Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
മത്സ്യത്തൊഴിലാളികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ഭൂരിഭാഗവും കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘കൊണ്ടൽ’. നവാഗതനായ അജിത്ത് മാമ്പള്ളിയാണ് കൊണ്ടലിന്റെ സംവിധായകൻ. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാപരിസരം. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിലുള്ള ഒരു കടലോര ഗ്രാമത്തിൽ നിന്നും ചലച്ചിത്ര സംവിധാനത്തിലേക്ക് എത്തിയ യാത്രയെക്കുറിച്ചും കൊണ്ടലിനെക്കുറിച്ചും അജിത്ത് മാമ്പള്ളി കേരളീയത്തോട് സംസാരിക്കുന്നു.
കടലോര ഗ്രാമത്തിൽ ജനിച്ചുവളർന്ന വ്യക്തി എന്ന നിലയിലാണോ താങ്കൾ ആദ്യ സിനിമയിൽ തന്നെ മത്സ്യത്തൊഴിലാളികളെയും കടലോര ജീവിതത്തെയും പ്രമേയമാക്കാൻ തീരുമാനിച്ചത്?
മത്സ്യത്തൊഴിലാളി ജീവിതം കഥാപരിസരമാണ്, ഇതിവൃത്തം അതാണെന്ന് പറയാൻ പറ്റില്ല. ഇതൊരു റിവഞ്ച് സ്റ്റോറിയാണ്. മാനുവൽ എന്ന ഹീറോയുടെ സഹോദരൻ കൊല്ലപ്പെട്ടതിന്റെ പ്രതികാര കഥയാണിത്. ഒരുപാട് പറഞ്ഞിട്ടുള്ള, വളരെ കൊമേഷ്യലായ ഒരു കഥാതന്തു തന്നെയാണ്. എന്നാൽ കഥാപരിസരം പുതിയതാണ്. കടലിലാണ് കഥ പറയുന്നത്. സിനിമ ചെയ്യാൻ വലിയൊരു ട്രാവലുണ്ട്. പ്രധാനമായും ഒരു പ്രൊഡ്യൂസർ വേണം. നമ്മൾ പറയുന്ന കഥ അവർക്കിഷ്ടപ്പെടണം, കൊമേഷ്യലി വിജയിക്കുമെന്ന് അവർക്ക് തോന്നണം. കടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണമെന്നത് എന്റെ സ്വപ്നം തന്നെയായിരുന്നു. ഞാൻ സിനിമയിൽ വർക്ക് ചെയ്യുന്നതുകൊണ്ട് സുഹൃത്തുക്കളൊക്കെ ഇവിടുത്തെ ഒരു കഥ പറയടാ, നമ്മുടെ കഥ പറയടാ എന്ന് എന്നോട് പറയുമായിരുന്നു. സിനിമ ചെയ്യുമ്പോൾ ആളുകൾ ഇഷ്ടപ്പെടുന്ന, അതിനോട് നീതി പുലർത്തുന്ന സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇതെന്റെ ആദ്യ സിനിമയായി ചെയ്യണമെന്ന് കരുതിയതല്ല. വേറെ രണ്ട് സിനിമകളുമായി ഞാൻ പാരലലി ട്രാവൽ ചെയ്യുന്നുണ്ടായിരുന്നു. കോവിഡ് വന്ന സമയത്താണ് കൊണ്ടലിലേക്ക് വരുന്നത്. മറ്റ് രണ്ട് സിനിമയും കേരളത്തിന് പുറത്ത് ഷൂട്ട് ചെയ്യേണ്ടവയായിരുന്നു. കോവിഡിന്റെ റൂൾസ് ആന്റ് റഗുലേഷൻസ് കാരണം അമ്പത് പേരെ വെച്ച് മാത്രമേ സിനിമ നടക്കുകയുള്ളൂ. കുറേ വർഷങ്ങളായി മനസിൽ കിടക്കുന്നതാണ് കടലുമായി ബന്ധപ്പെട്ടൊരു സിനിമ എന്നത്. ഒരു ബോട്ടും അതിൽ കുറച്ചാളുകളും ആണെങ്കിൽ വളരെ കുറച്ച് ക്രൂ മതിയാകും. അതാണ് ഇങ്ങനെയൊരു കഥാ പരിസരത്തിലേക്ക് മനസ് പോകാൻ കാരണമായത്.
