‘കൊണ്ടൽ’: തീര സമൂഹങ്ങൾക്കുള്ളിലെ ആന്തരിക വൈരുദ്ധ്യങ്ങളിലൂടെ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

തീരദേശത്തെയും തീരദേശത്ത് ജീവിക്കുന്ന മനുഷ്യരുടെയും ജീവിതത്തെ ആധാരമാക്കിയുള്ള ചലച്ചിത്ര ആവിഷ്കാരങ്ങൾ മലയാള ഭാഷയിൽ നന്നേ കുറവാണ്. സമീപകാലത്തായി മലയാള സിനിമയിലും സാഹിത്യത്തിലും ദേശപരമായും, ഭാഷാപരമായും, ലിംഗപരമായും, ജാതീയമായും മറ്റും പ്രാന്തവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതത്തെ പറ്റിയുള്ള ആഖ്യാനങ്ങൾ വന്ന് തുടങ്ങിയിട്ടുണ്ട്. ഇത്തരം കലാസൃഷ്ടികളുടെ പിറവിക്ക് പിന്നിൽ ഉള്ളത് ഏറിയ പങ്കും അതത് സബാൾട്ടേൺ പശ്ചാത്തലത്തിൽ നിന്നുള്ള കലാകാരന്മാരോ/കലാകാരികളോ സാഹിത്യകാരന്മാരോ/സാഹിത്യകാരികളോ ആണെന്ന് കാണാൻ കഴിയും. അതുകൊണ്ടുതന്നെ ഇത്തരം കലാ, സാഹിത്യ സൃഷ്ടികൾ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടി നടത്തുന്നുണ്ട് എന്ന് പറയേണ്ടി വരും. കാലാകാലങ്ങളായി പിന്നോക്ക ജനജീവിതങ്ങളെകുറിച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള പരമ്പരാഗത വാർപ്പുമാതൃകകൾ പൊളിക്കുവാനും ഒരു പുതിയ സൗന്ദര്യശാസ്ത്രം രൂപപ്പെടുത്തുവാനുമുള്ള സാധ്യതകളാണ് ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലുള്ള ഇത്തരം നറേറ്റീവുകൾ മുന്നോട്ട് വെക്കുന്നത്. ഈ ശ്രമങ്ങളുടെ തുടർച്ചയായി വേണം തെക്കൻ കേരളത്തിലെ തീരദേശത്തുകാരനായ അജിത്ത് മാമ്പള്ളി സംവിധാനം ചെയ്ത ‘കൊണ്ടൽ’ എന്ന സിനിമയെ വിലയിരുത്താൻ.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കൊണ്ടൽ കടലിനെ കുറിച്ചും കടലുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ട് ജീവിക്കുന്ന മനുഷ്യരെയും പറ്റിയുള്ള സിനിമയാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ തുടങ്ങിയ മൂന്നു മതവിഭാഗങ്ങളിലും ഉൾപ്പെടുന്നവർ ആണെങ്കിലും, തെക്കൻ കേരളത്തിലെ ക്രിസ്ത്യാനികളായ ലത്തീൻ കത്തോലിക്കരുടെ ജീവിതത്തെ ചുറ്റിപ്പറ്റി ഉള്ളതാണ് കൊണ്ടൽ സിനിമയുടെ കഥാപരിസരം. ഈ സിനിമയിലൂടെ രൂപപ്പെടുന്ന പ്രതിനിധാനത്തിന്റെ രാഷ്ട്രീയമോ, അല്ലെങ്കിൽ ഈ സിനിമയുടെ സൗന്ദര്യശാസ്ത്ര വിശകലനമോ അല്ല ഇവിടെ ഉദേശിക്കുന്നത്. നേരെ മറിച്ച്, കൊണ്ടൽ സിനിമയുടെ പ്രമേയത്തിന്റെ വെളിച്ചത്തിൽ കേരളത്തിന്റെ തീരദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങളെ കുറിച്ചുള്ള ഒരു സമൂഹശാസ്ത്ര ധാരണ എങ്ങനെ രൂപപ്പെടുത്താം എന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്.

സിനിമയിൽ നിന്നുള്ള ദൃശ്യം.

