Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
“പത്തൊമ്പത് സ്റ്റിച്ച് ഉള്ള, ഒരുപാട് സമയമെടുത്ത് ചെയ്ത സർജറിയാണ്. സി.ടി സ്കാൻ ചെയ്തപ്പോൾ ഡോക്ടർ പറഞ്ഞത് നിങ്ങൾ മരിച്ചുപോകില്ല, പക്ഷെ നിങ്ങടെ വേദന ജെനുവിൻ ആണ്, അത് കുറച്ചുകാലം എന്തായാലും നിങ്ങടെ കൂടെ ഉണ്ടാകും, അതിന് വേണ്ടുന്ന ട്രീറ്റ്മെന്റുകൾ ചെയ്യുക എന്നല്ലാതെ വേറൊന്നും ഇപ്പോൾ ചെയ്യാനില്ല എന്നാണ്. അത്ര വലിയ ഓപ്പറേഷനാണ്. ഫോറിൻ ബോഡി കുറേക്കാലം വയറ്റിൽ കിടക്കുമ്പോൾ അതിനെ കവർ ചെയ്ത് മാംസം വലിയൊരു ബോൾ പോലെ ആയിട്ടുണ്ടായിരുന്നു. അതൊക്കെ തുരന്നാണ് കത്രിക പുറത്തെടുത്തത്. പിന്നെ കത്രിക മൂത്ര സഞ്ചിയിലേക്ക് കുത്തി നിന്നിട്ട് അവിടെ നീരും പഴുപ്പും ആയിരുന്നു. അത് പുറത്തേക്ക് പോകാൻ വേണ്ടിയിട്ട് ഓപ്പറേഷൻ കഴിഞ്ഞിട്ട് വയറിൽ ഹോൾ ഉണ്ടാക്കി ഡ്രെയിനേജ് ട്യൂബൊക്കെ ഇട്ടിരുന്നു. ആ വേദനയൊക്കെ സഹിച്ചുകൊണ്ടാണ് ഞാനീ സമരം ചെയ്യുന്നത്, പ്രത്യക്ഷത്തിൽ ആർക്കും മനസിലാകില്ല.”
പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ ശരീരത്തിനുള്ളിൽ മറന്നുവച്ച സർജിക്കൽ ഉപകരണം പുറത്തെടുക്കാൻ നടത്തിയ ശസ്ത്രക്രിയയുടെ വേദന വിവരിച്ചുകൊണ്ടാണ് ഹർഷിന സംസാരിച്ചു തുടങ്ങിയത്. 2017 നവംബർ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്നും രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരാണെന്നുമുള്ള പൊലീസ് അന്വേഷണ റിപ്പോർട്ട് ജൂലായ് 24ന് പുറത്ത് വന്നിരിക്കുകയാണ്. വേദനക്കിടയിലും സത്യം തെളിഞ്ഞതിന്റെ പ്രതീക്ഷയിലാണ് ഹർഷിന. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ.കെ.ഹർഷിന ‘ആർട്ടറി ഫോർസെപ്സ്’ എന്ന സർജിക്കൽ ഉപകരണവുമായി വേദന തിന്ന് ജീവിച്ചത് അഞ്ച് വർഷമാണ്. നീതിക്കും അർഹമായ നഷ്ടപരിഹാരത്തിനും വേണ്ടി ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നടത്തുന്ന സമരം അറുപത്തൊമ്പത് ദിവസം പിന്നിട്ടിരിക്കുന്നു.
“എല്ലാ വേദനകളോടും പ്രയാസങ്ങളോടും കൂടിയാണ് സമരത്തിലിരിക്കുന്നത്. ഇപ്പോൾ തന്നെ ഈ സമരത്തിന്റെ ഇടക്ക് ആറ് വട്ടം ഞാൻ കുഴഞ്ഞ് വീണ് ഹോസ്പറ്റിലിൽ പോകേണ്ട അവസ്ഥ വന്നിട്ടുണ്ട്.” ഹർഷിന പറയുന്നു.
