Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കോട്ടയം ലളിതകലാ അക്കാദമി മുറികളിൽ നടക്കുന്ന ചിത്രപ്രദർശനത്തിന്റെ പേരാണ് ‘കോതായം’. കോട്ടയം എന്ന സ്ഥലപ്പേര് എങ്ങനെ വന്നു എന്ന് ചിത്രകലയിലൂടെയും തേടാം. സ്ഥലപ്പേരിൽ നിന്ന് പുതിയ കോട്ടയത്തെയും കേരളത്തെയും വരച്ചുണ്ടാക്കുകയും ചെയ്യാം. ചിത്രകാരന്മാരായ അജയ് എസ്.ശേഖറും അനിരുദ്ധ് രാമനും കോട്ടയം എന്ന നൂലിൽ തൂങ്ങി കോതായത്തിലും കോത്തായ/ഴത്തിലും ഇറങ്ങുന്നു. കോതായത്തിൽ നിന്ന് കോതയിലേക്ക്, കോതയിൽ നിന്ന് ഗോതമനിലേയ്ക്ക്, ഗോതമ/ ഗൗതമ ബുദ്ധനിലേക്ക് തൂങ്ങിയിറങ്ങുന്നു. “വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്”, “നീ ഏത് കൊത്താഴത്തുകാരൻ?” എന്നൊക്കെ നിന്ദിച്ചത് ആര് ആരെയാണ്? ഒരു ഗോതമ/ഗൗതമ ബൗദ്ധ കേരളം ഉണ്ടായിരുന്നോ? പള്ളി, കോത, മുട്ടം, തേരാ (വീട്ടു, നാട്ടുപേരുകൾ), അയ്യൻ, ചാത്തൻ/ ശാസ്താ, ശരണം, മാരൻ/ മാരാരി, പുത്തൻ/ബുദ്ധൻ, പുത്തകം, ബുധജനം അങ്ങനെ എത്രയെത്ര ബുദ്ധ വാക്കുകൾ ഇങ്ങനെയിവിടെ ചിതറിയതാര്?
കയ്യൊടിഞ്ഞ, കാലൊടിഞ്ഞ, മേലുകീഴ് പിളർന്ന എത്രയെത്ര കരുമാടിക്കുട്ടന്മാരെ, ബുദ്ധരൂപങ്ങളെ കേരളത്തിലെ ചെളിയിലും പാടത്തും പുഴയിലും കായലിലും നിന്ന് നമ്മൾ കണ്ടെടുക്കുന്നു! ഇന്ത്യയിൽ ഏതാണ്ട് എവിടെ നിന്ന് കണ്ടെത്തുന്ന ബുദ്ധബന്ധിയായ ശില്പങ്ങളും ഇങ്ങനെ വലിച്ചെറിയപ്പെട്ടോ തകർക്കപ്പെട്ടോ ആണ് കാണുക. പണിയാള ജനതയെ കീഴടക്കാനോ അപ്പുറത്ത് നിർത്താനോ ഓടിക്കാനോ അവരുടെ ബുദ്ധനെ താഴ്ത്തിയതാണോ? അങ്ങനെ കരുതുന്ന ചരിത്രാന്വേഷകർ ഏറിവരുന്നു. അവർ ഭൂതകാലത്തിന്റെ ഭൂഭാഗങ്ങളെ സൂം ചെയ്തു കൊണ്ടിരിക്കുന്നു.
കലയ്ക്ക് എവിടെ നിന്നും ആരംഭിക്കാം. എങ്ങനെ വന്നാലും ഏതാരംഭവും പുനരാരംഭമേ ആകൂ. 2024ലെ കേരളത്തിലെ കല ബുദ്ധനെ തേടുമ്പോൾ അത് മുമ്പെങ്ങോ തേടിയതിനെ കൂടി തേടുകയാണ്. കേരള മണ്ണിൽ പുതഞ്ഞുപോയതോ പുതപ്പിച്ചു കിടത്തിയതോ ആയ ബുദ്ധകഥകളെക്കൂടി വരയ്ക്കുകയാണ്.
