കനവ് പകർന്ന പാഠം നമ്മൾ പഠിക്കേണ്ടതുണ്ട്

കെ.ജെ ബേബിയുടെ വിയോഗത്തെ തുടർന്ന് കനവ് എന്ന വിദ്യാലയം വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുന്നുണ്ട്. കനവിനെ അടുത്തറിഞ്ഞ ഒരാളെന്ന നിലയിൽ ആ ശ്രമത്തെ എങ്ങനെയാണ് ഓർമ്മിക്കുന്നത്?

1994ൽ കെ.ജെ ബേബി ആരംഭിച്ച ഒരു അനൗപചാരിക സ്കൂൾ ആണ് കനവ്. അനൗപചാരിക സ്കൂൾ എന്ന് ബേബി ചേട്ടൻ തന്നെ പല അഭിമുഖങ്ങളിൽ പറയുന്നുണ്ട്. കാരണം ഇതൊരു സ്കൂൾ ആയി തുടങ്ങാൻ പ്ലാൻ ചെയ്തതല്ല, മറിച്ച് അദ്ദേഹത്തിന്റെ നാടക പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ ഒരു കൂട്ടായ്മയിൽ നിന്നും രൂപപ്പെട്ടതാണ് കനവ് എന്ന വിദ്യാലയം. കേരളത്തിലുള്ള മറ്റൊരു ബദൽ സ്കൂൾ എന്ന് പറയാൻ കഴിയുന്നത് സാരംഗ് ആണ്. സാരംഗിന്റെ പിന്നിലുണ്ടായിരുന്നത് അധ്യാപകരായിരുന്ന ആളുകളായിരുന്നു. ഔപചാരിക വിദ്യാലയങ്ങളിൽ നിന്നും തങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചുകൊണ്ട്, കൃത്യമായ പ്ലാനോടുകൂടി തുടങ്ങിയ സംരംഭമാണത്. പക്ഷേ, ബേബി ചേട്ടൻ ഒരു അധ്യാപകനോ അല്ലെങ്കിൽ അതുപോലെയുള്ള വിദ്യാഭ്യാസത്തിൽ എന്തെങ്കിലും രീതിയിലുള്ള അനുഭവങ്ങളുള്ള ഒരാളോ ആയിരുന്നില്ല. മറിച്ച് അദ്ദേഹമൊരു നാടക പ്രവർത്തകനായിരുന്നു. കേരളത്തിൽ വളരെയധികം ചർച്ച ചെയ്ത ഒരു നാടക പ്രവർത്തകൻ. അദ്ദേഹത്തിന്റെ ‘നാടുഗദ്ദിക’ എന്ന നാടകം മലയാള നാടക ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമുള്ള ഒരു നാടകമാണ്. ‘നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന് ശേഷം മലയാളത്തിലെ മറ്റൊരു പ്രധാന നാടകമാണ് നാടുഗദ്ദിക. അഞ്ഞൂറിലേറെ വേദികളിൽ ഈ നാടകം അവതരിപ്പിക്കപ്പെട്ടു. നാടുഗദ്ദിക അവതരിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ കേസ് വരികയും കുറേക്കാലം ജയിലിൽ കിടക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. മൂന്ന് വർഷത്തോളം കേസ് നടത്തി, വളരെയേറെ ദുരനുഭവങ്ങളാണ് ഇതിന്റെ പേരിൽ അദ്ദേഹം നേരിട്ടത്. നായനാർ സർക്കാരാണ് കെ. ജെ ബേബിയെയും അദ്ദേഹത്തിന്റെ നാടക സംഘത്തെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിറക്കുന്നത്. കേസിന് ശേഷം പിന്നീട് നാടകസംഘം പലവഴിക്കായി. അദ്ദേഹത്തിന്റെ നാടകപ്രവർത്തകർ എല്ലാവരും തന്നെ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. അവരെല്ലാം ഛിന്നഭിന്നമായിപ്പോയി. പിന്നീട് അവർക്കൊന്നും അഭിനയിക്കാനായിട്ടില്ല. അതിന് ശേഷം നാടകപ്രവർത്തകരെല്ലാം വീണ്ടും ഒത്തുചേർന്നതിനെ തുടർന്നാണ് കനവ് എന്ന വിദ്യാഭ്യാസ കൂട്ടായ്മ രൂപപ്പെട്ടുവരുന്നത്.