“മൂന്നാമത്തെ സിസേറിയനുമായി ബന്ധപ്പെട്ട് 2017 നവംബർ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് ഇത് സംഭവിക്കുന്നത്. ഓപ്പറേഷൻ കഴിഞ്ഞ് അനസ്തേഷ്യേന്റെ മയക്കം വിട്ടതോടെ ഭയങ്കരമായ വേദനയും പ്രയാസങ്ങളുമുണ്ടായിരുന്നു. മൂന്നാമതും സിസേറിയൻ വന്നാൽ ഒന്നെങ്കിൽ കുട്ടി അല്ലെങ്കിൽ അമ്മ എന്ന വിധത്തിലാണ്. അത്രയും അപകടമാണത്, ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നൊക്കെ ഡോക്ടർമാർ പറഞ്ഞ് പേടിപ്പിച്ചത് കൊണ്ട് വേദനയൊക്കെ ഞാൻ സഹിച്ചു. ഒരുപാട് പാരസെറ്റാമോൾ ഒക്കെ അവിടെ നിന്ന് തന്നു. വീട്ടിൽ പോയി രണ്ട് മാസത്തിന്റെ ഇടക്ക് ബാർത്തോളിൻ ഗ്ലാന്റിന് ഇൻഫെക്ഷൻ വന്ന് അതിന് ചികത്സിച്ചു. ഭർത്താവിന് കൊല്ലത്ത് ജോലി ആയതിനാൽ ഞങ്ങൾ കൊല്ലത്തേക്ക് പോയി”. തനിക്ക് സംഭവിച്ചതെന്തെന്നറിയാതെ കഠിന വേദനകളുമായി ആശുപത്രികൾ കയറി ഇറങ്ങിയ കാലം ഹർഷിന ഓർത്തെടുക്കാൻ തുടങ്ങി.
എന്നാൽ കൊല്ലത്തെത്തിയ ഹർഷിനക്ക് രണ്ട് മാസത്തിന് ശേഷം വീണ്ടും ഇൻഫെക്ഷൻ വന്നതിനെത്തുടർന്ന് ചികത്സിച്ചു. എന്നാൽ മൂന്ന് മാസത്തിനുള്ളിൽ മൂന്നാമതും ഇൻഫെക്ഷൻ വന്നതിനെത്തുടർന്ന് ഹർഷിനയുടെ ബാർത്തോളിൻ ഗ്ലാന്റ് നീക്കം ചെയ്തു. പക്ഷെ ഇതൊന്നും ഹർഷിനയുടെ വേദനക്ക് പരിഹാരമായില്ല. ആശുപത്രിയും മരുന്നുമായി ജീവിതം മുന്നോട്ട് നീങ്ങുമ്പോഴൊക്കെ തനിക്ക് എന്താണ് രോഗമെന്നറിയാതെ ഹർഷിന മാനസികമായും തളർന്നിരുന്നു. വേദന സഹിക്കാനാകാതെ ക്യാൻസർ ടെസ്റ്റ് വരെ ചെയ്തു നോക്കി. ആശുപത്രികൾ കയറി ഇറങ്ങുന്നത് ഭർത്താവിന്റെ ജോലിയെ ബാധിച്ചു തുടങ്ങി. കഠിന വേദനകളുമായി മൂന്ന് ചെറിയ കുട്ടികളെ നോക്കുന്നത് പ്രയാസമായതോടെ ഹർഷിന നാട്ടിലേക്ക് മടങ്ങി.