കൊണ്ടൽ വരച്ചിടുന്ന കടൽ ജീവിതം

തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിലും യന്ത്രവത്‌കൃത മത്സ്യബന്ധനം നടക്കുന്ന പുറം കടലിലുമാണ് കൊണ്ടൽ സിനിമയുടെ കഥ നടക്കുന്നത്. തീരദേശവും കടൽ ജീവിതവുമായി ബന്ധപ്പെട്ട് കൊണ്ടൽ ചർച്ച ചെയ്യുന്ന രണ്ട് വിഷയങ്ങളാണ് ഈ ലേഖനം വിലയിരുത്തുന്നത്. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാമത്തെ വിഷയം, സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന അഞ്ചുതെങ്ങിലെ മത്സ്യ വിപണന തൊഴിലിൽ ഏർപ്പെട്ട സ്ത്രീയുടെ മീനും ചരുവവും അഞ്ചുതെങ്ങിൽ നിന്നും വിപണനത്തിന് കൊണ്ടുവരുന്നത് മോശം മീൻ ആണ് എന്ന കുറ്റം ആരോപിച്ച് ചവിട്ടി തെറിപ്പിക്കുന്നതാണ്. എന്നാൽ ഈ മോശം മീൻ അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികൾ പിടിക്കുന്നതല്ലെന്നും, അഞ്ചുതെങ്ങിൽ നിന്നും കൊണ്ടുവരുന്ന മീൻ മോശം ആണ് എന്ന വാർത്ത നാട്ടിൽ പരക്കാൻ കാരണം ആ നാട്ടിൽ തന്നെയുള്ള വ്യവസായികൾ അന്യ നാടുകളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മോശം മീനാണെന്നും സിനിമ കാണിക്കുന്നു. ഈ സംഭവത്തെ മുൻ നിർത്തി മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്കുള്ളിൽ വികസനം രൂപപ്പെടുത്തിയ ആന്തരിക വൈരുദ്ധ്യങ്ങളെ ലേഖനം പരിശോധിക്കുന്നു.

രണ്ടാമതായി വിലയിരുത്തുന്നത് സിനിമയുടെ ഏറിയ പങ്ക് കഥയും ചുരുൾ നിവർത്തുന്ന ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന വലിയ കപ്പൽ ബോട്ട് എന്ന് അറിയപ്പെടുന്ന ബോട്ടിനുഉള്ളിൽ നടക്കുന്ന സംഭവങ്ങളാണ്. തമിഴ്നാട്ടിൽ നിന്നുള്ള പണിക്കാരും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളും മലയാളി കടൽ പണിക്കാരും ഒരുമിച്ച് പണിയെടുക്കുന്ന തൊഴിലിടമാണ് ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ. ഈ ബോട്ടിലെ ഏതാനും പണിക്കാർ ബോട്ടിനെ ലഹരി കടത്ത് നടത്താനുള്ള ഒരു മാധ്യമമായി മാറ്റുമ്പോൾ അഞ്ചുതെങ്ങിൽ നിന്നുള്ള മത്സ്യത്തൊഴിലാളി അതിനെ എതിർക്കാൻ ശ്രമിക്കുകയും തുടർന്നുള്ള തർക്കത്തിൽ കൊല്ലപ്പെടുകയും ചെയ്യുന്നു. അയാളുടെ ശവശരീരം പോലും പുറം ലോകത്ത് എത്തുന്നില്ല. ചേട്ടന്റെ കൊലപാതകത്തിന് പകരം ചോദിക്കാൻ അനുജനായ ആന്റണി വർ​ഗീസ് പെപ്പെ അവതരിപ്പിച്ച കഥാപാത്രം കൊലപാതകം നടന്ന അതേ ബോട്ടിൽ പണിക്കാരനായി വന്ന് ചേട്ടന്റെ മരണത്തിന് ഉത്തരവാദികൾ ആയവരെ കടലിലേക്ക് വലിച്ചെറിയുന്നതാണ് സിനിമയുടെ കഥാപരിസരം. ഈ സംഭവത്തെയും ബോട്ടിനുള്ളിലെ കടൽ പണിക്കാർക്കിടയിൽ രൂപപ്പെടുന്ന സംഘർഷങ്ങളെയും ഈ ലേഖനം മത്സ്യബന്ധന മേഖലയുടെ പരിവർത്തനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നു.