കനവിലെ കുട്ടികൾക്കൊപ്പം കെ.ജെ ബേബി. കടപ്പാട്:kanavumalayilekku

കാലങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ തന്നെ മുൻ സഹപ്രവർത്തകർ ആക്ഷേപിക്കുന്ന പോലെ ഏതെങ്കിലുമൊരു സന്നദ്ധ സംഘടനയുടെയോ വിദേശ ഫണ്ടിംഗ് ഏജൻസിയുടെയോ ഭാഗമായി തുടങ്ങിയതല്ല കനവ്. മറിച്ച് ആദിവാസികളുമായുള്ള കൂട്ടായ്മയിൽ നിന്ന് രൂപപ്പെട്ട് വന്നതാണ് കനവ്. ആദിവാസി പ്രവർത്തനത്തെ സംബന്ധിച്ച് ബേബി ചേട്ടന്റെ ദർശനം ബൈബിളിലെ ‘നിന്നെ പോലെ നിന്റെ അയൽക്കാരെയും സ്നേഹിക്കുക’ എന്ന ആശയത്തിലൂന്നിയുള്ളതാണ്. ആ ഒരു മൂല്യം തന്നെയാണ് ബേബി ചേട്ടന് എല്ലാക്കാലത്തും ഉണ്ടായിരുന്നത്. അതിന്റെ കൂടെ സാംസ്കാരിക വേദിയും നക്സലൈറ്റ് പ്രസ്ഥാനവും ഒക്കെ ഉയർത്തിപ്പിടിച്ച ദരിദ്രരോടും ആദിവാസികളോടും ഒപ്പം നിൽക്കുക എന്നുള്ള മൂല്യം കൂടെ അദ്ദേഹത്തിൽ ഉണ്ടായിരുന്നു. ഈ രണ്ട് മൂല്യങ്ങളും അദ്ദേഹത്തെ കൊണ്ടെത്തിച്ച ഒരു തലത്തിൽ നിന്നും ജൈവികമായി രൂപപ്പെട്ട് വന്ന ഒരു പ്രസ്ഥാനമാണ് ആൾട്ടർനേറ്റീവ് സ്കൂൾ എന്ന് പറയപ്പെടുന്ന കനവ്. കനവ് ഒരിക്കലും വേറെന്തെങ്കിലും ഒരു പ്രോജക്ടിന്റെ ഭാഗമായിട്ടോ അല്ലെങ്കിൽ മുൻകൂട്ടി പ്ലാൻ ചെയ്ത് കൃത്യമായൊരു കരിക്കുലമുണ്ടാക്കി രൂപപ്പെട്ട് വന്നതോ അല്ല. അവിടെ കൂടിയിരുന്ന പതിനെട്ട് വയസുമുതൽ അഞ്ച് വയസുവരെയുള്ള കുട്ടികൾ അവരിൽ പലരും സ്കൂൾ ഡ്രോപ്പ് ഔട്ടാണ്, അതുപോലെതന്നെ സ്കൂളിൽ ഇതുവരെ പോകാത്തവരാണ്, പല കാരണത്താൽ സ്കൂൾ ഉപേക്ഷിച്ചവരാണ്. അങ്ങനെയുള്ള കുട്ടികളെ കൂട്ടിച്ചേർക്കാൻ വേണ്ടി പാട്ടുപാടുകയും, നാടകം കളിക്കുകയും ഒക്കെ ചെയ്തുകൊണ്ട് രൂപപ്പെട്ട് വന്നതാണ് കനവ് എന്ന സ്കൂൾ. ആളുകൾ ഇന്ന് പറയുന്ന പോലെ അതൊരു ഗുരുകുലമോ ബദൽ സ്കൂളോ ആയിരുന്നില്ല. യഥാർത്ഥത്തിൽ ആദിവാസികളുടെ സ്കൂൾ തന്നെയാണ് കനവ്. അതൊരു മാതൃകാ വിദ്യാലയമാണ്.

അന്നത്തെ സാഹചര്യത്തിൽ നിന്നും കേരളം ഏറെ പുരോഗമിച്ചു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ആദിവാസി വിദ്യാർത്ഥികൾ വ്യവസ്ഥിതിയിൽ നിന്നും ഇന്നും പുറന്തള്ളപ്പെടുന്നുണ്ട്. കനവിൽ വിദ്യാർത്ഥികൾക്ക് ബഹുഭാഷാ പരിശീലനവും, കളരി അഭ്യാസവും, തൊഴിലധിഷ്ടിത വിദ്യാഭ്യാസവും കെ.ജെ ബേബി നൽകിയിരുന്നു. കനവ് മുന്നോട്ടുവച്ച വിദ്യാഭ്യാസരീതി ഇന്നത്തെ സമൂഹത്തിലും ആവശ്യമായി മാറുന്നില്ലേ?

കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം പരിശോധിക്കുകയാണെങ്കിൽ നമ്മുടെ ഒരു ലേണിങ് പ്രോസസ് എന്ന് പറയുന്നത് യഥാർത്ഥത്തിൽ അധ്യാപകൻ ക്ലാസിൽ കുറേ കാര്യങ്ങൾ ടെക്സ്റ്റ്ബുക്കുകളിൽ നിന്നും വിനിമയം ചെയ്യുന്നു, അത് വിദ്യാർത്ഥി കാണാപ്പാഠം പഠിക്കുന്നു, മൂല്യനിർണയത്തിനായി വിദ്യാർത്ഥികൾ അത് റീപ്രൊഡ്യൂസ് ചെയ്യുന്നു, അതിന്റെ അടിസ്ഥാനത്തിൽ മാർക്ക് കൊടുക്കുന്നു എന്നുള്ളതാണ്. ഏതോ കാലത്ത് ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന ഒരു കരിക്കുലമാണ് ഇന്നും പിന്തുടരുന്നത്. പാഠ്യപദ്ധതിയല്ല ടെക്സ്റ്റ്ബുക്കുകളാണ് ഇവിടെ വിദ്യാഭ്യാസത്തിന്റെ സ്വഭാവം നിർണയിക്കുന്നത്. ഇതിന് വലിയൊരു മാറ്റം വരുന്നത് 1994 ൽ ഡി.പി.ഇ.പിയുടെ നേതൃത്വത്തിലുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെയാണ്. ഇൻക്ലൂസീവ് എജ്യൂക്കേഷൻ എന്നുള്ള രീതിയിൽ, ആദിവാസി വിദ്യാർത്ഥികളെയും അതുപോലെ ഡിഫറന്റ്ലി ഏബ്ൾഡ് ആയിട്ടുള്ള കുട്ടികളെയുമെല്ലാം മുഖ്യധാരയിലേക്ക് ഉൾപ്പെടുത്താനുള്ള ശ്രമം തുടങ്ങുന്നത് ഡി.പി.ഇ.പി പാഠ്യപദ്ധതി നടപ്പിലാക്കുന്നതോടെയാണ്. പാഠ്യപദ്ധതി എന്നതിനപ്പുറം അതിന്റെ രാഷ്ട്രീയത്തെ കുറിച്ചാണ് കേരളത്തിൽ ചർച്ച നടക്കുന്നത്. എന്നാൽ ഇതിലുണ്ടായ മാറ്റത്തെ കുറിച്ച് ആരും തന്നെ ചർച്ച ചെയ്യുന്നില്ല.