കോഴിക്കോടേക്ക് മടങ്ങിയെത്തിയ ഹർഷിന മൂത്രമൊഴിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള അസഹ്യമായ വേദനയിലൂടെയാണ് കടന്നുപോയത്. “നോമ്പ് കാലമായിരുന്നു, ആ സമയത്ത് പലർക്കും യൂറിനറി ഇൻഫെക്ഷൻ വരാറുണ്ട്. അങ്ങനെ കരുതി ഞാൻ സഹിച്ചു. സഹിക്കാൻ പറ്റാത്ത വേദന വന്നപ്പോ രണ്ട് മൂന്ന് ഹോസ്പിറ്റലിൽ കാണിച്ചു. ഇൻഫെക്ഷൻ മാറാനുള്ള ആന്റിബയോട്ടിക്സ് തരും. കുറച്ച് ദിവസം വേദന കുറയും, പിന്നെയും തുടങ്ങും. ആന്റിബയോട്ടിക്കുകൾ കഴിച്ച്, കഴിച്ച് തീരെ വയ്യാതയായി. യൂറിനറി ഇൻഫെക്ഷൻ കൂടിയിട്ട് കോഴിക്കോട് നിർമ്മല ഹോസ്പിറ്റലിൽ കാണിച്ചിരുന്നു. അപ്പോഴേക്കും മൂത്രമൊഴിച്ചിട്ട് നിവർന്ന് നിൽക്കുമ്പോൾ അറിയാതെ കരഞ്ഞുപോകുന്ന അവസ്ഥയായിരുന്നു.”
പലവിധ ചികിത്സകൾ ചെയ്തിട്ടും വേദന മാറാത്തതിനെത്തുടർന്ന് ഹർഷിന കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ ചികത്സ തേടി. അവിടെ ആദ്യത്തെ സ്കാനിൽ സ്റ്റോൺ ആണെന്നാണ് കരുതിയിരുന്നത്. ഇഖ്റ ഹോസ്പിറ്റലിലെ യൂറോളജിസ്റ്റിന്റെ നിർദ്ദേശ പ്രകാരം സി.ടി സ്കാൻ ചെയ്തപ്പോഴാണ് വയറ്റിൽ ഒരു മെറ്റൽ ഉപകരണം പെട്ടിട്ടുണ്ടെന്ന് ഹർഷിന അറിയുന്നത്. കുറഞ്ഞ ദിവസം കൊണ്ട് അത് എടുത്ത് മാറ്റണമെന്ന് പറഞ്ഞപ്പോൾ സാമ്പത്തികമായി തകർന്ന് നിൽക്കുന്ന അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ പോകാൻ ഹർഷിനയും കുടുംബവും തീരുമാനിച്ചു. അങ്ങനെ 2022 സെപ്റ്റംബർ 17ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിലൂടെ 12 സെന്റീ മീറ്റർ നീളമുള്ള ‘ആർട്ടറി ഫോർസെപ്സ്’ എന്ന സർജിക്കൽ ഉപകരണം പുറത്തെടുത്തു. സർജറി കഴിഞ്ഞ് മൂന്നാം ദിവസം മരിച്ചുപോകുന്നതിന് സമാനമായ വേദനയിലൂടെ കടന്നുപോയതിനാലാണ് ഇനി ഇത്രയും അശ്രദ്ധമായി ഒരു രോഗിയും പരിചരിക്കപ്പെടരുത് എന്നുറപ്പിച്ച് ഹർഷിന പരാതിപ്പെടാൻ തീരുമാനിക്കുന്നത്.
“സമീപിക്കേണ്ട ആളുകളയെല്ലാം ഹർഷിന സമീപിച്ചു. അവർ കേരളത്തിന്റെ ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. അത് കഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് അവർ പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ രണ്ട് മെഡിക്കൽ ബോർഡിനെ നിയോഗിച്ച് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയത്. പക്ഷെ മെഡിക്കൽ ബോർഡിന്റെ ആ രണ്ട് അന്വേഷണ റിപ്പോർട്ടിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നല്ല ഇത് സംഭവിച്ചത് എന്നാണ് അവർ പറഞ്ഞത്. അത് കുറ്റക്കാരെ വെള്ള പൂശാൻ വേണ്ടി അവർ തന്നെ ഉണ്ടാക്കിയെടുത്ത ഒരു റിപ്പോർട്ടാണ്. തനിക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ വന്നപ്പോഴാണ് ഫെബ്രുവരി മാസം 27-ാം തിയതി ഹർഷിന മെഡിക്കൽ കോളേജിന്റെ മുന്നിൽ ആദ്യ സമരം തുടങ്ങിയത്.” സമര സമിതി ചെയർമാനും പൊതുപ്രവർത്തകനുമായ ദിനേഷ് പെരുമണ്ണ പറയുന്നു.