എന്തിനാണ് കഴിഞ്ഞ കാലമൊക്കെ കുത്തിപ്പൊക്കി കൊണ്ടുവരുന്നത്? അതൊക്കെ കൊണ്ടുവന്ന് എന്തിന് സംഘർഷം ഉണ്ടാക്കുന്നു? എന്നിത്തരം ചോദ്യങ്ങളോട് ചിന്തകനായ അജു കെ. നാരായണൻ പ്രതികരിക്കുന്നത് ഇങ്ങനെയാണ്, “ഈ അറിവുകൾ അതിജീവനത്തിനുള്ള ഊർജ്ജമാണ്. മർദ്ദിച്ച് തട്ടിത്താഴ്ത്തിയിട്ടിരുന്ന ജനസഞ്ചയങ്ങളുടെ അതിജീവനം തന്നെയാണിത്. ആ കഥകൾ കൊണ്ടുവന്നേ തീരൂ, പറഞ്ഞേ തീരൂ”.
കാലത്തെ കലയാക്കാനാണ് അജയ് ശേഖറും അനിരുദ്ധ് രാമനും ഒരുമ്പെടുന്നത്. ചരിത്രം ആർക്കും ഒരിക്കലും വരച്ചവസാനിപ്പിക്കാനാവാത്ത ചിത്രമാണ്. അതിൽ തീർപ്പുകളെക്കാൾ തർക്കങ്ങളാണ്. കേരളത്തിൽ ബുദ്ധമതം ഇല്ലായിരുന്നു, ഉണ്ടായിരുന്നു എന്ന രണ്ട് മതമുണ്ട്. അനിരുദ്ധ് രാമൻ അമൂർത്ത ചിത്രങ്ങളാണ് വരയ്ക്കുക. ‘ബ്ലാക്ക് സ്ട്രോക്സ്’ എന്നു പേരിട്ടിരിക്കുന്ന ഒരു ചിത്രമുണ്ട്. കറുത്ത ദിനം, കറുത്ത ഏടുകൾ തുടങ്ങി കറുപ്പിനെ നെഗറ്റീവും ദുഃഖവുമായി പറയുന്നത് എന്നു തുടങ്ങി, എന്തിന് തുടങ്ങി, എങ്ങനെ തുടങ്ങി, ആര് തുടങ്ങി എന്നൊക്കെ ആലോചിക്കേണ്ടി വരുന്ന കാലമാണിത്. വെളുത്ത മനുഷ്യർക്ക് അങ്ങനെ കറുപ്പിനെ പറയാൻ കഴിയുന്നതുപോലെ കറുത്ത മനുഷ്യർക്ക് അത് പറ്റുമോ? കറുത്തവർ ചരിത്രമെഴുതാൻ തുടങ്ങിയാൽ കറുപ്പിന് ഇതേ അർത്ഥം തന്നെയാണോ വരിക? ‘ബ്ലാക്ക് സ്ട്രോക്സി’ന്റെ അകലെയൊരു ഉൾമടക്കിൽ ബുദ്ധനെ കാണാം. ഏതോ വലിയ താഴത്തുനിന്ന് പടവുകൾ കയറിവരുന്ന കറുപ്പിന്റെ കൽപ്പനകൾ കാണാം.
അജയ് ശേഖർ വരച്ച ‘വൈക്കം പോരാട്ടം’ എന്നൊരു ചിത്രം ഈ ഗാലറിയിലുണ്ട്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറുവർഷം കഴിയുമ്പോൾ അതിന്റെ പേര് ‘വൈക്കം പോരാട്ടം’ എന്ന് മാറ്റണമെന്ന ഒരു പോരാട്ടവും നടക്കുന്നുണ്ട്. ദളവാക്കുളങ്ങളിൽ വെട്ടിക്കുഴിച്ചുമൂടപ്പെട്ടിരുന്ന പാവങ്ങളായ പണിയാളരുടെ വലിയ ഉയിർപ്പ് നാളുകളായിരുന്നു വൈക്കം പോരാട്ടം. ആയുധമൂർച്ചകൾക്ക് കീഴെയുള്ള നിസ്സഹായരുടെ നിലവിളിയിൽ നിന്നും ചോരയിൽ നിന്നുമുയരുന്ന വേദനാവീര്യമാണ് അജയ് ശേഖറിന്റെ ചിത്രം. പോരാട്ട താപത്തെ തണുപ്പിച്ചെടുക്കാൻ മാറ്റിയിട്ട പേരാണ് ‘സത്യാഗ്രഹം’ എന്ന ദർശനവും ആ ചിത്രത്തിനുണ്ട്.
