയോടെയാണോയെന്ന് വശദീകരണം നൽകണമെന്നും എ.ജി ആവശ്യപ്പെടുന്നു.

അനാസ്ഥയുടെ കൂത്തരങ്ങ്

അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങാണ് കിർത്താഡ്സ്. സ്ഥാപനത്തിന്റെ വെബ്സൈറ്റ് ഉറപ്പുപറയുന്നത് ഗോത്രവർഗ മ്യൂസിയം കേരളത്തിലെ ആദിവാസി ജീവത്തെയും സംസ്കാരത്തെയും കുറിച്ച് വിലപ്പെട്ട അറിവുകളുടെ കലവറയാണ് എന്നാണ്. ആദിവാസി സംസ്കാരത്തെക്കുറിച്ച് അവിടെ ഇല്ലാത്തത് ഒന്നുമില്ല. കരകൗശലങ്ങൾ, ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, കാർഷികോപകരങ്ങൾ, സംഗീതോപകരണങ്ങൾ, അനുഷ്ഠാനങ്ങളിലെ ചമയങ്ങൾ തുടങ്ങി ആദിവാസി ജീവിതവുമായി ബന്ധപ്പെട്ട എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ സംസ്കാരങ്ങളുടെ മുഖമുദ്രകളും ആദിവാസി ജീവിതത്തിന്റെ കഴിഞ്ഞ കാലവും പഠിക്കുന്നതിനുള്ള സാമഗ്രികൾ ഇവിടെയുണ്ട്. അനുഷ്ഠാന കലാരൂപങ്ങളുടെയും കരകൗശലങ്ങളുടെയും ശേഖരം മ്യൂസിയത്തിലുണ്ട്.
എ.ജി രജിസ്റ്ററുകൾ പരിശോധിച്ചപ്പോൾ കെടുകാര്യസ്ഥതയുടെ വികൃതമുഖമാണ് പക്ഷെ കണ്ടത്. മ്യൂസിയത്തിലുള്ള വസ്തുക്കളുടെ കാലവും അവ ലഭിച്ച ദേശവും ഗോത്രവും അതിന്റെ ചരിത്ര മൂല്യവും മറ്റും രേഖപ്പെടുത്തി സൂക്ഷിച്ചിട്ടില്ല. ആദിവാസി ശില്പകലയും അനുഷ്ഠാന കലാരൂപങ്ങളും സംബന്ധിച്ച പുരാസ്തുക്കളും മറ്റും ശേഖരിച്ചെങ്കിലും അവ ഇന്ന് ഉപയോഗപ്രദമായി രീതിയലല്ല സൂക്ഷിച്ചിരിക്കുന്നത്. ഗോത്രമ്യൂസിയം 1973-ലാണ് പ്രഖ്യാപിച്ചത്. മ്യൂസിയം 2000 ത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ആദിവാസി സംസ്കാരത്തിന്റെ ചരിത്ര സാമഗ്രികൾ തേടി ഗവേഷകരും വിദ്യാർഥികളും പഠനത്തിനായിയെത്തുമ്പോൾ പുരാവസ്തുക്കൾ സംബന്ധിച്ച വ്യക്തമായ അറിവ് നൽകാൻ പാകത്തിലല്ല ഇവിടുത്തെ ലൈബ്രറി സംവിധാനം. അവിടെ സൂക്ഷിച്ചിരിക്കുന്ന പല വസ്തുക്കളും രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. അറ്റകുറ്റ പണികൾ നടത്താത്ത രണ്ടു മുറികളിൽ പുരാവസ്തുക്കൾ പൂട്ടിയിട്ടിരിക്കുന്നു. മ്യൂസിത്തിൻെറ മേൽനോട്ടക്കാരൻ (ക്യുറേറ്റർ) കോൺട്രാക്ട് ജീവനക്കാരനാണ്. ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പഴശിരാജയുടെ സേനാ കമാണ്ടറായിരുന്ന തലയ്ക്കൽ തലക്കൽ ചന്തുവിൻെറ ബോർഡ് തൂക്കിയിട്ടുണ്ട്. അകത്ത് തറയിൽ അമ്പെയ്ത്ത് മൽസരത്തിനുള്ള അമ്പുകൾ ചിതറിക്കിടക്കുകയാണ്.