2022 മാർച്ച് ഒന്നിന് ഹർഷിന സിറ്റി പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയിരുന്നു. ആ പരാതിയിലുള്ള അന്വേഷണമാണ് കോഴിക്കോട് സിറ്റി പോലീസ് നോർത്ത് അസിസ്റ്റന്റ് കമ്മീഷ്ണർ കെ സുദർശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇപ്പോൾ പൂർത്തീകരിച്ചത്. ആ റിപ്പോർട്ടാണ് കോഴിക്കോട് ഡി.എം.ഒ ക്ക് സമർപ്പിച്ചിരിക്കുന്നത്. ഹർഷിന സമരം നടത്തിക്കൊണ്ടിരിക്കെ മാർച്ച് നാലിന് ആരോഗ്യ വകുപ്പ് മന്ത്രി വന്ന് ചർച്ച നടത്തിയിരുന്നു. അന്ന് മന്ത്രി പറഞ്ഞത് 15 ദിവസം കൊണ്ട് തീരുമാനമുണ്ടാക്കുമെന്നാണ്. അത് തീരുമാനം ആകാത്തതുകൊണ്ടാണ് മെയ് 22 മുതൽ സമരം വീണ്ടും ആരംഭിച്ചതെന്നും ദിനേഷ് പെരുമണ്ണ അഭിപ്രായപ്പെട്ടു.
ആരോഗ്യ വകുപ്പ് മന്ത്രി നേരിട്ടെത്തി ഹര്‍ഷിനയുടെ പരാതി കേള്‍ക്കുകയും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഹര്‍ഷിനക്ക് രണ്ട് ലക്ഷം രൂപ ധന സഹായം നൽകാനായിരുന്നു സർക്കാർ തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ തനിക്ക് വേണ്ടെന്നും അഞ്ച് വര്‍ഷം അനുഭവിച്ച വേദനയ്ക്കും ചികിത്സാ ചെലവുകള്‍ക്കും രണ്ട് ലക്ഷം വിലയിട്ടത് തന്നെ അവഹേളിക്കലാണെന്നുമായിരുന്നു ഹർഷിനയുടെ പ്രതികരണം.
ഡോക്ടർമാർക്ക് സംരക്ഷണം, രോഗികൾക്കോ?
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തെ തുടർന്നാണ് ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്ന നിയമം സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവരുന്നത്. എന്നാൽ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ചികിത്സാ പിഴവുകൾക്കെതിരെ നടപടിയെടുക്കാനും രോഗികൾക്ക് സംരക്ഷണം നൽകാനും ശക്തമായ ഒരു നിയമം നിലവിലില്ല എന്ന പ്രശ്നം കൂടിയാണ് ഹർഷിനയുടെ അനുഭവം വ്യക്തമാക്കുന്നത്. “മെഡിക്കൽ നെഗ്ലിജൻസ് ഉണ്ടാകുമ്പോൾ രോഗികൾക്ക് ഇവിടെ സംരക്ഷണം വേണ്ടെ?” ദിനേഷ് പെരുമണ്ണ ചോദിക്കുന്നു. “അങ്ങനെ ഒരു നിയമം ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഹർഷിന ഈ തെരുവിൽ കിടന്ന് മഴയത്ത് സമരം ചെയ്യേണ്ടി വരില്ലായിരുന്നു, വിദേശ രാജ്യങ്ങളിൽ ഇത്തരം വീഴ്ചകൾക്ക് വലിയ ശിക്ഷകളും നഷ്ടപരിഹാരവും നൽകുമ്പോൾ ഇവിടെ ഹർഷിന അവഹേളിക്കപ്പെടുകയാണുണ്ടായത്. പൊലീസ് റിപ്പോർട്ട് വരും വരെ അവർ കത്രിക വിഴുങ്ങിയതാണ്, മറ്റെവിടെ നിന്നോ സംഭവിച്ചതാണ് എന്നൊക്കെ പറഞ്ഞ് അവരെ അപമാനിക്കുകയായിരുന്നു. അവഹേളനവും അപമാനവും സഹിച്ച് ഹർഷിന നടത്തിയ പോരാട്ടത്തിന്റെ ആദ്യഘട്ട വിജയമാണ് പൊലീസിന്റെ ഈ റിപ്പോർട്ട്.” ദിനേഷ് പെരുമണ്ണ പറഞ്ഞു.