ഷെർളി ജോസഫ് കനവിൽ. കടപ്പാട്: kanavu-a school with a difference

അതിനും മുമ്പ് ഇൻക്ലൂസീവ് എജ്യൂക്കേഷൻ എന്ന പറയുന്ന ആ മേഖലയിൽ വളരെയധികം പരിശ്രമങ്ങൾ ബേബി ചേട്ടൻ നടത്തിയിട്ടുണ്ട്. കനവിൽ ഭാഷാ പഠനമുണ്ട്, ശാസ്ത്ര പഠനമുണ്ട്, സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്നുണ്ട്, ലൈബ്രറി വർക്ക് ചെയ്യുന്നുണ്ട്, ഗ്രൂപ്പ് ലേണിങ്, പിയർ ലേണിങ് തുടങ്ങിയ രീതികളെല്ലാമുണ്ട്. വിദ്യാഭ്യാസത്തിന്റെ ഏത് ടെക്നോളജി എടുത്ത് നോക്കിയാലും അതിലൊക്കെ കനവിലെ കുട്ടികൾ വ്യാപൃതരാവുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ യഥാർത്ഥത്തിൽ ലിഖിതമായ കരിക്കുലം ഇല്ലെങ്കിൽ കൂടി കനവിനൊരു ഹിഡൻ കരിക്കുലമുണ്ട്. കനവിന്റെത് അതിശക്തമായ പാഠ്യപദ്ധതി തന്നെയാണ്. കോത്താരി കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുള്ള ഒരു കാര്യമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നത്. കോത്താരി കമ്മീഷൻ റിപ്പോർട്ട് വന്നതിന് ശേഷമാണ് നമ്മുടെ വിദ്യാഭ്യാസരീതി തൊഴിലധിഷ്ഠിതമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്. എന്നാൽ അതെല്ലാം കേവലം കടലാസ് രേഖകൾ മാത്രമായി മാറിയതല്ലാതെ അതിൽ മാറ്റങ്ങൾ വന്നിട്ടില്ല.

വൊക്കേഷണലൈസേഷൻ എന്ന് പറയുന്ന സംഗതി സാങ്കേതിക വിദ്യാഭ്യാസത്തിലും മറ്റും മാത്രമാണ് വന്നിട്ടുള്ളത്. കനവ് കൃത്യമായിട്ടും ചെയ്തത് വൊക്കേഷണലൈസേഷൻ ഓഫ് എജ്യൂക്കേഷൻ ആണ്. കനവിലെ കുട്ടികൾ കൃഷി ചെയ്യുന്നു, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു, അതുപോലെ നാടകം കളിക്കുന്നു, പാട്ട് പാടുന്നു, നൃത്തം ചെയ്യുന്നു അങ്ങനെ തുടങ്ങി തൊഴിൽപരമായും സാംസ്കാരികമായും എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു. ഇതെല്ലാം ഉൾച്ചേർന്ന സമ്പൂർണ്ണമായ ഒരു വിദ്യാഭ്യാസ രീതിയായിരുന്നു കനവിലേത്. പരീക്ഷ നടത്തിപ്പും മാർക്ക് ഇടലും മാത്രമാണ് അവിടെ ഇല്ലാത്തത്. എന്നാൽ മൂല്യനിർണയം അതാത് സമയത്ത് തന്നെ നടക്കുന്നുണ്ട്. പ്രവർത്തനാധിഷ്ഠിതവും, വിദ്യാർത്ഥി കേന്ദ്രീകൃതവുമായ ഒരു രീതിയാണ് കനവിൽ നടന്നിരുന്നത്. ഔപചാരിക വിദ്യാഭ്യാസം ഇതെല്ലാം കടലാസിൽ മാത്രമെഴുതിവെക്കുകയും പ്രാവർത്തികമാക്കാതിരിക്കുകയും ചെയ്യുന്നിടത്താണ് കനവ് ഇതെല്ലാം പ്രവാർത്തികമാക്കിയത് എന്നതാണ് പ്രധാനം. കനവിൽ നടന്ന ഗുഡ എന്ന സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ലീല സന്തോഷ് എന്ന ആദിവാസി സ്ത്രീ ഇന്ന് മുഖ്യധാരയിലെത്തി നിൽക്കുന്നത്. അങ്ങനെ ഏത് തരത്തിൽ നോക്കിയാലും സമ്പൂർണ്ണ വിജയത്തിലെത്തിയ വിദ്യാഭ്യാസ രീതിയാണ് കനവിലേത് എന്ന് പറയാനാവും.

ലീല സന്തോഷ്

കേന്ദ്ര സർവകലാശാലകളിലും ഐ.ഐ.ടികൾ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബ്യൂറോക്രസിയിലുമാണ് ഏറ്റവും കൂടുതൽ ജാതി വിവേചനവും പുറന്തള്ളലുകളും നിലനിൽക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്നത്തെ ഈ സമൂഹത്തിൽ കനവ് പോലെയൊരു വിദ്യാഭ്യാസരീതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുകയാണെങ്കിൽ കനവിനുണ്ടായിരുന്ന എന്തെല്ലാം പരിമിതികളെയാണ് മറികടക്കാനുള്ളത്? അത്തരമൊരു മാതൃകാ വിദ്യാഭ്യാസരീതി ഇന്ന് എങ്ങനെയാണ് പ്രാവർത്തികമാക്കേണ്ടത്?