മുതലാളിത്തവും സമുദായത്തിനുള്ളിലെ ആന്തരിക വൈരുദ്ധ്യങ്ങളും

കേരള തീരത്തെ മത്സ്യത്തൊഴിലാളി ജീവിതത്തിന്റെ ആധുനികവത്കരണം സംഭവിക്കുന്നത് പരമ്പരാ​ഗത മത്സ്യബന്ധനത്തിൽ നിന്നും ട്രോളിം​ഗിലേക്കുള്ള ചുവടുമാറ്റത്തിലൂടെയാണ്. 1952ൽ കൊല്ലം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ നടപ്പിലാക്കിയ ഇൻഡോ-നോർവീജിയൻ പ്രോജക്ടിന്റെ ആരംഭത്തോടുകൂടി തുടങ്ങിയ ഈ മേഖലയിലെ സമൂലമായ മാറ്റങ്ങൾ പരമ്പരാ​ഗതം, ആധുനികം എന്നിങ്ങനെ രണ്ടായി മത്സ്യബന്ധന മേഖലയെ വിഭജിക്കുകയുണ്ടായി. മത്സ്യബന്ധന മേഖലയെ കുറിച്ചുള്ള പഠനങ്ങളുടെ ഒരു പൊതുസ്വഭാവം മത്സ്യബന്ധന മേഖലയിൽ നടപ്പിലാക്കിയ ആധുനികവത്കരണം അല്ലെങ്കിൽ മുതലാളിത്തവത്കരണം എങ്ങനെയാണ് പരമ്പരാ​ഗത മത്സ്യത്തൊഴിലാളികളെ പ്രാന്തവത്കരിച്ചതെന്നും ഇങ്ങനെയുണ്ടായ അരികുവത്കരണത്തോട് എങ്ങനെയാണ് പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾ മത്സ്യത്തൊഴിലാളി പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലൂടെ പ്രതികരിച്ചത് എന്നുമാണ്.

എന്നാൽ, നമ്മൾ കാണേണ്ട മറ്റൊരു വസ്തുത മത്സ്യബന്ധന മേഖലയിൽ സംഭവിച്ചിട്ടുള്ള പരിവർത്തനങ്ങൾ മത്സ്യബന്ധന സമുദായങ്ങൾക്കുള്ളിൽ പരമ്പരാ​ഗതം, ആധുനികം എന്ന ദ്വന്ദങ്ങൾക്കപ്പുറത്ത് പരമ്പരാ​ഗത മേഖലയിലും യന്ത്രവത്കൃത മേഖലയിലും ആന്തരികമായ വൈരുദ്ധ്യങ്ങളുണ്ടാക്കിയിട്ടുണ്ട് എന്നതാണ്. യന്ത്രവത്കൃത മേഖലയിൽ‌ മത്സ്യബന്ധന സമുദായങ്ങൾക്കുള്ളിൽ നിന്നും പുറത്ത് നിന്നും വലിയ മുതലാളിമാരുടെ ചെറിയ ഒരു വിഭാ​ഗം രൂപപ്പെട്ട് വന്നതായി നമുക്ക് കാണാൻ കഴിയും. അതുപോലെതന്നെ ലേലത്തൊഴിലാളികൾ, ചരക്ക് കയറ്റുമതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, ബോട്ടിൽ നിന്നും ചരക്ക് ഇറക്കുന്നവർ, ബോട്ടിലെ പണിക്കാർ ഇങ്ങനെ വിവിധ തരത്തിലുള്ള ശ്രേണീകൃതമായ അസമത്വങ്ങളും യന്ത്രവത്കൃത മേഖലയിൽ രൂപപ്പെട്ടതായി കാണാം. പരമ്പരാ​ഗത മേഖലയുടെ സ്ഥിതി ഇതിൽ നിന്നും വ്യത്യസ്തമല്ല. ആധുനികവത്കരണത്തിന് മുമ്പുള്ള പരമ്പരാ​ഗത മേഖല ഒരു സമത്വ സുന്ദര ലേകമായിരുന്നു എന്ന കാഴ്ചപ്പാട് തെറ്റാണ്. മധ്യവർത്തികളായ കച്ചവടക്കാരും വള്ളത്തിലെ പണിക്കാർക്കിടയിൽ തന്നെ ഉണ്ടായിരുന്ന വലയുടമ, തലയാളി (വള്ളത്തിലെ പ്രധാന പണിക്കാരൻ), വിലകൊള്ളി (വള്ളത്തിലെ കൂലി തൊഴിലാളി) തുടങ്ങിയ വിഭജനങ്ങൾ പരിവർത്തന കാലത്തിന് മുന്നേ തന്നെ ഈ മേഖലയിൽ ഉണ്ടായിരുന്നു. പരമ്പരാ​ഗത മേഖലയിലെ മധ്യവർത്തി ചൂഷണങ്ങളെ ഒഴിവാക്കാനും പരമ്പരാ​ഗത മേഖലയിലെ ഫ്യൂഡൽ ബന്ധങ്ങളെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ മത്സ്യബന്ധന മേഖലയിലെ മുതലാളിത്തവത്കരണത്തെ ചെറുക്കുന്നതോടൊപ്പം തന്നെ കേരളത്തിലെ മത്സ്യത്തൊഴിലാളി പ്രസ്ഥാനം നടത്തിയിട്ടുണ്ട്. മത്സ്യബന്ധന മേഖലയിൽ ഉണ്ടായിവന്നിട്ടുള്ള സംഘങ്ങളും (cooperatives) മറ്റ് സാമൂഹിക പ്രതിരോധ ഇടപെടലുകളും ഇതിന് തെളിവാണ്.