രോഗികളെ സംരക്ഷിക്കാൻ നിയമം വേണം എന്ന ആവശ്യമാണ് ഹർഷിനയും ഉന്നയിക്കുന്നത്. “മെഡിക്കൽ നെഗ്ലിജൻസിന് ഇരയാകുന്ന രോഗികൾക്ക് പ്രതികരിക്കാൻ കഴിവില്ലാത്തതുകൊണ്ട്, പ്രതികരിച്ചിട്ട് കാര്യമില്ലെന്നുള്ളതുകൊണ്ട് ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. എല്ലാ തെളിവുകളും ഉണ്ടായിട്ടും എനിക്കിതുവരെ നീതി കിട്ടിയിട്ടില്ല. മെഡിക്കൽ നെഗ്ലിജൻസ് മനസിലായി കഴിഞ്ഞാൽ രോഗികളെ ബുദ്ധിമുട്ടിക്കാത്ത ഒരു സംരക്ഷണ നിയമം വേണം. ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം നൽകാൻ ഇപ്പോൾ ഓർഡിനൻസ് ഇറക്കിയല്ലോ, സർക്കാരിന്റെ ഭാഗത്ത് നിന്ന് രോഗികളുടെ സുരക്ഷക്ക് അത്തരത്തിലൊരു തീരുമാനം ഉണ്ടാകണമെന്നത് കൂടി ഈ സമരത്തിന്റെ ആവശ്യമാണ്.” അവർ അനുഭവിച്ച വേദനകൾ മറ്റൊരാൾക്കും ഉണ്ടാകരുതെന്ന ഉറച്ച തീരുമാനം ഹർഷിനയുടെ ആ അഭിപ്രായത്തിലുണ്ടായിരുന്നു.
നിലവിലെ സാധ്യതകൾ
ഇത്തരത്തിൽ മെഡിക്കൽ നെഗ്ലിജൻസ് കേസുകൾ കൈകാര്യം ചെയ്യുന്നതിന് Jacob Mathew VS State Of Punjab, 2005 എന്ന കേസിൽ സൂപ്രീം കോടതി മാർഗനിർദേശങ്ങൾ നിലവിലുണ്ടെന്നും അതുമായി ബന്ധപ്പെട്ട് സർക്കാരുകൾ മാർഗനിർദേശങ്ങൾ കൊണ്ടുവരാത്തിടത്തോളം കാലം തങ്ങൾ പറയുന്നതാണ് നിയമമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നുമാണ് മെഡിക്കോ ലീഗൽ കൺസൽട്ടന്റ് ആയ ഡോ. പ്രിൻസ് കെ.ജെ പറയുന്നത്.