എന്റെ വ്യക്തിപരമായൊരു അനുഭവം പങ്കുവെക്കാം. ഞാൻ സ്ഥിരമായി പോകാറുണ്ടായിരുന്ന ഒരു സ്ഥലമാണ് കനവ്. ഞാൻ ജോലി ചെയ്തിരുന്ന ഡയറ്റിന്റെ ഭാഗമായും അല്ലാതെയും അവിടെ പോകാറുണ്ടായിരുന്നു. എന്തുകൊണ്ടാണ് വിദ്യാലയങ്ങളിൽ നിന്നും ആദിവാസി കുട്ടികൾ ഡ്രോപ്പ് ഔട്ട് ആവുന്നത് എന്നൊരു ചർച്ച അക്കാലത്ത് ഞങ്ങൾ നടത്തിയിരുന്നു. അങ്ങനെയൊരു ചർച്ചയിലാണ് ബേബി ചേട്ടൻ എന്നോട് ചില കാര്യങ്ങൾ പറയുന്നത്. ആദിവാസി കുട്ടികൾ ആരാണെന്നോ, എന്താണെന്നോ, അവരുടെ ഭാഷ, സംസ്കാരം തുടങ്ങിയവയൊക്കെ എന്താണെന്നോ നിലവിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് അറിയില്ല. അത് വലിയൊരു തകരാറാണ്. ഏത് തരത്തിലുള്ള കുട്ടികൾ ആണെന്ന് അറിയാതെയാണ് ഇവരെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരെയാണ് ആദ്യം നിങ്ങളൊക്കെ പഠിപ്പിക്കേണ്ടത് എന്നാണ് ബേബി ചേട്ടൻ എന്നോട് പറഞ്ഞത്. അതിന്റെ ഭാഗമായുള്ള ശ്രമമാണ് ഞാൻ നേതൃത്വം നൽകിയ അധ്യാപക പരിശീലനം. ഒന്ന്, രണ്ട് ക്ലാസ്സുകളിലെ അധ്യാപകർക്കായി പണിയരുടെയും കാട്ടുനായ്ക്കരുടെയും സംസ്കാരവും ഭാഷയുമൊക്കെ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള രണ്ട് കൈപ്പുസ്തകങ്ങൾ ഞാൻ തയ്യാറാക്കിയിട്ടുണ്ട്. പണിയരുടെ സംസ്കാരവും ഭാഷയും പറയുന്നത് ‘നായം’ എന്ന പുസ്തകത്തിലൂടെയാണ്. കാട്ടുനായ്ക്കരുടെ ജീവിതത്തെക്കുറിച്ച് ‘ജേന്’ എന്ന കൈപ്പുസ്തകത്തിലൂടെയും.

കെ.ജെ ബേബി ആദിവാസി സമൂഹത്തിനൊപ്പം. കടപ്പാട്: kanavu-a school with a difference

പണിയരുടെ ഭാഷയിൽ നായം എന്നതിന് ഭാഷ എന്നാണ് അർത്ഥം. അങ്ങനെയൊരു കൈപ്പുസ്തകം രൂപപ്പെടുത്തുന്നത് ബേബി ചേട്ടന്റെ നിർദ്ദേശത്തെ തുടർന്നാണ്. അത് തുറന്നുപറയുന്നതിൽ യാതൊരു മടിയുമില്ല. സ്കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് ഇത് വലിയ സഹാമായിരുന്നുവെന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. ഈ കൈപ്പുസ്തകം കിട്ടുന്നതുവരെ ഈ കുട്ടികളെ എങ്ങനെയാണ് പഠിപ്പിക്കേണ്ടത് എന്ന് തങ്ങൾക്ക് യാതൊരു പിടിയുമില്ലായിരുന്നുവെന്ന് ആ അധ്യാപകർ എന്നോട് പറഞ്ഞിട്ടുണ്ട്. ആദിവാസികളുടെ ഭാഷ ഉപയോഗിക്കാൻ നിങ്ങൾ അവരെ അനുവദിക്കണം എന്നുള്ളത് പ്രധാന കാര്യമാണ്. കാരണം അവരെ സംബന്ധിച്ച് മാതൃഭാഷ എന്നത് ഒരിക്കലും മലയാളമല്ല. മലയാളം എന്നത് അവർക്ക് യജമാന ഭാഷയാണ്. പണിയരുടെ ഭാഷ പണിയ ഭാഷയാണ്. അതുകൊണ്ട് തന്നെ ക്ലാസ് മുറികളിൽ അവരുടെ ഭാഷ ഉപയോഗിക്കാൻ അവരെ അനുവദിക്കണമെന്ന് എന്നോട് പറഞ്ഞത് ബേബി ചേട്ടൻ തന്നെയാണ്. കൽപ്പറ്റയിലെ ഒരു സ്കൂളിലുണ്ടായിരുന്ന ബീന ടീച്ചറൊക്കെ ക്ലാസ്മുറികളിൽ ആദിവാസി പാട്ടുകളും അവരുടെ കഥകളുമൊക്കെ ഉപയോഗിച്ചപ്പോൾ മറ്റ് കുട്ടികൾക്ക് ഇതെല്ലാം പഠിക്കാനുമായി, ഇവർക്ക് ഇത് പ്രയോഗിക്കാനുമായി. ആ രീതിയിലുള്ള ഒരു സമീപനത്തിന് തുടർച്ചയുണ്ടായില്ല. ഔപചാരിക ക്ലാസ്മുറികളിൽ ഡി.പി.ഇ.പി പാഠ്യപദ്ധതികൾ പോലും തകർന്നു. അതിന്റെ ഭാഗമായ ഇൻക്ലൂസീവ് എജ്യൂക്കേഷനൊന്നും നടന്നതുമില്ല.

ജേന്, നായം എന്നീ കൈപ്പുസ്തകങ്ങൾ.