കടലിൽ വെച്ച് എന്തെങ്കിലും അസാധാരണ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്ന് വള്ളം സ്വന്തമായുള്ള എന്റെ ഒരു സുഹൃത്തിനോട് ഞാൻ ചോദിച്ചു. അവൻ വർഷങ്ങളായി കടലിൽ പണിക്ക് പോകുന്നതാണ്. അങ്ങനെയൊന്നും ഉണ്ടാകാറില്ല എന്നാണ് ആദ്യം അവൻ പറഞ്ഞത്. എന്തെങ്കിലും തല്ലും ബഹളവും ഉണ്ടാകാറുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞ ഒരു സംഭവമാണ് ഈ കഥയിലേക്ക് വരാൻ കാരണം. സുഹൃത്ത് ഒരു ദിവസം വള്ളവുമായി കടലിലായിരിക്കുമ്പോൾ ഒരു വലിയ ബോട്ട് വന്ന് അടുത്തേക്ക് നിർത്തി നിങ്ങൾ കരയിലോട്ട് പോകുന്നുണ്ടോ എന്ന് ചോദിച്ചു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ബോട്ടുകാർക്കൊപ്പം പണിക്ക് വന്നൊരാൾ മരിച്ചുപോയി, അയാളെ ഒന്ന് ഹാർബറിൽ എത്തിക്കാൻ പറ്റുമോയെന്ന് ചോദിച്ചു. സുഹൃത്തും കൂട്ടരും പറ്റില്ല എന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലല്ലോ. ഒരു പരിചയവും ഇല്ലാത്ത ആൾക്കാരായതുകൊണ്ടാണ് പറ്റില്ലെന്ന് പറഞ്ഞതെന്നും അവൻ പറഞ്ഞു. അവർ മരിച്ചയാളുമായി തിരിച്ച് കടലിൽ പണിക്ക് പോയി എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി. കൂടെ ജോലിക്ക് വന്ന മരിച്ചുപോയ ആളെയും കൊണ്ട് കടലിലേക്ക് പോയോ, കരയിലേക്കല്ലേ പോകേണ്ടത് എന്ന് ഞാൻ ചോദിച്ചു. അപ്പോഴാണ് ഇതിലെ കണക്കുകളൊക്കെ മനസിലാകുന്നത്. പണിക്ക് പോകുന്ന ബോട്ട് നാലായിരം ലിറ്ററോളം ഡീസലടിക്കും, 400-500 ബ്ലോക്ക് ഐസ് ഇതിൽ സ്റ്റോർ ചെയ്യും. മൂന്ന്-മൂന്നര ലക്ഷം രൂപ ചെലവാണ് ഒരു തവണ പോയി വരുന്നതിന്. ഇതൊക്കെ എനിക്ക് അപ്പോഴാണ് മനസിലാകുന്നത്. കടലോരത്തായിരുന്നിട്ട് പോലും എനിക്കറിയാത്ത കുറേ കാര്യങ്ങളുണ്ടായിരുന്നു. നമുക്കീ കരയല്ലേ അറിയൂ, കടലിന്നപ്പുറത്ത് എന്താ സംഭവിക്കുന്നതെന്ന് അറിയില്ലല്ലോ. സ്വഭാവികമായും ഇത് മറ്റുള്ളവരിലും എക്സൈറ്റ്മെന്റ് ഉണ്ടാക്കുമെന്ന് എനിക്ക് തോന്നി. കഥ ഉണ്ടാകുന്നത് അങ്ങനെയാണ്.
തീരദേശമേഖല, പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെ തീരദേശം അനുഭവിക്കുന്ന തീരശോഷണവും മത്സ്യത്തൊഴിലാളികളുടെ മരണവും തീരമേഖലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളും രാഷ്ട്രീയ സാമൂഹിക ഇടപെടലുകളും ‘കൊണ്ടൽ’ പറയുന്നുണ്ട്. ഒരു മുഖ്യധാരാ സിനിമയിൽ അത്തരം കാര്യങ്ങൾ വിശാലമായി ചിത്രീകരിക്കുന്നതിൽ പരിമിതികളുള്ളതായി തോന്നിയോ?
ആത്യന്തികമായി ഞാൻ ചെയ്യുന്നത് ഒരു കൊമേഷ്യൽ സിനിമയാണല്ലോ. ഇതിന് പൈസ മുടക്കുന്ന ഒരു നിർമ്മാതാവ് ഉണ്ട്. കൊമേഷ്യലി വിജയിക്കുന്ന കാര്യങ്ങളുണ്ടോ എന്ന് നോക്കിയാവും നിർമ്മാതാക്കൾ ഇതിൽ ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാകുക. ഡോക്യുമെന്ററിയിൽ പറയുന്നത് പോലെ അത്ര വിശദമായി കൊമേഷ്യൽ സിനിമയിൽ പറയാൻ ബുദ്ധിമുട്ടുണ്ടാകും. ഞാൻ തീരദേശത്ത് നിന്നുള്ള ആളായതും കൊണ്ടും എനിക്ക് ആ ലൈഫ് അറിയുന്നതുകൊണ്ടും ഇതൊന്നും പറയാതെ എനിക്ക് പോകാൻ പറ്റില്ല. പിന്നെ ഇത്തരം വിഷയങ്ങളെല്ലാം തന്നെ എന്നെങ്കിലും എവിടെയെങ്കിലും പറയണമെന്ന് തീർച്ചയായിട്ടും എന്റെ ഉള്ളിലുണ്ടായിരുന്നു. മുഴച്ചു നിൽക്കാത്ത രീതിയിൽ അത് സിനിമയിൽ ഉൾക്കൊള്ളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതിന്റെ പ്രതിഫലനം തന്നെയാണ് ഈ സിനിമയിൽ കാണുന്നത്. മാത്രവുമല്ല എന്നെ എവിടെയെങ്കിലും ഏതെങ്കിലുമൊക്കെ രീതിയിൽ വേദനിപ്പിച്ച സംഭവങ്ങളാണ് ഇതെല്ലാം. സിനിമയിൽ ആ അമ്മച്ചിയുടെ മീൻ തട്ടിക്കളയുന്നത് നടന്ന സംഭവമാണ്. തുടക്കത്തിൽ ആദ്യത്തെ ഫൈറ്റിന് കാരണമാകുന്ന പഴയ മീനിന്റെ സംഭവം, രാജ് ബി ഷെട്ടി സാറിന്റെ ഇൻട്രോ കാണിക്കുമ്പോൾ വരുന്ന മിനിസ്റ്ററിന്റെ സീൻ ഇവിടെ മുതലപ്പൊഴി ഹാർബറിൽ നടന്ന സംഭവമാണ്. എനിക്ക് ഒരുപാട് ആലോചിച്ച് ഒന്നിനും കണ്ടുപിടിക്കേണ്ടി വന്നിട്ടില്ല. എന്റെ തീരദേശ മേഖലയിൽ നിന്നും ഇനിയും നൂറ് കണക്കിന് കഥകൾ പറയാനുണ്ട്. ഞാനിപ്പോൾ പറഞ്ഞ കഥ വളരെ പുതുമയുള്ളതൊന്നുമല്ല, അതിന്റെ പശ്ചാത്തലം മാത്രമാണ് പുതിയത്. ഒരുപാട് കഥകളുള്ളൊരു നാടാണിത്. അധികം പറയപ്പെട്ടിട്ടില്ലാത്ത ടെറിട്ടറിയും മനുഷ്യരുടെയും ഇടമാണ്. അത് മുഖ്യധാരാ സിനിമയിൽ ചിത്രീകരിക്കുന്നതിന് പരിമിതികളുണ്ടോയെന്ന് ചോദിച്ചാൽ ഏത് രീതിയിൽ അത് പറയുന്നു എന്നത് അനുസരിച്ചിരിക്കും.
ഒരു ആക്ഷൻ ത്രില്ലർ സ്വഭാവം ഉള്ളപ്പോഴും മത്സ്യബന്ധന മേഖലയിലെ മുതലാളിത്ത വാണിജ്യ താത്പര്യങ്ങൾ എങ്ങനെയാണ് കമ്മ്യൂണിറ്റിക്കുള്ളിൽ തന്നെ വിഭാഗീയത സൃഷ്ടിക്കുന്നതെന്ന് കൂടി പറയാൻ മനഃപൂർവമായി ശ്രമം നടത്തിയിട്ടില്ലേ?
കമ്മ്യൂണിറ്റിക്കുള്ളിലുള്ള വിഭാഗീയതായി ആ പ്രശ്നം തോന്നിയിട്ടില്ല. ഞായറാഴ്ച മത്സ്യത്തൊഴിലാളി കടലിൽ പോകില്ല, ഫുൾമൂൺ സമയത്ത് ഫിഷിങ് നടക്കില്ല. 2 മാസം ട്രോളിങ് നിരോധനം, അത് കഴിഞ്ഞ് സെപ്റ്റംബർ മുതൽ ഡിസംബർ വരെ പണി കുറവാണ്. തൊഴിൽ നടക്കുന്നത് ചെറിയ ഒരു പിരീഡാണ്. ബാക്കിയുള്ള സമയത്ത് ഇവർ എങ്ങനെ സർവൈവ് ചെയ്യുമെന്ന് ചോദിച്ചാൽ, ഇത്തരത്തിൽ വരവ് മീൻ കൊണ്ടുവന്ന് മറ്റ് സ്ഥലങ്ങളിൽ വിറ്റിട്ടാണ് അവിടുത്തെ കുടുംബങ്ങൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ പൂർണമായും അതിനെ കട്ട് ചെയ്യാൻ പറ്റില്ല. ഇവരുടെ ജീവിതം വർഷത്തിന്റെ പകുതി സമയവും പുറത്ത് നിന്ന് വരുന്ന മീൻ കൊണ്ടാണ് കഴിയുന്നത്. അതിനെ പൂർണമായി നിഷേധിക്കാൻ പറ്റില്ല. അഞ്ചുതെങ്ങിൽ തൂത്തുക്കുടിയിൽ നിന്നും ഒക്കെ മീൻ വരാറുണ്ട്. സാമ്പത്തിക അന്തരം ഉണ്ട്. ഓർഗനൈസ്ഡ് ആയ ഒരു സിസ്റ്റം ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. മത്സ്യത്തിന്റെ വില നിശ്ചയിക്കുന്ന കാര്യത്തിൽ, ഷെയർ നിശ്ചയിക്കുന്ന കാര്യത്തിൽ ഒക്കെ പരമ്പരാഗത രീതിയിലാണിവിടെ പോയിക്കൊണ്ടിരിക്കുന്നത്. അധികാരികൾ അതിൽ കൃത്യമായ ഇടപെടൽ നടത്തിക്കഴിഞ്ഞാൽ കുറച്ചുകൂടി ഓർഗനൈസ്ഡായി പോകും. എന്നാൽ കമ്മ്യൂണിറ്റിയിൽ വിഭാഗീയതയില്ല എന്നാണ് എനിക്ക് തോന്നുന്നത്.