അയ്യൻകാളി ദിനത്തിൽ ചെറായിയിൽ വച്ച് ഭാവന ചെയ്ത പടമാണ് ‘Ayyan at Cherayi’. ചിത്രത്തിലെ ചക്രം വില്ലുവണ്ടിയിലേക്കും ബുദ്ധൻറെ ധർമ്മ ചക്രത്തിലേക്കും ഒരേസമയം ഉരുളുന്നുണ്ട്. ചക്രത്തെ വർത്തിച്ച് ചക്രവർത്തിയായ അശോകനിലേക്കും അത് ഉരുളുന്നു. അശോകചക്രവർത്തിയുടെ ശിലാലേഖനത്തിലാണ് ഒരുപക്ഷേ കേരളവാസികളെ ആദ്യമായി “കേരള പുത്രോ” എന്ന് വിളിച്ചത്! അശോകന്റെ തലപ്പാവിന്റെ ഛായ അബോധ വഴിക്കാവാം അയ്യൻകാളിയുടെ തലയിലേക്കും പാകമായത്. അനിരുദ്ധിന്റെ പേരിടാത്ത അയ്യൻകാളിയുടെ കണ്ണിൽ പൊള്ളിപ്പിടയുന്ന നൂറ്റാണ്ടുകളുടെ തീ കാണാം, എവിടേയ്ക്കും നീങ്ങാനുള്ള ചക്രവും.
ബോൾ പെൻ കൊണ്ട് തന്റേതായ ബഷീറിനെയും ഒ.വി വിജയനെയും കോവിലനെയും എം.വി ദേവനെയും പട്ടത്തുവിളയെയും നാരായണഗുരുവിനെയും പൊയ്കയിൽ അപ്പച്ചനെയും അംബേദ്ക്കറെയും പതിനെട്ടാം പടിയ്ക്ക് മുകളിലെ ബുദ്ധനെയുമൊക്കെ അജയ് കണ്ടെത്തുന്നുണ്ട്. കവി മൂലൂരിനെ വരയ്ക്കുമ്പോൾ ഗൗതമബുദ്ധന്റെ ധർമ്മപദം ആദ്യം മലയാളത്തിലാക്കിയ ആളെ കൂടിയാണ് അജയ് ശേഖർ വരയ്ക്കുക. ഇലയിലും പൂവിലും തുമ്പിയിലും ശലഭത്തിലും ബോൾപെന്നിന്റെ കരുണയുടെ മൃദു ശുശ്രൂഷ കാണാം.
മേലൂർ ബോധിസത്വൻ, വെള്ളിലപ്പള്ളിയിലെ ബുദ്ധശിരസ്സ്, പാലക്കാട് പോക്കണംകോട്ടിലെ ബുദ്ധൻ, കോതമംഗലം കാളിയാറിലെ ബുദ്ധൻ, വാഴപ്പള്ളി നാഗപ്പൻ, പട്ടാമ്പിയിലെ ബുദ്ധൻ, തിരുവനന്തപുരം ചെമ്പഴന്തിയിലെയും മാക്കിയിലെയും ബോണക്കാടിലെയും ബുദ്ധന്മാർ, അശമന്നൂരിലെയും തിരുനെല്ലിയിലെയും കഴുവേറ്റിക്കല്ലുകൾ, കാലടി ഓണംപള്ളിയിലെയും ആലത്തൂരെയും ബുദ്ധന്മാർ, മണ്ണാർക്കാട് നാഗപ്പൻ എന്നിങ്ങനെ കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ബുദ്ധരൂപങ്ങളുടെ ഫോട്ടോ പ്രദർശനവും ഇവിടെ സംസാരിക്കുന്നുണ്ട്. ഇന്ത്യയെമ്പാടുമുള്ള നാഗന്മാരുടെ ഗോത്രങ്ങൾ പൊതുവെ ബൗദ്ധരാണ്. പ്രതിമാശാസ്ത്രത്തിന്റെ (iconography) സങ്കേതങ്ങളിലൂടെയാണ് ഇവയിൽ ചിലതിനെ ബുദ്ധ രൂപങ്ങളായി വായിച്ചെടുക്കുന്നത്. തലയും കാലുമൊക്കെ മുറിച്ചുമാറ്റിയ ബുദ്ധനെ Broken images എന്ന പേരിൽ അനിരുദ്ധ് വരയ്ക്കുമ്പോൾ മുറിഞ്ഞുപോയ ഹൃദയങ്ങളെ കൂടി വരയുന്നുണ്ട്. ഒറ്റനിറം നേരിയ അളവിൽ ചേർത്തെടുത്ത ആ പടത്തിന് കരുണ എന്നും പേരിടാം.