ഔപചാരിക വിദ്യാഭ്യാസം പൂർണമായും പരാജയപ്പെട്ടിടത്താണ് ബേബി ചേട്ടന്റെ വിജയം എന്ന് പറയുന്നത്. കനവിലെ കുട്ടികൾ അവരുടെ ഭാഷ തന്നെയാണ് അവിടെ ഉപയോഗിക്കുന്നത്. അവർ തമ്മിൽ തമ്മിൽ പണിയ ഭാഷയും ഊരാളി ഭാഷയും കാട്ടുനായ്ക ഭാഷയും നന്നായി പറയുമായിരുന്നു. മൂന്ന് വിഭാഗത്തിൽ നിന്നും വരുന്ന കുട്ടികൾ മൂന്ന് ഭാഷയും പരസ്പര ആശയ വിനിമയത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. നർമ്മദ ബച്ഛാവോ അന്തോളൻ പോലുള്ള സമരവേദികളിൽ കനവിലെ കുട്ടികൾ സന്ദർശനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ നല്ല പോലെ ഹിന്ദി സംസാരിക്കാൻ അവർക്കറിയാം. എനിക്കിപ്പോഴും ഓർമ്മയുണ്ട്, ഒരിക്കൽ മനുഷ്യാവകാശ പ്രവർത്തക നന്ദിത ഹക്സർ വയനാട്ടിൽ വന്നപ്പോൾ ഞങ്ങൾ ഒന്നിച്ച് കനവിൽ പോയിരുന്നു. അതിൽത്തന്നെ രസം തോന്നിയ ഒരു കാര്യം, ഞങ്ങളുടെ ടി.ടി.സി ക്ലാസിൽ അന്ന് എൺപതോളം കുട്ടികളുണ്ട്. അവരെ ഒന്നിച്ചിരുത്തി നന്ദിതയുമായി ഒരു സംഭാഷണമുണ്ടായിരുന്നു. ടി.ടി.സി പഠിക്കുന്ന ഈ കുട്ടികൾ വളരെ കഷ്ടപ്പെട്ടാണ് ഇംഗ്ലീഷിൽ സംവദിച്ചത്. തുടക്കത്തിൽ ഒന്ന് രണ്ട് വാചകങ്ങൾ പറയാനല്ലാതെ ഒരു സംവാദത്തിനുള്ള വേദി അവിടെ രൂപപ്പെട്ടില്ല. അവസാനം നന്ദിത ഹക്സറുടെ ഒരു പ്രഭാഷണം മാത്രമാണ് ഡയറ്റിലെ ടി.ടി.സി വിദ്യാർത്ഥികൾക്കായി നടന്നത്. അത് കഴിഞ്ഞ് ഞങ്ങൾ നേരെപോവുന്നത് കനവിലേക്കായിരുന്നു. അവിടെയെത്തിയപ്പോൾ ഞങ്ങൾ കരുതിയത് അവർ ഇംഗ്ലീഷിൽ സംസാരിക്കുന്നത് നമ്മൾ മലയാളത്തിൽ ട്രാൻസലേറ്റ് ചെയ്ത് കൊടുക്കേണ്ടിവരുമെന്നാണ്. എന്നാൽ ഒരു തരത്തിലും അവിടെ ഞങ്ങൾക്ക് ഇടപെടേണ്ടി വന്നില്ല, ഇംഗ്ലീഷിലും ശുദ്ധമായ ഹിന്ദിയിലും കനവ് മക്കൾ സംസാരിക്കുന്നത് കണ്ട് ഞങ്ങൾ അധ്യാപകർ അത്ഭുതപ്പെട്ടു.

ഭാഷാ സമീപനത്തിന്റെ ശക്തിയാണത്. ഔപചാരിക വിദ്യാഭ്യാസത്തിന് അത്തരമൊരു ഭാഷാ സമീപനം ഇല്ലാത്തത്തിന്റെ പ്രശ്നമാണ് ടി.ടി.സി കുട്ടികളിൽ കണ്ടത്. കുട്ടികളെന്തായി, കരിക്കുലമെവിടേ എന്ന് കനവിനെ മുൻനിർത്തി സമൂഹം ചോദ്യങ്ങൾ ചോദിക്കുമ്പോൾ മിഡിൽ ക്ലാസ് മനുഷ്യരുടെ മക്കളെ മുഴുവൻ എൻട്രൻസ് കോച്ചിംഗിനും, ഐ.എ.എസ് കോച്ചിംഗിനും വിടാനാണല്ലോ വിദ്യാഭ്യാസം ചെയ്യിക്കുന്നത് തന്നെ. ആ രീതിയിൽ നോക്കിയാൽ കനവ് ഒരു പരാജായമാണ്, കനവിൽ നിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരോ എഞ്ചിനീയർമാരോ ഡോക്ടർമാരോ ഉണ്ടായിട്ടില്ല. ഗുഡ എന്ന സിനിമാനിർമ്മാണം കനവിലെ കരിക്കുലത്തിന്റെ ഭാഗമായിരുന്നുവെന്ന് ഓർക്കണം. ക്യാമറ ഒഴികെ സിനിമയുടെ എല്ലാ ജോലികളും ചെയ്തത് കനവിലെ കുട്ടികളാണ്. ഗുഡ എന്ന സിനിമ ലോകോത്തരമാണോ അല്ലയോ എന്ന് പറയാൻ ഞാൻ ആളല്ല. സിനിമാ നിർമ്മാണം എന്ന് പറയുന്നത് ഒരു ലേണിംഗ് പ്രോസസ് ആയിരുന്നു. ആ രീതിയിലുള്ള ഒരു സമീപനം ഒരിക്കലും ഗുരുകുല വിദ്യാഭ്യാസമോ, ബദൽ വിദ്യാഭ്യാസമോ അല്ല. അതല്ലേ യഥാർത്ഥ വിദ്യാഭ്യാസം. ഇത്തരമൊരു രീതിയിലേക്ക് വരാൻ നമ്മുടെ ഔപചാരിക വിദ്യാഭ്യാസം ഇതുവരെ തയ്യാറയിട്ടില്ല, ഇനിയും അതിന് സാധിക്കുമോ എന്നും എനിക്ക് തോന്നുന്നില്ല. ഞാൻ മുപ്പത് വർഷത്തോളം ഈ ഔപചാരിക വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇതിന്റെ പരിമിതികളും പോരായ്മകളും എനിക്ക് നന്നായിട്ട് അറിയാം.