ചെമ്മീനുൾപ്പടെയുള്ള മലയാള സിനിമകളിലെ കാല്പനിക ബോധങ്ങളാണ് ഇന്നും മത്സ്യത്തൊഴിലാളികളുടെ ജീവിതമെന്ന രീതിയിൽ കേരളത്തിന്റെ സാംസ്കാരിക ഇടങ്ങൾ പോലും ആഘോഷിക്കുന്നത്. എന്നാൽ കൊണ്ടൽ എന്ന് പേര് മുതൽ സിനിമയിലെ ഭാഷാ, കഥാപരിസരം, വസ്ത്രങ്ങൾ, ബോട്ടിലെ മത്സ്യത്തൊഴിലാളി ജീവിതം എന്നിവയൊക്കെ യഥാർത്ഥ മത്സ്യത്തൊഴിലാളി ജീവിതത്തിന്റെ അടയാളപ്പെടുത്തലാകുന്നുണ്ട്. ഇതിനെ കുറിച്ച് വിശദീകരിക്കാമോ?
ചെമ്മീൻ, അമരം ഉൾപ്പടെയുള്ള സിനിമകൾ എനിക്കും ഇഷ്ടപ്പെട്ട സിനിമകളാണ്. കൾട്ട് ക്ലാസിക് സിനിമകൾ തന്നെയാണ്. അത് ആളുകൾ കാണുന്നത് സിനിമയായിട്ടാണ്. ആ സിനിമയുടെ കൊമേഷ്യൽ സ്വീകാര്യത കൂടി വെച്ചിട്ടാണ് ഇത്തരം കാര്യങ്ങളൊക്കെ തീരുമാനിക്കപ്പെടുന്നത്. കൊമേഷ്യലി എത്രത്തോളം സ്വീകരിക്കപ്പെടുന്നോ അത് വെച്ചിട്ട് ആ സിനിമ ആഘോഷിക്കപ്പെടും. അതിനകത്തുള്ള ജീവിതം യാഥാർത്ഥ്യത്തോട് എത്രത്തോളം അടുത്തിട്ടുണ്ട് എന്നതിന് അവിടെ ബന്ധമില്ല. ആ സിനിമ കഥ പറച്ചിലിൽ എത്ര ആളുകളെ രസിപ്പിച്ചു എന്ന് മാത്രമാണ് നോക്കുന്നത്. എന്നാൽ ഇതാണ് മത്സ്യത്തൊഴിലാളികൾ, ഇതാണ് ഇവരുടെ സംഭാഷണ രീതി എന്ന് കുറേ ആളുകളെങ്കിലും തെറ്റിദ്ധരിക്കും എന്നത് സത്യമാണ്. കഥ പറയുമ്പോൾ റോ ആയിട്ട് തന്നെ പറയണമെന്ന് എനിക്കുണ്ടായിരുന്നു. എനിക്കിത് അടുത്തറിയുന്ന ആളുകളും ജീവിതവും ആണ്. തമിഴിൽ വടചെന്നൈ പോലെയുള്ള സിനിമകളിൽ മത്സ്യത്തൊഴിലാളി ജീവിതം റോ ആയിട്ട് പറഞ്ഞിട്ടുണ്ട്. മലയാളത്തിൽ അത് അങ്ങനെ പറഞ്ഞിട്ടില്ല. പിന്നെ ഇതൊരു സിനിമ കാണുന്നതുപോലെ ഓഡിയൻസ് മറന്നുപോകണമെന്ന് ഉണ്ടായിരുന്നു. എഴുത്തിന്റെ സമയത്ത് തന്നെ അത് ധാരണയുണ്ടായിരുന്നു. കാരണം കരയിൽ നിന്ന് കടലിലിൽ ബോട്ടിലേക്ക് കഥാപാത്രങ്ങൾ കയറുമ്പോൾ ഓഡിയൻസിനേയും കൂടി ബോട്ടിലേക്ക് കൂട്ടികൊണ്ട് പോകണമെന്നുണ്ടായിരുന്നു. കര മറന്നുപോകണം, ആ ബോട്ടിലെ ലൈഫ് നമ്മൾ കാണുന്നത് പോലെയാകണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. അവിടെ നടക്കുന്ന ജീവിതത്തെ പ്രേക്ഷകർ കാണുന്നത് പോലെ തന്നെ ഫീൽ ചെയ്യിക്കണമെന്നുണ്ടായിരുന്നു. അങ്ങനെ തോന്നണമെങ്കിൽ എല്ലാം റിയൽ ആയിരിക്കണം.