അജയ് ശേഖറുടെ Pied doggy എന്ന ചിത്രത്തിൽ പൂണൂലും ഓലക്കുടയും ചൂടിയ ഒരു കുറിയ കാൽ, ശാന്തനായ ബുദ്ധനെ മണ്ണടിയിലേക്ക് താഴ്ത്തുന്നത് പോലെ. കഥ അവസാനിക്കുന്നില്ല. വെളുത്തപാടുകൾ ഉള്ള കറുത്തനായയും നാഗവും ആഴങ്ങളിൽ നിന്ന് കുതിച്ചെത്തി ആ കാലിനോട് അവരുടെ മാവേലിബുദ്ധന് വേണ്ടി പോരാടുന്നുണ്ട്. സസ്യജീവിജാലങ്ങൾ ബുദ്ധനെ പല ഭാവനകളിൽ വട്ടമിടുന്നു.
അനിരുദ്ധിന്റെ പടത്തിന് പേരിട്ടില്ലെങ്കിലും അതിലെ മുള്ളുവേലികൾ മുതൽ ബോംബർ വിമാനം വരെ ഒരുപാട് പേരുകൾ വിളിച്ചു പറയുന്നുണ്ട്. ഇലയും പൂവും അതിനിടയിലും തിരി നീട്ടുന്നു. മൂർത്തമല്ലാത്ത രൂപങ്ങൾ വരയ്ക്കുമ്പോഴും ബൗദ്ധ രൂപകങ്ങൾ ഏതെങ്കിലും ഇടതിരിവുകളിലുണ്ടാകും. ‘Indus to Idakal’ എന്ന അജയ് ചിത്രത്തിൽ മരത്തോടും ശലഭത്തോടും മീനോടും കിളിയോടും നക്ഷത്രത്തോടുമൊപ്പം വടക്ക് നിന്ന് തെക്കോട്ട് നടക്കുന്ന പച്ച മനുഷ്യനെ കാണാം.
ഒരേ പ്രകൃതിയെ നോക്കുന്ന നമ്മളോരോരുത്തരും മനസ്സിൽ എടുക്കുന്നത് ഓരോ പ്രകൃതിയെയാണ്. അജയ് ശേഖർ തന്റെ നിറങ്ങളിലും ആകാരങ്ങളിലും കുന്നും കിളിയും ആകാശവും തടാകവും വരയ്ക്കുന്നു. പട്ടിയുടെയും പന്നിയുടെയും സാധ്യതകൾ സങ്കൽപ്പിക്കുന്നു. ഓലക്കുട ചൂടിയ അരയന്നം അതിൻറെ സ്വപ്നമോ മനുഷ്യൻറെ സ്വപ്നമോ? ആരിലും എവിടെയുമുള്ള ഒരു ബുദ്ധനെ കൺമുന്നിലേക്ക് വയ്ക്കുന്നു. അനിരുദ്ധ് വരയ്ക്കുമ്പോൾ അത് മനസ്സിലെ നീളങ്ങളും വീതികളും വട്ടങ്ങളും ത്രികോണങ്ങളും തന്നെ.
അർത്ഥമറിയാതെ കേട്ടാൽ കൗതുകം തോന്നിയേക്കാവുന്ന വാക്കാണ് ചിത്രവധം. അർത്ഥം അറിയാത്തവർക്ക് അജയ് വരച്ച ‘ചിത്രവധം’ ഒരുതവണ കാണാവുന്നതാണ്. നമ്മളെപ്പോലെ ഒരു മനുഷ്യൻറെ താഴെ നിന്ന് മുകളിലേക്ക് ഒരു കുന്തം കയറ്റിയിറക്കുകയാണ്. കേരളത്തിൽ ജാതി നിയമങ്ങൾ ലംഘിക്കുന്ന അവർണർക്കുള്ള ശിക്ഷയായിരുന്നത്രേ ചിത്രവധം. ചിത്രത്തിൽ ചിത്രശലഭങ്ങളുണ്ട്. ചിത്രവധം എന്ന വാക്കിൻറെ കൗതുകവും രസവും അത് ചെയ്യുന്നവർ ആസ്വദിക്കുന്നുണ്ടാവും എന്നതിന് ഒരുപക്ഷേ ആ ചിത്രശലഭങ്ങൾ സാക്ഷ്യമാകുന്നുണ്ട്. അതൊക്കെ ചെയ്തിരുന്നവരെയും വിളിക്കാൻ ഭാഷയിൽ മനുഷ്യർ എന്ന വാക്ക് തന്നെയേയുള്ളൂ.