സം​ഗീതപരിപാടി അവതരിപ്പിക്കുന്ന കെ.ജെ ബേബിയും കനവിലെ കുട്ടികളും. കടപ്പാട്: kanavu-a school with a difference

ആദിവാസികൾ വനവാസികൾ ആണെന്നും ഹിന്ദുക്കളാണെന്നും ഇന്ത്യയിൽ സംഘപരിവാർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ അത്തരമൊരു നരേറ്റീവിനെ ‘ആദിവാസികൾ ഹിന്ദുക്കളല്ല’ എന്ന് പറഞ്ഞുകൊണ്ടാണ് അവർ പ്രതിരോധിക്കുന്നത്. കനവിന്റെ കോൺടെക്സ്റ്റിലേക്ക് വരുമ്പോൾ, ആദിവാസി സ്വതത്തിലൂന്നിയ രാഷ്ട്രീയ പ്രതിരോധത്തിന്റെ പാഠങ്ങളും തിരിച്ചറിവുകളും കനവിലെ മക്കൾക്ക് കെ. ജെ ബേബി പകർന്നുനൽകിയിരുന്നോ? എങ്ങനെയാണ് അതിനെ താങ്കൾ നോക്കിക്കാണുന്നത്?

ബേബി ചേട്ടന്റെ നാടക പ്രവർത്തനങ്ങളും സാഹിത്യവുമൊക്കെ നോക്കുമ്പോൾ, അതിലെല്ലാം തന്നെ ആദിവാസി ജീവിതത്തെ അടുത്തറിയുക എന്നൊരു മൂല്യം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ബേബി ചേട്ടൻ അദ്ദേഹത്തിന്റെ ഓർമ്മകളിൽ നിന്നും പറഞ്ഞിട്ടുള്ളത്, വയനാട്ടിൽ അദ്ദേഹം വരുന്നത് ഒരു യുവാവായതിന് ശേഷമാണെന്നും കൊട്ടിയൂരിന് അടുത്ത് നിന്നുള്ള സ്ഥലത്ത് നിന്നും ഭൂമിയൊക്കെ വിറ്റ് നടവയലിലുള്ള ഒരു സ്ഥലവുമായി മാറ്റക്കച്ചവടം നടത്തിയിട്ടാണ് വരുന്നതെന്നുമാണ്. അക്കാലത്ത് അദ്ദേഹം ബോംബെയിലെ ഒരു ഐ.ടി.ഐയിൽ പഠിക്കുകയായിരുന്നു. അതെല്ലാം ഉപേക്ഷിച്ചാണ് വയാനാട്ടിലേക്ക് വരുന്നത്. രാത്രിയിൽ അടിയരുടെ കുടിലുകളിൽ നിന്നുള്ള തുടിയുടെ ശബ്ദം കേട്ടാണ് ആദിവാസി കുടിലുകളിൽ പോയി നോക്കുന്നത്. ആദിവാസികളെ സംബന്ധിച്ച് അവർക്ക് ചരിത്രമില്ല എന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ അത് തെറ്റാണ്. അവർക്ക് സ്വന്തമായി ഭാഷയുണ്ട്. ലിപിയില്ലാത്ത വാമൊഴി ഭാഷയാണ് അത്. മലയാളത്തിനുള്ള വ്യാകരണപരമായ എല്ലാ സവിശേഷതകളും ആദിവാസി ഭാഷകൾക്കുണ്ട്. അതുപോലെയാണ് അവരുടെ വിശ്വാസങ്ങൾ. മാവേലി മന്റം എന്ന നോവൽ തന്നെ മാവേലി മന്റു എന്ന ഒരാളുടെ കീഴിൽ എല്ലാവരും തുല്യരായിരുന്നുവെന്നും അവിടെ നിന്ന് അവരെ പിടിച്ചുകൊണ്ടുപോയി അടിമകളാക്കിയാതാണെന്നുമുള്ള സങ്കൽപ്പമാണ് പറയുന്നത്. ഇത്തരത്തിലുള്ള നിരവധി മിത്തുകൾ നിലനിൽക്കുന്നുണ്ട്. ഓരോ ഗോത്രവും ഓരോ മതമായാണ് നിലനിൽക്കുന്നത്. അത്തരത്തിലുള്ള ഒരന്വേഷണത്തിന്റെ ഭാഗമായാണ് ബേബി ചേട്ടൻ ഈ നോവലുകളിലേക്കും നാടകത്തിലേക്കും കടക്കുന്നത്. സംഘപരിവാർ ആദിവാസികളെ വനവാസികൾ എന്നാണ് പറയുന്നത്. എല്ലാ ആദിവാസികളും കാട്ടിൽ ജീവിക്കുന്നവരല്ല. ആദിവാസി എന്ന് പറഞ്ഞുകഴിഞ്ഞാൽ സംഘപരിവാറിന്റെ ബ്രാഹ്മണിസത്തിന് വിലയുണ്ടാവില്ല എന്ന് അവർക്ക് കൃത്യമായി അറിയാം. അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. അതിനെതിരെയുള്ള അതിശക്തമായ ഒരു മൂവ്മെന്റ് കൂടിയായിരുന്നു കനവിനെ അടിസ്ഥാനപ്പെടുത്തി ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കനവിലെ മക്കൾ ആരും തന്നെ ഹൈന്ദവവത്കരണത്തിന് വിധേയരായില്ല, അവർക്കൊരിക്കലും മിലിറ്റന്റ് ഹിന്ദുത്വത്തിന്റെ ഭാഗമാവാൻ സാധിക്കുകയുമില്ല.