ഞാൻ എന്റെ നാട്ടിൽ കണ്ട ആൾക്കാരും അവരുടെ വസ്ത്രധാരണവും സ്ലാങ്ങും ആണ് ഉപയോഗിച്ചത്. കടപ്പുറം എന്ന് പറയുമ്പോൾ നീട്ടി വലിച്ച് ഒരു പ്രത്യേക ഭാഷയിൽ സംസാരിക്കുന്ന ഒരു രീതിയുണ്ട്. ഡബിങ്ങിന് വിളിക്കുമ്പോൾ പോലും ചില ആൾക്കാർ വന്ന് ഇങ്ങനെയൊക്കെ സംസാരിക്കുമായിരുന്നു. ഞാൻ അത് തിരുത്തിയിട്ടുണ്ട്. ഓഡിഷൻ സമയത്തും പലരും അങ്ങനെ സംസാരിച്ചിരുന്നു. മുന്നിൽ നമ്മുടെ ലൈഫ് ഉള്ളപ്പോൾ ലൈഫ് തന്നെയാണ് റഫറൻസ്.
തീരദേശവുമായി ബന്ധപ്പെട്ട വിഷയം സിനിമ ആക്കാൻ ശ്രമിച്ചപ്പോൾ നിർമാതാക്കളെ ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നോ?
അങ്ങനെ ബുദ്ധിമുട്ടുണ്ടായില്ല. കഥാപരിസരം കടലായതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. 60-70 പ്രൊഡ്യൂസേഴ്സിനോട് ഞാൻ കഥ പറഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ്, അതായത് പ്രൊഡ്യൂസേഴ്സിലേക്ക് എത്തുന്ന വേർഷനിൽ കടൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ ഇപ്പോൾ കാണുന്ന അഞ്ചുതെങ്ങിലെ വേർഷൻ ഇല്ലായിരുന്നു. കഥ പറഞ്ഞ് കഴിയുമ്പോൾ പൂർണമായി നടക്കുന്നത് കടലിലായതിനാൽ ഇതെങ്ങനെ സാധ്യമാകും എന്നുള്ളതായിരുന്നു സംശയം. കടലിൽ കാണിക്കാവുന്നതിന്റെ അങ്ങേ അറ്റം എല്ലാം കാണിക്കുന്നുണ്ട്. കടലിൽ അണ്ടർ വാട്ടറുണ്ട്, ബോട്ടുണ്ട്, ഫൈറ്റുണ്ട്, കാറ്റും മഴയും ഉണ്ട്… ഇതെല്ലാം കൂടി എങ്ങനെ ഷൂട്ട് ചെയ്യും എന്ന ഇതിന്റെ എക്സിക്യൂഷനാണ് എല്ലാവരെയും ആശങ്കയിലാക്കിയത്. കരയിലാണ് ചെയ്യുന്നതെങ്കിൽ ഒരു ഇക്കണോമിക് സൈഡ് ഒക്കെ പ്രൊഡ്യൂസേഴ്സിന് കിട്ടും. എത്ര ചെലവാകും എന്നുള്ളതിനെ കുറിച്ച് അവർക്കൊരു കാൽക്കുലേഷൻ ഉണ്ട്. പക്ഷേ, കടലിലാകുമ്പോൾ ഇവർക്കാർക്കും പരിചയമില്ല. എങ്ങനെ ഇത് ഷൂട്ട് ചെയ്യുമെന്നോ എത്ര ദിവസം എടുക്കുമെന്നോ പറയാൻ പറ്റില്ല. കരയിൽ ഷൂട്ട് ചെയ്യുന്നതിനേക്കാൾ അധിക സമയം കടലിലെടുക്കും. ഏകദേശം ബജറ്റ് ഇടാൻ പറ്റില്ല. ആ കൺസേൺ കൊണ്ടാണ് ഒരുപാട് പ്രൊഡ്യൂസേഴ്സിനെ കാണേണ്ടി വന്നത്. വീക്കെന്റ് ബ്ലോക്ബസ്റ്റേഴേസും സോഫിയ മാഡവും ആണ് ധൈര്യം തന്നത്. അവരാണ് ഇത് ചെയ്യാമെന്ന തീരുമാനം എടുക്കുന്നത്. അത് വലിയൊരു അവസരമായിരുന്നു എനിക്ക്.