സിനിമയിൽ നിന്നുള്ള ദൃശ്യം.

ആധുനികവത്കരണത്തിന് ശേഷം, അല്ലെങ്കിൽ മത്സ്യബന്ധന മേഖലയിലെ മുതലാളിത്തവത്കരണം ഉച്ചസ്ഥായിയിൽ എത്തിയതിന് ശേഷം പരമ്പരാ​ഗത മേഖലയിൽ പല മാറ്റങ്ങളും വന്നിട്ടുള്ളതായി കാണാം. പരമ്പരാ​ഗത മത്സ്യബന്ധന യാനങ്ങളിൽ ഔട്ട് ബോർഡ് എഞ്ചിൻ ഉപയോ​ഗിക്കാൻ തുടങ്ങിയതാണ് ഒരു പ്രധാന മാറ്റം. പരമ്പരാ​ഗത മേഖലയിലെ ഒരു വിഭാ​ഗം റിം​ഗ്സീൻ പോലെ കടൽ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമായ വലകൾ ഉപയോ​ഗിക്കാൻ തുടങ്ങിയതാണ് മറ്റൊന്ന്.

ഇങ്ങനെയുള്ള മാറ്റങ്ങൾക്കൊപ്പം തന്നെ മത്സ്യബന്ധന മേഖലയിൽ ചരക്ക് കയറ്റുമതിയുമായി ബന്ധപ്പെട്ട് സമുദായത്തിനുള്ളിൽ തന്നെ ഒരു പുതിയ മധ്യവർ​ഗം രൂപപ്പെട്ട് വന്നിട്ടുണ്ട്. ഈ മധ്യവർ​ഗങ്ങളുടെ താത്പര്യങ്ങൾ സമുദായത്തിന്റെ പൊതുതാത്പര്യങ്ങൾക്ക് കടകവിരുദ്ധവും ലാഭേച്ഛയിൽ ഊന്നിയതുമാണ്. ഈ മധ്യവർ​ഗവും സാധാരണ കടൽപ്പണിക്കാരും തമ്മിലുള്ള തൊഴിൽ, സാമുദായിക ജീവിതത്തിന്റെ നൈതികത എന്നിവയെ സംബന്ധിച്ച തർക്കമാണ് കൊണ്ടൽ സിനിമയുടെ തുടക്കത്തിൽ മീൻ കച്ചവടവുമായി ബന്ധപ്പെട്ട തർക്കങ്ങൾ വരച്ചുകാട്ടുന്നത്. എന്നാൽ ഇത്തരം തർക്കങ്ങളും സാമുദായിക വിള്ളലുകളും സാന്ദർഭികമായി രൂപപ്പെടുന്നതല്ലെന്നും നേരെ മറിച്ച് മുതലാളിത്തം അത് കടന്നുവരുന്ന സമുദായങ്ങളിൽ രൂപപ്പെടുത്തുന്ന ആന്തിരക വൈരു​ദ്ധ്യങ്ങളുടെ ഭാ​ഗമായി മനസ്സിലാക്കപ്പെടണം എന്നുമാണ് ഇവിടെ വാദിക്കുന്നത്.