കെ.ജെ ബേബി

നമ്മുടെ ചരിത്ര വിദ്യാഭ്യാസം എപ്പോഴും രാജാക്കന്മാരുടെയും അധിനിവേശത്തിന്റെയും അമ്പലങ്ങളുടെയും മാത്രം ചരിത്രമായി ചുരുങ്ങുന്നുണ്ട്. ഇ. എം. എസ് നമ്പൂതിരിപ്പാട് ‘കേരളം മലയാളികളുടെ മാതൃഭൂമി’ എഴുതിയപ്പോൾ മഹാത്മ അയ്യങ്കാളി പുറന്തള്ളപ്പെടുന്ന പോലെ വയനാടിന്റെ ചരിത്രം പറയുമ്പോൾ കരിന്തണ്ടൻ ഒഴിവാക്കപ്പെടുന്ന സ്ഥിതി പാഠ്യപദ്ധതികളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതേസമയം കനവിനെ കുറിച്ചുള്ള ഡോക്യുമെന്ററിയായ ‘കനവുമലയിലേക്ക്’ എന്ന ചിത്രത്തിൽ കനവിലെ ചരിത്ര പഠനത്തെക്കുറിച്ചും കരിന്തണ്ടനെ കുറിച്ചുമെല്ലാമുള്ള പരാമർശങ്ങൾ കാണാൻ കഴിയും. കനവിലെ ചരിത്ര പഠനരീതിയെക്കുറിച്ച് പറയാമോ?

പുതിയ പാഠ്യപദ്ധതി സാമൂഹ്യശാസ്ത്ര പഠനത്തെയും ചരിത്ര പഠനത്തെയുമെല്ലാം രാജാക്കന്മാരിലേക്കും മറ്റും മാത്രമായി ചുരുക്കുന്നുണ്ട്. പ്രൊഫ. യശ്പാലിന്റെ നേതൃത്വത്തിൽ ഉണ്ടായിട്ടുള്ള പുതിയ കരിക്കുലം പല മാറ്റങ്ങളും മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും, വീണ്ടും സംഘപരിവാർ അവരുടെ പാഠ്യപദ്ധതി ഇറക്കിയതോടെ പഴയ സമീപനത്തിന് പ്രസക്തിയില്ലാതെയായി. ബേബി ചേട്ടൻ അദ്ദേഹത്തിന്റെ വിഷയമായി ചരിത്രമാണ് പഠിച്ചത്. അദ്ദേഹം മുപ്പത്തിയഞ്ചാം വയസിൽ ചരിത്രത്തിൽ ഒരു ഡിഗ്രി നേടുന്നുണ്ട്. സിനിമ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി സിനിമ പഠിക്കണമെന്ന ആഗ്രഹം പൂർത്തിയാക്കാൻ വേണ്ടിയാണ് അദ്ദേഹം ഡിഗ്രി എടുക്കുന്നത്. അദ്ദേഹത്തിന്റെ അവസാന നോവലായ ‘ഗുഡ്ബൈ മലബാർ’ എന്ന കൃതിയിൽ വില്യം ലോഗന്റെ ഭാര്യയാണ് കഥാപാത്രമായി വരുന്നത്. അതിൽ പഴശിയുടെ സമരങ്ങളും അതിനെ പിന്തുണച്ച ഗോത്ര വർഗ്ഗ സമൂഹത്തെയുമൊക്കെ പരാമർശിക്കുന്നുണ്ട്. അത്തരമൊരു ചരിത്രത്തെ ഒരു ജനതയുടെ ചരിത്രമായി കാണുന്ന സമീപനം ബേബി ചേട്ടന് തുടക്കം മുതലേയുണ്ട്. അതിന്റെ പ്രതിഫലനമാണ് കനവിലെ കുട്ടികളിലും അവിടുത്തെ ചരിത്ര പഠനത്തിലും കണ്ടിട്ടുള്ളത്. റോമില ഥാപ്പറുടെയും ബിപിൻ ചന്ദ്രയുടെയുമൊക്കെ ചരിത്ര പുസ്തകങ്ങളാണ് കുട്ടികൾ ചർച്ച ചെയ്ത് പഠിച്ചിരുന്നത്. ആ രീതിയിലുള്ള ശക്തമായ ഒരു പാഠ്യപദ്ധതി തന്നെയായിരുന്നു അത്. ഔപചാരിക മേഖലയിൽ വിദഗ്ധർ കൂടിയിരുന്നാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നതെങ്കിൽ കനവിൽ അദ്ദേഹം സ്വയം അന്വേഷിച്ച് കണ്ടെത്തിയ ഒരു പാഠ്യപദ്ധതി നടപ്പിലാക്കുകയായിരുന്നു. ആദിവാസി വിഭാഗങ്ങളായ സാന്താൾ, തോടർ എന്നിവരൊക്കെ കനവിൽ വരികയും, ക്യാമ്പിൽ പങ്കെടുക്കുകയും, പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പഠിക്കുകയും ചെയ്യുന്ന നിരവധി വർക്ക്ഷോപ്പുകളും മറ്റും ബേബി ചേട്ടൻ നടത്തിയിട്ടുണ്ട്. മാത്രമല്ല അവിടെ പോയി ഇവരുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഇന്ത്യയിലുള്ള ആദിവാസി ഗോത്ര ജനവിഭാഗങ്ങളെ പരിചയപ്പെടാനുള്ള അവസരവും കനവിലെ കുട്ടികൾക്ക് അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

കനവ് ക്യാമ്പസ്. കടപ്പാട്:amaldev/52parindey

ആദ്യ തലമുറയ്ക്ക് ശേഷം കനവിന്റെ രണ്ടാം തലമുറയോ മൂന്നാം തലമുറയോ പിന്നീടുണ്ടായിട്ടില്ല. അത്തരമൊരു രണ്ടാം തലമുറ വിദ്യാർത്ഥി സമൂഹം രൂപപ്പെടുന്നതിൽ കനവിനുണ്ടായിരുന്ന തടസങ്ങൾ എന്തെല്ലാമായിരുന്നു?