നേരത്തെ ചോദിച്ചല്ലോ, തീരദേശത്ത് വളർന്ന വ്യക്തി എന്ന നിലയിലാണോ ആദ്യ സിനിമയായി ഇതെടുത്തത് എന്ന്. ആദ്യ സിനിമയായി ഇങ്ങനെ ഒരു സിനിമ ആരും എടുക്കില്ല. ഞാൻ പുതിയ ആളാണ്, ഞാൻ ഇത് എങ്ങനെ എക്സിക്യൂട്ട് ചെയ്യും എന്ന് ഒരു ഉറപ്പും ഇല്ല. രാമേശ്വരത്തായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. ആദ്യം ഷൂട്ട് ചെയ്തത് റാഫി എന്ന ചെറിയ പയ്യനെ കടലിൽ ഇടുന്ന സീൻ ആയിരുന്നു. അതൊക്കെ കഴിഞ്ഞാണ് ഇത് പോസിബിളാണ് എന്ന നിലയിലേക്ക് എല്ലാവരും എത്തുന്നത്. എന്നാൽ വീണ്ടും ബുദ്ധിമുട്ടുകളുണ്ടായിരുന്നു. മൂന്ന് ദിവസത്തെ ഷൂട്ട് കഴിഞ്ഞ് രാമേശ്വരത്ത് മഴ പെയ്തിട്ട് ഷൂട്ട് നിർത്തേണ്ടി വന്നു. ബാക്കി കൊല്ലത്ത് ശക്തികുളങ്ങരയിലാണ് ഷൂട്ട് ചെയ്തത്. ഏകദേശം ഒരു മണിക്കൂർ കടലിനകത്തേക്ക് യാത്ര ചെയ്തിട്ടാണ് സിനിമ ഷൂട്ട് ചെയ്തത്. ഒരു ദിവസം മൂന്ന് മൂന്നര മണിക്കൂർ ട്രവലിന് വേണ്ടി മാത്രം പോകുമായിരുന്നു. കേരളത്തിൽ കടൽ കുറച്ചുകൂടി റഫ് ആയിരുന്നു. കരയിൽ നിന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് രാവിലെ എല്ലാരും ട്രാവൽ ചെയ്ത് കടലിൽ ഷൂട്ടിന് പോകും. ലഞ്ചിന്റെ ടൈം ആകുമ്പോൾ തിരിച്ച് കരയിൽ വരും. ഭക്ഷണം കൊണ്ട് പോകാം. പക്ഷേ ബോട്ടിൽ ഇരിക്കുന്ന ആർട്ടിസ്റ്റുകൾക്കൊക്കെ ടോയ്ലറ്റ് ആവശ്യങ്ങൾക്കായി കരയിൽ വരണമല്ലോ. അതുകൊണ്ട് ഭക്ഷണം കഴിക്കും, തിരിച്ചു പോകും. അങ്ങനെയാണ് കടലിലെ ഷൂട്ട് നടന്നത്.
കടലിലെ ഷൂട്ടിംഗിനെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. ഭൂരിഭാഗവും കടലിൽ ബോട്ടിനുള്ളിലാണല്ലോ ചിത്രീകരിച്ചിരിക്കുന്നത്. അങ്ങനെയൊരു കഥാവതരണ രീതി തെരഞ്ഞെടുക്കാനുള്ള കാരണമെന്തായിരുന്നു ?