മുതലാളിത്തവും മാറുന്ന തൊഴിൽ ബന്ധങ്ങളും

മുതലാളിത്തവത്കരിക്കപ്പെട്ട കടൽ തൊഴിൽ എങ്ങനെയാണ് പരമ്പരാ​ഗതമായി മത്സ്യബന്ധന മേഖലയിൽ നിലനിന്ന തൊഴിൽ ധാർമ്മികതയിൽ ഊന്നിയ മോറൽ ഇക്കോണമിയെയും വ്യക്തിബന്ധങ്ങളെയും കടൽ നിയമങ്ങളെയും താറുമാറാക്കിയതെന്നും ലാഭേച്ഛയിലും കച്ചടവട താത്പര്യങ്ങളിലും അധാർമ്മികതയിലും ഊന്നിയ പ്രവണതകളെ ഊട്ടി ഉറപ്പിക്കുന്നതെന്നും കൊണ്ടൽ വരച്ചുകാട്ടുന്നു. കൊണ്ടൽ സിനിമയിലെ മത്സ്യത്തൊഴിലാളികളുടെ പണിയിടമായ ബോട്ടിനുള്ളിൽ തൊഴിലാളികൾക്കിടയിൽ രൂപം കൊള്ളുന്ന ആന്തരിക സംഘർഷങ്ങളെ ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വേണം വായിച്ചെടുക്കാൻ. മുതലാളിത്തവത്കരണത്തിന് മുമ്പുള്ള മത്സ്യബന്ധന മേഖല മുമ്പേ സൂചിപ്പിച്ചതുപോലെ ഒരു ആദർശാത്മക ലോകം അല്ലായിരുന്നുവെങ്കിലും തൊഴിലുമായി ബന്ധപ്പെട്ടും കടലിലെ ജൈവവൈവിധ്യത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടും തൊഴിലിടങ്ങൾ പുലർത്തേണ്ട മര്യാദകളെക്കുറിച്ചും അലിഖിതമായ നിയമങ്ങൾ നിലനിന്നിരുന്ന ഒരു തൊഴിൽ മേഖലയാണ് എന്ന് കാണാൻ സാധിക്കും. ഈ തൊഴിൽ സംസ്കാരത്തെയാണ് മുതലാളിത്തം തച്ചുതകർത്തതും പുതിയ തരത്തിലുള്ള വ്യക്തിബന്ധങ്ങൾക്ക് വിത്ത് പാകിയതും.

സിനിമയിൽ നിന്നുള്ള ദൃശ്യം.

ഇന്ന് യന്ത്രവത്കൃത മേഖല പ്രധാനമായും നിലനിൽക്കുന്നത് തമിഴ്നാട്ടിൽ നിന്നും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അതിഥി തൊഴിലാളികളുടെ തൊഴിൽശേഷിയെ ആശ്രയിച്ചാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ പരമ്പരാ​ഗതമായി കടൽപ്പണിയിൽ ഏർപ്പെട്ടിരുന്നവരുടെ തൊഴിൽശേഷി ആവശ്യമില്ലാത്ത ഒരു മേഖലയായി ഇത് പരിവർത്തനപ്പെട്ടിട്ടുണ്ട്. തൊഴിലും ജാതിയും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുന്നത് ഒരു പോസിറ്റീവ് ആയ കാര്യം ആണെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കടന്നുവരവോടു കൂടി ബോട്ട് വ്യവസായ മേഖലയിൽ പുതിയ തരത്തിലുള്ള തൊഴിൽ ബന്ധങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പുതിയ തൊഴിൽ ബന്ധങ്ങളുടെ സ്വഭാവത്തിലേക്ക് കൂടി കൊണ്ടൽ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.