പൊടിപിടിച്ച കലാകേന്ദ്രം

കേരളത്തിലെ ആദിവാസികളുടെ അനാദിയായ കലാരൂപങ്ങളുടെ പുനർജീവനത്തിനായി തുടങ്ങിയതാണ് കലാകേന്ദ്രം. പട്ടികജാതി-വർഗ സമൂഹത്തിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചിരുന്ന വംശീയ കലാരൂപങ്ങളാണ് ഇവിടെ സംരക്ഷിക്കുന്നത്. പ്രാചീന കാലത്ത് ഉപയോഗിച്ചിരുന്ന കുട്ട, കയറ്റുപായ്, മൺപാത്രങ്ങൾ, കട്ടിൽ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലയിലെയും ഉപകരണങ്ങൾ കൊണ്ട് സമ്പന്നമാണ് മ്യൂസിയം. ഗോത്രവർഗ കലോത്സവവും ഗോത്രവർഗ കലാപ്രദർശനവും കിർത്താഡ്സിന്റെ പ്രവർത്തനത്തിന്റെ ഭാഗമാണ്. ഈ പ്രഖ്യാപനങ്ങൾ എല്ലാം കടലാസിലൊതുങ്ങിയെന്നാണ് എ.ജിയുടെ അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഗോത്രവർഗ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ ആദിവാസി ജീവിതം പോലെ തലകീഴായി പൊടിപിടിച്ച് നനഞ്ഞു കിടക്കുന്ന അവസ്ഥയാണ് കിർത്താഡ്സിൽ കണ്ടെത്താൻ കഴിഞ്ഞത്. പാർശ്വവൽകൃത സമൂഹത്തോട് സ്ഥാപനം കാണിക്കുന്ന അവഗണനക്ക് മികച്ച തെളിവാണ് കലാകേന്ദ്രം. ഗവേഷകരും പ്രോജക്റ്റ് ഫെലോകളും ഉപയോഗിക്കുന്ന ഒരിടമാണ് ഇവിടം. അവർക്ക് താമസിക്കുവാനുള്ള സൗകര്യം പോലും ഇവിടെയില്ല. തറയിൽ നിറയെ പട്ടിയുടെയും പൂച്ചയുടെയും മലമൂത്ര വിസർജമാണ്. മാസങ്ങളായി അവിടെ വൃത്തിയാക്കിയിട്ടേയില്ല. കെട്ടിടത്തിന്റെ മുകൾഭാഗത്ത് നിറയെ ചിലന്തിവല കൂടാണ്. അധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല. തുടി, അമ്പ്, ഡ്രം തുടങ്ങി ആദിവാസി കാലാ ഉപകരണങ്ങൾ അടച്ചിട്ടിരിക്കുന്ന മുറിയിൽ ചിതറിക്കിടപ്പുണ്ട്.

കലാരൂപങ്ങൾ അവതരിപ്പിക്കാനായി തുറന്നവേദി നിർമിച്ചുവെങ്കിലും അതും അനാസ്ഥയുടെ പിടിയിലാണ്. ആദിവാസികളുടെ കലാരൂപങ്ങൾ ദേശീയ-അന്തർദേശീയ ഉത്സവങ്ങളിൽ അവതരിപ്പിക്കുന്നത് തുറന്ന വേദിയിലാണ്. കലാരൂപങ്ങൾ രാത്രിയാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. കിർത്താഡ്സിലെ തുറന്ന് വേദി കാട്ടുപുല്ല് വളർന്ന് വിഷപ്പാമ്പ്, പട്ടികൾ, പൂച്ച എന്നിവുടെ വാസ കേന്ദ്രമായി. ഹോസ്റ്റൽ ഉൾപ്പെടെയുള്ള ട്രെയിനിങ് സെന്ററിൻെറ സ്ഥിതിയും ശോചനീയമാണ്. 200 കസേരകളുള്ള പ്രഭാഷണ ഹാളും 50 കിടക്കകൾ വീതമുള്ള മൂന്ന് ഡോർമെട്രികളുണ്ട്. കൂടാതെ രണ്ട് ഗസ്റ്റ് റൂമും അടുക്കളയും 50 പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ഹാളും നിർമ്മിച്ചിട്ടുണ്ട്. പരിശോധനയിൽ തലയിണകളും ബെഡും കുന്നുപോലെ കിടക്കുന്നു. അവിടെ ആർക്കും താമസിക്കാൻ കഴിയുന്ന അവസ്ഥയല്ല നിലവിലുള്ളത്. സാധാരണ പരിശീലന പരിപാടികൾ നടക്കുമ്പോൾ പുറത്ത് ഹോട്ടലിലാണ് താമസ സൗകര്യം നൽകുന്നത്. ഗസ്റ്റ് റൂമും ഉപയോഗശൂന്യമാണ്.

കിർത്താഡ്സിലെ ലൈബ്രറിയുടെ അവസ്ഥ ഇതിനേക്കാൾ പരിതാപകരമാണ്. 2019 ജൂലൈ 15 മുതൽ ലൈബ്രേറിയൻ ഇല്ല. ഡെപ്യൂട്ടി ഡയറക്ടർക്കാണ് ലൈബ്രറിയുടെ ചാർജ്. അധികൃതർ അവിടേക്ക് തിരിഞ്ഞു നോക്കാറില്ല . പുസ്തകങ്ങൾ ചിതറിക്കിടക്കുകയാണ്. 16 പുസ്തകങ്ങൾ 2015 മുതൽ തിരിച്ചു കൊടുക്കാനുണ്ട്. അതിൽ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പുസ്തകം നഷ്ടപ്പെടുന്നതിന് ചട്ടമനുസരിച്ച് പിഴതുക ഈടാക്കുന്നില്ല. മേശപ്പുറത്ത് തന്നെ പുസ്തകങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയാണ് ലൈബ്രറിയുടെ സമയം.