ഇത്തരം കഥ പറച്ചിൽ ഇഷ്ടമായതുകൊണ്ട് കൂടിയാണ് ചെയ്തത്. 12 angry men, Hateful Eight പോലെയുള്ള സിനിമകൾ വളരെ ഇഷ്ട്ടമാണ്. ഇത് കംപ്ലീറ്റ്ലി ഡിസ്ഓർഡറായി ഷൂട്ട് ചെയ്ത സിനിമാണ്. ഞാൻ തുടർച്ചയായി ഷൂട്ട് ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. അങ്ങനെയൊരു സ്ക്രിപ്റ്റ് ആയിരുന്നു നമ്മുടേത്. അങ്ങനെയാകുമ്പോൾ ആർട്ടിസ്റ്റിന്റെ പെർഫോമൻസിന്റെ ഗ്രാഫ് നമുക്ക് കൃത്യമായി മുന്നോട്ടുകൊണ്ട് പോകാൻ പറ്റും. പക്ഷേ കടലിൽ ഷൂട്ട് ചെയ്തത് കൊണ്ട് അത് പറ്റിയില്ല. കടലിൽ ഷൂട്ട് ചെയ്യുമ്പോൾ എങ്ങനെ ഷൂട്ട് ചെയ്യണം, എപ്പോൾ ഷൂട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് നമ്മളല്ല, കടലാണ്. നമ്മൾ രാവിലെ കടലിലേക്ക് പോയി ഷൂട്ട് ചെയ്യുമ്പോൾ നമുക്ക് ചില പ്ലാനുകളുണ്ടല്ലോ. ഈ സീനിൽ നമുക്ക് കാറ്റ് വേണം, ആ സീനിന്റെ ഇന്റൻസിറ്റി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കാറ്റ് ഉണ്ടാവണം, ചില സീൻ നല്ല വെയിലുള്ള സമയത്തായിരിക്കണം. ചില സീനിൽ സൺലൈറ്റ് വേണ്ടാ, ഒരു ഡൾ ലൈറ്റ് ആയിരിക്കണം. അങ്ങനെ നമ്മൾ പ്ലാൻ ചെയ്തിട്ടുണ്ട്. നല്ല കാറ്റുള്ള സമയത്തെ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഉൾക്കടലിൽ പ്രൊപ്പല്ലർ വെച്ച് കാറ്റ് അടിക്കുക എന്ന് പറയുന്നത് അസാധ്യമായ കാര്യമാണ്. മറ്റൊന്ന് ഈ ബോട്ട് എന്ന് പറയുന്നത് 120 അടി നീളമുള്ള ബോട്ടാണ്. പ്രോപ്പല്ലർ എടുത്തുവെച്ച് കഴിഞ്ഞാൽ എവിടെ വരെ കാറ്റ് പോകും? ക്ലോസ് ഷോട്ട് ഒക്കെ എടുക്കാം പക്ഷെ വൈഡ് എടുക്കാൻ പറ്റില്ല. അലോഷി മരിച്ചു കിടക്കുമ്പോൾ ഒരു വൈഡ് ഷോട്ടുണ്ട്. അതൊക്കെ കാറ്റ് ഉള്ളപ്പോൾ നമ്മൾ ഷൂട്ട് ചെയ്തതാണ്. കാറ്റ് ഉള്ളപ്പോൾ ഷൂട്ട് നടുക്കുന്ന സമയത്ത് ഒറ്റയടിക്ക് കാറ്റ് നിൽക്കും. പിന്നെ ആ സീൻ നമുക്ക് തുടരാൻ പറ്റില്ല. ഇത് ഭയങ്കര ചലഞ്ചായിരുന്നു. ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കിയത് ആക്ടേഴ്സിനാണ്. ആക്ടേർസിനെ സംബന്ധിച്ച് അവരുടെ ഇമോഷണൽ ഗ്രാഫ് ഒറ്റയടിക്ക് മാറണം. നമുക്ക് വേറെ വഴിയില്ല. 99 ശതമാനം ആളുകളും ബോട്ടിൽ പരിചയമുള്ള ആളുകളല്ല. ബോട്ടിനകത്ത് നിൽക്കാൻ തന്നെ ബുദ്ധിമുട്ടാണ്. അപ്പോൾ പെർഫോം ചെയ്യുക കൂടി വേണം. അങ്ങനെയുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാൽ തിരിച്ച് കരയിലേക്ക് പോകണം. ഏകദേശം 85-86 ആളുകളുള്ള ടോട്ടൽ ക്രൂവുമായാണ് ഷൂട്ടിനായി ബോട്ടിൽ കടലിലേക്ക് പോയിരുന്നത്. കഥാപാത്രങ്ങളായ 13 പേരെ മാത്രമേ സീനിൽ കാണാൻ പാടുള്ളൂ. ബാക്കി ഉള്ള 70 ലധികം ആളുകളുണ്ട്. ഇവരെയെല്ലാം ഒളിച്ചു നിർത്തിയിരിക്കുകയാണ്. അത്രയും ആളുകൾ സഹകരിച്ചിട്ടാണ് ഷൂട്ട് നടന്നത്. എല്ലാവരും നൂറ് ശതമാനം സഹകരിച്ചു. അപകടം ഉണ്ടാകാനുള്ള സാധ്യത വളരെകൂടുതലായിരുന്നു. നീന്തലറിയാത്ത ഒരുപാട് പേര് ഉണ്ടായിരുന്നു. ഒരാളുടെ മൊബൈൽ കടലിൽ പോയി എന്നല്ലാതെ വെറെ പ്രശ്നമൊന്നുമില്ലാതെ പൂർത്തിയാക്കാൻ പറ്റി എന്നത് ഇപ്പോൾ ആലോചിക്കുമ്പോൾ സന്തോഷമുണ്ട്.