കടലിനെ ആര് സംരക്ഷിക്കും?

കേരളത്തിൽ യന്ത്രവത്കൃത മത്സ്യബന്ധനം ശക്തിപ്രാപിച്ചപ്പോൾ അതിന്റെ ദൂഷ്യഫലങ്ങളെ ചെറുക്കാൻ രൂപംകൊണ്ട മത്സ്യത്തൊഴിലാളി പ്രസ്ഥാനവും സിവിൽ സൊസൈറ്റി ഇടപെടലുമാണ് മത്സ്യബന്ധന മേഖലയുടെ പരിവർത്തനത്തിന് ഒരു ബദൽ സൃഷ്ടിച്ചത്. ഈ ബദൽ രാഷ്ട്രീയത്തിന്റെ ഫലമായി മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്കിടയിൽ കടലിനെയും കടലിന്റെ ഇക്കോളജിയേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു വ്യവഹാരം രൂപപ്പെട്ടുവന്നിട്ടുണ്ട്. അതോടൊപ്പം തന്നെ മത്സ്യത്തൊഴിലാളി പ്രസ്ഥാനം മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്കുള്ളിൽ തന്നെ കടൽ അവകാശ പ്രവർത്തകരായ ഒരു പറ്റം ആളുകളെയും രൂപപ്പെടുത്തിയിട്ടുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാൽ കടലിലെ ആദർശ ജീവിതത്തിന് വേണ്ടി ശബ്​ദം ഉയർത്തുന്ന നായക കഥാപാത്രത്തിൽ ഈ ധാർമ്മിക രാഷ്ട്രീയത്തിന്റെ പിൻതുടർച്ച കാണാൻ സാധിക്കും.

സിനിമയിൽ നിന്നുള്ള ദൃശ്യം.

തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധ സമരങ്ങൾ നാം കണ്ടതാണ്. കടലിനും കടൽ വിഭവങ്ങൾക്കും തീരദേശത്തിനും മേൽ പരമ്പരാ​ഗത മത്സ്യബന്ധന സമൂഹങ്ങൾക്കുള്ള സ്വാഭാവികമായ അവകാശം വലിയ തോതിൽ പ്രതിസന്ധി നേരിടുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതോടൊപ്പം തന്നെ തീരദേശമേഖലയിൽ നിന്നും വലിയ ഒരു വിഭാ​ഗം ആളുകൾ ​ഗൾഫ് നാടുകളിലേക്കും മറ്റും പ്രവാസികളായി പോകുന്നതും നമ്മൾ കാണുന്നു. തീര​ദേശമേഖലയിൽ നിന്നുള്ള പുതിയ തലമുറ ​ഗൾഫിലേക്കും യൂറോപ്യൻ നാടുകളിലേക്കും തൊഴിൽ അന്വേഷകരായി പോകുവാൻ കൂടുതൽ താത്പര്യം കാണിക്കുന്നതായും നമുക്ക് കാണാം.

ഇങ്ങനെ ഒരു ഭാ​ഗത്ത് മുതലാളിത്തം കടന്നുകയറുമ്പോൾ മറുഭാ​ഗത്ത് തീരദേശ ജനതയുടെ സാമൂഹിക അഭിലാഷങ്ങളിലും വലിയ തോതിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നതായി കാണുവാൻ സാധിക്കും. അങ്ങനെയുള്ള സാഹചര്യത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ചോദ്യം ‘കടലിനെ ആര് സംരക്ഷിക്കും’ എന്നത് തന്നെയാണ്. കൊണ്ടൽ സിനിമ പറയുന്നത് പോലെ അത് കടൽ തന്നെ തീരുമാനിക്കട്ടേ.

(ബോംബെ ഐ.ഐ.റ്റിയിൽ സോഷ്യോളജിയിൽ പിഎച്ച്.ഡി വിദ്യാർത്ഥിയാണ് ലേഖകൻ)

Also Read

6 minutes read October 3, 2024 11:42 am