“രണ്ട് തരത്തിൽ മെഡിക്കൽ നെഗ്ലിജൻസ് കേസുകൾ നമുക്ക് കൈകാര്യം ചെയ്യാം. ക്രിമിനൽ കേസായും സിവിൽ കേസായും. ക്രിമിനൽ കേസാണെങ്കിൽ പൊലീസാണ് സാധാരണ കേസെടുക്കുക. ക്രിമിനൽ കേസാണെങ്കിൽ ആരോപിതനായ ഡോക്ടറുടെ മേൽ കുറ്റം സ്ഥാപിച്ചെടുക്കണമെങ്കിൽ ഡോക്ട്ർ എപ്പോഴും ഗ്രോസ് നെഗ്ലിജെൻസ് ആകണം. ഡിഗ്രി ഓഫ് നെഗ്ലിജൻസ് ഹൈ ലെവൽ ആകണം. എന്നാലെ ക്രിമിനൽ കേസ് നിലനിൽക്കുകയുള്ളൂ. എന്നാൽ സിവിൽ കേസിൽ ഗ്രോസ് നെഗ്ലിജെൻസിന്റെ ആവശ്യമില്ല. സിവിൽ കേസ് കൈകാര്യം ചെയ്യുന്നത് Tort law (സിവിൽ സ്യൂട്ടുകൾ കൈകാര്യം ചെയ്യുന്ന നിയമത്തിന്റെ ശാഖ) അനുസരിച്ചായിരിക്കും. സിവിൽ കേസാണെങ്കിൽ കൺസ്യൂമർ കോടതിയിലും കൊടുക്കാവുന്നതാണ്. Jacob Mathew VS State Of Punjab കേസിലെ സുപ്രീംകോടതി മാർഗനിർദേശങ്ങൾ പ്രകാരം കേരള സർക്കാരും എങ്ങനെയാണ് ക്രിമിനൽ കേസ് കൈകാര്യം ചെയ്യേണ്ടതെന്ന് സർക്കുലർ ഇറക്കിയിട്ടുണ്ട്. ഈ സർക്കുലർ പുതുക്കിയിട്ടുമുണ്ട്. ഏറ്റവും അവസാനം 2007-08 ലാണ് പുതുക്കപ്പെട്ടത് എന്നാണ് മനസിലാകുന്നത്. അതിൽ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് ഒരു കേസ് വന്നാൽ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആയിരിക്കണം അന്വേഷിക്കേണ്ടത് എന്ന് പറയുന്നുണ്ട്. ഡോക്ടർമാരെ അനാവശ്യമായി ഉപദ്രവിക്കരുത് എന്ന ഉദ്ദേശത്തോടെയാണ് മാർഗനിർദേശങ്ങൾ വന്നിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥൻ അഥവാ ഡി.വൈ.എസ്.പി കേസിന് ആവശ്യമായ രേഖകൾ കണ്ടെടുത്ത ശേഷം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ) മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം കൊടുക്കണം. ഡി.എം.ഒ ആണ് മെഡിക്കൽ ബോർഡ് രൂപീകരിക്കേണ്ടത്. Jacob Mathew VS State Of Punjab കേസിലെ സുപ്രീംകോടതി മാർഗനിർദേശത്തിൽ പറയുന്ന പ്രധാനകാര്യം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വിശ്വസനീയവും നിഷ്പക്ഷവുമായ അഭിപ്രായം (credible and impartial opinion) ലഭിക്കാനായാണ് കേസ് മെഡിക്കൽ ബോർഡിന് വിടുന്നത്. എക്സ്പേർട്ട് ആയിട്ടാണോ കാര്യങ്ങൾ ചെയ്തതെന്നും, സ്റ്റാൻഡേർഡ് കെയർ കൊടുത്തിട്ടുണ്ടോ എന്നറിയാനും, ആ കെയർ കൊടുക്കുന്നതിൽ ഡോക്ടർമാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്നറിയാനുമൊക്കെയാണ് കേസ് മെഡിക്കൽ ബോർഡിന് വിടുന്നത്. എന്നാൽ ഈ എക്സ്പേർട്ട് പാനൽ വളരെ ലാഘവത്തോടെയാണ് പല കാര്യങ്ങളും പലപ്പോഴും കൈകാര്യം ചെയ്യുന്നത്. ചികത്സാ പിഴവുകൾ സംബന്ധിച്ച് നിയമപരമായി Bolam Test പോലെയുള്ള പല കാര്യങ്ങളും ഉണ്ട് (പരാതി ഉയർന്ന ഡോക്ടറുടെ പ്രവർത്തനങ്ങൾ ആ മേഖലയിലുള്ള മറ്റ് ഡോക്ടർമാരുടേതുമായി പൊരുത്തപ്പെട്ട് പോകുന്നുണ്ടോ എന്ന പരിശോധന). എന്നാൽ Bolam Test എന്താണെന്നോ ഇതിന്റെ നിയമ വശമോ പലർക്കും ശരിക്കും അറിയില്ല. മെഡിക്കൽ ബോർഡിന്റെ അഭിപ്രായം ചികത്സാപിഴവ് ഇല്ല എന്നാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് ഉത്തമ ബോധ്യം ഉണ്ടെങ്കിൽ നിയമ പ്രകാരം കേസുമായി മുന്നോട്ടുപോകാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ വിധി തന്നെ ഉണ്ട്. ഇനി അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയാൽ വേണമെങ്കിൽ ഒരു സ്വകാര്യ ഡോക്ടറോട് അഭിപ്രായം ചോദിക്കാം. വീഴ്ച ബോധ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥന് കേസുമായി മുന്നോട്ട് പോകാം. മെഡിക്കൽ ബോർഡ് സഹപ്രവർത്തകനെ രക്ഷിക്കാനായി യുക്തിപരമല്ലാത്ത, അവിശ്വസനീയമായ രീതിയിൽ ചികിത്സാ പിഴവ് ഉണ്ടായില്ല എന്ന് പറഞ്ഞാലും തെളിവുകൾ ഉണ്ടെങ്കിൽ Bolitho test പ്രകാരം കോടതിക്ക് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശത്തെ നിരസിക്കാം. അവസാന വാക്കല്ല മെഡിക്കൽ ബോർഡിന്റെ തീരുമാനം എന്നർത്ഥം. യുക്തിപരമല്ലാത്ത, അവിശ്വസനീയമായ രീതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്ന മെഡിക്കൽ ബോർഡിനെതിരെയും കേസ് എടുക്കാൻ സാധിക്കും. ഐപിസി പ്രകാരം ഇതിനും ശിക്ഷയുണ്ട്.” ഡോ. പ്രിൻസ് വ്യക്തമാക്കി.
“ഇനി പൊലീസ് റഫർ ചെയ്ത മെഡിക്കൽ ബോർഡിന്റെ തീരുമാനം നീതിയുക്തമല്ലെങ്കിലും കോടതി സ്വീകരിക്കുന്ന സാഹചര്യം ഉണ്ടായാൽ പരാതിക്കാർക്ക് പ്രൈവറ്റ് പരാതി കൊടുക്കാനുള്ള സാഹചര്യമുണ്ട്. Res Ipsa Loquitor എന്ന ലീഗൽ പ്രിൻസിപ്പൾ പ്രകാരം സംസാരിക്കുന്ന തെളിവ് (the truth speaks for its self) എന്ന സാധ്യത ഹർഷിനയുടെ കേസിലുണ്ട്. വേറൊരു തെളിവും വേണ്ട. Achutrao Haribhau Khodwa VS State of Maharashtra എന്ന കേസിൽ സുപ്രീം കോടതി പറഞ്ഞത് ഫോറിൻ ബോഡി ശരീരത്തിനുള്ളിൽ ഇട്ട് തുന്നുക, പഞ്ഞി കെട്ട് ഉള്ളിൽ ഇട്ട് തുന്നി കെട്ടുക പോലെയുള്ള സംഭവങ്ങളിൽ Res Ipsa Loquitor തത്വ പ്രകാരം (Negligance per say) വേറൊരു തെളിവിന്റെയും ആവശ്യമില്ല എന്നാണ്. ഹർഷിനയുടെ കേസിൽ സർജിറിക്കായി ഉപയോഗിച്ച ഉപകരണം ആണ് ശരീരത്തിനുള്ളിൽ ഇട്ട് തുന്നിയതെന്ന് പൊലീസ് കണ്ടെത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി ഒരു മെഡിക്കൽ ബോർഡിന് വിട്ടാലും അവർ എന്ത് പറഞ്ഞാലും അത് ഈ കേസിനെ ബാധിക്കില്ല”. ചികിത്സാ പിഴവുകൾ സംബന്ധിച്ച കേസുകളെ എത്തരത്തിൽ സമീപിക്കണമെന്ന് ഡോ. പ്രിൻസ് കെ.ജെ വിശദമാക്കി.