സിനിമ എന്ന് മുതലാണ് സ്വപ്നം കണ്ടു തുടങ്ങിയത്. ആ സ്വപ്നം യാഥാർഥ്യമായ കൊണ്ടൽ വരെയുള്ള യാത്രയെ കുറിച്ച് പറയാമോ?
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ വരയ്ക്കും. പിന്നെ വിഷ്വൽസിനോടുള്ള ഇഷ്ടം ഉണ്ട്. ഫോട്ടോസ്, വീഡിയോസ് എടുക്കുന്ന ആളാണ്. സിനിമ കുറേ കലകളുടെ സ്പേസ് ആണല്ലോ. സ്കൂളിൽ പഠിക്കുമ്പോൾ സിനിമകൾ കണ്ടിട്ട് കൂട്ടുകാരോട് വട്ടം കൂടിയിരുന്ന് കഥ പറയുമായിരുന്നു. ഫ്രെയിം ബൈ ഫ്രെയിം പറയും. അങ്ങനെ സിനിമ ഉള്ളിലുണ്ടായിരുന്നു. പക്ഷേ സിനിമക്കാരൻ ആകണമെന്ന ആഗ്രഹമൊക്കെ വന്നത് ഡിഗ്രി കഴിഞ്ഞിട്ടാണ്. തീരദേശ മേഖലയിലായതുകൊണ്ടും ഇവിടെയുള്ളവർക്ക് സിനിമ അപ്രാപ്യമായിരുന്നതുകൊണ്ടും സിനിമക്കാരായ ആളുകളെ ഒന്നും എനിക്കറിയില്ലായിരുന്നു. ഞാൻ ഫിലിം ക്യാമറ കാണുന്നത് പോലും ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. ഡിഗ്രി ആയപ്പോൾ ചെറിയ രീതിയിൽ കഥകൾ എഴുതാൻ തുടങ്ങി. അങ്ങനെ സിനിമ പഠിക്കണമെന്ന് തോന്നി. സിനിമക്കാരെ ഇന്റർവ്യൂ വായിച്ച് ഫോളോ ചെയ്യാൻ തുടങ്ങി. അങ്ങനെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണമെന്ന് ആഗ്രഹം വന്നു. ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ എം.എ ഇൻ സിനിമ ആന്റ് ടെലിവിഷൻ എന്ന കോഴ്സ് ചെയ്തു. അവിടെ പഠിക്കുന്ന സമയത്ത് തന്നെ എന്റെ അധ്യാപകനൊപ്പം കുറേ പരസ്യ ചിത്രങ്ങളിൽ അസിസ്റ്റന്റ് ക്യാമറാമാൻ ആയി വർക്ക് ചെയ്തു. മനസ്സിൽ ടെക്നോളജി മാത്രമായപ്പോൾ പേടിയായി. ഞാൻ സാറിന് ഒരു നീണ്ട കത്തെഴുതി ചെന്നൈയിലേക്ക് സ്ഥലം വിട്ടു. ചെന്നൈയിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തു. അവിടെ കുറച്ച് സ്ട്രഗിളിങ് ആയിരുന്നു. കൊച്ചി പോലെയല്ല, ഇവിടെ 100 അസിസ്റ്റന്റ് ഡയറക്ടർസ് ഉണ്ടെങ്കിൽ അവിടെ 1000 ഉണ്ടാവും. എനിക്ക് തമിഴ് സിനിമയോട് ഇഷ്ടമായിരുന്നു. നമ്മുടെ തീരപ്രദേശം, നമ്മുടെയീ നാടിന്റെ കൾച്ചർ, ടേസ്റ്റ് ഒക്കെ തമിഴ് ആണ്. അവിടെ കുറേ നാൾ ട്രാവൽ ചെയ്തു. സിനിമയിൽ നിന്നുതന്നെ ഉണ്ടായ ചില മനപ്രയാസങ്ങൾ കാരണം 4-5 വർഷങ്ങൾ സിനിമ വിട്ട് നിൽക്കേണ്ടി വന്നിരുന്നു. പിന്നെ തിരിച്ച് വീണ്ടും സിനിമയിലേക്ക് വരുന്നത് കോളേജ് സുഹൃത്തായ പ്രവീൺ ഡയറക്ട് ചെയ്ത ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ്. സുജാതക്ക് ശേഷം, അന്വേഷണം, ചതുർമുഖം എന്നീ പടങ്ങളിൽ വർക്ക് ചെയ്തു. വീണ്ടും തമിഴ്നാട്ടിൽ ഒരു വർഷത്തോളം വർക്ക് ചെയ്തിരുന്നു. പിന്നീട് കോവിഡ് വന്നതോടെയാണ് ഈ വർക്കിലേക്ക് എത്തുന്നത്.