ഏറ്റവും പ്രധാനപ്പെട്ട കാര്യം, നൂറോളം കുട്ടികൾക്ക് ദിവസവും ഭക്ഷണം കഴിക്കാൻ തന്നെ എന്ത് ചിലവ് വരും എന്നുള്ളതാണ്. കുട്ടികളുടെ എല്ലാകാര്യങ്ങളും നോക്കിയിരുന്നത് കനവ് തന്നെയായിരുന്നു. ആദ്യകാലങ്ങളിൽ വിസ്താർ എന്ന സന്നദ്ധ സംഘടനയായിരുന്നു കനവിന് ആ ഭൂമിയൊക്കെ വാങ്ങി നൽകിയത്. പക്ഷേ, അവരൊക്കെ കൊടുക്കാമെന്ന് പറഞ്ഞ ധനസഹായങ്ങളൊക്കെ ബേബി ചേട്ടൻ ഉപേക്ഷിക്കുകയാണ് ചെയ്തത്. ബേബി ചേട്ടനെന്തോ ഫണ്ടിംഗ് ഏജൻസികളുടെ ആളാണെന്ന് അദ്ദേഹത്തിന്റെ തന്നെ പഴയ സഖാക്കളൊക്കെ പറഞ്ഞുനടന്നിട്ടുണ്ട്. അത്തരമൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നതുകൊണ്ടാകാം ഇത്തരത്തിലുള്ള ഫണ്ടിംഗ് എല്ലാം ഉപേക്ഷിക്കുന്നുണ്ട്. ചിലവുകളും മറ്റും നടത്തിയിരുന്നത് സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയും പുസ്തകങ്ങളുടെ റോയൽറ്റിയിൽ നിന്നുമൊക്കെയാണ്. തുടക്കം മുതൽ കനവിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയിരുന്നത് അദ്ദേഹത്തിന്റെ ഭാര്യ ഷേർളി ടീച്ചറുടെ പണത്തിൽ നിന്നായിരുന്നു. ബേബി ചേട്ടനോളം പ്രാധാന്യം കനവിന്റെ കാര്യത്തിൽ ഷേർളി ടീച്ചർക്കുമുണ്ട്. ഷേർളി ടീച്ചറുടെയും കൂടെ കനവാണ് അത്, അങ്ങനെ തന്നെ നമ്മൾ അതിനെ കാണേണ്ടതുണ്ട്. 2006 ഒക്കെ ആയപ്പോഴേക്കും അവർക്ക് കാര്യങ്ങൾ നോക്കിനടത്താൻ പ്രയാസങ്ങൾ നേരിട്ടു. കനവിലെ ഒന്നാം തലമുറയ്ക്ക് മുഴുവൻ ചുമതലയും ഏൽപ്പിച്ചുകൊണ്ടാണ് അവർ രണ്ടുപേരും പിന്മാറുന്നത്. കുട്ടികളെല്ലാം മുതിർന്നവരായി, അവിടെയുള്ളവർ തന്നെ പരസ്പരം ഒരു കുടുംബമായി മാറി, അവർക്ക് കുഞ്ഞുങ്ങളുണ്ടായി അതുകൊണ്ട് തന്നെ അവർക്കും അത് തുടർന്നുകൊണ്ടുപോവാൻ കഴിഞ്ഞിരുന്നില്ല. പിന്നെയുള്ളത് കനവിനോട് സഹായ മനഃസ്ഥിതിയോടെ ഇടപ്പെട്ട കുറേ വ്യക്തികളാണ്. അവർക്കാർക്കും ബേബി ചേട്ടനെ പോലെയോ ഷേർലി ടീച്ചറെ പോലെയോ കനവിന് വേണ്ടി സ്വയം സമർപ്പിക്കാൻ കഴിയുമായിരുന്നില്ല. ബേബി ചേട്ടൻ പിന്മാറിയ സമയത്ത് ഞങ്ങൾ കുറച്ച് പേർ കനവിനെ വീണ്ടെടുക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ, അവർ രണ്ടുപേരും ചെയ്തതുപോലെയുള്ള സമർപ്പണത്തിന് ആര് തയ്യാറാവുമെന്ന ചോദ്യമുണ്ട്. കനവ് ചെയ്തതുപോലെയുള്ള ഒരു വിദ്യാഭ്യാസ മോഡൽ ഞാൻ വേറെയെവിടെയും കണ്ടിട്ടില്ല. കേരളത്തിലെന്തായാലും മറ്റൊരു മാതൃകയില്ല.

കെ.കെ സുരേന്ദ്രൻ

കെ.ജെ ബേബിയുടെ വിയോഗത്തിന് ശേഷം കനവിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്. അതേസമയം, അക്കാദമിക തലത്തിൽ കനവിനെക്കുറിച്ച് പഠിക്കാൻ സർവകലാശാലകളോ ഗവേഷകരോ മുന്നോട്ട് വന്നിട്ടുള്ളതായി അറിയാമോ?

കനവ്, ആദിവാസി ജീവിതം, മുത്തങ്ങ സമരം എന്നിവയെ പറ്റിയൊക്കെ സോഷ്യോളജി വിദ്യാർത്ഥികൾ അവരുടെ പഠനത്തിന്റെ ഭാഗമായി ഡെസർട്ടേഷനും മറ്റുമൊക്കെ ചെയ്യുന്നുണ്ട് എന്നതിനപ്പുറത്തേക്ക് കാര്യമായി ഒന്നും തന്നെയില്ല. സർവകലാശാലകൾ തന്നെ മുന്നോട്ട് വന്ന് കനവിലെ മക്കളെ മുൻനിർത്തി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അല്ലാതെ കനവ് ഒരു വിജയമായിരുന്നോ പരാജയമായിരുന്നോ എന്ന് ചർച്ചചെയ്യുന്നതിൽ പ്രസക്തിയില്ല. കനവ് പോലെയൊരു വിദ്യാലയം രൂപപ്പെടുത്തിയെടുക്കുക എന്ന് പറയുന്നത് അത്രയും വലിയൊരു പരിശ്രമമാണ്. ആ പരിശ്രമം തങ്ങളുടെ ജീവിതം കൊണ്ട് ഏറ്റെടുത്തു എന്നതാണ് ബേബി ചേട്ടന്റെയും ഷേർളി ടീച്ചറുടെയും പ്രസക്തി. ആ കാര്യത്തിൽ അവർ വിജയം തന്നെയായിരുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read