മെഡിക്കൽ ബോർഡിന്റെ കാര്യങ്ങൾ കുറച്ചുകൂടി സുതാര്യമാകേണ്ടതുണ്ടെന്നും, മെഡിക്കൽ മേഖലയിലെ നിയമവശങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം കുറവാണെന്നും ഡോ. പ്രിൻസ് പറയുന്നു. “ഹർഷിനയുടേത് Gross negligence ആണെന്നതിൽ സംശയമൊന്നുമില്ല. സർജിക്കൽ ഉപകരണങ്ങൾ ഓപ്പറേഷന് മുന്നേ എണ്ണണം, അത് കഴിഞ്ഞിട്ടും എണ്ണണം. എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് നോക്കേണ്ടതാണ്. അതൊരു പ്രോട്ടോക്കോൾ ആണ്. ഡോക്ടേഴ്സിന്, പോലീസിന്, കോടതി സംവിധാനങ്ങൾക്ക് ഒക്കെ മെഡിക്കൽ നിയമങ്ങൾ സംബന്ധിച്ച് ധാരണ ഇല്ല. പൊതുജനങ്ങൾക്കും അവബോധം ഇല്ല. ചിലപ്പോൾ രോഗികളുടെ ഭാഗത്ത് നിന്ന് ഡോക്ടർക്കെതിരെയുണ്ടാകുന്ന ആരോപണം ചികിത്സാ പിഴവ് ആകണമെന്നില്ല. ചില രോഗികളുടെ കാര്യത്തിൽ റിസ്കുണ്ടാകും, അത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ വീഴ്ചയാകില്ല. ഇത്തരം സാഹചര്യങ്ങൾ ഒക്കെ കൈകാര്യം ചെയ്യാൻ ഡോക്ട്ർമാർ മെഡിക്കൽ നിയമവശം അറിഞ്ഞിരിക്കണം.” ഡോ .പ്രിൻസ് അഭിപ്രായപ്പെട്ടു.
പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് സമരത്തിന്റെ ആദ്യഘട്ട വിജയമായി കാണുന്നുവെങ്കിലും പൂർണ്ണമായ നീതി ഉറപ്പാകുന്നത് വരെ സമരവുമായി മുന്നോട്ടുപോകാനാണ് ഹർഷിനയുടെ തീരുമാനം. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അനുകൂലമാകുമെന്ന പ്രതീക്ഷയും ഹർഷിന പങ്കുവെച്ചു.
“കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികളെടുക്കണം, പിന്നെ എനിക്ക് മാന്യമായ, ആരുടെയും ഔദാര്യമല്ല അർഹതപ്പെട്ട നഷ്ടപരിഹാരം വേണം. ഒരാൾക്കും ഇനി ഇതുണ്ടാകാൻ പാടില്ല.” ഹർഷിന പറഞ്ഞു നിർത്തി. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉണ്ടെന്ന് പറയുന്ന കേരളത്തിലാണ് സർക്കാർ മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ ചികിത്സാ പിഴവിന് നീതി ലഭിക്കാനായി 69 ദിവസമായി വേദന വിങ്ങുന്ന ശരീരവുമായി 30 വയസുള്ള ഒരു സ്ത്രീ സമരമിരിക്കുന്നത്.