നെറികെട്ട ഉദ്യോഗസ്ഥ സംഘം

ആദിവാസികളുടെ പഠനത്തിന് അനുവദിക്കുന്ന ഫണ്ട് തിരിച്ചടയ്ക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് കിർത്താഡ്സ്. 2018-19 സാമ്പത്തിക വർഷത്തിൽ അടിസ്ഥാന സൗകര്യവികസനത്തിന് രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. കിർത്താഡ്സ് ചില്ലിക്കാശ് ചെലവഴിച്ചില്ല. മുഴുവൻ തുകയും തിരിച്ചടച്ചു. അതേവർഷം ആദി കലാഗ്രാമത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. 33.09 ലക്ഷം ചെലവഴിച്ചു. ബാക്കി 6. 90 ലക്ഷം തിരിച്ചടച്ചു. കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് കൃത്യമായി വാങ്ങിച്ചെടുക്കാനും സ്ഥാപനത്തിന് കഴിയുന്നില്ല. 2013-14 മുതൽ 2016-17വരെ 2.22 കോടി കേന്ദ്രസർക്കാർ തരാനുണ്ട്. ആദിവാസി മേഖലകളിൽ എല്ലാ പ്രവർത്തനങ്ങൾക്കും മാർ​ഗനിർദ്ദേശം നൽകേണ്ട സ്ഥാപനമാണിത്. ഗോത്രവർഗ മേഖലയിലെ സവിശേഷമായ പഠനങ്ങൾ വഴി ദേശീയ തലത്തിൽ അറിയപ്പെടേണ്ട സ്ഥാപനം. നരവംശശാസ്ത്ര പഠന രംഗത്ത് വിലപ്പെട്ട സംഭാവന നൽകേണ്ട ഇടം. എന്നാൽ, സർക്കാരിന് ഈ സ്ഥാപനത്തിന്റെ ഉത്തരവാദിത്തം എന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ല എന്നതിന് തെളിവാണ് എ.ജി റിപ്പോർട്ട് പറയുന്ന കാര്യങ്ങൾ. ഈ സ്ഥാപനത്തിൽ ശാസ്ത്രീയമായ പഠനങ്ങൾ സമയബന്ധിതമായി നടന്നാൽ ആദിവാസി മേഖലകളിലെ യഥാർഥ പ്രശ്നങ്ങൾ കണ്ടെത്താനാവും. അത് പരിഹാരിക്കുന്നതിനുള്ള മാർ​ഗനിർദ്ദേശങ്ങളും മുന്നോട്ടുവെക്കാം. എന്നാൽ ആദിവാസി സമൂഹത്തോട് ഒട്ടും പ്രതിബദ്ധതയില്ലാത്ത ഒരു സംഘം ഉദ്യോഗസ്ഥർ സ്ഥാപനത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുകയാണ് എന്ന് എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നു.

പിൻവാതിൽ നിയമനത്തിലൂടെ കിർത്താഡ്സിൽ കസേര ഉറപ്പിച്ചിരിക്കുന്ന പലർക്കും നരവംശാസ്ത്രത്തിൻെറ ബാലപാഠമറിയില്ല എന്നതുകൊണ്ടുകൂടിയാണ് സ്ഥാപനം ഇത്രയും പ്രതിസന്ധി നേരിടുന്നത്. ഈ ഉദ്യോഗസ്ഥരുടെ തൊഴിൽ സംരക്ഷിക്കാൻ സർക്കാരിന് അത്രയ്ക്കും താത്പര്യമുണ്ടെങ്കിൽ മറ്റേതെങ്കിലും ഓഫിസിലേക്ക് അവരെ മാറ്റുകയാണ് വേണ്ടത്. അതുവഴി മാത്രമേ കിർത്താഡ്സിനെ ഇനി രക്ഷിക്കാൻ കഴിയൂ. എ.കെ ബാലൻ മന്ത്രിയായിരുന്ന കാലത്ത് ഒരു നടപടിയും എ.ജി റിപ്പോർട്ടിനെ തുടർന്ന് ഉണ്ടായിട്ടില്ല. നിലവിലെ പട്ടികജാതി-വർ​ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ എ.ജി റിപ്പോർട്ട് പറയുന്ന വസ്തുതകൾ വിശദമായി അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാമോ?

(അവസാനിച്ചു)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 10, 2021 1:39 pm